യഹസ്കേൽ
1 ബന്ദികളായി കൊണ്ടുപോയവരുടെകൂടെ+ ഞാൻ കെബാർ+ നദീതീരത്ത് കഴിയുന്ന സമയം. 30-ാം വർഷം* നാലാം മാസം അഞ്ചാം ദിവസം സ്വർഗം തുറന്നു; ഞാൻ ദിവ്യദർശനങ്ങൾ കണ്ടുതുടങ്ങി. 2 ആ മാസം അഞ്ചാം ദിവസം, അതായത് യഹോയാഖീൻ+ രാജാവിനെ ബന്ദിയായി കൊണ്ടുപോയതിന്റെ അഞ്ചാം വർഷം, 3 കൽദയദേശത്തെ+ കെബാർ നദീതീരത്തുവെച്ച്, പുരോഹിതനായ ബൂസിയുടെ മകൻ യഹസ്കേലിന്* യഹോവയുടെ സന്ദേശം കിട്ടി. അവിടെയായിരിക്കെ യഹോവയുടെ കൈ അവന്റെ മേൽ വന്നു.+
4 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, വടക്കുനിന്ന് ഉഗ്രമായ ഒരു കൊടുങ്കാറ്റ്+ വരുന്നു. ഉജ്ജ്വലമായൊരു പ്രഭാവലയത്തിന് ഉള്ളിൽ വലിയൊരു മേഘവും തീ മിന്നുന്നതും*+ ഞാൻ കണ്ടു. തീയുടെ നടുവിൽ രജതസ്വർണംപോലുള്ള* എന്തോ ഒന്നും കാണാമായിരുന്നു.+ 5 അതിന് ഉള്ളിൽ നാലു ജീവികളുടേതുപോലുള്ള രൂപങ്ങളുണ്ടായിരുന്നു.+ കാഴ്ചയ്ക്ക് അവ ഓരോന്നും മനുഷ്യനെപ്പോലിരുന്നു. 6 ഓരോന്നിനും നാലു മുഖവും നാലു ചിറകും ഉണ്ടായിരുന്നു.+ 7 അവയുടെ പാദങ്ങൾ നേരെയുള്ളതായിരുന്നു; ഉള്ളങ്കാൽ കാളക്കുട്ടിയുടേതുപോലെയും. മിനുക്കിയെടുത്ത ചെമ്പുപോലെ അവ വെട്ടിത്തിളങ്ങി.+ 8 അവയ്ക്കു നാലു വശത്തും ചിറകുകൾക്കു കീഴെ മനുഷ്യകരങ്ങളുണ്ടായിരുന്നു. നാലിനും മുഖങ്ങളും ചിറകുകളും ഉണ്ടായിരുന്നു. 9 അവയുടെ ചിറകുകൾ പരസ്പരം തൊട്ടിരുന്നു. ഇടംവലം തിരിയാതെ നേരെ മുന്നോട്ടുതന്നെയാണ് അവ ഓരോന്നും പോയിരുന്നത്.+
10 അവയുടെ മുഖങ്ങളുടെ രൂപമോ: നാലിനും മനുഷ്യമുഖമുണ്ടായിരുന്നു. അവയ്ക്ക് ഓരോന്നിനും വലതുഭാഗത്ത് സിംഹത്തിന്റെ+ മുഖവും ഇടതുഭാഗത്ത് കാളയുടെ+ മുഖവും ഉണ്ടായിരുന്നു. നാലിനും കഴുകന്റെ+ മുഖവും ഉണ്ടായിരുന്നു.+ 11 ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ. അവ ചിറകുകൾ മുകളിലേക്കു വിരിച്ചുപിടിച്ചിരുന്നു. പരസ്പരം തൊട്ടിരിക്കുന്ന ഈരണ്ടു ചിറകുകളും ശരീരം മൂടുന്ന ഈരണ്ടു ചിറകുകളും അവയ്ക്ക് ഓരോന്നിനുമുണ്ടായിരുന്നു.+
12 അവ ഓരോന്നും നേരെ മുന്നോട്ടുതന്നെയാണു പോയിരുന്നത്. ദൈവാത്മാവ് പ്രേരിപ്പിക്കുന്നിടത്തേക്കെല്ലാം അവ പോകുന്നു.+ ഇടംവലം തിരിയാതെയാണ് അവ പോയിരുന്നത്. 13 കാഴ്ചയ്ക്ക് ഈ ജീവികൾ തീക്കനൽപോലിരുന്നു. ഈ ജീവികളുടെ ഇടയിലൂടെ ഉജ്ജ്വലശോഭയുള്ള തീപ്പന്തങ്ങൾപോലെ എന്തോ ഒന്ന് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നുണ്ടായിരുന്നു. തീയിൽനിന്ന് മിന്നൽപ്പിണരുകൾ പുറപ്പെട്ടു.+ 14 ജീവികൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുമ്പോൾ മിന്നൽപ്പിണർപോലെ കാണപ്പെട്ടു.
15 ഞാൻ ആ ജീവികളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, നാലു മുഖമുള്ള ആ ജീവികളിൽ ഓരോന്നിന്റെയും അരികെ നിലത്ത് ഓരോ ചക്രം കണ്ടു.+ 16 ചക്രങ്ങൾ പീതരത്നംപോലെ* തിളങ്ങി. അവ നാലും ഒരുപോലിരുന്നു. ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം* എന്ന രീതിയിലായിരുന്നു അതിന്റെ പണി. 17 നീങ്ങുമ്പോൾ അവയ്ക്കു തിരിയാതെതന്നെ നാലു ദിശയിൽ ഏതിലേക്കു വേണമെങ്കിലും പോകാമായിരുന്നു. 18 കണ്ടാൽ ആർക്കും പേടി തോന്നുന്നത്ര ഉയരമുള്ളവയായിരുന്നു ചക്രങ്ങൾ. നാലു ചക്രത്തിന്റെയും വളയങ്ങൾ നിറയെ കണ്ണുകളായിരുന്നു.+ 19 ജീവികൾ നീങ്ങുമ്പോൾ ചക്രങ്ങളും അവയോടൊപ്പം നീങ്ങും. ജീവികൾ നിലത്തുനിന്ന് ഉയരുമ്പോൾ ചക്രങ്ങളും ഉയരും.+ 20 ദൈവാത്മാവ് പ്രേരിപ്പിക്കുന്നിടത്തേക്കെല്ലാം അവ പോകും; ആത്മാവ് എങ്ങോട്ടു പോകുന്നോ അങ്ങോട്ടെല്ലാം അവയും പോകും. അവ ഉയരുമ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉയരും. കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ്* ചക്രങ്ങളിലുമുണ്ടായിരുന്നു. 21 അവ നീങ്ങുമ്പോൾ ചക്രങ്ങളും നീങ്ങും. അവ നിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. അവ നിലത്തുനിന്ന് ഉയരുമ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉയരും. കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് ചക്രങ്ങളിലുമുണ്ടായിരുന്നു.
22 ജീവികളുടെ തലയ്ക്കു മീതെ വിതാനംപോലുള്ള ഒന്നുണ്ടായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞുകട്ടയുടേതുപോലെയായിരുന്നു അതിന്റെ തിളക്കം. അത് ആ ജീവികളുടെ തലയ്ക്കു മീതെ വ്യാപിച്ചുനിന്നു.+ 23 വിതാനത്തിനു കീഴെ അവയുടെ ചിറകുകൾ നേർക്കുനേരെ നിവർന്നുനിന്നു.* ഓരോന്നിനും അവയുടെ ശരീരത്തിന്റെ ഒരു ഭാഗം മറയ്ക്കാൻ രണ്ടു ചിറകും മറ്റേ ഭാഗം മറയ്ക്കാൻ രണ്ടു ചിറകും ഉണ്ടായിരുന്നു. 24 അവയുടെ ചിറകടിശബ്ദം കേട്ടപ്പോൾ ആർത്തിരമ്പിവരുന്ന വെള്ളത്തിന്റെ ശബ്ദംപോലെ, സർവശക്തന്റെ ശബ്ദംപോലെ,+ എനിക്കു തോന്നി. അവ നീങ്ങിയപ്പോൾ കേട്ട ശബ്ദം സൈന്യത്തിന്റെ ആരവംപോലെയായിരുന്നു. നിശ്ചലമായി നിൽക്കുമ്പോൾ അവ ചിറകുകൾ താഴ്ത്തിയിടും.
25 അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിന്റെ മുകളിൽനിന്ന് ഒരു ശബ്ദം കേട്ടു. (നിശ്ചലമായി നിൽക്കുമ്പോൾ അവ ചിറകുകൾ താഴ്ത്തിയിടും.) 26 അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽ കാഴ്ചയ്ക്ക് ഇന്ദ്രനീലക്കല്ലുപോലുള്ള ഒന്നു ഞാൻ കണ്ടു.+ അത് ഒരു സിംഹാസനംപോലെ തോന്നിച്ചു.+ അങ്ങു മുകളിലുള്ള ആ സിംഹാസനത്തിൽ മനുഷ്യനെപ്പോലുള്ള ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു.+ 27 ആ രൂപത്തിന്റെ അരക്കെട്ടുപോലെ തോന്നിച്ച ഭാഗവും അതിന്റെ മുകൾഭാഗവും രജതസ്വർണംപോലെ+ തിളങ്ങുന്നതു ഞാൻ കണ്ടു. അവിടെനിന്ന് തീ പുറപ്പെടുന്നതുപോലെ എനിക്കു തോന്നി. അരയ്ക്കു കീഴ്പോട്ടു തീപോലെ തോന്നിക്കുന്ന ഒന്നു ഞാൻ കണ്ടു.+ ഉജ്ജ്വലമായ ഒരു പ്രഭാവലയം ആ രൂപത്തിനു ചുറ്റുമുണ്ടായിരുന്നു. 28 മഴയുള്ള ദിവസം മേഘത്തിൽ കാണുന്ന മഴവില്ലിന്റേതുപോലുള്ള+ ശോഭയായിരുന്നു അതിന്. ആ പ്രഭാവലയം കാഴ്ചയിൽ അങ്ങനെയായിരുന്നു. അത് യഹോവയുടെ തേജസ്സുപോലെ തോന്നി.+ അതു കണ്ട് ഞാൻ കമിഴ്ന്നുവീണു. അപ്പോൾ, ആരോ സംസാരിക്കുന്ന ശബ്ദം കേട്ടു.