ദാനിയേൽ
7 ബാബിലോണിലെ ബേൽശസ്സർ രാജാവിന്റെ+ വാഴ്ചയുടെ ഒന്നാം വർഷം ദാനിയേലിന് ഒരു സ്വപ്നമുണ്ടായി, കിടക്കയിൽവെച്ച് ചില ദർശനങ്ങൾ കണ്ടു.+ ദാനിയേൽ ആ സ്വപ്നം എഴുതിവെച്ചു.+ കാര്യങ്ങളെല്ലാം ഒന്നും വിടാതെ രേഖപ്പെടുത്തി. 2 ദാനിയേൽ പറയുന്നു:
“രാത്രിയിൽ എനിക്കുണ്ടായ ദിവ്യദർശനങ്ങളിൽ, ഞാൻ നോക്കിയപ്പോൾ അതാ, ആകാശത്തിലെ നാലു കാറ്റ് വിശാലമായ സമുദ്രത്തെ ഇളക്കിമറിക്കുന്നു.+ 3 സമുദ്രത്തിൽനിന്ന് നാലു കൂറ്റൻ മൃഗങ്ങൾ+ കയറിവന്നു. നാലും നാലു തരം!
4 “ആദ്യത്തേത് ഒരു സിംഹത്തെപ്പോലെയിരുന്നു.+ അതിനു കഴുകന്റെ ചിറകുണ്ടായിരുന്നു.+ ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, അതിന്റെ ചിറകുകൾ പറിച്ചെടുക്കുന്നു. എന്നിട്ട്, അതിനെ ഭൂമിയിൽനിന്ന് ഉയർത്തി മനുഷ്യനെപ്പോലെ രണ്ടു കാലിൽ നിറുത്തി. അതിന് ഒരു മനുഷ്യഹൃദയവും കൊടുത്തു.
5 “അപ്പോൾ അതാ! മറ്റൊരു മൃഗം. രണ്ടാമത്തെ ആ മൃഗം കരടിയെപ്പോലെയിരുന്നു.+ അത് ഒരു വശം പൊക്കിയാണു നിന്നത്. വായിൽ പല്ലുകൾക്കിടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചിരുന്നു. ‘എഴുന്നേറ്റ് ഇഷ്ടംപോലെ ഇറച്ചി തിന്നുക’+ എന്ന് അതിനോടു പറയുന്നതു ഞാൻ കേട്ടു.
6 “അതിനു ശേഷം ഞാൻ നോക്കുമ്പോൾ അതാ, മറ്റൊരു മൃഗം! അതു പുള്ളിപ്പുലിയെപ്പോലെയിരുന്നു.+ എന്നാൽ, അതിന്റെ മുതുകിൽ പക്ഷിയുടേതുപോലെ നാലു ചിറകുണ്ടായിരുന്നു. ആ മൃഗത്തിനു നാലു തലയുമുണ്ടായിരുന്നു.+ അതിനു ഭരിക്കാനുള്ള അധികാരം കിട്ടി.
7 “ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ രാത്രിയിലെ ദിവ്യദർശനങ്ങളിൽ പിന്നെ നാലാമതൊരു മൃഗത്തെ കണ്ടു. അസാധാരണബലമുള്ള, പേടി തോന്നിപ്പിക്കുന്നൊരു മൃഗം; ഒരു ഭയങ്കരരൂപം! അതിനു വലിയ ഇരുമ്പുപല്ലുകളുണ്ടായിരുന്നു. അത് ആർത്തിയോടെ തിന്നുകയും തകർക്കുകയും ചെയ്തുകൊണ്ടിരുന്നു; ബാക്കി വന്നതെല്ലാം അതു കാലുകൊണ്ട് ചവിട്ടിയരച്ചു.+ മുമ്പത്തെ മൃഗങ്ങളിൽനിന്നെല്ലാം ഇതു വളരെ വ്യത്യസ്തമായിരുന്നു. ഇതിനു പത്തു കൊമ്പുണ്ടായിരുന്നു. 8 ഞാൻ ആ കൊമ്പുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നപ്പോൾ മറ്റൊരു ചെറിയ കൊമ്പ്+ അവയ്ക്കിടയിൽ ഉയർന്നുവന്നു. അതിന്റെ മുന്നിൽനിന്ന് ആദ്യത്തവയിൽ മൂന്നെണ്ണത്തെ പിഴുതുമാറ്റി. അതാ, ആ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലുള്ള കണ്ണുകൾ! ഗർവത്തോടെ സംസാരിക്കുന്ന* ഒരു വായും അതിനുണ്ടായിരുന്നു.+
9 “ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ സിംഹാസനങ്ങൾ ഒരുക്കി. പുരാതനകാലംമുതലേ ഉള്ളവൻ+ ഇരുന്നു.+ അദ്ദേഹത്തിന്റെ വസ്ത്രം മഞ്ഞുപോലെ വെൺമയുള്ളതായിരുന്നു;+ തലമുടി ശുദ്ധമായ കമ്പിളിരോമംപോലെയിരുന്നു. അഗ്നിജ്വാലകളായിരുന്നു അദ്ദേഹത്തിന്റെ സിംഹാസനം; അതിന്റെ ചക്രങ്ങൾ കത്തിജ്വലിക്കുന്ന തീയും.+ 10 ഒരു അഗ്നിനദി അദ്ദേഹത്തിന്റെ മുന്നിൽനിന്ന് പുറപ്പെട്ട് ഒഴുകിക്കൊണ്ടിരുന്നു.+ അദ്ദേഹത്തിനു ശുശ്രൂഷ ചെയ്യുന്നവരുടെ എണ്ണം ആയിരത്തിന്റെ ആയിരം മടങ്ങും അദ്ദേഹത്തിന്റെ സന്നിധിയിൽ നിന്നിരുന്നവർ പതിനായിരത്തിന്റെ പതിനായിരം മടങ്ങും ആയിരുന്നു.+ ന്യായാധിപസഭ+ ഇരുന്നു, പുസ്തകങ്ങൾ തുറന്നു.
11 “ആ കൊമ്പു ഗർവത്തോടെ സംസാരിക്കുന്ന* ശബ്ദം+ കേട്ട് ഞാൻ നോക്കിനിന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ആ മൃഗത്തെ കൊന്ന് അതിന്റെ ശരീരം നശിപ്പിച്ച് അതിനെ തീയിലിട്ട് ചുടാൻ കൊടുത്തു. 12 എന്നാൽ, മറ്റു മൃഗങ്ങളുടെ കാര്യമോ?+ അവയുടെ ആധിപത്യം എടുത്തുകളഞ്ഞു. ഒരു സമയത്തേക്കും ഒരു കാലത്തേക്കും കൂടെ അവയുടെ ജീവൻ നീട്ടിക്കൊടുത്തു.
13 “രാത്രിയിലെ ദിവ്യദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, ആകാശമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലുള്ള+ ഒരാൾ വരുന്നു. പുരാതനകാലംമുതലേ ഉള്ളവന്റെ+ അടുത്തേക്കു ചെല്ലാൻ അവന് അനുമതി ലഭിച്ചു. അവർ അവനെ അദ്ദേഹത്തിന്റെ തൊട്ടടുത്തേക്കു കൊണ്ടുചെന്നു. 14 എല്ലാ ജനതകളും രാജ്യക്കാരും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്+ അവന് ആധിപത്യവും+ ബഹുമതിയും+ രാജ്യവും നൽകി. അവന്റെ ആധിപത്യം ഒരിക്കലും നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടാത്തതും ആയിരിക്കും.+
15 “ദാനിയേൽ എന്ന ഞാനോ ഈ ദർശനങ്ങളൊക്കെ കണ്ട് ഭയന്നുപോയി; എന്റെ മനസ്സ് ആകെ വിഷമിച്ചു.+ 16 ഇതിന്റെയൊക്കെ ശരിക്കുള്ള അർഥം എന്താണെന്നു ചോദിക്കാൻ അവിടെ നിൽക്കുന്ന ഒരാളുടെ അടുത്തേക്കു ഞാൻ ചെന്നു. അദ്ദേഹം ഇവയുടെയെല്ലാം അർഥം എനിക്കു വിശദീകരിച്ചുതന്നു.
17 “‘ഈ വലിയ നാലു മൃഗങ്ങൾ+ ഭൂമിയിൽ എഴുന്നേൽക്കാൻപോകുന്ന നാലു രാജാക്കന്മാരാണ്.+ 18 എന്നാൽ, പരമോന്നതന്റെ വിശുദ്ധർക്കു+ രാജ്യം ലഭിക്കും.+ ഈ രാജ്യം എന്നും അവരുടെ കൈവശം ഇരിക്കും.+ അതെ, എന്നുമെന്നേക്കും അത് അവരുടെ കൈയിൽ ഇരിക്കും.’
19 “അപ്പോൾ എനിക്ക്, മറ്റു മൃഗങ്ങളിൽനിന്നെല്ലാം വ്യത്യസ്തമായ നാലാമത്തെ മൃഗത്തെക്കുറിച്ച് കൂടുതൽ അറിയണമെന്നു തോന്നി. അത് അസാധാരണമാംവിധം ഭയം ജനിപ്പിക്കുന്ന, ഇരുമ്പുപല്ലുകളും ചെമ്പുനഖങ്ങളും ഉള്ള, ആർത്തിയോടെ തിന്നുകയും തകർക്കുകയും ചെയ്യുന്ന, ബാക്കി വന്നതെല്ലാം കാലുകൊണ്ട് ചവിട്ടിയരയ്ക്കുന്ന മൃഗമായിരുന്നു.+ 20 അതിന്റെ തലയിലെ പത്തു കൊമ്പിനെക്കുറിച്ചും+ പിന്നീട് ഉയർന്നുവന്ന മറ്റേ കൊമ്പിനെക്കുറിച്ചും അറിയാനും ഞാൻ ആഗ്രഹിച്ചു. കണ്ണുകളും ഗർവത്തോടെ സംസാരിക്കുന്ന* വായും ഉള്ള, കാഴ്ചയ്ക്കു മറ്റുള്ളവയെക്കാൾ വലുപ്പമുണ്ടായിരുന്ന ആ കൊമ്പിനു മുന്നിൽ മൂന്നു കൊമ്പുകൾ വീണുപോയിരുന്നു.+
21 “ഞാൻ നോക്കിക്കൊണ്ടിരുന്നപ്പോൾ ആ കൊമ്പു വിശുദ്ധരോടു യുദ്ധം ചെയ്ത് ജയിച്ച് മുന്നേറുന്നതു കണ്ടു.+ 22 പുരാതനകാലംമുതലേ+ ഉള്ളവൻ വന്ന് പരമോന്നതന്റെ വിശുദ്ധർക്ക് അനുകൂലമായി വിധി പ്രസ്താവിക്കുന്നതുവരെ+ അതായിരുന്നു സ്ഥിതി. അതോടെ, വിശുദ്ധർക്കു രാജ്യം കൈവശമാക്കാൻ നിശ്ചയിച്ച സമയം വന്നെത്തി.+
23 “അദ്ദേഹം പറഞ്ഞുതന്നത് ഇതാണ്: ‘നാലാമത്തെ മൃഗത്തിന്റെ കാര്യമോ, ഭൂമിയിൽ നാലാമതൊരു രാജ്യം ഉണ്ടാകാനിരിക്കുന്നു. അതു മറ്റെല്ലാ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായിരിക്കും. അതു ഭൂമിയെ മുഴുവൻ ആർത്തിയോടെ തിന്ന് അതിനെ ചവിട്ടിയരച്ച് തകർക്കും.+ 24 പത്തു കൊമ്പുകളുടെ കാര്യമോ, ആ രാജ്യത്തുനിന്ന് പത്തു രാജാക്കന്മാർ ഉദയം ചെയ്യും. എന്നാൽ, അവർക്കു ശേഷം മറ്റൊരു രാജാവുകൂടെ ഉദയം ചെയ്യും. ആദ്യത്തവരിൽനിന്ന് വ്യത്യസ്തനായിരിക്കും അയാൾ. മൂന്നു രാജാക്കന്മാരെ അയാൾ കീഴടക്കും.+ 25 അയാൾ അത്യുന്നതന് എതിരെ സംസാരിക്കും,+ പരമോന്നതന്റെ വിശുദ്ധരെ നിരന്തരം ദ്രോഹിക്കും. കാലങ്ങളും നിയമവും മാറ്റാൻ അയാൾ പദ്ധതിയിടും. ഒരു കാലവും കാലങ്ങളും അരക്കാലവും*+ കഴിയുന്നതുവരെ അവരെ അയാളുടെ കൈയിൽ ഏൽപ്പിക്കും. 26 എന്നാൽ, ന്യായാധിപസഭ ഇരുന്നു. അയാളെ നിശ്ശേഷം നശിപ്പിച്ച് ഇല്ലായ്മ ചെയ്യേണ്ടതിന് അവർ അയാളുടെ ആധിപത്യം എടുത്തുകളഞ്ഞു.+
27 “‘എന്നാൽ, പരമോന്നതന്റെ വിശുദ്ധരായ ജനത്തിനു രാജ്യവും ആധിപത്യവും ആകാശത്തിൻകീഴെങ്ങുമുള്ള രാജ്യങ്ങളുടെയെല്ലാം പ്രതാപവും ലഭിച്ചു.+ അവരുടെ രാജ്യം നിത്യം നിലനിൽക്കുന്നതായിരിക്കും.+ എല്ലാ ആധിപത്യങ്ങളും അവരെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.’
28 “കാര്യങ്ങൾ ഇവിടെ തീരുന്നു. ദാനിയേൽ എന്ന ഞാനോ എന്റെ ചിന്തകളാൽ വല്ലാതെ പരവശനായി വിളറിവെളുത്തു.* പക്ഷേ, ഞാൻ ഇതെല്ലാം ഹൃദയത്തിൽ സൂക്ഷിച്ചു.”