അധ്യായം പതിനഞ്ച്
ശത്രു രാജാക്കന്മാർ 20-ാം നൂറ്റാണ്ടിൽ പ്രവേശിക്കുന്നു
1. 19-ാം നൂറ്റാണ്ടിലെ യൂറോപ്പിൽ നായകത്വം വഹിച്ചിരുന്നത് ആരൊക്കെ ആയിരുന്നെന്നാണ് ഒരു ചരിത്രകാരൻ പറയുന്നത്?
“പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പിന്, മുമ്പ് അറിയപ്പെട്ടിരുന്ന ഏതൊന്നിനെയും വെല്ലുന്ന ഒരു ചലനാത്മകതയുണ്ട്” എന്ന് ചരിത്രകാരനായ നോർമൻ ഡേവിസ് എഴുതുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സാങ്കേതികവും സാമ്പത്തികവും സാംസ്കാരികവും ഭൂഖണ്ഡാന്തരവുമായ ശക്തിയാൽ യൂറോപ്പ് മുമ്പെന്നത്തേതിലും അധികം പ്രകമ്പനം കൊണ്ടു.” “യൂറോപ്പിന്റെ വിജയശ്രീലാളിതമായ ‘ശാക്തിക ശതക’”ത്തിൽ നായകത്വം വഹിച്ചത് “ആദ്യം ഗ്രേറ്റ് ബ്രിട്ടനും . . . പിൽക്കാല പതിറ്റാണ്ടുകളിൽ ജർമനിയും ആയിരുന്നു” എന്ന് ഡേവിസ് പറയുന്നു.
‘ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിക്കുന്നു’
2. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ‘വടക്കെദേശത്തെ രാജാവി’ന്റെയും ‘തെക്കെദേശത്തെ രാജാവി’ന്റെയും സ്ഥാനം വഹിച്ചിരുന്നത് ഏതു ശക്തികൾ ആയിരുന്നു?
2 പത്തൊമ്പതാം നൂറ്റാണ്ട് അവസാനത്തോട് അടുക്കവെ, ‘വടക്കെദേശത്തെ രാജാവ്’ ജർമൻ സാമ്രാജ്യം ആയിരുന്നു. ‘തെക്കെദേശത്തെ രാജാവി’ന്റെ സ്ഥാനത്ത് നിലയുറപ്പിച്ചിരുന്നതു ബ്രിട്ടനും. (ദാനീയേൽ 11:14, 15) “ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിപ്പാൻ ഭാവിച്ചുംകൊണ്ടു ഒരേ മേശയിങ്കൽവെച്ചു ഭോഷ്കു സംസാരിക്കും” എന്ന് യഹോവയുടെ ദൂതൻ പറഞ്ഞു. അവൻ ഇങ്ങനെ തുടർന്നു: “എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളു.”—ദാനീയേൽ 11:27.
3, 4. (എ) ജർമൻ റൈച്ചിന്റെ ഒന്നാമത്തെ ചക്രവർത്തിയായത് ആർ, ഏതു സഖ്യം രൂപീകരിക്കപ്പെട്ടു? (ബി) കൈസർ വിൽഹെം എന്തു നയമാണു പിൻപറ്റിയത്?
3 1871 ജനുവരി 18-ന്, വിൽഹെം ഒന്നാമൻ ജർമൻ റൈച്ചിന്റെ അഥവാ സാമ്രാജ്യത്തിന്റെ ഒന്നാമത്തെ ചക്രവർത്തിയായി. അദ്ദേഹം ഓട്ടോ വോൺ ബിസ്മാർക്കിനെ ചാൻസലറാക്കി. പുതിയ സാമ്രാജ്യത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ബിസ്മാർക്ക് മറ്റു രാഷ്ട്രങ്ങളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കിയിട്ട് ഓസ്ട്രിയ-ഹംഗറിയും ഇറ്റലിയുമായി ചേർന്ന് ത്രികക്ഷി സഖ്യം എന്നറിയപ്പെടുന്ന ഒരു സഖ്യം രൂപീകരിച്ചു. എന്നാൽ ഈ പുതിയ വടക്കേദേശത്തെ രാജാവിന്റെ താത്പര്യങ്ങൾ തെക്കേദേശത്തെ രാജാവിന്റെ താത്പര്യങ്ങളുമായി ഉടൻതന്നെ സംഘട്ടനത്തിലായി.
4 1888-ൽ വിൽഹെം ഒന്നാമനും പിൻഗാമിയായ ഫ്രെഡെറിക് മൂന്നാമനും മരിച്ചപ്പോൾ 29-കാരനായ വിൽഹെം രണ്ടാമൻ സിംഹാസനസ്ഥനായി. വിൽഹെം രണ്ടാമൻ അഥവാ കൈസർ വിൽഹെം, ബിസ്മാർക്കിനെ രാജിവെക്കാൻ നിർബന്ധിതനാക്കി. എന്നിട്ട് മുഴു ലോകത്തിലും ജർമനിയുടെ സ്വാധീനം വ്യാപിപ്പിക്കുക എന്ന നയം അദ്ദേഹം പിൻപറ്റി. “വിൽഹെം രണ്ടാമനു കീഴിൽ [ജർമനി] ഉദ്ധതവും ആക്രമണോത്സുകവുമായ ഒരു മനോഭാവം കൈക്കൊണ്ടു” എന്ന് ഒരു ചരിത്രകാരൻ പറയുന്നു.
5. രണ്ടു രാജാക്കന്മാർ “ഒരേ മേശ”യ്ക്കു ചുറ്റും ഇരുന്നതെങ്ങനെ, അവർ അവിടെ എന്താണു സംസാരിച്ചത്?
5 റഷ്യയിലെ സാർ നിക്കോളസ് രണ്ടാമൻ നെതർലൻഡ്സിലെ ഹേഗിൽ 1898 ആഗസ്റ്റ് 24-ന് ഒരു സമാധാന സമ്മേളനം വിളിച്ചു കൂട്ടിയപ്പോൾ അന്താരാഷ്ട്ര സംഘർഷത്തിന്റേതായ ഒരു അന്തരീക്ഷമാണു നിലവിലിരുന്നത്. ഈ സമ്മേളനത്തിന്റെയും തുടർന്ന് 1907-ൽ നടന്ന സമ്മേളനത്തിന്റെയും ഫലമായി ഹേഗിൽ ഒരു ‘സ്ഥിര മധ്യസ്ഥ കോടതി’ സ്ഥാപിതമായി. ഈ കോടതിയിൽ അംഗങ്ങൾ ആയിക്കൊണ്ട് ജർമൻ റൈച്ചും ഗ്രേറ്റ് ബ്രിട്ടനും സമാധാനത്തെ അനുകൂലിക്കുന്നതായി ഭാവിച്ചു. സൗഹൃദം നടിച്ചുകൊണ്ട് അവർ “ഒരേ മേശ”യ്ക്കു ചുറ്റും ഇരുന്നു. എന്നാൽ ‘ദുഷ്ടത പ്രവർത്തിക്കാനായിരുന്നു അവരുടെ ഭാവം.’ “ഒരേ മേശയിങ്കൽവെച്ചു ഭോഷ്കു സംസാരിക്കു”ന്ന നയതന്ത്ര രീതിക്ക് യഥാർഥ സമാധാനം ഉന്നമിപ്പിക്കാൻ കഴിഞ്ഞില്ല. അവരുടെ രാഷ്ട്രീയ-വ്യാവസായിക-സൈനിക അഭിലാഷങ്ങൾ ‘സാധിക്കയില്ലാ’യിരുന്നു. കാരണം ആ രണ്ടു രാജാക്കന്മാരുടെ അവസാനം യഹോവയാൽ “നിയമിക്കപ്പെട്ട സമയത്തു” സംഭവിക്കാനുള്ളത് ആയിരുന്നു.
“വിശുദ്ധ ഉടമ്പടിക്കു വിരോധമായി”
6, 7. (എ) വടക്കേദേശത്തെ രാജാവ് “സ്വദേശത്തേക്കു” മടങ്ങിപ്പോയത് എങ്ങനെ? (ബി) വടക്കേദേശത്തെ രാജാവിന്റെ വളർന്നുകൊണ്ടിരുന്ന സ്വാധീനത്തോടു തെക്കേദേശത്തെ രാജാവ് പ്രതികരിച്ചത് എങ്ങനെ?
6 ദൈവദൂതൻ തുടർന്ന് ഇങ്ങനെ പറഞ്ഞു: “പിന്നെ അവൻ വളരെ സമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവൻ വിശുദ്ധ നിയമത്തിന്നു [“ഉടമ്പടിക്കു,” NW] വിരോധമായി മനോഗതം വെച്ചു, അതു അനുഷ്ഠിച്ചു [“ഫലകരമായി പ്രവർത്തിച്ച്,” NW] സ്വദേശത്തേക്കു മടങ്ങിപ്പോകും.”—ദാനീയേൽ 11:28.
7 കൈസർ വിൽഹെം പുരാതന വടക്കേദേശത്തെ രാജാവിന്റെ “ദേശത്തേക്കു,” അഥവാ ഭൗമിക അവസ്ഥയിലേക്കു മടങ്ങിപ്പോയി. എങ്ങനെ? ജർമൻ റൈച്ചിനെ വികസിപ്പിച്ച് അതിന്റെ സ്വാധീനം വ്യാപിപ്പിക്കാനുള്ള ഉദ്ദേശ്യത്തിൽ ഒരു സാമ്രാജ്യത്വ ഭരണം കെട്ടിപ്പടുത്തുകൊണ്ട്. വിൽഹെം രണ്ടാമൻ ആഫ്രിക്കയിലും മറ്റു സ്ഥലങ്ങളിലും കോളനികൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടു. ബ്രിട്ടന്റെ സമുദ്ര മേധാവിത്വത്തെ വെല്ലുവിളിക്കാൻ ആഗ്രഹിച്ച അദ്ദേഹം ശക്തമായ ഒരു നാവിക സേന കെട്ടിപ്പടുക്കാൻ തുടങ്ങി. “ഏകദേശം ഒരു പതിറ്റാണ്ടുകൊണ്ട്, ജർമനിയുടെ നാവിക ശക്തി അപ്രസക്തമായ നിലയിൽനിന്ന് ബ്രിട്ടന്റേതു കഴിഞ്ഞാൽപ്പിന്നെ ഏറ്റവും ശക്തമായത് എന്ന നിലയിലേക്ക് ഉയർന്നു” എന്ന് ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. സമുദ്ര മേധാവിത്വം നിലനിർത്താനായി ബ്രിട്ടനു വാസ്തവത്തിൽ സ്വന്തം നാവിക പദ്ധതികൾ വികസിപ്പിക്കേണ്ടി വന്നു. കൂടാതെ, ഫ്രാൻസുമായി കൂടിയാലോചിച്ച് ബ്രിട്ടൻ എന്റെന്റെ കോർഡിയൽ (സൗഹൃദ സഖ്യം) സ്ഥാപിച്ചു. റഷ്യയുമായും സമാനമായ ഒരു ഉടമ്പടി ഉണ്ടാക്കി. അങ്ങനെ ത്രികക്ഷി ഐക്യം ഉടലെടുത്തു. ഇപ്പോൾ യൂറോപ്പ് രണ്ടു സൈനിക ചേരികളായി വിഭജിക്കപ്പെട്ടിരുന്നു—ഒരു പക്ഷത്തു ത്രികക്ഷി സഖ്യവും മറുപക്ഷത്തു ത്രികക്ഷി ഐക്യവും.
8. ജർമൻ സാമ്രാജ്യത്തിനു ‘വളരെ സമ്പത്ത്’ ലഭിക്കാൻ ഇടയായത് എങ്ങനെ?
8 ജർമൻ സാമ്രാജ്യം ഒരു ആക്രമണ നയം പിൻപറ്റി. അതു ജർമനിക്കു ‘വളരെ സമ്പത്ത്’ ലഭിക്കുന്നതിൽ കലാശിച്ചു. കാരണം ജർമനി ആയിരുന്നു ത്രികക്ഷി സഖ്യത്തിലെ മുഖ്യ ഘടകം. ഓസ്ട്രിയാ-ഹംഗറിയും ഇറ്റലിയും റോമൻ കത്തോലിക്കാ രാജ്യങ്ങൾ ആയിരുന്നു. അതുകൊണ്ട് ത്രികക്ഷി സഖ്യത്തിനു പാപ്പായുടെ അംഗീകാരവും ലഭിച്ചിരുന്നു. അതേസമയം ഏറെയും കത്തോലിക്കരല്ലാഞ്ഞ ത്രികക്ഷി ഐക്യത്തിൽപ്പെട്ട തെക്കേദേശത്തെ രാജാവിന് അതു ലഭിച്ചില്ല.
9. വടക്കേദേശത്തെ രാജാവിന്റെ ഹൃദയം ‘വിശുദ്ധ രാജ്യ ഉടമ്പടിക്കു വിരോധ’മായിരുന്നത് എങ്ങനെ?
9 യഹോവയുടെ ജനത്തിന്റെ കാര്യമോ? “ജനതകളുടെ നിയമിത കാലങ്ങൾ” 1914-ൽ അവസാനിക്കുമെന്ന് അവർ ദീർഘകാലം മുമ്പേ പ്രഖ്യാപിച്ചിരുന്നു.a (ലൂക്കൊസ് 21:24, NW) ആ വർഷം, ദാവീദ് രാജാവിന്റെ അവകാശിയായ യേശുക്രിസ്തുവിന്റെ കരങ്ങളിലെ ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായി. (2 ശമൂവേൽ 7:12-16; ലൂക്കൊസ് 22:28, 29) 1880 മാർച്ചു മുതൽതന്നെ വീക്ഷാഗോപുരം മാസിക ദൈവരാജ്യ ഭരണത്തെ “ജനതകളുടെ നിയമിത കാലങ്ങ”ളുടെ അഥവാ “ജാതികളുടെ കാലങ്ങ”ളുടെ (ജയിംസ് രാജാവിന്റെ ഭാഷാന്തരം) അവസാനവുമായി ബന്ധപ്പെടുത്തിയിരുന്നു. എന്നാൽ വടക്കേദേശത്തെ ജർമാനിക് രാജാവിന്റെ ഹൃദയം ‘വിശുദ്ധ രാജ്യ ഉടമ്പടിക്കു വിരോധ’മായിരുന്നു. രാജ്യ ഭരണത്തെ അംഗീകരിക്കുന്നതിനു പകരം കൈസർ വിൽഹെം ലോക ആധിപത്യത്തിനു വേണ്ടിയുള്ള തന്റെ ഉപായങ്ങൾ ഉന്നമിപ്പിച്ചുകൊണ്ട് ‘ഫലകരമായി പ്രവർത്തിച്ചു.’ എന്നാൽ അപ്രകാരം ചെയ്യുക വഴി അദ്ദേഹം ഒന്നാം ലോകമഹായുദ്ധത്തിനു വിത്തു പാകി.
രാജാവ് യുദ്ധത്തിൽ ‘വ്യസനിക്കുന്നു’
10, 11. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് എങ്ങനെ, അതു ‘നിയമിത കാലത്ത്’ ആയിരുന്നത് എങ്ങനെ?
10 “നിയമിക്കപ്പെട്ടകാലത്തു അവൻ [വടക്കേദേശത്തെ രാജാവ്] വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല” എന്നു ദൂതൻ മുൻകൂട്ടി പറഞ്ഞു. (ദാനീയേൽ 11:29) 1914-ൽ ദൈവം സ്വർഗീയ രാജ്യം സ്ഥാപിച്ചപ്പോഴാണു ഭൂമിമേലുള്ള ജാതികളുടെ ആധിപത്യം അവസാനിപ്പിക്കാനുള്ള അവന്റെ ‘നിയമിതകാലം’ വന്നെത്തിയത്. ആ വർഷം ജൂൺ 28-ന് ബോസ്നിയയിലെ സാരയെവോയിൽ വെച്ചു സെർബിയക്കാരനായ ഒരു ഭീകരപ്രവർത്തകൻ ഓസ്ട്രിയൻ ആർച്ച്ഡ്യൂക്ക് ആയിരുന്ന ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും വധിച്ചു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാൻ വഴിമരുന്നിട്ടത് അതായിരുന്നു.
11 സെർബിയയ്ക്ക് എതിരെ തിരിച്ചടിക്കാൻ കൈസർ വിൽഹെം ഓസ്ട്രിയാ-ഹംഗറിയെ പ്രോത്സാഹിപ്പിച്ചു. ജർമനിയുടെ പിന്തുണ ഉറപ്പായിരുന്ന ഓസ്ട്രിയാ-ഹംഗറി 1914 ജൂലൈ 28-ന് സെർബിയയ്ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചു. എന്നാൽ റഷ്യ സെർബിയയുടെ സഹായത്തിനെത്തി. ജർമനി റഷ്യയ്ക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോൾ ഫ്രാൻസ് (ത്രികക്ഷി ഐക്യത്തിലെ ഒരു കക്ഷി) റഷ്യയ്ക്കു പിന്തുണ നൽകി. അപ്പോൾ ജർമനി ഫ്രാൻസിന് എതിരെ യുദ്ധം പ്രഖ്യാപിച്ചു. പാരീസിൽ വേഗം എത്തിച്ചേരാനായി ജർമനി ബൽജിയത്തെ ആക്രമിച്ചു. ബ്രിട്ടൻ ബൽജിയത്തിന്റെ നിഷ്പക്ഷത ഉറപ്പുവരുത്തിയിരുന്നു. അതുകൊണ്ട് ബ്രിട്ടൻ ജർമനിയോടു യുദ്ധം പ്രഖ്യാപിച്ചു. മറ്റു രാഷ്ട്രങ്ങളും യുദ്ധത്തിൽ പങ്കുചേർന്നു. ഇറ്റലി പക്ഷം മാറി. സൂയസ് കനാലിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് വടക്കേദേശത്തെ രാജാവ് പുരാതന തെക്കേദേശത്തെ രാജാവിന്റെ രാജ്യമായിരുന്ന ഈജിപ്ത് ആക്രമിക്കുന്നതു തടയാനായി യുദ്ധകാലത്തു ബ്രിട്ടൻ ഈജിപ്തിനെ സംരക്ഷിതരാജ്യമാക്കി.
12. ഒന്നാം ലോകമഹായുദ്ധ കാലത്തു കാര്യങ്ങൾ ‘മുമ്പിലത്തെപ്പോലെ സാദ്ധ്യമാകാഞ്ഞത്’ എങ്ങനെ?
12 വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “വലിപ്പത്തിലും ശക്തിയിലും സഖ്യകക്ഷികൾ മുന്നിലായിരുന്നെങ്കിലും ജർമനി യുദ്ധം ജയിക്കാറായി എന്ന തോന്നലുളവായി.” രണ്ടു രാജാക്കന്മാർ തമ്മിലുള്ള മുൻ പോരാട്ടങ്ങളിൽ വടക്കേദേശത്തെ രാജാവായ റോമാ സാമ്രാജ്യം സ്ഥിരമായി വിജയം കണ്ടിരുന്നു. എന്നാൽ “ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാദ്ധ്യമാ”യില്ല. വടക്കേദേശത്തെ രാജാവ് യുദ്ധത്തിൽ തോറ്റു. അതിന്റെ കാരണം നൽകിക്കൊണ്ട് ദൂതൻ പറഞ്ഞു: “കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മട”ങ്ങേണ്ടിവരും. (ദാനീയേൽ 11:30എ) എന്നാൽ ഈ “കിത്തീംകപ്പലുകൾ” ഏവയായിരുന്നു?
13, 14. (എ) വടക്കേദേശത്തെ രാജാവിന് എതിരെ വന്ന “കിത്തീംകപ്പലുകൾ” പ്രധാനമായും ഏവയായിരുന്നു? (ബി) ഒന്നാം ലോകമഹായുദ്ധം പുരോഗമിക്കവെ കൂടുതൽ കിത്തീംകപ്പലുകൾ എത്തിച്ചേർന്നത് എങ്ങനെ?
13 ദാനീയേലിന്റെ കാലത്തു സൈപ്രസ് ആയിരുന്നു കിത്തീം. ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ബ്രിട്ടൻ സൈപ്രസിനെ തങ്ങളുടെ രാജ്യത്തോടു കൂട്ടിച്ചേർത്തു. അതിനു പുറമേ, ദ സൊൻഡർവൻ പിക്ചോറിയൽ എൻസൈക്ലോപീഡിയ ഓഫ് ദ ബൈബിൾ പറയുന്നത് അനുസരിച്ച്, കിത്തീം എന്ന പേര് “പൊതുവെ പടിഞ്ഞാറൻ രാജ്യങ്ങളെ, വിശേഷിച്ചും സമുദ്രതീരത്തുള്ളവയെ ഉൾപ്പെടുത്താൻ തക്കവിധം വിപുലമാക്കപ്പെട്ടു.” ന്യൂ ഇന്റർനാഷണൽ വേർഷൻ, “കിത്തീംകപ്പലുകൾ” എന്ന പ്രയോഗത്തെ “പ[ടിഞ്ഞാറൻ] തീരപ്രദേശങ്ങളിലെ കപ്പലുകൾ” എന്നു പരിഭാഷപ്പെടുത്തുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത്, പ്രധാനമായും കിത്തീംകപ്പലുകൾ യൂറോപ്പിന്റെ പടിഞ്ഞാറൻ സമുദ്രതീരത്തിന് അടുത്തുണ്ടായിരുന്ന ബ്രിട്ടീഷ് കപ്പലുകൾ ആയിരുന്നെന്നു വ്യക്തമായി.
14 യുദ്ധം ഇഴഞ്ഞുനീങ്ങവെ, കൂടുതൽ കിത്തീംകപ്പലുകളാൽ ബ്രിട്ടീഷ് നാവികസേന സുശക്തമാക്കപ്പെട്ടു. 1915 മേയ് 7-നു ജർമൻ അന്തർവാഹിനിയായ U-20 അയർലൻഡിന്റെ ദക്ഷിണ തീരത്തോട് അടുത്തായിരുന്ന ലുസിറ്റാനിയ എന്ന യാത്രാക്കപ്പൽ മുക്കി. മരിച്ചവരിൽ 128 അമേരിക്കക്കാരും ഉണ്ടായിരുന്നു. പിന്നീട്, ജർമനി അന്തർവാഹിനികൾ ഉപയോഗിച്ചുള്ള യുദ്ധം അറ്റ്ലാന്റിക്കിലേക്കു വ്യാപിപ്പിച്ചു. തത്ഫലമായി, 1917 ഏപ്രിൽ 6-ന്, യു.എസ്. പ്രസിഡന്റ് വുഡ്രോ വിൽസൺ ജർമനിയോടു യുദ്ധം പ്രഖ്യാപിച്ചു. യു.എസ്. യുദ്ധക്കപ്പലുകളാലും സേനകളാലും ശക്തി വർധിപ്പിച്ച തെക്കേദേശത്തെ രാജാവ്—ഇപ്പോൾ ആംഗ്ലോ-അമേരിക്കൻ ലോകശക്തി—അതിന്റെ ശത്രു രാജാവുമായി പൂർണമായും യുദ്ധത്തിൽ ഏർപ്പെട്ടു.
15. വടക്കേദേശത്തെ രാജാവ് ‘വ്യസനിച്ചത്’ എപ്പോൾ?
15 ആംഗ്ലോ-അമേരിക്കൻ ലോകശക്തിയുടെ ആക്രമണ ഫലമായി വടക്കേദേശത്തെ രാജാവ് ‘വ്യസനിച്ച്’ 1918 നവംബറിൽ പരാജയം സമ്മതിച്ചു. വിൽഹെം രണ്ടാമൻ നെതർലൻഡ്സിലേക്കു പലായനം ചെയ്ത് അവിടെ പ്രവാസിയായി. ജർമനി ഒരു റിപ്പബ്ലിക്ക് ആയിത്തീർന്നു. എന്നാൽ വടക്കേദേശത്തെ രാജാവ് അപ്പോഴും തിരോധാനം ചെയ്തിരുന്നില്ല.
രാജാവ് “ഫലപ്രദമായി” പ്രവർത്തിക്കുന്നു
16. പ്രവചനം അനുസരിച്ച്, വടക്കേദേശത്തെ രാജാവ് തന്റെ പരാജയത്തോട് എങ്ങനെ പ്രതികരിക്കുമായിരുന്നു?
16 “അവൻ [വടക്കെദേശത്തിലെ രാജാവ്] . . . വിശുദ്ധനിയമത്തിന്നു [“വിശുദ്ധ ഉടമ്പടിക്ക്,” NW] നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും [“ഫലപ്രദമായി പ്രവർത്തിക്കും,” NW]; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.” (ദാനീയേൽ 11:30ബി) ദൂതൻ അപ്രകാരം പ്രവചിച്ചു. അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.
17. അഡോൾഫ് ഹിറ്റ്ലറിന്റെ ഉയർച്ചയ്ക്ക് ഇടയാക്കിയത് എന്ത്?
17 1918-ൽ യുദ്ധം അവസാനിച്ചതിനെ തുടർന്നു വിജയശ്രീലാളിതരായ സഖ്യകക്ഷികൾ, ശിക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഒരു സമാധാന ഉടമ്പടി ജർമനിയുടെ മേൽ അടിച്ചേൽപ്പിച്ചു. ഉടമ്പടി വ്യവസ്ഥകൾ നിർദയമാണെന്നു ജർമൻകാർ കണ്ടെത്തി. പുതിയ റിപ്പബ്ലിക്ക് തുടക്കം മുതലേ ദുർബലമായിരുന്നു. കുറെ വർഷത്തേക്കു ജർമനി അങ്ങേയറ്റം ദുരിതം അനുഭവിച്ചു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി ജർമനിയിൽ ആറു ദശലക്ഷം പേർ തൊഴിൽരഹിതരായി. 1930-കളുടെ തുടക്കത്തോടെ, അഡോൾഫ് ഹിറ്റ്ലറിന് ഉയരാൻ പോന്നവിധം അവസ്ഥകൾ പാകമായിരുന്നു. 1933 ജനുവരിയിൽ അദ്ദേഹം ചാൻസലറായി. തുടർന്നുവന്ന വർഷം, മൂന്നാം റൈച്ച്b എന്നു നാസികൾ വിളിച്ച ഭരണകൂടത്തിന്റെ പ്രസിഡന്റു പദം അദ്ദേഹം ഏറ്റെടുത്തു.
18. ഹിറ്റ്ലർ ‘ഫലപ്രദമായി പ്രവർത്തിച്ചത്’ എങ്ങനെ?
18 അധികാരത്തിൽ വന്ന ഉടനെ ഹിറ്റ്ലർ, യേശുക്രിസ്തുവിന്റെ അഭിഷിക്ത സഹോദരന്മാരാൽ പ്രതിനിധാനം ചെയ്യപ്പെട്ട “വിശുദ്ധ ഉടമ്പടി”ക്ക് എതിരെ ദുഷ്ടമായൊരു ആക്രമണം അഴിച്ചുവിട്ടു. (മത്തായി 25:40) അങ്ങനെ, ആ വിശ്വസ്ത ക്രിസ്ത്യാനികളിൽ അനേകരെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ട് അദ്ദേഹം അവർക്ക് എതിരെ “ഫലപ്രദമായി” പ്രവർത്തിച്ചു. സാമ്പത്തിക-നയതന്ത്ര രംഗങ്ങളിൽ വിജയം കൊയ്തുകൊണ്ടു ഹിറ്റ്ലർ ആ മേഖലകളിലും “ഫലപ്രദമായി” പ്രവർത്തിച്ചു. ഏതാനും വർഷംകൊണ്ട് അദ്ദേഹം ജർമനിയെ ലോകരംഗത്തെ അവഗണിക്കാനാകാത്ത ഒരു ശക്തിയാക്കി മാറ്റി.
19. പിന്തുണ തേടി ഹിറ്റ്ലർ ആരുമായി ഉടമ്പടി ചെയ്തു?
19 ഹിറ്റ്ലർ “വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചു.” ആരായിരുന്നു അവർ? തെളിവനുസരിച്ച്, ദൈവവുമായി ഒരു ഉടമ്പടി ബന്ധമുണ്ടെന്ന് അവകാശപ്പെടുകയും അതേസമയം യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ ആയിരിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തിരുന്ന ക്രൈസ്തവലോക നേതാക്കന്മാർ ആയിരുന്നു അവർ. “വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവ”രുടെ പിന്തുണയ്ക്കായി ഹിറ്റ്ലർ അവരെ സന്ദർശിക്കുകയും അതിൽ വിജയം കാണുകയും ചെയ്തു. ദൃഷ്ടാന്തത്തിന്, റോമിലെ പാപ്പായുമായി അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കി. രാഷ്ട്രത്തിന്റെ നിയന്ത്രണത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളുടെ ഒരു യൂണിയൻ രൂപീകരിക്കുന്നതായി 1935-ൽ ഹിറ്റ്ലർ പ്രഖ്യാപിച്ചു.
രാജാവ് അയച്ച “സൈന്യങ്ങൾ”
20. ഏതു “സൈന്യങ്ങ”ളെയാണു വടക്കേദേശത്തെ രാജാവ് ഉപയോഗിച്ചത്, ആർക്ക് എതിരെ?
20 ദൂതൻ കൃത്യമായി മുൻകൂട്ടി പറഞ്ഞതു പോലെതന്നെ, ഹിറ്റ്ലർ ഉടൻ യുദ്ധത്തിനു പുറപ്പെട്ടു. ദൂതൻ പറഞ്ഞത് ഇപ്രകാരമാണ്: “അവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം [“നിരന്തര സവിശേഷത,” NW] നിർത്തൽചെയ്തു.” (ദാനീയേൽ 11:31എ) രണ്ടാം ലോകമഹായുദ്ധത്തിൽ തെക്കേദേശത്തെ രാജാവിനോടു പടവെട്ടാനായി വടക്കേദേശത്തെ രാജാവ് ഉപയോഗിച്ച സായുധ സേന ആയിരുന്നു ആ “സൈന്യങ്ങൾ.” 1939 സെപ്റ്റംബർ 1-ന് നാസി “സൈന്യങ്ങൾ” പോളണ്ട് ആക്രമിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ പോളണ്ടിന്റെ സഹായാർഥം ബ്രിട്ടനും ഫ്രാൻസും ജർമനിയോടു യുദ്ധം പ്രഖ്യാപിച്ചു. അങ്ങനെ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. പോളണ്ട് പെട്ടെന്നുതന്നെ തറപറ്റി. അതേത്തുടർന്ന് ഉടൻതന്നെ ഡെൻമാർക്ക്, നോർവേ, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ജർമൻ സേനകൾ കൈവശമാക്കി. “1941-ന്റെ അവസാനത്തോടെ നാസി ജർമനി ഭൂഖണ്ഡത്തിൽ ആധിപത്യം പുലർത്തി” എന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു.
21. രണ്ടാം ലോകമഹായുദ്ധത്തിൽ സാഹചര്യം വടക്കേദേശത്തെ രാജാവിന് എതിരായിത്തീർന്നത് എങ്ങനെ, ഫലം എന്തായിരുന്നു?
21 ജർമനിയും സോവിയറ്റ് യൂണിയനും തമ്മിൽ ഒരു സൗഹൃദ-സഹകരണ-അതിർത്തിനിർണയ ഉടമ്പടി ഒപ്പു വെച്ചിരുന്നെങ്കിലും 1941 ജൂൺ 22-ന് ഹിറ്റ്ലർ റഷ്യയെ ആക്രമിക്കാൻ തുടങ്ങി. ഈ നടപടി റഷ്യയെ ബ്രിട്ടന്റെ പക്ഷത്താക്കി. ആദ്യകാലത്തു ജർമൻ സേനകൾ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയെങ്കിലും സോവിയറ്റ് സൈന്യം ശക്തമായി ചെറുത്തുനിന്നു. 1941 ഡിസംബർ 6-ന് ജർമൻ സേന മോസ്കോയിൽവെച്ച് അമ്പേ പരാജയപ്പെട്ടു. ജർമനിയുടെ സഖ്യ കക്ഷിയായിരുന്ന ജപ്പാൻ തൊട്ടടുത്ത ദിവസം ഹവായിയിലെ പേൾ ഹാർബറിൽ ബോംബിട്ടു. അതറിഞ്ഞ ഹിറ്റ്ലർ തന്റെ സഹായികളോടു പറഞ്ഞു: “ഇനി നാം യുദ്ധത്തിൽ പരാജയപ്പെടുക അസാധ്യമാണ്.” ഡിസംബർ 11-ന് അദ്ദേഹം തിടുക്കംകൂട്ടി ഐക്യനാടുകൾക്ക് എതിരെ യുദ്ധം പ്രഖ്യാപിച്ചു. എന്നാൽ റഷ്യയുടെയും ഐക്യനാടുകളുടെയും ശക്തി അദ്ദേഹം ശരിക്കും മനസ്സിലാക്കിയിരുന്നില്ല. കിഴക്കുനിന്ന് ആക്രമിച്ചുകൊണ്ടിരുന്ന സോവിയറ്റ് സേനയും പടിഞ്ഞാറുനിന്ന് ആക്രമിച്ച് അടുത്തുകൊണ്ടിരുന്ന ബ്രിട്ടീഷ്-അമേരിക്കൻ സേനകളും നിമിത്തം സാഹചര്യം പെട്ടെന്നുതന്നെ ഹിറ്റ്ലർക്ക് എതിരായി. ജർമൻ സേനകൾക്ക് ഒന്നിനുപിറകെ ഒന്നായി പ്രദേശങ്ങൾ നഷ്ടമാകാൻ തുടങ്ങി. ഹിറ്റ്ലറുടെ ആത്മഹത്യയെ തുടർന്ന് 1945 മേയ് 7-ന് ജർമനി സഖ്യകക്ഷികൾക്കു കീഴടങ്ങി.
22. വടക്കേദേശത്തെ രാജാവ് ‘വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി നിരന്തര സവിശേഷത നിർത്തലാക്കി’യത് എങ്ങനെ?
22 “അവൻ അയച്ച സൈന്യങ്ങൾ [നാസി സേന] അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം [“നിരന്തര സവിശേഷത,” NW] നിർത്തൽ” ചെയ്യുമെന്നു ദൂതൻ പറഞ്ഞു. പുരാതന യഹൂദയിൽ വിശുദ്ധമന്ദിരം യെരൂശലേമിലെ ദൈവാലയത്തിന്റെ ഭാഗമായിരുന്നു. എന്നാൽ യഹൂദന്മാർ യേശുവിനെ തള്ളിക്കളഞ്ഞപ്പോൾ യഹോവ അവരെയും അവരുടെ ആലയത്തെയും തള്ളിക്കളഞ്ഞു. (മത്തായി 23:37–24:2) പൊ.യു. ഒന്നാം നൂറ്റാണ്ടു മുതൽ യഹോവയുടെ ആലയം സുനിശ്ചിതമായും ആത്മീയമായ ഒന്നായിരുന്നു. അതിന്റെ വിശുദ്ധങ്ങളിൽ വിശുദ്ധം സ്വർഗത്തിലാണ്. അതിന്റെ ഭൂമിയിലുള്ള ആത്മീയ പ്രാകാരത്തിൽ മഹാപുരോഹിതനായ യേശുവിന്റെ അഭിഷിക്ത സഹോദരന്മാർ സേവിക്കുന്നു. 1930-കൾ മുതൽ “മഹാപുരുഷാരം” ആത്മീയ ശേഷിപ്പിനോടു ചേർന്ന് ആരാധന നടത്തിയിരിക്കുന്നു. ആയതിനാൽ അവർ ‘ദൈവത്തിന്റെ ആലയത്തിൽ’ സേവിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 7:9, 15; 11:1, 2; എബ്രായർ 9:11, 12, 24) അഭിഷിക്ത ശേഷിപ്പിനെയും അവരുടെ സഹകാരികളെയും നിർദയം പീഡിപ്പിച്ചുകൊണ്ട് വടക്കേദേശത്തെ രാജാവ് തന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആലയത്തിന്റെ ഭൗമിക പ്രാകാരത്തെ അശുദ്ധമാക്കി. “നിരന്തര സവിശേഷത”—യഹോവയുടെ നാമത്തിനുള്ള പരസ്യ സ്തുതിയാഗം—നീക്കം ചെയ്യപ്പെടത്തക്കവണ്ണം അത്ര കഠിനമായിരുന്നു പീഡനം. (എബ്രായർ 13:15) എന്നാൽ, ഭീകര യാതനകൾ സഹിക്കേണ്ടി വന്നെങ്കിലും വിശ്വസ്ത അഭിഷിക്ത ക്രിസ്ത്യാനികൾ “വേറെ ആടുക”ളോടൊപ്പം രണ്ടാം ലോകമഹായുദ്ധ കാലത്തു പ്രസംഗ പ്രവർത്തനം തുടർന്നു.—യോഹന്നാൻ 10:16.
‘മ്ലേച്ഛബിംബം പ്രതിഷ്ഠിക്കപ്പെടുന്നു’
23. ഒന്നാം നൂറ്റാണ്ടിൽ ‘മ്ലേച്ഛബിംബം’ എന്തായിരുന്നു?
23 രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം ദൃശ്യമായപ്പോൾ, ദൈവദൂതൻ പറഞ്ഞതുപോലെ തന്നെ മറ്റൊരു സംഭവവികാസം ഉണ്ടായി. അവർ “ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും.” (ദാനീയേൽ 11:31ബി) യേശുവും “ശൂന്യമാക്കുന്ന മ്ലേച്ഛത”യെ കുറിച്ചു സംസാരിച്ചിരുന്നു. ഒന്നാം നൂറ്റാണ്ടിൽ, യഹൂദ വിപ്ലവം അടിച്ചമർത്താൻ പൊ.യു. 66-ൽ യെരൂശലേമിലേക്കു വന്ന റോമൻ സൈന്യമായിരുന്നു അതെന്നു തെളിഞ്ഞു.c—മത്തായി 24:15; ദാനീയേൽ 9:27.
24, 25. (എ) ആധുനിക കാലങ്ങളിൽ ‘മ്ലേച്ഛബിംബം’ എന്താണ്? (ബി) ‘മ്ലേച്ഛബിംബം പ്രതിഷ്ഠിക്കപ്പെട്ടത്’ എന്ന്, എങ്ങനെ?
24 ആധുനിക കാലങ്ങളിൽ “പ്രതിഷ്ഠിക്ക”പ്പെട്ടിരിക്കുന്ന ‘മ്ലേച്ഛബിംബം’ എന്താണ്? ദൈവരാജ്യത്തിന്റെ വ്യാജമായ ഒരു “മ്ലേച്ഛ” അനുകരണമാണ് അതെന്നു വ്യക്തമാണ്. അഗാധത്തിലേക്കു പോയ കടുഞ്ചുവപ്പുള്ള കാട്ടുമൃഗം അഥവാ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഒരു ലോക സമാധാന സംഘടന എന്ന നിലയിലുള്ള അസ്തിത്വം നഷ്ടപ്പെട്ട സർവരാജ്യ സഖ്യം ആയിരുന്നു അത്. (വെളിപ്പാടു 17:8) എന്നാൽ ആ “മൃഗം” ‘അഗാധത്തിൽനിന്നു കയറി വരണ’മായിരുന്നു. 1945 ഒക്ടോബർ 24-ന്, പഴയ സോവിയറ്റ് യൂണിയൻ ഉൾപ്പെടെ 50 അംഗരാഷ്ട്രങ്ങൾ അടങ്ങിയ ഐക്യരാഷ്ട്ര സംഘടന സ്ഥാപിതമായപ്പോഴാണ് അതു സംഭവിച്ചത്. അങ്ങനെ, ദൂതൻ മുൻകൂട്ടി പറഞ്ഞ ‘മ്ലേച്ഛബിംബം’—ഐക്യരാഷ്ട്രങ്ങൾ—പ്രതിഷ്ഠിക്കപ്പെട്ടു.
25 ഇരു ലോകമഹായുദ്ധങ്ങളിലും തെക്കേദേശത്തെ രാജാവിന്റെ മുഖ്യ ശത്രുവും വടക്കേദേശത്തെ രാജാവിന്റെ സ്ഥാനം കൈയടക്കിയിരുന്നതും ജർമനി ആയിരുന്നു. എന്നാൽ അടുത്തതായി ആ സ്ഥാനത്ത് ആർ വരുമായിരുന്നു?
[അടിക്കുറിപ്പുകൾ]
a ഈ പുസ്തകത്തിന്റെ 6-ാം അധ്യായം കാണുക.
b വിശുദ്ധ റോമാ സാമ്രാജ്യം ആയിരുന്നു ഒന്നാം റൈച്ച്, രണ്ടാമത്തേതു ജർമൻ സാമ്രാജ്യവും.
c ഈ പുസ്തകത്തിന്റെ 11-ാം അധ്യായം കാണുക.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ‘വടക്കെദേശത്തെ രാജാവി’ന്റെയും ‘തെക്കെദേശത്തെ രാജാവി’ന്റെയും സ്ഥാനം വഹിച്ചിരുന്നത് ഏതു ശക്തികൾ ആയിരുന്നു?
• ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണതഫലം വടക്കേദേശത്തെ രാജാവിനെ സംബന്ധിച്ചിടത്തോളം ‘മുമ്പിലത്തെപ്പോലെ സാദ്ധ്യമാകാഞ്ഞത്’ എങ്ങനെ?
• ഒന്നാം ലോകമഹായുദ്ധത്തെ തുടർന്നു ഹിറ്റ്ലർ ജർമനിയെ ലോക രംഗത്ത അവഗണിക്കാനാകാത്ത ഒരു ശക്തിയാക്കി മാറ്റിയത് എങ്ങനെ?
• രണ്ടാം ലോകമഹായുദ്ധത്തിൽ, വടക്കേദേശത്തെ രാജാവും തെക്കേദേശത്തെ രാജാവും തമ്മിലുള്ള ശത്രുതയുടെ ഫലം എന്തായിരുന്നു?
[268-ാം പേജിലെ ചാർട്ട്/ചിത്രങ്ങൾ]
ദാനീയേൽ 11:27-31-ലെ രാജാക്കന്മാർ
വടക്കേദേശത്തെ രാജാവ് തെക്കേദേശത്തെ രാജാവ്
ദാനീയേൽ 11:27-30എ ജർമൻ സാമ്രാജ്യം (ഒന്നാം ബ്രിട്ടൻ, തുടർന്ന് ലോകമഹായുദ്ധം) ആംഗ്ലോ-അമേരിക്കൻ ലോകശക്തി
ദാനീയേൽ 11:30ബി, 31 ഹിറ്റ്ലറിന്റെ മൂന്നാം റൈച്ച് ആംഗ്ലോ-അമേരിക്കൻ (രണ്ടാം ലോകമഹായുദ്ധം) ലോകശക്തി
[ചിത്രം]
പ്രസിഡന്റ് വുഡ്രോ വിൽസൺ ജോർജ് അഞ്ചാമൻ രാജാവിനോടൊപ്പം
[ചിത്രം]
തടങ്കൽ പാളയങ്ങളിൽ അനേകം ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ടു
[ചിത്രം]
ക്രൈസ്തവ ലോകത്തിലെ നേതാക്കന്മാർ ഹിറ്റ്ലറെ പിന്തുണച്ചു
[ചിത്രം]
വധിക്കപ്പെട്ടപ്പോൾ ആർച്ച് ഡ്യൂക്ക് ഫെർഡിനാൻഡ് യാത്രചെയ്തിരുന്ന മോട്ടോർ വാഹനം
[ചിത്രം]
ജർമൻ പടയാളികൾ, ഒന്നാം ലോകമഹായുദ്ധം
[257-ാം പേജിലെ ചിത്രം]
1945-ൽ യാൾട്ടയിൽ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വിൻസ്റ്റൺ ചർച്ചിലും യു.എസ്. പ്രസിഡന്റായ ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റും സോവിയറ്റ് പ്രീമിയറായ ജോസഫ് സ്റ്റാലിനും ചേർന്ന്, ജർമനി കൈവശമാക്കാനും പോളണ്ടിൽ ഒരു പുതിയ ഭരണകൂടം രൂപീകരിക്കാനും ഐക്യരാഷ്ട്രങ്ങൾ സ്ഥാപിക്കാനായി ഒരു യോഗം ചേരാനുമുള്ള പദ്ധതികൾ സംബന്ധിച്ചു യോജിപ്പിൽ എത്തി
[258-ാം പേജിലെ ചിത്രങ്ങൾ]
1. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡ് 2. ജർമൻ നാവികസേന 3. ബ്രിട്ടീഷ് നാവികസേന 4. ലുസിറ്റാനിയ 5. യു.എസ്. യുദ്ധ പ്രഖ്യാപനം
[263-ാം പേജിലെ ചിത്രങ്ങൾ]
ജർമനിയുടെ യുദ്ധകാല സഖ്യ കക്ഷിയായിരുന്ന ജപ്പാൻ പേൾ ഹാർബറിൽ ബോംബിട്ടതിനെ തുടർന്നു യുദ്ധം ജയിക്കുമെന്ന് അഡോൾഫ് ഹിറ്റ്ലറിന് ഉറപ്പു തോന്നി