അധ്യായം രണ്ട്
ഒരു പിതാവും മത്സരികളായ പുത്രന്മാരും
1, 2. തന്റെ പുത്രന്മാർ തന്നോടു മത്സരിച്ചിരിക്കുന്നു എന്ന് യഹോവ പറയുന്നത് എന്തുകൊണ്ട്?
സ്നേഹവാനായ ആ പിതാവ് തന്റെ മക്കൾക്കായി കരുതി. അവർക്കു ഭക്ഷിക്കാൻ ആഹാരവും ധരിക്കാൻ വസ്ത്രവും താമസിക്കാൻ പാർപ്പിടവും അവൻ വർഷങ്ങളോളം പ്രദാനം ചെയ്തു. ആവശ്യമായി വന്നപ്പോൾ അവൻ അവരെ ശിക്ഷിച്ചു. ഒരിക്കലും അമിതമായിട്ടല്ല, “ന്യായമായ തോതിൽ” മാത്രം. (യിരെമ്യാവു 30:11, ഓശാന ബൈബിൾ) അങ്ങനെയുള്ള ഒരു പിതാവിനു പിൻവരുന്നപ്രകാരം പറയേണ്ടിവരുമ്പോഴുള്ള മാനസികവ്യഥ ഒന്ന് ഓർത്തു നോക്കൂ: “ഞാൻ മക്കളെ [“പുത്രന്മാരെ,” “ഓശാന ബൈ.”] പോററിവളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.”—യെശയ്യാവു 1:2ബി.
2 ഇവിടെ പരാമർശിച്ചിരിക്കുന്ന മത്സരികളായ പുത്രന്മാർ യഹൂദയിലെ ജനങ്ങളും ദുഃഖിതനായ പിതാവ് യഹോവയാം ദൈവവുമാണ്. എത്രയോ ദാരുണം! യഹോവ, യഹൂദ്യരെ പോറ്റിവളർത്തുകയും മറ്റു ജനതകളെക്കാൾ ഉന്നതമായ ഒരു സ്ഥാനത്ത് അവരെ ആക്കിവെക്കുകയും ചെയ്തിരിക്കുന്നു. പിന്നീടൊരിക്കൽ യെഹെസ്കേൽ പ്രവാചകൻ മുഖാന്തരം അവൻ അവരെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “ഞാൻ നിന്നെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിക്കയും തോൽകൊണ്ടുള്ള ചെരിപ്പ് അണിയിക്കയും ചെയ്തു; ഞാൻ നിന്നെ നല്ല തുണികൊണ്ട് അരപ്പട്ട കെട്ടിച്ചു; പട്ടുടുപ്പ് അണിയിച്ചു.” (യെഹെസ്കേൽ 16:10, ഓശാന ബൈ.) എന്നാൽ, ഇപ്പോൾ യഹൂദാ നിവാസികളിൽ ബഹുഭൂരിപക്ഷവും യഹോവ തങ്ങൾക്കായി ചെയ്ത കാര്യങ്ങളോടു വിലമതിപ്പ് ഉള്ളവരല്ല. പകരം, അവർ അവനോടു ‘മത്സരിക്കു’കയാണു ചെയ്യുന്നത്.
3. യഹൂദയുടെ മത്സരത്തിനു സാക്ഷ്യം വഹിക്കാൻ യഹോവ ആകാശത്തോടും ഭൂമിയോടും ആഹ്വാനം ചെയ്യുന്നത് എന്തുകൊണ്ട്?
3 “ആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 1:2എ) മത്സരികളായ പുത്രന്മാരെ കുറിച്ചുള്ള തന്റെ പ്രസ്താവനയുടെ ആമുഖമായി യഹോവ അങ്ങനെ പറയുന്നതിനു നല്ല കാരണമുണ്ട്. നൂറ്റാണ്ടുകൾക്കു മുമ്പ്, അനുസരണക്കേടിന്റെ അനന്തരഫലങ്ങളെ കുറിച്ച് ഇസ്രായേല്യർക്കു വ്യക്തമായ മുന്നറിയിപ്പുകൾ ലഭിച്ചപ്പോൾ പ്രതീകാത്മക അർഥത്തിൽ ആകാശവും ഭൂമിയും അതിനു സാക്ഷ്യം വഹിച്ചു. പ്രസ്തുത അവസരത്തിൽ മോശെ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കൈവശമാക്കേണ്ടതിന്നു യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തു നിന്നു നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാൻ ഇന്നു ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു.” (ആവർത്തനപുസ്തകം 4:26) യെശയ്യാവിന്റെ നാളിലെ യഹൂദയുടെ മത്സരത്തിനു സാക്ഷ്യം വഹിക്കാൻ യഹോവ ഇവിടെ ആകാശത്തോടും ഭൂമിയോടും ആഹ്വാനം ചെയ്യുകയാണ്.
4. ഏതു വിധത്തിലാണ് യഹോവ യഹൂദയോട് ഇടപെടുന്നത്?
4 കർശനമായ സമീപനം ആവശ്യമാക്കിത്തീർക്കുന്ന ഒരു സന്ദർഭമാണിത്. എന്നാൽ, ഈ സാഹചര്യത്തിൽ പോലും, അവരെ വിലയ്ക്കു വാങ്ങിയവൻ എന്നതിലുപരി സ്നേഹവാനായ ഒരു പിതാവിനെ പോലെയാണ് യഹോവ യഹൂദയോട് ഇടപെടുന്നത് എന്നതു ശ്രദ്ധേയവും ഹൃദയസ്പർശകവുമാണ്. വഴിപിഴച്ച മക്കളെ ചൊല്ലി ദുഃഖിക്കുന്ന ഒരു പിതാവിന്റെ സ്ഥാനത്തുനിന്നു കാര്യങ്ങളെ വീക്ഷിക്കാനാണ് യഹോവ ഫലത്തിൽ തന്റെ ജനത്തെ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെ, ആ പിതാവിന്റെ അപ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കി അനുകൂലമായി പ്രതികരിക്കാൻ യഹൂദയിലെ ചില പിതാക്കന്മാർക്കു കഴിഞ്ഞേക്കും. എന്തുതന്നെ ആയിരുന്നാലും, യഹൂദയെ സംബന്ധിച്ച തന്റെ നിലപാട് യഹോവ വ്യക്തമാക്കാൻ പോകുകയാണ്.
മൃഗങ്ങൾ ഏറെ വിശ്വസ്തർ
5. ഇസ്രായേലിൽനിന്നു വ്യത്യസ്തമായി, കാളയും കഴുതയും വിശ്വസ്തത കാട്ടുന്നത് എങ്ങനെ?
5 യെശയ്യാവ് മുഖാന്തരം യഹോവ പറയുന്നു: “കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.” (യെശയ്യാവു 1:3)a മധ്യപൂർവദേശത്തെ ആളുകൾക്കു പരിചിതമായ ചുമട്ടുമൃഗങ്ങളാണ് കാളയും കഴുതയും. ഈ താണതരം ജീവികൾ പോലും വിശ്വസ്തത—തങ്ങൾ ഒരു ഉടമസ്ഥന്റെ വകയാണെന്ന ബോധം—പ്രകടമാക്കുന്നു എന്ന കാര്യം യഹൂദാ നിവാസികൾ ഒരിക്കലും നിഷേധിക്കില്ല. ഈ മൃഗങ്ങളുടെ വിശ്വസ്തതയെ സ്ഥിരീകരിക്കുന്ന ഒരു സായാഹ്ന ദൃശ്യം ഒരു ബൈബിൾ ഗവേഷകൻ മധ്യപൂർവദേശത്തുള്ള ഒരു നഗരത്തിൽ കാണുകയുണ്ടായി. അദ്ദേഹം പറയുന്നു: “നഗര മതിലുകൾക്കുള്ളിൽ കടന്നയുടനെ മൃഗങ്ങൾ പിരിഞ്ഞുപോകാൻ തുടങ്ങി. ഓരോ കാളയ്ക്കും അതിന്റെ യജമാനനെ വളരെ നന്നായി അറിയാമായിരുന്നു, അതുപോലെതന്നെ അതിന്റെ വീട്ടിലേക്കുള്ള വഴിയും. ഇടുങ്ങിയതും വളവും തിരിവുമുള്ളതുമായ വഴികളിൽ അവ ഒരു നിമിഷം പോലും അന്ധാളിച്ചുനിന്നില്ല. കഴുതയാണെങ്കിൽ, നേരെ ചെന്നുനിന്നത് ‘അതിന്റെ യജമാനന്റെ പുൽത്തൊട്ടി’യുടെ അടുത്താണ്.”
6. യഹൂദയിലെ ജനങ്ങൾ ഗ്രാഹ്യത്തോടെ പ്രവർത്തിക്കാൻ പരാജയപ്പെട്ടിരിക്കുന്നത് എങ്ങനെ?
6 യെശയ്യാവിന്റെ നാളിൽ അതുപോലുള്ള ദൃശ്യങ്ങൾ സാധാരണം ആയിരിക്കുന്നതിനാൽ, യഹോവ ഉദ്ദേശിക്കുന്ന ആശയം വ്യക്തമാണ്: ഒരു മൃഗത്തിനു പോലും അതിന്റെ യജമാനനെയും പുൽത്തൊട്ടിയെയും തിരിച്ചറിയാൻ കഴിയുന്നെങ്കിൽ, യഹോവയെ ഉപേക്ഷിക്കുന്നതിനു യഹൂദയിലെ ജനങ്ങൾക്ക് എന്തു ന്യായീകരണമാണ് ഉള്ളത്? തീർച്ചയായും, അവർ ‘ഗ്രാഹ്യത്തോടെ’ അല്ല പെരുമാറിയിരിക്കുന്നത്. തങ്ങളുടെ സമൃദ്ധി, എന്തിന് അസ്തിത്വം പോലും, യഹോവയെ ആശ്രയിച്ചിരിക്കുന്നു എന്ന ബോധം ഇല്ലാത്ത വിധത്തിലാണ് അവരുടെ പെരുമാറ്റം. എന്നിട്ടും, “എന്റെ ജനം” എന്ന് യഹൂദ്യരെ യഹോവ പരാമർശിക്കുന്നത് വ്യക്തമായും അവന് അവരോടു കരുണ ഉള്ളതുകൊണ്ടാണ്!
7. യഹോവയുടെ കരുതലുകളെ നാം വിലമതിക്കുന്നുവെന്നു പ്രകടമാക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
7 യഹോവ നമുക്കു വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങളെ വിലമതിക്കാൻ പരാജയപ്പെട്ടുകൊണ്ട് ഗ്രാഹ്യമില്ലാതെ പ്രവർത്തിക്കാനല്ല, മറിച്ച്, പിൻവരുന്ന പ്രകാരം പറഞ്ഞ സങ്കീർത്തനക്കാരനായ ദാവീദിനെ അനുകരിക്കാനാണ് നാം ആഗ്രഹിക്കുന്നത്: “ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും.” (സങ്കീർത്തനം 9:1) അങ്ങനെ ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നത് യഹോവയെ കുറിച്ചുള്ള പരിജ്ഞാനമാണ്. നാം അതു സമ്പാദിക്കുന്നതിൽ തുടരേണ്ടതുണ്ട്. കാരണം, ‘പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകം ആകുന്നു’ എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 9:10) യഹോവ നമുക്കു നൽകുന്ന അനുഗ്രഹങ്ങളെ കുറിച്ചു ദിവസവും ധ്യാനിക്കുന്നത് കൃതജ്ഞതയുള്ളവർ ആയിരിക്കാനും സ്വർഗീയ പിതാവിനെ അത്യധികം വിലമതിക്കാനും നമ്മെ സഹായിക്കും. (കൊലൊസ്സ്യർ 3:15) “കൃതജ്ഞത, യാഗമായി കൊണ്ടുവരുന്നവൻ എന്നെ ബഹുമാനിക്കുന്നു, സ്വന്തം മാർഗം ശരിയായി ക്രമപ്പെടുത്തുന്നവന്ന് ഞാൻ ദൈവത്തിന്റെ രക്ഷ കാണിച്ചുകൊടുക്കും” എന്ന് യഹോവ പറയുന്നു.—സങ്കീർത്തനം 50:23, ഓശാന ബൈ.
“യിസ്രായേലിന്റെ പരിശുദ്ധ”നോടുള്ള കടുത്ത അനാദരവ്
8. യഹൂദയിലെ ജനങ്ങളെ “പാപമുള്ള ജാതി” എന്നു വിളിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
8 യെശയ്യാവ് ശക്തമായ ഈ വാക്കുകളോടെ യഹൂദാ ജനതയ്ക്കുള്ള തന്റെ സന്ദേശം പ്രഖ്യാപിക്കുന്നതിൽ തുടരുന്നു: “അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.” (യെശയ്യാവു 1:4) ദുഷ്ചെയ്തികൾ പെരുകി അതിഭാരമുള്ള ഒരു ചുമടുപോലെ ആയിത്തീർന്നേക്കാം. അബ്രാഹാമിന്റെ നാളിൽ, സൊദോമിന്റെയും ഗൊമോറയുടെയും പാപങ്ങളെ ‘അതികഠിനം’ [അഥവാ, അതിഭാരമുള്ളത്] എന്ന് യഹോവ വിളിച്ചു. (ഉല്പത്തി 18:20) യഹൂദാ ജനതയുടെ അവസ്ഥയും സമാനമാണ്. അവർ ‘അകൃത്യഭാരം’ ചുമക്കുന്ന ഒരു ജനതയാണെന്ന് യെശയ്യാവ് പറയുന്നു. മാത്രമല്ല, “ദുഷ്പ്രവൃത്തിക്കാരുടെ സന്തതി” എന്നും “വഷളായി നടക്കുന്ന മക്കൾ” എന്നും അവൻ അവരെ വിളിക്കുന്നു. അതേ, യഹൂദ്യർ കുറ്റവാസനയുള്ള കുട്ടികളെ പോലെ പെരുമാറുന്നു. അവർ “പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു,” അഥവാ ഓശാന ബൈബിൾ പറയുന്നതുപോലെ, തങ്ങളുടെ പിതാവിൽനിന്ന് “തീർത്തും അകന്നുപോയിരിക്കുന്നു.”
9. ‘യിസ്രായേലിന്റെ പരിശുദ്ധൻ’ എന്ന പ്രയോഗത്തിന്റെ പ്രാധാന്യമെന്ത്?
9 തങ്ങളുടെ വഴിപിഴച്ച ഗതിയാൽ യഹൂദയിലെ ജനങ്ങൾ “യിസ്രായേലിന്റെ പരിശുദ്ധ”നോട് കടുത്ത അനാദരവു കാണിക്കുകയാണ്. യെശയ്യാവിന്റെ പുസ്തകത്തിൽ 25 പ്രാവശ്യം കാണുന്ന ‘യിസ്രായേലിന്റെ പരിശുദ്ധൻ’ എന്ന പ്രയോഗത്തിന്റെ പ്രാധാന്യം എന്താണ്? ‘പരിശുദ്ധം’ എന്നാൽ ശുദ്ധവും നിർമലവുമായ അവസ്ഥ എന്നർഥം. യഹോവ പരിശുദ്ധിയുടെ പര്യായമാണ്. (വെളിപ്പാടു 4:8) “യഹോവെക്കു വിശുദ്ധം” എന്നു മഹാപുരോഹിതന്റെ തിളങ്ങുന്ന തങ്കനെറ്റിപ്പട്ടത്തിൽ ആലേഖനം ചെയ്തിരുന്ന വാക്കുകൾ കാണുന്ന ഓരോ തവണയും ഇസ്രായേല്യർ ആ വസ്തുത സംബന്ധിച്ച് ഓർമിപ്പിക്കപ്പെടുന്നു. (പുറപ്പാടു 39:30) അതുകൊണ്ട്, യഹോവയെ ‘യിസ്രായേലിന്റെ പരിശുദ്ധൻ’ എന്നു വിളിക്കുകവഴി യെശയ്യാവ് യഹൂദയുടെ പാപത്തിന്റെ ഗൗരവത്തിന് ഊന്നൽ കൊടുക്കുകയാണു ചെയ്യുന്നത്. “ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം” എന്നു പൂർവപിതാക്കന്മാർക്കു ദൈവം നൽകിയ കൽപ്പന ഈ മത്സരികൾ മനഃപൂർവം ലംഘിക്കുകയാണ്!—ലേവ്യപുസ്തകം 11:44.
10. ‘യിസ്രായേലിന്റെ പരിശുദ്ധനോട്’ അനാദരവു കാണിക്കുന്നില്ല എന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
10 ‘യിസ്രായേലിന്റെ പരിശുദ്ധനോട്’ അനാദരവു കാണിച്ച യഹൂദാ ജനതയെ ഇന്നു ക്രിസ്ത്യാനികൾ ഒരു പ്രകാരത്തിലും അനുകരിക്കരുത്. അവർ അനുകരിക്കേണ്ടത് യഹോവയുടെ വിശുദ്ധിയെയാണ്. (1 പത്രൊസ് 1:15, 16) കൂടാതെ, അവർ ‘ദോഷത്തെ വെറുക്കുക’യും വേണം. (സങ്കീർത്തനം 97:10) ലൈംഗിക അധാർമികത, വിഗ്രഹാരാധന, മോഷണം, മദ്യാസക്തി എന്നിങ്ങനെയുള്ള അശുദ്ധ നടപടികൾ ക്രിസ്തീയ സഭയെ ദുഷിപ്പിക്കും. അക്കാരണത്താൽ, അവയെ വർജിക്കാൻ വിസമ്മതിക്കുന്നവരെ സഭയിൽനിന്നു പുറത്താക്കുന്നു. ആത്യന്തികമായി, അനുതാപമില്ലാതെ അശുദ്ധിയുടെ മാർഗത്തിൽ തുടരുന്നവർക്കു ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകില്ല. വാസ്തവത്തിൽ, അത്തരം ദുഷ്പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ‘യിസ്രായേലിന്റെ പരിശുദ്ധ’നോട് കടുത്ത അനാദരവ് കാണിക്കുകയാണു ചെയ്യുന്നത്.—റോമർ 1:26, 27; 1 കൊരിന്ത്യർ 5:6-11; 6:9, 10.
ആപാദചൂഡം രോഗം ബാധിച്ചവർ
11, 12. (എ) യഹൂദാ ജനതയുടെ രോഗഗ്രസ്തമായ അവസ്ഥ വർണിക്കുക. (ബി) അവരോടു നമുക്കു സഹതാപം തോന്നേണ്ടതില്ലാത്തത് എന്തുകൊണ്ട്?
11 യഹൂദാ ജനതയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായി യെശയ്യാവ് അവരുടെ രോഗഗ്രസ്തമായ അവസ്ഥ ചൂണ്ടിക്കാണിക്കുന്നു. അവൻ അവരോട് ഇപ്രകാരം പറയുന്നു: “ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം പിന്മാറുകേയുള്ളു.” ഫലത്തിൽ യെശയ്യാവ് ചോദിക്കുന്നത് ഇങ്ങനെയാണ്: ‘ഇത്രയും കഷ്ടതകൊണ്ട് നിങ്ങൾ പഠിച്ചില്ലേ? ഈ മത്സരഗതിയിൽ തുടർന്നുകൊണ്ട് നിങ്ങൾക്കുതന്നെ ഹാനി വരുത്തിവെക്കുന്നത് എന്തിന്?’ യെശയ്യാവ് തുടരുന്നു: “തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല.” (യെശയ്യാവു 1:5, 6എ) അറപ്പുളവാക്കുന്ന, രോഗഗ്രസ്തമായ അവസ്ഥയിലാണ് യഹൂദാ ജനത ഇപ്പോൾ—അവരെ ആപാദചൂഡം ആത്മീയ രോഗം ബാധിച്ചിരിക്കുന്നു. എത്ര ദാരുണമായ അവസ്ഥ!
12 യഹൂദാ ജനതയോടു നമുക്കു സഹതാപം തോന്നണമോ? അശേഷം വേണ്ട! അനുസരണക്കേടിനുള്ള ശിക്ഷ എന്തായിരിക്കുമെന്നു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മുഴു ഇസ്രായേൽ ജനതയ്ക്കും മുന്നറിയിപ്പു ലഭിച്ചിരുന്നതാണ്. ആ മുന്നറിയിപ്പിന്റെ ഒരു ഭാഗം ശ്രദ്ധിക്കുക: “സൌഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽതുടങ്ങി നെറുകവരെ ബാധിക്കും.” (ആവർത്തനപുസ്തകം 28:35) യഹൂദാ ജനത പ്രകടമാക്കിയ മത്സരഗതിയുടെ അനന്തരഫലങ്ങൾ പ്രതീകാത്മക അർഥത്തിൽ അവർ ഇപ്പോൾ അനുഭവിക്കുകയാണ്. അവർ യഹോവയുടെ വാക്കു കേട്ടനുസരിച്ചിരുന്നെങ്കിൽ ഇതെല്ലാം ഒഴിവാക്കാനാകുമായിരുന്നു.
13, 14. (എ) യഹൂദയ്ക്കേറ്റ ക്ഷതങ്ങൾ എന്തെല്ലാം? (ബി) ഇവ മത്സരഗതി ഉപേക്ഷിക്കാൻ യഹൂദാ ജനതയെ പ്രേരിപ്പിക്കുന്നുണ്ടോ?
13 യഹൂദാ ജനതയുടെ ശോച്യാവസ്ഥ യെശയ്യാവ് തുടർന്നു വർണിക്കുന്നു: “മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല.” (യെശയ്യാവു 1:6ബി) ഇവിടെ മൂന്നു തരം ക്ഷതങ്ങളെ കുറിച്ച് പ്രവാചകൻ പറയുന്നു: മുറിവുകൾ (വാളോ കത്തിയോ കൊണ്ട് ഉണ്ടാകുന്നവ), ചതവ് (അടിയുടെ കരുവാളിച്ച പാടുകൾ), പഴുത്ത വ്രണം (പ്രത്യക്ഷത്തിൽ സൗഖ്യമാകാത്ത പുണ്ണുകൾ). അതിഭയങ്കരമായി ശിക്ഷിക്കപ്പെട്ട, ശരീരമാസകലം ക്ഷതമേറ്റ ഒരു മനുഷ്യന്റെ ചിത്രമാണ് നമുക്ക് ഇവിടെനിന്നു ലഭിക്കുന്നത്. അതേ, യഹൂദാ രാജ്യം തകർന്ന ഒരു അവസ്ഥയിലാണെന്നതിനു സംശയമില്ല.
14 യഹൂദാ ജനതയുടെ ഈ ദയനീയാവസ്ഥ യഹോവയിലേക്കു മടങ്ങാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടോ? ഇല്ല! സദൃശവാക്യങ്ങൾ 29:1-ൽ വിവരിച്ചിരിക്കുന്ന മത്സരിയെ പോലെയാണ് അവർ: “കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.” യഹൂദ നീക്കുപോക്കില്ലാത്ത, സുഖപ്പെടുകയില്ലാത്ത അവസ്ഥയിൽ ആയിരിക്കുന്നതായി തോന്നുന്നു. യെശയ്യാവ് പറയുന്നതുപോലെ, അവളുടെ മുറിവുകൾ “ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല.”b ഒരർഥത്തിൽ, ശരീരമാസകലം വെച്ചുകെട്ടീട്ടില്ലാത്തതും സൗഖ്യമാകാത്തതുമായ വ്രണങ്ങൾ ഉള്ള ഒരു മനുഷ്യനെ പോലെയാണ് യഹൂദ.
15. ആത്മീയ രോഗം ബാധിക്കാതിരിക്കാൻ നാം എന്തെല്ലാം ചെയ്യേണ്ടതുണ്ട്?
15 യഹൂദയ്ക്കു സംഭവിച്ചതിൽനിന്നു പാഠം പഠിച്ചുകൊണ്ട്, ആത്മീയ രോഗത്തിനെതിരെ നാം ജാഗ്രതയുള്ളവർ ആയിരിക്കണം. ഒരു ശാരീരിക രോഗംപോലെ അതു നമ്മിൽ ഏതൊരാളെയും ബാധിച്ചേക്കാം. ജഡിക മോഹങ്ങൾക്കു വഴിപ്പെടാൻ സാധ്യത ഇല്ലാത്തവരായി നമ്മിൽ ആരാണുള്ളത്? അത്യാഗ്രഹവും അമിത ഉല്ലാസത്തിനു വേണ്ടിയുള്ള വാഞ്ഛയും നമ്മുടെ ഹൃദയങ്ങളിൽ നാമ്പെടുത്തേക്കാം. അതുകൊണ്ട്, ‘തിന്മയെ വെറുക്കാ’നും ‘നന്മയെ മുറുകെപ്പിടിക്കാ’നും നാം നമ്മെത്തന്നെ പരിശീലിപ്പിക്കേണ്ടതുണ്ട്. (റോമർ 12:9, ഓശാന ബൈ.) കൂടാതെ, അനുദിന ജീവിതത്തിൽ ദൈവാത്മാവിന്റെ ഫലങ്ങൾ പ്രകടിപ്പിക്കുകയും വേണം. (ഗലാത്യർ 5:22, 23) അങ്ങനെ ചെയ്താൽ, ആപാദചൂഡം ആത്മീയ രോഗം ബാധിച്ച യഹൂദയെ പോലെ ആകാതിരിക്കാൻ നമുക്കു കഴിയും.
ശൂന്യമാക്കപ്പെട്ട ഒരു ദേശം
16. (എ) യഹൂദയുടെ ഭൂപ്രദേശത്തിന്റെ അവസ്ഥയെ യെശയ്യാവ് വർണിക്കുന്നത് എങ്ങനെ? (ബി) ആഹാസിന്റെ വാഴ്ചക്കാലത്തായിരിക്കാം യെശയ്യാവ് ആ വർണന നടത്തിയതെന്നു ചിലർ അഭിപ്രായപ്പെടുന്നത് എന്തുകൊണ്ട്, അതു സംബന്ധിച്ച് നാം എന്തു മനസ്സിലാക്കുന്നു?
16 യെശയ്യാവ് ഇപ്പോൾ രോഗചികിത്സയെ കുറിച്ചുള്ള പരാമർശം വിട്ടിട്ട് യഹൂദയുടെ ഭൂപ്രദേശത്തിന്റെ അവസ്ഥയിലേക്കു ശ്രദ്ധ തിരിക്കുന്നു. യുദ്ധം നാശം വിതച്ച ഒരു പ്രദേശം നോക്കിക്കാണുന്നതുപോലെ അവൻ പറയുന്നു: “നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതു പോലെ ശൂന്യമായിരിക്കുന്നു.” (യെശയ്യാവു 1:7) യെശയ്യാ പുസ്തകത്തിന്റെ ആദ്യ ഭാഗത്തായിട്ടാണ് ഈ വാക്കുകൾ കാണുന്നതെങ്കിലും, പ്രവാചക ശുശ്രൂഷ തുടങ്ങി കുറെ കാലം കഴിഞ്ഞ്, ഒരുപക്ഷേ ദുഷ്ട രാജാവായ ആഹാസിന്റെ വാഴ്ചക്കാലത്ത്, ആയിരിക്കാം അവൻ അതു പറഞ്ഞതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഉസ്സീയാവിന്റെ ഭരണകാലത്ത് യഹൂദ സമ്പദ്സമൃദ്ധമായ ഒരു ദേശമായിരുന്നതിനാൽ യെശയ്യാവു 1:7-ലെ വർണന ആ ദേശത്തിന്റെ അപ്പോഴത്തെ അവസ്ഥയുമായി യോജിക്കുന്നതല്ലെന്ന് അവർ വാദിക്കുന്നു. യെശയ്യാ പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ, അവ നടന്ന ക്രമം അനുസരിച്ചുതന്നെയാണ് എഴുതിയിരിക്കുന്നത് എന്ന് ഉറപ്പിച്ചു പറയാനാവില്ല. എന്നുവരികിലും, യഹൂദയുടെ ശൂന്യാവസ്ഥയെ കുറിച്ചുള്ള യെശയ്യാവിന്റെ ഈ വാക്കുകൾ സാധ്യതയനുസരിച്ച് പ്രാവചനിക സ്വഭാവമുള്ളവയാണ്. ബൈബിളിന്റെ ചില ഭാഗങ്ങളിൽ, നടക്കാനിരിക്കുന്ന ഒരു സംഭവം നടന്നുകഴിഞ്ഞതുപോലെ പറഞ്ഞിരിക്കുന്നതു കാണാം. ഒരു പ്രവചനം ഉറപ്പായും നിവൃത്തിയേറും എന്നു കാണിക്കാനാണ് ആ രീതി അവലംബിക്കുന്നത്. സകല സാധ്യതയുമനുസരിച്ച്, യഹൂദയുടെ ശൂന്യമാക്കലിനെ കുറിച്ച് മുകളിൽ കൊടുത്തിരിക്കുന്ന പ്രസ്താവനയിലും ഈ രീതിയാണ് യെശയ്യാവ് ഉപയോഗിക്കുന്നത്.—വെളിപ്പാടു 11:15 താരതമ്യം ചെയ്യുക.
17. ശൂന്യമാക്കലിനെ കുറിച്ചുള്ള പ്രാവചനിക വർണന യഹൂദാ ജനതയെ അതിശയിപ്പിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
17 എന്തുതന്നെ ആയിരുന്നാലും, യഹൂദയുടെ ശൂന്യമാക്കലിനെ കുറിച്ചുള്ള ഈ പ്രാവചനിക വർണന ശാഠ്യവും അനുസരണക്കേടുമുള്ള ആ ജനതയെ ആശ്ചര്യപ്പെടുത്തിയിരിക്കാൻ സാധ്യതയില്ല. തന്നോടു മത്സരിക്കുന്നപക്ഷം എന്തു സംഭവിക്കുമെന്നു നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ യഹോവ അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു. അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യപ്പെടും. ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാൾ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങൾ പാഴ്നിലമായും കിടക്കും.”—ലേവ്യപുസ്തകം 26:32, 33; 1 രാജാക്കന്മാർ 9:6-8.
18-20. യെശയ്യാവു 1:7, 8-ലെ വാക്കുകൾ നിവൃത്തിയേറുന്നത് എപ്പോൾ, യഹോവ അപ്പോൾ ‘അൽപ്പമായൊരു ശേഷിപ്പിനെ വെക്കുന്നത്’ ഏതു വിധത്തിൽ?
18 ഇസ്രായേലിനെ അസീറിയ ആക്രമിക്കുമ്പോൾ യെശയ്യാവു 1:7, 8-ലെ വാക്കുകൾക്കു പ്രത്യക്ഷത്തിൽ നിവൃത്തി ഉണ്ടാകുന്നു. പ്രസ്തുത ആക്രമണഫലമായി ഇസ്രായേൽ നശിപ്പിക്കപ്പെടുകയും യഹൂദയിൽ വ്യാപകമായി നാശനഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. (2 രാജാക്കന്മാർ 17:5, 18; 18:11, 13; 2 ദിനവൃത്താന്തം 29:8, 9) എന്നിരുന്നാലും, ഈ ആക്രമണത്തിൽ യഹൂദ പൂർണമായി നശിപ്പിക്കപ്പെടുന്നില്ല. യെശയ്യാവ് തുടരുന്നു: “സീയോൻ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.”—യെശയ്യാവു 1:8.
19 ശൂന്യമാക്കലിന്റെ സമയത്ത്, “സീയോൻ പുത്രി” അതായത് യെരൂശലേം നശിപ്പിക്കപ്പെടുകയില്ല. എങ്കിലും അവൾ, മുന്തിരിത്തോട്ടത്തിലെ കുടിൽ പോലെയോ വെള്ളരിത്തോട്ടത്തിലെ കാവൽമാടം പോലെയോ വളരെ ദുർബലയായി കാണപ്പെടും. 19-ാം നൂറ്റാണ്ടിലെ ഒരു പണ്ഡിതൻ ഒരിക്കൽ നൈൽ നദിയിലൂടെ യാത്ര ചെയ്യവെ, അത്തരം ദുർബലമായ കുടിലുകൾ കണ്ടപ്പോൾ യെശയ്യാവിന്റെ ആ വാക്കുകൾ ഓർത്തുപോയി. യഹൂദയിൽ വിളവെടുപ്പുകാലം കഴിയുമ്പോൾ ആളുകൾ ഉപേക്ഷിച്ചുപോകുന്ന ഇത്തരം കുടിലുകൾ നിലംപൊത്തുമായിരുന്നു. അജയ്യശക്തിയുള്ള അസീറിയൻ സൈന്യത്തിന്റെ മുന്നിൽ യെരൂശലേം ഇത്തരം കുടിലുകൾ പോലെ ദുർബലമായി കാണപ്പെടുന്നെങ്കിലും, അത് അതിജീവിക്കുകതന്നെ ചെയ്യും.
20 യെശയ്യാവ് തന്റെ പ്രാവചനിക സന്ദേശം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “സൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു.” (യെശയ്യാവു 1:9)c അസീറിയ ആക്രമിക്കുമ്പോൾ, യഹൂദയുടെ സഹായത്തിനായി യഹോവ എത്തും. സൊദോമിനെയും ഗൊമോറയെയും പോലെ, യഹൂദ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുകയില്ല.
21. ബാബിലോൺ യെരൂശലേമിനെ നശിപ്പിച്ചശേഷം ‘കുറച്ചു പേർ ശേഷിക്കാൻ’ യഹോവ ഇടയാക്കിയത് എന്തുകൊണ്ട്?
21 നൂറിലധികം വർഷം കഴിഞ്ഞപ്പോൾ യഹൂദ വീണ്ടും ആക്രമണ ഭീഷണിയിലായി. അസീറിയ ആക്രമിച്ചപ്പോൾ അവർ പാഠം പഠിച്ചില്ല. “അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു . . . അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.” തത്ഫലമായി, ‘ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം അവർക്കു നേരെ ഉജ്ജ്വലിച്ചു.’ (2 ദിനവൃത്താന്തം 36:16) ബാബിലോണിയൻ സാമ്രാജ്യാധിപനായ നെബൂഖദ്നേസർ യഹൂദയെ കീഴടക്കി. ഇത്തവണ “മുന്തിരിത്തോട്ടത്തിലെ കുടിൽപോലെ” യാതൊന്നും അവശേഷിച്ചില്ല. യെരൂശലേം പോലും നശിപ്പിക്കപ്പെട്ടു. (2 ദിനവൃത്താന്തം 36:17-21) എങ്കിലും, ‘കുറച്ചു പേർ ശേഷിക്കാൻ’ യഹോവ ഇടയാക്കി. യഹൂദാ നിവാസികൾക്ക് 70 വർഷക്കാലം പ്രവാസത്തിൽ കഴിയേണ്ടിവന്നെങ്കിലും, ആ ജനതയിൽ പെട്ട കുറെ പേരുടെ, പ്രത്യേകിച്ചും വാഗ്ദത്ത മിശിഹാ പ്രത്യക്ഷപ്പെടാനിരുന്ന ദാവീദിന്റെ വംശത്തിൽ പെട്ടവരുടെ അതിജീവനം യഹോവ ഉറപ്പുവരുത്തി.
22, 23. ഒന്നാം നൂറ്റാണ്ടിൽ, ‘കുറച്ചു പേർ ശേഷിക്കാൻ’ യഹോവ ഇടയാക്കിയത് എന്തുകൊണ്ട്?
22 ദൈവത്തിന്റെ ഉടമ്പടി ജനതയെന്ന നിലയിൽ ഇസ്രായേൽ അന്തിമ പ്രതിസന്ധിയെ നേരിടുന്നത് ഒന്നാം നൂറ്റാണ്ടിലാണ്. വാഗ്ദത്ത മിശിഹായായ യേശുവിനെ തള്ളിക്കളഞ്ഞ ആ ജനതയെ യഹോവയും തള്ളിക്കളഞ്ഞു. (മത്തായി 21:43; 23:37-39; യോഹന്നാൻ 1:11) എന്നാൽ, അതുമൂലം ഭൂമിയിൽ യഹോവയ്ക്ക് മേലാൽ ഒരു പ്രത്യേക ജനത ഇല്ലാതെപോയോ? ഇല്ല. യെശയ്യാവു 1:9-ന് മറ്റൊരു നിവൃത്തി ഉള്ളതായി പൗലൊസ് അപ്പൊസ്തലൻ പ്രകടമാക്കി. സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് അവൻ എഴുതി: ‘“സൈന്യങ്ങളുടെ കർത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.’—റോമർ 9:29.
23 ഇത്തവണ അതിജീവിച്ചവർ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച അഭിഷിക്ത ക്രിസ്ത്യാനികൾ ആയിരുന്നു. അങ്ങനെ അതിജീവിച്ചവരിൽ ആദ്യ കൂട്ടർ വിശ്വാസികളായ യഹൂദന്മാർ ആയിരുന്നു. പിന്നീട്, വിശ്വാസികളായ പുറജാതീയർ അവരോടു ചേർന്നു. അവർ ഇരു കൂട്ടരും ചേർന്ന് പുതിയ ഇസ്രായേൽ അഥവാ ‘ദൈവത്തിന്റെ യിസ്രായേൽ’ ആയിത്തീർന്നു. (ഗലാത്യർ 6:16; റോമർ 2:29) പൊ.യു. 70-ലെ യഹൂദാ വ്യവസ്ഥിതിയുടെ നാശത്തെ ഈ “സന്തതി” അതിജീവിച്ചു. വാസ്തവത്തിൽ, ‘ദൈവത്തിന്റെ യിസ്രായേൽ’ ഇന്നും നമ്മോടു കൂടെയുണ്ട്. വിവിധ ജനതകളിൽനിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം,” ഇപ്പോൾ അവരോടു ചേർന്നിരിക്കുന്നു.—വെളിപ്പാടു 7:9.
24. മനുഷ്യവർഗം അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ വിപത്തിനെ അതിജീവിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നാമെല്ലാം എന്തിനു ശ്രദ്ധ കൊടുക്കേണ്ടതുണ്ട്?
24 താമസിയാതെ, ഇന്നത്തെ ലോകം അർമഗെദോൻ യുദ്ധത്തെ അഭിമുഖീകരിക്കും. (വെളിപ്പാടു 16:14, 16, NW) അസീറിയക്കാരും ബാബിലോണിയരും യഹൂദയുടെമേൽ നടത്തിയ ആക്രമണങ്ങളെക്കാളും പൊ.യു. 70-ൽ റോമാക്കാർ അതിന്റെമേൽ വരുത്തിയ നാശത്തെക്കാളും വലുതായിരിക്കും ആ വിപത്ത്. എങ്കിലും, ചിലർ അതിനെ അതിജീവിക്കും. (വെളിപ്പാടു 7:14) അക്കാരണത്താൽ, യഹൂദയോടുള്ള യെശയ്യാവിന്റെ വാക്കുകൾ നാമെല്ലാം അവധാനപൂർവം പരിചിന്തിക്കേണ്ടതു വളരെ പ്രധാനമാണ്! ആ വാക്കുകൾക്കു ചെവി കൊടുത്തതിന്റെ ഫലമായി യെശയ്യാവിന്റെ നാളിൽ വിശ്വസ്തരായവർ അതിജീവിച്ചു. അതേ വിധത്തിൽ, യഥാർഥ വിശ്വാസമുള്ളവർക്ക് ഇക്കാലത്തും അതിജീവിക്കാൻ കഴിയും.
[അടിക്കുറിപ്പുകൾ]
a ഇവിടെ ‘യിസ്രായേൽ’ എന്ന പദം രണ്ടു-ഗോത്ര രാജ്യമായ യഹൂദയെ സൂചിപ്പിക്കുന്നു.
b യെശയ്യാവിന്റെ വാക്കുകൾ അക്കാലത്തെ ചികിത്സാരീതിയെ കുറിച്ചുള്ള ഒരു പരാമർശമാണ്. ബൈബിൾ ഗവേഷകനായ ഇ. എച്ച്. പ്ലംറ്റർ ഇങ്ങനെ പറയുന്നു: “പഴുപ്പു കളയാൻ ആദ്യം ചെയ്തിരുന്നത് പൊട്ടിയൊലിക്കുന്ന വ്രണം ‘അമർത്തുക’യോ ‘ഞെക്കുക’യോ ആയിരുന്നു; അതിനുശേഷം, ഹിസ്കീയാവിന്റെ (അധ്യാ. 38:21) കാര്യത്തിൽ ചെയ്തതുപോലെ, തൈലം പുരട്ടിയ തുണികൊണ്ട് അതു ‘കെട്ടിവെച്ചിരുന്നു.’ അതിനു പുറമേ, വ്രണം ശുദ്ധിയാക്കാൻ എണ്ണയോ കുഴമ്പോ—ചിലപ്പോൾ, ലൂക്കൊസ് 10:34-ൽ കാണുന്നതു പോലെ എണ്ണയും വീഞ്ഞും—ഉപയോഗിച്ചിരുന്നു.”
c സി. എഫ്. കൈലും എഫ്. ഡെലിറ്റ്ഷും തയ്യാറാക്കിയ പഴയനിയമ ഭാഷ്യം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “പ്രവാചകൻ നൽകുന്ന ഈ പ്രത്യേക സന്ദേശത്തിന്റെ ഒരു ഭാഗം ഇവിടെ അവസാനിക്കുകയും മറ്റൊരു ഭാഗം തുടങ്ങുകയും ചെയ്യുന്നു എന്ന് മൂലപാഠത്തിൽ 9-ഉം 10-ഉം വാക്യങ്ങൾക്ക് ഇടയിലായി അൽപ്പം സ്ഥലം ഇട്ടിരിക്കുന്നതിൽ നിന്നു മനസ്സിലാക്കാവുന്നതാണ്. ഇങ്ങനെ സ്ഥലമോ ഒരു വരയോ ഇട്ടുകൊണ്ട് ചെറുതോ വലുതോ ആയ ഭാഗങ്ങളെ വേർതിരിക്കുന്ന സമ്പ്രദായം, സ്വരാക്ഷരക്കുറികളും ഉച്ചാരണചിഹ്നങ്ങളും ഉപയോഗിക്കുന്ന രീതിയെക്കാൾ പഴക്കമുള്ളതും അതിപ്രാചീനമായ ഒരു സമ്പ്രദായത്തിൽ അധിഷ്ഠിതവുമാണ്.”
[20-ാം പേജിലെ ചിത്രം]
യഹൂദ, സൊദോമിനെയും ഗൊമോറയെയും പോലെ എക്കാലവും ആൾപ്പാർപ്പില്ലാതെ കിടക്കുകയില്ല