ബൈബിൾ പുസ്തക നമ്പർ 16—നെഹെമ്യാവ്
എഴുത്തുകാരൻ: നെഹെമ്യാവ്
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 443-നുശേഷം
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 456-443-നുശേഷം
1. നെഹെമ്യാവ് വിശ്വാസമർപ്പിക്കപ്പെട്ട ഏതു സ്ഥാനം വഹിച്ചു, അവന്റെ മനസ്സിൽ എന്ത് അതിപ്രമുഖമായി നിലനിന്നിരുന്നു?
നെഹെമ്യാവ് പേർഷ്യൻരാജാവായ അർഥഹ്ശഷ്ടാവിന്റെ (ലോംഗിമാനസ്) ഒരു യഹൂദ സേവകൻ ആയിരുന്നു, അവന്റെ പേരിന്റെ അർഥം “യാഹ് ആശ്വസിപ്പിക്കുന്നു” എന്നാണ്. അവൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു. ഇതു വലിയ വിശ്വാസവും ബഹുമാനവും ആവശ്യമായിരുന്ന അഭികാമ്യമായ ഒരു സ്ഥാനമായിരുന്നു, കാരണം ഇതു രാജാവ് ഒരു സന്തുഷ്ട മനസ്ഥിതിയിലായി ഉപകാരങ്ങൾ ചെയ്യാൻ സന്നദ്ധനായിരിക്കുന്ന സമയങ്ങളിൽ അവന്റെ മുമ്പാകെ പ്രവേശനമനുവദിച്ചു. എന്നിരുന്നാലും, നെഹെമ്യാവ് വ്യക്തിപരമായ ഏതു “സന്തോഷകാരണ”ത്തിനുമുപരി യെരുശലേമിനെ കൂടുതലിഷ്ടപ്പെട്ട വിശ്വസ്ത പ്രവാസികളിൽ ഒരുവനായിരുന്നു. (സങ്കീ. 137:5, 6, NW) നെഹെമ്യാവിന്റെ ചിന്തകളിൽ ഏററവും മുന്തിനിന്നിരുന്നതു സ്ഥാനമോ ഭൗതികസ്വത്തോ അല്ല, പിന്നെയോ യഹോവയുടെ ആരാധനയുടെ പുനഃസ്ഥാപനമായിരുന്നു.
2. ഏതു സങ്കടകരമായ അവസ്ഥ നെഹെമ്യാവിനെ ദുഃഖിപ്പിച്ചു, എന്നാൽ ഏതു നിയമിത കാലം അടുത്തുവരികയായിരുന്നു?
2 പൊ.യു.മു. 456-ൽ “പ്രവാസത്തിൽനിന്നു തെററി ഒഴിഞ്ഞു” യെരുശലേമിലേക്കു തിരിച്ചുപോയിരുന്ന യഹൂദശേഷിപ്പ് അഭിവൃദ്ധിപ്പെടുകയല്ലായിരുന്നു. അവർ പരിതാപകരമായ ഒരു അവസ്ഥയിലായിരുന്നു. (നെഹെ. 1:3) നഗരത്തിന്റെ മതിൽ ഇടിഞ്ഞുകിടന്നിരുന്നു, ജനം എക്കാലത്തുമുളള ശത്രുക്കളുടെ ദൃഷ്ടിയിൽ നിന്ദാർഹരായിരുന്നു. നെഹെമ്യാവ് ദുഃഖിതനായിരുന്നു. എന്നിരുന്നാലും, അതു യെരുശലേമിന്റെ മതിൽ സംബന്ധിച്ച് എന്തെങ്കിലും ചെയ്യുന്നതിനുളള യഹോവയുടെ നിശ്ചിതസമയമായിരുന്നു. ശത്രുക്കളുണ്ടെങ്കിലും ഇല്ലെങ്കിലും, മിശിഹായുടെ വരവുസംബന്ധിച്ചു യഹോവ ദാനിയേലിനു കൊടുത്തിരുന്ന ഒരു പ്രവചനത്തോടുളള ബന്ധത്തിൽ സംരക്ഷകമതിലോടുകൂടിയ യെരുശലേം ഒരു സമയസൂചകമെന്നോണം പണിയപ്പെടേണ്ടിയിരുന്നു. (ദാനീ. 9:24-27) അതനുസരിച്ച്, ദിവ്യേഷ്ടം നിറവേററുന്നതിനു വിശ്വസ്തതയും തീക്ഷ്ണതയുമുണ്ടായിരുന്ന നെഹെമ്യാവിനെ ഉപയോഗിച്ചുകൊണ്ടു യഹോവ സംഭവങ്ങളെ നയിച്ചു.
3. (എ) നെഹെമ്യാവാണ് എഴുത്തുകാരനെന്നു തെളിയിക്കുന്നതെന്ത്, പുസ്തകം നെഹെമ്യാവ് എന്നു വിളിക്കപ്പെടാനിടയായതെങ്ങനെ? (ബി) ഏത് ഇടവേള ഈ പുസ്തകത്തെ എസ്രായുടെ പുസ്തകത്തിൽനിന്നു വേർതിരിക്കുന്നു, നെഹെമ്യാവിന്റെ പുസ്തകം ഏതു വർഷങ്ങളെ ഉൾപ്പെടുത്തുന്നു?
3 നെഹെമ്യാവാണ് അദ്ദേഹത്തിന്റെ പേർവഹിക്കുന്ന പുസ്തകത്തിന്റെ എഴുത്തുകാരനെന്നതിനു സംശയമില്ല. “ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ ചരിത്രം” എന്ന പ്രാരംഭപ്രസ്താവനയും രചനയിലെ പ്രഥമപുരുഷ സർവനാമത്തിന്റെ ഉപയോഗവും ഇതു വ്യക്തമായി തെളിയിക്കുന്നു. (നെഹെ. 1:1) ആദ്യം എസ്രായുടെയും നെഹെമ്യാവിന്റെയും പുസ്തകങ്ങൾ എസ്രാ എന്നു വിളിക്കപ്പെട്ട ഒരു പുസ്തകമായിരുന്നു. പിന്നീടു യഹൂദൻമാർ ഒന്നും രണ്ടും എസ്രാ എന്ന പേരുകളിൽ പുസ്തകത്തെ വിഭജിച്ചു. കുറേക്കൂടെ കഴിഞ്ഞ് രണ്ട് എസ്രാ നെഹെമ്യാവ് എന്നറിയപ്പെട്ടു. എസ്രായിലെ അവസാനസംഭവങ്ങൾക്കും നെഹെമ്യാവിലെ പ്രാരംഭസംഭവങ്ങൾക്കുമിടയിൽ 12 വർഷത്തെ ഒരു ഇടവേള ഉണ്ട്, പിന്നീട് അതിലെ ചരിത്രം പൊ.യു.മു. 456-ന്റെ അവസാനംമുതൽ പൊ.യു.മു. 443-നുശേഷംവരെയുളള കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു.—1:1; 5:14; 13:6.
4. നെഹെമ്യാവിന്റെ പുസ്തകം തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗത്തോടു പൊരുത്തപ്പെടുന്നതെങ്ങനെ?
4 നെഹെമ്യാവിന്റെ പുസ്തകം ശേഷിച്ച നിശ്വസ്ത തിരുവെഴുത്തുകളോടു യോജിപ്പിലാണ്, അതു സമുചിതമായി അതിന്റെ ഭാഗമാണ്. അതിൽ അന്യജനതകളുമായുളള വിവാഹസഖ്യങ്ങൾ (ആവ. 7:3; നെഹെ. 10:30), വായ്പകൾ (ലേവ്യ. 25:35-38; ആവ. 15:7-11; നെഹെ. 5:2-11), കൂടാരപ്പെരുന്നാൾ (ആവ. 31:10-13; നെഹെ. 8:14-18) എന്നിവപോലെയുളള കാര്യങ്ങളെ പരാമർശിക്കുന്ന ന്യായപ്രമാണത്തിന്റെ നിരവധി പരാമർശങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ, ഈ പുസ്തകം എതിർപ്പില്ലാതെയല്ല, പിന്നെയോ “കഷ്ടകാലങ്ങളിൽ തന്നേ” യെരുശലേം പുനർനിർമിക്കപ്പെടുമെന്നുളള ദാനിയേലിന്റെ പ്രവചനത്തിന്റെ നിവൃത്തിയുടെ തുടക്കത്തെ സൂചിപ്പിക്കുന്നു.—ദാനീ. 9:25.
5. (എ) ഏത് ഉറവുകളിൽനിന്നുളള തെളിവ് അർഥഹ്ശഷ്ടാവിന്റെ സിംഹാസനാരോഹണവർഷം പൊ.യു.മു. 475 ആണെന്നു വ്യക്തമായി സൂചിപ്പിക്കുന്നു? (ബി) ഏതു തീയതി അവന്റെ 20-ാം വർഷത്തെ സൂചിപ്പിക്കുന്നു? (സി) നെഹെമ്യാവിന്റെയും ലൂക്കോസിന്റെയും പുസ്തകങ്ങൾ മിശിഹായെ സംബന്ധിച്ച ദാനിയേലിന്റെ പ്രവചനത്തിന്റെ നിവൃത്തിയോടു ബന്ധപ്പെടുന്നതെങ്ങനെ?
5 നഗരമതിൽ പണിയാൻ യെരുശലേമിലേക്കുളള നെഹെമ്യാവിന്റെ യാത്രയുടെ, പൊ.യു.മു. 455 എന്ന തീയതിസംബന്ധിച്ചെന്ത്? ഗ്രീക്ക്, പേർഷ്യൻ, ബാബിലോന്യൻ മൂലപ്രമാണങ്ങളിൽനിന്നുളള ആശ്രയയോഗ്യമായ ചരിത്രത്തെളിവ് അർഥഹ്ശഷ്ടാവിന്റെ സിംഹാസനാരോഹണവർഷമായി പൊ.യു.മു. 475-ലേക്കും അവന്റെ വാഴ്ചയുടെ ആദ്യ വർഷമായി പൊ.യു.മു. 474-ലേക്കും വിരൽചൂണ്ടുന്നു.a ഇത് അവന്റെ ഇരുപതാം വർഷം പൊ.യു.മു. 455 ആക്കും. ആ വർഷത്തിലെ വസന്തത്തിൽ, യഹൂദമാസമായ നീസാനിൽ, ആയിരുന്നു രാജകീയ പാനപാത്രവാഹകനായ നെഹെമ്യാവിനു യെരുശലേമും അതിന്റെ മതിലും അതിന്റെ പടിവാതിലുകളും പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുളള അനുവാദം രാജാവിൽനിന്നു കിട്ടിയതെന്ന് നെഹെമ്യാവ് 2:1-8 സൂചിപ്പിക്കുന്നു. “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭു [“നേതാവാം മിശിഹാ,” NW] വരെ” വർഷങ്ങളുടെ 69 ആഴ്ചകൾ അഥവാ 483 വർഷം ചെല്ലുമെന്നു ദാനിയേലിന്റെ പ്രവചനം പ്രസ്താവിച്ചു—മതേതരവും ബൈബിൾപരവുമായ ചരിത്രത്തോടു പൊരുത്തപ്പെടുത്താവുന്ന ഒരു തീയതിയായ പൊ.യു. 29-ൽ നടന്ന യേശുവിന്റെ അഭിഷേകത്തിൽ ശ്രദ്ധേയമായി നിവൃത്തിയേറിയ ഒരു പ്രവചനംതന്നെ.b (ദാനീ. 9:24-27; ലൂക്കൊ. 3:1-3, 23) തീർച്ചയായും, നെഹെമ്യാവിന്റെയും ലൂക്കോസിന്റെയും പുസ്തകങ്ങൾ സത്യപ്രവചനം ഉളവാക്കുന്നവനും നിവർത്തിക്കുന്നവനും യഹോവയാം ദൈവമാണെന്നു പ്രകടമാക്കുന്നതിൽ ദാനിയേലിന്റെ പ്രവചനത്തോടു ശ്രദ്ധേയമായി ബന്ധപ്പെടുന്നു! നെഹെമ്യാവ് സത്യമായി നിശ്വസ്തതിരുവെഴുത്തുകളുടെ ഒരു ഭാഗമാണ്.
നെഹെമ്യാവിന്റെ ഉളളടക്കം
6. (എ) ഏതു വാർത്ത യഹോവയോടു നെഹെമ്യാവു പ്രാർഥിക്കാനിടയാക്കുന്നു, ഏത് അപേക്ഷ രാജാവ് അനുവദിച്ചുകൊടുക്കുന്നു? (ബി) യഹൂദൻമാർ നെഹെമ്യാവിന്റെ പദ്ധതിയോടു പ്രതികരിക്കുന്നത് എങ്ങനെ?
6 നെഹെമ്യാവ് യെരുശലേമിലേക്ക് അയയ്ക്കപ്പെടുന്നു (1:1–2:20). യെരുശലേമിലെ യഹൂദൻമാരുടെ ഗുരുതരമായ അവസ്ഥയെയും മതിലിന്റെയും പടിവാതിലുകളുടെയും തകർന്ന അവസ്ഥയെയും കുറിച്ചുളള വർത്തമാനങ്ങളുമായി അവിടെനിന്നു ശൂശനിൽ തിരിച്ചെത്തിയിരിക്കുന്ന ഹനാനിയിൽനിന്നു കിട്ടിയ ഒരു വാർത്തയിൽ നെഹെമ്യാവ് അതിയായി അസ്വസ്ഥനാകുന്നു. അവൻ ഉപവസിച്ച് ‘സ്വർഗ്ഗത്തിലെ ദൈവമായി തന്നെ സ്നേഹിച്ചു തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ’ യഹോവയോടു പ്രാർഥിക്കുന്നു. (1:5) അവൻ ഇസ്രായേലിന്റെ പാപങ്ങൾ ഏററുപറയുകയും മോശയോടു വാഗ്ദത്തംചെയ്തതുപോലെ തന്റെ നാമം നിമിത്തം തന്റെ ജനത്തെ ഓർക്കാൻ യഹോവയോട് അപേക്ഷിക്കുകയും ചെയ്യുന്നു. (ആവ. 30:1-10) നെഹെമ്യാവിന്റെ മ്ലാനമായ മുഖഭാവത്തിന്റെ കാരണമെന്തെന്നു രാജാവ് അവനോടു ചോദിക്കുമ്പോൾ, നെഹെമ്യാവു യെരുശലേമിന്റെ അവസ്ഥയെക്കുറിച്ച് അവനോടു പറയുകയും മടങ്ങിപ്പോയി നഗരവും അതിന്റെ മതിലും പണിയാൻ അനുവാദം ചോദിക്കുകയും ചെയ്യുന്നു. അവന്റെ അപേക്ഷ അനുവദിക്കപ്പെടുന്നു, പെട്ടെന്നുതന്നെ അവൻ യെരുശലേമിലേക്കു യാത്ര ചെയ്യുന്നു. തന്റെ മുമ്പാകെയുളള വേല പരിചിതമാക്കുന്നതിനു നഗരമതിലിന്റെ ഒരു രാത്രികാല പരിശോധനക്കുശേഷം അവൻ ഈ സംഗതിയിലെ ദൈവത്തിന്റെ കൈ ഊന്നിപ്പറഞ്ഞുകൊണ്ടു തന്റെ പദ്ധതി യഹൂദൻമാരോടു വെളിപ്പെടുത്തുന്നു. ഇതിങ്കൽ അവർ: “നാം എഴുന്നേററു പണിയുക” എന്നു പറയുന്നു. (നെഹെ. 2:18) സമീപത്തുളള ശമര്യക്കാരും മററുളളവരും, വേല തുടങ്ങിയതായി കേൾക്കുമ്പോൾ നിന്ദിക്കാനും പരിഹസിക്കാനും തുടങ്ങുന്നു.
7. വേല എങ്ങനെ പുരോഗമിക്കുന്നു, ഏതു സാഹചര്യം പുനഃസംഘടന ആവശ്യമാക്കിത്തീർക്കുന്നു?
7 മതിൽ പുനർനിർമിക്കുന്നു (3:1–6:19). അഞ്ചാം മാസത്തിന്റെ മൂന്നാം ദിവസം മതിലിന്റെ പണി തുടങ്ങുന്നു, പുരോഹിതൻമാരും പ്രഭുക്കൻമാരും ജനവും ഒരുമിച്ചു പണിയിൽ പങ്കുപററുന്നു. നഗരപടിവാതിലുകളും ഇടയ്ക്കുളള മതിലുകളും സത്വരം കേടുപോക്കപ്പെടുന്നു. “ഈ ദുർബ്ബലൻമാരായ യെഹൂദൻമാർ എന്തു ചെയ്വാൻ പോകുന്നു. . . ഒരു ദിവസംകൊണ്ടു പണിതീർത്തുകളയുമോ?” എന്നു ഹോരോന്യനായ സൻബെല്ലത്ത് പരിഹസിക്കുന്നു. അമ്മോന്യനായ തോബീയാവ് തന്റെ പരിഹാസം കൂട്ടുന്നു: “അവർ എങ്ങനെ പണിതാലും ഒരു കുറുക്കൻ കയറിയാൽ അവരുടെ കൻമതിൽ ഉരുണ്ടുവീഴും.” (4:2, 3) മതിൽ പാതി ഉയരുമ്പോൾ സംയുക്തശത്രുക്കൾ കുപിതരാകുകയും പോയി യെരുശലേമിനെതിരെ യുദ്ധംചെയ്യാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. എന്നാൽ “വലിയവനും ഭയങ്കരനുമായ യഹോവ”യെ ഓർക്കാനും തങ്ങളുടെ കുടുംബങ്ങൾക്കും ഭവനങ്ങൾക്കുംവേണ്ടി പോരാടാനും നെഹെമ്യാവ് യഹൂദൻമാരെ ഉദ്ബോധിപ്പിക്കുന്നു. (4:14) സംഘർഷപൂരിതമായ സാഹചര്യത്തെ നേരിടാൻ വേല പുനഃസംഘടിപ്പിക്കപ്പെടുന്നു; ചിലർ തങ്ങളുടെ വേലുമായി കാവൽനിൽക്കുന്നു, അതേസമയം മററുളളവർ തങ്ങളുടെ വാൾ അരയ്ക്കുകെട്ടി വേലചെയ്യുന്നു.
8. നെഹെമ്യാവു യഹൂദൻമാരുടെ ഇടയിൽത്തന്നെയുളള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതെങ്ങനെ?
8 എന്നിരുന്നാലും, യഹൂദൻമാരുടെ ഇടയിൽത്തന്നെയും പ്രശ്നങ്ങളുണ്ട്. അവരിൽ ചിലർ യഹോവയുടെ സഹാരാധകരിൽനിന്നു നിയമവിരുദ്ധമായി അന്യായപ്പലിശ ഈടാക്കുകയാണ്. (പുറ. 22:25) നെഹെമ്യാവ് ഭൗതികത്വത്തിനെതിരെ ബുദ്ധ്യുപദേശം കൊടുത്തുകൊണ്ടു സാഹചര്യം നേരെയാക്കുന്നു. ജനം മനസ്സോടെ അനുസരിക്കുന്നു. നെഹെമ്യാവുതന്നെ പൊ.യു.മു. 455 മുതൽ പൊ.യു.മു. 443 വരെയുളള തന്റെ 12 വർഷത്തെ ഭരണത്തിനിടയ്ക്കു ജനങ്ങളുടെ കഠിനവേല നിമിത്തം ഗവർണറുടെ ഉപജീവനം ഒരിക്കലും ആവശ്യപ്പെടുന്നില്ല.
9. (എ) പണി നിർത്തുന്നതിനുളള കുടില തന്ത്രങ്ങളെ നെഹെമ്യാവ് എങ്ങനെ നേരിടുന്നു? (ബി) ഏതു സമയംകൊണ്ടു മതിൽ പൂർത്തീകരിക്കപ്പെടുന്നു?
9 ശത്രുക്കൾ ഇപ്പോൾ പണി നിർത്തിക്കുന്നതിനു കൂടുതൽ കുടിലമായ തന്ത്രങ്ങൾ പ്രയോഗിക്കുന്നു. അവർ ഒരു കൂടിവരവിനു നെഹെമ്യാവിനെ ക്ഷണിക്കുന്നു, എന്നാൽ താൻ ചെയ്തുകൊണ്ടിരിക്കുന്ന മഹത്തായ വേലയിൽനിന്ന് അതിനു സമയമെടുക്കാൻ കഴിയില്ലെന്ന് അവൻ മറുപടി പറയുന്നു. സൻബെല്ലത്ത് ഇപ്പോൾ നെഹെമ്യാവു മത്സരിക്കുന്നതായും തന്നേത്തന്നെ യഹൂദയിലെ രാജാവാക്കാൻ പദ്ധതിയിടുന്നതായും കുററമാരോപിക്കുന്നു. നെഹെമ്യാവ് തെററായി ആലയത്തിൽ ഒളിച്ചിരിക്കത്തക്കവണ്ണം അവനെ ഭയപ്പെടുത്തുന്നതിന് അയാൾ ഒരു യഹൂദനെ രഹസ്യമായി കൂലിക്കെടുക്കുന്നു. നെഹെമ്യാവു ഭയപ്പെടുന്നില്ല, അവൻ ശാന്തമായും അനുസരണപൂർവവും തന്റെ ദൈവനിയമിതവേലയിൽ ഏർപ്പെടുന്നു. “അമ്പത്തിരണ്ടു ദിവസം”കൊണ്ടു മതിൽ പൂർത്തിയാവുന്നു.—നെഹെ. 6:15.
10. (എ) ജനം എവിടെ വസിക്കുന്നു, ഏതു പേർചാർത്തൽ നടത്തുന്നു? (ബി) ഇപ്പോൾ ഏതു സമ്മേളനം വിളിച്ചുകൂട്ടുന്നു, ഒന്നാം ദിവസത്തെ പരിപാടി എന്താണ്?
10 ജനത്തെ പ്രബോധിപ്പിക്കുന്നു (7:1–12:26) നഗരത്തിനുളളിൽ തീരെ കുറച്ച് ആളുകളും വീടുകളുമേയുളളു, കാരണം മിക്ക ഇസ്രായേല്യരും തങ്ങളുടെ ഗോത്രപരമായ അവകാശങ്ങളനുസരിച്ചു പുറത്തു പാർക്കുകയാണ്. വംശാവലിപ്രകാരം പേർചാർത്തുന്നതിനു പ്രഭുക്കൻമാരെയും സർവജനത്തെയും കൂട്ടിവരുത്താൻ ദൈവം നെഹെമ്യാവിനോടു നിർദേശിക്കുന്നു. ഇതു ചെയ്യുമ്പോൾ, അവൻ ബാബിലോനിൽനിന്നു മടങ്ങിപ്പോന്നവരുടെ രേഖ പരിശോധിക്കുന്നു. അടുത്തതായി നീർവാതിലിനടുത്തുളള പൊതുചത്വരത്തിൽ എട്ടുദിവസത്തെ ഒരു സമ്മേളനം വിളിച്ചുകൂട്ടുന്നു. എസ്രാ തടികൊണ്ടുളള ഒരു പ്രസംഗപീഠത്തിൽനിന്നു പരിപാടി ആരംഭിക്കുന്നു. അവൻ യഹോവയെ വാഴ്ത്തുകയും പ്രഭാതംമുതൽ മധ്യാഹ്നംവരെ മോശയുടെ ന്യായപ്രമാണപുസ്തകത്തിൽനിന്നു വായിക്കുകയും ചെയ്യുന്നു. അവനെ മററു ലേവ്യർ സമർഥമായി സഹായിക്കുന്നു, അവർ ജനത്തിനു ന്യായപ്രമാണം വിശദീകരിച്ചുകൊടുക്കുകയും തുടർന്നു ‘ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചതു ഗ്രഹിപ്പാൻതക്കവണ്ണം അർഥം പറഞ്ഞുകൊടുക്കയും ചെയ്യുന്നു.’ (8:8) വിരുന്നുകഴിക്കാനും സന്തോഷിക്കാനും “യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നു” എന്ന വാക്കുകളുടെ ശക്തിയെ വിലമതിക്കാനും നെഹെമ്യാവു ജനത്തെ പ്രോത്സാഹിപ്പിക്കുന്നു.—8:10.
11. രണ്ടാം ദിവസം ഏതു പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടുന്നു, സമ്മേളനം സന്തോഷത്തോടെ പുരോഗിക്കുന്നത് എങ്ങനെ?
11 സമ്മേളനത്തിന്റെ രണ്ടാം ദിവസം, ന്യായപ്രമാണത്തിൽ ഉൾക്കാഴ്ച നേടാൻ ജനത്തിന്റെ തലവൻമാർ എസ്രായുമായി ഒരു യോഗം നടത്തുന്നു. അവർ ഈ ഏഴാം മാസത്തിൽതന്നെ ആഘോഷിക്കേണ്ട കൂടാരപ്പെരുന്നാളിനെക്കുറിച്ചു മനസ്സിലാക്കുന്നു, ഉടൻതന്നെ അവർ യഹോവക്കുളള ഈ ഉത്സവം നടത്തുന്നതിനു കൂടാരങ്ങൾ നിർമിക്കാൻ ക്രമീകരണം ചെയ്യുന്നു. അവർ ദിവസവും ന്യായപ്രമാണത്തിന്റെ വായന കേട്ടുകൊണ്ട് ഈ ഏഴു ദിവസം കൂടാരങ്ങളിൽ വസിക്കുമ്പോൾ “ഏററവും വലിയ സന്തോഷം” ഉണ്ട്. എട്ടാം ദിവസം, അവർ “നിയമപ്രകാരം” ഒരു പാവനമായ സമ്മേളനം നടത്തുന്നു.—നെഹെ. 8:17, 18; ലേവ്യ. 23:33-36.
12. (എ) ഏതു സമ്മേളനം പിന്നീട് അതേ മാസത്തിൽ നടത്തുന്നു, ഏതു വിഷയത്തോടെ? (ബി) ഏതു പ്രമേയം അംഗീകരിക്കുന്നു? (സി) യെരുശലേമിൽ ജനപാർപ്പുണ്ടാക്കുന്നതിന് ഏതു ക്രമീകരണം ചെയ്യുന്നു?
12 അതേ മാസത്തിന്റെ 24-ാം ദിവസം ഇസ്രായേൽപുത്രൻമാർ വീണ്ടും സമ്മേളിക്കുകയും സകല അന്യജനതകളിൽനിന്നും തങ്ങളേത്തന്നെ വേർപെടുത്താൻ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. അവർ ന്യായപ്രമാണത്തിന്റെ ഒരു പ്രത്യേക വായനയും അനന്തരം ലേവ്യരുടെ ഒരു സംഘം അവതരിപ്പിച്ച, ഇസ്രായേല്യരുമായുളള ദൈവത്തിന്റെ ഇടപെടലുകളുടെ ഉളളറിയുന്ന ഒരു പുനരവലോകനവും ശ്രദ്ധിക്കുന്നു. ഇതിന്റെ പ്രതിപാദ്യവിഷയം ഇതാണ്: “നിങ്ങൾ എഴുന്നേററു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകല പ്രശംസെക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന നിന്റെ മഹത്വമുളള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.” (നെഹെ. 9:5) അവർ തങ്ങളുടെ പൂർവപിതാക്കൻമാരുടെ പാപങ്ങൾ ഏററുപറയാനും വിനീതമായി യഹോവയുടെ അനുഗ്രഹത്തിന് അഭ്യർഥിക്കാനും തുടങ്ങുന്നു. ഇതു ജനതയുടെ പ്രതിനിധികളുടെ മുദ്രകൊണ്ടു സാക്ഷ്യപ്പെടുത്തിയ ഒരു പ്രമേയത്തിന്റെ രൂപത്തിലാണ്. ദേശത്തെ ജനങ്ങളുമായി മിശ്രവിവാഹം നടത്താതിരിക്കാമെന്നും ശബത്തുകൾ അനുഷ്ഠിക്കാമെന്നും ആലയസേവനത്തിനും വേലക്കാർക്കും വേണ്ടതു നൽകാമെന്നും മുഴുസംഘവും സമ്മതിക്കുന്നു. യെരുശലേമിൽ മതിലിനുളളിൽ സ്ഥിരമായി വസിക്കുന്നതിന് ഓരോ പത്തുപേരിലും ഒരാൾവീതം ചീട്ടിട്ടു തിരഞ്ഞെടുക്കപ്പെടുന്നു.
13. ഏതു സമ്മേളന പരിപാടി മതിലിന്റെ സമർപ്പണത്തെ കുറിക്കുന്നു, തത്ഫലമായി ഏതു ക്രമീകരണങ്ങൾ ചെയ്യുന്നു?
13 മതിൽ സമർപ്പിക്കപ്പെടുന്നു (12:27–13:3). പുതുതായി പണികഴിപ്പിച്ച മതിലിന്റെ സമർപ്പണം ഗീതാലാപനത്തിനും സന്തോഷത്തിനുമുളള ഒരു സമയമാകുന്നു. ഇതു മറെറാരു സമ്മേളനത്തിനുളള അവസരമാണ്. എതിർദിശകളിൽ മതിലിൽ നടക്കുന്നതും ഒടുവിൽ യഹോവയുടെ ആലയത്തിൽ യാഗാർപ്പണങ്ങൾക്കു കൂടിച്ചേരുന്നതുമായ, നന്ദിപ്രകടനം നടത്തുന്ന രണ്ടു വലിയ ഗായകസംഘങ്ങൾക്കും ഘോഷയാത്രകൾക്കും നെഹെമ്യാവു ക്രമീകരണംചെയ്യുന്നു. ആലയത്തിലെ പുരോഹിതൻമാരെയും ലേവ്യരെയും പുലർത്തുന്നതിനുളള ഭൗതികസംഭാവനകൾക്കും ക്രമീകരണം ചെയ്യപ്പെടുന്നു. യഹോവയുടെ സഭയിലേക്കു വരാൻ അമ്മോന്യരും മോവാബ്യരും അനുവദിക്കപ്പെടരുതെന്നു കൂടുതലായ ബൈബിൾവായന വെളിപ്പെടുത്തുന്നു, അതുകൊണ്ട് അവർ ഇസ്രായേലിൽനിന്നു സകല സമ്മിശ്രസംഘത്തെയും വേർതിരിച്ചുതുടങ്ങുന്നു.
14. നെഹെമ്യാവിന്റെ അസാന്നിധ്യകാലത്ത് ഉയർന്നുവരുന്ന ദുരാചാരങ്ങളെയും അവ നീക്കംചെയ്യുന്നതിന് അവൻ സ്വീകരിക്കുന്ന നടപടികളെയും വർണിക്കുക.
14 അശുദ്ധി നീക്കുന്നു (13:4-31). ബാബിലോനിൽ ഒരു കാലഘട്ടം ചെലവഴിച്ചശേഷം നെഹെമ്യാവു യെരുശലേമിലേക്കു മടങ്ങിപ്പോകുകയും പുതിയ ദുരാചാരങ്ങൾ യഹൂദൻമാരുടെ ഇടയിലേക്കു നുഴഞ്ഞുകടന്നിരിക്കുന്നതായി കണ്ടെത്തുകയും ചെയ്യുന്നു. എത്ര പെട്ടെന്നാണു കാര്യങ്ങൾക്കു മാററംഭവിച്ചിരിക്കുന്നത്! മഹാപുരോഹിതനായ എല്യാശീബ് ദൈവത്തിന്റെ ശത്രുക്കളിലൊരാളായ ഒരു അമ്മോന്യനായ തോബീയാവിന്റെ ഉപയോഗത്തിനായി ആലയപ്രാകാരത്തിൽ ഒരു ഭക്ഷണശാല പോലും നിർമിച്ചിരിക്കുന്നു. നെഹെമ്യാവ് സമയം പാഴാക്കുന്നില്ല. അവൻ തോബീയാവിന്റെ ഗൃഹോപകരണങ്ങൾ പുറത്തെറിയുകയും ഭക്ഷണശാലകൾ മുഴുവൻ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ലേവ്യർക്കുളള ഭൗതികസംഭാവനകൾ നിർത്തിയിരിക്കുന്നതായും അവൻ കണ്ടെത്തുന്നു, അതുകൊണ്ട് അവർ ഉപജീവനം തേടി യെരുശലേമിനു പുറത്തു പോകുകയാണ്. വാണിജ്യവൽക്കരണം നഗരത്തിൽ പ്രബലപ്പെട്ടിരിക്കുന്നു. ശബത്ത് അനുഷ്ഠിക്കുന്നില്ല. “നിങ്ങൾ ശബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിൻമേൽ ഉളള ക്രോധം വർദ്ധിപ്പിക്കുന്നു” എന്നു നെഹെമ്യാവ് അവരോടു പറയുന്നു. (13:18) അവൻ കച്ചവടക്കാരെ പുറത്തുനിർത്തുന്നതിനു നഗരവാതിലുകൾ അടയ്ക്കുന്നു. നഗരമതിലിങ്കൽനിന്നു ദൂരെ പോകാൻ അവൻ അവരോട് ആജ്ഞാപിക്കുന്നു. എന്നാൽ ഇതിലും മോശമായ ഒരു ദുരാചാരമുണ്ട്, വീണ്ടും ചെയ്യുകയില്ലെന്ന് അവർ സഗൗരവം സമ്മതിച്ചിരുന്ന ഒന്നുതന്നെ. അവർ വിദേശീയ പുറജാതിഭാര്യമാരെ നഗരത്തിലേക്കു കൊണ്ടുവന്നിരിക്കുന്നു. ഇപ്പോൾത്തന്നെ ഈ ബന്ധങ്ങളിൽനിന്നുളള സന്തതികൾ യഹൂദ്യഭാഷ മേലാൽ സംസാരിക്കുന്നില്ലായിരുന്നു. ശലോമോൻ വിദേശീയഭാര്യമാർ നിമിത്തം പാപംചെയ്തുവെന്നു നെഹെമ്യാവ് അവരെ ഓർമിപ്പിക്കുന്നു. ഈ പാപം നിമിത്തം, മഹാപുരോഹിതനായ എല്യാശീബിന്റെ പൗത്രനെ നെഹെമ്യാവ് ഓടിക്കുന്നു.c അനന്തരം അവൻ പുരോഹിതൻമാരെയും ലേവ്യരുടെ വേലയെയും ക്രമത്തിലാക്കുന്നു.
15. നെഹെമ്യാവ് ഏതു വിനീതമായ അഭ്യർഥന നടത്തുന്നു?
15 “എന്റെ ദൈവമേ, ഇതു എനിക്കു നൻമെക്കായിട്ടു ഓർക്കേണമേ” എന്ന എളിയതും വിനീതവുമായ പ്രാർഥനയോടെ നെഹെമ്യാവു തന്റെ പുസ്തകം അവസാനിപ്പിക്കുന്നു.—13:31.
എന്തുകൊണ്ടു പ്രയോജനപ്രദം
16. ശരിയായ ആരാധനയെ സ്നേഹിക്കുന്ന സകലർക്കും നെഹെമ്യാവ് ഏതു വിധങ്ങളിൽ വിശിഷ്ടമായ ഒരു ദൃഷ്ടാന്തമാണ്?
16 നെഹെമ്യാവിന്റെ ദൈവഭക്തി ശരിയായ ആരാധനയെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരു പ്രചോദനം ആയിരിക്കണം. അവൻ യഹോവയുടെ ജനത്തിന്റെ ഇടയിൽ ഒരു എളിയ മേൽവിചാരകനായിരിക്കാൻ ഒരു ഉന്നത പദവി വിട്ടു. അവൻ തനിക്ക് അവകാശമുണ്ടായിരുന്ന ഭൗതികസംഭാവന നിരസിക്കുകപോലും ചെയ്തു. അവൻ ഒരു കെണി എന്ന നിലയിൽ ഭൗതികത്വത്തെ എല്ലാവിധത്തിലും കുററം വിധിച്ചു. യഹോവയുടെ ആരാധനയുടെ തീക്ഷ്ണമായ അന്വേഷണവും പാലനവുമാണു നെഹെമ്യാവ് മുഴു ജനതക്കും വേണ്ടി ശുപാർശചെയ്തത്. (5:14, 15; 13:10-13) നെഹെമ്യാവ് തികച്ചും നിസ്വാർഥനും വിവേകിയും, കർമോൻമുഖനായ ഒരു മനുഷ്യൻ, അപകടം ഗണ്യമാക്കാതെ നീതിക്കുവേണ്ടി നിർഭയൻ, ആയിരുന്നതിൽ നമുക്കു വിശിഷ്ടമായ ഒരു മാതൃകയാണ്. (4:14, 19, 20; 6:3, 15) അവന് ഉചിതമായ ദൈവഭയമുണ്ടായിരുന്നു. വിശ്വാസത്തിൽ സഹദാസൻമാരെ കെട്ടുപണിചെയ്യുന്നതിൽ തത്പരനുമായിരുന്നു. (13:14; 8:9) അവൻ വിശേഷാൽ സത്യാരാധനയോടും പുറജാതികളുമായുളള വിവാഹം പോലെയുളള വിദേശസ്വാധീനങ്ങളുടെ നിരസനത്തോടും ബന്ധപ്പെട്ട യഹോവയുടെ നിയമം ഊർജിതമായി ബാധകമാക്കി.—13:8, 23-29.
17. ദൈവനിയമത്തിന്റെ അറിവിലും ബാധകമാക്കലിലും നെഹെമ്യാവ് ഒരു മാതൃകയായിരിക്കുന്നത് എങ്ങനെ?
17 നെഹെമ്യാവിനു യഹോവയുടെ നിയമത്തിന്റെ നല്ല ഗ്രാഹ്യമുണ്ടായിരുന്നുവെന്നു പുസ്തകത്തിലുടനീളം വ്യക്തമാണ്. അവൻ അതു നന്നായി വിനിയോഗിച്ചു. തനിക്കുവേണ്ടി യഹോവ നന്നായി പ്രവർത്തിക്കുമെന്നുളള പൂർണവിശ്വാസത്തോടെ ആവർത്തനം 30:1-4-ലെ യഹോവയുടെ വാഗ്ദത്തം നിമിത്തം അവൻ ദൈവാനുഗ്രഹം അഭ്യർഥിച്ചു. (നെഹെ. 1:8, 9) അവൻ നിരവധി സമ്മേളനങ്ങൾ ക്രമീകരിച്ചു, മുഖ്യമായി മുന്നെഴുതപ്പെട്ട കാര്യങ്ങൾ യഹൂദൻമാർക്കു പരിചിതമാക്കിക്കൊടുക്കുന്നതിനുതന്നെ. ന്യായപ്രമാണത്തിന്റെ വായനയിൽ നെഹെമ്യാവും എസ്രായും ജനത്തിനു ദൈവവചനം വ്യക്തമാക്കിക്കൊടുക്കുന്നതിനും അതു ബാധകമാക്കിക്കൊണ്ട് അതനുസരിച്ചു പ്രവർത്തിക്കുന്നതിനും ഉത്സാഹമുളളവരായിരുന്നു.—8:8, 13-16; 13:1-3.
18. നെഹെമ്യാവിന്റെ പ്രാർഥനാപൂർവകമായ നേതൃത്വം എല്ലാ മേൽവിചാരകൻമാരെയും ഏതു പാഠങ്ങൾ ബോധ്യപ്പെടുത്തേണ്ടതാണ്?
18 യഹോവയിലുളള നെഹെമ്യാവിന്റെ പൂർണമായ ആശ്രയവും അവന്റെ എളിയ അഭ്യർഥനകളും ദൈവത്തിലുളള പ്രാർഥനാപൂർണമായ ആശ്രയത്തിന്റെ സമാനമായ മനോഭാവം വളർത്തിയെടുക്കുന്നതിനു നമ്മെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവന്റെ പ്രാർഥനകൾ ദൈവത്തെ എങ്ങനെ മഹത്ത്വപ്പെടുത്തിയെന്നും തന്റെ ജനത്തിന്റെ പാപങ്ങളുടെ തിരിച്ചറിയൽ എങ്ങനെ പ്രകടമാക്കിയെന്നും യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമെന്ന് എങ്ങനെ അപേക്ഷിച്ചുവെന്നും ശ്രദ്ധിക്കുക. (1:4-11; 4:14; 6:14; 13:14, 29, 31) തീക്ഷ്ണതയുളള ഈ മേൽവിചാരകൻ ദൈവജനത്തിന്റെ ഇടയിൽ ബലത്തിന്റെ ഒരു സ്വാധീനമായിരുന്നുവെന്ന് അവന്റെ ജ്ഞാനപൂർവകമായ മാർഗനിർദേശം അനുസരിക്കുന്നതിന് അവർ പ്രകടമാക്കിയ സന്നദ്ധതയാലും അവനോടൊത്തു ദൈവേഷ്ടം ചെയ്യുന്നതിൽ അവർ കണ്ടെത്തിയ സന്തോഷത്താലും പ്രകടമാക്കപ്പെട്ടു. തീർച്ചയായും പ്രചോദകമായ ഒരു മാതൃകതന്നെ! എന്നിരുന്നാലും, ജ്ഞാനിയായ ഒരു മേൽവിചാരകന്റെ അസാന്നിധ്യത്തിൽ എത്ര പെട്ടെന്നു ഭൗതികത്വവും അഴിമതിയും തികഞ്ഞ വിശ്വാസത്യാഗവും നുഴഞ്ഞുകയറി! തീർച്ചയായും ഇതു തങ്ങളുടെ ക്രിസ്തീയ സഹോദരൻമാരുടെ താത്പര്യങ്ങൾക്കുവേണ്ടി ഉണർവും ജാഗ്രതയും തീക്ഷ്ണതയും സത്യാരാധനയുടെ വഴികളിൽ അവരെ നയിക്കുന്നതിൽ വിവേചനയും ദൃഢതയും പ്രകടമാക്കേണ്ടതിന്റെ ആവശ്യകത സകല മേൽവിചാരകൻമാരെയും ബോധ്യപ്പെടുത്തേണ്ടതാണ്.
19. (എ) രാജ്യവാഗ്ദത്തങ്ങളിലുളള വിശ്വാസം പരിപുഷ്ടിപ്പെടുത്തുന്നതിനു നെഹെമ്യാവ് ദൈവവചനം ഉപയോഗിച്ചതെങ്ങനെ? (ബി) രാജ്യപ്രത്യാശ ഇന്നത്തെ ദൈവദാസൻമാരെ ഉത്തേജിപ്പിക്കുന്നതെങ്ങനെ?
19 നെഹെമ്യാവു ദൈവവചനത്തിൽ ശക്തമായ ആശ്രയം പ്രകടമാക്കി. അവൻ തിരുവെഴുത്തുകളുടെ തീക്ഷ്ണതയുളള ഒരു പ്രബോധകനായിരുന്നുവെന്നു മാത്രമല്ല, വംശാവലിപരമായ അവകാശങ്ങളും പുനഃസ്ഥാപിക്കപ്പെട്ട ജനത്തിന്റെ ഇടയിൽ പുരോഹിതൻമാരുടെയും ലേവ്യരുടെയും സേവനങ്ങളും സ്ഥിരീകരിക്കുന്നതിന് അവ ഉപയോഗിക്കുകയും ചെയ്തു. (നെഹെ. 1:8; 11:1–12:26; യോശു. 14:1–21:45) ഇതു യഹൂദശേഷിപ്പിനു വലിയ പ്രോത്സാഹനമായിരുന്നിരിക്കണം. അതു സന്തതിയെ സംബന്ധിച്ചു മുമ്പു കൊടുക്കപ്പെട്ടിരുന്ന മഹത്തായ വാഗ്ദത്തങ്ങളിലും അവന്റെ രാജ്യത്തിൻകീഴിൽ വരാനുളള വലിപ്പമേറിയ പുനഃസ്ഥാപനത്തിലുമുളള അവരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കി. രാജ്യതാത്പര്യത്തിനുവേണ്ടി ധീരമായി പോരാടുന്നതിനും ഭൂമിയിലെങ്ങും സത്യാരാധന പരിപുഷ്ടിപ്പെടുത്തുന്നതിനും ദൈവദാസൻമാരെ ഉത്തേജിപ്പിക്കുന്നതു രാജ്യപുനഃസ്ഥാപനത്തിലുളള പ്രത്യാശയാണ്.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 613-16.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 899-901.
c ചില യഹൂദ്യചരിത്രകാരൻമാർ എല്യാശീബിന്റെ ഈ പൗത്രന്റെ പേർ മനശ്ശെ എന്നായിരുന്നുവെന്നും അവൻ തന്റെ അമ്മായിയപ്പനായ സൻബെല്ലത്തുമായി ചേർന്നു ഗെരിസീം മലയിലെ ആലയം പണിതുവെന്നും അവകാശപ്പെടുന്നു, ഈ ആലയം ശമര്യാരാധനയുടെ കേന്ദ്രമായിത്തീർന്നു, ഇതിൽ അവൻ തന്റെ ജീവിതകാലത്ത് പുരോഹിതനായി കാർമികത്വം വഹിച്ചു. യോഹന്നാൻ 4:21-ൽ യേശു പരാമർശിച്ച പർവതം ഗെരിസീം ആണ്.—ഡബ്ലിയു. ഷാ ഗാൾഡെക്കോട്ട് രചിച്ച യെരുശലേമിലെ രണ്ടാമത്തെ ആലയം (ഇംഗ്ലീഷ്) 1908, പേജുകൾ 252-5; 1960 ജൂലൈ 15-ലെ ദ വാച്ച് ടവർ പേജുകൾ 425-6 കാണുക.