അധ്യായം നാല്
യഹോവയുടെ ആലയം ഉന്നതമാക്കപ്പെടുന്നു
1, 2. ഐക്യരാഷ്ട്ര മന്ദിരത്തിന്റെ ചുവരിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്കുകൾ ഏവ, അവയുടെ ഉറവിടം ഏത്?
“അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കും, കുന്തങ്ങളെ വാക്കത്തികളായും. ജനത ജനതയ്ക്കെതിരെ വാൾ ഉയർത്തുകയില്ല. അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.” ന്യൂയോർക്ക് നഗരത്തിലുള്ള ഐക്യരാഷ്ട്ര മന്ദിരത്തിന്റെ ചുവരിൽ ഈ വാക്കുകൾ ആലേഖനം ചെയ്തിരിക്കുന്നു. ആ ഉദ്ധരണി എവിടെനിന്ന് എടുത്തതാണെന്നു ദശകങ്ങളോളം അതിൽ സൂചിപ്പിച്ചിരുന്നില്ല. ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യം ആഗോള സമാധാനം കൈവരിക്കുക എന്നത് ആയതിനാൽ, 1945-ൽ അതു സ്ഥാപിച്ചവരുടേത് തന്നെയാണ് ആ ഉദ്ധരണിയും എന്ന് ആളുകൾ നിശ്ചയമായും നിഗമനം ചെയ്തിട്ടുണ്ടാകണം.
2 എന്നാൽ, 1975-ൽ ആ ഉദ്ധരണിക്കു കീഴിലായി യെശയ്യാവ് എന്ന പേര് കൊത്തിവെച്ചു. ആ വാക്കുകൾ ആധുനിക കാലത്തുള്ള ആരുടേതുമല്ലെന്ന് അപ്പോൾ വ്യക്തമായി. വാസ്തവത്തിൽ, 2,700-ലധികം വർഷങ്ങൾക്കു മുമ്പ് രേഖപ്പെടുത്തപ്പെട്ട ഒരു പ്രവചനമാണ് അത്. ബൈബിളിലെ യെശയ്യാവു എന്ന പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ അതു കാണാനാകും. യെശയ്യാവ് മുൻകൂട്ടി പറഞ്ഞ കാര്യങ്ങൾ എങ്ങനെ സംഭവിക്കും, എപ്പോൾ സംഭവിക്കും എന്നൊക്കെ സമാധാന സ്നേഹികൾ സഹസ്രാബ്ദങ്ങളായി അമ്പരന്നിട്ടുണ്ട്. എന്നാൽ, ഇന്ന് അതിന്റെ ആവശ്യമില്ല. കാരണം, ആ പുരാതന പ്രവചനം ഇന്ന് നമ്മുടെ കൺമുന്നിൽ അത്ഭുതകരമായ വിധത്തിൽ ഇതൾവിരിയുകയാണ്.
3. വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുന്ന ജനതകൾ ആരാണ്?
3 വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുന്ന ഈ ജനതകൾ ആരാണ്? തീർച്ചയായും, അവ ആധുനിക രാഷ്ട്രങ്ങളോ ഗവൺമെന്റുകളോ അല്ല. കാരണം, അവ എല്ലായ്പോഴുംതന്നെ കൊഴുക്കളെ വാളുകളായി അഥവാ ആയുധങ്ങളായി അടിച്ചുതീർക്കാനാണ് താത്പര്യം കാട്ടിയിട്ടുള്ളത്! ഇക്കാലംവരെ രാഷ്ട്രങ്ങൾ യുദ്ധം ചെയ്യാനും ആയുധശക്തിയിലൂടെ “സമാധാനം” നിലനിറുത്താനും ശ്രമിച്ചിരിക്കുന്നു. എന്നാൽ, യെശയ്യാവിന്റെ പ്രവചനം നിവർത്തിച്ചിരിക്കുന്നത് സകല ജനതകളിൽനിന്നുമുള്ള വ്യക്തികളിൽ, അതായത് “സമാധാനത്തിന്റെ ദൈവ”മായ യഹോവയെ ആരാധിക്കുന്ന ജനങ്ങളിൽ ആണ്.—ഫിലിപ്പിയർ 4:9.
നിർമലാരാധനയിലേക്ക് ഒഴുകിയെത്തുന്ന ജനതകൾ
4, 5. യെശയ്യാവു 2-ാം അധ്യായത്തിന്റെ പ്രാരംഭ വാക്യങ്ങൾ എന്തു മുൻകൂട്ടി പറയുന്നു, ആ വാക്കുകളുടെ ആശ്രയയോഗ്യതയെ എന്ത് അരക്കിട്ടുറപ്പിക്കുന്നു?
4 യെശയ്യാവു രണ്ടാം അധ്യായം തുടങ്ങുന്നത് ഈ വാക്കുകളോടെയാണ്: “ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പററി ദർശിച്ച വചനം. അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും [“എല്ലാ ജനതകളും,” “ഓശാന ബൈ.”] അതിലേക്കു ഒഴുകിച്ചെല്ലും.”—യെശയ്യാവു 2:1, 2.
5 നടക്കാൻ സാധ്യത വളരെ കുറഞ്ഞ ഒരു സംഗതി എന്ന നിലയിലല്ല യെശയ്യാവ് ഇത് എഴുതുന്നത് എന്നതു ശ്രദ്ധിക്കുക. തീർച്ചയായും നിറവേറാനിരിക്കുന്ന സുനിശ്ചിതമായ ഒന്നായിട്ടാണ് അവൻ ഇവിടെ കാര്യങ്ങൾ രേഖപ്പെടുത്തുന്നത്. തന്റെ ഉദ്ദേശ്യങ്ങളെല്ലാം യഹോവ ‘സാധിപ്പിക്കുകതന്നെ’ ചെയ്യും. (യെശയ്യാവു 55:11) യെശയ്യാവു 2:2-4-ൽ കാണുന്ന അതേ പ്രവചനം രേഖപ്പെടുത്താൻ യെശയ്യാവിന്റെ സമകാലിക പ്രവാചകനായ മീഖായെയും ദൈവം നിശ്വസ്തനാക്കി. യെശയ്യാവ് മുഖാന്തരം അവൻ നൽകിയ വാഗ്ദാനത്തിന്റെ ആശ്രയയോഗ്യതയെ അരക്കിട്ടുറപ്പിക്കുന്നതാണ് അത്.—മീഖാ 4:1-3.
6. യെശയ്യാവിന്റെ പ്രവചനം എപ്പോൾ നിവൃത്തിയേറും?
6 യെശയ്യാവിന്റെ പ്രവചനം എപ്പോഴാണു നിവൃത്തിയേറുന്നത്? “അന്ത്യകാലത്തു” എന്നു ബൈബിൾ പറയുന്നു. “അവസാനനാളുകളിൽ” എന്നാണ് പി.ഒ.സി. ബൈബിളിൽ നാം വായിക്കുന്നത്. ഈ കാലഘട്ടത്തെ തിരിച്ചറിയിക്കുന്ന ചില ഘടകങ്ങൾ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. യുദ്ധങ്ങളും ഭൂകമ്പങ്ങളും മഹാമാരികളും ഭക്ഷ്യക്ഷാമങ്ങളും ‘ദുർഘടസമയങ്ങളും’ അവയിൽ ഉൾപ്പെടും.a (2 തിമൊഥെയൊസ് 3:1-5; ലൂക്കൊസ് 21:10, 11) അത്തരം പ്രവചനങ്ങളുടെ നിവൃത്തി, നാം ‘അന്ത്യകാലത്ത്,’ ഈ ലോകവ്യവസ്ഥിതിയുടെ അവസാന നാളുകളിൽ ജീവിക്കുന്നു എന്നതിനു മതിയായ തെളിവു നൽകുന്നു. അപ്പോൾ, ന്യായമായും യെശയ്യാവ് മുൻകൂട്ടി പറയുന്ന കാര്യങ്ങളുടെയും നിവൃത്തി ഉണ്ടായിക്കാണാൻ നാം ആഗ്രഹിക്കുന്നു.
ആരാധനാസ്ഥലമായി ഒരു പർവതം
7. യെശയ്യാവ് വരയ്ക്കുന്ന പ്രാവചനിക ചിത്രം എന്ത്?
7 യെശയ്യാവ് ചുരുങ്ങിയ വാക്കുകളിൽ വ്യക്തമായ ഒരു പ്രാവചനിക ചിത്രം വരയ്ക്കുന്നു. ഉയർന്ന ഒരു പർവതം, അതിന്റെ മുകളിൽ മഹത്ത്വമാർന്ന ഒരു ഭവനമുണ്ട്, അത് യഹോവയുടെ ആലയമാണ്. ഈ പർവതം ചുറ്റുമുള്ള പർവതങ്ങളെക്കാളും കുന്നുകളെക്കാളും ഉയർന്നുനിൽക്കുന്നു. അത് ഒരു അപശകുനമല്ല, ഭയപ്പെടുത്തുന്ന ഒന്നുമല്ല. മറിച്ച് ആകർഷകമായ ഒന്നാണ്. സകല ജനതകളിലും പെട്ട ആളുകൾ യഹോവയുടെ ആലയമാകുന്ന പർവതത്തിലേക്കു കയറിച്ചെല്ലാൻ വാഞ്ഛിക്കുന്നു; അവർ അതിലേക്ക് ഒഴുകിച്ചെല്ലുകയാണ്. ആ ദൃശ്യം ഭാവനയിൽ കാണാൻ എളുപ്പമാണ്, എന്നാൽ എന്താണ് അതിന്റെ അർഥം?
8. (എ) യെശയ്യാവിന്റെ നാളുകളിൽ മലകളും പർവതങ്ങളും എന്തിനോടു ബന്ധപ്പെട്ടിരിക്കുന്നു? (ബി) “യഹോവയുടെ ആലയമുള്ള പർവ്വത”ത്തിലേക്കുള്ള ജനതകളുടെ ഒഴുക്ക് എന്തിനെ ചിത്രീകരിക്കുന്നു?
8 യെശയ്യാവിന്റെ നാളുകളിൽ മിക്കപ്പോഴും മലകളും പർവതങ്ങളും ആരാധനയോടു ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, വിഗ്രഹാരാധന നടത്താനും വ്യാജദേവന്മാരെ പൂജിക്കാനുമുള്ള ഇടങ്ങളായി അവ ഉതകുന്നു. (ആവർത്തനപുസ്തകം 12:2; യിരെമ്യാവു 3:6) എന്നാൽ, യഹോവയുടെ ഭവനം അഥവാ ആലയം യെരൂശലേമിലെ മോരിയാ പർവതമുകളിൽ ഒരു അലങ്കാരമായി വർത്തിക്കുന്നു. വിശ്വസ്ത ഇസ്രായേല്യർ സത്യദൈവത്തെ ആരാധിക്കാനായി വർഷത്തിൽ മൂന്നു പ്രാവശ്യം യെരൂശലേമിലേക്കു പോയി മോരിയാ പർവതത്തിൽ കയറാറുണ്ട്. (ആവർത്തനപുസ്തകം 16:16) അതുകൊണ്ട്, “യഹോവയുടെ ആലയമുള്ള പർവ്വത”ത്തിലേക്കുള്ള ജനതകളുടെ ഒഴുക്ക് സത്യാരാധനയിലേക്ക് ഇന്ന് അനേകർ കൂടിവരുന്നതിനെ ചിത്രീകരിക്കുന്നു.
9. “യഹോവയുടെ ആലയമുള്ള പർവ്വതം” എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
9 തീർച്ചയായും, ഇന്ന് ദൈവജനം ഒരു അക്ഷരീയ പർവതത്തിൽ കല്ലുകൊണ്ടു പണിതീർത്ത ആലയത്തിൽ കൂടിവരുന്നില്ല. യെരൂശലേമിൽ ഉണ്ടായിരുന്ന യഹോവയുടെ ആലയം പൊ.യു. 70-ൽ റോമൻ സൈന്യങ്ങൾ നശിപ്പിച്ചു. മാത്രമല്ല, യെരൂശലേമിലെ ആലയവും അതിനു മുമ്പുണ്ടായിരുന്ന സമാഗമന കൂടാരവും മറ്റു ചിലതിനെ മുൻനിഴലാക്കുന്നുവെന്ന് പൗലൊസ് അപ്പൊസ്തലൻ വ്യക്തമാക്കി. വലിയ ഒരു ആത്മീയ യാഥാർഥ്യത്തെ, ‘മനുഷ്യനല്ല മറിച്ച് കർത്താവു സ്ഥാപിച്ച സത്യകൂടാരത്തെ,’ അവ പ്രതിനിധാനം ചെയ്തു. (എബ്രായർ 8:2) യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ, ആരാധനയിൽ യഹോവയെ സമീപിക്കുന്നതിനുള്ള ക്രമീകരണമാണ് ഈ ആത്മീയ കൂടാരം. (എബ്രായർ 9:2-10, 23) അതിനു ചേർച്ചയിൽ, യെശയ്യാവു 2:2-ൽ പറഞ്ഞിരിക്കുന്ന “യഹോവയുടെ ആലയമുള്ള പർവ്വതം” നമ്മുടെ നാളിലെ യഹോവയുടെ ഉന്നതമായ നിർമലാരാധനയെ പ്രതിനിധാനം ചെയ്യുന്നു. നിർമലാരാധനയിലേക്കു വരുന്നവരെല്ലാം അക്ഷരീയമായ ഏതെങ്കിലുമൊരു സ്ഥലത്തു കൂടിവരുന്നില്ല; ആരാധനയിൽ ഏകീകൃതരാണെന്ന അർഥത്തിലാണ് അവർ കൂടിവരുന്നത്.
നിർമലാരാധന ഉന്നതമാക്കപ്പെടുന്നു
10, 11. ഏത് അർഥത്തിലാണു നമ്മുടെ നാളിൽ യഹോവയുടെ ആരാധന ഉന്നതമാക്കപ്പെട്ടിരിക്കുന്നത്?
10 “യഹോവയുടെ ആലയമുള്ള പർവ്വതം” അഥവാ നിർമലാരാധന “പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും” എന്നു പ്രവാചകൻ പറയുന്നു. യെശയ്യാവ് ജീവിച്ചിരുന്നതിനു ദീർഘകാലം മുമ്പ്, ദാവീദ് രാജാവ് സമുദ്രനിരപ്പിൽനിന്ന് 2,500 അടി ഉയരത്തിലുള്ള യെരൂശലേമിലെ സീയോൻ പർവതത്തിൽ ഉടമ്പടി പെട്ടകം എത്തിക്കുകയുണ്ടായി. പിന്നീട് അതു മോരിയാ പർവതത്തിൽ പണിത ആലയത്തിലേക്കു മാറ്റുകയുണ്ടായി. (2 ശമൂവേൽ 5:7; 6:14-19; 2 ദിനവൃത്താന്തം 3:1; 5:1-10) അങ്ങനെ, യെശയ്യാവിന്റെ കാലം ആയപ്പോഴേക്കും വിശുദ്ധ പെട്ടകത്തെ അക്ഷരാർഥത്തിൽ ഉയർത്തി ആലയത്തിൽ സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ആ വിധത്തിൽ, വ്യാജാരാധനയ്ക്കായി ഉപയോഗിച്ചിരുന്ന ചുറ്റുമുള്ള നിരവധി കുന്നുകളെക്കാളും ഉയർന്ന ഒരു സ്ഥാനത്തായിരുന്നു അത് എന്നു പറയാൻ കഴിയും.
11 ആത്മീയ അർഥത്തിൽ, യഹോവയുടെ ആരാധന വ്യാജദൈവങ്ങളെ ആരാധിക്കുന്നവരുടെ മതാനുഷ്ഠാനങ്ങളെക്കാൾ എല്ലായ്പോഴും ശ്രേഷ്ഠമായിരുന്നിട്ടുണ്ട്. എന്നാൽ, നമ്മുടെ നാളിൽ യഹോവ തന്റെ ആരാധനയെ സ്വർഗത്തോളം, എല്ലാ ‘കുന്നുകൾ’ക്കും ‘പർവതങ്ങളുടെ ശിഖരങ്ങൾക്കും’ മീതെ, അതായത് അശുദ്ധമായ എല്ലാ ആരാധനാ രീതികൾക്കും മീതെ ഉന്നതമാക്കിയിരിക്കുന്നു. അതെങ്ങനെ? പ്രധാനമായും അവനെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ ആഗ്രഹിക്കുന്നവരെ കൂട്ടിവരുത്തിയിരിക്കുന്നതിലൂടെ.—യോഹന്നാൻ 4:23.
12. ആരാണ് “രാജ്യത്തിന്റെ പുത്രന്മാർ,” എന്തു കൂട്ടിച്ചേർപ്പ് നടന്നിരിക്കുന്നു?
12 “ലോകാവസാന” കാലം കൊയ്ത്തിന്റെ ഒരു സമയമായിരിക്കുമെന്ന് യേശുക്രിസ്തു പറഞ്ഞു. ആ സമയത്ത് ദൂതന്മാർ ‘രാജ്യത്തിന്റെ പുത്രന്മാരെ’—യേശുവിനോടു കൂടെ സ്വർഗീയ മഹത്ത്വത്തിൽ ഭരിക്കാൻ പ്രത്യാശയുള്ളവരെ—കൂട്ടിച്ചേർക്കുമെന്നും അവൻ വ്യക്തമാക്കി. (മത്തായി 13:36-43) 1919 മുതൽ ദൂതന്മാരോടൊപ്പം ഈ കൊയ്ത്തു വേലയിൽ പങ്കെടുക്കാൻ ആ പുത്രന്മാരിൽ ‘ശേഷിപ്പുള്ളവരെ’ യഹോവ ശക്തീകരിച്ചിരിക്കുന്നു. (വെളിപ്പാടു 12:17) “രാജ്യത്തിന്റെ പുത്രന്മാർ” അഥവാ യേശുവിന്റെ അഭിഷിക്ത സഹോദരന്മാർ ആണ് ആദ്യം കൂട്ടിച്ചേർക്കപ്പെടുന്നത്. തുടർന്ന്, അവർ കൂടുതലായ ഒരു കൂട്ടിച്ചേർക്കൽ വേലയിൽ പങ്കെടുക്കുന്നു.
13. യഹോവ അഭിഷിക്ത ശേഷിപ്പിനെ അനുഗ്രഹിച്ചിരിക്കുന്നത് എങ്ങനെ?
13 ഈ കൊയ്ത്തുകാലത്ത് തന്റെ വചനമായ ബൈബിൾ ഗ്രഹിക്കാനും അതു ബാധകമാക്കാനും യഹോവ അഭിഷിക്ത ശേഷിപ്പിനെ പടിപടിയായി സഹായിച്ചിരിക്കുന്നു. നിർമലാരാധന ഉന്നതമാക്കപ്പെടുന്നതിൽ അതും ഒരു പങ്കു വഹിച്ചിട്ടുണ്ട്. “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു”വെങ്കിലും, യഹോവ ശുദ്ധീകരിച്ചെടുത്തിരിക്കുന്ന അഭിഷിക്തർ മനുഷ്യവർഗത്തിന്റെ ഇടയിൽ “ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” (യെശയ്യാവു 60:2; ഫിലിപ്പിയർ 2:15) ‘ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവന്നിരിക്കുന്ന’ ഈ ആത്മാഭിഷിക്തർ ‘തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കുന്നു.’—കൊലൊസ്സ്യർ 1:10; മത്തായി 13:43.
14, 15. ‘രാജ്യത്തിന്റെ പുത്രന്മാരെ’ കൂട്ടിച്ചേർത്തതിനു പുറമേ മറ്റെന്തു കൂട്ടിച്ചേർക്കൽ കൂടി നടന്നിരിക്കുന്നു, ഹഗ്ഗായി അതേക്കുറിച്ചു മുൻകൂട്ടി പറഞ്ഞത് എങ്ങനെ?
14 അഭിഷിക്തരെ കൂടാതെ വേറെ ചിലരും “യഹോവയുടെ ആലയമുള്ള പർവ്വത”ത്തിലേക്ക് ഒഴുകിവന്നിരിക്കുന്നു. “വേറെ ആടുകൾ” എന്ന് യേശു വിളിച്ച അവർക്ക് ഒരു പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുണ്ട്. (യോഹന്നാൻ 10:16; വെളിപ്പാടു 21:3-5എ) 1930-കളുടെ തുടക്കത്തിൽ അവർ ഏതാനും ആയിരങ്ങളേ ഉണ്ടായിരുന്നുള്ളൂ, പിന്നീട് അവർ ലക്ഷങ്ങളായി വളർന്നു, ഇപ്പോഴാകട്ടെ ദശലക്ഷങ്ങളായിരിക്കുന്നു! യോഹന്നാൻ അപ്പൊസ്തലനു ലഭിച്ച ഒരു ദർശനത്തിൽ, അവരെ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” എന്നു വിളിച്ചിരിക്കുന്നു.—വെളിപ്പാടു 7:9.
15 ഈ മഹാപുരുഷാരത്തിന്റെ ആവിർഭാവത്തെ കുറിച്ച് പ്രവാചകനായ ഹഗ്ഗായി മുൻകൂട്ടി പറഞ്ഞിരുന്നു. അവൻ ഇങ്ങനെ എഴുതി: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും. ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു [നിർമലാരാധനയിൽ അഭിഷിക്ത ക്രിസ്ത്യാനികളോടു ചേരുന്നവർ] വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (ഹഗ്ഗായി 2:6, 7) സദാ വർധിച്ചുവരുന്ന ഈ “മഹാപുരുഷാര”വും കൂടാതെ അവരുടെ അഭിഷിക്ത സഹകാരികളും ഇക്കാലത്ത് അസ്തിത്വത്തിലിരിക്കുന്നു എന്ന വസ്തുത യഹോവയുടെ ഭവനത്തിലെ ശുദ്ധാരാധനയെ ഉന്നതമാക്കുന്നു, അതിനെ മഹത്ത്വപ്പെടുത്തുന്നു. മുമ്പൊരിക്കലും ഇത്രയധികം ആളുകൾ ഏകസത്യദൈവത്തെ ആരാധിക്കുന്നതിൽ ഏകീകൃതരായിരുന്നിട്ടില്ല. അവരുടെ ബാഹുല്യം യഹോവയാം ദൈവത്തിനും അവൻ സിംഹാസനസ്ഥനാക്കിയ രാജാവായ യേശുക്രിസ്തുവിനും മഹത്ത്വം കരേറ്റുന്നു. “പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം” എന്നു ശലോമോൻ രാജാവ് എഴുതി.—സദൃശവാക്യങ്ങൾ 14:28.
സത്യാരാധനയ്ക്ക് പ്രഥമസ്ഥാനം
16-18. യഹോവയെ സ്വീകാരയോഗ്യമായി ആരാധിക്കുന്നതിന് ചിലർ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തിയിരിക്കുന്നു?
16 നമ്മുടെ കാലത്തു നിർമലാരാധന ഉന്നതമാക്കപ്പെട്ടിരിക്കുന്നതിനുള്ള സകല ബഹുമതിയും യഹോവയ്ക്കുള്ളതാണ്. എന്നിരുന്നാലും അവന്റെ ആരാധകർക്കും സത്യാരാധനയെ ഉന്നമിപ്പിക്കുന്നതിൽ പങ്കെടുക്കുകയെന്ന പദവിയുണ്ട്. ഒരു പർവതത്തിൽ കയറാൻ നല്ല ശ്രമം ആവശ്യമായിരിക്കുന്നതുപോലെ, ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളെ കുറിച്ചു പഠിക്കാനും അതനുസരിച്ചു ജീവിക്കാനും നല്ല ശ്രമം ആവശ്യമാണ്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ പോലെ, ഇന്നത്തെ ദൈവദാസരും സത്യാരാധനയ്ക്കു നിരക്കാത്ത ജീവിതരീതികളും ആചാരങ്ങളും ഉപേക്ഷിച്ചിരിക്കുന്നു. പരസംഗക്കാരും വിഗ്രഹാരാധികളും വ്യഭിചാരികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും മറ്റു പല ദുഷ്പ്രവൃത്തിക്കാരും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ദൈവദൃഷ്ടിയിൽ തങ്ങളെത്തന്നെ ‘കഴുകി ശുദ്ധീകരണം’ പ്രാപിച്ചിരിക്കുന്നു.—1 കൊരിന്ത്യർ 6:9-11.
17 മുമ്പ് അധമജീവിതം നയിച്ചിരുന്ന ഒരു യുവതിയുടെ കാര്യമെടുക്കുക. അവൾ ഇങ്ങനെ എഴുതി: “ഒരുകാലത്ത് എനിക്കു യാതൊരു പ്രത്യാശയും ഇല്ലായിരുന്നു. ഞാൻ അധാർമികതയിൽ ഏർപ്പെട്ടിരുന്നു, മദ്യത്തിന് അടിമയായിരുന്നു. എനിക്കു ലൈംഗിക രോഗങ്ങൾ പിടിപെട്ടു. ഞാൻ മയക്കുമരുന്നുകൾ വിറ്റിരുന്നു. തോന്നിയതുപോലുള്ള ഒരു ജീവിതമായിരുന്നു എന്റേത്.” എന്നാൽ, ബൈബിൾ പഠിക്കുകയും ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്ത അവൾ ഇങ്ങനെ പറയുന്നു: “എനിക്ക് ഇപ്പോൾ മനസ്സമാധാനവും ആത്മാഭിമാനവും ഉണ്ട്, ഭാവിയെ കുറിച്ച് ഒരു പ്രത്യാശയും. മാത്രമല്ല, എന്റെ കുടുംബജീവിതം ഇപ്പോൾ വളരെ സന്തുഷ്ടമാണ്. സർവോപരി, നമ്മുടെ പിതാവായ യഹോവയുമായി നല്ലൊരു ബന്ധവും ഞാൻ ആസ്വദിക്കുന്നു.”
18 യഹോവയുടെ മുമ്പാകെ ഒരു അംഗീകൃത നില കൈവരിച്ചശേഷവും, സത്യാരാധനയ്ക്കു ജീവിതത്തിൽ മുന്തിയ സ്ഥാനം കൊടുത്തുകൊണ്ട് അതിനെ ഉന്നതമാക്കാൻ നാം തുടർന്നും ശ്രമിക്കണം. സത്യാരാധനയ്ക്കു ജീവിതത്തിൽ പ്രഥമസ്ഥാനം നൽകാൻ ആകാംക്ഷയുള്ള നിരവധി പേർ അന്ത്യകാലത്ത് ഉണ്ടായിരിക്കുമെന്ന് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പുതന്നെ യെശയ്യാവ് മുഖാന്തരം യഹോവ പറഞ്ഞിരുന്നു. നിങ്ങൾ അവരിൽ ഒരാളാണോ?
യഹോവയുടെ മാർഗത്തെ കുറിച്ചു പഠിക്കുന്ന ഒരു ജനത
19, 20. ദൈവജനം എന്തു പഠിക്കുന്നു, എവിടെ വെച്ച്?
19 ഇക്കാലത്തു നിർമലാരാധന സ്വീകരിക്കുന്നവരെ കുറിച്ച് യെശയ്യാവ് കൂടുതലായി ഇങ്ങനെ പറയുന്നു: “അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.”—യെശയ്യാവു 2:3.
20 കൂട്ടംവിട്ട ആടുകളെപ്പോലെ തന്റെ ജനം അലഞ്ഞുതിരിയാൻ യഹോവ അനുവദിക്കുന്നില്ല. തന്റെ വഴികളെ കുറിച്ച് അവർ മനസ്സിലാക്കേണ്ടതിന് ബൈബിളിലൂടെയും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും അവൻ അവർക്ക് “ഉപദേശവും” “വചനവും” പ്രദാനം ചെയ്യുന്നു. അങ്ങനെ ലഭിക്കുന്ന പരിജ്ഞാനം, ‘അവന്റെ പാതകളിൽ നടക്കാൻ’ അവരെ സഹായിക്കുന്നു. വിലമതിപ്പു നിറഞ്ഞ ഹൃദയത്തോടെ, ദിവ്യമാർഗനിർദേശത്തിനു ചേർച്ചയിൽ, യഹോവയുടെ വഴികളിൽ നടക്കാൻ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു. ദൈവിക വഴികൾ കേട്ടു പഠിക്കാൻ അവർ വലിയ കൺവെൻഷനുകൾക്കും രാജ്യഹാളുകളിലും സ്വകാര്യ ഭവനങ്ങളിലും നടത്തുന്ന യോഗങ്ങൾക്കും കൂടിവരുന്നു. (ആവർത്തനപുസ്തകം 31:12, 13) അങ്ങനെ അവർ ആദിമ ക്രിസ്ത്യാനികളുടെ മാതൃക അനുകരിച്ചുകൊണ്ട് പരസ്പരം പ്രോത്സാഹിപ്പിക്കാനും “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും” ഉത്സാഹം വർധിപ്പിക്കാനും കൂടിവരുന്നു.—എബ്രായർ 10:24, 25.
21. യഹോവയുടെ ദാസന്മാർ ഏതു വേല നിർവഹിക്കുന്നു?
21 യഹോവയാം ദൈവത്തിന്റെ ഉന്നതമായ ആരാധനയിലേക്കു ‘കയറിച്ചെല്ലാൻ’ അവർ മറ്റുള്ളവരെയും പ്രോത്സാഹിപ്പിക്കുന്നു. സ്വർഗാരോഹണത്തിനു മുമ്പ്, യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ കൽപ്പനയുമായി ഇതു നന്നായി യോജിക്കുന്നു! അവൻ അവരോടു പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) ദിവ്യ പിന്തുണയോടെ ഇന്ന് യഹോവയുടെ സാക്ഷികൾ, ആളുകളെ പഠിപ്പിക്കുകയും സ്നാപനപ്പെടുത്തി ശിഷ്യരാക്കുകയും ചെയ്തുകൊണ്ട് ലോകമെമ്പാടും പ്രവർത്തിക്കുന്നു.
വാളുകളെ കൊഴുക്കളാക്കി മാറ്റുന്നു
22, 23. യെശയ്യാവു 2:4 എന്തു മുൻകൂട്ടി പറയുന്നു, ഐക്യരാഷ്ട്ര സംഘടനയിലെ ഒരു ഉദ്യോഗസ്ഥൻ അതേക്കുറിച്ച് എന്തു പറഞ്ഞു?
22 ഇനി നമുക്ക് അടുത്ത വാക്യം പരിശോധിക്കാം. ആ വാക്യത്തിന്റെ ഒരു ഭാഗമാണ് ഐക്യരാഷ്ട്ര മന്ദിരത്തിന്റെ ചുവരിൽ എഴുതിയിരിക്കുന്നത്. യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”—യെശയ്യാവു 2:4.
23 ഈ വാക്യത്തിൽ പറയുന്ന കാര്യം സാധിക്കുക എന്നത് അത്ര എളുപ്പമല്ല. ‘ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടന’യുടെ ഡയറക്ടർ-ജനറലായ ഫാഡാറിക്കോ മായോർ ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: “ഇക്കാലത്ത് ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾ യുദ്ധത്തിന്റെ കൊടുംക്രൂരതകൾ നമ്മുടെ മുന്നിലെത്തിക്കുന്നു. എങ്കിലും, നൂറ്റാണ്ടുകൾകൊണ്ട് കെട്ടിപ്പടുക്കുകയും ഇക്കാലം വരെയും നിലനിറുത്തുകയും ചെയ്തിട്ടുള്ള സേനകളുടെ യുദ്ധപ്രവണതയെ തടയാൻ അത്തരം ക്രൂരതകൾക്കു കഴിയാത്തതായി തോന്നുന്നു. ബൈബിൾ പറയുന്നതുപോലെ ‘വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുക’യും സ്മരണാതീതകാലം മുതൽ മനുഷ്യന് ഉണ്ടായിരുന്നിട്ടുള്ള യുദ്ധവാസനയിൽനിന്നു സമാധാനത്തിലേക്കുള്ള പരിവർത്തനം സാധ്യമാക്കുകയും ചെയ്യുകയെന്ന ഏറെക്കുറെ അസാധ്യമായ ദൗത്യമാണ് ഇന്നത്തെ തലമുറയ്ക്കുള്ളത്. നിറവേറ്റാൻ കഴിയുന്നപക്ഷം ‘ആഗോള ഗ്രാമ’ത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ശ്രേഷ്ഠവും കുലീനവുമായ ഒരു ദൗത്യമായിരിക്കും അത്, വരുംതലമുറകൾക്കു കൈമാറാൻ കഴിയുന്ന ഒരു ഉത്തമ പൈതൃകവും.”
24, 25. യെശയ്യാവിന്റെ വാക്കുകൾ ആരിൽ നിവൃത്തിയേറുന്നു, ഏതു വിധത്തിൽ?
24 രാഷ്ട്രങ്ങൾക്ക് ഒരിക്കലും കൈവരിക്കാനാകാത്തത്ര ഉന്നതമായ ഒരു ലക്ഷ്യമാണ് അത്. അവരുടെ പ്രാപ്തികൾക്ക് അതീതമാണത്. എന്നാൽ, യെശയ്യാവിന്റെ വാക്കുകൾ നിവൃത്തിയേറുന്നത് അനേകം ജനതകളിൽ നിന്നുള്ള, സത്യാരാധനയിൽ ഏകീകൃതരായ വ്യക്തികളിലാണ്. യഹോവ അവരുടെ ഇടയിൽ ‘രമ്യത’ വരുത്തിയിരിക്കുന്നു. സമാധാന സഹവർത്തിത്വം ഉണ്ടായിരിക്കാൻ അവൻ അവരെ പഠിപ്പിച്ചിരിക്കുന്നു. വാസ്തവത്തിൽ, ഭിന്നിച്ചതും വിദ്വേഷം നിറഞ്ഞതുമായ ഈ ലോകത്തിൽ അവർ ആലങ്കാരികമായി തങ്ങളുടെ ‘വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർത്തിരിക്കുന്നു.’ എങ്ങനെ?
25 രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ അവർ ആരുടെയും പക്ഷം ചേരുന്നില്ല എന്നതാണ് ഒരു സംഗതി. യേശു മരിക്കുന്നതിനു തൊട്ടുമുമ്പ് അവനെ അറസ്റ്റു ചെയ്യാൻ സായുധരായ ആളുകൾ എത്തി. തന്റെ യജമാനനെ രക്ഷിക്കുന്നതിനായി പത്രൊസ് വാളെടുത്തു വീശിയപ്പോൾ, യേശു അവനോട് ഇങ്ങനെ പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:52) അന്നു മുതൽ, യേശുവിന്റെ പാദാനുഗാമികൾ വാളുകളെ കൊഴുക്കളായി അടിച്ചുതീർക്കുകയും സഹമനുഷ്യനെ കൊല്ലുന്നതിന് ആയുധങ്ങൾ എടുക്കുന്നതിൽനിന്നും മറ്റു വിധങ്ങളിൽ യുദ്ധത്തെ പിന്താങ്ങുന്നതിൽനിന്നും ഒഴിഞ്ഞുനിൽക്കുകയും ചെയ്തിരിക്കുന്നു. അവർ ‘എല്ലാവരോടും സമാധാനം ആചരിക്കുന്നു.’—എബ്രായർ 12:14.
സമാധാനമാർഗം പിന്തുടരൽ
26, 27. ദൈവജനം ‘സമാധാനം അന്വേഷിച്ചു പിന്തുടരുന്നത്’ എങ്ങനെ? ഒരു ഉദാഹരണം നൽകുക.
26 ദൈവജനം സമാധാനമുള്ളവർ ആയിരിക്കുന്നതിൽ, കേവലം യുദ്ധം ചെയ്യാൻ വിസമ്മതിക്കുന്നതിലും വളരെയധികം ഉൾപ്പെട്ടിരിക്കുന്നു. 230-ലധികം ദേശങ്ങളിൽ പാർക്കുന്ന അവർ നാനാ ഭാഷകളിലും സംസ്കാരങ്ങളിലും പെട്ടവരാണെങ്കിലും, അവർക്കിടയിൽ സമാധാനമുണ്ട്. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും” എന്ന് ഒന്നാം നൂറ്റാണ്ടിൽ യേശു തന്റെ ശിഷ്യന്മാരോടു പറയുകയുണ്ടായി. (യോഹന്നാൻ 13:35) ആ വാക്കുകളുടെ ആധുനിക നിവൃത്തി ദൈവജനത്തിനിടയിൽ കാണാം. ക്രിസ്ത്യാനികൾ ഇന്ന് “സമാധാനം ഉണ്ടാക്കുന്നവർ” ആണ്. (മത്തായി 5:9) അവർ ‘സമാധാനം അന്വേഷിച്ചു പിന്തുടരുന്നു.’ (1 പത്രൊസ് 3:11) അവർക്കു തുണ നൽകുന്നത് “സമാധാനത്തിന്റെ ദൈവ”മായ യഹോവയാണ്.—റോമർ 15:33.
27 സമാധാനമുണ്ടാക്കാൻ പഠിച്ച വ്യക്തികളുടെ വിശിഷ്ട ദൃഷ്ടാന്തങ്ങൾ ഇന്നു കാണാൻ കഴിയും. തന്റെ ചെറുപ്പകാലത്തെ കുറിച്ച് ഒരു യുവാവ് ഇങ്ങനെ എഴുതുന്നു: “കയ്പേറിയ അനുഭവങ്ങൾ എന്നെ പരുക്കനും കോപാകുലനുമാക്കി. ഞാൻ സദാ വഴക്കുകളിൽ ചെന്നുചാടുമായിരുന്നു. അയൽപക്കത്തുള്ള ഏതെങ്കിലുമൊരു കുട്ടിയുമായി വഴക്കടിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നിട്ടില്ല. ചിലപ്പോൾ ഞാൻ അവരെ മുഷ്ടി ചുരുട്ടി ഇടിക്കുമായിരുന്നു, മറ്റു ചിലപ്പോൾ ആക്രമണം കല്ലുകൊണ്ടോ കുപ്പികൊണ്ടോ ഒക്കെ ആകും. അങ്ങനെ വളരെ അക്രമസ്വഭാവത്തോടെയാണു ഞാൻ വളർന്നു വന്നത്.” എന്നിരുന്നാലും, “യഹോവയുടെ ആലയമുള്ള പർവ്വത”ത്തിലേക്കു കയറിച്ചെല്ലാനുള്ള ക്ഷണം സ്വീകരിച്ച അവൻ ദൈവത്തിന്റെ വഴികളെ കുറിച്ചു പഠിച്ചു, അങ്ങനെ ആ യുവാവ് സമാധാനസ്നേഹിയായ ഒരു ദൈവദാസൻ ആയിത്തീർന്നു.
28. സമാധാനം പിന്തുടരുന്നതിനു ക്രിസ്ത്യാനികൾക്ക് എന്തു ചെയ്യാൻ കഴിയും?
28 മേൽപ്പറഞ്ഞതുപോലുള്ള അക്രമാസക്തമായ ഒരു ചുറ്റുപാടിൽ വളർന്നുവന്നവരല്ല യഹോവയുടെ ദാസരിൽ മിക്കവരും. എങ്കിലും, മറ്റുള്ളവരുമായി സമാധാനത്തിൽ കഴിയുന്നതിന് ചെറിയ കാര്യങ്ങളിൽ പോലും ദയയും ക്ഷമയും സഹാനുഭൂതിയും പ്രകടമാക്കാൻ അവർ ശ്രദ്ധിക്കുന്നു. അപൂർണരെങ്കിലും, “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ” എന്ന ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കാൻ അവർ ശ്രമിക്കുന്നു.—കൊലൊസ്സ്യർ 3:13.
സമാധാനപൂർണമായ ഒരു ഭാവികാലം
29, 30. ഭൂമിയിൽ എന്തവസ്ഥ സംജാതമാകും?
29 ഈ ‘അന്ത്യകാലത്ത്’ തികച്ചും അത്ഭുതകരമായ ഒരു സംഗതിയാണ് യഹോവ സാധ്യമാക്കിയിരിക്കുന്നത്. തന്നെ സേവിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ സകല ജനതകളിൽനിന്നും അവൻ കൂട്ടിച്ചേർത്തിരിക്കുന്നു. തന്റെ വഴികളിൽ, സമാധാനത്തിന്റെ വഴികളിൽ, നടക്കാൻ അവൻ അവരെ പഠിപ്പിച്ചിരിക്കുന്നു. ആസന്നമായ “മഹോപദ്രവ”ത്തെ അതിജീവിച്ച് മേലാൽ യുദ്ധം ഉണ്ടായിരിക്കുകയില്ലാത്ത, സമാധാനം കളിയാടുന്ന ഒരു പുതിയ ലോകത്തിലേക്ക് അതിജീവിക്കുന്നത് അവരായിരിക്കും.—വെളിപ്പാടു 7:14, NW.
30 മേലാൽ വാളുകൾ—ആയുധങ്ങൾ—ഉണ്ടായിരിക്കുകയില്ല. ആ കാലത്തെ കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു! അവൻ ഭൂമിയുടെ അററംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.” (സങ്കീർത്തനം 46:8, 9) ആ സ്ഥിതിക്ക്, യെശയ്യാവ് തുടർന്നു നൽകുന്ന ഉദ്ബോധനം അന്നത്തെപ്പോലെതന്നെ ഇന്നും പ്രസക്തിയുള്ളതാണ്: “യാക്കോബ്ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.” (യെശയ്യാവു 2:5) അതേ, യഹോവയുടെ വെളിച്ചം നമ്മുടെ പാതയെ പ്രകാശമാനമാക്കട്ടെ, നമുക്ക് അവന്റെ മാർഗത്തിൽ എന്നെന്നും നടക്കാം.—മീഖാ 4:5.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ “ഇവ അന്ത്യനാളുകൾ ആകുന്നു!” എന്ന ശീർഷകത്തോടു കൂടിയ 11-ാം അധ്യായം കാണുക.