പുറപ്പാട്
21 “നീ അവരെ അറിയിക്കേണ്ട ന്യായത്തീർപ്പുകൾ+ ഇവയാണ്:
2 “നീ എബ്രായനായ ഒരു അടിമയെ വാങ്ങുന്നെങ്കിൽ,+ അവൻ ആറു വർഷം അടിമയായി സേവിക്കും. എന്നാൽ ഏഴാം വർഷം പണം ഒന്നും അടയ്ക്കാതെതന്നെ അവൻ സ്വതന്ത്രനാകും.+ 3 അവൻ ഒറ്റയ്ക്കാണു വന്നതെങ്കിൽ അങ്ങനെതന്നെ തിരികെ പോകും. എന്നാൽ അവനു ഭാര്യയുണ്ടെങ്കിൽ അവളും അവനോടൊപ്പം പോകണം. 4 ഇനി, അവന്റെ യജമാനൻ അവന് ഒരു ഭാര്യയെ കൊടുക്കുകയും അവളിൽ അവനു പുത്രന്മാരോ പുത്രിമാരോ ജനിക്കുകയും ചെയ്യുന്നെങ്കിൽ ആ ഭാര്യയും കുട്ടികളും യജമാനന്റേതായിത്തീരും. അവനോ ഏകനായി അവിടം വിട്ട് പോകട്ടെ.+ 5 എന്നാൽ, ‘ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു, സ്വതന്ത്രനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്ന് അടിമ തീർത്തുപറഞ്ഞാൽ+ 6 അവന്റെ യജമാനൻ സത്യദൈവത്തിന്റെ മുമ്പാകെ അവനെ കൊണ്ടുവരണം. എന്നിട്ട്, വാതിലിനോടോ കട്ടിളക്കാലിനോടോ ചേർത്തുനിറുത്തി ഒരു തോലുളികൊണ്ട് അവന്റെ കാതു തുളയ്ക്കണം. പിന്നെ അവൻ ആജീവനാന്തം അയാളുടെ അടിമയായിരിക്കും.
7 “ഒരാൾ മകളെ അടിമയായി വിൽക്കുന്നെന്നിരിക്കട്ടെ. പുരുഷന്മാരായ അടിമകൾ സ്വതന്ത്രരാകുന്നതുപോലെയായിരിക്കില്ല അവൾ സ്വതന്ത്രയാകുന്നത്. 8 യജമാനന് ഇഷ്ടമില്ലാത്തതുകൊണ്ട് അവളെ ഉപപത്നിയായി* അംഗീകരിക്കാതിരിക്കുകയും പകരം, മറ്റാരെങ്കിലും അവളെ വാങ്ങാൻ* ഇടയാക്കുകയും ചെയ്യുന്നെങ്കിൽ അവളെ വിദേശികൾക്കു വിൽക്കാൻ അയാൾക്ക് അധികാരമുണ്ടായിരിക്കില്ല. കാരണം അയാൾ അവളോടു വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. 9 അയാൾ അവളെ മകനുവേണ്ടി എടുക്കുന്നെങ്കിൽ ഒരു മകളുടെ അവകാശങ്ങൾ അവൾക്ക് അനുവദിച്ചുകൊടുക്കണം. 10 അയാൾ മറ്റൊരു ഭാര്യയെ എടുക്കുന്നെങ്കിൽ ആദ്യഭാര്യയുടെ ഉപജീവനം, വസ്ത്രം, വൈവാഹികാവകാശം+ എന്നിവയിൽ ഒരു കുറവും വരുത്തരുത്. 11 ഈ മൂന്നു കാര്യങ്ങൾ അയാൾ അവൾക്കു കൊടുക്കുന്നില്ലെങ്കിൽ പണമൊന്നും അടയ്ക്കാതെതന്നെ അവൾ സ്വതന്ത്രയായി പോകട്ടെ.
12 “ആരെങ്കിലും ഒരാളെ അടിച്ചിട്ട് അയാൾ മരിച്ചുപോയാൽ അടിച്ചവനെ കൊല്ലണം.+ 13 പക്ഷേ, അയാൾ അത് അബദ്ധത്തിൽ ചെയ്തുപോയതാണെങ്കിൽ, അങ്ങനെ സംഭവിക്കാൻ സത്യദൈവം അനുവദിച്ചതാണെങ്കിൽ, അയാൾക്ക് ഓടിപ്പോകാനാകുന്ന ഒരു സ്ഥലം ഞാൻ നിയമിക്കും.+ 14 ഒരാൾ സഹമനുഷ്യനോട് അത്യധികം കോപിച്ച് അയാളെ മനഃപൂർവം കൊന്നാൽ,+ അവനെ എന്റെ യാഗപീഠത്തിങ്കൽനിന്ന് പിടിച്ചുകൊണ്ടുപോയിട്ടായാലും കൊന്നുകളയണം.+ 15 അപ്പനെയോ അമ്മയെയോ അടിക്കുന്നവനെ കൊന്നുകളയണം.+
16 “ആരെങ്കിലും ഒരു മനുഷ്യനെ തട്ടിക്കൊണ്ടുപോയി+ വിൽക്കുകയോ അയാളെ കൈവശം വെച്ചിരിക്കെ പിടിയിലാകുകയോ ചെയ്താൽ+ അവനെ കൊന്നുകളയണം.+
17 “അപ്പനെയോ അമ്മയെയോ ശപിക്കുന്നവനെ കൊന്നുകളയണം.+
18 “മനുഷ്യർ തമ്മിലുള്ള വഴക്കിനിടെ ഒരാൾ സഹമനുഷ്യനെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ* ഇടിച്ചിട്ട്, ഇടികൊണ്ട ആൾ മരിച്ചില്ലെങ്കിലും കിടപ്പിലാകുന്നെന്നിരിക്കട്ടെ: 19 അയാൾക്ക് എഴുന്നേറ്റ് ഊന്നുവടിയുടെ സഹായത്താൽ പുറത്ത് ഇറങ്ങി നടക്കാൻ സാധിക്കുന്നെങ്കിൽ ഇടിച്ചവൻ ശിക്ഷയിൽനിന്ന് ഒഴിവുള്ളവനായിരിക്കും. എന്നാൽ പരിക്കു പറ്റിയ ആൾ പൂർണമായി സുഖപ്പെടുന്നതുവരെ, അയാൾക്കു ജോലി ചെയ്യാൻ കഴിയാതിരുന്ന സമയത്തേക്കുള്ള നഷ്ടപരിഹാരം ഇടിച്ചവൻ കൊടുക്കണം.
20 “ഒരാൾ തനിക്ക് അടിമപ്പണി ചെയ്യുന്ന പുരുഷനെയോ സ്ത്രീയെയോ വടികൊണ്ട് അടിച്ചിട്ട് ആ വ്യക്തി അയാളുടെ കൈയാൽ മരിച്ചുപോകുന്നെങ്കിൽ ആ അടിമയ്ക്കുവേണ്ടി അയാളോടു പകരം ചോദിക്കണം.+ 21 എന്നാൽ അടിമ മരിക്കാതെ ഒന്നോ രണ്ടോ ദിവസം ജീവനോടിരുന്നാൽ അടിമയ്ക്കുവേണ്ടി പകരം ചോദിക്കരുത്. കാരണം അവനെ അവന്റെ ഉടമസ്ഥൻ പണം കൊടുത്ത് വാങ്ങിയതാണ്.
22 “മനുഷ്യർ തമ്മിലുണ്ടായ മല്പിടിത്തത്തിനിടെ, ഗർഭിണിയായ ഒരു സ്ത്രീക്കു ക്ഷതമേറ്റിട്ട് അവൾ മാസം തികയാതെ പ്രസവിച്ചതല്ലാതെ*+ ആർക്കും ജീവഹാനി* സംഭവിച്ചിട്ടില്ലെങ്കിൽ സ്ത്രീയുടെ ഭർത്താവ് ചുമത്തുന്ന നഷ്ടപരിഹാരം കുറ്റക്കാരൻ കൊടുക്കണം. ന്യായാധിപന്മാർ മുഖേന വേണം അയാൾ അതു കൊടുക്കാൻ.+ 23 എന്നാൽ ജീവഹാനി സംഭവിച്ചെങ്കിൽ നീ ജീവനു പകരം ജീവൻ കൊടുക്കണം.+ 24 കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ,+ 25 പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, അടിക്കു പകരം അടി.
26 “ഒരാൾ തനിക്ക് അടിമപ്പണി ചെയ്യുന്ന പുരുഷന്റെയോ സ്ത്രീയുടെയോ കണ്ണ് അടിച്ച് പൊട്ടിക്കുന്നെങ്കിൽ കണ്ണിനു നഷ്ടപരിഹാരമായി അയാൾ ആ അടിമയെ സ്വതന്ത്രനായി വിടണം.+ 27 അയാൾ തനിക്ക് അടിമപ്പണി ചെയ്യുന്ന പുരുഷന്റെയോ സ്ത്രീയുടെയോ പല്ല് അടിച്ച് പറിക്കുന്നെങ്കിൽ പല്ലിനു നഷ്ടപരിഹാരമായി അയാൾ ആ അടിമയെ സ്വതന്ത്രനായി വിടണം.
28 “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിയിട്ട് ആ വ്യക്തി മരിക്കുന്നെങ്കിൽ അതിനെ കല്ലെറിഞ്ഞ് കൊല്ലണം.+ അതിന്റെ മാംസം കഴിക്കരുത്. കാളയുടെ ഉടമസ്ഥനോ ശിക്ഷയിൽനിന്ന് ഒഴിവുള്ളവനാണ്. 29 എന്നാൽ കാളയ്ക്കു കുത്തുന്ന ശീലമുണ്ടെന്നിരിക്കട്ടെ. അതെക്കുറിച്ച് മുന്നറിയിപ്പു കിട്ടിയിട്ടും അതിന്റെ ഉടമസ്ഥൻ അതിനെ വരുതിയിൽ നിറുത്താതിരുന്നിട്ട് അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നാൽ കാളയെ കല്ലെറിഞ്ഞ് കൊല്ലണം. അതിന്റെ ഉടമസ്ഥനെയും കൊന്നുകളയണം. 30 ഒരു മോചനവില* അയാളുടെ മേൽ ചുമത്തുന്നെങ്കിൽ തന്റെ മേൽ ചുമത്തിയതെല്ലാം തന്റെ ജീവന്റെ വീണ്ടെടുപ്പുവിലയായി അയാൾ കൊടുക്കണം. 31 കാള ഒരു കുട്ടിയെയാണു* കുത്തുന്നതെങ്കിലും ഈ ന്യായത്തീർപ്പുപ്രകാരംതന്നെ അതിന്റെ ഉടമസ്ഥനോടു ചെയ്യണം. 32 അടിമപ്പണി ചെയ്യുന്ന ഒരു പുരുഷനെയോ സ്ത്രീയെയോ ആണ് കാള കുത്തുന്നതെങ്കിൽ അതിന്റെ ഉടമസ്ഥൻ അടിമയുടെ യജമാനന് 30 ശേക്കെൽ* വിലയായി നൽകണം. കാളയെ കല്ലെറിഞ്ഞ് കൊല്ലുകയും വേണം.
33 “ഒരാൾ ഒരു കുഴി തുറന്നുവെക്കുകയോ ഒരു കുഴി കുഴിച്ചശേഷം അതു മൂടാതിരിക്കുകയോ ചെയ്തിട്ട് ഒരു കാളയോ കഴുതയോ അതിൽ വീണാൽ 34 കുഴിയുടെ ഉടമസ്ഥൻ നഷ്ടപരിഹാരം കൊടുക്കണം.+ അയാൾ മൃഗത്തിന്റെ ഉടമസ്ഥനു പണം കൊടുക്കണം. ചത്ത മൃഗമോ അയാളുടേതായിത്തീരും. 35 ഒരുവന്റെ കാള മറ്റൊരുവന്റെ കാളയ്ക്കു ക്ഷതമേൽപ്പിച്ചിട്ട് അതു ചത്തുപോയാൽ അവർ ജീവനുള്ള കാളയെ വിറ്റിട്ട്, കിട്ടുന്ന തുക പങ്കിട്ടെടുക്കണം. ചത്ത മൃഗത്തെയും അവർ പങ്കിട്ടെടുക്കണം. 36 എന്നാൽ കാളയ്ക്കു കുത്തുന്ന ശീലമുണ്ടെന്ന് അറിയാമായിരുന്നിട്ടും ഉടമസ്ഥൻ അതിനെ വരുതിയിൽ നിറുത്താതിരുന്നതാണെങ്കിൽ അയാൾ കാളയ്ക്കു പകരം കാളയെ നഷ്ടപരിഹാരമായി കൊടുക്കണം. ചത്ത കാളയെ പക്ഷേ അയാൾക്ക് എടുക്കാം.