പുതിയ ഉടമ്പടിയിലൂടെ മഹത്തരമായ അനുഗ്രഹങ്ങൾ
“യേശു . . . ആനുപാതികമായി മെച്ചപ്പെട്ട ഒരു ഉടമ്പടിയുടെ മധ്യസ്ഥനുമാണ്.”—എബ്രായർ 8:6, NW.
1. ഏദെനിൽ വാഗ്ദാനംചെയ്യപ്പെട്ട ‘സ്ത്രീയുടെ സന്തതി’ ആരെന്നു തെളിഞ്ഞിരിക്കുന്നു, അവന്റെ ‘കുതികാൽ തകർക്ക’പ്പെട്ടതെങ്ങനെ?
ആദാമും ഹവ്വായും പാപം ചെയ്തതിനുശേഷം, ഹവ്വായെ വഞ്ചിച്ച സാത്താനുമേൽ യഹോവ ഇങ്ങനെ പറഞ്ഞുകൊണ്ട് ന്യായവിധി പ്രഖ്യാപിച്ചു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15) ഏദെനിൽ വാഗ്ദാനംചെയ്യപ്പെട്ട സന്തതി അവസാനം പൊ.യു. 29-ൽ പ്രത്യക്ഷപ്പെട്ടു. അത് യേശു യോർദാൻ നദിയിൽ സ്നാപനമേറ്റപ്പോഴായിരുന്നു. പൊ.യു. 33-ൽ അവൻ ദണ്ഡനസ്തംഭത്തിൽ മരിച്ചപ്പോൾ ആ പുരാതന പ്രവചനത്തിന്റെ ഒരു ഭാഗം നിവൃത്തിയേറി. സാത്താൻ സന്തതിയുടെ ‘കുതികാൽ തകർത്തു.’
2. യേശുവിന്റെതന്നെ വാക്കുകൾപ്രകാരം, അവന്റെ മരണം മനുഷ്യവർഗത്തിന് എങ്ങനെ പ്രയോജനംചെയ്യും?
2 കഠോര വേദനയുണ്ടാക്കുന്നതായിരുന്നെങ്കിലും അതൊരു സ്ഥിരമായ മുറിവല്ലായിരുന്നുവെന്നത് സന്തോഷകരംതന്നെ. യേശു മരിച്ചവരിൽനിന്ന് ഒരു അമർത്ത്യ ആത്മാവായി ഉയിർപ്പിക്കപ്പെടുകയും സ്വർഗത്തിലെ തന്റെ പിതാവിന്റെ അടുക്കലേക്ക് ആരോഹണം ചെയ്യുകയും ചെയ്തു. അവിടെ അവൻ തന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം ‘അനേകർക്കുവേണ്ടിയുള്ള മറുവിലയായി’ കൊടുത്തു. അങ്ങനെ അവന്റെതന്നെ വാക്കുകൾ സത്യമായി ഭവിച്ചു: ‘മനുഷ്യപുത്രനെ ഉയർത്തേണ്ടതാകുന്നു. അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.’ (മത്തായി 20:28; യോഹന്നാൻ 3:14-16; എബ്രായർ 9:12-14) പുതിയ ഉടമ്പടിക്ക് യേശുവിന്റെ പ്രവചനത്തിന്റെ നിവൃത്തിയിൽ ഒരു മുഖ്യമായ പങ്കുണ്ട്.
പുതിയ ഉടമ്പടി
3. പുതിയ ഉടമ്പടി പ്രവർത്തനത്തിൽ വന്നതായി ആദ്യം കാണപ്പെട്ടതെപ്പോൾ?
3 തന്റെ ചൊരിയപ്പെട്ട രക്തം “[പുതിയ] ഉടമ്പടിയുടെ രക്ത”മാണെന്ന് യേശു തന്റെ മരണത്തിന് അല്പംമുമ്പ് തന്റെ അനുഗാമികളോടു പറഞ്ഞു. (മത്തായി 26:28; ലൂക്കൊസ് 22:20, പി.ഒ.സി. ബൈ.) സ്വർഗാരോഹണം കഴിഞ്ഞ് 10-ാം ദിവസം, യെരൂശലേമിലെ ഒരു മാളികമുറിയിൽ കൂടിയിരുന്ന ഏതാണ്ട് 120 ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവ് പകരപ്പെട്ടപ്പോൾ പുതിയ ഉടമ്പടി പ്രവർത്തനത്തിൽവന്നത് കാണപ്പെട്ടു. (പ്രവൃത്തികൾ 1:15; 2:1-4) ഈ 120 ശിഷ്യന്മാരെ പുതിയ ഉടമ്പടിയിലേക്കു വരുത്തിയത് ന്യായപ്രമാണ ഉടമ്പടിയെന്ന ‘ആദ്യത്തെ’ ഉടമ്പടി പഴയതായെന്നു സൂചിപ്പിച്ചു.—എബ്രായർ 8:13.
4. പഴയ ഉടമ്പടി ഒരു പരാജയമായിരുന്നോ? വിശദീകരിക്കുക.
4 പഴയ ഉടമ്പടി ഒരു പരാജയമായിരുന്നോ? തീർച്ചയായും അല്ല. അതിന്റെ സ്ഥാനത്ത് ഇപ്പോൾ മറ്റൊന്നു വന്നിരിക്കുന്നതിനാൽ സ്വാഭാവിക ഇസ്രായേൽ മേലാൽ ദൈവത്തിന്റെ പ്രത്യേക ജനമല്ലെന്നത് സത്യംതന്നെ. (മത്തായി 23:38) ഇസ്രായേൽ അനുസരണക്കേടു കാണിക്കുകയും യഹോവയുടെ അഭിഷിക്തനെ തള്ളിക്കളയുകയും ചെയ്തതാണ് അതിനു കാരണം. (പുറപ്പാടു 19:5; പ്രവൃത്തികൾ 2:22, 23) എന്നിരുന്നാലും, ന്യായപ്രമാണത്തിന്റെ സ്ഥാനത്ത് മറ്റൊന്നു വന്നെങ്കിലും, പ്രാബല്യത്തിലായിരുന്ന സമയത്ത് അത് ഏറെ കാര്യങ്ങൾ നിർവഹിക്കുകയുണ്ടായി. നൂറ്റാണ്ടുകളോളം ദൈവത്തെ സമീപിക്കുന്നതിനുള്ള മാർഗവും വ്യാജമതത്തിൽനിന്നുള്ള സംരക്ഷണവും അതു പ്രദാനം ചെയ്തു. അതിൽ പുതിയ ഉടമ്പടിയുടെ പൂർവ ദർശനങ്ങൾ ഉൾക്കൊണ്ടിരുന്നു. അതിന്റെ ആവർത്തിച്ചുള്ള ബലികളാണെങ്കിലോ മനുഷ്യനു പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള വിടുതൽ എത്രകണ്ട് ആവശ്യമാണെന്നു പ്രകടമാക്കി. നിശ്ചയമായും, ന്യായപ്രമാണം ‘ക്രിസ്തുവിന്റെ അടുക്കലേക്കു നമ്മെ നടത്തുന്ന ശിശുപാലക’നായിരുന്നു. (ഗലാത്യർ 3:19, 24; റോമർ 3:20; 4:15; 5:12; എബ്രായർ 10:1, 2) എന്നിരുന്നാലും, അബ്രാഹാമിനു വാഗ്ദാനം ചെയ്യപ്പെട്ട അനുഗ്രഹം പുതിയ ഉടമ്പടിയിലൂടെമാത്രമേ പൂർണമായി സാക്ഷാത്ക്കരിക്കപ്പെടുമായിരുന്നുള്ളൂ.
അബ്രാഹാമിന്റെ സന്തതിമുഖാന്തരം ജാതികൾ അനുഗ്രഹിക്കപ്പെടുന്നു
5, 6. അബ്രാഹാമ്യ ഉടമ്പടിയുടെ അടിസ്ഥാന, ആത്മീയ നിവൃത്തിയിൽ, അബ്രാഹാമിന്റെ സന്തതി ആരാണ്, അവനിലൂടെ അനുഗ്രഹം ലഭിച്ച ആദ്യത്തെ ജനത ഏത്?
5 യഹോവ അബ്രാഹാമിനോടു വാഗ്ദാനം ചെയ്തു: “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.” (ഉല്പത്തി 22:18) പഴയ ഉടമ്പടിക്കു കീഴിൽ, സൗമ്യരായ അനേകം പരദേശികൾ അബ്രാഹാമിന്റെ ദേശീയ സന്തതിയായ ഇസ്രായേലുമായുള്ള സഹവാസത്തിലൂടെ അനുഗ്രഹിക്കപ്പെട്ടു. എന്നിരുന്നാലും അതിന്റെ അടിസ്ഥാന ആത്മീയ നിവൃത്തിയിൽ അബ്രാഹാമിന്റെ സന്തതി ഒരു പൂർണ മനുഷ്യനായിരുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ട് പൗലൊസ് അതു വിശദീകരിച്ചു: “അബ്രാഹാമിന്നും അവന്റെ സന്തതികൾക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.”—ഗലാത്യർ 3:16.
6 അതേ, യേശുവാണ് അബ്രാഹാമിന്റെ സന്തതി. സ്വാഭാവിക ഇസ്രായേലിനു സാധ്യമായിരുന്നതിനെക്കാൾ വളരെ ശ്രേഷ്ഠമായ ഒരനുഗ്രഹം അവനിലൂടെ ജനതകൾക്കു ലഭിക്കുന്നു. നിശ്ചയമായും, ഈ അനുഗ്രഹം ലഭിക്കുന്ന ആദ്യത്തെ ജനത ഇസ്രായേൽതന്നെ ആയിരിക്കുമായിരുന്നു. പൊ.യു. 33-ലെ പെന്തക്കോസ്തിനുശേഷം ഉടനെ പത്രൊസ് അപ്പോസ്തലൻ ഒരു കൂട്ടം യഹൂദന്മാരോടു പറഞ്ഞു: ‘“ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ. നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽനിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.’—പ്രവൃത്തികൾ 3:25, 26.
7. അബ്രാഹാമിന്റെ സന്തതിയായ യേശുവിലൂടെ ഏതെല്ലാം ജനതകൾ അനുഗ്രഹിക്കപ്പെട്ടു?
7 താമസിയാതെ, ശമര്യർക്കും പിന്നെ വിജാതീയർക്കും അനുഗ്രഹം നീട്ടിക്കൊടുക്കപ്പെട്ടു. (പ്രവൃത്തികൾ 8:14-17; 10:34-48) പൊ.യു. ഏതാണ്ട് 50-നും 52-നുമിടയിൽ പൗലൊസ് ഏഷ്യാമൈനറിലുള്ള ഗലാത്യയിലെ ക്രിസ്ത്യാനികൾക്ക് എഴുതി: ‘ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുൻകണ്ടിട്ടു: “നിന്നിൽ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു. അങ്ങനെ വിശ്വാസികൾ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.’ (ഗലാത്യർ 3:8, 9; ഉല്പത്തി 12:3) ഗലാത്യയിലെ അനേകം ക്രിസ്ത്യാനികളും “ജാതികളാ”യിരുന്നെങ്കിലും, വിശ്വാസംനിമിത്തം അവർ യേശുവിലൂടെ അനുഗ്രഹിക്കപ്പെട്ടു. ഏതു വിധത്തിൽ?
8. പൗലൊസിന്റെ നാളിലെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ, അബ്രാഹാമിന്റെ സന്തതിയിലൂടെ അനുഗ്രഹിക്കപ്പെടുന്നതിൽ എന്ത് ഉൾപ്പെട്ടിരുന്നു, അത്തരം അനുഗ്രഹം അവസാനം എത്ര പേർക്കു ലഭിക്കുന്നു?
8 വ്യത്യസ്ത പശ്ചാത്തലമുള്ള ഗലാത്യ ക്രിസ്ത്യാനികളോടു പൗലൊസ് പറഞ്ഞു: “ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.” (ഗലാത്യർ 3:29) ആ ഗലാത്യരുടെ കാര്യത്തിൽ, അബ്രാഹാമിന്റെ സന്തതിയിലൂടെയുള്ള അനുഗ്രഹത്തിൽ പുതിയ ഉടമ്പടിയുടെ പങ്കാളികളാകുന്നതും അബ്രാഹാമിന്റെ സന്തതിയിൽ യേശുവിന്റെ സഹകാരികൾ, അതായത് യേശുവിനോടൊപ്പം കൂട്ടവകാശികൾ ആകുന്നതും ഉൾപ്പെട്ടു. പുരാതന ഇസ്രായേലിന്റെ ജനസംഖ്യ നമുക്കറിയില്ല. അവർ “കടൽക്കരയിലെ മണൽ പോലെ അസംഖ്യമായി” എന്നുമാത്രമേ നമുക്കറിയൂ. (1 രാജാക്കന്മാർ 4:20) എന്നിരുന്നാലും, ആത്മീയ സന്തതിയിൽ യേശുവിന്റെ സഹകാരികൾ ആത്യന്തികമായി 1,44,000 പേരാണെന്നു നമുക്കറിയാം. (വെളിപ്പാടു 7:4; 14:1) ഈ 1,44,000 പേർ മനുഷ്യവർഗത്തിലെ “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും”നിന്നുള്ളവരാണ്. അബ്രാഹാമ്യ ഉടമ്പടിയുടെ അനുഗ്രഹങ്ങൾ മറ്റുള്ളവർക്കു സാധ്യമാക്കുന്നതിൽ ഇവർ പങ്കുവഹിക്കും.—വെളിപ്പാടു 5:9.
ഒരു പ്രവചനം നിവർത്തിക്കപ്പെടുന്നു
9. പുതിയ ഉടമ്പടിയിലുള്ളവർക്ക് യഹോവയുടെ ന്യായപ്രമാണം അവരുടെ ഉള്ളിൽത്തന്നെയുണ്ടായിരിക്കുന്നതെങ്ങനെ?
9 പുതിയ ഉടമ്പടിയെക്കുറിച്ചു മുൻകൂട്ടിപ്പറയവേ യിരെമ്യാവ് എഴുതി: “ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും . . . എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാവു 31:33) സ്നേഹത്താൽ പ്രചോദിതരായി യഹോവയെ സേവിക്കുകയെന്നത് പുതിയ ഉടമ്പടിയിലുള്ളവരുടെ ഒരു സവിശേഷതയാണ്. (യോഹന്നാൻ 13:35; എബ്രായർ 1:9) യഹോവയുടെ നിയമം അവരുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നു. അവന്റെ ഹിതം നിവർത്തിക്കാൻ അവർ ഉത്കടമായി ആഗ്രഹിക്കുന്നു. പുരാതന ഇസ്രായേലിൽ യഹോവയുടെ ന്യായപ്രമാണത്തെ ആഴമായി സ്നേഹിച്ചിരുന്ന വിശ്വസ്തരായ ചിലരുണ്ടായിരുന്നുവെന്നത് സത്യമാണ്. (സങ്കീർത്തനം 119:97) എന്നാൽ അനേകരും അങ്ങനെ ചെയ്തില്ല. എന്നിട്ടും അവർ ആ ജനതയുടെ ഭാഗമായി നിലകൊണ്ടു. എന്നാൽ ദൈവത്തിന്റെ നിയമം ഹൃദയത്തിൽ എഴുതപ്പെടാതെ ആർക്കും പുതിയ ഉടമ്പടിയിൽ നിലകൊള്ളാനാകില്ല.
10, 11. പുതിയ ഉടമ്പടിയിലുള്ളവരുടെ കാര്യത്തിൽ, യഹോവ ‘അവർക്കു ദൈവമായി’രിക്കുന്നത് ഏതു വിധത്തിലാണ്, അവരെല്ലാം അവനെ അറിയുന്നതെങ്ങനെ?
10 പുതിയ ഉടമ്പടിയിലുള്ളവരെക്കുറിച്ച് യഹോവ കൂടുതലായി ഇങ്ങനെ പറഞ്ഞു: “ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.” (യിരെമ്യാവു 31:33) പുരാതന ഇസ്രായേലിൽ അനേകർ ജാതികളുടെ ദേവന്മാരെ ആരാധിച്ചു, അതേസമയം അവർ ഇസ്രായേല്യരായിത്തന്നെ നിലകൊള്ളുകയും ചെയ്തു. പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ, യഹോവ സ്വാഭാവിക ഇസ്രായേലിനെ തള്ളിക്കളഞ്ഞിട്ട് അതിന്റെ സ്ഥാനത്ത് ഒരു ആത്മീയ ജനതയെ, ‘ദൈവത്തിന്റെ ഇസ്രായേലി’നെ സൃഷ്ടിച്ചു. (ഗലാത്യർ 6:16; മത്തായി 21:43; റോമർ 9:6-8) എന്നാൽ യഹോവയെമാത്രമേ ആരാധിക്കാവൂ എന്ന നിബന്ധന പാലിക്കാഞ്ഞാൽ ഒരുവനു മേലാൽ പുതിയ ആത്മീയ ജനതയുടെ ഭാഗമായിരിക്കാൻ കഴിയുകയില്ല.
11 “അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും” എന്നു യഹോവ പറഞ്ഞു. (യിരെമ്യാവു 31:34) “യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല” എന്നു പറഞ്ഞുകൊണ്ട് ഇസ്രായേലിൽ അനേകരും യഹോവയെ അവഗണിച്ചു. (സെഫന്യാവു 1:12) ഒരുവൻ യഹോവയെ അവഗണിക്കുകയോ നിർമലാരാധനയെ മലിനപ്പെടുത്തുകയോ ചെയ്താൽ അവൻ അതോടെ ദൈവത്തിന്റെ ഇസ്രായേലിന്റെ ഭാഗമല്ലാതാകും. (മത്തായി 6:24; കൊലൊസ്സ്യർ 3:5) “തങ്ങളുടെ ദൈവത്തെ അറിയുന്ന ജന”മാണ് ആത്മീയ ഇസ്രായേല്യർ. (ദാനീയേൽ 11:32) ‘ഏകസത്യദൈവത്തെയും യേശുക്രിസ്തുവിനെയും അറിയു’ന്നതിൽ ആനന്ദംകൊള്ളുന്നവരാണ് അവർ. (യോഹന്നാൻ 17:3) അനുപമമായ വിധത്തിൽ, യേശു “[ദൈവത്തെ] വെളിപ്പെടുത്തിയിരിക്കുന്ന”തിനാൽ യേശുവിനെ അറിയുന്നത് ദൈവത്തെക്കുറിച്ചുള്ള അവരുടെ പരിജ്ഞാനത്തിന്റെ ആഴം വർധിപ്പിക്കുന്നു.—യോഹന്നാൻ 1:18; 14:9-11.
12, 13. (എ) പുതിയ ഉടമ്പടിയിലുള്ളവരുടെ പാപങ്ങൾ യഹോവ എന്തിന്റെ അടിസ്ഥാനത്തിലാണു ക്ഷമിക്കുന്നത്? (ബി) പാപമോചനത്തിന്റെ കാര്യത്തിൽ, പുതിയ ഉടമ്പടി പഴയതിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതെങ്ങനെ?
12 അവസാനം, യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തു: “ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല.” (യിരെമ്യാവു 31:34ബി) മോശയുടെ ന്യായപ്രമാണത്തിൽ ഇസ്രായേല്യർ അനുസരിക്കാൻ കൽപ്പിക്കപ്പെട്ടിരുന്ന നൂറുകണക്കിനു ലിഖിത നിബന്ധനകൾ ഉണ്ടായിരുന്നു. (ആവർത്തനപുസ്തകം 28:1, 2, 15) ന്യായപ്രമാണം ലംഘിച്ചവരെല്ലാവരും തങ്ങളുടെ പാപമോചനത്തിനായി ബലികളർപ്പിച്ചിരുന്നു. (ലേവ്യപുസ്തകം 4:1-7; 16:1-31) ന്യായപ്രമാണം അനുസരിച്ചു സ്വന്തം പ്രവൃത്തികളിലൂടെ തങ്ങൾക്കു നീതീകരിക്കപ്പെടാനാകുമെന്ന് അനേകം യഹൂദന്മാരും വിശ്വസിക്കാനിടയായി. എന്നാൽ സ്വന്തം പ്രവൃത്തികളിലൂടെ നീതിമാന്മാർ ആയിത്തീരാൻ തങ്ങൾക്കൊരിക്കലും സാധിക്കുകയില്ലെന്നു ക്രിസ്ത്യാനികൾ തിരിച്ചറിയുന്നു. പാപം ചെയ്യുന്നത് അവർക്ക് ഒഴിവാക്കാനാകില്ല. (റോമർ 5:12) പുതിയ ഉടമ്പടിക്കു കീഴിൽ, യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽമാത്രമേ ദൈവമുമ്പാകെ നീതിനിഷ്ഠമായൊരു നില ലഭിക്കൂ. എന്നിരുന്നാലും, അത്തരം നില ദൈവത്തിൽനിന്നുള്ള ദാനമാണ്, അനർഹദയയാണ്. (റോമർ 3:20, 23, 24) യഹോവ അപ്പോഴും തന്റെ ദാസരിൽനിന്ന് അനുസരണം ആവശ്യപ്പെടുന്നു. പുതിയ ഉടമ്പടിയിലുള്ളവർ “ക്രിസ്തുവിന്റെ നിയമത്തിന് അധീന”രാണെന്നു പൗലൊസ് പറയുന്നു.—1 കൊരിന്ത്യർ 9:21, പി.ഒ.സി. ബൈബിൾ.
13 ക്രിസ്ത്യാനികൾക്കും പാപത്തിനായുള്ള ഒരു ബലിയുണ്ട്, അത് ന്യായപ്രമാണ ഉടമ്പടിയിൻകീഴിലെ ബലികളെക്കാൾ അത്യന്തം മൂല്യമുള്ളതാണ്. പൗലൊസ് എഴുതി: “[ന്യായപ്രമാണത്തിൻകീഴിൽ] ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.” (എബ്രായർ 10:11-13) പുതിയ ഉടമ്പടിയിലെ ക്രിസ്ത്യാനികൾ യേശുവിന്റെ ബലിയിൽ വിശ്വാസം പ്രകടമാക്കുന്നതുകൊണ്ട്, യഹോവ അവരെ നീതിമാന്മാരായി, പാപരഹിതരായി പ്രഖ്യാപിക്കുന്നു, അങ്ങനെ അവർ അവന്റെ ആത്മീയ പുത്രന്മാരായി അഭിഷേകം ചെയ്യപ്പെടാനുള്ള നിലയിലാകുന്നു. (റോമർ 5:1; 8:33, 34; എബ്രായർ 10:14-18) മാനുഷിക അപൂർണതനിമിത്തം പാപംചെയ്യുമ്പോൾ, അവർക്കു യഹോവയോട് ക്ഷമ യാചിക്കാവുന്നതാണ്. യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ യഹോവ അവരോടു ക്ഷമിക്കുന്നു. (1 യോഹന്നാൻ 2:1, 2) എന്നാൽ, മനഃപൂർവം പാപംചെയ്യുന്നതു ശീലമാക്കിയാൽ, അവർക്കു തങ്ങളുടെ നീതിനിഷ്ഠമായ നിലയും പുതിയ ഉടമ്പടിയിലെ പങ്കാളികളായിരിക്കുന്നതിന്റെ പദവിയും നഷ്ടപ്പെടും.—എബ്രായർ 2:2, 3; 6:4-8; 10:26-31.
പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും
14. ന്യായപ്രമാണ ഉടമ്പടിക്കു കീഴിൽ ഏതു പരിച്ഛേദന ആവശ്യമായിരുന്നു? പുതിയ ഉടമ്പടിക്കു കീഴിലോ?
14 തങ്ങൾ ന്യായപ്രമാണത്തിൻ കീഴിലാണെന്നതിനുള്ള ഒരടയാളമായി പഴയ ഉടമ്പടിയിലെ പുരുഷന്മാർ പരിച്ഛേദനയേറ്റിരുന്നു. (ലേവ്യപുസ്തകം 12:2, 3; ഗലാത്യർ 5:3) ക്രിസ്തീയ സഭ ആരംഭിച്ചതിനുശേഷം, യഹൂദേതര ക്രിസ്ത്യാനികളും പരിച്ഛേദനയേൽക്കണമെന്നു ചിലർക്കു തോന്നി. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന് യെരൂശലേമിലെ അപ്പോസ്തലന്മാരും മൂപ്പന്മാരും ദൈവവചനത്തിന്റെയും പരിശുദ്ധാത്മാവിന്റെയും സഹായത്തോടെ ഗ്രഹിച്ചു. (പ്രവൃത്തികൾ 15:1, 5, 28, 29) ഏതാനും വർഷങ്ങൾക്കുശേഷം പൗലൊസ് പറഞ്ഞു: “പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന.” (റോമർ 2:28, 29) സ്വാഭാവിക യഹൂദന്മാരുടെ കാര്യത്തിലായാലും അക്ഷരീയ പരിച്ഛേദനയ്ക്കു യഹോവയുടെ ദൃഷ്ടിയിൽ കൂടുതലായ ആത്മീയ മൂല്യമില്ലായിരുന്നു. പുതിയ ഉടമ്പടിയിലുള്ളവരെ സംബന്ധിച്ചിടത്തോളം ജഡത്തിനല്ല, ഹൃദയത്തിനാണ് പരിച്ഛേദനയേൽക്കേണ്ടത്. അവരുടെ ചിന്തയിലും അഭിലാഷങ്ങളിലും പ്രചോദനത്തിലും യഹോവയെ അപ്രീതിപ്പെടുത്തുന്നതോ അവന്റെ ദൃഷ്ടിയിൽ അശുദ്ധമോ ആയ എന്തെങ്കിലുമുണ്ടെങ്കിൽ അതെല്ലാം ഛേദിച്ചുകളയണം.a ഇപ്രകാരം ചിന്താരീതിക്കു മാറ്റംവരുത്താൻ പരിശുദ്ധാത്മാവിന്റെ ശക്തിക്കു സാധിക്കുമെന്നതിനു ജീവിക്കുന്ന സാക്ഷ്യമായി ഇന്ന് അനേകരുണ്ട്.—1 കൊരിന്ത്യർ 6:9-11; ഗലാത്യർ 5:22-24; എഫെസ്യർ 4:22-24.
15. രാജകീയ ഭരണാധിപത്യത്തിന്റെ കാര്യത്തിൽ സ്വാഭാവിക ഇസ്രായേലിനെയും ദൈവത്തിന്റെ ഇസ്രായേലിനെയും എങ്ങനെ താരതമ്യപ്പെടുത്താം?
15 ന്യായപ്രമാണ ഉടമ്പടി ക്രമീകരണത്തിൽ, യഹോവ ഇസ്രായേലിന്റെ രാജാവായിരുന്നു. കാലക്രമത്തിൽ അവൻ യെരൂശലേമിലെ മാനുഷരാജാക്കന്മാരിലൂടെ തന്റെ പരമാധികാരം പ്രയോഗിച്ചു. (യെശയ്യാവു 33:22) യഹോവ ആത്മീയ ഇസ്രായേലിന്റെ അഥവാ ദൈവത്തിന്റെ ഇസ്രായേലിന്റെ രാജാവുമാണ്. പൊ.യു. 33 മുതൽ അവൻ ‘സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും’ ലഭിച്ചിരിക്കുന്ന യേശുക്രിസ്തുവിലൂടെ ഭരണം നടത്തിയിരിക്കുന്നു. (മത്തായി 28:18; എഫെസ്യർ 1:19-23; കൊലൊസ്സ്യർ 1:13, 14) ഇന്ന്, ദൈവത്തിന്റെ ഇസ്രായേൽ യേശുവിനെ 1914-ൽ സ്ഥാപിതമായ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവായി അംഗീകരിക്കുന്നു. ഹിസ്കിയാവ്, യോശീയാവ് എന്നിവരെക്കാളും പുരാതന ഇസ്രായേലിലെ വിശ്വസ്തരായ മറ്റു രാജാക്കന്മാരെക്കാളും അത്യന്തം മെച്ചപ്പെട്ട രാജാവാണ് യേശു.—എബ്രായർ 1:8, 9; വെളിപ്പാടു 11:15.
16. ദൈവത്തിന്റെ ഇസ്രായേൽ ഏതുതരം പുരോഹിതവർഗമാണ്?
16 ഇസ്രായേൽ ഒരു രാജ്യം മാത്രമായിരുന്നില്ല, അവർക്ക് ഒരു അഭിഷിക്ത പൗരോഹിത്യവുമുണ്ടായിരുന്നു. പൊ.യു. 33-ൽ സ്വാഭാവിക ഇസ്രായേലിന്റെ സ്ഥാനത്ത് ദൈവത്തിന്റെ ഇസ്രായേൽ വരുകയും അവർ യഹോവയുടെ “ദാസൻ” അതായത് അവന്റെ “സാക്ഷികൾ” ആയിത്തീരുകയും ചെയ്തു. (യെശയ്യാവു 43:10) യെശയ്യാവു 43:21-ലും പുറപ്പാടു 19:5, 6-ലും രേഖപ്പെടുത്തിയിരിക്കുന്ന ഇസ്രായേലിനോടുള്ള യഹോവയുടെ വാക്കുകൾ അന്നുമുതൽ ദൈവത്തിന്റെ ആത്മീയ ഇസ്രായേലിനു ബാധകമായി. ദൈവത്തിന്റെ പുതിയ ആത്മീയ ജനത ഇപ്പോൾ ‘യഹോവയുടെ സൽഗുണങ്ങളെ ഘോഷിപ്പാൻ’ ബാധ്യസ്ഥരായ “തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും [“വിശുദ്ധ ജനതയും,” NW] സ്വന്തജനവും” ആയിരിക്കുകയാണ്. (1 പത്രൊസ് 2:9) സ്ത്രീപുരുഷന്മാരുൾപ്പെടെ ദൈവത്തിന്റെ ഇസ്രായേലിലെ സകലരും ഒരു കൂട്ടായ പുരോഹിതവർഗമാണ്. (ഗലാത്യർ 3:28, 29) അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗമെന്ന നിലയിൽ ഇപ്പോൾ അവർ ഇങ്ങനെ പറയുന്നു: “ജാതികളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ.” (ആവർത്തനപുസ്തകം 32:43) ആത്മീയ ഇസ്രായേലിൽപ്പെട്ടവരായി ഇപ്പോൾ ഭൂമിയിൽ ശേഷിക്കുന്നവരാണ് “വിശ്വസ്തനും വിവേകിയുമായ അടിമ.” (മത്തായി 24:45-47, NW) അവരോടുകൂടെ സഹവസിക്കുന്നെങ്കിലേ ദൈവത്തിനു സ്വീകാര്യമായ വിശുദ്ധസേവനം അർപ്പിക്കാനാകൂ.
ദൈവരാജ്യം—അന്തിമ നിവൃത്തി
17. പുതിയ ഉടമ്പടിയിലുള്ളവർക്ക് ഏതു പുതിയ ജനനമുണ്ട്?
17 പൊ.യു.മു. 1513-നുശേഷം ജനിച്ച ഇസ്രായേല്യർ ജനനംകൊണ്ടുതന്നെ ന്യായപ്രമാണ ഉടമ്പടിയിലായി. യഹോവ പുതിയ ഉടമ്പടിയിലേക്ക് എടുക്കുന്നവർക്കും ഒരു ജനനമുണ്ട്—അവരുടെ കാര്യത്തിൽ അത് ആത്മീയ ജനനമാണെന്നുമാത്രം. പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ യേശു അത് പരീശനായ നിക്കോദേമൊസിനോടു സൂചിപ്പിച്ചു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല.” (യോഹന്നാൻ 3:3) പൊ.യു. 33 പെന്തക്കോസ്തിലെ 120 ശിഷ്യന്മാരാണ് ഇങ്ങനെ പുതുതായി ജനിച്ച ആദ്യത്തെ അപൂർണ മനുഷ്യർ. പുതിയ ഉടമ്പടിക്കുകീഴിൽ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ട്, തങ്ങളുടെ രാജകീയ അവകാശത്തിന്റെ “മുന്നമേയുള്ള ഒരു അച്ചാര”മായി അവർക്കു പരിശുദ്ധാത്മാവിനെ ലഭിച്ചു. (എഫെസ്യർ 1:14, NW) അവർ “ആത്മാവിനാൽ ജനിച്ച്” ദൈവത്തിന്റെ ദത്തുപുത്രന്മാരായിത്തീർന്നു. അത് അവരെ യേശുവിന്റെ സഹോദരന്മാരും അങ്ങനെ “ക്രിസ്തുവിന്നു കൂട്ടവകാശികളും” ആക്കിത്തീർത്തു. (യോഹന്നാൻ 3:6; റോമർ 8:16, 17) അവർ “വീണ്ടും ജനിച്ചു”വെന്നത് അത്ഭുതാവഹമായ പ്രതീക്ഷകൾക്കു വഴിതുറന്നു.
18. വീണ്ടും ജനിക്കുന്നത് പുതിയ ഉടമ്പടിയിലുള്ളവർക്ക് അത്ഭുതകരമായ ഏതു പ്രതീക്ഷകൾക്ക് അവസരമൊരുക്കുന്നു?
18 പുതിയ ഉടമ്പടിക്കു മാധ്യസ്ഥം വഹിക്കവേ, പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് യേശു തന്റെ അനുഗാമികളുമായി കൂടുതലായ ഒരു ഉടമ്പടി ചെയ്തു: “എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു.” (ലൂക്കൊസ് 22:29) ദാനീയേൽ 7:13, 14, 22, 27-ൽ (NW) രേഖപ്പെടുത്തിയിരിക്കുന്ന ശ്രദ്ധേയമായ ദർശനത്തിന്റെ നിവൃത്തിക്കുള്ള വഴിയൊരുക്കുന്നതാണ് ഈ രാജ്യ ഉടമ്പടി. “പുരാതനമേയുള്ളവ”നായ യഹോവയാം ദൈവത്തിൽനിന്നും “മനുഷ്യപുത്രനെപ്പോലെയുള്ള ഒരുവ”ന് രാജകീയാധികാരം ലഭിക്കുന്നതു ദാനീയേൽ കണ്ടു. പിന്നെ ദാനീയേൽ “വിശുദ്ധന്മാർ രാജ്യം ഏറ്റെടുക്കുന്ന”തു കണ്ടു. “മനുഷ്യപുത്രനെപ്പോലെയുള്ള” ഒരുവൻ യേശുവാണ്. 1914-ൽ അവൻ യഹോവയാം ദൈവത്തിൽനിന്നു സ്വർഗീയ രാജ്യം സ്വീകരിച്ചു. അവനോടൊപ്പം രാജ്യം പങ്കുവെക്കുന്ന “വിശുദ്ധന്മാർ” അവന്റെ ആത്മാഭിഷിക്ത ശിഷ്യന്മാരാണ്. (1 തെസ്സലൊനീക്യർ 2:11) എങ്ങനെ?
19, 20. (എ) പുതിയ ഉടമ്പടിയിലുള്ളവരുടെ കാര്യത്തിൽ, അബ്രാഹാമിനോടുള്ള യഹോവയുടെ വാഗ്ദാനത്തിന് അന്തിമവും മഹനീയവുമായ എന്തു നിവൃത്തിയുണ്ട്? (ബി) കൂടുതലായ ഏതു ചോദ്യം പരിചിന്തിക്കാനുണ്ട്?
19 മരണാനന്തരം, ഈ അഭിഷിക്തർ സ്വർഗത്തിൽ യേശുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കേണ്ടതിന് അവനെപ്പോലെ, അമർത്ത്യ ആത്മസൃഷ്ടികളായി ഉയിർപ്പിക്കപ്പെടുന്നു. (1 കൊരിന്ത്യർ 15:50-53; വെളിപ്പാടു 20:4, 6) എന്തൊരു മഹനീയ പ്രത്യാശ! “അവർ” കേവലം കനാൻദേശത്തല്ല, “ഭൂമിയുടെമേൽ രാജാക്കന്മാരായി വാഴേണ്ടതാകുന്നു.” (വെളിപ്പാടു 5:10, NW) അവർ “ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കു”മോ? (ഉല്പത്തി 22:17) ഉവ്വ്, തികച്ചും നിർണായകമായ ഒരു വിധത്തിൽ ശത്രുതപുലർത്തുന്ന മതവേശ്യയായ മഹാബാബിലോന്റെ നാശത്തിനു സാക്ഷ്യം വഹിക്കുകയും പുനരുത്ഥാനം പ്രാപിച്ച ഈ അഭിഷിക്തർ യേശുവിനോടൊപ്പം ജാതികളെ “ഇരിമ്പുകോൽകൊണ്ടു” മേയിക്കുകയും സാത്താന്റെ തല തകർക്കുകയും ചെയ്യുമ്പോഴായിരിക്കും അവരത് കൈവശമാക്കുന്നത്. അങ്ങനെ ഉല്പത്തി 3:15-ലെ പ്രവചനത്തിന്റെ അവസാന ഭാഗം നിവർത്തിക്കുന്നതിൽ അവരും പങ്കുകാരാകും.—വെളിപ്പാടു 2:26, 27; 17:14; 18:20, 21; റോമർ 16:20.
20 അബ്രാഹാമ്യ ഉടമ്പടിയിലും പുതിയ ഉടമ്പടിയിലും ഉൾപ്പെടുന്നത് ഈ 1,44,000 വിശ്വസ്ത ദേഹികൾ മാത്രമാണോ എന്നു നാം ചോദിച്ചേക്കാം? അല്ല, ഈ ഉടമ്പടികളിൽ നേരിട്ട് ഉൾപ്പെടാത്തവരും അവരിലൂടെ അനുഗ്രഹിക്കപ്പെടും. നാം അത് അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതാണ്.
[അടിക്കുറിപ്പ്]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, (ഇംഗ്ലീഷ്) വാല്യം 1, പേജ് 470 കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
□ പുതിയ ഉടമ്പടി പ്രവർത്തനത്തിൽ വന്നതായി ആദ്യം കാണപ്പെട്ടതെപ്പോൾ?
□ പഴയ ഉടമ്പടിയിലൂടെ എന്തു നിർവഹിക്കപ്പെട്ടു?
□ അബ്രാഹാമിന്റെ പ്രമുഖസന്തതി ആരാണ്, ആ സന്തതിയിലൂടെ ജനതകൾ ഏതു ക്രമത്തിൽ അനുഗ്രഹിക്കപ്പെട്ടു?
□ 1,44,000 പേരുടെ കാര്യത്തിൽ, അബ്രാഹാമ്യ ഉടമ്പടിയുടെയും പുതിയ ഉടമ്പടിയുടെയും അന്തിമ നിവൃത്തിയെന്ത്?
[15-ാം പേജിലെ ചിത്രം]
പുതിയ ഉടമ്പടിയിലുള്ളവർക്ക് പഴയ ഉടമ്പടിയിലുള്ളവരെക്കാൾ ഗഹനമേറിയ അർഥമുള്ള പാപമോചനമാണുള്ളത്