അധ്യായം ഒമ്പത്
ലോകത്തെ ആർ ഭരിക്കും?
1-3. ബേൽശസ്സരിന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ദാനീയേലിനുണ്ടായ സ്വപ്നവും ദർശനങ്ങളും വിവരിക്കുക.
അത്യന്തം ആകർഷകമായ ദാനീയേൽ പ്രവചനം നമ്മെ ഇപ്പോൾ ബാബിലോണിയൻ രാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിലേക്കു കൊണ്ടുപോകുന്നു. ദാനീയേൽ ബാബിലോണിൽ പ്രവാസിയായിട്ട് ദീർഘനാൾ ആയി. എന്നാൽ യഹോവയോടുള്ള അവന്റെ ദൃഢമായ വിശ്വസ്തതയ്ക്ക് ഒരിക്കലും ഇളക്കം തട്ടിയിട്ടില്ല. ഇപ്പോൾ തന്റെ 70-കളിൽ ആയിരിക്കുന്ന ആ വിശ്വസ്ത പ്രവാചകൻ ‘കിടക്കയിൽ വെച്ച് ഒരു സ്വപ്നവും ദർശനങ്ങളും’ കണ്ടു. ആ ദർശനങ്ങൾ അവനെ എത്ര ഭയപ്പെടുത്തുന്നുവെന്നോ!—ദാനീയേൽ 7:1, 15, ഓശാന ബൈ.
2 “നോക്കൂ!” ദാനീയേൽ വിളിച്ചുപറയുന്നു. “ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ ഇളക്കി മറിക്കുകയായിരുന്നു. ഓരോന്നും മറ്റുള്ളവയിൽനിന്നു വിഭിന്നങ്ങളായ നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കയറി വരികയായിരുന്നു.” എത്ര അതിശയകരമായ മൃഗങ്ങൾ! ഒന്നാമത്തേതു ചിറകുള്ള ഒരു സിംഹം. രണ്ടാമത്തേതു കരടിയോടു സാദൃശ്യമുള്ള ഒരു മൃഗം. തുടർന്ന് നാലു ചിറകുകളും നാലു തലകളുമുള്ള ഒരു പുള്ളിപ്പുലി കയറി വരുന്നു! അസാധാരണ ശക്തിയുള്ള നാലാമത്തെ മൃഗത്തിനു വലിയ ഇരുമ്പുപല്ലുകളും പത്തു കൊമ്പുകളും ഉണ്ട്. അതിന്റെ പത്തു കൊമ്പുകളുടെ ഇടയിൽ “മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും” ഉള്ള ഒരു “ചെറിയ” കൊമ്പു മുളച്ചുവരുന്നു.—ദാനീയേൽ 7:2-8, NW.
3 തുടർന്ന് ദാനീയേലിന്റെ ദർശനം സ്വർഗത്തിലേക്കു തിരിയുന്നു. നാളുകളിൽ പുരാതനൻ, ന്യായാധിപൻ എന്ന നിലയിൽ സ്വർഗീയ കോടതിയിലെ സിംഹാസനത്തിൽ മഹത്ത്വത്തോടെ ഉപവിഷ്ടൻ ആയിരിക്കുന്നു. “ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു.” മൃഗങ്ങൾക്കു പ്രതികൂല വിധി കൽപ്പിച്ചുകൊണ്ട് അവൻ അവയിൽനിന്നു ഭരണാധിപത്യം എടുത്തു കളയുകയും നാലാമത്തെ മൃഗത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ‘സകല വംശങ്ങളുടെയും ജാതികളുടെയും ഭാഷക്കാരുടെയും’ മേലുള്ള ശാശ്വത ഭരണാധിപത്യം “മനുഷ്യപുത്രനോടു സദൃശനായ ഒരുത്ത”നു നൽകപ്പെടുന്നു.—ദാനീയേൽ 7:9-14.
4. (എ) ആശ്രയയോഗ്യമായ വിവരത്തിനായി ദാനീയേൽ ആരിലേക്കു തിരിഞ്ഞു? (ബി) ആ രാത്രിയിൽ ദാനീയേൽ കാണുകയും കേൾക്കുകയും ചെയ്തത് നമുക്കു പ്രാധാന്യമുള്ളത് ആയിരിക്കുന്നത് എന്തുകൊണ്ട്?
4 “ദാനീയേൽ എന്ന ഞാനോ,” അവൻ പറയുന്നു, “എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു; എനിക്കു ഉണ്ടായ ദർശനങ്ങളാൽ ഞാൻ പരവശനായി.” അതുകൊണ്ട് അവൻ ഒരു ദൂതനോട് “എല്ലാററിന്റെയും സാരം” ചോദിക്കുന്നു. ദൂതൻ “കാര്യങ്ങളുടെ അർത്ഥം” അവനു പറഞ്ഞുകൊടുക്കുകതന്നെ ചെയ്യുന്നു. (ദാനീയേൽ 7:15-28) ആ രാത്രിയിൽ ദാനീയേൽ കാണുകയും കേൾക്കുകയും ചെയ്തതു നമുക്കു വലിയ താത്പര്യമുള്ള ഒരു കാര്യമാണ്. കാരണം, “മനുഷ്യപുത്രനോടു സദൃശനായ ഒരുത്ത”നു ‘സകല വംശങ്ങളുടെയും ജാതികളുടെയും ഭാഷക്കാരുടെയും’ മേലുള്ള ഭരണാധിപത്യം നൽകപ്പെടുന്ന നമ്മുടെ ഈ കാലങ്ങൾ വരെ എത്തിച്ചേരുന്ന ഭാവി ലോക സംഭവങ്ങൾ അതു വിവരിച്ചു. ദൈവത്തിന്റെ ആത്മാവിന്റെയും വചനത്തിന്റെയും സഹായത്താൽ നമുക്കും ഈ പ്രാവചനിക ദർശനങ്ങളുടെ അർഥം ഗ്രഹിക്കാവുന്നതാണ്.a
സമുദ്രത്തിൽനിന്ന് നാലു മൃഗങ്ങൾ കയറിവരുന്നു
5. കാറ്റടിച്ച് ഇളകിമറിയുന്ന സമുദ്രം എന്തിനെ പ്രതീകപ്പെടുത്തുന്നു?
5 “നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കരേറിവന്നു” എന്ന് ദാനീയേൽ പറഞ്ഞു. (ദാനീയേൽ 7:3) കാറ്റടിച്ച് ഇളകിമറിയുന്ന സമുദ്രം എന്തിനെ ആണു പ്രതീകപ്പെടുത്തിയത്? “സമുദ്രത്തിൽ” നിന്ന് ഏഴു തലയുള്ള ഒരു കാട്ടു മൃഗം കയറിവരുന്നത് വർഷങ്ങൾക്കു ശേഷം യോഹന്നാൻ അപ്പൊസ്തലൻ കണ്ടു. ആ സമുദ്രത്താൽ പ്രതിനിധാനം ചെയ്യപ്പട്ടത് “വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും,” അതായതു ദൈവത്തിൽനിന്ന് അന്യപ്പെട്ട ബൃഹത്തായ മനുഷ്യവർഗ സമൂഹം ആയിരുന്നു. അതുകൊണ്ട്, ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗ സമൂഹങ്ങളുടെ ഒരു സമുചിത പ്രതീകമാണു സമുദ്രം.—വെളിപ്പാടു 13:1, 2; 17:15; യെശയ്യാവു 57:20.
6. നാലു മൃഗങ്ങൾ എന്തിനെ ചിത്രീകരിക്കുന്നു?
6 “ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു,” ദൂതൻ പറഞ്ഞു. (ദാനീയേൽ 7:17) ദാനീയേൽ കണ്ട നാലു മൃഗങ്ങൾ “നാലു രാജാക്കന്മാരാ”ണെന്നു ദൂതൻ വ്യക്തമാക്കുന്നു. അതുകൊണ്ട് ഈ മൃഗങ്ങൾ ലോകശക്തികളെ സൂചിപ്പിക്കുന്നു. എന്നാൽ ഏവയെ?
7. (എ) നാലു മൃഗങ്ങളെ കുറിച്ചുള്ള ദാനീയേലിന്റെ സ്വപ്ന-ദർശനത്തെയും ഒരു കൂറ്റൻ ബിംബത്തെ കുറിച്ചുള്ള നെബൂഖദ്നേസരിന്റെ സ്വപ്നത്തെയും കുറിച്ച് ചില ബൈബിൾ വ്യാഖ്യാതാക്കൾ എന്തു പറയുന്നു? (ബി) ബിംബത്തിന്റെ നാലു ലോഹഭാഗങ്ങളിൽ ഓരോന്നും എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
7 പൊതുവെ ബൈബിൾ വ്യാഖ്യാതാക്കൾ, നാലു മൃഗങ്ങളെ കുറിച്ചുള്ള ദാനീയേലിന്റെ സ്വപ്ന-ദർശനത്തെ ഒരു കൂറ്റൻ പ്രതിമയെ കുറിച്ചുള്ള നെബൂഖദ്നേസരിന്റെ സ്വപ്നവുമായി ബന്ധപ്പെടുത്തുന്നു. ദൃഷ്ടാന്തത്തിന്, ദി എക്സ്പോസിറ്റേഴ്സ് ബൈബിൾ കമെന്ററി ഇങ്ങനെ പ്രസ്താവിക്കുന്നു: “[ദാനീയേൽ] 7-ാം അധ്യായം 2-ാം അധ്യായത്തിനു സമാന്തരമാണ്.” ദ വൈക്ലിഫ് ബൈബിൾ കമെന്ററി പറയുന്നു: “[ദാനീയേൽ] 2-ാം അധ്യായത്തിലെ നാലു വിജാതീയ ഭരണാധിപത്യങ്ങളുടെ പരമ്പരയെ കുറിച്ചു തന്നെയാണ് ഇവിടെയും [ദാനീയേൽ 7-ാം അധ്യായത്തിലും] ചർച്ചചെയ്തിരിക്കുന്നതെന്നു പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.” നെബൂഖദ്നേസരിന്റെ സ്വപ്നത്തിലെ നാലു ലോഹങ്ങളാൽ പ്രതിനിധാനം ചെയ്യപ്പെട്ട നാലു ലോകശക്തികൾ, ബാബിലോണിയൻ സാമ്രാജ്യം (സ്വർണംകൊണ്ടുള്ള തല), മേദോ-പേർഷ്യ (വെള്ളികൊണ്ടുള്ള നെഞ്ചും കൈകളും), ഗ്രീസ് (താമ്രംകൊണ്ടുള്ള വയറും തുടകളും), റോമാ സാമ്രാജ്യം (ഇരിമ്പുകൊണ്ടുള്ള കാലുകൾ) എന്നിവ ആയിരുന്നു.b (ദാനീയേൽ 2:32, 33) ഈ രാജ്യങ്ങൾ ദാനീയേൽ കണ്ട നാലു മഹാമൃഗങ്ങളുമായി പൊരുത്തപ്പെടുന്നത് എങ്ങനെയെന്നു നമുക്കു നോക്കാം.
സിംഹത്തെപ്പോലെ ഘോരം, കഴുകനെപ്പോലെ ശീഘ്രം
8. (എ) ഒന്നാമത്തെ മൃഗത്തെ ദാനീയേൽ വർണിച്ചത് എങ്ങനെ? (ബി) ഒന്നാമത്തെ മൃഗം ഏതു സാമ്രാജ്യത്തെ പ്രതിനിധാനം ചെയ്തു, അത് ഒരു സിംഹത്തെപ്പോലെ പ്രവർത്തിച്ചത് എങ്ങനെ?
8 എത്ര ആശ്ചര്യജനകമായ മൃഗങ്ങളെയാണു ദാനീയേൽ ദർശിച്ചത്! അവയിൽ ഒന്നിനെ വർണിച്ചുകൊണ്ട് അവൻ പറഞ്ഞു: “ഒന്നാമത്തേത് ഒരു സിംഹത്തെപ്പോലെ ആയിരുന്നു, അതിന് ഒരു കഴുകന്റെ ചിറകുകൾ ഉണ്ടായിരുന്നു. അതിന്റെ ചിറകു പറിച്ചു മാറ്റുന്നതുവരെ ഞാൻ നോക്കിക്കൊണ്ടിരുന്നു. അതിനെ നിലത്തുനിന്ന് ഉയർത്തുകയും ഒരു മനുഷ്യനെപ്പോലെ രണ്ടു കാലിൽ നിർത്തുകയും ചെയ്തു. അതിന് ഒരു മാനുഷഹൃദയം കൊടുക്കപ്പെട്ടു.” (ദാനീയേൽ 7:4, NW) കൂറ്റൻ ബിംബത്തിന്റെ സ്വർണംകൊണ്ടുള്ള തലയാൽ ചിത്രീകരിക്കപ്പെട്ട അതേ ഭരണാധിപത്യത്തെ തന്നെയാണ് ഈ മൃഗവും ചിത്രീകരിച്ചത്, അതായത് ബാബിലോണിയൻ ലോകശക്തിയെ (പൊ.യു.മു. 607-539). ഒരു ഇരപിടിയൻ “സിംഹ”ത്തെപ്പോലെ, ദൈവജനം ഉൾപ്പെടെയുള്ള ജനതകളെ, ബാബിലോൺ ആക്രമണ ത്വരയോടെ വിഴുങ്ങി. (യിരെമ്യാവു 4:5-7; 50:17) ഒരു കഴുകന്റെ ചിറകുകൊണ്ട് എന്നപോലെ ആ “സിംഹം” അതിവേഗം ആക്രമിച്ച് കീഴടക്കിക്കൊണ്ട് മുന്നേറി.—വിലാപങ്ങൾ 4:19; ഹബക്കൂക് 1:6-8.
9. സിംഹ സമാന മൃഗം ഏതു മാറ്റങ്ങൾക്കു വിധേയമായി, അവ അതിനെ എങ്ങനെ ബാധിച്ചു?
9 കാലക്രമത്തിൽ, ചിറകുകളോടു കൂടിയ ഈ അസാധാരണ സിംഹത്തിന്റെ ചിറകുകൾ ‘പറിച്ചു മാറ്റപ്പെട്ടു.’ ബേൽശസ്സർ രാജാവിന്റെ ഭരണം അവസാനത്തോട് അടുത്തപ്പോൾ ബാബിലോണിന് അതിന്റെ ജയിച്ചടക്കൽ വേഗവും ജനതകളുടെ മേൽ ഉണ്ടായിരുന്ന സിംഹസമാന ആധിപത്യവും നഷ്ടമായി. ഇരുകാലുള്ള മനുഷ്യന്റെ വേഗമേ അതിന് ഉണ്ടായിരുന്നുള്ളൂ. ‘മാനുഷ ഹൃദയം’ നൽകപ്പെട്ടപ്പോൾ അതു ദുർബലമായി. “സിംഹഹൃദയം” നഷ്ടപ്പെട്ട ബാബിലോണിനു മേലാൽ “കാട്ടുമൃഗങ്ങ”ളുടെ ഇടയിൽ ഒരു രാജാവിനെപ്പോലെ വർത്തിക്കാൻ കഴിഞ്ഞില്ല. (2 ശമൂവേൽ 17:10; മീഖാ 5:8 എന്നിവ താരതമ്യം ചെയ്യുക.) മറ്റൊരു മഹാമൃഗം അതിനെ കീഴടക്കി.
കരടിയെപ്പോലെ ആർത്തിപൂണ്ടത്
10. ഭരണാധിപന്മാരുടെ ഏതു നിരയെ ആണ് “കരടി” പ്രതീകപ്പെടുത്തിയത്?
10 ദാനീയേൽ ഇപ്രകാരം പറഞ്ഞു: “രണ്ടാമതു കരടിയോടു സദൃശമായ മറെറാരു മൃഗത്തെ കണ്ടു; അതു ഒരു പാർശ്വം ഉയർത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോടു: എഴുന്നേററു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.” (ദാനീയേൽ 7:5) കൂറ്റൻ ബിംബത്തിന്റെ വെള്ളികൊണ്ടുള്ള നെഞ്ചിനാലും കൈകളാലും ചിത്രീകരിക്കപ്പെട്ടതിനെത്തന്നെ, അതായത് മേദ്യനായ ദാര്യാവേശിലും മഹാനായ കോരെശിലും തുടങ്ങി ദാര്യാവേശ് മൂന്നാമനിൽ അവസാനിച്ച മേദോ-പേർഷ്യൻ രാജാക്കന്മാരുടെ നിരയെ (പൊ.യു.മു. 539-331) ആണ് “കരടി” പ്രതീകപ്പെടുത്തിയത്.
11. പ്രതീകാത്മക കരടി ഒരു പാർശ്വം ഉയർത്തിനിന്നതും അതിന്റെ വായിൽ മൂന്നു വാരിയെല്ലുകൾ ഉണ്ടായിരുന്നതും എന്ത് അർഥമാക്കി?
11 ആ പ്രതീകാത്മക കരടി “ഒരു പാർശ്വം ഉയർത്തി” നിന്നത് ഒരുപക്ഷേ, ജനതകളെ ആക്രമിച്ച് കീഴടക്കാനും അങ്ങനെ ലോകാധിപത്യം നിലനിർത്താനും ഉള്ള തയ്യാറെടുപ്പ് ആയിരുന്നിരിക്കാം. അല്ലെങ്കിൽ അത്, പേർഷ്യൻ നിരയിലുള്ള രാജാക്കന്മാർ ഒരേയൊരു മേദ്യ രാജാവായ ദാര്യാവേശിന്റെ മേൽ ആധിപത്യം നേടുമെന്നു കാണിക്കാൻ ആയിരുന്നിരിക്കാം. കരടിയുടെ പല്ലിന്റെ ഇടയിലുള്ള മൂന്നു വാരിയെല്ലുകൾ അതു കീഴ്പെടുത്തി മുന്നേറിയ മൂന്നു ദിശകളെ ആയിരിക്കാം സൂചിപ്പിക്കുന്നത്. മേദോ-പേർഷ്യൻ “കരടി” ബാബിലോണിനെ പിടിച്ചടക്കാനായി പൊ.യു.മു. 539-ൽ വടക്കോട്ടു നീങ്ങി. തുടർന്ന് അത് ഏഷ്യാമൈനർ വഴി പടിഞ്ഞാറോട്ടും ത്രാസിലേക്കും പോയി. ഒടുവിൽ, ഈജിപ്തിനെ കീഴടക്കാനായി ആ “കരടി” തെക്കോട്ടു പോയി. മൂന്ന് എന്ന സംഖ്യ ചില അവസരങ്ങളിൽ തീവ്രതയെ സൂചിപ്പിക്കുന്നതിനാൽ, ആ മൂന്നു വാരിയെല്ലുകൾ പ്രതീകാത്മക കരടിയുടെ ജയിച്ചടക്കാനുള്ള ആർത്തിയെയും ഊന്നിപ്പറഞ്ഞേക്കാം.
12. “എഴുന്നേററു മാംസം ധാരാളം തിന്നുക” എന്ന കൽപ്പന പ്രതീകാത്മക കരടി അനുസരിച്ചത് എന്തിൽ കലാശിച്ചു?
12 “എഴുന്നേററു മാംസം ധാരാളം തിന്നുക” എന്ന വാക്കുകളോടുള്ള പ്രതികരണമായി ആ “കരടി” ജനതകളുടെ മേൽ കടന്നാക്രമണം നടത്തി. ദിവ്യ ഹിതാനുസൃതം ബാബിലോണിനെ ആർത്തിയോടെ വിഴുങ്ങുക വഴി, മേദോ-പേർഷ്യ യഹോവയുടെ ജനത്തിനു മൂല്യവത്തായ സേവനം ചെയ്യാൻ പ്രാപ്തമായ ഒരു സ്ഥാനത്ത് ആയിരുന്നു. അത് അപ്രകാരം തന്നെ ചെയ്തു! (149-ാം പേജിലെ, “സഹിഷ്ണുതയുള്ള ഒരു രാജാവ്” എന്ന ഭാഗം കാണുക.) മഹാനായ കോരെശ്, ദാര്യാവേശ് ഒന്നാമൻ (മഹാനായ ദാര്യാവേശ്), അർത്ഥഹ്ശഷ്ടാവ് ഒന്നാമൻ എന്നിവരിലൂടെ മേദോ-പേർഷ്യ ബാബിലോണിലെ യഹൂദ പ്രവാസികളെ സ്വതന്ത്രർ ആക്കുകയും യഹോവയുടെ ആലയം പുനർനിർമിക്കാനും യെരൂശലേമിന്റെ മതിലുകൾക്ക് അറ്റകുറ്റപ്പണി നടത്താനും അവരെ സഹായിക്കുകയും ചെയ്തു. കാലക്രമത്തിൽ, 127 സംസ്ഥാനങ്ങൾ മേദോ-പേർഷ്യൻ ഭരണത്തിൻ കീഴിലായി. എസ്ഥേർ രാജ്ഞിയുടെ ഭർത്താവായ അഹശ്വേരോശ് (സെർക്സിസ് ഒന്നാമൻ) “ഇന്ത്യ മുതൽ എത്യോപ്യ വരെ രാജാവാ”യിരുന്നു. (എസ്ഥേർ 1:1, NW) എന്നാൽ, മറ്റൊരു കാട്ടുമൃഗത്തിന്റെ ഉയർച്ച ആസന്നമായിരുന്നു.
ചിറകുള്ള പുള്ളിപ്പുലിയെപ്പോലെ വേഗതയുള്ളത്!
13. (എ) മൂന്നാമത്തെ മൃഗം എന്തിനെ പ്രതീകപ്പെടുത്തി? (ബി) മൂന്നാമത്തെ മൃഗത്തിന്റെ വേഗത്തെയും അതിന്റെ അധീനതയിൽ ഉണ്ടായിരുന്ന ഭരണപ്രദേശത്തെയും കുറിച്ച് എന്തു പറയാവുന്നതാണ്?
13 മൂന്നാമത്തെ മൃഗം “പുള്ളിപ്പുലിക്കു സദൃശമാ”യിരുന്നു. “അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.” (ദാനീയേൽ 7:6) നാലു ചിറകുകളും നാലു തലകളുമുള്ള ഈ പുള്ളിപ്പുലി അതിന്റെ മറുരൂപമായ, നെബൂഖദ്നേസരിന്റെ സ്വപ്നത്തിലെ ബിംബത്തിന്റെ താമ്രംകൊണ്ടുള്ള വയറിന്റെയും തുടകളുടെയും കാര്യത്തിൽ എന്നപോലെ തന്നെ, മഹാനായ അലക്സാണ്ടർ മുതലുള്ള മാസിഡോണിയൻ അഥവാ ഗ്രീക്കു ഭരണാധിപന്മാരെ പ്രതീകപ്പെടുത്തി. പുള്ളിപ്പുലിയുടെ ചുണയോടും വേഗത്തോടും കൂടെ അലക്സാണ്ടർ ഏഷ്യാമൈനറിലൂടെ തെക്കോട്ട് ഈജിപ്തിലേക്കും ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലേക്കും നീങ്ങി. (ഹബക്കൂക് 1:8 താരതമ്യം ചെയ്യുക.) അദ്ദേഹത്തിന്റെ സാമ്രാജ്യം “കരടി”യുടേതിനെക്കാൾ വലിയതായിരുന്നു. കാരണം അതിൽ മാസിഡോണിയയും ഗ്രീസും പേർഷ്യൻ സാമ്രാജ്യവും ഉൾപ്പെട്ടിരുന്നു.—153-ാം പേജിലെ, “ഒരു യുവ രാജാവ് ലോകം കീഴടക്കുന്നു” എന്ന ഭാഗം കാണുക.
14. “പുള്ളിപ്പുലി” നാലു തലയുള്ളത് ആയിത്തീർന്നത് എങ്ങനെ?
14 പൊ.യു.മു. 323-ൽ അലക്സാണ്ടർ മരിച്ച ശേഷം ഈ “പുള്ളിപ്പുലി” നാലു തലയുള്ളത് ആയിത്തീർന്നു. കാലക്രമത്തിൽ അദ്ദേഹത്തിന്റെ ജനറൽമാരിൽ നാലുപേർ സാമ്രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ പിൻഗാമികളായി. സെല്യൂക്കസ് മെസൊപ്പൊത്താമ്യയും സിറിയയും തന്റെ അധീനതയിലാക്കി. ടോളമി ഈജിപ്തിനെയും പാലസ്തീനെയും നിയന്ത്രിച്ചു. ലൈസിമാക്കസ് ഏഷ്യാമൈനറിലും ത്രാസിലും ഭരണം നടത്തി. കസ്സാണ്ടർക്ക് മാസിഡോണിയയും ഗ്രീസും ലഭിച്ചു. (162-ാം പേജിലെ, “ഒരു വിശാല രാജ്യം വിഭജിതമായി” എന്ന ഭാഗം കാണുക.) അപ്പോൾ ഒരു പുതിയ ഭീഷണി ഉയർന്നു വന്നു.
ഒരു ഘോര മൃഗം വ്യത്യാസമുള്ളത് എന്നു തെളിയുന്നു
15. (എ) നാലാമത്തെ മൃഗത്തെ വർണിക്കുക. (ബി) നാലാമത്തെ മൃഗം എന്തിനെ പ്രതീകപ്പെടുത്തി, അതിന്റെ പാതയിലുള്ള സകലതിനെയും അതു തകർക്കുകയും വിഴുങ്ങുകയും ചെയ്തത് എങ്ങനെ?
15 ദാനീയേൽ നാലാമത്തെ മൃഗത്തെ “ഘോരവും ഭയങ്കരവും അതിബലവും ഉള്ള”ത് എന്നു വർണിക്കുന്നു. അവൻ തുടർന്നു: “അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.” (ദാനീയേൽ 7:7) ഭയാനകമായ ഈ മൃഗം റോം എന്ന രാഷ്ട്രീയ-സൈനിക ശക്തിയായി രംഗപ്രവേശം ചെയ്തു. കാലക്രമേണ അത് ഗ്രീക്കു സാമ്രാജ്യത്തിന്റെ നാലു യവന ഭാഗങ്ങളും കയ്യടക്കി. പൊ.യു.മു. 30-ാം ആണ്ട് ആയപ്പോഴേക്കും റോം ബൈബിൾ പ്രവചനത്തിലെ അടുത്ത ലോകശക്തിയായി ഉദയം ചെയ്തുകഴിഞ്ഞിരുന്നു. റോമാ സാമ്രാജ്യം അതിന്റെ പാതയിലുള്ള സകലതിനെയും തന്റെ സൈനിക ശക്തിയാൽ കീഴടക്കിക്കൊണ്ട് ഒടുവിൽ ബ്രിട്ടീഷ് ദ്വീപുകൾ മുതൽ യൂറോപ്പിന്റെ ഭൂരിഭാഗവും മെഡിറ്ററേനിയനു ചുറ്റുമുള്ള പ്രദേശത്തും ബാബിലോണിന് അപ്പുറം പേർഷ്യൻ ഉൾക്കടൽ വരെയും വ്യാപിച്ചു.
16. നാലാമത്തെ മൃഗത്തെ കുറിച്ച് ദൂതൻ എന്തു വിവരങ്ങൾ നൽകി?
16 ദൂതൻ പിൻവരുന്ന പ്രകാരം വിശദീകരിച്ചപ്പോൾ, ഈ “അതിഭയങ്കര” മൃഗം എന്ത് അർഥമാക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ആഗ്രഹത്താൽ ദാനീയേൽ അതു ശ്രദ്ധാപൂർവം കേട്ടു: “ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറെറാരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.” (ദാനീയേൽ 7:19, 20, 24) ഈ ‘പത്തു കൊമ്പുകൾ’ അഥവാ ‘പത്തു രാജാക്കന്മാർ’ ആരായിരുന്നു?
17. നാലാമത്തെ മൃഗത്തിന്റെ ‘പത്തു കൊമ്പുകൾ’ എന്തിനെ പ്രതീകപ്പെടുത്തുന്നു?
17 റോം കൂടുതൽ സമ്പദ്സമൃദ്ധം ആകുകയും ഭരണവർഗത്തിന്റെ അനിയന്ത്രിത ജീവിതരീതി നിമിത്തം അധികമധികം അധഃപതിക്കുകയും ചെയ്തതോടെ അതിന്റെ സൈനിക ശക്തി ക്ഷയിച്ചു. കാലക്രമത്തിൽ റോമിന്റെ ആ സൈനിക ശക്തിക്ഷയം തികച്ചും പ്രകടമായിത്തീർന്നു. ശക്തമായ ആ സാമ്രാജ്യം ക്രമേണ അനേകം രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. സമ്പൂർണതയെ സൂചിപ്പിക്കാൻ ബൈബിൾ മിക്കപ്പോഴും പത്ത് എന്ന സംഖ്യ ഉപയോഗിക്കുന്നതിനാൽ, നാലാമത്തെ മൃഗത്തിന്റെ ‘പത്തു കൊമ്പുകൾ’ റോമിന്റെ തകർച്ചയിൽ നിന്ന് ഉളവായ എല്ലാ രാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.—ആവർത്തനപുസ്തകം 4:13; ലൂക്കൊസ് 15:8; 19:13, 16, 17 എന്നിവ താരതമ്യം ചെയ്യുക.
18. റോമിലെ അവസാന ചക്രവർത്തി നീക്കം ചെയ്യപ്പെട്ട ശേഷവും അതു നൂറ്റാണ്ടുകളോളം യൂറോപ്പിന്റെ മേൽ ആധിപത്യം നടത്തിയത് എങ്ങനെ?
18 എന്നാൽ, പൊ.യു. 476-ൽ റോമിലെ അവസാന ചക്രവർത്തി നീക്കം ചെയ്യപ്പെട്ടതോടെ ആ ലോകശക്തി അവസാനിച്ചില്ല. പാപ്പായുടെ റോം നൂറ്റാണ്ടുകളോളം യൂറോപ്പിന്മേൽ രാഷ്ട്രീയവും വിശേഷാൽ മതപരവുമായ ആധിപത്യം തുടർന്നു. യൂറോപ്പിലെ ഭൂരിഭാഗം നിവാസികളും ഒരു പ്രഭുവിന്റെയും അതേസമയം ഒരു രാജാവിന്റെയും കീഴിലായിരുന്ന ഫ്യൂഡൽ വ്യവസ്ഥയിലൂടെ ആണ് അതു സാധിച്ചത്. എല്ലാ രാജാക്കന്മാരും പാപ്പായുടെ അധികാരത്തെ അംഗീകരിച്ചു. അങ്ങനെ പാപ്പായുടെ റോം സിരാകേന്ദ്രമായുള്ള വിശുദ്ധ റോമാ സാമ്രാജ്യം, ഇരുണ്ട യുഗം എന്നു വിളിക്കപ്പെടുന്ന ദീർഘമായൊരു ചരിത്ര കാലഘട്ടത്തിൽ ഉടനീളം ലോക കാര്യാദികളെ നിയന്ത്രിച്ചു.
19. ഒരു ചരിത്രകാരന്റെ അഭിപ്രായത്തിൽ, റോം മുൻ സാമ്രാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായിരുന്നത് എങ്ങനെ?
19 നാലാമത്തെ മൃഗം “സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി”രുന്നു എന്നതിനെ ആർക്കു നിഷേധിക്കാനാകും? (ദാനീയേൽ 7:7, 19, 23) ഇതു സംബന്ധിച്ച്, ചരിത്രകാരനായ എച്ച്. ജി. വെൽസ് എഴുതി: “ഈ പുതിയ റോമാ ശക്തി . . . നാഗരിക ലോകത്ത് ഇന്നുവരെയും നിലവിൽ വന്നിട്ടുള്ള ഏതൊരു വലിയ സാമ്രാജ്യത്തിൽനിന്നും അനേക വിധങ്ങളിൽ വ്യത്യസ്തമായിരുന്നു. . . . [അത്] ലോകത്തിലെ മിക്കവാറും മുഴു ഗ്രീക്കു ജനതയെയും ഉൾപ്പെടുത്തി. ഏതു മുൻകാല സാമ്രാജ്യങ്ങളെയും അപേക്ഷിച്ച് അതിലെ ജനസംഖ്യയിൽ ഹാമ്യ-ശേമ്യ വംശജർ കുറവായിരുന്നു. . . . ഇന്നുവരെയും അത് ചരിത്രത്തിലെ പുതിയൊരു മാതൃകയാണ് . . . ആ റോമാ സാമ്രാജ്യം ഒരു വളർച്ചയായിരുന്നു, ആസൂത്രണം ചെയ്യപ്പെടാഞ്ഞ ഒരു പുതിയ വളർച്ചതന്നെ; മിക്കവാറും അപ്രതീക്ഷിതമായി തങ്ങൾ ഒരു വലിയ ഭരണ പരീക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി റോമൻ ജനത മനസ്സിലാക്കി.” എന്നാൽ നാലാമത്തെ മൃഗം തുടർന്നും വളരേണ്ടിയിരുന്നു.
ഒരു ചെറിയ കൊമ്പ് പ്രാബല്യം നേടുന്നു
20. നാലാമത്തെ മൃഗത്തിന്റെ തലയിലെ ചെറിയ കൊമ്പിന്റെ അതിവളർച്ചയെ കുറിച്ചു ദൂതൻ എന്തു പറഞ്ഞു?
20 ദാനീയേൽ പറഞ്ഞു: “ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറെറാരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി.” (ദാനീയേൽ 7:8) ഈ അതിവളർച്ചയെ കുറിച്ച് ദൂതൻ ദാനീയേലിനോടു പറഞ്ഞു: “അവരുടെ [പത്തു രാജാക്കന്മാരുടെ] ശേഷം മറെറാരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.” (ദാനീയേൽ 7:24) ആരാണ് ഈ രാജാവ്, അവൻ എപ്പോഴാണ് എഴുന്നേറ്റത്, ഏതു മൂന്നു രാജാക്കന്മാരെയാണ് അവൻ വീഴിച്ചത്?
21. ബ്രിട്ടൻ നാലാമത്തെ മൃഗത്തിന്റെ പ്രതീകാത്മക ചെറിയ കൊമ്പ് ആയിത്തീർന്നത് എങ്ങനെ?
21 പിൻവരുന്ന സംഭവവികാസങ്ങൾ പരിചിന്തിക്കുക. പൊ.യു.മു. 55-ൽ റോമൻ ജനറലായ ജൂലിയസ് സീസർ ബ്രിട്ടാനിയ ആക്രമിച്ചെങ്കിലും അവിടെ ഒരു സ്ഥിരതാവളം ഉറപ്പിക്കാൻ കഴിഞ്ഞില്ല. പൊ.യു. 43-ൽ ക്ലൗഡിയസ് ചക്രവർത്തി ദക്ഷിണ ബ്രിട്ടൻ കീഴടക്കിക്കൊണ്ട് അതിന്മേൽ വർധിച്ച നിയന്ത്രണം കൈവരിച്ചു തുടങ്ങി. തുടർന്ന്, പൊ.യു. 122-ൽ ഹാഡ്രിയൻ ചക്രവർത്തി ടൈൻ നദിയിൽനിന്ന് സോൾവേ അഴിമുഖത്തേക്ക് ഒരു മതിൽ പണിയാൻ തുടങ്ങി. അങ്ങനെ അദ്ദേഹം റോമാ സാമ്രാജ്യത്തിന്റെ വടക്കേ അതിർത്തി നിർണയിച്ചു. അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റോമൻ സൈന്യങ്ങൾ ആ ദ്വീപ് ഉപേക്ഷിച്ചുപോയി. ഒരു ചരിത്രകാരൻ ഇങ്ങനെ വിശദീകരിച്ചു: “പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് ഒരു രണ്ടാംകിട ശക്തിയായിരുന്നു. നെതർലൻഡ്സിന്റേതിനോടു താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ സമ്പത്തു തുച്ഛമായിരുന്നു. ജനസംഖ്യ ഫ്രാൻസിലെക്കാൾ വളരെ കുറവായിരുന്നു. അതിന്റെ (നാവികസേന ഉൾപ്പെടെയുള്ള) സായുധ സേന സ്പെയിനിന്റേതിനെക്കാൾ മോശമായിരുന്നു.” നാലാമത്തെ മൃഗത്തിന്റെ പ്രതീകാത്മക ചെറിയ കൊമ്പ് ആയിത്തീർന്ന ബ്രിട്ടൻ തെളിവനുസരിച്ച് അന്ന് ഒരു അപ്രധാന രാജ്യമായിരുന്നു. എന്നാൽ ആ അവസ്ഥയ്ക്കു മാറ്റം വരണമായിരുന്നു.
22. നാലാമത്തെ മൃഗത്തിന്റെ ഏതു മൂന്നു കൊമ്പുകളെയാണ് “ചെറിയ” കൊമ്പു കീഴടക്കിയത്? (ബി) അപ്പോൾ ബ്രിട്ടൻ ഏതു നിലയിലേക്ക് ഉയർന്നു വന്നു?
22 1588-ൽ സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻ സ്പാനിഷ് നാവിക വ്യൂഹത്തെ ബ്രിട്ടന് എതിരെ അയച്ചു. 130 കപ്പലുകളുടെ ഈ നാവിക വ്യൂഹം 24,000-ത്തിൽപ്പരം സൈനികരുമായി ഇംഗ്ലീഷ് ചാനലിലൂടെ നീങ്ങി. എന്നാൽ, ഒടുവിൽ അവർ ബ്രിട്ടീഷ് നാവിക സേനയുടെ മുന്നിൽ പരാജയപ്പെടുകയും പ്രതികൂലമായ കാറ്റിലും ഭീതിദമായ അറ്റ്ലാന്റിക്ക് കടൽ ക്ഷോഭങ്ങളിലും പെട്ട് തകരുകയും ചെയ്തു. “സ്പെയിനിൽനിന്ന് ഇംഗ്ലണ്ടിലേക്കുള്ള നാവിക മേധാവിത്വത്തിന്റെ നിർണായക മാറ്റത്തിനു നിദാനം” ഈ സംഭവം ആയിരുന്നെന്ന് ഒരു ചരിത്രകാരൻ പറഞ്ഞു. 17-ാം നൂറ്റാണ്ടിൽ ഡച്ചുകാർ ലോകത്തിലെ ഏറ്റവും വലിയ കച്ചവട കപ്പൽ വ്യൂഹം വികസിപ്പിച്ചെടുത്തു. എന്നാൽ തങ്ങളുടെ വിദേശ കോളനികൾ പെരുകിയതോടെ ബ്രിട്ടൻ ആ രാജ്യത്തിന്മേൽ വിജയം വരിച്ചു. 18-ാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയിലും ഇന്ത്യയിലും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും പരസ്പരം ഏറ്റുമുട്ടി. അത് 1763-ലെ ‘പാരീസ് ഉടമ്പടി’ക്കു വഴിതെളിച്ചു. ഈ ഉടമ്പടി, “യൂറോപ്പിനു വെളിയിലുള്ള ലോകത്തിലെ മുഖ്യ യൂറോപ്യൻ ശക്തി എന്ന നിലയിലുള്ള ബ്രിട്ടന്റെ പുതിയ സ്ഥാനം അംഗീകരിച്ചു” എന്ന് എഴുത്തുകാരനായ വില്ല്യം ബി. വിൽകോക്സ് പറഞ്ഞു. പൊ.യു. 1815-ൽ ഫ്രാൻസിലെ നെപ്പോളിയന്റെമേൽ നേടിയ സമ്പൂർണ വിജയത്തോടെ ബ്രിട്ടന്റെ മേധാവിത്വം ഉറപ്പായി. അതുകൊണ്ട് ബ്രിട്ടൻ ‘വീഴിച്ചുകളഞ്ഞ’ ‘മൂന്നു രാജാക്കന്മാർ’ സ്പെയിനും നെതർലൻഡ്സും ഫ്രാൻസും ആയിരുന്നു. (ദാനീയേൽ 7:24) തത്ഫലമായി, ബ്രിട്ടൻ ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ-കോളനി ശക്തിയായി ഉയർന്നുവന്നു. അതേ, ആ “ചെറിയ” കൊമ്പ് ഒരു ലോക ശക്തിയായി വളർന്നു!
23. പ്രതീകാത്മക ചെറിയ “കൊമ്പ്” ഏതു വിധത്തിലാണ് സർവഭൂമിയെയും വിഴുങ്ങിക്കളഞ്ഞത്?
23 നാലാമത്തെ മൃഗം അഥവാ രാജ്യം “സർവ്വഭൂമിയെയും വിഴുങ്ങിക്കളയു”മെന്നു ദൂതൻ ദാനീയേലിനോടു പറഞ്ഞു. (ദാനീയേൽ 7:23, NW) ഒരിക്കൽ ബ്രിട്ടാനിയ എന്ന് അറിയപ്പെട്ടിരുന്ന റോമൻ പ്രവിശ്യയുടെ കാര്യത്തിൽ ഇതു സത്യമായി. അതു കാലക്രമത്തിൽ ബ്രിട്ടീഷ് സാമ്രാജ്യമായി വളർന്ന് “സർവ്വഭൂമിയെയും വിഴുങ്ങിക്കള”ഞ്ഞു. ഒരു കാലത്ത് ഭൂമിയുടെ കരഭാഗത്തിന്റെയും അതിലെ ജനസംഖ്യയുടെയും നാലിൽ ഒന്ന് ഈ സാമ്രാജ്യത്തിന്റെ അധീനതയിൽ ആയിരുന്നു.
24. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വ്യത്യസ്തതയെ കുറിച്ച് ഒരു ചരിത്രകാരൻ എന്തു പറഞ്ഞു?
24 റോമാ സാമ്രാജ്യം അതിനു മുമ്പുണ്ടായിരുന്ന ലോക ശക്തികളിൽനിന്നു വ്യത്യസ്തം ആയിരുന്നതു പോലെ, “ചെറിയ” കൊമ്പിനാൽ ചിത്രീകരിക്കപ്പെട്ട രാജാവും “മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി”രിക്കുമായിരുന്നു. (ദാനീയേൽ 7:24) ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറിച്ചു ചരിത്രകാരനായ എച്ച്. ജി. വെൽസ് ഇങ്ങനെ എഴുതി: “അത്തരത്തിലുള്ള ഒന്ന് മുമ്പെങ്ങും ഉണ്ടായിരുന്നിട്ടില്ല. ‘രാജകീയ റിപ്പബ്ലിക്കായ’ ഏകീകൃത ബ്രിട്ടീഷ് രാജ്യങ്ങൾ ആയിരുന്നു ആ മുഴു വ്യവസ്ഥിതിയുടെയും പ്രഥമവും മുഖ്യവുമായ ഘടകം. . . . ഏതെങ്കിലും ഒരു ഭരണകാര്യാലയമോ മസ്തിഷ്കമോ ഒരിക്കലും ബ്രിട്ടീഷ് സാമ്രാജ്യത്തെ മുഴുവനായും മനസ്സിലാക്കിയിട്ടില്ല. മുൻകാലത്ത് ഒരു സാമ്രാജ്യം എന്നു വിളിക്കപ്പെട്ടിട്ടുള്ള എന്തിൽനിന്നും വ്യത്യസ്തമായ വളർച്ചയുടെയും വർധനവിന്റെയും ഒരു സങ്കലനം ആയിരുന്നു അത്.”
25. (എ) ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ച്, പ്രതീകാത്മക ചെറിയ കൊമ്പ് ആയിരിക്കുന്നത് എന്ത്? (ബി) “ചെറിയ” കൊമ്പിന് “മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും” ഉണ്ടായിരുന്നത് ഏത് അർഥത്തിൽ?
25 ആ “ചെറിയ” കൊമ്പ് ബ്രിട്ടീഷ് സാമ്രാജ്യം മാത്രമായിരുന്നില്ല. 1783-ൽ ബ്രിട്ടൻ അതിന്റെ 13 അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിച്ചു. കാലാന്തരത്തിൽ അമേരിക്കൻ ഐക്യനാടുകൾ ബ്രിട്ടന്റെ സഖ്യ കക്ഷി ആയിത്തീർന്നു. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് അതു ഭൂമിയിലെ ഏറ്റവും പ്രബല രാഷ്ട്രമായി ഉയർന്നു. ബ്രിട്ടനുമായി അതിന് ഇപ്പോഴും ശക്തമായ ബന്ധമുണ്ട്. അങ്ങനെ ഈ ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തി ‘കണ്ണുകൾ ഉള്ള കൊമ്പ്’ ആയിത്തീർന്നിരിക്കുന്നു. തീർച്ചയായും, ഈ ലോകശക്തി നിരീക്ഷണപാടവവും കൗശലവും ഉള്ളതാണ്! ലോകത്തിന്റെ ഭൂരിഭാഗത്തിനും വേണ്ടി നയം രൂപീകരിക്കുകയും ലോകത്തിന്റെ വക്താവ് ആയോ ‘കള്ളപ്രവാചകൻ’ ആയോ വർത്തിക്കുകയും ചെയ്തുകൊണ്ട് അതു ‘വമ്പു പറയുന്നു.’—ദാനീയേൽ 7:8, 11, 20; വെളിപ്പാടു 16:13; 19:20.
ചെറിയ കൊമ്പ് ദൈവത്തെയും അവന്റെ വിശുദ്ധന്മാരെയും എതിർക്കുന്നു
26. യഹോവയോടും അവന്റെ ദാസന്മാരോടുമുള്ള പ്രതീകാത്മക കൊമ്പിന്റെ സംസാരവും പ്രവർത്തനവും സംബന്ധിച്ചു ദൂതൻ എന്തു മുൻകൂട്ടി പറഞ്ഞു?
26 ദാനീയേൽ തന്റെ ദർശന വിവരണം തുടർന്നു: “ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധംചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.” (ദാനീയേൽ 7:22) ഈ ‘കൊമ്പിനെ’ അഥവാ രാജാവിനെ കുറിച്ചു ദൈവ ദൂതൻ പറഞ്ഞു: “അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും [“തുടർച്ചയായി ഉപദ്രവിക്കുകയും,” NW] സമയങ്ങളെയും നിയമങ്ങളെയും മാററുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.” (ദാനീയേൽ 7:25) പ്രവചനത്തിന്റെ ഈ ഭാഗം എപ്പോൾ, എങ്ങനെയാണു നിവൃത്തിയായത്?
27. (എ) “ചെറിയ” കൊമ്പിനാൽ പീഡിപ്പിക്കപ്പെട്ട “വിശുദ്ധന്മാർ” ആരാണ്? (ബി) പ്രതീകാത്മക കൊമ്പ് “സമയങ്ങളെയും നിയമങ്ങളെയും മാററുവാൻ” ശ്രമിച്ചത് എങ്ങനെ?
27 ആംഗ്ലോ-അമേരിക്കൻ ലോകശക്തി ആയ “ചെറിയ” കൊമ്പിനാൽ പീഡിപ്പിക്കപ്പെട്ട “വിശുദ്ധന്മാർ” യേശുവിന്റെ ഭൂമിയിലെ ആത്മാഭിഷിക്ത അനുഗാമികൾ ആണ്. (റോമർ 1:7; 1 പത്രൊസ് 2:9) 1914-ൽ “ജനതകളുടെ നിയമിത കാലങ്ങൾ” അവസാനിക്കുമെന്ന് ഒന്നാം ലോകമഹായുദ്ധത്തിനു വർഷങ്ങൾ മുമ്പുതന്നെ അഭിഷിക്തരുടെ ഈ ശേഷിപ്പ് പരസ്യമായി മുന്നറിയിപ്പു നൽകിയിരുന്നു. (ലൂക്കൊസ് 21:24, NW) ആ വർഷം യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, “ചെറിയ” കൊമ്പ് ആ മുന്നറിയിപ്പ് അവഗണിച്ചെന്നു വ്യക്തമായിരുന്നു. കാരണം അത് അഭിഷിക്ത “വിശുദ്ധന്മാ”രെ ഉപദ്രവിക്കുന്നതിൽ തുടർന്നു. തന്റെ സാക്ഷികൾ രാജ്യത്തിന്റെ സുവാർത്ത ലോകവ്യാപകമായി പ്രസംഗിക്കണമെന്ന യഹോവയുടെ നിബന്ധന (അഥവാ ‘നിയമം’) നടപ്പാക്കാനുള്ള അഭിഷിക്തരുടെ ശ്രമങ്ങളെ ആംഗ്ലോ-അമേരിക്കൻ ലോകശക്തി എതിർക്കുക പോലും ചെയ്തു. (മത്തായി 24:14) അങ്ങനെ “ചെറിയ” കൊമ്പ് “സമയങ്ങളെയും നിയമങ്ങളെയും മാററുവാൻ” ശ്രമിച്ചു.
28. “കാലവും കാലങ്ങളും കാലാംശവും” എത്ര ദീർഘമാണ്?
28 യഹോവയുടെ ദൂതൻ, “കാലവും കാലങ്ങളും കാലാംശവും” എന്ന ഒരു പ്രാവചനിക കാലഘട്ടത്തെ പരാമർശിച്ചു. അത് എത്ര ദീർഘമാണ്? ഈ പദപ്രയോഗം, ഒരു കാലം, രണ്ടു കാലങ്ങൾ, അരക്കാലം എന്നിവയുടെ ആകെത്തുകയായ മൂന്നര കാലങ്ങളെയാണു സൂചിപ്പിക്കുന്നത് എന്നു ബൈബിൾ വ്യാഖ്യാതാക്കൾ പൊതുവെ സമ്മതിക്കുന്നു. നെബൂഖദ്നേസരിനു ബുദ്ധിഭ്രമം ബാധിച്ച “ഏഴു കാല”ങ്ങൾ ഏഴു വർഷങ്ങൾക്കു തുല്യം ആയിരുന്നതിനാൽ മൂന്നര കാലങ്ങൾ മൂന്നര വർഷങ്ങളാണ്.c (ദാനീയേൽ 4:16, 25) ഒരു അമേരിക്കൻ ഭാഷാന്തരത്തിൽ (ഇംഗ്ലീഷ്) ഇങ്ങനെ വായിക്കുന്നു: “അവർ ഒരു വർഷത്തേക്കും രണ്ടു വർഷത്തേക്കും അര വർഷത്തേക്കും അവന് ഏൽപ്പിക്കപ്പെടും.” ജയിംസ് മോഫറ്റിന്റെ പരിഭാഷ പറയുന്നു: “മൂന്നു വർഷത്തേക്കും അര വർഷത്തേക്കും.” അതേ കാലഘട്ടം തന്നെ വെളിപ്പാടു 11:2-7-ൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ സാക്ഷികൾ 42 മാസം, അല്ലെങ്കിൽ 1,260 ദിവസം രട്ട് ഉടുത്തുകൊണ്ട് പ്രസംഗിക്കുമെന്നും പിന്നീടു കൊല്ലപ്പെടുമെന്നും അതു പ്രസ്താവിക്കുന്നു. ആ കാലഘട്ടം എന്ന് ആരംഭിച്ചു, എന്ന് അവസാനിച്ചു?
29. പ്രാവചനിക മൂന്നര വർഷങ്ങൾ തുടങ്ങിയത് എന്ന്, എങ്ങനെ?
29 അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഒന്നാം ലോകമഹായുദ്ധം ഒരു പരിശോധനാ ഘട്ടം ആയിരുന്നു. 1914-ന്റെ അവസാനം ആയപ്പോഴേക്കും അവർ പീഡനം പ്രതീക്ഷിക്കുക ആയിരുന്നു. വാസ്തവത്തിൽ, 1915-ലേക്കു തിരഞ്ഞെടുത്ത വാർഷിക വാക്യംതന്നെ, തന്റെ ശിഷ്യന്മാരോടുള്ള യേശുവിന്റെ ചോദ്യമായിരുന്നു: “എന്റെ പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ?” അത് ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലെ മത്തായി 20:22-ൽ അധിഷ്ഠിതമായിരുന്നു. അങ്ങനെ, 1914 ഡിസംബർ മുതൽ സാക്ഷികളുടെ ആ ചെറിയ കൂട്ടം “രട്ടു ഉടുത്തുംകൊണ്ടു” പ്രസംഗിച്ചു.
30. ഒന്നാം ലോകമഹായുദ്ധ കാലത്ത് അഭിഷിക്ത ക്രിസ്ത്യാനികൾ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയാൽ പീഡിപ്പിക്കപ്പെട്ടത് എങ്ങനെ?
30 യുദ്ധജ്വരം തീവ്രമായതോടെ, അഭിഷിക്ത ക്രിസ്ത്യാനികൾക്കു വർധിച്ച പീഡനം നേരിട്ടു. അവരിൽ ചിലർ തടവിലായി. ഇംഗ്ലണ്ടിലെ ഫ്രാങ്ക് പ്ലാറ്റ്, കാനഡയിലെ റോബർട്ട് ക്ലെഗ്ഗ് എന്നിവരെ പോലുള്ളവർ ക്രൂരതയിൽ ആനന്ദം കൊള്ളുന്ന അധികാരികളാൽ പീഡിപ്പിക്കപ്പെട്ടു. 1918 ഫെബ്രുവരി 12-ന് കാനഡയിലെ ബ്രിട്ടീഷ് ഭരണാധിപത്യം ആയിടെ പ്രസിദ്ധീകരിക്കപ്പെട്ട, പൂർത്തിയായ മർമം എന്ന ശീർഷകത്തോടു കൂടിയ വേദാധ്യയന പത്രികയുടെ ഏഴാം വാല്യവും ബൈബിൾ വിദ്യാർഥികളുടെ മാസിക (ഇംഗ്ലീഷ്) എന്ന ശീർഷകത്തോടു കൂടിയ ലഘുലേഖയും നിരോധിച്ചു. ഏഴാം വാല്യത്തിന്റെ വിതരണം നിയമവിരുദ്ധമാണെന്ന് അടുത്ത മാസം യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പ്രഖ്യാപിച്ചു. ഫലമോ? ഭവനങ്ങൾ പരിശോധിക്കുകയും സാഹിത്യങ്ങൾ കണ്ടുകെട്ടുകയും യഹോവയുടെ ആരാധകരെ അറസ്റ്റു ചെയ്യുകയും ചെയ്തു!
31. “കാലവും കാലങ്ങളും കാലാംശവും” അവസാനിച്ചത് എന്ന്, എങ്ങനെ?
31 1918 ജൂൺ 21-ന്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന ജെ. എഫ്. റഥർഫോർഡിനെയും മറ്റു പ്രമുഖ അംഗങ്ങളെയും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ദീർഘകാല ജയിൽ ശിക്ഷയ്ക്കു വിധിച്ചപ്പോൾ ദൈവത്തിന്റെ അഭിക്ഷിക്തർക്ക് എതിരെയുള്ള പീഡനം അതിന്റെ പരമകാഷ്ഠയിൽ എത്തി. “സമയങ്ങളെയും നിയമങ്ങളെയും മാററുവാൻ” ശ്രമിച്ചുകൊണ്ട് “ചെറിയ” കൊമ്പ് സംഘടിത പ്രസംഗ പ്രവർത്തനത്തെ ഫലപ്രദമായി നിഗ്രഹിച്ചു. (വെളിപ്പാടു 11:7) അതുകൊണ്ട് പ്രവചിക്കപ്പെട്ട കാലഘട്ടമായ “കാലവും കാലങ്ങളും കാലാംശവും” 1918 ജൂണിൽ അവസാനിച്ചു.
32. “ചെറിയ” കൊമ്പിനാൽ “വിശുദ്ധന്മാർ” തുടച്ചുനീക്കപ്പെട്ടില്ലെന്നു നിങ്ങൾക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
32 എന്നാൽ “ചെറിയ” കൊമ്പിന്റെ പീഡനത്താൽ “വിശുദ്ധന്മാർ” ഉന്മൂലനം ചെയ്യപ്പെട്ടില്ല. വെളിപ്പാടു പുസ്തകത്തിൽ പ്രവചിക്കപ്പെട്ടതു പോലെ അൽപ്പ കാലത്തെ നിഷ്ക്രിയത്വത്തിനു ശേഷം അഭിഷിക്ത ക്രിസ്ത്യാനികൾക്കു ജീവൻവെച്ച് അവർ വീണ്ടും പ്രവർത്തന നിരതരായി. (വെളിപ്പാടു 11:11-13) 1919 മാർച്ച് 26-ന്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റും സഹകാരികളും ജയിൽ വിമുക്തരായി. തങ്ങൾക്ക് എതിരെയുള്ള വ്യാജാരോപണങ്ങളിൽ നിന്ന് പിന്നീട് അവർ വിമുക്തരാക്കപ്പെട്ടു. അതേത്തുടർന്ന് ഉടൻതന്നെ അഭിഷിക്ത ശേഷിപ്പ് വർധിച്ച പ്രവർത്തനത്തിനായി പുനഃസംഘടിക്കാൻ തുടങ്ങി. എന്നാൽ “ചെറിയ” കൊമ്പിന് എന്തായിരിക്കും സംഭവിക്കുക?
‘നാളുകളിൽ പുരാതനൻ’ ന്യായവിസ്താരസഭ വിളിച്ചുകൂട്ടുന്നു
33. (എ) നാളുകളിൽ പുരാതനൻ ആരാണ്? (ബി) സ്വർഗീയ ന്യായവിസ്താരസഭയിൽ ‘തുറക്കപ്പെട്ട പുസ്തകങ്ങൾ’ എന്തായിരുന്നു?
33 നാലു മൃഗങ്ങളെ പരിചയപ്പെടുത്തിയ ശേഷം ദാനീയേൽ നാലാമത്തെ മൃഗത്തിൽനിന്ന് സ്വർഗത്തിലെ ഒരു രംഗത്തിലേക്കു തന്റെ ദൃഷ്ടി തിരിക്കുന്നു. അത്യന്തം പ്രഭാപൂരിതമായ സിംഹാസനത്തിൽ ‘നാളുകളിൽ പുരാതനൻ’ ന്യായാധിപൻ എന്ന നിലയിൽ ഇരിക്കുന്നത് അവൻ കാണുന്നു. നാളുകളിൽ പുരാതനൻ യഹോവയാം ദൈവമല്ലാതെ മറ്റാരുമല്ല. (സങ്കീർത്തനം 90:2) സ്വർഗീയ ന്യായവിസ്താരസഭ ഇരിക്കവെ, ‘പുസ്തകങ്ങൾ തുറക്കപ്പെടുന്നതു’ ദാനീയേൽ കാണുന്നു. (ദാനീയേൽ 7:9, 10) യഹോവയുടെ അസ്തിത്വം അനന്ത ഭൂതകാലത്തേക്കു നീണ്ടുകിടക്കുന്നതിനാൽ, അവന് മുഴു മാനുഷ ചരിത്രവും ഒരു പുസ്തകത്തിൽ എഴുതി വെച്ചിരുന്നാൽ എന്നവണ്ണം അറിയാം. പ്രതീകാത്മക മൃഗങ്ങൾ നാലിനെയും അവൻ നിരീക്ഷിച്ചിട്ടുണ്ട്. നേരിട്ടുള്ള അറിവ് അനുസരിച്ച് അവയെ ന്യായം വിധിക്കാൻ അവനു കഴിയും.
34, 35. “ചെറിയ” കൊമ്പിനും മറ്റു മൃഗ ശക്തികൾക്കും എന്തു സംഭവിക്കും?
34 ദാനീയേൽ തുടരുന്നു: “കൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു. ശേഷം മൃഗങ്ങളോ—അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.” (ദാനീയേൽ 7:11, 12) ദൂതൻ ദാനീയേലിനോടു പറയുന്നു: “എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.”—ദാനീയേൽ 7:26.
35 ദൈവത്തെ നിന്ദിക്കുകയും അവന്റെ “വിശുദ്ധന്മാരെ” ഉപദ്രവിക്കുകയും ചെയ്ത ആ കൊമ്പിന്, ആദിമ ക്രിസ്ത്യാനികളെ പീഡിപ്പിച്ച റോമാ സാമ്രാജ്യത്തിന് ഉണ്ടായ അതേ അനുഭവം തന്നെ ഉണ്ടാകും, വലിയ ന്യായാധിപനായ യഹോവയാം ദൈവത്തിന്റെ കൽപ്പനയാൽ ആയിരിക്കും അതു സംഭവിക്കുക. അതിന്റെ ഭരണാധിപത്യം നീണ്ടുനിൽക്കില്ല. റോമാ സാമ്രാജ്യത്തിൽ നിന്നു പുറപ്പെട്ട താണവരായ കൊമ്പുസമാന “രാജാക്കന്മാ”രുടെ കാര്യവും മറിച്ചാകില്ല. എന്നാൽ, മുൻ മൃഗ ശക്തികളിൽനിന്ന് ഉത്ഭവിച്ച ഭരണാധിപത്യങ്ങളുടെ കാര്യമോ? മുൻകൂട്ടി പറയപ്പെട്ടതുപോലെ അവയുടെ ആയുസ്സ് “ഒരു സമയത്തേക്കും കാലത്തേക്കും” കൂടി നീണ്ടുനിന്നു. അവയുടെ പ്രദേശങ്ങളിൽ നമ്മുടെ ഈ കാലം വരെയും നിവാസികൾ ഉണ്ടായിരുന്നിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, പുരാതന ബാബിലോണിയൻ പ്രദേശം ഇറാക്കിന്റെ കൈവശമാണ്. പേർഷ്യയും (ഇറാൻ) ഗ്രീസും ഇപ്പോഴും നിലനിൽക്കുന്നു. ഈ ലോക ശക്തികളുടെ ശേഷിപ്പുകൾ ഐക്യരാഷ്ട്രങ്ങളുടെ ഭാഗമാണ്. അവസാന ലോകശക്തിയുടെ ഉന്മൂല നാശത്തോടെ ഈ രാജ്യങ്ങളും നശിക്കും. “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തി”ൽ സകല മാനുഷ ഗവൺമെന്റുകളും ഉന്മൂലനം ചെയ്യപ്പെടും. (വെളിപ്പാടു 16:14, 16) എന്നാൽ, അപ്പോൾ ലോകത്തെ ഭരിക്കുന്നത് ആരായിരിക്കും?
ശാശ്വത ഭരണാധിപത്യം തൊട്ടു മുന്നിൽ!
36, 37. (എ) “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ” ആരെ പരാമർശിക്കുന്നു, അവൻ സ്വർഗീയ ന്യായവിസ്താരസഭയിൽ പ്രത്യക്ഷപ്പെടുന്നത് എപ്പോൾ, എന്ത് ഉദ്ദേശ്യത്തിൽ? (ബി) പൊ.യു. 1914-ൽ എന്തു സ്ഥാപിതമായി?
36 ദാനീയേൽ ഇങ്ങനെ ഉദ്ഘോഷിച്ചു: “രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ [“നാളുകളിൽ പുരാതനന്റെ,” NW] അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.” (ദാനീയേൽ 7:13) ഭൂമിയിൽ ആയിരുന്നപ്പോൾ, മനുഷ്യവർഗവുമായുള്ള തന്റെ ബന്ധം സൂചിപ്പിച്ചുകൊണ്ട് യേശുക്രിസ്തു തന്നെത്തന്നെ “മനുഷ്യപുത്രൻ” എന്നു വിളിച്ചു. (മത്തായി 16:13; 25:31) യഹൂദ ഹൈക്കോടതിയോട് അഥവാ സൻഹെദ്രിമിനോട് യേശു പറഞ്ഞു: “മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും.” (മത്തായി 26:64) അതുകൊണ്ട് ദാനീയേലിന്റെ ദർശനത്തിൽ, മാനുഷ നേത്രങ്ങൾക്ക് അദൃശ്യനായി യഹോവയാം ദൈവത്തിന്റെ അടുത്തു ചെന്നത് ഉയിർപ്പിക്കപ്പെട്ട, മഹത്ത്വീകരിക്കപ്പെട്ട, യേശുക്രിസ്തു ആയിരുന്നു. എന്നാൽ എന്നാണ് അതു സംഭവിച്ചത്?
37 ദൈവം ദാവീദ് രാജാവുമായി ചെയ്തതുപോലെ തന്നെ യേശുക്രിസ്തുവുമായും ഒരു രാജ്യ ഉടമ്പടി ചെയ്തിട്ടുണ്ട്. (2 ശമൂവേൽ 7:11-16; ലൂക്കൊസ് 22:28-30) പൊ.യു. 1914-ൽ “ജനതകളുടെ നിയമിത കാലങ്ങൾ” അവസാനിച്ചപ്പോൾ, ദാവീദിന്റെ രാജകീയ അവകാശി എന്ന നിലയിൽ യേശുക്രിസ്തുവിനു ന്യായയുക്തമായി രാജ്യഭരണം കയ്യേൽക്കാൻ കഴിഞ്ഞു. ദാനീയേലിന്റെ പ്രാവചനിക രേഖ ഇങ്ങനെ പറയുന്നു: “സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” (ദാനീയേൽ 7:14) അങ്ങനെ, 1914-ൽ മിശിഹൈക രാജ്യം സ്വർഗത്തിൽ സ്ഥാപിതമായി. എന്നാൽ, ഭരണാധിപത്യം മറ്റു ചിലർക്കും കൂടെ നൽകപ്പെടുന്നു.
38, 39. ലോകത്തിന്മേൽ ശാശ്വത ഭരണാധിപത്യം ലഭിക്കുന്നത് ആർക്ക്?
38 “അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപി”ക്കും എന്ന് ദൂതൻ പറഞ്ഞു. (ദാനീയേൽ 7:18, 22, 27) യേശുക്രിസ്തുവാണ് മുഖ്യ വിശുദ്ധൻ. (പ്രവൃത്തികൾ 3:14; 4:27, 30) യേശുവിനോടൊപ്പം രാജ്യാവകാശികളായ, 1,44,000 വിശ്വസ്ത ആത്മാഭിഷിക്ത ക്രിസ്ത്യാനികളാണ് ഭരണാധിപത്യത്തിൽ പങ്കുള്ള മറ്റു “വിശുദ്ധന്മാ”ർ. (റോമർ 1:3; 8:17; 2 തെസ്സലൊനീക്യർ 1:5; 1 പത്രൊസ് 2:9) സ്വർഗീയ സീയോൻ പർവതത്തിൽ ക്രിസ്തുവിനോടൊപ്പം വാഴാനായി അവർ മരണത്തിൽനിന്ന് അമർത്യ ആത്മാക്കളായി പുനരുത്ഥാനം ചെയ്യപ്പെടുന്നു. (വെളിപ്പാടു 2:10; 14:1; 20:6) അങ്ങനെ, ക്രിസ്തുയേശുവും പുനരുത്ഥാനം പ്രാപിച്ച അഭിഷിക്ത ക്രിസ്ത്യാനികളും മനുഷ്യവർഗ ലോകത്തിന്മേൽ വാഴ്ച നടത്തും.
39 മനുഷ്യപുത്രന്റെയും പുനരുത്ഥാനം പ്രാപിച്ച മറ്റു “വിശുദ്ധന്മാ”രുടെയും ഭരണത്തെ കുറിച്ചു ദൈവ ദൂതൻ ഇങ്ങനെ പറഞ്ഞു: “പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ [“അവരുടെ,” NW] രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ [“അവരെ,” NW] സേവിച്ചനുസരിക്കും.” (ദാനീയേൽ 7:27) എന്ത് അനുഗ്രഹങ്ങൾ ആയിരിക്കും അനുസരണമുള്ള മനുഷ്യവർഗം ആ രാജ്യത്തിൻ കീഴിൽ അനുഭവിക്കുക!
40. ദാനീയേലിന്റെ സ്വപ്നത്തിനും ദർശനങ്ങൾക്കും ശ്രദ്ധ കൊടുക്കുന്നതിനാൽ നമുക്ക് എങ്ങനെ പ്രയോജനം അനുഭവിക്കാൻ സാധിക്കും?
40 തന്റെ ദൈവദത്ത ദർശനങ്ങളുടെ അതിശയകരമായ എല്ലാ നിവൃത്തികളെയും കുറിച്ചു ദാനീയേലിന് അറിയില്ലായിരുന്നു. അവൻ പറഞ്ഞു: “ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി; ദാനീയേൽ എന്ന ഞാനോ എന്റെ വിചാരങ്ങളാൽ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാൻ ആ കാര്യം എന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെച്ചു.” (ദാനീയേൽ 7:28) എന്നാൽ, ദാനീയേൽ കണ്ടതിന്റെ നിവൃത്തി മനസ്സിലാക്കാൻ കഴിയുന്ന കാലത്താണു നാം ജീവിക്കുന്നത്. ഈ പ്രവചനത്തിനു ശ്രദ്ധ കൊടുക്കുന്നത് നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും യഹോവയുടെ മിശിഹൈക രാജാവ് ലോകത്തെ ഭരിക്കും എന്ന നമ്മുടെ ബോധ്യത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യും.
[അടിക്കുറിപ്പുകൾ]
a വ്യക്തതയ്ക്കും ആവർത്തനം ഒഴിവാക്കുന്നതിനുമായി, ദാനീയേൽ 7:15-28-ൽ കാണപ്പെടുന്ന വിശദീകരണ വാക്യങ്ങളെ ദാനീയേൽ 7:1-14-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനങ്ങളുടെ വാക്യാനുവാക്യ പരിചിന്തനവുമായി ഞങ്ങൾ സംയോജിപ്പിക്കുന്നതാണ്.
b ഈ പുസ്തകത്തിന്റെ നാലാം അധ്യായം കാണുക.
c ഈ പുസ്തകത്തിന്റെ 6-ാം അധ്യായം കാണുക.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• ‘സമുദ്രത്തിൽനിന്നു കയറിവരുന്ന നാലു മഹാമൃഗങ്ങ’ളിൽ ഓരോന്നും എന്തിനെ പ്രതീകപ്പെടുത്തുന്നു?
• “ചെറിയ” കൊമ്പ് ആയിരിക്കുന്നത് എന്ത്?
• ഒന്നാം ലോകമഹായുദ്ധ കാലത്ത് “വിശുദ്ധന്മാർ” പ്രതീകാത്മകമായ ചെറിയ കൊമ്പിനാൽ പീഡിപ്പിക്കപ്പെട്ടത് എങ്ങനെ?
• പ്രതീകാത്മക ചെറിയ കൊമ്പിനും മറ്റു മൃഗ ശക്തികൾക്കും എന്തു സംഭവിക്കും?
• “നാലു മഹാമൃഗങ്ങ”ളെ കുറിച്ചുള്ള ദാനീയേലിന്റെ സ്വപ്നത്തിനും ദർശനങ്ങൾക്കും ശ്രദ്ധ കൊടുത്തതിൽനിന്നു നിങ്ങൾ എങ്ങനെ പ്രയോജനം അനുഭവിച്ചു?
[149-152 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
സഹിഷ്ണുതയുള്ള ഒരു രാജാവ്
അവൻ സഹിഷ്ണുതയുള്ള, ആദർശയോഗ്യനായ ഒരു രാജാവ് ആയിരുന്നെന്ന് അഞ്ചാം നൂറ്റാണ്ടിലെ ഒരു ഗ്രീക്ക് എഴുത്തുകാരൻ ഓർമിച്ചു. ബൈബിളിൽ അവൻ ‘ദൈവത്തിന്റെ അഭിഷിക്തൻ’ എന്നും ‘സൂര്യോദയത്തിങ്കൽ നിന്നുള്ള ഇരപിടിയൻ പക്ഷി’ എന്നും വിളിക്കപ്പെടുന്നു. (യെശയ്യാവു 45:1; 46:11, NW) പേർഷ്യയിലെ മഹാനായ കോരെശ് (സൈറസ്) ആണ് അപ്രകാരം വർണിക്കപ്പെട്ടിരിക്കുന്ന രാജാവ്.
പൊ.യു.മു. ഏകദേശം 560/559-ൽ ആയിരുന്നു പ്രശസ്തിയിലേക്കുള്ള കോരെശിന്റെ കുതിപ്പ് ആരംഭിച്ചത്. പുരാതന പേർഷ്യയിലെ ഒരു നഗരമോ പ്രദേശമോ ആയിരുന്ന അൻഷനിലെ സിംഹാസനത്തിൽ അവൻ തന്റെ പിതാവായ കാംബിസസ്സ് ഒന്നാമന്റെ പിൻഗാമിയായതോടെ ആയിരുന്നു അത്. അൻഷൻ അന്ന് മേദ്യ രാജാവായ അസ്റ്റിയേജസിന്റെ മേൽക്കോയ്മയിൽ ആയിരുന്നു. മേദ്യ ഭരണാധിപത്യത്തിന് എതിരെ മത്സരിച്ച കോരെശ്, അസ്റ്റിയേജസിന്റെ സൈന്യം കൂറുമാറിയതു നിമിത്തം അതിവേഗം വിജയം കൈവരിച്ചു. തുടർന്ന് കോരെശ് മേദ്യരുടെ കൂറു നേടിയെടുത്തു. അതിനുശേഷം, മേദ്യരും പേർഷ്യരും അവന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി പോരാടി. കാലക്രമത്തിൽ ഈജിയൻ സമുദ്രം മുതൽ സിന്ധു നദി വരെ വ്യാപിച്ച മേദോ-പേർഷ്യൻ ഭരണം അങ്ങനെ നിലവിൽ വന്നു.—ഭൂപടം കാണുക.
മേദ്യരുടെയും പേർഷ്യരുടെയും സംയുക്ത സേനയുമൊത്തു കോരെശ് ആദ്യം, ഒരു പ്രശ്നഭൂമി ആയിരുന്ന മേദ്യയുടെ പശ്ചിമ മേഖല നിയന്ത്രണത്തിലാക്കാൻ പുറപ്പെട്ടു. അവിടെ ലിഡിയൻ രാജാവായ ക്രോയിസസ് തന്റെ രാജ്യം മേദ്യയുടെ പ്രദേശത്തേക്കു വ്യാപിപ്പിക്കുകയായിരുന്നു. ലിഡിയൻ സാമ്രാജ്യത്തിന്റെ ഏഷ്യാമൈനറിലുള്ള കിഴക്കൻ അതിർത്തിയിലേക്കു മുന്നേറിയ കോരെശ് ക്രോയിസസിനെ പരാജയപ്പെടുത്തി തലസ്ഥാനമായ സർദീസ് പിടിച്ചെടുത്തു. തുടർന്ന് അയോണിയൻ നഗരങ്ങൾ കീഴടക്കിയ കോരെശ് മുഴു ഏഷ്യാമൈനറിനെയും മേദോ-പേർഷ്യൻ സാമ്രാജ്യത്തിന്റെ പരിധിയിലാക്കി. അങ്ങനെ അവൻ ബാബിലോണിന്റെയും അതിന്റെ രാജാവായ നബോണീഡസിന്റെയും മുഖ്യ എതിരാളിയായി.
തുടർന്ന്, പ്രബല ശക്തിയായ ബാബിലോണുമായി ഒരു ഏറ്റുമുട്ടലിനു കോരെശ് തയ്യാറെടുത്തു. ഈ ഘട്ടം മുതൽ അവൻ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയിൽ ഭാഗഭാക്കായി. ബാബിലോണിനെ മറിച്ചിട്ട് യഹൂദന്മാരെ അടിമത്തത്തിൽനിന്നു വിടുവിക്കുന്ന ഭരണാധിപൻ കോരെശ് ആയിരിക്കുമെന്ന് ഏകദേശം രണ്ടു നൂറ്റാണ്ടുകൾക്കു മുമ്പു പ്രവാചകനായ യെശയ്യാവിലൂടെ യഹോവ പേരെടുത്തു പറഞ്ഞിരുന്നു. ഇപ്രകാരം മുൻകൂട്ടി നിയമിക്കപ്പെട്ടതു നിമിത്തമാണു തിരുവെഴുത്തുകൾ കോരെശിനെ യഹോവയുടെ “അഭിഷിക്തൻ” എന്നു പരാമർശിക്കുന്നത്.—യെശയ്യാവു 44:26-28, NW.
പൊ.യു.മു. 539-ൽ കോരെശ് ബാബിലോണിനു നേരെ വന്നപ്പോൾ വളരെ ദുഷ്കരമായ ഒരു കൃത്യമാണ് അവന്റെ മുമ്പാകെ ഉണ്ടായിരുന്നത്. കൂറ്റൻ മതിലുകളാലും യൂഫ്രട്ടീസ് നദി സൃഷ്ടിക്കുന്ന ആഴവും വീതിയുമേറിയ കിടങ്ങിനാലും ചുറ്റപ്പെട്ട ആ നഗരം അജയ്യമായി കാണപ്പെട്ടു. യൂഫ്രട്ടീസ് നദി ബാബിലോണിലൂടെ ഒഴുകിയിരുന്നിടത്തെല്ലാം അതിന്റെ തീരത്ത് കൂറ്റൻ താമ്ര വാതിലുകളോടു കൂടിയ ഒരു പർവത സമാന മതിൽ ഉണ്ടായിരുന്നു. അപ്പോൾപ്പിന്നെ എങ്ങനെയാണു കോരെശിനു ബാബിലോൺ പിടിച്ചടക്കാൻ കഴിയുമായിരുന്നത്?
ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ്, “അവളുടെ വെള്ളങ്ങളുടെ മേലുള്ള ഒരു വിനാശ”ത്തെ കുറിച്ചും “അവ വറ്റിക്കപ്പെ”ടുന്നതിനെ കുറിച്ചും യഹോവ മുൻകൂട്ടി പറഞ്ഞിരുന്നു. (യിരെമ്യാവു 50:38, NW) ആ പ്രവചനത്തെ യാഥാർഥ്യം ആക്കിക്കൊണ്ട്, കോരെശ് ബാബിലോണിന് ഏതാനും കിലോമീറ്ററുകൾ വടക്കായി യൂഫ്രട്ടീസ് നദിയിലെ വെള്ളം ഗതിതിരിച്ചു വിട്ടു. എന്നിട്ട് നീരൊഴുക്കു കുറഞ്ഞ നദിയിലൂടെ നടന്നു നീങ്ങിയ സൈന്യം മതിലിലേക്കുള്ള ചെരിവ് നടന്നു കയറി. താമ്ര വാതിലുകൾ തുറന്നു കിടന്നിരുന്നതിനാൽ അവർ അനായാസം നഗരത്തിൽ കടന്നു. ഇരയെ വേഗം പിടിയിലൊതുക്കുന്ന “ഒരു ഇരപിടിയൻ പക്ഷി”യെപ്പോലെ “സൂര്യോദയത്തിങ്കൽ നിന്ന്,” അഥവാ കിഴക്കുനിന്ന് ഉള്ള ഈ രാജാവ് ബാബിലോണിനെ ഒറ്റ രാത്രികൊണ്ടു പിടിച്ചടക്കി!
ബാബിലോണിലെ യഹൂദന്മാർക്കു കോരെശിന്റെ വിജയം പ്രവാസത്തിൽ നിന്നുള്ള, ദീർഘകാലമായി കാത്തിരുന്ന വിടുതലിനെയും തങ്ങളുടെ സ്വദേശത്തിന്റെ 70 വർഷം നീണ്ടുനിന്ന ശൂന്യതയുടെ അന്ത്യത്തെയും അർഥമാക്കി. യെരൂശലേമിലേക്കു മടങ്ങിപ്പോയി ആലയം പുനർനിർമിക്കാൻ അവരെ അധികാരപ്പെടുത്തിക്കൊണ്ടു കോരെശ് ഒരു വിളംബരം പുറപ്പെടുവിച്ചപ്പോൾ അവർ എത്ര പുളകിതർ ആയിരുന്നിരിക്കണം! നെബൂഖദ്നേസർ ബാബിലോണിലേക്കു കൊണ്ടുവന്ന അമൂല്യമായ ആലയ ഉപകരണങ്ങൾ കോരെശ് അവർക്കു തിരികെ നൽകി. ലെബനോനിൽ നിന്ന് തടി ഇറക്കുമതി ചെയ്യാൻ രാജകീയ അനുമതി നൽകിയതിനു പുറമേ നിർമാണ ചെലവുകൾക്കു വേണ്ട പണം അവൻ രാജഗൃഹത്തിൽ നിന്ന് അനുവദിക്കുകയും ചെയ്തു.—എസ്രാ 1:1-11; 6:3-5.
താൻ കീഴടക്കിയ ജനങ്ങളോട് ഇടപെടുന്നതിൽ പൊതുവെ മനുഷ്യത്വവും സഹിഷ്ണുതയും ഉള്ള ഒരു നയമാണു കോരെശ് പിൻപറ്റിയിരുന്നത്. ഈ സ്വഭാവത്തിന്റെ ഒരു കാരണം അവന്റെ മതം ആയിരുന്നിരിക്കാം. സാധ്യതയനുസരിച്ച്, കോരെശ് പേർഷ്യൻ പ്രവാചകനായ സൊരാഷ്ട്രരുടെ പഠിപ്പിക്കലുകളോടു പറ്റിനിൽക്കുകയും എല്ലാ നല്ല കാര്യങ്ങളുടെയും സ്രഷ്ടാവായി കരുതപ്പെട്ടിരുന്ന അഹൂറ മസ്ദ ദേവനെ ആരാധിക്കുകയും ചെയ്തിരുന്നു. സൊരാഷ്ട്രീയ പാരമ്പര്യം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഫാർഹാങ് മെർ എഴുതുന്നു: “സൊരാഷ്ട്രർ ദൈവത്തെ ധാർമികതയുടെ തികവായി ചിത്രീകരിച്ചു. അഹൂറ മസ്ദ പ്രതികാരദാഹിയല്ല, മറിച്ച് നീതിനിഷ്ഠനാണെന്നും തന്നിമിത്തം അവനെ ഭയപ്പെടുകയല്ല, പകരം സ്നേഹിക്കുകയാണു വേണ്ടതെന്നും അദ്ദേഹം ജനങ്ങളോടു പറഞ്ഞു. ധാർമികനും നീതിനിഷ്ഠനുമായ ഒരു ദേവനിലുള്ള വിശ്വാസം കോരെശിന്റെ ധാർമികതയെ സ്വാധീനിക്കുകയും അവനിൽ മഹാമനസ്കതയും ധർമിഷ്ഠതയും ഉന്നമിപ്പിക്കുകയും ചെയ്തിട്ടുണ്ടാകാം.
എന്നാൽ ബാബിലോണിലെ കാലാവസ്ഥ, വിശേഷിച്ചും അവിടത്തെ അത്യുഷ്ണ വേനൽ, രാജാവിന് അസഹനീയമായിരുന്നു. അതുകൊണ്ട്, ബാബിലോൺ കോരെശിന്റെ സാമ്രാജ്യത്തിലെ ഒരു രാജനഗരവും ഒരു മത-സാംസ്കാരിക കേന്ദ്രവും എന്ന നിലയിൽ തുടർന്നെങ്കിലും അവൻ അതിനെ ഒരു ശൈത്യകാല തലസ്ഥാനമായി മാത്രമേ ഉപയോഗിച്ചുള്ളൂ. ബാബിലോണിനെ കീഴടക്കിയശേഷം ഉടൻതന്നെ, അൽവാൻഡ് മലയുടെ അടിവാരത്തിൽ സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 6,000 അടി ഉയരത്തിൽ സ്ഥിതിചെയ്തിരുന്ന തന്റെ വേനൽക്കാല തലസ്ഥാനമായ അഹ്മെഥായിലേക്കു കോരെശ് മടങ്ങി. കുളിരണിയിക്കുന്ന ശൈത്യകാലങ്ങൾ ഉല്ലാസകരമായ വേനൽക്കാലങ്ങളാൽ സമനിലയിൽ നിർത്തപ്പെട്ടിരുന്ന അവിടം ആയിരുന്നു അവനു കൂടുതൽ പ്രിയം. അഹ്മെഥായിൽനിന്ന് 650 കിലോമീറ്റർ തെക്കുകിഴക്കായുള്ള, തന്റെ ആദ്യകാല തലസ്ഥാനം ആയിരുന്ന പസാർഗഡിയിലും (പെർസെപൊലിസിനു സമീപം) കോരെശ് മനോജ്ഞമായ ഒരു കൊട്ടാരം പണിതു. അവൻ അത് ഒരു ഒഴിവുകാല വസതിയായി ഉപയോഗിച്ചു.
അങ്ങനെ, ധീരനായ ഒരു ജേതാവും സഹിഷ്ണുതയുള്ള ഒരു ചക്രവർത്തിയും എന്ന നിലയിൽ കോരെശ് സ്മരിക്കപ്പെടുന്നു. പൊ.യു.മു. 530-ലെ ഒരു സൈനിക നീക്കത്തിനിടയിൽ അവൻ മരണമടഞ്ഞതോടെ 30 വർഷം നീണ്ടുനിന്ന അവന്റെ ഭരണം അവസാനിച്ചു. തുടർന്ന് അവന്റെ പുത്രനായ കാംബിസസ്സ് രണ്ടാമൻ പേർഷ്യൻ സിംഹാസനത്തിൽ അവന്റെ പിൻഗാമിയായി അവരോധിതനായി.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• പേർഷ്യക്കാരനായ കോരെശ് യഹോവയുടെ “അഭിഷിക്തൻ” എന്നു തെളിഞ്ഞത് എങ്ങനെ?
• യഹോവയുടെ ജനത്തിനായി കോരെശ് ഏതു മൂല്യവത്തായ സേവനം അനുഷ്ഠിച്ചു?
• താൻ കീഴടക്കിയ ജനങ്ങളോടു കോരെശ് എങ്ങനെ പെരുമാറി?
[Map]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
മേദോ-പേർഷ്യൻ സാമ്രാജ്യം
മാസിഡോണിയ
മെംഫിസ്
ഈജിപ്ത്
എത്യോപ്യ
യെരൂശലേം
ബാബിലോൺ
അഹ്മെഥാ
സൂസാ
പെർസെപൊലിസ്
ഇന്ത്യ
[ചിത്രം]
പസാർഗഡിയിലുള്ള കോരെശിന്റെ ശവകുടീരം
[ചിത്രം]
കോരെശിനെ ചിത്രീകരിക്കുന്ന പസാർഗഡിയിലെ കൊത്തുപണി
[153-161 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഒരു യുവ രാജാവ് ലോകം കീഴടക്കുന്നു
ഏകദേശം 2,300 വർഷം മുമ്പ്, തന്റെ 20-കളിലുള്ള സ്വർണമുടിക്കാരനായ ഒരു പട്ടാള ജനറൽ മെഡിറ്ററേനിയൻ സമുദ്രതീരത്തു നിലയുറപ്പിച്ചു. അദ്ദേഹത്തിന്റെ ദൃഷ്ടികൾ ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഒരു ദ്വീപു നഗരത്തിൽ കേന്ദ്രീകരിച്ചിരുന്നു. പ്രവേശനം നിഷേധിക്കപ്പെട്ടതിൽ ക്രോധം പൂണ്ടിരുന്ന ആ ജനറൽ പ്രസ്തുത നഗരം കീഴടക്കാൻ നിശ്ചയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആക്രമണ പദ്ധതിയോ? ആ നഗരത്തിലേക്ക് ചതുപ്പിലൂടെ ഒരു വരമ്പു നിർമിച്ച് തന്റെ സൈന്യത്തെ നഗരത്തിനു നേരെ അയയ്ക്കുക. വരമ്പു പണി ആരംഭിച്ചു കഴിഞ്ഞിരുന്നു.
എന്നാൽ, പേർഷ്യൻ സാമ്രാജ്യത്തിലെ മഹാരാജാവിൽനിന്നുള്ള ഒരു സന്ദേശം ആ യുവ ജനറലിനെ തടസ്സപ്പെടുത്തി. സമാധാനം സ്ഥാപിക്കാനുള്ള ഉത്കടമായ ആഗ്രഹത്താൽ ആ പേർഷ്യൻ ഭരണാധിപൻ അസാധാരണമായ ഒരു വാഗ്ദാനം നൽകി: 10,000 താലന്ത് സ്വർണം (ഇന്നത്തെ മൂല്യം അനുസരിച്ച് 200 കോടി ഡോളറിൽ അധികം), ഭാര്യയായി രാജാവിന്റെ പുത്രിമാരിൽ ഒരുവൾ, പേർഷ്യൻ സാമ്രാജ്യത്തിന്റെ മുഴു പശ്ചിമ ഭാഗത്തിന്മേലുമുള്ള ആധിപത്യം. ആ യുവ ജനറൽ തടവുകാരാക്കിയ രാജകുടുംബത്തെ തിരികെ കൊടുക്കുന്നതിനു പകരമായിട്ടായിരുന്നു ഈ വാഗ്ദാനങ്ങളെല്ലാം.
മാസിഡോണിയയിലെ അലക്സാണ്ടർ മൂന്നാമൻ ആയിരുന്നു വാഗ്ദാനം സ്വീകരിക്കണമോ അതോ നിരസിക്കണമോ എന്ന തീരുമാനത്തെ അഭിമുഖീകരിച്ച ആ സൈന്യാധിപൻ. എന്നാൽ, അദ്ദേഹം ആ വാഗ്ദാനം സ്വീകരിക്കുമായിരുന്നോ? “പുരാതന ലോകത്തെ സംബന്ധിച്ചിടത്തോളം അത് ഒരു സുപ്രധാന നിമിഷം ആയിരുന്നു” എന്ന് ചരിത്രകാരനായ ഉൾറിച്ച് വിലൻ പറയുന്നു. “നിശ്ചയമായും, അദ്ദേഹത്തിന്റെ തീരുമാനത്തിന്റെ പ്രത്യാഘാതം മധ്യകാലഘട്ടത്തിലൂടെ നമ്മുടെ കാലംവരെ വ്യാപിക്കുന്നു, പടിഞ്ഞാറ് എന്നതുപോലെ കിഴക്കും.” അലക്സാണ്ടറിന്റെ മറുപടി പരിചിന്തിക്കുന്നതിനു മുമ്പ് ഈ നിർണായക നിമിഷത്തിലേക്കു നയിച്ച സംഭവങ്ങൾ ഏവയെന്നു നമുക്കു നോക്കാം.
ഒരു ജേതാവ് വാർത്തെടുക്കപ്പെടുന്നു
പൊ.യു.മു. 356-ൽ മാസിഡോണിയയിലെ പെല്ലയിൽ ആണ് അലക്സാണ്ടർ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഫിലിപ്പ് രണ്ടാമൻ രാജാവും മാതാവ് ഒളിമ്പിയസും ആയിരുന്നു. ഗ്രീക്കു ദേവനായ സീയൂസിന്റെ ഒരു പുത്രനായ ഹെർക്കുലീസിൽനിന്ന് ഉത്ഭവിച്ചവരാണു മാസിഡോണിയൻ രാജാക്കന്മാരെന്ന് ഒളിമ്പിയസ് അലക്സാണ്ടറിനെ പഠിപ്പിച്ചു. ഒളിമ്പിയസിന്റെ അഭിപ്രായത്തിൽ, ഹോമറിന്റെ കവിതയായ ഇലിയഡിലെ നായകനായ അക്കിലിസ് ആയിരുന്നു അലക്സാണ്ടറിന്റെ പൂർവികൻ. അങ്ങനെ ജയിച്ചടക്കലിനും രാജകീയ മഹത്ത്വത്തിനുമായി മാതാപിതാക്കളാൽ വാർത്തെടുക്കപ്പെട്ട യുവാവായ അലക്സാണ്ടറിനു മറ്റു പ്രവർത്തനങ്ങളിൽ കാര്യമായ താത്പര്യം ഇല്ലായിരുന്നു. ഒളിമ്പിക് ഗെയിംസിലെ മത്സര ഓട്ടത്തിൽ പങ്കെടുക്കുമോ എന്നു ചോദിച്ചപ്പോൾ രാജാക്കന്മാരോട് ഒപ്പമാണെങ്കിൽ ആകാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ പിതാവു ചെയ്തതിനെക്കാൾ വലിയ പ്രവൃത്തികൾ ചെയ്ത് നേട്ടങ്ങളിലൂടെ യശസ്സു കൈവരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
13-ാം വയസ്സിൽ അലക്സാണ്ടർ ഗ്രീക്കു തത്ത്വചിന്തകനായ അരിസ്റ്റോട്ടിലിന്റെ ശിഷ്യത്വം സ്വീകരിച്ചു. തത്ത്വചിന്ത, വൈദ്യശാസ്ത്രം, സയൻസ് എന്നിവയിൽ താത്പര്യം വളർത്തിയെടുക്കാൻ അദ്ദേഹം അവനെ സഹായിച്ചു. അരിസ്റ്റോട്ടിലിന്റെ തത്ത്വശാസ്ത്ര പഠിപ്പിക്കലുകൾ അലക്സാണ്ടറിന്റെ ചിന്താഗതിയെ എത്രമാത്രം രൂപപ്പെടുത്തിയെന്നുള്ളത് ഒരു തർക്ക വിഷയമാണ്. “പല കാര്യങ്ങളിലും അവർ യോജിച്ചില്ലെന്നു വിവാദം കൂടാതെ പറയാനാകുമെന്നു തോന്നുന്നു” എന്ന് 20-ാം നൂറ്റാണ്ടിലെ ഒരു തത്ത്വചിന്തകനായ ബെർട്രൻഡ് റസ്സൽ അഭിപ്രായപ്പെട്ടു. “അരിസ്റ്റോട്ടിലിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾ ക്ഷയിച്ചുകൊണ്ടിരുന്ന ഗ്രീക്കു നഗര രാഷ്ട്ര വ്യവസ്ഥയിൽ അധിഷ്ഠിതം ആയിരുന്നു.” ഒരു വലിയ കേന്ദ്രീകൃത സാമ്രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിച്ച ഉത്കർഷേച്ഛുവായ രാജകുമാരന് ചെറിയ നഗര രാഷ്ട്ര ഗവൺമെന്റുകൾ എന്ന ആശയം ആകർഷകം ആയിരുന്നിരിക്കില്ല. ഗ്രീക്കുകാരല്ലാത്തവരോട് അടിമകളോട് എന്ന പോലെ പെരുമാറണമെന്ന അരിസ്റ്റോട്ടിലിന്റെ ആശയം സംബന്ധിച്ചും അലക്സാണ്ടർ സംശയാലു ആയിരുന്നിരിക്കണം. കാരണം ജയിച്ചവരും ജയിച്ചടക്കപ്പെട്ടവരും തമ്മിൽ തഴച്ചുവളരുന്ന സഹവർത്തിത്വമുള്ള ഒരു സാമ്രാജ്യമാണ് അദ്ദേഹം വിഭാവന ചെയ്തിരുന്നത്.
എന്നാൽ വായനയിലും പഠനത്തിലുമുള്ള താത്പര്യം അലക്സാണ്ടറിൽ വളർത്തിയെടുത്തത് അരിസ്റ്റോട്ടിൽ ആണെന്നുള്ളതിൽ സംശയമില്ല. ജീവിതത്തിൽ ഉടനീളം അലക്സാണ്ടർ ഒരു വായനാ പ്രിയൻ ആയിരുന്നു. ഹോമറിന്റെ എഴുത്തുകളോട് അദ്ദേഹത്തിന് ഒരു പ്രത്യേക അഭിനിവേശംതന്നെ ഉണ്ടായിരുന്നു. ഇലിയഡിലെ 15,693 കവിതാവരികളും അലക്സാണ്ടറിനു മനപ്പാഠം ആയിരുന്നുവെന്നാണ് ഒരു അവകാശവാദം.
തന്റെ പിതാവിന്റെ അസാന്നിധ്യത്തിൽ മാസിഡോണിയ ഭരിക്കാൻ 16-കാരനായ രാജകുമാൻ പൊ.യു.മു. 340-ൽ പെല്ലയിലേക്കു മടങ്ങിപ്പോയപ്പോൾ അരിസ്റ്റോട്ടിലിന്റെ കീഴിലെ അവന്റെ വിദ്യാഭ്യാസം പൊടുന്നനെ അവസാനിച്ചു. കിരീടാവകാശിയായ രാജകുമാരൻ സമയം ഒട്ടും പാഴാക്കാതെ സൈനിക നേട്ടങ്ങൾ കൈവരിച്ചുകൊണ്ടു സ്വയം കീർത്തി നേടി. മത്സരിച്ചുനിന്ന ത്രാസിയൻ ഗോത്രമായ മേയ്ഡിയെ അമർച്ചചെയ്ത അലക്സാണ്ടർ അവരുടെ മുഖ്യ നഗരം ഒരു മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത് അതിനു സ്വന്തം പേരിന് അനുസൃതമായി അലക്സാണ്ട്രിയോപൊലിസ് എന്നു പേരിട്ടു. അതു ഫിലിപ്പിനെ സന്തോഷിപ്പിച്ചു.
ജയിച്ചടക്കി മുന്നേറുന്നു
പൊ.യു.മു. 336-ൽ ഫിലിപ്പ് വധിക്കപ്പെട്ടത് 20-കാരനായ അലക്സാണ്ടർ മാസിഡോണിയാ സിംഹാസനം അവകാശമാക്കുന്നതിലേക്കു നയിച്ചു. പൊ.യു.മു. 334-ലെ വസന്തകാലത്ത് അദ്ദേഹം ഏഷ്യയിലെ ഹെല്ലസ്പോന്റിൽ (ഇപ്പോൾ ഡാർഡനെൽസ്) പ്രവേശിച്ചു. അങ്ങനെ, 30,000 കാലാളും 5,000 കുതിരപ്പടയാളികളും ഉള്ള, ചെറുതെങ്കിലും കാര്യക്ഷമതയുള്ള ഒരു സൈന്യത്തെ ഉപയോഗിച്ചുള്ള തന്റെ ജയിച്ചടക്കൽ പരമ്പരയ്ക്ക് അലക്സാണ്ടർ തുടക്കം കുറിച്ചു. എഞ്ചിനീയർമാർ, സർവേ നടത്തുന്നവർ, വാസ്തുശില്പികൾ, ശാസ്ത്രജ്ഞന്മാർ, ചരിത്രകാരന്മാർ എന്നിവരൊക്കെ അദ്ദേഹത്തിന്റെ സൈന്യത്തോടൊപ്പം പോയിരുന്നു.
ഏഷ്യാമൈനറിന്റെ (ഇപ്പോൾ ടർക്കി) വടക്കുപടിഞ്ഞാറൻ കോണിലുള്ള ഗ്രനൈക്കസ് നദിയിങ്കൽവെച്ച് അലക്സാണ്ടർ പേർഷ്യക്കാർക്ക് എതിരെയുള്ള തന്റെ കന്നി വിജയം നേടി. ആ ശൈത്യകാലത്ത് അദ്ദേഹം പടിഞ്ഞാറൻ ഏഷ്യാമൈനർ കീഴടക്കി. തുടർന്നുവന്ന ശരത്കാലത്ത്, ഏഷ്യാമൈനറിന്റെ തെക്കുകിഴക്കൻ കോണിലുള്ള ഇസൂസിൽ വെച്ച് പേർഷ്യക്കാരുമായുള്ള രണ്ടാമത്തെ നിർണായക യുദ്ധം നടന്നു. അലക്സാണ്ടറിനെ നേരിടാനായി ഏതാണ്ട് അഞ്ചു ലക്ഷം പേരടങ്ങിയ ഒരു സൈന്യവുമായി മഹാനായ പേർഷ്യൻ രാജാവ് ദാര്യാവേശ് മൂന്നാമൻ അവിടെ എത്തി. അമിത ആത്മവിശ്വാസി ആയിരുന്ന ദാര്യാവേശ്, ഒരു ഗംഭീരവിജയം ആകേണ്ടിയിരുന്ന യുദ്ധത്തിനു സാക്ഷ്യം വഹിക്കാൻ തന്നോടൊപ്പം അമ്മയെയും ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും കൊണ്ടുവന്നു. എന്നാൽ മാസിഡോണിയൻ ആക്രമണത്തിന്റെ ശീഘ്രതയെയും തീവ്രതയെയും നേരിടാൻ പേർഷ്യക്കാർ സജ്ജർ അല്ലായിരുന്നു. അലക്സാണ്ടറിന്റെ സൈന്യം പേർഷ്യൻ സേനയെ നിശ്ശേഷം പരാജയപ്പെടുത്തി. തന്റെ കുടുംബത്തെ അലക്സാണ്ടറിന്റെ കൈകളിൽ ഉപേക്ഷിച്ചിട്ട് ദാര്യാവേശ് പലായനം ചെയ്തു.
തിരിഞ്ഞോടിയ പേർഷ്യക്കാരെ പിന്തുടരുന്നതിനു പകരം, ശക്തമായ പേർഷ്യൻ നാവിക സേനയുടെ താവളങ്ങൾ കീഴടക്കിക്കൊണ്ട് അലക്സാണ്ടർ മെഡിറ്ററേനിയൻ തീരത്തു കൂടെ തെക്കോട്ടു മാർച്ചു ചെയ്തു. എന്നാൽ ദ്വീപു നഗരമായിരുന്ന സോർ ആ അധിനിവേശത്തെ ചെറുത്തുനിന്നു. അതിനെ കീഴടക്കാൻ തീരുമാനിച്ചുറച്ച അലക്സാണ്ടർ ഏഴു മാസം നീണ്ടുനിന്ന ഒരു ഉപരോധം ആരംഭിച്ചു. ആ സമയത്താണ് ദാര്യാവേശിന്റെ, മുമ്പു പ്രസ്താവിച്ച സമാധാന വാഗ്ദാനം വന്നത്. അത് അത്യധികം ആകർഷകം ആയിരുന്നതിനാൽ അലക്സാണ്ടറിന്റെ വിശ്വസ്ത ഉപദേശകനായിരുന്ന പാർമീനിയോ ഇങ്ങനെ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു: ‘അലക്സാണ്ടറിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ, ഞാനതു സ്വീകരിക്കുമായിരുന്നു.’ എന്നാൽ ആ യുവ ജനറൽ തിരിച്ചടിച്ചു: ‘ഞാൻ പാർമീനിയോ ആയിരുന്നെങ്കിൽ, ഞാനും.” വിലപേശലിനു തുനിയാതെ അലക്സാണ്ടർ തന്റെ ഉപരോധം തുടരുകയും പൊ.യു.മു. 332 ജൂലൈയിൽ സമുദ്രത്തിലെ അഹങ്കാരിയായ ആ യജമാനത്തിയെ തകർത്തു തരിപ്പണമാക്കുകയും ചെയ്തു.
തനിക്കു കീഴടങ്ങിയ യെരൂശലേമിനെ വെറുതെ വിട്ടുകൊണ്ടു തെക്കോട്ടു നീങ്ങിയ അലക്സാണ്ടർ ഗാസ്സാ കീഴടക്കി. പേർഷ്യൻ ഭരണത്തിൽ മനംമടുത്ത ഈജിപ്ത് അദ്ദേഹത്തെ ഒരു വിമോചകനായി സ്വാഗതം ചെയ്തു. മെംഫിസിൽ ഏപിസ് കാളയ്ക്കു ബലി അർപ്പിച്ചുകൊണ്ട് അദ്ദേഹം ഈജിപ്ഷ്യൻ പുരോഹിതന്മാരെ പ്രീതിപ്പെടുത്തി. പിൽക്കാലത്ത് ഒരു വിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിൽ ഏഥൻസിനോടു കിടപിടിച്ച അലക്സാൻഡ്രിയ നഗരം സ്ഥാപിച്ചത് അദ്ദേഹമാണ്. അത് ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
തുടർന്ന് അലക്സാണ്ടർ പാലസ്തീനിലൂടെ കടന്ന് ടൈഗ്രീസ് നദിയുടെ നേരെ, വടക്കുകിഴക്കു ദിശയിൽ നീങ്ങി. പൊ.യു.മു. 331-ൽ, നീനെവേയുടെ നാശാവശിഷ്ടങ്ങളിൽ നിന്നു വളരെ അകലെ അല്ലാത്ത ഗ്വാഗാമെലയിൽ വെച്ച് അദ്ദേഹം പേർഷ്യക്കാരുമായുള്ള മൂന്നാമത്തെ പ്രധാന യുദ്ധത്തിൽ ഏർപ്പെട്ടു. ആ യുദ്ധത്തിൽ അലക്സാണ്ടറിന്റെ 47,000 പടയാളികൾ കുറഞ്ഞത് 2,50,000 വരുന്ന പുനഃസംഘടിത പേർഷ്യൻ സൈന്യത്തെ കീഴടക്കി! ദാര്യാവേശ് പലായനം ചെയ്തു. പിന്നീട് സ്വന്തം ആളുകൾ തന്നെ അദ്ദേഹത്തെ വധിച്ചു.
വിജയശ്രീലാളിതനായ അലക്സാണ്ടർ തെക്കോട്ടു തിരിഞ്ഞ് പേർഷ്യയുടെ ശീതകാല തലസ്ഥാനമായ ബാബിലോൺ പിടിച്ചെടുത്തു. സൂസായിലെയും പെർസെപൊലിസിലെയും തലസ്ഥാനങ്ങളും ബൃഹത്തായ പേർഷ്യൻ ഖജനാവും കയ്യടക്കിയ അദ്ദേഹം സെർക്സിസിന്റെ മഹത്തായ കൊട്ടാരത്തിനു തീവെച്ചു. ഒടുവിൽ അദ്ദേഹം അഹ്മെഥായിലെ തലസ്ഥാനം പിടിച്ചടക്കി. തുടർന്ന്, പേർഷ്യൻ സാമ്രാജ്യത്തിന്റെ ശേഷിച്ച ഭാഗവും കീഴടക്കിക്കൊണ്ട് വേഗതയേറിയ ഈ ജേതാവ് ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധു നദിവരെ എത്തി.
സിന്ധുനദി കടന്ന അലക്സാണ്ടർ പേർഷ്യൻ പ്രവിശ്യയായ തക്ഷശിലയുടെ അതിർത്തിയിൽ വെച്ച് പ്രബലനായ ഒരു എതിരാളിയെ നേരിട്ടു—ഇന്ത്യൻ രാജാവായ പോറസിനെ. അദ്ദേഹത്തിന് എതിരായി, പൊ.യു.മു. 326 ജൂണിൽ അലക്സാണ്ടർ തന്റെ നാലാമത്തേതും അവസാനത്തേതുമായ പ്രധാന യുദ്ധം നടത്തി. 35,000 പടയാളികളും മാസിഡോണിയക്കാരുടെ കുതിരകളെ ഭയപ്പെടുത്തിയ 200 ആനകളും ഉൾപ്പെട്ടതായിരുന്നു പോറസിന്റെ സൈന്യം. യുദ്ധം ഭീതിദവും രക്തരൂഷിതവും ആയിരുന്നു. പക്ഷേ അലക്സാണ്ടറിന്റെ സൈന്യം വിജയിച്ചു. പോറസ് കീഴടങ്ങുകയും സഖ്യകക്ഷി ആയിത്തീരുകയും ചെയ്തു.
മാസിഡോണിയൻ സൈന്യം ഏഷ്യയിലേക്കു കടന്നിട്ട് എട്ടുവർഷത്തിൽ ഏറെയായിരുന്നു. സൈനികർ ക്ഷീണിതരും ഗൃഹാതുരരും ആയിരുന്നു. പോറസുമായുള്ള ഉഗ്ര പോരാട്ടത്താൽ വീര്യം നഷ്ടപ്പെട്ട അവർ വീട്ടിലേക്കു മടങ്ങാൻ ആഗ്രഹിച്ചു. ആദ്യം വിമുഖത പ്രകടിപ്പിച്ചെങ്കിലും അലക്സാണ്ടർ അവരുടെ ആഗ്രഹത്തിനു വഴങ്ങി. ഗ്രീസ് തീർച്ചയായും ലോകശക്തി ആയിക്കഴിഞ്ഞിരുന്നു. കീഴടക്കിയ ദേശങ്ങളിൽ ഗ്രീക്കു കോളനികൾ സ്ഥാപിതമായതോടെ ഗ്രീക്കു ഭാഷയും സംസ്കാരവും സാമ്രാജ്യത്തിൽ ഉടനീളം വ്യാപിച്ചു.
പരിചയ്ക്കു പിന്നിലെ മനുഷ്യൻ
വർഷങ്ങൾ നീണ്ടുനിന്ന ജയിച്ചടക്കലിൽ മാസിഡോണിയൻ സൈന്യത്തെ ഒരുമിച്ചു നിർത്തിയ ഘടകം അലക്സാണ്ടറിന്റെ വ്യക്തിത്വമായിരുന്നു. യുദ്ധം കഴിയുമ്പോൾ, മുറിവേറ്റവരെ സന്ദർശിച്ച് അവരുടെ പരിക്കുകൾ പരിശോധിക്കുകയും തങ്ങളുടെ വീരകൃത്യങ്ങൾക്കു സൈനികരെ പ്രശംസിക്കുകയും അവരുടെ നേട്ടങ്ങൾക്ക് അനുസൃതമായ സമ്മാനങ്ങൾ നൽകിക്കൊണ്ട് അവരെ ആദരിക്കുകയും ചെയ്യുന്നത് അലക്സാണ്ടറിന്റെ പതിവായിരുന്നു. യുദ്ധത്തിൽ മരിച്ചവർക്കായി അലക്സാണ്ടർ ഗംഭീരമായ ശവസംസ്കാര ചടങ്ങുകൾ ക്രമീകരിച്ചു. അവരുടെ മാതാപിതാക്കളെയും കുട്ടികളെയും എല്ലാ നികുതികളിൽനിന്നും സേവനങ്ങളിൽനിന്നും ഒഴിവാക്കി. യുദ്ധം കഴിയുമ്പോൾ ഒരു മാറ്റത്തിനായി അലക്സാണ്ടർ വിനോദ കളികളും മത്സരങ്ങളും നടത്തി. ഒരവസരത്തിൽ, തങ്ങളുടെ ഭാര്യമാരോടൊപ്പം മാസിഡോണിയയിൽ ശീതകാലം ചെലവഴിക്കാൻ പുതുതായി വിവാഹം കഴിച്ച ഭടന്മാർക്ക് അദ്ദേഹം അവധികൊടുക്കുക പോലും ചെയ്തു. അത്തരം പ്രവർത്തനങ്ങളിലൂടെ അദ്ദേഹം തന്റെ പടയാളികളുടെ പ്രീതിയും പ്രശംസയും നേടിയെടുത്തു.
ബാക്ട്രീയൻ രാജകുമാരിയായ റോക്സാനയുമായുള്ള അലക്സാണ്ടറിന്റെ വിവാഹത്തെ കുറിച്ച് ഗ്രീക്കു ജീവചരിത്രകാരനായ പ്ലുറ്റാർച്ച് എഴുതുന്നു: “അതു തീർച്ചയായും ഒരു പ്രേമ ബന്ധം ആയിരുന്നു. അതേസമയം അത് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളെ സഹായിക്കുന്നതും ആയിരുന്നെന്നു തോന്നുന്നു. കാരണം, അദ്ദേഹം തങ്ങളുടെ ഇടയിൽനിന്നു ഭാര്യയെ തിരഞ്ഞെടുത്തത് അദ്ദേഹം കീഴടക്കിയ ജനങ്ങളെ തൃപ്തിപ്പെടുത്തി. നല്ല ആത്മസംയമനം ഉണ്ടായിരുന്ന അദ്ദേഹത്തെ [അവളോടുള്ള] അഭിനിവേശം കീഴടക്കിയെങ്കിലും, അവളെ നിയമപരവും മാന്യവുമായ വിധത്തിൽ ലഭിക്കുന്നതു വരെ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരുന്നത് അവനോട് ആഴമായ വാത്സല്യം തോന്നാൻ ജനങ്ങളെ പ്രേരിപ്പിച്ചു.”
മറ്റുള്ളവരുടെ വിവാഹ ബന്ധത്തെയും അലക്സാണ്ടർ ആദരിച്ചിരുന്നു. ദാര്യാവേശിന്റെ ഭാര്യ തന്റെ തടവുകാരി ആയിരുന്നെങ്കിലും അവളോടു ബഹുമാനപുരസ്സരം പെരുമാറുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി. സമാനമായി, ചില അപരിചിതരുടെ ഭാര്യമാരെ രണ്ടു മാസിഡോണിയൻ സൈനികർ മാനഭംഗപ്പെടുത്തിയെന്ന് അറിഞ്ഞപ്പോൾ, കുറ്റക്കാരെന്നു കണ്ടെത്തുന്ന പക്ഷം അവർക്കു വധശിക്ഷ നൽകാൻ അദ്ദേഹം ഉത്തരവിട്ടു.
തന്റെ അമ്മയായ ഒളിമ്പിയസിനെപ്പോലെ, അലക്സാണ്ടർ തികഞ്ഞ മതഭക്തൻ ആയിരുന്നു. യുദ്ധത്തിനു മുമ്പും പിമ്പും അദ്ദേഹം ബലി അർപ്പിക്കുമായിരുന്നു. ചില ശകുനങ്ങളുടെ അർഥം അറിയാൻ അദ്ദേഹം ശകുനം നോക്കുന്നവരോട് ആലോചന കഴിച്ചിരുന്നു. ലിബിയയിലെ അമ്മോന്റെ പ്രവാചകനോടും അദ്ദേഹം ആലോചന കഴിച്ചിരുന്നു. ബാബിലോണിൽവെച്ച് അദ്ദേഹം യാഗത്തിന്റെ, വിശേഷിച്ചും ബാബിലോണിയൻ ദേവനായ ബേലിന് (മർദൂക്കിന്) ഉള്ള യാഗത്തിന്റെ, കാര്യത്തിൽ കൽദയരുടെ നിർദേശങ്ങൾ പിൻപറ്റി.
ഭക്ഷണ കാര്യങ്ങളിൽ അലക്സാണ്ടർ മിതത്വം പാലിച്ചിരുന്നെങ്കിലും കാലക്രമത്തിൽ അദ്ദേഹം അമിത മദ്യപാനിയായി. ഓരോ കപ്പ് വീഞ്ഞു കുടിച്ചു കഴിയുമ്പോഴും അദ്ദേഹം ദീർഘനേരം സംസാരിക്കുകയും തന്റെ നേട്ടങ്ങളെ കുറിച്ചു വീമ്പിളക്കുകയും ചെയ്യുമായിരുന്നു. മദ്യോന്മത്തതയിൽ പെട്ടെന്നുണ്ടായ കോപം നിമിത്തം തന്റെ സുഹൃത്തായ ക്ലീറ്റസിനെ വധിച്ചതാണ് അലക്സാണ്ടറിന്റെ ഏറ്റവും നീചമായ പ്രവൃത്തികളിൽ ഒന്ന്. എന്നാൽ, വളരെയേറെ കുറ്റബോധം തോന്നിയ അലക്സാണ്ടർ തിന്നുകയോ കുടിക്കുകയോ ചെയ്യാതെ മൂന്നു ദിവസം തന്റെ കിടക്കയിൽ കഴിഞ്ഞുകൂടി. ഭക്ഷണം കഴിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന സുഹൃത്തുക്കൾ ഒടുവിൽ അതിൽ വിജയിച്ചു.
കാലം കടന്നുപോയതോടെ, മഹത്ത്വത്തിനു വേണ്ടിയുള്ള അലക്സാണ്ടറിന്റെ അഭിവാഞ്ഛ അനഭിലഷണീയമായ മറ്റു സ്വഭാവങ്ങളും അവനിൽ ഉളവാക്കി. അദ്ദേഹം വ്യാജ കുറ്റാരോപണങ്ങൾ കണ്ണുമടച്ചു വിശ്വസിക്കാനും ഏറ്റവും കടുത്ത ശിക്ഷ നടപ്പാക്കാനും തുടങ്ങി. ദൃഷ്ടാന്തത്തിന്, തന്നെ വധിക്കാൻ ഫിലോട്ടസ് ഗൂഢാലോചന നടത്തിയെന്നു വിശ്വസിക്കാൻ ഇടയായ അലക്സാണ്ടർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പിതാവും ഒരിക്കൽ തന്റെ വിശ്വസ്ത ഉപദേശകനും ആയിരുന്ന പാർമീനീയോയെയും വധിച്ചു.
അലക്സാണ്ടറിന്റെ പരാജയം
ബാബിലോണിൽ തിരിച്ചെത്തി അധികം താമസിയാതെ അലക്സാണ്ടറിനു മലമ്പനി പിടിപെട്ടു. അദ്ദേഹം അതിൽനിന്ന് ഒരിക്കലും സുഖം പ്രാപിച്ചില്ല. പൊ.യു.മു. 323 ജൂൺ 13-ന്, വെറും 32 വർഷവും 8 മാസവും മാത്രം പ്രായമുള്ള അലക്സാണ്ടർ ഏറ്റവും പ്രബല ശത്രുവായ മരണത്തിനു കീഴടങ്ങി.
അത് ചില ഇന്ത്യൻ ഋഷിമാർ പ്രസ്താവിച്ചതു പോലെതന്നെ ആയിരുന്നു: “അല്ലയോ അലക്സാണ്ടർ രാജാവേ, ഓരോ മനുഷ്യനും സ്വന്തമായുള്ളതു താൻ നിൽക്കുന്ന സ്ഥലം മാത്രമാണ്; തികച്ചും കർമനിരതനും നിതാന്ത പരിശ്രമിയും ആണെന്നുള്ളത് ഒഴിച്ചാൽ മറ്റു മനുഷ്യരെപ്പോലെ തന്നെയായ താങ്കൾ, താങ്കളുടെ ദേശത്തുനിന്നു വളരെ അകലെ ഈ ഭൂമിയിലെല്ലാം ചുറ്റിത്തിരിഞ്ഞ് താങ്കളെത്തന്നെയും മറ്റുള്ളവരെയും വല്ലാതെ കഷ്ടപ്പെടുത്തുന്നു. എന്നാൽ അധികം താമസിയാതെ താങ്കൾ മരിക്കും. താങ്കളെ അടക്കാൻ ആവശ്യമുള്ള ഭൂമി മാത്രമേ താങ്കൾ അപ്പോൾ അവകാശമാക്കുകയുള്ളൂ.”
നിങ്ങൾ എന്തു ഗ്രഹിച്ചു?
• മഹാനായ അലക്സാണ്ടറിന്റെ പശ്ചാത്തലം എന്തായിരുന്നു?
• മാസിഡോണിയയിലെ സിംഹാസനം അവകാശമാക്കിയ ഉടനെ അലക്സാണ്ടർ ആരംഭിച്ച സൈനിക പ്രവർത്തനം ഏത്?
• അലക്സാണ്ടറിന്റെ ചില ജയിച്ചടക്കലുകൾ വിവരിക്കുക.
• അലക്സാണ്ടറിന്റെ വ്യക്തിത്വത്തെ കുറിച്ച് എന്തു പറയാവുന്നതാണ്?
[ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
അലക്സാണ്ടറിന്റെ ദിഗ്വിജയങ്ങൾ
മാസിഡോണിയ
ഈജിപ്ത്
ബാബിലോൻ
സിന്ധു നദി
[ചിത്രം]
അലക്സാണ്ടർ
[ചിത്രം]
അരിസ്റ്റോട്ടിലും ശിഷ്യനായ അലക്സാണ്ടറും
[പേജ് നിറയെയുള്ള ചിത്രം]
[ചിത്രം]
മഹാനായ അലക്സാണ്ടറിനെ ചിത്രീകരിക്കുന്നത് എന്നു പറയപ്പെടുന്ന പതക്കം
[162, 163 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഒരു വിശാല രാജ്യം വിഭജിതമായി
മഹാനായ അലക്സാണ്ടറിന്റെ രാജ്യം തകർന്നു വിഭജിക്കപ്പെടുമെന്നും എന്നാൽ അതു ലഭിക്കുന്നത് “അവന്റെ സന്തതിക്ക”ല്ലായിരിക്കുമെന്നും ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നു. (ദാനീയേൽ 11:3, 4) തദനുസരണം, പൊ.യു.മു. 323-ൽ അലക്സാണ്ടർ ആകസ്മികമായി മരണമടഞ്ഞ് 14 വർഷങ്ങൾക്കുള്ളിൽ, അദ്ദേഹത്തിന്റെ യഥാർഥ പുത്രനായ അലക്സാണ്ടർ നാലാമനും അദ്ദേഹത്തിന്റെ അവിഹിത പുത്രനായ ഹിറാക്ലിസും വധിക്കപ്പെട്ടു.
പൊ.യു.മു. 301-ഓടെ അലക്സാണ്ടറിന്റെ ജനറൽമാരിൽ നാലുപേർ തങ്ങളുടെ സൈന്യാധിപൻ പടുത്തുയർത്തിയ വിശാല സാമ്രാജ്യത്തിൽ സ്വയം അധികാരം ഏറ്റെടുത്തു. മാസിഡോണിയയും ഗ്രീസും ജനറൽ കസ്സാണ്ടറിന്റെ നിയന്ത്രണത്തിലായി. ജനറൽ ലൈസിമാക്കസിന് ഏഷ്യാമൈനറും ത്രാസും ലഭിച്ചു. സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററിന് മെസൊപ്പൊത്താമ്യയും സിറിയയുമാണു ലഭിച്ചത്. ടോളമി ലാഗസ് അഥവാ ടോളമി ഒന്നാമൻ ഈജിപ്തും പാലസ്തീനും ഭരിച്ചു. അങ്ങനെ അലക്സാണ്ടറിന്റെ ആ വലിയ രാജ്യത്തുനിന്നു നാല് യവന അഥവാ ഗ്രീക്കു രാജ്യങ്ങൾ ഉയർന്നുവന്നു.
ആ നാല് യവന രാജ്യങ്ങളിൽ, കസ്സാണ്ടറിന്റെ ഭരണം ഹ്രസ്വകാലത്തേക്കേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം അധികാരത്തിൽ വന്ന് ഏതാനും വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പുരുഷ സന്തതി മരണമടഞ്ഞു. പൊ.യു.മു. 285-ൽ ലൈസിമാക്കസ് ഗ്രീക്കു സാമ്രാജ്യത്തിന്റെ യൂറോപ്യൻ ഭാഗം കയ്യടക്കി. നാലു വർഷം കഴിഞ്ഞ് സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററുമായുള്ള യുദ്ധത്തിൽ ലൈസിമാക്കസ് കൊല്ലപ്പെട്ടു. അങ്ങനെ ഏഷ്യൻ പ്രദേശങ്ങളുടെ വലിയൊരു ഭാഗം സെല്യൂക്കസിന്റെ നിയന്ത്രണത്തിലായി. അദ്ദേഹം സിറിയയിലെ സെല്യൂസിഡ് രാജാക്കന്മാരുടെ നിരയിലെ ഒന്നാമനായി. അദ്ദേഹം സിറിയയിൽ അന്ത്യോക്യ സ്ഥാപിച്ച് അതിനെ തന്റെ പുതിയ തലസ്ഥാനമാക്കി. പൊ.യു.മു. 281-ൽ സെല്യൂക്കസ് കൊല്ലപ്പെട്ടു. എന്നാൽ അദ്ദേഹം സ്ഥാപിച്ച രാജവംശം, പൊ.യു.മു. 64-ൽ റോമൻ ജനറലായ പോംപി സിറിയയെ റോമിന്റെ ഒരു പ്രവിശ്യ ആക്കുന്നതുവരെ അധികാരത്തിൽ തുടർന്നു.
അലക്സാണ്ടറിന്റെ സാമ്രാജ്യത്തിന്റെ നാലു വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ കാലം ദീർഘിച്ചതു ടോളമിയുടെ രാജ്യമാണ്. പൊ.യു.മു. 305-ൽ രാജാവെന്ന സ്ഥാനപ്പേർ സ്വീകരിച്ച ടോളമി ഒന്നാമൻ ഈജിപ്തിലെ ആദ്യത്തെ മാസിഡോണിയൻ രാജാവ് അഥവാ ഫറവോ ആയി. അലക്സാൻഡ്രിയയെ തന്റെ തലസ്ഥാനം ആക്കിക്കൊണ്ട് അദ്ദേഹം ഉടൻതന്നെ ഒരു നഗരവികസന പദ്ധതി ആരംഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ നിർമാണ പദ്ധതികളിൽ ഒന്നായിരുന്നു വിഖ്യാതമായ അലക്സാൻഡ്രിയൻ ലൈബ്രറി. ഈ മഹത്തായ സംരംഭത്തിനു മേൽനോട്ടം വഹിക്കാനായി ടോളമി ഗ്രീസിൽനിന്ന് ഒരു പ്രസിദ്ധ അഥീനിയൻ പണ്ഡിതനായിരുന്ന ദിമീട്രിയൊസ് ഫാലിറഫ്സിനെ കൊണ്ടുവന്നു. റിപ്പോർട്ടു ചെയ്യപ്പെടുന്നത് അനുസരിച്ച്, പൊ.യു. ഒന്നാം നൂറ്റാണ്ടോടെ ഈ ലൈബ്രറിയിൽ ഒരു ദശലക്ഷം ചുരുളുകൾ ഉണ്ടായിരുന്നു. പൊ.യു.മു. 30-ൽ ഈജിപ്ത് റോമിന് അടിയറവു പറയുന്നതുവരെ ടോളമി രാജവംശം അവിടെ ഭരണം നടത്തി. അങ്ങനെ ഗ്രീസിന്റെ സ്ഥാനത്തു റോം പ്രധാന ലോകശക്തിയായി.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• അലക്സാണ്ടറിന്റെ വിശാല രാജ്യം വിഭജിക്കപ്പെട്ടത് എങ്ങനെ?
• സെല്യൂസിഡ് രാജാക്കന്മാരുടെ രാജവംശം എന്നുവരെ സിറിയയിൽ ഭരണം നടത്തി?
• ഈജിപ്തിലെ ടോളമി രാജവംശം അവസാനിച്ചത് എന്ന്?
[ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
അലക്സാണ്ടറിന്റെ സാമ്രാജ്യത്തിന്റെ വിഭജനം
കസ്സാണ്ടർ
ലൈസിമാക്കസ്
ടോളമി ഒന്നാമൻ
സെല്യൂക്കസ് ഒന്നാമൻ
[ചിത്രങ്ങൾ]
ടോളമി ഒന്നാമൻ
സെല്യൂക്കസ് ഒന്നാമൻ
[139-ാം പേജിലെ രേഖാചിത്രം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ദാനീയേൽ പ്രവചനത്തിലെ ലോകശക്തികൾ
പടുകൂറ്റൻ ബിംബം (ദാനീയേൽ 2:31-45)
സമുദ്രത്തിൽനിന്നുള്ള നാലു മൃഗങ്ങൾ (ദാനീയേൽ 7:3-8, 17, 25)
ബാബിലോണിയ പൊ.യു.മു. 607 മുതൽ
മേദോ-പേർഷ്യ പൊ.യു.മു. 539 മുതൽ
ഗ്രീസ് പൊ.യു.മു. 331 മുതൽ
റോം പൊ.യു.മു. 30 മുതൽ
ആംഗ്ലോ-അമേരിക്കൻ ലോകശക്തി പൊ.യു. 1763 മുതൽ
രാഷ്ട്രീയമായി ഭിന്നിച്ച ലോകം അന്ത്യകാലത്ത്
[128-ാം പേജ് നിറയെയുള്ള ചിത്രം]
[147-ാം പേജ് നിറയെയുള്ള ചിത്രം]