അധ്യായം 12
“ഞാൻ അവരെ . . . ഒറ്റ ജനതയാക്കും”
മുഖ്യവിഷയം: തന്റെ ജനത്തെ ഒരുമിച്ചുകൂട്ടുമെന്ന യഹോവയുടെ വാഗ്ദാനം; രണ്ടു വടിയെക്കുറിച്ചുള്ള പ്രവചനം
1, 2. (എ) പ്രവാസികൾക്കു ഭയം തോന്നിയിരിക്കാൻ സാധ്യതയുള്ളത് എന്തുകൊണ്ട്? (ബി) പക്ഷേ ഇത്തവണ എന്തായിരുന്നു വ്യത്യാസം? (സി) നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?
ദൈവം പറഞ്ഞതനുസരിച്ച്, യഹസ്കേൽ ഇതിനകം ബാബിലോണിലെ പ്രവാസികളോടു ദൃശ്യമായ അടയാളങ്ങൾ ഉപയോഗിച്ച് അനേകം പ്രവചനങ്ങൾ അറിയിച്ചുകഴിഞ്ഞു. യഹസ്കേൽ അഭിനയിച്ചുകാണിച്ച ആദ്യത്തെ പ്രവചനത്തിൽ ഒരു ന്യായവിധിസന്ദേശം അടങ്ങിയിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും പ്രവചനങ്ങളും തുടർന്നുള്ളവയും അങ്ങനെതന്നെയായിരുന്നു. (യഹ. 3:24-26; 4:1-7; 5:1; 12:3-6) അതെ, അടയാളങ്ങളിലൂടെ യഹസ്കേൽ ഇതുവരെ അഭിനയിച്ചുകാണിച്ച എല്ലാ പ്രവചനങ്ങളും ജൂതന്മാർക്കെതിരെയുള്ള അതിശക്തമായ ന്യായവിധിസന്ദേശങ്ങളായിരുന്നു.
2 ഇപ്പോൾ ഇതാ, യഹസ്കേൽ മറ്റൊരു പ്രവചനം അഭിനയിച്ചുകാണിക്കാൻ പോകുകയാണ്! അദ്ദേഹം അതിനു തയ്യാറെടുക്കുന്നതു കണ്ടപ്പോൾ ആ പ്രവാസികൾ എത്രമാത്രം ഭയന്നുകാണും! ‘ഇത്തവണ അദ്ദേഹം എന്താണോ അറിയിക്കാൻപോകുന്നത്’ എന്ന് അവർ ചിന്തിച്ചിരിക്കും. പക്ഷേ ഇപ്രാവശ്യം അവരെ കാത്തിരിക്കുന്നതോ? യഹസ്കേൽ അഭിനയിക്കാൻപോകുന്ന പ്രവചനം മുമ്പത്തേതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. അതു ന്യായവിധിയുടെ ഭയാനകസന്ദേശമല്ല, ശോഭനമായ ഒരു വാഗ്ദാനമാണ്! (യഹ. 37:23) യഹസ്കേൽ എന്തു സന്ദേശമാണ് ആ പ്രവാസികളെ അറിയിച്ചത്? എന്തായിരുന്നു അതിന്റെ അർഥം? ഇന്നത്തെ ദൈവദാസന്മാരെ അതു ബാധിക്കുന്നത് എങ്ങനെ? നമുക്കു നോക്കാം.
“ഒറ്റ വടിയായി അവ എന്റെ കൈയിൽ ഇരിക്കും”
3. (എ) ‘യഹൂദയ്ക്ക്’ എന്ന് എഴുതിയ വടി എന്തിനെ ചിത്രീകരിച്ചു? (ബി) ‘എഫ്രയീമിന്റെ വടി’ പത്തു-ഗോത്ര രാജ്യത്തെ ചിത്രീകരിച്ചു എന്നു പറയുന്നത് എന്തുകൊണ്ട്?
3 രണ്ടു വടി എടുത്തിട്ട് ഒന്നിൽ ‘യഹൂദയ്ക്ക്’ എന്നും മറ്റേതിൽ ‘എഫ്രയീമിന്റെ വടിയായ യോസേഫിന്’ എന്നും എഴുതാൻ യഹോവ യഹസ്കേലിനോടു പറഞ്ഞു. (യഹസ്കേൽ 37:15, 16 വായിക്കുക.) ഈ രണ്ടു വടി എന്തിനെയാണു ചിത്രീകരിച്ചത്? ‘യഹൂദയ്ക്ക്’ എന്ന് എഴുതിയ വടി, യഹൂദയും ബന്യാമീനും ചേർന്ന രണ്ടു-ഗോത്ര രാജ്യത്തെയാണു ചിത്രീകരിച്ചത്. യഹൂദാവംശത്തിൽപ്പെട്ട രാജാക്കന്മാരാണ് ആ രണ്ടു ഗോത്രത്തെയും ഭരിച്ചിരുന്നത്; കൂടാതെ, പുരോഹിതന്മാർ സേവിച്ചിരുന്നത് യരുശലേമിലെ ദേവാലയത്തിലായിരുന്നതുകൊണ്ട് പൗരോഹിത്യത്തിനും ആ രണ്ടു-ഗോത്ര രാജ്യവുമായി ബന്ധമുണ്ടായിരുന്നു. (2 ദിന. 11:13, 14; 34:30) അതുകൊണ്ടുതന്നെ ദാവീദിന്റെ രാജപരമ്പരയും ലേവ്യപൗരോഹിത്യവും യഹൂദാരാജ്യത്തിന്റെ ഭാഗമായിരുന്നു. ‘എഫ്രയീമിന്റെ വടിയാകട്ടെ’ പത്തു-ഗോത്ര ഇസ്രായേലിനെയാണു ചിത്രീകരിച്ചത്. എന്നാൽ ആ വടിക്ക് എഫ്രയീമുമായുള്ള ബന്ധം എന്തായിരുന്നു? പത്തു-ഗോത്ര രാജ്യത്തിന്റെ ആദ്യത്തെ രാജാവായ യൊരോബെയാം എഫ്രയീംഗോത്രക്കാരനായിരുന്നു. പിൽക്കാലത്ത് എഫ്രയീം, ഇസ്രായേലിലെ ഏറ്റവും പ്രമുഖമായ ഗോത്രമായിത്തീരുകയും ചെയ്തു. (ആവ. 33:17; 1 രാജാ. 11:26) എന്നാൽ ദാവീദിന്റെ വംശത്തിൽപ്പെട്ട രാജാക്കന്മാരോ ലേവ്യപുരോഹിതന്മാരോ പത്തു-ഗോത്ര ഇസ്രായേലിന്റെ ഭാഗമല്ലായിരുന്നു.
4. രണ്ടു വടി ഉപയോഗിച്ച് യഹസ്കേൽ ചെയ്തത് എന്തിനെയാണു ചിത്രീകരിച്ചത്? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
4 ആ രണ്ടു വടിയും ‘ഒറ്റ വടിയായിത്തീരേണ്ടതിന്’ അവ ചേർത്തുപിടിക്കാൻ യഹസ്കേലിനു നിർദേശം കിട്ടി. യഹസ്കേൽ ചെയ്യുന്നതെല്ലാം അങ്കലാപ്പോടെ നോക്കിനിന്ന പ്രവാസികൾ അദ്ദേഹത്തോടു ചോദിച്ചു: “എന്താണ് ഇതിന്റെയൊക്കെ അർഥം?” ഇതെല്ലാം യഹോവ ചെയ്യാൻപോകുന്ന കാര്യങ്ങളുടെ ഒരു പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ആ രണ്ടു വടിയെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞിരുന്നു: “ഞാൻ അവ ഒറ്റ വടിയാക്കും. അങ്ങനെ, ഒറ്റ വടിയായി അവ എന്റെ കൈയിൽ ഇരിക്കും.”—യഹ. 37:17-19.
5. യഹസ്കേൽ അഭിനയിച്ചുകാണിച്ച കാര്യത്തിന്റെ അർഥം എന്താണ്? (“രണ്ടു വടി ഒന്നായിത്തീരുന്നു” എന്ന ചതുരം കാണുക.)
5 ആ വടികൾ രണ്ടും യോജിപ്പിക്കുന്നതിന്റെ അർഥവും യഹോവ വിശദീകരിച്ചു. (യഹസ്കേൽ 37:21, 22 വായിക്കുക.) രണ്ടു-ഗോത്ര യഹൂദയിൽനിന്നുള്ള പ്രവാസികളെയും പത്തു-ഗോത്ര ഇസ്രായേലിൽനിന്നുള്ള (എഫ്രയീമിൽനിന്നുള്ള) പ്രവാസികളെയും ഇസ്രായേൽ ദേശത്തേക്കു കൊണ്ടുവരുമായിരുന്നു. അങ്ങനെ അവർ ‘ഒറ്റ ജനതയാകും.’—യിരെ. 30:1-3; 31:2-9; 33:7.
6. യഹസ്കേൽ 37-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പരസ്പരപൂരകങ്ങളായ പ്രവചനങ്ങൾ ഏതെല്ലാം?
6 എത്ര അതിശയകരമായ പുനഃസ്ഥാപനപ്രവചനങ്ങളാണ് യഹസ്കേൽ 37-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്! പരസ്പരപൂരകങ്ങളായ ആ പ്രവചനങ്ങളനുസരിച്ച്, യഹോവ അവരെ അടിമത്തത്തിൽനിന്ന് സ്വതന്ത്രരാക്കുക മാത്രമല്ല (1-14 വാക്യങ്ങൾ) അവരുടെ ഇടയിൽ ഐക്യം (15-28 വാക്യങ്ങൾ) പുനഃസ്ഥാപിക്കുകയും ചെയ്യുമായിരുന്നു. ആ രണ്ടു പ്രവചനങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോത്സാഹജനകമായ സന്ദേശം ഇതാണ്: അടിമത്തം സ്വാതന്ത്ര്യത്തിനും, ഭിന്നത ഐക്യത്തിനും വഴിമാറും.
യഹോവ എങ്ങനെയാണ് ‘അവരെ കൂട്ടിവരുത്തിയത്?’
7. 1 ദിനവൃത്താന്തം 9:2, 3-ലെ വിവരണം, ‘ദൈവത്തിന് എല്ലാം സാധ്യമാണ്’ എന്ന വസ്തുത സ്ഥിരീകരിക്കുന്നത് എങ്ങനെ?
7 മാനുഷികവീക്ഷണത്തിൽ നോക്കിയാൽ, ആ പ്രവാസികൾക്കു സ്വാതന്ത്ര്യം കിട്ടുന്നതും അവരെ ഒരുമിപ്പിക്കുന്നതും തികച്ചും അസാധ്യമായിരുന്നു.a എന്നാൽ ‘ദൈവത്തിന് എല്ലാം സാധ്യമാണ്.’ (മത്താ. 19:26) യഹോവ തന്റെ പ്രവചനം നിറവേറ്റി. ബി.സി. 537-ൽ ബാബിലോണിലെ പ്രവാസം അവസാനിച്ചു. തുടർന്ന് യരുശലേമിൽ വന്ന് സത്യാരാധന പുനഃസ്ഥാപിക്കാൻ സഹായിച്ചവരിൽ ഇരുരാജ്യങ്ങളിലെയും ആളുകൾ ഉണ്ടായിരുന്നു. ദൈവപ്രചോദിതമായ തിരുവെഴുത്തുകൾ അതു സ്ഥിരീകരിക്കുന്നുമുണ്ട്. “യഹൂദയുടെയും ബന്യാമീന്റെയും എഫ്രയീമിന്റെയും മനശ്ശെയുടെയും വംശജരിൽ ചിലർ യരുശലേമിൽ താമസമാക്കി” എന്ന് അതു പറയുന്നു. (1 ദിന. 9:2, 3; എസ്ര 6:17) അതെ, യഹോവ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ പത്തു-ഗോത്ര ഇസ്രായേലിൽപ്പെട്ടവരും രണ്ടു-ഗോത്ര യഹൂദയിൽപ്പെട്ടവരും ഒരൊറ്റ കൂട്ടമായിത്തീർന്നു.
8. (എ) യശയ്യ എന്താണു പ്രവചിച്ചത്? (ബി) യഹസ്കേൽ 37:21-ൽ നിന്ന് സുപ്രധാനമായ ഏതു രണ്ടു കാര്യം മനസ്സിലാക്കാം?
8 അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യം കിട്ടുന്ന ഇസ്രായേലിനും യഹൂദയ്ക്കും എന്തു സംഭവിക്കുമെന്ന് അതിനും 200-ഓളം വർഷം മുമ്പ് യശയ്യ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞിരുന്നു. ‘ഇസ്രായേലിൽനിന്ന് ചിതറിപ്പോയവരെയും’ ‘യഹൂദയിൽനിന്ന് ചിതറിപ്പോയവരെയും’ യഹോവ കൂട്ടിച്ചേർക്കുമെന്ന് അദ്ദേഹം മുൻകൂട്ടിപ്പറഞ്ഞു. അവരെ “ഭൂമിയുടെ നാലു കോണിൽനിന്നും,” ‘അസീറിയയിൽനിന്നുപോലും’ കൊണ്ടുവരുമായിരുന്നു. (യശ. 11:12, 13, 16) അതെ, മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ യഹോവ ‘ഇസ്രായേല്യരെ അവർ ചെന്നെത്തിയ ജനതകളുടെ ഇടയിൽനിന്ന് ഒരുമിച്ചുകൂട്ടി.’ (യഹ. 37:21) വളരെ പ്രധാനപ്പെട്ട രണ്ടു കാര്യം ശ്രദ്ധിച്ചോ? യഹോവ മേലാൽ ആ പ്രവാസികളെ ‘യഹൂദ’ എന്നും ‘എഫ്രയീം’ എന്നും രണ്ടായി വിളിക്കാതെ, ഒരൊറ്റ കൂട്ടമായി കണക്കാക്കി ‘ഇസ്രായേല്യർ’ എന്നു വിളിച്ചിരിക്കുന്നു. ഇനി, ഇസ്രായേല്യർ ബാബിലോൺ എന്ന ഒരൊറ്റ രാഷ്ട്രത്തിൽനിന്നല്ല പല ജനതകളുടെ ഇടയിൽനിന്ന് വരുന്നതായാണു പറഞ്ഞിരിക്കുന്നത്. വാസ്തവത്തിൽ, അവരെ “നാനാദിക്കിൽനിന്നും” കൂട്ടിവരുത്തുമായിരുന്നു.
9. ഇസ്രായേലിലേക്കു മടങ്ങിയെത്തിയ പ്രവാസികളുടെ ഇടയിൽ ഐക്യം വളർത്താൻ യഹോവ സഹായിച്ചത് എങ്ങനെ?
9 ഇസ്രായേലിലേക്കു മടങ്ങിയെത്തിയ പ്രവാസികളുടെ ഇടയിൽ ഐക്യം വളർത്താൻ യഹോവ എങ്ങനെയാണു സഹായിച്ചത്? യഹോവ അവർക്ക് ആത്മീയയിടയന്മാരെ നൽകി. അവരിൽ ചിലരായിരുന്നു സെരുബ്ബാബേൽ, മഹാപുരോഹിതനായ യോശുവ, എസ്ര, നെഹമ്യ എന്നിവർ. ഹഗ്ഗായി, സെഖര്യ, മലാഖി എന്നീ പ്രവാചകന്മാരെയും ദൈവം നിയമിച്ചു. ദൈവത്തിന്റെ നിർദേശങ്ങൾ അനുസരിക്കാൻ ആ ജനതയെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിശ്വസ്തപുരുഷന്മാർ കഠിനാധ്വാനം ചെയ്തു. (നെഹ. 8:2, 3) ഇതിനെല്ലാം പുറമേ ശത്രുക്കൾ ദൈവജനത്തിന് എതിരെ മനഞ്ഞ ഗൂഢപദ്ധതികൾ തകർത്തുകൊണ്ടും യഹോവ ഇസ്രായേൽ ജനതയെ സംരക്ഷിച്ചു.—എസ്ഥേ. 9:24, 25; സെഖ. 4:6.
10. സാത്താൻ ഒടുവിൽ ഏതു ലക്ഷ്യം കൈവരിച്ചു?
10 ദൈവം സ്നേഹത്തോടെ ഇത്രയേറെ കാര്യങ്ങൾ ചെയ്തുകൊടുത്തിട്ടും മിക്ക ഇസ്രായേല്യരും ശുദ്ധാരാധനയോടു പറ്റിനിന്നില്ല. അവർ ചെയ്തുകൂട്ടിയതെല്ലാം, പ്രവാസികളുടെ മടങ്ങിവരവിനു ശേഷം എഴുതിയ ബൈബിൾപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (എസ്ര 9:1-3; നെഹ. 13:1, 2, 15) വാസ്തവത്തിൽ, സ്വദേശത്തേക്കു മടങ്ങിയെത്തി ഒരു നൂറ്റാണ്ടിനുള്ളിൽ ഇസ്രായേല്യർ ശുദ്ധാരാധനയിൽനിന്ന് വളരെയേറെ അകന്നുപോയി. ഒടുവിൽ യഹോവയ്ക്ക് അവരോട്, “എന്റെ അടുത്തേക്കു മടങ്ങിവരൂ” എന്നു പറയേണ്ടിവന്നു. (മലാ. 3:7) യേശു ഭൂമിയിൽ വന്ന സമയമായപ്പോഴേക്കും ജൂതമതം അനേകം ഉപവിഭാഗങ്ങളായി ഛിദ്രിച്ചുപോയിരുന്നു. അവയ്ക്കു നേതൃത്വമെടുത്തിരുന്നതാകട്ടെ, അവിശ്വസ്തരായ ഇടയന്മാരും. (മത്താ. 16:6; മർക്കോ. 7:5-8) അതെ, സമ്പൂർണമായ ഐക്യം കൈവരിക്കുന്നതിൽനിന്ന് അവരെ തടയാൻ സാത്താനു കഴിഞ്ഞു. എങ്കിലും അവരെ ഒരുമിപ്പിക്കുമെന്ന യഹോവയുടെ പ്രവചനം നിറവേറുകതന്നെ ചെയ്യുമായിരുന്നു. പക്ഷേ എങ്ങനെ?
“എന്റെ ദാസനായ ദാവീദായിരിക്കും അവരുടെ രാജാവ്”
11. (എ) തന്റെ ജനത്തെ ഒരുമിപ്പിക്കുമെന്നുള്ള പ്രവചനത്തെക്കുറിച്ച് യഹോവ എന്തു വെളിപ്പെടുത്തി? (ബി) സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടശേഷം സാത്താൻ വീണ്ടും എന്തിനു ശ്രമിച്ചു?
11 യഹസ്കേൽ 37:24 വായിക്കുക. തന്റെ ‘ദാസനായ ദാവീദ്’ അഥവാ യേശു, രാജാവായി ഭരണം തുടങ്ങിയതിനു ശേഷം മാത്രമേ തന്റെ ജനത്തെ ഒരുമിപ്പിക്കുമെന്നുള്ള പ്രവചനം പൂർണമായി നിറവേറുകയുള്ളൂ എന്ന് യഹോവ വെളിപ്പെടുത്തി. 1914-ലാണു യേശു രാജാവാകുന്നത്.b (2 ശമു. 7:16; ലൂക്കോ. 1:32) അപ്പോഴേക്കും സ്വാഭാവിക ഇസ്രായേലിനു പകരം, ആത്മാഭിഷിക്തരുടെ കൂട്ടമായ ആത്മീയ ഇസ്രായേൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. (യിരെ. 31:33; ഗലാ. 3:29) ഇപ്പോൾ, സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ട സാത്താൻ ദൈവജനത്തിന്റെ ഐക്യം തകർക്കുന്നതിനു കൂടുതലായ ശ്രമം തുടങ്ങി. (വെളി. 12:7-10) ഉദാഹരണത്തിന്, 1916-ൽ റസ്സൽ സഹോദരൻ മരിച്ചതോടെ വിശ്വാസത്യാഗികളെ ഉപയോഗിച്ച് അഭിഷിക്തരുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കാൻ സാത്താൻ ശ്രമിച്ചു. എന്നാൽ അധികം വൈകാതെ ആ വിശ്വാസത്യാഗികൾ സംഘടന വിട്ടുപോയി. അന്നു പ്രവർത്തനത്തിനു നേതൃത്വമെടുത്തിരുന്ന സഹോദരങ്ങളെ ജയിലിലാക്കാനുള്ള സാത്താന്റെ തന്ത്രവും വിജയം കണ്ടു. പക്ഷേ യഹോവയുടെ ജനത്തെ ഇല്ലാതാക്കാൻ അതിനും കഴിഞ്ഞില്ല. യഹോവയോടു വിശ്വസ്തരായി നിന്ന അഭിഷിക്തസഹോദരന്മാർ തങ്ങൾക്കിടയിലെ ഐക്യം നിലനിറുത്തി.
12. ആത്മീയ ഇസ്രായേലിനെ ഭിന്നിപ്പിക്കാനുള്ള സാത്താന്റെ ശ്രമങ്ങൾ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?
12 അതെ, സ്വാഭാവിക ഇസ്രായേലിനു സംഭവിച്ചത് ആത്മീയ ഇസ്രായേലിന്റെ കാര്യത്തിൽ സംഭവിച്ചില്ല. ഭിന്നിപ്പുണ്ടാക്കാനുള്ള സാത്താന്റെ കുടിലതന്ത്രങ്ങളെ അവർ ചെറുത്തുനിന്നു. സാത്താന്റെ ശ്രമങ്ങൾ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്? യഹോവയുടെ നിലവാരങ്ങളോടു പറ്റിനിൽക്കാൻ അഭിഷിക്തർ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചതായിരുന്നു അതിനു കാരണം. അതുകൊണ്ടുതന്നെ, തങ്ങളുടെ രാജാവായ യേശുക്രിസ്തുവിന്റെ സംരക്ഷണം അവർക്കുണ്ടായിരുന്നു. ആ രാജാവ് ഇന്നും സാത്താന് എതിരെ ജയിച്ചുമുന്നേറിക്കൊണ്ടിരിക്കുകയാണ്.—വെളി. 6:2.
തന്റെ ആരാധകർ ഒന്നായിത്തീരാൻ യഹോവ ഇടയാക്കും
13. രണ്ടു വടി ഒന്നായിത്തീരുന്നതിനെക്കുറിച്ചുള്ള പ്രാവചനിക ദൃഷ്ടാന്തം ശുദ്ധാരാധനയെക്കുറിച്ച് ഏതു സുപ്രധാനസത്യമാണു പഠിപ്പിക്കുന്നത്?
13 രണ്ടു വടി ഒന്നായിത്തീരുന്നതിനെക്കുറിച്ചുള്ള പ്രവചനത്തിനു നമ്മുടെ കാലത്ത് എന്തു പ്രസക്തിയാണുള്ളത്? രണ്ടു കൂട്ടർ ഒരുമിക്കുന്നതിനെക്കുറിച്ച് വർണിക്കുന്നതായിരുന്നു പ്രധാനമായും ആ പ്രവചനമെന്ന് ഓർക്കുക. അതിലുപരി ആ ഐക്യത്തിനു പിന്നിൽ പ്രവർത്തിക്കുന്നത് യഹോവയാണെന്ന വസ്തുതയ്ക്കും അത് അടിവരയിടുന്നു. അങ്ങനെയെങ്കിൽ രണ്ടു വടി ഒന്നായിത്തീരുന്നതിനെക്കുറിച്ചുള്ള ഈ പ്രാവചനികദൃഷ്ടാന്തം ശുദ്ധാരാധനയെക്കുറിച്ച് ഏതു സുപ്രധാനസത്യമാണു നമ്മളെ പഠിപ്പിക്കുന്നത്? ലളിതമായി പറഞ്ഞാൽ ഇതാണ്: തന്റെ ആരാധകർ ‘ഒറ്റ വടിയെന്നപോലെ’ ഒന്നായിത്തീരാൻ യഹോവ ഇടയാക്കും.—യഹ. 37:19.
14. വടികൾ ഒന്നായിത്തീരുന്നതിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ വലിയ നിവൃത്തി 1919 മുതൽ കണ്ടുതുടങ്ങിയത് എങ്ങനെ?
14 രണ്ടു വടി ഒന്നായിത്തീരുന്നതിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ വലിയ നിവൃത്തി 1919 മുതൽ കണ്ടുതുടങ്ങി. ആ വർഷമായപ്പോഴേക്കും ദൈവജനം ആത്മീയമായി ശുദ്ധീകരിക്കപ്പെടുകയും ഒരു ആത്മീയപറുദീസയിലേക്കു പ്രവേശിച്ചുതുടങ്ങുകയും ചെയ്തിരുന്നു. അക്കാലത്ത്, ഐക്യമുള്ള ആ കൂട്ടത്തിന്റെ ഭാഗമായിത്തീർന്നവരിൽ ഭൂരിപക്ഷത്തിനും സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആകാനുള്ള പ്രത്യാശയാണുണ്ടായിരുന്നത്. (വെളി. 20:6) ഒരു ആലങ്കാരികാർഥത്തിൽ ഈ അഭിഷിക്തർ ‘യഹൂദയ്ക്ക്’ എന്ന് എഴുതിയ വടിപോലെയായിരുന്നു. കാരണം ദാവീദിന്റെ വംശത്തിൽപ്പെട്ട രാജാക്കന്മാരും ലേവ്യപുരോഹിതന്മാരും ഉൾപ്പെട്ട ഒരു രാഷ്ട്രമായിരുന്നു യഹൂദ. എന്നാൽ കാലം കടന്നുപോയപ്പോൾ ഈ ആത്മീയജൂതന്മാരോടൊപ്പം ഭൗമികപ്രത്യാശയുള്ള അനേകമനേകം ആളുകൾ വന്നുചേരാൻ തുടങ്ങി. അവരാകട്ടെ ‘എഫ്രയീമിന്റെ വടി’പോലെയായിരുന്നു. കാരണം ദാവീദിന്റെ വംശത്തിൽപ്പെട്ട രാജാക്കന്മാരും ലേവ്യപുരോഹിതന്മാരും ആ രാഷ്ട്രത്തിൽനിന്ന് വരുമായിരുന്നില്ല. ഇന്ന് ആ ഇരുകൂട്ടരും യഹോവയുടെ ജനമായി യേശുക്രിസ്തു എന്ന ഒരേ രാജാവിന്റെ കീഴിൽ ഐക്യത്തോടെ സേവിക്കുന്നു.—യഹ. 37:24.
‘അവർ എന്റെ ജനമായിരിക്കും’
15. യഹസ്കേൽ 37:26, 27-ലെ പ്രവചനം ഇന്നു നിറവേറുന്നത് എങ്ങനെ?
15 അഭിഷിക്തരോടൊപ്പം ശുദ്ധാരാധന അർപ്പിക്കാൻ അനേകം ആളുകൾക്കു പ്രേരണ തോന്നുമെന്ന് യഹസ്കേൽ പ്രവചനത്തിൽത്തന്നെ സൂചനയുണ്ട്. തന്റെ ജനത്തെക്കുറിച്ച് യഹോവ പറഞ്ഞു: “ഞാൻ അവരെ . . . വർധിപ്പിക്കും,” “എന്റെ കൂടാരം അവർക്കു മീതെയുണ്ടായിരിക്കും.” (യഹ. 37:26, 27, അടിക്കുറിപ്പ്) യഹസ്കേലിന്റെ കാലത്തിന് 700-ഓളം വർഷങ്ങൾക്കു ശേഷം അപ്പോസ്തലനായ യോഹന്നാനു ലഭിച്ച ഒരു പ്രവചനത്തിലെ വാക്കുകളാണ് ഇതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. അവിടെ, ‘ഒരു മഹാപുരുഷാരത്തിന്,’ ‘സിംഹാസനത്തിൽ ഇരിക്കുന്നവൻ തന്റെ കൂടാരത്തിൽ അഭയം നൽകുന്നതായാണു’ പറഞ്ഞിരിക്കുന്നത്. (വെളി. 7:9, 15) അതെ, ഇന്ന് അഭിഷിക്തരും മഹാപുരുഷാരവും ചേർന്ന ദൈവജനം ഒരൊറ്റ ജനതയായി ദൈവത്തിന്റെ കൂടാരത്തിൽ സുരക്ഷിതത്വത്തോടെ കഴിയുന്നു.
16. ആത്മീയ ഇസ്രായേലും ഭൗമികപ്രത്യാശയുള്ളവരും ഒരൊറ്റ കൂട്ടമായിത്തീരുന്നതിനെക്കുറിച്ച് സെഖര്യ എന്താണു പ്രവചിച്ചത്?
16 ആത്മീയജൂതന്മാരും ഭൗമികപ്രത്യാശയുള്ളവരും ഒരൊറ്റ കൂട്ടമായിത്തീരുമെന്ന കാര്യം സെഖര്യയും പ്രവചിച്ചിരുന്നു. പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയ ആളായിരുന്നു അദ്ദേഹവും. “ജനതകളിലെ . . . പത്തു പേർ ഒരു ജൂതന്റെ വസ്ത്രത്തിൽ . . . മുറുകെ പിടിച്ച്” ഇങ്ങനെ പറയും എന്ന് അദ്ദേഹം പറഞ്ഞു: “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്.” (സെഖ. 8:23) ‘ഒരു ജൂതൻ’ എന്ന പദപ്രയോഗം ഒരൊറ്റ വ്യക്തിയെ അല്ല, മറിച്ച് ഒരു കൂട്ടത്തെയാണ് അർഥമാക്കുന്നതെന്നു ‘നിങ്ങൾ’ എന്ന പദപ്രയോഗം സൂചിപ്പിക്കുന്നു. ഇന്ന് അത് അഭിഷിക്തശേഷിപ്പിനെ അഥവാ ആത്മീയജൂതന്മാരെ ആണ് കുറിക്കുന്നത്. (റോമ. 2:28, 29) “പത്തു പേർ” കുറിക്കുന്നതു ഭൗമികപ്രത്യാശയുള്ളവരെയാണ്. അവർ അഭിഷിക്തരെ “മുറുകെ പിടിച്ച്” അവരുടെ ‘കൂടെ പോകുന്നു.’ (യശ. 2:2, 3; മത്താ. 25:40) “മുറുകെ പിടിച്ച്,” ‘കൂടെ പോകുന്നു’ എന്നീ പദപ്രയോഗങ്ങൾ സൂചിപ്പിക്കുന്നത്, അഭിഷിക്തരും ഭൗമികപ്രത്യാശയുള്ളവരും സമ്പൂർണമായ ഐക്യത്തോടെ ഒരൊറ്റ കൂട്ടമാകുമെന്നാണ്.
17. ഇന്നു നമ്മുടെ ഇടയിലുള്ള ഐക്യത്തെ യേശു വർണിച്ചത് എങ്ങനെ?
17 തന്റെ ആടുകളും (അഭിഷിക്തർ) “വേറെ ആടുകളും” (ഭൗമികപ്രത്യാശയുള്ളവർ) ഇടയനായ തന്റെ നേതൃത്വത്തിൻകീഴിൽ “ഒറ്റ ആട്ടിൻകൂട്ടമാകും” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, ഒരുമിപ്പിക്കലിനെക്കുറിച്ചുള്ള യഹസ്കേലിന്റെ പ്രവചനമായിരുന്നിരിക്കാം. (യോഹ. 10:16; യഹ. 34:23; 37:24, 25) നമ്മുടെ പ്രത്യാശ എന്തായാലും, ഇന്നു നമ്മുടെ ഇടയിൽ അതിശക്തമായ ആത്മീയ ഐക്യമുണ്ട്! യേശുവിന്റെയും പണ്ടത്തെ പ്രവാചകന്മാരുടെയും വാക്കുകൾ അക്കാര്യം വളരെ നന്നായി വരച്ചുകാട്ടുന്നു. വ്യാജമതം എണ്ണമറ്റ വിഭാഗങ്ങളായി ചിന്നിച്ചിതറിയിരിക്കുന്ന ഇക്കാലത്ത് നമ്മുടെ ഇടയിലെ ഐക്യം എത്ര വിസ്മയാവഹമാണ്!
‘എന്റെ വിശുദ്ധമന്ദിരം എന്നെന്നും അവരുടെ മധ്യേ ഇരിക്കും’
18. യഹസ്കേൽ 37:28-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ ദൈവജനം ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതു’ വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
18 നമ്മുടെ ഐക്യം ഒരിക്കലും തകർക്കപ്പെടില്ലെന്ന് ഉറപ്പു തരുന്നതാണ് ഒരുമിപ്പിക്കലിനെക്കുറിച്ചുള്ള യഹസ്കേലിന്റെ പ്രവചനത്തിലെ അവസാനവാക്കുകൾ. (യഹസ്കേൽ 37:28 വായിക്കുക.) യഹോവയുടെ വിശുദ്ധമന്ദിരം അഥവാ ശുദ്ധാരാധന ദൈവജനത്തിനു ‘മധ്യേ ഇരിക്കുന്നതുകൊണ്ടാണ്’ അവരുടെ ഇടയിൽ ഐക്യം നിലനിൽക്കുന്നത്. അവർ സാത്താന്റെ ലോകത്തിൽനിന്ന് വേറിട്ട്, വിശുദ്ധരായി നിൽക്കുന്നിടത്തോളം യഹോവയുടെ വിശുദ്ധമന്ദിരം അവരുടെ ഇടയിൽ ഉണ്ടായിരിക്കുകയും ചെയ്യും. (1 കൊരി. 6:11; വെളി. 7:14) ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നത് എത്ര പ്രധാനമാണെന്നു യേശു ഊന്നിപ്പറഞ്ഞു. ഭൂമിയിലെ അവസാനരാത്രിയിൽ തന്റെ ശിഷ്യന്മാർക്കുവേണ്ടി നടത്തിയ ഹൃദയംഗമമായ പ്രാർഥനയിൽ യേശു പറഞ്ഞു: ‘പരിശുദ്ധപിതാവേ, അവർ ഒന്നായിരിക്കേണ്ടതിന് അവരെ കാത്തുകൊള്ളേണമേ;’ ‘അവർ ലോകത്തിന്റെ ഭാഗമല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ.’ (യോഹ. 17:11, 16, 17) ‘ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നതും’ ‘ഒന്നായിരിക്കുന്നതും’ തമ്മിലുള്ള ബന്ധം യേശു വ്യക്തമാക്കിയിരിക്കുന്നതു കണ്ടോ?
19. (എ) നമ്മൾ ‘ദൈവത്തെ അനുകരിക്കുന്നവരാണെന്ന്’ എങ്ങനെ തെളിയിക്കാം? (ബി) മരണത്തിന്റ തലേരാത്രിയിൽ ഐക്യത്തെക്കുറിച്ചുള്ള ഏതു സുപ്രധാനസത്യമാണു യേശു ഊന്നിപ്പറഞ്ഞത്?
19 യേശു ദൈവത്തെ “പരിശുദ്ധപിതാവേ” എന്നു വിളിച്ചിരിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സന്ദർഭമാണ് ഇത്. യഹോവ എല്ലാ അർഥത്തിലും പരിശുദ്ധനും നേരുള്ളവനും ആണ്. “ഞാൻ വിശുദ്ധനായതുകൊണ്ട് നിങ്ങളും വിശുദ്ധരായിരിക്കണം” എന്ന് യഹോവ പണ്ട് ഇസ്രായേല്യരോടു കല്പിച്ചു. (ലേവ്യ 11:45) ‘ദൈവത്തെ അനുകരിക്കുന്നവരായ’ നമ്മൾ എന്തു ചെയ്യുമ്പോഴും ആ കല്പന ഓർക്കണം. (എഫെ. 5:1; 1 പത്രോ. 1:14, 15) മനുഷ്യരുടെ കാര്യത്തിൽ, ‘വിശുദ്ധരായിരിക്കുക’ എന്നതിന്റെ അർഥം “വേറിട്ടുനിൽക്കുക” എന്നാണ്. അതുകൊണ്ട് മരണത്തിന്റെ തലേ രാത്രിയിൽ യേശു പറഞ്ഞ ആ വാക്കുകൾ സൂചിപ്പിച്ചത്, ശിഷ്യന്മാരുടെ ഇടയിൽ ഐക്യമുണ്ടായിരിക്കണമെങ്കിൽ അവർ ഈ ലോകത്തിൽനിന്നും അതിന്റെ വിഭാഗീയചിന്താഗതിയിൽനിന്നും അകന്നുനിൽക്കണം എന്നാണ്.
‘ദുഷ്ടനായവനിൽനിന്ന് അവരെ കാത്തുകൊള്ളണം’
20, 21. (എ) യഹോവയുടെ സംരക്ഷകശക്തിയിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നത് എന്താണ്? (ബി) നിങ്ങളുടെ തീരുമാനം എന്താണ്?
20 ഭൂമിയിലെങ്ങുമുള്ള യഹോവയുടെ സാക്ഷികൾക്കിടയിൽ ഇന്ന് അസാധാരണമായ ഐക്യം ദൃശ്യമാണ്. ‘ദുഷ്ടനായവനിൽനിന്ന് അവരെ കാത്തുകൊള്ളണം’ എന്ന യേശുവിന്റെ അപേക്ഷയ്ക്ക് യഹോവ ഉത്തരം കൊടുത്തു എന്നതിന്റെ വ്യക്തമായ തെളിവാണ് അത്. (യോഹന്നാൻ 17:14, 15 വായിക്കുക.) ദൈവജനത്തിന്റെ ഐക്യം തകർക്കാനുള്ള സാത്താന്റെ ശ്രമങ്ങൾ അമ്പേ പരാജയപ്പെടുന്നതു കാണുമ്പോൾ യഹോവയുടെ സംരക്ഷകശക്തിയിലുള്ള നമ്മുടെ വിശ്വാസം ശക്തമാകുന്നില്ലേ? യഹസ്കേൽപ്രവചനത്തിൽ കാണുന്ന ആ രണ്ടു വടി തന്റെ കൈയിൽവെച്ച് ഒന്നാകുന്നതായിട്ടാണ് യഹോവ പറഞ്ഞിരിക്കുന്നത്. അതെ, ദൈവജനത്തിന് ഇടയിലെ അത്ഭുതകരമായ ഐക്യത്തിനു പിന്നിൽ യഹോവയാണ്, യഹോവയുടെ സംരക്ഷകകരങ്ങളാണ്. അവ സാത്താന്റെ എത്തുപാടിന് അതീതവുമാണ്!
21 അങ്ങനെയെങ്കിൽ നമ്മുടെ തീരുമാനം എന്തായിരിക്കണം? നമ്മുടെ ഇടയിലെ അമൂല്യമായ ഐക്യം ഊട്ടിയുറപ്പിക്കാൻ നമ്മൾ ഓരോരുത്തരും കഴിവിന്റെ പരമാവധി ശ്രമിക്കണം. അതു ചെയ്യാനാകുന്ന സുപ്രധാനമായ ഒരു വിധം ഏതാണ്? യഹോവയുടെ ആത്മീയാലയത്തിൽ പതിവായി ശുദ്ധാരാധന അർപ്പിക്കുക. അത്തരം ആരാധനയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു തുടർന്നുള്ള അധ്യായങ്ങളിൽ നമ്മൾ കാണും.
a യഹസ്കേലിന് ഈ പ്രവചനം ലഭിക്കുന്നതിന് ഏതാണ്ട് രണ്ടു നൂറ്റാണ്ടു മുമ്പ് പത്തു-ഗോത്ര രാജ്യക്കാരെ (‘എഫ്രയീമിന്റെ വടി’) അസീറിയക്കാർ ബന്ദികളായി പിടിച്ചുകൊണ്ടുപോയിരുന്നു.— 2 രാജാ. 17:23.
b ഈ പുസ്തകത്തിന്റെ 8-ാം അധ്യായത്തിൽ ഈ പ്രവചനം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.