ലോകവ്യാപകസുരക്ഷിതത്വത്തിന്റെ മുന്നോടിയായി ഭൂമിയിൽ നടന്ന അതിമഹത്തായ ജനനം
“നമുക്ക് ഒരു കുട്ടി ജനിച്ചിരിക്കുന്നു, നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു; രാജകീയ ഭരണം അവന്റെ തോളിൽ വന്നുചേരും. അവന് വിശിഷ്ട ഉപദേഷ്ടാവ്, ശക്തനാം ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും.”—യെശയ്യാവ് 9:6.
1. ലോകവ്യാപക സുരക്ഷിതത്വം ആരുടെ കീഴിൽ സുനിശ്ചിതമാണ്, നാം ഇത് എങ്ങനെ അറിയുന്നു?
ലോക വ്യാപക സുരക്ഷിതത്വം! “ഈ ലോകത്തിന്റെ പ്രഭു” ആയ പിശാചായ സാത്താന്റെ കീഴിൽ അത് അസാദ്ധ്യമായ ഒരു സ്വപ്നമാണ്. (യോഹന്നാൻ 12:31, ന്യൂ ഇംഗ്ലീഷ് ബൈബിൾ) എന്നാൽ “സമാധാന പ്രഭു” ആയ യേശുക്രിസ്തുവിൻ കീഴിൽ ലോകവ്യാപകസുരക്ഷിതത്വം തികച്ചും സുനിശ്ചിതമാണ്. “സമാധാന പ്രഭു”വിന്റെ ജനനത്തെയും ജീവിതവൃത്തിയെയും കുറിച്ചുള്ള പ്രവചനത്തിൽ യഹോവ നമുക്ക് ഇതു സംബന്ധിച്ച് ഉറപ്പുനൽകുന്നു. യെശയ്യാവ് 9:6, 7-ൽ നാം ഇങ്ങനെ വായിക്കുന്നു: “നമുക്ക് ഒരു കുട്ടി ജനിച്ചിരിക്കുന്നു, നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു; രാജകീയ ഭരണം അവന്റെ തോളിൽ വന്നുചേരും. അവന് വിശിഷ്ട ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. രാജകീയ ഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല, ഇന്നു മുതലും അനിശ്ചിത കാലത്തോളവും ന്യായത്താലും നീതിയാലും ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അത് ഉറപ്പായി സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണതതന്നെ ഇതു ചെയ്യും.”
2. (എ) യെശയ്യാവ് 9:6, 7-ലെ പ്രവചനം നൽകപ്പെട്ടത് ഏതു സാഹചര്യങ്ങളിലായിരുന്നു? (ബി) ദാവീദിന്റെ വംശാവലിയിൽ ഒരു നിത്യരാജ്യത്തിനുവേണ്ടി യഹോവ അവനുമായി ചെയ്ത ഉടമ്പടിയോട് അവൻ കണിശമായും പററിനിൽക്കുമെന്ന് നാം എങ്ങനെ അറിയുന്നു?
2 എന്തോരത്ഭുതകരമായ പ്രവചനം! ഭൂമിയിലെ അതിമഹത്തായ ജനനത്തെക്കുറിച്ചു പരിശോധിക്കുന്നത് പുളകപ്രദമായിരിക്കും. എന്നാൽ നമുക്ക് പ്രവചനത്തെ പൂർണ്ണമായി വിലയിരുത്താൻ കഴിയുന്നതിനു മുമ്പ് അത് നൽകപ്പെട്ട സാഹചര്യങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ആഹാസ് രാജാവിന്റെ കീഴിലെ യഹൂദാരാജ്യത്തിന്റെ നാളുകളിൽ അന്തർദ്ദേശീയ ഗൂഢാലോചനകൾ നടന്ന ഒരു സമയമായിരുന്നു അത്. ആ രാജാവ് യഹോവയോട് അവിശ്വസ്തനായിരുന്നെങ്കിലും യഹോവയുടെ സിംഹാസനത്തിലിരിക്കാൻ അനുവദിക്കപ്പെട്ടു. ദാവീദിന്റെ വംശത്തിൽ ഒരു നിത്യരാജ്യത്തിനുവേണ്ടി ദാവീദുമായി യഹോവ ചെയ്തിരുന്ന ഒരു ഉടമ്പടി നിമിത്തമായിരുന്നു അവനോട് ഈ ദീർഘക്ഷമ പ്രകടമാക്കപ്പെട്ടത്. യഹോവക്ക് ഒരു ആലയം പണിയുന്നതിനുള്ള പദവി ദാവീദിന് നിഷേധിക്കപ്പെട്ടെങ്കിലും യഹോവ അവന് മറെറാരു അനുഗ്രഹം കൊടുത്തു. ഇത് നാഥാൻ പ്രവാചകന്റെ വാക്കുകളിൽ വിവരിക്കപ്പെട്ടു: “യഹോവ നിനക്കുവേണ്ടി ഒരു ഗൃഹമായിരിക്കും ഉണ്ടാക്കുന്നതെന്ന് യഹോവ നിന്നോടു പറഞ്ഞിരിക്കുന്നു. നിന്റെ ഗൃഹവും നിന്റെ രാജ്യവും നിന്റെ മുമ്പാകെ തീർച്ചയായും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനം തന്നെ അനിശ്ചിതകാലത്തോളം ഉറപ്പായി സ്ഥാപിക്കപ്പെട്ട ഒന്നായിരിക്കും.” (2 ശമുവേൽ 7:11, 16) ആ ദിവ്യവാഗ്ദത്തം ദാവീദു രാജാവിനു വളരെ തൃപ്തികരമായിരുന്നതിനാൽ അവൻ അതിന്റെ മഹത്തായ നിവൃത്തിക്കായി നോക്കിപ്പാർത്തു.
3. (എ) ദാവീദുമായുള്ള ആ ഉടമ്പടിക്ക് ആരിലാണ് നിവൃത്തി ഉണ്ടാകുന്നത്, ആ ഉടമ്പടി അനുപമമായിരുന്നതെങ്ങനെ? (ബി) രാജ്യ ഉടമ്പടി സംബന്ധിച്ച് പിശാച് എന്തു തന്റെ ലക്ഷ്യമാക്കി?
3 ദാവീദിനോടുള്ള ആ ഉടമ്പടിക്കു നിവൃത്തി ഉണ്ടാകുന്നത് ദാവീദിന്റെ വലിയ പുത്രനും “സമാധാനപ്രഭു”വുമായ യേശുക്രിസ്തുവിലാണ്. രാജകീയ ഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമില്ലാത്ത, രാജ്യത്തിനുവേണ്ടിയുള്ള അത്തരമൊരു ഉടമ്പടി ഈ ഭൂമുഖത്ത് മററ് യാതൊരു രാജകീയ ഗൃഹവും ആസ്വദിച്ചിട്ടില്ല. എന്നാൽ ആ രാജ്യ ഉടമ്പടി സാത്താൻ പ്രഭുവോ ഭരണാധികാരിയോ ആയിരിക്കുന്ന ലോകത്തിലെ സകല രാജ്യങ്ങൾക്കും ഒരു വെല്ലുവിളി ഉയർത്തി. അതുകൊണ്ടു പിശാചും അവന്റെ ഭുതങ്ങളും ദാവീദു ഗൃഹത്തെ നശിപ്പിക്കാനും അങ്ങനെ അതിന് ഒരു സ്ഥിരാവകാശി ഉണ്ടാകുന്നതിന്റെ സാദ്ധ്യത നീക്കം ചെയ്യാനും ശ്രമിക്കുന്നതിന് ലക്ഷ്യമിട്ടു. സിറിയയിലെ രെസീൻ രാജാവും യിസ്രായേലിന്റെ പത്തു ഗോത്ര രാജ്യത്തിലെ പേക്കഫ് രാജാവും അശൂർ രാജാവും ഇതിന് ഒരുക്കമുള്ള കരുക്കളാകുമെന്ന് സാത്താൻ കണ്ടെത്തി.
രാജ്യ ഉടമ്പടിക്കെതിരായ ഗുഢാലോചന
4. ദാവീദുമായി ചെയ്ത യഹോവയുടെ രാജ്യ ഉടമ്പടിയുടെ പ്രവർത്തനം നിർത്താനുള്ള തന്റെ ശ്രമത്തിൽ പിശാച് നീങ്ങിയതെങ്ങനെ?
4 പിശാചിന്റെ പദ്ധതി എന്തായിരുന്നു? ഭയപ്പാടോടെ, അശൂർ രാജാവുമായി ഒരു അനുചിതസഖ്യത്തിലേർപ്പെടാൻ യഹൂദാരാജാവായ ആഹാസിനെ നിർബ്ബന്ധിക്കുകയെന്നതായിരുന്നു അവന്റെ ലക്ഷ്യം. പിശാച് ഇത് എങ്ങനെ ചെയ്യും? യിസ്രായേലിലെ പേക്കഹ് രാജാവും സിറിയായിലെ രെസീൻ രാജാവും ദാവീദ് ഗൃഹത്തിനെതിരായി ഒരു ഗൂഢാലോചനയിലേർപ്പെടാൻ അവൻ ഇടയാക്കി. അവൻ തങ്ങളുടെ സ്വന്ത ആളിനെ, താബെയലിന്റെ പുത്രനെ, പാവ രാജാവായി അവരോധിക്കുന്നതിന് ആഹാസിനെ യഹൂദാസിംഹാസനത്തിൽനിന്ന് നീക്കം ചെയ്യാൻ ഗൂഢാലോചന നടത്തി. ഈ താബെയലിന്റെ പുത്രൻ ആരായിരുന്നു? അയാൾ ദാവീദ് ഗൃഹത്തിലെ സന്തതി ആയിരുന്നില്ലെന്നുള്ളത് അർത്ഥവത്താണ്. തന്നിമിത്തം, സ്ഥിരാവകാശിയായ “സമാധാനപ്രഭു” വരുന്നതുവരെ രാജ്യത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ഉടമ്പടി കൈമാറാവുന്ന ഒരു മനുഷ്യനായിരുന്നില്ല അയാൾ. അയാൾ യഹൂദാ സിംഹാസനത്തിലെ ദൈവത്തിന്റെ ആളല്ല, പിന്നെയോ അവരുടെ ആൾ ആയിരിക്കുമായിരുന്നു. അങ്ങനെ ദാവീദിനോടു ചെയ്ത യഹോവയുടെ രാജ്യ ഉടമ്പടിയുടെ പ്രവർത്തനം നിർത്തുന്നതിനുള്ള സാത്താന്റെ ശ്രമത്തെ ബൈബിൾ തുറന്നുകാട്ടുന്നു.
5, 6. ദാവീദു ഗൃഹത്തിനെതിരായ ഗൂഢാലോചനയോടു ആഹാസ് രാജാവ് എങ്ങനെ പ്രതികരിച്ചു, യഹോവ അവന് ഏതു പ്രോത്സാഹജനകമായ സന്ദേശം കൊടുത്തു?
5 ആഹാസ് രാജാവ് ഈ ഭീഷണിയോട് എങ്ങനെ പ്രതിവർത്തിച്ചു? അവനും അവന്റെ ജനവും ഭയന്നു വിറച്ചു. അതുകൊണ്ട് ഉയർന്നുവന്ന ലോകശക്തിയായ അശൂറിലെ രാജാവുമായി ഒരു സംരക്ഷക ഉടമ്പടി ഉണ്ടാക്കുന്നതിൽനിന്ന് അവനെ പിന്തിരിപ്പിക്കുന്നതിന് യഹോവ അവനു പ്രോത്സാഹജനകമായ കുറെ വിവരങ്ങൾ കൊടുത്തു. ആഹാസിനെ കാണുന്നതിനും യെശയ്യാവ് 7:4-9-ൽ കാണപ്പെടുന്ന ഈ സന്ദേശം അറിയിക്കുന്നതിനുമായി യഹോവ തന്റെ പ്രവാചകനായ യെശയ്യാവിനെ അയച്ചു.
6 “എഫ്രയീമിനോടുകൂടെ [യിസ്രായേൽ രാജ്യത്തിലെ പ്രമുഖ അംഗം] സിറിയയും രെമല്യാവിന്റെ മകനും [പേക്കഹ്] ‘നമുക്ക് യഹൂദക്കെതിരായി കയറിച്ചെന്ന് അതിനെ ഇടിച്ചുപൊളിച്ചു അകത്തുകടന്ന് പിടിച്ചെടുക്കാം, നമുക്ക് താബെയലിന്റെ പുത്രനായ മറെറാരു രാജാവിനെ അതിനകത്തു വാഴിക്കാം’ എന്നു പറഞ്ഞുകൊണ്ട് നിനക്കെതിരായി ദുരുപദേശം നൽകിയിരിക്കുന്നുവെന്ന കാരണത്താൽ . . . ഭയപ്പെടരുത്. പരമാധികാര കർത്താവാം യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്: അത് ‘നിലനിൽക്കുകയില്ല, അതു നടക്കുകയുമില്ല . . . ജനങ്ങളായ നിങ്ങൾക്കു വിശ്വാസമില്ലാത്തപക്ഷം നിങ്ങൾ നീണ്ടുനിൽക്കുകയില്ല.’”
“ഗൂഢാലോചനയുടെ പരാജയത്തിന്റെ ഒരു അടയാളം
7. (എ) യെശയ്യാവ് 7:14-ലെ ശ്രദ്ധേയമായ പ്രവചനത്തിലേക്കു നയിച്ചതെന്ത്? (ബി) ഇമ്മാനുവേലിന്റെ ജനനം എന്തിന്റെ വിശ്വസനീയമായ ഒരു അടയാളമായിരുന്നു, യെശയ്യായുടെ പുത്രൻമാർ എന്തായി ഉതകണമായിരുന്നു?
7 അങ്ങനെ ഗൂഢാലോചനക്കാരുടെ മറിച്ചിടീലിനെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞു. ആ നിമിഷത്തിൽ, ലോകത്തെ പിടിച്ചുകുലുക്കുന്ന പ്രാധാന്യത്തോടുകൂടിയ ഒരു ദിവ്യ പ്രവചനത്തിനുള്ള സമയം ആഗതമായി, എന്തുകൊണ്ടെന്നാൽ അത് ദാവീദുമായുള്ള രാജ്യഉടമ്പടിയുടെ രാജകീയ അവകാശിയിലേക്ക് വിരൽചൂണ്ടി. എന്നാൽ ആ ശ്രദ്ധേയമായ പ്രവചനത്തിലേക്ക് നയിച്ചതെന്തായിരുന്നു? ശരി, യഹോവ ആഹാസ് രാജാവിനോടു സംസാരിക്കുകയായിരുന്നു. അവന് ചിന്തിക്കാൻ കഴിയുന്ന ഏതെങ്കിലും അത്ഭുതകരമായ അടയാളം ചോദിച്ചു കൊള്ളാൻ യഹോവ ആഹാസിനോടു പറഞ്ഞു; അപ്പോൾ ദാവീദുഗൃഹത്തിനെതിരായ ഗൂഢാലോചനയെ ദൈവം തകർക്കുമെന്നുള്ളതിന്റെ പൂർണ്ണമായ ഉറപ്പായി യഹോവ അതു നിവർത്തിക്കും. എന്നാൽ അങ്ങനെയൊരു അടയാളം ചോദിക്കുന്നതിന് ആഹാസ് വിസമ്മതിച്ചു. അടുത്തതായി എന്തു സംഭവിച്ചു? യെശയ്യാവ് 7:14 നമ്മോടു പറയുന്നു: “അതുകൊണ്ട് യഹോവതന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: നോക്കൂ! പെൺകുട്ടിതന്നെ യഥാർത്ഥമായി ഗർഭിണിയാകും, അവൾ ഒരു പുത്രനെ പ്രസവിക്കുന്നു; അവൾ തീർച്ചയായും അവന് ഇമ്മാനുവേൽ എന്നു പേർ വിളിക്കും.” ആ പേരിന്റെ അർത്ഥം “ദൈവം നമ്മോടുകൂടെ” എന്നാണ്. ഇമ്മാനുവേലും യെശയ്യാവിന്റെ വേറെ രണ്ടു പുത്രൻമാരും അടയാളങ്ങളായി ഉതകേണ്ടിയിരിക്കുന്നതിനാൽ പ്രവാചകനായ യെശയ്യാവ് 8:18-ൽ ഇങ്ങനെ പറഞ്ഞു: “നോക്കൂ! ഞാനും യഹോവ എനിക്കു തന്നിരിക്കുന്ന മക്കളും. സൈന്യങ്ങളുടെ യഹോവയിൽനിന്ന് യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും പോലെയാകുന്നു.” അതുകൊണ്ട്, ഇമ്മാനുവേലിന്റെ ജനനം സകല ഗൂഢാലോചനക്കാരും, ദൈവരാജ്യ ഉടമ്പടിക്കും അതിന്റെ അവകാശിക്കുമെതിരായ അവരുടെ ഗൂഢാലോചനകളും നിഷ്ഫലമാകുമെന്നുള്ളതിന്റെ വിശ്വസനീയമായ ഒരു അടയാളമായിരുന്നു!
8. (എ) ഇമ്മാനുവേൽ എന്ന ആൺകുട്ടിയെക്കുറിച്ച് യെശയ്യാവ് 7:15, 16-ലെ പ്രവചനം എന്തു പ്രസ്താവിച്ചു, പരിണതഫലം എന്തായിരുന്നു? (ബി) യെശയ്യാവിന്റെ നാളിലെ ഇമ്മാനുവേൽ ആരായിരുന്നുവെന്നത് അനിശ്ചിതമായിരിക്കുന്നത് എന്തുകൊണ്ടായിരിക്കാം?
8 ഇമ്മാനുവേൽ എന്നു പേരുണ്ടായിരുന്ന പുത്രനെ ആർ പ്രസവിച്ചുവെന്ന് ബൈബിൾ രേഖ പറയുന്നില്ല. അത് യെശയ്യാപ്രവാചകന്റെ രണ്ടാം ഭാര്യയായിത്തീർന്ന ഒരു യഹൂദ പെൺകുട്ടി ആയിരിക്കാം. എങ്ങനെയായാലും, കുട്ടിക്ക് നൻമതിൻമകൾ തിരിച്ചറിയാൻതക്ക പ്രായമാകുന്നതിന് മുമ്പ് ദാവീദ് ഗൃഹത്തിനെതിരെ ഗൂഢാലോചന നടത്തുന്ന രണ്ടു രാജാക്കൻമാർ വിപൽക്കരമായ അന്ത്യത്തിലെത്തുമെന്ന് പ്രവചനം തുടർന്നു പ്രസ്താവിച്ചു. (യെശയ്യാവ് 7:15, 16) ഇതു സത്യമെന്നു തെളിഞ്ഞു. യെശയ്യാവിന്റെ നാളിലെ ഇമ്മാനുവേൽ ആരെന്ന് നമുക്ക് അനിശ്ചിതമായിരിക്കുന്നുവെന്ന വസ്തുത വലിപ്പമേറിയ ഇമ്മാനുവേൽ സ്വർഗ്ഗത്തിൽനിന്നുള്ള അത്ഭുതകരമായ അടയാളമായി പ്രത്യക്ഷപ്പെടുമ്പോൾ പിൽക്കാലതലമുറകളുടെ ശ്രദ്ധയെ അവനിൽനിന്ന് പതറിക്കാതിരിക്കാനായിരിക്കാം.
9. (എ) അടയാളത്തിന്റെ നിവൃത്തിയും രാജ്യ ഉടമ്പടിക്കെതിരായി ഗൂഢാലോചനയുടെ തകിടം മറിക്കലും എന്തിന് ഉറപ്പു നൽകി? (ബി) ഏതു കാലത്തേതിലും ഏററവും വലിയ ലോക ഗൂഢാലോചന എന്താണ്?
9 തീർച്ചയായും ആഹാസിന്റെ നാളുകളിൽ അടയാളത്തിനും ദൈവത്തിന്റെ രാജ്യ ഉടമ്പടിക്കെതിരായ ലൗകികഗൂഢാലോചനയുടെ തകിടം മറിക്കലിനും ചെറിയ തോതിലുള്ള നിവൃത്തി മാത്രമേ ഉണ്ടായുള്ളു. എന്നിരുന്നാലും, ആദ്യ നിവൃത്തി അടയാളവും ലോകഗൂഢാലോചനയുടെ തകിടം മറിക്കലും നമ്മുടെ ദുർഘട കാലത്ത് വലിയ അർത്ഥത്തിൽ നിവൃത്തിയാകുമെന്ന് ഉറപ്പുനൽകി. ഇന്ന് നാം ഏതു കാലത്തേതിലും ഏററവും വലിയ ലോകഗൂഢാലോചനയെ അഭിമുഖീകരിച്ചിരിക്കുകയാണ്. ഏതർത്ഥത്തിൽ? രാഷ്ട്രങ്ങൾ നിലനിൽക്കുന്ന സമാധാനം കൈവരുത്തുന്നതിനുള്ള യഹോവയുടെ ക്രമീകരണത്തെ പൂർണ്ണമായും അവഗണിക്കുതിൽ; രാഷ്ട്രങ്ങൾ “സമാധാന പ്രഭു”വിന്റെ പ്രതിനിധികളെ എതിർക്കുകപോലും ചെയ്യുന്നു. ഗൂഢാലോചന യഥാർത്ഥത്തിൽ രാജ്യ ഉടമ്പടിയുടെ അവകാശിയായ “സമാധാനപ്രഭു”വിന് എതിരായിട്ടാണ്. ഇപ്പോൾ, പ്രവചനത്തിന്റെ പൂർണ്ണ നിവൃത്തി സംബന്ധിച്ചെന്ത്? നാം അടയാളത്തെ വിവേചിക്കുന്നുവെങ്കിൽ ഈ ഗൂഢാലോചനയുടെ ഭാവി തീരുമാനീക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
“സമാധാന പ്രഭു”വിന്റെ ജനനം
10. (എ) യെശയ്യാവ് 7:14-ന്റെ പൂർണ്ണമായ നിവൃത്തിയിൽ അടയാളവും രാജ്യ ഉടമ്പടിയുടെ അവകാശിയുമെന്ന നിലയിൽ കുട്ടിയെ ഉല്പാദിപ്പിച്ചതാർ? (ബി) ചരിത്രകാരനായ മത്തായി ഇമ്മാനുവേലിന്റെ അടയാളത്തെ ദാവീദുഗൃഹത്തോടു ബന്ധിപ്പിക്കുന്നതെങ്ങനെ?
10 പ്രവചനത്തിന്റെ പൂർണ്ണനിവൃത്തിയിൽ, അടയാളവും രാജ്യ ഉടമ്പടിയുടെ അവകാശിയുമെന്ന നിലയിൽ കുട്ടിയെ ഉല്പാദിപ്പിച്ച പെൺകുട്ടി, ദാവീദ് രാജാവിന്റെ വംശജയായിരുന്ന മറിയയെന്ന യഹൂദ കന്യകയായിരുന്നു. യേശു എന്നു പേർവിളിക്കേണ്ട ഒരു പുത്രനെ അവൾ പ്രസവിക്കുമെന്നും യഹോവയാം ദൈവം “അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനുകൊടുക്കുമെന്നും” “അവന്റെ രാജ്യത്തിന് അവസാനമുണ്ടാകുകയില്ലെ”ന്നും ഗബ്രിയേൽ ദൂതൻ അവളോടു പറഞ്ഞു. (ലൂക്കോസ് 1:26-33) നിശ്വസ്ത ചരിത്രകാരനായ മത്തായി ഇമ്മാനുവേലിന്റെ അടയാളത്തെ ദാവീദുഗൃഹത്തോടു ബന്ധിപ്പിക്കുന്നു. നാം മത്തായി 1:20-25 വരെ ഇങ്ങനെ വായിക്കുന്നു: “യഹോവയുടെ ദൂതൻ [യോസേഫിന്] ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോടു പറഞ്ഞു: ‘ദാവീദു പുത്രനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ വീട്ടിൽ കൊണ്ടുപോകാൻ ഭയപ്പെടേണ്ട, എന്തെന്നാൽ അവളിൽ ജനിപ്പിക്കപ്പെട്ടിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും, നീ അവനെ യേശു എന്നു പേർ വിളിക്കണം, എന്തുകൊണ്ടെന്നാൽ അവൻ തന്റെ ജനത്തെ അവളുടെ പാപങ്ങളിൽനിന്ന് രക്ഷിക്കും. ‘നോക്കൂ! കന്യക ഗർഭിണിയായി ഒരു പുത്രനെ പ്രസവിക്കും, അവർ അവന് ഇമ്മാനുവേൽ എന്നു പേർ വിളിക്കും,’ വിവർത്തനം ചെയ്യുമ്പോൾ അതിന്റെ അർത്ഥം ‘ദൈവം നമ്മോടുകൂടെയുണ്ട്’ എന്നാണ് എന്നു പറഞ്ഞുകൊണ്ട് യഹോവ തന്റെ പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിവർത്തിക്കപ്പെടേണ്ടതിനാണ് ഇതെല്ലാം സംഭവിച്ചത്.”
11. മുൻകൂട്ടിപറയപ്പെട്ട ഇമ്മാനുവേലിന്റെ ജനനം എപ്പോൾ, എവിടെ, നടന്നു?
11 മുൻകൂട്ടിപ്പറയപ്പെട്ട ഇമ്മാനുവേലിന്റെ ഈ ജനനം എപ്പോൾ, എവിടെ സംഭവിച്ചു? മത്തായി 2:6-ൽ ഉദ്ധരിച്ചിരിക്കുന്ന മീഖാ 5:2-ലെ വാക്കുകളാൽ സകല യഹൂദ ദൃഷ്ടികളും ശരിയായ ദിശയിൽ തിരിക്കപ്പെട്ടു: “യഹൂദാ ദേശത്തെ ബേത്ത്ളഹേമേ, നീ യഹൂദയിലെ നാടുവാഴികളുടെ ഇടയിൽ യാതൊരു പ്രകാരത്തിലും ഏററവും അപ്രധാനമായ നഗരമല്ല, എന്തെന്നാൽ, എന്റെ ജനമായ യിസ്രായേലിനെ മേയിക്കുന്ന ഒരു ഭരണകർത്താവ് നിന്നിൽനിന്ന് പുറപ്പെട്ടുവരും.” ബി. സി. 2-ാം വർഷത്തിലായിരുന്നു ബേത്ത്ളഹേം നഗരത്തിൽ “സമാധാന പ്രഭു” ജനിച്ചത്, അപ്പോൾ യെശയ്യാവ് 9:6, 7-ലെ പുളകപ്രദമായ പ്രവചനത്തിന് നിവൃത്തി ഉണ്ടാകാൻ തുടങ്ങി.
12, 13. “സമാധാന പ്രഭു”വിന്റെ ജനനം ആർക്കു വലിയ ബുഹുമതി വരുത്തി, ഏതു മഹത്തും കണ്ണഞ്ചിക്കുന്നതുമായ സവിശേഷതകൾ ഈ ജനനത്തിന് അകമ്പടി സേവിച്ചു?
12 “സമാധാന പ്രഭൂ” എന്നു സ്ഥാനപ്പേർ വിളിക്കേണ്ടവന്റെ പിതാവായിത്തീരുന്നത് ഒരു ബഹുമാനവും സന്തോഷവുമെന്ന് നമ്മിൽ ആരാണ് പരിഗണിക്കാത്തത്? അതുകൊണ്ട് ഈ പ്രഭുവിന്റെ രാജകീയ പിതാവിന് അതു വലിയ മഹത്വം കൈവരുത്തി. യഥാർത്ഥത്തിൽ മുമ്പ് ഒരിക്കലും, അതെ ഒരിക്കലും, ഒരു മാനുഷ ജനനത്തിന് ഇത്ര മഹത്വകരവും കണ്ണഞ്ചിക്കുന്നതുമായ സവിശേഷതകൾ അകമ്പടി സേവിച്ചിട്ടില്ല.
13 ബേത്ത്ളഹേമിനു പുറത്തെ വയലുകളിൽ രാത്രിയിൽ ആട്ടിൻകൂട്ടങ്ങളെ കാവൽ ചെയ്തുകൊണ്ടിരുന്ന ഇടയൻമാർക്ക് യഹോവയുടെ തേജസ്വിയായ ദൂതൻ പ്രത്യക്ഷപ്പെട്ടു. “യഹോവയുടെ തേജസ്സ് അവർക്കു ചുററും മിന്നി.” അപ്പോൾ ദൂതൻ ദിവ്യപ്രവചനത്തിന്റെ നിവൃത്തിയായി ജനനത്തെ പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “കർത്താവായ ക്രിസ്തു എന്ന ഒരു രക്ഷിതാവ് ഇന്ന് ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” അതിനു മഹത്വം പോരാഞ്ഞിട്ടെന്നപോലെ, നവജാതശിശുവിന്റെ പിതാവിനെ സ്തുതിച്ചുകൊണ്ടും “മീതെ ഉന്നതങ്ങളിൽ ദൈവത്തിനു മഹത്വവും ഭൂമിയിൽ സൻമനസ്സുള്ള മനുഷ്യരുടെ ഇടയിൽ സമാധാനവും” എന്ന് ഏക സ്വരത്തിൽ പറഞ്ഞുകൊണ്ടും മീതെ ആകാശങ്ങളിൽ ദൂതൻമാരുടെ ഒരു സംഘം പ്രത്യക്ഷപ്പെട്ടു. ദൈവത്തിന്റെ സൻമനസ്സുള്ള എല്ലാ മനുഷ്യർക്കും ദിവ്യസമാധാനം ഉണ്ടായിരിക്കുമെന്ന് നിർദ്ദിഷ്ട” സമാധാന പ്രഭു”വിന്റെ ജനനത്തിങ്കൽ ദൂതൻമാർ പ്രഖ്യാപനം ചെയ്യുന്നത് എത്ര ഉചിതമായിരുന്നു!—ലൂക്കോസ് 2:8-14.
14, 15. (എ)സ്വർഗ്ഗീയ ദൈവപുത്രൻമാർ ഏതു സംഭവങ്ങളെ പ്രതി യഹോവയെ സ്തുതിച്ചു? (ബി) മനുഷ്യചരിത്രത്തിലെല്ലാം മററു യാതൊരു ജനനത്തിനും ഇതിനോടു തുല്യമായിരിക്കാൻ കഴിയാത്തതെന്തുകൊണ്ട്?
14 “സമാധാന പ്രഭു” ആയിരിക്കേണ്ടവന്റെ ജനനത്തിന് ദീർഘനാൾ മുമ്പേ ഒരു പ്രത്യേക അവസരത്തിൽ ദൂതൻമാർ ദൈവത്തെ സ്തുതിച്ചിരുന്നു. അത് സൃഷ്ടിയുടെ സമയത്ത് അവൻ ഭൂമിയെ സ്ഥാപിച്ചപ്പോഴായിരുന്നു. (ഇയ്യോബ് 38:4) ബഹിരാകാശയാത്രികർ ബഹിരാകാശത്ത് നിന്ന് എടുത്ത നമ്മുടെ ഭൂമിയുടെ ചിത്രങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ? എങ്കിൽ ദൂതൻമാർ അടുത്തകാലം വരെ കണ്ടുകൊണ്ടിരുന്നതു മാത്രമാണ് നിങ്ങൾ കണ്ടത്. ദൂതൻമാർ അപ്പോൾ എങ്ങനെ പ്രതികരിച്ചു? ഇയ്യോബ് 38:7 നമ്മോടു പറയുന്നു: “പ്രഭാതനക്ഷത്രങ്ങൾ സന്തോഷപൂർവ്വം ഒത്തുചേർന്ന് ഉദ്ഘോഷിച്ചു, ദൈവപുത്രൻമാരെല്ലാം പുകഴ്ത്തി ആർക്കാൻ തുടങ്ങി.”
15 ഭൂമിയെ ബഹുമാനിതമാക്കിയിട്ടുള്ളതിലേക്കും ഏററവും മഹത്തായ ജനനം ദൈവപുത്രൻമാർ ഒത്തു ചേർന്ന് ശ്രുതിമധുരമായി സ്തുതിഗീതങ്ങൾ ആലപിക്കാൻ പാടില്ലാത്തവിധം പ്രാധാന്യം കുറഞ്ഞ ഒരു സംഭവമായിരിക്കയില്ല. ഒരു ഭൗമിക പിതാവ് തന്റെ ആദ്യജാത പുത്രന്റെ ജനനത്തിങ്കൽ അനുമോദിക്കപ്പെടുന്നതുപോലെ, ഭൂമിയിൽ നടന്നിട്ടുള്ളതിലേക്കും മഹത്തായ ഈ ജനനത്തിന് ഉത്തരവാദിയായ സ്വർഗ്ഗീയ പിതാവ് സ്വർഗ്ഗീയ കുടുംബാംഗങ്ങൾ ഗാനമാലപിച്ചു മഹിമപ്പെടുത്താൻ അർഹനാണ്. തികച്ചും പുതുതായ സാഹചര്യങ്ങളിൽ ആദ്യമായി ഒരു പിതാവായിത്തീർന്നപ്പോൾ ദൈവം ആ അതിമനോഹരമായ ഗാനാലാപം എത്ര ആസ്വദിച്ചിരിക്കും! നിർദ്ദിഷ്ട “സമാധാന പ്രഭു”വിന്റെ ജനനത്തോടു താരതമ്യപ്പെടുത്താവുന്ന ഒരു ജനനം മുഴു അഖിലാണ്ഡ ചരിത്രത്തിലും മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.
“ഒരു വലിയ വെളിച്ചം” പ്രകാശിക്കുന്നു
16. യെശയ്യാവ് 9-ാം അദ്ധ്യായത്തിന് എപ്പോൾ, എങ്ങനെ കൂടുതലായ നിവൃത്തി ഉണ്ടായി?
16 യേശു തന്റെ ഭൗമിക ശുശ്രൂഷ ആരംഭിച്ചപ്പോൾ യെശയ്യാവ് 9-ാം അദ്ധ്യായത്തിന്റെ കൂടുതലായ നിവൃത്തി ഉണ്ടായി. അത് അതിന്റെ ആദ്യത്തെ രണ്ടു വാക്യങ്ങളോടു ബന്ധപ്പെട്ടായിരുന്നു. “ഇരുട്ടിൽ നടക്കുന്ന” ജനത്തിൻമേൽ “ഒരു വലിയ വെളിച്ചം” പ്രകാശിക്കുമെന്ന് അത് മുൻകൂട്ടിപ്പറഞ്ഞു. ആ വാക്യങ്ങളുടെ നിവൃത്തി മത്തായി 4-ാം അദ്ധ്യായം 13 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ നിശ്വസ്തചരിത്രകാരനായ മത്തായിയാൽ നമുക്കുവേണ്ടി വിശദീകരിക്കപ്പെട്ടിരിക്കുന്നു: “കൂടാതെ, നസറേത്ത് വിട്ടശേഷം [യേശു] സെബൂലൂൻ, നപ്താലി എന്നീ പ്രവിശ്യകളിൽ സമുദ്രത്തിന്നരികെ കഫർന്നഹൂമിൽ വന്നു പാർത്തു, പ്രവാചകനായ യെശയ്യാവിനാൽ പറയപ്പെട്ടത് നിവർത്തിക്കപ്പെടേണ്ടതിനുതന്നെ: “യോർദ്ദാന്റെ മറുകരയിൽ കടൽവഴിയായുള്ള സെബൂലൂൻ ദേശമേ, നപ്താലി ദേശമേ, ജനതകളുടെ ഗലീലയേ! ഇരുട്ടിൽ ഇരിക്കുന്ന ജനം ഒരു വലിയ വെളിച്ചം കണ്ടു, മരണനിഴലിന്റെ പ്രദേശത്തിരിക്കുന്നവർക്കാണെങ്കിൽ, അവർക്ക് വെളിച്ചമുദിച്ചു.’ ആ സമയം മുതൽ യേശു ‘ജനങ്ങളേ, അനുതപിക്കുവിൻ, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് പ്രസംഗിച്ചുതുടങ്ങി.”
17. യേശുവിന് സെബൂലൂനിലും നപ്താലിയിലുമുള്ള ജനത്തിൻമേൽ വെളിച്ചം പ്രകാശിപ്പിക്കാൻ കഴിഞ്ഞതെന്തുകൊണ്ട്, ഇരുട്ടിലിരിക്കുന്നവർക്ക് ഈ വെളിച്ചം എന്തു കൈവരുത്തുമായിരുന്നു?
17 സെബൂലൂനും നപ്താലിയും യിസ്രായേലിന്റെ വടക്കേ അററത്താണ് കിടന്നത്, അതിൽ ഗലീലാ പ്രവിശ്യയും ഉൾപ്പെട്ടിരുന്നു. നപ്താലി ഗലീലക്കടലിന്റെ മുഴു പശ്ചിമതീരത്തിന്റെയും അതിരായിരുന്നു. അതുകൊണ്ട് ആ പ്രദേശങ്ങളിൽ ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചു കൊണ്ടായിരുന്നു യേശുവും അവന്റെ ശിഷ്യൻമാരും ദീർഘകാലം ഇരുട്ടിൽ ഇരുന്നിരുന്ന അവിടത്തെ ജനങ്ങൾക്ക് വെളിച്ചം പ്രകാശിപ്പിച്ചത്. യോഹന്നാൻ 8:12-ൽ യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു. എന്നെ അനുഗമിക്കുന്നവൻ യാതൊരു പ്രകാരത്തിലും ഇരുട്ടിൽ നടക്കുകയില്ല, പിന്നെയോ ജീവന്റെ വെളിച്ചം ഉള്ളവനായിരിക്കും.” അങ്ങനെ, യേശു മുഖാന്തരം, “മരണനിഴലിന്റെ പ്രദേശത്ത് ഇരുന്നവർ” “ജീവന്റെ വെളിച്ചം” നേടാൻ പ്രാപ്തരാക്കപ്പെട്ടു, എന്തുകൊണ്ടെന്നാൽ അവൻ തന്റെ ജീവനെ “അനേകർക്ക് പകരമായുള്ള ഒരു ഉദ്ധാരണദ്രവ്യമായി” കൊടുത്തു. അവനെയാണ് മനുഷ്യർക്ക് ജീവൻ നേടാനുള്ള ഉപാധിയുടെമേൽ വെളിച്ചം വീശുന്നതിന് യഹോവ ഉപയോഗിച്ചത്.—മത്തായി 4:23; 20:28.
18. (എ) ഈ “വലിയ വെളിച്ചം” ഗലീലയിലെ ജനത്തിന് പരിമിതപ്പെടുത്തേണ്ടതല്ലാത്തതെന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
18 മരണത്തിൽനിന്നും മർദ്ദനത്തിൽനിന്നും വിടുതൽ വാഗ്ദത്തം ചെയ്ത ഈ “വലിയ വെളിച്ചം” ഗലീലയിലെ മനുഷ്യർക്കായി പരിമിതപ്പെടുത്തിയില്ല. ഭരണകൂടത്തിന്റെ സമൃദ്ധിക്ക് അവസാനമുണ്ടായിരിക്കയില്ല എന്ന് യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നില്ലേ? “സമാധാന പ്രഭു”വിന്റെ ധർമ്മം വമ്പിച്ചതായിരുന്നുവെന്ന് യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നില്ലേ? ഉവ്വ്, എന്തുകൊണ്ടെന്നാൽ യെശയ്യാവ് 9:6, 7 പറയുന്നു: “അവന് വിശിഷ്ട ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്നു പേർവിളിക്കപ്പെടും. രാജകീയ ഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല.” അടുത്ത ലേഖനത്തിൽ “വിശിഷ്ട ഉപദേഷ്ടാവ്, ശക്തനാം ദൈവം, നിത്യപിതാവ്, എന്നീ നിലകളിലും “സമാധാന പ്രഭു” എന്ന നിലയിലുമുള്ള യേശുക്രിസ്തുവിന്റെ ധർമ്മം നാം പരിചിന്തിക്കുന്നതായിരിക്കും. (w87 4/1)
നിങ്ങൾ ഓർക്കുന്നുവോ?
◻ ആഹാസ് രാജാവിന്റെ നാളുകളിൽ ഏതു ഗൂഢാലോചന വികാസം പ്രാപിച്ചു?
◻ യെശയ്യാവ് 7:14-ലെ അടയാളത്തിന്റെ ചെറിയ തോതിലുള്ള നിവൃത്തി എന്തായിരുന്നു?
◻ ആ അടയാളത്തിന്റെ പൂർണ്ണനിവൃത്തി എന്തായിരുന്നു?
◻ “സമാധാന പ്രഭു”വിന്റെ ജനനം ഭൂമിയിലെ അതിമഹത്തായ ജനനമായിരുന്നതെന്തുകൊണ്ട്?