“ഞാൻ ഇതാ! എന്നെ അയയ്ക്കേണമേ” എന്നു നിങ്ങൾ പറയുമോ?
“‘ഞാൻ ആരെ അയക്കും, ആർ നമുക്കുവേണ്ടി പോകും?’ എന്നു യഹോവ [പറഞ്ഞു]. ‘ഞാൻ ഇതാ! എന്നെ അയക്കേണമേ’ എന്നു ഞാൻ പറഞ്ഞുതുടങ്ങി.”—യെശയ്യാവ് 6:8.
1, 2. ഒരു ദമ്പതികൾക്ക് സന്തുഷ്ടിക്ക് എന്തു പ്രത്യേക കാരണമുണ്ടായിരുന്നു?
“കൊളംബിയായിക്കു പോകാനുള്ള സമ്മതം അറിയിച്ചുകൊണ്ടുള്ള ഞങ്ങളുടെ കത്തയക്കാൻ ഞങ്ങൾക്കു സന്തോഷമുണ്ട്. ഈ റൈറപ്റൈട്ടറിനു വർണ്ണിക്കാൻ കഴിയുന്നതിലധികം ഇവിടെ ഇക്വഡോറിലെ സേവനപദവി ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു.” വാച്ച്ററവർ സൊസൈററിക്കുവേണ്ടി ഒരു പുതിയ ബ്രാഞ്ചോഫീസ് പണിതുകൊണ്ടിരുന്നടമായ ഇക്വഡോറിലേക്കു പോയ യഹോവയുടെ സാക്ഷികളിൽ രണ്ടുപേരിൽനിന്നുള്ള ഒരു കത്ത് ഇങ്ങനെയാണ് തുടങ്ങിയത്.
2 ഈ രണ്ടു ശുശ്രൂഷകർ കെട്ടിടനിർമ്മാണത്തിൽ സഹായിക്കാൻ വേണ്ടി മാത്രമല്ല ഇക്വഡോറിലേക്കു പോയത്; അവർക്ക് ക്രിസ്തീയ ഉപദേഷ്ടാക്കളെന്നനിലയിലും സഹായിക്കാൻ കഴിയുമായിരുന്നു. അവർ ഇങ്ങനെ എഴുതി: “വയൽ സേവനം ഏററവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണെന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. വെറും മൂന്നാഴ്ച മുമ്പ് ഞങ്ങളിൽ എട്ടുപേർ ഒരു പൊതു ചന്തയിലേക്കു പോകുകയും 73 പുസ്തകങ്ങളും 40-ൽ പരം മാസികകളും സമർപ്പിക്കുകയും ചെയ്തു. തലേ ആഴ്ചയിൽ ഞങ്ങൾ രണ്ടു പുതിയ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങി. ഞങ്ങൾക്കു വാസ്തവത്തിൽ പുതിയ ബ്രാഞ്ചിന്റെ ആവശ്യം കാണാൻ കഴിയും.” ഇപ്പോൾ കൊളംബിയായിൽ “ഈ പ്രത്യേകരൂപത്തിലുള്ള മുഴുസമയസേവനത്തിൽ തുടരുന്നതിനുള്ള പദവിക്കുവേണ്ടി നന്ദിപറയാൻ ഞാനും ഭാര്യയും ആഗ്രഹിക്കുന്നു.”
3. അനേകർ യെശയ്യാവു പ്രകടമാക്കിയതിനോടു സമാനമായ മനോഭാവം പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
3 വിദേശരാജ്യങ്ങളിലേക്ക് അയക്കപ്പെടാൻ മനസ്സുകാട്ടിയ ശതക്കണക്കിനു മററുള്ളവരും ഈ ദമ്പതിമാരും യെശയ്യാവിന്റേതിനോടു സമാനമായ ഒരു മനോഭാവമാണു പ്രതിഫലിപ്പിച്ചത്. “ഞാൻ ആരെ അയക്കും, ആർ നമുക്കുവേണ്ടി പോകും?” എന്ന് യഹോവ പറയുന്നത് അവൻ കേട്ടപ്പോൾ “ഞാൻ ഇതാ! എന്നെ അയക്കേണമേ” എന്ന് യെശയ്യാവ് പറഞ്ഞു. അപ്പോൾ ദൈവം ഇങ്ങനെ കൽപിച്ചു: “പോകൂ, നീ ഈ ജനത്തോട് ‘വീണ്ടും വീണ്ടും കേൾപ്പിൻ, എന്നാൽ, മനുഷ്യരേ, ഗ്രഹിക്കരുത്’ എന്നു പറയണം.” (യെശയ്യാവ് 6:8, 9) എന്തിനുവേണ്ടി അയക്കപ്പെടാനായിരുന്നു യെശയ്യാവ് സന്നദ്ധനായത്? അതിൽനിന്ന് എന്തു ഫലമുണ്ടായി? ആധുനിക സമാന്തരങ്ങളും നമുക്കുവേണ്ടിയുള്ള വ്യക്തിപരമായ എന്തെങ്കിലും പാഠങ്ങളും സംബന്ധിച്ച് ഈ വിവരണത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
പ്രസംഗിക്കാനുള്ള യെശയ്യാവിന്റെ നിയോഗം
4, 5. (എ) യെശയ്യാവ് 6-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനം അവനു ലഭിച്ചപ്പോൾ ഏതു സാഹചര്യം പ്രബലപ്പെട്ടിരുന്നു? (ബി) യെശയ്യാവ് ഈ ദർശനത്തിൽ എന്തുകണ്ടു?
4 “ഞാൻ ആരെ അയക്കും?” എന്ന് യഹോവ യെശയ്യാവിനോടു ചോദിച്ചത് ഉസ്സീയാവുരാജാവു മരിച്ച ആണ്ടിലായിരുന്നു. (യെശയ്യാവ് 6:1) അത് ക്രി. മു. 777-ൽ അഥവാ ബാബിലോന്യർ യരുശലേമിനെ നശിപ്പിക്കുകയും യഹൂദാദേശത്തെ ശൂന്യമാക്കുകയും ചെയ്തതിന് ഏതാണ്ട് ഒന്നേമുക്കാൽ ശതാബ്ദം മുമ്പായിരുന്നു. ആ ദുഃഖകരമായ വികാസം അടുത്തുവരുന്നത് യഹോവക്കു കാണാൻ കഴിയുമായിരുന്നു, അതു സംബന്ധിച്ച് ഒരു സന്ദേശം സമർപ്പിക്കാൻ അവൻ യെശയ്യാവിനെ നിയോഗിച്ചു. ഈ പ്രസംഗനിയോഗത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
5 യെശയ്യാവിനു ലഭിച്ച നിയോഗത്തിന്റെ രംഗവിധാനത്താൽ അവന്, നമ്മെപ്പോലെ, അത്യധികം മതിപ്പുളവായിരിക്കും. അവൻ എഴുതി: “ഉന്നതവും ഉയർത്തപ്പെട്ടതുമായ ഒരു സിംഹാസനത്തിൽ യഹോവ ഇരിക്കുന്നതു ഞാൻ കണ്ടു, അവന്റെ വസ്ത്രാഗ്രങ്ങൾ ആലയത്തെ നിറച്ചിരുന്നു. സെറാഫുകൾ അവന്റെ മീതെ നിൽക്കുന്നുണ്ടായിരുന്നു. ഓരോരുത്തനും ആറുചിറകുകൾ ഉണ്ടായിരുന്നു. രണ്ടുകൊണ്ട് അവൻ തന്റെ മുഖം മൂടി, രണ്ടുകൊണ്ട് അവൻ തന്റെ പാദങ്ങൾ മൂടി, രണ്ടുകൊണ്ട് അവന് അങ്ങുമിങ്ങും പറക്കാൻ കഴിഞ്ഞു. ഈ ഒരുവൻ ആ ഒരുവനോട്: ‘സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ, ആകുന്നു. സർവ്വഭൂമിയുടെയും തികവാണ് അവന്റെ മഹത്വം’ എന്ന് വിളിച്ചു പറഞ്ഞു.”—യെശയ്യാവ് 6:1-3.
6. യെശയ്യാവിന്റെ കാഴ്ച അവന് ഒരു പദവിയായിരുന്നതെന്തുകൊണ്ട്?
6 ഉസ്സീയാവ് പൗരോഹിത്യ ഗോത്രത്തിൽപ്പെട്ടവനല്ലാതിരിക്കെ, ധൂപം കാട്ടാൻ ധിക്കാരപൂർവ്വം ആലയത്തിന്റെ വിശുദ്ധത്തിലേക്ക് ആക്രമിച്ചു കടന്നപ്പോൾ അവനെ കുഷ്ഠം ബാധിച്ചുവെന്ന് യെശയ്യാവ് അറിഞ്ഞിരുന്നു. അങ്ങനെ, ദൈവത്തിന്റെ സന്നിധിയെതന്നെ വീക്ഷിക്കാൻ എന്തോരു പദവിയാണ് യെശയ്യാവിനു ലഭിച്ചത്! ഒരു അപൂർണ്ണമനുഷ്യനായിരുന്ന യെശയ്യാവ് അക്ഷരീയമായി യഹോവയെ കണ്ടില്ല, എന്നാൽ ഒരു ദർശനത്തിൽ അവനെ കാണാൻ അവൻ അനുവദിക്കപ്പെട്ടു. (പുറപ്പാട് 33:20-23) യഹോവയുടെ സിംഹാസനത്തിങ്കൽ ശുശ്രൂഷിച്ച ഉയർന്ന സ്ഥാനമുള്ള ദൂതൻമാരാൽ (സെറാഫുകൾ) ഇതിന്റെ മഹത്വം ദീപ്തമാക്കപ്പെട്ടു. ദൈവത്തിന്റെ വിശുദ്ധി മനസ്സിലാക്കിക്കൊണ്ട് അവർ ആദരപൂർവ്വം തങ്ങളുടെ ‘മുഖങ്ങൾ’ മൂടി. ഈ സ്വയംതാഴ്ത്തലിന്റെ പ്രവൃത്തിക്കു പുറമേ, അവർ ദൃഢമായി ദൈവത്തിന്റെ വിശുദ്ധിയെ പ്രഖ്യാപിച്ചു. ഇതിനെല്ലാം ഒരു മനുഷ്യന്റെമേൽ എന്തു ഫലമുണ്ടായിരിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നു?
7. യെശയ്യാവ് എങ്ങനെ പ്രതികരിച്ചു, നാമും സമാനമായി വിചാരിച്ചേക്കാവുന്നതെന്തുകൊണ്ട്?
7 യെശയ്യാവ് ഉത്തരം പറയട്ടെ. “‘എനിക്ക് അയ്യോ കഷ്ടം! എന്തെന്നാൽ ഞാൻ നിശ്ശബ്ദനാക്കപ്പെട്ടതുപോലെയായി, എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളോടുകൂടിയ ഒരു മനുഷ്യനാകുന്നു, അശുദ്ധമായ അധരങ്ങളോടു കൂടിയ ഒരു ജനത്തിന്റെ ഇടയിൽ ഞാൻ വസിക്കുന്നു; എന്തെന്നാൽ എന്റെ കണ്ണുകൾ, സൈന്യങ്ങളുടെ യഹോവതന്നെയായ രാജാവിനെ കണ്ടു!’ എന്നു പറയാൻ ഞാൻ പുറപ്പെട്ടു.” (യെശയ്യാവ് 6:5) താൻ യഹോവയുടെ വക്താവാണെന്ന് യെശയ്യാവ് അറിഞ്ഞിരുന്നു, എന്നിരുന്നാലും താൻ മഹത്വവാനും വിശുദ്ധനുമായ ഈ രാജാവിന്റെ ഒരു വക്താവിനു യോജിച്ച നിർമ്മലമായ അധരങ്ങളില്ലാത്തവനായ അശുദ്ധനാണ് എന്ന് യെശയ്യാവ് അറിഞ്ഞു. നമ്മിൽ ചിലരും നമ്മുടെ പാപപൂർണ്ണതയാൽ ബാധിക്കപ്പെടുകയും ദൈവത്തെ പ്രാർത്ഥനയിൽ സമീപിക്കാൻ അയോഗ്യരെന്നു തോന്നുകയും ചെയ്തിട്ടുണ്ട്, അവന്റെ നാമം നമ്മുടെമേൽ വിളിക്കപ്പെടാൻ അത്രയും യോഗ്യതപോലുമില്ലായിരുന്നു. അപ്പോൾ യെശയ്യാവിന്റെ കൂടുതലായ അനുഭവം പ്രോത്സാഹജനകമായിരിക്കേണ്ടതാണ്.
8. ഒരു ദൂതൻ എന്തു സേവനമനുഷ്ഠിച്ചു, ഫലമെന്തായിരുന്നു?
8 ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന സെറാഫുകളിൽ ഒരുവൻ മൃഗയാഗമർപ്പിക്കുന്ന പീഠത്തിൽനിന്ന് ഒരു തീക്കനലുമെടുത്ത് അവന്റെ അടുക്കലേക്കു പറന്നു. തീക്കനൽ യെശയ്യാവിന്റെ വായിൽ തൊടുവിച്ചുകൊണ്ട് ദൂതൻ പറഞ്ഞു: “നോക്കു! ഇതു നിന്റെ അധരങ്ങളെ തൊട്ടിരിക്കുന്നു, നിന്റെ അകൃത്യം വിട്ടുപോയിരിക്കുന്നു, നിന്റെ പാപത്തിനുതന്നെ പരിഹാരം വരുത്തപ്പെട്ടിരിക്കുന്നു.” (യെശയ്യാവ് 6:6, 7) ശലോമോന്റെ നാളുകളിൽ യാഗങ്ങൾക്ക് പുരോഹിതൻമാരെപോലും ദൈവമുമ്പാകെ തികച്ചും ശുദ്ധരാക്കാൻ കഴിഞ്ഞില്ലെങ്കിലും യഹോവ യാഗപീഠത്തെ അംഗീകരിച്ചുവെന്ന് ആകാശത്തുനിന്നുള്ള തീ തെളിയിച്ചു. (2 ദിനവൃത്താന്തം 7:1-3; എബ്രായർ 10:1-4, 11) എന്നിട്ടും, തീക്കനലിനാൽ യെശയ്യാവിന്റെ അശുദ്ധി കരിച്ചുനീക്കപ്പെട്ടപ്പോൾ, ഒരു പ്രത്യേക പ്രസംഗനിയോഗം സ്വീകരിക്കത്തക്ക അളവോളം അവന്റെ പാപപൂർണ്ണതക്ക് പരിഹാരം വരുത്തപ്പെട്ടുവെന്ന യഹോവയുടെ വിധി അവനു സ്വീകരിക്കാൻ കഴിയുമായിരുന്നു. ഇത് ഭാവി സംബന്ധിച്ച് ഏതു കൗതുകകരമായ സൂചനകളാണു നൽകുന്നത്?
9. യെശയ്യാവിന്റെ സന്ദേശത്തിന്റെ പൊതുആശയം എന്തായിരുന്നു?
9 ഈ വിസ്മയകരമായ അനുഭവം ഇപ്പോൾ പറഞ്ഞ പ്രസംഗനിയോഗം പ്രവാചകനു ലഭിക്കുന്നതിലേക്കു നയിച്ചു. (യെശയ്യാവ് 6:8, 9) എന്നാൽ ജനങ്ങൾ ആവർത്തിച്ചു കേൾക്കുമെന്നും എന്നാൽ യാതൊരു അറിവും പ്രാപിക്കുകയില്ലെന്നും യെശയ്യാവ് ജനത്തോടു പറയേണ്ടിയിരുന്നതെന്തുകൊണ്ട്? ദൈവത്തിന്റെ ശബ്ദം ഇങ്ങനെ കൂട്ടിച്ചേർത്തു: “ഈ ജനത്തിന്റെ ഹൃദയത്തെ സ്വീകാര്യക്ഷമമല്ലാതാക്കുകയും അവരുടെ ചെവികളെ പ്രതികരണമില്ലാത്തവയാക്കുകയും അവരുടെ കണ്ണുകളെത്തന്നെ കൂട്ടിയടക്കുകയും ചെയ്യുക, അവർ കാണാതിരിക്കേണ്ടതിനും . . . അവർ യഥാർത്ഥത്തിൽ പിന്തിരിഞ്ഞ് സൗഖ്യം പ്രാപിക്കാതിരിക്കേണ്ടതിനും തന്നെ.” (യെശയ്യാവ് 6:10) യഹൂദൻമാർ യഹോവയുമായി വൈരാഗ്യത്തിൽ കഴിയത്തക്കവണ്ണം കാർക്കശ്യത്താലും നയരാഹിത്യത്താലും യെശയ്യാവ് അവരെ വികർഷിക്കണമെന്ന് അതിനർത്ഥമുണ്ടോ? ഇല്ല. “ഞാൻ ഇതാ! എന്നെ അയക്കേണമേ” എന്നു പറഞ്ഞുകൊണ്ട് യെശയ്യാവ് സ്വമേധയാ അർപ്പിച്ച പ്രസംഗവേല എത്ര വിശ്വസ്തമായും പൂർണ്ണമായും നിറവേററിയാലും മിക്ക യഹൂദൻമാരും എങ്ങനെ ചെവികൊടുക്കുമെന്നുള്ളതിന്റെ ഒരു സൂചന മാത്രമായിരുന്നു അത്.
10. (എ) ജനങ്ങൾ അന്ധരും ചെകിടരും പോലെയായിരുന്നതിന്റെ കുററം സ്ഥിതിചെയ്തിരുന്നതെവിടെയായിരുന്നു? (ബി) “എത്രത്തോളം?” എന്ന് ചോദിച്ചതിനാൽ യെശയ്യാവ് എന്താണർത്ഥമാക്കിയത്?
10 കുററം ജനങ്ങളിലാണു സ്ഥിതിചെയ്തിരുന്നത്. യെശയ്യാവ് “വീണ്ടും വീണ്ടും കേൾക്കാൻ” അവരെ അനുവദിച്ചാലും അവർ അറിവു സമ്പാദിക്കുകയോ വിവേകം നേടുകയോ ഇല്ല. തങ്ങളുടെ കർക്കശവും അനാത്മീയവുമായ മനോഭാവം നിമിത്തം മിക്കവരും ചെവികൊടുക്കുകയില്ലെന്ന് ദൈവം മുമ്പുകൂട്ടി പ്രസ്താവിച്ചു. ഒരു ന്യൂനപക്ഷം ചെവികൊടുത്തേക്കാം. എന്നാൽ ഭൂരിപക്ഷം, നിങ്ങളുടെ സങ്കൽപ്പത്തിലെ അതിശക്തമായ പശകൊണ്ട് കണ്ണുകൾ കൂട്ടിയടച്ചു പററിച്ചാലെന്നപോലെ അന്ധരായിരിക്കും. ഈ ദുരവസ്ഥ എത്രനാൾ തുടരും? താൻ എത്ര വർഷം സേവിക്കേണ്ടതുണ്ടെന്നല്ല, പിന്നെയോ ഈ ദുരവസ്ഥ എത്രനാൾ തുടരുമെന്നാണ് “യഹോവേ, എത്രത്തോളം” എന്ന വാക്കുകളുപയോഗിച്ച് യെശയ്യാവു ചോദിച്ചത്? ദൈവം ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു നിവാസിയുമില്ലാതെ നഗരങ്ങൾ യഥാർത്ഥമായി തകർന്നു ശൂന്യമാകുന്നതുവരെ.” യെശയ്യായുടെ ആയുഷ്ക്കാലത്തിനു ശേഷമാണെങ്കിലും അതു അങ്ങനെ തന്നെ സംഭവിച്ചു. ബാബിലോന്യർ യഹൂദയെ “തകർന്ന ശൂന്യമായി” വിട്ടുകൊണ്ട് ഭൗമീകമനുഷ്യരെ നീക്കം ചെയ്തു.—യെശയ്യാവ് 6:11, 12; 2 രാജാക്കൻമാർ 25:1-26.
11. യെശയ്യാവിന്റെ പ്രസംഗം ആശ്വാസം പ്രദാനം ചെയ്തതെങ്ങനെ?
11 ഒടുവിൽ, എല്ലാം ആശയററ നിലയിലല്ലെന്ന് യഹോവ യെശയ്യാവിന് ഉറപ്പുകൊടുത്തു. “[ദേശത്ത്] പിന്നെയും പത്തിൽ ഒന്ന് ഉണ്ടായിരിക്കും.” അതെ, ‘വെട്ടിയിട്ടിട്ട് ഒരു കുററി വിശുദ്ധസന്തതി, ഉണ്ടായിരിക്കുന്ന ഒരു വമ്പിച്ച വൃക്ഷം പോലെ’യായിരുന്നു അത്. (യെശയ്യാവ് 6:13) ഒരു വമ്പിച്ച വൃക്ഷത്തിന്റെ കുററിയിൽനിന്ന് ഒരു പുതിയ മുള പുറപ്പെടുന്നതുപോലെ ഒരു സന്തതി, ഒരു ശേഷിപ്പ്, 70 വർഷത്തെ ബാബിലോന്യ പ്രവാസത്തിനുശേഷം ദേശത്തേക്കു മടങ്ങി. (2 ദിനവൃത്താന്തം 36:22, 23; എസ്രാ 1:1-4; ഇയ്യോബ് 14:7-9 താരതമ്യപ്പെടുത്തുക; ദാനിയേൽ 4:10, 13-15, 26) അതുകൊണ്ട്, യെശയ്യാവിന്റെ സന്ദേശം ഗൗരവമുള്ളതായിരുന്നെങ്കിലും അതിൽ ആശ്വാസവും അടങ്ങിയിരുന്നു. എന്നിരുന്നാലും, യെശയ്യാവിനെ ഭാവി വികാസത്തിന്റെ രൂപമാതൃകയായി വീക്ഷിക്കാൻ നമുക്ക് തിരുവെഴുത്തുപരമായ കാരണമുണ്ട്. എങ്ങനെ?
വലിപ്പമേറിയ നിവൃത്തി
12. യേശുവിനെ വലിപ്പമേറിയ യെശയ്യാവ് എന്നു വിളിക്കുന്നതിന് തിരുവെഴുത്തുപരമായി എന്ത് അടിസ്ഥാനമുണ്ട്?
12 യെശയ്യാവിന്റെ മരണത്തിനു നൂററാണ്ടുകൾക്കു ശേഷം ഒരാൾ വന്നു—യേശുക്രിസ്തു. അവനെ നമുക്ക് വലിപ്പമേറിയ യെശയ്യാവ് എന്നു വിളിക്കാവുന്നതാണ്. അവന്റെ മനുഷ്യത്വത്തിനുമുമ്പത്തെ ആസ്തിക്യത്തിൽ അവൻ തന്റെ പിതാവിനാൽ ഭൂമിയിലേക്ക് അയക്കപ്പെടുന്നതിന് സന്നദ്ധനായി, അവിടെ അവൻ തന്റെ പ്രസംഗത്തിൽ യെശയ്യാവ് എഴുതിയിരുന്നത് ഉൾപ്പെടുത്തും. (സദൃശവാക്യങ്ങൾ 8:30, 31; യോഹന്നാൻ 3:17, 34; 5:36-38; 7:28; 8:42; ലൂക്കോസ് 4:16-19; യെശയ്യാവ് 61:1) യേശു തന്റെ രീതിയിൽ പഠിപ്പിച്ചതെന്തുകൊണ്ടെന്ന് വിശദീകരിച്ചപ്പോൾ അവൻ തന്നേത്തന്നെ യെശയ്യാവ് 6-ാം അദ്ധ്യായത്തോടു കൂടുതൽ നിശിതമായി ബന്ധപ്പെടുത്തി. (മത്തായി 13:10-15; മർക്കോസ് 4:10-12; ലൂക്കോസ് 8:9, 10) അത് ഉചിതമായിരുന്നു, എന്തെന്നാൽ, യേശുവിനെ കേട്ട മിക്ക യഹൂദൻമാരും, പ്രവാചകനായ യെശയ്യാവിനെ കേട്ടവരെക്കാൾ അധികമായി അവന്റെ ദൂതു സ്വീകരിക്കാനോ അതനുസരിച്ചു പ്രവർത്തിക്കാനോ മനസ്സുള്ളവരായിരുന്നില്ല. (യോഹന്നാൻ 12:36-43) കൂടാതെ, യേശുവിന്റെ സന്ദേശം സംബന്ധിച്ച് തങ്ങളേത്തന്നെ ‘അന്ധരും ബധിരരു’മാക്കിയ യഹൂദൻമാർക്ക് ക്രി. വ. 70-ൽ ക്രി. മു. 607-ലേതുപോലെ ഒരു നാശം നേരിട്ടു. ഒന്നാം നൂററാണ്ടിലെ ഈ സംഭവവികാസം ‘ലോകാരംഭം മുതൽ യരൂശലേമിൻമേൽ സംഭവിച്ചിട്ടില്ലാത്തതും മേലാൽ സംഭവിക്കുകയില്ലാഞ്ഞതുമായ’ ഒരു ഉപദ്രവമായിരുന്നു. (മത്തായി 24:21) എന്നിരുന്നാലും, യെശയ്യാവു പ്രവചിച്ചതുപോലെ, ഒരു “ശേഷിപ്പ്”, ഒരു “വിശുദ്ധസന്തതി” വിശ്വാസം പ്രകടമാക്കി. അവർ ഒരു ആത്മീയ ജനതയായി, അഭിഷിക്തരായ “ദൈവത്തിന്റെ യിസ്രായേ”ലായി രൂപവൽക്കരിക്കപ്പെട്ടു.—ഗലാത്യർ 6:16.
13. നമുക്ക് യെശയ്യാവ് 6-ന് മറെറാരു നിവൃത്തി പ്രതീക്ഷിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
13 ഇപ്പോൾ നാം യെശയ്യാവ് 6-ാം അദ്ധ്യായത്തിന്റെ മറെറാരു ബൈബിളധിഷ്ഠിത നിവൃത്തിയിലേക്കു വരുന്നു. ഇതു മനസ്സിലാക്കുന്നതിനുള്ള ഒരു താക്കോലായി ക്രി.വ. 60-നോടടുത്ത് അപ്പോസ്തലനായ പൗലോസ് ചെയ്ത പ്രസ്താവനകൾ പരിചിന്തിക്കുക. റോമായിൽ തന്നെ കേട്ട അനേകം യഹൂദൻമാർ തന്റെ “ദൈവരാജ്യത്തെക്കുറിച്ചുള്ള സാക്ഷ്യം” സ്വീകരിക്കുകയില്ലാത്തതെന്തുകൊണ്ടെന്ന് അവൻ വിശദീകരിച്ചു. കാരണം യെശയ്യാവ് 6:9, 10-ന് വീണ്ടും നിവൃത്തിയുണ്ടാകുന്നുവെന്നതായിരുന്നു. (പ്രവൃത്തികൾ 28:17-27) യേശു ഭൗമികരംഗം വിട്ടശേഷം അവന്റെ അഭിഷിക്തശിഷ്യൻമാർ യെശയ്യാവിന്റേതിനോടു സമാനമായ ഒരു നിയോഗം നിറവേററണമായിരുന്നുവെന്ന് ഇത് അർത്ഥമാക്കുന്നുണ്ടോ? ഉവ്വ്, തീർച്ചയായും!
14. യേശുവിന്റെ ശിഷ്യൻമാർ യെശയ്യാവിന്റേതുപോലെ ഒരു വേല ചെയ്യേണ്ടിയിരുന്നതെങ്ങനെ?
14 വലിപ്പമേറിയ യെശയ്യാവ് സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുൻപ്, അവന്റെ ശിഷ്യൻമാർക്ക് പരിശുദ്ധാത്മാവ് ലഭിക്കുമെന്നും അതിനുശേഷം അവർ “യരൂശലേമിലും യഹൂദയിലെല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അതിവിദൂരഭാഗത്തോളവും [അവന്റെ] സാക്ഷികളായിരിക്കുമെന്നും അവൻ പറഞ്ഞു. (പ്രവൃത്തികൾ 1:8) യെശയ്യാവിന്റെ അകൃത്യം വിട്ടുമാറാനാവശ്യമായത് യാഗപീഠം പ്രദാനം ചെയ്തതുപോലെ, അവന്റെ ശിഷ്യൻമാരുടെ ‘പാപങ്ങൾക്ക് പരിഹാരം വരുത്തപ്പെടുന്നതിനുള്ള’ അടിസ്ഥാനം യേശുവിന്റെ യാഗമായിരുന്നു. (ലേവ്യപുസ്തകം 6:12, 13; എബ്രായർ 10:5-10; 13:10-15) അങ്ങനെ, ദൈവത്തിന് അവരെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകം ചെയ്യാൻ കഴിഞ്ഞു, അത് ഭൂമിയുടെ അതിവിദൂരഭാഗത്തോളം അവന്റെ സാക്ഷികളായിരിക്കാൻ അവരെ ശക്തിപ്പെടുത്തുകയും ചെയ്യും. പ്രവാചകനായ യെശയ്യാവും വലിപ്പമേറിയ യെശയ്യാവും ദൈവത്തിന്റെ സന്ദേശം ഘോഷിക്കാൻ അയയ്ക്കപ്പെട്ടു. അതുപോലെതന്നെ, യേശുവിന്റെ അഭിഷിക്താനുഗാമികൾ “ക്രിസ്തുവിനോടുള്ള സംസർഗ്ഗത്തിൽ . . . ദൈവത്തിൽനിന്ന് അയക്കപ്പെട്ടു.”—2 കൊരിന്ത്യർ 2:17.
15. നമ്മുടെ കാലത്തെ യെശയ്യാവിന്റേതുപോലെയുള്ള പ്രസംഗത്തോടുള്ള പൊതുപ്രതികരണമെന്താണ്, അത് എന്തു ഭാവിയിലേക്കു വിരൽ ചൂണ്ടുന്നു?
15 ആധുനിക കാലങ്ങളിൽ, വിശേഷാൽ, ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതൽ അഭിഷിക്തക്രിസ്ത്യാനികൾ ദൈവത്തിന്റെ സന്ദേശം ഘോഷിക്കേണ്ടതിന്റെ ആവശ്യം കണ്ടു. ഇതിൽ “നമ്മുടെ ദൈവത്തിന്റെ ഭാഗത്തെ പ്രതികാര ദിവസം” അടുത്തിരിക്കുന്നുവെന്ന ഗൗരവാവഹമായ വസ്തുതയും ഉൾപ്പെടുന്നു. (യെശയ്യാവ് 61:2) അന്നത്തെ വിനാശം വിശേഷാൽ ക്രൈസ്തവലോകത്തിന് ഒരു പ്രഹരമായിരിക്കും, പുരാതന യിസ്രായേലിനെപ്പോലെ അത് ദൈവജനമാണെന്ന് ദീർഘകാലം അവകാശപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ അഭിഷിക്തസാക്ഷികളാലുള്ള ദശാബ്ദങ്ങളിലെ വിശ്വസ്തപ്രസംഗം നടന്നിട്ടും ക്രൈസ്തവലോകത്തിലെ മിക്കവരും ‘തങ്ങളുടെ ഹൃദയത്തെ സ്വീകാര്യക്ഷമമല്ലാത്തതും ചെവികളെ പ്രതികരണമില്ലാത്തവയുമാക്കിയിരിക്കുന്നു; അവരുടെ കണ്ണുകൾ കൂട്ടിയടച്ചിരിക്കുന്നു.’ “ഒരു നിവാസിയുമില്ലാതെ നഗരങ്ങൾ യഥാർത്ഥമായി തകർന്നു ശൂന്യമാകുകയും വീടുകളിൽ ഭൗമിക മനുഷ്യൻ ഇല്ലാതാകുകയും നിലംതന്നെ ശൂന്യമായി പാഴാക്കപ്പെടുകയും ചെയ്യുന്നതുവരെ” അതു തുടരുമെന്ന് യെശയ്യാവിന്റെ പ്രവചനം സൂചിപ്പിക്കുന്നു. ഇത് ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യത്തെ അടയാളപ്പെടുത്തും .—യെശയ്യാവ് 6:10-12.
“എന്നെ അയക്കേണമേ”
16. “മഹാപുരുഷാരം” യെശയ്യാവിന്റേതുപോലെയുള്ള ഒരു വേലയിൽ പങ്കെടുക്കുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
16 ഇക്കാലത്ത്, ഒരു പരദീസാഭൂമിയിൽ നിത്യമായി ജീവിക്കാനുള്ള ബൈബിൾ പ്രത്യാശയുള്ള ദശലക്ഷക്കണക്കിന് അർപ്പിത ക്രിസ്ത്യാനികളുണ്ട്. യേശുവിന്റെ യാഗരക്തത്തിന്റെ അടിസ്ഥാനത്തിൽ ഈ “മഹാപുരുഷാര”ത്തിന് ഇപ്പോൾ ആവശ്യമായിരിക്കുന്നടത്തോളം തങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടാൻ കഴിയും. അവരും അഭിഷിക്തക്രിസ്ത്യാനികളിൽ ശേഷിച്ചവരോടു ചേർന്ന് “ഞാൻ ഇതാ! എന്നെ അയക്കേണമേ” എന്നു പറയുമ്പോൾ അവർക്കും ദൈവാത്മാവിനാൽ ശക്തിയും പിന്തുണയും ലഭിക്കുന്നു. റോമർ 10:13-15-ൽ പൗലോസ് ഇങ്ങനെ പറയുന്നു: “‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും’. എന്നിരുന്നാലും, അവർ വിശ്വാസമർപ്പിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? ക്രമത്തിൽ, അവർ കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വാസമർപ്പിക്കും? ക്രമത്തിൽ, ആരെങ്കിലും പ്രസംഗിക്കാനില്ലെങ്കിൽ അവർ എങ്ങനെ കേൾക്കും? ക്രമത്തിൽ, അവർ അയക്കപ്പെട്ടിട്ടില്ലെങ്കിൽ അവർ എങ്ങനെ പ്രസംഗിക്കും? [യെശയ്യാവ് 52:7-ൽ] എഴുതപ്പെട്ടിരിക്കുന്നതുപോലെ ‘നല്ല കാര്യങ്ങളുടെ സുവാർത്ത ഘോഷിക്കുന്നവരുടെ പാദങ്ങൾ എത്ര മനോഹരമാകുന്നു.!‘”—വെളിപ്പാട് 7:9-15.
17. യെശയ്യാവിന്റെ പ്രവചനത്തോടു താരതമ്യപ്പെടുത്താവുന്നതായി, നമ്മുടെ സന്ദേശത്തിന്റെ ഉള്ളടക്കമെന്ത്?
17 സന്ദേശത്തിന്റെ പൂർണ്ണമായ ഉള്ളടക്കം മനസ്സിലാക്കുന്നതിനു മുമ്പായിരുന്നു യെശയ്യാവ് “ഞാൻ ഇതാ! എന്നെ അയക്കേണമേ” എന്നു പറഞ്ഞതെന്നോർക്കുക. ഇതിൽ നിന്നു വ്യത്യസ്തമായി, “ഞാൻ ആരെ അയക്കും, ആർ നമുക്കുവേണ്ടി പോകും?” എന്ന ക്ഷണത്തിനു ചെവികൊടുക്കുന്നവർ ഇപ്പോൾ ഘോഷിക്കണമെന്നു ദൈവമാഗ്രഹിക്കുന്നതെന്തെന്ന് നമുക്കറിയാം. അതിൽ “നമ്മുടെ ദൈവത്തിന്റെ ഭാഗത്തെ പ്രതികാരദിവസ”ത്തെക്കുറിച്ചു മുന്നറിയിപ്പുകൊടുക്കുന്നതുൾപ്പെടുന്നു. എന്നിരുന്നാലും, സന്ദേശത്തിൽ “നല്ല കാര്യങ്ങളുടെ സുവാർത്ത”യും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, “അയക്കപ്പെടുന്ന”വർ “ബന്ദികളായി പിടിക്കപ്പെട്ടവരോടു സ്വാതന്ത്ര്യവും തടവുകാരോടു പോലും കണ്ണുകളുടെ വിസ്തൃതമായ തുറക്കലും” പ്രഖ്യാപിക്കുന്നതിൽ പങ്കുപററുന്നു. അങ്ങനെ ചെയ്യുന്നത് വലിയ സംതൃപ്തിയുടെ ഒരു ഉറവായിരിക്കേണ്ടതല്ലേ?—യെശയ്യാവ് 61:1, 2.
18, 19. “എന്നെ അയക്കേണമേ” എന്ന് ഏതു പ്രത്യേക വിധങ്ങളിൽ അനേകർ പറയുന്നു?
18 നിങ്ങൾ ഇപ്പോൾത്തന്നെ “നല്ല കാര്യങ്ങളുടെ സുവാർത്ത” ഘോഷിക്കുന്നുണ്ടെങ്കിൽ യെശയ്യാവ് 6-ാം അദ്ധ്യായത്തിന്റെ ഈ പുനരവലോകനം, യെശയ്യാവ് 6:8-ന്റെ ആത്മാവിൽ ഞാൻ എങ്ങനെ കൂടുതൽ പൂർണ്ണമായി ചെവികൊടുക്കണം എന്നു ചോദിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. തുടക്കത്തിൽ പറഞ്ഞ ദമ്പതികളെപ്പോലെ, ശതക്കണക്കിനാളുകൾ അന്തർദ്ദേശീയ സന്നദ്ധനിർമ്മാണ പ്രവർത്തക പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. നിർമ്മാണവൈദഗ്ദ്ധ്യമില്ലാത്ത മററനേകർ രാജ്യപ്രസംഗകരുടെ ആവശ്യം ഏറെ വലുതായിരിക്കുന്ന രാജ്യങ്ങളിലേക്ക് പോയിട്ടുണ്ട്. വാച്ച്ടവർ സൊസൈററിയുടെ ബ്രാഞ്ചാഫീസിൽനിന്ന് ഉപദേശം തേടിയശേഷം ഇതു ചെയ്യുന്നതാണ് ഏററവും നല്ലത്. തീർച്ചയായും, ആസൂത്രണം ജീവൽപ്രധാനമാണ്, എന്തുകൊണ്ടെന്നാൽ ഭാഷയും ജീവിതനിലവാരങ്ങളും ജോലിസാദ്ധ്യതകളും മററു കാര്യങ്ങളും ഒരു വിദേശത്ത് വളരെ വ്യത്യസ്തമായിരിക്കാം. എന്നിരുന്നാലും, വലിയ ക്രമീകരണങ്ങൾ ആവശ്യമായിരിക്കാമെന്നുള്ളതുകൊണ്ടു മാത്രം സാദ്ധ്യത തള്ളിക്കളയരുത്. “ഞാൻ ഇതാ! എന്നെ അയക്കേണമേ” എന്ന മനോഭാവമുള്ള അനേകർ അങ്ങനെയുള്ള നീക്കങ്ങൾ നടത്തുകയും തന്നിമിത്തം ദൈവത്താൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.—സദൃശവാക്യങ്ങൾ 24:27 താരതമ്യപ്പെടുത്തുക; ലൂക്കോസ് 14:28-30.
19 വേറെ അനേകർ—അവിവാഹിത സഹോദരൻമാർ അല്ലെങ്കിൽ സഹോദരിമാർ, വിവാഹിത ഇണകൾ, മുഴുകുടുംബങ്ങൾ തന്നെയും—തങ്ങളുടെ സ്വന്തം രാജ്യത്തോ പ്രദേശത്തോ രാജ്യപ്രസംഗകരുടെയോ ക്രിസ്തീയമേൽവിചാരകൻമാരുടെയോ ആവശ്യം അധികമുള്ളടത്തേക്ക് മാറിപ്പോയിട്ടുണ്ട്. (പ്രവൃത്തികൾ 16:9, 10) ഇതിന് ത്യാഗങ്ങൾ സഹിക്കേണ്ടതാവശ്യമായിവന്നിരിക്കാം, അതായത് മറെറാരുതരം ലൗകികജോലിയോ, ഒരുപക്ഷേ ശമ്പളക്കുറവുള്ള ജോലിയോ സ്വീകരിക്കേണ്ടിവന്നിരിക്കാം. ചിലർ പരിമിതമായ പെൻഷനോടുകൂടെ നേരത്തെ ജോലിയിൽ നിന്ന് വിരമിച്ചിട്ട്, ശുശ്രൂഷക്ക് കൂടുതൽ സമയം ലഭിക്കാൻ അംശകാലജോലി നോക്കിയിട്ടുണ്ട്. മുഴുകുടുംബങ്ങളും “ഞങ്ങൾ ഇതാ! ഞങ്ങളെ അയക്കേണമേ” എന്നു പറയുമ്പോൾ അത് എത്ര നന്നായിരിക്കും. ഇതും യെശയ്യായുടെ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നു. അവന്റെ ഭാര്യ ഒരു പ്രവാചകിയെന്ന നിലയിൽ ദൈവേഷ്ടം ചെയ്യുന്നതിൽ സജീവമായി പങ്കെടുത്തിരുന്നു. അവന്റെ പുത്രൻമാരും പ്രവാചകസന്ദേശങ്ങളിൽ ഉൾപ്പെട്ടിരുന്നു.—യെശയ്യാവ് 7:3, 14-17; 8:3, 4.
20. യെശയ്യാവ് 6:8 മനസ്സിൽ പിടിച്ചുകൊണ്ട് നിങ്ങൾ എന്തു പരിചിന്തിക്കണം?
20 നിങ്ങളുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ അങ്ങനെയുള്ള വലിയ മാററങ്ങൾക്ക് അനുവദിക്കുന്നില്ലെങ്കിൽപോലും, ‘യെശയ്യാവിന്റെ പ്രതിബദ്ധതയെ അനുകരിച്ചുകൊണ്ട്, ഞാൻ ആയിരിക്കുന്നടത്ത്, എന്നാൽ കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ടോ’യെന്നു നിങ്ങൾക്ക് പരിചിന്തിക്കാൻ കഴിയും. പ്രതികൂല കാലാവസ്ഥയോ പൊതുജനവിരക്തിയോ പോലും ഗണ്യമാക്കാതെ ദൈവിക സന്ദേശം ഘോഷിക്കുന്നതിൽ തീവ്രയത്നം നടത്തുക; തീർച്ചയായും, യെശയ്യാവ് അതുതന്നെ ചെയ്തു. “നല്ല കാര്യങ്ങളുടെ സുവാർത്ത”യെക്കുറിച്ചു മററുള്ളവരോടു സംസാരിക്കുന്നതിൽ തീക്ത്ണതയുള്ളവരായിരിക്കുക. “ഞാൻ ആരെ അയക്കും?” എന്ന് യഹോവ പറഞ്ഞിരിക്കുന്നു. പഴയകാലത്തെ യെശയ്യാവിനെപ്പോലെ, നിങ്ങളുടെ പ്രതികരണം, അവന്റെ സന്ദേശം ഘോഷിക്കാൻ “ഞാൻ ഇതാ! എന്നെ അയക്കേണമേ” എന്നാണെന്ന് തെളിയിക്കുക. (w87 10/15)
പുനരവലോകന പോയിൻറുകൾ
◻ ഏതു സാഹചര്യങ്ങളിലാണ് യെശയ്യാവിന് 6-ാം അദ്ധ്യായത്തിലെ ദർശനം കിട്ടിയത്, അവൻ എന്തു കണ്ടു?
◻ യെശയ്യാവിന് ഏതുതരം നിയോഗം ലഭിച്ചു?
◻ യേശുവിനെ വലിപ്പമേറിയ യെശയ്യാവ് എന്ന് വിളിക്കാൻ കഴിയുന്നതെന്തുകൊണ്ട്, അവന്റെ ശിഷ്യൻമാർ യെശയ്യാവിന്റേതുപോലെയുള്ള ഒരു വേലയിൽ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
◻ നിങ്ങൾക്ക് യെശയ്യാവിന്റേതുപോലെയുള്ള ഒരു ആത്മാവു പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ?
[17-ാം പേജിലെ ചിത്രം]
യെശയ്യാവ് ശുദ്ധീകരിക്കപ്പെടുകയും പ്രസംഗിക്കാൻ അയക്കപ്പെടുകയും ചെയ്തു
(18-ാം പേജിലെ ചിത്രം)
“ഞാൻ ഇതാ! എന്നെ അയക്കേണമേ!” എന്നു പറഞ്ഞുകൊണ്ട് അനേകർ ചെവി കൊടുത്തിരിക്കുന്നു