നിങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യം ജ്ഞാനപൂർവം ഉപയോഗിക്കുക
“സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസൻമാരായും നടപ്പിൻ.”—1 പത്രോസ് 2:16.
1. ആദാം എതു സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി, യഹോവ മനുഷ്യവർഗ്ഗത്തെ ഏതു സ്വാതന്ത്ര്യത്തിൽ പുനഃസ്ഥാപിക്കും?
നമ്മുടെ ആദ്യ മാതാപിതാക്കൾ ഏദെൻതോട്ടത്തിൽവെച്ച് പാപംചെയ്തപ്പോൾ അവർ തങ്ങളുടെ മക്കൾക്ക് മഹത്തായ ഒരു പൈതൃകം—പാപത്തിൽനിന്നും ദ്രവത്വത്തിൽനിന്നുമുള്ള സ്വാതന്ത്ര്യം—നഷ്ടപ്പെടുത്തി. തത്ഫലമായി, നമ്മളെല്ലാം ദ്രവത്വത്തിനും മരണത്തിനും അടിമകളായി ജനിച്ചു. എന്നിരുന്നാലും, വിശ്വസ്തരായ മനുഷ്യരെ ഒരു അത്ഭുതകരമായ സ്വാതന്ത്ര്യത്തിൽ പുനഃസ്ഥാപിക്കാൻ യഹോവ ഉദ്ദേശിക്കുന്നുവെന്നത് സന്തോഷകരംതന്നെ. ഇന്ന്, നീതിഹൃദയികൾ “ദൈവപുത്രൻമാരുടെ വെളിപ്പെടലി”നായി ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്, ആ വെളിപ്പെടലിന്റെ ഫലമായിട്ടാണ് അവർ “ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്ന് സ്വാതന്ത്രരാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും” ചെയ്യുന്നത്.—റോമർ 8:19-21, NW.
‘പ്രസംഗിക്കാൻ അഭിഷേകം ചെയ്യപ്പെട്ടവർ’
2, 3. (എ) “ദൈവപുത്രൻമാർ” ആരാണ്? (ബി) അവർ ഏതു ഉത്തരവാദിത്തം കൈവരുത്തിക്കൊണ്ട് ഏതു അത്ഭുതകരമായ നില ആസ്വദിക്കുന്നു?
2 ഈ “ദൈവപുത്രൻമാർ” ആരാണ്? അവർ യേശുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയരാജ്യത്തിൽ ഭരണാധികാരികളാകാനിരിക്കുന്ന ആത്മാഭിഷിക്തരായ അവന്റെ സഹോദരൻമാരാണ്. ഇവരിൽ ആദ്യത്തവർ പൊ.യു. ഒന്നാം നൂററാണ്ടിൽ രംഗത്തുവന്നു. അവർ യേശു പഠിപ്പിച്ച വിമോചനമേകുന്ന സത്യം സ്വീകരിച്ചു, പത്രോസ് പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പ്രസ്താവിച്ച മഹത്തായ പദവികളിൽ പൊ.യു. 33ലെ പെന്തെക്കോസ്ത്മുതൽ അവർ പങ്കുപററി. “നിങ്ങളോ . . . തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും (പ്രത്യേക സ്വത്തായ ജനം, NW) ആകുന്നു.”—1 പത്രോസ് 2:9ബി; യോഹന്നാൻ 8:32.
3 ദൈവത്തിന്റെ പ്രത്യേകസ്വത്ത് ആയിരിക്കുക—എന്തൊരു അത്ഭുതകരമായ അനുഗ്രഹം! ദൈവത്തിന്റെ ഈ അഭിഷിക്തപുത്രൻമാരുടെ ആധുനികനാളിലെ ശേഷിപ്പ് ദൈവത്തിങ്കലെ അതേ അനുഗ്രഹീത നില ആസ്വദിക്കുന്നു. എന്നാൽ അത്തരമൊരു ശ്രേഷ്ഠപദവിയോടുകൂടെ ഉത്തരവാദിത്തങ്ങൾ കൈവരുന്നു. “അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം” എന്നു പറഞ്ഞപ്പോൾ അവയിലൊന്നിലേക്ക് പത്രോസ് ശ്രദ്ധ ക്ഷണിക്കുകയുണ്ടായി.—1 പത്രോസ് 2:9എ.
4. അഭിഷിക്തക്രിസ്ത്യാനികൾ തങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തോടുകൂടെ വരുന്ന ഉത്തരവാദിത്തം എങ്ങനെ നിറവേററിയിരിക്കുന്നു?
4 അഭിഷിക്തക്രിസ്ത്യാനികൾ ദൈവത്തിന്റെ സൽഗുണങ്ങളെ എല്ലായിടത്തും ഘോഷിക്കുകയെന്ന ഈ ഉത്തരവാദിത്തം നിറവേററിയിരിക്കുന്നുവോ? ഉവ്വ്. 1919മുതലുള്ള അഭിഷിക്തരെക്കുറിച്ച് പ്രാവചനികമായി സംസാരിച്ചുകൊണ്ട് യെശയ്യാവ് ഇങ്ങനെ പറഞ്ഞു: “എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവ് എന്റെമേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും തടവുകാർക്കു വിടുതലും ബദ്ധൻമാർക്ക് സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും . . . അവൻ എന്നെ അയച്ചിരിക്കുന്നു.” (യെശയ്യാവ് 61:1, 2, 3എ.) ഇന്ന്, അഭിഷിക്തശേഷിപ്പ് ഈ തിരുവെഴുത്ത് മുഖ്യമായി ബാധകമായ യേശുവിന്റെ ദൃഷ്ടാന്തം അനുസരിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ സുവാർത്ത മററുള്ളവരോട് തീക്ഷ്ണമായി ഘോഷിക്കുന്നു.—മത്തായി 4:23-25; ലൂക്കോസ് 4:14-21.
5, 6. (എ) അഭിഷിക്തക്രിസ്ത്യാനികളുടെ ഉത്സാഹപൂർവകമായ പ്രസംഗത്തിൽനിന്ന് ഏന്തു ഫലം ഉണ്ടായിരിക്കുന്നു? (ബി) മഹാപുരുഷാരത്തിൽപെട്ടവർ ഏതു പദവികളും ഉത്തരവാദിത്തങ്ങളും ആസ്വദിക്കുന്നു?
5 തങ്ങളുടെ ഉത്സാഹപൂർവമായ പ്രസംഗത്തിന്റെ ഫലമായി, വേറെ ആടുകളുടെ ഒരു മഹാപുരുഷാരം ഈ അവസാന നാളുകളിൽ ലോകരംഗത്തു പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവർ യഹോവയെ സേവിക്കുന്നതിൽ അഭിഷിക്തരോടു ചേരുന്നതിന് സകല ജനതകളിൽനിന്നും വന്നിരിക്കുന്നു, സത്യം ഇവരെയും സ്വതന്ത്രരാക്കിയിരിക്കുന്നു. (സെഖര്യാവ് 8:23; യോഹന്നാൻ 10:16) അബ്രാഹാമിനെപ്പോലെ അവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെടുന്നു, യഹോവയാം ദൈവവുമായുള്ള ഒരു അടുത്ത ബന്ധത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു. രാഹാബിനെപ്പോലെ നീതിമാൻമാരായുള്ള അവരുടെ പ്രഖ്യാപനം അവരെ അതിജീവനത്തിന് യോഗ്യരാക്കുന്നു—അവരുടെ കാര്യത്തിൽ അർമ്മഗെദ്ദോനിലെ അതിജീവനത്തിന്. (യാക്കോബ് 2:23-25; വെളിപ്പാട് 16:14, 16) എന്നാൽ അങ്ങനെയുള്ള ഉയർന്ന പദവികൾ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ച് മററുള്ളവരോടു പറയാനുള്ള ഉത്തരവാദിത്തവും കൈവരുത്തുന്നു. അതുകൊണ്ടാണ് “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ അത്യുച്ചത്തിൽ ആർത്തു”കൊണ്ട് യഹോവയെ പരസ്യമായി സ്തുതിക്കുന്നതായി യോഹന്നാൻ കണ്ടത്.—വെളിപ്പാട് 7:9, 10, 14.
6 ഇപ്പോൾ നാല്പതുലക്ഷത്തിലധികം വരുന്ന മഹാപുരുഷാരം കഴിഞ്ഞവർഷം അഭിഷിക്തക്രിസ്ത്യാനികളുടെ ശേഷിക്കുന്ന ചുരുങ്ങിയ സംഘത്തോടു ചേർന്ന് യഹോവയുടെ സൽഗുണങ്ങൾ വിസ്തുതമായി ഘോഷിച്ചുകൊണ്ട് നൂറുകോടിയോടടുത്ത് മണിക്കൂർ ചെലവഴിച്ചു. ഇത് അവരുടെ ആത്മീയ സ്വാതന്ത്ര്യത്തിന്റെ സാദ്ധ്യമാകുന്നതിലേക്കും നല്ല ഉപയോഗമാണ്.
“രാജാവിനോടു ബഹുമാനമുണ്ടായിരിക്കുക”
7, 8. ക്രിസ്തീയ സ്വാതന്ത്ര്യം ലൗകിക അധികാരത്തോടുള്ള ഏതു ഉത്തരവാദിത്തം കൈവരുത്തുന്നു, ഈ കാര്യത്തിൽ നാം ഏതു തെററായ മനോഭാവം ഒഴിവാക്കണം?
7 നമ്മുടെ ക്രിസ്തീയ സ്വാതന്ത്ര്യം മററു ഉത്തരവാദിത്തങ്ങൾ കൈവരുത്തുന്നു. “സകലതരക്കാരുമായ മനുഷ്യരെയും ബഹുമാനിക്കുക, സഹോദരൻമാരുടെ മുഴു സമൂഹത്തോടും സ്നേഹമുണ്ടായിരിക്കുക, ദൈവത്തോടുള്ള ഭയത്തിലിരിക്കുക, രാജാവിനോടു ബഹുമാനമുണ്ടായിരിക്കുക” എന്ന് എഴുതിയപ്പോൾ പത്രോസ് ചിലതിലേക്കു വിരൽചൂണ്ടി. (1 പത്രോസ് 2:17, NW) “രാജാവിനോടു ബഹുമാനമുണ്ടായിരിക്കുക” എന്ന പദപ്രയോഗത്താൽ അർത്ഥമാക്കപ്പെടുന്നത് എന്താണ്?
8 “രാജാവ്” ലൗകിക ഭരണാധികാരികളെ പ്രതിനിധാനംചെയ്യുന്നു. ഇന്ന്, അധികാരത്തോടുള്ള അനാദരവിന്റെ ഒരു ആത്മാവ് ലോകത്തിൽ വികാസംപ്രാപിച്ചിട്ടുണ്ട്, ഇതിന് അനായാസം ക്രിസ്ത്യാനികളെ ബാധിക്കാൻ കഴിയും. “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നതുകൊണ്ട് താൻ “രാജാവിനെ” ബഹുമാനിക്കുന്നതെന്തിന് എന്ന് ഒരു ക്രിസ്ത്യാനി സംശയിക്കുകപോലും ചെയ്തേക്കാം. (1 യോഹന്നാൻ 5:19) ഈ വാക്കുകളുടെ വീക്ഷണത്തിൽ, കണ്ടുപിടിക്കപ്പെടാതിരിക്കാൻ കഴിയുമെങ്കിൽ അസൗകര്യപ്രദമായ നിയമങ്ങൾ അനുസരിക്കാതിരിക്കാനും നികുതികൾ കൊടുക്കാതിരിക്കാനും അയാൾക്കു സ്വാതന്ത്ര്യം തോന്നിയേക്കാം. എന്നാൽ ഇത് “കൈസർക്കുള്ളതു കൈസർക്കു . . . കൊടുപ്പിൻ” എന്ന യേശുവിന്റെ വ്യക്തമായ കല്പനക്ക് എതിരായിരിക്കും. അത് ഫലത്തിൽ, ‘ഈ സ്വാതന്ത്ര്യത്തെ ദുഷ്ടതക്ക് ഒരു മറയായി ഉപയോഗിക്കുകയായിരിക്കും.’—മത്തായി 22:21; 1 പത്രോസ് 2:16.
9. ലൗകിക അധികാരത്തോട് അനുസരണമുണ്ടായിരിക്കുന്നതിനുള്ള രണ്ടു നല്ല കാരണങ്ങളേവ?
9 അധികാരത്തോട് ബഹുമാനമുണ്ടായിരിക്കാനും അതിനു കീഴ്പ്പെട്ടിരിക്കാനും ക്രിസ്ത്യാനികൾക്ക് കടപ്പാടുണ്ട്—അത് ആപേക്ഷികമായ ഒരു വിധത്തിലായിരുന്നാൽപോലും. (പ്രവൃത്തികൾ 5:29) എന്തുകൊണ്ട്? നാടുവാഴികൾ “ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിനുമായി [ദൈവത്താൽ] അയക്കപ്പെട്ടവർ” ആണെന്ന് പറയുമ്പോൾ 1 പത്രോസ് 2:14, 15-ൽ പത്രോസ് മൂന്നു കാരണങ്ങളിലേക്കു വിരൽചൂണ്ടുന്നു. ശിക്ഷാഭയം അധികാരത്തെ അനുസരിക്കുന്നതിനുള്ള മതിയായ കാരണമാണ്. കയ്യേററമോ മോഷണമോ മറേറതെങ്കിലും കുററകൃത്യമോ നിമിത്തം യഹോവയുടെ സാക്ഷികളിലൊരാൾ പിഴയിടപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുന്നത് എന്തൊരു അപമാനമായിരിക്കും! അങ്ങനെയുള്ള ഒരു കാര്യം പരസ്യപ്പെടുത്താൻ ചിലർക്ക് എത്ര സന്തോഷമായിരിക്കുമെന്ന് ചിന്തിക്കുക! മറിച്ച്, നാം ഭരണകൂടത്തോടുള്ള അനുസരണം സംബന്ധിച്ച് പ്രശസ്തി നേടുമ്പോൾ നല്ല മനസ്സുള്ള ഭരണാധികാരികളുടെ പ്രശംസ നമുക്കു കിട്ടുന്നു. സുവാർത്ത പ്രസംഗിക്കുന്ന നമ്മുടെ വേലയിൽ ഏർപ്പെടാൻ നമുക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകപ്പെട്ടേക്കാം. കൂടാതെ, ‘നൻമ ചെയ്തുകൊണ്ട് നാം ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കുന്നു.’ (1 പത്രോസ് 2:15) ഇത് അധികാരത്തെ അനുസരിക്കുന്നതിനുള്ള രണ്ടാമത്തെ കാരണമാണ്.—റോമർ 13:3.
10. ലൗകിക അധികാരത്തെ അനുസരിക്കുന്നതിനുള്ള ഏററം പ്രബലമായ കാരണമെന്താണ്?
10 എന്നാൽ കൂടുതൽ പ്രബലമായ ഒരു കാരണമുണ്ട്. അധികാരികൾ സ്ഥിതിചെയ്യുന്നത് യഹോവയുടെ അനുവാദത്താലാണ്. പത്രോസ് പറയുന്നപ്രകാരം രാഷ്ട്രീയ ഭരണാധികാരികൾ യഹോവയാൽ “അയക്കപ്പെട്ടവർ” ആണ്, ക്രിസ്ത്യാനികൾ അവർക്കു കീഴ്പ്പെട്ടിരിക്കണമെന്നുള്ളത് “ദൈവേഷ്ട”മാണ്. (1 പത്രോസ് 2:15) സമാനമായി, അപ്പോസ്തലനായ പൗലോസ് പറയുന്നു: “സ്ഥിതിചെയ്യുന്ന അധികാരങ്ങൾ ദൈവത്താൽ അവയുടെ ആപേക്ഷികസ്ഥാനങ്ങളിൽ ആക്കിവെക്കപ്പെട്ടു നിലകൊള്ളുന്നു.” അതുകൊണ്ട്, നമ്മുടെ ബൈബിൾപരിശീലിത മനഃസാക്ഷി അധികാരങ്ങളെ അനുസരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നാം നമ്മേത്തന്നെ അവർക്കു കീഴ്പ്പെടുത്താൻ വിസമ്മതിക്കുന്നുവെങ്കിൽ, നാം “ദൈവത്തിന്റെ ക്രമീകരണത്തിനെതിരായ ഒരു നില സ്വീകരി”ച്ചിരിക്കുന്നു. (റോമർ 13:1, 2, 5, NW) നമ്മിൽ ആർ ദൈവത്തിന്റെ ക്രമീകരണത്തിന് എതിരായ ഒരു നില സ്വീകരിക്കാൻ മനസ്സോടെ ആഗ്രഹിക്കും? അത് ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ എന്തൊരു ദുർവിനിയോഗമായിരിക്കും!
‘സഹോദരൻമാരോടു സ്നേഹമുണ്ടായിരിക്കുക’
11, 12. (എ) നമ്മുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തോടുകൂടെ സഹവിശ്വാസികളോടുള്ള ഏതു ഉത്തരവാദിത്തം കൈവരുന്നു? (ബി) വിശേഷാൽ ആർ നമ്മുടെ സ്നേഹപൂർവകമായ പരിഗണന അർഹിക്കുന്നു, എന്തുകൊണ്ട്?
11 ഒരു ക്രിസ്ത്യാനി “സഹോദരവർഗ്ഗത്തെ സ്നേഹി”ക്കണമെന്നും പത്രോസ് പറഞ്ഞു. (1 പത്രോസ് 2:17) ഇത് ക്രിസ്തീയ സ്വാതന്ത്ര്യത്തോടുകൂടെ വരുന്ന മറെറാരു ഉത്തരവാദിത്തമാണ്. നമ്മിൽ മിക്കവരും ഒരു സഭയിൽപെട്ടവരാണ്. തീർച്ചയായും, നമ്മളെല്ലാം സഹോദരൻമാരുടെ അന്താരാഷ്ട്രസമൂഹത്തിൽ അഥവാ സ്ഥാപനത്തിൽ പെട്ടവരാണ്. അവരോടു സ്നേഹം പ്രകടമാക്കുന്നത് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ജ്ഞാനപൂർവകമായ ഒരു ഉപയോഗമാണ്.—യോഹന്നാൻ 15:12, 13.
12 അപ്പോസ്തലനായ പൗലോസ് നമ്മുടെ സ്നേഹം വിശേഷാൽ അർഹിക്കുന്ന ഒരു കൂട്ടം ക്രിസ്ത്യാനികളെക്കുറിച്ചു വേർതിരിച്ചുപറഞ്ഞു. അവൻ ഇങ്ങനെയാണു പറഞ്ഞത്: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കുബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇത് അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.” (എബ്രായർ 13:17) സഭയെ നടത്തുന്നവർ മൂപ്പൻമാരാണ്. ഈ പുരുഷൻമാർ പൂർണ്ണരല്ലെന്നുള്ളത് സത്യംതന്നെ. എന്നിരുന്നാലും, അവർ ഭരണസംഘത്തിന്റെ മേൽനോട്ടത്തിലാണ് നിയമിക്കപ്പെടുന്നത്. അവർ മാതൃകവെച്ചുകൊണ്ടും പരിഗണനയോടെയും നായകത്വം വഹിക്കുന്നു, അവർ നമ്മുടെ ദേഹികളെ കാവൽചെയ്യാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. എന്തൊരു ഘനമായ നിയമനം! (എബ്രായർ 13:7) സന്തോഷകരമെന്നു പറയട്ടെ, മിക്ക സഭകൾക്കും നല്ല സഹകരണാത്മകമായ ആത്മാവുണ്ട്. അവയോടൊത്തു പ്രവർത്തിക്കുന്നത് മൂപ്പൻമാർക്ക് ഒരു സന്തോഷമാണ്. വ്യക്തികൾ സഹകരിക്കാനാഗ്രഹിക്കാത്തപ്പോൾ അത് കൂടുതൽ പ്രയാസകരമാണ്. മൂപ്പൻ അപ്പോഴും തന്റെ വേല ചെയ്യുന്നു. എന്നാൽ പൗലോസ് പറയുന്നതുപോലെ, അയാൾ “ഞരങ്ങി”ക്കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. തീർച്ചയായും, മൂപ്പൻമാർ ഞരങ്ങാനിടയാക്കുന്നതിന് നാമാഗ്രഹിക്കുന്നില്ല! അവർക്കു നമ്മെ പരിപുഷ്ടിപ്പെടുത്താൻ കഴിയേണ്ടതിന് അവരുടെ വേലയിൽ അവർ സന്തോഷം കണ്ടെത്താൻ നാം ആഗ്രഹിക്കുന്നു.
13. മൂപ്പൻമാരുമായി നമുക്ക് സഹകരിക്കാൻ കഴിയുന്ന ചില വിധങ്ങളേവ?
13 നമുക്ക് മൂപ്പൻമാരുമായി സഹകരിക്കാൻ കഴിയുന്ന ചില മാർഗ്ഗങ്ങളേവയാണ്? ഒന്ന് രാജ്യഹാളിന്റെ സൂക്ഷിപ്പും ശുചീകരണവും സംബന്ധിച്ചു സഹായിക്കുന്നതാണ്. മറെറാന്ന് രോഗികളെ സന്ദർശിക്കുകയും വികലരെ സഹായിക്കുകയും ചെയ്യുന്ന വേലയിൽ സഹകരിക്കുന്നതാണ്. കൂടാതെ, ഒരു ഭാരമായിത്തീരാതിരിക്കത്തക്കവണ്ണം ആത്മീയമായി ബലിഷ്ഠരായി നിലകൊള്ളുന്നതിന് നമുക്ക് കഠിനശ്രമംചെയ്യാൻ കഴിയും. സഹകരണത്തിന്റെ ഒരു പ്രധാന മണ്ഡലം നമ്മുടെ സ്വന്തം നടത്തയാലും നമ്മുടെ ശ്രദ്ധയിൽപെടുന്ന ഗൗരവമുള്ള പാപങ്ങൾ അറിയിക്കുന്നതിനാലും സഭയുടെ ധാർമ്മികവും ആത്മീയവുമായ ശുദ്ധി നിലനിർത്തുന്നതിലാണുള്ളത്.
14. മൂപ്പൻമാർ സ്വീകരിക്കുന്ന ശിക്ഷണനടപടിയോട് നാം എങ്ങനെ സഹകരിക്കണം?
14 ചിലപ്പോൾ, സഭയെ ശുദ്ധമായി നിലനിർത്താൻ മൂപ്പൻമാർ അനുതാപമില്ലാത്ത ഒരു ദുഷപ്രവൃത്തിക്കാരനെ കൂട്ടായ്മയിൽനിന്ന് പുറത്താക്കേണ്ടതുണ്ട്. (1 കൊരിന്ത്യർ 5:1-5) ഇത് സഭയെ സംരക്ഷിക്കുന്നു. അത് ദുഷ്പ്രവൃത്തിക്കാരനെയും സഹായിച്ചേക്കാം. മിക്കപ്പോഴും, അങ്ങനെയുള്ള ശിക്ഷണം ഒരു പാപിയെ സുബോധത്തിലേക്കു വരുത്താൻ സഹായിച്ചിട്ടുണ്ട്. എന്നിരുന്നാലും, പുറത്താക്കപ്പെട്ട ആൾ ഒരു ഉററ സ്നേഹിതനോ ബന്ധുവോ ആണെങ്കിലെന്ത്? വ്യക്തി നമ്മുടെ അപ്പനോ അമ്മയോ നമ്മുടെ പുത്രനോ പുത്രിയോ ആണെന്നിരിക്കട്ടെ. എങ്ങനെയായാലും, നാം മൂപ്പൻമാർ സ്വീകരിച്ച നടപടിയെ ആദരിക്കുന്നുവോ? അത് പ്രയാസമായിരിക്കാമെന്നതു സത്യംതന്നെ. എന്നാൽ മൂപ്പൻമാരുടെ തീരുമാനത്തെ ചോദ്യംചെയ്യുന്നതും സഭയിൽ ഒരു ദുഷിപ്പിക്കുന്ന സ്വാധീനമാണെന്നു തെളിഞ്ഞിരിക്കുന്ന ഒരാളുമായി ആത്മീയമായി സഹവസിക്കുന്നതിൽ തുടരുന്നതും നമ്മുടെ സ്വാതന്ത്ര്യത്തിന്റെ എന്തൊരു ദുരുപയോഗമായിരിക്കും! (2 യോഹന്നാൻ 10, 11) അങ്ങനെയുള്ള കാര്യങ്ങളിൽ സഹകരിക്കുന്ന രീതി നിമിത്തം യഹോവയുടെ ജനം മൊത്തത്തിൽ അനുമോദിക്കപ്പെടണം. തത്ഫലമായി, യഹോവയുടെ സ്ഥാപനം ഈ അശുദ്ധ ലോകത്തിൽ മലിനമാകാതെ നിലകൊള്ളുന്നു.—യാക്കോബ് 1:27.
15. ഒരു വ്യക്തി ഗൗരവമുള്ള പാപംചെയ്യുന്നുവെങ്കിൽ, അയാൾ സത്വരം എന്തു ചെയ്യണം?
15 നാം ഗൗരവമുള്ള ഒരു പാപം ചെയ്യുന്നുവെങ്കിലോ? പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ യഹോവ ആരെയാണ് അനുകൂലിക്കുന്നത് എന്ന് ദാവീദുരാജാവ് വർണ്ണിച്ചു: “യഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നിൽക്കും? വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിനു മനസ്സുവെക്കാതെയും കള്ളസത്യം ചെയ്യാതെയുമിരിക്കുന്നവൻ.” (സങ്കീർത്തനം 24:3, 4) ഏതെങ്കിലും കാരണവശാൽ നാം മേലാൽ ‘വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവുമുള്ളവർ’ അല്ലെങ്കിൽ നാം അടിയന്തിരതയോടെ പ്രവർത്തിക്കണം. നമ്മുടെ നിത്യജീവൻ അപകടത്തിലാണ്.
16, 17. ഗൗരവമുള്ള പാപങ്ങൾ സംബന്ധിച്ചു കുററക്കാരനായിരിക്കുന്ന ഒരാൾ തനിയെ കാര്യങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ശ്രമിക്കരുതാത്തതെന്തുകൊണ്ട്?
16 ഒരുപക്ഷേ, ‘ഞാൻ യഹോവയോട് ഏററുപറയുകയും അനുതപിക്കുകയുംചെയ്തു. അതുകൊണ്ട് മൂപ്പൻമാരെ ഉൾപ്പെടുത്തുന്നതെന്തിന്?’ എന്നു ന്യായവാദംചെയ്തുകൊണ്ട് ഗൗരവമുള്ള പാപങ്ങൾ മറച്ചുവെക്കാൻ ചിലർ പ്രലോഭിപ്പിക്കപ്പെട്ടിട്ടുണ്ട്. ദുഷ്പ്രവൃത്തിക്കാരന് ബുദ്ധിമുട്ടു തോന്നുന്നുണ്ടായിരിക്കാം, അല്ലെങ്കിൽ മൂപ്പൻമാർ ചെയ്തേക്കാവുന്നതിനെ അയാൾ ഭയപ്പെടുന്നുണ്ടായിരിക്കാം. നമ്മളെ പാപങ്ങളിൽനിന്ന് ശുദ്ധീകരിക്കാൻ യഹോവക്കു മാത്രമേ കഴികയുള്ളുവെങ്കിലും, അവൻ സഭയുടെ ശുദ്ധിക്ക് മുഖ്യമായി ഉത്തരവാദികളാക്കിയിരിക്കുന്നത് മൂപ്പൻമാരെയാണ്. (സങ്കീർത്തനം 51:2) അവർ സൗഖ്യം നൽകാനാണ്, “വിശുദ്ധൻമാരുടെ യഥാസ്ഥാപനത്തിനു”വേണ്ടിയാണ് അവിടെ നിലകൊള്ളുന്നത്. (എഫേസ്യർ 4:12) നമുക്ക് ആത്മീയസഹായം ആവശ്യമുള്ളപ്പോൾ അവരുടെ അടുക്കലേക്കു പോകാതിരിക്കുന്നത് നാം രോഗികളായിരിക്കുമ്പോൾ ഒരു ഡോക്ടറുടെ അടുക്കൽ പോകാതിരിക്കുന്നതുപോലൊണ്.
17 തനിയെ കാര്യങ്ങൾ കൈകാര്യംചെയ്യാൻ ശ്രമിക്കുന്ന ചിലർ മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷം തങ്ങളുടെ മനഃസാക്ഷി അപ്പോഴും കഠിനമായി അലട്ടുകയാണെന്ന് കണ്ടെത്തുന്നു. അതിലും മോശമായി, ഒരു ഗൗരവമുള്ള തെററ് മറയ്ക്കുന്ന മററു ചിലർ രണ്ടാം പ്രാവശ്യം മാത്രമല്ല, മൂന്നാം പ്രാവശ്യം പോലും പാപത്തിലേക്കു വീണുപോകുന്നു. ഒടുവിൽ സംഗതി മൂപ്പൻമാരുടെ ശ്രദ്ധയിൽ പെടുമ്പോൾ അത് ആവർത്തിച്ചുള്ള ദുഷ്പ്രവൃത്തിയുടെ ഒരു കേസാണ്. യാക്കോബിന്റെ ബുദ്ധിയുപദേശം അനുസരിക്കുന്നത് എത്രയോ മെച്ചമാണ്! അവൻ എഴുതി: “നിങ്ങളുടെ ഇടയിൽ ആരെങ്കിലും രോഗിയാണോ? അയാൾ സഭയിലെ പ്രായമേറിയ പുരുഷൻമാരെ തന്റെ അടുക്കലേക്കു വിളിക്കട്ടെ, അവർ യഹോവയുടെ നാമത്തിൽ അയാളെ എണ്ണ പൂശി അയാളെക്കുറിച്ചു പ്രാർത്ഥിക്കട്ടെ.” (യാക്കോബ് 5:14, NW) സൗഖ്യമാക്കലിനുള്ള സമയംതന്നെയായിരിക്കുമ്പോൾ മൂപ്പൻമാരുടെ അടുക്കൽ പോകുക. നാം വളരെയധികം താമസിക്കുകയാണെങ്കിൽ, നാം ഒരു പാപഗതിയിൽ കഠിനപ്പെട്ടേക്കാം.—സഭാപ്രസംഗി 3:3; യെശയ്യാവ് 32:1, 2.
ചമയവും വിനോദവും
18, 19. ഒരു പുരോഹിതൻ യഹോവയുടെ സാക്ഷികളെസംബന്ധിച്ച് അനുകൂലാഭിപ്രായം പറഞ്ഞതെന്തുകൊണ്ട്?
18 അഞ്ചു വർഷം മുമ്പ്, ഒരു ഇടവകമാസികയിൽ ഒരു കത്തോലിക്കാ പുരോഹിതൻ യഹോവയുടെ സാക്ഷികളെസംബന്ധിച്ച് വികാരവായ്പോടെ സംസാരിച്ചു.a അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എനിക്ക് വ്യക്തിപരമായി യഹോവയുടെ സാക്ഷികളെ ഇഷ്ടമാണ്; ഞാൻ അതു തുറന്നു സമ്മതിക്കുന്നു. . . . എനിക്കറിയാവുന്നവർ കറയററ ശീലമുള്ളവരും മൃദുഭാഷികളുമാണ് . . . അത്യന്തം പ്രേരണാശക്തിയുള്ളവരും. സത്യത്തിന് സ്വീകാര്യമായ ഒരു അവതരണം ആവശ്യമാണെന്ന് നാം എപ്പോൾ മനസ്സിലാക്കും? സത്യം പ്രഖ്യാപിക്കുന്നവർ അർദ്ധഹൃദയർ, നാററമുള്ളവർ, ക്രമംകെട്ടവർ, അശ്രദ്ധർ ആയിരിക്കേണ്ടതില്ലെന്ന്?”
19 ഈ വാക്കുകളനുസരിച്ച്, ഈ പുരോഹിതന്, മററുള്ളവയുടെ കൂട്ടത്തിൽ, സാക്ഷികളുടെ വസ്ത്രധാരണരീതിയിലും ചമയത്തിലും മതിപ്പുതോന്നി. പ്രസ്പഷ്ടമായി, അദ്ദേഹം കണ്ടുമുട്ടിയവർ മുൻവർഷങ്ങളിൽ “വിശ്വസ്തനും വിവേകിയുമായ അടിമ” കൊടുത്തിരുന്ന ബുദ്ധിയുപദേശം കേട്ടനുസരിച്ചിരുന്നു. (മത്തായി 24:45) സ്ത്രീകളുടെ വേഷം ‘നന്നായി ക്രമീകരിക്കപ്പെട്ടതും വിനീതവും’ ആയിരിക്കണമെന്ന് ബൈബിൾ പറയുന്നു. (1 തിമൊഥെയോസ് 2:9) ഈ അധഃപതിച്ച കാലത്ത്, ആ ബുദ്ധിയുപദേശം പുരുഷൻമാർക്കും ആവശ്യമാണ്. ദൈവരാജ്യത്തിന്റെ പ്രതിനിധികൾ മററുള്ളവരുടെ മുമ്പാകെ യോഗ്യമായി പ്രത്യക്ഷപ്പെടണമെന്നുള്ളത് യുക്തിസഹമല്ലേ?
20. ഒരു ക്രിസ്ത്യാനി എല്ലാ സമയങ്ങളിലും തന്റെ വേഷത്തെക്കുറിച്ച് ബോധവാനായിരിക്കേണ്ടതെന്തുകൊണ്ട്?
20 യോഗങ്ങളിലും വയൽസേവനത്തിലും തങ്ങളുടെ വസ്ത്രധാരണത്തിൽ ശ്രദ്ധാലുക്കളായിരിക്കണമെന്ന് ചിലർ സമ്മതിച്ചേക്കാം. എന്നാൽ മററു സമയങ്ങളിൽ ബൈബിൾതത്വങ്ങൾ ബാധകമാകുന്നില്ലെന്ന് അവർ വിചാരിച്ചേക്കാം. എന്നിരുന്നാലും, നാം എന്നെങ്കിലും ദൈവരാജ്യത്തിന്റെ പ്രതിനിധികളല്ലാതായിത്തീരുന്നുണ്ടോ? സാഹചര്യങ്ങൾക്ക് വ്യത്യാസമുണ്ടെന്നുള്ളത് സത്യംതന്നെ. നാം ഒരു രാജ്യഹാൾപണിക്ക് സഹായിക്കുകയാണെങ്കിൽ നാം അതേ രാജ്യഹാളിൽ ഒരു യോഗത്തിന് ഹാജരാകുമ്പോഴത്തേതിൽനിന്ന് വ്യത്യസ്തമായി വസ്ത്രം ധരിക്കും. നാം വിശ്രമിക്കുമ്പോൾ നാം കൂടുതൽ അയഞ്ഞ മട്ടിൽ വസ്ത്രം ധരിക്കാനിടയുണ്ട്. നാം മററുള്ളവരാൽ കാണപ്പെടുമ്പോഴെല്ലാം നമ്മുടെ വസ്ത്രം എല്ലായ്പ്പോഴും നന്നായി ക്രമീകരിക്കപ്പെട്ടതും വിനീതവുമായിരിക്കണം.
21, 22. നാം ഹാനികരമായ വിനോദത്തിൽനിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെങ്ങനെ, അങ്ങനെയുള്ള കാര്യങ്ങൾസംബന്ധിച്ച ബുദ്ധിയുപദേശത്തെ നാം ഏതു വിധത്തിൽ വീക്ഷിക്കണം?
21 വളരെയധികം ശ്രദ്ധ ലഭിച്ചിട്ടുള്ള മറെറാരു മണ്ഡലം വിനോദമാണ്. മനുഷ്യർക്ക്—വിശേഷിച്ച് ചെറുപ്പക്കാർക്ക്—വിനോദം ആവശ്യമാണ്. കുടുംബത്തിനുവേണ്ടി വിനോദം പട്ടികപ്പെടുത്തുന്നത് ഒരു പാപമോ സമയംപാഴാക്കലോ അല്ല. യേശു പോലും “അല്പം വിശ്രമി”ക്കാൻ തന്റെ ശിഷ്യൻമാരെ ക്ഷണിച്ചു. (മർക്കോസ് 6:31) എന്നാൽ വിനോദം ആത്മീയ ദുഷിപ്പിലേക്കുള്ള വാതിൽ തുറന്നുകൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. വിനോദം ലൈംഗികദുർമ്മാർഗ്ഗത്തെയും കടുത്ത അക്രമത്തെയും ഭീകരതയെയും ആത്മവിദ്യയെയും പ്രദീപ്തമാക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. (2 തിമൊഥെയോസ് 3:3; വെളിപ്പാട് 22:15) വിശ്വസ്തനും വിവേകിയുമായ അടിമ അങ്ങനെയുള്ള അപകടങ്ങൾ സംബന്ധിച്ച് ജാഗ്രതപുലർത്തുന്നു, അവക്കെതിരെ നമുക്ക് നിരന്തരം മുന്നറിയിപ്പുനൽകുകയും ചെയ്യുന്നു. ഈ ഓർമ്മിപ്പിക്കലുകൾ നിങ്ങളുടെ സ്വാതന്ത്ര്യത്തിൻമേലുള്ള ഒരു കൈകടത്തലാണെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? അതോ അങ്ങനെയുള്ള അപകടങ്ങളെ നിരന്തരം നിങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ തക്കവണ്ണം യഹോവയുടെ സ്ഥാപനം നിങ്ങളെക്കുറിച്ചു വേണ്ടത്ര കരുതുന്നതിൽ നിങ്ങൾക്കു നന്ദിയുണ്ടോ?—സങ്കീർത്തനം 19:7; 119:95.
22 നിങ്ങളുടെ സ്വാതന്ത്ര്യം യഹോവയിൽനിന്നു വരുന്നുവെങ്കിലും, നാം അത് ഉപയോഗിക്കുന്ന വിധം സംബന്ധിച്ച് ഉത്തരവാദിത്തമുള്ളവരാണ്. നാം അങ്ങനെയുള്ള ബുദ്ധിയുപദേശം അവഗണിക്കുകയും തെററായ രീരുമാനങ്ങൾ ചെയ്യുകയുമാണെങ്കിൽ നമുക്ക് മററാരുടെമെലങ്കിലും പഴിചാരാൻ സാധ്യമല്ല. അപ്പോസ്തലനായ പൗലോസ് പറയുന്നു: “നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിവരും.—റോമർ 14:12; എബ്രായർ 4:13.
ദൈവമക്കളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കുക
23. (എ) സ്വാതന്ത്ര്യം സംബന്ധിച്ച ഏതനുഗ്രഹങ്ങൾ നാം ഇപ്പോൾ ആസ്വദിക്കുന്നു? (ബി) നാം ആകാംക്ഷാപൂർവം ഏതനുഗ്രഹങ്ങൾക്കായി നോക്കിപ്പാർത്തിരിക്കുന്നു?
23 നാം തീർച്ചയായും ഒരു അനുഗൃഹീത ജനമാണ്. നാം വ്യാജമതത്തിൽനിന്നും അന്ധവിശ്വാസത്തിൽനിന്നും സ്വതന്ത്രരാണ്. മറുവിലയാഗത്തിന്റെ സഹായത്താൽ നമുക്ക് പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് ഒരു ആത്മീയ വിധത്തിൽ സ്വതന്ത്രരായി, ശുദ്ധീകരിക്കപ്പെട്ട ഒരു മനഃസാക്ഷിയോടെ യഹോവയെ സമീപിക്കാൻ കഴിയും. താമസിയാതെ “ദൈവപുത്രൻമാരുടെ വെളിപ്പെടൽ” ഉണ്ടാകും. അർമ്മഗെദ്ദോനിൽ സ്വർഗ്ഗീയ മഹത്വത്തിലുള്ള യേശുവിന്റെ സഹോദരൻമാർ യഹോവയുടെ ശത്രുക്കളുടെ വിനാശകൻമാർ എന്ന നിലയിൽ മനുഷ്യർക്കു വെളിപ്പെടും. (റോമർ 8:19; 2 തെസ്സലോനീക്യർ 1:6-8: വെളിപ്പാട് 2:26, 27) ഇതിനുശേഷം, ഈ ദൈവപുത്രൻമാർ ദൈവസിംഹാസനത്തിൽനിന്ന് മനുഷ്യവർഗ്ഗത്തിലേക്കു പ്രവഹിക്കുന്ന അനുഗ്രഹങ്ങളുടെ സരണികളെന്ന നിലയിൽ വെളിപ്പെടും. (വെളിപ്പാട് 22:1-5) ഒടുവിൽ, ദൈവപുത്രൻമാരുടെ ഈ വെളിപ്പെടൽ ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യത്താൽ വിശ്വസ്ത മനുഷ്യവർഗ്ഗം അനുഗ്രഹിക്കപ്പെടുന്നതിൽ കലാശിക്കും. നിങ്ങൾ ആ സമയത്തിനുവേണ്ടി കാംക്ഷിക്കുന്നുവോ? എങ്കിൽ നിങ്ങളുടെ ക്രിസ്തീയ സ്വാതന്ത്ര്യത്തെ ജ്ഞാനപൂർവം ഉപയോഗിക്കുക. ഇപ്പോൾ ദൈവത്തിനുവേണ്ടി അടിമവേല ചെയ്യുക, അപ്പോൾ നിങ്ങൾ ആ അത്ഭുതകരമായ സ്വാതന്ത്ര്യം സകല നിത്യതയിലും ആസ്വദിക്കും!
[അടിക്കുറിപ്പ്]
a പ്രത്യക്ഷത്തിൽ സമ്മർദ്ദം നിമിത്തം പുരോഹിതൻ പിന്നീട് തന്റെ അഭിനന്ദനം പിൻവലിച്ചു.
പുനരവലോകന ചതുരം
◻ അഭിഷിക്തരും വേറെ ആടുകളും യഹോവയെ മഹത്വീകരിച്ചിരിക്കുന്നതെങ്ങനെ?
◻ ക്രിസ്ത്യാനികൾ ലൗകിക അധികാരത്തെ ബഹുമാനിക്കേണ്ടതെന്തുകൊണ്ട്?
◻ ഒരു ക്രിസ്ത്യാനിക്ക് ഏതു വിധങ്ങളിൽ മൂപ്പൻമാരോടു സഹകരിക്കാൻ കഴിയും?
◻ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ, യഹോവയുടെ സാക്ഷികൾ ലോകത്തിലെ അനേകരിൽനിന്ന് വ്യത്യസ്തരായി മുന്തിനിൽക്കുന്നതെന്തുകൊണ്ട്?
◻ വിനോദത്തിന്റെ സംഗതിയിൽ നാം എന്ത് ഒഴിവാക്കണം?
[17-ാം പേജിലെ ചിത്രം]
മൂപ്പൻമാർ നമ്മുടെ സ്നേഹവും സഹകരണവും വിശേഷാൽ അർഹിക്കുന്നു
[18-ാം പേജിലെ ചിത്രം]
ഒരു ക്രിസ്ത്യാനിയുടെ വേഷം നന്നായി ക്രമീകരിക്കപ്പെട്ടതും വിനീതവും അവസരത്തിന് യോജിച്ചതുമായിരിക്കണം