യഹോവ ന്യായയുക്തനാണ്!
“ഉയരത്തിൽനിന്നുള്ള ജ്ഞാനം . . . ന്യായയുക്തമാണ്.”—യാക്കോബ് 3:17, NW.
1. എങ്ങനെയാണ് ചിലർ ദൈവത്തെ ന്യായയുക്തനായിട്ടല്ലാതെ ചിത്രീകരിച്ചിരിക്കുന്നത്, ദൈവത്തെക്കുറിച്ചുള്ള അത്തരം കാഴ്ചപ്പാടു സംബന്ധിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?
ഏതുതരം ദൈവത്തെയാണ് നിങ്ങൾ ആരാധിക്കുന്നത്? അവൻ വഴക്കമില്ലാത്ത കർക്കശ നീതിക്കാരനും കഠിനനിഷ്ഠയുള്ള കടുംപിടുത്തക്കാരനുമായ ഒരു ദൈവമാണെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ദൈവം അത്തരത്തിലുള്ള ഒരുവനാണെന്ന് പ്രൊട്ടസ്ററൻറ് പരിഷ്കർത്താവായ ജോൺ കാൽവിനു തോന്നിയിരിക്കണം. കാരണം ഒരുവൻ എന്നേക്കും സന്തുഷ്ടിയിൽ വസിക്കുമോ എന്നേക്കും തീനരകത്തിൽ ദണ്ഡിക്കപ്പെടുമോ എന്നെല്ലാം മുൻകൂട്ടിനിശ്ചയിച്ചുകൊണ്ടുള്ള “ശാശ്വതമായ, മാററാനാവാത്ത” ഒരു “പദ്ധതി” ഓരോ വ്യക്തിയെ സംബന്ധിച്ചും ദൈവത്തിനുണ്ട് എന്ന് കാൽവിൻ അവകാശപ്പെട്ടു. ഒന്ന് ചിന്തിക്കൂ: ഇതു സത്യമാണെങ്കിൽ, നിങ്ങൾ എന്തു ചെയ്താലും ശരി, എത്ര കഠിനമായി പരിശ്രമിച്ചാലും ശരി, അതൊന്നും നിങ്ങളെയും നിങ്ങളുടെ ഭാവിയെയും കുറിച്ചുള്ള ദൈവത്തിന്റെ സ്ഥായിയായ, അയവില്ലാത്ത ഉദ്ദേശ്യത്തിനു മാററംവരുത്തുകയില്ല. ന്യായയുക്തനല്ലാത്ത അത്തരം ദൈവത്തിൽ നിങ്ങൾ ആകൃഷ്ടനാകുമോ?—താരതമ്യം ചെയ്യുക: യാക്കോബ് 4:8.
2, 3. (എ) മാനുഷിക സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ന്യായയുക്തതാരാഹിത്യത്തെ നിങ്ങൾ എങ്ങനെ ദൃഷ്ടാന്തീകരിക്കും? (ബി) യഹോവയുടെ സ്വർഗീയ രഥത്തെക്കുറിച്ച് എസെക്കിയേലിനു ലഭിച്ച ദർശനം അവന്റെ അനുരൂപപ്പെടൽ സ്വഭാവത്തെ വെളിപ്പെടുത്തുന്നതെങ്ങനെ?
2 ബൈബിളിലെ ദൈവം അത്യന്തം ന്യായയുക്തനാണ് എന്ന് അറിയുന്നത് നമുക്കെല്ലാം എന്തൊരാശ്വാസമാണ്! അയവില്ലാത്തവരും വഴക്കമില്ലാത്തവരുമാകാനുള്ള പ്രവണത കാട്ടുന്നത് സ്വന്തം അപൂർണതകളാൽ ബന്ധിതരായ മനുഷ്യരാണ്, ദൈവമല്ല. മനുഷ്യ സ്ഥാപനങ്ങൾ ചരക്കുതീവണ്ടിപോലെ പിടിച്ചാൽകിട്ടാത്തതാകാം. ഓടിക്കൊണ്ടിരിക്കുന്ന ഒരു ഭീമൻ ചരക്കുതീവണ്ടിയുടെ മുന്നിൽ എന്തെങ്കിലും വന്നുപെട്ടാൽ വണ്ടി വെട്ടിച്ചുമാററുന്ന പ്രശ്നമേ ഉദിക്കുന്നില്ല. നിർത്തുന്നതും അത്ര എളുപ്പമല്ല. ചില തീവണ്ടികൾക്കാണെങ്കിൽ നല്ലപോലെ മുന്നോട്ട് ആക്കം കാണും. നിർത്താൻ ബ്രേക്കു പിടിച്ചാലും അവ ഒരു കിലോമീറററിലധികം പിന്നെയും പോകും! അതുപോലെതന്നെയാണ് ഭീമൻ കപ്പലിന്റെ കാര്യവും. എൻജിൻ നിർത്തിയാലും എട്ടു കിലോമീറററോളം അതു പിന്നെയും പോകും. റിവേഴ്സ് ഗിയറിലിട്ടാലും ശരി, അപ്പോഴും അത് ഒരു മൂന്നു കിലോമീറററോളം മുന്നോട്ടു പോയെന്നുവരും! എന്നാൽ ഈ രണ്ടു വാഹനങ്ങളെക്കാളും ഭയഗംഭീരമായ ഒരു വാഹനത്തെപ്പററി ഇപ്പോൾ ചിന്തിക്കാം. ദൈവസ്ഥാപനത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ആ വാഹനം.
3 2,600 വർഷങ്ങൾക്കു മുമ്പ്, യഹോവ എസെക്കിയേലിന് ഒരു ദർശനം കൊടുക്കുകയുണ്ടായി. ആത്മജീവികളുടെ സ്വർഗീയ സ്ഥാപനത്തെ ചിത്രീകരിക്കുന്നതായിരുന്നു ആ ദർശനം. അത് അമ്പരപ്പിക്കുന്ന വലിപ്പമുള്ള ഒരു രഥമായിരുന്നു. യഹോവയുടേതായ ആ “വാഹന”ത്തിന്റെ നിയന്ത്രണം എപ്പോഴും അവന്റെ കയ്യിലായിരുന്നു. അതു നീങ്ങുന്ന വിധമായിരുന്നു ഏററവും രസകരം. ഭീമാകാരമായ ചതുർദിശാ ചക്രങ്ങളും നിറയെ കണ്ണുകളും ഉണ്ടായിരുന്നതിനാൽ അവയ്ക്ക് നിർത്താതെയും തിരിയാതെയും എല്ലായിടവും കാണാനും തൽക്ഷണം ദിശമാററാനും സാധിക്കുമായിരുന്നു. ഭീമൻ കപ്പലിനെയോ ചരക്കുതീവണ്ടിയെയോ പോലെ ഈ ഭീമൻ വാഹനത്തിനു പിടിച്ചാൽ കിട്ടാത്തവിധം കുറെ മുന്നോട്ടു പോകേണ്ടിവരുന്നില്ല. അതിന് പ്രകാശ വേഗതയിൽ സഞ്ചരിക്കാനും സമകോണത്തിൽ തിരിയാനും കഴിയുമായിരുന്നു! (യെഹെസ്കേൽ 1:1, 14-28) ഗുണമില്ലാത്ത, മനുഷ്യനിർമിത യന്ത്രങ്ങളിൽനിന്ന് അവന്റെ രഥം എത്ര വ്യത്യസ്തമായിരിക്കുന്നുവോ അതുപോലെ യഹോവയും കാൽവിൻ പ്രസംഗിച്ച ദൈവത്തിൽനിന്നു വ്യത്യസ്തനാണ്. അവൻ പരിപൂർണമായും അനുരൂപപ്പെടുന്നവനാണ്. യഹോവയുടെ വ്യക്തിത്വത്തിന്റെ ഈ സവിശേഷത മനസ്സിലാക്കിയാൽ അനുരൂപപ്പെടുന്നവരായി നിലകൊള്ളാനും ന്യായയുക്തതയില്ലായ്മ എന്ന കെണി ഒഴിവാക്കാനും അതു നമ്മെ സഹായിക്കും.
യഹോവ—അഖിലാണ്ഡത്തിൽ ഏററവും നന്നായി അനുരൂപപ്പെടുന്നവൻ
4. (എ) യഹോവയുടെ നാമംതന്നെ അവനെ അനുരൂപപ്പെടുന്ന ഒരു ദൈവമായി വെളിപ്പെടുത്തുന്നത് ഏതു വിധത്തിലാണ്? (ബി) യഹോവക്കു ബാധകമാക്കുന്ന ചില സ്ഥാനപ്പേരുകൾ ഏതെല്ലാം, അവ അനുയോജ്യമായിരിക്കുന്നത് എന്തുകൊണ്ട്?
4 യഹോവ എന്ന നാമംതന്നെ അവന്റെ അനുരൂപപ്പെടലിനെ അർഥമാക്കുന്നതാണ്. “ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു” എന്നാണ് “യഹോവ” എന്ന നാമത്തിന്റെ അക്ഷരീയാർഥം. തന്റെ സകല വാഗ്ദത്തങ്ങളും നിവർത്തിക്കുന്നവൻ ആയിത്തീരാൻ യഹോവ സ്വയം ഇടയാക്കുന്നു എന്ന് ഇതു വ്യക്തമായും അർഥമാക്കുന്നു. ദൈവത്തോട് അവന്റെ നാമം എന്താണെന്ന് മോശ ചോദിച്ചപ്പോൾ യഹോവ അതിന്റെ അർഥം ഈ വിധം വിശദീകരിക്കുകയുണ്ടായി: “ഞാൻ എന്താണെന്നു തെളിയുന്നുവോ അതാണെന്നു തെളിയിക്കുന്നവൻ”. (പുറപ്പാട് 3:14, NW) റോത്തർഹാമിന്റെ പരിഭാഷയിൽ ഇതിനെ സ്പഷ്ടമായി ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു: “ഞാൻ എന്ത് ഇച്ഛിക്കുന്നുവോ ഞാൻ അത് ആയിത്തീരും.” തന്റെ നീതിനിഷ്ഠമായ ഉദ്ദേശ്യങ്ങളും വാഗ്ദത്തങ്ങളും നിവർത്തിക്കാൻ ആവശ്യമായത് എന്തോ അത് ആയിത്തീരുന്നുവെന്ന് യഹോവ തെളിയിക്കുന്നു, അല്ലെങ്കിൽ ആയിത്തീരാൻ അവൻ തീരുമാനിക്കുന്നു. അതുകൊണ്ടാണ്, സ്രഷ്ടാവ്, പിതാവ്, പരമാധികാരിയാം കർത്താവ്, ഇടയൻ, സൈന്യങ്ങളുടെ യഹോവ, പ്രാർഥന കേൾക്കുന്നവൻ, ന്യായാധിപൻ, മഹാപ്രബോധകൻ, വീണ്ടെടുപ്പുകാരൻ എന്നിങ്ങനെയുള്ള ആകർഷകമായ സ്ഥാനപ്പേരുകളുടെ ഒരു നിരതന്നെ അവനുള്ളത്. ഇവയെല്ലാം ആയിത്തീരാൻ അവൻ സ്വയം ഇടയാക്കിയിട്ടുണ്ട്. തന്റെ സ്നേഹനിർഭരമായ ഉദ്ദേശ്യങ്ങൾക്കു നിവൃത്തി വരുത്താൻ അവൻ അതിലധികവും ചെയ്തിരിക്കുന്നു.—യെശയ്യാവു 8:13; 30:20; 40:28; 41:14; സങ്കീർത്തനം 23:1; 65:2; 73:28; 89:26; ന്യായാധിപൻമാർ 11:27; ഇതുകൂടെ കാണുക: പുതിയലോക ഭാഷാന്തരത്തിന്റെ അപ്പെൻഡിക്സ് 1J.
5. യഹോവക്ക് അനുരൂപപ്പെടാനാവും എന്നതിനാൽ അവന്റെ സ്വഭാവത്തിനോ നിലവാരങ്ങൾക്കോ മാററം വരും എന്നു നാം നിഗമനം ചെയ്യരുതാത്തത് എന്തുകൊണ്ട്?
5 അപ്പോൾ, ഇതിന്റെ അർഥം ദൈവത്തിന്റെ സ്വഭാവത്തിന് അഥവാ നിലവാരങ്ങൾക്കു മാററം വരാറുണ്ട് എന്നാണോ? അല്ല; യാക്കോബ് 1:17 (പി.ഒ.സി. ബൈബിൾ) പറയുന്നതുപോലെ, അവനിൽ “മാററമോ മാററത്തിന്റെ നിഴലോ ഇല്ല.” ഇതിൽ ഒരു വൈരുദ്ധ്യം ഉണ്ടോ? ഒരിക്കലുമില്ല. ഉദാഹരണത്തിന്, കുട്ടികളുടെ പ്രയോജനത്തിനുവേണ്ടി തങ്ങളുടെ റോളുകളിൽ മാററംവരുത്താത്ത ഏതെങ്കിലും മാതാവോ പിതാവോ ഉണ്ടോ? ഒരൊററ ദിവസംതന്നെ ഒരു മാതാവ് അല്ലെങ്കിൽ പിതാവ് എന്തെല്ലാം ആയിത്തീരുന്നു എന്നു നോക്കുക. ഉപദേഷ്ടാവ്, പാചകക്കാരി, ഗൃഹപരിചാരിക, അധ്യാപകൻ, ശിക്ഷകൻ, സുഹൃത്ത്, മെക്കാനിക്ക്, നേഴ്സ്—പട്ടിക അങ്ങു നീണ്ടു പോകുന്നു. ഈവക റോളുകൾ ഏറെറടുക്കുമ്പോൾ മാതാവിന്റെയോ പിതാവിന്റെയോ വ്യക്തിത്വത്തിനു മാററമൊന്നും സംഭവിക്കുന്നില്ല. അതാതു സമയത്തെ ആവശ്യങ്ങൾക്കു ചേർച്ചയിൽ അയാളോ അവളോ കേവലം പൊരുത്തപ്പെടുന്നു എന്നേയുള്ളൂ. അങ്ങനെതന്നെയാണ് യഹോവയുടെ കാര്യത്തിലും, എന്നാൽ വലിയ അളവിലാണെന്നു മാത്രം. തന്റെ സൃഷ്ടികളുടെ പ്രയോജനത്തിനുവേണ്ടി തനിക്ക് സ്വയം എന്തെല്ലാം ആയിത്തീരാനാവും എന്നതിന് ഒരു പരിധിയുമില്ല. അവന്റെ ജ്ഞാനത്തിന്റെ ആഴം തീർച്ചയായും അമ്പരപ്പിക്കുന്നതുതന്നെ!—റോമർ 11:33.
ന്യായയുക്തത—ദിവ്യജ്ഞാനത്തിന്റെ മുഖമുദ്ര
6. ദിവ്യജ്ഞാനത്തെ വർണിക്കുന്നതിനു യാക്കോബ് ഉപയോഗിച്ച ഗ്രീക്കു പദത്തിന്റെ അക്ഷരീയ അർഥവും അതിന്റെ വിവക്ഷകളും എന്തെല്ലാം?
6 അപാരമായ അനുരൂപപ്പെടൽ സവിശേഷതയുള്ള ഈ ദൈവത്തിന്റെ ജ്ഞാനത്തെ വർണിക്കാൻ ശിഷ്യനായ യാക്കോബ് രസാവഹമായ ഒരു വാക്കാണ് ഉപയോഗിച്ചത്. അദ്ദേഹം എഴുതി: “ഉയരത്തിൽനിന്നുള്ള ജ്ഞാനം . . . ന്യായയുക്തമാണ്.” (യാക്കോബ് 3:17, NW) ഇവിടെ അദ്ദേഹം ഉപയോഗിച്ച ഗ്രീക്കു പദം (എപ്പീക്കെസ്) പരിഭാഷപ്പെടുത്താൻ പ്രയാസമുള്ള ഒന്നാണ്. “കുലീനമായ,” “അപരുഷമായ,” “പൊറുക്കുന്ന,” “പരിഗണനയുള്ള” എന്നീ വാക്കുകളാണ് പരിഭാഷകർ ഉപയോഗിച്ചിരിക്കുന്നത്. പുതിയലോക ഭാഷാന്തരം ഇതിനെ “ന്യായയുക്തമായ” എന്നു പരിഭാഷപ്പെടുത്തുകയും, എന്നാൽ അടിക്കുറിപ്പിൽ അക്ഷരീയ അർഥമെന്ന നിലയിൽ “വഴങ്ങുന്നത്”a എന്ന പദം കൊടുക്കുകയും ചെയ്യുന്നു. വേണ്ടാത്ത കാർക്കശ്യമോ കഠിനനിഷ്ഠതയോ കാണിക്കാത്തത്, നിയമത്തിന്റെ വാക്കുകളിൽ കടിച്ചുതൂങ്ങാത്തത് എന്ന അർഥവും ഈ പദം ദ്യോതിപ്പിക്കുന്നു. ന്യൂ ടെസ്ററ്മെൻറ് വേർഡ്സിൽ പണ്ഡിതനായ വില്യം ബാർക്ലേ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “എപ്പീക്കീയയെ സംബന്ധിക്കുന്ന അടിസ്ഥാനപരവും മൗലികവുമായ കാര്യം അതു ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നു എന്നതാണ്. ദൈവം തന്റെ അവകാശങ്ങൾക്കുവേണ്ടി നിർബന്ധം പിടിച്ചാൽ, തന്റെ അയവില്ലാത്ത നിലവാരങ്ങൾ നമ്മുടെ കാര്യത്തിൽ ബാധകമാക്കിയാൽ, നമ്മുടെ ഗതിയെന്താകും? എപ്പീക്കെസ് ആയിരിക്കുന്നതിന്റെ, മററുള്ളവരുമായി എപ്പീക്കീയയോടെ ഇടപെടുന്നതിന്റെ പരമോന്നത മാതൃക ദൈവമാണ്.”
7. ഏദെൻ തോട്ടത്തിൽ യഹോവ എങ്ങനെയാണ് ന്യായയുക്തത പ്രകടിപ്പിച്ചത്?
7 യഹോവയുടെ പരമാധികാരത്തിനെതിരെ മനുഷ്യവർഗം മത്സരിച്ച സമയം പരിചിന്തിക്കുക. ആദാം, ഹവ്വാ, സാത്താൻ എന്നീ നന്ദിയില്ലാത്ത മൂന്നു മത്സരികളെയും നിഗ്രഹിച്ചുകളയുക എന്നത് ദൈവത്തെ സംബന്ധിച്ച് എത്ര എളുപ്പമായിരുന്നേനെ! അതുവഴി അവനുതന്നെ എന്തുമാത്രം ഹൃദയവേദന ഒഴിവാക്കാമായിരുന്നു! അത്തരം കർക്കശ നീതി നടപ്പാക്കാൻ അവന് അവകാശമില്ലെന്ന് ആരു വാദിക്കുമായിരുന്നു? എന്നിരുന്നാലും, അയവില്ലാത്ത, അനുരൂപപ്പെടാനാവാത്ത ഏതെങ്കിലും നീതിനിലവാരത്തിൽ കെട്ടിയുറപ്പിച്ചതല്ല യഹോവയുടെ രഥസമാനമായ സ്വർഗീയ സ്ഥാപനം. അതുകൊണ്ട്, മാനവകുടുംബത്തിന്റെയും മനുഷ്യവർഗത്തിന്റെ സന്തുഷ്ട ഭാവിപ്രതീക്ഷയുടെയും മീതെ യാതൊരു പരിഗണനയും കാട്ടാതെ രഥം ഉരുണ്ടില്ല. നേരേമറിച്ച്, യഹോവ തന്റെ രഥത്തെ പ്രകാശവേഗതയിൽ കൈകാര്യം ചെയ്തു. മത്സരം നടന്നയുടൻതന്നെ യഹോവയാം ദൈവം ഒരു ദീർഘകാല ഉദ്ദേശ്യം മെനഞ്ഞെടുത്തു. ആദാമിന്റെ പിൻഗാമികളായ എല്ലാവർക്കും കരുണയും പ്രത്യാശയും വെച്ചുനീട്ടുന്നതായിരുന്നു ആ ഉദ്ദേശ്യം.—ഉല്പത്തി 3:15.
8. (എ) യഹോവയുടെ യഥാർഥ ന്യായയുക്തതയ്ക്കും ന്യായയുക്തത സംബന്ധിച്ച ക്രൈസ്തവലോകത്തിന്റെ തെററായ വീക്ഷണത്തിനും തമ്മിൽ എന്തുമാത്രം വൈരുദ്ധ്യമുണ്ട്? (ബി) യഹോവയുടെ ന്യായയുക്തതയുടെ അർഥം അവൻ ദിവ്യതത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നു എന്നതല്ല എന്ന് നമുക്കു പറയാനാവുന്നതെന്തുകൊണ്ട്?
8 എന്നുവെച്ച്, യഹോവയുടെ ന്യായയുക്തത എന്നു പറയുമ്പോൾ ദിവ്യതത്ത്വങ്ങളിൽ അവൻ വിട്ടുവീഴ്ചകൾ വരുത്തിയേക്കും എന്നല്ല അതിന്റെ അർഥം. തങ്ങളുടെ വഴിതെററിയ ആട്ടിൻകൂട്ടത്തിന്റെ പ്രീതിനേടാൻ അധാർമികതയ്ക്കുനേരേ കണ്ണടയ്ക്കുമ്പോൾ ക്രൈസ്തവലോകത്തിലെ സഭകൾ ചിലപ്പോൾ ചിന്തിച്ചേക്കാം, തങ്ങൾ ന്യായയുക്തമായാണ് ഇടപെടുന്നത് എന്ന്. (താരതമ്യം ചെയ്യുക: 2 തിമൊഥെയൊസ് 4:3) ഒരിക്കലും യഹോവ തന്റെ നിയമങ്ങൾ ലംഘിക്കുകയോ തന്റെ തത്ത്വങ്ങളിൽ വിട്ടുവീഴ്ചകൾ വരുത്തുകയോ ചെയ്യുന്നില്ല. അതിനുപകരം, ഇണങ്ങാൻ, സാഹചര്യങ്ങളുമായി അനുരൂപപ്പെടാൻ അവൻ മനസ്സൊരുക്കം കാട്ടുന്നു. അങ്ങനെ ആ തത്ത്വങ്ങൾ നീതിപൂർവവും കരുണാപൂർവവും ബാധകമാക്കാൻ കഴിയുന്നു. നീതിയും ശക്തിയും പ്രയോഗിക്കുമ്പോൾ അവയെ തന്റെ സ്നേഹവും ന്യായയുക്തമായ ജ്ഞാനവുമായി ഒരു സമനിലയിൽ നിർത്താൻ അവൻ സദാ ശ്രദ്ധയുള്ളവനാണ്. യഹോവ ന്യായയുക്തത പ്രകടമാക്കുന്ന മൂന്നു വിധങ്ങൾ നമുക്കു പരിചിന്തിക്കാം.
“ക്ഷമിക്കാൻ മനസ്സുള്ളവൻ”
9, 10. (എ) “ക്ഷമിക്കാൻ മനസ്സുള്ളവ”നായിരിക്കുന്നതും ന്യായയുക്തതയും തമ്മിൽ എന്തു ബന്ധമാണുള്ളത്? (ബി) യഹോവ ക്ഷമിക്കാൻ തയ്യാറായതുകൊണ്ട് ദാവീദിനു പ്രയോജനമുണ്ടായതെങ്ങനെ, എന്തുകൊണ്ട്?
9 ദാവീദ് എഴുതി: “എന്തെന്നാൽ യഹോവേ, നീ നല്ലവനും ക്ഷമിക്കാൻ മനസ്സുള്ളവനുമാകുന്നു; നിന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുമുള്ള സ്നേഹദയ എത്രയധികമാകുന്നു.” (സങ്കീർത്തനം 86:5, NW) എബ്രായ തിരുവെഴുത്തുകൾ ഗ്രീക്കു പരിഭാഷയിലാക്കിയപ്പോൾ “ക്ഷമിക്കാൻ മനസ്സുള്ളവൻ” എന്നതിനുള്ള പദം പരിഭാഷപ്പെടുത്തിയത് എപ്പീക്കെസ് അഥവാ “ന്യായയുക്തൻ” എന്നായിരുന്നു. തീർച്ചയായും, ക്ഷമിക്കാൻ മനസ്സുണ്ടായിരിക്കുക, കരുണ കാണിക്കുക എന്നിവയായിരിക്കാം ന്യായയുക്തത പ്രദർശിപ്പിക്കാനുള്ള മുഖ്യ വിധം.
10 ഈ വിഷയത്തിൽ യഹോവ എത്രമാത്രം ന്യായയുക്തനായിരുന്നു എന്ന് ദാവീദിനു നന്നായി അറിയാമായിരുന്നു. ദാവീദ് ബത്-ശേബയുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും അവളുടെ ഭർത്താവിനെ വധിക്കാൻ പരിപാടി ആസൂത്രണം ചെയ്യുകയും ചെയ്തപ്പോൾ അദ്ദേഹവും ബത്-ശേബയും വധശിക്ഷയ്ക്ക് അർഹരായിരുന്നു. (ആവർത്തനപുസ്തകം 22:22; 2 ശമൂവേൽ 11:2-27) കർക്കശരായ മനുഷ്യ ന്യായാധിപൻമാരാണ് ആ കേസ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ രണ്ടുപേർക്കും ജീവൻ നഷ്ടപ്പെട്ടേനെ. എന്നാൽ യഹോവ ന്യായയുക്തത (എപ്പീക്കെസ്) പ്രകടമാക്കി. വൈൻസ് എക്സ്പോസിറററി ഡിക്ഷ്നറി ഓഫ് ബിബ്ലിക്കൽ വേർഡ്സ് പറയുന്ന പ്രകാരം “‘ഒരു കേസിന്റെ വസ്തുതകളെ മാനുഷികമായും ന്യായയുക്തമായും’ വീക്ഷിക്കുന്ന പരിഗണന പ്രകടിപ്പിക്കുന്ന”താണ് അത്. യഹോവയുടെ കരുണാർദ്രമായ തീരുമാനത്തെ സ്വാധീനിച്ച വസ്തുതകളിൽ ചിലപ്പോൾ കുററക്കാരായ ഇവരുടെ ആത്മാർഥമായ മനസ്താപവും മററുള്ളവരുടെ കാര്യത്തിൽ ദാവീദുതന്നെ മുമ്പു പ്രകടമാക്കിയിരുന്ന കരുണയും ഉൾപ്പെട്ടിരുന്നിരിക്കാം. (1 ശമൂവേൽ 24:4-6; 25:32-35; 26:7-11; മത്തായി 5:7; യാക്കോബ് 2:13) എന്നിരുന്നാലും, പുറപ്പാടു 34:4-7-ലെ തന്നേപ്പററിയുള്ള യഹോവയുടെ വിവരണത്തിനു ചേർച്ചയിൽ ദാവീദിനു യഹോവ തിരുത്തൽ പ്രദാനം ചെയ്യുമെന്നത് ന്യായയുക്തമായിരുന്നു. യഹോവയുടെ വചനത്തെ ദാവീദ് തുച്ഛീകരിച്ചിരിക്കുന്നു എന്ന വസ്തുത ബോധ്യപ്പെടുത്തുന്ന ഘനമേറിയ ഒരു സന്ദേശവുമായി അവൻ പ്രവാചകനായ നാഥാനെ ദാവീദിന്റെയടുക്കലേക്ക് അയച്ചു. ദാവീദ് മനസ്തപിച്ചു. അതുകൊണ്ട്, തന്റെ പാപംഹേതുവായി ലഭിക്കുമായിരുന്ന വധശിക്ഷയിൽനിന്ന് അവൻ ഒഴിവായി.—2 ശമൂവേൽ 12:1-14.
11. മനശ്ശെയുടെ കാര്യത്തിൽ യഹോവ എങ്ങനെയാണ് ക്ഷമിക്കാനുള്ള മനസ്സൊരുക്കം പ്രകടമാക്കിയത്?
11 ഈ വിഷയത്തിൽ യഹൂദായിലെ മനശ്ശെ രാജാവിന്റെ ദൃഷ്ടാന്തത്തിനു കൂടുതൽ സവിശേഷതയുണ്ട്. കാരണം, ദാവീദിൽനിന്നു വ്യത്യസ്തനായി മനശ്ശെ ദീർഘകാലത്തോളം ശരിക്കും ദുഷ്ടനായിരുന്നു. രാജ്യത്ത് അദ്ദേഹം നരബലി ഉൾപ്പെടെയുള്ള മതപരമായ മ്ലേച്ഛ നടപടികൾക്കു പ്രോത്സാഹനം കൊടുത്തു. വിശ്വസ്ത പ്രവാചകനായ യെശയ്യാവ് “ഈർച്ചവാളാൽ അറുക്കപ്പെട്ട”തിനും അദ്ദേഹമായിരിക്കാം ഉത്തരവാദി. (എബ്രായർ 11:37) മനശ്ശെയെ ശിക്ഷിക്കുന്നതിനുവേണ്ടി അവനെ ബാബിലോനിലേക്ക് ഒരു തടവുകാരനായി പിടിച്ചുകൊണ്ടുപോകാൻതക്കവണ്ണം യഹോവ ഇടവരുത്തി. എന്നുവരികിലും, മനശ്ശെ തടവിൽവെച്ചു മനസ്തപിക്കുകയും കരുണയ്ക്കായി യാചിക്കുകയും ചെയ്തു. ഈ ആത്മാർഥമായ മനസ്താപം ഹേതുവായി ഇത്ര അസാധാരണ കേസ് ആയിരുന്നിട്ടും, യഹോവ “ക്ഷമിക്കാൻ മനസ്സുള്ളവ”നായിരുന്നു.—2 ദിനവൃത്താന്തം 33:9-13.
സാഹചര്യങ്ങൾ മാറുമ്പോൾ പ്രവർത്തനഗതി മാററൽ
12, 13. (എ) നിനെവേയുടെ കാര്യത്തിൽ ഏതു സാഹചര്യമാററമാണ് പ്രവർത്തനഗതി മാററാൻ യഹോവയെ പ്രേരിപ്പിച്ചത്? (ബി) യഹോവയാം ദൈവത്തെക്കാളും കുറഞ്ഞ ന്യായയുക്തനായിരുന്നു യോനാ എന്ന് തെളിഞ്ഞതെങ്ങനെ?
12 നടപ്പിലാക്കാൻ ഉദ്ദേശിച്ച നടപടിക്കുപോലും, പുതിയ സാഹചര്യങ്ങൾ ഉടലെടുത്തതിന്റെ പേരിൽ, മാററം വരുത്താനുള്ള യഹോവയുടെ മനസ്സൊരുക്കത്തിലും അവന്റെ ന്യായയുക്തത പ്രകടമാകുന്നു. ഉദാഹരണത്തിന്, യോനാ പ്രവാചകൻ പുരാതന നിനെവേയുടെ തെരുവുകളിലൂടെ സഞ്ചരിച്ചപ്പോൾ അവന്റെ നിശ്വസ്ത സന്ദേശം വളരെ ലളിതമായിരുന്നു: 40 ദിവസങ്ങൾക്കുള്ളിൽ ആ പടുകൂററൻ നഗരം നശിപ്പിക്കപ്പെടും. പക്ഷേ, സാഹചര്യങ്ങൾക്കു നാടകീയമായിത്തന്നെ മാററംവന്നു! നിനെവേക്കാർ മനസ്തപിച്ചു.—യോനാ, അധ്യായം 3.
13 സാഹചര്യങ്ങൾ മാറിമറിഞ്ഞപ്പോൾ യഹോവയും യോനായും അതിനോടു പ്രതികരിച്ച വിധത്തിലെ വൈരുദ്ധ്യത്തിൽനിന്നു നമുക്കു പഠിക്കാനുണ്ട്. യഹോവ ഫലത്തിൽ തന്റെ സ്വർഗീയ രഥത്തിന്റെ ഗതി മാററി. ഈ സംഭവത്തിൽ അവൻ അനുരൂപപ്പെട്ടു. “യുദ്ധവീര”നാകുന്നതിനു പകരം പാപങ്ങൾ ക്ഷമിക്കുന്നവനായിത്തീരാൻ അവൻ സ്വയം ഇടയാക്കി. (പുറപ്പാടു 15:3) നേരേമറിച്ച്, യോനാ ഒട്ടും വഴക്കം പ്രകടമാക്കിയില്ല. യഹോവയുടെ രഥത്തിനൊപ്പം പോകുന്നതിനു പകരം, അദ്ദേഹം ഏതാണ്ടു മുമ്പു സൂചിപ്പിച്ച ചരക്കുതീവണ്ടിയെയോ ഭീമൻ കപ്പലിനെയോ പോലെ പ്രവർത്തിച്ചു. അവൻ വിനാശം വരുമെന്നു പ്രസംഗിച്ചു. അതുകൊണ്ട് വിനാശംതന്നെ വരണം! സംഭവഗതിയിൽ വരുന്ന ഏതൊരു മാററവും നിനെവേക്കാരുടെ ദൃഷ്ടിയിൽ തനിക്ക് അപമാനകരമാണെന്ന് ഒരുപക്ഷേ അദ്ദേഹത്തിനു തോന്നിയിരിക്കാം. എങ്കിലും, ക്ഷമാപൂർവം യഹോവ തന്റെ ശാഠ്യക്കാരനായ പ്രവാചകനെ ന്യായയുക്തതയിലും കരുണയിലും അവിസ്മരണീയമായ ഒരു പാഠം പഠിപ്പിച്ചു.—യോനാ, അധ്യായം 4.
14. തന്റെ പ്രവാചകനായ എസെക്കിയേലിന്റെ കാര്യത്തിൽ യഹോവ തന്റെ പ്രവർത്തനഗതിക്കു മാററം വരുത്തിയതെന്തുകൊണ്ട്?
14 മററു സന്ദർഭങ്ങളിൽ, താരതമ്യേന നിസ്സാര കാര്യങ്ങളിൽപ്പോലും, യഹോവ പ്രവർത്തനഗതിക്കു മാററം വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരിക്കൽ അവൻ എസെക്കിയേൽ പ്രവാചകനെ ഒരു പ്രാവചനിക നാടകാവതരണത്തിനായി നിയോഗിച്ചപ്പോൾ യഹോവയുടെ നിർദേശങ്ങളിൽ ഒന്ന് എസെക്കിയേൽ മനുഷ്യമലം കത്തിച്ച് ഭക്ഷണം പാകം ചെയ്യണം എന്നതായിരുന്നു. ഇതു പ്രവാചകനു വളരെ ബുദ്ധിമുട്ടായി തോന്നി. “അയ്യോ, യഹോവയായ കർത്താവേ,” എന്ന് ഉറക്കെ വിളിച്ചുകൊണ്ട് അറപ്പുളവാക്കുന്ന അത്തരം സംഗതി തന്നെക്കൊണ്ടു ചെയ്യിക്കല്ലേ എന്ന് അദ്ദേഹം കേണപേക്ഷിച്ചു. പ്രവാചകന്റെ വികാരങ്ങൾ യുക്തിസഹമല്ല എന്നു പറഞ്ഞുകൊണ്ട് യഹോവ അതു വിട്ടുകളഞ്ഞില്ല. പ്രത്യുതാ, ഇന്നുവരെയും പല രാജ്യങ്ങളിലും സർവസാധാരണമായി കത്തിക്കാൻ ഉപയോഗിക്കുന്ന പശുവിൻചാണകം ഉപയോഗിക്കാൻ അവൻ എസെക്കിയേലിനെ അനുവദിച്ചു.—യെഹെസ്കേൽ 4:12-15.
15. (എ) മനുഷ്യരെ ശ്രദ്ധിക്കാനും അവരോടു പ്രതികരിക്കാനും യഹോവ മനസ്സുള്ളവനാകുന്നു എന്നു പ്രകടമാക്കുന്ന ദൃഷ്ടാന്തങ്ങൾ ഏതെല്ലാം? (ബി) ഇതിൽ നമുക്കെന്തു പാഠമാണുള്ളത്?
15 നമ്മുടെ ദൈവമായ യഹോവയുടെ താഴ്മയെക്കുറിച്ചു പരിചിന്തിക്കുന്നത് ഹൃദയോഷ്മളത കൈവരുത്തുന്നതല്ലേ? (സങ്കീർത്തനം 18:35) നമ്മെക്കാൾ അവൻ എത്രയോ ഉയർന്നവനാണ്; എന്നിട്ടും അവൻ ക്ഷമാപൂർവം അപൂർണ മനുഷ്യരെ ശ്രദ്ധിക്കുകയും അതനുസരിച്ച്, ചിലപ്പോഴെല്ലാം തന്റെ പ്രവർത്തനഗതിക്കുപോലും മാററം വരുത്തുകയും ചെയ്യുന്നു. സോദോം, ഗൊമോറ എന്നിവയുടെ നാശത്തെക്കുറിച്ചു വിസ്തരിച്ചു പ്രതിവാദം ചെയ്യാൻ അവൻ അബ്രഹാമിനെ അനുവദിച്ചു. (ഉല്പത്തി 18:23-33) മത്സരികളായ ഇസ്രായേൽ ജനത്തെ നശിപ്പിച്ച് പകരം മോശയിൽനിന്ന് ഒരു വലിയ ജാതിയെ ഉളവാക്കാനുള്ള തന്റെ നിർദേശത്തിനെതിരെ മോശ തടസ്സങ്ങൾ ഉന്നയിച്ചപ്പോൾ അവൻ മോശയെ തടഞ്ഞില്ല. (പുറപ്പാടു 32:7-14; ആവർത്തനപുസ്തകം 9:14, 19; താരതമ്യം ചെയ്യുക: ആമോസ് 7:1-6.) മനുഷ്യരായ തന്റെ ദാസൻമാർക്ക് അവൻ അങ്ങനെ പൂർണതയുള്ള ഒരു മാതൃക വെച്ചു. ന്യായയുക്തമായിരിക്കുമ്പോൾ, സാധ്യമായിരിക്കുമ്പോൾ മററുള്ളവരെ ശ്രദ്ധിക്കാനുള്ള സമാനമായ മനസ്സൊരുക്കം അവർ പ്രകടമാക്കണം.—താരതമ്യം ചെയ്യുക: യാക്കോബ് 1:19.
അധികാരം പ്രയോഗിക്കുന്നതിൽ ന്യായയുക്തത
16. തന്റെ അധികാരം പ്രയോഗിക്കുന്നതിൽ യഹോവ പല മനുഷ്യരിൽനിന്നു വ്യത്യസ്തനായിരിക്കുന്നതെങ്ങനെ?
16 അധികാരം കൂടുന്തോറും ആളുകൾക്കു ന്യായയുക്തത കുറയുന്നതായി നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? യഹോവയുടെ കാര്യം നേരേമറിച്ചാണ്. അഖിലാണ്ഡത്തിൽ ഏററവും ഉയർന്ന അധികാരസ്ഥാനമുള്ളത് അവനാണ്. എന്നിട്ടും അവൻതന്നെയാണ് ന്യായയുക്തതയുടെ പരമോന്നത മാതൃകയും. അവൻ തന്റെ അധികാരം പ്രയോഗിക്കുന്നത് ന്യായയുക്തമായ വിധത്തിലാണ്. പല മനുഷ്യരുടെയും കാര്യംപോലെയല്ല യഹോവയുടേത്. യഹോവക്കു തന്റെ അധികാരത്തെ സംബന്ധിച്ച് അരക്ഷിതാവസ്ഥയൊന്നുമില്ല. അതുകൊണ്ടുതന്നെ, ശങ്കാശീലതയോടെ അതു മുറുകെപ്പിടിക്കണമെന്ന അടക്കാനാവാത്ത ഒരു തോന്നൽ, മററുള്ളവരുമായി കുറച്ചൊക്കെ അധികാരം പങ്കുവെച്ചാൽ അത് ഏതെങ്കിലും തരത്തിൽ തന്റെ അധികാരത്തിന് ഭീഷണിയായേക്കുമോ എന്നപോലുള്ള തോന്നൽ അവന് ഇല്ല. വാസ്തവത്തിൽ, അഖിലാണ്ഡത്തിൽ മറെറാരുവനായി ഒരേ ഒരു വ്യക്തി മാത്രമുണ്ടായിരുന്നപ്പോൾ യഹോവ ആ ഒരുവനു വിപുലമായ അധികാരം നൽകി. അവൻ വചനത്തെ തന്റെ “ശില്പി”യാക്കി. അതിനുശേഷം അവൻ ആ പ്രിയപ്പെട്ട പുത്രനിലൂടെ സർവതും ആസ്തിക്യത്തിൽ കൊണ്ടുവന്നു. (സദൃശവാക്യങ്ങൾ 8:22, 29-31; യോഹന്നാൻ 1:1-3, 14; കൊലൊസ്സ്യർ 1:15-17) പിന്നീട്, ദൈവം അവന് “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും” കൊടുത്തു.—മത്തായി 28:18; യോഹന്നാൻ 5:22.
17, 18. (എ) സോദോമിലേക്കും ഗൊമോറയിലേക്കും യഹോവ ദൂതൻമാരെ അയച്ചതെന്തുകൊണ്ട്? (ബി) ആഹാബിനെ വശീകരിക്കേണ്ടതു സംബന്ധിച്ച് യഹോവ നിർദേശങ്ങൾക്കായി ദൂതൻമാരോട് ആരാഞ്ഞതെന്തുകൊണ്ട്?
17 അതുപോലെ, തനിക്കുതന്നെ മെച്ചമായ രീതിയിൽ നിർവഹിക്കാവുന്ന കാര്യങ്ങൾ യഹോവ തന്റെ സൃഷ്ടികളായ പലരെയും ഏൽപ്പിക്കുന്നു. ഉദാഹരണത്തിന്, “ഞാൻ [സോദോമിലേക്കും ഗൊമോറയിലേക്കും] ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവർത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും” എന്ന് അവൻ അബ്രഹാമിനോടു പറഞ്ഞപ്പോൾ താൻ അങ്ങോട്ടു വ്യക്തിപരമായി പോകും എന്നല്ല അർഥമാക്കിയത്. പ്രത്യുത, തനിക്കുവേണ്ടി അത്തരം വിവരങ്ങൾ ശേഖരിക്കാൻ ദൂതൻമാരെ നിയമിച്ചുകൊണ്ട് യഹോവ അവർക്ക് അധികാരം കൊടുക്കാനാണ് തീരുമാനിച്ചത്. വസ്തുത മനസ്സിലാക്കി തിരിച്ചുവന്നു വിവരം ധരിപ്പിക്കാനുള്ള ദൗത്യത്തിന് അവൻ അവർക്ക് അധികാരം കൊടുത്തു.—ഉല്പത്തി 18:1-3, 20-22.
18 ഇനി, വേറൊരു സന്ദർഭമെടുക്കാം. യഹോവ ദുഷ്ടനായ ആഹാബ് രാജാവിന്റെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ച സമയം. ജീവനഷ്ടം സംഭവിക്കാനിരിക്കുന്ന ഒരു യുദ്ധത്തിൽ ചെന്നുപെടാൻതക്കവണ്ണം വിശ്വാസത്യാഗിയായ രാജാവിനെ “വശീകരി”ക്കേണ്ടതെങ്ങനെ എന്നതു സംബന്ധിച്ച് അവൻ ഒരു സ്വർഗീയ സദസ്സിൽവെച്ച് ദൂതൻമാരോടു നിർദേശങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. നിശ്ചയമായും, എല്ലാ ജ്ഞാനത്തിന്റെയും ഉറവായ യഹോവക്ക് ഏററവും നല്ല പ്രവർത്തനഗതി സംബന്ധിച്ചു സഹായം ലഭിക്കേണ്ട ആവശ്യമില്ലായിരുന്നു! എന്നിട്ടും, പരിഹാരങ്ങൾ നിർദേശിക്കുന്നതിന്റെയും താൻ തിരഞ്ഞെടുത്തിരിക്കുന്നവനെ കൈകാര്യംചെയ്യാനുള്ള അധികാരത്തിന്റെയും പദവി നൽകിക്കൊണ്ട് അവൻ ദൂതൻമാരെ മാനിച്ചു.—1 രാജാക്കൻമാർ 22:19-22.
19. (എ) താൻ ഉണ്ടാക്കുന്ന നിയമങ്ങൾ യഹോവ പരിമിതപ്പെടുത്തുന്നതെന്തുകൊണ്ട്? (ബി) യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന സംഗതികളുടെ കാര്യത്തിൽ അവൻ ന്യായയുക്തനാണെന്നു സ്വയം പ്രകടിപ്പിക്കുന്നതെങ്ങനെ?
19 മററുള്ളവരുടെമേൽ അനാവശ്യ നിയന്ത്രണം പ്രയോഗിക്കാനായി യഹോവ തന്റെ അധികാരത്തെ ഉപയോഗപ്പെടുത്തുന്നില്ല. ഇതിലും യഹോവ കാണിക്കുന്നത് അനുപമമായ ന്യായയുക്തതയാണ്. താൻ ഉണ്ടാക്കുന്ന നിയമങ്ങളുടെ എണ്ണം ശ്രദ്ധാപൂർവം അവൻ പരിമിതപ്പെടുത്തുന്നു. കൂടാതെ, ഭാരമേറിയ നിയമങ്ങൾ സ്വയം ഉണ്ടാക്കിച്ചേർത്ത് ‘എഴുതിയിരിക്കുന്നതിന് അപ്പുറം പോകുന്ന’തിൽനിന്ന് അവൻ തന്റെ ദാസൻമാരെ വിലക്കുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 4:6, NW; പ്രവൃത്തികൾ 15:28; വിപരീതതാരതമ്യം ചെയ്യുക: മത്തായി 23:4.) തന്റെ സൃഷ്ടികളിൽനിന്ന് അവൻ ഒരിക്കലും അന്ധമായ അനുസരണം ആവശ്യപ്പെടുന്നില്ല. എന്നാൽ അവരെ നയിക്കാൻ മതിയായ വിവരങ്ങൾ പ്രദാനംചെയ്യുകയും അനുസരിച്ചാലുള്ള പ്രയോജനങ്ങളെയും ധിക്കരിച്ചാലുള്ള ഭവിഷ്യത്തുകളെയും സംബന്ധിച്ച് അവരെ അറിയിച്ചുകൊണ്ട് തിരഞ്ഞെടുക്കാനുള്ള അവസരം അവർക്കു നൽകുകയുമാണ് അവൻ സാധാരണ ചെയ്യാറ്. (ആവർത്തനപുസ്തകം 30:19, 20) ആളുകൾക്ക് കുററബോധം, ലജ്ജ, അഥവാ ഭയം എന്നിവ തോന്നിപ്പിക്കുന്നതിനുപകരം അവൻ ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്താൻ ശ്രമിക്കുന്നു. നിർബന്ധത്താലല്ല, ആത്മാർഥമായ സ്നേഹത്താൽ പ്രേരിതമായി ജനങ്ങൾ തന്നെ സ്നേഹിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. (2 കൊരിന്ത്യർ 9:7) മുഴുദേഹിയോടുകൂടിയുള്ള അത്തരം സേവനങ്ങളെല്ലാം ദൈവത്തിന്റെ ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്നു. അവനെ “പ്രസാദിപ്പിക്കുക പ്രയാസകരമായ” കാര്യമല്ല. കാരണം അവൻ ന്യായരഹിതനല്ല.—1 പത്രോസ് 2:18, NW; സദൃശവാക്യങ്ങൾ 27:11; താരതമ്യം ചെയ്യുക: മീഖാ 6:8.
20. യഹോവയുടെ ന്യായയുക്തത നിങ്ങളെ ബാധിക്കുന്നതെങ്ങനെ?
20 സൃഷ്ടികളിൽ ആരെക്കാളും കൂടുതൽ അധികാരമുള്ള യഹോവയാം ദൈവം ആ അധികാരം ന്യായയുക്തമല്ലാത്തവിധം, അല്ലെങ്കിൽ മററുള്ളവരെ ഭയപ്പെടുത്താൻ, ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമല്ലേ? എന്നിരുന്നാലും, താരതമ്യം ചെയ്യുമ്പോൾ മനുഷ്യൻ അങ്ങേയററം ബലഹീനൻ, എന്നാൽ അവന്റെ ചരിത്രമോ, പരസ്പരം ആധിപത്യം നടത്തിയതിന്റേയും. (സഭാപ്രസംഗി 8:9) വ്യക്തമായും, ന്യായയുക്തത ഒരു അമൂല്യ ഗുണമാണ്. എല്ലാററിലുമുപരിയായി യഹോവയെ സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് ഈ ഗുണമാണ്. മറെറാരു ഫലവും ഇതിനുണ്ട്, നാംതന്നെ ഈ ഗുണം നട്ടുവളർത്താൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. നമുക്ക് അത് എങ്ങനെ ചെയ്യാനാവും? ഇക്കാര്യമാണ് അടുത്ത ലേഖനത്തിൽ വിശദീകരിക്കുന്നത്.
[അടിക്കുറിപ്പ്]
a മുമ്പ്, 1769-ൽ ശബ്ദശാസ്ത്രജ്ഞനായ ജോൺ പാർക്കഴ്സ്ററ് പ്രസ്തുത പദത്തെ “വഴങ്ങുന്ന, വഴങ്ങുന്ന മനോഭാവമുള്ള, കുലീനമായ, മൃദുവായ, ക്ഷമയുള്ള” എന്നിങ്ങനെ നിർവചിക്കുകയുണ്ടായി. “വഴങ്ങുന്ന” എന്ന നിർവചനം നൽകിയിട്ടുള്ള മററു പണ്ഡിതൻമാരുമുണ്ട്.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യഹോവയുടെ നാമവും അവന്റെ സ്വർഗീയ രഥത്തിന്റെ ദർശനവും അവന്റെ അനുരൂപപ്പെടൽ സ്വഭാവത്തെ എടുത്തുകാണിക്കുന്നതെങ്ങനെ?
◻ ന്യായയുക്തത എന്നാലെന്ത്, അതു ദിവ്യജ്ഞാനത്തിന്റെ മുഖമുദ്രയായിരിക്കുന്നത് എന്തുകൊണ്ട്?
◻ “ക്ഷമിക്കാൻ മനസ്സുള്ള”വനാണ് താൻ എന്ന് യഹോവ ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കിയിട്ടുണ്ട്?
◻ നടപ്പാക്കാൻ ഉദ്ദേശിച്ച ഒരു പ്രവർത്തനഗതിക്കു യഹോവ ചില സന്ദർഭങ്ങളിൽ മാററം വരുത്താൻ തീരുമാനിച്ചത് എന്തുകൊണ്ട്?
◻ താൻ അധികാരം പ്രയോഗിക്കുന്ന വിധത്തിൽ യഹോവ ന്യായയുക്തത പ്രകടിപ്പിക്കുന്നതെങ്ങനെ?
[10-ാം പേജിലെ ചിത്രം]
ദുഷ്ടനായ മനശ്ശെ രാജാവിനോടു യഹോവ ക്ഷമിച്ചതെന്തുകൊണ്ട്?