യഹസ്കേൽ
37 യഹോവയുടെ കൈ എന്റെ മേലുണ്ടായിരുന്നു. യഹോവ തന്റെ ആത്മാവിനാൽ എന്നെ എടുത്തുകൊണ്ടുപോയി താഴ്വരയുടെ നടുവിൽ നിറുത്തി;+ അവിടെ മുഴുവൻ അസ്ഥികളായിരുന്നു. 2 അവയ്ക്കു ചുറ്റും ദൈവം എന്നെ നടത്തി. താഴ്വരയിൽ ധാരാളം അസ്ഥികൾ കിടക്കുന്നതു ഞാൻ കണ്ടു. അവ വരണ്ടുണങ്ങിയിരുന്നു.+ 3 ദൈവം എന്നോടു ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾക്കു ജീവൻ വെക്കുമോ?” അപ്പോൾ ഞാൻ, “പരമാധികാരിയായ യഹോവേ, അത് അങ്ങയ്ക്കല്ലേ അറിയൂ”+ എന്നു പറഞ്ഞു. 4 അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “ഈ അസ്ഥികളെക്കുറിച്ച് പ്രവചിക്കൂ! അവയോടു പറയണം: ‘ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ സന്ദേശം കേൾക്കൂ:
5 “‘പരമാധികാരിയായ യഹോവ ഈ അസ്ഥികളോടു പറയുന്നത് ഇതാണ്: “ഞാൻ നിങ്ങളിലേക്കു ശ്വാസം കടത്തിവിടും. അപ്പോൾ, നിങ്ങൾ ജീവനിലേക്കു വരും.+ 6 ഞാൻ നിങ്ങളുടെ മേൽ സ്നായുക്കളും* മാംസവും വെച്ചുപിടിപ്പിച്ച് തൊലികൊണ്ട് പൊതിയും. നിങ്ങളിലേക്കു ശ്വാസം കടത്തിവിടും. അപ്പോൾ, നിങ്ങൾ ജീവിക്കും. അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’”
7 എന്നോടു കല്പിച്ചതുപോലെതന്നെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ച ഉടൻ ഒരു കിരുകിരശബ്ദം കേട്ടു. അതാ, അസ്ഥികളെല്ലാം ഒരുമിച്ചുകൂടുന്നു, അവ ഒന്നോടൊന്നു ചേരുന്നു. 8 തുടർന്ന്, അവയുടെ മേൽ സ്നായുക്കളും മാംസവും വരുന്നതു ഞാൻ കണ്ടു. തൊലി അവയെ പൊതിഞ്ഞു. പക്ഷേ, അപ്പോഴും അവയ്ക്കു ശ്വാസമില്ലായിരുന്നു.
9 അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “കാറ്റിനോടു പ്രവചിക്കൂ! മനുഷ്യപുത്രാ, കാറ്റിനോട് ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “കാറ്റേ,* നാലു ദിക്കിൽനിന്നും വരൂ! കൊല്ലപ്പെട്ട ഈ ആളുകളുടെ മേൽ വീശൂ! അങ്ങനെ, അവർക്കു ജീവൻ വെക്കട്ടെ.”’”
10 ദൈവം എന്നോടു കല്പിച്ചതുപോലെതന്നെ ഞാൻ പ്രവചിച്ചു. അവർ ശ്വാസമെടുക്കാൻതുടങ്ങി.* ജീവനിലേക്കു വന്ന അവർ എഴുന്നേറ്റുനിന്നു;+ ഒരു വൻസൈന്യം!
11 അപ്പോൾ, ദൈവം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹമാണ്.+ അവർ പറയുന്നു: ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങിയിരിക്കുന്നു. ഞങ്ങളുടെ പ്രത്യാശ നശിച്ചിരിക്കുന്നു.+ ഞങ്ങൾ തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു.’ 12 അതുകൊണ്ട്, അവരോട് ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന്+ അവിടെനിന്ന് നിങ്ങളെ എഴുന്നേൽപ്പിച്ച് ഇസ്രായേൽ ദേശത്തേക്കു കൊണ്ടുവരും.+ 13 എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് അവിടെനിന്ന് നിങ്ങളെ എഴുന്നേൽപ്പിക്കുമ്പോൾ ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.”’+ 14 ‘ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങൾ ജീവനിലേക്കു വരും.+ ഞാൻ നിങ്ങളെ നിങ്ങളുടെ ദേശത്ത് കുടിയിരുത്തും. യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞതെന്നും പറഞ്ഞതുപോലെതന്നെ ഞാൻ ചെയ്തെന്നും നിങ്ങൾ അറിയേണ്ടിവരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
15 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 16 “മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിൽ, ‘യഹൂദയ്ക്കും അവന്റെകൂടെയുള്ള* ഇസ്രായേൽ ജനത്തിനും’+ എന്ന് എഴുതുക. എന്നിട്ട്, മറ്റൊരു വടി എടുത്ത് അതിൽ, ‘എഫ്രയീമിന്റെ വടിയായ യോസേഫിനും അവന്റെകൂടെയുള്ള* മുഴുവൻ ഇസ്രായേൽഗൃഹത്തിനും’ എന്നും എഴുതുക.+ 17 എന്നിട്ട്, അവ രണ്ടും ചേർത്ത് പിടിക്കണം. അങ്ങനെ, അവ നിന്റെ കൈയിൽ ഒറ്റ വടിയായിത്തീരട്ടെ.+ 18 ‘എന്താണ് ഇതിന്റെയൊക്കെ അർഥം’ എന്നു നിന്റെ ജനം നിന്നോടു ചോദിക്കുമ്പോൾ 19 അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “എഫ്രയീമിന്റെ കൈയിൽ ഇരിക്കുന്ന, യോസേഫിന്റെയും അവന്റെകൂടെയുള്ള ഇസ്രായേൽഗോത്രങ്ങളുടെയും വടി ഞാൻ യഹൂദയുടെ വടിയോടു യോജിപ്പിക്കും. ഞാൻ അവ ഒറ്റ വടിയാക്കും.+ അങ്ങനെ, ഒറ്റ വടിയായി അവ എന്റെ കൈയിൽ ഇരിക്കും.”’ 20 നീ എഴുതിയ വടികൾ അവർക്കു കാണാൻ പാകത്തിൽ നിന്റെ കൈയിലുണ്ടായിരിക്കണം.
21 “എന്നിട്ട്, അവരോടു പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേല്യർ ചെന്നെത്തിയ ജനതകളുടെ ഇടയിൽനിന്ന് ഞാൻ അവരെ ഒരുമിച്ചുകൂട്ടും. നാനാദിക്കിൽനിന്നും ഞാൻ അവരെ കൂട്ടിവരുത്തും. ഞാൻ അവരെ സ്വദേശത്തേക്കു കൊണ്ടുവരും.+ 22 ഞാൻ അവരെ ദേശത്ത്, ഇസ്രായേൽമലകളിൽ, ഒറ്റ ജനതയാക്കും.+ അവരെയെല്ലാം ഒറ്റ രാജാവ് ഭരിക്കും.+ അവർ ഇനി ഒരിക്കലും രണ്ടു ജനതയായിരിക്കില്ല; മേലാൽ രണ്ടു രാജ്യങ്ങളായി ഭിന്നിച്ച് നിൽക്കുകയുമില്ല.+ 23 അവർ ഇനി ഒരിക്കലും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളാലും* വൃത്തികെട്ട ആചാരങ്ങളാലും ലംഘനങ്ങളാലും തങ്ങളെ അശുദ്ധരാക്കില്ല.+ അവിശ്വസ്തരായിത്തീർന്ന് പാപം ചെയ്ത അവരെ ഞാൻ അതിൽനിന്നെല്ലാം മോചിപ്പിക്കും. ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആയിരിക്കും.+
24 “‘“എന്റെ ദാസനായ ദാവീദായിരിക്കും അവരുടെ രാജാവ്.+ അവരെല്ലാം ഒറ്റ ഇടയന്റെ കീഴിലായിരിക്കും.+ അവർ എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ നടക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ അനുസരിക്കുകയും ചെയ്യും.+ 25 ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, നിങ്ങളുടെ പൂർവികർ താമസിച്ച ദേശത്ത്,+ അവർ കഴിയും. അവിടെ അവരും അവരുടെ മക്കളും* മക്കളുടെ മക്കളും എന്നും താമസിക്കും.+ എന്റെ ദാസനായ ദാവീദ് എന്നെന്നും അവരുടെ തലവനായിരിക്കും.*+
26 “‘“ഞാൻ അവരുമായി സമാധാനത്തിന്റെ ഒരു ഉടമ്പടി ഉണ്ടാക്കും.+ അത് എന്നേക്കുമുള്ള ഒരു ഉടമ്പടിയായിരിക്കും. ഞാൻ അവരെ സ്വദേശത്ത് ആക്കിവെച്ച് അവരെ വർധിപ്പിക്കും.+ ഞാൻ എന്റെ വിശുദ്ധമന്ദിരം അവരുടെ ഇടയിൽ വെക്കും; അത് എന്നും അവിടെയുണ്ടാകും. 27 എന്റെ കൂടാരം* അവരുടെ ഇടയിലായിരിക്കും.* ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും.+ 28 എന്റെ വിശുദ്ധമന്ദിരം എന്നെന്നും അവരുടെ മധ്യേ ഇരിക്കുന്നതു കാണുമ്പോൾ യഹോവ എന്ന ഞാനാണ് ഇസ്രായേലിനെ വിശുദ്ധീകരിക്കുന്നതെന്നു ജനതകൾ അറിയേണ്ടിവരും.”’”+