പ്ലേറ്റിയ യുദ്ധം—ഒരു “കരടി”യെ മുട്ടുകുത്തിക്കുന്നു
ഗ്രീസിലെ ഉണരുക! ലേഖകൻ
നഷ്ടപ്രതാപത്തിന്റെ മൂകസാക്ഷികളായ ഏതാനും ക്ഷേത്രശിഷ്ടങ്ങൾ. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ശിലാശിൽപ്പങ്ങളും ചരൽ പാതകളും. ഗ്രീസിലെ ഏഥൻസിന് 50 കിലോമീറ്റർ വടക്കുപടിഞ്ഞാറ്, അസോപൊസ് നദീതീരത്തെ കുന്നുകൾക്ക് ഇടയിലുള്ള ഒരു ശൂന്യ സമതലം.
ഏകദേശം 2,500 വർഷം മുമ്പ് പേർഷ്യക്കാരും ഗ്രീക്കുകാരും തമ്മിൽ നടന്ന സായുധ പോരാട്ടത്തിന്റെ അന്തിമ രംഗങ്ങളിലൊന്ന് അരങ്ങേറിയ സ്ഥാനത്താണു നാം നിൽക്കുന്നത് എന്നതു നിസ്തർക്കമാണ്. പേർഷ്യൻ യുദ്ധങ്ങളിൽവെച്ച് ഏറ്റവും വലിയ കരയുദ്ധം—പ്ലേറ്റിയ യുദ്ധം—അരങ്ങേറിയത് ഇവിടെയാണ്.
യുദ്ധം നടന്നതിന്റെ സൂചനകൾ
ലോക ശക്തികളുടെ ഉദയത്തെയും അസ്തമയത്തെയും കുറിച്ചു ബൈബിൾ പ്രവചനങ്ങൾ നൂറ്റാണ്ടുകൾ മുമ്പേ മുൻകൂട്ടി പറഞ്ഞിരുന്നു, വളരെ നന്നായി എഴുതപ്പെട്ട ഒരു തിരക്കഥ പോലെ. പ്രവചിച്ചിരുന്നതു പോലെതന്നെ, കരടിയും ആട്ടുകൊറ്റനുമായി ചിത്രീകരിക്കപ്പെട്ട മെദോ-പേർഷ്യ ലോകശക്തി പുതിയ പ്രദേശങ്ങൾ, പ്രധാനമായും പടിഞ്ഞാറൻ പ്രദേശങ്ങൾ, വെട്ടിപ്പിടിച്ചുകൊണ്ടു സൈനിക നീക്കങ്ങൾ നടത്തി. (ദാനീയേൽ 7:5; 8:4) എന്നുവരികിലും, പൊ.യു.മു. 490-ൽ ഗ്രീസിന് എതിരെയുള്ള സൈനിക നീക്കത്തിൽ മാരത്തോൺ എന്ന സ്ഥലത്തു വെച്ചു ദാര്യാവേശ് ഒന്നാമൻ രാജാവു നയിച്ച പേർഷ്യൻ സൈന്യത്തിനു കനത്ത പരാജയം നേരിട്ടു. നാലു വർഷം കഴിഞ്ഞു ദാര്യാവേശ് നാടുനീങ്ങി.
“പേർഷ്യയിൽ മൂന്നു രാജാക്കന്മാർകൂടി ഉദയംകൊള്ളും” എന്നും നാലാമത്തെ പേർഷ്യൻ രാജാവ് “എല്ലാവരെയും ഗ്രീക്കുരാജ്യത്തിന്ന് എതിരെ ഇളക്കിവിടും” എന്നും ദാനീയേലിന്റെ പ്രവചനം കൂടുതലായി വിശദീകരിച്ചു. തെളിവനുസരിച്ച് ആ രാജാവ്, ദാര്യാവേശിന്റെ മകനായ സെർക്സിസ് ആയിരുന്നു. (ദാനീയേൽ 11:2, ഓശാന ബൈബിൾ) മാരത്തോണിൽ പേർഷ്യക്കാർക്കു നേരിട്ട പരാജയത്തിനു പകരം വീട്ടാനായി സെർക്സിസ് പൊ.യു.മു. 480-ൽ, ഗ്രീസിനെതിരെ ഒരു വൻ സൈനിക ആക്രമണം നടത്തി. കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും തെർമോപ്പിലിയിലെ യുദ്ധത്തിൽ അവർ വിജയിച്ചു. എന്നാൽ, തുടർന്നു സലാമിസിൽa വെച്ചു നടന്ന പോരാട്ടത്തിൽ അവർ കനത്ത പരാജയം ഏറ്റുവാങ്ങി.
മർഡോണിയസ്—വിമുഖനായ പോരാളിയോ?
അപമാനിതനായ സെർക്സിസ് 3,00,000-ത്തോളം പോന്ന തന്റെ സേനയുടെയും ഗ്രീസിന്റെ പിടിച്ചടക്കപ്പെട്ട പ്രദേശങ്ങളുടെയും മേൽനോട്ടം തഴക്കംവന്ന സൈന്യാധിപനായ മർഡോണിയസിനെ ഏൽപ്പിച്ചിട്ട് ലിദിയയിലേക്കു തിരക്കിട്ടു മടങ്ങി. തെസ്സാലിയിൽ ശൈത്യകാലം ചെലവഴിക്കവെ മർഡോണിയസ്, ചില നിർദേശങ്ങൾ സഹിതം ഒരു ദൂതനെ ഏഥൻസിലേക്ക് അയച്ചു. ഏഥൻസിനു പൂർണമായി മാപ്പു നൽകാമെന്നും അഗ്നിക്കിരയാക്കിയ ക്ഷേത്രങ്ങൾ പുനർനിർമിക്കാമെന്നും പിടിച്ചെടുത്ത പ്രദേശങ്ങൾ തിരികെ നൽകാമെന്നും സ്വയംഭരണ അധികാരമുള്ള സ്വതന്ത്ര നഗരമെന്ന തുല്യ പരിഗണനയിൽ അവരുമായി സന്ധി ചെയ്യാമെന്നും അതിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഏഥൻസുകാർ ആ നിർദേശത്തിനു തെല്ലും വിലകൽപ്പിക്കാതെ സൈനിക സഹായാർഥം സ്പാർട്ടയിലേക്കു തിരിഞ്ഞു.
മർക്കടമുഷ്ടിക്കാരായ ഗ്രീക്കുകാരെ, അവരുടെ നേതാക്കന്മാർക്കു കൈക്കൂലി കൊടുത്തുകൊണ്ടു ചൊൽപ്പടിക്കു നിർത്താനാകുമെന്ന് മർഡോണിയസിനോട് അനുഭാവം കാട്ടിയിരുന്ന വിമത ഗ്രീക്കുകാർ അദ്ദേഹത്തെ ഉപദേശിച്ചു. എന്നാൽ, അത്തരം രീതികൾ അവലംബിക്കുന്നതിനോടു മർഡോണിയസിന് അവജ്ഞയായിരുന്നു. ഗ്രീക്കുകാരുമായി നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് അദ്ദേഹം അപ്പോഴും ശ്രമിച്ചത്. തന്മൂലം, പോരാട്ടം ഒഴിവാക്കിക്കൊണ്ടു കീഴടങ്ങാൻ അദ്ദേഹം ഏഥൻസുകാർക്കു വീണ്ടും അവസരമൊരുക്കി. എന്നാൽ അവർ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്നു.
പാരമ്യം
അങ്ങനെ, പേർഷ്യൻ-ഗ്രീക്ക് ഏറ്റുമുട്ടലിന്റെ പാരമ്യം പൊ.യു.മു. 479 ആഗസ്റ്റ് മാസം പ്ലേറ്റിയയിൽ അരങ്ങേറി. അവിടെ, സ്പാർട്ടക്കാരനായ പോസേനിയസ് എന്ന സൈന്യാധിപന്റെ നേതൃത്വത്തിൽ, സ്പാർട്ടക്കാരും ഏഥൻസുകാരും മറ്റു ഗ്രീക്ക് നഗരങ്ങളിൽ നിന്നുള്ള സൈനികരും ഉൾപ്പെടെ 40,000-ത്തോളം പേർ വരുന്ന ഗ്രീക്കു കാലാൾപ്പട, 1,00,000 പേരടങ്ങുന്ന മർഡോണിയസിന്റെ ശക്തമായ സൈന്യത്തോട് ഏറ്റുമുട്ടി.
മൂന്ന് ആഴ്ചകളോളം, നേരിട്ടുള്ള ഏറ്റുമുട്ടൽ ഭയന്ന് ഇരു സേനയിലെയും മികച്ച പോരാളികൾ സന്ദേഹത്തോടെ അസോപൊസ് നദിക്ക് ഇരു കരകളിലും നിന്നു പോരാട്ടം നടത്തി. ഐതിഹ്യം അനുസരിച്ച്, പ്രതിരോധിച്ചു നിന്നാൽ യുദ്ധത്തിൽ വിജയിക്കുമെന്ന് ഇരു സേനകളുടെയും ഭാവികഥനക്കാർ അവരോടു പറഞ്ഞിരുന്നു. എന്നുവരികിലും, പേർഷ്യൻ കാലാൾപ്പട ഗ്രീക്കുകാരെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. കൂടാതെ, അവരുടെ അവശ്യ വസ്തുക്കളെല്ലാം അവർ കൊള്ളയടിക്കുകയും ഗ്രീക്കുകാർ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറുകളിൽ വിഷം കലക്കുകയും ചെയ്തു.
മർഡോണിയസിന്റെ വീക്ഷണത്തിൽ യുദ്ധം അവസാനിക്കാറായിരുന്നു. എന്നാൽ, ആ പേർഷ്യൻ സൈന്യാധിപൻ ശത്രുസൈന്യത്തിന്റെ പോർമിടുക്ക് ശരിക്കു മനസ്സിലാക്കിയിരുന്നില്ല. സത്വരമായ ഒരു ഗംഭീര വിജയമാണ് അദ്ദേഹം പ്രതീക്ഷിച്ചത്. തന്മൂലം, പെട്ടെന്നു തന്റെ സേനയുമായി നദി കുറുകെ കടന്നുചെന്ന് അദ്ദേഹം ശത്രുക്കളെ ആക്രമിച്ചു.
കമ്പുകൾകൊണ്ടു മിടഞ്ഞുണ്ടാക്കിയ പരിചകളുടെ ‘ഭിത്തിക്കു’ പിന്നിൽ നിന്നുകൊണ്ട് പേർഷ്യക്കാർ ശത്രുക്കളുടെ നേർക്കു ശരവർഷം നടത്തി. പേർഷ്യക്കാരോടു ചേർന്ന വിമത ഗ്രീക്ക് സഖ്യസേന 8,000 ഏഥൻസുകാരെ ആക്രമിച്ചപ്പോൾ മർഡോണിയസിന്റെ സേന 11,500 സ്പാർട്ടക്കാരെ മുട്ടുകുത്തിച്ചു. ശരവർഷത്തെ ചെറുക്കാൻ സ്പാർട്ടക്കാർ തങ്ങളുടെ പരിചകൾക്കു പിന്നിൽ മറഞ്ഞിരുന്നു. തുടർന്ന്, അവർ ഒരു സേനാവ്യൂഹം ചമച്ച് സുസംഘടിതമായ പ്രത്യാക്രമണം നടത്തി. കനത്ത ശരീരകവച ധാരികളായിരുന്ന അവർ നീണ്ട കുന്തങ്ങളുമായി പേർഷ്യക്കാരുടെ നേരെ പാഞ്ഞടുത്തു.
പരിഭ്രാന്തരായ പേർഷ്യക്കാർ പിൻവാങ്ങി. അതിനിടെ, ഏഥൻസുകാർ ഒറ്റുകാരായ ഗ്രീക്കുകാരെ കീഴടക്കി. പേർഷ്യൻ അശ്വസേനയുടെ സംരക്ഷണയിൽ, മർഡോണിയസിന്റെ സൈന്യം ധൃതിയിൽ നദി കടന്നു പിന്തിരിഞ്ഞോടി. എങ്കിലും, മർഡോണിയസ് കൊല്ലപ്പെട്ടു, കുതിരപ്പുറത്തു നിന്നു തള്ളിയിട്ടാണ് അദ്ദേഹത്തെ വധിച്ചത്. നേതാവു നഷ്ടപ്പെട്ട പേർഷ്യൻ സേന ചിതറിയോടി.
അതേസമയം, കടലിന് അക്കരെ അയോണിയയിലെ മൈക്കലി തീരത്തുവെച്ചു ഗ്രീക്കു നാവികവ്യൂഹം, ഒരു വർഷം മുമ്പ് സലാമീസിൽ വെച്ച് കഷ്ടിച്ചു രക്ഷപ്പെട്ടോടിയ പേർഷ്യൻ നാവികപ്പടയുടെമേൽ വമ്പിച്ച വിജയം നേടി. അങ്ങനെ, ശക്തമായ സംയുക്ത പേർഷ്യൻ സേനയ്ക്കു കനത്ത തിരിച്ചടിയേറ്റു.
അംഗഭംഗം വന്ന “കരടി”
പിന്നീട് ഒരിക്കലും പേർഷ്യൻ സേന യൂറോപ്യൻ മണ്ണിൽ വെച്ചു പോരാട്ടം നടത്തിയിട്ടില്ല. ഒരു സംഘടിത സൈന്യം എന്ന നിലയിൽ പേർഷ്യൻ സേന പൂർണമായി നശിപ്പിക്കപ്പെട്ടു. അതേത്തുടർന്ന്, എ സോറിങ് സ്പിരിറ്റ് എന്ന പുസ്തകം പറയുന്നതനുസരിച്ച്, “തലസ്ഥാന നഗരങ്ങളിലുള്ള തന്റെ കൊട്ടാരങ്ങളിലും അന്തഃപുരങ്ങളിലും ഒക്കെയായി സെർക്സിസ് ശിഷ്ടജീവിതം ചെലവഴിച്ചു. തന്റെ പിതാവു തുടങ്ങിവെച്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഇടയ്ക്കൊക്കെ അദ്ദേഹം താത്പര്യമെടുത്തിരുന്നു. അങ്ങനെ, പേർഷ്യൻ തലസ്ഥാനമായ പെർസെപൊലിസിൽ കൊട്ടാരങ്ങളുടെയും സ്മാരക മന്ദിരങ്ങളുടെയും എണ്ണം വർധിച്ചു. മറ്റെന്തെങ്കിലും വിധത്തിൽ അദ്ദേഹം നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിൽത്തന്നെ അതു തുലോം വിരളമാണ്.”
ഒരിക്കൽ അധികാരമോഹി ആയിരുന്ന ആ ജേതാവ്, കൊട്ടാര സുരക്ഷിതത്വത്തിൻ കീഴിൽ രാഷ്ട്രീയ ഉപജാപ പ്രവർത്തനങ്ങളിലും കൊട്ടാരത്തിലെ ഏഷണികളിലുമൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ജീവിതം കഴിച്ചുകൂട്ടി. ആ ചുറ്റുപാടിലും അദ്ദേഹത്തിനു സ്വസ്ഥത ഉണ്ടായിരുന്നില്ല. പൊ.യു.മു. 465-ൽ ഒരു സംഘം ഗൂഢാലോചകരുടെ നിർദേശപ്രകാരം അദ്ദേഹം പള്ളിമെത്തയിൽ വെച്ചുതന്നെ വധിക്കപ്പെട്ടു.
എ സോറിങ് സ്പിരിറ്റ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: ‘ആ സാമ്രാജ്യത്തെ കുറിച്ചുള്ള പ്രസ്തുത കാലയളവിലെ വിവരങ്ങളുടെ മുഖ്യ ഉറവിടമായി കണക്കാക്കാവുന്ന ഗ്രീക്ക് എഴുത്തുകാരുടെ വീക്ഷണത്തിലെങ്കിലും, തുടർന്നുവന്ന പേർഷ്യൻ രാജാക്കന്മാരിൽ ആരും കോരെശിന്റെയോ (സൈറസ്) ദാര്യാവേശിന്റെയോ അത്ര ഊർജസ്വലതയോ ബുദ്ധിവൈഭവമോ ഉള്ളവർ ആയിരുന്നില്ല. സെർക്സിസിന്റെ മകൻ ആയിരുന്ന അർത്ഥഹ്ശഷ്ടാവ് ഒന്നാമനെ സംബന്ധിച്ചിടത്തോളം പേർഷ്യൻ സാമ്രാജ്യത്വ നയത്തിൽ സൈന്യത്തിനല്ല മറിച്ച് പണത്തിനായിരുന്നു പ്രാധാന്യം. ഗ്രീക്കുകാരുടെ കാര്യാദികളിൽ തലയിടാൻ പേർഷ്യൻ സാമ്രാജ്യത്തിലെ നാണയം [ഡെയ്റിക്] ഉപയോഗിച്ച് അദ്ദേഹം ഓരോരോ നഗരരാഷ്ട്രങ്ങളെയായി വശത്താക്കിക്കൊണ്ട് കലഹം ഇളക്കിവിട്ടു . . . സ്വർണംകൊണ്ടുള്ള ഡെയ്റിക് നാണയങ്ങളിൽ വില്ലും ആവനാഴിയിൽ അമ്പുകളുമായി നിൽക്കുന്ന ദാര്യാവേശിന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. “പേർഷ്യൻ വില്ലാളികൾ” എന്നാണ് ഗ്രീക്കുകാർ ആ നാണയത്തെ പരിഹസിച്ചു വിളിച്ചിരുന്നത്.’
നാമാവശേഷമാകുന്നതു വരെ, ഗൂഢാലോചനകളും കൊലപാതകങ്ങളും പേർഷ്യൻ രാജവംശത്തിന്മേൽ കളങ്കം ചാർത്തുകയും രക്തക്കറ വീഴ്ത്തുകയും ചെയ്തു. സാമ്രാജ്യം അധഃപതിച്ചുകൊണ്ടേയിരുന്നു. അങ്ങനെ, പേർഷ്യൻ രാജവംശത്തിന് അധികാരത്തിന്മേലുള്ള പിടി അയയാനും ഭരണപ്രാപ്തി നഷ്ടപ്പെടാനും തുടങ്ങി.
രാജ്യത്തെ ശക്തമാക്കാൻ ഒടുക്കം വരെ ശ്രമങ്ങൾ നടത്തപ്പെട്ടിരുന്നെങ്കിലും, മഹാനായ അലക്സാണ്ടർ—കോരെശിനെ പോലെതന്നെ സാമ്രാജ്യം വിപുലമാക്കുന്നതിൽ അദ്ദേഹവും വ്യഗ്രത കാട്ടിയിരുന്നു—പൊ.യു.മു. നാലാം നൂറ്റാണ്ടിൽ സാമ്രാജ്യത്തിലൂടെ മാർച്ച് ചെയ്യാൻ തുടങ്ങിയപ്പോഴേക്കും പേർഷ്യൻ രാജവംശത്തിന്റെ പതനം ആസന്നമായിരുന്നു. അങ്ങനെ, ഒരിക്കൽ കൂടി ബൈബിൾ പ്രവചനം അതിന്റെ സകല വിശദാംശങ്ങളിലും നിവൃത്തിയേറി.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിശദാംശങ്ങൾക്ക്, ഉണരുക!യുടെ 1995 മേയ് 8 ലക്കത്തിലുള്ള “മാരത്തോൺ യുദ്ധം—ഒരു ലോകശക്തിയുടെ അവമാനം” എന്ന ലേഖനവും 1999 ഏപ്രിൽ 8 ലക്കത്തിലുള്ള “സെർക്സിസിനേറ്റ കനത്ത പരാജയം” എന്ന ലേഖനവും കാണുക.
[26-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മെദോ-പേർഷ്യയും ഗ്രീസും പോരാട്ടത്തിന്റെ രണ്ടു നൂറ്റാണ്ടുകൾ
പൊ.യു.മു. 539. മെദോ-പേർഷ്യ നാലാമത്തെ ലോകശക്തി ആയിത്തീരുന്നു. മൂന്നു പ്രധാന ദിക്കുകളിലുമുള്ള പ്രദേശങ്ങൾ അതു പിടിച്ചടക്കുന്നു: വടക്ക് (അസീറിയ), പടിഞ്ഞാറ് (അയോണിയ), തെക്ക് (ഈജിപ്ത്) (ദാനീയേൽ 7:5; 8:1-4, 20)
പൊ.യു.മു. 500. അയോണിയയിലെ (ഏഷ്യാമൈനറിലെ) ഗ്രീക്കുകാർ പേർഷ്യൻ ഭരണാധിപന്മാർക്കെതിരെ വിപ്ലവം നടത്തുന്നു
പൊ.യു.മു. 490. ഏഥൻസുകാർ മാരത്തോണിൽ വെച്ച് പേർഷ്യക്കാരെ തുരത്തുന്നു
പൊ.യു.മു. 482. സെർക്സിസ് ‘എല്ലാവരെയും ഗ്രീക്കുരാജ്യത്തിന് എതിരെ ഇളക്കിവിടുന്നു’ (ദാനീയേൽ 11:2, ഓശാന ബൈ.)
പൊ.യു.മു. 480. കനത്ത നാശനഷ്ടങ്ങൾ നേരിട്ടെങ്കിലും പേർഷ്യക്കാർ തെർമോപ്പിലിയിലെ യുദ്ധത്തിൽ വിജയം കൊയ്യുന്നു; സലാമീസിൽ വെച്ചു പേർഷ്യക്കാർ തുരത്തപ്പെടുന്നു.
പൊ.യു.മു. 479. പ്ലേറ്റിയയിൽ വെച്ച് ഏഥൻസുകാരും സ്പാർട്ടക്കാരും പേർഷ്യക്കാരുടെമേൽ വിജയം നേടുന്നു
പൊ.യു.മു. 336. അലക്സാണ്ടർ മാസിഡോണിയയുടെ രാജാവാകുന്നു
പൊ.യു.മു. 331. ഗോഗമിലയിൽ വെച്ചു മഹാനായ അലക്സാണ്ടർ പേർഷ്യൻ സൈന്യത്തെ തകർത്തു തരിപ്പണമാക്കുന്നു; ഗ്രീസ് അഞ്ചാം ലോകശക്തി ആയിത്തീരുന്നു (ദാനീയേൽ 8:3-8, 20-22)
[ചിത്രങ്ങൾ]
ഒരു പേർഷ്യൻ വില്ലാളി
ഗ്രീക്ക് അശ്വസൈന്യത്തിന്റെ ഘോഷയാത്ര
[കടപ്പാട്]
Musée du Louvre, Paris
Photograph taken by courtesy of the British Museum
[26-ാം പേജിലെ ചതുരം]
സകല മാനുഷ പോരാട്ടങ്ങളുടെയും അന്തിമ പരിണതി
“ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
[25-ാം പേജിലെ ചിത്രം]
പേർഷ്യൻ സൈന്യം തോറ്റു തുന്നംപാടിയ പ്ലേറ്റിയയിലെ രണഭൂമി