അവർ യഹോവയുടെ ഹിതം ചെയ്തു
ദാനീയേൽ സ്ഥിരതയോടെ ദൈവത്തെ സേവിച്ചു
ഒറ്റ രാത്രികൊണ്ട് ചരിത്രത്തിന്റെ ഗതി മാറുക എന്നത് അപൂർവമാണ്. എങ്കിലും, പൊ.യു.മു. 539-ൽ മേദ്യരും പാർസികളും വെറും മണിക്കൂറുകൾകൊണ്ട് ബാബിലോന്യ സാമ്രാജ്യത്തെ നശിപ്പിച്ചപ്പോൾ അതു സംഭവിച്ചു. ആ വർഷമായപ്പോഴേക്കും യഹോവയുടെ പ്രവാചകനായ ദാനീയേൽ, ഒരു യഹൂദ പ്രവാസിയായി ബാബിലോനിൽ ജീവിച്ചിട്ട് ഏതാണ്ട് 80 വർഷമായിരുന്നു. ദൈവത്തോടുള്ള നിർമലതയുടെ ഏറ്റവും വലിയ പരീക്ഷകളിലൊന്ന്, സാധ്യതയനുസരിച്ച് തന്റെ 90-കളിൽ ദാനീയേൽ നേരിടാൻ പോവുകയായിരുന്നു.
ബാബിലോന്റെ പതനത്തിനുശേഷം ദാനീയേലിനെ സംബന്ധിച്ചിടത്തോളം ആദ്യമൊക്കെ കാര്യങ്ങൾ സുഗമമായി പോകുന്നതുപോലെ കാണപ്പെട്ടു. ദാനീയേലിനെ പ്രീതിയോടെ വീക്ഷിച്ചിരുന്ന മേദ്യനായ 62 വയസ്സുള്ള ദാര്യാവേശ് ആയിരുന്നു പുതിയ രാജാവ്. രാജാവെന്നനിലയിൽ ദാര്യാവേശിന്റെ ആദ്യ നടപടികളിലൊന്ന്, 120 ദേശാധിപതികളെ നിയമിക്കുകയും മൂന്നു പേരെ ഉന്നത ഉദ്യോഗസ്ഥന്മാരുടെ തസ്തികയിലേക്ക് ഉയർത്തുകയും ചെയ്യുക എന്നതായിരുന്നു.a പ്രീതി ലഭിച്ച ആ മൂന്നു പുരുഷന്മാരിൽ ഒരാളായിരുന്നു ദാനീയേൽ. ദാനീയേലിന്റെ അസാധാരണ കഴിവുകൾ തിരിച്ചറിഞ്ഞ ദാര്യാവേശ്, അവനു പ്രധാനമന്ത്രിയുടെ പദവി നൽകാൻപോലും ഉദ്ദേശിച്ചു! എങ്കിലും, അപ്പോൾതന്നെ അവിചാരിതമായി രാജാവിന്റെ പദ്ധതികളെ മാറ്റിമറിച്ച ഒന്ന് സംഭവിച്ചു.
ഒരു കുതന്ത്രം
ദാനീയേലിന്റെ ഉന്നതരായ സഹഉദ്യോഗസ്ഥന്മാർ, വലിയൊരു കൂട്ടം ദേശാധിപതിമാരോടൊപ്പം ഒരു ഉപജാപ പദ്ധതിയുമായി രാജാവിനെ സമീപിച്ചു. ഇപ്രകാരമുള്ള ഒരു നിയമം കൊണ്ടുവരാൻ അവർ ദാര്യവേശിനോട് അഭ്യർഥിച്ചു: ‘മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയണം.’ (ദാനീയേൽ 6:7) ഈ പുരുഷന്മാർ തന്നോട് അവരുടെ വിശ്വസ്തത പ്രകടിപ്പിക്കുകയാണെന്നു ദാര്യവേശിനു തോന്നിക്കാണും. സാമ്രാജ്യത്തിന്റെ തലവനെന്നനിലയിലുള്ള തന്റെ പദവിയെ ശക്തിപ്പെടുത്താൻ ഈ നിയമം വിദേശിയായ തന്നെ സഹായിക്കുമെന്ന് അദ്ദേഹം ന്യായവാദവും ചെയ്തിരിക്കാം.
എന്നാൽ, ഉന്നത ഉദ്യോഗസ്ഥന്മാരും ദേശാധിപതിമാരും ഈ നിയമം നിർദേശിച്ചത് രാജാവിനുവേണ്ടിയായിരുന്നില്ല. അവർ “രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാൻ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുററവും കണ്ടെത്തുവാൻ അവർക്കു കഴിഞ്ഞില്ല; അവൻ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെററും കുററവും അവനിൽ കണ്ടെത്തിയില്ല.” അതുകൊണ്ട് കുതന്ത്രരായ ഈ പുരുഷന്മാർ ഇങ്ങനെ ന്യായവാദം ചെയ്തു: “നാം ഈ ദാനീയേലിന്റെ നേരെ അവന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറെറാരു കാരണവും കണ്ടെത്തുകയില്ല.” (ദാനീയേൽ 6:4, 5) ദാനീയേൽ ദിവസവും യഹോവയോടു പ്രാർഥിക്കാറുണ്ടെന്ന് അറിയാമായിരുന്ന അവർ, ഇതു മരണശിക്ഷയ്ക്കു യോഗ്യമായ ഒരു കുറ്റമാക്കിത്തീർക്കാനുള്ള വഴികൾ അന്വേഷിച്ചു.
“ഉൽകൃഷ്ടമാനസനായിരുന്നതുകൊണ്ടു അവൻ അദ്ധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായ്വിളങ്ങി; രാജാവു അവനെ സർവ്വരാജ്യത്തിന്നും അധികാരിയാക്കുവാൻ വിചാരിച്ചു” എന്നുള്ളതുകൊണ്ട് ഉന്നത ഉദ്യോഗസ്ഥന്മാരും ദേശാധിപതികളും ഒരുപക്ഷേ അവനുനേരെ ശത്രുത പുലർത്തിയിരിക്കാം. (ദാനീയേൽ 6:3) ദാനീയേലിന്റെ സത്യസന്ധത, അഴിമതിക്കും കൈക്കൂലിക്കും എതിരെ അസ്വീകാര്യമായ പ്രതിബന്ധം സൃഷ്ടിച്ചിരിക്കാം. സാഹചര്യം എന്തുതന്നെയായിരുന്നെങ്കിലും ശാസനപത്രത്തിൽ ഒപ്പിടുവിക്കാൻ തക്കവിധം ഈ പുരുഷന്മാർ രാജാവിനെ വശപ്പെടുത്തി. അങ്ങനെ അത് ‘മേദ്യരുടെയും പാർസികളുടെയും നീക്കം വരാത്ത നിയമ’ത്തിന്റെ ഭാഗമാക്കിത്തീർത്തു.—ദാനീയേൽ 6:8, 9.
ദാനീയേൽ സ്ഥിരതയോടെ നിലകൊള്ളുന്നു
പുതിയ ചട്ടം മനസ്സിലാക്കിയശേഷം ദാനീയേൽ യഹോവയോടു പ്രാർഥിക്കുന്നതു നിറുത്തിയോ? ഒരു കാരണവശാലുമില്ല! അവന്റെ മാളികമുറിയിൽ മുട്ടുകുത്തിനിന്ന് “താൻ മുമ്പെ ചെയ്തുവന്നതുപോലെ” ദിവസവും മൂന്നു പ്രാവശ്യം അവൻ ദൈവത്തോടു പ്രാർഥിച്ചു. (ദാനീയേൽ 6:10) അവൻ പ്രാർഥിച്ചുകൊണ്ടിരിക്കെ അവന്റെ ശത്രുക്കൾ “ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്റെ ദൈവത്തിൻ സന്നിധിയിൽ പ്രാർത്ഥിച്ചു അപേക്ഷിക്കുന്നതു കണ്ടു.” (ദാനീയേൽ 6:11) പ്രശ്നം അവർ രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ താൻ ഒപ്പിട്ട നിയമം ദാനീയേലിനെ കുടുക്കുമെന്നതുകൊണ്ടു ദാര്യാവേശ് വ്യാകുലചിത്തനായി. “അവനെ രക്ഷിപ്പാൻ സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു” എന്നു വിവരണം നമ്മോടു പറയുന്നു. എന്നാൽ താൻ നടപ്പാക്കിയ നിയമം നീക്കംചെയ്യാൻ രാജാവിനുപോലും സാധിക്കുമായിരുന്നില്ല. അതുകൊണ്ട്, ദാനീയേലിനെ സിംഹക്കുഴിയിലേക്കു കൊണ്ടുപോയി. വ്യക്തമായും ഇത് കുഴിഞ്ഞ ഒരു സ്ഥലമോ ഭൂമിക്കടിയിലെ സ്ഥലമോ ആയിരിക്കും. “നീ ഇടവിടാതെ [“സ്ഥിരതയോടെ,” NW] സേവിച്ചുവരുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കും,” രാജാവ് ദാനീയേലിന് ഉറപ്പുനൽകി.—ദാനീയേൽ 6:12-16.
നിദ്രാവിഹീന രാത്രിക്കും ഉപവാസത്തിനുംശേഷം ദാര്യാവേശ് തിരക്കിട്ടു കുഴിക്കരികിൽ ചെന്നു. ഒരു കുഴപ്പവും പറ്റാതെ ദാനീയേൽ ജീവനോടെയിരിക്കുന്നു! രാജാവിന്റെ പ്രതികരണം സത്വരമായിരുന്നു. ശിക്ഷയെന്ന നിലയിൽ അവൻ ദാനീയേലിന്റെ ശത്രുക്കളെയും അവരുടെ കുടുംബങ്ങളെയും സിംഹക്കുഴിയിലേക്ക് എറിഞ്ഞു. “എന്റെ രാജാധിപത്യത്തിൽ ഉൾപ്പെട്ട ഏവരും ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു” രാജ്യമൊട്ടാകെ ദാര്യാവേശ് അറിയിപ്പുനൽകി.—ദാനീയേൽ 6:17-27.
നമുക്കുള്ള പാഠം
വിശ്വസ്തതയുടെ നല്ലൊരു ദൃഷ്ടാന്തമായിരുന്നു ദാനീയേൽ. യഹോവയെ ആരാധിക്കാതിരുന്ന രാജാവുപോലും അവൻ “സ്ഥിരതയോടെ” ദൈവത്തെ സേവിക്കുന്നതായി ശ്രദ്ധിച്ചു. (ദാനീയേൽ 6:16, 20) “സ്ഥിരത” എന്നു വിവർത്തനം ചെയ്തിരിക്കുന്ന അരമായ മൂലപദം അടിസ്ഥാനപരമായി “വൃത്തത്തിൽ ചലിക്കുക” എന്ന് അർഥമാക്കുന്നു. അവിരാമഗതിയെ അത് അർഥമാക്കുന്നു. യഹോവയോടുള്ള ദാനീയേലിന്റെ ഇടമുറിയാത്ത നിർമലതയെ ഇത് എത്ര നന്നായി വർണിക്കുന്നു!
സിംഹക്കുഴിയിലേക്ക് എറിയപ്പെടുന്നതിനു വളരെ മുമ്പുതന്നെ സ്ഥിരതയുടെ ഒരു മാതൃക ദാനീയേൽ വികസിപ്പിച്ചെടുത്തു. ബാബിലോനിലെ ഒരു യുവബന്ദി എന്ന നിലയ്ക്ക്, മോശൈക ന്യായപ്രമാണം വിലക്കിയിരുന്നതോ വിജാതീയ ആചാരങ്ങളാൽ അശുദ്ധമാക്കപ്പെട്ടതോ ആയ ഭക്ഷണം കഴിക്കാനോ പാനീയം കുടിക്കാനോ അവൻ വിസമ്മതിച്ചു. (ദാനീയേൽ 1:8) പിന്നീട്, ബാബിലോന്യ രാജാവായ നെബുഖദ്നേസറോട് അവൻ സധൈര്യം ദൈവത്തിന്റെ സന്ദേശം പ്രഖ്യാപിച്ചു. (ദാനീയേൽ 4:19-25) ബാബിലോന്റെ പതനത്തിനു വെറും മണിക്കൂറുകൾക്കുമുമ്പ് ബേൽശസ്സറിനോട് അവൻ ദൈവത്തിന്റെ ന്യായവിധികൾ നിർഭയം പ്രഖ്യാപിച്ചു. (ദാനീയേൽ 5:22-28) അതുകൊണ്ട്, സിംഹക്കുഴി മുന്നിൽ കണ്ടപ്പോൾ, താൻ സ്ഥാപിച്ചെടുത്ത വിശ്വസ്ത മാർഗത്തിലൂടെതന്നെ അവൻ ചരിച്ചു.
നിങ്ങൾക്കും സ്ഥിരതയോടെ ദൈവത്തെ സേവിക്കാനാകും. നിങ്ങൾ പ്രായം കുറഞ്ഞ ഒരു വ്യക്തിയാണോ? എങ്കിൽ, ഈ ലോകത്തിന്റെ ചീത്ത സഹവാസവും ദുഷിപ്പിക്കുന്ന നടത്തയും തള്ളിക്കളഞ്ഞുകൊണ്ട് സ്ഥിരതയുടെ മാതൃക വികസിപ്പിച്ചെടുക്കാൻ ഇപ്പോൾ നടപടി സ്വീകരിക്കുക. നിങ്ങൾ ദൈവത്തെ സേവിച്ചുതുടങ്ങിയിട്ടു കുറച്ചുകാലമായെങ്കിൽ വിശ്വസ്തസഹനത്തിന്റെ മാതൃക നിലനിർത്തുക. പരാജയപ്പെടരുത്. കാരണം, അഭിമുഖീകരിക്കുന്ന ഓരോ പരിശോധനയും, നാം സ്ഥിരതയോടെ യഹോവയെ സേവിക്കാൻ ദൃഢചിത്തരാണെന്ന് അവനെ കാണിക്കാനുള്ള അവസരമാണു പ്രദാനം ചെയ്യുന്നത്.—ഫിലിപ്പിയർ 4:11-13.
[അടിക്കുറിപ്പ്]
a “ദേശാധിപതി” എന്ന പദം (അക്ഷരീയമായി ‘രാജ്യത്തിന്റെ സംരക്ഷകൻ’ എന്നർഥമാക്കുന്ന) അധികാരപരിധിയിലുള്ള ജില്ലയിൽ പ്രധാന ഭരണാധിപനായി സേവിക്കാൻ പാർസി രാജാവിനാൽ നിയമിതനായ ഒരു ഗവർണറെ പരാമർശിക്കുന്നു. രാജാവിന്റെ ഔദ്യോഗിക പ്രതിനിധിയെന്ന നിലയിൽ നികുതി പിരിക്കാനും കപ്പം രാജാവിന്റെ അരമനയിൽ അടയ്ക്കാനുമുള്ള ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു.