ദൈവത്തിന്റെ ആലയത്തിൽ ‘ശ്രദ്ധവെക്കുക’!
“മനുഷ്യപുത്രാ, . . . ഞാൻ നിന്നെ കാണിപ്പാൻ പോകുന്ന എല്ലാററിലും ശ്രദ്ധവെക്കുക; . . . നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോടു അറിയിക്ക.”—യെഹെസ്കേൽ 40:4.
1. പൊ.യു.മു. 593-ൽ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ അവസ്ഥ എന്തായിരുന്നു?
വർഷം പൊ.യു.മു. 593. അതായത് ഇസ്രായേൽ പ്രവാസത്തിലായതിന്റെ 14-ാം വർഷം. ബാബിലോനിൽ പാർക്കുന്ന യഹൂദന്മാർക്ക്, തങ്ങളുടെ പ്രിയപ്പെട്ട മാതൃദേശം വളരെ അകലെയാണെന്നു തീർച്ചയായും തോന്നിയിരിക്കണം. അവരിൽ മിക്കവരും അവസാനമായി യെരൂശലേമിനെ കണ്ടപ്പോൾ അത് ആളിക്കത്തുക ആയിരുന്നു, അതിന്റെ കൂറ്റൻ മതിലുകളും ഗംഭീരമായ കെട്ടിടങ്ങളും തകർത്തു തരിപ്പണമാക്കപ്പെട്ടിരുന്നു. ഒരിക്കൽ നഗരത്തിന്റെ മഹനീയ സ്ഥാനവും സർവ ഭൂമിയിലെയും സത്യാരാധനയുടെ കേന്ദ്രവും ആയിരുന്ന യഹോവയുടെ ആലയം തകർക്കപ്പെട്ടിരുന്നു. ഇപ്പോൾ, ഇസ്രായേലിന്റെ പ്രവാസത്തിന്റെ ഏറിയ ഭാഗവും പിന്നിടാനിരിക്കുന്നതേയുള്ളൂ. വാഗ്ദത്ത മോചനം ലഭിക്കണമെങ്കിൽ ഇനിയും 56 വർഷം കഴിയണമായിരുന്നു.—യിരെമ്യാവു 29:10.
2. യെരൂശലേമിലെ ദൈവാലയത്തെ കുറിച്ചുള്ള ഓർമ യെഹെസ്കേലിനെ ദുഃഖിപ്പിച്ചിരിക്കാവുന്നത് എന്തുകൊണ്ട്?
2 ദൈവത്തിന്റെ ആലയം നൂറു കണക്കിനു കിലോമീറ്ററുകൾ അകലെ കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായി, നിർജനാവസ്ഥയിൽ നാശാവശിഷ്ടമായി കിടക്കുന്നുവെന്ന ചിന്ത വിശ്വസ്ത പ്രവാചകനായ യെഹെസ്കേലിനെ ദുഃഖിപ്പിച്ചിരിക്കണം. (യിരെമ്യാവു 9:11) അവന്റെ പിതാവ് ബൂസി അവിടെ ഒരു പുരോഹിതനായി സേവിച്ചിരുന്നു. (യെഹെസ്കേൽ 1:3) യെഹെസ്കേലിനും അതേ പദവി ലഭിക്കേണ്ടതായിരുന്നു. എന്നാൽ ചെറുപ്പത്തിൽത്തന്നെ യെരൂശലേമിലെ കുലീനരോടൊപ്പം പൊ.യു.മു. 617-ൽ അവൻ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടു. ഇപ്പോൾ ഏതാണ്ട് 50 വയസ്സുള്ള യെഹെസ്കേൽ, തനിക്ക് ഇനി യെരൂശലേം വീണ്ടും കാണാനോ അവിടത്തെ ആലയത്തിന്റെ പുനർനിർമാണത്തിൽ ഏതെങ്കിലും തരത്തിൽ പങ്കെടുക്കാനോ ആവില്ലെന്നും മനസ്സിലാക്കിയിരിക്കാം. അപ്പോൾ ഒന്ന് ആലോചിച്ചു നോക്കുക, ഒരു മഹനീയ ആലയത്തിന്റെ ദർശനം ലഭിക്കുന്നത് യെഹെസ്കേലിന് എത്ര വലിയൊരു അനുഭവം ആയിരുന്നിരിക്കണം!
3. (എ) യെഹെസ്കേലിന്റെ ആലയ ദർശനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? (ബി) ആ ദർശനത്തിന്റെ നാലു മുഖ്യ ഘടകങ്ങൾ ഏതെല്ലാം?
3 യെഹെസ്കേൽ പുസ്തകത്തിൽ ഒമ്പത് അധ്യായങ്ങളിലായി നിറഞ്ഞു നിൽക്കുന്ന വിപുലമായ ഈ ദർശനം പ്രവാസികളായ യെഹൂദ്യർക്ക് വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന ഒരു വാഗ്ദാനമായി ഉതകി. നിർമല ആരാധന പുനഃസ്ഥാപിക്കപ്പെടുമായിരുന്നു! തുടർന്നുള്ള നൂറ്റാണ്ടുകളിൽ, എന്തിന് ഇന്നുവരെയും, ഈ ദർശനം യഹോവയെ സ്നേഹിക്കുന്നവർക്കു പ്രോത്സാഹനത്തിന്റെ ഉറവായിരുന്നിട്ടുണ്ട്. എങ്ങനെ? പ്രവാസത്തിൽ ആയിരുന്ന ഇസ്രായേല്യർക്ക് ഈ പ്രാവചനിക ദർശനം എന്ത് അർഥമാക്കിയെന്നു നമുക്കു പരിശോധിക്കാം. ഇതിനു നാലു മുഖ്യ ഘടകങ്ങളുണ്ട്: ആലയം, പൗരോഹിത്യം, പ്രഭു, ദേശം.
ആലയം പുനഃസ്ഥാപിക്കപ്പെടുന്നു
4. ദർശനത്തിന്റെ ആരംഭത്തിൽ യെഹെസ്കേലിനെ എവിടേക്കു കൊണ്ടുപോകുന്നു, അവിടെ അവൻ എന്തു കാണുന്നു, അവനെ കൊണ്ടുനടന്നു കാണിക്കുന്നത് ആരാണ്?
4 ആദ്യം, യെഹെസ്കേലിനെ കൊണ്ടുപോയി “ഏററവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ” നിർത്തുന്നു. ആ പർവതത്തിന്മേൽ തെക്കുമാറി മതിലുള്ള ഒരു നഗരത്തെപ്പോലെ വളരെ ബൃഹത്തായ ഒരു ആലയം ഉണ്ട്. “കാഴ്ചെക്കു താമ്രംപോലെ ആയിരുന്ന” ഒരു ദൂതൻ പ്രവാചകനെ പരിസരം മുഴുവൻ കൊണ്ടുനടന്നു സവിസ്തരം കാണിച്ചു കൊടുക്കുന്നു. (യെഹെസ്കേൽ 40:2, 3) ദർശനം പുരോഗമിക്കുമ്പോൾ, ഒരു ദൂതൻ അതീവ ശ്രദ്ധയോടെ ആലയത്തിന്റെ സമാനതയുള്ള മൂന്നു ജോടി ഗോപുര ഉമ്മറപ്പടികളുടെയും മാടങ്ങളുടെയും പുറത്തെ പ്രാകാരത്തിന്റെയും അകത്തെ പ്രാകാരത്തിന്റെയും തീൻമുറികളുടെയും യാഗപീഠത്തിന്റെയും വിശുദ്ധ സ്ഥലവും അതിവിശുദ്ധ സ്ഥലവും ഉൾപ്പെട്ട ആലയ മന്ദിരത്തിന്റെയും അളവെടുക്കുന്നത് യെഹെസ്കേൽ കാണുന്നു.
5. (എ) യഹോവ യെഹെസ്കേലിന് എന്ത് ഉറപ്പു കൊടുക്കുന്നു? (ബി) ആലയത്തിൽനിന്നു നീക്കിക്കളയേണ്ടിയിരുന്ന “രാജാക്കന്മാരുടെ ശവങ്ങ”ൾ എന്താണ്, ഇതു പ്രധാനമായിരുന്നത് എന്തുകൊണ്ട്?
5 പിന്നെ, യഹോവതന്നെ ദർശനത്തിൽ പ്രത്യക്ഷപ്പെടുന്നു. അവൻ ആലയത്തിൽ പ്രവേശിച്ച് താൻ അവിടെ വസിക്കുമെന്ന് യെഹെസ്കേലിന് ഉറപ്പു കൊടുക്കുന്നു. എന്നാൽ പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് തന്റെ ആലയം ശുദ്ധീകരിക്കാൻ യഹോവ ആവശ്യപ്പെടുന്നു: “ഇപ്പോൾ അവർ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കൽനിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാൽ ഞാൻ അവരുടെ മദ്ധ്യേ എന്നേക്കും വസിക്കും.” (യെഹെസ്കേൽ 43:2-4, 7, 9) ‘തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങൾ’ എന്നതിനാൽ സൂചിപ്പിക്കുന്നതു വിഗ്രഹങ്ങളെ ആകാനാണു സാധ്യത. യെരൂശലേമിലെ മത്സരികളായ ഭരണാധിപന്മാരും ജനങ്ങളും ദൈവത്തിന്റെ ആലയത്തെ വിഗ്രഹങ്ങൾകൊണ്ടു മലിനമാക്കിയിരുന്നു, ഫലത്തിൽ അവയെ രാജാക്കന്മാർ ആക്കിയിരുന്നു. (ആമോസ് 5:26 താരതമ്യം ചെയ്യുക.) അവ നിശ്ചയമായും ജീവനുള്ള ദൈവങ്ങളോ രാജാക്കന്മാരോ ആയിരുന്നില്ല. മറിച്ച് ജീവനില്ലാത്ത, യഹോവയുടെ ദൃഷ്ടിയിൽ അശുദ്ധമായ വസ്തുക്കൾ ആയിരുന്നു. അവയെ മാറ്റുകതന്നെ വേണമായിരുന്നു.—ലേവ്യപുസ്തകം 26:30; യിരെമ്യാവു 16:18.
6. ആലയത്തിന്റെ അളവെടുപ്പ് എന്ത് അർഥമാക്കി?
6 ദർശനത്തിലെ ഈ ഭാഗത്തിന്റെ ആശയം എന്തായിരുന്നു? ദൈവത്തിന്റെ ആലയത്തിൽ നിർമല ആരാധന സമ്പൂർണമായി പുനഃസ്ഥാപിക്കപ്പെടുമെന്ന് അതു പ്രവാസികൾക്ക് ഉറപ്പുകൊടുത്തു. മാത്രമല്ല, ആലയത്തിന്റെ അളവെടുപ്പിനാൽ ദർശനം നിശ്ചയമായും നിവൃത്തിയേറുമെന്ന ദിവ്യ ഉറപ്പും നൽകപ്പെട്ടു. (യിരെമ്യാവു 31:39, 40; സെഖര്യാവു 2:2-8 എന്നിവ താരതമ്യം ചെയ്യുക.) എല്ലാ വിഗ്രഹാരാധനയും തുടച്ചുനീക്കപ്പെടും. യഹോവ ഒരിക്കൽക്കൂടെ തന്റെ ആലയത്തെ അനുഗ്രഹിക്കും.
പൗരോഹിത്യവും പ്രഭുവും
7. ലേവ്യരെയും പുരോഹിതന്മാരെയും കുറിച്ച് എന്തു വിവരം നൽകപ്പെടുന്നു?
7 പൗരോഹിത്യവും ഒരു ശുദ്ധീകരണ പ്രക്രിയയ്ക്ക്, അഥവാ ഒരു സ്ഫുടീകരണ പ്രക്രിയയ്ക്ക് വിധേയമാകേണ്ടിയിരുന്നു. വിഗ്രഹാരാധനയ്ക്കു വശംവദരായതിന് ലേവ്യർ ശാസിക്കപ്പെടണമായിരുന്നു, അതേസമയം ശുദ്ധരായി നിലകൊണ്ടതിന് സാദോക്കിന്റെ പുരോഹിത പുത്രന്മാരെ പ്രശംസിക്കുകയും അവർക്കു പ്രതിഫലം നൽകുകയും ചെയ്യേണ്ടിയിരുന്നു.a അപ്പോഴും, ഇരുകൂട്ടർക്കും ദൈവത്തിന്റെ പുനഃസ്ഥാപിത ആലയത്തിൽ, നിസ്സംശയമായും വ്യക്തികളെന്ന നിലയിൽ അവർ പ്രകടമാക്കിയ വിശ്വസ്തതയെ അടിസ്ഥാനമാക്കി, സേവനപദവികൾ ലഭിക്കുമായിരുന്നു. കൂടാതെ, യഹോവ ഇങ്ങനെ കൽപ്പിച്ചു: “അവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.” (യെഹെസ്കേൽ 44:10-16, 23) അതുകൊണ്ട് പൗരോഹിത്യം പുനഃസ്ഥിതീകരിക്കപ്പെടേണ്ടിയിരുന്നു. പുരോഹിതന്മാരുടെ വിശ്വസ്ത സഹിഷ്ണുതയ്ക്കു പ്രതിഫലം ലഭിക്കുമായിരുന്നു.
8. (എ) പുരാതന ഇസ്രായേലിലെ പ്രഭുക്കന്മാർ ആരായിരുന്നു? (ബി) യെഹെസ്കേലിന്റെ ദർശനത്തിലെ പ്രഭു നിർമല ആരാധനയിൽ സജീവമായ പങ്കു വഹിച്ചത് ഏതെല്ലാം വിധങ്ങളിൽ?
8 “പ്രഭു” എന്നു വിളിക്കപ്പെടുന്നവനെ കുറിച്ചും ദർശനം പരാമർശിക്കുന്നുണ്ട്. മോശയുടെ നാളുകൾ മുതൽ, ആ ജനതയ്ക്കു പ്രഭുക്കന്മാർ ഉണ്ടായിരുന്നു. പ്രഭു എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന നസി എന്ന എബ്രായ പദത്തിന് ഒരു പിതൃഭവനത്തിന്റെയോ ഗോത്രത്തിന്റെയോ ഒരു ജനതയുടെ തന്നെയോ തലവനെ പരാമർശിക്കാൻ കഴിയും. യെഹെസ്കേലിന്റെ ദർശനത്തിൽ, ആളുകളെ ഞെരുക്കിയതിന് ഇസ്രായേലിന്റെ ഭരണാധിപന്മാരെ ഒരു വർഗമെന്ന നിലയിൽ ശാസിക്കുകയും നിഷ്പക്ഷമതികളും നീതിനിഷ്ഠരും ആയിരിക്കാൻ അവർക്ക് ആഹ്വാനം ലഭിക്കുകയും ചെയ്യുന്നു. പുരോഹിതവർഗത്തിൽ പെട്ടവൻ അല്ലെങ്കിലും പ്രഭു നിർമല ആരാധനയിൽ ഒരു പ്രമുഖ വിധത്തിൽ സജീവമായ പങ്കു വഹിക്കുന്നു. അവൻ പുരോഹിതേതര ഗോത്രങ്ങളോടൊപ്പം പുറത്തെ പ്രാകാരത്തിൽ പ്രവേശിക്കുകയും അവിടെനിന്നു പുറത്തു വന്ന് കിഴക്കേ പടിവാതിലിന്റെ നടപ്പുരയിൽ ഇരിക്കുകയും ചെയ്യുന്നു, എന്നിട്ട് ആളുകൾക്ക് അർപ്പിക്കുന്നതിനായി യാഗവസ്തുക്കളിൽ ചിലതു പ്രദാനം ചെയ്യുന്നു. (യെഹെസ്കേൽ 44:2, 3; 45:8-12, 17) ദൈവജനത്തെ സംഘടിപ്പിക്കുന്നതിൽ, പൗരോഹിത്യത്തെ പിന്തുണയ്ക്കുന്ന മാതൃകാ പുരുഷന്മാരും ആത്മീയ കാര്യങ്ങളിൽ നല്ല മാതൃകകളുമായ നായകന്മാരെക്കൊണ്ട് പുനഃസ്ഥാപിത ജനത അനുഗ്രഹിക്കപ്പെടുമെന്ന് ദർശനം യെഹെസ്കേലിന്റെ ജനത്തിന് ഉറപ്പു നൽകി.
ദേശം
9. (എ) ദേശം വിഭജിക്കപ്പെടേണ്ടിയിരുന്നത് എങ്ങനെ, എന്നാൽ ആർക്ക് ഓഹരി ലഭിക്കുമായിരുന്നില്ല? (ബി) വിശുദ്ധവഴിപാടിടം എന്തായിരുന്നു, അതിൽ എന്ത് ഉൾക്കൊണ്ടിരുന്നു?
9 അവസാനമായി, യെഹെസ്കേലിന്റെ ദർശനത്തിൽ ഇസ്രായേൽ ദേശത്തിന്റെ ആകമാന വീക്ഷണം ഉൾപ്പെട്ടിരുന്നു. ഓരോ ഗോത്രത്തിനും ഒരു ഭാഗം ലഭിക്കത്തക്ക വിധത്തിൽ അത് വിഭജിക്കപ്പെടുമായിരുന്നു. പ്രഭുവിനും അതിന്റെ ഒരു ഓഹരി അവകാശമായി ലഭിക്കുമായിരുന്നു. എന്നാൽ പുരോഹിതന്മാർക്ക് ഓഹരി ലഭിക്കുമായിരുന്നില്ല. എന്തെന്നാൽ യഹോവ പറഞ്ഞു: “ഞാൻ തന്നേ അവരുടെ അവകാശം.” (യെഹെസ്കേൽ 44:10, 28; സംഖ്യാപുസ്തകം 18:20) വിശുദ്ധവഴിപാടിടം എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക മേഖലയുടെ ഇരു വശത്തുമായിട്ട് ആയിരിക്കും പ്രഭുവിനു ദേശം അവകാശമായി ലഭിക്കുകയെന്ന് ദർശനം പ്രകടമാക്കി. ഇത് മൂന്നു ഭാഗങ്ങളായി തിരിച്ച ചതുരത്തിലുള്ള ഒരു നിലമായിരുന്നു—വടക്കേ ഭാഗം അനുതാപമുള്ള ലേവ്യർക്കും മധ്യ ഭാഗം പുരോഹിതന്മാർക്കും തെക്കേ ഭാഗം നഗരത്തിനും അതിന്റെ കൃഷിസ്ഥലങ്ങൾക്കും. യഹോവയുടെ ആലയം പുരോഹിതന്മാർക്കുള്ള ഭൂഭാഗത്ത്, അതായത് ചതുര വഴിപാടിടത്തിന്റെ മധ്യത്തിൽ, ആയിരിക്കും.—യെഹെസ്കേൽ 45:1-7.
10. ദേശവിഭജനം സംബന്ധിച്ച പ്രവചനം പ്രവാസികൾ ആയിരുന്ന വിശ്വസ്ത യെഹൂദ്യർക്ക് എന്ത് അർഥമാക്കി?
10 ഇതെല്ലാം പ്രവാസികളെ എത്രയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ടാകണം! ഓരോ കുടുംബത്തിനും ദേശത്ത് ഒരു അവകാശം ലഭിക്കുമെന്ന ഉറപ്പു നൽകപ്പെട്ടു. (മീഖാ 4:4 താരതമ്യം ചെയ്യുക.) അവിടെ നിർമല ആരാധനയ്ക്ക് ഒരു ഉന്നത സ്ഥാനം, കേന്ദ്ര സ്ഥാനം, ഉണ്ടായിരിക്കും. പുരോഹിതന്മാരെപ്പോലെ, പ്രഭുവും പാർക്കുന്നത് ആളുകൾ സംഭാവന ചെയ്ത ദേശത്ത് ആയിരിക്കുമെന്ന് യെഹെസ്കേലിന്റെ ദർശനം പ്രകടമാക്കുന്നുവെന്നതു ശ്രദ്ധിക്കുക. (യെഹെസ്കേൽ 45:16) അതുകൊണ്ട് പുനഃസ്ഥാപിത ദേശത്ത് നേതൃത്വമെടുക്കാൻ യഹോവ നിയമിച്ചിരിക്കുന്നവരുടെ നിർദേശങ്ങളുമായി സഹകരിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് അവരുടെ വേലയ്ക്ക് ആളുകൾ സംഭാവന ചെയ്യേണ്ടിയിരുന്നു. മൊത്തത്തിൽ, ഈ ദേശം സംഘാടനത്തിന്റെയും സഹകരണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരു സാരസംഗ്രഹം ആയിരുന്നു.
11, 12. (എ) തന്റെ ജനത്തിന്റെ പുനഃസ്ഥാപിത മാതൃദേശത്തെ താൻ അനുഗ്രഹിക്കുമെന്നു യഹോവ അവർക്ക് പ്രാവചനികമായി ഉറപ്പു കൊടുക്കുന്നത് എങ്ങനെ? (ബി) നദിക്കരയിലെ വൃക്ഷങ്ങൾ എന്തു പ്രതിനിധാനം ചെയ്യുന്നു?
11 യഹോവ അവരുടെ ദേശത്തെ അനുഗ്രഹിക്കുമോ? ഹൃദയോഷ്മളമായ വിവരണത്തോടെ പ്രവചനം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു. ആലയത്തിൽനിന്ന് ഒരു അരുവി പുറപ്പെടുന്നു, ഒഴുകുന്തോറും വീതി കൂടി വരുന്ന അത് ചാവുകടലിൽ പതിക്കുമ്പോഴേക്കും ഒരു വൻ നദി ആയിത്തീരുന്നു. അത് അവിടെ നിർജീവമായ ജലത്തെ പുനരുജ്ജീവിപ്പിക്കുന്നു, തീരത്ത് ഉടനീളം മത്സ്യ വ്യവസായം തഴച്ചു വളരുന്നു. ഫലം കായ്ക്കുന്ന അനേകം വൃക്ഷങ്ങൾ നദിക്കരയിലുണ്ട്, അവ വർഷം മുഴുവനും പോഷകപ്രദമായ ആഹാരവും സൗഖ്യവും പ്രദാനം ചെയ്യുന്നു.—യെഹെസ്കേൽ 47:1-12.
12 പ്രവാസികൾക്ക് ഈ വാഗ്ദാനം അവർ താലോലിച്ചുപോന്ന മുൻകാല പുനഃസ്ഥിതീകരണ പ്രവചനങ്ങളുടെ ആവർത്തനമായും സ്ഥിരീകരണമായും തോന്നി. ഒന്നിലധികം പ്രാവശ്യം, യഹോവയുടെ നിശ്വസ്ത പ്രവാചകന്മാർ പറുദീസാ അവസ്ഥയിൽ പുനഃസ്ഥിതീകരിക്കപ്പെട്ട, പുനരധിവസിപ്പിക്കപ്പെട്ട ഇസ്രായേലിനെ കുറിച്ചു വർണിച്ചിട്ടുണ്ടായിരുന്നു. മൃത പ്രദേശങ്ങൾ ജീവനിലേക്കു വരുമെന്നുള്ളത് ആവർത്തിച്ചുവരുന്ന ഒരു പ്രാവചനിക വിഷയം ആയിരുന്നു. (യെശയ്യാവു 35:1, 6, 7; 51:3; യെഹെസ്കേൽ 36:35; 37:1-14) അതുകൊണ്ട്, പുനഃസ്ഥാപിത ആലയത്തിൽനിന്ന് യഹോവയുടെ ജീവദായക അനുഗ്രഹങ്ങൾ ഒരു നദിപോലെ ഒഴുകുമെന്ന് ആളുകൾക്കു പ്രതീക്ഷിക്കാൻ സാധിക്കുമായിരുന്നു. തത്ഫലമായി, ആത്മീയമായി മരിച്ച ജനത പുനർജീവിക്കുമായിരുന്നു. ആ പുനഃസ്ഥാപിത ജനതയ്ക്ക് പ്രമുഖ ആത്മീയ പുരുഷന്മാരെ—ദർശനത്തിലെ നദീതട വൃക്ഷങ്ങളെപ്പോലെ നീതിനിഷ്ഠവും അചഞ്ചലരുമായ പുരുഷന്മാരെ, ശൂന്യമായ ദേശം പുനർനിർമിക്കുന്നതിൽ നേതൃത്വമെടുക്കുന്ന പുരുഷന്മാരെ—ലഭിക്കുമായിരുന്നു. “ദീർഘകാലമായി ശൂന്യമായി കിടക്കുന്ന സ്ഥലങ്ങളെ പുനർനിർമിക്കു”ന്ന “വലിയ നീതിവൃക്ഷങ്ങ”ളെക്കുറിച്ച് യെശയ്യാവും എഴുതിയിരുന്നു.—യെശയ്യാവു 61:3, 4, NW.
ദർശനനിവൃത്തി എപ്പോൾ?
13. (എ) യഹോവ തന്റെ പുനഃസ്ഥാപിത ജനതയെ “വലിയ നീതിവൃക്ഷങ്ങ”ളാൽ അനുഗ്രഹിച്ചത് ഏത് അർഥത്തിൽ? (ബി) ചാവുകടലിനെ കുറിച്ചുള്ള പ്രവചനം നിവർത്തിച്ചിരിക്കുന്നത് എങ്ങനെ?
13 പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയവർ നിരാശരായോ? തീർച്ചയായും ഇല്ല! പൊ.യു.മു. 537-ൽ ഒരു പുനഃസ്ഥാപിത ശേഷിപ്പ് തങ്ങളുടെ പ്രിയപ്പെട്ട മാതൃദേശത്ത് തിരിച്ചെത്തി. ക്രമേണ പകർപ്പെഴുത്തുകാരനായ എസ്രാ, പ്രവാചകന്മാരായ ഹഗ്ഗായി, സെഖര്യാവ്, മഹാപുരോഹിതനായ യോശുവ എന്നിങ്ങനെയുള്ള “വലിയ നീതിവൃക്ഷങ്ങ”ളുടെ മാർഗനിർദേശത്തിൻ കീഴിൽ, ദീർഘനാളായി ശൂന്യമായി കിടന്നിരുന്ന സ്ഥലങ്ങൾ പുനർനിർമിക്കപ്പെട്ടു. പ്രഭുക്കന്മാർ ആ ദേശത്ത് നീതിയോടെയും ന്യായത്തോടെയും ഭരണം നടത്തി. അതിന് ഉദാഹരണമാണ്, നെഹെമ്യാവും സെരുബ്ബാബേലും. യഹോവയുടെ ആലയം പുനഃസ്ഥാപിതമായി, ജീവനു വേണ്ടിയുള്ള അവന്റെ കരുതലുകൾ—അവന്റെ ഉടമ്പടിക്കനുസരണം ജീവിക്കുന്നതുകൊണ്ടുള്ള അനുഗ്രഹങ്ങൾ—വീണ്ടും ഒഴുകാൻ തുടങ്ങി. (ആവർത്തനപുസ്തകം 30:19; യെശയ്യാവു 48:17-20) ഒരു അനുഗ്രഹം പരിജ്ഞാനം ആയിരുന്നു. പൗരോഹിത്യം വീണ്ടും പ്രവർത്തനക്ഷമമാക്കപ്പെട്ടു. പുരോഹിതന്മാർ ആളുകളെ ന്യായപ്രമാണത്തിൽനിന്നു പ്രബോധിപ്പിച്ചു. (മലാഖി 2:7) അതിന്റെ ഫലമായി, ചാവുകടൽ സൗഖ്യമാക്കപ്പെടുകയും മത്സ്യ വ്യവസായം തഴച്ചുവളരുകയും ചെയ്തതിനാൽ ചിത്രീകരിക്കപ്പെട്ടതുപോലെ, ആളുകൾ ആത്മീയമായി പുനരുജ്ജീവിച്ച് വീണ്ടും യഹോവയുടെ ഫലപ്രദരായ ദാസന്മാർ ആയിത്തീർന്നു.
14. ബാബിലോനിലെ പ്രവാസത്തിൽനിന്നു യഹൂദന്മാർ മടങ്ങിയെത്തിയതിനു ശേഷം സംഭവിച്ചതിനുമപ്പുറം യെഹെസ്കേൽ പ്രവചനം നിവൃത്തിയേറേണ്ടിയിരുന്നത് എന്തുകൊണ്ട്?
14 ഈ സംഭവങ്ങൾ മാത്രമാണോ യെഹെസ്കേലിന്റെ ദർശനത്തിന്റെ നിവൃത്തി? അല്ല; ഇതിലും വലിയ നിവൃത്തിയുടെ സൂചനയുണ്ട്. ഇതു പരിചിന്തിക്കുക: യെഹെസ്കേൽ കണ്ട ആലയം ആ വർണനപ്രകാരം പണിയാൻ കഴിയില്ല. യഹൂദന്മാർ ആ ദർശനം ഗൗരവമായി എടുക്കുകയും ചില വിശദാംശങ്ങൾ അക്ഷരീയമായി ബാധകമാക്കുക പോലും ചെയ്തു എന്നതു സത്യംതന്നെ.b എന്നിരുന്നാലും, ദർശനത്തിലെ ആലയം മൊത്തത്തിൽ മുൻ ആലയം സ്ഥിതി ചെയ്തിരുന്ന മോരീയാപർവ്വതത്തിൽ കൊള്ളാവുന്നതിനെക്കാളും വലുതായിരുന്നു. മാത്രവുമല്ല, യെഹെസ്കേലിന്റെ ആലയം നഗരത്തിൽ ആയിരുന്നില്ല, മറിച്ച് കുറച്ച് അകലെ മറ്റൊരു സ്ഥലത്തായിരുന്നു. അതേസമയം രണ്ടാമത്തെ ആലയം മുമ്പത്തെ ആലയം നിന്നിരുന്ന സ്ഥലത്തുതന്നെ, അതായത്, യെരൂശലേം നഗരത്തിൽ ആയിരുന്നു നിർമിക്കപ്പെട്ടത്. (എസ്രാ 1:1, 2) കൂടാതെ, യെരൂശലേമിലെ ആലയത്തിൽനിന്ന് ഒരു അക്ഷരീയ നദി ഒരിക്കലും ഒഴുകിയിരുന്നില്ല. അതുകൊണ്ട്, യെഹെസ്കേലിന്റെ പ്രവചനത്തിന്റെ ഒരു ചെറിയ നിവൃത്തിയേ പുരാതന ഇസ്രായേൽ കണ്ടുള്ളൂ. അതിനർഥം ഈ ദർശനത്തിന് ഒരു വലിയ ആത്മീയ നിവൃത്തി ഉണ്ടായിരിക്കണമെന്നാണ്.
15. (എ) യഹോവയുടെ ആത്മീയ ആലയം പ്രവർത്തനത്തിലായത് എപ്പോൾ? (ബി) യേശുവിന്റെ ഭൗമിക ജീവിത കാലത്ത് യെഹെസ്കേലിന്റെ ദർശനം നിറവേറിയില്ലെന്നത് എന്തു സൂചിപ്പിക്കുന്നു?
15 വ്യക്തമായും, യെഹെസ്കേലിന്റെ ദർശനത്തിന്റെ നിവൃത്തി മുഖ്യമായും യഹോവയുടെ വലിയ ആത്മീയ ആലയത്തിൽ സംഭവിക്കുന്നതിനായി നാം കാത്തിരിക്കേണ്ടതുണ്ട്. എബ്രായർക്കുള്ള ലേഖനത്തിൽ പൗലൊസ് അപ്പൊസ്തലൻ ആ ആത്മീയ ആലയത്തെ കുറിച്ചു സവിസ്തരം ചർച്ച ചെയ്യുന്നുണ്ട്. ആ ആലയം പൊ.യു. 29-ൽ യേശുക്രിസ്തു അതിന്റെ മഹാപുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടപ്പോൾ പ്രവർത്തനത്തിലായി. എന്നാൽ യെഹെസ്കേലിന്റെ ദർശനം യേശുവിന്റെ നാളിൽ നിവൃത്തിയേറിയോ? വ്യക്തമായും ഇല്ല. മഹാപുരോഹിതൻ എന്ന നിലയിൽ യേശു തന്റെ സ്നാപനം, ബലിമരണം, അതിവിശുദ്ധ സ്ഥലമായ സ്വർഗത്തിലേക്കുള്ള പ്രവേശനം എന്നിവയിലൂടെ പാപപരിഹാര ദിവസത്തിന്റെ പ്രാവചനിക അർഥം നിവർത്തിച്ചു. (എബ്രായർ 9:24) എന്നിരുന്നാലും രസകരമെന്നു പറയട്ടെ, യെഹെസ്കേലിന്റെ ദർശനത്തിൽ മഹാപുരോഹിതനെയോ പാപപരിഹാര ദിവസത്തെയോ കുറിച്ച് യാതൊന്നും പരാമർശിക്കുന്നില്ല. അതുകൊണ്ട് ഈ ദർശനം പൊ.യു. ഒന്നാം നൂറ്റാണ്ടിലേക്കു വിരൽ ചൂണ്ടാൻ സാധ്യതയില്ലാത്തതായി തോന്നുന്നു. അപ്പോൾപ്പിന്നെ അത് ഏതു കാലഘട്ടത്തിലാണു ബാധകമാകുക?
16. യെഹെസ്കേലിന്റെ ദർശനത്തിന്റെ പശ്ചാത്തലം നമ്മെ വേറെ ഏതു പ്രവചനത്തെ അനുസ്മരിപ്പിക്കുന്നു, ഇത് യെഹെസ്കേലിന്റെ ദർശനത്തിന്റെ മുഖ്യ നിവൃത്തിയുടെ കാലം വിവേചിക്കാൻ നമ്മെ സഹായിക്കുന്നത് എങ്ങനെ?
16 ഉത്തരത്തിനായി, നമുക്കു ദർശനത്തിലേക്കുതന്നെ മടങ്ങാം. യെഹെസ്കേൽ എഴുതി: “ദിവ്യദർശനങ്ങളിൽ അവൻ എന്നെ യിസ്രായേൽദേശത്തു കൊണ്ടുചെന്നു ഏററവും ഉയർന്ന ഒരു പർവ്വതത്തിന്മേൽ നിർത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു.” (യെഹെസ്കേൽ 40:2) ഈ ദർശനത്തിന്റെ പശ്ചാത്തലമായ ‘ഏററവും ഉയർന്ന ഒരു പർവ്വതം’ നമ്മെ മീഖാ 4:1-നെ കുറിച്ച് അനുസ്മരിപ്പിക്കുന്നു. അത് ഇങ്ങനെ പറയുന്നു: “അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും.” ഈ പ്രവചനം നിവൃത്തിയേറുന്നത് എപ്പോഴാണ്? ജാതികൾ വ്യാജ ദൈവങ്ങളെ ആരാധിക്കുന്നതു തുടരുമ്പോൾതന്നെ അതു തുടങ്ങുന്നുവെന്നു മീഖാ 4:5 പ്രകടമാക്കുന്നു. വാസ്തവത്തിൽ, നിർമല ആരാധന ഉയർത്തപ്പെട്ടിരിക്കുന്ന, ദൈവദാസന്മാരുടെ ജീവിതത്തിൽ ഉചിതമായ സ്ഥാനത്തേക്ക് അതു പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്ന, നമ്മുടെ ഈ “അന്ത്യകാല”ത്ത് തന്നെയാണ് അതു തുടങ്ങിയിരിക്കുന്നത്.
17. യെഹെസ്കേലിന്റെ ദർശനത്തിലെ ആലയം ശുദ്ധീകരിക്കപ്പെടുന്നത് എപ്പോഴെന്നു നിർണയിക്കാൻ മലാഖി 3:1-5-ലെ പ്രവചനം നമ്മെ സഹായിക്കുന്നത് എങ്ങനെ?
17 ഈ പുനഃസ്ഥാപനത്തെ സാധ്യമാക്കിയത് എന്താണ്? യെഹെസ്കേലിന്റെ ദർശനത്തിലെ സുപ്രധാന സംഭവം എന്ന നിലയിൽ, യഹോവ ആലയത്തിലേക്കു വന്ന് തന്റെ ഭവനത്തിൽനിന്നു വിഗ്രഹാരാധന തുടച്ചുനീക്കാൻ ആവശ്യപ്പെടുന്നു എന്നത് ഓർക്കുക. ദൈവത്തിന്റെ ആത്മീയ ആലയം ശുദ്ധീകരിക്കപ്പെട്ടത് എപ്പോഴാണ്? മലാഖി 3:1-5-ൽ തന്റെ “നിയമദൂതനാ”യ [“ഉടമ്പടി ദൂതൻ,” NW] യേശുക്രിസ്തുവുമൊത്ത് യഹോവ തന്റെ “ആലയത്തിലേക്കു വരു”ന്ന സമയത്തെക്കുറിച്ച് അവൻ മുൻകൂട്ടി പറയുന്നു. അതിന്റെ ഉദ്ദേശ്യം? “അവൻ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.” ഈ ശുദ്ധീകരണം ആരംഭിച്ചത് ഒന്നാം ലോകയുദ്ധ കാലത്തായിരുന്നു. ഫലമോ? യഹോവ തന്റെ ആലയത്തിൽ വസിച്ച് 1919 മുതൽ തന്റെ ജനത്തിന്റെ ആത്മീയ “ദേശ”ത്തെ അനുഗ്രഹിച്ചിരിക്കുന്നു. (യെശയ്യാവു 66:8) അപ്പോൾ, യെഹെസ്കേലിന്റെ ആലയ പ്രവചനത്തിന് ഒരു പ്രധാന നിവൃത്തി ഉണ്ടാകുന്നത് അന്ത്യകാലത്ത് ആണെന്ന് നമുക്കു നിഗമനം ചെയ്യാവുന്നതാണ്.
18. ആലയ ദർശനത്തിന്റെ അവസാന നിവൃത്തി എപ്പോഴായിരിക്കും?
18 മറ്റു പുനഃസ്ഥിതീകരണ പ്രവചനങ്ങളെപ്പോലെ, യെഹെസ്കേലിന്റെ ദർശനത്തിന് പറുദീസയിൽ കൂടുതലായ ഒരു നിവൃത്തി, അവസാന നിവൃത്തി, ഉണ്ട്. ആ സമയത്താണ് പരമാർഥ ഹൃദയരായ മനുഷ്യവർഗത്തിന് ദൈവത്തിന്റെ ആലയ ക്രമീകരണത്തിൽ നിന്നുള്ള പൂർണ പ്രയോജനങ്ങൾ ലഭിക്കുന്നത്. അന്ന് ക്രിസ്തു 1,44,000 സ്വർഗീയ പുരോഹിതന്മാരോടൊപ്പം തന്റെ മറുവിലയാഗത്തിന്റെ മൂല്യം പ്രയോഗിക്കും. ക്രിസ്തുവിന്റെ ഭരണത്തിൻ കീഴിൽ അനുസരണമുള്ള മനുഷ്യ പ്രജകൾ എല്ലാവരും പൂർണതയിലേക്ക് ഉയർത്തപ്പെടും. (വെളിപ്പാടു 20:5, 6) എന്നിരുന്നാലും, പറുദീസ യെഹെസ്കേലിന്റെ ദർശനത്തിന്റെ നിവൃത്തിയുടെ മുഖ്യ സമയം ആയിരിക്കാവുന്നതല്ല. എന്തുകൊണ്ട്?
ദർശനം നമ്മുടെ നാളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നു
19, 20. ദർശനത്തിന്റെ മുഖ്യ നിവൃത്തി സംഭവിക്കേണ്ടത് പറുദീസയിലല്ല, മറിച്ച് ഇന്ന് ആയിരിക്കേണ്ടത് എന്തുകൊണ്ട്?
19 വിഗ്രഹാരാധനയും ആത്മീയ പരസംഗവും തുടച്ചുനീക്കപ്പെടേണ്ട ഒരു ആലയമാണ് യെഹെസ്കേൽ കണ്ടത്. (യെഹെസ്കേൽ 43:7-9) ഇതു തീർച്ചയായും പറുദീസയിലെ യഹോവയുടെ ആരാധനയ്ക്കു ബാധകമാക്കാനാകില്ല. മാത്രവുമല്ല, ദർശനത്തിലെ പുരോഹിതന്മാർ ചിത്രീകരിക്കുന്നത് ഭൂമിയിൽ ഇപ്പോഴും ശേഷിക്കുന്ന അഭിഷിക്ത പുരോഹിത വർഗത്തെയാണ്, സ്വർഗീയ പുനരുത്ഥാന ശേഷമോ സഹസ്രാബ്ദ വാഴ്ചക്കാലത്തോ ഉള്ള പുരോഹിതന്മാരെ അല്ല. എന്തുകൊണ്ട്? പുരോഹിതന്മാർ അകത്തെ പ്രാകാരത്തിൽ സേവിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നുവെന്നതു ശ്രദ്ധിക്കുക. ഈ പ്രാകാരം ചിത്രീകരിക്കുന്നത് ക്രിസ്തുവിന്റെ ഉപപുരോഹിതന്മാർ ഭൂമിയിൽ ആയിരിക്കുമ്പോൾതന്നെ അവർക്കുള്ള അതുല്യ ആത്മീയ നിലയെ ആണെന്ന് വീക്ഷാഗോപുരത്തിന്റെ മുൻ ലക്കങ്ങളിലെ ലേഖനങ്ങൾ പ്രകടമാക്കിയിട്ടുണ്ട്.c ദർശനം പുരോഹിതന്മാരുടെ അപൂർണതയെ എടുത്തുപറയുന്നു എന്നതും ശ്രദ്ധിക്കുക. സ്വന്തം പാപങ്ങൾക്കു വേണ്ടി യാഗങ്ങൾ അർപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിരിക്കുന്നു. ആത്മീയമായും ധാർമികമായും അശുദ്ധർ ആയിത്തീരുന്നതിന്റെ അപകടത്തെ കുറിച്ച് അവർക്കു മുന്നറിയിപ്പു ലഭിക്കുന്നു. അതുകൊണ്ട്, അവർ ചിത്രീകരിക്കുന്നത് “കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കു”മെന്ന് പൗലൊസ് അപ്പൊസ്തലൻ ആരെക്കുറിച്ച് എഴുതിയോ ആ പുനരുത്ഥാനം പ്രാപിച്ച അഭിഷിക്തരെയല്ല. (ചെരിച്ചഴുത്തു ഞങ്ങളുടേത്.) (1 കൊരിന്ത്യർ 15:52; യെഹെസ്കേൽ 44:21, 22, 25, 27) ദർശനത്തിലെ പുരോഹിതന്മാർ ആളുകളുമായി നേരിട്ട് ഇടപഴകുകയും അവരെ സേവിക്കുകയും ചെയ്യുന്നു. പുരോഹിതവർഗം സ്വർഗത്തിൽ ആയിരിക്കുമെന്നതിനാൽ ഇതു പറുദീസയിൽ സംഭവിക്കുന്ന സംഗതിയായിരിക്കുകയില്ല. അതുകൊണ്ട്, അഭിഷിക്തർ ഇന്ന് ഭൂമിയിൽ “മഹാപുരുഷാര”ത്തോടൊപ്പം അടുത്തു പ്രവർത്തിക്കുന്ന വിധത്തെക്കുറിച്ചുള്ള ഒരു ഉത്തമ ചിത്രമാണ് ദർശനം പ്രദാനം ചെയ്യുന്നത്.—വെളിപ്പാടു 7:9; യെഹെസ്കേൽ 42:14.
20 അങ്ങനെ യെഹെസ്കേലിന്റെ ആലയ ദർശനം ഇന്ന് നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന ഒരു ആത്മീയ ശുദ്ധീകരണത്തിന്റെ ആരോഗ്യാവഹമായ ഫലങ്ങളെ സൂചിപ്പിക്കുന്നു. എന്നാൽ അതു നിങ്ങൾക്ക് എന്ത് അർഥമാക്കുന്നു? ഇത് കേവലം അപ്രസക്തമായ ഒരു ദൈവശാസ്ത്ര വിഷമ പ്രശ്നമല്ല. നിങ്ങൾ ഏക സത്യ ദൈവമായ യഹോവയെ അനുദിനം ആരാധിക്കുന്നതുമായി ഈ ദർശനത്തിനു നല്ല ബന്ധമുണ്ട്. അത് എങ്ങനെയെന്ന് അടുത്ത ലേഖനത്തിൽ നമുക്കു കാണാം.
[അടിക്കുറിപ്പുകൾ]
a ഇത് യെഹെസ്കേലിനെ വ്യക്തിപരമായി സ്പർശിച്ചിരിക്കാം, എന്തെന്നാൽ അവൻതന്നെ സാദോക്കിന്റെ പൗരോഹിത്യ കുടുംബത്തിൽനിന്ന് ഉള്ളവനാണെന്നു പറയപ്പെടുന്നു.
b ഉദാഹരണത്തിന്, യെഹെസ്കേലിന്റെ ദർശനത്തോട് പൊരുത്തപ്പെടുത്തുന്ന വിധത്തിലാണ് പുനഃസ്ഥാപിത ആലയത്തിൽ യാഗപീഠവും ആലയത്തിന്റെ ഇരട്ടപ്പാളി വാതിലുകളും പാചക മേഖലയും നിർമിച്ചത് എന്നു പുരാതന മിഷ്ന പറയുന്നു.
c 1996 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 16-ാം പേജും 1972 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 718-ാം പേജും കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
□ ആലയത്തെയും അതിന്റെ പൗരോഹിത്യത്തെയും കുറിച്ചുള്ള യെഹെസ്കേലിന്റെ ദർശനത്തിന്റെ പ്രാരംഭ നിവൃത്തി എന്തായിരുന്നു?
□ ദശം വിഭാഗിച്ചു കൊടുക്കുന്നതിനെ കുറിച്ചുള്ള യെഹെസ്കേലിന്റെ ദർശനത്തിന് ആദ്യകാല നിവൃത്തി ഉണ്ടായത് എങ്ങനെ?
□ പുരാതന ഇസ്രായേലിന്റെ പുനഃസ്ഥാപനത്തിൽ, വിശ്വസ്ത പ്രഭുക്കന്മാരായി പ്രവർത്തിച്ചത് ആരെല്ലാം, “വലിയ നീതിവൃക്ഷങ്ങൾ” ആയി പ്രവർത്തിച്ച് ആരെല്ലാം?
□ യെഹെസ്കേലിന്റെ ആലയ ദർശനത്തിന്റെ മുഖ്യ നിവൃത്തി അന്ത്യകാലത്ത് ആയിരിക്കേണ്ടത് എന്തുകൊണ്ട്?