ബൈബിൾ പുസ്തക നമ്പർ 33—മീഖാ
എഴുത്തുകാരൻ: മീഖാ
എഴുതിയ സ്ഥലം: യഹൂദ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 717-നുമുമ്പ്
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 777-717
1. മീഖാ എങ്ങനെയുളള മനുഷ്യനായിരുന്നു?
യഹോവയുടെ വിശ്വസ്ത സേവനത്തിൽ അനേകം വർഷം ചെലവഴിച്ചിട്ടുളള പക്വതയുളള ഒരു മനുഷ്യനെക്കുറിച്ചു ചിന്തിക്കുക. “നിങ്ങൾ നൻമയെ ദ്വേഷിച്ചു തിൻമയെ ഇച്ഛിക്കുന്നു; . . . നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വക്കു അവരുടെമേൽനിന്നു ഉരിച്ചുകളയുന്നു” എന്നു തന്റെ ജനതയുടെ ഭരണാധികാരികളോടു പറയാൻ കഴിയുന്ന ധീരനായ ഒരു മനുഷ്യനെക്കുറിച്ചു ചിന്തിക്കുക. ആരുടെ ആത്മാവിനാൽ താൻ സംസാരിച്ചുവോ ആ യഹോവക്കു തന്റെ ശക്തമായ പ്രസ്താവനകളുടെ സകല ബഹുമതിയും കൊടുത്ത ഒരു എളിയ മനുഷ്യനെക്കുറിച്ചു ചിന്തിക്കുക. നിങ്ങൾ അങ്ങനെയുളള ഒരു മനുഷ്യനുമായുളള പരിചയം ആസ്വദിക്കുകയില്ലേ? അവന് എത്രയേറെ വിവരങ്ങളും സാരവത്തായ ബുദ്ധ്യുപദേശവും പ്രദാനം ചെയ്യാൻ കഴിയും! പ്രവാചകനായ മീഖാ അങ്ങനെയുളള ഒരു മനുഷ്യനായിരുന്നു. അവന്റെ നാമം വഹിക്കുന്ന പുസ്തകത്തിൽ അവന്റെ വിശിഷ്ട ബുദ്ധ്യുപദേശം നമുക്ക് ഇപ്പോഴും ലഭ്യമാണ്.—മീഖാ 3:2, 3, 8.
2. മീഖായെയും അവന്റെ പ്രവചിക്കലിന്റെ കാലഘട്ടത്തെയുംകുറിച്ച് എന്ത് അറിയപ്പെടുന്നു?
2 പ്രവാചകൻമാരിലനേകരെക്കുറിച്ചു സത്യമായിരിക്കുന്നതുപോലെ, മീഖായുടെ പുസ്തകത്തിൽ അവനെക്കുറിച്ചുതന്നെ വളരെ കുറച്ചേ പറയുന്നുളളു; സന്ദേശമായിരുന്നു പ്രധാനം. മീഖാ എന്നതു മീഖായേൽ (അർഥം “ദൈവത്തെപ്പോലെ ആരുളളു?”) എന്നതിന്റെ അല്ലെങ്കിൽ മീഖായാ (അർഥം “യഹോവയെപ്പോലെ ആരുളളു?” എന്നതിന്റെ ഒരു ഹ്രസ്വരൂപമാണ്. അവൻ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ വാഴ്ചക്കാലത്താണു പ്രവാചകനായി സേവിച്ചത് (പൊ.യു.മു. 777-717). അത് അവനെ യെശയ്യാവ്, ഹോശേയ എന്നീ പ്രവാചകൻമാരുടെ ഒരു സമകാലീനനാക്കി. (യെശ. 1:1; ഹോശേ. 1:1) അവന്റെ കൃത്യമായ പ്രവചിക്കൽ കാലഘട്ടം അനിശ്ചിതമാണ്, എന്നാൽ അതു കൂടിയാൽ 60 വർഷമാണ്. ശമര്യയുടെ നാശത്തെക്കുറിച്ചുളള അവന്റെ പ്രവചനങ്ങൾ പൊ.യു.മു. 740-ലെ നഗരത്തിന്റെ നാശത്തിനു മുമ്പായിരിക്കണം കൊടുക്കപ്പെട്ടത്. പൊ.യു.മു. 717-ലെ ഹിസ്കിയാവിന്റെ വാഴ്ചയുടെ അവസാനത്തോടെ മുഴു എഴുത്തും പൂർത്തിയാക്കപ്പെട്ടിരിക്കണം. (മീഖാ 1:1) മീഖാ, യെരുശലേമിനു തെക്കുപടിഞ്ഞാറുളള ഫലഭൂയിഷ്ഠമായ താഴ്വീതിയിലെ മോരേശേത്ത് ഗ്രാമത്തിൽനിന്നുളള ഒരു ഗ്രാമീണപ്രവാചകനായിരുന്നു. ഗ്രാമീണജീവിതവുമായുളള അവന്റെ പരിചയം തന്റെ പ്രഖ്യാപനങ്ങളുടെ ആശയങ്ങൾ ബോധ്യപ്പെടുത്തുന്നതിന് അവൻ ഉപയോഗിച്ച തരം ദൃഷ്ടാന്തങ്ങളിൽ പ്രകടമാക്കപ്പെടുന്നുണ്ട്.—2:12; 4:12, 13; 6:15; 7:1, 4, 14.
3. മീഖാ ഏതു സുപ്രധാന കാലത്താണു സേവിച്ചത്, യഹോവ അവനെ പ്രവാചകനായി നിയോഗിച്ചത് എന്തുകൊണ്ട്?
3 മീഖാ അപകടകരവും സുപ്രധാനവുമായ കാലത്താണു ജീവിച്ചത്. ത്വരിതഗതിയിലുളള സംഭവങ്ങൾ ഇസ്രായേൽ, യഹൂദാ എന്നീ രാജ്യങ്ങൾക്കു നാശം മുന്നറിയിക്കുകയായിരുന്നു. ധാർമികമായ ദുഷിപ്പും വിഗ്രഹാരാധനയും ഇസ്രായേലിൽ പെരുകിയിരുന്നു. ഇതു തെളിവനുസരിച്ചു മീഖായുടെ ജീവിതകാലത്തു ജനതക്ക് അസീറിയായാലുളള നാശം കൈവരുത്തി. യഹൂദാ യോഥാമിന്റെ വാഴ്ചക്കാലത്തു ശരി ചെയ്യുന്നതിൽനിന്ന് ആഹാസിന്റെ മത്സരവാഴ്ചക്കാലത്ത് ഇസ്രായേലിന്റെ ദുഷ്ടതയെ പകർത്തുന്നതിലേക്കും ഹിസ്കിയാവിന്റെ വാഴ്ചക്കാലത്ത് ഒരു മടങ്ങിവരവിലേക്കും ചാഞ്ചാട്ടം നടത്തി. താൻ തന്റെ ജനത്തിൻമേൽ വരുത്താനിരിക്കുന്നതിനെക്കുറിച്ച് അവർക്കു ശക്തമായ മുന്നറിയിപ്പു കൊടുക്കാൻ യഹോവ മീഖായെ എഴുന്നേൽപ്പിച്ചു. മീഖായുടെ പ്രവചനങ്ങൾ യെശയ്യാവിന്റെയും ഹോശേയയുടെയും പ്രവചനങ്ങളെ സ്ഥിരീകരിക്കുന്നതിനു പ്രയോജനപ്പെട്ടു.—2 രാജാ. 15:32–20:21; 2 ദിന. അധ്യാ. 27-32; യെശ. 7:17; ഹോശേ. 8:8; 2 കൊരി. 13:1.
4. മീഖായുടെ പുസ്തകത്തിന്റെ വിശ്വാസ്യതയെ തെളിയിക്കുന്നത് എന്ത്?
4 മീഖായുടെ പുസ്തകത്തിന്റെ വിശ്വാസ്യത പ്രകടമാക്കുന്നതിനു ധാരാളം തെളിവുകളുണ്ട്. അത് എബ്രായ കാനോന്റെ ഭാഗമെന്ന നിലയിൽ യഹൂദൻമാർ എല്ലായ്പോഴും സ്വീകരിച്ചിട്ടുണ്ട്. യിരെമ്യാവു 26:18, 19 മീഖായുടെ ഈ വാക്കുകളെ നേരിട്ടു പരാമർശിക്കുന്നു: “സീയോനെ വയൽപോലെ ഉഴും; യെരൂശലേം കൽക്കുന്നുകളും . . . ആയ്തീരും.” (മീഖാ 3:12) ബാബിലോൻ രാജാവ് യെരുശലേമിനെ ‘നശിപ്പിച്ചുകളയത്ത’ക്കവണ്ണം നിലംപരിചാക്കിയ പൊ.യു.മു. 607-ൽ ഈ പ്രവചനത്തിനു കൃത്യമായി നിവൃത്തി ഉണ്ടായി. (2 ദിന. 36:19) ശമര്യ “വയലിലെ കൽക്കുന്നുപോലെ” ആയിത്തീരും എന്ന ഒരു സമാന പ്രവചനം അതുപോലെതന്നെ നിവൃത്തിയേറി. (മീഖാ 1:6, 7) പൊ.യു.മു. 740-ൽ അസീറിയക്കാർ ശമര്യയെ നശിപ്പിച്ചു, അന്ന് അവർ വടക്കൻ ഇസ്രായേൽ രാജ്യത്തെ അടിമത്തത്തിലേക്കു കൊണ്ടുപോയി. (2 രാജാ. 17:5, 6) പിന്നീടു പൊ.യു.മു. നാലാം നൂററാണ്ടിൽ അതു മഹാനായ അലക്സാണ്ടറാൽ ജയിച്ചടക്കപ്പെടുകയും പൊ.യു.മു. രണ്ടാം നൂററാണ്ടിൽ ജോൺ ഹിർക്കാനസ് I-ാമനു കീഴിൽ യഹൂദൻമാരാലുളള ശൂന്യമാക്കൽ അനുഭവിക്കുകയും ചെയ്തു. ശമര്യയുടെ ഈ അവസാന നാശത്തെക്കുറിച്ചു ബൈബിളിന്റെ പുതിയ വെസ്ററ്മിനിസ്ററർ നിഘണ്ടു (ഇംഗ്ലീഷ്), 1970, പേജ് 822 ഇങ്ങനെ പ്രസ്താവിക്കുന്നു: “ജേതാവ് അതിനെ നശിപ്പിക്കുകയും കോട്ടകെട്ടിയ ഒരു നഗരം ആ കുന്നിൽ എന്നെങ്കിലും സ്ഥിതിചെയ്തിരുന്നതായുളള സകല തെളിവും തുടച്ചുനീക്കാൻ ശ്രമിക്കുകയും ചെയ്തു.”
5. പുരാവസ്തുശാസ്ത്രം മീഖായുടെ പ്രവചനങ്ങളുടെ നിവൃത്തിയെ സാക്ഷ്യപ്പെടുത്തുന്നത് എങ്ങനെ?
5 പുരാവസ്തുശാസ്ത്രപരമായ തെളിവും മീഖായുടെ പ്രവചനത്തിന്റെ നിവൃത്തികളെ പിന്താങ്ങുന്നു. അസീറിയക്കാരാലുളള ശമര്യയുടെ നാശത്തെ അസീറിയൻ ദിനവൃത്താന്തങ്ങളിൽ പരാമർശിക്കുന്നുണ്ട്. ദൃഷ്ടാന്തത്തിന്, അസീറിയൻരാജാവായ സർഗോൻ “ഞാൻ ശമര്യയെ (സമാരീന) ഉപരോധിക്കുകയും ജയിച്ചടക്കുകയും ചെയ്തു” എന്നു വീമ്പിളക്കി.a എന്നിരുന്നാലും യഥാർഥത്തിൽ സർഗോന്റെ മുൻഗാമിയായ ശൽമനേസർ V-ാമനായിരിക്കണം ജയിച്ചടക്കൽ പൂർത്തിയാക്കിയത്. ശൽമനേസരെസംബന്ധിച്ച് ഒരു ബാബിലോന്യൻ ദിനവൃത്താന്തം, “അദ്ദേഹം ശമര്യയെ ശൂന്യമാക്കി”b എന്നു പ്രസ്താവിക്കുന്നു. മീഖാ മുൻകൂട്ടിപ്പറഞ്ഞിരുന്ന, ഹിസ്കിയാവിന്റെ വാഴ്ചക്കാലത്തെ യഹൂദയുടെമേലുളള ആക്രമണം സെൻഹെരീബ് സമുചിതമായി ദിനവൃത്താന്തങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (മീഖാ 1:6, 9; 2 രാജാ. 18:13) അവൻ ലാഖീശിന്റെ പിടിച്ചടക്കൽ വർണിക്കുന്ന, നിനെവേയിലെ തന്റെ കൊട്ടാരചുവരിൽ നാലു പാത്തിയായി എഴുന്നുനിൽക്കുന്ന ഒരു കൊത്തുപണി ഉണ്ടാക്കിച്ചിരുന്നു. തന്റെ പ്രിസത്തിൽ അവൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “അവന്റെ ബലിഷ്ഠമായ നഗരങ്ങളിൽ 46 എണ്ണത്തെ ഞാൻ ഉപരോധിച്ചു . . . (അവയിൽനിന്നു) ഞാൻ 2,00,150 പേരെ ഓടിച്ചു . . . അവനെത്തന്നെ ഞാൻ യെരുശലേമിൽ, അവന്റെ രാജകീയവസതിയിൽ, കൂട്ടിലെ ഒരു പക്ഷിയെപ്പോലെ തടവുകാരനാക്കി.” തുകയിൽ അതിശയോക്തി കലർത്തുന്നുവെങ്കിലും ഹിസ്കിയാവ് അവനു കൊടുത്ത കപ്പത്തെയും അവൻ പട്ടികപ്പെടുത്തുന്നു. അവന്റെ സൈന്യത്തിന് ഉണ്ടായ വിപത്തിനെക്കുറിച്ച് അവൻ പറയുന്നില്ല.c—2 രാജാ. 18:14-16; 19:35.
6. മീഖായുടെ നിശ്വസ്തതയെ സംശയാതീതമാക്കുന്നത് എന്ത്?
6 പുസ്തകത്തിന്റെ നിശ്വസ്തതയെ സംശയാതീതമായി സ്ഥാപിക്കുന്നതു മീഖാ 5:2-ലെ പ്രമുഖ പ്രവചനമാണ്, അതു മിശിഹായുടെ ജനനസ്ഥലത്തെക്കുറിച്ചു മുൻകൂട്ടിപ്പറയുന്നു. (മത്താ. 2:4-6) ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ സമാന്തരപ്രസ്താവനകളുമുണ്ട്.—മീഖാ 7:6, 20; മത്താ. 10:35, 36; ലൂക്കൊ. 1:72, 73.
7. മീഖായുടെ ആശയപ്രകാശനപ്രാപ്തിയെക്കുറിച്ച് എന്തു പറയാവുന്നതാണ്?
7 മീഖാ യഹൂദയിലെ ഒരു ഗ്രാമവാസിയായിരിക്കാമെങ്കിലും തീർച്ചയായും ആശയപ്രകാശനത്തിനുളള പ്രാപ്തി അവനു കുറവല്ലായിരുന്നു. ദൈവവചനത്തിലെ അതിവിശിഷ്ട പദപ്രയോഗങ്ങളിൽ ചിലത് അവന്റെ പുസ്തകത്തിലുണ്ട്. ആറാം അധ്യായം ശ്രദ്ധേയമായ സംവാദമായിട്ടാണ് എഴുതിയിരിക്കുന്നത്. മീഖാ ഒരു ആശയത്തിൽനിന്നു മറെറാന്നിലേക്ക്, ശാപത്തിൽനിന്ന് അനുഗ്രഹത്തിലേക്കും തിരിച്ചും സത്വരം നീങ്ങുമ്പോൾ പൊടുന്നനെയുളള സംക്രമങ്ങൾ വായനക്കാരന്റെ ശ്രദ്ധയെ പിടിച്ചെടുക്കുന്നു. (മീഖാ 2:10, 12; 3:1, 12; 4:1) സ്പഷ്ടമായ അലങ്കാരങ്ങൾ ധാരാളമുണ്ട്: യഹോവയുടെ പുറപ്പാടിങ്കൽ “തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെളളംപോലെയും പർവ്വതങ്ങൾ അവന്റെ കീഴിൽ ഉരുകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.”—1:4; ഇതുകൂടെ കാണുക: 7:17.
8. മീഖായുടെ മൂന്നു വിഭാഗങ്ങളിലോരോന്നിലും എന്തടങ്ങിയിരിക്കുന്നു?
8 പുസ്തകത്തെ മൂന്നു വിഭാഗങ്ങളായി തിരിക്കാം, ഓരോ വിഭാഗവും “കേൾപ്പിൻ” എന്ന ആഹ്വാനത്തോടെ തുടങ്ങുകയും ശാസനകളും ശിക്ഷാമുന്നറിയിപ്പുകളും അനുഗ്രഹത്തിന്റെ വാഗ്ദാനങ്ങളും ഉൾക്കൊളളുകയും ചെയ്യുന്നു.
മീഖായുടെ ഉളളടക്കം
9. ശമര്യക്കും യഹൂദക്കുമെതിരെ ഏതു ശിക്ഷകൾ വിധിക്കപ്പെടുന്നു?
9 വിഭാഗം 1 (1:1–2:13). വിഗ്രഹാരാധന നിമിത്തം ശമര്യയെ ശിക്ഷിക്കുന്നതിനു യഹോവ തന്റെ ആലയത്തിൽനിന്നു വരുന്നു. അവൻ അവളെ “കൽക്കുന്നു” ആക്കുകയും “അതിന്റെ കല്ലു താഴ്വരയിലേക്കു തളളിയിടുകയും” അതേസമയം അവളുടെ കൊത്തിയുണ്ടാക്കിയ പ്രതിമകളെ തരിപ്പണമാക്കുകയും ചെയ്യും. അവൾക്കു സൗഖ്യം വരുകയില്ല. യഹൂദയും കുററക്കാരിയായി “യെരൂശലേം ഗോപുരത്തിങ്കൽ” ആക്രമണം അനുഭവിക്കും. ഹാനികരമായ കാര്യങ്ങൾ ആസൂത്രണംചെയ്യുന്നവർ കുററംവിധിക്കപ്പെടുന്നു, അവർ, “നമുക്കു പൂർണ്ണസംഹാരം ഭവിച്ചിരിക്കുന്നു” എന്നു വിലപിക്കുകയും ചെയ്യും.—1:6, 12; 2:4.
10. യഹോവയുടെ കരുണ ശ്രദ്ധാകേന്ദ്രമാകുന്നത് എങ്ങനെ?
10 “യാക്കോബേ, ഞാൻ നിനക്കുളളവരെ . . . ചേർത്തുകൊളളും; . . . തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപുറത്തെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഒരുമിച്ചുകൂട്ടും; ആൾപെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും” എന്നു യഹോവയുടെ നാമത്തിൽ പ്രവാചകൻ പ്രഖ്യാപിക്കുമ്പോൾ സത്വരം യഹോവയുടെ കരുണ ശ്രദ്ധാകേന്ദ്രമായിത്തീരുന്നു.—2:12.
11. (എ) യാക്കോബിലെയും ഇസ്രായേലിലെയും ഭരണാധികാരികൾക്കെതിരെ ഇപ്പോൾ ഏത് അപലപനം നടക്കുന്നു? (ബി) മീഖാ തന്റെ ധൈര്യത്തിന്റെ ഉറവിനെ സമ്മതിച്ചുപറയുന്നതെങ്ങനെ?
11 വിഭാഗം 2 (3:1–5:15). മീഖാ അനന്തരം തുടരുന്നു: “യാക്കോബിന്റെ തലവൻമാരും യിസ്രായേൽഗൃഹത്തിന്റെ അധിപൻമാരുമായുളേളാരേ, കേൾപ്പിൻ.” ജനത്തെ ഞെരുക്കുന്നവരായി “നൻമയെ ദ്വേഷിച്ചു തിൻമയെ ഇച്ഛിക്കുന്ന” ഇവർക്കെതിരെ ഉഗ്രമായ ഒരു അപലപനം നടത്തപ്പെടുന്നു. അവർ, “അവരുടെ അസ്ഥികളെ ഒടിച്ചു”കളഞ്ഞിരിക്കുന്നു. (3:1-3) ദൈവജനം അലയാനിടയാക്കിക്കൊണ്ടു യഥാർഥ മാർഗദർശനം കൊടുക്കാത്ത കളളപ്രവാചകൻമാരും അവരോടുകൂടെ ഉൾപ്പെടുത്തപ്പെടുന്നു. ഈ സന്ദേശം പ്രഘോഷിക്കുന്നതിനു മാനുഷധൈര്യത്തെക്കാളധികം ആവശ്യമാണ്! എന്നാൽ മീഖാ ആത്മവിശ്വാസത്തോടെ പ്രസ്താവിക്കുന്നു: “ഞാൻ യാക്കോബിനോടു അവന്റെ അതിക്രമവും യിസ്രായേലിനോടു അവന്റെ പാപവും പ്രസ്താവിക്കേണ്ടതിന്നു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.” (3:8) രക്തപാതകികളായ ഭരണാധികാരികളെക്കുറിച്ചുളള അവന്റെ അപലപനം ഒരു ഉഗ്രമായ പാരമ്യത്തിലെത്തുന്നു: “അതിലെ തലവൻമാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതൻമാർ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകൻമാർ പണം വാങ്ങി ലക്ഷണം പറയുന്നു.” (3:11) തന്നിമിത്തം സീയോനെ വയൽപോലെ ഉഴും, യെരുശലേം ഒരു ശൂന്യകൂമ്പാരംതന്നെ ആയിത്തീരും.
12. “നാളുകളുടെ അന്തിമഭാഗ”ത്തേക്ക് ഏതു മഹത്തായ പ്രവചനം നൽകപ്പെടുന്നു?
12 വീണ്ടും പെട്ടെന്നുളള വൈരുദ്ധ്യത്തിൽ, യഹോവയുടെ പർവതത്തിലെ തന്റെ ആരാധനയുടെ പുനഃസ്ഥാപനത്തിന്റെ മഹത്തും ഹൃദയസ്പൃക്കുമായ ഒരു വർണന നൽകാൻ പ്രവചനം “നാളുകളുടെ അന്തിമഭാഗ”ത്തേക്കു തിരിയുന്നു. (4:1, NW) യഹോവയുടെ വഴികൾ പഠിക്കുന്നതിന് അനേകം ജനതകൾ കയറിപ്പോകും, എന്തെന്നാൽ അവന്റെ നിയമവും വചനവും സീയോനിൽനിന്നും യെരുശലേമിൽനിന്നും പുറപ്പെടും. അവർ മേലാൽ യുദ്ധം അഭ്യസിക്കുകയില്ല, എന്നാൽ ഓരോരുത്തനും അവനവന്റെ മുന്തിരിവളളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ ഇരിക്കും. അവർക്കു ഭയമുണ്ടായിരിക്കയില്ല. ജനങ്ങൾ ഓരോന്നും അതിന്റെ ദൈവത്തെ പിന്തുടരട്ടെ, എന്നാൽ സത്യാരാധകർ തങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ നടക്കും, അവൻ അവരുടെമേൽ എന്നേക്കും രാജാവായി ഭരിക്കും. എന്നിരുന്നാലും, ആദ്യം സീയോൻ ബാബിലോനിലെ പ്രവാസത്തിലേക്കു പോകേണ്ടതാണ്. അവളുടെ പുനഃസ്ഥാപനത്തിങ്കൽ മാത്രമേ യഹോവ അവളുടെ ശത്രുക്കളെ പൊടിയാക്കുകയുളളു.
13. ബേത്ലഹേമിൽനിന്ന് ഏതു തരം ഭരണാധികാരി വരും, “യാക്കോബിൽ ശേഷിപ്പുളളവർ” എന്തിനെപ്പോലെയായിത്തീരും?
13 ഇസ്രായേലിലെ ഭരണാധികാരി ബേത്ലഹേം എഫ്രാത്തിൽനിന്നു വരുമെന്നു മീഖാ ഇപ്പോൾ മുൻകൂട്ടിപ്പറയുന്നു, “അവന്റെ ഉത്ഭവം പണ്ടേയുളള”താണ്. അവൻ ‘യഹോവയുടെ ശക്തിയിൽ ഒരു ഇടയനായി’ ഭരിക്കുകയും മഹാനായിരിക്കുകയും ചെയ്യും, ഇസ്രായേലിൽ മാത്രമല്ല, “ഭൂമിയുടെ അററങ്ങളോളം.” (5:2, 4) ആക്രമിക്കുന്ന അസീറിയക്കാരനു ക്ഷണികമായ വിജയമേ ലഭിക്കുകയുളളു, എന്തുകൊണ്ടെന്നാൽ അവൻ പിന്തിരിപ്പിക്കപ്പെടുകയും അവന്റെ സ്വന്തദേശം ശൂന്യമാക്കപ്പെടുകയും ചെയ്യും. “യാക്കോബിൽ ശേഷിപ്പുളളവർ” ജനത്തിന്റെ ഇടയിൽ “യഹോവയിങ്കൽനിന്നുളള മഞ്ഞുപോലെയും” ജനതകളുടെ ഇടയിൽ ധൈര്യത്തിന്റെ കാര്യത്തിൽ സിംഹംപോലെയും ആയിരിക്കും. (5:7) യഹോവ വ്യാജാരാധനയെ പിഴുതുനീക്കുകയും അനുസരണംകെട്ട ജനതകളുടെമേൽ പ്രതികാരം നടത്തുകയും ചെയ്യും.
14. (എ) ഏതു ദൃഷ്ടാന്തത്തിന്റെ ഉപയോഗത്തോടെ മീഖായുടെ മൂന്നാം വിഭാഗം തുടങ്ങുന്നു? (ബി) യഹോവയുടെ ഏതു വ്യവസ്ഥകളിൽ എത്തിച്ചേരുന്നതിൽ ഇസ്രായേൽജനം പരാജയപ്പെട്ടിരിക്കുന്നു?
14 വിഭാഗം 3 (6:1–7:20). ശ്രദ്ധേയമായ ഒരു കോടതിരംഗം ഇപ്പോൾ സംവാദരൂപത്തിൽ അവതരിപ്പിക്കപ്പെടുന്നു. യഹോവക്ക് ഇസ്രായേലുമായി ഒരു “വ്യവഹാര”മുണ്ട്. അവൻ കുന്നുകളെയും പർവതങ്ങളെയുംതന്നെ സാക്ഷികളായി വിളിക്കുന്നു. (6:1) തനിക്കെതിരെ സാക്ഷി പറയാൻ അവൻ ഇസ്രായേലിനെ വെല്ലുവിളിക്കുന്നു. അവർക്കുവേണ്ടിയുളള തന്റെ നീതിപ്രവൃത്തികളെ അവൻ വിവരിക്കുന്നു. ഭൗമിക മനുഷ്യനിൽനിന്നു യഹോവ എന്താണ് ആവശ്യപ്പെടുന്നത്? ധാരാളം മൃഗബലികളല്ല, എന്നാൽ “ന്യായം പ്രവർത്തിപ്പാനും ദയാതത്പരനായിരിപ്പാനും [തന്റെ] ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനു”മാണ്. (6:8) ഇസ്രായേലിൽ കുറവുളളത് ഇതുതന്നെയാണ്. ന്യായത്തിനും ദയക്കും പകരം “കളളത്തുലാസും” അക്രമവും വ്യാജവും വഞ്ചനയും ഉണ്ട്. (6:11) ദൈവമുമ്പാകെ വിനീതമായി നടക്കുന്നതിനു പകരം അവർ ശമര്യയിൽ വാണിരുന്ന ഒമ്രിയുടെയും ആഹാബിന്റെയും ദുഷ്ട ആലോചനയിലും വിഗ്രഹാരാധനയിലും നടക്കുകയാണ്.
15. (എ) പ്രവാചകൻ എന്തിനെ അപലപിക്കുന്നു? (ബി) മീഖായുടെ പ്രവചനത്തിന് ഏതു സമുചിതമായ ഉപസംഹാരമുണ്ട്?
15 പ്രവാചകൻ തന്റെ ജനത്തിന്റെ ധർമച്യുതിയെ അപലപിക്കുന്നു. എന്തിന്, അവരിലെ “നേരുളളവൻ മുൾവേലിയെക്കാൾ വല്ലാത്തവൻ തന്നേ.” (7:4) ഉററ സുഹൃത്തുക്കളുടെ ഇടയിലും കുടുംബങ്ങൾക്കുളളിലും വിശ്വാസവഞ്ചനയുണ്ട്. മീഖായ്ക്ക് അധൈര്യം തോന്നുന്നില്ല. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.” (7:7) തന്റെ ജനത്തെ യഹോവ ശിക്ഷിക്കുമ്പോൾ സന്തോഷിക്കാതിരിക്കാൻ അവൻ മററുളളവർക്കു മുന്നറിയിപ്പു കൊടുക്കുന്നു, കാരണം വിടുതലുണ്ടാകും. യഹോവ തന്റെ ജനത്തെ മേയിക്കുകയും പോഷിപ്പിക്കുകയും ജനതകളെ ഭയപ്പെടുത്തിക്കൊണ്ട് അവരെ “അത്ഭുതങ്ങൾ” കാണിക്കുകയും ചെയ്യും. (7:15) തന്റെ പുസ്തകം അവസാനിപ്പിക്കുമ്പോൾ യഹോവയുടെ ഉല്ലാസപ്രദമായ സ്നേഹദയക്ക് അവനെ സ്തുതിക്കുന്നതിനാൽ മീഖാ തന്റെ പേരിന്റെ അർഥത്തെ പ്രതിധ്വനിപ്പിക്കുകയാണ്. അതെ ‘യഹോവയെപ്പോലുളള ഒരു ദൈവം ആരുളളു?’—7:18.
എന്തുകൊണ്ടു പ്രയോജനപ്രദം
16. (എ) മീഖായുടെ പ്രവചനം ഹിസ്കിയാവിന്റെ നാളുകളിൽ പ്രയോജനകരമെന്നു തെളിഞ്ഞതെങ്ങനെ? (ബി) ഇപ്പോഴത്തെ ഈ നാളിലേക്ക് അതിൽ ഏതു ശക്തമായ താക്കീതുകൾ അടങ്ങിയിരിക്കുന്നു?
16 ഏതാണ്ടു 2,700 വർഷം മുമ്പ്, മീഖായുടെ പ്രവചിക്കൽ ‘ശാസിക്കുന്നതിന് ഏററവും പ്രയോജനപ്രദ’മാണെന്നു തെളിഞ്ഞു, എന്തുകൊണ്ടെന്നാൽ യഹൂദയിലെ ഹിസ്കിയാവു രാജാവ് അദ്ദേഹത്തിന്റെ സന്ദേശത്തോടു പ്രതികരിക്കുകയും ജനതയെ അനുതാപത്തിലേക്കും മതനവീകരണത്തിലേക്കും നയിക്കുകയും ചെയ്തു. (മീഖാ 3:9-12; യിരെ. 26:18, 19; താരതമ്യംചെയ്യുക: 2 രാജാക്കന്മാർ 18:1-4.) ഇന്ന് ഈ നിശ്വസ്ത പ്രവചനം പൂർവാധികം പ്രയോജനകരമാണ്. ദൈവാരാധകരെന്നവകാശപ്പെടുന്ന സകലരുമേ, വ്യാജാരാധനക്കും വിഗ്രഹാരാധനക്കും വ്യാജംപറച്ചിലിനും അക്രമത്തിനുമെതിരായ മീഖായുടെ വ്യക്തമായ മുന്നറിയിപ്പുകൾ കേൾക്കുക! (മീഖാ 1:2; 3:1; 6:1) പൗലൊസ് 1 കൊരിന്ത്യർ 6:9-11-ൽ ഈ മുന്നറിയിപ്പുകളെ പിന്താങ്ങുന്നു, സത്യക്രിസ്ത്യാനികൾ കഴുകി ശുദ്ധിയാക്കപ്പെട്ടിരിക്കുന്നുവെന്നും അത്തരം നടപടികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ലെന്നും അവൻ അവിടെ പറയുന്നു. മനുഷ്യൻ തന്നോടൊത്തു ന്യായത്തിലും ദയയിലും എളിമയിലും നടക്കണമെന്നുളളതാണു യഹോവയുടെ വ്യവസ്ഥയെന്നു മീഖാ 6:8 ലളിതമായും വ്യക്തമായും പ്രസ്താവിക്കുന്നു.
17. പീഡനത്തിനും പ്രയാസത്തിനും കീഴിൽ ദൈവത്തെ സേവിക്കുന്നവർക്കുവേണ്ടി മീഖാ എന്തു പ്രോത്സാഹനം കൊടുക്കുന്നു?
17 മീഖാ തന്റെ സന്ദേശം അവതരിപ്പിച്ചത് ‘ഒരു മമനുഷ്യന്റെ ശത്രുക്കൾ അവന്റെ ഭവനത്തിലെ ആളുകൾതന്നെയായിരിക്കത്തക്ക’വണ്ണം അത്ര ഭിന്നിച്ചിരുന്ന ഒരു ജനത്തിന്റെ ഇടയിലായിരുന്നു. മിക്കപ്പോഴും അങ്ങനെയുളള സാഹചര്യങ്ങളിലാണു സത്യക്രിസ്ത്യാനികൾ പ്രസംഗിക്കുന്നത്, ചിലർ തങ്ങളുടെ സ്വന്തം കുടുംബബന്ധത്തിനുളളിൽ ദ്രോഹങ്ങളെയും കഠിനപീഡനത്തെയും നേരിടുകപോലും ചെയ്യുന്നു. എല്ലായ്പോഴും അവർ ‘തങ്ങളുടെ രക്ഷയുടെ ദൈവമായ’ യഹോവക്കായി ക്ഷമാപൂർവം കാത്തിരിക്കേണ്ട ആവശ്യമുണ്ട്. (മീഖാ 7:6, 7; മത്താ. 10:21, 35-39) പീഡനത്തിൽ അല്ലെങ്കിൽ ഒരു പ്രയാസമുളള നിയമനത്തെ അഭിമുഖീകരിക്കുമ്പോൾ ധൈര്യപൂർവം യഹോവയിൽ ആശ്രയിക്കുന്നവർ അവന്റെ സന്ദേശം ഘോഷിക്കുന്നതിനു മീഖായെപ്പോലെ, “യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവുംകൊണ്ടു നിറ”യും. അങ്ങനെയുളള ധൈര്യം ‘യാക്കോബിൽ ശേഷിപ്പുളളവരിൽ’ വിശേഷാൽ പ്രത്യക്ഷമായിരിക്കുമെന്നു മീഖാ പ്രവചിച്ചു. ഇവർ ‘ജനതകളുടെ ഇടയിൽ, അനേകം ജനങ്ങളുടെ മദ്ധ്യേ, ഒരു സിംഹത്തെപ്പോലെ’യും, അതേസമയം യഹോവയിൽനിന്നുളള നവോൻമേഷദായകമായ മഞ്ഞും മാരിയും പോലെയുമായിരിക്കും. ഈ ഗുണങ്ങൾ ഒന്നാം നൂററാണ്ടിൽ ക്രിസ്തീയസഭയിലെ അംഗങ്ങളായിത്തീർന്ന, ‘ഇസ്രായേലിൽ (യാക്കോബ്) ശേഷിപ്പുളളവരിൽ’ തീർച്ചയായും പ്രകടമായിരുന്നു.—മീഖാ 3:8; 5:7, 8; റോമ. 9:27; 11:5, 26.
18. മീഖായിലെ ഏതു പ്രവചനം ക്രിസ്തുയേശു മുഖാന്തരമുളള ദൈവരാജ്യഭരണത്തോടു ബന്ധപ്പെടുന്നു?
18 മീഖായുടെ പ്രവചനത്തിന്റെ നിവൃത്തിയായി യേശുവിന്റെ ബേത്ലഹേമിലെ ജനനം പുസ്തകത്തിന്റെ ദിവ്യനിശ്വസ്തതയെ സ്ഥിരീകരിക്കുകമാത്രമല്ല, ക്രിസ്തുയേശുവിൻകീഴിലെ ദൈവരാജ്യത്തിന്റെ വരവുസംബന്ധിച്ചു പ്രാവചനികമെന്ന നിലയിൽ വാക്യത്തിന്റെ സന്ദർഭത്തെ പ്രകാശിതമാക്കുകയും ചെയ്യുന്നു. തന്റെ ബലിയിൽ വിശ്വാസമർപ്പിക്കുന്ന എല്ലാവർക്കും ജീവദായകമായ പ്രയോജനങ്ങളോടെ ബേത്ലഹേമിൽനിന്നു (അപ്പത്തിന്റെ ഭവനം) വരുന്നവൻ യേശുവാണ്. ‘യഹോവയുടെ ശക്തിയിൽ മേയിക്കുന്നവനും’ മഹാനായിത്തീരുന്നവനും ദൈവത്തിന്റെ പുനഃസ്ഥാപിക്കപ്പെട്ട, ഏകീകൃത ആട്ടിൻകൂട്ടത്തിന്റെ ഇടയിൽ ഭൂമിയുടെ അററങ്ങളോളം സമാധാനം കൽപ്പിക്കുന്നവനും അവനാണ്.—മീഖാ 5:2, 4; 2:12; യോഹ. 6:33-40.
19. (എ) “അന്ത്യകാലത്തു” ജീവിക്കുന്നവർക്കു വിശ്വാസപ്രചോദകമായ ഏതു പ്രോത്സാഹനം കൊടുക്കപ്പെടുന്നു? (ബി) മീഖാ യഹോവയുടെ പരമാധികാരത്തെ എങ്ങനെ പുകഴ്ത്തുന്നു?
19 ‘അനേകം ജാതികൾ’ യഹോവയിൽനിന്നുളള പ്രബോധനം തേടുന്ന “അന്ത്യകാല”ത്തെ സംബന്ധിച്ച മീഖായുടെ പ്രവചനത്തിൽ വലിയ പ്രോത്സാഹനം കണ്ടെത്താവുന്നതാണ്. “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവളളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.” സകല വ്യാജാരാധനയും ഉപേക്ഷിച്ചുകൊണ്ട്, “നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും” എന്ന് ഉറപ്പായി പറയുന്നതിൽ അവർ മീഖായോടു ചേരുന്നു. സത്യമായി, മീഖായുടെ പ്രവചനം ഈ സുപ്രധാനസംഭവങ്ങളുടെ ഒരു പൂർവദർശനം നൽകുന്നതിൽ വിശ്വാസപ്രചോദകമാണ്. അതു യഹോവയെ നിത്യപരമാധികാരിയും രാജാവുമെന്ന നിലയിൽ പ്രകീർത്തിക്കുന്നതിലും മുന്തിനിൽക്കുന്നു. “യഹോവ സീയോൻപർവ്വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവർക്കു രാജാവായിരിക്കയും ചെയ്യും” എന്ന വാക്കുകൾ എത്ര കോൾമയിർ കൊളളിക്കുന്നതാണ്!—മീഖാ 4:1-7; 1 തിമൊ. 1:17.
[അടിക്കുറിപ്പുകൾ]
a ജയിംസ് ബി. പ്രിററ്ചാർഡ് സംവിധാനംചെയ്ത പുരാതന സമീപപൗരസ്ത്യ പാഠങ്ങൾ, (ഇംഗ്ലീഷ്) 1974, പേജ് 284.
b ഏ. കെ. ഗ്രേയ്സൺ രചിച്ച അസീറിയൻ, ബാബിലോന്യ, ദിനവൃത്താന്തങ്ങൾ (ഇംഗ്ലീഷ്) 1975, പേജ് 73.
c പുരാതന സമീപപൗരസ്ത്യ പാഠങ്ങൾ 1974, പേജ് 288; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 894-5.