മലിനീകരണം തടയപ്പെടുന്നു—സത്വരം!
“പരിസ്ഥിതി പൊതുവേ വിചാരിക്കപ്പെടുന്നതിനേക്കാൾ വളരെ അരക്ഷിതമാണെന്നുള്ള നിഗമനത്തെ ഒഴിവാക്കാൻ കഴികയില്ല.” ഏററവുമധികം വിൽപ്പനയുണ്ടായിരുന്ന പുസ്തകത്തിന്റെ കർത്താവ് ആയ ജി. ആർ. ടെയിലർ ആ വാക്കുകളെഴുതിയ 1970-കളിൽ അവ സത്യമായിരുന്നെങ്കിൽ ഇന്ന് എത്രയധികം സത്യമായിരിക്കും! മലിനീകരണത്തിനുള്ള സ്ഥിരമായ പരിഹാരത്തിന്റെ മാർഗ്ഗമദ്ധ്യേയുള്ള തടസ്സങ്ങളെ മനുഷ്യൻതന്നെ നീക്കാനുള്ള സാദ്ധ്യത കുറയുകയാണ്. മനുഷ്യന് ദിവ്യസഹായം ആവശ്യമാണെന്നുള്ളതാണ് പ്രകടമായ സത്യം.
ദൈവം മനുഷ്യരെ സൃഷ്ടിച്ചപ്പോൾ ഭൂമിയെ പരിപാലിക്കാൻ അവൻ അവരോടു നിർദ്ദേശിച്ചു. (ഉൽപ്പത്തി 1:28; 2:15) പകരം, അജ്ഞതയിലും അഹങ്കാരത്തിലും അവർ അതിനെ മലിനപ്പെടുത്തിയിരിക്കുന്നു. എന്നാൽ “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്ന് സ്രഷ്ടാവ് വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഭൂമിയെ മനഃപൂർവം മലിനീകരിക്കുന്നവരെ ദൈവരാജ്യ ഗവൺമെൻറ് നശിപ്പിച്ചുകഴിയുമ്പോൾ മലിനീകരണത്തിന്റെ കാരണങ്ങളെ നീക്കംചെയ്യാൻ കഴിയും.—വെളിപ്പാട് 11:18.
ഇത് എങ്ങനെ സാധിക്കുമെന്നു നിർദ്ദേശിച്ചുകൊണ്ട് യെശയ്യാവ് 11:9 പറയുന്നു: “അവർ എന്റെ വിശുദ്ധപർവതത്തിലെങ്ങും ഒരു ദോഷം ചെയ്യുകയോ നാശം വരുത്തുകയോ ഇല്ല; എന്തുകൊണ്ടെന്നാൽ ഭൂമി തീർച്ചയായും യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ടു നിറയും.” ഭൂമിക്ക് ഏതെങ്കിലും ദോഷമോ നാശമോ വരുത്തിക്കൂട്ടുന്നതൊഴിവാക്കുന്ന അതിന്റെ സ്നേഹമയികളായ പരിപാലകരായി വർത്തിക്കുന്നതിന് ഭൂമിയെയും അതിന്റെ പരിസരത്തെയുംകുറിച്ച് അറിയേണ്ടതെല്ലാം സ്രഷ്ടാവ് മനുഷ്യരെ പഠിപ്പിക്കുമെന്നുള്ളതിനു സംശയമില്ല.
ദൈവം ആദ്യമനുഷ്യരെ സൃഷ്ടിച്ച അതേ പൂർണ്ണതയുടെ അവസ്ഥയിലേക്ക് അവൻ അവരെ പുനഃസ്ഥിതീകരിക്കും. സൂക്ഷ്മപരിജ്ഞാനത്താൽ നിറയുന്നതും പൂർണ്ണവിവേചനയാൽ നിയന്ത്രിക്കപ്പെടുന്നതുമായ പൂർണ്ണതയുള്ള മനസ്സുകൾ മാനുഷികതെററിനു ചായ്വുള്ളതായിരിക്കുകയില്ല. ഇപ്പോൾ നമുക്കറിവുള്ള ഉദാസീനതയും ജഡത്തിന്റെ മററു ദൗർബല്യങ്ങളും നീക്കംചെയ്യപ്പെടും. ദിവ്യസംരക്ഷണം മൂഢമായ അപകടങ്ങളെ ഇല്ലാതാക്കും. മൂലകങ്ങൾ പോലും പൂർണ്ണനിയന്ത്രണത്തിൽ നിർത്തപ്പെടും.—മർക്കോസ് 4:39 താരതമ്യപ്പെടുത്തുക.
“യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം” മററുള്ളവരോടുള്ള ഒരു സ്നേഹപൂർവകമായ പരിഗണനയും ദൈവത്തിന്റെ സൃഷ്ടികളോടുള്ള ഒരു വിലമതിപ്പും മനുഷ്യരിൽ നിവേശിപ്പിക്കും. ആ ഗുണങ്ങൾ മലിനീകരിക്കാൻ ആഗ്രഹിക്കുന്നതിൽനിന്ന് വ്യക്തികളെ തടയും. യഥാർത്ഥത്തിൽ, ഇത് ഇപ്പോൾത്തന്നെ ഇത്തരം ആളുകളെ ഉളവാക്കിക്കൊണ്ടിരിക്കുകയാണ്. അവർ “പഴയ വ്യക്തിത്വത്തെ അതിന്റെ ആചാരങ്ങളോടെ ഉരിഞ്ഞുകളഞ്ഞിരിക്കുന്ന”വരും ക്രിസ്തീയ തത്വങ്ങളനുസരിച്ചു ജീവിക്കാൻ കഠിനശ്രമംചെയ്യുന്നവരുമായ ആളുകളാണ്. ദൃഷ്ടാന്തമായി, “നീ നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം.” അല്ലെങ്കിൽ, “നിങ്ങളുടെ ജീവിതരീതി പണസ്നേഹത്തിൽനിന്നു വിമുക്തമായിരിക്കട്ടെ.” മറെറാന്ന്: “ഓരോരുത്തനും സ്വന്തം പ്രയോജനമല്ല, മറേറയാളുടേത് അന്വേഷിച്ചുകൊണ്ടിരിക്കട്ടെ.”—കൊലോസ്യർ 3:9, 10; മർക്കോസ് 12:31; എബ്രായർ 13:5; 1 കൊരിന്ത്യർ 10:24.
നിർദ്ദയകൊലയാളി ഒടുവിൽ തടയപ്പെടുന്നു!
ഇതുവരെ മലിനീകരണത്തിന്റെ മുഖ്യ പ്രോൽസാഹകനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. അവൻ ഒരു അദൃശ്യ കൊലയാളിയാണ്, ദൈവത്തിന്റെ വലിയ എതിരാളിയായ പിശാച്. (യോഹന്നാൻ 8:44; എബ്രായർ 2:14) സാത്താന്റെ വികലമായ മനസ്സ് ദൈവത്തെ അവമതിക്കാനും ദൈവസൃഷ്ടിയെ നശിപ്പിക്കാനുമുള്ള മാർഗ്ഗങ്ങൾ ചിന്തിക്കുന്നതിൽ വിദഗ്ദ്ധമാണ്. മലിനീകൃതവും അശുദ്ധവുമായ ഒരു ഭൂമി സ്രഷ്ടാവിന് ബഹുമതി കൈവരുത്തുന്നില്ല, അത് ഉജ്ജ്വലമായി നിർമ്മലവും മനോഹരവുമായിരിക്കാനാണ് രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്; പിശാചിന്റെ ഇംഗിതം ചെയ്യുന്നതിലേക്ക് തങ്ങളെ വഴിതെററിക്കാൻ പിശാചിനെ അനുവദിക്കുന്ന ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരും സ്രഷ്ടാവിന് ബഹമതി വരുത്തുന്നില്ല. (എഫേസ്യർ 2:2) സാത്താൻ സ്ഥിതിചെയ്യുന്നടത്തോളംകാലം മലിനീകരണത്തിനെതിരായ പോരാട്ടം പരാജയപ്പെട്ടുകൊണ്ടിരിക്കും പക്ഷേ കാത്തിരിക്കുക!
ദൈവത്തിന്റെ വാഗ്ദത്തം ഇതാണ്: “സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻ ഇറങ്ങിവരുന്നത് ഞാൻ കണ്ടു . . . പിശാചും സാത്താനുമെന്നു വിളിക്കപ്പെടുന്ന ആദ്യപാമ്പായ മഹാസർപ്പത്തെ അവൻ പിടിക്കുകയും ഒരു ആയിരം വർഷത്തേക്ക് ബന്ധിക്കുകയുംചെയ്തു . . . അവൻ ആയിരം ആണ്ട് അവസാനിക്കുന്നതുവരെ ജനതകളെ മേലാൽ വഞ്ചിക്കാതിരിക്കേണ്ടതിനുതന്നെ.” (വെളിപ്പാട് 20:1-3) ആ ദൂതൻ കർത്താവായ യേശുക്രിസ്തു ആണ്. അവൻ സാത്താനെ ബന്ധിക്കുകയും അങ്ങനെ ഒരു ആയിരം വർഷത്തേക്ക് അഖിലാണ്ഡത്തിൽനിന്ന് അവന്റെ സ്വാധീനത്തെ നീക്കുകയും ചെയ്യും. അതോടെ മലിനീകരണവിമുക്തമായ ഒരു ലോകത്തിന്റെ മുഖ്യ തടസ്സം നീക്കപ്പെടുന്നു.
ക്രിസ്തുവിന്റെ ആയിരവർഷവാഴ്ചക്കാലത്ത് ഭൂഗ്രഹത്തിന് മലിനീകരണത്തിന്റെ നുഴഞ്ഞുകയററത്തിൽനിന്ന് വിമുക്തമാകാൻ വേണ്ടത്ര സമയമുണ്ടായിരിക്കും. ഇപ്പോൾത്തന്നെ വരുത്തിക്കൂട്ടിയ തകരാറ് ദൈവരാജ്യത്തിന് അനായാസം പരിഹരിക്കാൻ കഴിയും. ഇതിനിടയിൽ, മലിനീകരണത്തിന്റെ മാരകമായ വിളയുടെ വീക്ഷണത്തിൽ നാം നമ്മാൽ കഴിയുന്നതുപോലെ അതിന്റെ നുഴഞ്ഞുകയററത്തിൽനിന്ന് നമ്മേത്തന്നെ ജ്ഞാനപൂർവം സംരക്ഷിക്കേണ്ടതാണ്. തീർച്ചയായും, ഇതു ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ പരിമിതമാണ്. ‘വെള്ളം കുടിക്കരുത്, വായു ശ്വസിക്കയുമരുത്’ എന്ന റേറാം ലേറെറുടെ തമാശയായ ബുദ്ധിയുപദേശം സ്വീകരിക്കുന്നത് അശേഷം പ്രായോഗികവുമല്ല. എന്നാൽ മററു നടപടികൾ സ്വീകരിക്കാൻ കഴിയും. (9-ാം പേജിലെ ചതുരം കാണുക.)
അങ്ങനെയുള്ള നടപടികൾ സ്വീകരിക്കുമ്പോൾ, മലിനീകരണത്തിന്റെ നുഴഞ്ഞുകയററത്തിനെതിരായുള്ള ഏററം നല്ല സംരക്ഷണം ദൈവരാജ്യത്തിൽ ആശ്രയം വെക്കുന്നതാണ്. അതു മാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരം വരുത്തുകയുള്ളു. കഴിഞ്ഞവർഷം യഹോവയുടെ സാക്ഷികൾ ഈ മലിനീകരണവിമുക്തമായ പുതിയ ലോകത്തിൽ ജീവിക്കുന്നതിനുള്ള ദൈവിക വ്യവസ്ഥകൾ പഠിക്കാനാഗ്രഹമുള്ളവരുമായി മുപ്പതുലക്ഷത്തിലധികം പ്രതിവാര ബൈബിളദ്ധ്യയനങ്ങൾ നടത്തി. സൗജന്യമായി വാഗ്ദാനംചെയ്യപ്പെടുന്ന ഈ സേവനത്തിൽനിന്ന് പ്രയോജനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
മലിനീകരണത്തിനെതിരായുള്ള—നിർദ്ദയകൊലയാളിക്കെതിരായുള്ള—നമ്മുടെ പോരാട്ടം പെട്ടെന്നവസാനിക്കുമെന്നറിയുന്നത് എന്തോരു സന്തോഷമാണ്! അതുപോലെതന്നെ മലിനീകരണത്തിന്റെ മാരകമായ വിളയെ നേരിടാനുള്ള നമ്മുടെ പോരാട്ടവും. കൊലയാളികൾതന്നെയായ മലിനീകരണവും അതിന്റെ മുഖ്യപ്രോൽസാഹകനായ പിശാചായ സാത്താനും ഒടുവിൽ തടയപ്പെടും—സത്വരംതന്നെ! (g88 5/8)
[9-ാം പേജിലെ ചതുരം]
മലിനീകരണത്തിനെതിരായ വ്യക്തിപരമായ സംരക്ഷണം
◼ നിരന്തരം വേണ്ടത്ര വ്യായാമവും വിശ്രമവും എടുത്തുകൊണ്ട് നിങ്ങളുടെ പൊതു ആരോഗ്യം സൂക്ഷിക്കുക
◼ പുകവലിയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗവും അല്ലെങ്കിൽ ശരീരത്തിന്റെ പ്രതിരോധസംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന മററു ശീലങ്ങളും ഒഴിവാക്കുക
◼ അമിതമായി വെയിൽകൊള്ളുന്നത് ഒഴിവാക്കുക
◼ നിങ്ങളുടെ പ്രദേശത്ത് ദുഷിച്ച വെള്ളത്തിന്റെ അപകടമുണ്ടെങ്കിൽ ഒരു വാട്ടർ ഫിൽററർ ഉപയോഗിക്കുക
◼ ന്യായമായി സാദ്ധ്യമാകുന്നടത്തോളം രാസചേരുവകളടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക
◼ മിക്കവാറും എല്ലാ ഔഷധങ്ങൾക്കും പാർശ്വഫലങ്ങളുള്ളതുകൊണ്ട് ആവശ്യമില്ലാത്ത ഔഷധപ്രയോഗമൊഴിവാക്കുക
◼ മലിനീകരണത്തെ തടയാനുള്ള നിയമപരമായ നിബന്ധനകളോട് സഹകരിക്കുക
[10-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിലെ മലിനീകരണവിമുക്തമായ മനോഹാരിതസംബന്ധിച്ച് വഞ്ചനാത്മകമായി യാതൊന്നുമുണ്ടായിരിക്കയില്ല