യോവേൽ
3 “ആ നാളുകളിൽ,
ഞാൻ യഹൂദയുടെയും യരുശലേമിന്റെയും ബന്ദികളെ തിരികെ കൊണ്ടുവരുന്ന സമയത്ത്,+
2 എല്ലാ ജനതകളെയും ഞാൻ ഒരുമിച്ചുകൂട്ടും;
അവരെ ഞാൻ യഹോശാഫാത്ത്* താഴ്വരയിലേക്കു കൊണ്ടുവരും.
എന്റെ ജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടി
ഞാൻ അവരെ അവിടെവെച്ച് ന്യായം വിധിക്കും.+
അവർ ഇസ്രായേലിനെ ജനതകൾക്കിടയിൽ ചിതറിച്ചുകളഞ്ഞല്ലോ;
അവർ എന്റെ ദേശം പങ്കിട്ടെടുക്കുകയും ചെയ്തു.+
3 അവർ എന്റെ ജനത്തെ നറുക്കിട്ട് വിഭാഗിച്ചു.+
വേശ്യയുടെ കൂലിയായി അവർ ആൺകുട്ടികളെയും
വീഞ്ഞിന്റെ വിലയായി പെൺകുട്ടികളെയും കൊടുത്തു.
4 സോരേ, സീദോനേ, ഫെലിസ്ത്യയിലെ ദേശങ്ങളേ,
നിങ്ങൾക്ക് എന്നോട് എന്തു കാര്യം?
നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുകയാണോ?
പ്രതികാരം ചെയ്യുകയാണെങ്കിൽ,
ഞാൻ പെട്ടെന്ന്, വളരെ പെട്ടെന്ന്, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.+
5 നിങ്ങൾ എന്റെ സ്വർണവും വെള്ളിയും എടുത്തു;+
എന്റെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളെല്ലാം നിങ്ങളുടെ ദേവാലയത്തിലേക്കു കൊണ്ടുപോയി.
6 യഹൂദയിലെയും യരുശലേമിലെയും ജനങ്ങളെ നിങ്ങൾ ഗ്രീക്കുകാർക്കു വിറ്റു;+
അങ്ങനെ, അവരെ അവരുടെ പ്രദേശത്തുനിന്ന് ദൂരെ അകറ്റി.
7 നിങ്ങൾ അവരെ വിറ്റുകളഞ്ഞ ദേശത്തുനിന്ന് ഞാൻ ഇതാ, അവരെ തിരികെ കൊണ്ടുവരുന്നു!+
ഞാൻ നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.
8 ഞാൻ നിങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും യഹൂദയിലുള്ളവർക്കു വിൽക്കും;+
അവർ അവരെ ദൂരെയുള്ള ഒരു ജനതയ്ക്ക്, ശേബയിലുള്ളവർക്ക്, വിൽക്കും.
യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.
9 ജനതകളോട് ഇങ്ങനെ പ്രഖ്യാപിക്കുക:+
‘യുദ്ധത്തിന് ഒരുങ്ങുക!* വീരയോദ്ധാക്കളെ ഉണർത്തുക!
പടയാളികളെല്ലാം അടുത്തുവരട്ടെ, അവർ മുന്നേറട്ടെ!+
10 നിങ്ങളുടെ കലപ്പകൾ* വാളുകളായും അരിവാളുകൾ കുന്തങ്ങളായും അടിച്ചുതീർക്കുക.
“ഞാൻ കരുത്തനാണ്” എന്നു ദുർബലൻ പറയട്ടെ.
11 ചുറ്റുമുള്ള ജനതകളേ, ഒരുമിച്ചുകൂടൂ! വന്ന് സഹായിക്കൂ!’”+
യഹോവേ, അങ്ങയുടെ ശക്തരെ* അവിടേക്ക് അയയ്ക്കേണമേ.
12 “ജനതകൾ എഴുന്നേറ്റ് യഹോശാഫാത്ത് താഴ്വരയിലേക്കു വരട്ടെ;
ചുറ്റുമുള്ള എല്ലാ ജനതകളെയും ന്യായം വിധിക്കാൻ ഞാൻ അവിടെ ഇരിക്കും.+
13 അരിവാൾ വീശുക, വിളവെടുപ്പിനു സമയമായി.
വന്ന് മുന്തിരിച്ചക്കു* ചവിട്ടുക, അതു നിറഞ്ഞിരിക്കുന്നു.+
സംഭരണികൾ* നിറഞ്ഞുകവിയുന്നു; അവരുടെ ദുഷ്ടത അത്ര വലുതാണല്ലോ.
14 യഹോവയുടെ ദിവസം വിധിയുടെ താഴ്വരയുടെ അടുത്ത് എത്തിയിരിക്കുന്നതിനാൽ+
അവിടെ ജനങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്നു;
15 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും;
നക്ഷത്രങ്ങളുടെ പ്രകാശം ഇല്ലാതാകും.
16 യഹോവ സീയോനിൽനിന്ന് ഗർജിക്കും;
യരുശലേമിൽനിന്ന് ശബ്ദം ഉയർത്തും.
ആകാശവും ഭൂമിയും വിറയ്ക്കും;
എന്നാൽ തന്റെ ജനത്തിന് യഹോവ ഒരു സുരക്ഷിതസ്ഥാനമായിരിക്കും;+
ഇസ്രായേൽ ജനത്തിന് ഒരു കോട്ടയായിരിക്കും.
17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും;
ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+
18 അന്നു പർവതങ്ങളിൽനിന്ന് മധുരമുള്ള വീഞ്ഞ് ഇറ്റിറ്റുവീഴും,+
മലകളിൽ പാൽ ഒഴുകും,
യഹൂദയിലെ എല്ലാ അരുവികളിലൂടെയും വെള്ളം ഒഴുകും.
19 എന്നാൽ യഹൂദയിലുള്ളവരോടു ദ്രോഹം ചെയ്തതുകൊണ്ടും+
ആ ദേശത്ത് നിരപരാധികളുടെ രക്തം ചൊരിഞ്ഞതുകൊണ്ടും+
ഏദോം വിജനമായ ഒരു പാഴ്ഭൂമിയാകും;+
ഈജിപ്ത് വിജനമാകും.+
20 എന്നാൽ യഹൂദയിൽ എപ്പോഴും ആൾപ്പാർപ്പുണ്ടാകും;
എത്ര തലമുറകൾ കഴിഞ്ഞാലും യരുശലേമിൽ ജനവാസമുണ്ടായിരിക്കും.+
21 ഞാൻ നിഷ്കളങ്കമായി കരുതാതിരുന്ന അവരുടെ രക്തം* ഞാൻ ഇനി നിഷ്കളങ്കമായി കരുതും;+
യഹോവ സീയോനിൽ വസിക്കും.”+