ഐക്യമുള്ളവരായിരിക്കുന്നതിൽ നമ്മുടെ പങ്ക് എങ്ങനെ വർധിപ്പിക്കാം?
‘അവൻ മുഖേന ശരീരം മുഴുവനും സംയോജിതമായിട്ട് അവയവങ്ങൾ അതതിന്റെ ധർമം യഥോചിതം നിർവഹിക്കുന്നു.’—എഫെ. 4:16.
1. തുടക്കംമുതൽ ദൈവത്തിന്റെ പ്രവൃത്തികളിൽ എന്ത് ദൃശ്യമാണ്?
സൃഷ്ടിയുടെ ആരംഭംമുതൽ യഹോവയും യേശുവും ഐക്യത്തിൽ പ്രവർത്തിക്കുന്നു. യഹോവയുടെ ആദ്യസൃഷ്ടി യേശുവായിരുന്നു. യേശു യഹോവയുടെ “അടുക്കൽ ശില്പി ആയിരുന്നു” എന്ന് ബൈബിൾ പറയുന്നു. (സദൃ. 8:30) തങ്ങളുടെ പ്രവർത്തനങ്ങളിൽ യഹോവയുടെ ദാസന്മാരും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഉദാഹരണത്തിന്, നോഹയും കുടുംബവും തോളോടുതോൾചേർന്ന് പെട്ടകം പണിതു. പിന്നീട് സമാഗമനകൂടാരം പണിയുന്നതിനും അത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനും ഇസ്രായേല്യർ ഒത്തൊരുമയോടെ പ്രവർത്തിച്ചു. ആലയത്തിൽ യഹോവയെ സ്തുതിക്കുന്നതിനു സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ അവർ ശ്രുതിമധുരമായ ഗീതങ്ങൾ ഒത്തൊരുമിച്ച് ആലപിച്ചു. ഇതെല്ലാം ചെയ്യാൻ യഹോവയുടെ ജനത്തിന് സാധിച്ചത് അവർ പരസ്പരം സഹകരിച്ചു പ്രവർത്തിച്ചതുകൊണ്ടാണ്.—ഉല്പ. 6:14-16, 22; സംഖ്യാ. 4:4-32; 1 ദിന. 25:1-8.
2. (എ) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയുടെ ഒരു സവിശേഷത എന്ത് ആയിരുന്നു? (ബി) ഏതു ചോദ്യങ്ങൾ നമ്മൾ പരിചിന്തിക്കും?
2 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളും പരസ്പരം ഐക്യത്തിൽ പ്രവർത്തിച്ചു. അവർക്ക് വ്യത്യസ്ത കഴിവുകളും നിയമനങ്ങളും ആണ് ഉണ്ടായിരുന്നതെങ്കിലും അവർ ഐക്യമുള്ളവരായിരുന്നെന്ന് പൗലോസ് പറഞ്ഞു. അവർ എല്ലാവരും അവരുടെ നായകനായ ക്രിസ്തുയേശുവിനെയാണ് അനുകരിച്ചത്. വ്യത്യസ്ത അവയവങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ശരീരത്തോടാണ് പൗലോസ് അവരെ താരതമ്യം ചെയ്തത്. (1 കൊരിന്ത്യർ 12:4-6, 12 വായിക്കുക.) എന്നാൽ നമ്മുടെ കാര്യമോ? പ്രസംഗപ്രവർത്തനത്തിൽ നമുക്ക് എങ്ങനെ ഐക്യം കാണിക്കാം? സഭയിലും കുടുംബത്തിലും നമുക്ക് എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം?
പ്രസംഗപ്രവർത്തനത്തിൽ സഹകരിച്ച് പ്രവർത്തിക്കുക
3. യോഹന്നാൻ അപ്പൊസ്തലന് ഏത് ദർശനമാണ് ലഭിച്ചത്?
3 കാഹളം ഊതുന്ന ഏഴു ദൂതന്മാരുടെ ഒരു ദിവ്യദർശനം യോഹന്നാന് ലഭിച്ചു. അഞ്ചാമത്തെ ദൂതൻ കാഹളം ഊതിയപ്പോൾ “ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു” യോഹന്നാൻ കണ്ടു. ആ “നക്ഷത്രം” ഒരു താക്കോൽ ഉപയോഗിച്ചുകൊണ്ട് ഇരുൾമൂടിയ ഒരു അഗാധഗർത്തത്തിന്റെ വാതിൽ തുറക്കുന്നു. ഗർത്തത്തിൽനിന്ന് ആദ്യം കനത്ത പുകയും ആ പുകയിൽനിന്ന് വെട്ടുക്കിളികളുടെ ഒരു വലിയ കൂട്ടവും പുറത്തുവന്നു. മരങ്ങളോ ചെടികളോ നശിപ്പിക്കുന്നതിനു പകരം “നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത”വരെ അത് ആക്രമിച്ചു. (വെളി. 9:1-4) വെട്ടുക്കിളികൾക്ക് വൻനാശം വിതയ്ക്കാനാകുമെന്നു യോഹന്നാന് അറിയാമായിരുന്നു; മോശയുടെ കാലത്ത് ഈജിപ്തിൽ അങ്ങനെയൊന്ന് സംഭവിച്ചിരുന്നു. (പുറ. 10:12-15) യോഹന്നാൻ കണ്ട ആ വെട്ടുക്കിളികൾ വ്യാജമതത്തിനെതിരെ ശക്തമായ സന്ദേശം അറിയിക്കുന്ന അഭിഷിക്തക്രിസ്ത്യാനികളെയാണ് പ്രതിനിധീകരിക്കുന്നത്. ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ദശലക്ഷക്കണക്കിന് ആളുകൾ അവരോട് ചേർന്നിരിക്കുന്നു. അവർ ഒത്തൊരുമിച്ച് ഈ പ്രസംഗവേല ചെയ്യുന്നു. ഈ പ്രവർത്തനം, വ്യാജമതം ഉപേക്ഷിച്ച് സാത്താന്റെ പിടിയിൽനിന്ന് സ്വതന്ത്രരാകാൻ അനേകരെ സഹായിക്കുന്നു.
4. ദൈവജനത്തിന് എന്ത് നിയമനമാണു നിർവഹിക്കാനുള്ളത്, അത് ചെയ്യാനുള്ള ഒരേ ഒരു വഴി ഏതാണ്?
4 അന്ത്യം വരുന്നതിനു മുമ്പ് ലോകത്തെല്ലായിടത്തുമുള്ള ആളുകളോട് സുവാർത്ത പ്രസംഗിക്കാനുള്ള നിയമനം നമുക്കുണ്ട്. ഇത് വലിയൊരു വേലയാണ്! (മത്താ. 24:14; 28:19, 20) “ജീവജലം” കുടിക്കാനുള്ള ക്ഷണം “ദാഹിക്കുന്ന” എല്ലാവർക്കും നമ്മൾ കൊടുക്കണം. അതായത്, ബൈബിൾസത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും നമ്മൾ അതു പഠിപ്പിക്കണം. (വെളി. 22:17) എന്നാൽ അത് ചെയ്യാൻ കഴിയണമെങ്കിൽ സഭയിലുള്ള എല്ലാവരും പരസ്പരം സഹകരിച്ച് പ്രവർത്തിക്കണം.—എഫെ. 4:16.
5, 6. സുവാർത്ത പ്രസംഗിക്കുമ്പോൾ നമ്മൾ ഐക്യമുള്ളവരായിരിക്കുന്നത് എങ്ങനെ?
5 പരമാവധി ആളുകളെ സുവാർത്ത അറിയിക്കണമെങ്കിൽ നമ്മൾ സുസംഘടിതരായിരിക്കണം. വയൽസേവന യോഗത്തിലൂടെയും മറ്റു യോഗങ്ങളിലൂടെയും സഭയിൽനിന്ന് ലഭിക്കുന്ന മാർഗനിർദേശങ്ങൾ ഇതിനു സഹായിക്കും. നമ്മൾ ലോകവ്യാപകമായി സുവാർത്ത അറിയിക്കുന്നു, ലക്ഷക്കണക്കിന് ബൈബിൾപ്രസിദ്ധീകരണങ്ങളും ആളുകൾക്ക് കൊടുക്കുന്നു. ചിലപ്പോൾ ചില പ്രത്യേക പ്രചാരണപരിപാടികളിൽ പങ്കെടുക്കാനുള്ള നിർദേശങ്ങൾ നമുക്ക് കിട്ടിയേക്കാം. അതിൽ പങ്കെടുക്കുമ്പോൾ സുവാർത്ത ലോകമെമ്പാടും അറിയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളോടൊപ്പം പ്രവർത്തിക്കുകയാണ് നമ്മളും. അങ്ങനെ ചെയ്യുമ്പോൾ സുവാർത്ത അറിയിക്കാൻ ദൈവജനത്തെ സഹായിക്കുന്ന ദൂതന്മാരോടൊപ്പവുമായിരിക്കും നമ്മൾ പ്രവർത്തിക്കുന്നത്.—വെളി. 14:6.
6 ലോകവ്യാപകമായി നടക്കുന്ന പ്രസംഗപ്രവർത്തനത്തിന്റെ നല്ല ഫലങ്ങളെക്കുറിച്ച് വാർഷികപുസ്തകത്തിൽനിന്ന് വായിച്ചറിയുന്നത് എത്ര ആവേശം പകരുന്നു! നമ്മുടെ കൺവെൻഷനുകളിൽ ഹാജരാകാൻ ലോകത്തെമ്പാടുമുള്ള ആളുകൾക്ക് ക്ഷണക്കത്ത് കൊടുക്കുമ്പോൾ നമുക്കിടയിലെ ഐക്യമല്ലേ അത് കാണിക്കുന്നത്! ഒരേ വിവരങ്ങളാണ് ഈ കൺവെൻഷനുകളിൽ കൂടിവരുന്ന എല്ലാവരും കേൾക്കുന്നത്. നമുക്കുള്ള ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കാൻ അവിടെ നടക്കുന്ന പ്രസംഗങ്ങളും നാടകങ്ങളും അവതരണങ്ങളും നമ്മളെ പ്രചോദിപ്പിക്കുന്നു. എല്ലാ വർഷവും നീസാൻ 14-ാം തീയതി സൂര്യാസ്തമയത്തിനു ശേഷം സ്മാരകാചരണത്തിന് ഹാജരാകുമ്പോഴും നമ്മൾ ലോകമെമ്പാടുമുള്ള സഹോദരങ്ങളോട് യോജിച്ചു പ്രവർത്തിക്കുകയാണ്. (1 കൊരി. 11:23-26) യഹോവ നമുക്കായി ചെയ്ത കാര്യങ്ങളെപ്രതി നന്ദിയുള്ളവരാണെന്ന് കാണിക്കാനും യേശുവിന്റെ കല്പന അനുസരിക്കാനും ആ ദിവസം സൂര്യാസ്തമയത്തിനു ശേഷം നമ്മൾ കൂടിവരുന്നു. സ്മാരകത്തിനു മുമ്പുള്ള ആഴ്ചകളിൽ കഴിയുന്നത്ര ആളുകളെ ആ പ്രധാനപരിപാടിക്ക് ക്ഷണിക്കാൻ നമ്മൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.
7. ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതുകൊണ്ടുള്ള നേട്ടം എന്താണ്?
7 ഒരു വെട്ടുക്കിളിക്ക് ഒറ്റയ്ക്ക് കാര്യമായി ഒന്നുംതന്നെ ചെയ്യാൻ കഴിയില്ല. നമ്മുടെ കാര്യത്തിലും അത് സത്യമാണ്. സകലരോടും ഒറ്റയ്ക്ക് പ്രസംഗിക്കാൻ നമുക്കാകില്ല. എന്നാൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതുകൊണ്ട് ലക്ഷക്കണക്കിന് ആളുകളോട് യഹോവയെക്കുറിച്ച് പറയാൻ നമുക്കാകുന്നു. യഹോവയെ സ്തുതിക്കാൻ അത് പലരെയും സഹായിക്കുന്നു.
സഭയിൽ സഹകരിച്ച് പ്രവർത്തിക്കുക
8, 9. (എ) ഐക്യമുള്ളവരായിരിക്കണമെന്ന് ക്രിസ്ത്യാനികളെ പഠിപ്പിക്കാൻ പൗലോസ് ഏത് ദൃഷ്ടാന്തം ഉപയോഗിച്ചു? (ബി) സഭയിൽ നമുക്ക് എങ്ങനെ സഹകരിച്ച് പ്രവർത്തിക്കാം?
8 സഭ സംഘടിതമായിരിക്കുന്നത് എങ്ങനെയെന്ന് പൗലോസ് എഫെസ്യയിലെ ക്രിസ്ത്യാനികളോട് വിശദീകരിച്ചു. സഭയിലുള്ള എല്ലാവരും ‘സകലത്തിലും വളർന്നുവരണമെന്ന്’ പൗലോസ് പറഞ്ഞു. (എഫെസ്യർ 4:15, 16 വായിക്കുക.) ഐക്യം നിലനിറുത്താനും നായകനായ യേശുവിനെ അനുകരിക്കാനും സഭയെ സഹായിക്കുന്നതിന് ഓരോ ക്രിസ്ത്യാനിക്കും കഴിയുമെന്നു വിശദീകരിക്കാൻ പൗലോസ് മനുഷ്യശരീരത്തിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചു. ശരീരത്തിലെ അവയവങ്ങൾ ‘സന്ധിബന്ധങ്ങളാൽ സംയോജിതമായി അതതിന്റെ ധർമം യഥോചിതം നിർവഹിക്കുന്നു.’ അതുപോലെ, ചെറുപ്പക്കാരോ പ്രായമേറിയവരോ, ആരോഗ്യം ഉള്ളവരോ ഇല്ലാത്തവരോ ആരായിരുന്നാലും ശരി, നമ്മൾ ഓരോരുത്തരും എന്ത് ചെയ്യണം?
9 സഭയിൽ നേതൃത്വമെടുക്കാനായി യേശു മൂപ്പന്മാരെ നിയമിച്ചിട്ടുണ്ട്. നമ്മൾ അവരെ ആദരിക്കാനും അവർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാനും യേശു ആഗ്രഹിക്കുന്നു. (എബ്രാ. 13:7, 17) അതു ചെയ്യുന്നത് എപ്പോഴും അത്ര എളുപ്പമല്ല. എന്നാൽ യഹോവയോട് നമുക്ക് സഹായം ചോദിക്കാനാകും. മൂപ്പന്മാർ നൽകുന്ന ഏതു നിർദേശവും അനുസരിക്കാൻ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കും. നമ്മൾ താഴ്മയുള്ളവരും മൂപ്പന്മാരുമായി സഹകരിക്കുന്നവരും ആണെങ്കിൽ സഭയെ എത്രത്തോളം സഹായിക്കാനാകുമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ. സഭ ഐക്യമുള്ളതായിരിക്കും, പരസ്പരമുള്ള സ്നേഹം കൂടുതൽ ശക്തമാകുകയും ചെയ്യും.
10. സഭയുടെ ഐക്യം നിലനിറുത്തുന്നതിന് ശുശ്രൂഷാദാസന്മാർ എന്ത് സഹായം നൽകുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക)
10 സഭയെ ഐക്യമുള്ളതായി നിലനിറുത്തുന്നതിൽ ശുശ്രൂഷാദാസന്മാർ ഒരു നല്ല സഹായമാണ്. മൂപ്പന്മാരെ സഹായിക്കാനായി അവർ കഠിനാധ്വാനം ചെയ്യുന്നു. അവർ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നമ്മൾ നന്ദിയുള്ളവരാണ്. ഉദാഹരണത്തിന് ശുശ്രൂഷയിൽ ഉപയോഗിക്കാൻ ആവശ്യത്തിന് പ്രസിദ്ധീകരണങ്ങളുണ്ടെന്ന് അവർ ഉറപ്പു വരുത്തുന്നു. യോഗങ്ങൾക്കു വരുന്നവരെ അവർ സ്വാഗതം ചെയ്യുന്നു. കൂടാതെ, അവർ രാജ്യഹാളിന്റെ ശുചീകരണത്തിലും അറ്റകുറ്റപ്പണിയിലും ഉത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്യുന്നു. ഈ സഹോദരങ്ങളോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുമ്പോൾ നമ്മൾ ഐക്യമുള്ളവരും സംഘടിതമായ വിധത്തിൽ യഹോവയെ സേവിക്കുന്നവരും ആയിരിക്കും.—പ്രവൃത്തികൾ 6:3-6 താരതമ്യം ചെയ്യുക.
11. സഭയുടെ ഐക്യം കാത്തുസൂക്ഷിക്കുന്നതിന് ചെറുപ്പക്കാർക്ക് എന്തൊക്കെ ചെയ്യാനാകും?
11 ചില മൂപ്പന്മാർ അനേക വർഷങ്ങളായി സഭയിൽ കഠിനാധ്വാനം ചെയ്തുവരുന്നു. എന്നാൽ പ്രായമേറുമ്പോൾ പഴയതുപോലെ ചെയ്യാൻ അവർക്കു കഴിയുന്നില്ല. ഈ സാഹചര്യത്തിൽ ചെറുപ്പക്കാർക്കു സഹായിക്കാനാകും. മൂപ്പന്മാർ അവരെ പരിശീലിപ്പിക്കുകയാണെങ്കിൽ സഭയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ അവർ പ്രാപ്തരാകും. കഠിനാധ്വാനം ചെയ്യുമ്പോൾ ശുശ്രൂഷാദാസന്മാർക്ക് ഭാവിയിൽ മൂപ്പന്മാരായി സേവിക്കാനുള്ള പദവി ലഭിച്ചേക്കാം. (1 തിമൊ. 3:1, 10) കൂടുതലായ പുരോഗതി വരുത്തിയ ചില യുവമൂപ്പന്മാർ ഇപ്പോൾ സർക്കിട്ട് മേൽവിചാരകന്മാരായി സേവിച്ചുകൊണ്ട് പല സഭകളിലുള്ള സഹോദരീസഹോദരന്മാരെ സഹായിക്കുന്നു. സഹോദരങ്ങളെ സഹായിക്കാൻ ചെറുപ്പക്കാർ മനസ്സൊരുക്കം കാണിക്കുമ്പോൾ നമ്മൾ വളരെ നന്ദിയുള്ളവരാണ്.—സങ്കീർത്തനം 110:3; സഭാപ്രസംഗി 12:1 വായിക്കുക.
കുടുംബത്തിൽ സഹകരിച്ച് പ്രവർത്തിക്കുക
12, 13. പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ കുടുംബാംഗങ്ങളെ എന്ത് സഹായിക്കും?
12 പരസ്പരം സഹകരിക്കുന്നതിൽ നമ്മുടെ കുടുംബാംഗങ്ങളെ എങ്ങനെ സഹായിക്കാനാകും? എല്ലാ ആഴ്ചയിലും നടക്കുന്ന കുടുംബാരാധന ഇതിനു സഹായിക്കും. മാതാപിതാക്കളും കുട്ടികളും ഒരുമിച്ചിരുന്ന് യഹോവയെക്കുറിച്ച് പഠിക്കാൻ സമയം ചെലവിടുമ്പോൾ അവർക്കിടയിലുള്ള സ്നേഹം കൂടുതൽ ശക്തമാകും. ആ സമയത്ത് വയൽസേവനത്തിനുള്ള അവതരണങ്ങൾ പറഞ്ഞ് പരിശീലിക്കാം, അത് ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദരായിരിക്കാൻ കുടുംബത്തെ സഹായിക്കും. കുടുംബാംഗങ്ങൾ ദൈവവചനത്തിലെ ആശയങ്ങൾ ബോധ്യത്തോടെ സംസാരിക്കുമ്പോൾ തങ്ങൾ എല്ലാവരും യഹോവയെ സ്നേഹിക്കുന്നവരാണെന്നും യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും മനസ്സിലാക്കും. ഇത് കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കും.
13 ഭർത്താവിനും ഭാര്യക്കും എങ്ങനെ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാം? (മത്താ. 19:6) ഇരുവരും യഹോവയെ സ്നേഹിക്കുകയും ഒരുമിച്ച് യഹോവയെ സേവിക്കുകയും ചെയ്യുമ്പോൾ അവർ സന്തോഷമുള്ളവരും ഐക്യമുള്ളവരും ആയിരിക്കും. അവർ പരസ്പരം ആർദ്രപ്രിയവും കാണിക്കണം, അബ്രാഹാമിനെയും സാറായെയും പോലെ, യിസ്ഹാക്കിനെയും റിബേക്കയെയും പോലെ, എല്ക്കാനായെയും ഹന്നായെയും പോലെ. (ഉല്പ. 26:8; 1 ശമൂ. 1:5, 8; 1 പത്രോ. 3:5, 6) ഭർത്താവും ഭാര്യയും ഇങ്ങനെ ചെയ്യുമ്പോൾ അവർക്കിടയിൽ ഐക്യം വർധിക്കും, അവർ യഹോവയോടു കൂടുതൽ അടുക്കുകയും ചെയ്യും.—സഭാപ്രസംഗി 4:12 വായിക്കുക.
14. നിങ്ങളുടെ ഭാര്യയോ ഭർത്താവോ യഹോവയെ സേവിക്കാത്തവരാണെങ്കിൽ വിവാഹബന്ധം ശക്തമാക്കി നിലനിറുത്താൻ നിങ്ങൾക്ക് എന്ത് ചെയ്യാനാകും?
14 യഹോവയെ സേവിക്കാത്ത ഒരാളെ വിവാഹം കഴിക്കരുതെന്ന് ബൈബിൾ വ്യക്തമായി പറയുന്നുണ്ട്. (2 കൊരി. 6:14) എങ്കിലും യഹോവയുടെ സാക്ഷികളല്ലാത്തവരെ ചില സഹോദരങ്ങൾ വിവാഹം കഴിച്ചിട്ടുണ്ട്. ഇനി ചിലർ വിവാഹത്തിനു ശേഷമാണ് സത്യം പഠിച്ചത്, എന്നാൽ അവരുടെ ഇണ ഇപ്പോഴും സത്യം സ്വീകരിച്ചിട്ടില്ല. മറ്റുചിലരുടെ കാര്യത്തിൽ വിവാഹത്തിന്റെ സമയത്ത് അവർ രണ്ടുപേരും യഹോവയുടെ ദാസരായിരുന്നു, എന്നാൽ വിവാഹത്തിനു ശേഷം ഒരാൾ സത്യം വിട്ടുപോകുന്നു. ഇത്തരം സാഹചര്യങ്ങളിൽ ബൈബിളിലെ ബുദ്ധിയുപദേശം ബാധകമാക്കിക്കൊണ്ട് വിവാഹം ശക്തമായി നിലനിറുത്താൻ ക്രിസ്ത്യാനികൾ തങ്ങളാലാകുന്നതെല്ലാം ചെയ്യും. പക്ഷേ ഇത് എല്ലായ്പോഴും അത്ര എളുപ്പമല്ല. ഉദാഹരണത്തിന്, മേരിയും ഭർത്താവായ ഡേവിഡും ഒരുമിച്ച് യഹോവയെ സേവിച്ചിരുന്നു. എന്നാൽ പിന്നീട് ഡേവിഡ് യോഗങ്ങൾക്കു പോകുന്നതു നിറുത്തി. എന്നാൽ മേരി ഒരു നല്ല ഭാര്യയായിരിക്കാനും ക്രിസ്തീയഗുണങ്ങൾ കാണിക്കാനും ശ്രമിച്ചു. മേരി ആറു മക്കളെയും സത്യം പഠിപ്പിച്ചു, യോഗങ്ങൾക്കു കൺവെൻഷനുകൾക്കും പോകുകയും ചെയ്യുമായിരുന്നു. വർഷങ്ങൾക്കു ശേഷം കുട്ടികൾ വളർന്ന് എല്ലാവരും വീടു വിട്ടുപോയപ്പോൾ യഹോവയെ സേവിക്കുന്നതു മേരിക്ക് കൂടുതൽ ബുദ്ധിമുട്ടായി; എന്നിട്ടും മേരി അങ്ങനെതന്നെ ചെയ്തു. കാലക്രമത്തിൽ, മേരി ഡേവിഡിനുവേണ്ടി മാറ്റിവെച്ചിരുന്ന മാസികകൾ ഡേവിഡ് വായിക്കാൻ തുടങ്ങി. ക്രമേണ ഡേവിഡ് ചില യോഗങ്ങൾക്കു പോകാനും. ഡേവിഡിന്റെ ആറു വയസ്സുള്ള കൊച്ചുമകൻ എല്ലാ യോഗത്തിനും ഡേവിഡിന് സീറ്റ് പിടിച്ചുവെക്കും. ഡേവിഡ് ഒരു ദിവസം വന്നില്ലെങ്കിൽ അവൻ ചോദിക്കും, “വല്യപ്പച്ചൻ ഇന്ന് എന്താ വരാഞ്ഞത്?” 25 വർഷത്തിനു ശേഷം ഡേവിഡ് യഹോവയിലേക്കു മടങ്ങിവന്നു. പഴയതുപോലെ, മേരിയോടൊപ്പം സന്തോഷത്തോടെ യഹോവയെ സേവിക്കുകയും ചെയ്യുന്നു.
15. പ്രായമായ ദമ്പതികൾക്ക് ചെറുപ്പക്കാരായ ദമ്പതികളെ എങ്ങനെ സഹായിക്കാം?
15 സാത്താൻ ഇന്ന് കുടുംബങ്ങളെ ആക്രമിക്കുന്നു. യഹോവയെ സേവിക്കുന്ന ദമ്പതികൾ പരസ്പരം സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ഒരു കാരണം ഇതാണ്. വിവാഹം കഴിഞ്ഞിട്ട് എത്രനാളായെങ്കിലും ആ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങൾക്ക് എന്തൊക്കെ പറയാനും ചെയ്യാനും കഴിയുമെന്ന് ചിന്തിക്കുക. ഇക്കാര്യത്തിൽ പ്രായമായ ദമ്പതികൾക്ക് ഒരു മാതൃകവെക്കാനാകും. ഒരുപക്ഷേ കുടുംബാരാധനയ്ക്കായി ചെറുപ്പക്കാരായ ദമ്പതികളെ നിങ്ങൾക്കു ക്ഷണിക്കാനായേക്കും. വിവാഹം കഴിഞ്ഞിട്ട് എത്ര വർഷം കഴിഞ്ഞാലും പരസ്പരമുള്ള ആർദ്രപ്രിയവും ഒത്തൊരുമയും നിലനിറുത്താനാകുമെന്ന് അവർ കണ്ടുമനസ്സിലാക്കട്ടെ!—തീത്തൊ. 2:3-7.
‘യഹോവയുടെ പർവ്വതത്തിലേക്കു കയറിച്ചെല്ലാം’
16, 17. ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന ദൈവദാസർ എന്തിനായി കാത്തിരിക്കുന്നു?
16 ഇസ്രായേല്യർ യെരുശലേമിൽ ഉത്സവങ്ങൾക്കു പോയപ്പോൾ അവരെല്ലാം സഹകരിച്ച് പ്രവർത്തിച്ചു. അവർ യാത്രയ്ക്കു വേണ്ട ഒരുക്കങ്ങളെല്ലാം നടത്തി, എന്നിട്ട് പരസ്പരസഹകരണത്തോടെ ഒരുമിച്ച് യാത്ര ചെയ്തു. ആലയത്തിൽ അവരെല്ലാം ഒത്തൊരുമിച്ച് യഹോവയെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്തു. (ലൂക്കോ. 2:41-44) പുതിയ ലോകത്തിൽ ജീവിക്കാനായി ഒരുങ്ങവേ, നമ്മൾ ഐക്യത്തോടെ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. അത് ഇനിയും കൂടുതൽ മെച്ചമായി എങ്ങനെയൊക്കെ ചെയ്യാമെന്ന് നിങ്ങൾക്കു ചിന്തിച്ചുകൂടേ?
17 ലോകത്തിലെ ആളുകൾ പല കാര്യങ്ങളിലും വിയോജിപ്പുള്ളവരാണ്, അതെപ്രതി അവർ വഴക്കടിക്കുകയും ചെയ്യുന്നു. എന്നാൽ സമാധാനമുള്ളവരായിരിക്കാനും സത്യം മനസ്സിലാക്കാനും യഹോവ നമ്മളെ സഹായിച്ചിരിക്കുന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! ലോകമെമ്പാടുമുള്ള ദൈവജനം യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ യഹോവയെ ആരാധിക്കുന്നു. ഈ അന്ത്യനാളുകളിൽ യഹോവയുടെ ജനം മുമ്പെന്നത്തെക്കാളും ഐക്യമുള്ളവരാണ്. യെശയ്യാവും മീഖായും മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ നമ്മൾ ഒരുമിച്ച് യഹോവയുടെ പർവതത്തിലേക്ക് കയറിച്ചെല്ലുന്നു. (യെശ. 2:2-4; മീഖാ 4:2-4 വായിക്കുക.) ഭാവിയിൽ ഭൂമിയിലുള്ളവരെല്ലാം ഒത്തൊരുമയോടെ യഹോവയെ ആരാധിക്കുമ്പോൾ നമ്മൾ എത്ര സന്തുഷ്ടരായിരിക്കും!