ജീവിത കഥ
ആയുധ നിർമാണത്തിൽനിന്ന് ജീവരക്ഷാകരമായ ഒരു വേലയിലേക്ക്
ഇസിഡോറസ് ഇസ്മൈലിഡിസ് പറഞ്ഞപ്രകാരം
ഞാൻ മുട്ടുകുത്തി നിൽക്കുകയായിരുന്നു. എന്റെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു. ഞാൻ ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദൈവമേ, ആയുധ നിർമാണ ജോലി തുടരാൻ മനസ്സാക്ഷി എന്നെ അനുവദിക്കുന്നില്ല. വളരെയേറെ ശ്രമിച്ചിട്ടും മറ്റൊരു ജോലി കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. നാളെ, ഞാൻ രാജിവെയ്ക്കും. യഹോവേ, എന്റെ നാലു മക്കൾ പട്ടിണികിടക്കാൻ ഇടവരരുതേ.” ഞാൻ ഈ അവസ്ഥയിൽ എത്തിയത് എങ്ങനെയാണ്?
വടക്കൻ ഗ്രീസിലെ ഡ്രാമയിൽ 1932-ന് ആയിരുന്നു എന്റെ ജനനം. പ്രശാന്തവും ലളിതവുമായിരുന്നു അവിടത്തെ ജീവിതം. എന്നെ സംബന്ധിച്ചുള്ള പ്രതീക്ഷകളെ പറ്റി പിതാവ് പലപ്പോഴും എന്നോടു പറയുമായിരുന്നു. അമേരിക്കയിൽ പോയി വിദ്യാഭ്യാസം നേടാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. “സ്വത്തുക്കൾ അപഹരിക്കാനാകും, പക്ഷേ മനസ്സിലുള്ളത് ആർക്കും അപഹരിക്കാനാകില്ല,” രണ്ടാം ലോകമഹായുദ്ധ കാലത്ത് ഗ്രീസ് കൊള്ളയടിക്കപ്പെട്ട ശേഷം ഗ്രീക്കുകാരുടെ ഇടയിൽ പ്രചരിച്ച ഒരു ആപ്തവാക്യമായിരുന്നു അത്. ആർക്കും ഒരിക്കലും അപഹരിക്കാനാകാത്ത ചിലത് ഉന്നത വിദ്യാഭ്യാസത്തിലൂടെ നേടാൻ ഞാൻ ദൃഢനിശ്ചയം ചെയ്തു.
ഗ്രീക്ക് ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച അനേകം യുവജന സംഘങ്ങളിൽ ചെറുപ്പം മുതലേ ഞാൻ അംഗമായിരുന്നു. അപകടകരങ്ങളായ മതഭേദങ്ങളെ അകറ്റിനിർത്താൻ അവിടെ ഞങ്ങളോടു പറഞ്ഞിരുന്നു. അത്തരത്തിലുള്ള ഒരു സംഘത്തെ ഞാൻ വിശേഷാൽ ഓർമിക്കുന്നു—യഹോവയുടെ സാക്ഷികൾ. അവർ എതിർക്രിസ്തുക്കളാണ് എന്നാണു കരുതപ്പെട്ടിരുന്നത്.
1953-ൽ ഏഥൻസിലെ സാങ്കേതിക വിദ്യാലയത്തിൽ നിന്നു ബിരുദം നേടിയ ശേഷം ഞാൻ ജർമനിയിലേക്കു പോയി. ഒരു ജോലി കണ്ടെത്തി, ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അതു സാധിച്ചില്ല. അതുകൊണ്ട് ഞാൻ മറ്റു രാജ്യങ്ങളിലേക്കു പോയി. ഏതാനും ആഴ്ചകൾ കഴിഞ്ഞ് ഞാൻ ബെൽജിയത്തിലെ ഒരു തുറമുഖത്ത് എത്തിച്ചേർന്നു. അപ്പോഴേക്കും കൈയിലുണ്ടായിരുന്ന പണം മുഴുവനും തീർന്നിരുന്നു. ഞാൻ ഒരു പള്ളിയിൽ ചെന്നിരുന്ന് ഒത്തിരി കരഞ്ഞു. കണ്ണുനീർ നിലത്തു വീണുകൊണ്ടിരുന്നു. അതൊക്കെ ഞാൻ ഇപ്പോഴും വ്യക്തമായി ഓർമിക്കുന്നു. അമേരിക്കയ്ക്കു പോകാൻ എന്നെ സഹായിച്ചാൽ, പണത്തിനു പിന്നാലെ പരക്കംപായാതെ വിദ്യാഭ്യാസം നേടി ഒരു നല്ല ക്രിസ്ത്യാനിയും ഒരു നല്ല പൗരനുമായി ജീവിക്കാൻ ശ്രമിക്കുമെന്ന് പ്രാർഥനയിൽ ഞാൻ ദൈവത്തോടു പറഞ്ഞു. അവസാനം 1957-ൽ ഞാൻ അവിടെ എത്തിച്ചേർന്നു.
അമേരിക്കയിലെ പുതിയ ജീവിതം
ഭാഷ അറിയാത്തവരും പണമില്ലാത്തവരുമായ കുടിയേറ്റക്കാർക്ക് അമേരിക്കയിൽ ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു. രാത്രിയിൽ രണ്ട് ജോലികൾക്കു പോയിട്ട് പകൽ സ്കൂളിലും കൂടി പോകാൻ ഞാൻ നന്നേ പാടുപെട്ടു. പല കോളേജുകളിൽ ചേർന്നു പഠിച്ച ഞാൻ ഒരു അസോഷിയേറ്റ് ബിരുദവും സമ്പാദിച്ചു. തുടർന്ന് ലോസാഞ്ചലസിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽനിന്ന് പ്രായോഗിക ഊർജതന്ത്രത്തിൽ ബിരുദം നേടി. വിദ്യാഭ്യാസം നേടുന്നതിനെ കുറിച്ചുള്ള പിതാവിന്റെ വാക്കുകൾ ഈ പ്രയാസ വർഷങ്ങളിൽ തളരാതെ മുന്നോട്ടു പോകാൻ എന്നെ സഹായിച്ചു.
ഈ സമയത്ത് ഞാൻ എക്കാറ്റെറിനി എന്നു പേരുള്ള സുന്ദരിയായ ഒരു ഗ്രീക്കു യുവതിയെ കണ്ടുമുട്ടി. 1964-ൽ ഞങ്ങൾ വിവാഹിതരായി. മൂന്നു വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ആദ്യത്തെ കുട്ടി ജനിച്ചു. തുടർന്ന് നാലു വർഷത്തിനുള്ളിൽ ഞങ്ങൾക്ക് മറ്റു രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചു. ഒരു കുടുംബത്തെ പോറ്റുന്നതോടൊപ്പം യൂണിവേഴ്സിറ്റിയിൽ പഠിക്കുക എന്നത് ഒരു വെല്ലുവിളിയായിരുന്നു.
അമേരിക്കൻ വായുസേനയുടെ കാലിഫോർണിയയിലെ സണിവേലിൽ ഉണ്ടായിരുന്ന ഒരു മിസൈൽ-ബഹിരാകാശ കമ്പനിയിൽ ആയിരുന്നു എനിക്കു ജോലി. അഗിനാ, അപ്പോളോ പദ്ധതികൾ ഉൾപ്പെടെയുള്ള അനേകം വായു-ബഹിരാകാശ പദ്ധതികളിൽ ഞാൻ പ്രവർത്തിച്ചു. അപ്പോളോ 8-ഉം അപ്പോളോ 11-ഉം ദൗത്യങ്ങളോടുള്ള ബന്ധത്തിൽ ഞാൻ ചെയ്ത സേവനങ്ങളെ പ്രതി എനിക്ക് മെഡലുകൾ പോലും ലഭിച്ചു. അതിനുശേഷം ഞാൻ വിദ്യാഭ്യാസം തുടരുകയും ഒട്ടേറെ സൈനിക ബഹിരാകാശ പദ്ധതികളിൽ ഉൾപ്പെടുകയും ചെയ്തു. എന്റെ ജീവിതം ഇപ്പോൾ ധന്യമായെന്ന് എനിക്കു തോന്നി—സുന്ദരിയായ ഭാര്യ, മിടുമിടുക്കരായ നാലു കുട്ടികൾ, പ്രശസ്തമായ ഉദ്യോഗം, ഒന്നാന്തരം ഒരു വീട്!
ഒരു സ്ഥിരോത്സാഹി
1967 ആദ്യം ഞാൻ ജോലിസ്ഥലത്തു വെച്ച് ജിമ്മിനെ കണ്ടുമുട്ടി. അദ്ദേഹം വളരെ താഴ്മയും ദയയുമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഞാൻ കാപ്പി കുടിക്കാൻ ക്ഷണിക്കുമ്പോഴൊന്നും അദ്ദേഹം അതു നിരസിച്ചിരുന്നില്ല. ബൈബിളിൽ നിന്നുള്ള വിവരങ്ങൾ എന്നോടു പറയാൻ ജിം ആ അവസരങ്ങൾ ഉപയോഗിച്ചു. താൻ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കുന്നുണ്ടെന്നു ജിം എന്നോടു പറഞ്ഞു.
ജിമ്മിന് ആ മതവിഭാഗവുമായി ബന്ധമുണ്ടെന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെയുള്ള ഒരു നല്ല മനുഷ്യന് എങ്ങനെയാണ് എതിർക്രിസ്തുക്കളുടെ ചതിയിൽപ്പെടാൻ കഴിയുക? എന്നാൽ ജിമ്മിന് എന്നിലുണ്ടായിരുന്ന വ്യക്തിപരമായ താത്പര്യത്തെയും അദ്ദേഹത്തിന്റെ ദയയെയും എനിക്ക് അവഗണിക്കാൻ കഴിയുമായിരുന്നില്ല. എനിക്കു വായിക്കാനായി എല്ലാ ദിവസവും ജിം എന്തെങ്കിലും തരുമായിരുന്നു. ദൃഷ്ടാന്തത്തിന്, ഒരു ദിവസം അദ്ദേഹം എന്റെ ഓഫീസിൽ വന്ന് ഇങ്ങനെ പറഞ്ഞു: “ഇസിഡോറസ്, വീക്ഷാഗോപുരത്തിലെ ഈ ലേഖനം കുടുംബജീവിതം ബലിഷ്ഠമാക്കുന്നതിനെ കുറിച്ചു പറയുന്നു. ഇതു വീട്ടിൽ കൊണ്ടുപോയി ഭാര്യയോടൊത്തു വായിക്ക്.” ആ ലേഖനം വായിക്കാമെന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്നാൽ പിന്നീട് ഞാനത് ടോയ്ലെറ്റിൽ കൊണ്ടുപോയി വലിച്ചുകീറി ചവറ്റുകൊട്ടയിൽ ഇട്ടു.
മൂന്നു വർഷത്തേക്ക്, ജിം തന്നിരുന്ന എല്ലാ പുസ്തകങ്ങളും മാസികകളും ഞാൻ നശിപ്പിച്ചുകളഞ്ഞിരുന്നു. യഹോവയുടെ സാക്ഷികളെ കുറിച്ച് എനിക്കു തീർത്തും തെറ്റായ ധാരണയാണ് ഉണ്ടായിരുന്നത്. അതേസമയം ജിമ്മിനോടുള്ള സുഹൃദ്ബന്ധം തുടരാനും ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് അദ്ദേഹം പറയുന്നതു കേൾക്കുക, എന്നിട്ട് ഉടൻതന്നെ അതു മറന്നുകളയുക, അതാണ് ഏറ്റവും നല്ല മാർഗം എന്നു ഞാൻ കരുതി.
എന്നിരുന്നാലും ആ ചർച്ചകളിൽനിന്ന് എനിക്ക് ഒരു കാര്യം ബോധ്യമായി, ഞാൻ വിശ്വസിക്കുകയും ആചരിക്കുകയും ചെയ്തിരുന്ന മിക്ക സംഗതികളും ബൈബിൾ അധിഷ്ഠിതമല്ല എന്ന്. ത്രിത്വം, നരകാഗ്നി, ആത്മാവിന്റെ അമർത്യത തുടങ്ങിയ പഠിപ്പിക്കലുകൾ തിരുവെഴുത്തുപരമല്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. (സഭാപ്രസംഗി 9:10; യെഹെസ്കേൽ 18:4, NW; യോഹന്നാൻ 20:17) പക്ഷേ, ജിം പറയുന്നതാണു ശരിയെന്നു പരസ്യമായി സമ്മതിക്കാൻ, ഗ്രീക്ക് ഓർത്തഡോക്സുകാരൻ എന്ന നിലയിലുള്ള അഭിമാനം എന്നെ അനുവദിച്ചില്ല. എന്നാൽ അദ്ദേഹം എപ്പോഴും ബൈബിൾ ഉപയോഗിച്ചാണു സംസാരിച്ചിരുന്നത്, ഒരിക്കലും തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറഞ്ഞിരുന്നില്ല. അതുകൊണ്ട്, എനിക്കുവേണ്ടി മൂല്യവത്തായ ഒരു ബൈബിൾ സന്ദേശം അദ്ദേഹത്തിന്റെ പക്കലുണ്ടെന്ന് ഒടുവിൽ എനിക്കു മനസ്സിലായി.
എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്നു ഭാര്യക്കു തോന്നി. സാക്ഷികളുമായി ബന്ധമുള്ള സ്നേഹിതനുമായി ഞാൻ സംസാരിച്ചോ എന്ന് ഒരിക്കൽ അവൾ എന്നോടു ചോദിച്ചു. ഉവ്വ് എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു: “നമുക്ക് ഏതു സഭയിൽ വേണമെങ്കിലും ചേരാം, പക്ഷേ യഹോവയുടെ സാക്ഷികളുടെ കൂടെ മാത്രം വേണ്ട.” എന്നിരുന്നാലും, അധികം താമസിയാതെ ഞാനും ഭാര്യയും കുട്ടികളോടൊപ്പം സാക്ഷികളുടെ യോഗങ്ങൾക്കു പതിവായി സംബന്ധിക്കാൻ തുടങ്ങി.
ബുദ്ധിമുട്ടുള്ള ഒരു തീരുമാനം
ബൈബിൾ പഠിച്ചപ്പോൾ പ്രവാചകനായ യെശയ്യാവിന്റെ പിൻവരുന്ന വാക്കുകൾ എന്റെ ശ്രദ്ധയിൽപ്പെട്ടു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” (യെശയ്യാവു 2:4) ഞാൻ സ്വയം ഇങ്ങനെ ചോദിച്ചു: ‘സമാധാന സ്നേഹിയായ ദൈവത്തിന്റെ ഒരു ദാസന് വിനാശക ആയുധങ്ങൾ രൂപകൽപ്പന ചെയ്യാനും ഉത്പാദിപ്പിക്കാനും എങ്ങനെ കഴിയും?’ (സങ്കീർത്തനം 46:9) തൊഴിൽ മാറാനുള്ള തീരുമാനം എടുക്കാൻ എനിക്ക് അധികം നേരം വേണ്ടിവന്നില്ല.
എന്നാൽ അതു ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. കാരണം വളരെ നല്ലൊരു ജോലിയാണ് എനിക്ക് ഉണ്ടായിരുന്നത്. അതാകട്ടെ അനേകം വർഷത്തെ കഠിനാധ്വാനത്തിലൂടെയും പഠനത്തിലൂടെയും ത്യാഗങ്ങളിലൂടെയും സമ്പാദിച്ചതും. ഉദ്യോഗ രംഗത്ത് ഞാൻ ഒരു ഉന്നത സ്ഥാനത്തുതന്നെ എത്തിച്ചേർന്നിരുന്നു. അതൊക്കെ ഉപേക്ഷിക്കുക, അതായിരുന്നു എന്റെ മുന്നിൽ ഉണ്ടായിരുന്ന പ്രശ്നം. ഒടുവിൽ, യഹോവയോടുള്ള എന്റെ ആഴമായ സ്നേഹവും അവന്റെ ഇഷ്ടം ചെയ്യാനുള്ള ശക്തമായ ആഗ്രഹവും വിജയം വരിച്ചു.—മത്തായി 7:21.
വാഷിങ്ടണിലെ സിയാറ്റിലിലുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യാൻ ഞാൻ തീരുമാനിച്ചു. എന്നാൽ പുതിയ ജോലിയിൽ യെശയ്യാവു 2:4-ന് ഒട്ടും നിരക്കാത്ത പ്രവർത്തനങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത് എന്നു പെട്ടെന്നുതന്നെ എനിക്കു മനസ്സിലായി. അത് എന്നെ നിരാശപ്പെടുത്തി. തിരുവെഴുത്തു വിരുദ്ധമല്ലാത്ത പദ്ധതികളോടു ബന്ധപ്പെട്ടു മാത്രം ജോലി ചെയ്യാനുള്ള എന്റെ ശ്രമം പരാജയപ്പെട്ടു. വീണ്ടും എനിക്കു മനസ്സാക്ഷിക്കുത്ത് അനുഭവപ്പെടാൻ തുടങ്ങി. ഒരു ശുദ്ധ മനസ്സാക്ഷി നിലനിറുത്തണമെങ്കിൽ ആ ജോലിയും ഉപേക്ഷിക്കേണ്ടിവരുമെന്ന് എനിക്കു ബോധ്യമായി.—1 പത്രൊസ് 3:21.
ജീവിതത്തിൽ വലിയ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടെന്നു ഞങ്ങൾക്കു വ്യക്തമായി. ആറു മാസത്തിനുള്ളിൽ ഞങ്ങൾ ജീവിതരീതിക്കു മാറ്റം വരുത്തി. കുടുംബ ചെലവ് പകുതിയായി കുറച്ചു. തുടർന്ന്, ഞങ്ങളുടെ ആഡംബരപൂർണമായ വീട് വിറ്റിട്ട് കൊളറാഡോയിലെ ഡെൻവറിൽ ഒരു ചെറിയ വീടു വാങ്ങി. ഇപ്പോൾ, ജോലി രാജിവെയ്ക്കുക എന്ന ഏറ്റവും ബുദ്ധിമുട്ടുള്ള നടപടി സ്വീകരിക്കാൻ ഞാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു. എന്റെ മനസ്സാക്ഷിപരമായ നിലപാടു വിശദീകരിച്ചുകൊണ്ടുള്ള രാജിക്കത്ത് ഞാൻ ടൈപ്പ് ചെയ്തു. ആ രാത്രിയിൽ, കുട്ടികൾ ഉറങ്ങിയ ശേഷം, ഭാര്യയോടൊപ്പം മുട്ടുകുത്തിനിന്ന് ഈ ലേഖനത്തിന്റെ തുടക്കത്തിൽ വിവരിച്ചതുപോലെ ഞാൻ യഹോവയോടു പ്രാർഥിച്ചു.
ഒരു മാസത്തിനുള്ളിൽ ഞങ്ങൾ ഡെൻവറിലേക്കു താമസം മാറ്റി. രണ്ടാഴ്ച കഴിഞ്ഞ്, 1975 ജൂലൈയിൽ ഞാനും ഭാര്യയും സ്നാപനമേറ്റു. ആറുമാസമായിട്ടും എനിക്കു ജോലിയൊന്നും കിട്ടിയില്ല. സമ്പാദ്യങ്ങൾ സാവധാനം ചെലവഴിച്ചു തീർക്കുകയായിരുന്നു. ഏഴാം മാസം ആയപ്പോഴേക്കും ഞങ്ങളുടെ പക്കൽ ആകെ ഉണ്ടായിരുന്നത്, ലോൺ എടുത്ത് വീടു വാങ്ങിച്ച വകയിൽ പ്രതിമാസം തിരിച്ചടയ്ക്കേണ്ടിയിരുന്ന തുകയുടെ പകുതി മാത്രമായിരുന്നു. എന്തെങ്കിലും ഒരു ജോലികിട്ടിയാൽ മതിയെന്നായി എനിക്ക്. എന്നാൽ അധികം താമസിയാതെ, എഞ്ചിനീയറിങ് രംഗത്ത് എനിക്ക് ഒരു ജോലി കിട്ടി. മുമ്പു ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളമേ ഉണ്ടായിരുന്നുള്ളൂ. എന്നുവരികിലും അതു ഞാൻ യഹോവയോടു ചോദിച്ചതിലും വളരെ കൂടുതൽ ആയിരുന്നു. ആത്മീയ താത്പര്യങ്ങൾ ഒന്നാമതു വെച്ചതിൽ ഞാൻ എത്ര സന്തുഷ്ടനായിരുന്നു!—മത്തായി 6:33.
യഹോവയോടുള്ള സ്നേഹത്തിൽ വളരാൻ കുട്ടികളെ സഹായിക്കുന്നു
കുട്ടികൾ നാലുപേരെയും ദൈവിക തത്ത്വങ്ങൾക്കു ചേർച്ചയിൽ വളർത്തിക്കൊണ്ടു വരിക എന്നത് എന്നെയും എക്കാറ്റെറിനിയെയും സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി ആയിരുന്നു. സന്തോഷകരമെന്നു പറയട്ടെ, യഹോവയുടെ സഹായത്താൽ അവർ എല്ലാവരും രാജ്യപ്രസംഗമെന്ന സുപ്രധാന വേലയ്ക്കായി തങ്ങളുടെ ജീവിതം ഉഴിഞ്ഞുവെച്ചുകൊണ്ട് പക്വതയുള്ള ക്രിസ്ത്യാനികളായിത്തീരുന്നത് കാണാൻ ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ മൂന്ന് ആൺമക്കളും—ക്രിസ്റ്റോസും ലാകിസും ഗ്രിഗറിയും—ശുശ്രൂഷാ പരിശീലന സ്കൂളിൽനിന്നു ബിരുദം നേടി. സഭകൾ സന്ദർശിക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് അവർ ഇപ്പോൾ സഞ്ചാര മേൽവിചാരകന്മാരായി സേവിക്കുന്നു. ഞങ്ങളുടെ മകൾ ടൂളാ യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ സേവിക്കുന്നു. യഹോവയെ സേവിക്കാനായി അവർ എല്ലാവരും, വളരെ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുമായിരുന്ന ജീവിതവൃത്തികളും ധാരാളം ശമ്പളം ലഭിക്കുമായിരുന്ന ജോലികളും ത്യജിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.
ഇങ്ങനെ വിജയപ്രദമായ രീതിയിൽ കുട്ടികളെ വളർത്താൻ കഴിഞ്ഞതിന്റെ പിന്നിലെ രഹസ്യമെന്താണെന്ന് പലരും ഞങ്ങളോടു ചോദിച്ചിട്ടുണ്ട്. അതിന് ഒറ്റമൂലിയൊന്നുമില്ല. എന്നാൽ, യഹോവയോടും അയൽക്കാരോടുമുള്ള സ്നേഹം അവരുടെ ഹൃദയത്തിൽ ഉൾനടാൻ ഞങ്ങൾ ഉത്സാഹപൂർവം ശ്രമിച്ചു. (ആവർത്തനപുസ്തകം 6:6, 7; മത്തായി 22:37-39) യഹോവയെ സ്നേഹിക്കുന്നുവെന്ന് അവനോടു പറയാൻ കഴിയണമെങ്കിൽ അവനോടുള്ള സ്നേഹം പ്രവൃത്തികളിലൂടെ പ്രകടമാക്കണമെന്നു കുട്ടികൾ പഠിച്ചു.
ആഴ്ചയിൽ ഒരു ദിവസം, സാധാരണഗതിയിൽ ശനിയാഴ്ച തോറും, ഞങ്ങൾ കുടുംബം ഒന്നിച്ച് ശുശ്രൂഷയിൽ പങ്കെടുത്തിരുന്നു. എല്ലാ തിങ്കളാഴ്ചയും അത്താഴത്തിനു ശേഷം ഞങ്ങൾക്ക് കുടുംബ ബൈബിളധ്യയനം ഉണ്ടായിരുന്നു. കൂടാതെ ഓരോ കുട്ടിയോടൊത്തും ഞങ്ങൾ ബൈബിളധ്യയനം നടത്തിയിരുന്നു. കുട്ടികൾ ചെറുപ്പമായിരുന്നപ്പോൾ, ആഴ്ചയിൽ പലതവണ കുറച്ചു നേരം വീതം ഓരോ കുട്ടിയെയും പഠിപ്പിച്ചിരുന്നു. അവർ വളർന്നപ്പോൾ അധ്യയനം ആഴ്ചയിൽ ഒരു പ്രാവശ്യമാക്കി, എന്നാൽ അതു കൂടുതൽ നേരം നീണ്ടുനിൽക്കുമായിരുന്നു. ഈ പഠന വേളകളിൽ കുട്ടികൾ തങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങളോടു തുറന്നു പറയുമായിരുന്നു.
കുടുംബം ഒത്തൊരുമിച്ചു പരിപുഷ്ടിപ്പെടുത്തുന്ന വിനോദങ്ങളും ആസ്വദിച്ചിരുന്നു. ഒരുമിച്ചു കൂടി സംഗീതോപകരണങ്ങൾ വായിക്കുന്നത് ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. ഓരോ കുട്ടിയും തനിക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ പാടുകയും ചെയ്തിരുന്നു. പരിപുഷ്ടിപ്പെടുത്തുന്ന സഹവാസത്തിനായി ചില വാരാന്ത്യങ്ങളിൽ ഞങ്ങൾ മറ്റു കുടുംബങ്ങളെ ക്ഷണിക്കാറുണ്ടായിരുന്നു. കുടുംബം ഒന്നിച്ച് അവധിക്കാല യാത്രകളും നടത്തുമായിരുന്നു. അത്തരമൊരു സന്ദർഭത്തിൽ ഞങ്ങൾ കൊളറാഡോയിലെ പർവതങ്ങളിൽ പര്യവേക്ഷണം നടത്തി. പ്രാദേശിക സഭയോടൊത്തു വയൽ ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്തു. ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ വ്യത്യസ്ത ഡിപ്പാർട്ടുമെന്റുകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും വ്യത്യസ്ത സ്ഥലങ്ങളിൽ രാജ്യഹാൾ നിർമാണത്തിൽ സഹായിക്കാൻ കഴിഞ്ഞതും കുട്ടികൾ സന്തോഷത്തോടെ ഓർക്കുന്നു. ബന്ധുക്കളെ കാണാനായി കുട്ടികളെയുംകൂട്ടി ഗ്രീസിൽ ചെന്നപ്പോൾ, വിശ്വാസത്തിന്റെ പേരിൽ ജയിലിലായ അനേകം വിശ്വസ്ത സാക്ഷികളെ അവർക്കു കാണാൻ കഴിഞ്ഞു. സത്യത്തിനുവേണ്ടി ധൈര്യസമേതം ഉറച്ചുനിൽക്കാനുള്ള ദൃഢതീരുമാനം അവരുടെ മനസ്സുകളിൽ ആഴത്തിൽ പതിയാൻ അത് ഇടയാക്കി.
ചില അവസരങ്ങളിൽ കുട്ടികൾ മോശമായി പെരുമാറുകയും സഹവാസത്തിന്റെ കാര്യത്തിൽ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ മാതാപിതാക്കളാകട്ടെ, ആവശ്യത്തിലേറെ നിയന്ത്രണങ്ങൾ വെച്ചുകൊണ്ട് ചില സംഗതികളിൽ കുട്ടികൾക്കു പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുമുണ്ട്. എന്നാൽ, ബൈബിളിൽ കാണുന്നപ്രകാരമുള്ള “യഹോവയുടെ മാനസിക ക്രമവത്കരണത്തിൽ” ആശ്രയിച്ചതു നിമിത്തം കാര്യങ്ങൾ നേരെയാക്കാൻ ഞങ്ങൾക്കു കഴിഞ്ഞു.—എഫെസ്യർ 6:4; 2 തിമൊഥെയൊസ് 3:16, 17.
ജീവിതത്തിലെ ഏറ്റവും സന്തുഷ്ടമായ കാലം
കുട്ടികൾ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു കഴിഞ്ഞപ്പോൾ, ജീവരക്ഷാകരമായ ഈ വേലയിലുള്ള ഞങ്ങളുടെ പങ്കു വർധിപ്പിക്കാനായി എന്തു ചെയ്യാനാകും എന്നതിനെ കുറിച്ച് ഞാനും എക്കാറ്റെറിനിയും ഗൗരവമായി ചിന്തിക്കാൻ തുടങ്ങി. അങ്ങനെ, ഞാൻ നേരത്തേ ജോലിയിൽനിന്നു വിരമിച്ചിട്ട് 1994-ൽ എക്കാറ്റെറിനിയോടൊപ്പം സാധാരണ പയനിയർസേവനം ഏറ്റെടുത്തു. പ്രാദേശിക കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ഞങ്ങൾ വിദ്യാർഥികളോടു സാക്ഷീകരിക്കുന്നു. അവരിൽ ചിലരുമായി ബൈബിൾ അധ്യയനങ്ങളും നടത്തുന്നുണ്ട്. അവരുടെ ബുദ്ധിമുട്ടുകൾ എനിക്കു മനസ്സിലാക്കാനാകും, കാരണം വർഷങ്ങൾക്കു മുമ്പ് ഞാനും സമാനമായ സാഹചര്യത്തിൽ ആയിരുന്നല്ലോ. അതുകൊണ്ട് യഹോവയെ കുറിച്ചു പഠിക്കാൻ അവരെ സഹായിക്കുന്നതിൽ നല്ല വിജയം കണ്ടെത്താൻ എനിക്കു കഴിഞ്ഞിരിക്കുന്നു. എത്യോപ്യ, ഈജിപ്ത്, ചിലി, ചൈന, ടർക്കി, തായ്ലൻഡ്, ബൊളീവിയ, ബ്രസീൽ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി അധ്യയനം നടത്താൻ കഴിഞ്ഞിട്ടുള്ളത് എത്ര സന്തോഷകരമാണ്! ടെലിഫോൺ സാക്ഷീകരണവും ഞാൻ ആസ്വദിക്കുന്നു, വിശേഷിച്ചും എന്റെ മാതൃഭാഷ സംസാരിക്കുന്നവരുമായുള്ളത്.
ഗ്രീക്കുഭാഷയുടെ ശക്തമായ സ്വാധീനമുള്ള ഇംഗ്ലീഷ് ഉച്ചാരണവും പ്രായാധിക്യവും നിമിത്തം എനിക്ക് അനേകം പരിമിതികൾ ഉണ്ടെങ്കിലും, സേവനത്തിനായി എന്നെത്തന്നെ ലഭ്യനാക്കാൻ ഞാൻ എല്ലായ്പോഴും ശ്രമിച്ചിട്ടുണ്ട്. “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു പ്രഖ്യാപിച്ച യെശയ്യാവിന്റെ മനോഭാവമാണ് എനിക്കുള്ളത്. (യെശയ്യാവു 6:8) യഹോവയ്ക്കു തങ്ങളുടെ ജീവിതം സമർപ്പിക്കാൻ അര ഡസനിലധികം ആളുകളെ സഹായിച്ചതിന്റെ സന്തോഷം എനിക്ക് ഉണ്ടായിരുന്നിട്ടുണ്ട്. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സംഗതി.
സഹമനുഷ്യരെ കൊല്ലാനുള്ള ഭീകര ആയുധങ്ങൾ നിർമിക്കുന്നതിൽ ആയിരുന്നു ഒരു കാലത്ത് എന്റെ മുഴു ശ്രദ്ധയും. എന്നാൽ, യഹോവയുടെ അനർഹദയയാൽ എനിക്കും കുടുംബത്തിനും അവന്റെ സമർപ്പിത ദാസരായിത്തീരാൻ കഴിഞ്ഞിരിക്കുന്നു. അതു മാത്രമല്ല, ഒരു പറുദീസാ ഭൂമിയിലെ നിത്യജീവനെ കുറിച്ചുള്ള സുവാർത്ത ആളുകളുമായി പങ്കുവെക്കുന്നതിന് ഞങ്ങളുടെ ജീവിതം ഉഴിഞ്ഞുവെക്കാനും അവൻ ഞങ്ങളെ സഹായിച്ചിരിക്കുന്നു. ഞാൻ എടുക്കേണ്ടിവന്ന വെല്ലുവിളിപരമായ തീരുമാനങ്ങളെ കുറിച്ചു ചിന്തിക്കുമ്പോൾ മലാഖി 3:10-ലെ വാക്കുകളാണ് എന്റെ മനസ്സിലേക്കു വരുന്നത്: “ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” തീർച്ചയായും, ഞങ്ങൾക്കു തൃപ്തിയാകുവോളം അവൻ ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു!
[27-ാം പേജിലെ ചതുരം/ചിത്രം]
ലാകിസ്: കപടഭക്തി എന്റെ പിതാവിനുവെറുപ്പായിരുന്നു. കപടഭക്തനാകാതിരിക്കാൻ അദ്ദേഹം വളരെയേറെ ശ്രമം ചെയ്തു. കുടുംബത്തിനു വേണ്ടി ശരിയായ മാതൃക വെക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം മിക്കപ്പോഴും ഞങ്ങളോട് ഇങ്ങനെ പറയുമായിരുന്നു: “യഹോവയ്ക്കു നിങ്ങളുടെ ജീവിതം സമർപ്പിക്കുക എന്നാൽ അവനുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ എല്ലായ്പോഴും തയ്യാറായിരിക്കുക എന്നാണ് അർഥം. അതാണ് ഒരു ക്രിസ്ത്യാനി ചെയ്യേണ്ടതും.” ഈ വാക്കുകൾ എന്റെ ഹൃദയത്തിൽ തങ്ങിനിന്നു. യഹോവയ്ക്കായി ത്യാഗങ്ങൾ ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ മാതൃക പിൻപറ്റാൻ അത് എന്നെ പ്രചോദിപ്പിച്ചിരിക്കുന്നു.
ക്രിസ്റ്റോസ്: യഹോവയോടുള്ള എന്റെ മാതാപിതാക്കളുടെ മുഴുദേഹിയോടുകൂടിയ വിശ്വസ്തതയും മാതാപിതാക്കൾ എന്ന നിലയിലുള്ള അവരുടെ ശക്തമായ അർപ്പണബോധവും ഞാൻ വളരെയേറെ വിലമതിക്കുന്നു. വയൽസേവനം മുതൽ അവധിക്കാല പ്രവർത്തനങ്ങൾ വരെ സകലതും ഞങ്ങൾ കുടുംബം ഒന്നിച്ചു ചെയ്തു. അനേകം കാര്യങ്ങളിൽ ഉൾപ്പെടാൻ കഴിയുമായിരുന്നെങ്കിലും എന്റെ മാതാപിതാക്കൾ അവരുടെ ജീവിതം ലളിതമാക്കി നിറുത്തിക്കൊണ്ട് ശുശ്രൂഷയിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഇന്ന്, യഹോവയുടെ സേവനത്തിൽ പൂർണമായും മുഴുകുമ്പോൾ ഞാൻ എത്ര സന്തുഷ്ടനാണെന്നോ! ജീവിതം ദൈവസേവനത്തിനായി ഉഴിഞ്ഞുവെക്കുന്നതിൽനിന്ന് ഉളവാകുന്ന സന്തോഷം കണ്ടെത്താൻ സഹായിച്ചതിൽ ഞാൻ എന്റെ മാതാപിതാക്കളോടു നന്ദിയുള്ളവനാണ്.
[28-ാം പേജിലെ ചതുരം/ചിത്രം]
ഗ്രിഗറി: ശുശ്രൂഷയിലെ എന്റെ പങ്കു വർധിപ്പിക്കാനുള്ള മാതാപിതാക്കളുടെ പ്രോത്സാഹന വാക്കുകളെക്കാൾ ഉപരി, അവരുടെ മാതൃകയും യഹോവയുടെ സേവനത്തിൽ അവർ ആസ്വദിക്കുന്നതായി കണ്ട സന്തോഷവുമാണ് എന്റെ സാഹചര്യങ്ങൾ പുനരവലോകനം ചെയ്യാനും മുഴുസമയ ശുശ്രൂഷ ആരംഭിക്കുന്നതിനെ കുറിച്ചുള്ള എന്റെ ഉത്കണ്ഠകളും ആകുലതകളും നീക്കം ചെയ്യാനും യഹോവയുടെ വേലയ്ക്കായി എന്നെത്തന്നെ അർപ്പിക്കാനും എന്നെ പ്രേരിപ്പിച്ചത്.
[28-ാം പേജിലെ ചതുരം/ചിത്രം]
ടൂളാ: ഒരുവനു നേടാൻ കഴിയുന്നതിൽവെച്ച് ഏറ്റവും അമൂല്യമായ സംഗതി യഹോവയുമായുള്ള ബന്ധമാണെന്നും യഥാർഥ സന്തോഷം എന്നെന്നും ആസ്വദിക്കാനുള്ള ഏക മാർഗം, നമുക്കുള്ളതിൽ ഏറ്റവും മെച്ചമായത് യഹോവയ്ക്കു നൽകുന്നത് ആണെന്നും എന്റെ മാതാപിതാക്കൾ എപ്പോഴും പറയുമായിരുന്നു. അവർ യഹോവയെ ഞങ്ങൾക്കു വളരെ യാഥാർഥ്യമാക്കി. യഹോവയെ സന്തോഷിപ്പിക്കാൻ നാം നമ്മുടെ പരമാവധി ശ്രമിച്ചു എന്ന അറിവോടെ, ഒരു ശുദ്ധമനസ്സാക്ഷിയുമായി കിടക്കാൻ പോകുമ്പോഴത്തെ സംതൃപ്തി പറഞ്ഞറിയിക്കാനാവാത്തത് ആണെന്ന് പിതാവു മിക്കപ്പോഴും ഞങ്ങളോടു പറയുമായിരുന്നു.
[25-ാം പേജിലെ ചിത്രം]
1951-ൽ ഞാൻ ഗ്രീസിൽ ഒരു പട്ടാളക്കാരൻ ആയിരുന്നപ്പോൾ
[25-ാം പേജിലെ ചിത്രം]
എക്കാറ്റെറിനിയുമൊത്ത് 1966-ൽ
[26-ാം പേജിലെ ചിത്രം]
എന്റെ കുടുംബം 1996-ൽ: (പിറകിൽ, ഇടത്തുനിന്ന് വലത്തേക്ക്) ഗ്രിഗറി, ക്രിസ്റ്റോസ്, ടൂളാ; (മുന്നിൽ), ലാകിസ്, എക്കാറ്റെറിനി, ഞാൻ