ഫലം നല്ലതും ചീത്തയും
“യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം കാണിച്ചു. ഒരു കൊട്ടയിൽ തലപ്പഴംപോലെ എത്രയും നല്ല അത്തിപ്പഴവും മറെറ കൊട്ടയിൽ എത്രയും ആകാത്തതും തിൻമാൻ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.”—യിരെമ്യാവു 24:1, 2.
1. തന്റെ ജനമായ ഇസ്രായേലിനോട് എങ്ങനെയാണു യഹോവ സഹതാപം കാട്ടിയത്, എങ്ങനെയാണ് അവർ പ്രതികരിച്ചത്?
വർഷം പൊ.യു.മു. 617 ആയിരുന്നു. അതു യരുശലേമിനും അതിലെ ജനങ്ങൾക്കും എതിരെ യഹോവയുടെ അർഹിക്കുന്ന ന്യായവിധി നിർവഹിക്കപ്പെടുന്നതിനു വെറും പത്തു വർഷം മുമ്പായിരുന്നു. യിരെമ്യാ 30 വർഷമായി ഇടവിടാതെ പ്രസംഗിച്ചുകഴിഞ്ഞിരുന്നു. 2 ദിനവൃത്താന്തം 36:15-ൽ കാണുന്ന പ്രകാരമുള്ള എസ്രായുടെ വ്യക്തമായ വിവരണം ശ്രദ്ധിക്കൂ: “അവരുടെ പിതാക്കൻമാരുടെ ദൈവമായ യഹോവെക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവൻ ജാഗ്രതയോടെ തന്റെ ദൂതൻമാരെ അവരുടെ അടുക്കൽ [വീണ്ടും വീണ്ടും, NW] അയച്ചു.” ഈ ശ്രമങ്ങളുടെയെല്ലാം ഫലമോ? ദുഃഖകരമെന്നു പറയട്ടെ, 16-ാം വാക്യത്തിൽ എസ്രാ ഇങ്ങനെ വിവരിക്കുന്നു: “അവരോ ദൈവത്തിന്റെ ദൂതൻമാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകൻമാരെ നിന്ദിച്ചുകളഞ്ഞു.”
2, 3. യഹോവ യിരെമ്യായ്ക്കു കാണിച്ചുകൊടുത്ത അസാധാരണ ദർശനം വർണിക്കുക.
2 അതുകൊണ്ടു യഹൂദാദേശം പൂർണമായി തുടച്ചുനീക്കപ്പെടുമെന്ന് ഇത് അർഥമാക്കിയോ? ഉത്തരം കണ്ടുപിടിക്കാൻ യിരെമ്യായ്ക്കു നൽകപ്പെട്ട അതിപ്രധാനമായ ഒരു ദർശനം നമുക്കു പരിശോധിക്കാം. തന്റെ നാമം വഹിക്കുന്ന പുസ്തകത്തിന്റെ 24-ാം അധ്യായത്തിൽ അദ്ദേഹം ഇതു രേഖപ്പെടുത്തിയിരിക്കുന്നു. ഈ ദർശനത്തിൽ തന്റെ വാഗ്ദത്ത ജനത്തിന്റെ ഇടയിലെ സംഭവങ്ങളെ ചിത്രീകരിക്കുന്നതിനു ദൈവം രണ്ടു കൊട്ട അത്തിപ്പഴം ഉപയോഗിച്ചു. നല്ലതും ചീത്തയുമായി തമ്മിൽ ഭേദിച്ചിരിക്കുന്ന രണ്ടു തരം ഫലങ്ങളാൽ അവ പ്രതിനിധാനം ചെയ്യപ്പെട്ടു.
3 യിരെമ്യാവു 24-ാം അധ്യായം 1-ഉം 2-ഉം വാക്യങ്ങൾ ദൈവത്തിന്റെ പ്രവാചകൻ കണ്ടതു വർണിക്കുന്നു: “ബാബേൽരാജാവായ നെബൂഖദ്നേസർ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കൻമാരെയും ശില്പികളെയും കൊല്ലൻമാരെയും പിടിച്ചു യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിൻമുമ്പിൽ വെച്ചിരിക്കുന്നതു കാണിച്ചു. ഒരു കൊട്ടയിൽ തലപ്പഴം പോലെ എത്രയും നല്ല അത്തിപ്പഴവും മറെറ കൊട്ടയിൽ എത്രയും ആകാത്തതും തിൻമാൻ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.”
ദർശനത്തിലെ നല്ല അത്തിപ്പഴങ്ങൾ
4. വിശ്വസ്തരായ ഇസ്രായേല്യർക്ക് ഏത് ആശ്വാസപ്രദമായ സന്ദേശമാണ് അത്തിപ്പഴദർശനത്തിൽ അടങ്ങിയിരുന്നത്?
4 യിരെമ്യാ എന്താണു കണ്ടതെന്ന് അദ്ദേഹത്തോടു ചോദിച്ചശേഷം 5 മുതൽ 7 വരെയുള്ള വാക്യങ്ങളിൽ യഹോവ തുടർന്നിങ്ങനെ പറഞ്ഞു: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ദേശത്തുനിന്നു കൽദയരുടെ ദേശത്തേക്കു നൻമെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധൻമാരെ ഈ നല്ല അത്തിപ്പഴംപോലെ വിചാരിക്കും. ഞാൻ എന്റെ ദൃഷ്ടി നൻമെക്കായി അവരുടെ മേൽവെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാൻ അവരെ പണിയും പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല. ഞാൻ യഹോവ എന്നു എന്നെ അറിവാൻതക്ക ഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായുമിരിക്കും; അവർ പൂർണഹൃദയത്തോടെ എങ്കലേക്കു തിരിയും.”
5, 6. (എ) കൽദയരുടെ ദേശത്തേക്കു കുറെ ഇസ്രായേല്യർ ‘നൻമെക്കായി അയക്ക’പ്പെട്ടതെങ്ങനെ? (ബി) പ്രവാസത്തിലായിരുന്ന ഇസ്രായേല്യരുടെമേൽ യഹോവ തന്റെ ‘ദൃഷ്ടി നൻമെക്കായി വെച്ച’ത് എങ്ങനെ?
5 അതുകൊണ്ടു യഹോവ ഇവിടെ പറഞ്ഞിരിക്കുന്നതിൽനിന്ന്, ഭാവിയിലേക്ക് ഒരു നല്ല കാലം ഉണ്ടെന്നും യഹൂദാ പൂർണമായും തുടച്ചുനീക്കപ്പെടുകയില്ലെന്നും തോന്നുന്നു. എന്നാൽ ഈ നല്ല അത്തിപ്പഴകൊട്ടയുടെ പ്രത്യേകത എന്താണ്?
6 താൻ നെബുഖദ്നേസർ രാജാവിനു യരുശലേം മനസ്സോടെ ഒഴിഞ്ഞുകൊടുക്കുന്നതിനു മുമ്പു യെഖൊന്യാ അഥവാ യെഹോയാക്കിൻ വെറും മൂന്നു മാസവും പത്തു ദിവസവും മാത്രമേ യഹൂദയുടെ മേൽ രാജാവായിരുന്നുള്ളൂ. അദ്ദേഹത്തോടൊപ്പം പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ട തടവുകാരിൽ ദാനിയേലും അദ്ദേഹത്തിന്റെ മൂന്നു എബ്രായ കൂട്ടുകാരായ ഹനന്യാവും മീശായേലും അസര്യാവും കൂടാതെ എസെക്കിയേലും ഉണ്ടായിരുന്നു. ബാബിലോൻ രാജാവ് അവരുടെ ജീവനെ സംരക്ഷിച്ചു, അതുകൊണ്ടു യഹോവ അവരെ കൽദയരുടെ ദേശത്തേക്കു നൻമക്കായി അയയ്ക്കാൻ തക്കവണ്ണം അവരെ കടാക്ഷിച്ചു എന്നു പറയാൻ കഴിയും. തന്റെ ‘ദൃഷ്ടി നൻമെക്കായി അവരുടെ മേൽ വെക്കു’മെന്നും യഹോവ വാഗ്ദത്തം ചെയ്തു എന്നതു നിങ്ങൾ ശ്രദ്ധിച്ചോ? ഇതെങ്ങനെയാണു നിവൃത്തിയേറിയത്? 80 വർഷത്തിനുശേഷം പൊ.യു.മു. 537-ൽ അവരുടെ പിൻഗാമികളുടെ ഒരു ശേഷിപ്പിനെ യഹൂദാദേശത്തേക്കു തിരിച്ചുപോകാൻ അനുവദിക്കുന്ന ഒരു കല്പന കോരശ് രാജാവു പുറപ്പെടുവിക്കാൻ യഹോവ ഇടയാക്കി. ഈ വിശ്വസ്ത യഹൂദർ യരുശലേം നഗരം പുനർനിർമിച്ചു; തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിനായി അവർ ഒരു പുതിയ ആലയം പണിതു; അവർ മുഴുഹൃദയത്തോടെ യഹോവയിലേക്കു തിരിഞ്ഞു. അതുകൊണ്ട്, ഇതിലെല്ലാം, യഹോവക്ക് ഈ തടവുകാരും അവരുടെ പിൻഗാമികളും അത്തിയുടെ വളരെ നല്ല തലപ്പഴംപോലെ ആയിരുന്നു.
7. ആധുനിക യിരെമ്യാവർഗത്തിനുമേൽ യഹോവയുടെ ദൃഷ്ടി ‘നൻമെക്കായി’ പതിഞ്ഞതെപ്പോൾ, എങ്ങനെ?
7 യിരെമ്യായുടെ പ്രവാചക വചനങ്ങളെക്കുറിച്ചു പ്രതിപാദിച്ച മുൻലേഖനത്തിൽ അവയ്ക്കു നമ്മുടെ 20-ാം നൂററാണ്ടിലേക്കും അർഥമുണ്ടെന്നു നാം കണ്ടതായി നിങ്ങൾ ഓർക്കുന്നുണ്ടായിരിക്കും. 24-ാം അധ്യായവും അതിൽനിന്ന് ഒഴിവല്ല. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഇരുൾ മൂടിയ വർഷങ്ങളിൽ യഹോവയുടെ സമർപ്പിതരായ അനേകം ദാസൻമാർ ഒരു തരത്തിലല്ലെങ്കിൽ മറെറാരു തരത്തിൽ മഹാബാബിലോന്റെ സ്വാധീനത്തിൻ കീഴിൽ വന്നു. എങ്കിലും യഹോവയുടെ ശ്രദ്ധയുള്ള ‘ദൃഷ്ടി നൻമെക്കായി അവരുടെ മേൽ’ പതിഞ്ഞിരുന്നു. അങ്ങനെ, വലിയ കോരശായ ക്രിസ്തുയേശു മുഖേന യഹോവ അവരുടെമേലുള്ള മഹാബാബിലോന്റെ ശക്തിയെ തകർക്കുകയും ക്രമേണ അവരെ ഒരു ആത്മീയ പറുദീസയിലേക്കു കൊണ്ടുവരുകയും ചെയ്തു. ഈ ആത്മീയ ഇസ്രായേല്യർ പ്രതികരിക്കുകയും മുഴുഹൃദയത്തോടെ യഹോവയിലേക്കു തിരിച്ചുവരുകയും ചെയ്തു. പിന്നീട് 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിക്കാൻ അവർ സന്തോഷമുള്ളവരായിരുന്നു. സത്യമായും, യഹോവയുടെ ദൃഷ്ടിയിൽ അവർ ഒരു കൊട്ട നല്ല അത്തിപ്പഴം ആയിത്തീർന്നു എന്ന് ഇപ്പോൾ പറയാൻ കഴിയുമായിരുന്നു.
8. യഹോവയുടെ സാക്ഷികൾ രാജ്യസന്ദേശത്തിന്റെ അത്തിപ്പഴസമാനമായ മാധുര്യം വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്നത് ഏതു വിധത്തിൽ?
8 മഹാബാബിലോന്റെ പിടിയിൽനിന്നു തങ്ങളെ വിടുവിച്ച ദൈവത്തിന്റെ അനർഹദയയുടെ ഉദ്ദേശ്യം യഹോവയുടെ സാക്ഷികൾ മറന്നുകളഞ്ഞിട്ടില്ല. അവർ സുവാർത്തയാകുന്ന രാജ്യസന്ദേശത്തിന്റെ അത്തിപ്പഴസമാനമായ മാധുര്യം തങ്ങൾക്കു മാത്രമായി ഒതുക്കിവെച്ചിട്ടില്ല, മറിച്ച്, “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും” എന്ന മത്തായി 24:14-ലെ യേശുവിന്റെ വാക്കുകൾക്കു ചേർച്ചയായി അവർ ഇതു വ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്നു. ഫലമോ? ആത്മീയ ഇസ്രായേല്യരല്ലാത്ത 47,00,000-ത്തിലധികം ചെമ്മരിയാടുതുല്യർ മഹാബാബിലോനിൽനിന്നു വിട്ടുപോന്നിരിക്കുന്നു!
ദർശനത്തിലെ ചീത്ത അത്തിപ്പഴങ്ങൾ
9. യിരെമ്യായുടെ ദർശനത്തിലെ ചീത്തയായ അത്തിപ്പഴം ആരെയാണു പ്രതിനിധാനം ചെയ്തത്, അവർക്ക് എന്തു സംഭവിക്കുമായിരുന്നു?
9 എന്നാൽ യിരെമ്യായുടെ ദർശനത്തിലെ ചീത്ത അത്തിപ്പഴക്കൊട്ടയെ സംബന്ധിച്ചെന്ത്? യിരെമ്യാവു 24-ാം അധ്യായത്തിന്റെ 8 മുതൽ 10 വരെയുള്ള വാക്യങ്ങളിൽ കാണുന്ന യഹോവയുടെ ഈ വാക്കുകളിൽ യിരെമ്യാ ഇപ്പോൾ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു: “എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കൻമാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാർക്കുന്നവരെയും ഞാൻ, ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു. ഞാൻ അവരെ ഭൂമിയിലെ സകല രാജ്യങ്ങൾക്കും ഭീതിയും അനർഥവും ഞാൻ അവരെ നീക്കിക്കളവാനിരിക്കുന്ന സകലസ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീർക്കും. ഞാൻ അവർക്കും അവരുടെ പിതാക്കൻമാർക്കും കൊടുത്ത ദേശത്തുനിന്നു അവർ നശിച്ചുപോകുംവരെ ഞാൻ അവരുടെ ഇടയിൽ വാളും ക്ഷാമവും മഹാമാരിയും അയക്കും.”
10. സിദെക്കീയാവിനെ ‘ചീത്ത അത്തിപ്പഴ’മായി യഹോവ കരുതിയത് എന്തുകൊണ്ട്?
10 അതുകൊണ്ട്, സിദെക്കീയാവ് സത്യമായും യഹോവയുടെ ദൃഷ്ടിയിൽ ഒരു ‘ചീത്ത അത്തിപ്പഴം’ ആണെന്നു തെളിഞ്ഞു. യഹോവയുടെ നാമത്തിൽ നെബുഖദ്നേസർ രാജാവിനോടു കൂറു പ്രഖ്യാപിച്ചുകൊണ്ടു ചെയ്ത പ്രതിജ്ഞ ലംഘിച്ചുകൊണ്ടു രാജാവിനെതിരെ മത്സരിച്ചെന്നു മാത്രമല്ല, യിരെമ്യായിലൂടെ അവനു വെച്ചുനീട്ടിയ യഹോവയുടെ കരുണ അവൻ പൂർണമായി തള്ളിക്കളയുകയും ചെയ്തു. വാസ്തവത്തിൽ അവൻ യിരെമ്യായെ തടവിലാക്കാൻവരെ മുതിർന്നു! 2 ദിനവൃത്താന്തം 36:12-ൽ പറഞ്ഞിരിക്കുന്ന പ്രകാരം രാജാവിന്റെ മനോഭാവത്തെ എസ്രാ, “അവൻ തന്റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; . . . തന്നെത്താൻ താഴ്ത്തിയില്ല” എന്നു സംഗ്രഹിച്ചിരിക്കുന്നതിൽ ഒരത്ഭുതവുമില്ല. യഹോവയുടെ ദൃഷ്ടിയിൽ സിദെക്കീയാവും യരുശലേമിൽ അവശേഷിച്ചവരും ഒരു കൊട്ട ചീത്ത, അഴുകിയ അത്തിപ്പഴം പോലെയായിരുന്നു!
നമ്മുടെ നാളിലെ പ്രതീകാത്മകമായ അഴുകിയ അത്തിപ്പഴം
11, 12. ഇന്നു ചീത്ത അത്തിപ്പഴങ്ങളായി തിരിച്ചറിയപ്പെടുന്നത് ആരാണ്, അവർക്ക് എന്തു സംഭവിക്കും?
11 ഇനി ഇന്നത്തെ ലോകത്തിനു ചുററുമൊന്നു കണ്ണോടിക്കുക. നമുക്കു പ്രതീകാത്മകമായി ഒരു ചീത്ത അത്തിപ്പഴക്കൊട്ട കാണാൻ കഴിയുന്നുണ്ടോ? നമ്മുടെ നാളിനെ യിരെമ്യായുടെ നാളുമായി താരതമ്യം ചെയ്തുകൊണ്ടു വസ്തുതകൾ നമുക്കൊന്നു പരിശോധിക്കാം. ഈ 20-ാം നൂററാണ്ടിൽ, മഹോപദ്രവത്തിൽ വരാൻപോകുന്ന യഹോവയുടെ ക്രോധത്തെക്കുറിച്ചു രാഷ്ട്രങ്ങൾക്കു തുടർച്ചയായി മുന്നറിയിപ്പു കൊടുക്കാനായി യഹോവ യിരെമ്യാവർഗത്തെ, അഭിഷിക്ത ശേഷിപ്പിനെ, ഉപയോഗിച്ചിരിക്കുന്നു. തന്റെ നാമത്തിനർഹമായ മഹത്ത്വം നൽകാൻ, ആത്മാവിലും സത്യത്തിലും തന്നെ ആരാധിക്കാൻ, ഭൂമിയുടെ അർഹനായ ഭരണാധികാരിയായി അധികാരസ്ഥനായിരിക്കുന്ന തന്റെ പുത്രനായ ക്രിസ്തുയേശുവിനെ അംഗീകരിക്കാൻ, അവിടുന്നു ദേശീയ കൂട്ടങ്ങളോട് ആവശ്യപ്പെട്ടു. പ്രതികരണമെന്തായിരുന്നു? യിരെമ്യായുടെ നാളിലേതുപോലെതന്നെ. രാഷ്ട്രങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ വഷളായതു ചെയ്യുന്നതിൽ തുടരുന്നു.
12 എന്നാൽ ഈ മത്സരാത്മക മനോഭാവത്തെ ഇളക്കിവിടുന്നത് ആരാണ്? ദൈവത്തിന്റെ ശുശ്രൂഷകർ എന്ന നിലയിൽ പ്രവർത്തിക്കുന്നതിനുള്ള അവരുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ടു ദൈവത്തിന്റെ ഈ യിരെമ്യാസമാന സന്ദേശവാഹകരെ പരിഹസിച്ചുകൊണ്ടിരിക്കുന്നത് ആരാണ്? ദൈവവചനത്തെ വെറുത്തുകൊണ്ടിരിക്കുന്നത് ആരാണ്? യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുന്നതിന്റെ പിന്നിൽ മുഖ്യമായും ഉണ്ടായിരുന്നിട്ടുള്ളത് ആരാണ്? ഉത്തരം സകലർക്കും ഗ്രഹിക്കാവുന്നതുപോലെ വ്യക്തമാണ്—ക്രൈസ്തവലോകം, വിശേഷിച്ചും അതിന്റെ പുരോഹിതവർഗം! നാം മുൻലേഖനത്തിൽ ചർച്ചചെയ്ത ക്രൈസ്തവലോകത്തിന്റെ അഴുകിയ, മോശമായ സകലഫലങ്ങളെയും ഒന്നു നോക്കൂ. ഓ, അതേ, ഭൂമിയിൽ ഇന്നു പ്രതീകാത്മകമായ ചീത്ത അത്തിപ്പഴക്കൊട്ട തീർച്ചയായും ഉണ്ട്. വാസ്തവത്തിൽ അവ “തിന്നുകൂടാതവണ്ണം ചീത്ത”യാണെന്നു യഹോവ പറയുന്നു. യഹോവയുടെ വാക്കുകൾ യിരെമ്യായിലൂടെ നമ്മുടെ നാളുവരെ മാറെറാലികൊള്ളുന്നു: ‘അവർ നശിച്ചുപോകും’! ക്രൈസ്തവലോകത്തിനെതിരെയുള്ള യഹോവയുടെ ക്രോധത്തിനു ഒരു ശമനവുമുണ്ടായിരിക്കില്ല.
നമുക്ക് ഒരു മുന്നറിയിപ്പിൻ പാഠം
13. 1 കൊരിന്ത്യർ 10:11-ലെ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകളുടെ വെളിച്ചത്തിൽ ഈ രണ്ടു കൊട്ട അത്തിപ്പഴത്തിന്റെ ദർശനത്തെ നാം എങ്ങനെ മനസ്സിലാക്കണം?
13 യിരെമ്യായുടെ നിശ്വസ്ത മുന്നറിയിപ്പിൻ സന്ദേശങ്ങളുടെ ആന്തരാർഥങ്ങൾ നാം പരിശോധിക്കുമ്പോൾ അപ്പോസ്തലനായ പൗലോസിന്റെ 1 കൊരിന്ത്യർ 10:11-ലെ വാക്കുകൾ നമ്മുടെ കാതുകളിൽ മുഴങ്ങുന്നു: “ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.” നാം ഈ രണ്ടു കൊട്ട അത്തിപ്പഴത്തിന്റെ ദർശനത്തിലൂടെ നമ്മോടു സൂചിപ്പിച്ചിരിക്കുന്ന മുന്നറിയിപ്പു വ്യക്തിപരമായി ഗ്രഹിച്ചിട്ടുണ്ടോ? നാം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരുന്നത് നമുക്കുവേണ്ടിയുള്ള ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമെന്നനിലയിൽ ഇസ്രായേലിനു ഭവിച്ച കാര്യങ്ങളുടെ സുപ്രധാന ഭാഗമാണ്.
14. യഹോവയുടെ വാത്സല്യപൂർവകമായ പരിപാലനത്തോട് ഇസ്രായേല്യർ പ്രതികരിച്ചതെങ്ങനെ?
14 അന്തിമമായി, 2 ശമൂവേൽ 7:10-ൽ കാണുന്ന പ്രകാരം ഇസ്രായേലിനെക്കുറിച്ചു ദാവീദ് രാജാവിനോടുള്ള യഹോവയുടെ വാക്കുകൾ നമുക്ക് അനുസ്മരിക്കാം: “ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും . . . അവരെ നടുകയും ചെയ്യും.” എല്ലാപ്രകാരത്തിലും യഹോവ തന്റെ ജനമായ ഇസ്രായേലിനെ വാത്സല്യത്തോടെ പരിപാലിച്ചു. ഇസ്രായേല്യർ തങ്ങളുടെ ജീവിതത്തിൽ നല്ല ഫലം പുറപ്പെടുവിക്കേണ്ടതിനു സകല കാരണങ്ങളുമുണ്ടായിരുന്നു. അവർ യഹോവയുടെ ദിവ്യ ബോധനത്തിനു ചെവി കൊടുക്കുകയും അവിടുത്തെ കല്പനകൾ പാലിക്കുകയും മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. എന്നാൽ അവരിൽ വളരെ ചുരുക്കം പേർ മാത്രമേ അങ്ങനെ ചെയ്തുള്ളൂ. ഭൂരിപക്ഷംപേരും ചീത്ത, അഴുകിയ ഫലം ഉത്പാദിപ്പിക്കാൻ തക്കവണ്ണം അത്ര ശാഠ്യക്കാരും വഴിതെററിയവരുമായിരുന്നു.
15. ഇന്നത്തെ ആത്മീയ ഇസ്രായേലും അവരുടെ ചെമ്മരിയാടുതുല്യ സഹകാരികളും യഹോവയുടെ കരുണയോട് എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
15 അതിരിക്കട്ടെ, നമ്മുടെ നാളുകളെക്കുറിച്ചെന്ത്? യഹോവ തന്റെ ആത്മീയ ഇസ്രായേലിന്റെ അഭിഷിക്ത ശേഷിപ്പിനോടും അവരുടെ ചെമ്മരിയാടുതുല്യ സഹകാരികളോടും വളരെ കരുണ കാണിച്ചിരിക്കുന്നു. അവരുടെ 1919-ലെ ആത്മീയ വിമോചനത്തിനുശേഷം അവിടുത്തെ ദൃഷ്ടികൾ നിരന്തരം അവരുടെമേൽ ഉണ്ടായിരുന്നിട്ടുണ്ട്. അവിടുന്ന് യശയ്യായിലൂടെ മുന്നറിയിച്ചതുപോലെ, അവർക്കു പ്രപഞ്ചത്തിലെ ഏററവും വലിയ പ്രബോധകനായ യഹോവയാം ദൈവത്തിൽനിന്നു ദിവസേന ദിവ്യ ബോധനം ലഭിച്ചുകൊണ്ടിരിക്കുന്നു. (യെശയ്യാവു 54:13) അവിടുത്തെ പ്രിയപുത്രനായ യേശുക്രിസ്തുവിലൂടെ നൽകപ്പെടുന്ന ഈ ദിവ്യ ബോധനം അവരുടെ ഇടയിലെ വർധിച്ച സമാധാനത്തിൽ കലാശിക്കുകയും ക്രമമായി അവരെ യഹോവയോടുള്ള കൂടുതൽ അടുത്ത ഒരു ബന്ധത്തിലേക്കു കൊണ്ടുവരുകയും ചെയ്തിരിക്കുന്നു. യഹോവയെ അറിയുന്നതിന്, അവിടുത്തെ ശ്രദ്ധിക്കുന്നതിന്, നമ്മുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ—യഹോവക്കു സ്തുതി കരേററുന്ന ഫലങ്ങൾ—ഉത്പാദിപ്പിക്കുന്നതിൽ തുടരുന്നതിന് നമുക്കെല്ലാം ആവശ്യമായ എത്ര അത്ഭുതകരമായ ആത്മീയ പശ്ചാത്തലമാണ് ഇതു പ്രദാനം ചെയ്യുന്നത്! അതു നമ്മുടെ ജീവനെത്തന്നെ അർഥമാക്കുന്നു!
16. ഈ രണ്ട് അത്തിപ്പഴക്കൊട്ടകളെ സംബന്ധിച്ചുള്ള ദർശനത്തിൽനിന്നു നമുക്ക് ഓരോരുത്തർക്കും വ്യക്തിപരമായി എന്തു ബാധകമാക്കാവുന്നതാണ്?
16 എങ്കിലും ദൈവത്തിന്റെ അനർഹദയ എല്ലാമുണ്ടായിട്ടും പുരാതന യഹൂദയിൽ അനേകർ ചെയ്തതുപോലെ, മത്സരികളും കഠിനഹൃദയരുമായിത്തീർന്ന് തങ്ങളുടെ ജീവിതത്തിൽ ചീത്തയും അഴുകിയതുമായ ഫലം ഉത്പാദിപ്പിക്കുന്ന ചിലർ ഇപ്പോഴുമുണ്ട്. ഇത് എത്ര ശോചനീയമാണ്! നല്ലതും ചീത്തയുമായ പഴങ്ങളുള്ള ഈ രണ്ട് അത്തിപ്പഴക്കൊട്ടകൾ നമ്മുടെ ശ്രദ്ധയിൽ വളരെ വ്യക്തമായി കൊണ്ടുവന്നിരിക്കുന്ന മുന്നറിയിപ്പിൻ പാഠത്തെ നാമാരും ഒരിക്കലും മറക്കാതിരിക്കട്ടെ. വിശ്വാസത്യാഗികളായ ക്രൈസ്തവലോകത്തിനെതിരെയുള്ള യഹോവയുടെ അർഹിക്കുന്ന ന്യായവിധി എന്നത്തെക്കാളും ബദ്ധപ്പെട്ട് അടുത്തുകൊണ്ടിരിക്കുമ്പോൾ നമുക്ക് അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധ്യുപദേശം ഹൃദയത്തിൽ ഉറപ്പിച്ചുനിർത്താം: “സകലവിധ പ്രവൃത്തികളിലും ഫലം കായിക്കുന്നതിൽ തുടരവേ, യഹോവയെ പൂർണമായി പ്രസാദിപ്പിക്കുന്നതിനായി അവിടുത്തേക്കു യോഗ്യമാകുംവണ്ണം നടപ്പിൻ.”—കൊലോസ്യർ 1:10, NW.
പുനരവലോകനം “ഫലം—നല്ലതും ചീത്തയും” എന്നതും “രാഷ്ട്രങ്ങളുമായുള്ള യഹോവയുടെ സംവാദം” എന്നതിന്റെ 1-4 ഖണ്ഡികകളും
◻ നല്ല അത്തിപ്പഴക്കൊട്ട പ്രതിനിധാനം ചെയ്യുന്നതെന്ത്?
◻ ദർശനത്തിലെ ചീത്ത അത്തിപ്പഴക്കൊട്ട എന്താണെന്നു വ്യക്തമായിരിക്കുന്നതെങ്ങനെ?
◻ യിരെമ്യായുടെ സന്ദേശം നമുക്കു തരുന്ന മുന്നറിയിപ്പിൻ പാഠമെന്ത്?
യദ◻ പൊ.യു.മു. 607-നെയും പൊ.യു. 1914-നെയും സംബന്ധിച്ച് എന്തു സവിശേഷതയാണുള്ളത്?
[15-ാം പേജിലെ ചിത്രം]
ദൈവജനത നല്ല അത്തിപ്പഴങ്ങൾപ്പോലെ മധുരമുള്ള രാജ്യഫലങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു
[15-ാം പേജിലെ ചിത്രം]
ക്രൈസ്തവലോകം ഒരു ചീത്ത അത്തിപ്പഴക്കൊട്ട പോലെയാണെന്നു തെളിഞ്ഞിരിക്കുന്നു