അധ്യായം പതിനൊന്ന്
‘നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്’
1, 2. (എ) ഏതു നിശ്വസ്ത ബുദ്ധിയുപദേശം പിൻപറ്റുന്നതിൽ യഹൂദർ പരാജയപ്പെടുന്നു, അതിന്റെ ഫലമെന്ത്? (ബി) “ഉപേക്ഷണപത്രം എവിടെ?” എന്ന് യഹോവ ചോദിക്കുന്നത് എന്തുകൊണ്ട്?
“നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. . . . യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും . . . ഉണ്ടാക്കി.” (സങ്കീർത്തനം 146:3-6) സങ്കീർത്തനക്കാരൻ ബുദ്ധിയുപദേശിച്ചതു പോലെ യെശയ്യാവിന്റെ നാളിലെ യഹൂദർ ചെയ്തിരുന്നെങ്കിൽ! ഈജിപ്തിലോ മറ്റ് ഏതെങ്കിലും പുറജാതി രാഷ്ട്രങ്ങളിലോ ആശ്രയിക്കാതെ അവർ “യാക്കോബിന്റെ ദൈവ”ത്തിൽ വിശ്വാസമർപ്പിച്ചിരുന്നെങ്കിൽ! അങ്ങനെയെങ്കിൽ, യഹൂദയുടെ ശത്രുക്കൾ അവൾക്കെതിരെ വരുമ്പോൾ അവളെ സംരക്ഷിക്കാൻ യഹോവ പ്രവർത്തിക്കുമായിരുന്നു. എന്നാൽ, സഹായത്തിനായി യഹോവയിലേക്കു തിരിയാൻ യഹൂദ വിസമ്മതിച്ചിരിക്കുന്നു. തത്ഫലമായി, യെരൂശലേം നശിപ്പിക്കപ്പെടാനും യഹൂദാ നിവാസികളെ ബാബിലോണിലെ അടിമത്തത്തിലേക്കു കൊണ്ടുപോകാനും യഹോവ അനുവദിക്കും.
2 യഹൂദയുടെ ഈ അവസ്ഥയ്ക്കു മറ്റാരുമല്ല, അവൾതന്നെയാണു കാരണക്കാരി. യഹോവ തന്നെ വഞ്ചിച്ചതുകൊണ്ടോ താനുമായുള്ള ഉടമ്പടി അവഗണിച്ചതുകൊണ്ടോ ആണ് തനിക്കു നാശം ഭവിച്ചത് എന്ന് അവൾക്കു സത്യസന്ധമായി പറയാനാവില്ല. സ്രഷ്ടാവ് നിയമം അഥവാ ഉടമ്പടി ലംഘിക്കുന്നവനല്ല. (യിരെമ്യാവു 31:32; ദാനീയേൽ 9:27; വെളിപ്പാടു 15:4, NW) ഈ വസ്തുതയ്ക്ക് അടിവരയിട്ടുകൊണ്ട് യഹോവ യഹൂദരോട് ചോദിക്കുന്നു: “ഞാൻ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഉപേക്ഷണപത്രം എവിടെ?” (യെശയ്യാവു 50:1എ) മോശൈക ന്യായപ്രമാണത്തിൻ കീഴിൽ ഭാര്യയെ ഉപേക്ഷിക്കുന്ന ഒരു പുരുഷൻ അവൾക്ക് ഉപേക്ഷണപത്രം കൊടുക്കണമായിരുന്നു. അപ്പോൾ അവൾക്കു മറ്റൊരു പുരുഷന്റെ ഭാര്യയാകാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. (ആവർത്തനപുസ്തകം 24:1, 2) ആലങ്കാരിക അർഥത്തിൽ, യഹൂദയുടെ സഹോദരിയായ ഇസ്രായേലിന് യഹോവ അത്തരമൊരു ഉപേക്ഷണപത്രം നൽകിയിരിക്കുന്നെങ്കിലും യഹൂദയോട് അവൻ അങ്ങനെ ചെയ്തിട്ടില്ല.a അവൻ ഇപ്പോഴും അവളുടെ ‘ഭർത്താവ്’ ആണ്. (യിരെമ്യാവു 3:8, 14) പുറജാതി രാഷ്ട്രങ്ങളുമായി ബന്ധം പുലർത്താൻ ഒരു വിധത്തിലും യഹൂദ സ്വതന്ത്രയായിരുന്നില്ല. “അവകാശമുള്ളവൻ [മിശിഹാ] വരുവോളം” അവളുമായുള്ള യഹോവയുടെ ബന്ധം തുടരും.—ഉല്പത്തി 49:10.
3. എന്തു കാരണത്താൽ യഹോവ തന്റെ ജനത്തെ ‘വിൽക്കുന്നു’?
3 യഹോവ യഹൂദയോട് ഇങ്ങനെയും ചോദിക്കുന്നു: “എന്റെ കടക്കാരിൽ ആർക്കാകുന്നു ഞാൻ നിങ്ങളെ വിററുകളഞ്ഞതു?” (യെശയ്യാവു 50:1ബി) തനിക്ക് ഉണ്ടായിരുന്ന ഏതെങ്കിലും കടം വീട്ടാൻ വേണ്ടിയല്ല യഹോവ യഹൂദരെ ബാബിലോണിലെ അടിമത്തത്തിലേക്ക് അയച്ചത്. ബാധ്യതകൾ തീർക്കാൻ തന്റെ മക്കളെ പണദാതാവിനു വിൽക്കുന്ന ദരിദ്രനായ ഒരു ഇസ്രായേല്യനെ പോലെയല്ല യഹോവ. (പുറപ്പാടു 21:7) തന്റെ ജനം അടിമകളാകാനുള്ള യഥാർഥ കാരണം യഹോവ ചൂണ്ടിക്കാണിക്കുന്നു: “നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങൾ നിങ്ങളെത്തന്നേ വിററുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.” (യെശയ്യാവു 50:1സി) യഹൂദരാണ് യഹോവയെ ഉപേക്ഷിച്ചത്, അവൻ അവരെ ഉപേക്ഷിച്ചിട്ടില്ല.
4, 5. യഹോവ തന്റെ ജനത്തോടു സ്നേഹം പ്രകടിപ്പിക്കുന്നത് എങ്ങനെ, യഹൂദർ അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
4 യഹോവയുടെ അടുത്ത ചോദ്യം തന്റെ ജനത്തോടുള്ള അവന്റെ സ്നേഹം വ്യക്തമായി എടുത്തുകാണിക്കുന്നു: “ഞാൻ വന്നപ്പോൾ ആരും ഇല്ലാതിരിപ്പാനും ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്തു?” (യെശയ്യാവു 50:2എ) മുഴുഹൃദയാ തന്നിലേക്കു തിരിയുന്നതിന് അഭ്യർഥിക്കാൻ തന്റെ പ്രവാചകന്മാരായ ദാസന്മാർ മുഖാന്തരം പ്രതീകാത്മകമായി യഹോവ തന്റെ ജനത്തെ അവരുടെ വീടുകളിൽ സന്ദർശിക്കാൻ ചെന്നിരിക്കുന്നു. എന്നാൽ അവർ പ്രതികരിക്കുന്നില്ല. പിന്തുണയ്ക്കായി മനുഷ്യരിലേക്കു തിരിയാനാണ് യഹൂദർ താത്പര്യം കാണിക്കുന്നത്, ചിലപ്പോഴൊക്കെ അവർ ഈജിപ്തിലേക്കു പോലും തിരിയുന്നു.—യെശയ്യാവു 30:2; 31:1-3; യിരെമ്യാവു 37:5-7.
5 യഹോവയെക്കാൾ അധികമായി ഈജിപ്ത് തങ്ങൾക്കു രക്ഷയേകുമെന്ന് യഹൂദർ കരുതേണ്ടതുണ്ടോ? നൂറ്റാണ്ടുകൾക്കു മുമ്പ് തങ്ങൾ ഒരു ജനതയായി തീരുന്നതിലേക്കു നയിച്ച സംഭവങ്ങൾ ആ അവിശ്വസ്ത യഹൂദർ മറന്നിരിക്കുന്നു എന്നു വ്യക്തം. യഹോവ അവരോടു ചോദിക്കുന്നു: “വീണ്ടെടുപ്പാൻ കഴിയാതവണ്ണം എന്റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാൻ എനിക്കു ശക്തിയില്ലയോ? ഇതാ, എന്റെ ശാസനകൊണ്ടു ഞാൻ സമുദ്രത്തെ വററിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു. ഞാൻ ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതെപ്പിക്കയും ചെയ്യുന്നു.”—യെശയ്യാവു 50:2ബി, 3.
6, 7. ഈജിപ്തുകാരുടെ ഭീഷണിക്കു മുന്നിൽ രക്ഷിക്കാനുള്ള തന്റെ ശക്തി യഹോവ പ്രകടിപ്പിച്ചത് എങ്ങനെ?
6 പൊ.യു.മു. 1513-ൽ ഈജിപ്ത് ദൈവജനത്തിന്റെ വിമോചകൻ ആയിരുന്നില്ല, മറിച്ച് മർദകർ ആയിരുന്നു. ഇസ്രായേല്യർ ആ പുറജാതി ദേശത്ത് അടിമകളായിരുന്നു. എന്നാൽ, യഹോവ അവരെ വിടുവിച്ചു, എത്ര പുളകപ്രദമായ വിമോചനമായിരുന്നു അത്! ആദ്യമായി അവൻ ആ ദേശത്ത് പത്തു ബാധകൾ വരുത്തി. ഏറ്റവും മാരകമായ പത്താമത്തെ ബാധയെ തുടർന്ന് ദേശം വിട്ടുപോകാൻ ഇസ്രായേല്യരോട് ഈജിപ്തിലെ ഫറവോൻ ആവശ്യപ്പെട്ടു. (പുറപ്പാടു 7:14–12:31) എന്നാൽ, ഇസ്രായേല്യർ പുറപ്പെട്ടുപോയ ഉടനെ ഫറവോന്റെ മനസ്സുമാറി. ഇസ്രായേല്യരെ തിരിച്ച് ഈജിപ്തിലേക്കു ബലമായി പിടിച്ചുകൊണ്ടുവരാൻ അവൻ സൈന്യസമേതം പുറപ്പെട്ടു. (പുറപ്പാടു 14:5-9) തങ്ങളെ പിന്തുടരുന്ന അസംഖ്യം ഈജിപ്ഷ്യൻ സേനകൾക്കും ചെങ്കടലിനും മധ്യേ ഇസ്രായേല്യർ കുടുങ്ങിപ്പോയി! എന്നാൽ, അവർക്കായി പോരാടാൻ യഹോവ ഉണ്ടായിരുന്നു.
7 ഈജിപ്തുകാർക്കും ഇസ്രായേല്യർക്കും ഇടയിൽ ഒരു മേഘസ്തംഭം സൃഷ്ടിച്ചുകൊണ്ട് യഹോവ ഈജിപ്തുകാരെ തടഞ്ഞുനിറുത്തി. മുന്നിൽ മേഘസ്തംഭം ആയിരുന്നതിനാൽ ഈജിപ്തുകാർക്കു മുന്നിലുള്ള യാതൊന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല; എന്നാൽ, ഇസ്രായേല്യർക്ക് നല്ല പ്രകാശമുണ്ടായിരുന്നു. (പുറപ്പാടു 14:20) ഈജിപ്ഷ്യൻ സൈന്യത്തെ തടഞ്ഞുനിറുത്തിയ യഹോവ “അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി.” (പുറപ്പാടു 14:21) വെള്ളം വേർപിരിഞ്ഞപ്പോൾ ജനമെല്ലാം—സ്ത്രീപുരുഷന്മാരും കുട്ടികളും—ചെങ്കടലിലൂടെ സുരക്ഷിതരായി നടന്നുപോയി. ജനം മറുകര അടുക്കാറായപ്പോൾ യഹോവ മേഘസ്തംഭം നീക്കി. ക്രുദ്ധരായ ഈജിപ്തുകാർ കടലിന്റെ നടുവിലേക്കു പാഞ്ഞുചെന്നു. തന്റെ ജനം സുരക്ഷിതരായി മറുകര എത്തിയപ്പോൾ യഹോവ വെള്ളം മടങ്ങിവരാൻ ഇടയാക്കി. ഫറവോനും അവന്റെ സൈന്യവും വെള്ളത്തിൽ മുങ്ങിച്ചത്തു. അങ്ങനെ, യഹോവ തന്റെ ജനത്തിനു വേണ്ടി പോരാടി. അത് ഇന്നു ക്രിസ്ത്യാനികൾക്ക് എത്ര വലിയ പ്രോത്സാഹനമാണ്!—പുറപ്പാടു 14:23-28.
8. ഏതു മുന്നറിയിപ്പുകൾ അവഗണിക്കുന്നതിനാലാണ് ഒടുവിൽ യഹൂദർക്ക് പ്രവാസത്തിലേക്കു പോകേണ്ടിവരുന്നത്?
8 യെശയ്യാവിന്റെ കാലമായപ്പോഴേക്കും ആ ദിവ്യ വിജയം നടന്നിട്ട് എഴുന്നൂറു വർഷം പിന്നിട്ടിരുന്നു. യഹൂദ ഇന്ന് ഒരു ജനതയായി മാറിക്കഴിഞ്ഞിരുന്നു. ചിലപ്പോഴൊക്കെ അവൾ അസീറിയയും ഈജിപ്തും പോലുള്ള അന്യരാഷ്ട്രങ്ങളുമായി നയതന്ത്ര ബന്ധങ്ങളിൽ ഏർപ്പെടുന്നു. എന്നാൽ, ഈ പുറജാതി രാഷ്ട്രങ്ങളുടെ നേതാക്കന്മാർ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ല. യഹൂദയുമായുള്ള ഏതൊരു ഉടമ്പടിയെക്കാളും സ്വന്ത താത്പര്യങ്ങൾക്കാണ് അവർ എപ്പോഴും സ്ഥാനം കൽപ്പിക്കുന്നത്. അത്തരം ആളുകളിൽ ആശ്രയം വെക്കരുതെന്ന് യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന പ്രവാചകന്മാർ ജനത്തിനു മുന്നറിയിപ്പു കൊടുക്കുന്നെങ്കിലും അതുകൊണ്ടൊന്നും ഒരു ഫലവുമില്ല. ഒടുവിൽ, യഹൂദർ ബാബിലോണിൽ പ്രവാസത്തിലാകും, അവിടെ അവർ 70 വർഷം ദാസ്യവേല ചെയ്യും. (യിരെമ്യാവു 25:11) എന്നിരുന്നാലും, യഹോവ തന്റെ ജനത്തെ മറക്കുകയില്ല, എന്നേക്കുമായി തള്ളിക്കളയുകയുമില്ല. നിയമിത സമയത്ത് അവൻ അവരെ ഓർക്കും. നിർമലാരാധന പുനഃസ്ഥാപിക്കാൻ സ്വദേശത്തേക്കു മടങ്ങുന്നതിന് അവൻ അവർക്കു വഴിതുറക്കും. എന്ത് ഉദ്ദേശ്യത്തിൽ? ശീലോയ്ക്ക് അഥവാ അവകാശമുള്ളവന് വഴിയൊരുക്കുന്നതിന്. മുഴു മനുഷ്യവർഗവും അവനെ അനുസരിക്കേണ്ടതുണ്ട്!
ശീലോ വരുന്നു
9. ശീലോ ആരാണ്, അവൻ എങ്ങനെയുള്ള പ്രബോധകനാണ്?
9 നൂറ്റാണ്ടുകൾ പിന്നിടുന്നു. “കാലസമ്പൂർണ്ണത” വന്നെത്തുകയും ശീലോ എന്നു വിളിക്കപ്പെടുന്ന കർത്താവായ യേശുക്രിസ്തു രംഗപ്രവേശം നടത്തുകയും ചെയ്യുന്നു. (ഗലാത്യർ 4:4; എബ്രായർ 1:1, 2) യഹോവ തന്റെ ഉറ്റ സഹകാരിയെ യഹൂദർക്കു വക്താവായി നിയോഗിക്കുന്നു എന്ന വസ്തുത അവൻ തന്റെ ജനത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നു വെളിപ്പെടുത്തുന്നു. യേശു ഏതു തരത്തിലുള്ള വക്താവാണെന്നു തെളിഞ്ഞിരിക്കുന്നു? പരമോന്നത സ്ഥാനം വഹിക്കുന്ന വക്താവുതന്നെ! യേശു ഒരു വക്താവു മാത്രമല്ല പ്രബോധകനും കൂടെയാണ്, അതേ അതിവിദഗ്ധനായ ഒരു പ്രബോധകൻ. അതിൽ തെല്ലും അതിശയിക്കാനില്ല. കാരണം, അവനു പ്രബോധനമേകുന്ന ഉത്കൃഷ്ടനായ മറ്റൊരു പ്രബോധകനുണ്ട്—യഹോവയാം ദൈവം. (യോഹന്നാൻ 5:30; 6:45; 7:15, 16, 46; 8:26) യേശു പ്രാവചനികമായി യെശയ്യാവ് മുഖാന്തരം പറയുന്ന വാക്കുകൾ അതു സ്ഥിരീകരിക്കുന്നു: “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ [“പഠിപ്പിക്കപ്പെട്ടവരുടെ,” NW] നാവു തന്നിരിക്കുന്നു; അവൻ രാവിലെതോറും ഉണർത്തുന്നു; ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന്നു അവൻ എന്റെ ചെവി ഉണർത്തുന്നു.”—യെശയ്യാവു 50:4.b
10. തന്റെ ജനത്തോടുള്ള യഹോവയുടെ സ്നേഹം യേശു പ്രതിഫലിപ്പിക്കുന്നത് എങ്ങനെ, യേശുവിന് എന്തു പ്രതികരണമാണു ലഭിക്കുന്നത്?
10 ഭൂമിയിലേക്കു വരുന്നതിനു മുമ്പ് യേശു സ്വർഗത്തിൽ തന്റെ പിതാവിനോടൊപ്പം വേല ചെയ്തിരുന്നു. ആ പിതാവും പുത്രനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ കുറിച്ച് സദൃശവാക്യങ്ങൾ 8:30 [ഓശാന ബൈ.] കാവ്യഭാഷയിൽ ഇങ്ങനെ വിവരിക്കുന്നു: ‘വിദഗ്ദ്ധനായ ഒരു ശില്പിയെപ്പോലെ ഞാൻ [യഹോവയുടെ] അടുക്കൽ ഉണ്ടായിരുന്നു; സദാ അവന്റെ മുമ്പിൽ ആനന്ദിച്ചുകൊണ്ടിരുന്നു.’ പിതാവിന്റെ വാക്കുകൾക്കു ചെവി കൊടുക്കുന്നത് യേശുവിന് വലിയ സന്തുഷ്ടി കൈവരുത്തി. “മനുഷ്യപുത്രന്മാരോടു” തന്റെ പിതാവിനുള്ള സ്നേഹം അവൻ പങ്കിട്ടു. (സദൃശവാക്യങ്ങൾ 8:31) ഭൂമിയിൽ വരുമ്പോൾ യേശു “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു” താങ്ങുന്നു. യെശയ്യാ പ്രവചനത്തിലെ ആശ്വാസദായകമായ ഈ ഭാഗം വായിച്ചുകൊണ്ടാണ് അവൻ തന്റെ ശുശ്രൂഷ തുടങ്ങുന്നത്: “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; . . . പീഡിതന്മാരെ വിടുവിച്ചയപ്പാനും എന്നെ അയച്ചിരിക്കുന്നു.” (ലൂക്കൊസ് 4:18, 19; യെശയ്യാവു 61:1) ദരിദ്രന്മാർക്കു സുവിശേഷം! ക്ഷീണിതർക്കു നവോന്മേഷം! ആ പ്രഖ്യാപനം ആളുകളെ എത്ര സന്തോഷിപ്പിക്കേണ്ടതാണ്! ചിലർ സന്തോഷിക്കുകതന്നെ ചെയ്യുന്നു—പക്ഷേ എല്ലാവരുമില്ല. ഒടുവിൽ, യഹോവയാൽ പഠിപ്പിക്കപ്പെട്ടവൻ എന്ന യേശുവിന്റെ സ്ഥാനത്തെ അനേകരും നിരാകരിക്കുന്നു.
11. യേശുവിനോടൊപ്പം നുകത്തിൻ കീഴിൽ വരുന്നത് ആർ, അവർക്ക് എന്ത് അനുഭവപ്പെടുന്നു?
11 എന്നുവരികിലും, ചിലർ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു. യേശുവിന്റെ ഹൃദയോഷ്മളമായ ഈ ക്ഷണം അവർ സസന്തോഷം സ്വീകരിക്കുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്തായി 11:28, 29) യേശുവിലേക്ക് ആകർഷിക്കപ്പെടുന്നവരിൽ അവന്റെ അപ്പൊസ്തലന്മാർ ആയിത്തീർന്നവരും ഉൾപ്പെടുന്നു. യേശുവിന്റെ നുകത്തിൻ കീഴിൽ വരുക എന്നതു കഠിനവേലയെ അർഥമാക്കുന്നു എന്ന് അവർക്ക് അറിയാം. ഭൂമിയിലുടനീളം രാജ്യസുവാർത്ത പ്രസംഗിക്കുന്നത് ആ വേലയിൽ ഒന്നാണ്. (മത്തായി 24:14) അപ്പൊസ്തലന്മാരും മറ്റു ശിഷ്യന്മാരും ആ വേലയിൽ ഏർപ്പെടവേ, അത് തങ്ങളുടെ പ്രാണനു നവോന്മേഷം പ്രദാനം ചെയ്യുന്നതായി അവർ കണ്ടെത്തുന്നു. വിശ്വസ്ത ക്രിസ്ത്യാനികൾ ഇന്ന് അതേ വേലയിൽ ഏർപ്പെടുന്നു, അത് അവർക്ക് സമാനമായ സന്തോഷം കൈവരുത്തുന്നു.
അവൻ മറുത്തുനിൽക്കുന്നില്ല
12. യേശു തന്റെ സ്വർഗീയ പിതാവിനോട് ഏതെല്ലാം വിധങ്ങളിൽ അനുസരണം പ്രകടമാക്കുന്നു?
12 താൻ ഭൂമിയിലേക്കു വന്നിരിക്കുന്നതിന്റെ ഉദ്ദേശ്യം, ദൈവേഷ്ടം ചെയ്യുക എന്നതാണെന്ന കാര്യം യേശു ഒരിക്കലും മറന്നുകളയുന്നില്ല. അവൻ കാര്യങ്ങളെ വീക്ഷിക്കുന്ന വിധത്തെ കുറിച്ചു മുൻകൂട്ടി പറഞ്ഞിരിക്കുന്നു: “യഹോവയായ കർത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിൻതിരിഞ്ഞതുമില്ല.” (യെശയ്യാവു 50:5) യേശു എല്ലായ്പോഴും ദൈവത്തോട് അനുസരണമുള്ളവനാണ്. എന്തിന്, “പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാൻ കഴികയില്ല” എന്നു പോലും യേശു പറയുന്നു. (യോഹന്നാൻ 5:19) മനുഷ്യനായി പിറക്കുന്നതിനു മുമ്പ് യേശു കോടിക്കണക്കിന്, സഹസ്രകോടിക്കണക്കിനു വർഷങ്ങൾതന്നെ തന്റെ പിതാവിനോടൊപ്പം പ്രവർത്തിച്ചിരിക്കണം. ഭൂമിയിൽ വന്നതിനു ശേഷവും അവൻ യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുന്നതിൽ തുടരുന്നു. ആ സ്ഥിതിക്ക്, ക്രിസ്തുവിന്റെ അപൂർണ അനുഗാമികൾ എന്ന നിലയിൽ നാം യഹോവയുടെ നിർദേശങ്ങൾ എത്രയധികം പിൻപറ്റേണ്ടതാണ്!
13. യേശുവിന് എന്തു സംഭവിക്കാനിരിക്കുന്നു, താൻ ധൈര്യമുള്ളവനാണെന്ന് അവൻ പ്രകടമാക്കുന്നത് എങ്ങനെ?
13 യഹോവയുടെ ഏകജാത പുത്രനെ തള്ളിക്കളഞ്ഞ ചിലർ അവനെ പീഡിപ്പിക്കുന്നു, അതേക്കുറിച്ചും മുൻകൂട്ടി പറഞ്ഞിരിക്കുന്നു: “അടിക്കുന്നവർക്കു, ഞാൻ എന്റെ മുതുകും രോമം പറിക്കുന്നവർക്കു എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.” (യെശയ്യാവു 50:6) പ്രവചനമനുസരിച്ച്, എതിരാളികളുടെ കൈകളാൽ മിശിഹാ വേദനയും നിന്ദയും അനുഭവിക്കും. യേശുവിന് അതറിയാം. ഈ പീഡനം എത്രത്തോളം പോകുമെന്നും അവനറിയാം. എങ്കിലും, തന്റെ ഭൗമിക ജീവിതം അതിന്റെ അവസാനത്തോട് അടുക്കുമ്പോഴും അവനു തെല്ലും പേടി തോന്നുന്നില്ല. ഉറച്ച നിശ്ചയദാർഢ്യത്തോടെ അവൻ യെരൂശലേമിലേക്കു യാത്ര തിരിക്കുന്നു, അവിടെവെച്ച് അവന്റെ ഭൗമിക ജീവിതം അവസാനിക്കും. അങ്ങോട്ടുള്ള വഴിയിൽ, യേശു തന്റെ ശിഷ്യന്മാരോടു പറയുന്നു: “ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിന്നു വിധിച്ചു ജാതികൾക്കു ഏല്പിക്കും. അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും.” (മർക്കൊസ് 10:33, 34) കാര്യങ്ങൾ ഏറ്റവും മെച്ചമായി അറിഞ്ഞിരിക്കേണ്ടവർ തന്നെ—മഹാപുരോഹിതന്മാരും ശാസ്ത്രിമാരും—ആയിരിക്കും അവനോട് ഇത്ര ഹീനമായി പെരുമാറുന്നത്.
14, 15. യേശുവിനെ അടിക്കുകയും നിന്ദിക്കുകയും ചെയ്യുമെന്ന യെശയ്യാവിന്റെ വാക്കുകൾ എങ്ങനെ നിവൃത്തിയേറുന്നു?
14 പൊ.യു. 33, നീസാൻ 14-ാം തീയതി യേശു തന്റെ അനുഗാമികളിൽ ചിലരോടൊപ്പം ഗെത്ത്ശെമന തോട്ടത്തിലാണ്. അവൻ പ്രാർഥിക്കുകയാണ്. പെട്ടെന്ന്, ഒരു കൂട്ടം ആളുകൾ അവിടെയെത്തി അവനെ അറസ്റ്റു ചെയ്യുന്നു. എന്നാൽ, അവന് ഒട്ടും ഭയം തോന്നുന്നില്ല. യഹോവ തന്നോടൊപ്പം ഉണ്ടെന്ന് അവനറിയാം. താൻ ആഗ്രഹിക്കുന്നപക്ഷം, തന്നെ രക്ഷിക്കാൻ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ അയച്ചുതരാൻ തന്റെ പിതാവിനോട് അപേക്ഷിക്കാനാകുമെന്നു പറഞ്ഞ് യേശു ശിഷ്യന്മാരെ ധൈര്യപ്പെടുത്തുന്നു. അവൻ ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുളള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും”?—മത്തായി 26:36, 47, 53, 54.
15 മിശിഹായുടെ വിചാരണയും മരണവുമായി ബന്ധപ്പെട്ടു മുൻകൂട്ടി പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും നിവൃത്തിയേറുന്നു. സൻഹെദ്രീമിന്റെ മുമ്പാകെയുള്ള കപടമായ വിചാരണയ്ക്കു ശേഷം പൊന്തിയൊസ് പീലാത്തൊസ് യേശുവിനെ ചോദ്യം ചെയ്ത് അടിക്കാൻ ഏൽപ്പിക്കുന്നു. റോമൻ പടയാളികൾ “കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി.” അങ്ങനെ യെശയ്യാവിന്റെ വാക്കുകൾ നിറവേറുന്നു. (മർക്കൊസ് 14:65; 15:19; മത്തായി 26:67, 68) യേശുവിന്റെ താടിരോമം അക്ഷരാർഥത്തിൽ പറിച്ചെടുക്കുന്നതായി—അങ്ങേയറ്റം നിന്ദ്യമായ ഒരു പ്രവൃത്തി—ബൈബിൾ ഒന്നും പറയുന്നില്ലെങ്കിലും യെശയ്യാവു മുൻകൂട്ടി പറഞ്ഞതു പോലെ അതു നിശ്ചയമായും സംഭവിക്കുന്നു.c—നെഹെമ്യാവു 13:25.
16. ശക്തമായ സമ്മർദത്തെ അഭിമുഖീകരിക്കുമ്പോഴും യേശു എങ്ങനെ നിലകൊള്ളുന്നു, അവനു ലജ്ജ തോന്നേണ്ടതില്ലാത്തത് എന്തുകൊണ്ട്?
16 പീലാത്തൊസിന്റെ മുമ്പാകെ നിൽക്കുമ്പോൾ യേശു തന്റെ ജീവൻ രക്ഷിക്കാനായി അപേക്ഷിക്കുന്നില്ല, മറിച്ച് ശാന്തനായി നിലകൊള്ളുന്നു. തിരുവെഴുത്തുകൾ നിവൃത്തിയേറുന്നതിനു താൻ മരിക്കേണ്ടതുണ്ട് എന്ന് അവനറിയാം. യേശുവിനെ മരണത്തിനു വിധിക്കാനും വിട്ടയയ്ക്കാനും തനിക്ക് അധികാരമുണ്ടെന്ന് ആ റോമൻ ഗവർണർ യേശുവിനോടു പറയുമ്പോൾ അവൻ നിർഭയനായി ഇങ്ങനെ മറുപടി നൽകുന്നു: “മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു.” (യോഹന്നാൻ 19:11) പീലാത്തൊസിന്റെ പടയാളികൾ മൃഗീയമായി യേശുവിനോടു പെരുമാറുന്നു, എന്നാൽ അതൊന്നും യേശുവിനെ ലജ്ജിപ്പിക്കുന്നില്ല. അല്ലെങ്കിൽത്തന്നെ, അവന് എന്തിനു ലജ്ജ തോന്നണം? എന്തെങ്കിലും തെറ്റു ചെയ്തിട്ടല്ല അവൻ ശിക്ഷിക്കപ്പെടുന്നത്. പകരം, നീതി നിമിത്തം അവൻ പീഡിപ്പിക്കപ്പെടുകയാണു ചെയ്യുന്നത്. ഇതിനോടുള്ള ബന്ധത്തിൽ യെശയ്യാവിന്റെ കൂടുതലായ ഈ പ്രാവചനിക വചനങ്ങൾ നിവൃത്തിയേറുന്നു: “യഹോവയായ കർത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാൻ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാൻ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാൻ ലജ്ജിച്ചുപോകയില്ല എന്നു ഞാൻ അറിയുന്നു.”—യെശയ്യാവു 50:7.
17. ശുശ്രൂഷയിൽ ഉടനീളം യഹോവ ഏതെല്ലാം വിധങ്ങളിൽ യേശുവിനോടൊപ്പം നിലകൊണ്ടിരിക്കുന്നു?
17 യഹോവയിലുള്ള പൂർണ വിശ്വാസമാണ് യേശുവിന്റെ ധൈര്യത്തിന് ആധാരം. യെശയ്യാവിന്റെ പിൻവരുന്ന വാക്കുകൾക്കു പൂർണ ചേർച്ചയിലാണു താനെന്ന് അവന്റെ നിലപാടു വ്യക്തമാക്കുന്നു: “എന്നെ നീതീകരിക്കുന്നവൻ സമീപത്തുണ്ടു; എന്നോടു വാദിക്കുന്നവൻ ആർ? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്റെ പ്രതിയോഗി ആർ? അവൻ ഇങ്ങുവരട്ടെ. ഇതാ, യഹോവയായ കർത്താവു എന്നെ തുണെക്കുന്നു; എന്നെ കുററം വിധിക്കുന്നവൻ ആർ? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും? പുഴു അവരെ തിന്നുകളയും.” (യെശയ്യാവു 50:8, 9) യേശു സ്നാപനമേറ്റ ദിവസം ദൈവത്തിന്റെ ആത്മപുത്രനെന്ന നിലയിൽ യഹോവ അവനെ നീതിമാനായി പ്രഖ്യാപിക്കുന്നു. അപ്പോൾ ദൈവത്തിന്റെതന്നെ ശബ്ദം കേൾക്കുന്നു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്തായി 3:17) തന്റെ ഭൗമിക ജീവിതം അവസാനിക്കാറാകവേ, യേശു ഗെത്ത്ശെമന തോട്ടത്തിൽ മുട്ടുകുത്തിനിന്നു പ്രാർഥിക്കുന്നു. അപ്പോൾ, ‘സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി അവനെ ശക്തിപ്പെടുത്തുന്നു.’ (ലൂക്കൊസ് 22:41-43) തന്റെ ജീവിതഗതിയുടെമേൽ പിതാവിന്റെ അംഗീകാരമുണ്ടെന്ന് യേശുവിനു ബോധ്യമാകുന്നു. പൂർണനായ ഈ ദൈവപുത്രൻ പാപം ചെയ്തിട്ടില്ല. (1 പത്രൊസ് 2:22) അവന്റെ ശത്രുക്കൾ അവനെതിരെ ശബ്ബത്ത് ലംഘിക്കുന്നവൻ, കുടിയൻ, ഭൂതബാധിതൻ എന്നൊക്കെയുള്ള വ്യാജാരോപണങ്ങൾ ഉന്നയിക്കുന്നു. എന്നാൽ അത്തരം നുണകളൊന്നും യേശുവിന് അപകീർത്തികരമല്ല. ദൈവം അവനോടു കൂടെയുണ്ട്, അപ്പോൾപ്പിന്നെ ആർക്ക് അവനെതിരെ നിലകൊള്ളാനാകും?—ലൂക്കൊസ് 7:34; യോഹന്നാൻ 5:18; 7:20; റോമർ 8:31; എബ്രായർ 12:3.
18, 19. യേശുവിന്റേതിനു സമാനമായ എന്ത് അനുഭവങ്ങളാണ് അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കുന്നത്?
18 യേശു തന്റെ ശിഷ്യന്മാർക്ക് ഈ മുന്നറിയിപ്പു നൽകി: “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.” (യോഹന്നാൻ 15:20) തുടർന്നു നടന്ന സംഭവങ്ങൾ അതു സത്യമെന്നു തെളിയിച്ചു. പൊ.യു. 33-ലെ പെന്തെക്കൊസ്തു നാളിൽ യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവ് വരുകയും അങ്ങനെ ക്രിസ്തീയ സഭ പിറക്കുകയും ചെയ്യുന്നു. ഉടൻതന്നെ മതനേതാക്കന്മാർ, “അബ്രാഹാമിന്റെ സന്തതി”യുടെ ഭാഗമായി യേശുവിനോടൊപ്പം സഹവസിക്കാൻ തുടങ്ങിയ ഈ വിശ്വസ്ത സ്ത്രീപുരുഷന്മാരുടെ പ്രസംഗവേലയ്ക്കു തടയിടാൻ ശ്രമിച്ചു. (ഗലാത്യർ 3:26, 29; 4:5, 6) ഒന്നാം നൂറ്റാണ്ടു മുതൽ ഇന്നു വരെ നീതിക്കായി ഉറച്ച നിലപാടു സ്വീകരിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികൾ യേശുവിന്റെ ശത്രുക്കളിൽനിന്നുള്ള ദുഷ്പ്രചാരണങ്ങൾക്കും കൊടിയ പീഡനങ്ങൾക്കും ഇരയാകേണ്ടി വന്നിരിക്കുന്നു.
19 എങ്കിലും, അവർ യേശുവിന്റെ പ്രോത്സാഹന വാക്കുകൾ ഓർമിക്കുന്നു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ.” (മത്തായി 5:11, 12) അതുകൊണ്ട്, ഏറ്റവും കൊടിയ പീഡനത്തിന്മധ്യേയും അഭിഷിക്ത ക്രിസ്ത്യാനികൾ തങ്ങളുടെ ശിരസ്സുകൾ ഉയർത്തിപ്പിടിക്കുന്നു. അവരുടെ എതിരാളികൾ എന്തുതന്നെ പറഞ്ഞാലും, ദൈവം തങ്ങളെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു എന്ന് അവർക്ക് അറിയാം. അവന്റെ ദൃഷ്ടിയിൽ അവർ “നിഷ്കളങ്കരും കുറ്റമില്ലാത്തവരു”മാണ്.—കൊലൊസ്സ്യർ 1:21, 22.
20. (എ) അഭിഷിക്ത ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നത് ആർ, അവർ എന്ത് അനുഭവിച്ചിരിക്കുന്നു? (ബി) അഭിഷിക്ത ക്രിസ്ത്യാനികൾക്കും “വേറെ ആടുക”ൾക്കും പഠിപ്പിക്കപ്പെട്ടവരുടെ നാവു ലഭിച്ചിരിക്കുന്നത് എങ്ങനെ?
20 ആധുനിക നാളിൽ “വേറെ ആടുക”ളിൽപ്പെട്ട ഒരു “മഹാപുരുഷാരം” അഭിഷിക്ത ക്രിസ്ത്യാനികളെ പിന്തുണയ്ക്കുന്നു. അവരും നീതിക്കായി നിലകൊള്ളുന്നു. തന്മൂലം, അവരും തങ്ങളുടെ അഭിഷിക്ത സഹോദരന്മാരോടൊപ്പം കഷ്ടങ്ങൾ സഹിക്കുകയും “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കു”കയും ചെയ്തിരിക്കുന്നു. “മഹോപദ്രവ”ത്തെ അതിജീവിക്കുന്നവർ എന്ന നിലയിൽ യഹോവ അവരെ നീതിമാന്മാരായി പ്രഖ്യാപിച്ചിരിക്കുന്നു. (വെളിപ്പാടു 7:9, 14, 15, NW; യോഹന്നാൻ 10:16; യാക്കോബ് 2:23) അവരുടെ ശത്രുക്കൾ ഇപ്പോൾ ശക്തരാണെന്നു തോന്നിച്ചാൽത്തന്നെ, ദൈവത്തിന്റെ തക്കസമയത്ത് ആ ശത്രുക്കൾ പുഴുതിന്ന വസ്ത്രം പോലെ ഒന്നിനും കൊള്ളാത്തവർ ആയിത്തീരും എന്ന് യെശയ്യാ പ്രവചനം പറയുന്നു. എന്നാൽ, അഭിഷിക്ത ക്രിസ്ത്യാനികളും “വേറെ ആടുക”ളും നിരന്തരം പ്രാർഥിക്കുകയും ദൈവവചനം പഠിക്കുകയും ആരാധനയ്ക്കായി യോഗങ്ങൾക്കു ഹാജരാകുകയും ചെയ്തുകൊണ്ട് ആത്മീയമായി ബലിഷ്ഠരായി നിലകൊള്ളുന്നു. അങ്ങനെ അവർ യഹോവയാൽ പഠിപ്പിക്കപ്പെടുകയും പഠിപ്പിക്കപ്പെട്ടവരുടെ നാവോടെ സംസാരിക്കുകയും ചെയ്യുന്നു.
യഹോവയുടെ നാമത്തിൽ ആശ്രയിക്കുക
21. (എ) വെളിച്ചത്തിൽ നടക്കുന്നവർ ആർ, അവർക്ക് എന്തു പ്രതിഫലം ലഭിക്കുന്നു? (ബി) ഇരുട്ടിൽ നടക്കുന്നവർക്ക് എന്തു സംഭവിക്കുന്നു?
21 വിസ്മയകരമായ ഒരു വിപരീത പ്രതികരണം ഇപ്പോൾ ശ്രദ്ധിക്കൂ: “നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്റെ ദാസന്റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവൻ ആർ? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവൻ യഹോവയുടെ നാമത്തിൽ ആശ്രയിച്ചു തന്റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.” (യെശയ്യാവു 50:10) ദൈവദാസനായ യേശുക്രിസ്തുവിന്റെ ശബ്ദത്തിനു ചെവികൊടുക്കുന്നവർ വെളിച്ചത്തിൽ നടക്കുന്നു. (യോഹന്നാൻ 3:21) അവർ യഹോവ എന്ന ദിവ്യനാമം ഉപയോഗിക്കുക മാത്രമല്ല ആ നാമം വഹിക്കുന്ന വ്യക്തിയിൽ ആശ്രയിക്കുകയും ചെയ്യുന്നു. ഒരിക്കൽ ഇരുട്ടിൽ നടന്നവരാണെങ്കിലും ഇപ്പോൾ അവർ മനുഷ്യരെ ഭയപ്പെടുന്നില്ല. അവർ ദൈവത്തിന്റെ പിന്തുണ തേടുന്നു. എന്നാൽ, ഇരുട്ടിൽ നടക്കാൻ നിശ്ചയിച്ചുറച്ചിരിക്കുന്നവർ മാനുഷഭയത്തിന് അടിമപ്പെട്ടിരിക്കുന്നു. പൊന്തിയൊസ് പീലാത്തൊസിനു സംഭവിക്കുന്നത് അതാണ്. യേശുവിന് എതിരെ ചുമത്തിയ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് അറിയാമായിരുന്നിട്ടും യേശുവിനെ വിടുവിക്കാൻ മാനുഷഭയം ആ റോമൻ ഭരണാധികാരിയെ അനുവദിച്ചില്ല. റോമൻ പടയാളികൾ ദൈവപുത്രനെ കൊല്ലുന്നു. എന്നാൽ, യഹോവ അവനെ ഉയിർപ്പിച്ച് മഹിമയും ബഹുമാനവും അണിയിക്കുന്നു. ഇനി, പീലാത്തൊസിന് എന്തു സംഭവിച്ചു? യഹൂദ ചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് പറയുന്ന പ്രകാരം, യേശു മരിച്ച് വെറും നാലു വർഷത്തിനു ശേഷം റോമൻ ഗവർണർ എന്ന സ്ഥാനത്തുനിന്നു പീലാത്തൊസ് നീക്കം ചെയ്യപ്പെടുകയും ഗൗരവമായ കുറ്റം ആരോപിക്കപ്പെട്ട് റോമിലേക്കു തിരികെ അയയ്ക്കപ്പെടുകയും ചെയ്തു. യേശുവിനെ വധിക്കുന്നതിനു ചുക്കാൻ പിടിച്ച യഹൂദരുടെ കാര്യമോ? നാലു ദശകങ്ങൾ പോലും പിന്നിടുന്നതിനു മുമ്പ് റോമൻ സൈന്യം യെരൂശലേം നശിപ്പിക്കുകയും അതിലെ നിവാസികളെ കൊന്നൊടുക്കുകയും ചിലരെ അടിമത്തത്തിലേക്കു കൊണ്ടുപോകുകയും ചെയ്തു. ഇരുളിനെ സ്നേഹിക്കുന്നവർക്കു പ്രത്യാശയ്ക്കു വകയില്ല!—യോഹന്നാൻ 3:19.
22. രക്ഷയ്ക്കായി മനുഷ്യരിൽ ആശ്രയിക്കുന്നത് തികഞ്ഞ ഭോഷത്തമായിരിക്കുന്നത് എന്തുകൊണ്ട്?
22 രക്ഷയ്ക്കായി മനുഷ്യരിൽ ആശ്രയിക്കുന്നതു തികഞ്ഞ ഭോഷത്തമാണ്. അത് എന്തുകൊണ്ടെന്ന് യെശയ്യാ പ്രവചനം വിശദീകരിക്കുന്നു: “ഹാ, തീ കത്തിച്ചു തീയമ്പുകൾ അരെക്കു കെട്ടുന്നവരേ, [“തീ കൊളുത്തുകയും തീക്കൊള്ളികൾ മിന്നിക്കുകയും ചെയ്യുന്നവരേ,” “പി.ഒ.സി. ബൈ.”] നിങ്ങൾ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങൾ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിൻ; എന്റെ കയ്യാൽ ഇതു നിങ്ങൾക്കു ഭവിക്കും; നിങ്ങൾ വ്യസനത്തോടെ കിടക്കേണ്ടിവരും.” (യെശയ്യാവു 50:11) മനുഷ്യ നേതാക്കന്മാർ വന്നും പോയുമിരിക്കും. വിശേഷ ഗുണങ്ങളുള്ള ഒരു വ്യക്തി കുറച്ചു കാലത്തേക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കാം. എന്നാൽ, ഏറ്റവും ആത്മാർഥതയുള്ള ഒരു മനുഷ്യനു പോലും ചെയ്യാൻ കഴിയുന്ന കാര്യത്തിൽ പരിമിതികളുണ്ട്. അയാളെ പിന്തുണയ്ക്കുന്നവർ പ്രതീക്ഷിക്കുന്നതു പോലെ, ആളിക്കത്തുന്ന തീ കൊളുത്തുന്നതിനു പകരം തീക്കൊള്ളി മിന്നിക്കാനേ അയാൾക്കു കഴിയുകയുള്ളൂ. അതേസമയം, ദൈവത്തിന്റെ മിശിഹായായ ശീലോയിൽ ആശ്രയിക്കുന്നവർക്ക് ഒരിക്കലും നിരുത്സാഹപ്പെടേണ്ടിവരില്ല.
[അടിക്കുറിപ്പുകൾ]
a യെശയ്യാവു 50-ാം അധ്യായത്തിന്റെ ആദ്യത്തെ മൂന്നു വാക്യങ്ങളിൽ യഹോവ യഹൂദാ ജനതയെ ഒന്നടങ്കം തന്റെ ഭാര്യയായും അതിലെ നിവാസികളെ തന്റെ മക്കളായും വർണിക്കുന്നു.
b ഈ അധ്യായത്തിന്റെ 4-ാം വാക്യം മുതൽ അവസാനം വരെ എഴുത്തുകാരൻ തന്നെക്കുറിച്ചുതന്നെ പറയുന്നതായി കാണപ്പെടുന്നു. ഈ വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്ന ചില പീഡനങ്ങൾ യെശയ്യാവ് തന്നെ അനുഭവിച്ചിരിക്കാൻ ഇടയുണ്ട്. എന്നിരുന്നാലും, പൂർണമായ അർഥത്തിൽ അത് യേശുക്രിസ്തുവിലാണ് നിവൃത്തിയേറുന്നത്.
c ശ്രദ്ധേയമായി, സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ യെശയ്യാവു 50:6 ഇങ്ങനെ വായിക്കുന്നു: “ഞാൻ എന്റെ മുതുക് അടികൾക്കും എന്റെ കവിളുകൾ പ്രഹരങ്ങൾക്കും ഏൽപ്പിച്ചുകൊടുത്തു.”
[155-ാം പേജിലെ ചിത്രം]
യഹോവയിൽ ആശ്രയിക്കുന്നതിനു പകരം യഹൂദർ മനുഷ്യ ഭരണാധിപന്മാരിൽ ആശ്രയിക്കുന്നു
[156, 157 പേജുകളിലെ ചിത്രം]
ചെങ്കടലിങ്കൽവെച്ച് യഹോവ ഇസ്രായേല്യർക്കും ഈജിപ്തുകാർക്കും ഇടയിൽ ഒരു മേഘസ്തംഭം സൃഷ്ടിച്ചുകൊണ്ട് തന്റെ ജനത്തെ സംരക്ഷിച്ചു