ബൈബിൾ പുസ്തക നമ്പർ 28—ഹോശേയ
എഴുത്തുകാരൻ: ഹോശേയ
എഴുതിയ സ്ഥലം: ശമര്യ (ജില്ല)
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 745-നു ശേഷം
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 804-നുമുമ്പ്-745-നുശേഷം
1, 2. (എ) എബ്രായ തിരുവെഴുത്തുകളുടെ അവസാനത്തെ 12 പുസ്തകങ്ങൾ ചിലപ്പോൾ എന്തു വിളിക്കപ്പെടുന്നു? (ബി) ഹോശേയയെ സംബന്ധിച്ച് എന്ത് അറിയപ്പെടുന്നു, അവന്റെ പ്രവചനം ആരെ സംബന്ധിക്കുന്നതാണ്?
എബ്രായ തിരുവെഴുത്തുകളിലെ അവസാനത്തെ 12 പുസ്തകങ്ങൾ പൊതുവേ “അപ്രധാന പ്രവാചകൻമാർ” എന്നു പരാമർശിക്കപ്പെടുന്നു. ജർമനിയിൽ സാധാരണ ഉപയോഗത്തിലുളള “ചെറിയ പ്രവാചകൻമാർ” എന്ന പദപ്രയോഗം കൂടുതൽ ഉചിതമാണെന്നു തോന്നുന്നു, എന്തെന്നാൽ അവയുടെ മൊത്തം ദൈർഘ്യം യെശയ്യാവിനെക്കാളോ യിരെമ്യാവിനെക്കാളോ കുറവാണെങ്കിലും ഈ പുസ്തകങ്ങൾ തീർച്ചയായും പ്രാധാന്യത്തിൽ കുറഞ്ഞതല്ല. എബ്രായ ബൈബിളിൽ അവ ഒരു വാല്യമായി പരിഗണിക്കപ്പെടുകയും “പന്തിരുവർ” എന്നു വിളിക്കപ്പെടുകയും ചെയ്തു. ഈ രീതിയിലുളള അവയുടെ സമാഹരണം ഒരുപക്ഷേ സൂക്ഷിപ്പിന്റെ ഉദ്ദേശ്യത്തിലായിരുന്നു, കാരണം ചെറിയ ഒററച്ചുരുൾ അനായാസം നഷ്ടപ്പെടുമായിരുന്നു. ഈ 12 പുസ്തകങ്ങളിൽ ഓരോന്നിന്റെയും കാര്യത്തിലെന്നപോലെ, ആദ്യപുസ്തകത്തിനു ഹോശേയ എന്ന അതിന്റെ എഴുത്തുകാരന്റെ പേരിട്ടിരിക്കുന്നു. അതു “യാഹിനാൽ രക്ഷിക്കപ്പെട്ടവൻ; യാഹ് രക്ഷിച്ചിരിക്കുന്നു” എന്നർഥമുളള ഹോശേയായുടെ ഒരു ഹ്രസ്വരൂപമാണ്.
2 ഹോശേയയുടെ പേർ വഹിക്കുന്ന പുസ്തകത്തിൽ, അവൻ ബയേരിയുടെ മകനായിരുന്നുവെന്നല്ലാതെ അധികമൊന്നും അവനെക്കുറിച്ചു വെളിപ്പെടുത്തിയിട്ടില്ല. അവന്റെ പ്രവചനങ്ങൾ മിക്കവാറും മുഴുവനായി ഇസ്രായേലിനെ സംബന്ധിക്കുന്നതാണ്. ആകസ്മികമായി മാത്രമേ യഹൂദയെ പരാമർശിക്കുന്നുളളു. ഹോശേയ യെരുശലേമിനെക്കുറിച്ചു പറയുന്നില്ലെന്നിരിക്കെ, ഇസ്രായേലിലെ പ്രമുഖ ഗോത്രമായ എഫ്രയീമിന്റെ പേർ 37 പ്രാവശ്യവും ഇസ്രായേലിന്റെ തലസ്ഥാനമായ ശമര്യയെക്കുറിച്ച് 6 പ്രാവശ്യവും പറയുന്നുണ്ട്.
3. ഹോശേയ എത്ര നാൾ പ്രവചിച്ചു, ഈ കാലഘട്ടത്തിലെ മററു പ്രവാചകൻമാർ ആരായിരുന്നു?
3 ഹോശേയ ഇസ്രായേൽരാജാവായ യൊരോബെയാം II-ാമന്റെ വാഴ്ചയുടെ അവസാനത്തോടടുത്ത സമയംമുതൽ യഹൂദയിലെ ഹിസ്കിയാവിന്റെ വാഴ്ചവരെ അസാധാരണമായി ദീർഘിച്ച ഒരു കാലത്തു യഹോവയുടെ പ്രവാചകനായി സേവിച്ചുവെന്നു പുസ്തകത്തിന്റെ ആദ്യവാക്യം നമ്മോടു പറയുന്നു. അതു പൊ.യു.മു. 804-നു ശേഷമല്ലാത്ത ഒരു സമയംമുതൽ 745-നു ശേഷമുളള ഒരു സമയംവരെയുളള 59 വർഷത്തിൽ കുറയാത്ത ഒരു കാലമാണ്. അവന്റെ പ്രവാചകസേവനത്തിന്റെ കാലം യൊരോബെയാം II-ാമന്റെയും ഹിസ്കിയാവിന്റെയും വാഴ്ചകളിലെ ചില വർഷങ്ങളിലേക്കു വ്യാപിച്ചിരുന്നുവെന്നതിനു സംശയമില്ല. ഈ കാലത്ത് ആമോസ്, യെശയ്യാവ്, മീഖാ, ഓബേദ് എന്നിവരായിരുന്നു യഹോവയുടെ വിശ്വസ്തരായ മററു പ്രവാചകൻമാർ.—ആമോ. 1:1; യെശ. 1:1; മീഖാ 1:1; 2 ദിന. 28:9.
4. ഏത് ഉദ്ധരണികളും പ്രാവചനിക നിവൃത്തികളും ഹോശേയയുടെ വിശ്വാസ്യതയെ സ്ഥിരീകരിക്കുന്നു?
4 ഈ പ്രവചനത്തിന്റെ വിശ്വാസ്യത ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ അതു നിരവധി പ്രാവശ്യം ഉദ്ധരിക്കപ്പെടുന്നതിനാൽ സ്ഥിരീകരിക്കപ്പെടുന്നു. യേശുതന്നെ യെരുശലേമിൻമേൽ ന്യായവിധി ഉച്ചരിക്കുമ്പോൾ ഹോശേയ 10:8 ഉദ്ധരിച്ചു: “അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞുതുടങ്ങും.” (ലൂക്കൊ. 23:30) ഇതേ വാചകം വെളിപ്പാടു 6:16-ൽ ഭാഗികമായി ഉദ്ധരിച്ചിരിക്കുന്നു. “മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്ന പ്രവചനനിവൃത്തി കാണിക്കുന്നതിനു മത്തായി ഹോശേയ 11:1 ഉദ്ധരിക്കുന്നു. (മത്താ. 2:15) സകല ഇസ്രായേലിന്റെയും പുനഃസ്ഥാപനത്തെക്കുറിച്ചുളള ഹോശേയയുടെ പ്രവചനം പത്തു-ഗോത്ര രാജ്യത്തുനിന്നുളള അനേകർ യഹൂദയുടെ അടിമത്തത്തിനുമുമ്പ് അതിനോടു ചേരുകയും അവരുടെ സന്തതികൾ പ്രവാസത്തിനുശേഷം മടങ്ങിവന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുകയും ചെയ്തതിൽ നിറവേറി. (ഹോശേ. 1:11; 2 ദിന. 11:13-17; 30:6-12, 18, 25; എസ്രാ 2:70) എസ്രായുടെ കാലംമുതൽ ഈ പുസ്തകത്തിനു “ഹോശേയക്കുണ്ടായ യഹോവയുടെ അരുളപ്പാട്” എന്ന നിലയിൽ എബ്രായ കാനോനിൽ അതിന്റെ ഉചിതമായ സ്ഥാനമുണ്ട്.—ഹോശേ. 1:1.
5. ഏത് അവിശ്വസ്തത നിമിത്തം യഹോവ ഇസ്രായേലിനെ ശിക്ഷിച്ചു?
5 എന്തുകൊണ്ടാണു യഹോവ തന്റെ പ്രവാചകനെന്ന നിലയിൽ ഹോശേയയെ ഇസ്രായേലിലേക്ക് അയച്ചത്? അത് ഇസ്രായേലിന്റെ അവിശ്വസ്തതയും യഹോവയുടെ ഉടമ്പടിയുടെ ലംഘനമായി ബാലാരാധനയാലുളള ദുഷിപ്പും നിമിത്തമായിരുന്നു. വാഗ്ദത്തദേശത്ത് ഇസ്രായേൽ ഒരു കർഷക ജനതയായിത്തീർന്നിരുന്നു. എന്നാൽ അങ്ങനെയായതിൽ അവർ കനാന്യജീവിതരീതി മാത്രമല്ല, പ്രകൃതിയിലെ പുനരുത്പാദന ശക്തികളുടെ പ്രതീകമായ ബാൽദൈവത്തിന്റെ ആരാധനസഹിതമുളള അവരുടെ മതവും സ്വീകരിച്ചു. ഹോശേയയുടെ നാളിൽ ഇസ്രായേൽ യഹോവയുടെ ആരാധനയിൽനിന്നു ക്ഷേത്രവേശ്യമാരുമായുളള അസാൻമാർഗികബന്ധങ്ങൾ ഉൾപ്പെട്ട വെറിക്കൂത്തോടുകൂടിയ മദോൻമത്ത ചടങ്ങിലേക്കു പൂർണമായും മാറിയിരുന്നു. സമ്പൽസമൃദ്ധി ബാൽനിമിത്തമാണെന്ന് ഇസ്രായേൽ പറഞ്ഞു. അവൾ യഹോവയോട് അവിശ്വസ്തയും അവന് അയോഗ്യയുമായിരുന്നു, തന്നിമിത്തം ശിക്ഷണം കൊടുക്കപ്പെടേണ്ടിയിരുന്നു. അവളുടെ ഭൗതികസ്വത്തുക്കൾ ബാലിൽനിന്നു ലഭിച്ചവയല്ലായിരുന്നുവെന്നു യഹോവ അവൾക്കു കാണിച്ചുകൊടുക്കാനിരിക്കുകയായിരുന്നു. അതുകൊണ്ട് അനുതപിക്കുന്നതിലുളള പരാജയം എന്തു കൈവരുത്തുമെന്ന് ഇസ്രായേലിനു മുന്നറിയിപ്പു കൊടുക്കാൻ അവൻ ഹോശേയയെ അയച്ചു. യൊരോബെയാം II-ാമൻ മരിച്ചശേഷം ഇസ്രായേൽ അവളുടെ ഏററവും ഭയങ്കരമായ കാലഘട്ടത്തെ അഭിമുഖീകരിച്ചു. നിരവധി ഭരണാധിപൻമാർ കൊല്ലപ്പെട്ട ഒരു ഭീകരവാഴ്ച പൊ.യു.മു. 740-ലെ അസീറിയക്കാരാലുളള അടിമത്തംവരെ തുടർന്നു. ഈ കാലത്തു രണ്ടു കക്ഷികൾ അന്യോന്യം പൊരുതി, ഈജിപ്തുമായി സഖ്യം രൂപീകരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നും അസീറിയയുമായി വേണമെന്നാഗ്രഹിക്കുന്ന മറ്റൊന്നും. ഇരുകൂട്ടരും യഹോവയിൽ ആശ്രയിച്ചില്ല.
6. ഹോശേയയുടെ ലേഖനശൈലി സംബന്ധിച്ചു സത്യസ്ഥിതി എന്താണ്?
6 ഹോശേയയുടെ ലേഖനശൈലി സത്യസ്ഥിതി വെളിപ്പെടുത്തുന്നതാണ്. അവൻ മിക്കപ്പോഴും തന്റെ വാചകരീതിയിൽ അലിവുളളവനും സംവേദിയുമാണ്, യഹോവയുടെ സ്നേഹദയയെയും കരുണയെയും ആവർത്തിച്ച് ഊന്നിപ്പറയുകയും ചെയ്യുന്നു. അവൻ താൻ കാണുന്ന അനുതാപത്തിന്റെ ഓരോ ചെറിയ ലക്ഷണവും വിവരിക്കുന്നു. അവന്റെ ഭാഷ മററു സമയങ്ങളിൽ രൂക്ഷവും വികാരപരവുമാണ്. ശക്തിയിലും വീര്യത്തിലും അവൻ താളപ്പിഴയ്ക്കു പരിഹാരം കാണുന്നു. അവൻ വളരെ ശക്തമായ വികാരം പ്രകടമാക്കുന്നു, സത്വരം അവൻ ആശയം മാററുന്നു.
7. ഗോമരിന്റെ അവിശ്വസ്തതയിലും പിൽക്കാലത്തെ അവളുടെ മടങ്ങിവരവിലും ചിത്രീകരിക്കപ്പെടുന്നത് എന്ത്?
7 “പരസംഗം ചെയ്യുന്ന ഒരു ഭാര്യയെ” സ്വീകരിക്കാൻ ഹോശേയയോടു തന്റെ പ്രവാചക ജീവിതവൃത്തിയുടെ തുടക്കത്തിൽ കൽപ്പിക്കപ്പെട്ടു. (1:2) തീർച്ചയായും യഹോവക്ക് ഇതിൽ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. ഇസ്രായേൽ യഹോവക്കു പരസംഗംചെയ്ത് അവിശ്വസ്തയായിത്തീർന്ന ഒരു ഭാര്യയെപ്പോലെയായിരുന്നു. എന്നിട്ടും അവൻ അവളോടു തന്റെ സ്നേഹം കാട്ടുകയും അവളെ വീണ്ടുകൊളളാൻ ശ്രമിക്കുകയും ചെയ്യും. ഹോശേയയുടെ ഭാര്യയായ ഗോമരിന് ഇതു കൃത്യമായി ചിത്രീകരിക്കാൻ കഴിയുമായിരുന്നു. ആദ്യകുട്ടിയുടെ ജനനത്തിനുശേഷം അവൾ അവിശ്വസ്തയായിത്തീർന്നുവെന്നു മനസ്സിലാക്കപ്പെടുന്നു. പ്രത്യക്ഷത്തിൽ മററു കുട്ടികളെ പ്രസവിച്ചതു വ്യഭിചാരത്തിലാണ്. (2:5-7) അവൾ “അവന്നു [ഹോശേയക്ക്] ഒരു മകനെ പ്രസവിച്ചു” എന്നു രേഖ പറയുന്നതിനാലും മററു രണ്ടു പുത്രൻമാരുടെ ജനനത്തോടുളള ബന്ധത്തിൽ പ്രവാചകനെക്കുറിച്ചുളള ഏതു പരാമർശവും ഒഴിവാക്കുന്നതിനാലും ഇതു സൂചിപ്പിക്കപ്പെടുന്നു. (1:3, 6, 8) ഹോശേയ ഗോമരിനെ ഒരു അടിമയെപ്പോലെ വിലയ്ക്കുവാങ്ങിക്കൊണ്ടു തിരികെ സ്വീകരിക്കുന്നതായി 3-ാം അധ്യായം 1-3 വരെ വാക്യങ്ങൾ പറയുന്നതായി തോന്നുന്നു. ഇതു തന്റെ ജനം അവരുടെ വ്യഭിചാരഗതിസംബന്ധിച്ച് അനുതപിച്ചശേഷം യഹോവ അവരെ തിരികെ സ്വീകരിക്കുന്നതിനോടു ബന്ധപ്പെടുന്നു.
8. ഈ പുസ്തകത്തിൽ ഏതു പേരുകൾ മാറിമാറി ഉപയോഗിച്ചിരിക്കുന്നു?
8 ഹോശേയയുടെ പ്രവചനത്തിലെ വാക്കുകൾ മുഖ്യമായി ആരിലേക്കു തിരിച്ചുവിടപ്പെട്ടുവോ ആ പത്തു-ഗോത്ര വടക്കൻ ഇസ്രായേൽരാജ്യം, രാജ്യത്തെ പ്രമുഖഗോത്രത്തിന്റെ പേരിൽ എഫ്രയീം എന്നും അറിയപ്പെട്ടിരുന്നു. ഇസ്രായേൽ എന്നും എഫ്രയീം എന്നുമുളള ഈ പേരുകൾ പുസ്തകത്തിൽ മാറിമാറി ഉപയോഗിച്ചിരിക്കുന്നു.
ഹോശേയയുടെ ഉളളടക്കം
9. ഗോമരിന്റെ മക്കളുടെ പേരുകൾ യഹോവ എങ്ങനെ ഇസ്രായേലിനോട് ഇടപെടുമെന്നതു സംബന്ധിച്ച് എന്തു സൂചിപ്പിക്കുന്നു?
9 ഇസ്രായേലിന്റെ വ്യഭിചാരപരമായ ഗതി ചിത്രീകരിക്കപ്പെടുന്നു (1:1–3:5). ഹോശേയയുടെ ‘പരസംഗം ചെയ്യുന്ന ഭാര്യ’ പ്രവാചകനു യിസ്രെയേൽ എന്ന ഒരു പുത്രനെ പ്രസവിക്കുന്നു. പിന്നീട് അവൾക്കു വേറെ രണ്ടു മക്കളും ഉണ്ടാകുന്നു, “[അവളോടു] കരുണ കാണിക്കപ്പെട്ടില്ല” എന്നർഥമുളള ലോരൂഹമാ എന്ന ഒരു പുത്രിയും “എന്റെ ജനമല്ല” എന്നർഥമുളള ലോ-അമ്മി എന്ന ഒരു പുത്രനും. താൻ ‘ഇനി യിസ്രായേൽ ഗൃഹത്തോടു ഒട്ടും കരുണ കാണിക്കുകയില്ല’ എന്നു സൂചിപ്പിക്കുന്നതിനും തന്റെ ജനമെന്ന നിലയിൽ മൊത്തത്തിലുളള അവരുടെ പരിത്യജനത്തിനു ദൃഢത കൊടുക്കുന്നതിനുമാണു യഹോവ ഈ രണ്ടു പേരുകൾ കൊടുത്തത്. (1:2, 6, 9) എന്നിരുന്നാലും, “ജീവനുളള ദൈവത്തിന്റെ മക്കൾ” എന്ന നിലയിൽ യഹൂദയുടെയും ഇസ്രായേലിന്റെയും പുത്രൻമാർ ഏക ശിരസ്സിൻകീഴിൽ ഐക്യത്തിൽ കൂട്ടിച്ചേർക്കപ്പെടേണ്ടതാണ്, എന്തുകൊണ്ടെന്നാൽ “യിസ്രെയേലിന്റെ നാൾ വലുതായിരിക്കുമല്ലോ.” (1:10, 11) വ്യഭിചാരപരമായ ബാലാരാധനയിൽനിന്നു ശുദ്ധീകരിക്കപ്പെട്ടു ദൈവജനം യഹോവയിലേക്കു മടങ്ങുകയും തങ്ങളുടെ ഭർത്താവായി അവനെ സ്വീകരിക്കുകയും ചെയ്യും. (2:16) യഹോവ ഇസ്രായേലിനു സുരക്ഷിതത്വം കൊടുക്കുകയും നീതിയിലും ന്യായത്തിലും സ്നേഹദയയിലും കരുണയിലും വിശ്വസ്തതയിലും തനിക്ക് അവളെ അനിശ്ചിത കാലത്തോളം വിവാഹത്തിനു നിശ്ചയിക്കുകയും ചെയ്യും. യിസ്രെയേൽ (അർഥം “ദൈവം വിത്തുവിതെക്കും”) എന്ന പേരിന് അനുയോജ്യമായി യഹോവ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; . . . എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.” (2:23) വ്യഭിചാരം സംബന്ധിച്ച് അനുതാപമുളള ഒരു ഭാര്യയെപ്പോലെ, “യിസ്രായേൽമക്കൾ തിരിഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും.”—3:5.
10. ജനത പരിജ്ഞാനം ത്യജിച്ചതിൽനിന്ന് എന്തു ഫലമുണ്ടാകാനിരിക്കുന്നു?
10 എഫ്രയീമിന് (യഹൂദക്കും) എതിരായ പ്രാവചനിക ന്യായവിധികൾ (4:1–14:9). 4-ാം അധ്യായത്തിന്റെ ഒന്നാം വാക്യം തുടർന്നുവരുന്ന പ്രാവചനിക മുന്നറിയിപ്പുകളുടെ പശ്ചാത്തലമൊരുക്കുന്നു: “യഹോവെക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.” ഈ അവസ്ഥയിൽനിന്ന് എന്തു ഫലമുണ്ടാകും? “പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറെക്കും” എന്നു യഹോവ പറയുന്നു. (4:1, 6) പരസംഗത്തിന്റെ ആത്മാവുതന്നെ ഇസ്രായേൽ അലഞ്ഞുതിരിയാനിടയാക്കിയിരിക്കുന്നു. വേശ്യാതുല്യരായ ഇസ്രായേലിനോടും യഹൂദയോടും ഒരു കണക്കുചോദിക്കലുണ്ടായിരിക്കും, എന്നാൽ അവർ “കഷ്ടതയിൽ” ആയിരിക്കുമ്പോൾ യഹോവയെ അന്വേഷിക്കും.—5:15.
11. ഹോശേയ ജനത്തോട് എന്തഭ്യർഥിക്കുന്നു, എന്നാൽ അവർക്കു കഷ്ടം എന്തുകൊണ്ട്?
11 ഹോശേയ ജനത്തോട് അഭ്യർഥിക്കുന്നു: “നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക . . . അവൻ സൗഖ്യമാക്കും.” യഹോവ യാഗങ്ങളിലും ഹോമയാഗങ്ങളിലുമല്ല, സ്നേഹദയയിലും ദിവ്യപരിജ്ഞാനത്തിലും പ്രമോദിക്കുന്നു. എന്നാൽ എഫ്രയീമിന്റെയും യഹൂദയുടെയും സ്നേഹദയ “പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെ” ആകുന്നു. (6:1, 4) എഫ്രയീം “ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു.” ജനം യഹോവയിങ്കലേക്കല്ല, ഈജിപ്തിലേക്കും അസീറിയയിലേക്കുമാണു സഹായത്തിനായി പോകുന്നത്. (7:11) അവർക്കു മഹാകഷ്ടം. എന്തുകൊണ്ട്? അവർ മിനക്കെടുകയും ദുഷ്കാര്യങ്ങൾ ആസൂത്രണംചെയ്യുകയും യഹോവയുടെ ഉടമ്പടിയെ മറികടക്കുകയും അവന്റെ നിയമം ലംഘിക്കുകയുമാണു ചെയ്യുന്നത്. “അവർ കാററു വിതെച്ചു, ചുഴലിക്കാററു കൊയ്യും.” (8:7) യഹോവ അവരുടെ അകൃത്യം ഓർക്കുകയും അവരുടെ പാപങ്ങൾക്കു ശ്രദ്ധ കൊടുക്കുകയും ചെയ്യും. “അവർ ജാതികളുടെ ഇടയിൽ ഉഴന്നുനടക്കേണ്ടിവരും.” (9:17) ഇസ്രായേൽ ഹൃദയം കാപട്യമുളളതായിരിക്കുന്ന ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു മുന്തിരിയാണ്. നീതിയിൽ വിതയ്ക്കുകയും സ്നേഹദയക്കനുസൃതം കൊയ്യുകയും ചെയ്യുന്നതിനു പകരം ഇസ്രായേൽ ദുഷ്ടത ഉഴുകയും അനീതി കൊയ്യുകയും ചെയ്തിരിക്കുന്നു. “മിസ്രയീമിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു,” യഹോവ ഓർമിപ്പിക്കുന്നു. (11:1) അതേ, അവൻ കുട്ടിക്കാലംമുതൽ ഇസ്രായേലിനെ സ്നേഹിച്ചു. എന്നാൽ ഇസ്രായേൽ വ്യാജംപറച്ചിലും വഞ്ചനയുംകൊണ്ട് അവനെ ചുററി. യഹോവ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “നീ നിന്റെ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിവരിക; ദയയും ന്യായവും പ്രമാണിച്ചു, ഇടവിടാതെ നിന്റെ ദൈവത്തിന്നായി കാത്തുകൊണ്ടിരിക്ക.”—12:6.
12. (എ) ഹോശേയ 13-ാം അധ്യായത്തിൽ എന്തു സംഗ്രഹിക്കുന്നു? (ബി) ഏതു പുനഃസ്ഥാപനം വാഗ്ദത്തം ചെയ്തിരിക്കുന്നു?
12 പതിമൂന്നാം അധ്യായത്തിൽ, ഇസ്രായേലിന്റെ പ്രാരംഭവാഗ്ദത്തവും യഹോവയുടെ സ്നേഹപുരസ്സരമായ പരിപാലനവും അതുപോലെതന്നെ ഇസ്രായേലിന്റെ മറവിയും ജനത ഒടുവിൽ യഹോവക്കെതിരെ തിരിയുന്നതും സംബന്ധിച്ചു മുന്നമേ പറഞ്ഞതെല്ലാം ഹോശേയ സംഗ്രഹിക്കുന്നു. യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു [“നീക്കിക്കളയും,” NW].” (13:11) എന്നാൽ പുനഃസ്ഥാപനം ഉണ്ടായിരിക്കും: “ഞാൻ അവരെ പാതാളത്തിന്റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാൻ അവരെ വിടുവിക്കും; മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ?” (13:14) എന്നിരുന്നാലും, മത്സരസ്വഭാവമുളള ശമര്യയുടെ ഗതി ഭയങ്കരമായിരിക്കും.
13. ഏത് അഭ്യർഥന ഹോശേയയുടെ പുസ്തകത്തെ അവസാനിപ്പിക്കുന്നു, ആർ യഹോവയുടെ വഴികളിൽ നടക്കും?
13 ഹൃദയഭേദകമായ അഭ്യർഥനയോടെ പുസ്തകം ഉപസംഹരിക്കുന്നു: ‘യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരുക; എന്തെന്നാൽ നിന്റെ അകൃത്യം നിമിത്തം നീ ഇടറിവീണിരിക്കുന്നു. ക്ഷമായാചനംചെയ്യുകയും അധരാർപ്പണമായ മൂരികളെ അർപ്പിക്കുകയും ചെയ്യുക. യഹോവ നിങ്ങളോടു കരുണയും സ്നേഹവും കാണിക്കും. അവൻ നിങ്ങൾക്കു നവോൻമേഷപ്രദമായ തുഷാരംപോലെയായിത്തീരും, നിങ്ങൾ ലില്ലിയും ഒലിവുമരവും പോലെ പുഷ്പിക്കും.’ ജ്ഞാനികളും വിവേകികളും ഈ കാര്യങ്ങൾ ഗ്രഹിക്കും: “യഹോവയുടെ വഴികൾ ചൊവ്വുളളവയല്ലോ; നീതിമാൻമാരാണ് അവയിൽ നടക്കുന്നത്; എന്നാൽ അതിക്രമക്കാരാണ് അവയിൽ ഇടറിവീഴുന്നത്”—14:1-6, 9, NW.
എന്തുകൊണ്ടു പ്രയോജനപ്രദം
14. ഹോശേയയുടെ പ്രവചനത്തിന്റെ ഏതു കൃത്യമായ നിവൃത്തികൾ ശ്രദ്ധിക്കേണ്ടതാണ്?
14 ഹോശേയയുടെ പുസ്തകം യഹോവയുടെ നിശ്വസ്ത പ്രവചനങ്ങളിലുളള വിശ്വാസത്തെ ബലിഷ്ഠമാക്കുന്നു. ഇസ്രായേലിനെയും യഹൂദയെയും കുറിച്ചു ഹോശേയ പ്രവചിച്ചതെല്ലാം നിവർത്തിച്ചു. വിഗ്രഹാരാധികളായ അയൽജനതകളുടെ ഇടയിലെ കാമുകരാൽ ഇസ്രായേൽ ഉപേക്ഷിക്കപ്പെടുകയും പൊ.യു.മു. 740-ൽ അവൾ അസീറിയായിൽനിന്നുളള നാശത്തിന്റെ കൊടുങ്കാററു കൊയ്യുകയും ചെയ്തു. (ഹോശേ. 8:7-10; 2 രാജാ. 15:20; 17:3-6, 18) എന്നിരുന്നാലും, യഹോവ യഹൂദയോടു കരുണ കാണിക്കുകയും അവളെ രക്ഷിക്കുകയും ചെയ്യും, എന്നാൽ സൈനികശക്തിയാലായിരിക്കുകയില്ല എന്നു ഹോശേയ മുൻകൂട്ടിപ്പറഞ്ഞു. യഹോവയുടെ ദൂതൻ യെരുശലേമിനെ ഭീഷണിപ്പെടുത്തിയ 1,85,000 അസീറിയക്കാരെ നിഗ്രഹിച്ചപ്പോൾ ഇതിനു നിവൃത്തിയുണ്ടായി. (ഹോശേ. 1:7; 2 രാജാ. 19:34, 35) എന്നിരുന്നാലും, യഹൂദ ഹോശേയ 8:14-ലെ ന്യായവിധിയിൽ ഉൾപ്പെടുത്തപ്പെട്ടു: “എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.” പൊ.യു.മു. 609-607-ൽ നെബുഖദ്നേസർ യഹൂദയെയും യരുശലേമിനെയും ശൂന്യമാക്കിയപ്പോൾ ദാരുണമായ നിവൃത്തിയുണ്ടായ ഒരു പ്രവചനമായിരുന്നു ഇത്. (യിരെ. 34:6, 7; 2 ദിന. 36:19) യഹോവ യഹൂദയെയും ഇസ്രായേലിനെയും കൂട്ടിച്ചേർക്കുകയും അവർ പൊ.യു.മു. 537-ൽ തങ്ങളുടെ പ്രവാസത്തിന്റെ ‘ദേശത്തുനിന്നു പുറപ്പെട്ടുപോകു’കയും ചെയ്തപ്പോൾ ഹോശേയയുടെ അനേകം പുനഃസ്ഥാപനപ്രവചനങ്ങൾ നിവൃത്തിയേറി.—ഹോശേ. 1:10, 11; 2:14-23; 3:5; 11:8-11; 13:14; 14:1-9; എസ്രാ 2:1; 3:1-3.
15. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർ ഹോശേയയുടെ പുസ്തകത്തിൽനിന്നുളള ഉദ്ധരണികൾ ബാധകമാക്കുന്നത് എങ്ങനെ?
15 ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാരാലുളള ഹോശേയപ്രവചനത്തിന്റെ പരാമർശങ്ങളും ഇന്നത്തെ നമ്മുടെ പരിചിന്തനത്തിന് അത്യന്തം പ്രയോജനപ്രദമാണ്. ദൃഷ്ടാന്തത്തിന്, പുനരുത്ഥാനത്തെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ പൗലൊസ് ഹോശേയ 13:14-ന്റെ ശക്തമായ ഒരു പ്രായോഗികത കാട്ടുന്നു: “ഹേ, മരണമേ, നിന്റെ ജയം എവിടെ? ഹേ, മരണമേ, നിന്റെ വിഷമുളളു എവിടെ?” (1 കൊരി. 15:55) കരുണാപാത്രങ്ങളുടെമേൽ പ്രകടമാക്കപ്പെട്ട യഹോവയുടെ അനർഹദയയെ ഊന്നിപ്പറയുമ്പോൾ പൗലൊസ് ഹോശേയ 1:10-ൽനിന്നും 2:23-ൽനിന്നും ഉദ്ധരിക്കുന്നു: ‘“എന്റെ ജനമല്ലാത്തവരെ എന്റെ ജനമെന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും. നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുളള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും പറയുന്നുവല്ലോ.’ (റോമ. 9:25, 26) പത്രൊസ് ഹോശേയയിൽനിന്നുളള ഇതേ ഭാഗങ്ങളെ പരാവർത്തനംചെയ്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്: “മുമ്പേ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവർ, ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.”—1 പത്രൊ. 2:10.
16. ആരാധനക്കുളള യഹോവയുടെ വ്യവസ്ഥകൾ പ്രകടമാക്കുന്നതായി ഹോശേയയുടെ ഏതു വാക്കുകൾ യേശു ആവർത്തിച്ചു?
16 അങ്ങനെ, ഹോശേയയുടെ പ്രവചനത്തിനു സെരൂബ്ബാബേലിന്റെ നാളിൽ ഒരു ശേഷിപ്പു മടങ്ങിപ്പോയതിൽമാത്രമല്ല, ‘ജീവനുളള ദൈവത്തിന്റെ പ്രിയപുത്രൻമാർ’ ആയിത്തീരുന്ന ഒരു ആത്മീയ ശേഷിപ്പിനെ യഹോവ കരുണാപൂർവം കൂട്ടിച്ചേർക്കുന്നതിലും നിവൃത്തി ഉണ്ടായതായി കാണപ്പെടുന്നു. ഹോശേയ നിശ്വസ്തതയാൽ ഇതിനുളള യോഗ്യതകൾ കണ്ടു. അത് ഔപചാരിക ചടങ്ങുസഹിതമുളള ആരാധനയുടെ ഒരു ഭാവമല്ല, പിന്നെയോ ഹോശേയ 6:6-ലെ വാക്കുകളിൽ (അതു യേശു മത്തായി 9:13-ലും 12:7-ലും ആവർത്തിച്ചു): “യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാൾ ദൈവപരിജ്ഞാനത്തിലും ഞാൻ പ്രസാദിക്കുന്നു.”
17. (എ) ആത്മീയ വ്യഭിചാരത്തിലേക്കു വീഴുന്ന ആർക്കും ആവശ്യമായിരിക്കുന്നത് എന്ത്? (ബി) ഹോശേയയിൽ ഏതു സന്തോഷകരമായ രാജ്യവാഗ്ദത്തം അടങ്ങിയിരിക്കുന്നു?
17 ഹോശേയയുടെ സ്വന്തം ജീവിതത്തിൽ വളരെ വ്യക്തമായി അഭിനയിക്കപ്പെട്ട വ്യഭിചാരിണിയായ ഭാര്യയുടെ ദൃഷ്ടാന്തം തന്നിൽനിന്നു വിഗ്രഹാരാധനയുടെയും വ്യാജാരാധനയുടെയും വഴികളിലേക്കു തിരിയുകയും അങ്ങനെ ആത്മീയ വ്യഭിചാരം നടത്തുകയും ചെയ്യുന്നവരെ യഹോവ വെറുക്കുന്നുവെന്നു പ്രകടമാക്കുന്നു. തെററിലേക്കു വീണിരിക്കുന്ന ഏതൊരാളും യഥാർഥ അനുതാപത്തിൽ യഹോവയിലേക്കു തിരികെ വരുകയും ‘തങ്ങളുടെ അധരാർപ്പണമാകുന്ന കാളകളെ തിരികെ അർപ്പിക്കുകയും ചെയ്യണം.’ (ഹോശേ. 14:2; എബ്രാ. 13:15) ഇവർക്കു ഹോശേയ 3:5-ലെ രാജ്യവാഗ്ദത്തത്തിന്റെ നിവൃത്തിയിൽ ആത്മീയ ഇസ്രായേൽ പുത്രൻമാരുടെ ശേഷിപ്പിനോടുകൂടെ സന്തോഷിക്കാവുന്നതാണ്: “പിന്നെത്തേതിൽ യിസ്രായേൽമക്കൾ തിരിഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവർ ഭയപ്പെട്ടുംകൊണ്ടു യഹോവയിങ്കലേക്കും അവന്റെ നൻമയിങ്കലേക്കും വരും.”