ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂൺ 5-11
ദൈവവചനത്തിലെ നിധികൾ | യിരെമ്യ 51-52
“യഹോവയുടെ വാക്കുകൾ ഓരോന്നും അണുവിട തെറ്റാതെ നിറവേറി”
(യിരെമ്യ 51:11) “അസ്ത്രങ്ങൾ മിനുക്കൂ! പരിചകൾ എടുക്കൂ! യഹോവ ബാബിലോണിനെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. അതിനുവേണ്ടി ദൈവം മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണർത്തിയിരിക്കുന്നു. കാരണം, ഇത് യഹോവയുടെ പ്രതികാരമാണ്, ദൈവത്തിന്റെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരം.”
(യിരെമ്യ 51:28) “ജനതകളെ അവൾക്കെതിരെ നിയമിക്കൂ! അങ്ങനെ, മേദ്യരാജാക്കന്മാരും അവിടത്തെ ഗവർണർമാരും കീഴധികാരികളും അവർ ഭരിക്കുന്ന ദേശങ്ങളും അവൾക്കെതിരെ ചെല്ലട്ടെ.”
it-2-E 360 ¶2-3
മേദ്യ, മേദ്യർ
പേർഷ്യക്കാരോടൊപ്പം ബാബിലോണിനെ കീഴടക്കുന്നു. ബാബിലോണിനെതിരെ യഹോവ പ്രവർത്തിക്കുമെന്ന് ബി.സി. 8-ാം നൂറ്റാണ്ടിൽ യശയ്യ പ്രവചിച്ചിരുന്നു. യശയ്യ പറഞ്ഞത് ഇതാണ്: “മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു, അവർ വെള്ളിക്കു വില കല്പിക്കുന്നില്ല, സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല. അവരുടെ വില്ലുകൾ യുവാക്കളെ ചിതറിച്ചുകളയും.” (യശ 13:17-19; 21:2) ‘മേദ്യർ’ എന്ന വാക്ക് ഇവിടെ പേർഷ്യക്കാരെയും കുറിക്കുന്നു. പുരാതന ഗ്രീക്കുചരിത്രകാരന്മാർ ഈ പദം മേദ്യരെയും പേർഷ്യക്കാരെയും കുറിക്കാനായി ഉപയോഗിച്ചിരുന്നു. വെള്ളിക്കും സ്വർണത്തിനും അവർ വില കല്പിക്കാതിരുന്നു എന്നതു സൂചിപ്പിക്കുന്നത്, ബാബിലോണിനെ ആക്രമിച്ച് കീഴടക്കുക എന്നതായിരുന്നു അവരുടെ മുഖ്യലക്ഷ്യം എന്നാണ്. അല്ലാതെ അവരുടെ കൊള്ളമുതലിലായിരുന്നില്ല ശത്രുക്കളുടെ കണ്ണ്. അതുകൊണ്ടുതന്നെ മേദ്യരെ ആ ഉദ്ദേശ്യത്തിൽനിന്ന് പിന്തിരിപ്പിക്കാൻ കൈക്കൂലിക്കോ മറ്റു സമ്മാനങ്ങൾക്കോ കഴിയുമായിരുന്നില്ല. മേദ്യരും അതുപോലെ പേർഷ്യക്കാരും അമ്പും വില്ലും ആണ് മുഖ്യായുധമായി ഉപയോഗിച്ചിരുന്നത്. മരംകൊണ്ടുള്ള വില്ല് ചെമ്പോ താമ്രമോ ഉപയോഗിച്ച് ചിലപ്പോൾ ബലപ്പെടുത്തിയിരുന്നു. (സങ്ക 18:34 താരതമ്യം ചെയ്യുക.) അതിൽ വെച്ച് എയ്യുന്ന അമ്പുകൾകൊണ്ട് ‘ബാബിലോണിലെ യുവാക്കളെ ചിതറിച്ചുകളഞ്ഞു.’ അറ്റം മിനുക്കിയ അത്തരം അമ്പുകൾ ശരീരത്തിലേക്കു തുളച്ചുകയറുമായിരുന്നു.—യിര 51:11.
ബാബിലോണിനെ ആക്രമിക്കുന്നവരുടെ കൂട്ടത്തിൽ ‘മേദ്യരാജാക്കന്മാരെക്കുറിച്ച്’ യിരെമ്യ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചുകാണും. (യിര 51:11, 28) രാജാക്കന്മാർ എന്ന ആ ബഹുവചനം കോരെശിന്റെ കീഴിലുള്ള ഒരു മേദ്യ രാജാവിനെയോ രാജാക്കന്മാരെയോ ആയിരിക്കാം അർഥമാക്കുന്നത്. പുരാതനകാലത്ത് നിലവിലില്ലാതിരുന്ന ഒരു രീതിയാണ് ഇത്. (യിര 25:25-ഉം താരതമ്യം ചെയ്യുക.) എന്നിട്ടും മേദ്യർ, പേർഷ്യക്കാർ, ഏലാമ്യർ, മറ്റ് അയൽഗോത്രങ്ങളിലുള്ളവർ എന്നിവർ അടങ്ങുന്ന സൈന്യം ബാബിലോണിനെ പിടിച്ചടക്കിയപ്പോൾ മേദ്യനായ ദാര്യാവേശിനെയാണ് “കൽദയരുടെ രാജ്യത്തിന്റെ രാജാവാക്കിയത്.” തെളിവനുസരിച്ച് പേർഷ്യക്കാരനായ കോരെശ് രാജാവായിരിക്കും അദ്ദേഹത്തെ നിയമിച്ചത്.—ദാനി 5:31; 9:1.
(യിരെമ്യ 51:30) “ബാബിലോണിന്റെ യുദ്ധവീരന്മാർ പോരാട്ടം നിറുത്തിയിരിക്കുന്നു. അവർ അവരുടെ കോട്ടകൾക്കുള്ളിൽത്തന്നെ ഇരിക്കുകയാണ്. അവരുടെ ശക്തി ചോർന്നുപോയിരിക്കുന്നു. അവർ സ്ത്രീകളെപ്പോലെയായി. അവളുടെ വീടുകൾക്കു തീയിട്ടിരിക്കുന്നു. അവളുടെ പൂട്ടുകൾ തകർന്നിരിക്കുന്നു.”
it-2-E 459 ¶4
നബോണീഡസ്
ബാബിലോൺ തകർന്ന രാത്രിയെക്കുറിച്ച് വൃത്താന്തം പറയുന്നത് ഇങ്ങനെയാണ്: “യാതൊരു പോരാട്ടവും കൂടാതെ കോരെശിന്റെ നേതൃത്വത്തിലുള്ള സൈന്യം ബാബിലോണിൽ പ്രവേശിച്ചത്.” ഇത്, “ബാബിലോണിന്റെ യുദ്ധവീരന്മാർ പോരാട്ടം നിറുത്തിയിരിക്കുന്നു” എന്ന യിരെമ്യയുടെ വാക്കുകൾ നിവർത്തിച്ചു.—യിര 51:30.
(യിരെമ്യ 51:37) “ബാബിലോൺ കൽക്കൂമ്പാരങ്ങളും കുറുനരികളുടെ താവളവും ആകും. ഞാൻ അതിനെ പേടിപ്പെടുത്തുന്ന ഒരിടവും ആളുകൾ കണ്ട് അതിശയത്തോടെ തല കുലുക്കുന്ന ഒരു സ്ഥലവും ആക്കും. അതു ജനവാസമില്ലാതെ കിടക്കും.”
(യിരെമ്യ 51:62) “എന്നിട്ട്, ‘യഹോവേ, ഈ സ്ഥലം നശിച്ച് മനുഷ്യനോ മൃഗമോ ഇല്ലാത്ത ശൂന്യസ്ഥലമാകുമെന്നും അവൾ എന്നും ഒരു പാഴ്നിലമായിക്കിടക്കുമെന്നും അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ’ എന്നു പറയണം.”
it-1-E 237 ¶1
ബാബിലോൺ
ബി.സി. 539-ൽ ബാബിലോൺ നശിപ്പിക്കപ്പെട്ടതോടെ ആ നഗരത്തിന്റെ പ്രതാപം മങ്ങിത്തുടങ്ങി. പേർഷ്യൻ ചക്രവർത്തിയായ ദാര്യാവേശ് ഒന്നാമന് (ഹിസ്റ്റാസ്പിസിന്) എതിരെ രണ്ടു പ്രാവശ്യം ബാബിലോൺ മത്സരിച്ചു. രണ്ടാം പ്രാവശ്യം അതു പൂർണമായും തകർക്കപ്പെട്ടു. പാതി പുതുക്കിപ്പണിത നഗരം സെർക്സസ് ഒന്നാമനു നേർക്ക് മത്സരത്തിനു മുതിർന്നു. പക്ഷേ നഗരം കൊള്ളയടിക്കപ്പെട്ടു. മഹാനായ അലക്സാണ്ടർ ചക്രവർത്തി ബാബിലോണിനെ തന്റെ തലസ്ഥാനമാക്കാൻ ശ്രമിച്ചു. എന്നാൽ ബി.സി. 323-ൽ അദ്ദേഹം പെട്ടെന്നു മരണമടഞ്ഞു. ബി.സി. 312-ൽ നിക്കേറ്റർ ഈ നഗരം ആക്രമിച്ച് അവിടെയുണ്ടായിരുന്ന മിക്ക സാധനങ്ങളും ടൈഗ്രിസ് നദിയുടെ തീരത്തേക്കു കടത്തിക്കൊണ്ടുപോയി. പുതിയ തലസ്ഥാനമായ സെലൂക്യ കെട്ടിപ്പൊക്കുക എന്നതായിരുന്നു ലക്ഷ്യം. ഒന്നാം നൂറ്റാണ്ടുവരെ ആ നഗരത്തിൽ ജൂതന്മാരുണ്ടായിരുന്നെന്ന് പത്രോസിന്റെ ലേഖനത്തിൽനിന്ന് വ്യക്തമാണ്. അദ്ദേഹം ബാബിലോൺ സന്ദർശിച്ചതായി അതിൽ പറയുന്നുണ്ട്. (1പത്ര 5:13) എ.ഡി. 75-ന്റെ അവസാനകാലത്തും ബാബിലോണിൽ ബേലിന്റെ ക്ഷേത്രമുണ്ടായിരുന്നതായി അവിടെനിന്ന് കണ്ടെടുത്ത ആലേഖനങ്ങളിൽ സൂചിപ്പിക്കുന്നു. എ.ഡി. നാലാം നൂറ്റാണ്ടോടെ നഗരം നശിച്ച് നാമാവശേഷമായി. വെറും ‘കൽക്കൂമ്പാരങ്ങളായി’ മാറി ആ നഗരം!—യിര 51:37.
ആത്മീയമുത്തുകൾക്കായി കുഴിക്കുക
(യിരെമ്യ 51:25) “ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന വിനാശകപർവതമേ, ഞാൻ നിനക്ക് എതിരാണ്” എന്ന് യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ നിന്റെ നേരെ കൈ നീട്ടി പാറക്കെട്ടുകളിൽനിന്ന് നിന്നെ താഴേക്ക് ഉരുട്ടിവിടും. ഞാൻ നിന്നെ കത്തിക്കരിഞ്ഞ ഒരു പർവതമാക്കും.”
it-2-E 444 ¶9
പർവതം
ഗവൺമെന്റുകളെ പ്രതിനിധീകരിക്കുന്നു. രാജത്വങ്ങളെയും ഗവൺമെന്റുകളെയും പ്രതീകപ്പെടുത്താൻ ബൈബിളിൽ പലപ്പോഴും പർവതങ്ങൾ എന്ന് ഉപയോഗിച്ചിരിക്കുന്നു. (ദാനി 2:35, 44, 45; യശ 41:15; വെളി 17:9-11, 18) തങ്ങളുടെ സൈനികപോരാട്ടങ്ങളാൽ ബാബിലോൺ മറ്റു ദേശങ്ങളെ കീഴടക്കി നശിപ്പിച്ചു. അതുകൊണ്ടാണ് അവളെ ‘വിനാശകപർവതം’ എന്നു വിളിക്കുന്നത്.—യിര 51:24, 25.
(യിരെമ്യ 51:42) “കടൽ ബാബിലോണിനെ കടന്നാക്രമിച്ചിരിക്കുന്നു. അതിന്റെ എണ്ണമറ്റ തിരമാലകൾ അവളെ മൂടിയിരിക്കുന്നു.”
it-2-E 882 ¶3
കടൽ
മേദ്യരുടെയും പേർഷ്യക്കാരുടെയും കീഴടക്കിമുന്നേറുന്ന സൈന്യത്തെയാണ് ബാബിലോണിനെ കടന്നാക്രമിക്കുന്ന “കടൽ” എന്നതുകൊണ്ട് യിരെമ്യ അർഥമാക്കിയതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.—യിര 51:42; ദാനി 9:26 താരതമ്യം ചെയ്യുക.
ജൂൺ 12-18
ദൈവവചനത്തിലെ നിധികൾ | വിലാപങ്ങൾ 1-5
“കാത്തിരിപ്പിൻ മനോഭാവം സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കും”
(വിലാപങ്ങൾ 3:20, 21) “അങ്ങ് ഉറപ്പായും എന്നെ ഓർക്കുകയും എന്നെ കുനിഞ്ഞുനോക്കുകയും ചെയ്യും. ഞാൻ ഇത് എന്റെ ഹൃദയത്തിൽ സ്മരിക്കുന്നു, അതുകൊണ്ട് ഞാൻ ക്ഷമയോടെ കാത്തിരിക്കും.”
(വിലാപങ്ങൾ 3:24) “‘യഹോവയാണ് എന്റെ ഓഹരി; അതുകൊണ്ട് ഞാൻ ദൈവത്തിനായി ക്ഷമയോടെ കാത്തിരിക്കും’ എന്നു ഞാൻ പറഞ്ഞു.”
w12-E 6/1 14 ¶3-4
‘അങ്ങ് . . . എന്നെ കുനിഞ്ഞുനോക്കും’
അത്യധികം വിഷമമുണ്ടായിരുന്നെങ്കിലും യിരെമ്യ പ്രതീക്ഷ കൈവിട്ടില്ല. യിരെമ്യ ദൈവത്തോടു കണ്ണീരോടെ ഇങ്ങനെ പറഞ്ഞു: “അങ്ങ് ഉറപ്പായും എന്നെ ഓർക്കുകയും എന്നെ കുനിഞ്ഞുനോക്കുകയും ചെയ്യും.” (വില 3:20) യിരെമ്യക്ക് അക്കാര്യത്തിൽ ഒരു സംശയവുമുണ്ടായിരുന്നില്ല. യഥാർഥമായി പശ്ചാത്തപിക്കുന്ന ആരെയും യഹോവ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. സർവശക്തനായ ദൈവം എന്തു ചെയ്യുമായിരുന്നു?—വെളി 15:3.
യഹോവ ‘കുനിഞ്ഞുനോക്കും’ എന്ന ഈ വാക്കുകൾ മനസ്സിൽ ഒരു സാന്ത്വനത്തിന്റെ ചിത്രം നൽകുന്നു. “മുഴുഭൂമിക്കും മീതെ അത്യുന്നതൻ” ആയ യഹോവ തന്റെ ആരാധകരെ ‘കുനിഞ്ഞുനോക്കി’ പരിതാപകരമായ അവസ്ഥയിലായിരിക്കുന്ന അവരെ ഉയർത്തും, താനുമായി നല്ല ഒരു ബന്ധത്തിലേക്കു കൊണ്ടുവരും. (സങ്ക 83:18) യിരെമ്യയുടെ മുറിവേറ്റ ഹൃദയത്തിന് പ്രതീക്ഷയുടെ ഈ വാക്കുകൾ വലിയ ആശ്വാസമേകുന്നു. പശ്ചാത്തപിക്കുന്ന ജനത്തെ വിടുവിക്കുന്ന യഹോവയുടെ കൃത്യസമയത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ ഈ വിശ്വസ്തപ്രവാചകൻ തീരുമാനിച്ചുറച്ചു.—വില 3:21.