ശ്രദ്ധിക്കൂ—യഹോവയുടെ കാവൽക്കാരൻ സംസാരിക്കുന്നു!
“ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു കാവൽക്കാരനാക്കിയിരിക്കുകയാണ്,. . .നീ എന്നിൽനിന്നു കേട്ട് അവർക്കു മുന്നറിയിപ്പു കൊടുക്കണം.”—യെഹെസ്ക്കേൽ 3:17.
1. യഹോവയുടെ “കാവൽക്കാരൻ” സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തുകൊണ്ട്?
യഹോവയുടെ “കാവൽക്കാരൻ” ഇപ്പോൾത്തന്നെ ദൈവത്തിന്റെ ദൂത് സംസാരിക്കുന്നുണ്ട്. നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? നിങ്ങളുടെ ജീവൻതന്നെ ആ ദൂതിനോട് വിലമതിപ്പോടും നടപടിയോടും കൂടെ പ്രതികരിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിച്ചുകൊണ്ടും തന്റെ ജനത്തെ കാത്തുസൂക്ഷിച്ചുകൊണ്ടും യഹോവ തന്റെ വിശുദ്ധ നാമത്തെ വിശുദ്ധീകരിക്കുമ്പോൾ, പെട്ടെന്നുതന്നെ ‘ജനതകൾ യഹോവയെ അറിയും.’ നിങ്ങൾ അവരിൽ ഉൾപ്പെടുവാൻ പ്രത്യാശിക്കുന്നുവോ? (യെഹെസ്ക്കേൽ 36:23; 39:7; 2 പത്രോസ് 3:8–13) പ്രത്യാശിക്കുന്നുണ്ടായിരിക്കാം, എന്നാൽ യഹോവയുടെ “കാവൽക്കാരൻ” സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുന്നുവെങ്കിൽ മാത്രം.
2. ദൈവത്തിന്റെ പ്രവാചകൻമാരെ ശ്രദ്ധിക്കുന്നതിലുള്ള പരാജയം യഹൂദാരാജ്യത്തിന് എന്തിൽ കലാശിച്ചു?
2 ദൈവത്തിന്റെ പ്രവാചകൻമാരെ ശ്രദ്ധിക്കുന്നതിലുള്ള പരാജയം ക്രി.മു. 607–ൽ യഹൂദാരാജ്യത്തിൻമേൽ വിപത്തു വരുത്തി. ശത്രുജനതകൾ ബാബിലോന്യ കൈകളാലുള്ള ആ ശൂന്യമാക്കലിൽ ആഹ്ലാദിച്ചു. എന്നാൽ തങ്ങളുടെ സ്വദേശത്തേക്കുള്ള വിശ്വസ്ത യഹൂദൻമാരുടെ ക്രി.മു. 537–ലെ മടങ്ങിവരവിനുള്ള തന്ത്രം യഹോവ ആവിഷ്ക്കരിച്ചപ്പോൾ യഹോവയുടെ നാമം എത്ര മഹത്വീകരിക്കപ്പെട്ടു!
3. യെഹെസ്ക്കേൽ പുസ്തകത്തിൽ എന്തടങ്ങിയിരിക്കുന്നു?
3 ആ ശൂന്യമാക്കലും പുന:സ്ഥിതീകരണവും യഹോവയുടെ കാവൽക്കാരനായിരുന്ന യെഹെസ്ക്കേൽ മുൻകൂട്ടിപ്പറഞ്ഞു. അവന്റെ നാമം വഹിക്കുന്നതും അവൻ ക്രി.മു. 591നോടടുത്ത് പൂർത്തീകരിച്ചതുമായ ബൈബിൾപുസ്തകത്തിൽ (1) യെഹെസ്ക്കേലിന്റെ നിയോഗം; (2) പ്രാവചനിക നാടകങ്ങൾ; (3) യിസ്രായേലിനെതിരായ ദൂതുകൾ; (4) യരുശലേമിന്റെ ന്യായവിധിസംബന്ധിച്ച പ്രവചനങ്ങൾ; (5) മററു ജനതകൾക്കെതിരായ പ്രവചനങ്ങൾ; (6) പുന:സ്ഥിതീകരണ വാഗ്ദത്തങ്ങൾ; (7) മാഗോഗിലെ ഗോഗിനെതിരായ ഒരു പ്രവചനം (8) ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിന്റെ ഒരു ദർശനം എന്നിവ അടങ്ങിയിരിക്കുന്നു. ഈ പുസ്തകം നാം പഠിക്കുമ്പോൾ അതു വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. അങ്ങനെ അത് ഇന്നു നമ്മെ എങ്ങനെ ബാധിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും, യഹോവയുടെ “കാവൽക്കാരൻ” സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നതുമായിരിക്കും.a
ദൈവത്തിന്റെ കാവൽക്കാരൻ നിയോഗിക്കപ്പെടുന്നു
4. (എ) യെഹെസ്ക്കേൽ ദർശനത്തിൽ എന്തു കണ്ടു? (ബി) “ജീവികൾ” ആരായിരുന്നു, അവയ്ക്ക് എന്തു ഗുണങ്ങൾ ഉണ്ടായിരുന്നു?
4 ക്രി.മു. 613 തമ്മൂസ് 5-ന് (യഹൂദാരാജാവായ യഹോയാക്കീന്റെ ബാബിലോന്യ പ്രവാസത്തിന്റെ അഞ്ചാമാണ്ടിൽ] 30 വയസ്സുണ്ടായിരുന്ന യെഹെസ്ക്കേൽ പ്രവാചകൻ ഗണനീയമായ ഒരു യൂപ്രട്ടീസ്കനാലായിരുന്ന “കേബാർനദി”യുടെ തീരത്തെ യഹൂദബന്ദികളിൽ ഉൾപ്പെട്ടിരുന്നു. ദർശനത്തിൽ, അവൻ യഹോവയുടെ സ്വർഗ്ഗീയ രഥത്തെ കാണുകയുണ്ടായി, അതിനെ “നാലു ജീവികൾ” പരിചരിച്ചിരുന്നു. (യെഹെസ്ക്കേൽ 1:4-10 വായിക്കുക) ‘ഓരോ ജീവിക്കും’ അഥവാ ചിറകോടുകൂടിയ കെരുബിനും നാലു മുഖങ്ങൾ ഉണ്ടായിരുന്നു. (യെഹെസ്ക്കേൽ 10:1-20; 11:22) കെരുബുകൾക്ക് ദൈവദത്തമായ സ്നേഹവും (മനുഷ്യൻ), നീതിയും (സിംഹം), ശക്തിയും (കാള), ജ്ഞാനവും (കഴുകൻ) ഉണ്ടെന്ന് ഇവ സൂചിപ്പിക്കുന്നു. ഓരോ കെരുബും ‘ഒരു ചക്രത്തിനുള്ളിലെ വലിയ ഒരു ചക്രത്തി’നരികെ നിന്നിരുന്നു. ദൈവത്തിന്റെ ആത്മാവിന് അഥവാ പ്രവർത്തനനിരതമായ ശക്തിക്ക് അവയെ ഏതു ദിശയിലേക്കും നീക്കാൻ കഴിയുമായിരുന്നു.—യെഹെസ്ക്കേൽ 1:1-21.
5. സ്വർഗ്ഗീയരഥം എന്തിനെ പ്രതിനിധാനംചെയ്യുന്നു, അതിന്റെ ഈ കാഴ്ച യഹോവയുടെ ജനത്തെ എങ്ങനെ ബാധിക്കണം?
5 രഥത്തിൽ സഞ്ചരിക്കുന്നവൻ യഹോവയുടെ ഒരു തേജോമയമായ പ്രതിനിധാനമായിരുന്നു. (യെഹെസ്ക്കേൽ 1:22-28 വായിക്കുക.) രഥം എത്ര നന്നായി ദൈവത്തിന്റെ ദൂത ആത്മ സ്ഥാപനത്തെ പ്രതിനിധാനം ചെയ്യുന്നു! (സങ്കീർത്തനം 18:10; 103: 20, 21; ദാനിയേൽ 7:9, 10) ഈ ജീവികളെ ഭരിക്കുകയും തന്റെ ഉദ്ദേശ്യപ്രകാരം ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന അർത്ഥത്തിലാണ് യഹോവ അതിൻമേൽ സവാരി ചെയ്യുന്നത്. സഞ്ചാരി കൂട്ടത്തിൽ കണ്ട മഴവില്ലിനെപ്പോലെ ശാന്തനായിരുന്നു, എന്നാൽ യെഹെസ്ക്കേൽ അമ്പരന്നുപോയിരുന്നു. തീർച്ചയായും തന്റെ സ്വർഗ്ഗീയ സൈന്യങ്ങളുടെ പരമോന്നത സംഘാടകനെന്ന നിലയിൽ യഹോവയ്ക്കുള്ള മഹത്വത്തിന്റെയും ശക്തിയുടെയും ഈ വീക്ഷണം അവന്റെ ഭൗമിക സ്ഥാപനത്തിന്റെ ഭാഗമെന്ന നിലയിൽ അവനെ സേവിക്കുന്നതിന്റെ പദവിക്കുവേണ്ടി നമ്മെ വിനീതമായി നന്ദിയുള്ളവരാക്കിത്തീർക്കേണ്ടതാണ്.
6. (എ) യെഹെസ്ക്കേലിന് എന്തു നിയമനം ലഭിച്ചു, അവൻ ദൈവസേവനത്തെ എങ്ങനെ വീക്ഷിച്ചു? (ബി) ഏതുതരം ജനത്തിന്റെ ഇടയിൽ യെഹെസ്ക്കേൽ പ്രവചിക്കേണ്ടിയിരുന്നു, ദൈവം അവനോട് ഇടപെട്ട വിധം അറിയുന്നതുകൊണ്ടു എന്തു പ്രയോജനം?
6 “മനുഷ്യപുത്രൻ” എന്നു വിളിച്ചുകൊണ്ട് യെഹെസ്ക്കേലിന്റെ മാനുഷജൻമത്തെയും എളിമാവസ്ഥയെയും ഓർപ്പിച്ചുവെങ്കിലും അവൻ യഹോവയുടെ പ്രവാചകനായി നിയമിക്കപ്പെട്ടു. (യെഹെസ്ക്കേൽ 2:1-5 വായിക്കുക.) യെഹെസ്ക്കേൽ മത്സരജനതകളായ യിസ്രായേലിന്റെയും യഹൂദയുടെയും രാജ്യങ്ങളിലേക്ക് പോകേണ്ടിയിരുന്നു. ആദ്യമായി, അവൻ ദിവ്യകൽപ്പനപ്രകാരം വിലാപഗീതങ്ങളടങ്ങിയ ഒരു ചുരുൾ തിന്നു. എന്നാൽ അവൻ ദൈവത്തിന്റെ പ്രവാചകനായിരിക്കുന്നതിൽ നന്ദിയുള്ളവനായിരുന്നതുകൊണ്ട് അതിനു ത്നേനിന്റെ രുചിയായിരുന്നു. സമാനമായി, അഭിഷിക്തക്രിസ്ത്യാനികളും അവരുടെ സഹദാസൻമാരും യഹോവയുടെ സാക്ഷികളായിരിക്കുന്നത് മധുരാനുഭവമെന്നു കണ്ടെത്തുന്നു. യെഹെസ്ക്കേൽ കഠിനഹൃദയരും കഠിനമനസ്ക്കരുമായ ജനങ്ങളുടെ ഇടയിൽ പ്രവചിക്കണമായിരുന്നു, എന്നാൽ ദൈവം അവന്റെ മുഖത്തെ അവരുടെ മുഖങ്ങളെപ്പോലെ ദൃഢതയും അവന്റെ നെററിയെ വജ്രംപോലെ കടുപ്പവുമുള്ളതാക്കിത്തീർക്കും. അവർ കേട്ടാലും കേട്ടില്ലെങ്കിലും അവൻ സധീരം പ്രവചിക്കും. പ്രയാസമുള്ള സാഹചര്യങ്ങളിൽ ദൈവം യെഹെസ്ക്കേലിനെ പിന്താങ്ങിയതുപോലെ, ഏതു പ്രദേശത്തും സധീരം സാക്ഷീകരിക്കാൻ അവൻ നമ്മെ സഹായിക്കുമെന്ന് അറിയുന്നത് സന്തോഷപ്രദമാണ്.—യെഹെസ്ക്കേൽ 2:6-3:11.
7. യെഹെസ്ക്കേലിന്റെ നിയോഗത്തിൽ എന്തു ഉത്തരവാദിത്തം ഉൾപ്പെട്ടിരുന്നു?
7 ചുരുളിന്റെ തീററി അതിന്റെ സന്ദേശത്തിനു അനുയോജ്യമായ ഒരു ‘ഉഗ്രഭാവം’ യെഹെസ്ക്കേലിൽ ഉളവാക്കി. റെറൽ-അബീബിൽ അവൻ സന്ദേശത്തെക്കുറിച്ചു വിചിന്തനംചെയ്തുകൊണ്ട് ‘ഏഴു ദിവസം സ്തംബ്ധനായി’ വസിച്ചു. (യെഹെസ്ക്കേൽ 3:12-15) ഗഹനമായ ആത്മീയകാര്യങ്ങൾ ഗ്രഹിക്കുന്നതിന് നാമും വിചിന്തനംചെയ്യുകയും ഉൽസാഹപൂർവം പഠിക്കുകയും വേണം. ഒരു സന്ദേശം പ്രഖ്യാപിക്കാനുണ്ടായിരുന്നതുകൊണ്ട് യെഹെസ്ക്കേൽ ദൈവത്തിന്റെ കാവൽക്കാരനായി നിയോഗിക്കപ്പെട്ടു. (യെഹെസ്ക്കേൽ 3:16-21 വായിക്കുക.) പുതുതായി നിയമിക്കപ്പെട്ട കാവൽക്കാരൻ നിയമലംഘികളായ യിസ്രായേല്യർ ദിവ്യവിധിനിർവഹണത്തെ അഭിമുഖീകരിക്കുകയാണെന്ന് അവർക്കു മുന്നറിയിപ്പു കൊടുക്കണമായിരുന്നു.
8. ഇന്ന് യഹോവയുടെ “കാവൽക്കാരനാ”യി ആർ സേവിക്കുന്നു, അവരോട് ആർ സഹവസിക്കുന്നു?
8 കാവൽക്കാരനെന്നനിലയിൽ യെഹെസ്ക്കേൽ പരാജയപ്പെടുന്ന പക്ഷം ഇരയാകുന്നവരുടെ മരണത്തിനു യഹോവ അവനെ ഉത്തരവാദിയാക്കുമായിരുന്നു. അവൻ ശാസനനൽകാൻ ആഗ്രഹിക്കാത്തവർ അവനെ ആലങ്കാരിക കയറുകൾകൊണ്ടു കെട്ടുമെങ്കിലും അവൻ സധീരം ദൈവത്തിന്റെ സന്ദേശം പ്രഖ്യാപിക്കും. (യെഹെസ്ക്കേൽ 3:22-27) നമ്മുടെ നാളിൽ, ക്രൈസ്തവലോകം ശ്രദ്ധിക്കാൻ വിസമ്മതിക്കുകയും അഭിഷിക്ത ക്രിസ്ത്യാനികളുടെമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുകയുമാണ്. എന്നാൽ 1919 മുതൽ ഈ അഭിഷിക്തൻമാർ ഈ വ്യവസ്ഥിതിയുടെ “അന്ത്യകാല”ത്തിനുവേണ്ടിയുള്ള യഹോവയുടെ സന്ദേശം സധീരം ഘോഷിച്ചുകൊണ്ട് അവന്റെ കാവൽക്കാരനായി സേവിച്ചിരിക്കുന്നു. (ദാനിയേൽ 12:4) യേശുവിന്റെ “വേറെ ആടുകളു”ടെ വർദ്ധിച്ചുവരുന്ന ഒരു “മഹാപുരുഷാരം” ഈ വേലയിൽ അവരോടു ചേർന്നിരിക്കുന്നു. (വെളിപ്പാട് 7:9,10; യോഹന്നാൻ 10:16) “കാവൽക്കാരൻ”വർഗ്ഗം ദൈവത്തിന്റെ സന്ദേശം പ്രസ്താവിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് തീർച്ചയായും അഭിഷിക്തരിലും “മഹാപുരുഷാര”ത്തിലുംപെട്ട ഓരോരുത്തരും ഒരു ക്രമമുള്ള പ്രസാധകനായി അത് ഘോഷിക്കാനാഗ്രഹിക്കും.
അഭിനയിക്കപ്പെട്ട പ്രവചനങ്ങൾ
9. (എ) യെഹെസ്ക്കേൽ നമുക്ക് എങ്ങനെ ഒരു മാതൃക വെച്ചു? (ബി) യെരുശലേമിന്റെ ബാബിലോന്യ ഉപരോധത്തെ ചിത്രീകരിക്കാൻ യെഹെസ്ക്കേൽ എന്തു ചെയ്തു, 390 ദിവസങ്ങളാലും 40 ദിവസങ്ങളാലും സൂചിപ്പിക്കപ്പെട്ടതെന്ത്?
9 അടുത്തതായി യെഹെസ്ക്കേൽ താഴ്മയോടും ധൈര്യത്തോടുംകൂടെ പ്രാവചനിക മൂകപ്രകടനങ്ങൾ അഭിനയിക്കുകയും താഴ്മയോടും ധൈര്യത്തോടുംകൂടെ ദൈവദത്തമായ നിയമനങ്ങൾ നിറവേററാൻ നമ്മെ പ്രേരിപ്പിക്കേണ്ട ഒരു ദൃഷ്ടാന്തം വെക്കുകയും ചെയ്തു. ബാബിലോന്യ ഉപരോധത്തെ ചിത്രീകരിക്കുന്നതിന്, അവൻ യെരുശലേമിന്റെ ഒരു ചിത്രം കൊത്തിയിരുന്ന ഒരു ഇഷ്ടികയെ അഭിമുഖീകരിച്ചുകൊണ്ട് അവൻ കിടക്കണമായിരുന്നു. പത്തുഗോത്ര യിസ്രായേൽരാജ്യത്തിന്റെ അകൃത്യം വഹിക്കുന്നതിന് യെഹെസ്ക്കേൽ തന്റെ ഇടതുവശംചെരിഞ്ഞ് 390 ദിവസം കിടക്കണമായിരുന്നു, അനന്തരം രണ്ടുഗോത്ര യഹൂദയുടെ പാപം വഹിക്കുന്നതിന് 40 ദിവസം വലതുവശം ചെരിഞ്ഞും. ഒരു ദിവസം ഒരു വർഷത്തിനു പകരമായിരുന്നു. അങ്ങനെ 390 വർഷം ക്രി.മു. 997ലെ യിസ്രായേലിന്റെ സ്ഥാപിക്കൽ മുതൽ ക്രി.മു. 607ലെ അതിന്റെ നാശംവരെ ആയിരുന്നു. യഹൂദയുടെ 40 വർഷങ്ങൾ ദൈവത്തിന്റെ പ്രവാചകനായുള്ള ക്രി.മു. 647ലെ യിരെമ്യാവിന്റെ നിയമനംമുതൽ ക്രി.മു. 607ലെ യഹൂദയുടെ ശൂന്യമാക്കൽവരെയായിരുന്നു.—യെഹെസ്ക്കേൽ 4:1-8; യിരെമ്യാവ് 1:1-3.
10. യെഹെസ്ക്കേൽ നിരോധനത്തിന്റെ ഫലങ്ങൾ അഭിനയിച്ചതെങ്ങനെ, ദൈവം അവനെ പോററിയെന്ന വസ്തുതയിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും?
10 യെഹെസ്ക്കേൽ അടുത്തതായി ഉപരോധത്തിന്റെ ഫലങ്ങൾ അഭിനയിച്ചു. ക്ഷാമത്തെ സൂചിപ്പിക്കാൻ അവൻ ദിവസവും വെറും എട്ടിലൽപ്പം അധികം ഔൺസ് (0.2കി.) ആഹാരവും ഏകദേശം ഒരു പൈൻറ് (0.5ലി.) വെള്ളവും കൊണ്ട് ഉപജീവിച്ചു. അവന്റെ അപ്പം (കോത്നമ്പിന്റെയും ബാർലിയുടെയും മുഴുത്ത ബീൻസിന്റെയും പയറിന്റെയും ഒരു പ്രത്യേകതരം കോതമ്പിന്റെയും ഒരു അവിഹിതമിശ്രിതം കാഷ്ടം കത്തിച്ചു പാകംചെയ്തത്) അശുദ്ധമായിരുന്നു. (ലേവ്യപുസ്തകം 19:19) ഈ പ്രവർത്തനം യെരുശലേംനിവാസികൾ വലിയ ഞെരുക്കം അനുഭവിക്കുമെന്ന് പ്രകടമാക്കി. എന്നാൽ പ്രയാസ സാഹചര്യങ്ങളിൽ യഹോവ യെഹെസ്ക്കേലിനെ പോററിയതുപോലെ സകല വൈഷമ്യങ്ങളിലും വിശ്വസ്തരായി നിലനിൽക്കുന്നതിനും നമ്മുടെ പ്രസംഗനിയോഗം നിറവേററുന്നതിനും ദൈവം നമ്മെ സഹായിക്കുമെന്നറിയുന്നത് എത്ര സന്തോഷപ്രദമാണ്!—യെഹെസ്ക്കേൽ 4:9-17.
11. (എ) യെഹെസ്ക്കേൽ 5:1-4-ൽ എന്ത് പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നു, അവയുടെ പ്രാധാന്യം എന്തായിരുന്നു? (ബി) യെഹെസ്ക്കേലിന്റെ അഭിനയങ്ങളെ ദൈവം നിവർത്തിച്ചുവെന്ന വസ്തുതക്ക് നമ്മിൽ എന്തു ഫലമുണ്ടായിരിക്കണം?
11 അടുത്തതായി യെഹെസ്ക്കേൽ ഒരു വാൾ ഉപയോഗിച്ച് തന്റെ മുടിയും താടിയും വടിച്ചു. (യെഹെസ്ക്കേൽ 5:1-4 വായിക്കുക.) ക്ഷാമംകൊണ്ടും പകർച്ചവ്യാധികൊണ്ടും മരിക്കുന്നവർ പ്രവാചകൻ യെരുശലേമിന്റെ നടുവിൽ കത്തിച്ച തന്റെ മൂന്നിലൊന്നു മുടിപോലെ ആയിരിക്കും. യുദ്ധത്തിൽ മരിക്കുന്നവർ വാളുകൊണ്ടരിഞ്ഞ മൂന്നിലൊന്നുപോലെ ആയിരിക്കും. അതിജീവിക്കുന്നവർ കാററിൽ പറത്തപ്പെട്ട അവന്റെ മൂന്നിലൊന്നു മുടിപോലെ ജനതകളുടെ ഇടയിൽ ചിതറിക്കപ്പെടും. എന്നാൽ ചില പ്രവാസികൾ 70 വർഷത്തെ ശൂന്യതക്കുശേഷം യഹൂദയിൽ സത്യാരാധന ഏറെറടുക്കുമെന്നു പ്രകടമാക്കാൻ ചിതറിക്കപ്പെട്ട അംശത്തിൽനിന്ന് എടുത്ത് യെഹെസ്ക്കേലിന്റെ വസ്ത്രത്തിൽ കെട്ടിയ ഏതാനും ചില മുടികൾപോലെ ആയിരിക്കും. (യെഹെസ്ക്കേൽ 5:5-17) ഇതും മററു പ്രാവചനിക അഭിനയങ്ങളും യഹോവ നിവർത്തിച്ചുവെന്ന വസ്തുത പ്രവചനം നിവർത്തിക്കുന്നവൻ എന്നനിലയിൽ അവനിൽ ആശ്രയിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.—യെശയ്യാവ് 42:9; 55:11.
നാശം മുമ്പിൽ!
12. (എ) ആക്രമണകാരികൾ എന്തു ചെയ്യുമെന്ന് യെഹെസ്ക്കേൽ 6:1-7 സൂചിപ്പിക്കുന്നു? (ബി) യെഹെസ്ക്കേലിന്റെ പ്രവചനമനുസരിച്ച് പ്രതിമാതൃകയിലെ യെരുശലേം എന്താണ്, അവൾക്ക് എന്തു സംഭവിക്കും?
12 ക്രി.മു.613-ൽ യഹൂദയിലെ വിഗ്രഹാരാധികളായ നിവാസികൾക്ക് എന്തു ഭവിക്കുമെന്നു സൂചിപ്പിക്കാൻ യെഹെസ്ക്കേൽ ദേശത്തെ സംബോധനചെയ്തു. (യെഹെസ്ക്കേൽ 6:1-7 വായിക്കുക.) ആക്രമണകാരികൾ വ്യാജാരാധനയിലുപയോഗിച്ച ഉന്നതസ്ഥലങ്ങളെയും ധൂപക്കാലുകളെയും യാഗപീഠങ്ങളെയും തകർത്തുകളയും. ക്ഷാമത്താലും പകർച്ചവ്യാധിയാലും യുദ്ധത്താലുമുള്ള വിനാശത്തെക്കുറിച്ചുള്ള ചിന്തതന്നെ ഒരുവൻ “കഷ്ട!”മെന്നു വിളിച്ചുപറയാനിടയാക്കും, കൈകൾകൊട്ടിയും കാൽകൊണ്ടു ചവിട്ടിയും അതിനെ ദൃഢീകരിക്കുകയും ചെയ്യും. ആത്മീയ ദുർവൃത്തരുടെ മൃതദേഹങ്ങൾ ഉന്നതസ്ഥലങ്ങളിൽ ചിതറിക്കിടക്കും. പ്രതിമാതൃകയിലെ യെരുശലേമായ ക്രൈസ്തവലോകം സമാനമായ നാശം അനുഭവിക്കുമ്പോൾ തന്റെ വിപത്ത് യഹോവയിൽനിന്നാണെന്ന് അവൾ അറിയും.—യെഹെസ്ക്കേൽ 6:8-14.
13. യഹോവയുടെ കൈയിലെ “വടി” എന്തായിരുന്നു, അതിന്റെ ഉപയോഗത്തിൽനിന്ന് എന്തു ഫലമുണ്ടാകണമായിരുന്നു?
13 ‘ദേശത്തിന്റെ നാല് അറുതികളിൻമേലും അവസാനം വരുകയായിരുന്നു,’ യഹൂദയുടെ അവിശ്വസ്ത മതവ്യവസ്ഥിതിയിൻമേൽതന്നെ. ദൈവത്തിന്റെ കൈയിലെ “വടി”—നെബുഖദ്നേസരും അവന്റെ ബാബിലോന്യസൈന്യവും—യഹോവയുടെ ജനത്തിനും അവന്റെ ആലയത്തിനും എതിരെ പ്രവർത്തിക്കുമ്പോൾ അനർത്ഥങ്ങളുടെ ഒരു “മാല” ഒരു വിഗ്രഹാരാധിയുടെ കഴുത്തിൽ വീഴും. യഹൂദയിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരുടെ “കൂട്ട”ത്തിൽപ്പെട്ടവർ ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെടുകയോ ചെയ്യും, ജീവനോടിരിക്കാൻ സാധിച്ച ഏതൊരുവന്റെയും കൈകൾ കുഴഞ്ഞുവീഴും. തങ്ങളുടെ വ്യാജമതവ്യവസ്ഥിതിയുടെ തകിടംമറിക്കലിൽ അവർ വിലപിച്ചുകൊണ്ടു തങ്ങളുടെ തല കഷണ്ടിപോലെ ക്ഷൗരംചെയ്യും.—യെഹെസ്ക്കേൽ 7:1-18.
14. കോഴക്ക് യെരുശലേമിനുവേണ്ടി എന്തു ചെയ്യാൻ കഴിയുമായിരുന്നില്ല, അതു ക്രൈസ്തവലോകത്തിന് എന്തു സൂചിപ്പിക്കുന്നു.
14 യഹോവയെയും അവന്റെ വധനിർവഹണസൈന്യത്തെയും കോഴകൊടുത്തു വശത്താക്കാൻ സാദ്ധ്യമല്ല. (യെഹെസ്ക്കേൽ 7:19 വായിക്കുക.) കൽദയ “കവർച്ചക്കാർ” വിശുദ്ധഉപകരണങ്ങൾ പിടിച്ചെടുക്കുകയും ആലയത്തെ ശൂന്യമാക്കുകയുംചെയ്യുമ്പോൾ കോഴക്ക് “മറയ്ക്കപ്പെട്ട” സ്ഥലത്തെ, അതായത് വിശുദ്ധസ്ഥലത്തെ, അശുദ്ധമാക്കപ്പെടുന്നതിൽനിന്നു തടയാൻ കഴിയുമായിരുന്നില്ല. സെദക്യാരാജാവ് പിടിക്കപ്പെടുകയും ലേവ്യപുരോഹിതൻമാരിലെ മുഖ്യൻമാർ കൊല്ലപ്പെടുകയുംചെയ്തപ്പോൾ ‘ശക്തൻമാരുടെ അഹങ്കാരം നിലയ്ക്കാൻ’ യഹോവ ഇടയാക്കി. (2 രാജാക്കൻമാർ 25:4-7, 18-21) ഇല്ല, ഉപരോധിക്കപ്പെട്ട യെരുശലേമിലെ പാപികളെ ഉടമ്പടിലംഘികൾ എന്ന നിലയിൽ ദൈവം ‘ന്യായംവിധിച്ചപ്പോൾ’ കോഴകൊടുത്ത് അവർക്ക് വിപത്തിൽനിന്ന് രക്ഷപെടാൻ കഴിഞ്ഞില്ല. സമാനമായി, ക്രൈസ്തവലോകം വിശുദ്ധമായി കരുതുന്ന കാര്യങ്ങളുടെ ആസന്നമായ അശുദ്ധമാക്കലിന്റെ സമയത്ത് അവളുടെമേലുള്ള ദിവ്യന്യായവിധിനിർവഹണത്തിൽനിന്ന് കോഴ കൊടുത്തു രക്ഷപ്പെടാൻ അവൾക്കു കഴികയില്ല. അപ്പോൾ യഹോവയുടെ “കാവൽക്കാരനെ” ശ്രദ്ധിക്കുന്നതിന് സമയം തീരെ വൈകിപ്പോയിരിക്കും.—യെഹെസ്ക്കേൽ 7:20-27.
അറയ്ക്കത്തക്ക കാര്യങ്ങളെപ്രതി നെടുവീർപ്പിടൽ
15. യെഹെസ്ക്കേൽ യെരുശലേമിൽ എന്തു കണ്ടു, ഇതിനു നമ്മുടെമേൽ എന്തു ഫലം ഉണ്ടായിരിക്കണം?
15 യെഹെസ്ക്കേൽ ക്രി.മു. 612 ഏലൂൾ 5 ന് മഹത്വവാനായ ദൈവത്തെ ദർശനത്തിൽ കണ്ടപ്പോൾ ‘ഒരു കൈയുടെ പ്രതിനിധാനം അവനെ മുടിക്കു പിടിച്ച് എടുക്കുകയും’ നിശ്വസ്തതയുടെ ആത്മാവിനാൽ യെരുശലേമിലേക്കു കൊണ്ടുപോകുകയും ചെയ്തു. സ്വർഗ്ഗീയരഥവും അവിടേക്കു നീങ്ങിയിരുന്നു. യെഹെസ്ക്കേൽ അവിടെ ദർശിച്ചത് വിശ്വാസത്യാഗികളെ ശ്രദ്ധിക്കുന്നതിന്റെ ചിന്തയിൽതന്നെ നാം പിൻവലിയാനിടയാക്കേണ്ടതാണ്. (സദൃശവാക്യം 11:9) ആലയത്തിൽ യിസ്രായേല്യ വിശ്വാസത്യാഗികൾ ഒരു വിഗ്രഹാരാധനാപരമായ പ്രതീകത്തെ (ഒരുപക്ഷേ ഒരു പവിത്രദണ്ഡിനെ) ആരാധിക്കുകയായിരുന്നു, അത് തീക്ഷ്ണത ജനിക്കാൻതക്കവണ്ണം ദൈവത്തെ പ്രകോപിപ്പിച്ചു. (പുറപ്പാട് 20:2-6) അകത്തെ പ്രാകാരത്തിലേക്കു പ്രവേശിച്ചപ്പോൾ എത്ര അറയ്ക്കത്തക്ക കാര്യങ്ങൾ യെഹെസ്ക്കേൽ കണ്ടു! (യെഹെസ്ക്കേൽ 8:10,11 വായിക്കുക.) 70 യിസ്രായേല്യ മൂപ്പൻമാർ നിന്ദ്യമായ ചുവർകൊത്തുപണികളാൽ പ്രതിനിധാനംചെയ്യപ്പെട്ട വ്യാജദൈവങ്ങൾക്ക് ധൂപംകാട്ടിക്കൊണ്ടിരുന്നത് എത്ര അപമാനകരമായിരുന്നു!—യെഹെസ്ക്കേൽ 8:1-12.
16. യെഹെസ്ക്കേലിന്റെ ദർശനം വിശ്വാസത്യാഗത്തിന്റെ ഫലംസംബന്ധിച്ച് എന്തു സൂചിപ്പിക്കുന്നു?
16 വിശ്വാസത്യാഗം എത്ര മാരകമാണെന്ന് യെഹെസ്ക്കേലിന്റെ ദർശനം പ്രകടമാക്കുന്നു. എന്തിന്, യിസ്രായേല്യസ്ത്രീകൾ ഒരു ബാബിലോന്യ ദൈവവും ഫലപുഷ്ടിദേവതയായ ഇഷ്ടാറിന്റെ കാമുകനുമായിരുന്ന തമ്മൂസിനുവേണ്ടി വിലപിക്കാൻ നയിക്കപ്പെട്ടിരുന്നു! 25 യിസ്രായേല്യമൂപ്പൻമാർ ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ സൂര്യനെ ആരാധിച്ചുകൊണ്ടിരുന്നത് എത്ര ശോചനീയമായിരുന്നു! (ആവർത്തനം 4:15-19) ഒരുപക്ഷേ പുരുഷലിംഗത്തെ പ്രതിനിധാനംചെയ്യുന്ന ഒരു അശ്ലീലചുള്ളി അവർ ദൈവത്തിന്റെ മൂക്കിനു നേരെ നീട്ടി. യഹോവ അവരുടെ പ്രാർത്ഥന കേൾക്കുകയില്ലാത്തത് അതിശയമല്ല, അങ്ങനെതന്നെ ക്രൈസ്തവലോകം “മഹോപദ്രവ”സമയത്ത് അവന്റെ സഹായം തേടുന്നത് വെറുതെയായിരിക്കും!—യെഹെസ്ക്കേൽ 8:13-18; മത്തായി 24:21.
അതിജീവനത്തിനുവേണ്ടി അടയാളമിടപ്പെടുന്നു
17. ഏതു ഏഴു പുരുഷൻമാരെ ദർശനത്തിൽ കണ്ടു, അവർ എന്തു ചെയ്തു?
17 അടുത്തതായി, നാം ഏഴു പുരുഷൻമാരെ കാണുന്നു—ചണവസ്ത്രംധരിച്ച ഒരാളും തകർക്കുന്ന ആയുധങ്ങൾ ധരിച്ച വേറെ ആറുപേരും. (യെഹെസ്ക്കേൽ 9:1-7 വായിക്കുക.) “ആറു പുരുഷൻമാർ” യഹോവയുടെ സ്വർഗ്ഗീയ വധാധികൃതസൈന്യത്തെ പ്രതിനിധാനംചെയ്തു, എന്നാൽ അവനു ഭൗമിക ഏജൻറൻമാരെ ഉപയോഗിക്കാൻ കഴിയുമായിരുന്നു. ചണവസ്ത്രം ധരിച്ച പുരുഷൻ നെററിയിൽ അടയാളമിട്ടവർക്ക് ദൈവത്തിന്റെ സഹതാപം അനുഭവപ്പെടുമായിരുന്നു, എന്തുകൊണ്ടെന്നാൽ അവർക്ക് ആലയത്തിൽ ചെയ്യപ്പെട്ടിരുന്ന അറയ്ക്കത്തക്ക കാര്യങ്ങളോട് സഹാനുഭാവം ഇല്ലായിരുന്നു. അവിടെ വിഗ്രഹാരാധികളായ 70 പുരുഷൻമാരിലും തമ്മൂസിനുവേണ്ടി കരയുന്ന സ്ത്രീകളിലും 25 സൂര്യാരാധകരിലും “ആറു പുരുഷൻമാരാ”ലുള്ള സംഹാരം തുടങ്ങി. ക്രി.മു. 607-ൽ ഇവരും ദൈവത്തോടു അവിശ്വസ്തരായിരുന്ന മററുള്ളവരും ബാബിലോന്യരാൽ കൊല്ലപ്പെട്ടു.
18. (എ) ആധുനികകാലത്തെ ‘ചണവസ്ത്രം ധരിച്ച പുരുഷൻ’ ആരാണ്? (ബി) “അടയാള”മെന്താണ്, ഇപ്പോൾ അത് ആർക്കാണുള്ളത്, അതുള്ളത് എന്തിൽ കലാശിക്കും?
18 പ്രതിമാതൃകയിലെ ‘ചണവസ്ത്രം ധരിച്ച പുരുഷൻ’ അഭിഷിക്തക്രിസ്ത്യാനികളുടെ വർഗ്ഗമാണ്. അവർ ക്രിസ്തുവിന്റെ “വേറെ ആടുകളു”ടെ “മഹാപുരുഷാരത്തി”ന്റെ ഭാഗമായിത്തീരുന്നവരുടെമേൽ ഒരു പ്രതീകാത്മക അടയാളമിടുന്നതിന് വീടുതോറും പോകുന്നു. അങ്ങനെയുള്ള ചെമ്മരിയാടുകൾ ക്രിസ്തുതുല്യമായ ഒരു വ്യക്തിത്വമുള്ള സമർപ്പിതരും സ്നാനമേററവരുമായ വ്യക്തികളാണെന്നുള്ള തെളിവാണ് അടയാളം. അവർ ക്രൈസ്തവലോകത്തിൽ ചെയ്യപ്പെടുന്ന ‘അറയ്ക്കത്തക്ക കാര്യങ്ങൾനിമിത്തം നെടുവീർപ്പിട്ടു വിലപിക്കുകയാണ്,’ അവർ വ്യാജമതലോകസാമ്രാജ്യമാകുന്ന മഹാബാബിലോനിൽനിന്ന് പുറത്തുവന്നിരിക്കുന്നു. (വെളിപ്പാട് 18:4,5) അവരുടെ “അടയാളം” “മഹോപ ദ്രവ”കാലത്ത് അവർ സംരക്ഷിക്കപ്പെടണമെന്ന് ദൈവത്തിന്റെ വധാധികൃതസൈന്യത്തിനു വ്യക്തമാക്കും. അവർക്ക് ഇനിയും മററുള്ളവർക്കു അടയാളമിടുന്നതിൽ അഭിഷിക്തരോടു ചേരുന്നതിനാൽ ആ അടയാളം നിലനിർത്താൻ കഴിയും. അതുകൊണ്ട് നിങ്ങൾക്ക് ‘അടയാളമിട്ടിട്ടുണ്ടെങ്കിൽ’ ‘അടയാളമിടൽ’വേലയിൽ തീക്ഷ്ണമായി പങ്കെടുക്കുക.—യെഹെസ്ക്കേൽ 9:8-11.
അഗ്നിമയമായ നാശം മുമ്പിൽ!
19. ‘ചണവസ്ത്രംധരിച്ച’ ആധുനിക പുരുഷൻ ക്രൈസ്തവലോകത്തിൻമേൽ എന്തു വിതറുന്നു?
19 ചണവസ്ത്രം ധരിച്ച പുരുഷൻ കത്തുന്ന കനലിനുവേണ്ടി സ്വർഗ്ഗീയരഥത്തിന്റെ ചക്രങ്ങൾക്കിടയിലേക്ക് ചെന്നു. യെരുശലേമിന്റെ നാശം അഗ്നിസമാനമായ ദൈവക്രോധപ്രകടനമായിരിക്കുമെന്നു മുന്നറിയിപ്പു കൊടുത്തുകൊണ്ട് കനൽ അതിൻമേൽ വിതറപ്പെട്ടു. (യെഹെസ്ക്കേൽ 10:1-8; വിലാപങ്ങൾ 2:2-4; 4:11) യെഹെസ്ക്കേലിന്റെ നാളിൽ ബാബിലോന്യർ മുഖേന യഹോവയുടെ കോപം പകരപ്പെട്ടു. (2 ദിനവൃത്താന്തം 36:15-21; യിരെമ്യാവ് 25:9-11) എന്നാൽ നമ്മുടെ നാളിനെ സംബന്ധിച്ചെന്ത്? പ്രതിമാതൃകയിലെ ‘ചണവസ്ത്രം ധരിച്ച പുരുഷൻ’ ക്രൈസ്തവലോകത്തിൻമേലും മഹാബാബിലോനിന്റെ ശേഷിച്ച ഭാഗത്തിൻമേലും ദിവ്യക്രോധം താമസിയാതെ പകരപ്പെടുമെന്നുള്ള അറിയിപ്പായി ദൈവത്തിന്റെ അഗ്നിമയമായ സന്ദേശം ക്രൈസ്തവലോകത്തിലുടനീളം വാരിവിതറുകയാണ്. തീർച്ചയായും, യഹോവയുടെ “കാവൽക്കാര”നെ ശ്രദ്ധിക്കാൻ വിസമ്മതിക്കുന്നവർക്ക് അതിജീവനത്തിനുള്ള പ്രത്യാശയില്ല.—യെശയ്യാവ് 61:1,2; വെളിപ്പാട് 18:8-10,20.
20. (എ) സ്വർഗ്ഗീയരഥചക്രങ്ങളും കെരുബുകളും തമ്മിലുള്ള യോജിപ്പ് നമ്മെ എങ്ങനെ ബാധിക്കണം? (ബി) ചില പ്രഭുക്കൻമാർ എന്തു ചെയ്യുകയായിരുന്നു, അവർ യെരുശലേമിനെ എന്തിനോടു തെററായി ഉപമിച്ചു?
20 വീണ്ടും ദൈവത്തിന്റെ സ്വർഗ്ഗീയസ്ഥാപനമാകുന്ന സ്വർഗ്ഗീയരഥത്തിലേക്കു ശ്രദ്ധ തിരിക്കപ്പെടുന്നു. രഥചക്രങ്ങളും കെരുബുകളും തമ്മിലുള്ള യോജിപ്പു ശ്രദ്ധിക്കുമ്പോൾ, നാം ദൈവത്തിന്റെ ഭൗമികസ്ഥാപനത്തോട് പൂർണ്ണമായി സഹകരിക്കാൻ പ്രേരിതരാകേണ്ടതാണ്. വിശ്വസ്തതയാൽ നാം വഞ്ചകരായ മനുഷ്യരിൽനിന്ന് അതിനെ സംരക്ഷിക്കേണ്ടതുമാണ്. (യെഹെസ്ക്കേൽ 10:9-22) യെഹെസ്ക്കേലിന്റെ നാളിൽ അത്തരം മനുഷ്യർ ഉണ്ടായിരുന്നു, എന്തുകൊണ്ടെന്നാൽ ഭരണമണ്ഡലത്തിലെ 25 പ്രഭുക്കൻമാർ ഈജിപ്ററിന്റെ സഹായത്തോടെ ദൈവത്തിന്റെ വധാധികൃതസൈന്യങ്ങൾക്കെതിരെ വിപ്ലവത്തിനു ഗൂഢാലോചന നടത്തുന്നതു അവൻ കണ്ടു. അവർ യെരുശലേമിനെ ഒരു കുട്ടകത്തോടും തങ്ങളേത്തന്നെ അതിനുള്ളിലെ സുരക്ഷിത മാംസത്തോടും ഉപമിച്ചു. എന്നാൽ അവർ എത്ര തെററിപ്പോയിരുന്നു! ബാബിലോന്യരായ “അന്യരു”ടെ “വാൾ” ഗൂഢാലോചനക്കാരിൽ ചിലരെ കൊല്ലുമായിരുന്നു, അതേ സമയം മററുള്ളവർ ബന്ദികളായിത്തീരണമായിരുന്നു. തന്റെ നിയമം ലംഘിച്ചതിനു ദൈവം അവരെ ഉത്തരവാദികളാക്കിയതുകൊണ്ടാണ് ഇതു സംഭവിക്കേണ്ടിയിരുന്നത്. (യെഹെസ്ക്കേൽ 11:1-13; പുറപ്പാട് 19:1-8; 24:1-7; യിരെമ്യാവ് 52:24-27) ക്രൈസ്തവലോകം ദൈവത്തോട് ഒരു ഉടമ്പടിയിലാണെന്ന് അവകാശപ്പെടുന്നുവെങ്കിലും ലൗകിക സഖ്യങ്ങളിൽ വിശ്വാസമർപ്പിക്കുന്നതുകൊണ്ട് യഹോവയുടെ വധാധികൃതസൈന്യങ്ങളുടെ ആക്രമണത്തിൻകീഴിൽ അവൾ നശിക്കും.
21. യഹൂദയുടെ 70വർഷ ശൂന്യകാലത്തതിനു ശേഷം എന്തു സംഭവിച്ചു, സമാനമായ എന്തു വികാസം അഭിഷിക്തശേഷിപ്പിനെ ബാധിച്ചു?
21 യിസ്രായേല്യർ ക്രി.മു. 617-ലെന്നവണ്ണം ‘ദേശങ്ങളുടെ ഇടയിൽ ചിതറിക്ക’പ്പെട്ടിരുന്നെങ്കിലും അനുതാപമുണ്ടായിരുന്ന പ്രവാസികൾക്ക് ദൈവം “ഒരു വിശുദ്ധമന്ദിരമോ” അഭയമോ ആയിരുന്നു. (യെഹെസ്ക്കേൽ 11:14-16) എന്നാൽ മറെറന്തു പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു? (യെഹെസ്ക്കേൽ 11:17-21 വായിക്കുക) യഹൂദയുടെ 70-വർഷ ശൂന്യത്തിനുശേഷം, ഒരു ശേഷിപ്പ് ശുദ്ധീകരിക്കപ്പെട്ട “യിസ്രായേൽ മണ്ണിൽ” പുനസ്ഥിതീകരിക്കപ്പെട്ടു. സമാനമായി, ഒരു ബാബിലോന്യ അടിമത്വത്തിനു ശേഷം അഭിഷിക്തശേഷിപ്പ് 1919-ൽ വിടുവിക്കപ്പെട്ടു. ഒരു കാലത്തു ശൂന്യമായിക്കിടന്ന ആത്മീയ യിസ്രായേലിന്റെ “മണ്ണ്” ദൈവാത്മാവിന്റെ നടത്തിപ്പിൻകീഴിൽ ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, സംരക്ഷണത്തിനുവേണ്ടി അടയാളമിടപ്പെട്ടിരിക്കുന്നവർ പുനഃസ്ഥിതീകരിപ്പെട്ട ആത്മീയയിസ്രായേലിന്റെ ശേഷിപ്പിനോടൊത്ത് ദിവ്യപ്രീതി അനുഭവിക്കുകയാണ്. നിങ്ങൾ ദൈവത്തിന്റെ “കാവൽക്കാരനെ” ശ്രദ്ധിക്കുന്നതിൽ തുടരുന്നുവെങ്കിൽ യഹോവ തന്റെ വാൾ ഉറയിൽനിന്ന് ഊരുമ്പോൾ അതിജീവിക്കുന്നവരിൽ നിങ്ങൾ ഉൾപ്പെട്ടേക്കാം. (w88 9/15)
[അടിക്കുറിപ്പുകൾ]
a സമയം അനുവദിക്കുന്നതനുസരിച്ച് അദ്ധ്യയന നിർവാഹകൻ ഈ ലേഖനത്തിലും തുടർന്നുള്ള രണ്ടു ലേഖനത്തിലും ചെരിച്ചെഴുതിയിരിക്കുന്ന ഉദ്ധരണികൾ സഭാദ്ധ്യയന സമയത്ത് വായിപ്പിക്കണം. യെഹെസ്ക്കേൽ പുസ്തകത്തിൽനിന്നുള്ള ഈ അദ്ധ്യയന ലേഖനങ്ങളിൽനിന്ന് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലേക്കുള്ള വിശേഷാശയങ്ങൾ എടുക്കാവുന്നതുമാണ്.
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ യഹോവയുടെ “കാവൽക്കാരൻ” സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തുകൊണ്ട്?
◻ ദൈവത്തിന്റെ സ്വർഗ്ഗീയരഥത്താൽ പ്രതിനിധാനംചെയ്യപ്പെട്ടതെന്ത്?
◻ ഇന്ന് യഹോവയുടെ “കാവൽക്കാ”രനായി സേവിക്കുന്നതാർ?
◻ യെഹെസ്ക്കേൽ യെരുശലേമിൽ എന്തു വിശ്വാസത്യാഗപരമായ പ്രവൃത്തികൾ കണ്ടു, ഈ ദർശനം നമ്മെ എങ്ങനെ ബാധിക്കണം?
◻ ഇന്നത്തെ ‘ചണവസ്ത്രംധരിച്ച പുരുഷൻ’ ആരാണ്, അയാൾ നെററിയിൽ ഇടുന്ന “അടയാളം” എന്താണ്?