നിർമലത പാലിക്കുന്ന ജനത
“വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിൻ.”—യെശയ്യാവു 26:2.
1. “നീതിയുള്ള ജനത”യെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രസ്താവന അമ്പരപ്പുളവാക്കിയേക്കാവുന്നത് എന്തുകൊണ്ട്?
ഇന്ന്, എല്ലാത്തരം ജനതകളുമുണ്ട്. ചിലതിൽ ജനാധിപത്യ ഭരണങ്ങളാണെങ്കിൽ മററു ചിലതിൽ ഏകാധിപത്യ ഭരണങ്ങൾ. ഒരു കൂട്ടർ സമ്പന്നരാണെങ്കിൽ മറെറാരു കൂട്ടർ ദരിദ്രർ. എന്നാൽ അവയ്ക്കെല്ലാം പൊതുവായി ഒരു പ്രത്യേകതയുണ്ട്: സാത്താൻ ദൈവമായിരിക്കുന്ന ലോകത്തിന്റെ ഭാഗമാണ് അവയെല്ലാം. (2 കൊരിന്ത്യർ 4:4) ഇതിന്റെ വീക്ഷണത്തിൽ, “വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി [‘ജനത,’ NW] പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിൻ” എന്ന യെശയ്യാവിന്റെ വാക്കുകൾ ചിലരെ സംബന്ധിച്ച് അമ്പരപ്പുളവാക്കുന്നതാവാം. (യെശയ്യാവു 26:2) ഒരു നീതിയുള്ള ജനതയോ? അതേ, നീതിയുള്ള ഒരു ജനതയുണ്ട്. കാരണം നമ്മുടെ നാളിലെ അതിന്റെ അസ്തിത്വത്തിലേക്കു വിരൽചൂണ്ടുന്നതാണീ പ്രവചനം. ഈ അസാധാരണ ജനതയെ എങ്ങനെ തിരിച്ചറിയാനാവും?
2. “നീതിയുള്ള ജനത” ഏതാണ്? നമുക്ക് എങ്ങനെ അറിയാം?
2 “വിശ്വസ്ത നടത്ത കാക്കുന്ന” ജനത എന്നാണു യെശയ്യാവ് 26:2-ന്റെ പുതിയ ലോകഭാഷാന്തര വിവർത്തനം. ജയിംസ് രാജാവിന്റെ ഭാഷാന്തരം (മാർജിനിൽ) ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത് “സത്യം പാലിക്കുന്ന നീതിയുള്ള ജനത” എന്നാണ്. രണ്ടും ഉചിതമായ വിവരണങ്ങൾതന്നെ. വാസ്തവത്തിൽ, നീതിയുള്ള ജനതയെ തിരിച്ചറിയാൻ എളുപ്പമാണ്. കാരണം, അതു രാജാവായ ക്രിസ്തുവിനു കീഴ്പെട്ടിരിക്കുന്ന ഭൂമിയിലെ ഏക ജനതയാണ്, അതിനാൽത്തന്നെ അതു സാത്താന്റെ ലോകത്തിന്റെ ഭാഗമൊട്ടല്ലതാനും. (യോഹന്നാൻ 17:16) അതുകൊണ്ടുതന്നെ, ‘ജനതകളുടെ ഇടയിൽ തങ്ങളുടെ നടത്ത നല്ലതായി നിലനിർത്തുന്ന’തിനു പേരുകേട്ടവരാണ് അതിന്റെ അംഗങ്ങൾ. ദൈവത്തിനു മഹത്ത്വം കരേററുന്ന ഒരു ജീവിതശൈലിയാണ് അവർ പിൻപററുന്നത്. (1 പത്രോസ് 2:12, NW) അതിലുപരി, ലോകത്തിൽ എവിടെയായിരുന്നാലും, അവർ “സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭ”യുടെ ഭാഗമാണ്. (1 തിമൊഥെയൊസ് 3:15) സത്യത്തെ പിന്തുണക്കുന്ന അവർ ക്രൈസ്തവലോകം പഠിപ്പിക്കുന്ന പുറജാതി തത്ത്വശാസ്ത്രങ്ങളെ തള്ളിക്കളയുന്നു. “വചനം എന്ന മായമില്ലാത്ത പാൽ,” അതായത് ദൈവവചനമായ ബൈബിൾ സുസ്ഥാപിതമാകണം, അതിനാണവർ പോരാടുന്നത്. (1 പത്രൊസ് 2:2) കൂടാതെ, ‘ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെ ഇടയി’ലും അവർ രാജ്യസുവാർത്ത സതീക്ഷ്ണം പ്രസംഗിക്കുകയും ചെയ്യുന്നു. (കൊലൊസ്സ്യർ 1:23) അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയായ “ദൈവത്തിന്റെ യിസ്രായേലി”ൽ ശേഷിക്കുന്നവരാൽ നിർമിതമാണ് ഈ ജനത എന്ന കാര്യത്തിൽ എന്തെങ്കിലും സംശയം വേണോ? തീർച്ചയായും വേണ്ട!—ഗലാത്യർ 6:16.
ജനത ജനിക്കുന്നു
3. “നീതിയുള്ള ജനത” ജനിക്കുന്ന വിധം വിവരിക്കുക.
3 “നീതിയുള്ള ജനത”യുടെ ജനനം എപ്പോഴായിരുന്നു? അതിന്റെ തുടക്കത്തെക്കുറിച്ചു യെശയ്യാവിന്റെ പുസ്തകത്തിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. യെശയ്യാവു 66:7, 8-ൽ നാം ഇങ്ങനെ വായിക്കുന്നു: “നോവു കിട്ടും മുമ്പെ അവൾ [സീയോൻ] പ്രസവിച്ചു; വേദന വരും മുമ്പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. . . . സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളെ [‘ആൺമക്കളെ,’ NW] പ്രസവിച്ചിരിക്കുന്നു.” ദൈവത്തിന്റെ സ്വർഗീയ സ്ഥാപനമായ സീയോനു പ്രസവവേദന അനുഭവപ്പെടുന്നതിനുമുമ്പുതന്നെ “ഒരു ആൺകുഞ്ഞിനെ” പ്രസവിക്കണമായിരുന്നു എന്നത് തികച്ചും അസ്വാഭാവികംതന്നെ. 1914-ൽ മിശിഹൈകരാജ്യം സ്വർഗത്തിൽ ജനിച്ചു. (വെളിപ്പാടു 12:5) അതിനുശേഷം കൂടുതൽക്കൂടുതൽ ജനതകൾ ഒന്നാം ലോകമഹായുദ്ധത്തിലേക്ക് എടുത്തെറിയപ്പെട്ടു. അഭിഷിക്ത ക്രിസ്ത്യാനികൾ രൂക്ഷമായ അരിഷ്ടതയും പീഡനവും അനുഭവിച്ചു. അവസാനം, 1919-ൽ ആത്മീയ ജനത, ‘ആൺകുഞ്ഞ്,’ ഭൂമിയിൽ ഉളവാക്കപ്പെട്ടു. അങ്ങനെ സീയോൻ ‘ആൺമക്കളെ’—“നീതിയുള്ള” പുതിയ “ജനത”യുടെ അഭിഷിക്ത അംഗങ്ങളെ—‘പ്രസവിച്ചു.’ ഇവർ എന്നും വികസിച്ചുകൊണ്ടിരിക്കുന്ന സാക്ഷീകരണവേലയ്ക്കുവേണ്ടി സംഘടിതരാവുകയും ചെയ്തു.—മത്തായി 24:3, 7, 8, 14; 1 പത്രൊസ് 2:9.
4. ദൈവത്തിന്റെ നീതിയുള്ള ജനതയ്ക്കു നിർമലത പാലിക്കാൻ പോരാടേണ്ടതുണ്ടായിരുന്നത് എന്തുകൊണ്ട്?
4 തുടക്കംമുതലേ ഈ ജനതയ്ക്കു നിർമലതയുടെ കഠിന പരീക്ഷണങ്ങൾ നേരിട്ടു. എന്തുകൊണ്ട്? സ്വർഗീയരാജ്യം ജനിച്ചപ്പോൾ, സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗത്തിൽനിന്നു ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു. ഉച്ചത്തിൽ ഒരു ശബ്ദം ഇങ്ങനെ പ്രഖ്യാപിച്ചു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരൻമാരെ രാപ്പകൽ ദൈവസന്നിധിയിൽ കുററം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം [‘മരണം അഭിമുഖീകരിച്ചപ്പോൾപ്പോലും,’ NW] തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.” മാറിയ സ്ഥിതിഗതികളോടു മഹാക്രോധത്തോടെ പ്രതികരിച്ച സാത്താൻ “ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ [സ്ത്രീയുടെ] സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു.” സാത്താന്റെ ഘോരമായ ആക്രമണങ്ങൾ നേരിട്ടപ്പോൾ അഭിഷിക്ത ക്രിസ്ത്യാനികൾ ഉറച്ചുതന്നെനിന്നു. ഇന്നുവരെയും, ദൈവത്തിന്റെ നീതിയുള്ള ജനതയിലെ തീക്ഷ്ണതയുള്ള അംഗങ്ങൾ യേശുവിന്റെ വീണ്ടെടുപ്പുരക്തത്തിൽ വിശ്വാസം ആചരിക്കുകയും “മരണം അഭിമുഖീകരിക്കുമ്പോൾപ്പോലും” നിർമലത കാത്തുകൊണ്ട് മഹാ അപവാദിയുടെ കാര്യത്തിൽ യഹോവക്ക് ഉത്തരം കൊടുക്കുന്നതിൽ തുടരുകയും ചെയ്യുന്നു.—വെളിപ്പാടു 12:1, 5, 9-12, 17; സദൃശവാക്യങ്ങൾ 27:11.
5. ആധുനികനാളിലെ സാക്ഷികളുടെ ഏത് ഉത്തമ മനോഭാവമാണു നിർമലത കാത്തുകൊള്ളാൻ അവരെ സഹായിച്ചിരിക്കുന്നത്?
5 ആയിരത്തിത്തൊള്ളായിരത്തിപ്പത്തൊമ്പതിൽ ദൈവരാജ്യത്തിനുള്ള ആധുനികസാക്ഷ്യം കൊടുക്കാൻ തുടങ്ങിയപ്പോൾ, ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—എണ്ണത്തിൽ തീരെ കുറവായിരുന്നു, എന്നാൽ വിശ്വാസത്തിൽ ശക്തരുമായിരുന്നു. അവർ ‘രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെച്ചിരിക്കുന്ന ബലമുള്ള ഒരു പട്ടണ’ത്തിന്റെ അടിത്തറയംഗങ്ങൾ ആയിത്തീർന്നു. അവരുടെ ആശ്രയം “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ”യിലായിരുന്നു. (യെശയ്യാവു 26:1, 3, 4) പുരാതന നാളിലെ മോശയെപ്പോലെ, അവർ പ്രഘോഷിച്ചു: “ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ. അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.”—ആവർത്തനപുസ്തകം 32:3, 4.
6. ഈ അന്ത്യനാളുകളിൽ യഹോവ തന്റെ ജനത്തെ ഏതു വിധത്തിൽ അനുഗ്രഹിച്ചിരിക്കുന്നു?
6 അന്നുമുതൽ, ദൈവരാജ്യ ക്രമീകരണത്തിന്റെ വാതിലുകൾ എല്ലാവർക്കുംവേണ്ടി തുറന്നിട്ടിരിക്കുകയാണ്, ആദ്യം 1,44,000 അഭിഷിക്ത ക്രിസ്ത്യാനികളിൽ ശേഷിക്കുന്നവർ കൂട്ടിവരുത്തപ്പെട്ടു. യഹോവയുടെ രാജ്യ ഉദ്ദേശ്യങ്ങൾ പ്രഖ്യാപിക്കാൻ ഇപ്പോൾ “വേറെ ആടുകളു”ടെ ഒരു മഹാപുരുഷാരം വന്നുചേർന്നുകൊണ്ടിരിക്കുന്നു. (യോഹന്നാൻ 10:16) അങ്ങനെ, ആഹ്ലാദപൂർവം പ്രഖ്യാപിക്കാം: “നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.” (യെശയ്യാവു 26:15) ഇന്നു ലോകവയലിലേക്കു നാമൊന്നു കണ്ണോടിച്ചാൽ, ഈ വാക്കുകൾ എത്ര ശരിയാണെന്നു നമുക്കു മനസ്സിലാവും! പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, ക്രിസ്തുവിന്റെ വരുവാനുള്ള രാജ്യത്തെക്കുറിച്ചുള്ള സാക്ഷ്യം “ഭൂമിയുടെ അററത്തോളവും” ലഭിച്ചുകഴിഞ്ഞു. (പ്രവൃത്തികൾ 1:8) 12-15 പേജിൽ കാണുന്ന യഹോവയുടെ സാക്ഷികളുടെ 1994 സേവനവർഷത്തിലെ ലോകവ്യാപക റിപ്പോർട്ടിൽ നോക്കിയാൽ എത്ര വിസ്തൃതമായി ഇതു നടന്നിരിക്കുന്നു എന്നു മനസ്സിലാക്കാം.
പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം
7, 8. (എ) ദൈവജനത ‘തങ്ങളുടെ കൂടാരക്കയറുകളെ നീട്ടിയിരിക്കുന്നു’ എന്നതിന് എന്തു തെളിവുണ്ട്? (ബി) 1994 സേവനവർഷത്തിലെ റിപ്പോർട്ടിൽ നോക്കുമ്പോൾ, ശ്രദ്ധേയമാംവിധം ‘കൂടാരക്കയറുകളെ നീട്ടി’യിരിക്കുന്നത് ഏതു മേഖലകളിലാണ്?
7 ഈ റിപ്പോർട്ടിന്റെ ചില സവിശേഷവശങ്ങൾ പരിചിന്തിക്കുക. 49,14,094 എന്ന സംഖ്യയിൽ എത്തിക്കൊണ്ട് വയലിൽ രാജ്യപ്രസാധകരുടെ അത്യുച്ചമുണ്ടായി! ‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന് ഉള്ളതായി വെള്ളനിലയങ്കി ധരിച്ചു സിംഹാസനത്തിന്നും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്ന മഹാപുരുഷാരം’ നിരന്തരം വന്നുചേരുന്നതു കാണുന്നത് എത്ര പുളകപ്രദമാണ്! അതേ, ഇവരും നിർമലതാപാലകരാണെന്നു തെളിയിച്ചിരിക്കുന്നു. യേശുവിന്റെ മറുവിലായാഗത്തിൽ വിശ്വാസം ആചരിച്ച് നീതിനിഷ്ഠരെന്നു ഗണിക്കപ്പെട്ട് അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.”—വെളിപ്പാടു 7:9, 14.
8 വിശേഷിച്ചും 1919 മുതൽ ക്ഷണം യഹോവയുടെ സ്ഥാപനത്തിലേക്കു വന്നിരിക്കുകയാണ്: “നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവിർക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ [‘കൂടാരക്കയറുകളെ,’ NW] നീട്ടുക; നിന്റെ കുററികളെ ഉറപ്പിക്ക.” (യെശയ്യാവു 54:2) ഇതിനുള്ള പ്രതികരണമായി, പ്രസംഗവേല അനുസ്യൂതം മുന്നേറുകയാണ്. അലാസ്കയുടെ അതിർത്തിപ്രദേശമായ കൊടുംതണുപ്പുള്ള യുക്കോണിൽപ്പോലും സ്ഥിതി വ്യത്യസ്തമല്ല. ആഴ്ചകളോളം പൂജ്യം സെൽഷ്യസിനു താഴെ 45 ഡിഗ്രിമുതൽ 50 ഡിഗ്രിവരെ താണുപോകുന്ന ഊഷ്മാവിലും സഹിച്ചുനിൽക്കുന്ന കരുത്തരായ പയനിയർമാരുടെ ഒരു കൂട്ടം അവിടെയുമുണ്ട്. സമീപ വർഷങ്ങളിൽ യഹോവയുടെ നിർമലതാപാലകരായ ജനതയിലേക്ക് ആളുകൾ കൂടുതൽക്കൂടുതൽ ഇരച്ചുകയറുകയാണ്. ഏഷ്യൻ രാജ്യങ്ങളിൽ ക്രൈസ്തവലോകത്തിനു വെളിയിൽനിന്ന്, മുൻ കമ്മ്യുണിസ്ററ് ശക്തിദുർഗങ്ങളിൽനിന്ന്, അനേകം ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന്, കത്തോലിക്കാ സ്വാധീനമുള്ള രാജ്യങ്ങളായ ഇററലി, സ്പെയിൻ, പോർച്ചുഗൽ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽനിന്നെല്ലാം ഇവരെ സ്വീകരിക്കാൻ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. പരദേശവാസികളുടെ മറെറാരു മേഖലയും തുറന്നുകിട്ടിയിരിക്കുകയാണ്. ഉദാഹരണത്തിന്, ഇംഗ്ലണ്ട്. 13 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ത വംശജരുടെ ആവശ്യങ്ങൾ അവിടത്തെ സാക്ഷികൾ നിറവേററുന്നുണ്ട്.
“ഇതു ചെയ്തുകൊണ്ടിരിപ്പിൻ”
9. (എ) 1994-ലെ സ്മാരകഹാജർ എന്തു സൂചിപ്പിക്കുന്നു? (ബി) സ്മാരകഹാജർ അസാധാരണമാംവിധം കൂടുതലുള്ള ചില രാജ്യങ്ങൾ ഏതെല്ലാം?
9 വാർഷിക റിപ്പോർട്ടിന്റെ മറെറാരു സവിശേഷവശം സ്മാരകഹാജർ ആണ്. മരിക്കുന്നതിനു തൊട്ടുമുമ്പ്, തന്റെ മരണത്തെ കൊണ്ടാടുന്ന സ്മാരകം സ്ഥാപിച്ചുകൊണ്ട് അനുഗാമികളോടായി യേശു പറഞ്ഞു: “എന്റെ ഓർമ്മെക്കായി ഇതു ചെയ്വിൻ [‘ചെയ്തുകൊണ്ടിരിപ്പിൻ,’ NW].” (1 കൊരിന്ത്യർ 11:24) 1994-ൽ ആ കൽപ്പന അനുസരിക്കാൻ പങ്കെടുക്കുന്നവരായോ നിരീക്ഷകരായോ 1,22,88,917 പേർ ഒരുമിച്ചുകൂടിയത് പുളകംകൊള്ളിക്കുന്ന ഒരു കാഴ്ചയായിരുന്നു. ആ സംഖ്യ സജീവ പ്രസാധകരുടെ ഇരട്ടിയിലധികം വരുന്നു. ചില രാജ്യങ്ങളിൽ സ്മാരകസമ്മേളിതരും പ്രസാധകരും തമ്മിലുള്ള അനുപാതം അതിലും കൂടുതലായിരുന്നു. എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവിടങ്ങളിലെ 4,049 പ്രസാധകരുടെ ആഹ്ലാദമൊന്നു കാണുക. പ്രസാധകരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയിലധികമായിരുന്നു അവരുടെ സ്മാരകഹാജർ, 12,876 പേർ. ബെനിനിൽ സ്മാരകത്തിനു സന്നിഹിതരായിരുന്നത് 16,786 പേരായിരുന്നു, ഇതാകട്ടെ അവിടത്തെ പ്രസാധകരുടെ എണ്ണത്തിന്റെ ഏതാണ്ട് അഞ്ച് ഇരട്ടിയും. ഏകദേശം 45 പ്രസാധകരുള്ള ഒരു സഭയിലെ ഹാജർ 831 പേരായിരുന്നു!
10. (എ) കൂടിയ സ്മാരകഹാജർ നമുക്ക് എന്ത് ഉത്തരവാദിത്വം കൈവരുത്തുന്നു? (ബി) സ്മാരകത്തിൽ പങ്കെടുത്ത ഒരാൾക്കു കൂടുതൽ സഹായം ലഭിക്കുമ്പോൾ എന്തു സംഭവിച്ചേക്കാമെന്നു വിവരിക്കുക.
10 ആ മംഗളസന്ദർഭത്തിൽ അത്രയധികം താത്പര്യക്കാർ തങ്ങളോടൊപ്പം ചേർന്നതിൽ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്. തങ്ങളുടെ ഗ്രാഹ്യത്തിലും സത്യത്തോടുള്ള പ്രതിപത്തിയിലും മുന്നേറുന്നതിനു യഹോവയുടെ സാക്ഷികൾ ഇവരെ ഇപ്പോൾ സഹായിക്കാൻ ആഗ്രഹിക്കുന്നു. റഷ്യയിലെ ആല പ്രതികരിച്ചതുപോലെയാകാം ചിലരുടെ പ്രതികരണം. ഒരു പ്രത്യേക പയനിയർ സഹോദരിയോടൊപ്പം പഠിക്കുകയായിരുന്നു ആല. പക്ഷേ പുരോഗതിയൊന്നും വരുത്തിയിരുന്നില്ല. അവസാനം അധ്യയനം നിർത്തി. എങ്കിലും, ആല സ്മാരകത്തിനു ഹാജരാകാനുള്ള ക്ഷണം സ്വീകരിച്ചു. വളരെയധികം പ്രാധാന്യമുള്ള ആ യോഗം അവളിൽ ആഴത്തിലുള്ള മതിപ്പുളവാക്കി. വീട്ടിൽ തിരിച്ചെത്തിയ അവൾ സകല വിഗ്രഹങ്ങളും വലിച്ചെറിഞ്ഞ് സഹായത്തിനായി യഹോവയോടു പ്രാർഥിച്ചു. സ്മാരകത്തെക്കുറിച്ച് എന്തു പറയുന്നുവെന്ന് അറിയാൻ, ആ പയനിയർ സഹോദരി രണ്ടു ദിവസം കഴിഞ്ഞ് ആലയെ സന്ദർശിച്ചു. ക്രിയാത്മകമായ ചർച്ചയായിരുന്നു ഫലം. ആലയുമായി അധ്യയനം പുനരാരംഭിച്ചു. താമസിയാതെ സാക്ഷീകരണവേലയിൽ അവൾ പങ്കെടുക്കാൻ തുടങ്ങി. സ്മാരകത്തിൽ പങ്കെടുത്തവരെ വീണ്ടും ചെന്നു കാണുന്നതിന്റെ മൂല്യം പ്രകടമാക്കുന്നതാണ് ഈ അനുഭവം. ആലയെപ്പോലെ, അനേകർ പ്രതികരിക്കാനുള്ള സാധ്യതയുണ്ട്.
‘നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ’
11-13. (എ) നീതിയുള്ള ജനതയുടെ വിശ്വസ്ത നടത്തയുടെ ഒരു ഭാഗമെന്താണ്? (ബി) സത്യക്രിസ്ത്യാനികൾ യോഗങ്ങൾക്കു ഹാജരാകേണ്ടയാവശ്യമുള്ളത് എന്തുകൊണ്ട്?
11 യഹോവയുടെ സാക്ഷികളുടെ കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുള്ള ഏററവും പ്രധാനപ്പെട്ട യോഗമാണു സ്മാരകം. എങ്കിലും യാതൊരു കാരണവശാലും, ആ ഒരു യോഗം മാത്രമല്ല ഉള്ളത്. അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ അനുസരിച്ചുകൊണ്ടു യഹോവയുടെ സാക്ഷികൾ വാരംതോറും ഒരുമിച്ചുകൂടുന്നു: “ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) വിശ്വസ്ത നടത്തയാൽ തിരിച്ചറിയപ്പെടുന്ന, യഹോവയുടെ നീതിയുള്ള ജനതയുമായാണ് അവർ സഹവസിക്കുന്നത്. വിശ്വസ്ത നടത്തയിൽ യോഗങ്ങളിൽ വിശ്വസ്തതയോടെ പങ്കുപററുന്നതും ഉൾപ്പെടുന്നു.
12 ഫിലിപ്പീൻസിലുള്ളവർ ഇതു നന്നായി മനസ്സിലാക്കിയിരിക്കുന്നുവെന്നതു വ്യക്തം. ആ രാജ്യത്ത് എവിടെയും ഞായറാഴ്ച സഭായോഗങ്ങളിൽ ഹാജരാകുന്നവരുടെ ശരാശരി എണ്ണം പ്രസാധകരുടെ എണ്ണത്തിന്റെ 125 ശതമാനമാണ്. അതുപോലെയാണ് അർജൻറീനയിലുള്ള ഒരു കൂട്ടം സാക്ഷികളും താത്പര്യക്കാരും. അവരും ഇതു നന്നായി മനസ്സിലാക്കിയിരിക്കുന്നു. രാജ്യഹാളിൽനിന്ന് ഏതാണ്ട് 20 കിലോമീററർ അകലെയാണ് അവരുടെ താമസം. രോഗാവസ്ഥയിലായിരിക്കുന്ന സന്ദർഭം ഒഴിച്ചാൽ, അവരാരും യോഗങ്ങൾ മുടക്കാറില്ലെന്നാണു സർക്കിട്ട് മേൽവിചാരകന്റെ റിപ്പോർട്ട്. കുതിരവണ്ടിയിലോ കുതിരപ്പുറത്തോ കയറിയുള്ള നാലു മണിക്കൂർ യാത്ര, തണുപ്പുകാലത്താണെങ്കിൽ മടക്കയാത്ര രാത്രിയുടെ ഇരുട്ടിലും.
13 ഈ വ്യവസ്ഥിതിയുടെ അന്ത്യം അടുക്കുന്തോറും ജീവിതം ദുരിതപൂർണമാവുകയാണ്. പ്രശ്നങ്ങൾ കുന്നുകൂടുന്നു. അപ്പോൾ യോഗങ്ങളിൽ ക്രമമായി പങ്കെടുക്കുന്നതു ദുഷ്കരമായ ഒരു ഉദ്യമമാകാം. എന്നാൽ അത്തരം സാഹചര്യങ്ങളിൽ, നമുക്ക് എന്നത്തെക്കാളും കൂടുതൽ ആത്മീയ ഭക്ഷണത്തിന്റെയും അത്തരം യോഗങ്ങളിൽ മാത്രം കാണാനാവുന്ന ഊഷ്മളമായ കൂട്ടായ്മയുടെയും ആവശ്യമുണ്ട്.
“അടിയന്തിരമായി അതിലുണ്ടായിരിക്കുക”
14. തങ്ങളുടെ ശുശ്രൂഷയെക്കുറിച്ചു യഹോവയുടെ സാക്ഷികൾക്ക് ഒരു അടിയന്തിരതാബോധമുള്ളത് എന്തുകൊണ്ട്, ഏതു ഫലങ്ങൾ ഇതു വെളിപ്പെടുത്തുന്നു?
14 കഴിഞ്ഞ വർഷം, ഇററലിയിൽ കത്തോലിക്കാ സഭ യഹോവയുടെ സാക്ഷികളുടെ വേലയെ “കിരാത മതപരിവർത്തനം” എന്നു പരാമർശിക്കുകയുണ്ടായി. എന്നാൽ, യഹോവയുടെ സാക്ഷികളുടെ ശുശ്രൂഷയിൽ വാസ്തവത്തിൽ കിരാതമായി യാതൊന്നുമില്ല. നേരേമറിച്ച്, അയൽക്കാരോടുള്ള ആഴമായ സ്നേഹത്തിന്റെ ഒരു പ്രതിഫലനമാണ് അവരുടെ ശുശ്രൂഷ. കൂടാതെ, പൗലോസിന്റെ ഈ വാക്കുകളോടുള്ള അനുസരണത്തിന്റെ തെളിവുമാണത്: “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക [‘അടിയന്തിരമായി അതിലുണ്ടായിരിക്കുക,’ NW].” (2 തിമൊഥെയൊസ് 4:2) അടിയന്തിരതാബോധം യഹോവയുടെ സാക്ഷികളെ ശുശ്രൂഷയിൽ തീക്ഷ്ണതയുള്ളവരായിരിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് 1994-ൽ അവർ അയൽക്കാരോട് മൊത്തം 109,60,65,354 മണിക്കൂർ പ്രസംഗിച്ചതിൽനിന്നും നടത്തിയ മടക്കസന്ദർശനങ്ങളിൽനിന്നും വാരംതോറും നടത്തിയ 47,01,357 ബൈബിളധ്യയനങ്ങളിൽനിന്നും കാണാവുന്നതാണ്. അനേകർക്കും പയനിയർ സേവനത്തിൽ പങ്കുകൊള്ളാൻ കഴിഞ്ഞു. പയനിയർ ആത്മാവ് തഴച്ചുവളരുകയാണെന്നാണ് ഇതു പ്രകടമാക്കുന്നത്. ലോകവ്യാപകമായുള്ള ശരാശരി 6,36,202 പയനിയർമാർ ഇതിനുള്ള തെളിവാണ്.
15, 16. (എ) ചെറുപ്പക്കാരും പ്രായമുള്ളവരും പയനിയർ ആത്മാവ് പ്രകടിപ്പിച്ചിരിക്കുന്നതെങ്ങനെ? (ബി) ഓരോ രാജ്യത്തിന്റെയും 1994 സേവന വർഷ റിപ്പോർട്ടിൽ നോക്കുമ്പോൾ, പയനിയർമാരുടെ എണ്ണം മികച്ചതായി കാണുന്നതെവിടെ?
15 ആ പയനിയർമാരിൽ അനേകരും ചെറുപ്പക്കാരാണ്. ഐക്യനാടുകളിൽ ഇപ്പോൾ നിരന്തരപയനിയർമാരായി സേവിക്കുന്ന ചിലർ ഹൈസ്കൂൾ വിദ്യാർഥികളാണ്. അവരുടെ മുഖ്യപ്രദേശമാകട്ടെ, സഹപാഠികളും. ആ രാജ്യത്തെ സ്കൂളുകളിലെങ്ങും കാണുന്ന മയക്കുമരുന്നുകളുടെ ഉപയോഗം, അധാർമികത, അക്രമം എന്നിവയിൽനിന്നെല്ലാം തങ്ങളെ സംരക്ഷിക്കാനുള്ള ഏററവും നല്ല മാർഗമാണു പയനിയറിങ് എന്ന് ഈ യുവജനങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. സ്കൂൾ പഠനം തീരുന്നതോടെ പയനിയറിങ് തുടങ്ങണമെന്ന ലക്ഷ്യമുള്ള അനേകം യുവജനങ്ങളുണ്ട്. ബിരുദാനന്തരം പയനിയറിങ് തുടങ്ങാനുള്ള ഒരുക്കത്തിൽ സ്കൂൾ കാലഘട്ടത്തിൽത്തന്നെ സഹായ പയനിയറിങ് തുടങ്ങിയവളാണു യൂക്രെയിനിലെ ഐറിന. സ്കൂൾ പഠനം പൂർത്തിയായപ്പോൾ, സാമ്പത്തിക കാര്യങ്ങളിൽ സഹകരിക്കാമെന്ന് അവളുടെ വീട്ടുകാർ സമ്മതിച്ചു. അങ്ങനെ നിരന്തരപയനിയർവേലയിൽ അവളുടെ കുടുംബത്തിനും ഒരു പ്രതിനിധിയായി. സാമ്പത്തികമായി, യൂക്രെയിനിൽ സംഗതികൾ അത്ര സുഖകരമൊന്നുമല്ല. എന്നിട്ടും ഐറിന പറയുന്നു: “എന്റെ മാത്രമല്ല, ഞാൻ പ്രസംഗിക്കുന്നവരുടെയും ജീവനെ അർഥമാക്കുന്ന ഒരു വേലയാണു ചെയ്യുന്നതെന്ന് എനിക്ക് അറിയാം.” ഇന്ന് അനേകം യുവജനങ്ങൾ ഐറിനയെപ്പോലെ ചിന്തിക്കുന്നതു കാണുന്നതു വാസ്തവത്തിൽ ആഹ്ലാദത്തിനുള്ള വകയാണ്. ‘യൌവനകാലത്തു തങ്ങളുടെ സ്രഷ്ടാവിനെ ഓർത്തുകൊള്ളാൻ’ അവർക്ക് ഇതിലും മെച്ചമായ വേറെ ഏതു മാർഗമാണുള്ളത്?—സഭാപ്രസംഗി 12:1.
16 പയനിയർമാരിൽ ഒരു നല്ല പങ്കും പ്രായാധിക്യമുള്ളവരാണ്. ഒരു വൃദ്ധ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത തന്റെ പിതാവും സഹോദരനും കൊല്ലപ്പെട്ടു, ഒരു യഹൂദസങ്കേതസ്ഥലത്തുവെച്ച് തന്റെ അമ്മയ്ക്കും സഹോദരിക്കും വെടികൊണ്ടു. പിന്നീട് അവരുടെ പുത്രനും മരിച്ചു. എന്നാൽ ഇപ്പോൾ, വാർധക്യത്തിന്റെ അന്ത്യഘട്ടത്തിൽ, ആരോഗ്യക്കുറവിനാൽ കഷ്ടപ്പെടുന്ന ഈ സമയത്ത്, അവർക്കു നഷ്ടപ്പെട്ടുപോയതിനെക്കാൾ വളരെ വലിയൊരു കുടുംബത്തെയാണു ക്രിസ്തീയ സഭയിൽ ലഭിച്ചിരിക്കുന്നത്. ഒരു നിരന്തരപയനിയറായി മററുള്ളവരെ സഹായിക്കുന്നതിൽ അവർ സന്തുഷ്ടി കണ്ടെത്തുകയാണ്.
17, 18. പയനിയർ ആണെങ്കിലും അല്ലെങ്കിലും നമുക്ക് ഓരോരുത്തർക്കും പയനിയർ ആത്മാവു പ്രകടിപ്പിക്കാൻ കഴിയുന്നതെങ്ങനെ?
17 തീർച്ചയായും സകലർക്കും പയനിയറാകാൻ കഴിയില്ല. നമ്മുടെ ദശാംശം മുഴുവൻ, നമുക്ക് അർപ്പിക്കാൻ കഴിയുന്നതിന്റെ ഏററവും മികച്ചത്, അതു നമ്മുടെ പ്രത്യേക സാഹചര്യത്തിൽ സാധിക്കുന്നത് എന്തുമായിക്കൊള്ളട്ടെ, സ്വീകരിക്കുന്നതിൽ യഹോവക്കു പ്രസാദം തോന്നുന്നു. (മലാഖി 3:10) തീർച്ചയായും, നമുക്ക് എല്ലാവർക്കും തീക്ഷ്ണതയുള്ള ഈ പയനിയർമാരുടെ ആത്മാവ് നട്ടുവളർത്താനും സുവാർത്താ പ്രസംഗത്തിന്റെ ഉന്നമനത്തിനു നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നതെന്തും ചെയ്യാനും കഴിയും.
18 ഉദാഹരണത്തിന്, ഓസ്ട്രേലിയയിൽ ഏപ്രിൽ 16 തെരുവു സാക്ഷീകരണത്തിനുള്ള പ്രത്യേകദിനമായി നിശ്ചയിച്ചിരുന്നു. പ്രസാധകരും പയനിയർമാരും അതിനെ ഒരുപോലെ പിന്തുണച്ചു. ആ മാസത്തെ പ്രസാധക അത്യുച്ചത്തിൽനിന്ന് ഈ വസ്തുത വ്യക്തമാണ്, 58,780 പേർ. അതിലുപരി, തലേ വർഷം അതേ മാസത്തെക്കാൾ 90,000 മാസികകൾ അധികം വിതരണം ചെയ്യുകയുണ്ടായി. പ്രത്യേകദിന സാക്ഷീകരണത്തിനിടയിൽ ഒരു സഹോദരി ഒരു മനുഷ്യനു മാസിക സമർപ്പിച്ചിട്ട്, ആ താത്പര്യക്കാരനെ വീണ്ടും ചെന്നുകാണുന്നതിന് അയാളുടെ പേരും അഡ്രസ്സും എഴുതിയെടുക്കവേ അവൾക്കു മനസ്സിലായി, തങ്ങൾ ബന്ധുക്കളാണ് (cousins) എന്ന്! തമ്മിൽ കണ്ടിട്ട് 30 വർഷങ്ങളായി. അങ്ങനെ അതു വളരെ സന്തുഷ്ടമായ ചില മടക്കസന്ദർശനങ്ങൾക്കു വഴിയൊരുക്കി!
അന്ത്യത്തോളം നിർമലത പാലിക്കുക
19. യഹോവയുടെ നീതിയുള്ള ജനത അവസാനത്തോളം നിർമലത പാലിക്കണമെന്നത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
19 ഇപ്പോൾ സാത്താന്റെ ലോകം അത്യാസന്നനിലയിലെത്തി പ്രാണവേദന അനുഭവിക്കുമ്പോൾ ദൈവത്തിന്റെ നീതിയുള്ള ജനതയിൽപ്പെട്ട സകലരും നിർമലത കാത്തുകൊള്ളേണ്ടത് അടിയന്തിരമാണ്. ഉടനെതന്നെ, യഹോവയുടെ ജനത ഈ ആഹ്വാനം കേൾക്കുന്നതായിരിക്കും: “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.” രക്തപാതകമുള്ള ഈ ലോകം ന്യായവിധി നേരിടുമെന്നത് ഒഴിവാക്കാനാവാത്തതാണ്. “യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദർശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതൻമാരെ ഇനി മൂടിവെക്കയുമില്ല.” (യെശയ്യാവു 26:20, 21) യഹോവയുടെ നീതിയുള്ള ജനതയോടൊപ്പം സഹവസിക്കുന്ന നിർമലത പാലിക്കുന്ന ക്രിസ്ത്യാനി എന്നനിലയിൽ നാം ഓരോരുത്തരും ഉറച്ചുനിൽക്കുമാറാകട്ടെ. അപ്പോൾ ക്രിസ്തുവിന്റെ ഭൗതികമോ സ്വർഗീയമോ ആയ രാജ്യത്തിൽ നിത്യജീവൻ നേടുന്നതിൽ നാം ആഹ്ലാദിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ “നീതിയുള്ള ജനത” ജനിക്കുന്നത് എപ്പോൾ?
◻ അവസാന നാളുകളിൽ ദൈവജനതയ്ക്കു സഹിഷ്ണുത ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
◻ 1994 സേവനവർഷ റിപ്പോർട്ടിൽ കാണുന്ന പ്രസാധകരുടെ വർധിച്ച എണ്ണവും ശുശ്രൂഷയിൽ ചെലവഴിച്ച മണിക്കൂറുകളുടെ വർധനവും എന്തു സൂചിപ്പിക്കുന്നു?
◻ ഈ ലോകം അതിന്റെ അന്ത്യത്തിലേക്കു കൂടുതൽക്കൂടുതൽ അടുക്കുന്തോറും യോഗങ്ങളിൽ പങ്കുപററുന്നതു വളരെ പ്രാധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
◻ ദൈവത്തിന്റെ നീതിയുള്ള ജനതയുമായി സഹവസിക്കുന്ന സകലരും നിർമലത പാലിക്കേണ്ടത് എന്തുകൊണ്ട്?
[12-15 പേജിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപകമായുള്ള 1994-ലെ വാർഷിക സേവന റിപ്പോർട്ട്
(ബയൻഡിട്ട വാല്യം കാണുക)
[18-ാം പേജിലെ ചിത്രം]
യഹോവയുടെ നീതിയുള്ള ജനതയിലെ നിർമലതാപാലകർ പൂർണതയുള്ള നിത്യജീവൻ നേടും