അധ്യായം രണ്ട്
ദാനീയേൽ—വിചാരണ ചെയ്യപ്പെടുന്ന ഒരു പുസ്തകം
1, 2. ദാനീയേൽ പുസ്തകം പ്രതിക്കൂട്ടിലായിരിക്കുന്നത് ഏത് അർഥത്തിൽ, ആ പുസ്തകത്തെ പിന്താങ്ങുന്ന തെളിവുകൾ പരിചിന്തിക്കുന്നതു പ്രധാനമാണെന്നു നിങ്ങൾ കരുതുന്നത് എന്തുകൊണ്ട്?
പ്രധാനപ്പെട്ട ഒരു വിചാരണ ശ്രദ്ധിച്ചുകൊണ്ടു നിങ്ങൾ ഒരു കോടതി മുറിയിൽ ഇരിക്കുകയാണെന്നു വിചാരിക്കുക. വഞ്ചന കാട്ടിയെന്ന കുറ്റം ഒരു വ്യക്തിയുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്നു. അയാൾ കുറ്റക്കാരനാണെന്നു ഗവൺമെന്റ് വക്കീൽ തറപ്പിച്ചു പറയുന്നു. എന്നാൽ, ദീർഘകാലമായി സത്യസന്ധതയ്ക്കു പേരുകേട്ട ഒരാളാണു കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന വ്യക്തി. പ്രതിഭാഗത്തു നിന്നുള്ള തെളിവുകൾ കേൾക്കാൻ നിങ്ങൾ താത്പര്യമുള്ളവൻ ആയിരിക്കില്ലേ?
2 ബൈബിൾ പുസ്തകമായ ദാനീയേലിന്റെ കാര്യത്തിൽ നിങ്ങൾ സമാനമായ ഒരു സ്ഥിതിവിശേഷത്തിലാണ്. അതിന്റെ എഴുത്തുകാരൻ സത്യസന്ധതയ്ക്കു പേരുകേട്ട ഒരു വ്യക്തി ആയിരുന്നു. അവന്റെ പേരു വഹിക്കുന്ന പുസ്തകം ആയിരക്കണക്കിനു വർഷങ്ങളായി അത്യധികം ആദരിക്കപ്പെട്ടിട്ടുണ്ട്. പൊ.യു.മു. ഏഴും ആറും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഒരു എബ്രായ പ്രവാചകനായ ദാനീയേൽ എഴുതിയ ആധികാരിക ചരിത്രമായി അതു സ്വയം പരിചയപ്പെടുത്തുന്നു. ഏകദേശം പൊ.യു.മു. 618 മുതൽ പൊ.യു.മു. 536 വരെ നീളുന്ന കാലഘട്ടത്തിലെ കാര്യങ്ങൾ ദാനീയേലിന്റെ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നതായി കൃത്യതയുള്ള ബൈബിൾ കാലക്കണക്കു പ്രകടമാക്കുന്നു. പൊ.യു.മു. 536-ഓടെ അതിന്റെ എഴുത്തു പൂർത്തിയായി. എന്നാൽ ആ പുസ്തകം പ്രതിക്കൂട്ടിലാണ്. അത് ഒരു കൃത്രിമ കൃതിയാണെന്നു ചില വിശ്വവിജ്ഞാനകോശങ്ങളും മറ്റു പരാമർശക ഗ്രന്ഥങ്ങളും സൂചിപ്പിക്കുകയോ തീർത്തു പറയുകയോ ചെയ്യുന്നു.
3. ദാനീയേൽ പുസ്തകത്തിന്റെ ആധികാരികതയെ കുറിച്ച് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്തു പറയുന്നു?
3 ദൃഷ്ടാന്തത്തിന്, ഒരുകാലത്തു ദാനീയേൽ പുസ്തകം “യഥാർഥ പ്രവചനം അടങ്ങുന്ന സത്യസന്ധമായ ഒരു ചരിത്രമായി പൊതുവെ പരിഗണിക്കപ്പെട്ടിരുന്നു” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക സമ്മതിക്കുന്നു. എന്നാൽ വാസ്തവത്തിൽ, ദാനീയേൽ പുസ്തകം “എഴുതപ്പെട്ടത് ഒരു പിൽക്കാല ദേശീയ പ്രതിസന്ധിയുടെ സമയത്ത്, അതായത് [സിറിയൻ രാജാവായ] ആന്റിയോക്കസ് നാലാമൻ എപ്പിഫാനെസിന്റെ കീഴിൽ യഹൂദന്മാർ കഠിനമായ പീഡനം അനുഭവിച്ചുകൊണ്ടിരുന്ന കാലത്ത് ആയിരുന്നു” എന്ന് ബ്രിട്ടാനിക്ക അവകാശപ്പെടുന്നു. പൊ.യു.മു. 167-നും 164-നും ഇടയ്ക്കാണ് ഈ പുസ്തകം എഴുതപ്പെട്ടതെന്നു പ്രസ്തുത എൻസൈക്ലോപീഡിയ പറയുന്നു. ദാനീയേൽ എന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ ഭാവി പ്രവചിക്കുന്നില്ല, മറിച്ച്, അവൻ “തനിക്കു മുമ്പുള്ള ചരിത്രത്തെ ഭാവി സംഭവങ്ങൾ സംബന്ധിച്ച പ്രവചനങ്ങൾ എന്നപോലെ” അവതരിപ്പിക്കുക മാത്രമാണു ചെയ്യുന്നതെന്നും അതു തറപ്പിച്ചു പറയുന്നു.
4. ദാനീയേൽ പുസ്തകത്തിന് എതിരെയുള്ള വിമർശനം തുടങ്ങിയത് എന്ന്, ഈ അടുത്ത നൂറ്റാണ്ടുകളിൽ സമാനമായ വിമർശനം ആളിക്കത്താൻ ഇടയാക്കിയത് എന്ത്?
4 അത്തരം ആശയങ്ങൾ എവിടെനിന്നാണ് ഉത്ഭവിക്കുന്നത്? ദാനീയേൽ പുസ്തകത്തിന് എതിരെയുള്ള വിമർശനം ഒരു പുതിയ കാര്യമല്ല. പൊ.യു. മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പോർഫറി എന്ന തത്ത്വചിന്തകനാണ് അതു തുടങ്ങിവെച്ചത്. റോമാ സാമ്രാജ്യത്തിലെ മറ്റ് അനേകരെയും പോലെ അദ്ദേഹവും ക്രിസ്ത്യാനിത്വത്തിന്റെ സ്വാധീനത്തെ ഒരു ഭീഷണിയായി കണ്ടു. ഈ “പുതിയ” മതത്തിനു തുരങ്കം വെക്കാനായി അദ്ദേഹം 15 പുസ്തകങ്ങൾ എഴുതി. 12-ാമത്തേത് ദാനീയേൽ പുസ്തകത്തിന് എതിരെ ആയിരുന്നു. പൊ.യു.മു. രണ്ടാം നൂറ്റാണ്ടിലെ ഒരു യഹൂദൻ എഴുതിയ ഒരു കപട കൃതിയാണ് അതെന്ന് പോർഫറി പ്രഖ്യാപിച്ചു. 18-ഉം 19-ഉം നൂറ്റാണ്ടുകളിലും സമാനമായ ആക്രമണങ്ങൾ ഉണ്ടായി. അമിതകൃത്തിപ്പുകാരുടെയും യുക്തിവാദികളുടെയും വീക്ഷണത്തിൽ പ്രവചനം—ഭാവി സംഭവങ്ങൾ മുൻകൂട്ടി പറയൽ—അസാധ്യമാണ്. ദാനീയേൽ അവരുടെ ഇഷ്ടപ്പെട്ട ആക്രമണ ലക്ഷ്യം ആയിത്തീർന്നു. ഫലത്തിൽ, അവനും അവന്റെ പുസ്തകവും കോടതി കയറി. ആ പുസ്തകം ബാബിലോണിലെ യഹൂദ പ്രവാസ കാലത്തു ദാനീയേൽ എഴുതിയതല്ല, മറിച്ച് നൂറ്റാണ്ടുകൾക്കു ശേഷം മറ്റാരോ എഴുതിയതാണ് എന്നതിനു തങ്ങൾക്കു വേണ്ടുവോളം തെളിവുകൾ ഉണ്ടെന്നു വിമർശകർ അവകാശപ്പെട്ടു.a അത്തരം ആക്രമണങ്ങൾ അത്യധികം വർധിച്ചപ്പോൾ ഒരു ഗ്രന്ഥകാരൻ ദാനീയേൽ വിമർശകരുടെ ഗുഹയിൽ (ഇംഗ്ലീഷ്) എന്ന ഒരു എതിർവാദ കൃതിപോലും രചിച്ചു.
5. ദാനീയേൽ പുസ്തകത്തിന്റെ ആധികാരികത സംബന്ധിച്ച പ്രശ്നം പ്രധാനപ്പെട്ട ഒന്നായിരിക്കുന്നത് എന്തുകൊണ്ട്?
5 വിമർശകരുടെ ഉറച്ച അവകാശവാദങ്ങളെ പിന്തുണയ്ക്കാൻ തെളിവുണ്ടോ? അതോ എതിർവാദത്തെ ആണോ തെളിവു പിന്താങ്ങുന്നത്? പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ഇവിടെ ഉൾപ്പെട്ടിരിക്കുന്നത്, ഈ പുരാതന പുസ്തകത്തിന്റെ ഖ്യാതി മാത്രമല്ല, നമ്മുടെ ഭാവിയും ഉൾപ്പെട്ടിരിക്കുന്നു. ദാനീയേൽ പുസ്തകം കപടമാണെങ്കിൽ മനുഷ്യവർഗത്തിന്റെ ഭാവി സംബന്ധിച്ചുള്ള അതിന്റെ വാഗ്ദാനങ്ങൾ വെറും പൊള്ളയാണ്. എന്നാൽ, അതിൽ അടങ്ങിയിരിക്കുന്നതു യഥാർഥ പ്രവചനങ്ങൾ ആണെങ്കിൽ, അവ നമുക്ക് ഇന്ന് എന്ത് അർഥമാക്കുമെന്ന് അറിയാൻ നിങ്ങൾ ഉത്സാഹം ഉള്ളവർ ആയിരിക്കുമെന്നതിൽ തെല്ലും സംശയമില്ല. അതു മനസ്സിൽ പിടിച്ചുകൊണ്ട്, ദാനീയേൽ പുസ്തകത്തിന് എതിരെയുള്ള ചില ആരോപണങ്ങൾ നമുക്കു പരിശോധിക്കാം.
6. ദാനീയേൽ പുസ്തകത്തിലെ ചരിത്രം സംബന്ധിച്ചു ചിലപ്പോഴൊക്കെ ഏത് ആരോപണം ഉന്നയിക്കപ്പെടുന്നു?
6 ദൃഷ്ടാന്തത്തിന്, ദി എൻസൈക്ലോപീഡിയ അമേരിക്കാനയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന്റെ കാര്യം എടുക്കാം: ദാനീയേൽ പുസ്തകത്തിലെ “[ബാബിലോണിയൻ പ്രവാസം പോലുള്ള] ആദിമ കാലഘട്ടങ്ങളിലെ അനേകം ചരിത്രപരമായ വിശദാംശങ്ങൾ ഏറെ വളച്ചൊടിച്ചവയാണ്.” അതു വാസ്തവത്തിൽ അങ്ങനെതന്നെ ആണോ? ആരോപിക്കപ്പെട്ടിരിക്കുന്ന മൂന്നു പിശകുകൾ ഓരോന്നായി നമുക്കു പരിചിന്തിക്കാം.
ഇല്ലാത്ത ചക്രവർത്തിയുടെ കാര്യം
7. (എ) ബേൽശസ്സരിനെ കുറിച്ചുള്ള ദാനീയേലിന്റെ പരാമർശങ്ങൾ ബൈബിൾ വിമർശകരെ ദീർഘകാലം സന്തോഷിപ്പിച്ചിട്ടുള്ളത് എന്തുകൊണ്ട്? (ബി) ബേൽശസ്സർ ഒരു കാൽപ്പനിക കഥാപാത്രം മാത്രമാണെന്നുള്ള ആശയത്തിന് എന്തു സംഭവിച്ചു?
7 ബാബിലോൺ നഗരം മറിച്ചിടപ്പെട്ടപ്പോൾ അവിടത്തെ രാജാവ് നെബൂഖദ്നേസരിന്റെ ഒരു “മകനായ” ബേൽശസ്സർ ആയിരുന്നു എന്നു ദാനീയേൽ എഴുതി. (ദാനീയേൽ 5:1, 11, 18, 22, 30) ബേൽശസ്സരിന്റെ പേരു ബൈബിളിൽ അല്ലാതെ മറ്റൊരിടത്തും കാണാനില്ലെന്നു പറഞ്ഞ് വിമർശകർ ദീർഘകാലം ഈ ആശയത്തെ കടന്നാക്രമിച്ചിട്ടുണ്ട്. മറിച്ച്, പുരാതന ചരിത്രകാരന്മാർ നെബൂഖദ്നേസരിന്റെ ഒരു പിൻഗാമിയായ നബോണീഡസിനെയാണ് ബാബിലോണിയൻ രാജാക്കന്മാരിൽ അവസാനത്തവനായി തിരിച്ചറിയിച്ചിട്ടുള്ളത്. അതുകൊണ്ട് വ്യക്തമായും, ബേൽശസ്സർ എഴുത്തുകാരന്റെ ഒരു കാൽപ്പനിക കഥാപാത്രം മാത്രമാണെന്ന് 1850-ൽ ഫെർഡിനാന്റ് ഹിറ്റ്സിച്ച് അഭിപ്രായപ്പെട്ടു. എന്നാൽ ഹിറ്റ്സിച്ചിന്റേത് ഏറെക്കുറെ വിവേകശൂന്യമായ അഭിപ്രായമാണെന്നു നിങ്ങൾക്കു തോന്നുന്നില്ലേ? ആകട്ടെ, ഈ രാജാവിനെ കുറിച്ച് ഒരു പരാമർശവും ഇല്ലാത്തത്, അദ്ദേഹം വാസ്തവത്തിൽ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്നു തെളിയിക്കുമോ, വിശേഷിച്ചും അദ്ദേഹം ജീവിച്ചിരുന്നത് ചരിത്ര രേഖകൾ വളരെ വിരളമായിരുന്നെന്ന് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു കാലത്തായിരിക്കുമ്പോൾ? ഏതായാലും, ഇന്നത്തെ ദക്ഷിണ ഇറാക്കിലുള്ള പുരാതന ബാബിലോണിയൻ നഗരമായ ഊരിന്റെ അവശിഷ്ടങ്ങളിൽനിന്ന് 1854-ൽ ചെറിയ കുറെ കളിമൺ സിലിണ്ടറുകൾ കുഴിച്ചെടുക്കുകയുണ്ടായി. നബോണീഡസ് രാജാവിൽനിന്നുള്ള ആ ക്യൂനിഫോം രേഖകളിൽ “എന്റെ മൂത്ത പുത്രനായ ബേൽ-ഷാർ-സ്സ”രിനു വേണ്ടിയുള്ള ഒരു പ്രാർഥന ഉണ്ടായിരുന്നു. ഇത് ദാനീയേൽ പുസ്തകത്തിലെ ബേൽശസ്സർ ആണെന്നു വിമർശകർക്കു പോലും സമ്മതിക്കേണ്ടിവന്നു.
8. ബേൽശസ്സരിനെ വാഴ്ച നടത്തുന്ന രാജാവായി ചിത്രീകരിച്ചുകൊണ്ടുള്ള ദാനീയേലിന്റെ വർണന സത്യമെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
8 പക്ഷേ, അതുകൊണ്ടൊന്നും വിമർശകർക്കു തൃപ്തിയായില്ല. “ഇതു യാതൊന്നും തെളിയിക്കുന്നില്ല” എന്ന് എച്ച്. എഫ്. റ്റോൾബട്ട് എന്ന വിമർശകൻ എഴുതി. ആ രേഖയിൽ പരാമർശിച്ചിരിക്കുന്ന പുത്രൻ വെറുമൊരു കുട്ടി ആയിരുന്നിരിക്കാം, എന്നാൽ ദാനീയേൽ അവനെ വാഴ്ച നടത്തുന്ന രാജാവായിട്ടാണ് ചിത്രീകരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, റ്റോൾബട്ടിന്റെ അഭിപ്രായങ്ങൾ പ്രസിദ്ധീകരിച്ച് വെറും ഒരു വർഷം കഴിഞ്ഞപ്പോൾ, ബേൽശസ്സരിന് സെക്രട്ടറിമാരും വീട്ടുജോലിക്കാരും ഉള്ളതായി പരാമർശിക്കുന്ന കൂടുതൽ ക്യൂനിഫോം ഫലകങ്ങൾ കുഴിച്ചെടുക്കുകയുണ്ടായി. തീർച്ചയായും അവൻ ഒരു കുട്ടി ആയിരുന്നില്ല! ഒരിക്കൽ നബോണീഡസ് വർഷങ്ങളോളം ബാബിലോണിൽനിന്ന് അകലെ ആയിരുന്നു എന്നു റിപ്പോർട്ടു ചെയ്തുകൊണ്ട് മറ്റു ഫലകങ്ങൾ ഒടുവിൽ ഈ പ്രശ്നം പരിഹരിച്ചു. ആ കാലഘട്ടത്തിൽ അവൻ ബാബിലോന്റെ “രാജത്വം” തന്റെ മൂത്ത പുത്രനെ (ബേൽശസ്സരിനെ) “ഭരമേൽപ്പിച്ചു” എന്നും ആ ഫലകങ്ങൾ വ്യക്തമാക്കി. അത്തരം അവസരങ്ങളിൽ, ബേൽശസ്സർ ആയിരുന്നു ഫലത്തിൽ രാജാവ്. അതേ, തന്റെ പിതാവിനോട് ഒപ്പം അവൻ ഒരു സഹരാജാവ് ആയിരുന്നു.b
9. (എ) ഏത് അർഥത്തിൽ ആയിരിക്കാം ദാനീയേൽ ബേൽശസ്സരിനെ നെബൂഖദ്നേസരിന്റെ മകൻ എന്നു വിളിച്ചത്? (ബി) നബോണീഡസ് ജീവിച്ചിരുന്നു എന്നതിനെ കുറിച്ചു ദാനീയേൽ ഒരു സൂചനപോലും നൽകുന്നില്ലെന്നുള്ള വിമർശകരുടെ ശക്തമായ വാദം തെറ്റായിരിക്കുന്നത് എന്തുകൊണ്ട്?
9 എന്നിട്ടും തൃപ്തിയാകാതെ, ബേൽശസ്സരിനെ നബോണീഡസിന്റെ മകൻ എന്നല്ല മറിച്ച് നെബൂഖദ്നേസരിന്റെ മകൻ എന്നാണു ബൈബിൾ വിളിക്കുന്നതെന്നു ചില വിമർശകർ പരാതിപ്പെടുന്നു. നബോണീഡസ് ജീവിച്ചിരുന്നു എന്നതിന്റെ ഒരു സൂചന പോലും ദാനീയേൽ നൽകുന്നില്ലെന്നു ചിലർ ശക്തമായി വാദിക്കുന്നു. എന്നാൽ സൂക്ഷ്മ പരിശോധനയിങ്കൽ ഈ രണ്ട് തടസ്സവാദങ്ങളും പൊളിഞ്ഞുപോകുന്നു. സാധ്യതയനുസരിച്ച്, നബോണീഡസ് നെബൂഖദ്നേസരിന്റെ പുത്രിയെ ആണു വിവാഹം കഴിച്ചത്. അതുകൊണ്ട് ബേൽശസ്സർ നെബൂഖദ്നേസരിന്റെ പൗത്രൻ ആകുമായിരുന്നു. എബ്രായ-അരമായ ഭാഷകളിൽ “വല്യപ്പൻ” എന്നതിനോ “പൗത്രൻ” എന്നതിനോ വാക്കുകൾ ഇല്ല. “പുത്രൻ” എന്നതിന് “പൗത്രൻ” എന്നോ “സന്തതി” എന്നു പോലുമോ അർഥം വരാം. (മത്തായി 1:1 താരതമ്യം ചെയ്യുക.) കൂടുതലായി, ബൈബിൾ വിവരണം അനുസരിച്ച് ബേൽശസ്സരിനെ നബോണീഡസിന്റെ പുത്രനായി കണക്കാക്കാനാകും. ചുവരിലെ ദുസ്സൂചകമായ കൈയെഴുത്തു കണ്ട് ഭയപരവശനായ ബേൽശസ്സർ, ആ വാക്കുകൾ വ്യാഖ്യാനിക്കാൻ കഴിയുന്ന വ്യക്തിക്കു രാജ്യത്തെ മൂന്നാം സ്ഥാനം വാഗ്ദാനം ചെയ്തു. (ദാനീയേൽ 5:7) രണ്ടാം സ്ഥാനം വാഗ്ദാനം ചെയ്യാതെ മൂന്നാം സ്ഥാനം വാഗ്ദാനം ചെയ്തത് എന്തുകൊണ്ടാണ്? ഒന്നും രണ്ടും സ്ഥാനങ്ങളിൽ അപ്പോൾത്തന്നെ ആരോ ഉണ്ടായിരുന്നുവെന്ന് അതു സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, നബോണീഡസും അവന്റെ പുത്രനായ ബേൽശസ്സരുമാണ് ആ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നത്.
10. ബാബിലോണിയൻ രാജവംശത്തെ കുറിച്ചുള്ള ദാനീയേലിന്റെ വിവരണം മറ്റു പുരാതന ചരിത്രകാരന്മാരുടേതിനെക്കാൾ വിശദമായിരിക്കുന്നത് എന്തുകൊണ്ട്?
10 അതുകൊണ്ട് ബേൽശസ്സരിനെ കുറിച്ചുള്ള ദാനീയേലിന്റെ പരാമർശം അവൻ ചരിത്രത്തെ “വളച്ചൊടിച്ചെന്ന്” തെളിയിക്കുന്നില്ല. നേരെ മറിച്ച്, ദാനീയേൽ, ബാബിലോന്റെ ചരിത്രം എഴുതുക അല്ലായിരുന്നിട്ടുകൂടി, ബാബിലോണിയൻ രാജവംശത്തെ കുറിച്ച് ഹിറോഡോട്ടസ്, സ്നോഫൺ, ബെറോസസ്സ് തുടങ്ങിയ മതേതര ചരിത്രകാരന്മാർ നൽകുന്നതിനെക്കാൾ കൂടുതൽ വിശദമായ വിവരണം പ്രദാനം ചെയ്യുന്നു. അവർ നൽകാഞ്ഞ വസ്തുതകൾ ദാനീയേലിനു രേഖപ്പെടുത്താൻ കഴിഞ്ഞത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ അവൻ ബാബിലോണിൽ ഉണ്ടായിരുന്നു. അവന്റെ പുസ്തകം ഒരു ദൃക്സാക്ഷിയുടെ രചനയാണ്, അല്ലാതെ പിൽക്കാല നൂറ്റാണ്ടുകളിലെ ഒരു കപട എഴുത്തുകാരന്റേതല്ല.
മേദ്യനായ ദാര്യാവേശ് ആരായിരുന്നു?
11. ദാനീയേൽ പറയുന്നത് അനുസരിച്ച്, മേദ്യനായ ദാര്യാവേശ് ആരായിരുന്നു, എന്നാൽ അവനെക്കുറിച്ച് എന്തു പറയപ്പെട്ടിരിക്കുന്നു?
11 ബാബിലോൺ മറിച്ചിടപ്പെട്ടതിനെ തുടർന്ന് “മേദ്യനായ ദാര്യാവേശ്” എന്നു പേരുള്ള ഒരു രാജാവ് ഭരണം തുടങ്ങിയെന്നു ദാനീയേൽ റിപ്പോർട്ടു ചെയ്യുന്നു. (ദാനീയേൽ 5:31) മതേതരമോ പുരാവസ്തു ശാസ്ത്രപരമോ ആയ കൃതികളിൽ മേദ്യനായ ദാര്യാവേശിനെ പേര് എടുത്തു പറഞ്ഞിരിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട്, ഈ ദാര്യാവേശ് “ഒരു കാൽപ്പനിക കഥാപാത്രം” ആണെന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക തറപ്പിച്ചു പറയുന്നു.
12. (എ) മേദ്യനായ ദാര്യാവേശ് ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്നു തീർത്തു പറയുന്നതിനു മുമ്പ് വിമർശകർ കാര്യങ്ങൾ മെച്ചമായി അറിയേണ്ടത് എന്തുകൊണ്ട്? (ബി) മേദ്യനായ ദാര്യാവേശ് ആരാണെന്നുള്ളതു സംബന്ധിച്ച ഒരു സാധ്യത എന്ത്, ഏതു തെളിവാണ് ആ സൂചന നൽകുന്നത്?
12 ചില പണ്ഡിതന്മാർ കൂടുതൽ ജാഗ്രത ഉള്ളവർ ആയിരുന്നിട്ടുണ്ട്. വിമർശകർ ഒരിക്കൽ ബേൽശസ്സരിനെയും “കാൽപ്പനിക” കഥാപാത്രം എന്നു മുദ്രകുത്തിയതാണല്ലോ. ദാര്യാവേശിന്റെ കാര്യത്തിലും വിമർശകരുടെ വാദം തെറ്റാണെന്നു തെളിയും എന്നതിനു സംശയമില്ല. ബാബിലോൺ കീഴടക്കിയ ഉടനെ പേർഷ്യക്കാരനായ കോരെശ് “ബാബിലോൺ രാജാവ്” എന്ന സ്ഥാനപ്പേർ ഏറ്റെടുത്തില്ലെന്നു ക്യൂനിഫോം ഫലകങ്ങൾ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ഗവേഷകൻ അഭിപ്രായപ്പെടുന്നു: “‘ബാബിലോൺ രാജാവ്’ എന്ന സ്ഥാനപ്പേർ വഹിച്ചത് കോരെശ് ആയിരുന്നില്ല. മറിച്ച് കോരെശിന്റെ കീഴിലുള്ള ഒരു സാമന്ത രാജാവായിരുന്നു.” ദാര്യാവേശ് എന്നതു ബാബിലോന്റെ അധികാരിയായി നിയമിക്കപ്പെട്ട ശക്തനായ ഒരു മേദ്യ ഉദ്യോഗസ്ഥന്റെ ഭരണ നാമമോ സ്ഥാനപ്പേരോ ആയിരിക്കുമായിരുന്നോ? ഗുബറു എന്നു പേരായ ഒരുവൻ ആയിരുന്നിരിക്കാം ദാര്യാവേശ് എന്നു ചിലർ അഭിപ്രായപ്പെടുന്നു. കോരെശ് ഗുബറുവിനെ ബാബിലോണിൽ ഗവർണറായി വാഴിച്ചു. അവൻ ഗണ്യമായ അധികാരത്തോടെ ഭരണം നടത്തിയെന്നു മതേതര രേഖകൾ സ്ഥിരീകരിക്കുന്നു. അവൻ ബാബിലോണിൽ ഉപഗവർണർമാരെ നിയമിച്ചു എന്ന് ഒരു ക്യൂനിഫോം ഫലകം പറയുന്നു. രസാവഹമായി, ബാബിലോൺ രാജ്യം ഭരിക്കാൻ ദാര്യാവേശ് 120 ദേശാധിപതികളെ നിയമിച്ചെന്നു ദാനീയേൽ എഴുതുന്നു.—ദാനീയേൽ 6:1.
13. ദാനീയേൽ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന മേദ്യനായ ദാര്യാവേശ് മതേതര രേഖകളിൽ പരാമർശിക്കപ്പെടാത്തതിന്റെ യുക്തിസഹമായ ഒരു കാരണം എന്ത്?
13 ഈ രാജാവ് ആരാണെന്നതു സംബന്ധിച്ചു കൂടുതൽ കൃത്യമായ തെളിവുകൾ കാലക്രമത്തിൽ വെളിച്ചത്തു വന്നേക്കാം. ഏതായാലും, ഈ കാര്യം സംബന്ധിച്ചുള്ള പുരാവസ്തു ശാസ്ത്രത്തിലെ പ്രത്യക്ഷ നിശ്ശബ്ദത, ദാര്യാവേശിനെ “കാൽപ്പനിക കഥാപാത്രം” എന്നു മുദ്രകുത്താൻ യാതൊരു അടിസ്ഥാനവും നൽകുന്നില്ല. ദാനീയേൽ പുസ്തകം മുഴുവനും കപടമാണെന്നു പറഞ്ഞു തള്ളിക്കളയാൻ ആണെങ്കിൽ, അത് അത്രയുംകൂടെ അടിസ്ഥാനം നൽകുന്നില്ല. എന്നാൽ ലഭ്യമായ മതേതര രേഖകളെക്കാൾ കൂടുതൽ വിശദമായ ദാനീയേലിന്റെ വിവരണത്തെ ഒരു ദൃക്സാക്ഷിയുടെ സാക്ഷ്യപ്പെടുത്തലായി വീക്ഷിക്കുന്നതു തികച്ചും ന്യായയുക്തമാണ്.
യെഹോയാക്കീമിന്റെ വാഴ്ച
14. യെഹോയാക്കീം രാജാവ് വാഴ്ച നടത്തിയ വർഷങ്ങളുടെ കാര്യത്തിൽ ദാനീയേലും യിരെമ്യാവും തമ്മിൽ യാതൊരു വൈരുദ്ധ്യവും ഇല്ലാത്തത് എന്തുകൊണ്ട്?
14 ദാനീയേൽ 1:1-ൽ ഇങ്ങനെ വായിക്കുന്നു: “യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽ രാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു.” യെഹോയാക്കീമിന്റെ നാലാം വർഷം നെബൂഖദ്നേസരിന്റെ ഒന്നാം വർഷം ആയിരുന്നുവെന്നു പറയുന്ന യിരെമ്യാവിന്റെ വിവരണവുമായി ഇതു യോജിക്കുന്നതായി തോന്നാത്തതിനാൽ വിമർശകർ ഈ തിരുവെഴുത്തിൽ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു. (യിരെമ്യാവു 25:1; 46:2) ദാനീയേൽ യിരെമ്യാവിനോടു വിയോജിക്കുക ആയിരുന്നോ? കൂടുതൽ വിവരങ്ങൾ ലഭിക്കുമ്പോൾ പ്രശ്നം സത്വരം പരിഹരിക്കപ്പെടുന്നു. യെഹോയാക്കീം ഫറവോൻ-നെഖോയാൽ പൊ.യു.മു. 628-ൽ ആദ്യം രാജാവാക്കപ്പെട്ടപ്പോൾ അവൻ ആ ഈജിപ്ഷ്യൻ ഭരണാധിപന്റെ കരങ്ങളിലെ ഒരു കളിപ്പാവ മാത്രമായിരുന്നു. പൊ.യു.മു. 624-ൽ നെബൂഖദ്നേസർ തന്റെ പിതാവിന്റെ പിൻഗാമി എന്ന നിലയിൽ സിംഹാസനസ്ഥൻ ആകുന്നതിനു മൂന്നു വർഷം മുമ്പായിരുന്നു അത്. അതിനുശേഷം അധികം താമസിയാതെ (പൊ.യു.മു. 620-ൽ) നെബൂഖദ്നേസർ യഹൂദാദേശം ആക്രമിച്ച് യെഹോയാക്കീമിനെ ബാബിലോന്റെ കീഴിൽ സാമന്ത രാജാവാക്കി. (2 രാജാക്കന്മാർ 23:34; 24:1) ബാബിലോണിൽ ജീവിക്കുന്ന ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം, യെഹോയാക്കീമിന്റെ ‘മൂന്നാം ആണ്ട്,’ ബാബിലോന്റെ സാമന്ത രാജാവായുള്ള അവന്റെ മൂന്നാമത്തെ വർഷം ആയിരിക്കുമായിരുന്നു. ആ കാഴ്ചപ്പാടിലാണ് ദാനീയേൽ എഴുതിയത്. എന്നാൽ യിരെമ്യാവ് ആകട്ടെ, യെരൂശലേമിൽത്തന്നെ ജീവിക്കുന്ന യഹൂദന്മാരുടെ കാഴ്ചപ്പാട് അനുസരിച്ചാണ് എഴുതിയത്. അതുകൊണ്ട് യെഹോയാക്കീമിന്റെ രാജത്വം ഫറവോൻ-നെഖോ അവനെ രാജാവാക്കിയപ്പോൾ മുതൽ തുടങ്ങുന്നതായി യിരെമ്യാവ് പരാമർശിച്ചു.
15. ദാനീയേൽ 1:1-ൽ കാണുന്ന കാലനിർണയത്തിന് എതിരെയുള്ള തടസ്സവാദം ദുർബലം ആയിരിക്കുന്നത് എന്തുകൊണ്ട്?
15 അതുകൊണ്ട്, ആരോപിക്കപ്പെടുന്ന ഈ പിശക്, യഹൂദ പ്രവാസികളോടൊപ്പം ബാബിലോണിൽ ആയിരുന്നപ്പോഴാണു ദാനീയേൽ പ്രസ്തുത പുസ്തകം എഴുതിയത് എന്നതിനുള്ള തെളിവിനെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുന്നുള്ളൂ. ദാനീയേൽ പുസ്തകത്തിന് എതിരെയുള്ള ഈ വാദത്തിൽ വ്യക്തമായ മറ്റൊരു പിഴവുണ്ട്. ദാനീയേൽ പുസ്തകത്തിന്റെ എഴുത്തുകാരന്റെ കൈവശം വ്യക്തമായും യിരെമ്യാ പുസ്തകം ഉണ്ടായിരുന്നെന്നും അവൻ അതു പരിശോധിച്ചിരുന്നെന്നും ഓർമിക്കുക. (ദാനീയേൽ 9:2) ദാനീയേലിന്റെ എഴുത്തുകാരൻ, വിമർശകർ അവകാശപ്പെടുന്നതു പോലെ കൗശലക്കാരനായ ഒരു കപട എഴുത്തുകാരൻ ആയിരുന്നെങ്കിൽ, അവൻ യിരെമ്യാവിന്റെ പുസ്തകം പോലുള്ള വളരെയേറെ ആദരിക്കപ്പെടുന്ന ഒരു ഉറവിടത്തെ എതിർക്കാൻ മുതിരുമായിരുന്നോ—അതും തന്റെ പുസ്തകത്തിന്റെ പ്രാരംഭ വാക്യത്തിൽത്തന്നെ? തീർച്ചയായും ഇല്ല!
പ്രസക്തമായ വിശദാംശങ്ങൾ
16, 17. (എ) രാജ്യത്തെ സകല ആളുകളും ആരാധിക്കേണ്ടതിന് നെബൂഖദ്നേസർ ഭീമാകാരമായ ഒരു പ്രതിമ സ്ഥാപിച്ചതിനെയും (ബി) ബാബിലോണിലെ തന്റെ നിർമാണ പദ്ധതികളെ കുറിച്ചുള്ള നെബൂഖദ്നേസരിന്റെ ആത്മപ്രശംസയെയും സംബന്ധിച്ച ദാനീയേൽ പുസ്തകത്തിലെ വിവരണങ്ങളെ പുരാവസ്തു തെളിവുകൾ പിന്താങ്ങിയിരിക്കുന്നത് എങ്ങനെ?
16 നമുക്ക് ഇപ്പോൾ നിഷേധാത്മക കാര്യങ്ങളിൽനിന്നു ക്രിയാത്മക കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കാം. ദാനീയേൽ പുസ്തകത്തിന്റെ എഴുത്തുകാരന് അതിൽ പ്രസ്താവിച്ചിരിക്കുന്ന കാലത്തെ കുറിച്ചു നേരിട്ട് അറിവ് ഉണ്ടായിരുന്നു എന്നു സൂചിപ്പിക്കുന്ന അതിലെ മറ്റു ചില വിശദാംശങ്ങൾ പരിചിന്തിക്കുക.
17 പുരാതന ബാബിലോനെ കുറിച്ചുള്ള നിസ്സാരമായ വിശദാംശങ്ങൾ പോലും ദാനീയേലിനു പരിചിതമായിരുന്നു എന്ന വസ്തുത അവന്റെ വിവരണത്തിന്റെ ആധികാരികതയ്ക്കുള്ള ശക്തമായ തെളിവാണ്. ദൃഷ്ടാന്തത്തിന്, സകല ആളുകളും ആരാധിക്കേണ്ടതിന് നെബൂഖദ്നേസർ ഭീമാകാരമായ ഒരു പ്രതിമ സ്ഥാപിച്ചെന്നു ദാനീയേൽ 3:1-6 റിപ്പോർട്ടു ചെയ്യുന്നു. ദേശീയവും മതപരവുമായ ആചാരങ്ങളിൽ തന്റെ ജനത്തെ കൂടുതലായി ഉൾപ്പെടുത്താൻ ഈ ചക്രവർത്തി ശ്രമിച്ചതിന്റെ മറ്റു തെളിവുകൾ പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെടുത്തിട്ടുണ്ട്. അതുപോലെ, തന്റെ അനേകം നിർമാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള നെബൂഖദ്നേസരിന്റെ ആത്മപ്രശംസ സംബന്ധിച്ചും ദാനീയേൽ രേഖപ്പെടുത്തുന്നു. (ദാനീയേൽ 4:30) ബാബിലോണിൽ നടന്ന വൻ തോതിലുള്ള നിർമാണത്തിനു പിന്നിൽ പ്രവർത്തിച്ചതു തീർച്ചയായും നെബൂഖദ്നേസർ ആയിരുന്നുവെന്ന് പുരാവസ്തു ശാസ്ത്രജ്ഞർ ഉറപ്പാക്കിയത് ഈ ആധുനിക കാലത്തു മാത്രമാണ്. ആത്മപ്രശംസയുടെ കാര്യത്തിലാണെങ്കിൽ—എന്തിന്, ഇഷ്ടികകളിൽപ്പോലും അവൻ തന്റെ പേരു കൊത്തിവെപ്പിച്ചിരുന്നു! ആ നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ് ഏതാണ്ട് നാലു നൂറ്റാണ്ടുകൾക്കു ശേഷവും പുരാവസ്തു ശാസ്ത്രജ്ഞർ അവ വെളിച്ചത്തു കൊണ്ടുവന്നതിനു വളരെനാൾ മുമ്പും ഉള്ള മക്കബായരുടെ കാലഘട്ടത്തിൽ (പൊ.യു.മു. 167-63) ജീവിച്ചിരുന്നവൻ എന്ന് ആരോപിക്കപ്പെടുന്ന ഒരു കപട എഴുത്തുകാരന് അവയെക്കുറിച്ച് എങ്ങനെ അറിയാൻ കഴിയുമായിരുന്നു എന്നു ദാനീയേലിന്റെ വിമർശകർക്കു വിശദീകരിക്കാനാകില്ല.
18. ബാബിലോണിയൻ-പേർഷ്യൻ ഭരണങ്ങളുടെ കീഴിൽ നിലവിലിരുന്ന വ്യത്യസ്ത ശിക്ഷാരീതികളെ കുറിച്ചുള്ള ദാനീയേലിന്റെ വിവരണം കൃത്യതയെ പ്രതിഫലിപ്പിക്കുന്നത് എങ്ങനെ?
18 ബാബിലോണിയൻ-മേദോപേർഷ്യൻ നിയമങ്ങൾ തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങളും ദാനീയേൽ പുസ്തകം വെളിപ്പെടുത്തുന്നു. ദൃഷ്ടാന്തത്തിന്, രാജകൽപ്പന അനുസരിക്കാൻ വിസമ്മതിച്ചതിനാൽ ദാനീയേലിന്റെ മൂന്നു കൂട്ടാളികൾ ബാബിലോണിയൻ നിയമത്തിൻ കീഴിൽ എരിയുന്ന തീച്ചൂളയിൽ എറിയപ്പെട്ടു. പതിറ്റാണ്ടുകൾ കഴിഞ്ഞ്, തന്റെ മനസ്സാക്ഷിക്കു വിരുദ്ധമായ ഒരു പേർഷ്യൻ നിയമം അനുസരിക്കാൻ വിസമ്മതിച്ചതിനു ദാനീയേൽ സിംഹങ്ങളുടെ ഗുഹയിൽ എറിയപ്പെട്ടു. (ദാനീയേൽ 3:6; 6:7-9) എരിയുന്ന തീച്ചൂളയെ കുറിച്ചുള്ള വിവരണത്തെ പഴങ്കഥയായി തള്ളിക്കളയാൻ ചിലർ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അത്തരം ശിക്ഷാരീതിയെ പ്രത്യേകാൽ പരാമർശിക്കുന്ന, പുരാതന ബാബിലോണിൽ നിന്നുള്ള ഒരു കത്ത് പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെടുത്തിട്ടുണ്ട്. മേദ്യർക്കും പേർഷ്യക്കാർക്കും തീ പവിത്രമായിരുന്നു. അതുകൊണ്ട് അവർ ക്രൂരമായ മറ്റു ശിക്ഷാരീതികളിലേക്കു തിരിഞ്ഞു. ആയതിനാൽ ദാനീയേലിനെ സിംഹങ്ങളുടെ ഗുഹയിൽ എറിഞ്ഞതിൽ തെല്ലും അതിശയിക്കാനില്ല.
19. ദാനീയേൽ പുസ്തകം ബാബിലോണിയൻ-മേദോപേർഷ്യൻ നിയമവ്യവസ്ഥകൾ തമ്മിലുള്ള ഏതു വ്യത്യാസം വ്യക്തമാക്കുന്നു?
19 മറ്റൊരു വ്യത്യാസം വെളിച്ചത്തു വരുന്നു. തോന്നുന്നതുപോലെ നിയമങ്ങൾ നിർമിക്കാനോ അവയ്ക്കു മാറ്റം വരുത്താനോ നെബൂഖദ്നേസരിനു സാധിക്കുമായിരുന്നു എന്ന് ദാനീയേൽ പ്രകടമാക്കുന്നു. എന്നാൽ, ദാര്യാവേശിനു “മേദ്യരുടെയും പാർസികളുടെയും നിയമം” മാറ്റാൻ സാധിക്കുമായിരുന്നില്ല—അവൻ നിർമിച്ചവ പോലും! (ദാനീയേൽ 2:5, 6, 24, 46-49; 3:10, 11, 29; 6:12-16) ചരിത്രകാരനായ ജോൺ സി. ഹിറ്റ്കോം എഴുതുന്നു: “നിയമം രാജാവിന് അധീനമായിരുന്ന ബാബിലോണും രാജാവ് നിയമത്തിന് അധീനനായിരുന്ന മേദോ-പേർഷ്യയും തമ്മിലുള്ള ഈ വ്യത്യാസത്തെ പുരാതന ചരിത്രം സ്ഥിരീകരിക്കുന്നു.”
20. ബേൽശസ്സരിന്റെ വിരുന്നിനെ കുറിച്ചുള്ള ഏതു വിശദാംശങ്ങൾ ബാബിലോണിയൻ ആചാരങ്ങൾ സംബന്ധിച്ചു ദാനീയേലിനു നേരിട്ട് അറിവുണ്ടായിരുന്നെന്നു പ്രകടമാക്കുന്നു?
20 ദാനീയേൽ 5-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബേൽശസ്സരിന്റെ വിരുന്നിനെ കുറിച്ചുള്ള കോൾമയിർ കൊള്ളിക്കുന്ന വിവരണം വിശദാംശ സമൃദ്ധമാണ്. അലസമായ തീറ്റിയോടും ധാരാളം മദ്യപാനത്തോടും കൂടെയാണ് അതു തുടങ്ങിയത്. കാരണം, വീഞ്ഞിനെ കുറിച്ചുള്ള അനേകം പരാമർശങ്ങൾ വിവരണത്തിൽ ഉണ്ട്. (ദാനീയേൽ 5:1, 2, 4) സമാനമായ വിരുന്നുകളുടെ ചുവർ ശിൽപ്പങ്ങളിൽ വാസ്തവത്തിൽ വീഞ്ഞു കുടി മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് തെളിവനുസരിച്ച്, അത്തരം ആഘോഷങ്ങളിൽ വീഞ്ഞിന് അങ്ങേയറ്റം പ്രാധാന്യം ഉണ്ടായിരുന്നു. ഈ വിരുന്നിൽ സ്ത്രീകളും—രാജാവിന്റെ ഉപഭാര്യമാരും വെപ്പാട്ടിമാരും—സന്നിഹിതർ ആയിരുന്നു എന്ന് ദാനീയേൽ പറയുന്നു. (ദാനീയേൽ 5:3, 23, NW) ബാബിലോണിയൻ ആചാരത്തിന്റെ ഈ വിശദാംശത്തെ പുരാവസ്തു ശാസ്ത്രം പിന്താങ്ങുന്നു. മക്കബായരുടെ കാലഘട്ടത്തിലെ യഹൂദന്മാരുടെയും ഗ്രീക്കുകാരുടെയും കാര്യത്തിൽ ഭാര്യമാർ പുരുഷന്മാരോടൊപ്പം വിരുന്നിൽ പങ്കുചേരുന്നത് ആക്ഷേപകരം ആയിരുന്നു. അതുകൊണ്ടായിരിക്കാം ദാനീയേലിന്റെ ആദ്യകാല ഗ്രീക്കു സെപ്റ്റുവജിന്റ് ഭാഷാന്തരം സ്ത്രീകളെ സംബന്ധിച്ച ഈ പരാമർശം വിട്ടുകളയുന്നത്.c എന്നാൽ, ദാനീയേൽ പുസ്തകത്തിന്റെ കപട എഴുത്തുകാരൻ എന്ന് ആരോപിക്കപ്പെടുന്ന ആൾ ജീവിച്ചിരുന്നത് അതേ യവന (ഗ്രീക്ക്) സംസ്കാരത്തിൽ, ഒരുപക്ഷേ സെപ്റ്റുവജിന്റ് പ്രസിദ്ധീകരിച്ച അതേ പൊതുകാലഘട്ടത്തിൽത്തന്നെ ആയിരിക്കുമായിരുന്നു!
21. ബാബിലോണിയൻ പ്രവാസ കാലത്തെയും അന്നത്തെ ആചാരങ്ങളെയും കുറിച്ചുള്ള ദാനീയേലിന്റെ ആഴമായ അറിവിനുള്ള ഏറ്റവും ന്യായയുക്തമായ വിശദീകരണം എന്ത്?
21 അത്തരം വിശദാംശങ്ങൾ പരിഗണിക്കുമ്പോൾ, പ്രവാസ കാലത്തെ കുറിച്ച് “അപൂർണവും കൃത്യതയില്ലാത്തതും” ആയ വിവരങ്ങൾ മാത്രം അറിയാവുന്ന ഒരുവനായി ദാനീയേൽ പുസ്തകത്തിന്റെ എഴുത്തുകാരനെ ബ്രിട്ടാനിക്കയ്ക്ക് വർണിക്കാൻ കഴിയുന്നതു തികച്ചും അവിശ്വസനീയമായി തോന്നുന്നു. പിന്നീടുള്ള നൂറ്റാണ്ടുകളിലെ ഒരു കപട എഴുത്തുകാരനു പുരാതന ബാബിലോണിയൻ-പേർഷ്യൻ ആചാരങ്ങളെ കുറിച്ച് ഇത്ര അടുത്ത പരിചയം ഉണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെയാണ്? പൊ.യു.മു. രണ്ടാം നൂറ്റാണ്ടിന് ഏറെക്കാലം മുമ്പുതന്നെ ആ രണ്ടു സാമ്രാജ്യങ്ങളും ക്ഷയിച്ചുപോയിരുന്നു എന്നും ഓർമിക്കുക. വ്യക്തമായും, അക്കാലത്തു പുരാവസ്തു ശാസ്ത്രജ്ഞർ ആരും ഉണ്ടായിരുന്നില്ല. വിദേശ സംസ്കാരങ്ങളെയും ചരിത്രത്തെയും കുറിച്ചുള്ള അറിവിൽ ആ കാലത്തെ യഹൂദന്മാർ സ്വയം അഭിമാനംകൊണ്ടിരുന്നതുമില്ല. താൻ വിവരിച്ചിരിക്കുന്ന സമയങ്ങളുടെയും സംഭവങ്ങളുടെയും ദൃക്സാക്ഷി ആയിരുന്ന പ്രവാചകനായ ദാനീയേലിനു മാത്രമേ തന്റെ പേരു വഹിക്കുന്ന ബൈബിൾ പുസ്തകം എഴുതാൻ കഴിയുമായിരുന്നുള്ളൂ.
ദാനീയേൽ പുസ്തകം ഒരു കപട കൃതിയാണെന്നു ബാഹ്യ ഘടകങ്ങൾ തെളിയിക്കുന്നുണ്ടോ?
22. എബ്രായ തിരുവെഴുത്തുകളുടെ കാനോനിലെ ദാനീയേൽ പുസ്തകത്തിന്റെ സ്ഥാനം സംബന്ധിച്ചു വിമർശകർ എന്ത് അവകാശവാദം ഉന്നയിക്കുന്നു?
22 ദാനീയേൽ പുസ്തകത്തിന് എതിരെയുള്ള ഏറ്റവും സാധാരണമായ വാദമുഖങ്ങളിൽ ഒന്ന് എബ്രായ തിരുവെഴുത്തുകളുടെ കാനോനിൽ അതിനെ ഏതു ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതിനോടു ബന്ധപ്പെട്ടിരിക്കുന്നു. പുരാതന റബ്ബിമാർ എബ്രായ തിരുവെഴുത്തുകളിലെ പുസ്തകങ്ങളെ മൂന്നു കൂട്ടങ്ങളായി ക്രമീകരിച്ചു: ന്യായപ്രമാണം, പ്രവാചക പുസ്തകങ്ങൾ, ലിഖിതങ്ങൾ. ദാനീയേൽ പുസ്തകത്തെ അവർ പ്രവാചക പുസ്തകങ്ങളുടെ കൂട്ടത്തിൽ അല്ല പിന്നെയോ ലിഖിതങ്ങളുടെ കൂട്ടത്തിലാണു പട്ടികപ്പെടുത്തിയത്. മറ്റു പ്രവാചകന്മാരുടെ എഴുത്തുകൾ ശേഖരിച്ച സമയത്ത് ദാനീയേൽ പുസ്തകം അജ്ഞാതം ആയിരുന്നിരിക്കാം എന്നാണ് ഇതിന്റെ അർഥമെന്നു വിമർശകർ വാദിക്കുന്നു. പിൽക്കാലത്തു ശേഖരിക്കപ്പെട്ടതുകൊണ്ടാണ് അതിനെ ലിഖിതങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് അനുമാനിക്കപ്പെടുന്നു.
23. പുരാതന യഹൂദന്മാർ ദാനീയേൽ പുസ്തകത്തെ വീക്ഷിച്ചിരുന്നത് എങ്ങനെ, നാം ഇത് എങ്ങനെ അറിയുന്നു?
23 എന്നിരുന്നാലും, പുരാതന റബ്ബിമാർ അത്ര കർശനമായ ഒരു വിധത്തിൽ കാനോനെ വിഭജിച്ചെന്നോ അവർ ദാനീയേൽ പുസ്തകത്തെ പ്രവാചക പുസ്തകങ്ങളിൽനിന്ന് ഒഴിവാക്കിയെന്നോ ഉള്ള കാര്യത്തിൽ എല്ലാ ബൈബിൾ ഗവേഷകരും യോജിക്കുന്നില്ല. റബ്ബിമാർ ദാനീയേൽ പുസ്തകത്തെ ലിഖിതങ്ങളുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയത് എന്നിരിക്കട്ടെ, അപ്പോൾപ്പോലും ആ പുസ്തകം പിൽക്കാലത്താണ് എഴുതപ്പെട്ടത് എന്നതിന്റെ തെളിവാകുമോ അത്? ഇല്ല. റബ്ബിമാർ ദാനീയേൽ പുസ്തകത്തെ പ്രവാചക പുസ്തകങ്ങളുടെ കൂട്ടത്തിൽനിന്ന് ഒഴിവാക്കിയിരിക്കാനുള്ള സാധ്യതയ്ക്കു വിഖ്യാതരായ പണ്ഡിതന്മാർ ധാരാളം കാരണങ്ങൾ നിരത്തിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ദാനീയേൽ പുസ്തകം റബ്ബിമാർക്ക് അസ്വസ്ഥത ഉളവാക്കിയതു നിമിത്തമോ ദാനീയേൽ ഒരു വിദേശരാജ്യത്തു ലൗകിക അധികാര സ്ഥാനത്ത് ആയിരുന്നതുകൊണ്ട് അവർ അവനെ മറ്റു പ്രവാചകന്മാരിൽനിന്നു വ്യത്യസ്തനായി വീക്ഷിച്ചതു നിമിത്തമോ അവർ അപ്രകാരം ചെയ്തിരിക്കാം. സംഗതി എന്തുതന്നെ ആയിരുന്നാലും, പ്രാധാന്യം അർഹിക്കുന്ന കാര്യം ഇതാണ്: പുരാതന യഹൂദന്മാർക്കു ദാനീയേൽ പുസ്തകത്തോട് ആഴമായ ആദരവ് ഉണ്ടായിരുന്നു, അവർ അതിനെ കാനോനികമായി കരുതുകയും ചെയ്തിരുന്നു. മാത്രമല്ല, തെളിവനുസരിച്ച് പൊ.യു.മു. രണ്ടാം നൂറ്റാണ്ടിനു വളരെ മുമ്പുതന്നെ എബ്രായ തിരുവെഴുത്തുകളുടെ കാനോൻ പൂർത്തിയായിരുന്നു. പിൽക്കാലത്ത് എഴുതപ്പെട്ട പുസ്തകങ്ങൾ, പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടവ പോലും, അതിനോടു കൂട്ടിച്ചേർക്കാൻ അനുവദിച്ചിരുന്നില്ല.
24. പ്രഭാഷകൻ എന്ന ഉത്തര കാനോനിക പുസ്തകത്തെ ദാനീയേൽ പുസ്തകത്തിന് എതിരായി ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ, ഈ ന്യായവാദം തെറ്റായിരിക്കുന്നത് എന്തുകൊണ്ട്?
24 വിരോധാഭാസമെന്നു പറയട്ടെ, തിരസ്കരിക്കപ്പെട്ട ഈ എഴുത്തുകളിൽ ഒന്ന് ദാനീയേൽ പുസ്തകത്തിന് എതിരെയുള്ള വാദമായി ഉപയോഗിച്ചിരിക്കുന്നു. ജീസസ് ബെൻ സിറക്കിനാലുള്ള പ്രഭാഷകൻ എന്ന ഉത്തര കാനോനിക പുസ്തകം രചിക്കപ്പെട്ടതു തെളിവനുസരിച്ച് പൊ.യു.മു. ഏകദേശം 180-ൽ ആയിരുന്നു. ആ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന നീതിമാന്മാരുടെ ദീർഘമായ പട്ടികയിൽനിന്നു ദാനീയേലിനെ ഒഴിവാക്കിയിരിക്കുന്നു എന്നു വിമർശകർ സന്തോഷപൂർവം ചൂണ്ടിക്കാട്ടുന്നു. ആ കാലത്തു ദാനീയേൽ അറിയപ്പെട്ടിരുന്നില്ലായിരിക്കും എന്ന് അവർ വാദിക്കുന്നു. ഈ വാദമുഖം പണ്ഡിതന്മാരുടെ ഇടയിൽ പരക്കെ അംഗീകരിക്കപ്പെടുന്നു. എന്നാൽ ഇതു പരിചിന്തിക്കുക: അതേ പട്ടിക എസ്രായെയും മൊർദ്ദെഖായിയെയും (പ്രവാസാനന്തര കാലത്തെ യഹൂദന്മാരുടെ ദൃഷ്ടിയിൽ ഇരുവരും വീരപുരുഷന്മാർ ആയിരുന്നു) നല്ല രാജാവായ യെഹോശാഫാത്തിനെയും നിഷ്കളങ്കനായ ഇയ്യോബിനെയും വിട്ടുകളയുന്നു. എല്ലാ ന്യായാധിപന്മാരിലും വെച്ച് ശമൂവേലിന്റെ പേർ മാത്രമേ അതിലുള്ളൂ.d ഒരു അകാനോനിക പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്ന, സമ്പൂർണമെന്ന് അവകാശപ്പെടാത്ത ഒരു പട്ടികയിൽ ആ പുരുഷന്മാരുടെ പേർ ഇല്ലാത്തതു നിമിത്തം നാം അവരെയെല്ലാം കാൽപ്പനിക കഥാപാത്രങ്ങളായി തള്ളിക്കളയണമോ? ആ ആശയം തന്നെ അബദ്ധമാണ്.
ദാനീയേൽ പുസ്തകത്തിന് അനുകൂലമായ ബാഹ്യ തെളിവ്
25. (എ) ദാനീയേൽ പുസ്തകത്തിലെ വിവരണത്തിന്റെ സത്യത ജോസീഫസ് സാക്ഷ്യപ്പെടുത്തിയത് എങ്ങനെ? (ബി) മഹാനായ അലക്സാണ്ടറെ കുറിച്ചുള്ള ജോസീഫസിന്റെ വിവരണവും ദാനീയേൽ പുസ്തകവും അറിയപ്പെടുന്ന ചരിത്രവുമായി യോജിപ്പിൽ ആയിരിക്കുന്നത് എങ്ങനെ? (രണ്ടാമത്തെ അടിക്കുറിപ്പു കാണുക.) (സി) ഭാഷാപരമായ തെളിവു ദാനീയേൽ പുസ്തകത്തെ പിന്താങ്ങുന്നത് എങ്ങനെ? (26-ാം പേജ് കാണുക.)
25 വീണ്ടും നമുക്കു ക്രിയാത്മക കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കാം. ആധികാരികതയുടെ കാര്യത്തിൽ എബ്രായ തിരുവെഴുത്തുകളിലെ മറ്റേതൊരു പുസ്തകത്തെക്കാളും സാക്ഷ്യം ലഭിച്ചിട്ടുള്ളത് ദാനീയേൽ പുസ്തകത്തിനാണെന്ന് പറയപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തമായി, പ്രസിദ്ധ യഹൂദ ചരിത്രകാരനായ ജോസീഫസ് അതിന്റെ ആധികാരികത സാക്ഷ്യപ്പെടുത്തുന്നു. മഹാനായ അലക്സാണ്ടർ പൊ.യു.മു. നാലാം നൂറ്റാണ്ടിൽ പേർഷ്യയ്ക്ക് എതിരെയുള്ള തന്റെ യുദ്ധ സമയത്തു യെരൂശലേമിൽ വന്നെന്നും അവിടെ വെച്ചു പുരോഹിതന്മാർ ദാനീയേൽ പുസ്തകത്തിന്റെ ഒരു പ്രതി അദ്ദേഹത്തെ കാണിച്ചെന്നും ജോസീഫസ് പറയുന്നു. തന്നിലേക്കു വിരൽചൂണ്ടിയ ദാനീയേൽ പ്രവചനത്തിലെ വാക്കുകൾ പേർഷ്യ ഉൾപ്പെടുന്ന തന്റെ സൈനിക നടപടിയെ ആണു പരാമർശിക്കുന്നതെന്ന് അദ്ദേഹംതന്നെ നിഗമനം ചെയ്തു.e വിമർശകർ പറയുന്ന “കപട രചനയ്ക്ക്” ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് ആയിരിക്കുമായിരുന്നു ഇത്. തീർച്ചയായും, ഈ പാഠഭാഗത്തെപ്രതി വിമർശകർ ജോസീഫസിനെ ശക്തമായി ആക്രമിച്ചിട്ടുണ്ട്. ദാനീയേൽ പുസ്തകത്തിലെ ചില പ്രവചനങ്ങൾ നിവൃത്തി ആയെന്നു പ്രസ്താവിക്കുന്നതിനെ പ്രതിയും അവർ അദ്ദേഹത്തെ ആക്രമിക്കുന്നു. എന്നാൽ ചരിത്രകാരനായ ജോസഫ് ഡി. വിൽസൺ അഭിപ്രായപ്പെട്ടതുപോലെ, “സാധ്യതയനുസരിച്ച്, ആ കാര്യങ്ങളെ കുറിച്ചു ലോകത്തിലുള്ള എല്ലാ വിമർശകർക്കും അറിയാവുന്നതിനെക്കാൾ കൂടുതൽ [ജോസീഫസിന്] അറിയാമായിരുന്നു.”
26. ചാവുകടൽ ചുരുളുകൾ ദാനീയേൽ പുസ്തകത്തിന്റെ ആധികാരികതയെ പിന്താങ്ങിയിരിക്കുന്നത് എങ്ങനെ?
26 ഇസ്രായേലിലെ ക്യുമ്റാൻ ഗുഹകളിൽനിന്നു ചാവുകടൽ ചുരുളുകൾ കണ്ടെടുത്തപ്പോൾ ദാനീയേൽ പുസ്തകത്തിന്റെ ആധികാരികതയ്ക്കു കൂടുതലായ തെളിവു ലഭിച്ചു. അതിശയകരമെന്നു പറയട്ടെ, 1952-ൽ കണ്ടെത്തിയവയിൽ അനേകവും ദാനീയേൽ പുസ്തകത്തിന്റെ ചുരുളുകളും ശകലങ്ങളും ആണ്. അവയിൽ ഏറ്റവും പഴക്കമേറിയവ പൊ.യു.മു. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുത്തുള്ളവ ആണെന്നു നിർണയിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അത്ര നേരത്തേതന്നെ ദാനീയേൽ പുസ്തകം സുപ്രസിദ്ധവും വ്യാപകമായി ആദരിക്കപ്പെടുന്നതും ആയിരുന്നു. ദ സോൺഡർവൻ പിക്റ്റോറിയൽ എൻസൈക്ലോപീഡിയ ഓഫ് ദ ബൈബിൾ പ്രസ്താവിക്കുന്നു: “ദാനീയേൽ പുസ്തകത്തിന്റെ [മക്കബായരുടെ കാലത്തെ] രചനയ്ക്കും മക്കബായരുടെ കാലത്തുതന്നെയുള്ള ഒരു മത വിഭാഗത്തിന്റെ ഗ്രന്ഥശാലയിൽ അതിന്റെ പകർപ്പുകൾ കാണപ്പെട്ടതിനും ഇടയിൽ സാധ്യത അനുസരിച്ചു മതിയായ ഒരു ഇടവേള ഉണ്ടായിരിക്കുക സാധ്യമല്ല എന്ന കാരണത്താൽത്തന്നെ ദാനീയേൽ പുസ്തകം മക്കബായരുടെ കാലത്തേത് ആണെന്നുള്ള ആശയം ഇപ്പോൾ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.”
27. ബാബിലോണിയൻ പ്രവാസ കാലത്തു വ്യാപകമായി അറിയപ്പെട്ടിരുന്ന ഒരു യഥാർഥ വ്യക്തി ആയിരുന്നു ദാനീയേൽ എന്നതിനുള്ള ഏറ്റവും പഴക്കമേറിയ തെളിവ് എന്ത്?
27 എന്നാൽ, ദാനീയേൽ പുസ്തകത്തിനു വളരെയേറെ പുരാതനവും കൂടുതൽ വിശ്വസനീയവുമായ സാക്ഷ്യം ഉണ്ട്. ദാനീയേലിന്റെ സമകാലികരിൽ ഒരുവനായിരുന്നു യെഹെസ്കേൽ പ്രവാചകൻ. ബാബിലോണിയൻ പ്രവാസ കാലത്ത് അവനും ഒരു പ്രവാചകനായി സേവിച്ചു. യെഹെസ്കേലിന്റെ പുസ്തകം ദാനീയേലിന്റെ പേർ പല പ്രാവശ്യം പ്രസ്താവിക്കുന്നു. (യെഹെസ്കേൽ 14:14, 20; 28:3) സ്വന്തം ജീവിതകാലത്തുതന്നെ, അതായത് പൊ.യു.മു. ആറാം നൂറ്റാണ്ടിൽ, നീതിമാനും ജ്ഞാനിയും എന്ന നിലയിൽ ദാനീയേൽ സുപ്രസിദ്ധൻ ആയിരുന്നു എന്ന് ഈ പരാമർശങ്ങൾ പ്രകടമാക്കുന്നു. ദൈവഭയം ഉണ്ടായിരുന്ന നോഹയ്ക്കും ഇയ്യോബിനും ഒപ്പം പരാമർശിക്കപ്പെടാൻ അവൻ യോഗ്യനായിരുന്നു.
ഏറ്റവും വലിയ സാക്ഷി
28, 29. (എ) ദാനീയേൽ പുസ്തകത്തിന്റെ ആധികാരികത ബോധ്യപ്പെടുത്തുന്ന ഏറ്റവും വലിയ തെളിവ് എന്ത്? (ബി) യേശുവിന്റെ സാക്ഷ്യം നാം സ്വീകരിക്കേണ്ടത് എന്തുകൊണ്ട്?
28 എന്നാൽ അവസാനമായി, ദാനീയേൽ പുസ്തകത്തിന്റെ ആധികാരികതയ്ക്കു സാക്ഷ്യം നൽകുന്നവരിൽ ഏറ്റവും മഹാനായവനെ കുറിച്ചു നമുക്കു പരിചിന്തിക്കാം. അത് യേശുക്രിസ്തു അല്ലാതെ മറ്റാരുമല്ല. അന്ത്യനാളുകളെ കുറിച്ചുള്ള തന്റെ ചർച്ചയിൽ യേശു “ദാനീയേൽ പ്രവാചക”നെയും അവന്റെ പ്രവചനങ്ങളിൽ ഒന്നിനെയും പരാമർശിക്കുന്നു.—മത്തായി 24:15; ദാനീയേൽ 11:31; 12:11.
29 വിമർശകരുടെ മക്കബായൻ സിദ്ധാന്തം ശരിയാണെങ്കിൽ, പിൻവരുന്ന രണ്ടു കാര്യങ്ങളിൽ ഒന്നു സത്യമാകേണ്ടി വരും. ഒന്നുകിൽ, യേശു ഈ കപട എഴുത്തിനാൽ കബളിപ്പിക്കപ്പെട്ടു. അല്ലെങ്കിൽ, യേശു പറഞ്ഞതായി മത്തായി ഉദ്ധരിക്കുന്നത് അവൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഇവ രണ്ടും ശരിയായിരിക്കാവുന്നതല്ല. മത്തായിയുടെ സുവിശേഷ വിവരണത്തെ നമുക്ക് ആശ്രയിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ബൈബിളിന്റെ ഇതര ഭാഗങ്ങളെ നമുക്ക് എങ്ങനെ ആശ്രയിക്കാൻ കഴിയും? നാം ആ വാചകങ്ങൾ നീക്കം ചെയ്യുന്നെങ്കിൽ, വിശുദ്ധ തിരുവെഴുത്തുകളുടെ പേജുകളിൽനിന്ന് അടുത്തതായി നാം ഏതു വാക്കുകളാകും അടർത്തിമാറ്റുക? പൗലൊസ് അപ്പൊസ്തലൻ എഴുതി: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഉപദേശത്തിന്നും . . . ഗുണീകരണത്തിന്നും [“കാര്യങ്ങൾ നേരേയാക്കാനും,” NW] . . . പ്രയോജനമുള്ളതു ആകുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (2 തിമൊഥെയൊസ് 3:16, 17) അപ്പോൾ, ദാനീയേൽ ഒരു കപട എഴുത്തുകാരൻ ആയിരുന്നെങ്കിൽ, അത്തരത്തിലുള്ള മറ്റൊരുവൻ ആയിരുന്നു പൗലൊസ്! യേശുവിനെ കബളിപ്പിക്കാൻ കഴിയുമായിരുന്നോ? തീർച്ചയായുമില്ല. ദാനീയേൽ പുസ്തകം എഴുതപ്പെട്ടപ്പോൾ അവൻ സ്വർഗത്തിൽ ജീവിച്ചിരുന്നു. യേശു ഇങ്ങനെ പോലും പറഞ്ഞു: “അബ്രാഹാം ജനിച്ചതിന്നു മുമ്പെ ഞാൻ ഉണ്ട്.” (യോഹന്നാൻ 8:58) ജീവിച്ചിരുന്നിട്ടുള്ള എല്ലാ മനുഷ്യരിലും വെച്ച്, ദാനീയേൽ പുസ്തകത്തിന്റെ ആധികാരികതയെ കുറിച്ചുള്ള വിവരങ്ങൾ നമുക്കു ചോദിക്കാൻ ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നതു യേശുവാണ്. എന്നാൽ ചോദിക്കേണ്ട ആവശ്യമില്ല, നാം കണ്ടുകഴിഞ്ഞതു പോലെ, അവന്റെ സാക്ഷ്യം വളരെ വ്യക്തമാണ്.
30. യേശു ദാനീയേൽ പുസ്തകത്തിനു കൂടുതലായ ആധികാരികത പകർന്നത് എങ്ങനെ?
30 തന്റെ സ്നാപന സമയത്തുതന്നെ യേശു ദാനീയേൽ പുസ്തകത്തിനു കൂടുതലായ ആധികാരികത പകർന്നു. വർഷങ്ങളുടെ 69 ആഴ്ചകളെക്കുറിച്ചുള്ള ദാനീയേൽ പുസ്തകത്തിലെ ഒരു പ്രവചനം നിവർത്തിച്ചുകൊണ്ട് അന്ന് അവൻ മിശിഹായായി. (ദാനീയേൽ 9:25, 26; ഈ പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.) ദാനീയേൽ പുസ്തകം എഴുതപ്പെട്ടതു പിൽക്കാലത്താണെന്ന സിദ്ധാന്തം ശരിയാണെന്ന് ഇരിക്കട്ടെ, അപ്പോൾ പോലും അതിന്റെ എഴുത്തുകാരന് ഏകദേശം 200 വർഷത്തിനു ശേഷമുള്ള കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു. എന്നാൽ, വ്യാജ നാമത്തിൽ യഥാർഥ പ്രവചനങ്ങൾ നടത്താൻ ദൈവം ഒരു കപട വ്യക്തിയെ ഒരിക്കലും നിശ്വസ്തൻ ആക്കുമായിരുന്നില്ല. ദൈവത്തോടു വിശ്വസ്തരായവർ യേശുവിന്റെ സാക്ഷ്യം മുഴുഹൃദയത്തോടെ സ്വീകരിക്കുന്നു. ലോകത്തിലെ സകല വിദഗ്ധരും വിമർശകരും ഒന്നടങ്കം ദാനീയേൽ പുസ്തകത്തെ പഴിക്കാൻ മുതിർന്നാലും യേശുവിന്റെ സാക്ഷ്യം അവരുടെ വാദം തെറ്റാണെന്നു തെളിയിക്കും. കാരണം അവൻ “വിശ്വസ്തനും സത്യവാനുമായ സാക്ഷി”യാണ്.—വെളിപ്പാടു 3:14.
31. ദാനീയേൽ പുസ്തകത്തിന്റെ ആധികാരികത അനേകം ബൈബിൾ വിമർശകർക്ക് ഇപ്പോഴും ബോധ്യപ്പെടാത്തത് എന്തുകൊണ്ട്?
31 അനേകം ബൈബിൾ വിമർശകർക്ക് ഈ സാക്ഷ്യം പോലും മതിയായതല്ല. ഈ വിഷയം കൂലങ്കഷമായി വിചിന്തനം ചെയ്തു കഴിയുമ്പോൾ, എത്രതന്നെ തെളിവു കിട്ടിയാലും അവർക്കു തൃപ്തിയാകുമോ എന്ന് ഒരുവൻ അതിശയിച്ചേക്കാം. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഒരു പ്രൊഫസർ എഴുതി: “‘പ്രകൃത്യതീത പ്രവചനം സാധ്യമല്ല’ എന്ന മുൻവിധി ഉള്ളിടത്തോളം കാലം തടസ്സവാദങ്ങൾക്ക് ഉത്തരം നൽകുന്നതുകൊണ്ടു യാതൊരു പ്രയോജനവും ഇല്ല.” അതേ, മുൻവിധി അവരെ അന്ധരാക്കുന്നു. എന്നാൽ അത് അവരുടെ തിരഞ്ഞെടുപ്പാണ്—അവരുടെ പരാജയവും.
32. ദാനീയേൽ പുസ്തകത്തിന്റെ പഠനത്തിൽ നമ്മെ കാത്തിരിക്കുന്നത് എന്ത്?
32 നിങ്ങളുടെ കാര്യമോ? ദാനീയേൽ പുസ്തകത്തിന്റെ ആധികാരികതയെ സംശയിക്കാൻ യാതൊരു യഥാർഥ കാരണവും ഇല്ലെന്നു മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയുന്നെങ്കിൽ, കണ്ടെത്തലുകളുടെ പുളകപ്രദമായ ഒരു പര്യടനത്തിനു നിങ്ങൾ തയ്യാറാണ്. ദാനീയേൽ പുസ്തകത്തിലെ വിവരണങ്ങൾ കോരിത്തരിപ്പിക്കുന്നതും പ്രവചനങ്ങൾ ചേതോഹരവും ആണെന്നു നിങ്ങൾ കണ്ടെത്തും. അതിലും പ്രധാനമായി, ഓരോ അധ്യായവും പഠിക്കുന്നത് അനുസരിച്ച് നിങ്ങളുടെ വിശ്വാസം കൂടുതൽ കൂടുതൽ ശക്തമായിത്തീരുന്നുവെന്നു നിങ്ങൾ മനസ്സിലാക്കും. ദാനീയേൽ പ്രവചനത്തിന് അടുത്ത ശ്രദ്ധ കൊടുത്തതിനെപ്രതി നിങ്ങൾക്ക് ഒരിക്കലും ഖേദിക്കേണ്ടിവരില്ല!
[അടിക്കുറിപ്പുകൾ]
a ചില പുരാതന അകാനോനിക പുസ്തകങ്ങൾ സാങ്കൽപ്പിക നാമങ്ങളിൽ എഴുതപ്പെട്ടതുപോലെ, ദാനീയേൽ പുസ്തകത്തിന്റെ എഴുത്തുകാരൻ ദാനീയേൽ എന്ന പേര് ഒരു തൂലികാനാമമായി ഉപയോഗിച്ചു എന്നു പറഞ്ഞുകൊണ്ട് ആ പുസ്തകം കപടം ആണെന്നുള്ള ആരോപണത്തെ മയപ്പെടുത്താൻ ചില നിരൂപകർ ശ്രമിക്കുന്നു. എന്നാൽ ബൈബിൾ നിരൂപകനായ ഫെർഡിനാന്റ് ഹിറ്റ്സിച്ച് ഇപ്രകാരം അഭിപ്രായപ്പെട്ടു: “ദാനീയേൽ പുസ്തകത്തിന്റെ കാര്യത്തിൽ, അതു മറ്റൊരു [എഴുത്തുകാരൻ] എഴുതിയതാണെന്നു പറഞ്ഞാൽ, സംഗതി വ്യത്യസ്തമാണ്. അപ്പോൾ വായനക്കാരെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എഴുതിയ ഒരു കപട എഴുത്തായി അതു മാറുന്നു. അവരുടെ പ്രയോജനത്തിനു വേണ്ടി ആയിരുന്നെങ്കിൽ പോലും.”
b ബാബിലോൺ വീണപ്പോൾ നബോണീഡസ് അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു ബേൽശസ്സരിനെ അക്കാലത്തെ രാജാവായി ചിത്രീകരിച്ചിരിക്കുന്നത് ഉചിതമാണ്. മതേതര രേഖകൾ ബേൽശസ്സരിന് രാജാവ് എന്ന ഔദ്യോഗിക സ്ഥാനപ്പേർ നൽകുന്നില്ല എന്നു പറഞ്ഞുകൊണ്ട് വിമർശകർ ഒഴികഴിവു കണ്ടെത്തുന്നു. എന്നിരുന്നാലും, അക്കാലത്തെ ആളുകൾ ഗവർണറെ പോലും രാജാവ് എന്നു വിളിച്ചിരിക്കാമെന്നു പുരാതന തെളിവു സൂചിപ്പിക്കുന്നു.
c ദാനീയേൽ 5:3-നെ കുറിച്ച് എബ്രായ പണ്ഡിതനായ സി. എഫ്. കൈൽ എഴുതുന്നു: “മാസിഡോണിയക്കാരുടെയും ഗ്രീക്കുകാരുടെയും റോമാക്കാരുടെയും ആചാരത്തിനു ചേർച്ചയിൽ സെപ്റ്റുവജിന്റ് ഇവിടെയും 23-ാം വാ[ക്യ]ത്തിലും സ്ത്രീകളെ കുറിച്ചുള്ള പരാമർശം വിട്ടുകളഞ്ഞിരിക്കുന്നു.”
d നേരെ മറിച്ച്, വിശ്വസ്ത സ്ത്രീപുരുഷന്മാരെ കുറിച്ചു പൗലൊസ് അപ്പൊസ്തലൻ എബ്രായർ 11-ാം അധ്യായത്തിൽ പ്രസ്താവിച്ചിരിക്കുന്ന നിശ്വസ്ത രേഖ ദാനീയേൽ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളെ പരാമർശിക്കുകതന്നെ ചെയ്യുന്നു. (ദാനീയേൽ 6:16-24; എബ്രായർ 11:32, 33) എന്നാൽ, അപ്പൊസ്തലന്റെ പട്ടികയും സമ്പൂർണമല്ല. യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ തുടങ്ങി ആ പട്ടികയിൽ പേരു പറഞ്ഞിട്ടില്ലാത്ത അനേകരുണ്ട്. എന്നാൽ അവർ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്ന് അതു തെളിയിക്കുന്നില്ല.
e ഈ വസ്തുത, പേർഷ്യക്കാരുടെ ദീർഘകാല മിത്രങ്ങളായിരുന്ന യഹൂദരോട് അലക്സാണ്ടർ വളരെ ദയാലു ആയിരുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുമെന്നു ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു. അലക്സാണ്ടർ പേർഷ്യയുടെ സകല മിത്രങ്ങളെയും നശിപ്പിക്കാൻ സൈനിക നീക്കം നടത്തുന്ന സമയമായിരുന്നു അത്.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• ദാനീയേൽ പുസ്തകത്തിന്മേൽ എന്ത് ആരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നു?
• ദാനീയേൽ പുസ്തകത്തിന്മേലുള്ള വിമർശകരുടെ ആക്രമണം വസ്തുനിഷ്ഠം അല്ലാത്തത് എന്തുകൊണ്ട്?
• ദാനീയേൽ പുസ്തകത്തിലെ വിവരണത്തിന്റെ ആധികാരികതയെ ഏതു തെളിവു പിന്താങ്ങുന്നു?
• ദാനീയേൽ പുസ്തകം ആധികാരികമാണെന്നു ബോധ്യപ്പെടുത്തുന്ന ഏറ്റവും വലിയ തെളിവ് ഏത്?
[26-ാം പേജിലെ ചതുരം]
ഭാഷയുടെ കാര്യം
ദാനീയേൽ പുസ്തകത്തിന്റെ എഴുത്ത് ഏതാണ്ട് പൊ.യു.മു. 536-ൽ പൂർത്തിയായി. എബ്രായ, അരമായ ഭാഷകളിലാണ് അത് എഴുതപ്പെട്ടത്. ഏതാനും ചില ഗ്രീക്ക്, പേർഷ്യൻ പദങ്ങളും അതിൽ ഉണ്ടായിരുന്നു. ഒന്നിലധികം ഭാഷകൾ കൂട്ടിക്കലർത്തി എഴുതുന്ന രീതി അസാധാരണമാണെങ്കിലും തിരുവെഴുത്തുകളിൽ അത് അപൂർവമല്ല. ബൈബിൾ പുസ്തകമായ എസ്രായും എബ്രായ, അരമായ ഭാഷകളിലാണ് എഴുതപ്പെട്ടത്. എന്നാൽ, ദാനീയേൽ പുസ്തകത്തിന്റെ എഴുത്തുകാരൻ ഈ ഭാഷകൾ ഉപയോഗിച്ചിരിക്കുന്ന വിധം, അത് എഴുതപ്പെട്ടത് പൊ.യു.മു. 536-നു ശേഷമാണെന്നു തെളിയിക്കുന്നു എന്നു ചില വിമർശകർ ശഠിക്കുന്നു. ദാനീയേൽ പുസ്തകത്തിൽ ഗ്രീക്കു പദങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ അതിന്റെ രചന നടന്നത് നിശ്ചയമായും പിൽക്കാലത്താണെന്ന് ഒരു വിമർശകൻ പറഞ്ഞതായി പരക്കെ ഉദ്ധരിക്കപ്പെടുന്നു. അത്തരമൊരു പിൽക്കാല തീയതിയെ—അതു പൊ.യു.മു. രണ്ടാം നൂറ്റാണ്ടുപോലെ അടുത്തകാലത്തെ ഒരു തീയതി പോലുമാകാം—അതിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ ഭാഷ പിന്താങ്ങുകയും അരമായ ഭാഷ കുറഞ്ഞപക്ഷം അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു.
എന്നാൽ, എല്ലാ ഭാഷാ പണ്ഡിതന്മാരും അതിനോടു യോജിക്കുന്നില്ല. ദാനീയേൽ പുസ്തകത്തിലെ എബ്രായ ഭാഷ യെഹെസ്കേലിന്റെയും എസ്രായുടെയും പുസ്തകങ്ങളിലേതിനോടു സമാനമാണെന്നും അതേസമയം, പ്രഭാഷകൻ പോലുള്ള പിൽക്കാല ഉത്തര കാനോനിക പുസ്തകങ്ങളിൽ കാണുന്ന ഭാഷയിൽനിന്നു വ്യത്യസ്തമാണെന്നും ചില വിദഗ്ധർ പറഞ്ഞിരിക്കുന്നു. ചാവുകടൽ ചുരുളുകളുടെ കൂട്ടത്തിൽ കണ്ടെത്തിയ രണ്ടു രേഖകൾ പരിശോധിക്കുന്നതു ദാനീയേൽ ഉപയോഗിച്ച അരമായ ഭാഷയെ സംബന്ധിച്ചു മനസ്സിലാക്കുന്നതിനു നമ്മെ സഹായിക്കുന്നു. ആ ചുരുളുകൾ രണ്ടും അരമായ ഭാഷയിൽ ഉള്ളതും പൊ.യു.മു. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ, അതായത് ദാനീയേൽ പുസ്തകത്തിന്റെ കപട എഴുത്ത് നടന്നുവെന്നു കരുതപ്പെടുന്ന കാലത്തിനു ശേഷം അധികം താമസിയാതെ, എഴുതപ്പെട്ടതുമാണ്. എന്നാൽ, ഈ രേഖകളിലും ദാനീയേൽ പുസ്തകത്തിലും കാണുന്ന അരമായ ഭാഷകൾ തമ്മിൽ വലിയ അന്തരം ഉള്ളതായി പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, ദാനീയേൽ പുസ്തകത്തിന് വിമർശകർ ശഠിക്കുന്നതിനെക്കാൾ നൂറ്റാണ്ടുകൾ പഴക്കം ഉണ്ടായിരിക്കണമെന്നു ചിലർ അഭിപ്രായപ്പെടുന്നു.
ദാനീയേൽ പുസ്തകത്തിലെ “പ്രശ്നം സൃഷ്ടിക്കുന്ന” ഗ്രീക്കു പദങ്ങളുടെ കാര്യമോ? അവയിൽ ചിലത് പേർഷ്യൻ പദങ്ങൾ ആണെന്നു കണ്ടെത്തിയിരിക്കുന്നു, അതായത്, ഗ്രീക്കു പദങ്ങളേ അല്ല! ഗ്രീക്കു പദങ്ങൾ എന്ന് ഇപ്പോഴും കരുതപ്പെടുന്നവ മൂന്ന് സംഗീത ഉപകരണങ്ങളുടെ പേരുകൾ മാത്രമാണ്. ഈ മൂന്ന് പദങ്ങൾ നിമിത്തം ദാനീയേൽ പുസ്തകം എഴുതപ്പെട്ടതു പിൽക്കാലത്ത് ആയിരിക്കണം എന്നു നിർബന്ധം ഉണ്ടോ? ഇല്ല. ഗ്രീസ് ഒരു ലോകശക്തി ആയിത്തീരുന്നതിനു നൂറ്റാണ്ടുകൾക്കു മുമ്പേ ഗ്രീക്കു സംസ്കാരം സ്വാധീനം ചെലുത്തിയിരുന്നുവെന്നു പുരാവസ്തു ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ദാനീയേൽ പുസ്തകം എഴുതപ്പെട്ടത് ഗ്രീക്കു സംസ്കാരവും ഭാഷയും സർവത്ര വ്യാപകമായി തീർന്നിരുന്ന പൊ.യു.മു. രണ്ടാം നൂറ്റാണ്ടിൽ ആയിരുന്നു എങ്കിൽ അതിൽ വെറും മൂന്ന് ഗ്രീക്കു പദങ്ങൾ മാത്രമേ കാണുമായിരുന്നുള്ളോ? സാധ്യതയില്ല. വളരെയേറെ ഗ്രീക്കു പദങ്ങൾ അതിൽ കാണപ്പെടുമായിരുന്നു. അതുകൊണ്ട് ഭാഷാപരമായ തെളിവ് വാസ്തവത്തിൽ ദാനീയേൽ പുസ്തകത്തിന്റെ ആധികാരികതയെ പിന്താങ്ങുന്നു.
[12-ാം പേജ് നിറയെയുള്ള ചിത്രം]
[20-ാം പേജിലെ ചിത്രങ്ങൾ]
(താഴെ) നബോണീഡസ് രാജാവിന്റെയും പുത്രനായ ബേൽശസ്സരിന്റെയും പേരുള്ള ബാബിലോണിയൻ ക്ഷേത്ര സിലിണ്ടർ
(മുകളിൽ) തന്റെ നിർമാണ പ്രവർത്തനങ്ങളെ കുറിച്ചുള്ള നെബൂഖദ്നേസരിന്റെ ആത്മപ്രശംസയാണ് ഈ ആലേഖനത്തിൽ
[21-ാം പേജിലെ ചിത്രം]
നബോണീഡസ് ക്രോണിക്കിൾ അനുസരിച്ച്, കോരെശിന്റെ സൈന്യം പോരാട്ടം നടത്താതെതന്നെ ബാബിലോണിൽ പ്രവേശിച്ചു
[22-ാം പേജിലെ ചിത്രങ്ങൾ]
(വലത്ത്) നബോണീഡസ് തന്റെ ഭരണാധിപത്യം ആദ്യജാതനെ ഭരമേൽപ്പിച്ചെന്ന് “നബോണീഡസിന്റെ കാവ്യവിവരണം” റിപ്പോർട്ടു ചെയ്യുന്നു
(ഇടത്ത്) നെബൂഖദ്നേസർ യഹൂദയെ ആക്രമിച്ചതിനെ കുറിച്ചുള്ള ബാബിലോണിയൻ രേഖ