ബൈബിൾ പുസ്തക നമ്പർ 23—യെശയ്യാവ്
എഴുത്തുകാരൻ: യെശയ്യാവ്
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 732-നുശേഷം
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 778-732-നുശേഷം
1. പൊ.യു.മു. എട്ടാം നൂററാണ്ടിൽ മധ്യപൂർവദേശത്തെ, വിശേഷാൽ ഇസ്രായേലിലെയും യഹൂദയിലെയും, സാഹചര്യം എന്തായിരുന്നു?
“ക്രൂരനായ അസീറിയൻ ഏകാധിപതിയുടെ ഭീഷകമായ നിഴൽ മററു സാമ്രാജ്യങ്ങളുടെമേലും മധ്യപൂർവദേശത്തെ ചെറുരാജ്യങ്ങളുടെമേലും കനംതൂങ്ങി നിന്നു. മുഴുപ്രദേശവും ഗൂഢാലോചനയെയും രാഷ്ട്രീയ കൂട്ടുകെട്ടുകളെയും കുറിച്ചുളള സംസാരത്താൽ സജീവമായിരുന്നു. (യെശ. 8:9-13) വിശ്വാസത്യാഗിയായ വടക്കേ ഇസ്രായേൽ ഈ അന്താരാഷ്ട്ര ഉപജാപത്തിനു പെട്ടെന്നുതന്നെ ഇരയായിത്തീരുമായിരുന്നു, അതേസമയം തെക്കേ യഹൂദാരാജാക്കൻമാർ അപകടാവസ്ഥയിൽ വാഴുകയായിരുന്നു. (2 രാജാ. അധ്യാ. 15-21) പുതിയ യുദ്ധായുധങ്ങൾ വികസിപ്പിച്ചെടുക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തതിലൂടെ അക്കാലത്തെ ഭീഷണി വർധിക്കുകയായിരുന്നു. (2 ദിന. 26:14, 15) ആർക്കെങ്കിലും സംരക്ഷണത്തിനും രക്ഷയ്ക്കുംവേണ്ടി എങ്ങോട്ടു നോക്കാൻ കഴിയും? യഹോവയുടെ നാമം ചെറിയ യഹൂദാരാജ്യത്തിലെ ജനത്തിന്റെയും പുരോഹിതൻമാരുടെയും അധരങ്ങളിലുണ്ടായിരുന്നെങ്കിലും അവരുടെ ഹൃദയങ്ങൾ മററു ദിശകളിൽ വളരെയകന്നുപോയിരുന്നു, ആദ്യം അസീറിയയിലേക്കും അനന്തരം ഈജിപ്തിലേക്കും. (2 രാജാ. 16:7; 18:21) യഹോവയുടെ ശക്തിയിലുളള വിശ്വാസം കുറഞ്ഞു. തികഞ്ഞ വിഗ്രഹാരാധന നടക്കാഞ്ഞിടത്ത് യഥാർഥ ദൈവഭയത്തിലല്ല, ഉപചാരപരതയിൽ അധിഷ്ഠിതമായ കപടഭക്തിപരമായ ഒരു ആരാധനാരീതിയാണു പ്രാബല്യത്തിലിരുന്നത്.
2. (എ) യഹോവക്കുവേണ്ടി സംസാരിക്കാനുളള ആഹ്വാനത്തിന് ആർ ഉത്തരംകൊടുത്തു, എപ്പോൾ? (ബി) ഈ പ്രവാചകന്റെ പേർസംബന്ധിച്ച് എന്താണ് സാർഥകമായിട്ടുളളത്?
2 അപ്പോൾ യഹോവക്കുവേണ്ടി ആർ സംസാരിക്കും? ആർ അവന്റെ രക്ഷാശക്തി ഘോഷിക്കും? “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന സത്വരമറുപടി വന്നു. സംസാരിച്ചയാൾ യെശയ്യാവ് ആയിരുന്നു, ഇതിനുമുമ്പുതന്നെ അവൻ പ്രവചിച്ചുകൊണ്ടാണിരുന്നത്. അതു കുഷ്ഠരോഗിയായ ഉസ്സീയാവുരാജാവ് മരിച്ച വർഷമായിരുന്നു, പൊ.യു.മു. ഏതാണ്ട് 778. (യെശ. 6:1, 8) യെശയ്യാവ് എന്ന പേരിന്റെ അർഥം “യഹോവയുടെ രക്ഷ” എന്നാണ്, വിപരീതക്രമത്തിലാണ് എഴുതുന്നതെങ്കിലും അതു യേശു എന്ന പേരിന്റെ അതേ അർഥംതന്നെയാണ് (“യഹോവ രക്ഷയാകുന്നു”). തുടക്കംമുതൽ ഒടുക്കംവരെ യെശയ്യാവിന്റെ പ്രവചനം യഹോവ രക്ഷയാകുന്നു എന്ന ഈ വസ്തുതയെ പ്രദീപ്തമാക്കുന്നു.
3. (എ) യെശയ്യാവിനെ സംബന്ധിച്ച് എന്തറിയപ്പെടുന്നു? (ബി) ഏതു കാലഘട്ടത്തിലുടനീളം അവൻ പ്രവചിച്ചു, അവന്റെ നാളിലെ മററു പ്രവാചകൻമാർ ആരായിരുന്നു?
3 യെശയ്യാവ് ആമോസിന്റെ പുത്രനായിരുന്നു (യഹൂദയിൽനിന്നുളള മറെറാരു പ്രവാചകനായ ആമോസ് ആണെന്ന് തെററിദ്ധരിക്കരുത്). (1:1) അവന്റെ ജനനവും മരണവും സംബന്ധിച്ചു തിരുവെഴുത്തുകൾ മൗനം പാലിക്കുന്നു, എന്നിരുന്നാലും, ദുഷ്ടനായ മനശ്ശെ രാജാവ് അവനെ അറുത്തുകൊന്നുവെന്നു യഹൂദ പാരമ്പര്യം പറയുന്നു. (എബ്രായർ 11:37 താരതമ്യം ചെയ്യുക.) അവന്റെ എഴുത്തുകൾ പ്രവാചകിയായ തന്റെ ഭാര്യയോടും പ്രാവചനികമായ പേരുകളുളള കുറഞ്ഞപക്ഷം രണ്ടു പുത്രൻമാരോടുമൊത്ത് അവൻ യെരുശലേമിൽ വസിക്കുന്നതായി പ്രകടമാക്കുന്നു. (യെശ. 7:3; 8:1, 3) തെളിവനുസരിച്ച് അവൻ പൊ.യു.മു. ഏതാണ്ട് 778-ൽ (ഉസ്സീയാവു മരിച്ച കാലത്ത് അല്ലെങ്കിൽ കുറേക്കൂടെ നേരത്തെ) തുടങ്ങി (കുറഞ്ഞപക്ഷം ഹിസ്കിയാവിന്റെ 14-ാം വർഷമായ) പൊ.യു.മു. 732 വരെയെങ്കിലും തുടർന്നുകൊണ്ട്, അല്ലെങ്കിൽ 46 വർഷത്തിൽ കുറയാതെ, ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നീ നാലു യഹൂദാരാജാക്കൻമാരുടെ കാലത്തു സേവിച്ചു. ഈ ഒടുവിലത്തെ തീയതിക്കുമുമ്പ് അവൻ തന്റെ പ്രവചനം എഴുതിയിരുന്നുവെന്നതിനു സംശയമില്ല. (1:1; 6:1; 36:1) അവന്റെ നാളിലെ മററു പ്രവാചകൻമാർ യഹൂദയിലെ മീഖായും വടക്ക് ഹോശേയയും ഓബേദുമായിരുന്നു.—മീഖാ 1:1; ഹോശേ. 1:1; 2 ദിന. 28:6-9.
4. പുസ്തകത്തിന്റെ എഴുത്തുകാരൻ യെശയ്യാവായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?
4 പ്രവാചക ന്യായവിധികൾ എഴുതാൻ യഹോവ യെശയ്യാവിനോടു കൽപ്പിച്ചുവെന്നതു യെശയ്യാവു 30:8-നാൽ സ്ഥിരീകരിക്കപ്പെടുന്നു: “നീ ഇപ്പോൾ ചെന്നു, വരുങ്കാലത്തേക്കു ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന്നു അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവെക്കുക.” പുരാതന യഹൂദ റബ്ബിമാർ യെശയ്യാവിനെ എഴുത്തുകാരനായി അംഗീകരിക്കുകയും വലിയ പ്രവാചകൻമാരുടെ (യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ) ആദ്യപുസ്തകമായി ഈ പുസ്തകത്തെ ഉൾപ്പെടുത്തുകയും ചെയ്തു.
5. യെശയ്യാവിന്റെ പുസ്തകത്തിന്റെ ഏകതയെ സാക്ഷ്യപ്പെടുത്തുന്നതെന്ത്?
5 നാൽപ്പതാം അധ്യായംമുതലുളള പുസ്തകത്തിന്റെ ശൈലിയിലുളള മാററം ഒരു വ്യത്യസ്ത എഴുത്തുകാരനെ അഥവാ “രണ്ടാം യെശയ്യാവി”നെ സൂചിപ്പിക്കുന്നതായി ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പ്രതിപാദ്യവിഷയത്തിലുളള മാററം ഇതിന്റെ കാരണം വിശദീകരിക്കുന്നതിനു മതിയായതായിരിക്കണം. യെശയ്യാവ് തന്റെ പേർവഹിക്കുന്ന മുഴു പുസ്തകവും എഴുതിയെന്നതിനു വളരെയധികം തെളിവുണ്ട്. ദൃഷ്ടാന്തത്തിനു പുസ്തകത്തിന്റെ ഏകത “യിസ്രായേലിന്റെ പരിശുദ്ധൻ” എന്ന പദപ്രയോഗത്താൽ സൂചിപ്പിക്കപ്പെടുന്നു, അത് 1 മുതൽ 39 വരെയുളള അധ്യായങ്ങളിൽ 12 പ്രാവശ്യവും 40 മുതൽ 66 വരെയുളള അധ്യായങ്ങളിൽ 13 പ്രാവശ്യവുമായി മൊത്തം 25 പ്രാവശ്യം വരുന്നുണ്ട്, അതേസമയം എബ്രായ തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗത്തുടനീളം 6 പ്രാവശ്യമേ അതു കാണുന്നുളളു. ഈ പ്രവചനത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും ഉദ്ധരിച്ചുകൊണ്ടും മുഴു കൃതിയുടെയും ബഹുമതി ഏക എഴുത്തുകാരനായ യെശയ്യാവിനു കൊടുത്തുകൊണ്ടും അപ്പോസ്തലനായ പൗലൊസ് പുസ്തകത്തിന്റെ ഏകതക്കു സാക്ഷ്യം വഹിക്കുന്നു.—റോമർ 10:16, 20; 15:12 ഇവ യെശയ്യാവ് 53:1; 65:1; 11:1 എന്നിവയുമായി താരതമ്യം ചെയ്യുക.
6. യെശയ്യാവിന്റെ ചാവുകടൽചുരുൾ (എ) നമ്മുടെ ഇന്നത്തെ ബൈബിൾ മൂല നിശ്വസ്ത എഴുത്തിനെ പ്രതിനിധാനംചെയ്യുന്നുവെന്ന് (ബി) മുഴു പുസ്തകവും ഒരു യെശയ്യാവിനാൽ എഴുതപ്പെട്ടതാണെന്നു ബോധ്യംവരുത്തുന്ന തെളിവു നൽകുന്നത് എങ്ങനെ?
6 1947-ാം ആണ്ടുമുതൽ കുറേ പുരാതനരേഖകൾ ചാവുകടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തിനടുത്തുളള കീർബററ് കുംറാനിൽനിന്ന് അകലെയല്ലാത്ത ഗുഹകളുടെ ഇരുട്ടിൽനിന്നു പുറത്തു കൊണ്ടുവന്നിട്ടുണ്ടെന്നുളളതു കൗതുകകരമാണ്. ഇവയായിരുന്നു ചാവുകടൽ ചുരുളുകൾ, അവയിൽ യെശയ്യാവിന്റെ പ്രവചനം ഉൾപ്പെട്ടിരുന്നു. ഇതു നന്നായി സംരക്ഷിക്കപ്പെട്ട മാസറെററിക്-പൂർവ എബ്രായയിൽ മനോഹരമായി എഴുതപ്പെട്ടിരിക്കുന്നു, പൊ.യു.മു. രണ്ടാം നൂററാണ്ടിന്റെ അവസാനംമുതൽ ഉളളതുമാണ്, ഏതാണ്ട് 2,000 വർഷത്തെ പഴക്കം. അങ്ങനെ അതിന്റെ പാഠം, എബ്രായ തിരുവെഴുത്തുകളുടെ ആധുനിക വിവർത്തനങ്ങളുടെ അടിസ്ഥാനമായ മാസറെററിക് പാഠത്തിന്റെ നിലവിലുളള ഏററവും പഴക്കമുളള കൈയെഴുത്തുപ്രതിയെക്കാൾ ആയിരം വർഷം പഴക്കമുളളതാണ്. ചില നിസ്സാരമായ അക്ഷരവിന്യാസ വ്യതിയാനങ്ങളും വ്യാകരണഘടനയിലെ ചില വ്യത്യാസങ്ങളും ഉണ്ട്. എന്നാൽ ഉപദേശപരമായി അതു മാസറെററിക് പാഠത്തിൽനിന്നു വ്യത്യസ്തമല്ല. ഇന്നത്തെ നമ്മുടെ ബൈബിളുകളിൽ യെശയ്യാവിന്റെ മൂല നിശ്വസ്ത സന്ദേശം അടങ്ങിയിരിക്കുന്നുവെന്നതിന് ഇവിടെ ബോധ്യം വരുത്തുന്ന തെളിവുണ്ട്. കൂടാതെ, ഈ പുരാതന ചുരുളുകൾ രണ്ടു “യെശയ്യാവുമാരെ”സംബന്ധിച്ച വിമർശകരുടെ അവകാശവാദങ്ങളെ ഖണ്ഡിക്കുന്നു, കാരണം 40-ാം അധ്യായം തുടങ്ങുന്നതു 39-ാം അധ്യായം അടങ്ങിയിരിക്കുന്ന എഴുത്തുപംക്തിയുടെ അവസാനത്തെ വരിയിലാണ്, ആദ്യവാചകം പൂർത്തിയാകുന്നത് അടുത്ത പംക്തിയിലാണ്. അങ്ങനെ, പകർപ്പെഴുത്തുകാരന് എഴുത്തുകാരന്റെ ഏതെങ്കിലും സങ്കൽപ്പിത മാററത്തെക്കുറിച്ചോ പുസ്തകത്തിന്റെ ഈ സ്ഥാനത്തെ ഏതെങ്കിലും വിഭജനത്തെക്കുറിച്ചോ അറിവില്ലായിരുന്നു എന്നതു സ്പഷ്ടമാണ്.a
7. യെശയ്യാവിന്റെ വിശ്വാസ്യത സംബന്ധിച്ചു ധാരാളമായ എന്തു തെളിവുണ്ട്?
7 യെശയ്യാവിന്റെ പുസ്തകത്തിന്റെ വിശ്വാസ്യതക്കു ധാരാളം തെളിവുണ്ട്. മോശയൊഴിച്ചു മറെറാരു പ്രവാചകനും ക്രിസ്തീയ എഴുത്തുകാരാൽ ഇത്ര കൂടെക്കൂടെ ഉദ്ധരിക്കപ്പെടുന്നില്ല. സെൻഹെരീബ് യെരുശലേമിന്റെ ഉപരോധം സംബന്ധിച്ച സ്വന്തം വിവരണം നൽകുന്ന അവന്റെ ഷഡ്കോണികപ്രിസം ഉൾപ്പെടെ, അസീറിയൻ രാജാക്കൻമാരുടെ ചരിത്രരേഖകൾ പോലെ അതിനെ യഥാർഥമെന്നു തെളിയിക്കുന്ന ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ ധാരാളം തെളിവുകളുണ്ട്.b (യെശ., അധ്യാ. 36, 37) ഒരു കാലത്തു ബാബിലോൻ ആയിരുന്ന ശൂന്യശിഷ്ട കൂമ്പാരം യെശയ്യാവു 13:17-22-ന്റെ നിവൃത്തിക്ക് ഇപ്പോഴും സാക്ഷ്യം വഹിക്കുന്നു.c ഏതാണ്ട് 200 വർഷം മുമ്പേ യെശയ്യാവ് എഴുതിയ കോരേശ് എന്നു പേരുളള ഒരു രാജാവ് സ്വതന്ത്രരാക്കി വിട്ടയച്ചവരായി ബാബിലോനിൽനിന്നു പുറപ്പെട്ട ആയിരക്കണക്കിനു യഹൂദൻമാരിൽ ഓരോരുത്തരിലും ജീവിക്കുന്ന ഒരു സാക്ഷ്യമുണ്ടായിരുന്നു. കോരേശിനെ പിന്നീട് ഈ പ്രവാചക എഴുത്തു കാണിച്ചിരിക്കാൻ നല്ല സാധ്യതയുണ്ട്. കാരണം യഹൂദശേഷിപ്പിനെ വിട്ടയച്ച സമയത്ത് അവൻ അങ്ങനെ ചെയ്യാൻ യഹോവയാൽ നിയോഗിക്കപ്പെട്ടതായി പറയുകയുണ്ടായി.—യെശ. 44:28; 45:1; എസ്രാ 1:1-3.
8. മിശിഹൈകപ്രവചനങ്ങളുടെ നിവൃത്തിയാൽ നിശ്വസ്തത തെളിയിക്കപ്പെടുന്നത് എങ്ങനെ?
8 യെശയ്യാവിന്റെ പുസ്തകത്തിൽ മുന്തിനിൽക്കുന്നതു മിശിഹൈകപ്രവചനങ്ങളാണ്. യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളിൽ നിവൃത്തിയേറിയ പ്രവചനങ്ങൾ നിരവധിയായതുകൊണ്ടു യെശയ്യാവ് “സുവിശേഷ പ്രവാചകൻ” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. പ്രവൃത്തികൾ 8-ാം അധ്യായത്തിൽ പരാമർശിച്ചിരിക്കുന്ന എത്യോപ്യൻ ഷണ്ഡനു മാത്രമല്ല, യഹൂദജനത്തിനു മൊത്തം ദീർഘകാലം ഒരു “ദുർഗ്രഹ അധ്യായ”മായിരുന്ന 53-ാം അധ്യായം യേശുവിനോടുളള പെരുമാററത്തെ സുവ്യക്തമായി മുൻകൂട്ടിപ്പറയുന്നതുകൊണ്ട് അത് ഒരു ദൃക്സാക്ഷിവിവരണം പോലെയാണ്. പിൻവരുന്ന താരതമ്യങ്ങൾ പ്രകടമാക്കുന്നതുപോലെ, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ യെശയ്യാവിലെ ഈ ശ്രദ്ധേയമായ അധ്യായത്തിന്റെ പ്രാവചനിക നിവൃത്തികൾ രേഖപ്പെടുത്തുന്നു: വാക്യം 1—യോഹന്നാൻ 12:37, 38; വാക്യം 2—യോഹന്നാൻ 19:5-7; വാക്യം 3—മർക്കൊസ് 9:12; വാക്യം 4—മത്തായി 8:16, 17; വാക്യം 5—1 പത്രൊസ് 2:24; വാക്യം 6—1 പത്രൊസ് 2:25; വാക്യം 7—പ്രവൃത്തികൾ 8:32, 35; വാക്യം 8—പ്രവൃത്തികൾ 8:33; വാക്യം 9—മത്തായി 27:57-60; വാക്യം 10—എബ്രായർ 7:27; വാക്യം 11—റോമർ 5:18; വാക്യം 12—ലൂക്കൊസ് 22:37. ദൈവമല്ലാതെ ആർക്ക് അങ്ങനെയുളള കൃത്യമായ പ്രവചനങ്ങളുടെ ഉറവായിരിക്കാൻ കഴിയും?
യെശയ്യാവിന്റെ ഉളളടക്കം
9. യെശയ്യാവിന്റെ ഉളളടക്കം ഏതു വിഭാഗങ്ങളിൽപെടുന്നു?
9 ആദ്യത്തെ ആറ് അധ്യായങ്ങൾ യഹൂദയിലെയും യെരുശലേമിലെയും പശ്ചാത്തലം നൽകുകയും യഹോവയുടെ മുമ്പാകെയുളള യഹൂദയുടെ കുററവും യെശയ്യാവിന്റെ നിയോഗവും വിവരിക്കുകയും ചെയ്യുന്നു. 7 മുതൽ 12 വരെയുളള അധ്യായങ്ങൾ ശത്രുവിനാലുളള ആക്രമണഭീഷണികളും യഹോവയാൽ നിയോഗിക്കപ്പെട്ട സമാധാനപ്രഭുവിനാലുളള ആശ്വാസത്തിന്റെ വാഗ്ദാനവും കൈകാര്യംചെയ്യുന്നു. 13 മുതൽ 35 വരെയുളള അധ്യായങ്ങളിൽ അനേകം ജനതകൾക്കെതിരായ പ്രഖ്യാപനങ്ങളുടെ ഒരു പരമ്പരയും യഹോവ നൽകാനിരിക്കുന്ന രക്ഷയുടെ ഒരു പ്രവചനവും ഉൾപ്പെടുന്നു. ഹിസ്കിയാവിന്റെ വാഴ്ചയുടെ ചരിത്രപ്രധാനമായ സംഭാവനകൾ 36 മുതൽ 39 വരെയുളള അധ്യായങ്ങളിൽ വർണിക്കപ്പെടുന്നു. ശേഷിച്ച 40 മുതൽ 66 വരെയുളള അധ്യായങ്ങളുടെ വിഷയം യഹൂദശേഷിപ്പിന്റെ മടങ്ങിവരവും സീയോന്റെ പുനഃസ്ഥാപനവുമാണ്.
10. (എ) യെശയ്യാവ് കാര്യങ്ങൾ നേരെയാക്കാൻ ജനതയെ ആഹ്വാനംചെയ്യുന്നത് എന്തുകൊണ്ട്? (ബി) നാളുകളുടെ അന്തിമഭാഗത്തിനുവേണ്ടി അവൻ എന്തു പ്രവചിക്കുന്നു?
10 “യെഹൂദയെയും യെരൂശലേമിനെയുംപററി”യുളള യെശയ്യാവിന്റെ സന്ദേശം (1:1–6:13). ചാക്കുശീലയും ചെരുപ്പുകളും ധരിച്ച് അവൻ യെരുശലേമിൽ നിന്നുകൊണ്ടു വിളിച്ചുപറയുന്നതു കാണുക: സ്വേച്ഛാധിപതികളേ! ജനമേ! ശ്രദ്ധിപ്പിൻ! നിങ്ങളുടെ ജനത അടിതൊട്ടു മുടിവരെ രോഗബാധിതമാണ്, നിങ്ങൾ നിങ്ങളുടെ രക്തപങ്കിലമായ കൈകൾ പ്രാർഥനയിൽ ഉയർത്തി യഹോവയെ ശല്യപ്പെടുത്തിയിരിക്കുന്നു. വരൂ, അവനുമായി കാര്യങ്ങൾ നേരെയാക്കുക, കടുംചുവപ്പായ പാപങ്ങൾ ഹിമംപോലെ വെളുപ്പിക്കാൻതന്നെ. നാളുകളുടെ അന്തിമഭാഗത്ത്, യഹോവയുടെ ആലയമുളള പർവതം ഉയർത്തപ്പെടും, സകല ജനതകളും പ്രബോധനത്തിനുവേണ്ടി അതിലേക്ക് ഒഴുകിവരും. അവർ മേലാൽ യുദ്ധം അഭ്യസിക്കുകയില്ല. യഹോവ ഉയർത്തപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യും. എന്നാൽ ഇസ്രായേലും യഹൂദയും ഒരു വിശിഷ്ട മുന്തിരിവളളിയായി നട്ടതായിരുന്നെങ്കിലും അക്കാലത്ത് അധർമത്തിന്റെ മുന്തിരിയാണ് ഉത്പാദിപ്പിക്കുന്നത്. അവർ നൻമയെ തിൻമയും തിൻമയെ നൻമയുമാക്കുന്നു, എന്തെന്നാൽ അവർ സ്വന്തദൃഷ്ടിയിൽ ജ്ഞാനികളാണ്.
11. ഏതു ദർശനത്തോടുകൂടെ യെശയ്യാവിനു തന്റെ നിയോഗം ലഭിക്കുന്നു?
11 “യഹോവ ഉയർന്നും പൊങ്ങിയുമിരിക്കുന്ന ഒരു സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു,” യെശയ്യാവു പറയുന്നു. ദർശനത്തോടൊപ്പം യഹോവയുടെ നിയോഗം വരുന്നു: “നീ ചെന്നു ഈ ജനത്തോടു ഇങ്ങനെ പറയണം, ‘വീണ്ടും വീണ്ടും കേൾക്കുക’” എത്ര നാൾ? “നഗരങ്ങൾ യഥാർഥമായി തകരു”ന്നതുവരെ.”—6:1, 9, 11, NW.
12. (എ) യെശയ്യാവും അവന്റെ പുത്രൻമാരും പ്രാവചനിക അടയാളങ്ങളെന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നത് എങ്ങനെ? (ബി) യെശയ്യാവു 9-ാം അധ്യായത്തിൽ ഏതു പ്രമുഖ വാഗ്ദത്തം നൽകപ്പെടുന്നു?
12 ശത്രുവിനാലുളള ആക്രമണങ്ങളുടെ ഭീഷണികളും ആശ്വാസത്തിന്റെ വാഗ്ദാനവും (7:1–12:6). ആദ്യമായി സിറിയയുടെയും ഇസ്രായേലിന്റെയും യഹൂദക്കെതിരായ കൂട്ടുകെട്ടു പരാജയപ്പെടുമെന്നും എന്നാൽ ഒരു ശേഷിപ്പുമാത്രം മടങ്ങിവരുമാറ് യഹൂദാ അടിമത്തത്തിലേക്കു പോകുമെന്നും പ്രകടമാക്കുന്നതിനു യഹോവ യെശയ്യാവിനെയും അവന്റെ പുത്രൻമാരെയും പ്രാവചനിക ‘അടയാളങ്ങളും അത്ഭുതങ്ങളു’മായി ഉപയോഗിക്കുന്നു. ഒരു കന്യക ഗർഭിണിയാകുകയും ഒരു പുത്രനെ പ്രസവിക്കുകയും ചെയ്യും. അവന്റെ പേർ? ഇമ്മാനുവേൽ (അർഥം “ദൈവം നമ്മോടുകൂടെ”). യഹൂദക്കെതിരായ സംയുക്തശത്രുക്കൾ ഗൗനിക്കട്ടെ! “അര കെട്ടിക്കൊൾവിൻ; തകർന്നുപോകുവിൻ!” പ്രയാസകാലങ്ങൾ വരും, എന്നാൽ പിന്നീടു ദൈവജനങ്ങളുടെമേൽ ഒരു വലിയ വെളിച്ചം പ്രകാശിക്കും. എന്തുകൊണ്ടെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, “അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു, എന്നു പേർ വിളിക്കപ്പെടും.”—7:14; 8:9, 18; 9:6.
13. (എ) അഹങ്കാരിയായ അസീറിയക്കാരന് ഏതു പരിണതഫലം അനുഭവപ്പെടാനിരിക്കുന്നു? (ബി) യിശ്ശായിയുടെ ‘കൊമ്പി’ന്റെ ഭരണത്തിൽനിന്ന് എന്തു ഫലമുണ്ടാകും?
13 ഹാ, “എന്റെ കോപത്തിന്റെ കോലായ അശ്ശൂർ,” യഹോവ വിളിച്ചുപറയുന്നു. “അശുദ്ധമായോരു ജാതിക്കുനേരെ” ആ കോലിനെ ഉപയോഗിച്ചശേഷം ദൈവം അഹങ്കാരിയായ അസീറിയക്കാരനെ തന്നെ വെട്ടിയിടും. പിന്നീട് “ഒരു ശേഷിപ്പു മടങ്ങിവരും.” (10:5, 6, 21) ഇപ്പോൾ യിശ്ശായിയുടെ (ദാവീദിന്റെ പിതാവ്) കുററിയിൽനിന്നുളള ഒരു മുള, ഒരു കൊമ്പ്, കാണുക! ഈ “മുള” നീതിയിൽ ഭരിക്കും, അവനാൽ യാതൊരു ദോഷമോ നാശമോ കൂടാതെ സകല സൃഷ്ടിക്കും ആനന്ദാനുഭൂതി ലഭിക്കും, എന്തുകൊണ്ടെന്നാൽ “സമുദ്രം വെളളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ടു പൂർണ്ണ”മാകും. (11:1, 9) ജനതകൾക്ക് ഒരു അടയാളമായി ഈ ഒരുവൻ ഉണ്ടായിരിക്കെ, മടങ്ങിപ്പോകുന്ന ശേഷിപ്പിനുവേണ്ടി അശ്ശൂരിൽനിന്ന് ഒരു പെരുവഴി പുറപ്പെടുന്നു. രക്ഷയുടെ ഉറവുകളിൽനിന്നു വെളളം കോരുന്നതിലും യഹോവക്കു കീർത്തനം ആലപിക്കുന്നതിലും ആഹ്ലാദമുണ്ടായിരിക്കും.
14. ബാബിലോന് ഏതു വീഴ്ച മുൻകൂട്ടിപ്പറയപ്പെടുന്നു?
14 ബാബിലോന്റെ നാശം പ്രഖ്യാപിക്കുന്നു (13:1–14:27). യെശയ്യാവ് ഇപ്പോൾ അസീറിയക്കാരന്റെ നാളിനുമപ്പുറം ബാബിലോന്റെ ഔന്നത്യകാലത്തേക്കു നോക്കുന്നു. ശ്രദ്ധിപ്പിൻ! ബഹുജനത്തിന്റെ ഘോഷം, രാജ്യങ്ങളുടെ, കൂടിവന്നിരിക്കുന്ന ജനതകളുടെ, ആർപ്പ്! യഹോവ യുദ്ധസൈന്യത്തെ കൂട്ടിച്ചേർക്കുകയാണ്! അതു ബാബിലോന് ഒരു അന്ധകാരദിവസമാണ്. വിസ്മയാധീനമായ മുഖങ്ങൾ കത്തിപ്പോകുന്നു, ഹൃദയങ്ങൾ ഉരുകുന്നു. നിർദയരായ മേദ്യർ “രാജ്യങ്ങളുടെ മഹത്വ”മായ ബാബിലോനെ മറിച്ചിടും. അവൾ കുടിപാർപ്പില്ലാത്ത ഒരു ശൂന്യവും “തലമുറതലമുറയോളം” കാട്ടുജന്തുക്കളുടെ ആവാസസ്ഥലവുമായിത്തീരും. (13:19, 20) ഷീയോളിൽ മൃതരായവർ ബാബിലോൻരാജാവിനെ സ്വീകരിക്കാൻ ഇളക്കപ്പെടുന്നു. പുഴുക്കൾ അയാളുടെ കിടക്കയും കൃമികൾ അയാളുടെ പുതപ്പുമായിത്തീരുന്നു. ‘പ്രഭാതപുത്രനായ ഈ തിളക്കമാർന്നവന്റെ’ എന്തൊരു വീഴ്ച! (14:12, NW) തന്റെ സിംഹാസനത്തെ ഉയർത്താൻ അവൻ കാംക്ഷിച്ചു, ബാബിലോനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരുമ്പോൾ അവൻ പുറന്തളളിയ ഒരു ശവമായിത്തീർന്നിരിക്കുന്നു. യാതൊരു പേരും ശേഷിപ്പും സന്താനവും സന്തതിപരമ്പരയും ശേഷിക്കാൻപാടില്ല!
15. ഏതു സാർവദേശീയ ശൂന്യമാക്കലുകളെക്കുറിച്ചു യെശയ്യാവ് പ്രവചിക്കുന്നു?
15 സാർവദേശീയ ശൂന്യമാക്കലുകൾ (14:28–23:18). യെശയ്യാവ് ഇപ്പോൾ മധ്യധരണിക്കടൽ തീരത്തുളള ഫെലിസ്ത്യയിലേക്കും ചാവുകടലിനു തെക്കുകിഴക്കുളള മോവാബിലേക്കും പിമ്പോട്ടു ചൂണ്ടുന്നു. അവൻ തന്റെ പ്രവചനത്തെ ഇസ്രായേലിന്റെ വടക്കേ അതിർത്തിക്കപ്പുറം സിറിയൻ ദമാസ്കസിലേക്കു തിരിച്ചുവിടുകയും തെക്ക് എത്യോപ്യയിലേക്കു താഴോട്ടിറങ്ങുകയും നൈലിലൂടെ ഈജിപ്തിലേക്കു നീങ്ങുകയും ചെയ്യുന്നു, ഉടനീളം ശൂന്യത വരുത്തുന്ന ദൈവത്തിന്റെ ന്യായവിധികൾ സഹിതം. അവൻ സെൻഹെരീബിന്റെ മുൻഗാമി, അസീറിയൻ രാജാവായ സർഗോൻ യെരുശലേമിനു പടിഞ്ഞാറുളള അസ്ദോദ് എന്ന ഫെലിസ്ത്യ നഗരത്തിനെതിരെ സേനാധിപനായ തർത്താനെ അയയ്ക്കുന്നതിനെക്കുറിച്ചു പറയുന്നു. ഈ സമയത്തു വസ്ത്രമുരിഞ്ഞു നഗ്നനായും നഗ്നപാദനായും മൂന്നു വർഷം നടക്കാൻ യെശയ്യാവിനോടു പറയപ്പെടുന്നു. അങ്ങനെ അവൻ ഈജിപ്തിലും എത്യോപ്യയിലും ആശ്രയിക്കുന്നതിന്റെ നിഷ്പ്രയോജനത്വം സുവ്യക്തമായി വരച്ചുകാട്ടുന്നു, അവരെ ‘ആസനം മറെക്കാത്തവരായി’ അസീറിയക്കാരൻ ബന്ദികളായി പിടിച്ചുകൊണ്ടുപോകും.—20:4.
16. ബാബിലോനിനും ഏദോമിനും യെരുശലേമിലെ കോലാഹലക്കാർക്കും സീദോനും സോരിനും ഏത് അനർഥങ്ങൾ ദർശിക്കുന്നു?
16 തന്റെ വീക്ഷാഗോപുരത്തിൻമേൽ നിന്നുകൊണ്ടുളള ഒരു വീക്ഷണം ബാബിലോന്റെയും അവളുടെ ദൈവങ്ങളുടെയും വീഴ്ച കാണുന്നു. ഏദോമിനു വിപത്തുകൾ അവൻ കാണുന്നു. “നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ” എന്നു പറയുന്ന യെരുശലേമിൽ കോലാഹലം സൃഷ്ടിക്കുന്നവരെ യഹോവതന്നെ സംബോധനചെയ്യുന്നു. ‘നിങ്ങൾ മരിക്കും’ എന്നു യഹോവ പറയുന്നു. (22:13, 14) തർശീശ് കപ്പലുകളും മുറയിടും, സീദോൻ ലജ്ജിക്കണം, “ഭൂമിയിലെ സകല മഹാൻമാരെയും അപമാനിക്കേണ്ടതിന്നു” സോരിനെതിരെ യഹോവ ആലോചന പറഞ്ഞിരിക്കുന്നു.—23:9.
17. ഏതു ന്യായവിധിയും ഏതു പുനഃസ്ഥാപനവും യഹൂദക്കുവേണ്ടി മുൻകൂട്ടിപ്പറയപ്പെടുന്നു?
17 യഹോവയുടെ ന്യായവിധിയും രക്ഷയും (24:1–27:13). എന്നാൽ ഇപ്പോൾ യഹൂദയെ നോക്കുക! യഹോവ ദേശത്തെ ശൂന്യമാക്കുകയാണ്. ജനവും പുരോഹിതനും, ദാസനും യജമാനനും വാങ്ങുന്നവനും വിൽക്കുന്നവനും—എല്ലാവരും പോകണം, കാരണം അവർ ദൈവനിയമങ്ങളെ മറികടക്കുകയും അനിശ്ചിതമായി നിലനിൽക്കുന്ന ഉടമ്പടിയെ ലംഘിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ കാലക്രമത്തിൽ, അവൻ തടവുകാരിലേക്കു തന്റെ ശ്രദ്ധ തിരിക്കുകയും അവരെ കൂട്ടിച്ചേർക്കുകയും ചെയ്യും. അവൻ ഒരു കോട്ടയും സങ്കേതവുമാകുന്നു. അവൻ തന്റെ പർവതത്തിൽ ഒരു വിരുന്നൊരുക്കുകയും മരണത്തെ എന്നേക്കുമായി വിഴുങ്ങിക്കളയുകയും സകലമുഖങ്ങളിലും നിന്നു കണ്ണുനീർ തുടക്കുകയും ചെയ്യും. “ഇതാ, നമ്മുടെ ദൈവം” എന്നു പറയപ്പെടും. “അവൻ തന്നേ യഹോവ.” (25:9) രക്ഷ മതിലുകളായുളള ഒരു നഗരം യഹൂദക്കുണ്ട്. യഹോവയിൽ ആശ്രയിക്കുന്നവർക്കു തുടർച്ചയായ സമാധാനമുണ്ട്, എന്തെന്നാൽ “യഹോവയാം യാഹിൽ ശ്വാശ്വതമായോരു പാറ” ഉണ്ട്. എന്നാൽ ദുഷ്ടൻമാർ കേവലം “നീതി പഠിക്കയില്ല.” (26:4, 10) യഹോവ തന്റെ ശത്രുക്കളെ നിഗ്രഹിക്കും, എന്നാൽ അവൻ യാക്കോബിനെ യഥാസ്ഥാനപ്പെടുത്തും.
18, 19. (എ) എഫ്രയീമിനും സീയോനും ഏതു വ്യത്യസ്ത കഷ്ടങ്ങളും സന്തോഷങ്ങളും പ്രഖ്യാപിക്കപ്പെടുന്നു? (ബി) യഹോവ ഏതു നിലകളിൽ തന്റെ ജനത്തെ രക്ഷിക്കാനും ഭരിക്കാനുമിരിക്കുന്നു?
18 ദൈവത്തിന്റെ രോഷവും അനുഗ്രഹങ്ങളും (28:1–35:10). എഫ്രയീമിലെ കുടിയൻമാർക്കു കഷ്ടം, അവരുടെ “ഭംഗിയുളള അലങ്കാരം” മങ്ങിപ്പോകണം! എന്നാൽ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിനു “മഹത്വമുളേളാരു കിരീടവും ഭംഗിയുളേളാരു മുടിയും” ആയിത്തീരേണ്ടതാണ്. (28:1, 5) എന്നിരുന്നാലും, യെരുശലേമിലെ ആത്മശ്ലാഘികൾ ശോധനചെയ്തതും വിലയേറിയതുമായ സീയോനിലെ അടിസ്ഥാനക്കല്ലിനുപകരം ഒരു ഭോഷ്കിലേക്ക് അഭയത്തിനായി നോക്കുന്നു. ഒരു മിന്നൽപ്രവാഹം അവരെയെല്ലാം ഒഴുക്കിക്കൊണ്ടുപോകും. യെരുശലേമിലെ പ്രവാചകൻമാർ ഉറക്കമാണ്, ദൈവത്തിന്റെ പുസ്തകം അവർക്ക് മുദ്രവെച്ചിരിക്കുന്നതാണ്. അധരങ്ങൾ അടുത്തുചെല്ലുന്നു, എന്നാൽ ഹൃദയങ്ങൾ ദൂരത്തിലാണ്. എന്നിരുന്നാലും, ബധിരർ പുസ്തകത്തിലെ വചനങ്ങൾ കേൾക്കുന്ന ദിവസം വരും. അന്ധൻമാർ കാണുകയും സൗമ്യതയുളളവർ സന്തോഷിക്കുകയും ചെയ്യും.
19 അഭയത്തിനുവേണ്ടി ഈജിപ്തിലേക്കു പോകുന്നവർക്ക് ഹാ കഷ്ടം! ഈ ശാഠ്യമുളള ജനത്തിനു ചക്കരവാക്കായ, വഞ്ചനാത്മകമായ, ദർശനങ്ങളാണു വേണ്ടത്. അവർ ഛേദിക്കപ്പെടും, എന്നാൽ യഹോവ ഒരു ശേഷിപ്പിനെ യഥാസ്ഥാനത്താക്കും. അവർ തങ്ങളുടെ ശ്രേഷ്ഠനായ പ്രബോധകനെ കാണും, അവർ തങ്ങളുടെ പ്രതിമകളെ “മലിനമായോരു വസ്തു” എന്നു വിളിച്ചുകൊണ്ടു ചിതറിച്ചുകളയും. (30:22) യഹോവ യെരുശലേമിന്റെ യഥാർഥ സംരക്ഷകനാണ്. ഒരു രാജാവ് തന്റെ പ്രഭുക്കൻമാരോടുകൂടെ നീതിയിൽ ഭരിക്കും. അവൻ അനിശ്ചിതകാലത്തോളം സമാധാനവും ശാന്തതയും സുരക്ഷിതത്വവും കൈവരുത്തും. വഞ്ചന സമാധാനദൂതൻമാർ കയ്പോടെ കരയാനിടയാക്കും. എന്നാൽ തന്റെ സ്വന്തം ജനത്തിനു ദിവ്യനായ യഹോവ ന്യായാധിപനും നിയമദാതാവും രാജാവുമാണ്, അവൻതന്നെ അവരെ രക്ഷിക്കും. അന്നു യാതൊരു നിവാസിയും “എനിക്കു ദീനം” എന്നു പറയുകയില്ല.—33:24.
20. ജനതകൾക്കെതിരെ ഏതു രോഷം പൊട്ടിപ്പുറപ്പെടാനിരിക്കുന്നു, എന്നാൽ ഏത് അനുഗ്രഹം പുനഃസ്ഥാപിക്കപ്പെടുന്ന ശേഷിപ്പിനു ലഭിക്കാനിരിക്കുന്നു?
20 യഹോവയുടെ രോഷം ജനതകൾക്കെതിരെ ജ്വലിക്കേണ്ടതാണ്. ശവങ്ങൾ നാറും, പർവതങ്ങൾ രക്തംകൊണ്ട് ഉരുകും. ഏദോം ശൂന്യമാക്കപ്പെടണം. എന്നാൽ യഹോവയുടെ വീണ്ടെടുക്കപ്പെട്ടവർക്കുവേണ്ടി മരുസമതലങ്ങൾ പുഷ്പിക്കും, ‘യഹോവയുടെ മഹത്വം, നമ്മുടെ ദൈവത്തിന്റെ തേജസ്സ്’ പ്രത്യക്ഷപ്പെടും. (35:2) അന്ധരും ബധിരരും മൂകരും സൗഖ്യമാക്കപ്പെടും, യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ സന്തോഷത്തോടെ സീയോനിലേക്കു മടങ്ങിവരുമ്പോൾ അവർക്കുവേണ്ടി ഒരു വിശുദ്ധവഴി തുറക്കപ്പെടും.
21. അസീറിയക്കാരൻ യെരുശലേമിനുനേരെ ഏതു പരിഹാസങ്ങൾ തൊടുത്തുവിടുന്നു?
21 യഹോവ ഹിസ്കിയാവിന്റെ നാളിൽ അസീറിയയെ പിന്തിരിപ്പിക്കുന്നു (36:1–39:8). യഹോവയെ ആശ്രയിക്കാനുളള യെശയ്യാവിന്റെ ഉദ്ബോധനം പ്രായോഗികമാണോ? അതിനു പരീക്ഷയെ നേരിടാൻ കഴിയുമോ? ഹിസ്കിയാവിന്റെ വാഴ്ചയുടെ 14-ാമാണ്ടിൽ അസീറിയയിലെ സെൻഹെരീബ് പാലസ്തീനിലൂടെ ഒരു മിന്നലാക്രമണത്തിൽ അരിവാൾപോലെ പാഞ്ഞുകയറുകയും യെരുശലേമിനെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതിന് അയാളുടെ പടയാളികളിൽ കുറേപ്പേരെ തിരിച്ചുവിടുകയും ചെയ്യുന്നു. അവന്റെ എബ്രായ സംസാരിക്കുന്ന വക്താവായ രബ്ശാക്കേ നഗരമതിലുകളിൽ അണിനിരന്ന ജനത്തോടു പരിഹാസചോദ്യങ്ങൾ എറിഞ്ഞുകൊടുക്കുന്നു: ‘നിങ്ങളുടെ ആശ്രയം ആരാണ്? ഈജിപ്താണോ? ചതഞ്ഞ ഒരു ഞാങ്ങണയാണോ! യഹോവയാണോ? അസ്സീറിയായിലെ രാജാവിൽനിന്നു വിടുവിക്കാൻ കഴിയുന്ന ദൈവമില്ല!’ (36:4, 6, 18, 20) രാജാവിനോടുളള അനുസരണത്തിൽ ജനം ഉത്തരംപറയുന്നില്ല.
22. യഹോവ എങ്ങനെ ഹിസ്കിയാവിന്റെ പ്രാർഥനക്ക് ഉത്തരം കൊടുക്കുന്നു, അവൻ എങ്ങനെ യെശയ്യാവിന്റെ പ്രവചനം നിവർത്തിക്കുന്നു?
22 ഹിസ്കിയാവു യഹോവയോട് അവന്റെ നാമത്തെ പ്രതി രക്ഷക്കായി പ്രാർഥിക്കുന്നു. താൻ അസീറിയക്കാരന്റെ മൂക്കിൽ കൊളുത്തുകടത്തി അവൻ വന്ന വഴിയേ പിമ്പോട്ടു നയിക്കുമെന്നു യെശയ്യാവിലൂടെ യഹോവ ഉത്തരം കൊടുക്കുന്നു. ഒരു ദൂതൻ 1,85,000 അസീറിയക്കാരെ കൊല്ലുന്നു. സെൻഹെരീബ് സ്വദേശത്തേക്കു പലായനംചെയ്യുന്നു. അവന്റെ സ്വന്തം പുത്രൻമാർ പിന്നീട് അവന്റെ പുറജാതിക്ഷേത്രത്തിൽവെച്ച് അവനെ കൊലചെയ്യുന്നു.
23. (എ) ഹിസ്കിയാവ് യഹോവക്ക് ഒരു സങ്കീർത്തനം രചിക്കുന്നതിന് ഏതവസരമുണ്ടാകുന്നു? (ബി) അവൻ ഏത് അവിവേകം പ്രവർത്തിക്കുന്നു, അതു യെശയ്യാവിന്റെ ഏതു പ്രവചനത്തിൽ കലാശിക്കുന്നു?
23 ഹിസ്കിയാവു മാരകമായി രോഗബാധിതനാകുന്നു. എന്നിരുന്നാലും, ഹിസ്കിയാവു സുഖംപ്രാപിക്കുമെന്നുളളതിന്റെ ഒരു അടയാളമായി, സൂര്യൻ ഉളവാക്കിയ നിഴൽ അത്ഭുതകരമായി പിൻമാറാനിടയാക്കുന്നു. ഹിസ്കിയാവിന്റെ ആയുസ്സിനോടു 15 വർഷം കൂട്ടുന്നു. ഇതിലുളള നന്ദിയോടെ അവൻ യഹോവക്കു മനോഹരമായ ഒരു സ്തുതിസങ്കീർത്തനം രചിക്കുന്നു. ബാബിലോൻ രാജാവ് അവന്റെ സൗഖ്യത്തിൽ കപടഭാവത്തോടെ അനുമോദിച്ചുകൊണ്ടു സന്ദേശവാഹകൻമാരെ അയയ്ക്കുമ്പോൾ ഹിസ്കിയാവു ബുദ്ധിശൂന്യമായി രാജകീയ നിക്ഷേപങ്ങൾ അവരെ കാണിക്കുന്നു. തത്ഫലമായി, ഹിസ്കിയാവിന്റെ ഭവനത്തിലുളള സകലവും ഒരു നാളിൽ ബാബിലോനിലേക്ക് എടുത്തുകൊണ്ടുപോകുമെന്നു യെശയ്യാവ് പ്രവചിക്കുന്നു.
24. (എ) ഏത് ആശ്വാസവാർത്തകൾ യഹോവ പ്രഖ്യാപിക്കുന്നു? (ബി) ജനതകളുടെ ദൈവങ്ങൾക്കു മഹത്ത്വത്തിൽ യഹോവയോടു കിടനിൽക്കാൻ കഴിയുമോ, അവൻ ഏതു സാക്ഷ്യം ആവശ്യപ്പെടുന്നു?
24 യഹോവ തന്റെ സാക്ഷികളെ ആശ്വസിപ്പിക്കുന്നു (40:1–44:28). 40-ാം അധ്യായത്തിന്റെ ആദ്യവാക്യത്തിലുളള “ആശ്വസിപ്പിപ്പിൻ” എന്ന പദം യെശയ്യാവിന്റെ ശേഷിച്ച ഭാഗത്തെ നന്നായി വർണിക്കുന്നു. മരുഭൂമിയിലെ ഒരു ശബ്ദം “യഹോവെക്കു വഴി ഒരുക്കുവിൻ” എന്നു വിളിച്ചുപറയുന്നു. (40:1, 3) സീയോനു സുവാർത്തയുണ്ട്. യഹോവ കുഞ്ഞാടുകളെ മാർവിൽ വഹിച്ചുകൊണ്ടു തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്നു. ഉയർന്ന സ്വർഗങ്ങളിൽനിന്ന് അവൻ ഭൂമണ്ഡലത്തിലേക്കു കുനിഞ്ഞുനോക്കുന്നു. മഹത്ത്വം സംബന്ധിച്ച് അവനെ ആരോടു താരതമ്യപ്പെടുത്താൻ കഴിയും? തന്നിൽ പ്രത്യാശിക്കുന്ന ക്ഷീണിതരും ക്ലേശിതരുമായവർക്ക് അവൻ തികഞ്ഞ ശക്തിയും ചലനോജ്ജ്വലമായ ഊർജവും കൊടുക്കുന്നു. ജനതകളുടെ ഉരുക്കിയുണ്ടാക്കിയ ലോഹ പ്രതിമകൾ കാററും അയഥാർഥവുമാണെന്ന് അവൻ പ്രഖ്യാപിക്കുന്നു. തന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ ജനങ്ങൾക്ക് ഒരു ഉടമ്പടിപോലെയും കുരുട്ടുകണ്ണുകൾ തുറക്കാൻ ജനതകൾക്ക് ഒരു പ്രകാശം പോലെയുമാണ്. യാക്കോബിനോടു യഹോവ പറയുന്നു: “ഞാൻ നിന്നെ സ്നേഹിച്ചിരിക്ക”യാണ്, കിഴക്കിനോടും പടിഞ്ഞാറിനോടും വടക്കിനോടും തെക്കിനോടും ‘തരിക എന്നും എന്റെ പുത്രൻമാരെയും എന്റെ പുത്രിമാരെയും കൊണ്ടുവരിക’ എന്നും അവൻ വിളിച്ചുപറയുന്നു. (43:4, 6, 7) കോടതി നടന്നുകൊണ്ടിരിക്കുമ്പോൾ തങ്ങളുടെ ദൈവത്വം തെളിയിക്കാൻ സാക്ഷികളെ ഹാജരാക്കുന്നതിന് അവൻ ജനതകളുടെ ദൈവങ്ങളെ വെല്ലുവിളിക്കുന്നു. ഇസ്രായേലിന്റെ ജനം യഹോവ ദൈവവും വിമോചകനുമാണെന്നു സാക്ഷ്യം പറയുന്ന അവന്റെ സാക്ഷികളാണ്. യെശൂരൂനോട് (“നേരുളളവൻ,” ഇസ്രായേൽ) അവൻ തന്റെ ആത്മാവിനെ വാഗ്ദാനം ചെയ്യുകയും ഒന്നും കാണാത്ത, ഒന്നും അറിയാത്ത, പ്രതിമകളുടെ മേൽ അപമാനം വരുത്തുകയും ചെയ്യുന്നു. തന്റെ ജനത്തെ വീണ്ടും വിലയ്ക്കു വാങ്ങുന്നവനാണ് യഹോവ; യെരുശലേം വീണ്ടും നിവസിക്കപ്പെടുകയും അതിലെ ആലയം പുനർനിർമിക്കപ്പെടുകയും ചെയ്യും.
25. ബാബിലോന്റെയും അവളുടെ വ്യാജദൈവങ്ങളുടെയുംമേലുളള യഹോവയുടെ ന്യായവിധികളാൽ മനുഷ്യർ എന്തറിയാനിടയാകേണ്ടതാണ്?
25 ബാബിലോനിൻമേൽ പ്രതികാരം (45:1–48:22). ഇസ്രായേലിനുവേണ്ടി ബാബിലോനെ കീഴടക്കാൻ യഹോവ കോരേശിനെ നിയമിക്കുന്നു. യഹോവ മാത്രമാണു ദൈവവും ആകാശങ്ങളുടെയും ഭൂമിയുടെയും അതിലെ മനുഷ്യന്റെയും സ്രഷ്ടാവുമെന്നു മനുഷ്യർ അറിയാനിടയാകും. ബേൽ, നെബോ എന്നീ ബാബിലോന്യ ദൈവങ്ങളെ അവൻ പരിഹസിക്കുന്നു, കാരണം തനിക്കുമാത്രമേ ആരംഭംമുതൽ അതിന്റെ അവസാനവും പറയാൻ കഴിയൂ. ബാബിലോന്യ കന്യാപുത്രി സിംഹാസനത്തിൽനിന്നിറങ്ങി നഗ്നയായി പൊടിയിൽ ഇരിക്കേണ്ടതാണ്. അവളുടെ ആലോചനക്കാരുടെ സമൂഹം പുൽത്തണ്ടുപോലെ ദഹിപ്പിക്കപ്പെടും. തന്നെ ശ്രദ്ധിക്കുന്നതിനാൽ ‘ഇരുമ്പുകഴുത്തും ചെമ്പുതലയു’മുളള ഇസ്രായേല്യ വിഗ്രഹാരാധികൾക്കു സമാധാനവും നീതിയും ഐശ്വര്യവും ഉണ്ടായിരിക്കാൻ കഴിയുമെന്നും ‘ദുഷ്ടൻമാർക്കു സമാധാനമില്ല’ എന്നും യഹോവ അവരോടു പറയുന്നു.—48:4, 22.
26. സീയോൻ എങ്ങനെ ആശ്വസിപ്പിക്കപ്പെടും?
26 സീയോനെ ആശ്വസിപ്പിക്കുന്നു (49:1–59:21). തന്റെ ദാസനെ ജനതകൾക്ക് ഒരു പ്രകാശമായി കൊടുത്തുകൊണ്ട് ഇരുട്ടിലിരിക്കുന്നവരോടു യഹോവ “വെളിയിൽ വരുവിൻ” എന്നു വിളിച്ചുപറയുന്നു. (49:8) സീയോൻ ആശ്വസിപ്പിക്കപ്പെടും, അവളുടെ മരുഭൂമി ആഹ്ലാദവും സന്തോഷവും നന്ദിപ്രകടനവും സംഗീതശബ്ദവും കവിഞ്ഞൊഴുകി യഹോവയുടെ തോട്ടമായ ഏദെൻപോലെയായിത്തീരും. യഹോവ ആകാശം പുകയായിത്തീരാനും ഭൂമി ഒരു വസ്ത്രം പോലെ പഴകാനും അതിലെ നിവാസികൾ കേവലം ഒരു കൊതുകുപോലെ മരിക്കാനുമിടയാക്കും. അതുകൊണ്ടു മരണമുളള മമനുഷ്യന്റെ നിന്ദയെ എന്തിനു ഭയപ്പെടണം? യെരുശലേം കുടിച്ചിരിക്കുന്ന കയ്പുപാനപാത്രം ഇപ്പോൾ അവളെ ചവിട്ടിമെതിച്ചിരിക്കുന്ന ജനതകളിലേക്കു കൈമാറണം.
27. സീയോനോട് ഏതു സുവാർത്ത പ്രഖ്യാപിക്കപ്പെടുന്നു, ‘യഹോവയുടെ ദാസനെ’ക്കുറിച്ച് എന്തു പ്രവചിക്കപ്പെടുന്നു?
27 ‘സീയോനേ, ഉണരുക, പൊടിയിൽനിന്ന് എഴുന്നേൽക്കുക!’ സുവാർത്തയുമായി പർവതങ്ങളിലൂടെ കുതിക്കുന്നതും സീയോനോടു “നിന്റെ ദൈവം വാഴുന്നു” എന്നു വിളിച്ചുപറയുന്നതുമായ സന്ദേശവാഹകനെ കാണുക. (52:1, 2, 7) യഹോവയുടെ സേവനത്തിലുളളവരേ, അശുദ്ധസ്ഥലത്തുനിന്നു പുറത്തുകടക്കുകയും നിങ്ങളേത്തന്നെ വെടിപ്പാക്കുകയും ചെയ്യുക. ഇപ്പോൾ പ്രവാചകൻ ‘യഹോവയുടെ ദാസനെ’ വർണിക്കുന്നു. (53:11) അവൻ നിന്ദിതനും അവഗണിക്കപ്പെടുന്നവനും നമ്മുടെ വേദനകൾ വഹിക്കുന്നവനെങ്കിലും ദൈവത്താൽ പ്രഹരിക്കപ്പെട്ടവനെന്നു കണക്കാക്കപ്പെടുന്നവനുമായ ഒരു മനുഷ്യനാണ്. നമ്മുടെ ലംഘനങ്ങൾക്കുവേണ്ടി അവൻ കുത്തിത്തുളയ്ക്കപ്പെട്ടു, എന്നാൽ അവൻ തന്റെ മുറിവുകളാൽ നമ്മെ സൗഖ്യമാക്കി. അറവുശാലയിലേക്കു കൊണ്ടുവരുന്ന ഒരു ആടിനെപ്പോലെ, അവൻ അക്രമംചെയ്യുകയോ വഞ്ചന സംസാരിക്കുകയോ ചെയ്തില്ല. അനേകരുടെ അകൃത്യങ്ങൾ വഹിക്കുന്നതിന് അവൻ തന്റെ ദേഹിയെ ഒരു അകൃത്യയാഗമായി കൊടുത്തു.
28. സീയോന്റെ വരാനിരിക്കുന്ന അനുഗൃഹീതാവസ്ഥ വർണിക്കപ്പെടുന്നത് എങ്ങനെ, ഏത് ഉടമ്പടിയോടുളള ബന്ധത്തിൽ?
28 ഭർത്താവാം ഉടമയെന്ന നിലയിൽ യഹോവ സീയോന്റെ വരാനിരിക്കുന്ന ഫലപൂർണതനിമിത്തം സന്തോഷിച്ച് ആർപ്പിടാൻ അവളോടു പറയുന്നു. അരിഷ്ടയും കൊടുങ്കാററടിക്കപ്പെട്ടവളുമെങ്കിലും അവൾ നീലക്കല്ലുകൊണ്ടുളള അടിസ്ഥാനവും പത്മരാഗ താഴികക്കുടങ്ങളും ഉജ്ജ്വലമായ കല്ലുകൾകൊണ്ടുളള പടിവാതിലുകളുമുളള ഒരു നഗരമായിത്തീരും. യഹോവയാൽ പഠിപ്പിക്കപ്പെടുന്ന അവളുടെ പുത്രൻമാർ സമൃദ്ധമായ സമാധാനം ആസ്വദിക്കും, അവർക്കെതിരെ രൂപപ്പെടുത്തുന്ന യാതൊരായുധവും വിജയിക്കുകയില്ല. “അല്ലയോ ദാഹിക്കുന്ന ഏവരു”മേ, യഹോവ വിളിക്കുന്നു. അവർ വരുന്നുവെങ്കിൽ, അവരുമായി “ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വതനിയമം” താൻ ചെയ്യും; അവൻ ദേശീയസംഘങ്ങൾക്ക് ഒരു നേതാവിനെയും അധിപതിയെയും ഒരു സാക്ഷിയായി നൽകും. (55:1-4) ദൈവത്തിന്റെ ചിന്തകൾ മനുഷ്യന്റേതിനെക്കാൾ അനന്തമായി ഉയർന്നതാണ്. അവന്റെ വചനത്തിനു തിട്ടമായ വിജയം ലഭിക്കും. ഏതു ദേശീയതയിൽപെട്ടതായാലും തന്റെ നിയമം അനുസരിക്കുന്ന ഷണ്ഡൻമാർക്കു പുത്രീപുത്രൻമാരുടേതിനെക്കാൾ മെച്ചമായ ഒരു നാമം ലഭിക്കും. യഹോവയുടെ ആലയം സകല ജനങ്ങളുടെയും പ്രാർഥനാലയം എന്നു വിളിക്കപ്പെടും.
29. യഹോവ വിഗ്രഹാരാധികളോട് എന്തു പറയുന്നു, എന്നാൽ അവൻ തന്റെ ജനത്തിന് എന്ത് ഉറപ്പു കൊടുക്കുന്നു?
29 പരിശുദ്ധൻ എന്നു പേരുളള ഉന്നതനും ഉയർന്നവനുമെന്ന നിലയിൽ, താൻ അനിശ്ചിതകാലം ഇസ്രായേലിനോടു വാദിക്കുകയില്ലെന്നു ലൈംഗികഭ്രാന്തരായ വിഗ്രഹാരാധികളോടു യഹോവ പറയുന്നു. അവരുടെ ഭക്തിപുരസ്സരമായ ഉപവാസങ്ങൾ ദുഷ്ടതക്കു മറയാണ്. യഹോവയുടെ കൈ രക്ഷിക്കാൻ കുറുകിപ്പോയിട്ടില്ല, അവന്റെ കാതുകൾ കേൾക്കാൻപാടില്ലാത്തവണ്ണം കനത്തതല്ല, എന്നാൽ ‘നിങ്ങളുടെ അകൃത്യങ്ങൾ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്’ എന്നു യെശയ്യാവു പറയുന്നു. (59:2) അതുകൊണ്ടാണ് അവർ വെളിച്ചത്തിനായി ആശിക്കുന്നതും ഇരുട്ടിൽ തപ്പുന്നതും. മറിച്ച്, തന്റെ വിശ്വസ്ത ഉടമ്പടിജനത്തിന്റെ മേലുളള യഹോവയുടെ ആത്മാവ് നീക്കിക്കളയാനാവാത്ത വിധം തന്റെ വചനം ഭാവിതലമുറകളിലെല്ലാം അവരുടെ വായിൽ സ്ഥിതിചെയ്യുമെന്ന് ഉറപ്പുനൽകുന്നു.
30. ഏതു പുതിയ പേരുകളാൽ ചിത്രീകരിക്കപ്പെടുന്ന പ്രകാരം യഹോവ സീയോനെ മനോഹരമാക്കുന്നത് എങ്ങനെ?
30 യഹോവ സീയോനെ മനോഹരമാക്കുന്നു (60:1–64:12). “സ്ത്രീയേ, എഴുന്നേൽക്കുക, നിന്റെ പ്രകാശം ചൊരിയുക, എന്തെന്നാൽ . . . യഹോവയുടെ തേജസ്സ്തന്നെ പ്രകാശിച്ചിരിക്കുന്നു.” ഇതിനു വിരുദ്ധമായി, കനത്ത ഇരുട്ട് ഭൂമിയെ ആവരണംചെയ്യുന്നു. (60:1, 2, NW) ആ കാലത്തു സീയോൻ തന്റെ കണ്ണുകളുയർത്തുകയും തേജസ്വിയായിത്തീരുകയും ചെയ്യും. ജനതകളുടെ വിഭവങ്ങൾ ഒട്ടകങ്ങളുടെ ഉയർന്നുവരുന്ന കൂട്ടത്തിൻമേൽ തന്റെ അടുക്കലേക്കു വരുന്നതു കാണുമ്പോൾ അവളുടെ ഹൃദയം പിടയ്ക്കും. പറന്നുവരുന്ന പ്രാവിൻമേഘങ്ങൾപോലെ അവർ അവളുടെ അടുക്കലേക്കു കൂടിവരും. വിദേശികൾ അവളുടെ മതിലുകൾ പണിയും, രാജാക്കൻമാർ അവൾക്കു ശുശ്രൂഷചെയ്യും. അവളുടെ പടിവാതിലുകൾ ഒരിക്കലും അടയുകയില്ല. അവളുടെ ദൈവം അവളുടെ ഭൂഷണമായിത്തീരണം, അവൻ സത്വരം ഒരുവനെ ഒരു ആയിരമായും ഒരു ചെറിയവനെ ഒരു ശക്തമായ ജനതയായും പെരുക്കും. ഈ സുവാർത്ത പറയാൻ തന്നെ അഭിഷേകംചെയ്തുകൊണ്ടു തന്റെമേൽ യഹോവയുടെ ആത്മാവുണ്ടെന്നു ദൈവത്തിന്റെ ദാസൻ ഉദ്ഘോഷിക്കുന്നു. സീയോന് ഒരു പുതിയ പേർ കിട്ടുന്നു. എന്റെ ഉല്ലാസം അവളിലാണ് (ഹെഫ്സീബാ). അവളുടെ ദേശം ഒരു ഭാര്യയെന്ന നിലയിൽ സ്വന്തമായുളളത് (ബെയൂലാ) എന്നു വിളിക്കപ്പെടുന്നു. (62:4, NW അടിക്കുറിപ്പ്) ബാബിലോനിൽനിന്നു തിരികെയുളള പെരുവഴിക്കു തിട്ട ഉണ്ടാക്കാനും സീയോനിൽ ഒരു അടയാളം ഉയർത്താനും കൽപ്പന പുറപ്പെടുന്നു.
31. ഏദോമിൽനിന്ന് ആർ വരുന്നു, ദൈവത്തിന്റെ ജനം ഏതു പ്രാർഥന ഉച്ചരിക്കുന്നു?
31 രക്തംകൊണ്ടു ചുവന്ന അങ്കികൾ ധരിച്ച ഒരാൾ ഏദോമിലെ ബൊസ്രയിൽനിന്നു വരുന്നു. അവൻ തന്റെ കോപത്തിൽ രക്തം ചീററാൻതക്കവണ്ണം ജനങ്ങളെ ഒരു വീഞ്ഞിൻതൊട്ടിയിൽ മെതിച്ചിരിക്കുന്നു. യഹോവയുടെ ജനത്തിന് അവരുടെ അശുദ്ധമായ അവസ്ഥ നന്നായി ബോധ്യപ്പെട്ടിട്ടു തീക്ഷ്ണമായ ഒരു പ്രാർഥന നടത്തിക്കൊണ്ട് ഇങ്ങനെ പറയുന്നു, ‘യഹോവേ, അങ്ങ് ഞങ്ങളുടെ പിതാവാകുന്നു. ഞങ്ങൾ കളിമണ്ണാകുന്നു, അങ്ങ് ഞങ്ങളുടെ കുശവനാകുന്നു. യഹോവേ അങ്ങേയററം കുപിതനാകരുതേ. ഞങ്ങളെല്ലാം അങ്ങയുടെ ജനമാകുന്നു.’—64:8, 9, NW.
32. യഹോവയെ ഉപേക്ഷിക്കുന്നവരിൽനിന്നു വ്യത്യസ്തമായി, യഹോവയുടെ സ്വന്തം ജനത്തിന് എന്തിൽ ആഹ്ലാദിക്കാൻ കഴിയും?
32 “പുതിയ ആകാശവും പുതിയ ഭൂമിയും”! (65:1–66:24). “ഭാഗ്യ”ത്തിന്റെയും “വിധിവശ”ത്തിന്റെയും ദൈവങ്ങൾക്കുവേണ്ടി യഹോവയെ ഉപേക്ഷിച്ചിരിക്കുന്ന ആളുകൾ പട്ടിണികിടക്കുകയും ലജ്ജ അനുഭവിക്കുകയും ചെയ്യും. (65:11, NW) ദൈവത്തിന്റെ സ്വന്തം ദാസൻമാർ സമൃദ്ധിയിൽ സന്തോഷിക്കും. നോക്കൂ! യഹോവ പുതിയ ആകാശങ്ങളും പുതിയ ഭൂമിയും സൃഷ്ടിക്കുകയാകുന്നു. യെരുശലേമിലും അവളുടെ ജനത്തിലും എന്തു സന്തോഷവും ആഹ്ലാദവുമാണു കാണാനുളളത്! അവർ വീടുകൾ പണിയുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും, അതേസമയം ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും. അവിടെ ദോഷമോ നാശമോ ഉണ്ടായിരിക്കുകയില്ല.
33. യെരുശലേമിനെ സ്നേഹിക്കുന്നവർക്കായി ഏതു സന്തോഷവും മഹത്ത്വവും സ്ഥിരതയും മുൻകൂട്ടിപ്പറയുന്നു?
33 സ്വർഗം അവന്റെ സിംഹാസനവും ഭൂമി അവന്റെ പാദപീഠവുമാകുന്നു, അതുകൊണ്ടു മനുഷ്യർക്കു യഹോവക്കുവേണ്ടി ഏതു ഭവനം പണിയാൻ കഴിയും? ഒരു ജനത ഒരു ദിവസംകൊണ്ടു ജനിക്കേണ്ടതാണ്. യഹോവ യെരുശലേമിന് ഒരു നദിപോലെ സമാധാനം നീട്ടിക്കൊടുക്കുമ്പോൾ യെരുശലേമിനെ സ്നേഹിക്കുന്നവരെല്ലാം സന്തോഷിക്കാൻ ക്ഷണിക്കപ്പെടുന്നു. തന്റെ ശത്രുക്കൾക്കെതിരെ അവൻ ഒരു തീപോലെതന്നെ വരും—ചുഴലിക്കാററുരഥങ്ങൾ അനുസരണംകെട്ട സകല ജഡത്തിനുമെതിരെ തന്റെ ക്രോധം തിരികെ കൊടുക്കുന്നു, തികഞ്ഞ രോഷവും അഗ്നിജ്വാലകളും കൊണ്ടുതന്നെ. അവന്റെ മഹത്ത്വത്തെക്കുറിച്ചു പറയുന്നതിനു സന്ദേശവാഹകർ സകല ജനതകളുടെയും ഇടയിലേക്കും വിദൂരദ്വീപുകളിലേക്കും പോകും. അവന്റെ പുതിയ ആകാശങ്ങളും പുതിയ ഭൂമിയും സ്ഥിരമായിരിക്കേണ്ടതാണ്. സമാനമായി, അവനെ സേവിക്കുന്നവരും അവരുടെ സന്തതിയും നിലനിൽക്കും. ഒന്നുകിൽ ഇത് അല്ലെങ്കിൽ നിത്യമരണം.
എന്തുകൊണ്ടു പ്രയോജനപ്രദം
34. യെശയ്യാവിന്റെ സന്ദേശത്തിനു ശക്തികൂട്ടുന്ന ഉജ്ജ്വലമായ ദൃഷ്ടാന്തങ്ങളിൽ ചിലതേവ?
34 ഏതു കോണത്തിൽനിന്നു നോക്കിയാലും, യെശയ്യാവിന്റെ പ്രാവചനിക പുസ്തകം യഹോവയാം ദൈവത്തിൽനിന്നുളള അത്യന്തം പ്രയോജനകരമായ ഒരു ദാനമാണ്. അതു ദൈവത്തിന്റെ സമുന്നത ആശയകിരണങ്ങൾ പ്രസരിപ്പിക്കുന്നു. (യെശ. 55:8-11) ബൈബിൾസത്യങ്ങളുടെ പരസ്യ പ്രസംഗകർക്കു യേശുവിന്റെ ഉപമകൾപോലെ ശക്തമായി ഉളളിൽ തട്ടുന്ന ഉജ്ജ്വലമായ ദൃഷ്ടാന്തങ്ങളുടെ ഒരു നിധിയെന്ന നിലയിൽ യെശയ്യാവിനെ അവലംബിക്കാവുന്നതാണ്. ഒരേ മരത്തെ വിറകായും ഒരു ആരാധനാവിഗ്രഹം ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്ന മമനുഷ്യന്റെ മൗഢ്യം യെശയ്യാവ് നമ്മെ ശക്തമായി ബോധ്യപ്പെടുത്തുന്നു. അവൻ തീരെ വീതിയില്ലാത്ത ഒരു പുതപ്പുസഹിതം നീളം കുറഞ്ഞ ഒരു കട്ടിലിൽ കിടക്കുന്ന ഒരു മമനുഷ്യന്റെ അസൗകര്യം നമുക്ക് അനുഭവപ്പെടാനിടയാക്കുന്നു. അവൻ കുരയ്ക്കാൻ കഴിയാത്തവണ്ണം അത്ര മടിയുളള ഊമനായ്ക്കളെപ്പോലെയുളള പ്രവാചകൻമാരുടെ ഊററമായ നിദ്ര നാം കേൾക്കാനിടയാക്കുന്നു. യെശയ്യാവ് ഉദ്ബോധിപ്പിക്കുന്നതുപോലെ, നാം തന്നെ ‘യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചുവായിച്ചുനോക്കുന്നുവെങ്കിൽ’ ഇന്നത്തേക്കു യെശയ്യാവിനുളള ശക്തമായ ദൂതിനെ നമുക്കു വിലമതിക്കാൻ കഴിയും.—44:14-20; 28:20; 56:10-12; 34:16.
35. യെശയ്യാവ് മിശിഹാ മൂലമുളള രാജ്യത്തിൻമേലും മുന്നോടിയായ യോഹന്നാൻ സ്നാപകന്റെമേലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെ?
35 പ്രവചനം വിശേഷിച്ചു മിശിഹാമൂലമുളള ദൈവരാജ്യത്തിൻമേൽ കേന്ദ്രീകരിക്കുന്നു. യഹോവതന്നെയാണു പരമോന്നതരാജാവ്, അവനാണു നമ്മെ രക്ഷിക്കുന്നത്. (33:22) എന്നാൽ മിശിഹായെ സംബന്ധിച്ചെന്ത്? ജനിക്കാനിരിക്കുന്ന കുട്ടിയെസംബന്ധിച്ചു മറിയയോടു ഗബ്രിയേൽ നടത്തിയ പ്രഖ്യാപനം, അവനു ദാവീദിന്റെ സിംഹാസനം ലഭിക്കുന്നതിനാൽ യെശയ്യാവു 9:6, 7-നു നിവൃത്തി ഉണ്ടാകേണ്ടതാണെന്നു പ്രകടമാക്കി; “അവൻ യാക്കോബ്ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ലൂക്കൊ. 1:32, 33) ഒരു കന്യകയിലുളള യേശുവിന്റെ ജനനം യെശയ്യാവു 7:14-ന്റെ ഒരു നിവൃത്തി ആയിരുന്നുവെന്നു മത്തായി 1:22, 23 കാണിക്കുകയും അവനെ “ഇമ്മാനുവേൽ” ആയി തിരിച്ചറിയിക്കുകയും ചെയ്യുന്നു. ഏതാണ്ടു 30 വർഷം കഴിഞ്ഞു യോഹന്നാൻ സ്നാപകൻ “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചുകൊണ്ടു വന്നു. നാലു സുവിശേഷ എഴുത്തുകാരും ‘മരുഭൂമിയിൽ വിളിച്ചുപറയുന്നവൻ’ ഈ യോഹന്നാൻ ആയിരുന്നുവെന്നു കാണിക്കാൻ യെശയ്യാവു 40:3 ഉദ്ധരിക്കുന്നു. (മത്താ. 3:1-3; മർക്കൊ. 1:2-4; ലൂക്കൊ. 3:3-6; യോഹ. 1:23) യേശു തന്റെ സ്നാപനത്തിങ്കൽ ജനതകളെ ഭരിക്കാനുളള മിശിഹാ—യഹോവയുടെ അഭിഷിക്തനായ, യിശ്ശായിയുടെ കൊമ്പോ വേരോ—ആയിത്തീർന്നു. യെശയ്യാവു 11:1, 10-ന്റെ നിവൃത്തിയായി അവർ അവനിൽ പ്രത്യാശ അർപ്പിക്കേണ്ടതാണ്.—റോമ. 15:8, 12.
36. ഏതു സമ്പന്നമായ പ്രാവചനിക നിവൃത്തികൾ വ്യക്തമായി രാജാവായ മിശിഹായെ തിരിച്ചറിയിക്കുന്നു?
36 യെശയ്യാവ് രാജാവായ മിശിഹായെ തിരിച്ചറിയിക്കുന്നതിൽ തുടരുന്നത് എങ്ങനെയെന്നു കാണുക! താൻ യഹോവയുടെ അഭിഷിക്തനാണെന്നു തെളിയിക്കുന്നതിനു യേശു ഒരു യെശയ്യാചുരുളിൽനിന്നു തന്റെ നിയോഗം വായിച്ചു. അനന്തരം അവൻ “ദൈവരാജ്യം സുവിശേഷി”ക്കാൻ പുറപ്പെട്ടു, എന്തുകൊണ്ടെന്നാൽ, അവൻ പറഞ്ഞപ്രകാരം, “ഇതിന്നായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു.” (ലൂക്കൊ. 4:17-19, 43; യെശ. 61:1, 2) നാലു സുവിശേഷ വിവരണങ്ങളിൽ യേശുവിന്റെ ഭൗമികശുശ്രൂഷയെക്കുറിച്ചും യെശയ്യാവു 53-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന അവന്റെ മരണവിധത്തെക്കുറിച്ചുമുളള വിശദാംശങ്ങൾ നിറഞ്ഞിരിക്കുന്നു. യഹൂദൻമാർ രാജ്യത്തിന്റെ സുവാർത്ത കേൾക്കുകയും യേശുവിന്റെ അത്ഭുതപ്രവൃത്തികൾ കാണുകയും ചെയ്തെങ്കിലും അവർക്ക് അർഥം മനസ്സിലായില്ല. ഇതു യെശയ്യാവു 6:9, 10; 29:13; 53:1 എന്നിവയുടെ നിവൃത്തിയായി അവരുടെ അവിശ്വാസമുളള ഹൃദയങ്ങൾ മൂലമായിരുന്നു. (മത്താ. 13:14, 15; യോഹ. 12:38-40; പ്രവൃ. 28:24-27; റോമ. 10:16; മത്താ. 15:7-9; മർക്കൊ. 7:6, 7) യേശു അവർക്ക് ഒരു ഇടർച്ചക്കല്ലായിരുന്നു, എന്നാൽ അവൻ യഹോവ സീയോനിൽ ഇട്ട അടിസ്ഥാനമൂലക്കല്ലായിത്തീർന്നു, അതിൻമേലാണ് അവൻ യെശയ്യാവു 8:14-ന്റെയും 28:16-ന്റെയും നിവൃത്തിയായി തന്റെ ആത്മീയ ഗൃഹം പണിയുന്നത്.—ലൂക്കൊ. 20:17; റോമ. 9:32, 33; 10:11; 1 പത്രൊ. 2:4-10.
37. യേശുവിന്റെ അപ്പോസ്തലൻമാർ യെശയ്യാവിനെ ഉദ്ധരിക്കുകയും ബാധകമാക്കുകയും ചെയ്തത് എങ്ങനെ?
37 യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാർ യെശയ്യാവിന്റെ പ്രവചനം ശുശ്രൂഷക്കു ബാധകമാക്കിക്കൊണ്ടു നന്നായി വിനിയോഗിക്കുന്നതിൽ തുടർന്നു. ദൃഷ്ടാന്തത്തിന്, വിശ്വാസം കെട്ടുപണിചെയ്യുന്നതിനു പ്രസംഗകർ ആവശ്യമാണെന്നു കാണിക്കുന്നതിനു പൗലൊസ് “നൻമ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു പറയുന്നതിൽ യെശയ്യാവിനെ ഉദ്ധരിക്കുകയാണ്. (റോമ. 10:15; യെശ. 52:7; റോമർ 10:11, 16, 20, 21 കൂടെ കാണുക.) സുവാർത്തയുടെ സ്ഥിരതയെ കാണിക്കുമ്പോൾ പത്രോസും യെശയ്യാവിനെ ഉദ്ധരിക്കുന്നു: ‘“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി; കർത്താവിന്റെ വചനമോ എന്നേക്കും നിലനിൽക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.’—1 പത്രൊ. 1:24, 25; യെശ. 40:6-8.
38. മററു ബൈബിളെഴുത്തുകാർ പിന്നീട് ഏറെറടുക്കുന്നതിനു യെശയ്യാവിൽ ഏതു മഹത്തായ രാജ്യവിഷയം വരച്ചുകാണിക്കപ്പെടുന്നു?
38 യെശയ്യാവ് ഭാവിയിലേക്കുളള രാജ്യപ്രത്യാശയെ മഹത്തായി വരച്ചുകാട്ടുന്നു! നോക്കൂ! അതു “പുതിയ ആകാശവും പുതിയ ഭൂമിയും” ആകുന്നു, അവിടെ “ഒരു രാജാവു നീതിയോടെ വാഴും.” പ്രഭുക്കൻമാർ നീതിക്കുവേണ്ടി ഭരിക്കും. സന്തോഷത്തിനും ആഹ്ലാദത്തിനും എന്തൊരു കാരണം! (65:17, 18; 32:1, 2) വീണ്ടും പത്രൊസ് യെശയ്യാവിന്റെ സന്തോഷകരമായ സന്ദേശം പരിചിന്തിക്കുന്നു: “എന്നാൽ നാം അവന്റെ [ദൈവത്തിന്റെ] വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊ. 3:13) ഈ അത്ഭുതകരമായ രാജ്യവിഷയം വെളിപാടിന്റെ അവസാന അധ്യായങ്ങളിൽ പൂർണമഹത്ത്വത്തിലേക്കു വരുന്നു.—യെശ. 66:22, 23; 25:8; വെളി. 21:1-5.
39. യെശയ്യാവ് ഏതു മഹനീയ പ്രത്യാശയിലേക്കു വിരൽചൂണ്ടുന്നു?
39 അങ്ങനെ യെശയ്യാവിന്റെ പുസ്തകത്തിൽ യഹോവയുടെ ശത്രുക്കളെയും അവന്റെ ദാസരാണെന്നു കപടഭക്തിപരമായി അവകാശപ്പെടുന്നവരെയും സംബന്ധിച്ചുളള ഉഗ്രമായ അപലപനങ്ങൾ അടങ്ങിയിരിക്കെ, അതു യഹോവയുടെ വലിയ നാമത്തെ വിശുദ്ധീകരിക്കുന്നതിനുളള മുഖാന്തരമായ മിശിഹൈകരാജ്യത്തിന്റെ മഹനീയ പ്രത്യാശയെ ഉൽകൃഷ്ട ശൈലികളിൽ ചൂണ്ടിക്കാട്ടുന്നു. അതു യഹോവയുടെ രാജ്യത്തിന്റെ വിശിഷ്ട സത്യങ്ങൾ വിശദീകരിക്കുന്നതിനും “അവനാലുളള രക്ഷ”യുടെ സന്തോഷപൂർണമായ പ്രതീക്ഷയിൽ നമ്മുടെ ഹൃദയങ്ങളെ ഊഷ്മളമാക്കുന്നതിനും വളരെയധികം പ്രയോജകീഭവിക്കുന്നു.—യെശ. 25:9; 40:28-31.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 1221-3.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജ് 957; വാല്യം 2, പേജ് 894-5.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജ് 324.