ബൈബിൾ പുസ്തക നമ്പർ 29—യോവേൽ
എഴുത്തുകാരൻ: യോവേൽ
എഴുതിയ സ്ഥലം: യഹൂദ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 820 (?)
1. ഏതു വിസ്മയാവഹമായ സംഭവങ്ങൾ യോവേലിന്റെ പ്രവചനത്തെ പ്രദീപ്തമാക്കുന്നു?
തിരയ്ക്കു പിന്നാലെ തിര, ഒരു കീടസൈന്യം ദേശത്തെ ശൂന്യമാക്കുന്നു. അവയ്ക്കു മുമ്പിലെ തീയും പിമ്പിലെ ജ്വാലയും ശൂന്യത പൂർത്തീകരിക്കുന്നു. എല്ലായിടത്തും ക്ഷാമം. സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറുന്നു, എന്തുകൊണ്ടെന്നാൽ വലുതും ഭയങ്കരവുമായ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അരിവാൾ നീട്ടി നാശത്തിനുവേണ്ടി ജനതകളെ ശേഖരിക്കാൻ അവൻ കൽപ്പന കൊടുക്കുന്നു. എന്നിരുന്നാലും, ചിലർ “രക്ഷിക്കപ്പെടും.” (യോവേ. 2:32) ഈ നാടകീയ സംഭവങ്ങളുടെ പരിചിന്തനം യോവേലിന്റെ പ്രവചനത്തെ അത്യന്തം രസാവഹവും നമുക്കു വളരെ പ്രയോജനപ്രദവുമാക്കുന്നു.
2. യോവേലിനെക്കുറിച്ചും അവന്റെ പ്രവചിക്കലിന്റെ സാഹചര്യങ്ങളെക്കുറിച്ചും നാം എന്തറിയുന്നു?
2 “പെഥൂവേലിന്റെ മകനായ യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാടു” ആയി പുസ്തകം അവതരിപ്പിക്കപ്പെടുന്നു. യോവേലിനെക്കുറിച്ച് ഇതിനെക്കാൾ കൂടുതലൊന്നും ബൈബിൾ നമ്മോടു പറയുന്നില്ല. ഊന്നിപ്പറയുന്നതു പ്രാവചനിക സന്ദേശത്തെയാണ്, അതിന്റെ എഴുത്തുകാരനെയല്ല. “യോവേൽ” (എബ്രായ, യോഹെൽ) എന്ന പേരിനു “യഹോവ ദൈവമാകുന്നു” എന്നർഥമുളളതായി മനസ്സിലാക്കപ്പെടുന്നു. യെരുശലേമിനോടും അതിലെ ആലയത്തോടും ആലയസേവനത്തിന്റെ വിശദാംശങ്ങളോടുമുളള യോവേലിന്റെ നേരിട്ടുളള പരിചയം യെരുശലേമിലോ യഹൂദയിലോവെച്ച് അവൻ തന്റെ പുസ്തകം എഴുതിയെന്നു സൂചിപ്പിച്ചേക്കാം.—യോവേ. 1:1, 9, 13, 14; 2:1, 15, 16, 32.
3. യോവേലിന്റെ പ്രവചനത്തിന് പൊ.യു.മു. ഏതാണ്ട് 820 എന്ന തീയതി ഏതു കാരണങ്ങളാൽ നിർദേശിക്കപ്പെടുന്നു?
3 യോവേലിന്റെ പുസ്തകം എപ്പോഴാണ് എഴുതപ്പെട്ടത്? ഇതു തീർച്ചപ്പെടുത്തി പറയാൻ കഴിയില്ല. പണ്ഡിതൻമാർ പൊ.യു.മു. 800 മുതൽ പൊ.യു.മു. ഏതാണ്ടു 400 വരെയുളള വിവിധ തീയതികൾ നിശ്ചയിക്കുന്നു. യഹോശാഫാത്ത് സമതലത്തിലെ ജനതകളുടെമേലുളള യഹോവയുടെ ന്യായവിധിയുടെ വർണന യഹൂദയിലെ യഹോശാഫാത്ത് രാജാവിനുവേണ്ടിയുളള യഹോവയുടെ വലിയ വിജയത്തിനുശേഷം ഏതോ സമയത്ത്, തന്നിമിത്തം യഹോശാഫാത്ത് പൊ.യു.മു. 936-ൽ രാജാവായ ശേഷം, യോവേൽ ഈ പ്രവചനം എഴുതിയെന്നു സൂചിപ്പിക്കുന്നു. (യോവേ. 3:2, 12; 2 ദിന. 20:22-26) പ്രവാചകനായ ആമോസ് യോവേലിന്റെ പാഠത്തിൽനിന്ന് ഉദ്ധരിച്ചിരിക്കണം. അപ്പോൾ ആമോസിന്റെ പ്രവചനത്തിനു മുമ്പാണു യോവേലിന്റെ പ്രവചനം എഴുതിയതെന്ന് ഇതർഥമാക്കും. ആമോസ് പ്രവചിക്കൽ തുടങ്ങിയതു പൊ.യു.മു. 829-നും 804-നും ഇടയ്ക്ക് ഏതോ സമയത്താണ്. (യോവേ. 3:16; ആമോ. 1:2) എബ്രായ കാനോനിൽ ഹോശേയക്കും ആമോസിനുമിടയ്ക്കുളള പുസ്തകത്തിന്റെ സ്ഥാനം നേരത്തെയുളള ഒരു തീയതിയെയും സൂചിപ്പിച്ചേക്കാം. അതുകൊണ്ടു പൊ.യു.മു. ഏകദേശം 820 എന്ന ഒരു തീയതി യോവേലിന്റെ പ്രവചനത്തിനു നിർദേശിക്കപ്പെടുന്നു.
4. യോവേലിന്റെ വിശ്വാസ്യതക്ക് ഏതു തെളിവുകളുണ്ട്?
4 പ്രവചനത്തിന്റെ വിശ്വാസ്യത ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ ഉദ്ധരണികളാലും അതിനെയുളള പരാമർശനങ്ങളാലും തെളിയിക്കപ്പെടുന്നു. പെന്തെക്കോസ്തുദിവസം പത്രൊസ് “യോവേൽപ്രവാചക”നെക്കുറിച്ചു സംസാരിക്കുകയും അവന്റെ പ്രവചനങ്ങളിലൊന്നു ബാധകമാക്കുകയും ചെയ്തു. പൗലൊസ് അതേ പ്രവചനം ഉദ്ധരിക്കുകയും യഹൂദൻമാരിലും യഹൂദരല്ലാത്തവരിലുമുളള അതിന്റെ നിവൃത്തി പ്രകടമാക്കുകയും ചെയ്തു. (യോവേ. 2:28-32; പ്രവൃ. 2:16-21; റോമ. 10:13) അയൽജനതകൾക്കെതിരായ യോവേലിന്റെ പ്രവചനങ്ങളെല്ലാം നിവൃത്തിയേറി. വലിയ സോർനഗരം നെബുഖദ്നേസരാൽ ഉപരോധിക്കപ്പെട്ടു. പിന്നീടു ദ്വീപനഗരത്തെ മഹാനായ അലക്സാണ്ടർ നശിപ്പിച്ചു. ഫെലിസ്ത്യയും അതുപോലെതന്നെ നശിപ്പിക്കപ്പെട്ടു. ഏദോം ഒരു മരുഭൂമിയായി. (യോവേ. 3:4, 19) യഹൂദൻമാർ ഒരിക്കലും യോവേലിന്റെ കാനോനികത്വത്തെ ചോദ്യംചെയ്തിട്ടില്ല. അവർ അപ്രധാന പ്രവാചകൻമാർ എന്നു വിളിക്കപ്പെടുന്നവരിൽ രണ്ടാമത്തേതായി ഈ പുസ്തകം വെച്ചു.
5. യോവേലിന്റെ പ്രവചനം ഏതു വിധത്തിൽ ശ്രദ്ധേയമായി അഭിവ്യജ്ഞകമാണ്?
5 യോവേലിന്റെ ശൈലി വ്യക്തവും അഭിവ്യഞ്ജകവുമാണ്. അവൻ ദൃഢതക്കുവേണ്ടി ആവർത്തിക്കുകയും ശ്രദ്ധേയമായ ഉപമകൾ ഉപയോഗിക്കുകയും ചെയ്യുന്നു. വെട്ടുക്കിളികൾ ഒരു ജനതയെന്നും ഒരു ജനമെന്നും ഒരു സൈന്യമെന്നും വിളിക്കപ്പെടുന്നു. അവയുടെ പല്ലുകൾ സിംഹങ്ങളുടേതുപോലെയും അവയുടെ കാഴ്ച കുതിരകളുടേതുപോലെയും അവയുടെ ശബ്ദം യുദ്ധത്തിനു നിരത്തിയ സൈന്യ രഥങ്ങൾ പോലെയുമാണ്. വ്യാഖ്യാതാവിന്റെ ബൈബിൾ (ഇംഗ്ലീഷ്) വെട്ടുക്കിളിനിയന്ത്രണം സംബന്ധിച്ച ഒരു പ്രാമാണികൻ ഇങ്ങനെ പറയുന്നതായി ഉദ്ധരിക്കുന്നു: “ഒരു വെട്ടുക്കിളിയാക്രമണത്തെസംബന്ധിച്ച യോവേലിന്റെ വർണനയെ അതിന്റെ വിസ്മയാവഹമായ വിശദാംശ കൃത്യതയുടെ കാര്യത്തിൽ യാതൊന്നും വെല്ലുന്നില്ല.”a യോവേൽ ഇപ്പോൾ യഹോവയുടെ ഭയജനകമായ ദിവസത്തെക്കുറിച്ചു പ്രവചിക്കുമ്പോൾ ശ്രദ്ധിക്കുക.
യോവേലിന്റെ ഉളളടക്കം
6. യോവേൽ ആദ്യം ഏതു ഭയങ്കരദർശനം കാണുന്നു?
6 കീടത്തിന്റെ ആക്രമണം ദേശത്തെ ഉരിച്ചുകളയുന്നു; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു (1:1–2:11). യോവേൽ വിപത്തിന്റെ എന്തൊരു ഭയങ്കര ദർശനമാണു കാണുന്നത്! പുഴുവിന്റെയും വെട്ടുക്കിളിയുടെയും ചിറകില്ലാതെ ഇഴയുന്ന വെട്ടുക്കിളിയുടെയും പാററായുടെയും ശൂന്യമാക്കുന്ന ആക്രമണം. മുന്തിരിയും അത്തിവൃക്ഷങ്ങളും ഉരിയപ്പെട്ടിരിക്കുന്നു, ദേശത്തു പട്ടിണി നടമാടുന്നു. യഹോവയുടെ ആലയത്തിനുവേണ്ടിയുളള ധാന്യവഴിപാടുകളോ പാനീയയാഗങ്ങളോ ഇല്ല. യോവേൽ പുരോഹിതൻമാർക്കും ദൈവത്തിന്റെ ശുശ്രൂഷകർക്കും അനുതപിക്കാൻ മുന്നറിയിപ്പു കൊടുക്കുന്നു. “അയ്യോ കഷ്ടം!” അവൻ ഉൽക്രോശിക്കുന്നു, “യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു.” (1:15) മൃഗങ്ങൾ കുഴഞ്ഞ് അലഞ്ഞുനടക്കുന്നു. ജ്വാലകൾ മേച്ചൽസ്ഥലത്തെയും വൃക്ഷങ്ങളെയും കരിച്ചിരിക്കുന്നു, മരുഭൂമി തീയാൽ ഉണങ്ങിപ്പോയിരിക്കുന്നു.
7. യഹോവയുടെ ആക്രമണസൈന്യം എങ്ങനെ വർണിക്കപ്പെടുന്നു?
7 മുന്നറിയിപ്പു മുഴക്കുക! “സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധ പർവ്വതത്തിൽ അയ്യംവിളിപ്പിൻ.” (2:1) യഹോവയുടെ ദിവസം അടുത്തിരിക്കുന്നു, അന്ധകാരത്തിന്റെയും കൂരിരുട്ടിന്റെയും ഒരു ദിവസം. നോക്കൂ! നിരവധിയായ ഒരു ബലിഷ്ഠജനം. അവർ ഏദെൻസമാന ദേശത്തെ ഒരു ശൂന്യ മരുഭൂമിയാക്കി മാററുന്നു. യാതൊന്നും ഒഴിഞ്ഞുപോകുന്നില്ല. അവ കുതിരകളെപ്പോലെയും പർവതമുകളിലെ രഥങ്ങളെപ്പോലെയുളള ശബ്ദത്തോടെയും ഓടുന്നു. യുദ്ധത്തിന് അണിനിരന്നിരിക്കുന്ന ഒരു ജനത്തെപ്പോലെ അവ നഗരത്തിലേക്കു പാഞ്ഞുചെല്ലുകയും മതിലുകളിലും വീടുകളിലും ജനാലകളിൽകൂടെയും കയറുകയും ചെയ്യുന്നു. ദേശം കുലുങ്ങുന്നു, ആകാശങ്ങൾ ആടുന്നു. നിരവധിയായ ഈ സൈന്യത്തിന്റെ അധിപതി യഹോവയാണ്. “യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു. അതു സഹിക്കാകുന്നവൻ ആർ?”—2:11.
8. (എ) എങ്ങനെ മാത്രമേ കീടങ്ങളുടെ ആക്രമണത്തെ തടയാൻ കഴിയൂ? (ബി) യഹോവ ഏതു നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുന്നു?
8 യഹോവയിലേക്കു തിരിയുക; ആത്മാവു പകരപ്പെടും (2:12-32). എന്നാൽ ആക്രമണത്തെ തടയാൻ എന്തെങ്കിലും ചെയ്യാൻ കഴിയും. യഹോവ ബുദ്ധ്യുപദേശിക്കുന്നു: “പൂർണ്ണഹൃദയത്തോടും . . . കൂടെ എങ്കലേക്കു തിരിവിൻ . . . വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ.” (2:12, 13) ഒരു കാഹളധ്വനി വിശുദ്ധസമ്മേളനത്തിനു ജനത്തെ കൂട്ടിവരുത്തുന്നു. അവർ യഹോവയിലേക്കു തിരിയുന്നുവെങ്കിൽ, “യഹോവ തന്റെ ദേശത്തിനുവേണ്ടി തീക്ഷ്ണതയുളളവനായിരിക്കയും തന്റെ ജനത്തോട് അനുകമ്പ കാണിക്കയും ചെയ്യും.” (2:18, NW) അനുഗ്രഹങ്ങളും ക്ഷമയും ഉണ്ടായിരിക്കും, ആക്രമണകാരി പിന്തിരിപ്പിക്കപ്പെടും. ഭയത്തിനുളള ഒരു കാലമായിരിക്കുന്നതിനു പകരം, ആനന്ദിക്കുന്നതിനും സന്തോഷിക്കുന്നതിനുമുളള ഒരു കാലമാണത്. എന്തുകൊണ്ടെന്നാൽ പഴവും ധാന്യവും പുതുവീഞ്ഞും എണ്ണയും ഉണ്ടായിരിക്കും. തന്റെ വലിയ വെട്ടുക്കിളിസൈന്യം തിന്നിരിക്കുന്ന സംവത്സരങ്ങൾക്കു യഹോവ നഷ്ടപരിഹാരം ചെയ്യും. അവന്റെ വാഗ്ദത്തം ഇതാണ്: “നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും.” (2:26) ഇസ്രായേലിൻ മധ്യേ യഹോവ മാത്രമാണു തങ്ങളുടെ ദൈവമെന്ന് അവർ അറിയും.
9. തുടർന്നു ഹൃദയോദ്ദീപകമായ ഏതു പ്രവചനം വരുന്നു?
9 “അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിൻമേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രൻമാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധൻമാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൌവനക്കാർ ദർശനങ്ങളെ ദർശിക്കും. ദാസൻമാരുടെ മേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.” യഹോവയുടെ ദിവസത്തിന്റെ വരവിനുമുമ്പു സൂര്യനിലും ചന്ദ്രനിലും ഭീതിപ്പെടുത്തുന്ന അടയാളങ്ങൾ ഉണ്ടായിരിക്കും. എന്നിരുന്നാലും ചിലർ അതിജീവിക്കും. “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.”—2:28-32.
10. യഹോശാഫാത്തിന്റെ താഴ്വരയിൽ എന്തു സംഭവിക്കാനിരിക്കുന്നു?
10 ജനതകൾ “യഹോശാഫാത്ത് താഴ്വര”യിൽ വിധിക്കപ്പെടും (3:1-21). യഹോവ യഹൂദയിലെയും യെരുശലേമിലെയും ബന്ദികളെ തിരികെ വരുത്തും. ജനതകൾ കൂട്ടിച്ചേർക്കപ്പെടും; സോരും സീദോനും ഫെലിസ്ത്യയും യഹോവയുടെ ജനത്തെ നിന്ദിക്കുകയും അടിമകളാക്കുകയും ചെയ്തതിനു വലിയ വില കൊടുക്കും. യഹോവ ജനതകളെ വെല്ലുവിളിക്കുമ്പോൾ ശ്രദ്ധിക്കുക: “വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊൾവിൻ; വീരൻമാരെ ഉദ്യോഗിപ്പിപ്പിൻ! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.” (3:9) അവർ കൊഴുക്കളെ വാളുകളായി അടിച്ചുതീർക്കുകയും യഹോശാഫാത്ത് (അർഥം “യഹോവ ന്യായാധിപൻ ആകുന്നു”) താഴ്വരയിലേക്കു വരുകയും ചെയ്യട്ടെ. യഹോവയുടെ കൽപ്പന മുഴങ്ങുന്നു: “അരിവാൾ ഇടുവിൻ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; . . . തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ. വിധിയുടെ താഴ്വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.” (3:13, 14) സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. യഹോവ ആകാശവും ഭൂമിയും കുലുങ്ങാൻ ഇടയാക്കിക്കൊണ്ടു സീയോനിൽനിന്നു ഗർജിക്കുന്നു, എന്നാൽ അവൻ സ്വന്തജനത്തിന് ഒരു ശരണവും കോട്ടയുമെന്നു തെളിയുന്നു. അവൻ അവരുടെ ദൈവമായ യഹോവയാണെന്ന് അവർ അറിയേണ്ടിവരും.
11. പിന്നീടു യോവേൽ യഹോവയിൽനിന്നു തുടർന്നു വരാനിരിക്കുന്ന അനുഗ്രഹങ്ങളെ വർണിക്കുന്നതെങ്ങനെ?
11 “അന്നാളിൽ” എന്തൊരു പറുദീസാസമൃദ്ധിയായിരിക്കും കാണുക! (3:18) പർവതങ്ങൾ വീഞ്ഞു പൊഴിക്കും, കുന്നുകളിൽ പാൽ ഒഴുകും, നദീതട്ടുകളിൽ ധാരാളം വെളളം പ്രവഹിക്കും. യഹോവയുടെ ആലയത്തിൽനിന്നു നവോൻമേഷദായകമായ ഒരു അരുവി പുറപ്പെടും. യഹൂദയിൽ നിർദോഷരക്തം ചൊരിഞ്ഞ ഈജിപ്തും ഏദോമും ശൂന്യമായിത്തീരും, എന്നാൽ യഹൂദയും യെരുശലേമും അനിശ്ചിതകാലം നിവസിക്കപ്പെടും, “യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.”—3:21.
എന്തുകൊണ്ടു പ്രയോജനപ്രദം
12. പെന്തെക്കോസ്തിൽ പത്രൊസ് യോവേലിന്റെ ഏതു പ്രാവചനികപ്രാധാന്യം ഊന്നിപ്പറഞ്ഞു?
12 ചില ഭാഷ്യകാരൻമാർ യോവേലിനെ നാശത്തിന്റെ പ്രവാചകൻ എന്നു വർണിച്ചിട്ടുണ്ട്. എന്നിരുന്നാലും, ദൈവത്തിന്റെ സ്വന്തം ജനത്തിന്റെ വീക്ഷണത്തിൽ വിടുതലിന്റെ മഹത്തായ സദ്വാർത്താഘോഷകനായി അവൻ കാണപ്പെടുന്നു. “എന്തെന്നാൽ ‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും’” എന്നു പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലൊസ് റോമർ 10:13-ൽ [NW] ഈ ആശയം ഊന്നിപ്പറയുന്നു. (യോവേ. 2:32) പൊ.യു. 33-ലെ പെന്തെക്കോസ്തുദിവസം യോവേലിന്റെ പ്രവചനത്തിനു ശ്രദ്ധേയമായ നിവൃത്തി ഉണ്ടായി. ആ അവസരത്തിൽ, ക്രിസ്തുവിന്റെ ശിഷ്യരുടെമേലുളള ദൈവാത്മാവിന്റെ പകരൽ യോവേൽപ്രവചനത്തിന്റെ ഒരു നിവൃത്തിയായിരുന്നുവെന്നു വിശദീകരിക്കാൻ പത്രൊസ് നിശ്വസ്തനാക്കപ്പെട്ടു. (പ്രവൃ. 2:1-21; യോവേ. 2:28, 29, 32) “യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും” എന്ന യോവേലിന്റെ വാക്കുകളുടെ പ്രാവചനികമായ പ്രാധാന്യത്തിനു പത്രൊസ് വലിയ ഊന്നൽ കൊടുത്തു.—പ്രവൃ. 2:21, 39, 40.
13. (എ) യോവേലും വെളിപ്പാടും തമ്മിൽ ശ്രദ്ധേയമായ എന്തു സമാനതകൾ കാണാൻ കഴിയും? (ബി) മററു പ്രവചനങ്ങളിൽ യോവേലിന്റെ ഏതു സമാന്തരങ്ങൾ കാണാൻ കഴിയും?
13 യോവേൽ വർണിച്ച വെട്ടുക്കിളിബാധയും വെളിപ്പാടു 9-ാം അധ്യായത്തിൽ പ്രവചിച്ച ബാധയും തമ്മിൽ ശ്രദ്ധേയമായ സമാന്തരങ്ങൾ കാണാൻ കഴിയും. വീണ്ടും സൂര്യൻ ഇരുണ്ടുപോകുന്നു. വെട്ടുക്കിളികൾ യുദ്ധത്തിനു ചമയിച്ച കുതിരകൾക്കു സമാനമാണ്, അവ രഥങ്ങളുടേതുപോലെയുളള ശബ്ദം ഉണ്ടാക്കുന്നു. അവയ്ക്കു സിംഹങ്ങളുടേതുപോലുളള പല്ലുണ്ട്. (യോവേ. 2:4, 5, 10; 1:6; വെളി. 9:2, 7-9) സൂര്യൻ ഇരുണ്ടുപോകുന്നതിനെക്കുറിച്ചു പറയുന്ന യോവേൽ 2:31-ലെ പ്രവചനം ഒരു സംഭവമെന്ന നിലയിൽ യെശയ്യാവു 13:9, 10-ലെയും വെളിപ്പാടു 6:12-17-ലെയും മനഷ്യപുത്രൻ എന്ന നിലയിൽ ശക്തിയോടും വലിയ മഹത്ത്വത്തോടും കൂടെ വരുന്ന സമയത്ത് ഈ പ്രവചനം ബാധകമാകുന്നതായി യേശു പ്രകടമാക്കുന്ന മത്തായി 24:29, 30-ലെയും വാക്കുകൾക്കു സമാന്തരമാണ്. യോവേൽ 2:11-ലെ “യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു” എന്ന വാക്കുകളാണു പ്രത്യക്ഷത്തിൽ മലാഖി 4:5-ൽ പരാമർശിക്കപ്പെടുന്നത്. ഈ ‘ഇരുട്ടും അന്ധകാരവുമുളള ദിവസ’ത്തിന്റെ സമാന്തരവർണനകൾ യോവേൽ 2:2-ലും സെഫന്യാവ് 1:14, 15-ലും കാണാനുണ്ട്.
14. യോവേലിലെ ഏതു ഭാഗങ്ങൾ യഹോവയുടെ പരമാധികാരത്തെയും അവന്റെ സ്നേഹദയയെയും മഹിമപ്പെടുത്തുന്നു?
14 വെളിപാടിലെ പ്രവചനം ദിവ്യ “മഹാകോപദിവസ”ത്തിലേക്കു മുന്നോട്ടു നോക്കുന്നു. (വെളി. 6:17) ആ ‘യഹോവയുടെ മഹാദിവസം’ ജനതകളുടെമേൽ വരുമ്പോൾ സംരക്ഷണത്തിനും വിടുതലിനുംവേണ്ടി അവനെ വിളിച്ചപേക്ഷിക്കുന്നവർ “രക്ഷിക്കപ്പെടും” എന്നു പ്രകടമാക്കിക്കൊണ്ടു യോവേലും ആ കാലത്തെക്കുറിച്ചു പ്രവചിക്കുന്നു. “യഹോവ തന്റെ ജനത്തിന്നു ഒരു ശരണം” ആയിരിക്കും. ഏദെനിക സമ്പൽസമൃദ്ധി പുനഃസ്ഥാപിക്കപ്പെടും: “അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെളളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്നു ഒരു ഉറവു” പുറപ്പെടും. ഈ ശോഭനമായ പുനഃസ്ഥാപന വാഗ്ദത്തങ്ങൾ അവതരിപ്പിക്കുമ്പോൾ, യോവേൽ യഹോവയാം ദൈവത്തിന്റെ പരമാധികാരത്തെ മഹിമപ്പെടുത്തുകയും അവന്റെ മഹാകരുണയുടെ അടിസ്ഥാനത്തിൽ പരമാർഥഹൃദയികളോട് ഇങ്ങനെ അഭ്യർഥിക്കുകയും ചെയ്യുന്നു: “നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുളളവനല്ലോ.” ഈ നിശ്വസ്തമായ അഭ്യർഥന ശ്രദ്ധിക്കുന്നവരെല്ലാം നിത്യപ്രയോജനങ്ങൾ കൊയ്യും.—യോവേ. 2:1, 32; 3:16, 18; 2:13.
[അടിക്കുറിപ്പുകൾ]
a 1956, വാല്യം VI, പേജ് 733.