ഒരു പ്രവചന ഗ്രന്ഥം
ആളുകൾ ഭാവിയെക്കുറിച്ചറിയാൻ താത്പര്യമുള്ളവരാണ്. കാലാവസ്ഥാ പ്രവചനങ്ങൾമുതൽ സാമ്പത്തിക സൂചികകൾവരെ പല വിഷയങ്ങൾ സംബന്ധിച്ചും ആശ്രയയോഗ്യമായ ഭാവി വിവരങ്ങൾ അവർ തേടുന്നു. അത്തരം പ്രവചനങ്ങളനുസരിച്ച് പ്രവർത്തിക്കുമ്പോൾ, അവർ മിക്കപ്പോഴും നിരാശരാകുകയാണു പതിവ്. ബൈബിളിൽ അനേകം ഭാവി വിവരങ്ങൾ അഥവാ പ്രവചനങ്ങൾ അടങ്ങിയിട്ടുണ്ട്. അത്തരം പ്രവചനങ്ങൾ എത്ര കൃത്യതയുള്ളവയാണ്? അവ മുൻകൂട്ടി എഴുതപ്പെട്ട ചരിത്രമാണോ? അതോ പ്രവചനത്തിന്റെ പരിവേഷമണിയുന്ന ചരിത്രമാണോ?
റോമൻ രാജ്യതന്ത്രജ്ഞനായ കേറ്റോ (പൊ.യു.മു. 234-പൊ.യു.മു. 149) ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: “ഒരു ദീർഘദർശി മറ്റൊരു ദീർഘദർശിയെ കാണുമ്പോൾ ചിരിക്കാത്തത് എന്തുകൊണ്ടെന്നു ഞാൻ അതിശയിക്കുന്നു.”1 ഇക്കാലത്തും അനവധിയാളുകൾ ഭാവി മുൻകൂട്ടിപ്പറയുന്നവരെയും ജ്യോതിഷക്കാരെയും ദീർഘദർശികളെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നുവെന്നതു സത്യമാണ്. പലപ്പോഴും അവരുടെ പ്രവചനങ്ങൾ അസ്പഷ്ടവും ഒട്ടനവധി വ്യാഖ്യാനങ്ങൾക്കു വിധേയവുമാണ്.
എന്നാൽ, ബൈബിളിലെ പ്രവചനങ്ങളുടെ കാര്യമോ? സന്ദേഹത്തിന് എന്തെങ്കിലും കാരണമുണ്ടോ? അതോ വിശ്വസിക്കുന്നതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
വിദഗ്ധമായ ഊഹങ്ങളല്ല
ഭാവി സംബന്ധിച്ചു കൃത്യമായ നിഗമനങ്ങൾ നടത്തുന്നതിന് നിരീക്ഷിക്കാൻ കഴിയുന്ന ഗതിവിഗതികൾ ഉപയോഗിക്കാൻ വിജ്ഞരായ ആളുകൾ ശ്രമിച്ചേക്കാം. എന്നാൽ അവരുടെ നിഗമനങ്ങൾ എപ്പോഴും സത്യമായി ഭവിക്കുന്നില്ല. ഭാവി പ്രത്യാഘാതം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഓരോ സമൂഹവും അഭിമുഖീകരിക്കുന്നത് സംഭാവ്യമായ ഭാവിസംഭവങ്ങളുടെ പരമ്പരയെ മാത്രമല്ല, സാധ്യമായ ഒരു കൂട്ടം ഭാവിസംഭവങ്ങളെയും അഭികാമ്യമായ ഭാവിസംഭവങ്ങളായിരിക്കാൻ കഴിയുന്ന കാര്യങ്ങളെയുമാണ്.” അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “തീർച്ചയായും, സമ്പൂർണമായ അർഥത്തിൽ ആർക്കും ഭാവിയെക്കുറിച്ച് ‘അറിയാൻ’ സാധ്യമല്ല. ഭാവി സംബന്ധിച്ച നമ്മുടെ നിഗമനങ്ങളെ വർഗീകരിച്ച് ആഴമുള്ളതാക്കാനും അവയ്ക്കു സംഭാവ്യത ആരോപിക്കാൻ ശ്രമിക്കാനും മാത്രമേ നമുക്കു സാധിക്കൂ.”2
ബൈബിളെഴുത്തുകാർ ഭാവി സംബന്ധിച്ച “നിഗമനങ്ങൾ”ക്ക് “സംഭാവ്യത ആരോപി”ച്ചില്ല. അവരുടെ പ്രവചനങ്ങൾ ഒട്ടനവധി വ്യാഖ്യാനങ്ങൾക്കു വഴിതുറക്കുന്ന നിഗൂഢ പ്രസ്താവനകളായി തള്ളിക്കളയാനും സാധ്യമല്ല. നേരേമറിച്ച്, പല പ്രവചനങ്ങളും ഉദ്ഘോഷിക്കപ്പെട്ടത് അസാധാരണമായ സ്പഷ്ടതയോടെയാണെന്നു മാത്രമല്ല, അസാധാരണമാംവിധം കൃത്യതയുള്ള വിധത്തിലുമായിരുന്നു. മിക്കപ്പോഴും പ്രതീക്ഷിക്കാവുന്നതിന്റെ നേരേ വിപരീതമായിരുന്നു പ്രവചിച്ചത്. പുരാതന ബാബിലോൻ നഗരത്തെക്കുറിച്ചു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞത് ഉദാഹരണമായെടുക്കാം.
“നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും”
പുരാതന ബാബിലോൻ “രാജ്യങ്ങളുടെ രത്ന”മായിത്തീർന്നു. (യെശയ്യാവു 13:19, ദ ന്യൂ അമേരിക്കൻ ബൈബിൾ) യൂഫ്രട്ടീസ് നദിയുടെ തീരങ്ങളിൽ വ്യാപിച്ചുകിടന്നിരുന്ന ആ നഗരം പേർഷ്യൻ കടലിടുക്കിൽനിന്നു മെഡിറ്ററേനിയൻ സമുദ്രത്തിലേക്കുള്ള വാണിജ്യമാർഗത്തിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. പൗരസ്ത്യദേശവും പാശ്ചാത്യദേശവും തമ്മിൽ കരമാർഗവും കടൽമാർഗവുമുള്ള കച്ചവടത്തിന്റെ വാണിജ്യ ഡിപ്പോ ആയി ഉതകി അത്.
പൊ.യു.മു. ഏഴാം നൂറ്റാണ്ട് ആയപ്പോഴേക്കും ബാബിലോൻ നഗരം അജയ്യമെന്നു തോന്നുമാറ് ബാബിലോന്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിക്കഴിഞ്ഞിരുന്നു. ആ നഗരം യൂഫ്രട്ടീസ് നദിയുടെ ഇരുകരകളിലുമായി സ്ഥിതിചെയ്തിരുന്നു. നദിയിലെ വെള്ളം, കെട്ടുപിണഞ്ഞുകിടന്നിരുന്ന, വിശാലവും ആഴമുള്ളതുമായ കിടങ്ങുകളിലും കനാലുകളിലും കേറിക്കിടന്നിരുന്നു. തന്നെയുമല്ല, ആ നഗരം ഒരു വൻ ഇരട്ടമതിലിനാൽ സംരക്ഷിക്കപ്പെട്ടിരുന്നു. അനവധി കോട്ടക്കൊത്തളങ്ങളും ഉയർന്നുനിന്നിരുന്നു. അതിലെ നിവാസികൾക്കു സുരക്ഷിതത്വം തോന്നിയതിൽ തെല്ലും അതിശയിക്കാനില്ല.
എന്നിരുന്നാലും, ബാബിലോനെ “നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരു”മെന്ന്, അത് അതിന്റെ പ്രതാപത്തിന്റെ ഉന്നതിയിലേക്കു വരുന്നതിനു മുമ്പ്, പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ പ്രവാചകനായ യെശയ്യാവ് മുൻകൂട്ടിപ്പറഞ്ഞിരുന്നു. (യെശയ്യാവു 13:19; 14:22, 23) ബാബിലോന്റെ പതനം എപ്രകാരമായിരിക്കുമെന്നും യെശയ്യാവ് കൃത്യമായി വർണിച്ചു. ആക്രമണകാരികൾ നഗരത്തിലെ കിടങ്ങുസമാന പ്രതിരോധത്തിന്റെ ഉറവിടമായ നദികളെ ‘വറ്റിച്ചുകള’ഞ്ഞ് നഗരത്തെ ആക്രമണവിധേയമാക്കും. യെശയ്യാവ് ജേതാവിന്റെ പേരുപോലും നൽകിയിരുന്നു—മഹാനായ പേർഷ്യൻ രാജാവ് “കോരെശ്.” അവനു മുമ്പാകെ ‘കതകുകൾ തുറന്നിരിക്കുകയും വാതിലുകൾ അടയാതിരിക്കുകയും’ ചെയ്യും.—യെശയ്യാവു 44:27–45:2.
ധീരമായ പ്രവചനങ്ങളായിരുന്നു അവ. എന്നാൽ അവ സത്യമായി ഭവിച്ചോ? ചരിത്രം ഉത്തരം നൽകുന്നു.
‘യുദ്ധം ചെയ്യാതെ’
യെശയ്യാവ് തന്റെ പ്രവചനം രേഖപ്പെടുത്തി രണ്ടു നൂറ്റാണ്ടിനു ശേഷം പൊ.യു.മു. 539 ഒക്ടോബർ 5-ന് രാത്രി മഹാനായ കോരെശിന്റെ ആജ്ഞാനുസരണം മേദോ-പേർഷ്യ സൈന്യങ്ങൾ ബാബിലോനടുത്തു താവളമടിച്ചു. എന്നാൽ ബാബിലോന്യർ നല്ല ശുഭാപ്തിവിശ്വാസമുള്ളവരായിരുന്നു. (പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിലെ) ഗ്രീക്കുചരിത്രകാരനായ ഹെറോഡോട്ടസ് പറയുന്നതനുസരിച്ച് പല വർഷങ്ങളോളം ഉപയുക്തമാകുമായിരുന്ന ഭക്ഷ്യസാധനങ്ങൾ അവർ ശേഖരിച്ചുവെച്ചിരുന്നു.3 അവർക്കു സംരക്ഷണത്തിനായി യൂഫ്രട്ടീസ് നദിയും ബാബിലോന്റെ ശക്തമായ മതിലുകളുമുണ്ടായിരുന്നു. എന്നിരുന്നാലും, നബോണിഡസ് ക്രോണിക്കിൾ പറയുന്നതനുസരിച്ച് ആ രാത്രിയിൽ “കോരെശിന്റെ സൈന്യം യുദ്ധം ചെയ്യാതെ ബാബിലോന്റെ ഉള്ളിൽ കടന്നു.”4 അതെങ്ങനെ സാധ്യമായിരുന്നു?
നഗരത്തിനുള്ളിൽ ആളുകൾ “ഒരു ഉത്സവത്തിമർപ്പിൽ ആടിത്തകർക്കുകയായിരുന്നു”വെന്നു ഹെറോഡോട്ടസ് വിശദീകരിക്കുന്നു. 5 എന്നാൽ നഗരത്തിനു വെളിയിൽ, കോരെശ് യൂഫ്രട്ടീസിലെ വെള്ളത്തിന്റെ ഗതി തിരിച്ചുവിട്ടു. ജലനിരപ്പ് താണപ്പോൾ അവന്റെ സൈന്യം തുടയ്ക്കൊപ്പം വെള്ളമുണ്ടായിരുന്ന നദിയിലൂടെ അക്കരയ്ക്കു കടന്നു. ഉയർന്നുനിൽക്കുന്ന മതിലുകളെയും കടന്ന് അവർ മാർച്ചു ചെയ്ത് “നദിക്കരികെ തുറന്നുകിടക്കുന്ന കവാടങ്ങൾ” എന്ന് ഹെറോഡോട്ടസ് വിളിച്ചതിലൂടെ അകത്തു കടന്നു. കവാടങ്ങൾ അശ്രദ്ധമായി തുറന്നുകിടന്നിരുന്നു.6 (ദാനീയേൽ 5:1-4; യിരെമ്യാവു 50:24; 51:31, 32 എന്നിവ താരതമ്യം ചെയ്യുക.) സെനോഫോൺ (പൊ.യു.മു. ഏതാണ്ട് 431 മുതൽ പൊ.യു.മു. ഏതാണ്ട് 352 വരെ) ഉൾപ്പെടെയുള്ള മറ്റു ചരിത്രകാരന്മാരും പുരാവസ്തുഗവേഷകർ കണ്ടെത്തിയ ക്യൂണിഫോം ഫലകങ്ങളും കോരെശിന്റെ മുമ്പിൽ ബാബിലോന്റെ പെട്ടെന്നുള്ള പതനത്തെ സ്ഥിരീകരിക്കുന്നു.7
അങ്ങനെ ബാബിലോനെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം നിവൃത്തിയായി. അതോ അങ്ങനെയല്ലായിരുന്നോ? അതു വാസ്തവത്തിൽ പ്രവചനമായിരിക്കുന്നതിനു പകരം സംഭവം നടന്നതിനുശേഷം എഴുതപ്പെട്ട വൃത്താന്തമായിരുന്നോ? മറ്റു ബൈബിൾ പ്രവചനങ്ങളുടെ കാര്യത്തിലും അതുതന്നെ ചോദിക്കാൻ കഴിയും.
പ്രവചനത്തിന്റെ പരിവേഷമണിയുന്ന ചരിത്രമോ?
യെശയ്യാവ് ഉൾപ്പെടെയുള്ള ബൈബിൾ പ്രവാചകന്മാർ പ്രവചനംപോലെ തോന്നത്തക്കവിധം ചരിത്രം തിരുത്തിയെഴുതുകയാണു ചെയ്തതെങ്കിൽ കണിശമായും അവർ വിദഗ്ധരായ വഞ്ചകരായിരുന്നു. അത്തരം വഞ്ചനയ്ക്കു പിന്നിലെ അവരുടെ ഉദ്ദേശ്യമെന്തായിരിക്കും? തങ്ങൾ കൈക്കൂലി വാങ്ങിക്കുകയില്ലെന്നു യഥാർഥ പ്രവാചകന്മാർ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. (1 ശമൂവേൽ 12:3; ദാനീയേൽ 5:17) ബൈബിളെഴുത്തുകാർ (അവരിൽ പലരും പ്രവാചകന്മാരായിരുന്നു) ലജ്ജാകരമായ സ്വന്തം തെറ്റുകൾ വെളിപ്പെടുത്താൻ മനസ്സൊരുക്കം കാട്ടിയ ആശ്രയയോഗ്യരായ പുരുഷന്മാരായിരുന്നുവെന്നതിന്റെ ശക്തമായ തെളിവു നാം ഇതിനോടകം കണ്ടുകഴിഞ്ഞിരിക്കുന്നു. അത്തരത്തിലുള്ള പുരുഷന്മാർ ചരിത്രത്തിനു പ്രവചനത്തിന്റെ വ്യാജ പരിവേഷം കൊടുത്തുകൊണ്ടു കൊടിയ വഞ്ചനകൾ കാണിക്കാൻ പ്രവണതയുള്ളവരായിരിക്കാനിടയില്ല.
പരിചിന്തിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. പ്രവാചകന്മാരുടെ സ്വന്തം ജനത്തെക്കുറിച്ചുള്ള ഉഗ്രമായ അപലപനങ്ങൾ പല ബൈബിൾ പ്രവചനങ്ങളിലും അടങ്ങിയിട്ടുണ്ട്. അതിൽ പുരോഹിതന്മാരും ഭരണാധികാരികളും ഉൾപ്പെട്ടിരുന്നു. ഉദാഹരണത്തിന്, തന്റെ നാളിലെ ഇസ്രായേല്യരുടെ—നേതാക്കന്മാരുടെയും പൊതുജനങ്ങളുടെയും—ദയനീയമായ ധാർമിക സ്ഥിതിവിശേഷത്തെക്കുറിച്ചു യെശയ്യാവു വർണിച്ചു. (യെശയ്യാവു 1:2-10) മറ്റു പ്രവാചകന്മാർ പുരോഹിതന്മാരുടെ പാപങ്ങൾ ശക്തമായി വെളിച്ചത്തു കൊണ്ടുവന്നു. (സെഫന്യാവു 3:4; മലാഖി 2:1-9) സ്വന്തം ജനത്തിനെതിരെ ചിന്തിക്കാവുന്നതിലേക്കും ഏറ്റവും നിശിതമായ കുറ്റപ്പെടുത്തലുകൾ അടങ്ങിയ പ്രവചനങ്ങൾ കെട്ടിച്ചമയ്ക്കുന്നതും അത്തരത്തിലുള്ള വഞ്ചനയുമായി പുരോഹിതന്മാർ സഹകരിക്കുന്നതും മനസ്സിലാക്കുക ദുഷ്കരമാണ്.
തന്നെയുമല്ല, ആ പ്രവാചകന്മാർ കേവലം തട്ടിപ്പുകാരായിരുന്നെങ്കിൽ അവർക്ക് അത്തരം വഞ്ചന എങ്ങനെ വിജയപ്രദമായി ഏറ്റെടുത്തു നടത്താൻ കഴിയുമായിരുന്നു? സാക്ഷരതയ്ക്ക് ഇസ്രായേലിൽ പ്രോത്സാഹനം ലഭിച്ചിരുന്നു. കുട്ടികളെ ചെറുപ്പംമുതലേ വായിക്കാനും എഴുതാനും പഠിപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 6:6-9) വ്യക്തിപരമായി തിരുവെഴുത്തുകൾ വായിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. (സങ്കീർത്തനം 1:2) പ്രതിവാര ശബത്തുനാളിൽ സിനഗോഗുകളിൽ തിരുവെഴുത്തുകൾ പരസ്യമായി വായിച്ചിരുന്നു. (പ്രവൃത്തികൾ 15:21) തിരുവെഴുത്തുകളിൽ നല്ല ഗ്രാഹ്യമുണ്ടായിരുന്ന, അക്ഷരജ്ഞാനമുണ്ടായിരുന്ന ഒരു ജനത തട്ടിപ്പിനാൽ വഞ്ചിക്കപ്പെടുകയെന്നത് അസംഭാവ്യമായി തോന്നുന്നു.
തന്നെയുമല്ല, ബാബിലോന്റെ പതനത്തെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനത്തിൽ അതിലുമധികം കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. തീർച്ചയായും പ്രവചനനിവൃത്തിക്കുശേഷം എഴുതിച്ചേർക്കാൻ കഴിയുമായിരുന്നില്ലാത്ത വിശദാംശങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്.
“അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല”
പതനത്തിനു ശേഷം ബാബിലോന്റെ അവസ്ഥ എന്തായിത്തീരും? യെശയ്യാവ് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരൻ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.” (യെശയ്യാവു 13:20) അനുകൂലമായ ഒരു സ്ഥാനത്തു സ്ഥിതിചെയ്തിരുന്ന ആ നഗരം എന്നേക്കും ജനവാസമില്ലാത്തതായിത്തീരുമെന്നു പ്രവചിക്കുന്നതു കുറഞ്ഞപക്ഷം വിചിത്രമായിട്ടെങ്കിലും തോന്നാം. ബാബിലോൻ ശൂന്യമായിക്കിടക്കുന്നതു കണ്ടതിനുശേഷമായിരിക്കുമോ യെശയ്യാവിന്റെ വാക്കുകൾ എഴുതപ്പെട്ടത്?
കോരെശിന്റെ ജയിച്ചടക്കലിനെത്തുടർന്ന് തുച്ഛമായിട്ടാണെങ്കിലും, നൂറ്റാണ്ടുകളോളം ബാബിലോനിൽ ആൾപ്പാർപ്പുണ്ടായിരുന്നു. ചാവുകടൽ ചുരുളിൽ പൊ.യു.മു. രണ്ടാം നൂറ്റാണ്ടിലെ സമ്പൂർണ യെശയ്യാ പുസ്തകത്തിന്റെ ഒരു പകർപ്പുണ്ടായിരുന്നുവെന്ന് ഓർക്കുക. ആ ചുരുൾ പകർത്തിയെഴുതിയ സമയത്തോടടുത്തു പാർത്തിയാൻകാർ ബാബിലോന്റെമേൽ നിയന്ത്രണമേറ്റെടുത്തു. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ബാബിലോനിൽ യഹൂദന്മാർ വസിച്ചിരുന്നു. ബൈബിളെഴുത്തുകാരനായ പത്രൊസ് അവിടം സന്ദർശിച്ചു. (1 പത്രൊസ് 5:13) എന്നാൽ അന്ന് യെശയ്യാവിന്റെ ചാവുകടൽ ചുരുൾ രണ്ടു നൂറ്റാണ്ടായി അസ്തിത്വത്തിലുണ്ടായിരുന്നു. അതുകൊണ്ട്, പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ബാബിലോൻ പൂർണമായി ശൂന്യമായിരുന്നില്ല. എന്നാൽ അപ്പോഴേക്കും യെശയ്യാവിന്റെ പുസ്തകം പൂർത്തിയായിട്ട് ദീർഘകാലം കഴിഞ്ഞിരുന്നു.a
മുൻകൂട്ടിപ്പറയപ്പെട്ടതുപോലെ, ബാബിലോൻ ഒടുവിൽ ‘കല്ക്കുന്നുകളായി’ മാറി. (യിരെമ്യാവു 51:37) എബ്രായ പണ്ഡിതനായ ജെറോം (പൊ.യു. നാലാം നൂറ്റാണ്ട്) പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നാളിൽ ബാബിലോൻ “എല്ലാത്തരം മൃഗങ്ങളും” വിഹരിച്ചിരുന്ന ഒരു വേട്ടനിലമായി മാറിക്കഴിഞ്ഞിരുന്നു.9 ബാബിലോൻ ഇന്നും ശൂന്യമായി കിടക്കുന്നു.
ബാബിലോൻ നിവാസികളില്ലാത്തതായിത്തീരുന്നതു കാണാൻ യെശയ്യാവ് ജീവിച്ചിരുന്നില്ല. ആധുനിക ഇറാഖിലെ ബാഗ്ദാദിൽനിന്ന് ഏതാണ്ട് 80 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്തിരുന്ന ആ പ്രബല നഗരത്തിന്റെ ശൂന്യശിഷ്ടങ്ങൾ “അതിൽ ഒരു നാളും കുടിപാർപ്പുണ്ടാകയില്ല” എന്ന യെശയ്യാവിന്റെ വാക്കുകളുടെ നിവൃത്തിക്കു മൂകസാക്ഷ്യം വഹിക്കുന്നു. ഒരു വിനോദസഞ്ചാരസ്ഥലമായി ബാബിലോനെ പുനഃസ്ഥിതീകരിക്കുന്നതു സന്ദർശകരെ ആകർഷിച്ചേക്കാം. എന്നാൽ ബാബിലോന്റെ ‘പുത്രനും പൗത്രനും’ എന്നേക്കും പൊയ്പോയിരിക്കുന്നു.—യെശയ്യാവു 13:20; 14:22, 23.
ഏതു ഭാവി സംഭവങ്ങൾക്കും പ്രയുക്തമാക്കാൻ കഴിയുന്ന അസ്പഷ്ട പ്രവചനങ്ങളല്ല പ്രവാചകനായ യെശയ്യാവ് ഉച്ചരിച്ചത്. പ്രവചനമായി തോന്നത്തക്കവണ്ണം അവൻ ചരിത്രത്തെ തിരുത്തിയെഴുതുകയും ചെയ്തില്ല. ഇതൊന്നു ചിന്തിച്ചുനോക്കൂ: തനിക്കു യാതൊരു നിയന്ത്രണവുമില്ലാത്ത കാര്യം—ബാബിലോനിൽ ഒരിക്കലും ആൾപ്പാർപ്പുണ്ടാകുകയില്ലെന്നത്—“പ്രവചിക്കാൻ” ഒരു തട്ടിപ്പുകാരൻ എന്തിനു ധൈര്യം കാട്ടണം?
ബാബിലോന്റെ പതനത്തെക്കുറിച്ചുള്ള ഈ പ്രവചനം ബൈബിളിൽനിന്നുള്ള ഒരു ഉദാഹരണം മാത്രമാണ്.b അനേകമാളുകളും ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയിൽ, മനുഷ്യരെക്കാൾ ഉയർന്ന ഒരു ഉറവിടത്തിൽനിന്നാണു ബൈബിൾ വന്നിരിക്കുന്നത് എന്നതിന്റെ സൂചന ദർശിക്കുന്നുണ്ട്. ചുരുങ്ങിയപക്ഷം, ഈ പ്രവചനപുസ്തകം പരിശോധിക്കത്തക്ക മൂല്യമുള്ളതാണെന്നു നിങ്ങൾ സമ്മതിച്ചേക്കാം. ഒരു കാര്യം ഉറപ്പാണ്: ആധുനികകാല ദീർഘദർശികളുടെ അവ്യക്തമോ വികാരസാന്ദ്രമോ ആയ പ്രവചനങ്ങളും ബൈബിളിലെ വ്യക്തവും ഗൗരവാവഹവും കൃത്യതയുള്ളതുമായ പ്രവചനങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്.
[അടിക്കുറിപ്പുകൾ]
a പൊ.യു. ഒന്നാം നൂറ്റാണ്ടിനു വളരെക്കാലം മുമ്പാണ് എബ്രായ തിരുവെഴുത്തുകളിലെ പുസ്തകങ്ങൾ—യെശയ്യാവു ഉൾപ്പെടെ—എഴുതപ്പെട്ടതെന്നതിനു ശക്തമായ തെളിവുണ്ട്. തന്റെ നാളിനു ദീർഘകാലം മുമ്പുതന്നെ എബ്രായ തിരുവെഴുത്തുകളുടെ കാനോൻ നിശ്ചയിക്കപ്പെട്ടിരുന്നതായി ചരിത്രകാരനായ ജോസീഫസ് (പൊ.യു. ഒന്നാം നൂറ്റാണ്ട്) സൂചിപ്പിച്ചു.8 തന്നെയുമല്ല, എബ്രായ തിരുവെഴുത്തുകളുടെ ഗ്രീക്കു വിവർത്തനമായ ഗ്രീക്കു സെപ്റ്റുവജിൻറ് പൊ.യു.മു. മൂന്നാം നൂറ്റാണ്ടിൽ ആരംഭിച്ച് പൊ.യു.മു. രണ്ടാം നൂറ്റാണ്ടിലാണു പൂർത്തീകരിക്കപ്പെട്ടത്.
b ബൈബിൾ പ്രവചനങ്ങളെയും അവയുടെ നിവൃത്തിയെ തെളിയിക്കുന്ന ചരിത്രവസ്തുതകളെയും കുറിച്ചുള്ള കൂടുതലായ ചർച്ചയ്ക്കായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 117-33 പേജുകൾ കാണുക.
[28-ാം പേജിലെ ആകർഷകവാക്യം]
ബൈബിളെഴുത്തുകാർ കൃത്യതയുള്ള പ്രവാചകന്മാരായിരുന്നോ അതോ വിദഗ്ധരായ തട്ടിപ്പുകാരോ?
[29-ാം പേജിലെ ചിത്രം]
പുരാതന ബാബിലോന്റെ നാശശിഷ്ടങ്ങൾ