ദുഷ്കൃത്യങ്ങൾക്ക് അറുതിവരും!
ആളുകൾ ദുഷ്കൃത്യങ്ങൾ ചെയ്യുന്നതിന്റെ കാരണങ്ങൾ തന്റെ വചനമായ ബൈബിളിലൂടെ ദൈവം വ്യക്തമാക്കിയിട്ടുണ്ടെന്ന് നാം കണ്ടുകഴിഞ്ഞു. അതോടൊപ്പം, മനുഷ്യരായ നമുക്ക് തെറ്റും ശരിയും തിരഞ്ഞെടുക്കാനുള്ള പ്രാപ്തി ദൈവം നൽകിയിരിക്കുന്നതായും ബൈബിൾ വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ആത്മസംയമനം പാലിക്കാനും തെറ്റായ കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാനും നമുക്കു കഴിയും. (ആവർത്തനപുസ്തകം 30:15, 16, 19) അങ്ങനെയൊരു പ്രാപ്തി ഉള്ളതിനാൽ, നമ്മിൽ അങ്കുരിക്കുന്ന തെറ്റായ ചായ്വുകളെ തിരിച്ചറിഞ്ഞ് അവയെ പിഴുതെറിയാൻ നമുക്കാകും. അതാകട്ടെ, നമുക്കും സമൂഹത്തിനും ഗുണംചെയ്യും.—സങ്കീർത്തനം 1:1, 2.
തെറ്റു ചെയ്യാതിരിക്കാൻ നാം കഠിനമായി ശ്രമിച്ചാലും ലോകത്തിൽ ഹീനകാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും എന്നത് ഒരു യാഥാർഥ്യമാണ്. “അന്ത്യകാലത്ത് വിശേഷാൽ ദുഷ്കരമായ സമയങ്ങൾ വരും” എന്ന് ബൈബിൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. തുടർന്ന് അന്ത്യകാലത്തെ ദുഷ്കരമാക്കുന്ന സംഗതികൾ എന്തൊക്കെ ആയിരിക്കുമെന്നും അതു പറയുന്നു: “മനുഷ്യർ സ്വസ്നേഹികളും ധനമോഹികളും വമ്പുപറയുന്നവരും ധാർഷ്ട്യക്കാരും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും അവിശ്വസ്തരും സഹജസ്നേഹമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരന്മാരും നന്മയെ ദ്വേഷിക്കുന്നവരും വഞ്ചകരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവർ ദൈവഭക്തിയുടെ വേഷം ധരിച്ചവരെങ്കിലും അതിന്റെ ശക്തിക്കൊത്തവിധം ജീവിക്കാത്തവരത്രേ. ഇവരിൽനിന്ന് അകന്നുമാറുക.”—2 തിമൊഥെയൊസ് 3:1-5.
“അന്ത്യകാലം” എന്ന പ്രയോഗം തികച്ചും ശ്രദ്ധേയമാണ്. ‘അന്ത്യം’ എന്ന പദം എന്തിന്റെയോ അവസാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് നമുക്ക് അറിയാം. എന്നാൽ എന്തിന്റെ? ദൈവവചനം നൽകുന്ന ചില വാഗ്ദാനങ്ങളിൽനിന്ന് അതു മനസ്സിലാക്കാം.
ദുഷ്ടന്മാർ നിർമൂലമാക്കപ്പെടും.
“കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”—സങ്കീർത്തനം 37:10, 11.
“യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും.”—സങ്കീർത്തനം 145:20.
ആരും ആരെയും അടിച്ചമർത്തില്ല.
“അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും.”—സങ്കീർത്തനം 72:12, 14.
‘സൃഷ്ടിതന്നെയും ജീർണതയുടെ അടിമത്തത്തിൽനിന്നു സ്വതന്ത്രമാക്കപ്പെട്ട് ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കും.’—റോമർ 8:20.
മനുഷ്യരുടെ ഭൗതിക ആവശ്യങ്ങൾ നിറവേറ്റപ്പെടും.
“അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
“അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.”—യെശയ്യാവു 65:21, 22.
ആരും അന്യായത്തിന് ഇരയാവില്ല.
‘രാവും പകലും തന്നോടു നിലവിളിക്കുന്നവർക്ക് ഒടുവിൽ ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവൻ അവർക്കു വേഗത്തിൽ ന്യായം നടത്തിക്കൊടുക്കുമെന്ന് ഞാൻ നിങ്ങളോടു പറയുന്നു.’—ലൂക്കോസ് 18:7, 8.
“യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു.”—സങ്കീർത്തനം 37:28.
എങ്ങും നീതി കളിയാടും.
“ഭൂവാസികൾ നീതിയെ പഠിക്കും.”—യെശയ്യാവു 26:9.
“നാം അവന്റെ വാഗ്ദാനപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.”—2 പത്രോസ് 3:13.
ആളുകൾക്കു മാറ്റംവരുന്നു
ദൈവവചനം നൽകുന്ന ഈ വാഗ്ദാനങ്ങളെല്ലാം നമുക്ക് ആശ്വാസം പകരുന്നവയാണ്. എന്നാൽ അവ നിവർത്തിക്കപ്പെടും എന്നതിന് എന്താണ് ഉറപ്പ്? ഇപ്പോൾത്തന്നെ അതിനുള്ള ചില തെളിവുകൾ നമുക്ക് കാണാനാകും. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ സ്വഭാവരീതികൾക്കു മാറ്റം വരുത്തിയിരിക്കുന്നു. സ്വാർഥരും അസന്മാർഗികളും അക്രമികളും ആയിരുന്ന ആളുകൾ സത്യസന്ധരും സമാധാനസ്നേഹികളും കരുണയുള്ളവരുമായി മാറിയിരിക്കുന്നു. അതെ, ഇന്ന് ലോകവ്യാപകമായി 70 ലക്ഷത്തിലധികംവരുന്ന യഹോവയുടെ സാക്ഷികൾക്ക് അതിനു കഴിഞ്ഞിരിക്കുന്നു.a ചരിത്രത്തിലുടനീളം അക്രമത്തിനും രക്തച്ചൊരിച്ചിലിനും ഇടയാക്കിയിരിക്കുന്ന വംശീയവും വർഗീയവും ദേശീയവും രാഷ്ട്രീയവും സാമ്പത്തികവുമായ ഭിന്നതകൾ മറികടന്ന് ഒരു ഏകീകൃത ജനസമൂഹമായി അവർ മാറിയിരിക്കുന്നു. ഭാവിയിലേക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾ നിവൃത്തിയേറും എന്നതിനുള്ള ശക്തമായ തെളിവാണിത്.
ആളുകളിൽ ഈ മാറ്റം സംഭവിക്കുന്നത് എങ്ങനെയാണ്? അതിനും ബൈബിൾ ഉത്തരം നൽകുന്നു. പ്രവാചകനായ യെശയ്യാവ് ബൈബിളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
“ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയകുട്ടി അവയെ നടത്തും. . . . സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”—യെശയ്യാവു 11:6-9.
മനുഷ്യരും മൃഗങ്ങളും ഐക്യത്തിൽ വസിക്കുന്ന ഒരു കാലത്തെക്കുറിച്ചു മാത്രമാണോ ഈ പ്രവചനം പരാമർശിക്കുന്നത്? അല്ല. ഈ മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക: “ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ . . . ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം മൃഗങ്ങളുടെ സ്വഭാവത്തിനു മാറ്റം വരുത്തുമോ? ഇല്ലെന്നു നമുക്കറിയാം. എന്നാൽ മനുഷ്യരുടെ സ്വഭാവത്തിനു മാറ്റം വരുത്താൻ അതിനാകും. ബൈബിൾ പഠിക്കുകയും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ മൃഗീയ പ്രവണതകൾ ഉള്ളവർ അതിനു മാറ്റംവരുത്തി ക്രിസ്തുവിന്റേതുപോലുള്ള വ്യക്തിത്വം ധരിക്കുമെന്ന് ഈ പ്രവചനം വ്യക്തമാക്കുന്നു.
പെഡ്രോb എന്ന വ്യക്തിയുടെ അനുഭവം കാണുക. നീതിക്കുവേണ്ടി പൊരുതുക എന്ന ലക്ഷ്യത്തിൽ അദ്ദേഹം ഒരു തീവ്രവാദി സംഘടനയിൽ ചേർന്നു. പരിശീലനത്തിനുശേഷം അദ്ദേഹത്തിന് ഒരു ദൗത്യം ലഭിച്ചു; ഒരു പോലീസ് ക്യാമ്പ് ബോംബുവെച്ചു തകർക്കുക! അതിനുള്ള നീക്കങ്ങൾക്കിടെ അദ്ദേഹം അറസ്റ്റിലായി. 18 മാസം അദ്ദേഹം ജയിലിൽ കഴിഞ്ഞു. അപ്പോഴും അദ്ദേഹം ആ സംഘടനയുമായി ബന്ധം പുലർത്തുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കുന്നത്. ജയിലിൽനിന്ന് ഇറങ്ങിയശേഷം പെഡ്രോയും ബൈബിൾ പഠിക്കാൻ തുടങ്ങി. യഹോവയാം ദൈവത്തെക്കുറിച്ച് ബൈബിളിൽനിന്നു മനസ്സിലാക്കിയ പെഡ്രോ തന്റെ വീക്ഷണങ്ങൾക്കു മാറ്റംവരുത്തി. “തീവ്രവാദി സംഘടനയോടൊത്ത് പ്രവർത്തിച്ചിരുന്ന കാലത്തും ഒരാളെപ്പോലും കൊല്ലാൻ ഇടവന്നില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് യഹോവയോട് നന്ദിയുണ്ട്,” പെഡ്രോ പറയുന്നു. “ഇന്ന് എന്റെ ആയുധം ബൈബിളാണ്. . . . ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം, യഥാർഥ സമാധാനത്തെയും നീതിയെയും കുറിച്ചുള്ള സന്ദേശം ആളുകളുടെ പക്കലെത്തിക്കുകയാണ് എന്റെ ഇപ്പോഴത്തെ ദൗത്യം.” അക്രമങ്ങളില്ലാത്ത ലോകത്തെക്കുറിച്ചുള്ള സന്ദേശം പങ്കുവെക്കാൻ, താൻ ഒരിക്കൽ തകർക്കാൻ പദ്ധതിയിട്ട ആ ക്യാമ്പിലും പെഡ്രോ പോയിരുന്നു.
ആളുകളിൽ മാറ്റം വരുത്താൻ ദൈവവചനത്തിനു കഴിയും എന്നതിന് ഇതിലും വലിയ തെളിവു വേണോ? ഭൂമുഖത്തുനിന്ന് തിന്മ തുടച്ചുനീക്കുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിക്കാൻ ശക്തമായ ഒരു അടിസ്ഥാനം ഇതു നൽകുന്നു. അതെ, ദുഷ്കൃത്യങ്ങൾ എന്നേക്കും തുടരില്ല. തങ്ങളുടെ സ്വഭാവരീതികൾക്കു മാറ്റം വരുത്തിയിട്ടുള്ളവർ മാത്രമേ ദൈവം കൊണ്ടുവരാനിരിക്കുന്ന പുതിയ ലോകത്തിൽ ഉണ്ടായിരിക്കൂ. മാത്രമല്ല, പെട്ടെന്നുതന്നെ യഹോവയാംദൈവം തിന്മയ്ക്ക് കാരണക്കാരനായ പിശാചായ സാത്താനെ നീക്കംചെയ്യും. ഇന്ന് ‘സർവലോകവും ഈ ദുഷ്ടന്റെ അധീനതയിലാണ്.’ (1 യോഹന്നാൻ 5:19) എന്നാൽ താമസിയാതെ ദൈവം അവനെയും തങ്ങളുടെ ദുഷിച്ച വഴികളിൽനിന്ന് തിരിഞ്ഞുവരാൻ വിസമ്മതിക്കുന്നവരെയും ഇല്ലായ്മചെയ്യും. അങ്ങനെയൊരു കാലത്ത് ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കുക!
ആ പുതിയ ലോകത്തിൽ ജീവിക്കാൻ നിങ്ങൾ എന്തു ചെയ്യണം? ഇന്ന് ആളുകളുടെ ജീവിതത്തിനു മാറ്റംവരുത്തുന്നതും സമീപ ഭാവിയിൽ ഗോളവ്യാപകമായ മാറ്റങ്ങൾക്ക് ഇടയാക്കുന്നതും ‘യഹോവയെക്കുറിച്ചുള്ള പരിജ്ഞാനമാണെന്ന്’ നാം കണ്ടുകഴിഞ്ഞു. പെഡ്രോയെപ്പോലെ ബൈബിൾ പരിജ്ഞാനം സമ്പാദിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്നെങ്കിൽ “നീതി വസിക്കുന്ന” ആ പുതിയ ലോകത്തിൽ നിങ്ങളും ഉണ്ടായിരിക്കും. (2 പത്രോസ് 3:13) ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചു പഠിക്കാനുള്ള അവസരം പാഴാക്കാതിരിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആ പരിജ്ഞാനം നിങ്ങൾക്ക് നിത്യജീവൻ നേടിത്തരും!—യോഹന്നാൻ 17:3.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ—അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രിക കാണുക. (യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്)
b പേരു മാറ്റിയിട്ടുണ്ട്.
[9-ാം പേജിലെ ആകർഷകവാക്യം]
“നീതി വസിക്കുന്ന” ആ പുതിയ ലോകത്തിൽ ജീവിക്കാൻ നിങ്ങൾക്കും കഴിയും.—2 പത്രോസ് 3:13