യഹോവ ഉടമ്പടികളുടെ ദൈവമാണ്
“ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും ഒരു പുതിയ ഉടമ്പടി ചെയ്യും.”—യിരെമ്യാവു 31:31, NW.
1, 2. (എ) പൊ.യു. 33 നീസാൻ 14-ന് രാത്രി യേശു ഏത് ആഘോഷം ഏർപ്പെടുത്തി? (ബി) തന്റെ മരണവുമായി ബന്ധപ്പെട്ട ഏത് ഉടമ്പടിയെക്കുറിച്ചാണ് യേശു പരാമർശിച്ചത്?
പൊ.യു. 33 നീസാൻ 14-ന് രാത്രി, യേശു തന്റെ 12 അപ്പോസ്തലന്മാരോടൊപ്പം പെസഹാ ആഘോഷിച്ചു. അത് അവരോടൊത്തുള്ള തന്റെ അവസാനത്തെ ഭക്ഷണമാണെന്നും ഉടനെ താൻ ശത്രുക്കളുടെ കൈകളാൽ മരിക്കുമെന്നും യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട്, ആ സന്ദർഭം പ്രയോജനപ്പെടുത്തി അവൻ തന്റെ ഏറ്റവും അടുത്ത ശിഷ്യന്മാരോട് പ്രധാനപ്പെട്ട അനേകം സംഗതികൾ വിശദീകരിച്ചു.—യോഹന്നാൻ 13:1–17:26.
2 യൂദാസ് ഈസ്കര്യോത്തായെ പറഞ്ഞയച്ചിട്ട്, യേശു ഈ സമയത്തായിരുന്നു തന്റെ മരണത്തിന്റെ സ്മാരകം—മതപരമായി ക്രിസ്ത്യാനികളോടു കൊണ്ടാടാൻ കൽപ്പിച്ചിരിക്കുന്ന ഒരേയൊരു വാർഷികാഘോഷം—ഏർപ്പെടുത്തിയത്. വിവരണം പറയുന്നതിങ്ങനെയാണ്: “അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പമെടുത്ത് ആശീർവദിച്ചു മുറിച്ച് ശിഷ്യൻമാർക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇത് എന്റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് അവർക്കു കൊടുത്തുകൊണ്ടു പറഞ്ഞു: നിങ്ങളെല്ലാവരും ഇതിൽ നിന്നു പാനം ചെയ്യുവിൻ. ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്.” (മത്തായി 26:26-28, പി.ഒ.സി. ബൈബിൾ) യേശുവിന്റെ അനുഗാമികൾ ലളിതവും മാന്യവുമായ വിധത്തിൽ അവന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കണമായിരുന്നു. തന്റെ മരണവുമായുള്ള ബന്ധത്തിൽ യേശു ഒരു ഉടമ്പടിയെ പരാമർശിച്ചു. ലൂക്കൊസിന്റെ വിവരണത്തിൽ, അതിനെ “പുതിയ ഉടമ്പടി” എന്നാണു വിളിച്ചിരിക്കുന്നത്.—ലൂക്കൊസ് 22:20, പി.ഒ.സി. ബൈ.
3. പുതിയ ഉടമ്പടിയെക്കുറിച്ച് ഏതെല്ലാം ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
3 ഈ പുതിയ ഉടമ്പടി എന്താണ്? അതു പുതിയ ഉടമ്പടിയാണെങ്കിൽ, അതിനർഥം ഒരു പഴയ ഉടമ്പടിയുണ്ടെന്നാണോ? അതുമായി ബന്ധമുള്ള വേറെ ഉടമ്പടികളുണ്ടോ? ഉടമ്പടിയുടെ രക്തം “പാപമോചനത്തിനായി” ചിന്തപ്പെടുമെന്നു യേശു പറഞ്ഞതുകൊണ്ട് ഈ ചോദ്യങ്ങൾക്കു പ്രാധാന്യമുണ്ട്. അത്തരം പാപമോചനം നമുക്കെല്ലാവർക്കും അങ്ങേയറ്റം ആവശ്യമാണ്.—റോമർ 3:23.
അബ്രാഹാമുമായുള്ള ഒരു ഉടമ്പടി
4. പുതിയ ഉടമ്പടിയെക്കുറിച്ചു മനസ്സിലാക്കാൻ ഏതു പുരാതന വാഗ്ദാനം നമ്മെ സഹായിക്കുന്നു?
4 പുതിയ ഉടമ്പടിയെക്കുറിച്ചു മനസ്സിലാക്കാൻ യേശു ശുശ്രൂഷ ആരംഭിച്ചതിന് 2,000 വർഷത്തോളം പിറകോട്ടു പോകണം. അത് തേരഹും കുടുംബവും കൽദയരുടെ പട്ടണമായ സമ്പൽസമൃദ്ധമായ ഊരിൽനിന്ന് ഉത്തരമെസപ്പൊട്ടേമിയയിലെ ഹാരാനിലേക്കു യാത്രചെയ്ത സമയമായിരുന്നു. കൂടെയുണ്ടായിരുന്ന അബ്രാമും (പിന്നീട് അബ്രാഹാമായിത്തീർന്നു) അബ്രാമിന്റെ ഭാര്യ സാറായിയും (പിന്നീട് സാറായായിത്തീർന്നു) തേരഹിന്റെ മരണംവരെ അവിടെ താമസിച്ചു. പിന്നീട്, 75 വയസ്സുണ്ടായിരുന്ന അബ്രാഹാം യഹോവ കൽപ്പിച്ചതനുസരിച്ച് യൂഫ്രട്ടീസ് നദി കടന്ന് കൂടാരങ്ങളിൽ നാടോടി ജീവിതം നയിക്കാൻ തെക്കുപടിഞ്ഞാറുള്ള കനാൻദേശത്തേക്കു യാത്രചെയ്തു. (ഉല്പത്തി 11:31–12:1, 4, 5; പ്രവൃത്തികൾ 7:2-5) അത് പൊ.യു.മു. 1943-ൽ ആയിരുന്നു. അബ്രാഹാം ഹാരാനിലായിരിക്കവേ, യഹോവ അവനോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.” പിന്നീട്, അബ്രാഹാം കനാനിൽ പ്രവേശിച്ചശേഷം, യഹോവ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും.’—ഉല്പത്തി 12:2, 3, 7.
5. അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്ദാനം ചരിത്രപ്രധാനമായ ഏതു പ്രവചനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
5 യഹോവയുടെ മറ്റൊരു വാഗ്ദാനവുമായി ബന്ധപ്പെട്ടതായിരുന്നു അബ്രാഹാമിനോടുള്ള പ്രസ്തുത വാഗ്ദാനം. അത് അബ്രാഹാമിനെ മനുഷ്യചരിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാക്കി, എഴുതപ്പെട്ടതിലേക്കും ആദ്യത്തെ പ്രവചനത്തിന്റെ നിവൃത്തിയിൽ ഒരു കണ്ണിയാക്കി. ഏദെൻ തോട്ടത്തിൽ ആദാമും ഹവ്വായും പാപംചെയ്തതിനുശേഷം, യഹോവ അവരിരുവരുടെയുംമേൽ ന്യായവിധി പ്രഖ്യാപിച്ചു. അതേ അവസരത്തിൽ, ഹവ്വായെ വഞ്ചിച്ച സാത്താനെ സംബോധനചെയ്തുകൊണ്ട് അവൻ പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15) അബ്രാഹാമുമായുള്ള യഹോവയുടെ ഉടമ്പടി, സാത്താന്റെ പ്രവൃത്തികളെ തകർക്കാനുള്ള സന്തതി ആ ഗോത്രപിതാവിന്റെ വംശാവലിയിലൂടെ പ്രത്യക്ഷപ്പെടുമെന്നു സൂചിപ്പിച്ചു.
6. (എ) അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്ദാനം ആരിലൂടെ നിവർത്തിക്കുമായിരുന്നു? (ബി) അബ്രാഹാമ്യ ഉടമ്പടി എന്ത്?
6 യഹോവയുടെ വാഗ്ദാനം ഒരു സന്തതിയുമായി ബന്ധപ്പെട്ടിരുന്നതുകൊണ്ട്, സന്തതിയുടെ വരവിനായി അബ്രാഹാമിന് ഒരു പുത്രൻ ജനിക്കണമായിരുന്നു. എന്നാൽ അവനും സാറായും വാർധക്യത്തിലെത്തിയിട്ടും സന്താനരഹിതരായിരുന്നു. എന്നിരുന്നാലും, അവസാനം യഹോവ അവരെ അനുഗ്രഹിച്ചു, അത്ഭുതകരമായി അവരുടെ പുനരുത്പാദനശക്തികളെ പുനരുജ്ജീവിപ്പിച്ചു. സാറാ അബ്രാഹാമിന് ഒരു പുത്രനെ, ഇസ്ഹാക്കിനെ പ്രസവിച്ചു. അങ്ങനെ ഒരു സന്തതിയെക്കുറിച്ചുള്ള വാഗ്ദാനം ജീവത്തായി നിലനിർത്തി. (ഉല്പത്തി 17:15-17; 21:1-7) വർഷങ്ങൾക്കുശേഷം, തന്റെ പ്രിയ പുത്രനായ ഇസ്ഹാക്കിനെ ബലികഴിക്കാൻ തയ്യാറാകുമോ എന്നറിയാൻതക്കവണ്ണം യഹോവ അബ്രാഹാമിന്റെ വിശ്വാസം പരിശോധിച്ചു. തുടർന്ന്, അവൻ അബ്രാഹാമിനോടുള്ള തന്റെ വാഗ്ദാനം ആവർത്തിച്ചു: “നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്ക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 22:15-18) വിപുലീകരിക്കപ്പെട്ട ഈ വാഗ്ദാനം സാധാരണമായി അബ്രാഹാമ്യ ഉടമ്പടി എന്ന് അറിയപ്പെടുന്നു. പിൽക്കാലത്തെ പുതിയ ഉടമ്പടിക്ക് ഇതുമായി അടുത്ത ബന്ധം ഉണ്ടായിരിക്കുമായിരുന്നു.
7. അബ്രാഹാമിന്റെ സന്തതി എണ്ണത്തിൽ പെരുകാൻ തുടങ്ങിയതെങ്ങനെ, ഏതു സാഹചര്യങ്ങൾ അവരെ ഈജിപ്തുവാസികളാക്കി?
7 കാലക്രമത്തിൽ, ഇസ്ഹാക്കിന് ഇരട്ട പുത്രന്മാർ പിറന്നു. ഏശാവും യാക്കോബും. വാഗ്ദത്തസന്തതിയുടെ പൂർവപിതാവായി യഹോവ യാക്കോബിനെ തിരഞ്ഞെടുത്തു. (ഉല്പത്തി 28:10-15; റോമർ 9:10-13) യാക്കോബിനു 12 പുത്രന്മാർ ഉണ്ടായിരുന്നു. വ്യക്തമായും, ഇപ്പോൾ അബ്രാഹാമിന്റെ സന്തതി വർധിക്കാനാരംഭിക്കുകയായിരുന്നു. യാക്കോബിന്റെ പുത്രന്മാർ പ്രായപൂർത്തിയെത്തി, അവരിൽ മിക്കവർക്കും സ്വന്തം കുടുംബവുമായി. അങ്ങനെയിരിക്കെ, ഒരു ക്ഷാമംഹേതുവായി അവരുടെ കുടുംബങ്ങളെല്ലാം ഈജിപ്തിലേക്കു താമസംമാറ്റാൻ നിർബന്ധിതരായി. ദിവ്യമാർഗനിർദേശത്താൽ യാക്കോബിന്റെ പുത്രൻ യോസേഫ് അതിനെല്ലാം ഒരു മുഖാന്തരമാകുകയായിരുന്നു. (ഉല്പത്തി 45:5-13; 46:26, 27) ഏതാനും വർഷങ്ങൾക്കുശേഷം, കനാനിലെ ക്ഷാമം മാറി. എന്നാൽ യാക്കോബിന്റെ കുടുംബം ഈജിപ്തിൽത്തന്നെ പാർത്തു—ആദ്യം അതിഥികളായും പിന്നീട് അടിമകളായും. തുടർന്ന് അബ്രാഹാം യൂഫ്രട്ടീസ് കടന്നതിന് 430 വർഷങ്ങൾക്കുശേഷം, അതായത് പൊ.യു.മു. 1513-ലാണ് മോശ യാക്കോബിന്റെ പിൻഗാമികളെ ഈജിപ്തിൽനിന്നു മോചിപ്പിക്കുന്നത്. (പുറപ്പാടു 1:8-14; 12:40, 41; ഗലാത്യർ 3:16, 17) അബ്രാഹാമുമായുള്ള തന്റെ ഉടമ്പടിക്കു യഹോവ ഇപ്പോൾ പ്രത്യേക ശ്രദ്ധ കൊടുക്കാൻ പോകുകയായിരുന്നു.—പുറപ്പാടു 2:24; 6:2-5.
“പഴയ ഉടമ്പടി”
8. സീനായിൽ യഹോവ യാക്കോബിന്റെ സന്തതികളോടുള്ള ബന്ധത്തിൽ എന്ത് ഉടമ്പടി ചെയ്തു, അതിന് അബ്രാഹാമ്യ ഉടമ്പടിയുമായുള്ള ബന്ധമെന്ത്?
8 യാക്കോബും അവന്റെ പുത്രന്മാരും ഈജിപ്തിലേക്കു താമസംമാറ്റിയപ്പോൾ, അവർ ഒരു വിസ്തൃത കുടുംബമായിരുന്നു. എന്നാൽ അവരുടെ പിൻഗാമികൾ ഈജിപ്ത് വിട്ടത് ജനപ്പെരുപ്പമുള്ള ഒരു വലിയ ഗോത്രസമൂഹമായിട്ടായിരുന്നു. (പുറപ്പാടു 1:5-7; 12:37, 38) കനാനിലേക്കു കൊണ്ടുവരുന്നതിനുമുമ്പ്, യഹോവ അവരെ തെക്ക് അറേബ്യയിലുള്ള ഹൊരേബ് (അഥവാ സീനായ്) എന്നു പേരായ മലയുടെ താഴ്വാരത്തിലേക്കു നയിച്ചു. അവിടെ അവൻ അവരുമായി ഒരു ഉടമ്പടി ചെയ്തു. “പുതിയ ഉടമ്പടി”യോടുള്ള ബന്ധത്തിൽ “പഴയ ഉടമ്പടി” എന്ന് അറിയപ്പെടാനിടയായത് ഇതാണ്. (2 കൊരിന്ത്യർ 3:14, NW) പഴയ ഉടമ്പടിയിലൂടെ, യഹോവ അബ്രാഹാമിനോടുള്ള തന്റെ ഉടമ്പടിക്ക് ഒരു പ്രാരംഭ നിവൃത്തി വരുത്തി.
9. (എ) അബ്രാഹാമ്യ ഉടമ്പടിയിലൂടെ യഹോവ വാഗ്ദാനം ചെയ്ത നാലു സംഗതികളെന്തെല്ലാം? (ബി) ഇസ്രായേലുമായുള്ള യഹോവയുടെ ഉടമ്പടി ഏതു കൂടുതലായ പ്രതീക്ഷകൾ നൽകി, ഏതു വ്യവസ്ഥയിന്മേൽ?
9 യഹോവ ഈ ഉടമ്പടിയുടെ നിബന്ധനകൾ ഇസ്രായേല്യരോടു വിശദീകരിച്ചു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.” (പുറപ്പാടു 19:5, 6) അബ്രാഹാമിന്റെ സന്തതി (1) ഒരു വലിയ ജനതയാകുമെന്നും (2) ശത്രുക്കളുടെമേൽ വിജയം വരിക്കുമെന്നും (3) കനാൻദേശം അവകാശമാക്കുമെന്നും (4) ജനതകൾക്ക് അനുഗ്രഹങ്ങൾ ലഭിക്കാനുള്ള സരണിയായിരിക്കുമെന്നും യഹോവ വാഗ്ദാനം ചെയ്തു. അവർ തന്റെ കൽപ്പനകൾ അനുസരിക്കുന്നെങ്കിൽ, “ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും” ആയിത്തീർന്നുകൊണ്ട് തന്റെ പ്രത്യേക ജനം, ഇസ്രായേൽ എന്ന നിലയിൽ അവർതന്നെ ഈ അനുഗ്രഹങ്ങൾ അവകാശപ്പെടുത്തുമെന്ന് അവൻ ഇപ്പോൾ വെളിപ്പെടുത്തി. ഈ ഉടമ്പടിയിൽ പ്രവേശിക്കാൻ ഇസ്രായേല്യർ സമ്മതിച്ചുവോ? അവർ ഏകസ്വരത്തിൽ പറഞ്ഞു: “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും.”—പുറപ്പാടു 19:8.
10. യഹോവ ഇസ്രായേല്യരെ ഒരു ജനതയാക്കി സംഘടിപ്പിച്ചതെങ്ങനെ, അവൻ അവരിൽനിന്ന് എന്തു പ്രതീക്ഷിച്ചു?
10 അതുകൊണ്ട്, യഹോവ ഇസ്രായേല്യരെ ഒരു ജനതയായി സംഘടിപ്പിച്ചു. അവൻ അവർക്ക് ആരാധനയെയും അനുദിനജീവിതത്തെയും നിയന്ത്രിക്കുന്ന നിയമങ്ങൾ നൽകി. അവൻ അവർക്ക് ഒരു സമാഗമന കൂടാരവും (പിൽക്കാലത്ത്, യെരൂശലേമിൽ ഒരു ആലയവും) അതിൽ വിശുദ്ധസേവനം അർപ്പിക്കുന്നതിനായി ഒരു പൗരോഹിത്യവും പ്രദാനം ചെയ്തു. ഉടമ്പടി കാക്കുകയെന്നാൽ യഹോവയുടെ നിയമങ്ങൾ അനുസരിക്കുന്നത്, വിശേഷിച്ചും അവനെമാത്രം ആരാധിക്കുന്നത് അർഥമാക്കി. ആ നിയമങ്ങളുടെ ആധാരമായ പത്തു കൽപ്പനകളിൽ ആദ്യത്തേതുതന്നെ ഇതായിരുന്നു: “അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.”—പുറപ്പാടു 20:2, 3.
ന്യായപ്രമാണ ഉടമ്പടിയിലൂടെയുള്ള അനുഗ്രഹങ്ങൾ
11, 12. പഴയ ഉടമ്പടിയിലെ വാഗ്ദാനങ്ങൾ ഇസ്രായേല്യരുടെ കാര്യത്തിൽ ഏതെല്ലാം വിധങ്ങളിൽ നിവർത്തിച്ചു?
11 ന്യായപ്രമാണ ഉടമ്പടിയിലെ വാഗ്ദാനങ്ങൾ ഇസ്രായേല്യരുടെ കാര്യത്തിൽ നിവർത്തിച്ചോ? ഇസ്രായേല്യർ ഒരു “വിശുദ്ധജന”മായിത്തീർന്നുവോ? ആദാമിന്റെ പിൻഗാമികളെന്ന നിലയിൽ, ഇസ്രായേല്യർ പാപികളായിരുന്നു. (റോമർ 5:12) എന്നിട്ടും, ന്യായപ്രമാണത്തിൻ കീഴിൽ അവരുടെ പാപമോചനത്തിനായി ബലികൾ അർപ്പിക്കപ്പെട്ടു. വാർഷിക പാപപരിഹാര ദിവസത്തിൽ അർപ്പിക്കപ്പെട്ടിരുന്ന ബലികളെക്കുറിച്ച് യഹോവ പറഞ്ഞു: ‘ഈ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.’ (ലേവ്യപുസ്തകം 16:30) അതുകൊണ്ട്, വിശ്വസ്തരായിരുന്നപ്പോൾ ഇസ്രായേല്യർ യഹോവയുടെ സേവനത്തിനായി ശുദ്ധീകരിക്കപ്പെട്ട ഒരു വിശുദ്ധ ജനമായിരുന്നു. എന്നാൽ ന്യായപ്രമാണം അനുസരിക്കുന്നതിലും നിരന്തരം യാഗങ്ങൾ അർപ്പിക്കുന്നതിലുമാണ് അവരുടെ ഈ ശുദ്ധാവസ്ഥ ആശ്രയിച്ചിരുന്നത്.
12 ഇസ്രായേല്യർ “ഒരു പുരോഹിതരാജത്വം” ആയിത്തീർന്നുവോ? തുടക്കംമുതലേ അത്, യഹോവ സ്വർഗീയ രാജാവായിരുന്ന ഒരു രാജ്യമായിരുന്നു. (യെശയ്യാവു 33:22) അതിനുപുറമേ, യെരൂശലേമിൽ പിൽക്കാലത്തു ഭരിക്കുന്ന രാജാക്കന്മാരാൽ യഹോവ പ്രതിനിധാനം ചെയ്യപ്പെടുന്നതിന് ന്യായപ്രമാണ ഉടമ്പടിയിൽ ഒരു മാനുഷരാജത്വത്തിനുള്ള വ്യവസ്ഥകളുണ്ടായിരുന്നു. (ആവർത്തനപുസ്തകം 17:14-18) എന്നാൽ ഇസ്രായേൽ ഒരു പുരോഹിതരാജത്വമായിരുന്നോ? സമാഗമന കൂടാരത്തിൽ വിശുദ്ധസേവനം അർപ്പിക്കുന്ന ഒരു പുരോഹിതവർഗം അതിനുണ്ടായിരുന്നു. സമാഗമന കൂടാരം (പിൽക്കാലത്ത്, ആലയം) ഇസ്രായേല്യർക്കു മാത്രമല്ല ഇസ്രായേല്യേതരർക്കും നിർമലാരാധനയുടെ കേന്ദ്രമായിരുന്നു. കൂടാതെ മനുഷ്യവർഗത്തിനു സത്യം വെളിപ്പെട്ടുകിട്ടുന്നതിനുള്ള ഏക സരണിയും ആ ജനതയായിരുന്നു. (2 ദിനവൃത്താന്തം 6:32, 33; റോമർ 3:1, 2) ലേവ്യപുരോഹിതന്മാർ മാത്രമല്ല, എല്ലാ വിശ്വസ്ത ഇസ്രായേല്യരും യഹോവയുടെ “സാക്ഷികളാ”യിരുന്നു. ‘യഹോവയുടെ സ്തുതിയെ വിവരിക്കാ’നായി തിരഞ്ഞെടുത്തിരിക്കുന്ന, അവന്റെ “ദാസൻ” ആയിരുന്നു ഇസ്രായേൽ. (യെശയ്യാവു 43:10, 21) താഴ്മയുള്ള അനേകം അന്യജാതിക്കാർ യഹോവ തന്റെ ജനത്തിനുവേണ്ടി ശക്തി ഉപയോഗിക്കുന്നതു കണ്ട് സത്യാരാധനയിൽ ആകൃഷ്ടരായി. അവർ മതപരിവർത്തിതരായിത്തീർന്നു. (യോശുവ 2:9-13) എന്നാൽ യഥാർഥത്തിൽ ഒരു ഗോത്രംമാത്രമേ അഭിഷിക്ത പുരോഹിതന്മാരായി സേവിച്ചുള്ളൂ.
ഇസ്രായേലിലെ മതപരിവർത്തിതർ
13, 14. (എ) മതപരിവർത്തിതർ ന്യായപ്രമാണ ഉടമ്പടിയിൽ പങ്കാളികളായിരുന്നില്ലെന്നു പറയാവുന്നതെന്തുകൊണ്ട്? (ബി) മതപരിവർത്തിതർ ന്യായപ്രമാണത്തിൻ കീഴിൽ വന്നതെങ്ങനെ?
13 അത്തരം മതപരിവർത്തിതരുടെ സ്ഥാനമെന്തായിരുന്നു? യഹോവ ഉടമ്പടി ചെയ്തത് ഇസ്രായേല്യരോടു മാത്രമായിരുന്നു; “വലിയോരു സമ്മിശ്രപുരുഷാരവും” സന്നിഹിതരായിരുന്നെങ്കിലും, അവരതിൽ പങ്കാളികളാക്കപ്പെട്ടില്ല. (പുറപ്പാടു 12:38; 19:3, 7, 8) ഇസ്രായേലിലെ ആദ്യജാതരുടെ വീണ്ടെടുപ്പുവില കണക്കാക്കിയപ്പോൾ അവരുടെ ആദ്യജാതരെ ഉൾപ്പെടുത്തിയിരുന്നില്ല. (സംഖ്യാപുസ്തകം 3:44-51) പതിറ്റാണ്ടുകൾക്കുശേഷം ഇസ്രായേല്യ ഗോത്രങ്ങൾക്കു കനാൻദേശം വീതിച്ചപ്പോൾ, ഇസ്രായേല്യേതര വിശ്വാസികൾക്കായി ഒന്നും നീക്കിവെച്ചില്ല. (ഉല്പത്തി 12:7; യോശുവ 13:1-14) എന്തുകൊണ്ട്? കാരണം ന്യായപ്രമാണ ഉടമ്പടി മതപരിവർത്തിതരുമായിട്ടായിരുന്നില്ല. എന്നാൽ ന്യായപ്രമാണത്തോടുള്ള അനുസരണത്തിൽ മതപരിവർത്തിത പുരുഷന്മാർ പരിച്ഛേദനയേറ്റിരുന്നു. അവർ അതിന്റെ നിബന്ധനകൾ പാലിക്കുകയും അതിലെ കരുതലുകളിൽനിന്നു പ്രയോജനമനുഭവിക്കുകയും ചെയ്തു. ഇസ്രായേല്യരും മതപരിവർത്തിതരും ന്യായപ്രമാണത്തിൻ കീഴിൽ വന്നു.—പുറപ്പാടു 12:48, 49; സംഖ്യാപുസ്തകം 15:14-16; റോമർ 3:19.
14 ഉദാഹരണത്തിന്, ഒരു മതപരിവർത്തിതൻ ആരെയെങ്കിലും അബദ്ധവശാൽ കൊന്നെങ്കിൽ, ഇസ്രായേല്യനെപ്പോലെ അവനു സങ്കേതനഗരത്തിലേക്ക് ഓടിപ്പോകാമായിരുന്നു. (സംഖ്യാപുസ്തകം 35:15, 22-25; യോശുവ 20:9) പാപപരിഹാര ദിവസം “യിസ്രായേലിന്റെ സർവ്വസഭെക്കും വേണ്ടി” ഒരു യാഗം അർപ്പിച്ചിരുന്നു. സഭയുടെ ഭാഗമെന്ന നിലയിൽ, മതപരിവർത്തിതർ നടപടിക്രമങ്ങളിൽ പങ്കുപറ്റുകയും യാഗത്തിൽനിന്നു പ്രയോജനമനുഭവിക്കുകയും ചെയ്തു. (ലേവ്യപുസ്തകം 16:7-10, 15, 17, 29; ആവർത്തനപുസ്തകം 23:7, 8) പൊ.യു. 33-ലെ പെന്തക്കോസ്തിൽ ‘രാജ്യത്തിന്റെ’ ആദ്യത്തെ ‘താക്കോൽ’ യഹൂദന്മാർക്കുവേണ്ടി ഉപയോഗിച്ചപ്പോൾ മതപരിവർത്തിതർക്കും പ്രയോജനമുണ്ടായി, കാരണം ന്യായപ്രമാണത്തിൻ കീഴിലെ ഇസ്രായേല്യരുമായി അവർ അത്ര അടുത്തു സഹവസിച്ചിരുന്നു. അതിന്റെ ഫലമായി, “യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരൻ നിക്കൊലാവൊസ്” ക്രിസ്ത്യാനിയായിത്തീരുകയും യെരൂശലേമിലെ സഭയുടെ ആവശ്യങ്ങൾ നോക്കാൻ നിയമിതരായ “നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാ”രിൽ ഉൾപ്പെടുകയും ചെയ്തു.—മത്തായി 16:19; പ്രവൃത്തികൾ 2:5-10; 6:3-6; 8:26-39.
യഹോവ അബ്രാഹാമിന്റെ സന്തതിയെ അനുഗ്രഹിക്കുന്നു
15, 16. അബ്രാഹാമുമായുള്ള യഹോവയുടെ ഉടമ്പടി ന്യായപ്രമാണ ഉടമ്പടിക്കു കീഴിൽ നിവൃത്തിയേറിയതെങ്ങനെ?
15 അബ്രാഹാമിന്റെ പിൻഗാമികൾ ന്യായപ്രമാണത്തിൻകീഴിൽ ഒരു ജനതയെന്നനിലയിൽ സംഘടിപ്പിക്കപ്പെട്ടതോടെ, യഹോവ ഗോത്രപിതാവിനു കൊടുത്ത വാഗ്ദാനങ്ങൾക്കുചേർച്ചയിൽ അവരെ അനുഗ്രഹിച്ചു. പൊ.യു.മു. 1473-ൽ, മോശയുടെ പിൻഗാമിയായ യോശുവ ഇസ്രായേല്യരെ കനാൻദേശത്തേക്കു നയിച്ചു. അതേത്തുടർന്ന് ദേശം ഗോത്രങ്ങൾക്കിടയിൽ വിഭാഗിക്കപ്പെട്ടത് അബ്രാഹാമിന്റെ സന്തതിക്കു ദേശം നൽകുമെന്ന യഹോവയുടെ വാഗ്ദാനം നിവർത്തിച്ചു. ഇസ്രായേൽ വിശ്വസ്തരായിരുന്നപ്പോൾ, ശത്രുക്കളുടെമേൽ അവർക്കു വിജയം നൽകുമെന്ന തന്റെ വാഗ്ദാനം യഹോവ നിവർത്തിച്ചു. ഇതു ദാവീദ് രാജാവിന്റെ ഭരണകാലത്ത് വിശേഷാൽ സത്യമായിരുന്നു. ദാവീദിന്റെ പുത്രനായ ശലോമോന്റെ കാലമായപ്പോഴേക്കും, അബ്രാഹാമ്യ ഉടമ്പടിയുടെ മൂന്നാമത്തെ വശത്തിനു നിവൃത്തിയായി. “യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽ പോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.”—1 രാജാക്കന്മാർ 4:20.
16 എന്നിരുന്നാലും, അബ്രാഹാമിന്റെ സന്തതിയായ ഇസ്രായേലിലൂടെ ജനതകൾ തങ്ങളെത്തന്നെ എങ്ങനെ അനുഗ്രഹിക്കും? നേരത്തെ സൂചിപ്പിച്ചതുപോലെ, ഇസ്രായേല്യർ യഹോവയുടെ പ്രത്യേക ജനമായിരുന്നു. ജനതകൾക്കിടയിൽ അവർ അവന്റെ പ്രതിനിധി ആയിരുന്നു. ഇസ്രായേല്യർ കനാൻദേശത്തേക്കു മാർച്ചുചെയ്യുന്നതിനുമുമ്പ്, മോശ പറഞ്ഞു: “ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ.” (ആവർത്തനപുസ്തകം 32:43) പരദേശികളായ അനേകർ അതിനോടു പ്രതികരിച്ചു. ഈജിപ്തിൽനിന്ന് അതിനോടകംതന്നെ “വലിയോരു സമ്മിശ്രപുരുഷാരം” ഇസ്രായേലിനെ അനുഗമിച്ച് പുറത്തുവരികയും മരുഭൂമിയിൽവെച്ച് യഹോവയുടെ ശക്തിപ്രകടനത്തിനു സാക്ഷ്യംവഹിക്കുകയും ഉല്ലസിപ്പാനുള്ള മോശയുടെ ആഹ്വാനം കേൾക്കുകയും ചെയ്തിരുന്നു. (പുറപ്പാടു 12:37, 38) പിന്നീട് മോവാബ്യക്കാരി രൂത്ത് ഇസ്രായേല്യനായ ബോവസിനെ വിവാഹംകഴിക്കുകയും മിശിഹായുടെ ഒരു പൂർവിക ആയിത്തീരുകയും ചെയ്തു. (രൂത്ത് 4:13-22) സ്വാഭാവിക ഇസ്രായേല്യർ അവിശ്വസ്തരായപ്പോൾ കേന്യനായ യോനാദാബും അവന്റെ പിൻഗാമികളും എത്യോപ്യനായ ഏബെദ്-മേലെക്കും ശരിയായ തത്ത്വങ്ങളോടു പറ്റിനിന്നുകൊണ്ട് വ്യത്യസ്തരായി നിലകൊണ്ടു. (2 രാജാക്കന്മാർ 10:15-17; യിരെമ്യാവു 35:1-19; 38:7-13) പേർഷ്യൻ സാമ്രാജ്യത്തിൻകീഴിൽ, അനേകം അന്യജാതികളും മതപരിവർത്തിതരായിത്തീരുകയും ശത്രുക്കൾക്കെതിരെ ഇസ്രായേലിനോടൊപ്പം പോരാടുകയും ചെയ്തു.—എസ്ഥേർ 8:17, NW അടിക്കുറിപ്പ്.
പുതിയ ഉടമ്പടിയുടെ ആവശ്യം
17. (എ) ഇസ്രായേലിന്റെ വടക്കേ രാജ്യത്തെയും തെക്കേ രാജ്യത്തെയും യഹോവ തള്ളിക്കളഞ്ഞതെന്തുകൊണ്ട്? (ബി) യഹൂദന്മാരെ അന്തിമമായി തള്ളിക്കളയുന്നതിലേക്കു നയിച്ചതെന്ത്?
17 എന്നിരുന്നാലും, ദൈവത്തിന്റെ വാഗ്ദാനത്തിന്റെ സമ്പൂർണ നിവൃത്തി ലഭിക്കാൻ, ദൈവത്തിന്റെ പ്രത്യേക ജനത വിശ്വസ്തരായിരിക്കണമായിരുന്നു. എന്നാൽ അവർ അങ്ങനെയായിരുന്നില്ല. മികച്ച വിശ്വാസം പ്രകടമാക്കിയ ഇസ്രായേല്യരുണ്ടായിരുന്നുവെന്നതു സത്യംതന്നെ. (എബ്രായർ 11:32–12:1) എന്നിരുന്നാലും, അനേകം അവസരങ്ങളിൽ ആ ജനത ഭൗതികപ്രയോജനങ്ങൾ തേടി പുറജാതീയ ദേവന്മാരിലേക്കു തിരിഞ്ഞു. (യിരെമ്യാവു 34:8-16; 44:15-18) വ്യക്തികൾ ന്യായപ്രമാണം തെറ്റിച്ചു ബാധകമാക്കുകയോ തീരെ അവഗണിക്കുകയോ ചെയ്തു. (നെഹെമ്യാവു 5:1-5; യെശയ്യാവു 59:2-8; മലാഖി 1:12-14) ശലോമോന്റെ മരണശേഷം, ഇസ്രായേൽ വടക്കേ രാജ്യമായും തെക്കേ രാജ്യമായും വിഭജിതമായി. വടക്കേ രാജ്യം പൂർണമായും മത്സരാത്മകമാണെന്നു തെളിഞ്ഞപ്പോൾ യഹോവ പ്രഖ്യാപിച്ചു: “പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും.” (ഹോശേയ 4:6) ഉടമ്പടി പാലിക്കാഞ്ഞതിനാൽ തെക്കേ രാജ്യവും കഠിനമായി ശിക്ഷിക്കപ്പെട്ടു. (യിരെമ്യാവു 5:29-31) യഹൂദന്മാർ യേശുവിനെ മിശിഹായെന്ന നിലയിൽ തള്ളിക്കളഞ്ഞപ്പോൾ, അതുപോലെതന്നെ യഹോവയും അവരെ തള്ളിക്കളഞ്ഞു. (പ്രവൃത്തികൾ 3:13-15; റോമർ 9:31–10:4) അവസാനം, അബ്രാഹാമ്യ ഉടമ്പടിയുടെ സമ്പൂർണ നിവൃത്തി വരുത്താനായി യഹോവ ഒരു പുതിയ ക്രമീകരണം ചെയ്തു.—റോമർ 3:20.
18, 19. അബ്രാഹാമ്യ ഉടമ്പടി സമ്പൂർണ അർഥത്തിൽ നിറവേറ്റാനായി യഹോവ എന്തു പുതിയ ക്രമീകരണം ചെയ്തു?
18 ആ പുതിയ ക്രമീകരണമായിരുന്നു പുതിയ ഉടമ്പടി. യഹോവ അതേക്കുറിച്ച് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം [“പുതിയ ഉടമ്പടി,” പി.ഒ.സി. ബൈ.] ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. . . . ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 31:31-33.
19 ഇതാണു പൊ.യു. 33 നീസാൻ 14-ന് യേശു പരാമർശിച്ച പുതിയ ഉടമ്പടി. താൻ മധ്യസ്ഥനായിക്കൊണ്ട് തന്റെ ശിഷ്യന്മാർക്കും യഹോവയ്ക്കുമിടയിൽ ആ വാഗ്ദത്ത ഉടമ്പടി സ്ഥാപിക്കാറായെന്ന് ആ സന്ദർഭത്തിൽ യേശു വെളിപ്പെടുത്തി. (1 കൊരിന്ത്യർ 11:25; 1 തിമൊഥെയൊസ് 2:5; എബ്രായർ 12:24) ഈ പുതിയ ഉടമ്പടിയിലൂടെ, അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്ദാനത്തിനു കൂടുതൽ മഹത്തായതും നിലനിൽക്കുന്നതുമായ നിവൃത്തിയുണ്ടാകാൻ പോകുകയായിരുന്നു. അടുത്ത ലേഖനത്തിൽ നാമത് പരിചിന്തിക്കുന്നതായിരിക്കും.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ അബ്രാഹാമ്യ ഉടമ്പടിയിൽ യഹോവ എന്തു വാഗ്ദാനം ചെയ്തു?
□ സ്വാഭാവിക ഇസ്രായേല്യരുടെ കാര്യത്തിൽ യഹോവ അബ്രാഹാമ്യ ഉടമ്പടി നിവർത്തിച്ചതെങ്ങനെ?
□ പഴയ ഉടമ്പടിയിൽനിന്നു മതപരിവർത്തിതർ പ്രയോജനമനുഭവിച്ചതെങ്ങനെ?
□ പുതിയ ഉടമ്പടി ആവശ്യമായതെന്തുകൊണ്ട്?
[9-ാം പേജിലെ ചിത്രം]
ന്യായപ്രമാണ ഉടമ്പടിയിലൂടെ, യഹോവ അബ്രാഹാമ്യ ഉടമ്പടിക്ക് നിവൃത്തി വരുത്തി