പഠനലേഖനം 19
അവസാനകാലത്തെ ‘വടക്കേ രാജാവ്’
“അവസാനകാലത്ത് തെക്കേ രാജാവ് അവനോട് (വടക്കേ രാജാവിനോട്) ഏറ്റുമുട്ടും.”—ദാനി. 11:40.
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
പൂർവാവലോകനംa
1. ബൈബിൾപ്രവചനങ്ങൾ നമുക്ക് എന്താണു പറഞ്ഞുതരുന്നത്?
യഹോവയുടെ ജനത്തിനു പെട്ടെന്നുതന്നെ എന്തു സംഭവിക്കും? നമ്മൾ അതിനെപ്പറ്റി ഒരുപാട് ആലോചിച്ച് വിഷമിക്കേണ്ട ആവശ്യമില്ല. കാരണം നമ്മളെയെല്ലാം ബാധിക്കുന്ന പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ച് ബൈബിൾ കൃത്യമായി നമുക്കു പറഞ്ഞുതരുന്നുണ്ട്. അതിൽ പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണ് ദാനിയേൽ 11-ാം അധ്യായത്തിലെ പ്രവചനം. പരസ്പരം പോരടിക്കുന്ന രണ്ടു രാജാക്കന്മാരെക്കുറിച്ചാണ് ആ പ്രവചനം. വടക്കേ രാജാവ്, തെക്കേ രാജാവ് എന്നാണ് ആ രാജാക്കന്മാരെ വിളിക്കുന്നത്. ഭൂമിയിലെ ഏറ്റവും ശക്തരായ ചില ഗവൺമെന്റുകൾ എന്താണു ചെയ്യാൻപോകുന്നതെന്നു മനസ്സിലാക്കാൻ ആ പ്രവചനം നമ്മളെ സഹായിക്കും. ആ പ്രവചനത്തിലെ ധാരാളം കാര്യങ്ങൾ ഇതിനോടകംതന്നെ നിറവേറിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അതിലെ ബാക്കി കാര്യങ്ങളും നിറവേറുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
2. ഉൽപത്തി 3:15-ഉം വെളിപാട് 11:7-ഉം 12:17-ഉം സൂചിപ്പിക്കുന്നതുപോലെ ദാനിയേൽ പ്രവചനം പഠിക്കുമ്പോൾ നമ്മൾ ഏതെല്ലാം വസ്തുതകൾ മനസ്സിൽപ്പിടിക്കണം?
2 ദാനിയേൽ 11-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം മനസ്സിലാകണമെങ്കിൽ നമ്മൾ ഒരു കാര്യം ഓർത്തിരിക്കണം. ദൈവജനത്തെ നേരിട്ട് സ്വാധീനിച്ചിട്ടുള്ള ഗവൺമെന്റുകളെയും ഭരണാധികാരികളെയും കുറിച്ച് മാത്രമേ ഈ പ്രവചനം പറയുന്നുള്ളൂ.b ലോകജനസംഖ്യയുമായി താരതമ്യം ചെയ്താൽ ദൈവജനം വളരെ കുറച്ച് പേർ മാത്രമേ ഉള്ളൂ. പിന്നെ എന്തിനാണ് ഗവൺമെന്റുകൾ ദൈവജനത്തെ ലക്ഷ്യം വെക്കുന്നത്? കാരണം സാത്താനും അവന്റെ മുഴു വ്യവസ്ഥിതിക്കും ഒരു ലക്ഷ്യമേ ഉള്ളൂ, യഹോവയെയും യേശുവിനെയും സേവിക്കുന്നവരെ നശിപ്പിക്കുക. (ഉൽപത്തി 3:15; വെളിപാട് 11:7; 12:17 വായിക്കുക.) ഇനി ദാനിയേൽ പ്രവചനം കൃത്യമായി മനസ്സിലാകണമെങ്കിൽ നമ്മൾ അതിനെ ബൈബിളിലെ മറ്റു ഭാഗങ്ങളുമായി ഒത്തുനോക്കണം. ആ പ്രവചനം ബൈബിളിലെ മറ്റു പ്രവചനങ്ങളുമായി യോജിപ്പിലുമായിരിക്കണം.
3. ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും നമ്മൾ എന്തു പഠിക്കും?
3 ഈ കാര്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട് നമ്മൾ ദാനിയേൽ 11:25-39 ചർച്ച ചെയ്യും. 1870 മുതൽ 1991 വരെയുള്ള കാലത്ത് ആരായിരുന്നു വടക്കേ രാജാവ്, ആരായിരുന്നു തെക്കേ രാജാവ് എന്നു നമ്മൾ കാണും. കൂടാതെ, ദാനിയേൽ പ്രവചനത്തിന്റെ ഈ ഭാഗത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന് ഒരു മാറ്റം ആവശ്യമായിവന്നത് എന്തുകൊണ്ടാണെന്നും നമ്മൾ പഠിക്കും. അടുത്ത ലേഖനത്തിൽ നമ്മൾ ദാനിയേൽ 11:40–12:1 ചർച്ച ചെയ്യും. അതിൽ, 1991 മുതൽ അർമഗെദോൻ യുദ്ധം വരെയുള്ള കാലയളവിനെക്കുറിച്ച് ഈ പ്രവചനം വെളിപ്പെടുത്തുന്ന കാര്യങ്ങൾ നമ്മൾ പഠിക്കും. ഈ രണ്ടു ലേഖനങ്ങളും നിങ്ങൾ പഠിക്കുമ്പോൾ, “അവസാനകാലത്തെ വടക്കേ രാജാവും തെക്കേ രാജാവും” എന്ന ചാർട്ടുകൂടി നോക്കുന്നതു സഹായകമായിരിക്കും. ആദ്യം നമുക്ക് ഈ രണ്ടു രാജാക്കന്മാർ ആരാണെന്നു നോക്കാം.
ആ രാജാക്കന്മാർ ആരാണെന്നു നമുക്ക് എങ്ങനെ അറിയാം?
4. വടക്കേ രാജാവും തെക്കേ രാജാവും ആരാണെന്ന് അറിയാൻ ഏതു മൂന്നു കാര്യങ്ങൾ നമ്മളെ സഹായിക്കും?
4 തുടക്കത്തിൽ ഇസ്രായേലിന്റെ വടക്കും തെക്കും ഉള്ള രാഷ്ട്രീയശക്തികൾക്കാണു “വടക്കേ രാജാവ്,” “തെക്കേ രാജാവ്” എന്നീ പേരുകൾ നൽകിയിരുന്നത്. നമ്മൾ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം ദാനിയേലിന്റെ അടുത്ത് വന്ന ദൂതൻ പറഞ്ഞത് ഇങ്ങനെയാണ്: “അവസാനനാളുകളിൽ നിന്റെ ജനത്തിന് എന്തു സംഭവിക്കുമെന്നു നിന്നെ അറിയിക്കാനാണു ഞാൻ വന്നിരിക്കുന്നത്.” (ദാനി. 10:14) എ.ഡി. 33-ലെ പെന്തിക്കോസ്തുവരെ ഇസ്രായേല്യരായിരുന്നു ദൈവജനം. എന്നാൽ അന്നുമുതൽ ക്രിസ്തുവിന്റെ വിശ്വസ്തരായ ശിഷ്യന്മാരാണു തന്റെ ജനമെന്ന് യഹോവ വ്യക്തമാക്കി. അതുകൊണ്ട് ദാനിയേൽ 11-ാം അധ്യായത്തിലെ പ്രവചനത്തിലെ മിക്ക ഭാഗങ്ങളും പുരാതന ഇസ്രായേല്യരെക്കുറിച്ചുള്ളതല്ല, പകരം ക്രിസ്തുവിന്റെ അനുഗാമികളെക്കുറിച്ചുള്ളതാണ്. (പ്രവൃ. 2:1-4; റോമ. 9:6-8; ഗലാ. 6:15, 16) കാലം കടന്നുപോകുന്നതനുസരിച്ച്, വടക്കേ രാജാവും തെക്കേ രാജാവും മാറിമാറിവന്നു. എങ്കിലും രണ്ടു രാജാക്കന്മാരും നിലവിലുണ്ടായിരുന്ന സമയത്ത് അവ തമ്മിൽ ചില സമാനതകളുണ്ടായിരുന്നു. ഒന്ന്, ആ രാജാക്കന്മാർ ദൈവജനത്തെ നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്. രണ്ട്, ദൈവജനവുമായി ഇടപെട്ട വിധത്തിലൂടെ അവർ സത്യദൈവമായ യഹോവയെ വെറുക്കുന്നെന്നു കാണിച്ചു. മൂന്ന്, ആ രണ്ടു രാജാക്കന്മാരും പരസ്പരം മേധാവിത്വത്തിനും മേൽക്കോയ്മക്കും വേണ്ടി പോരാടി.
5. എ.ഡി. 100 മുതൽ 1870 വരെ വടക്കേ രാജാവും തെക്കേ രാജാവും ഉണ്ടായിരുന്നോ? വിശദീകരിക്കുക.
5 എ.ഡി. 100-നു ശേഷം കുറച്ച് കാലം കഴിഞ്ഞ് സത്യക്രിസ്തീയസഭയിൽ വ്യാജക്രിസ്ത്യാനികൾ പെരുകാൻതുടങ്ങി. അവർ തെറ്റായ ആശയങ്ങൾ പഠിപ്പിക്കുകയും ദൈവവചനത്തിലെ സത്യം ഒളിച്ചുവെക്കുകയും ചെയ്തു. ആ സമയം മുതൽ 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെ ഭൂമിയിൽ ദൈവജനത്തിന്റെ സംഘടിതമായ ഒരു കൂട്ടമില്ലായിരുന്നു. വയലിൽ കള വളരുന്നതുപോലെ, വ്യാജക്രിസ്ത്യാനികൾ തഴച്ചുവളരാൻ തുടങ്ങി. അതുകൊണ്ട് സത്യക്രിസ്ത്യാനികൾ ആരാണെന്നു തിരിച്ചറിയുക വളരെ ബുദ്ധിമുട്ടായി. (മത്താ. 13:36-43) നമ്മൾ ചർച്ച ചെയ്യുന്ന വിഷയവുമായി ഇക്കാര്യത്തിനുള്ള ബന്ധം എന്താണ്? എ.ഡി. 100 മുതൽ 1870 വരെയുള്ള വർഷങ്ങളിലെ രാജാക്കന്മാരോ ഭരണകൂടങ്ങളോ വടക്കേ രാജാവും തെക്കേ രാജാവും അല്ലായിരുന്നു എന്നു നമുക്ക് അതിൽനിന്ന് മനസ്സിലാക്കാം. കാരണം ദൈവജനത്തിന്റെ സംഘടിതമായ ഒരു കൂട്ടം ഇല്ലായിരുന്നതുകൊണ്ടുതന്നെ അവരെ ആക്രമിക്കാനും രാഷ്ട്രീയശക്തികൾക്കു കഴിയുമായിരുന്നില്ല.c എന്നാൽ 1870-നു ശേഷം വടക്കേ രാജാവും തെക്കേ രാജാവും വീണ്ടും പ്രത്യക്ഷപ്പെടുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയും. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
6. ദൈവജനം എപ്പോൾ മുതലാണു വീണ്ടും ഒരു സംഘടിതകൂട്ടമായത്? വിശദീകരിക്കുക.
6 ദൈവജനം 1870 മുതൽ ഒരു കൂട്ടമായി സംഘടിപ്പിക്കപ്പെടാൻ തുടങ്ങി. ആ വർഷമാണു ചാൾസ് റ്റെയ്സ് റസ്സലും സഹകാരികളും ഒരു ബൈബിൾപഠന ക്ലാസ് തുടങ്ങിയത്. മിശിഹൈക രാജ്യം സ്ഥാപിക്കപ്പെടുന്നതിനു മുമ്പ് ഒരു സന്ദേശവാഹകൻ ‘വഴി തെളിക്കുമെന്ന്’ തിരുവെഴുത്തുകൾ സൂചിപ്പിച്ചിരുന്നു. റസ്സൽ സഹോദരനും അടുത്ത സഹകാരികളും ആ സന്ദേശവാഹകനായി പ്രവർത്തിച്ചു. (മലാ. 3:1) ശരിയായ രീതിയിൽ യഹോവയെ സേവിക്കുന്ന ഒരു സംഘടിതജനം അങ്ങനെ വീണ്ടുമുണ്ടായി. അവരെ ഉപദ്രവിച്ചിരുന്ന രാഷ്ട്രീയശക്തികളും രംഗത്തുണ്ടായിരുന്നോ? നമുക്കു നോക്കാം.
ആരാണ് തെക്കേ രാജാവ്?
7. ഒന്നാം ലോകമഹായുദ്ധം തുടങ്ങി കുറെ കഴിയുന്നതുവരെ ആരായിരുന്നു തെക്കേ രാജാവ്?
7 ബ്രിട്ടൻ 1870-ഓടെ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായി. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമായിരുന്നു ബ്രിട്ടന്റേത്. ദാനിയേൽ പ്രവചനം മറ്റു മൂന്നു കൊമ്പുകളെ കീഴടക്കിയ ഒരു ചെറിയ കൊമ്പിനെക്കുറിച്ച് പറയുന്നുണ്ട്. ചെറിയ കൊമ്പ് ബ്രിട്ടനെയും മറ്റു കൊമ്പുകൾ ഫ്രാൻസ്, സ്പെയിൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളെയും ആണ് സൂചിപ്പിക്കുന്നത്. (ദാനി. 7:7, 8) ഒന്നാം ലോകമഹായുദ്ധം തുടങ്ങി കുറെ കഴിയുന്നതുവരെ ബ്രിട്ടനായിരുന്നു തെക്കേ രാജാവ്. ഈ സമയമായപ്പോഴേക്കും അമേരിക്കൻ ഐക്യനാടുകൾ ലോകത്തിലെ ഒരു പ്രധാനപ്പെട്ട സാമ്പത്തികശക്തിയായി വളർന്നിരുന്നു, ബ്രിട്ടനുമായി കൈ കോർത്ത് പ്രവർത്തിക്കാനും തുടങ്ങി.
8. അവസാനകാലത്ത് ഇന്നോളം ആരാണ് തെക്കേ രാജാവായി പ്രവർത്തിച്ചിരിക്കുന്നത്?
8 ഒന്നാം ലോകമഹായുദ്ധകാലത്ത് ഐക്യനാടുകളും ബ്രിട്ടനും ചേർന്ന് ശക്തമായ ഒരു സൈനികസഖ്യമായി. അങ്ങനെ ആംഗ്ലോ-അമേരിക്കൻ ലോകശക്തി നിലവിൽ വന്നു. ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ ഈ രാജാവ് “അതിശക്തമായ ഒരു വൻസൈന്യത്തെ” കൂട്ടി. (ദാനി. 11:25) പിന്നീടിങ്ങോട്ട് അവസാനകാലത്ത് ഉടനീളം ആംഗ്ലോ-അമേരിക്കൻ സഖ്യമാണ് തെക്കേ രാജാവായിd പ്രവർത്തിച്ചിരിക്കുന്നത്. അപ്പോൾ വടക്കേ രാജാവോ?
വടക്കേ രാജാവ് വീണ്ടും രംഗപ്രവേശം ചെയ്യുന്നു
9. എന്നാണു വടക്കേ രാജാവ് വീണ്ടും പ്രത്യക്ഷപ്പെട്ടത്, ദാനിയേൽ 11:25 എങ്ങനെ നിറവേറി?
9 റസ്സൽ സഹോദരനും സഹകാരികളും ബൈബിൾപഠന ക്ലാസ് തുടങ്ങിയതിന്റെ പിറ്റേ വർഷം, അതായത് 1871-ൽ, വടക്കേ രാജാവ് വീണ്ടും പ്രത്യക്ഷപ്പെട്ടു. ആ വർഷം ഓട്ടോ വോൺ ബിസ്മാർക്ക് പല പ്രദേശങ്ങളെയും ഒരുമിച്ച് ചേർത്തു, അങ്ങനെ ശക്തമായ ജർമൻ സാമ്രാജ്യം നിലവിൽ വന്നു. അതായിരുന്നു വടക്കേ രാജാവ്. വിൽഹെം ഒന്നാമൻ രാജാവായിരുന്നു ജർമനിയുടെ ആദ്യത്തെ ചക്രവർത്തി. അദ്ദേഹം ബിസ്മാർക്കിനെ ആദ്യത്തെ ചാൻസലറായി നിയമിക്കുകയും ചെയ്തു.e പതിറ്റാണ്ടുകൾകൊണ്ട് ജർമനി ആഫ്രിക്കയിലെയും ശാന്തസമുദ്രത്തിലെയും പല രാജ്യങ്ങളുടെയും നിയന്ത്രണം കൈക്കലാക്കി, ബ്രിട്ടനെക്കാൾ വലിയ ശക്തിയാകാനും ശ്രമിച്ചു. ജർമൻ സാമ്രാജ്യം ശക്തമായ ഒരു സൈന്യത്തെ ഉണ്ടാക്കിയെടുത്തു. (ദാനിയേൽ 11:25 വായിക്കുക.) ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നാവികശക്തിയായിരുന്നു ജർമനിയുടേത്. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനി ആ സൈന്യത്തെ ശത്രുക്കൾക്കു നേരെ അഴിച്ചുവിട്ടു.
10. ദാനിയേൽ 11:25ബി, 26 എങ്ങനെയാണു നിറവേറിയത്?
10 ജർമൻ സാമ്രാജ്യത്തിനും അതു പടുത്തുയർത്തിയ സൈനികശക്തിക്കും എന്തു സംഭവിക്കുമെന്നു ദാനിയേൽ അടുത്തതായി പറയുന്നു. വടക്കേ രാജാവിനു പിടിച്ചുനിൽക്കാനാകില്ല എന്നാണു പ്രവചനം പറയുന്നത്. എന്തുകൊണ്ട്? ‘അവർ അവന് എതിരെ കുടിലതന്ത്രങ്ങൾ മനയും. അവന്റെ വിശിഷ്ടവിഭവങ്ങൾ കഴിക്കുന്നവർ അവന്റെ വീഴ്ചയ്ക്കു കളമൊരുക്കും.’ (ദാനി. 11:25ബി, 26എ) ദാനിയേലിന്റെ കാലത്ത് രാജാവിന്റെ ‘വിശിഷ്ടവിഭവങ്ങൾ’ കഴിക്കുന്നവരിൽ ‘രാജാവിനു സേവനം’ ചെയ്യുന്ന കൊട്ടാരോദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നു. (ദാനി. 1:5) ഇവിടെ പ്രവചനം ആരെക്കുറിച്ചാണു പറയുന്നത്? ജർമൻ സാമ്രാജ്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥരെയാണ് ഇതു കുറിക്കുന്നത്. അവരിൽ ചക്രവർത്തിയുടെ ജനറൽമാരും സൈനിക ഉപദേഷ്ടാക്കളും ഉൾപ്പെട്ടിരുന്നു. ജർമനിയിലെ ഏകാധിപത്യഭരണം ഇല്ലാതാക്കാൻ അവർ കാരണമായി.f സാമ്രാജ്യം നിലംപതിക്കുമെന്നു മാത്രമല്ല, തെക്കേ രാജാവുമായുള്ള യുദ്ധത്തിന്റെ പരിണതഫലം എന്തായിരിക്കുമെന്നും പ്രവചനം മുൻകൂട്ടിപ്പറഞ്ഞു. വടക്കേ രാജാവിനെക്കുറിച്ച് പ്രവചനം ഇങ്ങനെ പറയുന്നു: “അവന്റെ സൈന്യത്തെ തുടച്ചുനീക്കും; ഒരു കൂട്ടക്കൊല നടക്കും.” (ദാനി. 11:26ബി) മുൻകൂട്ടിപ്പറഞ്ഞതുപോലെ ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ സൈന്യത്തെ ‘തുടച്ചുനീക്കി,’ പലരെയും ‘കൂട്ടക്കൊല’ ചെയ്തു. അന്നേവരെ നടന്ന യുദ്ധങ്ങളിൽ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെട്ട യുദ്ധമായിരുന്നു അത്.
11. ദാനിയേൽ 11:27-30 അനുസരിച്ച്, വടക്കേ രാജാവും തെക്കേ രാജാവും എന്താണു ചെയ്തത്?
11 ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുള്ള സമയത്തെക്കുറിച്ച് ദാനിയേൽ 11:27, 28 പറയുന്നുണ്ട്. വടക്കേ രാജാവും തെക്കേ രാജാവും “ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് പരസ്പരം നുണ പറയും” എന്ന് അവിടെ നമ്മൾ വായിക്കുന്നു. വടക്കേ രാജാവ് ‘ധാരാളം സാധനസാമഗ്രികൾ’ സമ്പാദിക്കും എന്നും അവിടെ പറയുന്നു. അതുതന്നെയാണു സംഭവിച്ചത്. പരസ്പരം സമാധാനത്തിലായിരിക്കാൻ ആഗ്രഹിക്കുന്നെന്നു ജർമനിയും ബ്രിട്ടനും പറഞ്ഞു. പക്ഷേ 1914-ൽ യുദ്ധം തുടങ്ങിയപ്പോൾ ആ പറഞ്ഞതെല്ലാം നുണയാണെന്നു തെളിഞ്ഞു. 1914-നു മുമ്പുള്ള വർഷങ്ങളിൽ ജർമനി ധാരാളം സ്വത്തു സ്വരുക്കൂട്ടുകയും ചെയ്തു, അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയായി. അതു കഴിഞ്ഞ് ജർമനി തെക്കേ രാജാവുമായി യുദ്ധം ചെയ്തു, പക്ഷേ അതിൽ പരാജയപ്പെട്ടു. അങ്ങനെ ദാനിയേൽ 11:29-ഉം 30-ന്റെ ആദ്യഭാഗവും നിറവേറി.
ആ രാജാക്കന്മാർ ദൈവജനത്തോടു പോരടിക്കുന്നു
12. ഒന്നാം ലോകമഹായുദ്ധത്തിൽ വടക്കേ രാജാവും തെക്കേ രാജാവും എന്താണു ചെയ്തത്?
12 രണ്ടു രാജാക്കന്മാരും തമ്മിലുള്ള പോരാട്ടം 1914 മുതൽ രൂക്ഷമായി. ദൈവജനത്തോടുള്ള അവരുടെ എതിർപ്പും വർധിച്ചുവന്നു. ഉദാഹരണത്തിന്, ഒന്നാം ലോകമഹായുദ്ധത്തിൽ ആയുധം എടുക്കാൻ വിസമ്മതിച്ച ദൈവത്തിന്റെ ദാസന്മാരെ ജർമൻ ഗവൺമെന്റും ബ്രിട്ടീഷ് ഗവൺമെന്റും ഉപദ്രവിച്ചു. കൂടാതെ, വെളിപാട് 11:7-10-ലെ പ്രവചനം നിവർത്തിച്ചുകൊണ്ട്, ഐക്യനാടുകളിലെ ഗവൺമെന്റ് പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുത്തിരുന്നവരെ ജയിലിലടയ്ക്കുകയും ചെയ്തു.
13. 1933-നു ശേഷവും രണ്ടാം ലോകമഹായുദ്ധകാലത്തും വടക്കേ രാജാവ് എന്താണു ചെയ്തത്?
13 വടക്കേ രാജാവായ ജർമനി 1933 മുതൽ യാതൊരു ദാക്ഷിണ്യവുമില്ലാതെ ദൈവജനത്തെ ഉപദ്രവിക്കാൻ തുടങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത് അത് അങ്ങേയറ്റം തീവ്രമായി. അത് എങ്ങനെയാണു സംഭവിച്ചത്? ജർമനി നാസികളുടെ കീഴിലായപ്പോൾ ഹിറ്റ്ലറും കൂട്ടാളികളും ദൈവജനത്തിന്റെ പ്രവർത്തനം നിരോധിച്ചു. അവർ യഹോവയുടെ ജനത്തിൽപ്പെട്ട നൂറുകണക്കിന് ആളുകളെ കൊല്ലുകയും ആയിരങ്ങളെ തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തു. ശരിക്കും ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞ സംഭവങ്ങൾതന്നെയായിരുന്നു ഇതെല്ലാം. വടക്കേ രാജാവ് ‘വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും പതിവുസവിശേഷത നീക്കം ചെയ്യുകയും’ ചെയ്യും എന്ന് അവിടെ പറഞ്ഞിരുന്നു. യഹോവയുടെ പേര് പരസ്യമായി ഘോഷിക്കുന്നതിൽനിന്ന് ദൈവദാസരെ കർശനമായി നിയന്ത്രിച്ചപ്പോൾ അവൻ അതാണു ചെയ്തത്. (ദാനി. 11:30ബി, 31എ) ജർമനിയുടെ നേതാവായ ഹിറ്റ്ലർ ദൈവജനത്തെ ജർമനിയിൽനിന്ന് നിശ്ശേഷം ഇല്ലാതാക്കുമെന്നു പ്രതിജ്ഞ ചെയ്യുകപോലും ചെയ്തു.
പുതിയ ഒരു വടക്കേ രാജാവ്
14. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആരാണു വടക്കേ രാജാവായത്? വിശദീകരിക്കുക.
14 രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ജർമനിയിൽനിന്ന് പിടിച്ചെടുത്ത വിസ്തൃതമായ പ്രദേശങ്ങളിൽ തങ്ങളുടെ അധികാരം സ്ഥാപിച്ചു. അത് അടുത്ത വടക്കേ രാജാവായി. സത്യാരാധകരോടു നാസി ഏകാധിപത്യം ഇടപെട്ടതുപോലെതന്നെയാണു സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും ഇടപെട്ടത്. രാജ്യത്തോടുള്ള അനുസരണത്തെക്കാൾ ദൈവത്തിനു പ്രാധാന്യം കൊടുത്തവരെയെല്ലാം അവർ കഠിനമായി ഉപദ്രവിച്ചു.
15. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ ഉടനെ വടക്കേ രാജാവ് എന്തു ചെയ്തു?
15 രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ഉടനെതന്നെ പുതിയ വടക്കേ രാജാവായ സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും ദൈവജനത്തിനുമേൽ ആക്രമണം അഴിച്ചുവിട്ടു. വെളിപാട് 12:15-17-ലെ പ്രവചനത്തിനു ചേർച്ചയിൽ ഈ രാജാവ് നമ്മുടെ പ്രസംഗപ്രവർത്തനം നിരോധിക്കുകയും യഹോവയുടെ ജനത്തിൽപ്പെട്ട ആയിരക്കണക്കിന് ആളുകളെ നാടു കടത്തുകയും ചെയ്തു. വാസ്തവത്തിൽ, അവസാനകാലത്ത് വടക്കേ രാജാവ് ദൈവജനത്തിന്റെ പ്രവർത്തനം ഇല്ലാതാക്കാൻ ഉപദ്രവത്തിന്റെ ഒരു ‘നദിതന്നെ’ ഒഴുക്കിവിട്ടിരിക്കുന്നു, പക്ഷേ അവർ അതിൽ വിജയിക്കുന്നില്ലെന്നു മാത്രം.g
16. ദാനിയേൽ 11:37-39-ലെ പ്രവചനത്തിനു ചേർച്ചയിൽ സോവിയറ്റ് യൂണിയൻ പ്രവർത്തിച്ചത് എങ്ങനെ?
16 ദാനിയേൽ 11:37-39 വായിക്കുക. ഈ പ്രവചനത്തിനു ചേർച്ചയിൽ വടക്കേ രാജാവ് ‘തന്റെ പിതാക്കന്മാരുടെ ദൈവത്തെ ഒട്ടും വകവെച്ചില്ല.’ അത് എങ്ങനെ? മതങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിൽ സോവിയറ്റ് യൂണിയൻ കാലങ്ങളായി നിലനിന്നിരുന്ന മതസംഘടനകളുടെ ശക്തി തകർക്കാൻ ശ്രമിച്ചു. അതിനുവേണ്ടി, 1918-ൽത്തന്നെ സോവിയറ്റ് ഗവൺമെന്റ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു. അവിടത്തെ സ്കൂളുകളിലെ പാഠ്യപദ്ധതിയിൽ നിരീശ്വരവാദം ചേർക്കുന്നതിന്റെ ഒരു തുടക്കമായിരുന്നു അത്. വടക്കേ രാജാവ് ‘കോട്ടകളുടെ ദൈവത്തിനു മഹത്ത്വം നൽകിയെന്നും’ പറയുന്നു. അത് എങ്ങനെ? രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനു സൈന്യബലം വർധിപ്പിക്കാനും ആയിരക്കണക്കിനു ന്യൂക്ലിയർ ആയുധങ്ങൾ നിർമിക്കാനും സോവിയറ്റ് യൂണിയൻ വൻതോതിൽ പണം ചെലവഴിച്ചു. കോടിക്കണക്കിന് ആളുകളെ കൊല്ലാനുള്ള ആയുധങ്ങൾ വടക്കേ രാജാവും തെക്കേ രാജാവും ക്രമേണ സമാഹരിച്ചു.
ഒരു പ്രാവശ്യത്തേക്ക് ഒന്നിക്കുന്നു
17. “നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തു” എന്താണ്?
17 ഒരു കാര്യം നടപ്പിലാക്കാൻ വടക്കേ രാജാവ് തെക്കേ രാജാവിനെ പിന്തുണച്ചു. അവർ ‘നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തുവിനെ പ്രതിഷ്ഠിച്ചു.’ (ദാനി. 11:31) ആ മ്ലേച്ഛവസ്തു ഐക്യരാഷ്ട്രസംഘടനയാണ്.
18. ഐക്യരാഷ്ട്രസംഘടനയെ എന്തുകൊണ്ടാണ് “നാശം വിതയ്ക്കുന്ന മ്ലേച്ഛവസ്തു” എന്നു വിളിച്ചിരിക്കുന്നത്?
18 ഐക്യരാഷ്ട്രസംഘടനയെ എന്തുകൊണ്ടാണ് “മ്ലേച്ഛവസ്തു” എന്നു വിളിക്കുന്നത്? കാരണം ദൈവരാജ്യത്തിനു മാത്രം ചെയ്യാൻ കഴിയുന്ന കാര്യം തങ്ങളെക്കൊണ്ട് സാധിക്കുമെന്ന് അവർ അവകാശപ്പെടുന്നു. എന്താണ് അത്? ലോകത്ത് സമാധാനം കൊണ്ടുവരാൻ. മ്ലേച്ഛവസ്തു ‘നാശം വിതയ്ക്കും’ എന്നും പ്രവചനം പറയുന്നു. എല്ലാ വ്യാജമതങ്ങളെയും നശിപ്പിക്കുന്നതിൽ ഐക്യരാഷ്ട്രസംഘടന ഒരു മുഖ്യപങ്കു വഹിക്കുന്നതുകൊണ്ടാണ് അങ്ങനെ പറയുന്നത്.—“അവസാനകാലത്തെ വടക്കേ രാജാവും തെക്കേ രാജാവും” എന്ന ചാർട്ട് കാണുക.
നമ്മൾ ഈ ചരിത്രം അറിയേണ്ടത് എന്തുകൊണ്ട്?
19-20. (എ) നമ്മൾ ഈ ചരിത്രം അറിയേണ്ടത് എന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ ഏതു ചോദ്യം ചർച്ച ചെയ്യും?
19 നമ്മൾ ഈ ചരിത്രം അറിയണം, കാരണം വടക്കേ രാജാവിനെയും തെക്കേ രാജാവിനെയും കുറിച്ചുള്ള ദാനിയേലിന്റെ പ്രവചനം 1870 മുതൽ 1991 വരെ നിറവേറിക്കഴിഞ്ഞെന്ന് അതു തെളിയിക്കുന്നു. അതുകൊണ്ട് പ്രവചനത്തിന്റെ ബാക്കിയുള്ള ഭാഗവും നിറവേറുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.
20 സോവിയറ്റ് യൂണിയൻ 1991-ൽ തകർന്നു. അങ്ങനെയെങ്കിൽ ഇപ്പോൾ ആരാണു വടക്കേ രാജാവ്? അതു നമുക്ക് അടുത്ത ലേഖനത്തിൽ പഠിക്കാം.
ഗീതം 128 അവസാനത്തോളം സഹിച്ചുനിൽക്കുക
a തെളിവുകൾ കാണിക്കുന്നതനുസരിച്ച്, ‘വടക്കേ രാജാവിനെയും’ ‘തെക്കേ രാജാവിനെയും’ കുറിച്ചുള്ള ദാനിയേലിന്റെ പ്രവചനം ഇപ്പോഴും നിറവേറിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് നമുക്ക് അത് അത്ര ഉറപ്പിച്ച് പറയാൻ കഴിയുന്നത്? ഈ പ്രവചനത്തിന്റെ വിശദാംശങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്?
b ദൈവജനത്തിൽപ്പെട്ട ധാരാളം ആളുകൾ താമസിക്കുകയോ ദൈവജനത്തെ ആക്രമിക്കുകയോ ചെയ്ത രാജ്യങ്ങളെയാണ് ഈ ലേഖനത്തിലും അടുത്തതിലും ദൈവജനത്തെ നേരിട്ട് സ്വാധീനിച്ചിട്ടുള്ള ഗവൺമെന്റുകൾ എന്നു പറയുന്നത്.
c ഇക്കാരണംകൊണ്ടുതന്നെ റോമൻ ചക്രവർത്തിയായ ഔറേലിയനെ (എ.ഡി. 270-275) ‘വടക്കേ രാജാവായും’ സെനോബിയ രാജ്ഞിയെ (എ.ഡി. 267-272) ‘തെക്കേ രാജാവായും’ ഇനി നമ്മൾ പറയില്ല. ഇതെക്കുറിച്ച് ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകത്തിന്റെ 13, 14 അധ്യായങ്ങളിൽ വന്ന മാറ്റമാണ് ഇത്.
d “ബൈബിൾപ്രവചനത്തിലെ ആംഗ്ലോ-അമേരിക്കൻ ലോകശക്തി” എന്ന ചതുരം കാണുക.
e 1890-ൽ കൈസർ വിൽഹെം രണ്ടാമൻ ബിസ്മാർക്കിനെ അധികാരത്തിൽനിന്ന് പുറത്താക്കി.
f അവരുടെ പ്രവർത്തനംകൊണ്ട് സാമ്രാജ്യത്തിന്റെ പതനം പെട്ടെന്നു സംഭവിച്ചു. അവർ കൈസറിനുള്ള പിന്തുണ പിൻവലിച്ചു, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ അവർ ചോർത്തി, അധികാരം വെച്ചൊഴിയാൻ ചക്രവർത്തിയെ നിർബന്ധിക്കുകയും ചെയ്തു.
g ദാനിയേൽ 11:34 സൂചിപ്പിക്കുന്നതുപോലെ വടക്കേ രാജാവിന്റെ പ്രദേശത്ത് ജീവിക്കുന്ന ക്രിസ്ത്യാനികൾക്കു “ചെറിയൊരു” ആശ്വാസം കിട്ടിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. 1991-ൽ സോവിയറ്റ് യൂണിയൻ നിലംപതിച്ചത് അത്തരം ഒരു അവസരമായിരുന്നു.