അധ്യായം പത്ത്
പ്രഭുക്കന്മാരുടെ പ്രഭുവിനോട് എതിർത്തു നിൽക്കാൻ ആർക്കു സാധിക്കും?
1, 2. ബേൽശസ്സരിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ദാനീയേലിനുണ്ടായ ദർശനം നമുക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
യെരൂശലേമിലെ യഹോവയുടെ ആലയം നശിപ്പിക്കപ്പെട്ടിട്ട് 57 വർഷം കഴിഞ്ഞിരിക്കുന്നു. ബേൽശസ്സരും പിതാവായ നബോണീഡസും ബൈബിൾ പ്രവചനത്തിലെ മൂന്നാമത്തെ ലോകശക്തിയായ ബാബിലോണിയൻ സാമ്രാജ്യത്തിൽ സംയുക്തമായി ഭരണം നടത്തുന്നു.a ദൈവത്തിന്റെ പ്രവാചകനായ ദാനീയേൽ ബാബിലോണിൽ പ്രവാസിയാണ്. സത്യാരാധനയുടെ പുനഃസ്ഥിതീകരണത്തെ കുറിച്ചുള്ള ചില വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദർശനം “ബേൽശസ്സർരാജാവിന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ” യഹോവ ദാനീയേലിനു നൽകുന്നു.—ദാനീയേൽ 8:1.
2 ദാനീയേൽ കണ്ട പ്രാവചനിക ദർശനത്തിന് അവന്റെമേൽ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. ‘അന്ത്യകാലത്ത്’ ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം അതു വളരെ താത്പര്യജനകവുമാണ്. ഗബ്രീയേൽ ദൂതൻ ദാനീയേലിനോടു പറയുന്നു: “കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.” (ദാനീയേൽ 8:16, 17, 19, 27) അതുകൊണ്ട്, ദാനീയേൽ ദർശിച്ചത് എന്താണെന്നും അതു നമുക്ക് ഇന്ന് എന്ത് അർഥമാക്കുന്നുവെന്നും അത്യന്തം താത്പര്യത്തോടെ നമുക്കു പരിചിന്തിക്കാം.
രണ്ടു കൊമ്പുള്ള ആട്ടുകൊറ്റൻ
3, 4. നദീതീരത്ത് ഏതു മൃഗം നിൽക്കുന്നതായിട്ടാണ് ദാനീയേൽ കണ്ടത്, അത് എന്തിനെ പ്രതീകപ്പെടുത്തുന്നു?
3 ദാനീയേൽ എഴുതുന്നു: “ഞാൻ ഒരു ദർശനം കണ്ടു, ഏലാംസംസ്ഥാനത്തിലെ ശൂശൻരാജധാനിയിൽ ആയിരുന്നപ്പോൾ അതു കണ്ടു; ഞാൻ ഊലായിനദീതീരത്തു നില്ക്കുന്നതായി ദർശനത്തിൽ കണ്ടു.” (ദാനീയേൽ 8:2) വാസ്തവത്തിൽ ദാനീയേൽ ബാബിലോണിൽനിന്ന് ഏകദേശം 350 കിലോമീറ്റർ അകലെ ഉള്ള, ഏലാമിന്റെ തലസ്ഥാനമായ ശൂശനിൽ (സുസയിൽ) ആയിരുന്നോ അതോ അവിടെ ആയിരിക്കുന്നതായി തോന്നാൻ ദർശനം ഇടയാക്കിയതാണോ എന്നു പ്രസ്താവിച്ചിട്ടില്ല.
4 ദാനീയേൽ തുടരുന്നു: “ഞാൻ തലപൊക്കിയപ്പോൾ, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊററൻ നദീതീരത്തു നില്ക്കുന്നതു കണ്ടു.” (ദാനീയേൽ 8:3എ) ഈ ആട്ടുകൊറ്റൻ എന്തിനെ അർഥമാക്കുന്നു എന്നതു ദാനീയേലിന് ഒരു നിഗൂഢതയായി തുടരുന്നില്ല. ഗബ്രീയേൽ ദൂതൻ പിന്നീടു പ്രസ്താവിക്കുന്നു: “രണ്ടു കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ മേദ്യയിലെയും പേർഷ്യയിലെയും രാജാക്കന്മാരെ പ്രതിനിധാനം ചെയ്യുന്നു.” (ദാനീയേൽ 8:20, NW) അസീറിയയുടെ കിഴക്കുള്ള പർവത പീഠഭൂമിയിൽനിന്നാണു മേദ്യർ വന്നത്. പേർഷ്യൻ ഉൾക്കടലിനു വടക്കുള്ള മേഖലയിൽ ഒട്ടുമിക്കപ്പോഴും നാടോടി ജീവിതം നയിച്ചിരുന്നവർ ആയിരുന്നു പേർഷ്യക്കാർ. എന്നാൽ മേദോ-പേർഷ്യൻ സാമ്രാജ്യം വളർന്നതോടെ അതിലെ നിവാസികൾ ശ്രദ്ധേയമായ ഒരു ആഡംബര പ്രവണത വളർത്തിയെടുത്തു.
5. “ഒടുക്കം മുളെച്ചുവന്ന” കൊമ്പ് അധികം നീണ്ടത് എങ്ങനെ?
5 ദാനീയേൽ റിപ്പോർട്ടു ചെയ്യുന്നു: “ആ കൊമ്പുകൾ നീണ്ടവയായിരുന്നു; ഒന്നു മറേറതിനെക്കാൾ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു.” (ദാനീയേൽ 8:3ബി) ഒടുക്കം മുളച്ചുവന്ന അധികം നീണ്ട കൊമ്പ് പേർഷ്യക്കാരെ ചിത്രീകരിക്കുന്നു. അതേസമയം മറ്റേ കൊമ്പ് മേദ്യരെ പ്രതിനിധാനം ചെയ്യുന്നു. ആദ്യം മേദ്യരായിരുന്നു പ്രബലർ. എന്നാൽ പൊ.യു.മു. 550-ൽ പേർഷ്യൻ ഭരണാധിപനായ കോരെശ് മേദ്യ രാജാവായ അസ്റ്റിയേജസിനുമേൽ അനായാസം വിജയം നേടി. തുടർന്ന് കോരെശ് ഈ രണ്ടു ജനതകളുടെയും ആചാരങ്ങളെയും നിയമങ്ങളെയും സംയോജിപ്പിക്കുകയും അവരുടെ രാജ്യങ്ങളെ ഏകീകരിക്കുകയും അവരുടെ ജയിച്ചടക്കലുകൾ വ്യാപിപ്പിക്കുകയും ചെയ്തു. അന്നുമുതൽ ഈ സാമ്രാജ്യത്തിന് ഒരു ദ്വയാത്മക സ്വഭാവമാണ് ഉണ്ടായിരുന്നത്.
ആട്ടുകൊറ്റൻ വമ്പുകാട്ടുന്നു
6, 7. ‘ഒരു മൃഗത്തിന്നും ആട്ടുകൊറ്റനു മുമ്പാകെ നില്പാൻ കഴി’യാതിരുന്നത് എങ്ങനെ?
6 ആട്ടുകൊറ്റനെ കുറിച്ചുള്ള തന്റെ വിവരണം തുടർന്നുകൊണ്ട് ദാനീയേൽ പ്രസ്താവിക്കുന്നു: “ആ ആട്ടുകൊററൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാൻ കണ്ടു; ഒരു മൃഗത്തിന്നും അതിന്റെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; അതിന്റെ കയ്യിൽനിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പുകാട്ടിപ്പോന്നു.”—ദാനീയേൽ 8:4.
7 ദാനീയേലിനു ലഭിച്ച മുൻ ദർശനത്തിൽ, സമുദ്രത്തിൽനിന്നു കയറിവന്ന, കഴുകന്റെ ചിറകുകൾ ഉള്ള ഒരു സിംഹ സദൃശ മൃഗത്താൽ ബാബിലോൺ ചിത്രീകരിക്കപ്പെട്ടിരുന്നു. (ദാനീയേൽ 7:4, 17) ആ പ്രതീകാത്മക മൃഗത്തിന് ഈ പുതിയ ദർശനത്തിലെ “ആട്ടുകൊറ്റ”ന്റെ മുമ്പാകെ നിൽക്കാൻ പ്രാപ്തി ഇല്ലെന്നു തെളിഞ്ഞു. പൊ.യു.മു. 539-ൽ ബാബിലോൺ മഹാനായ കോരെശിനു കീഴടങ്ങി. അതിനുശേഷമുള്ള ഏതാണ്ട് 50 വർഷക്കാലം, ബൈബിൾ പ്രവചനത്തിലെ നാലാമത്തെ ലോകശക്തിയായ മേദോ-പേർഷ്യയോട് എതിർത്തു നിൽക്കാൻ “ഒരു മൃഗത്തിന്നും” അഥവാ ഒരു രാഷ്ട്രീയ ഗവൺമെന്റിനും സാധിച്ചില്ല.
8, 9. (എ) “ആട്ടുകൊറ്റൻ” “പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിച്ച”തെങ്ങനെ? (ബി) പേർഷ്യൻ രാജാവായ ദാര്യാവേശ് ഒന്നാമന്റെ പിൻഗാമിയെക്കുറിച്ച് എസ്ഥേർ പുസ്തകം എന്തു പറയുന്നു?
8 “സൂര്യോദയത്തിങ്കൽ”നിന്നു—കിഴക്കുനിന്നു—വന്ന മേദോ-പേർഷ്യൻ ലോകശക്തി “പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടി”ച്ചുകൊണ്ട് യഥേഷ്ടം പ്രവർത്തിച്ചു. (യെശയ്യാവു 46:11, NW) മഹാനായ കോരെശിന്റെ പിൻഗാമിയായ കാംബിസസ്സ് രണ്ടാമൻ ഈജിപ്ത് കീഴടക്കി. പേർഷ്യൻ രാജാവായ ദാര്യാവേശ് ഒന്നാമൻ ആയിരുന്നു അദ്ദേഹത്തിന്റെ പിൻഗാമി. പൊ.യു.മു. 513-ൽ അദ്ദേഹം ബോസ്പോറസ് കടലിടുക്ക് കടന്ന് പടിഞ്ഞാറോട്ടു നീങ്ങി ബൈസന്റിയത്തിന്റെ (ഇപ്പോൾ ഈസ്റ്റാൻബുൾ) തലസ്ഥാനവും യൂറോപ്യൻ പ്രദേശവുമായ ത്രാസ് ആക്രമിച്ചു. പൊ.യു.മു. 508-ൽ അദ്ദേഹം ത്രാസ് കീഴടക്കി, പൊ.യു.മു. 496-ൽ മാസിഡോണിയയും. അങ്ങനെ, ദാര്യാവേശിന്റെ കാലം ആയപ്പോഴേക്കും മേദോ-പേർഷ്യൻ “ആട്ടുകൊറ്റൻ” മൂന്നു പ്രധാന ദിശകളിലുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തിരുന്നു: വടക്ക് ബാബിലോണിയയും അസീറിയയും, പടിഞ്ഞാറ് ഏഷ്യാമൈനർ, തെക്ക് ഈജിപ്ത്.
9 മേദോ-പേർഷ്യൻ സാമ്രാജ്യത്തിന്റെ മഹത്ത്വം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ദാര്യാവേശിന്റെ പിൻഗാമിയായിരുന്ന സെർക്സിസ് ഒന്നാമനെ കുറിച്ച്, “ഇന്ത്യമുതൽ എത്യോപ്യവരെ നൂറ്റിയിരുപത്തേഴു ഭരണജില്ലകളിൽ രാജാവായി ഭരിച്ചിരുന്ന അഹശ്വേരോശ്” എന്നു ബൈബിൾ പറയുന്നു. (എസ്ഥേർ 1:1, NW) എന്നാൽ ഈ വലിയ സാമ്രാജ്യം മറ്റൊന്നിനു വഴിമാറണമായിരുന്നു. ഇതു സംബന്ധിച്ച്, ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ ഉള്ള നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കുന്ന രസകരമായ ചില വിശദാംശങ്ങൾ ദാനീയേലിന്റെ ദർശനം വെളിപ്പെടുത്തുന്നു.
കോലാട്ടുകൊറ്റൻ ആട്ടുകൊറ്റനെ ഇടിച്ചു വീഴിക്കുന്നു
10. ദാനീയേലിന്റെ ദർശനത്തിൽ, ഏതു മൃഗമാണ് “ആട്ടുകൊറ്റ”നെ നിലംപരിചാക്കിയത്?
10 ദാനീയേൽ ഇപ്പോൾ ദർശിക്കുന്നത് അവനിൽ ഉളവാക്കുന്ന ആശ്ചര്യം ഒന്നു സങ്കൽപ്പിച്ചു നോക്കൂ. വിവരണം പറയുന്നു: “ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ, ഒരു കോലാട്ടുകൊററൻ പടിഞ്ഞാറുനിന്നു [“സൂര്യാസ്തമയത്തിങ്കൽനിന്ന്,” NW] നിലം തൊടാതെ സർവ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊററന്നു കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു. അതു നദീതീരത്തു നില്ക്കുന്നതായി ഞാൻ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു. അതു ആട്ടുകൊററനോടു അടുക്കുന്നതു ഞാൻ കണ്ടു; അതു ആട്ടുകൊററനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്റെ കൊമ്പു രണ്ടും തകർത്തുകളഞ്ഞു; അതിന്റെ മുമ്പിൽ നില്പാൻ ആട്ടുകൊററന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്റെ കയ്യിൽനിന്നു ആട്ടുകൊററനെ രക്ഷിപ്പാൻ ആരും ഉണ്ടായിരുന്നില്ല.” (ദാനീയേൽ 8:5-7) ഇതെല്ലാം എന്താണ് അർഥമാക്കുന്നത്?
11. (എ) ഗബ്രീയേൽ ദൂതൻ “പരുപരുത്ത കോലാട്ടുകൊററ”നെയും അതിന്റെ ‘വലിയ കൊമ്പി’നെയും വിവരിച്ചത് എങ്ങനെ? (ബി) ശ്രദ്ധേയമായ ആ കൊമ്പ് ആരെ ചിത്രീകരിച്ചു?
11 ഈ ദർശനത്തിന്റെ അർഥം ദാനീയേലോ നാമോ ഊഹിക്കേണ്ടതില്ല. “പരുപരുത്ത കോലാട്ടുകൊററൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു”വെന്ന് ഗബ്രീയേൽ ദൂതൻ ദാനീയേലിനെ അറിയിക്കുന്നു. (ദാനീയേൽ 8:21) പൊ.യു.മു. 336-ൽ പേർഷ്യൻ സാമ്രാജ്യത്തിലെ അവസാന രാജാവായ ദാര്യാവേശ് മൂന്നാമൻ (കോഡോമാനസ്) കിരീടം അണിഞ്ഞു. ആ വർഷംതന്നെ അലക്സാണ്ടർ മാസിഡോണിയയിൽ രാജാവായി. പ്രവചിക്കപ്പെട്ട ആദ്യത്തെ ‘യവനരാജാവ്’ അലക്സാണ്ടർ ആയിരുന്നെന്നു ചരിത്രം പ്രകടമാക്കുന്നു. പൊ.യു.മു. 334-ൽ, “സൂര്യാസ്തമയത്തിങ്കൽനിന്ന്,” അഥവാ പടിഞ്ഞാറുനിന്ന്, തുടക്കംകുറിച്ച അലക്സാണ്ടർ അതിവേഗം മുന്നേറി. “നിലം തൊടാതെ” എന്നവണ്ണം പ്രദേശങ്ങൾ കീഴടക്കിക്കൊണ്ട് അദ്ദേഹം “ആട്ടുകൊറ്റ”നെ ഇടിച്ചു വീഴിച്ചു. അങ്ങനെ, രണ്ടു നൂറ്റാണ്ടോളം നിലനിന്ന മേദോ-പേർഷ്യൻ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഗ്രീസ് ബൈബിൾപരമായി പ്രാധാന്യമുള്ള അഞ്ചാമത്തെ ലോകശക്തിയായി. ദിവ്യ പ്രവചനത്തിന്റെ എന്തൊരു അതിശയകരമായ നിവൃത്തി!
12. പ്രതീകാത്മക കോലാട്ടുകൊറ്റന്റെ “വലിയ കൊമ്പ്” “തകർന്ന”ത് എങ്ങനെ, തത്സ്ഥാനത്തു മുളച്ചുവന്ന നാലു കൊമ്പുകൾ എന്തായിരുന്നു?
12 എന്നാൽ അലക്സാണ്ടറിന്റെ അധികാരം അൽപ്പായുസ്സ് ആയിരിക്കേണ്ടിയിരുന്നു. ദർശനം തുടർന്ന് ഇങ്ങനെ വെളിപ്പെടുത്തുന്നു: “കോലാട്ടുകൊററൻ ഏററവും വലുതായിത്തീർന്നു; എന്നാൽ അതു ബലപ്പെട്ടപ്പോൾ വലിയ കൊമ്പു തകർന്നുപോയി; അതിന്നു പകരം ആകാശത്തിലെ നാലു കാററിന്നു നേരെ ഭംഗിയുള്ള നാലു കൊമ്പു മുളെച്ചുവന്നു.” (ദാനീയേൽ 8:8) ഈ പ്രവചനം വിശദീകരിച്ചുകൊണ്ട് ഗബ്രീയേൽ പറയുന്നു: “അതു തകർന്നശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നു ഉത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.” (ദാനീയേൽ 8:22) പ്രവചിക്കപ്പെട്ടതുപോലെതന്നെ, തന്റെ വിജയപ്രയാണത്തിന്റെ പരകോടിയിൽ എത്തിനിൽക്കവെ, വെറും 32 വയസ്സുള്ളപ്പോൾ അലക്സാണ്ടർ ‘തകർന്നു,’ അഥവാ മരിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ ബൃഹത്തായ സാമ്രാജ്യം അദ്ദേഹത്തിന്റെ നാലു ജനറൽമാർക്കായി വിഭജിക്കപ്പെട്ടു.
നിഗൂഢമായ ഒരു ചെറിയ കൊമ്പ്
13. നാലു കൊമ്പുകളിൽ ഒന്നിൽനിന്ന് എന്തു വളർന്നുവന്നു, അത് എങ്ങനെ പ്രവർത്തിച്ചു?
13 ദർശനത്തിന്റെ അടുത്ത ഭാഗം 2,200-ലധികം വർഷം ദീർഘിക്കുന്നതാണ്. അതിന്റെ നിവൃത്തി ആധുനിക നാൾ വരെ എത്തുന്നു. ദാനീയേൽ എഴുതുന്നു: “അവയിൽ [നാലു കൊമ്പുകളിൽ] ഒന്നിൽനിന്നു ഒരു ചെറിയ കൊമ്പു പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിന്നു നേരെയും ഏററവും വലുതായിത്തീർന്നു. അതു ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു. അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു. അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.”—ദാനീയേൽ 8:9-12.
14. പ്രതീകാത്മക ചെറിയ കൊമ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ചു ഗബ്രീയേൽ ദൂതൻ എന്തു പറഞ്ഞു, ആ കൊമ്പിന് എന്തു സംഭവിക്കും?
14 ഈ ഉദ്ധരിച്ച വാക്കുകളുടെ അർഥം ഗ്രഹിക്കണമെങ്കിൽ, നാം ദൈവദൂതനു ശ്രദ്ധ കൊടുക്കണം. അലക്സാണ്ടറിന്റെ സാമ്രാജ്യത്തിൽനിന്നു നാലു രാജ്യങ്ങൾ അധികാരത്തിൽ വരുന്നതിനെ കുറിച്ചു പറഞ്ഞശേഷം ഗബ്രീയേൽ ദൂതൻ പറയുന്നു: “എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും. അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവർത്തിക്കയും കൃതാർത്ഥനായി അത് അനുഷ്ഠിക്കയും പലരെയും വിശുദ്ധജനത്തെയും നശിപ്പിക്കയും ചെയ്യും. അവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കർത്താധികർത്താവിനോടു [“പ്രഭുക്കന്മാരുടെ പ്രഭുവിനോട്,” NW] എതിർത്തുനിന്നു കൈ തൊടാതെ തകർന്നുപോകയും ചെയ്യും.”—ദാനീയേൽ 8:23-25.
15. ദർശനത്തോടുള്ള ബന്ധത്തിൽ എന്തു ചെയ്യാനാണ് ദൂതൻ ദാനീയേലിനോടു പറഞ്ഞത്?
15 “ദർശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടെച്ചുവെക്ക” എന്ന് ദൂതൻ ദാനീയേലിനോടു പറയുന്നു. (ദാനീയേൽ 8:26) ദർശനത്തിലെ ഈ ഭാഗത്തിന്റെ നിവൃത്തി “ബഹുകാലത്തേക്കു” സംഭവിക്കുമായിരുന്നില്ല. ദാനീയേൽ ‘ദർശനം അടെച്ചു’ സൂക്ഷിക്കേണ്ടിയിരുന്നു. പ്രത്യക്ഷത്തിൽ, ദാനീയേലിനെ സംബന്ധിച്ചിടത്തോളം അതിന്റെ അർഥം ഒരു രഹസ്യമായി തുടർന്നു. എന്നാൽ ഇപ്പോൾ ആ ‘ബഹുകാലം’ നിശ്ചയമായും കടന്നു പോയിരിക്കണം. അതുകൊണ്ട് നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘ഈ പ്രാവചനിക ദർശനത്തിന്റെ നിവൃത്തി സംബന്ധിച്ചു ലോക ചരിത്രം എന്തു വെളിപ്പെടുത്തുന്നു?’
ചെറിയ കൊമ്പ് ശക്തിയിൽ കരുത്തനാകുന്നു
16. (എ) ഏതു പ്രതീകാത്മക കൊമ്പിൽനിന്നാണ് ചെറിയ കൊമ്പു മുളച്ചത്? (ബി) റോം ബൈബിൾ പ്രവചനത്തിലെ ആറാമത്തെ ലോകശക്തി ആയിത്തീർന്നത് എങ്ങനെ, എന്നാൽ അതു പ്രതീകാത്മക ചെറിയ കൊമ്പ് അല്ലായിരുന്നത് എന്തുകൊണ്ട്?
16 ചരിത്രം അനുസരിച്ച്, ചെറിയ കൊമ്പ് നാലു പ്രതീകാത്മക കൊമ്പുകളിൽ ഒന്നിന്റെ—ഏറ്റവും പടിഞ്ഞാറുള്ളതിന്റെ—ഒരു ശാഖ ആയിരുന്നു. മാസിഡോണിയയും ഗ്രീസും ഉൾപ്പെട്ട, ജനറൽ കസ്സാണ്ടറുടെ യവന രാജ്യമായിരുന്നു ഏറ്റവും പടിഞ്ഞാറ് സ്ഥിതിചെയ്തിരുന്നത്. പിന്നീട് ആ രാജ്യം ത്രാസിലെയും ഏഷ്യാമൈനറിലെയും രാജാവായിരുന്ന ജനറൽ ലൈസിമാക്കസിന്റെ രാജ്യത്തിന്റെ ഭാഗമാക്കപ്പെട്ടു. പൊതുയുഗത്തിനു മുമ്പ് രണ്ടാം നൂറ്റാണ്ടിൽ യവന സാമ്രാജ്യത്തിന്റെ ഈ പശ്ചിമ ഭാഗങ്ങളെ റോം കീഴടക്കി. പൊ.യു.മു. 30-ഓടെ എല്ലാ യവനരാജ്യങ്ങളും കീഴടക്കിക്കൊണ്ട് റോം ബൈബിൾ പ്രവചനത്തിലെ ആറാമത്തെ ലോകശക്തി ആയിത്തീർന്നു. എന്നാൽ ദാനീയേലിന്റെ ദർശനത്തിലെ ചെറിയ കൊമ്പ് റോമാ സാമ്രാജ്യം ആയിരുന്നില്ല. കാരണം ആ സാമ്രാജ്യം ‘അന്ത്യകാലം’ വരെ നിലനിന്നില്ല.—ദാനീയേൽ 8:19.
17. (എ) ബ്രിട്ടന് റോമാ സാമ്രാജ്യവുമായി എന്തു ബന്ധം ഉണ്ടായിരുന്നു? (ബി) ബ്രിട്ടീഷ് സാമ്രാജ്യം മാസിഡോണിയയും ഗ്രീസും അടങ്ങുന്ന യവനരാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
17 അപ്പോൾപ്പിന്നെ, “ഉഗ്രഭാവ”മുള്ള, ആക്രമണകാരിയായ ആ ‘രാജാവിനെ’ ചരിത്രം എങ്ങനെ തിരിച്ചറിയിക്കുന്നു? വാസ്തവത്തിൽ, ബ്രിട്ടൻ റോമാ സാമ്രാജ്യത്തിന്റെ ഒരു വടക്കുപടിഞ്ഞാറൻ ശാഖയായിരുന്നു. ബ്രിട്ടന്റെ ഇപ്പോഴത്തെ സ്ഥാനത്ത് പൊ.യു. അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യഭാഗം വരെ റോമൻ പ്രവിശ്യകൾ ഉണ്ടായിരുന്നു. കാലക്രമത്തിൽ റോമാ സാമ്രാജ്യം ക്ഷയിച്ചു. എന്നാൽ ബ്രിട്ടനിലും റോമൻ ആധിപത്യത്തിനു കീഴിൽ ആയിരുന്ന യൂറോപ്പിന്റെ ഇതര ഭാഗങ്ങളിലും ഗ്രീക്ക്-റോമൻ സംസ്കാരത്തിന്റെ സ്വാധീനം നിലനിന്നു. “റോമാ സാമ്രാജ്യം വീണപ്പോൾ സഭ ആ സ്ഥാനം ഏറ്റെടുത്തു” എന്ന് മെക്സിക്കൻ കവിയും ഗ്രന്ഥകർത്താവും നോബൽ സമ്മാന ജേതാവുമായ ഒക്ടേവിയോ പാസ് എഴുതി. അദ്ദേഹം കൂട്ടിച്ചേർത്തു: “സഭാ പിതാക്കന്മാരും പിൽക്കാല പണ്ഡിതന്മാരും ഗ്രീക്കു തത്ത്വശാസ്ത്രത്തെ ക്രിസ്തീയ ഉപദേശത്തോടു കൂട്ടിച്ചേർത്തു.” 20-ാം നൂറ്റാണ്ടിലെ തത്ത്വചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ ബെർട്രൻഡ് റസ്സൽ അഭിപ്രായപ്പെട്ടു: “ഗ്രീക്ക് ഉറവുകളിൽനിന്നു മുളച്ചുപൊന്തിയ പാശ്ചാത്യ സംസ്കാരം രണ്ടര സഹസ്രാബ്ദം മുമ്പ് മിലേത്തോസിൽ [ഏഷ്യാമൈനറിലെ ഒരു ഗ്രീക്കു നഗരം] ആരംഭിച്ച തത്ത്വചിന്താപരവും ശാസ്ത്രപരവുമായ പാരമ്പര്യത്തിൽ അധിഷ്ഠിതമാണ്.” അതുകൊണ്ട്, ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാംസ്കാരിക വേരുകൾ മാസിഡോണിയയും ഗ്രീസും ഉൾപ്പെട്ട യവനരാജ്യത്ത് ആയിരുന്നെന്നു പറയാവുന്നതാണ്.
18. “അന്ത്യകാല”ത്ത് ‘ഉഗ്രഭാവമുള്ള രാജാവാ’യിത്തീർന്ന ചെറിയ കൊമ്പ് ഏത്? വിവരിക്കുക.
18 1763-ഓടെ ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ പ്രബല എതിരാളികൾ ആയിരുന്ന സ്പെയിനിനെയും ഫ്രാൻസിനെയും പരാജയപ്പെടുത്തിയിരുന്നു. അന്നുമുതൽ ബ്രിട്ടീഷ് സാമ്രാജ്യം താൻ സമുദ്രറാണിയും ബൈബിൾ പ്രവചനത്തിലെ ഏഴാമത്തെ ലോകശക്തിയും ആണെന്നു പ്രകടമാക്കി. അമേരിക്കൻ ഐക്യനാടുകൾക്കു രൂപം നൽകാനായി 1776-ൽ 13 അമേരിക്കൻ കോളനികൾ ബ്രിട്ടനിൽനിന്നു കുതറിമാറിയതിനു ശേഷവും, ഭൂതലത്തിന്റെയും ലോകത്തിലെ ജനസംഖ്യയുടെയും കാൽഭാഗത്തെ ഉൾക്കൊള്ളാൻ പോന്നവിധം ബ്രിട്ടീഷ് സാമ്രാജ്യം വളർന്നു. ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തിക്കു രൂപം നൽകിക്കൊണ്ട് അമേരിക്കൻ ഐക്യനാടുകൾ ബ്രിട്ടനുമായി സഹകരിച്ചതോടെ ഏഴാമത്തെ ലോകശക്തി വീണ്ടും കൂടുതൽ കരുത്ത് ആർജിച്ചു. സാമ്പത്തികമായും സൈനികമായും ഈ ശക്തി ‘ഉഗ്രഭാവമുള്ള രാജാവാ’യിത്തീർന്നെന്നു തീർച്ച. അതുകൊണ്ട്, ‘അന്ത്യകാലത്ത്’ ഒരു ഉഗ്ര രാഷ്ട്രീയ ശക്തിയായിത്തീർന്ന ആ ചെറിയ കൊമ്പ് ആംഗ്ലോ-അമേരിക്കൻ ലോകശക്തി ആണ്.
19. ദർശനത്തിൽ പരാമർശിച്ചിരിക്കുന്ന ‘മനോഹരദേശം’ ഏത്?
19 ആ ചെറിയ കൊമ്പ് “മനോഹരദേശത്തിന്നു” നേരെ ഏറ്റവും “വലുതായിത്തീ”രുന്നത് ദാനീയേൽ കണ്ടു. (ദാനീയേൽ 8:9) തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് യഹോവ നൽകിയ വാഗ്ദത്ത ദേശം വളരെ മനോഹരം ആയിരുന്നതിനാൽ “സർവ്വദേശങ്ങളുടെയും,” അതായത് മുഴു ഭൂമിയുടെയും ‘മഹത്വമായിരിക്കുന്ന ദേശം’ എന്ന് അതു വിളിക്കപ്പെട്ടു. (യെഹെസ്കേൽ 20:6, 16) 1917 ഡിസംബർ 9-ന്, ബ്രിട്ടൻ യെരൂശലേം പിടിച്ചടക്കുകയും 1920-ൽ സർവരാജ്യസഖ്യം ഗ്രേറ്റ് ബ്രിട്ടന് പാലസ്തീന്റെ മേൽ നിയന്ത്രണാധികാരം നൽകുകയും അത് 1948 മേയ് 14 വരെ തുടരുകയും ചെയ്തു എന്നതു സത്യമാണ്. എന്നാൽ ദർശനം പ്രാവചനികമാണ്, അനേകം പ്രതീകങ്ങൾ ഉൾക്കൊള്ളുന്നതാണ്. ദർശനത്തിൽ പരാമർശിച്ചിരിക്കുന്ന ‘മനോഹരദേശം’ പ്രതീകപ്പെടുത്തുന്നതു യെരൂശലേമിനെ അല്ല, മറിച്ച് ഏഴാം ലോകശക്തിയുടെ കാലത്ത് ദൈവം വിശുദ്ധരായി വീക്ഷിക്കുന്ന ആളുകളുടെ ഭൗമിക അവസ്ഥയെ ആണ്. ആംഗ്ലോ-അമേരിക്കൻ ലോകശക്തി വിശുദ്ധന്മാരെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത് എങ്ങനെയെന്നു നമുക്കു നോക്കാം.
“അവന്റെ വിശുദ്ധമന്ദിരത്തിന്റെ സ്ഥാപിത സ്ഥലം” മറിച്ചിടപ്പെടുന്നു
20. വലിച്ചു നിലത്തിടാൻ ചെറിയ കൊമ്പ് ശ്രമിക്കുന്ന “ആകാശത്തിലെ സൈന്യ”വും “നക്ഷത്രങ്ങ”ളും ആരാണ്?
20 ചെറിയ കൊമ്പ് “ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീർന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.” ദൂത വിശദീകരണം അനുസരിച്ച്, വലിച്ചു നിലത്തിടാൻ ചെറിയ കൊമ്പ് ശ്രമിക്കുന്ന “ആകാശത്തിലെ സൈന്യ”വും “നക്ഷത്രങ്ങ”ളും “വിശുദ്ധജനത്തെ”യാണ് അർഥമാക്കുന്നത്. (ദാനീയേൽ 8:10, 24) ഈ ‘വിശുദ്ധന്മാർ’ ആത്മാഭിഷിക്ത ക്രിസ്ത്യാനികളാണ്. യേശുക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തത്താൽ പ്രാബല്യത്തിലായ പുതിയ ഉടമ്പടിയിലൂടെ ദൈവവുമായി ഒരു ബന്ധത്തിലേക്കു വരുത്തപ്പെട്ടതു നിമിത്തം അവർ വിശുദ്ധീകരിക്കപ്പെട്ടവർ, നിർമലീകരിക്കപ്പെട്ടവർ, ദൈവത്തിനുള്ള അനന്യസേവനത്തിനായി വേർതിരിക്കപ്പെട്ടവർ ആണ്. (എബ്രായർ 10:10; 13:20) സ്വർഗീയ അവകാശത്തിൽ തന്റെ പുത്രനോടൊപ്പം അവരെ അവകാശികളായി നിയമിക്കുക നിമിത്തം യഹോവ അവരെ വിശുദ്ധരായി വീക്ഷിക്കുന്നു. (എഫെസ്യർ 1:3, 11, 18-20) ആയതിനാൽ ദാനീയേലിന്റെ ദർശനത്തിൽ പറയുന്ന ‘ആകാശത്തിലെ സൈന്യം’ സ്വർഗത്തിൽ കുഞ്ഞാടിനോട് ഒപ്പം വാഴാനുള്ളവരായ 1,44,000 ‘വിശുദ്ധന്മാരുടെ’ ഭൂമിയിലെ ശേഷിപ്പിനെ പരാമർശിക്കുന്നു.—വെളിപ്പാടു 14:1-5.
21. ഏഴാമത്തെ ലോകശക്തി ശൂന്യമാക്കാൻ ശ്രമിക്കുന്ന “വിശുദ്ധ സ്ഥല”ത്ത് ആരാണ് ഉള്ളത്?
21 ഇന്ന്, 1,44,000-ത്തിൽ ശേഷിക്കുന്നവർ ദൈവത്തിന്റെ നഗരസമാന രാജ്യമായ “സ്വർഗ്ഗീയയെരൂശലേമി”ന്റെയും അതിലെ ആലയ ക്രമീകരണത്തിന്റെയും ഭൗമിക പ്രതിനിധികളാണ്. (എബ്രായർ 12:22, 28; 13:14) ഈ അർഥത്തിൽ അവർ, ഏഴാമത്തെ ലോകശക്തി ചവിട്ടിമെതിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന, “വിശുദ്ധ സ്ഥല”ത്താണ്. (ദാനീയേൽ 8:13, NW) ആ വിശുദ്ധ സ്ഥലത്തെ “[യഹോവയുടെ] വിശുദ്ധമന്ദിരത്തിന്റെ സ്ഥാപിത സ്ഥലം” എന്നും വർണിച്ചുകൊണ്ട് ദാനീയേൽ പറയുന്നു: “അവനിൽ [യഹോവയിൽ] നിന്ന് നിരന്തര സവിശേഷത എടുത്തുമാറ്റപ്പെട്ടു, അവന്റെ വിശുദ്ധമന്ദിരത്തിന്റെ സ്ഥാപിത സ്ഥലം മറിച്ചിടപ്പെട്ടു. അതിക്രമം നിമിത്തം, നിരന്തര സവിശേഷതയോടൊപ്പം ഒരു സൈന്യം തന്നെ ക്രമേണ ഇല്ലാതായി; അതു സത്യത്തെ നിലത്തു തള്ളിയിട്ടുകൊണ്ടിരുന്നു, അതു കാര്യം നടത്തി വിജയിക്കുകയും ചെയ്തു.” (ദാനീയേൽ 8:11, 12, NW) എന്നാൽ ഈ വാക്കുകൾ എങ്ങനെയാണു നിവൃത്തിയേറിയത്?
22. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഏഴാമത്തെ ലോകശക്തി ശ്രദ്ധേയമായ ഒരു “അതിക്രമം” കാട്ടിയത് എങ്ങനെ?
22 രണ്ടാം ലോകമഹായുദ്ധ കാലത്ത് യഹോവയുടെ സാക്ഷികളുടെ അനുഭവം എന്തായിരുന്നു? അവർ അതികഠിനമായ പീഡനം അനുഭവിച്ചു! നാസി-ഫാസിസ്റ്റ് രാജ്യങ്ങളിലാണ് അത് ആരംഭിച്ചത്. എന്നാൽ, ‘അധികാരം വലുതായിത്തീർന്ന ചെറിയ കൊമ്പി’ന്റെ വിശാല സാമ്രാജ്യത്തിൽ ഉടനീളം പെട്ടെന്നുതന്നെ ‘സത്യത്തെ നിലത്തു തള്ളിയിട്ടുകൊണ്ടിരുന്നു.’ രാജ്യഘോഷകരുടെ “സൈന്യ”വും “സുവിശേഷ” പ്രസംഗമാകുന്ന അവരുടെ പ്രവർത്തനവും ബ്രിട്ടീഷ് കോമൺവെൽത്തിൽ എല്ലായിടത്തുംതന്നെ നിരോധിക്കപ്പെട്ടു. (മർക്കൊസ് 13:10) ഈ രാഷ്ട്രങ്ങൾ തങ്ങളുടെ സൈന്യത്തിലേക്ക് ആളുകളെ നിർബന്ധമായി തിരഞ്ഞെടുത്തപ്പോൾ, യഹോവയുടെ സാക്ഷികൾക്കു ശുശ്രൂഷകരെന്ന നിലയിലുള്ള ഇളവ് അനുവദിക്കാൻ വിസമ്മതിച്ചു. അങ്ങനെ അവർ, ദൈവത്തിന്റെ ശുശ്രൂഷകർ എന്ന നിലയിലുള്ള സാക്ഷികളുടെ ദിവ്യാധിപത്യ നിയമനത്തോട് ആദരവു കാട്ടിയില്ല. ഐക്യനാടുകളിൽ യഹോവയുടെ വിശ്വസ്ത ദാസന്മാർ ജനക്കൂട്ടത്തിന്റെ ആക്രമണവും വ്യത്യസ്തതരം അവഹേളനങ്ങളും അനുഭവിച്ചു. ഫലത്തിൽ, തങ്ങളുടെ ആരാധനയുടെ “നിരന്തര സവിശേഷത” എന്ന നിലയിൽ യഹോവയുടെ ജനം പതിവായി അവന് അർപ്പിച്ചുകൊണ്ടിരുന്ന സ്തുതിയാഗം—“അധരഫലം”—എടുത്തു മാറ്റാൻ ഏഴാമത്തെ ലോകശക്തി ശ്രമിച്ചു. (എബ്രായർ 13:15) അങ്ങനെ ആ ലോകശക്തി അത്യുന്നത ദൈവത്തിന്റെ ന്യായയുക്തമായ പ്രദേശം—“അവന്റെ വിശുദ്ധമന്ദിരത്തിന്റെ സ്ഥാപിത സ്ഥലം”—കടന്നാക്രമിച്ച് “അതിക്രമം” കാട്ടി.
23. (എ) രണ്ടാം ലോകമഹായുദ്ധ കാലത്ത് ആംഗ്ലോ-അമേരിക്കൻ ലോകശക്തി “പ്രഭുക്കന്മാരുടെ പ്രഭുവിന് എതിരെ” നിലകൊണ്ടത് എങ്ങനെ? (ബി) ആരാണ് “പ്രഭുക്കന്മാരുടെ പ്രഭു”?
23 രണ്ടാം ലോകമഹായുദ്ധ കാലത്ത് “വിശുദ്ധന്മാരെ” പീഡിപ്പിക്കുക വഴി ചെറിയ കൊമ്പ് “സൈന്യത്തിന്റെ പ്രഭുവിനോട് ഉടനീളം” വലിയ വമ്പുകാട്ടി. അഥവാ ഗബ്രീയേൽ ദൂതൻ പ്രസ്താവിക്കുന്നതു പോലെ, അതു “പ്രഭുക്കന്മാരുടെ പ്രഭുവിന് എതിരെ” നിലകൊണ്ടു. (ദാനീയേൽ 8:11, 25, NW) “പ്രഭുക്കന്മാരുടെ പ്രഭു” എന്ന സ്ഥാനപ്പേര് പൂർണമായും യഹോവയ്ക്കു ബാധകമാകുന്നു. “പ്രഭു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദമായ സാർ “ആധിപത്യം പ്രയോഗിക്കുക” എന്ന് അർഥമുള്ള ഒരു ക്രിയയോടു ബന്ധപ്പെട്ടിരിക്കുന്നു. ഒരു രാജാവിന്റെ പുത്രനെയോ രാജകീയ പദവിയിലുള്ള ഒരുവനെയോ പരാമർശിക്കുന്നതിനു പുറമേ ഈ പദം ഒരു തലവനെ അഥവാ മുഖ്യനെ അർഥമാക്കുന്നു. ദാനീയേൽ പുസ്തകം മറ്റു ദൂത പ്രഭുക്കന്മാരെ കുറിച്ചും പറയുന്നുണ്ട്—ദൃഷ്ടാന്തത്തിനു മീഖായേൽ. എന്നാൽ ആ പ്രഭുക്കന്മാരുടെ എല്ലാം പ്രഭുവായ മുഖ്യൻ ദൈവമാണ്. (ദാനീയേൽ 10:13, 21; സങ്കീർത്തനം 83:18 താരതമ്യം ചെയ്യുക.) പ്രഭുക്കന്മാരുടെ പ്രഭുവായ യഹോവയ്ക്ക് എതിരെ ആർക്കെങ്കിലും നിലകൊള്ളാൻ ആകുമെന്ന് നമുക്കു സങ്കൽപ്പിക്കാനാകുമോ?
“വിശുദ്ധ സ്ഥലം” ശരിയായ അവസ്ഥയിലേക്കു വരുത്തപ്പെടുന്നു
24. ദാനീയേൽ 8:14 നമുക്ക് എന്ത് ഉറപ്പു നൽകുന്നു?
24 പ്രഭുക്കന്മാരുടെ പ്രഭുവിനോട് എതിർത്തു നിൽക്കാൻ ആർക്കും കഴിയില്ല—ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെപ്പോലെ “ഉഗ്രഭാവമുള്ള” ഒരു രാജാവിനു പോലും! ദൈവത്തിന്റെ വിശുദ്ധമന്ദിരം നശിപ്പിക്കാനുള്ള ഈ രാജാവിന്റെ ശ്രമങ്ങൾ വിജയിക്കുന്നില്ല. “രണ്ടായിരത്തി മുന്നൂറു സന്ധ്യകളും പകലുകളും” വരുന്ന ഒരു കാലഘട്ടത്തിനു ശേഷം “വിശുദ്ധ സ്ഥലം അതിന്റെ ശരിയായ അവസ്ഥയിലേക്കു തീർച്ചയായും വരുത്തപ്പെടും” അഥവാ “വിജയം വരിക്കും” എന്ന് ദൂത സന്ദേശവാഹകൻ പറയുന്നു.—ദാനീയേൽ 8:13, 14; ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ.
25. 2,300 ദിവസങ്ങളുടെ പ്രാവചനിക കാലഘട്ടം എത്ര ദീർഘമാണ്, അത് ഏതു സംഭവവുമായി ബന്ധപ്പെട്ടിരിക്കണം?
25 2,300 ദിവസം ഒരു പ്രാവചനിക കാലഘട്ടമാണ്. അതുകൊണ്ട്, 360 ദിവസമുള്ള പ്രാവചനിക വർഷം ഉൾപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 11:2, 3; 12:6, 14) അപ്പോൾ ഈ 2,300 ദിവസങ്ങൾ 6 വർഷവും 4 മാസവും 20 ദിവസവും അടങ്ങുന്ന കാലഘട്ടത്തിനു തുല്യമായിരിക്കും. എന്നാൽ എപ്പോഴായിരുന്നു ഈ കാലഘട്ടം? 1930-കളിൽ ദൈവജനം വിവിധ രാജ്യങ്ങളിൽ വർധിച്ച പീഡനം അനുഭവിക്കാൻ തുടങ്ങി. രണ്ടാം ലോകമഹായുദ്ധ കാലത്ത് യഹോവയുടെ സാക്ഷികൾ ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തിയുടെ ദേശങ്ങളിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. എന്തുകൊണ്ട്? “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്ന അവരുടെ നിഷ്കർഷ നിമിത്തം. (പ്രവൃത്തികൾ 5:29) അതുകൊണ്ട്, 2,300 ദിവസങ്ങൾ ആ യുദ്ധത്തോടു ബന്ധപ്പെട്ടത് ആയിരിക്കണം.b എന്നാൽ ഈ പ്രാവചനിക കാലഘട്ടത്തിന്റെ ആരംഭത്തെയും അവസാനത്തെയും കുറിച്ച് എന്തു പറയാനാകും?
26. (എ) കുറഞ്ഞപക്ഷം എന്നു മുതൽ 2,300 ദിവസങ്ങൾ എണ്ണിത്തുടങ്ങണം? (ബി) 2,300 ദിവസങ്ങളുടെ കാലഘട്ടം എന്നാണ് അവസാനിച്ചത്?
26 യഹോവയുടെ “വിശുദ്ധ സ്ഥലം” അത് ആയിരിക്കേണ്ട അവസ്ഥയിലേക്കു “വരുത്തപ്പെടു”ന്ന അഥവാ പുനഃസ്ഥിതീകരിക്കപ്പെടുന്ന സ്ഥിതിക്ക്, അതു മുമ്പ് ദൈവത്തിന്റെ വീക്ഷണത്തിൽ “ശരിയായ അവസ്ഥയിൽ” ആയിരുന്ന സമയം മുതൽ ആയിരിക്കണം 2,300 ദിവസങ്ങൾ തുടങ്ങിയത്. അത് അപ്രകാരമായിരുന്ന ഏറ്റവും ആദ്യ തീയതി വീക്ഷാഗോപുരം മാസിക (ഇംഗ്ലീഷ്) “സംഘടന” എന്ന ലേഖനത്തിന്റെ 1-ാം ഭാഗം പ്രസിദ്ധീകരിച്ച 1938 ജൂൺ 1 ആയിരുന്നു. അതിന്റെ 2-ാം ഭാഗം 1938 ജൂൺ 15 ലക്കത്തിൽ പ്രത്യക്ഷപ്പെട്ടു. 1938 ജൂൺ 1-ൽ നിന്ന്, അല്ലെങ്കിൽ 15-ൽ നിന്ന് 2,300 ദിവസങ്ങൾ (എബ്രായ കലണ്ടറിൽ 6 വർഷവും 4 മാസവും 20 ദിവസവും) എണ്ണുമ്പോൾ, നാം 1944 ഒക്ടോബർ 8-ൽ, അല്ലെങ്കിൽ 22-ൽ എത്തുന്നു. അപ്പോൾ, അന്നാണ് ആ 2,300 ദിവസങ്ങൾ അവസാനിച്ചത്. 1944 സെപ്റ്റംബർ 30-ഉം ഒക്ടോബർ 1-ഉം തീയതികളിൽ യു.എസ്.എ-യിലുള്ള പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിൽ നടത്തിയ പ്രത്യേക സമ്മേളനത്തിന്റെ പ്രാരംഭ ദിവസം വാച്ച് ടവർ സൊസൈറ്റിയുടെ പ്രസിഡന്റ്, “ദിവ്യാധിപത്യ യഥാസ്ഥാനപ്പെടുത്തൽ ഇന്ന്” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഒക്ടോബർ 2-ന് നടന്ന വാർഷിക കോർപ്പറേറ്റ് യോഗത്തിൽ സൊസൈറ്റിയുടെ ചാർട്ടർ ഭേദഗതി ചെയ്തു. അതിനെ നിയമം അനുവദിക്കുമായിരുന്നിടത്തോളം, ദിവ്യാധിപത്യ ക്രമീകരണത്തോടു യോജിപ്പിൽ വരുത്താനുള്ള ശ്രമമായിരുന്നു അത്. ബൈബിൾ നിബന്ധനകൾ കൂടുതൽ സ്പഷ്ടമായി പ്രസിദ്ധീകരിക്കപ്പെട്ടതോടെ, യഹോവയുടെ സാക്ഷികളുടെ സഭകളിൽ ഉടൻതന്നെ ദിവ്യാധിപത്യ ക്രമീകരണം കൂടുതൽ പൂർണമായി സ്ഥാപിതമായി.
27. രണ്ടാം ലോകമഹായുദ്ധ കാലത്തെ പീഡന വർഷങ്ങളിൽ “നിരന്തര സവിശേഷത” നിയന്ത്രിക്കപ്പെട്ടെന്നുള്ളതിന് എന്തു തെളിവ് ഉണ്ടായിരുന്നു?
27 1939-ൽ തുടങ്ങിയ രണ്ടാം ലോകമഹായുദ്ധ കാലത്ത്, 2,300 ദിവസങ്ങൾ കടന്നുപോകവെ, ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിലെ വഴിപാട് അഥവാ “നിരന്തര സവിശേഷത” പീഡനം നിമിത്തം കർശനമായി നിയന്ത്രിക്കപ്പെട്ടു. 1938-ൽ ഭൂവ്യാപകമായി യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിക്ക് 39 ബ്രാഞ്ചുകൾ ഉണ്ടായിരുന്നു. എന്നാൽ 1943-ഓടെ അവയുടെ എണ്ണം വെറും 21 ആയി കുറഞ്ഞു. ആ കാലത്ത് രാജ്യഘോഷകരുടെ എണ്ണത്തിലെ വർധനവും പരിമിതം ആയിരുന്നു.
28, 29. (എ) രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം അടുത്തുവന്നതോടെ യഹോവയുടെ സംഘടനയിൽ എന്തു സംഭവവികാസങ്ങൾ ഉണ്ടായി? (ബി) “വിശുദ്ധ സ്ഥലം” ശൂന്യമാക്കി നശിപ്പിക്കാനുള്ള എതിരാളിയുടെ കുടില ശ്രമങ്ങളെക്കുറിച്ച് എന്തു പറയാവുന്നതാണ്?
28 നാം കണ്ടുകഴിഞ്ഞതു പോലെ, രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന മാസങ്ങളിൽ യഹോവയുടെ സാക്ഷികൾ, ഒരു ദിവ്യാധിപത്യ സംഘടന എന്ന നിലയിൽ ദൈവത്തെ സേവിച്ചുകൊണ്ട് അവന്റെ ഭരണാധിപത്യത്തെ മഹത്ത്വീകരിക്കാനുള്ള തങ്ങളുടെ നിശ്ചയം പുനഃദൃഢീകരിച്ചു. ഈ ലക്ഷ്യത്തോടെ ആയിരുന്നു അവർ 1944-ൽ തങ്ങളുടെ വേലയുടെയും ഭരണ സംവിധാനത്തിന്റെയും പുനഃക്രമീകരണത്തിനു തുടക്കം കുറിച്ചത്. വാസ്തവത്തിൽ, “അന്തിമ വേലയ്ക്കായി സംഘടിതർ” എന്നായിരുന്നു 1944 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) ഒരു ലേഖനത്തിന്റെ വിഷയം. ഇതും ആ കാലത്തെ മറ്റു സേവനോന്മുഖ ലേഖനങ്ങളും, 2,300 ദിവസങ്ങൾ അവസാനിച്ചെന്നും “വിശുദ്ധ സ്ഥലം” വീണ്ടും അതിന്റെ “ശരിയായ അവസ്ഥയിൽ” ആണെന്നും സൂചിപ്പിച്ചു.
29 “വിശുദ്ധ സ്ഥല”ത്തെ ശൂന്യമാക്കി നശിപ്പിക്കാനുള്ള ശത്രുവിന്റെ കുടില ശ്രമം പാടേ പരാജയപ്പെട്ടു. തീർച്ചയായും, ഭൂമിയിലെ ശേഷിക്കുന്ന “വിശുദ്ധന്മാരും” അവരുടെ സഹകാരികളായ “മഹാപുരുഷാര”വും വിജയശ്രീലാളിതരായി. (വെളിപ്പാടു 7:9) വിശുദ്ധമന്ദിരം, അതിന്റെ ശരിയായ ദിവ്യാധിപത്യ അവസ്ഥയിൽ, യഹോവയ്ക്കു വിശുദ്ധ സേവനം അർപ്പിക്കുന്നതിൽ തുടരുന്നു.
30. “ഉഗ്രഭാവമുള്ള രാജാവിന്” താമസിയാതെ എന്തു സംഭവിക്കും?
30 ആംഗ്ലോ-അമേരിക്കൻ ലോകശക്തി ഇപ്പോഴും അതിന്റെ സ്ഥാനം നിലനിർത്തുന്നു. എന്നാൽ അതു “തകർക്കപ്പെടും; അതു മനുഷ്യകരംകൊണ്ടായിരിക്കില്ല” എന്ന് ഗബ്രീയേൽ ദൂതൻ പറഞ്ഞു. (ദാനീയേൽ 8:25, ഓശാന ബൈ.) പെട്ടെന്നുതന്നെ, ബൈബിൾ പ്രവചനത്തിലെ ഈ ഏഴാമത്തെ ലോകശക്തി—‘ഉഗ്രഭാവമുള്ള രാജാവ്’—തകർക്കപ്പെടും, മാനുഷ കരങ്ങൾകൊണ്ട് അല്ല മറിച്ച് അർമഗെദോനിലെ അമാനുഷ ശക്തിയാൽ. (ദാനീയേൽ 2:44; വെളിപ്പാടു 16:14, 16) യഹോവയാം ദൈവത്തിന്റെ, പ്രഭുക്കന്മാരുടെ പ്രഭുവിന്റെ, പരമാധികാരം അപ്പോൾ സംസ്ഥാപിക്കപ്പെടുമെന്ന് അറിയുന്നത് എത്ര പുളകപ്രദമാണ്!
[അടിക്കുറിപ്പുകൾ]
a ഈജിപ്ത്, അസീറിയ, ബാബിലോണിയ, മേദോ-പേർഷ്യ, ഗ്രീസ്, റോം, ആംഗ്ലോ-അമേരിക്കൻ ദ്വിലോകശക്തി എന്നിവയാണ് തിരുവെഴുത്തുപരമായി പ്രത്യേക പ്രാധാന്യമുള്ള ഏഴു ലോകശക്തികൾ. യഹോവയുടെ ജനവുമായുള്ള അവയുടെ ഇടപെടലുകൾ നിമിത്തമാണ് അവ പ്രത്യേക ശ്രദ്ധ അർഹിക്കുന്നത്.
b ‘അത്യുന്നതനായവന്റെ വിശുദ്ധന്മാർ തുടർച്ചയായി ഉപദ്രവിക്കപ്പെടുന്ന’ ഒരു കാലഘട്ടത്തെ കുറിച്ച് ദാനീയേൽ 7:25-ഉം [NW] പറയുന്നു. കഴിഞ്ഞ അധ്യായത്തിൽ വിശദീകരിച്ചതു പോലെ, അത് ഒന്നാം ലോകമഹായുദ്ധത്തോടു ബന്ധപ്പെട്ടതായിരുന്നു.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• പിൻവരുന്നവ എന്തിനെ ചിത്രീകരിക്കുന്നു,
“രണ്ടുകൊമ്പുള്ള ആട്ടുകൊററൻ”?
“വലിയ കൊമ്പു”ള്ള “പരുപരുത്ത കോലാട്ടുകൊററൻ”?
‘വലിയ കൊമ്പി’ന്റെ സ്ഥാനത്തു മുളച്ചുവരുന്ന നാലു കൊമ്പുകൾ?
നാലു കൊമ്പുകളിൽ ഒന്നിൽനിന്നു മുളച്ചുവന്ന ചെറിയ കൊമ്പ്?
• രണ്ടാം ലോകമഹായുദ്ധ കാലത്ത് ആംഗ്ലോ-അമേരിക്കൻ ലോകശക്തി “വിശുദ്ധ സ്ഥലം” ശൂന്യമാക്കാൻ ശ്രമിച്ചത് എങ്ങനെ, അതു വിജയിച്ചോ?
[166-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
മേദോ-പേർഷ്യൻ സാമ്രാജ്യം
മാസിഡോണിയ
ഈജിപ്ത്
മെംഫിസ്
എത്യോപ്യ
യെരൂശലേം
ബാബിലോൺ
അഹ്മെഥാ
സുസാ
പെർസെപൊലിസ്
ഇന്ത്യ
[169-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഗ്രീക്കു സാമ്രാജ്യം
മാസിഡോണിയ
ഈജിപ്ത്
ബാബിലോൺ
സിന്ധു നദി
[172-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
റോമാ സാമ്രാജ്യം
ബ്രിട്ടാനിയ
ഇറ്റലി
റോം
യെരൂശലേം
ഈജിപ്ത്
[164-ാം പേജ് നിറയെയുള്ള ചിത്രം]
[174-ാം പേജിലെ ചിത്രങ്ങൾ]
ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ ചില പ്രമുഖ നേതാക്കൾ:
1. ജോർജ് വാഷിങ്ടൺ, പ്രഥമ യു.എസ്. പ്രസിഡന്റ് (1789-97)
2. ബ്രിട്ടനിലെ വിക്ടോറിയാ രാജ്ഞി (1837-1901)
3. വുഡ്രോ വിൽസൺ, യു.എസ്. പ്രസിഡന്റ് (1913-21)
4. ഡേവിഡ് ലോയ്ഡ് ജോർജ്, ബ്രിട്ടീഷ് പ്രധാനമന്ത്രി (1916-22)
5. വിൻസ്റ്റൺ ചർച്ചിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി (1940-45, 1951-55)
6. ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ്, യു.എസ്. പ്രസിഡന്റ് (1933-45)