പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക!
“അതു വൈകിയാലും അതിന്നായി കാത്തിരിക്ക.”—ഹബ. 2:3.
1, 2. യഹോവയുടെ ദാസന്മാർക്ക് എന്ത് വീക്ഷണമാണുള്ളത്?
പ്രവചനങ്ങൾ നിവൃത്തിയേറിക്കാണാൻ യഹോവയുടെ ദാസന്മാർ എക്കാലവും ക്ഷമയോടെ കാത്തിരുന്നിട്ടുണ്ട്. ഉദാഹരണത്തിന്, ബാബിലോണ്യർ യെഹൂദാദേശം നശിപ്പിക്കുമെന്ന് യിരെമ്യാവ് പ്രതീക്ഷിച്ചിരുന്നു. ബി.സി. 607-ൽ അതു സംഭവിച്ചു. (യിരെ. 25:8-11) പ്രവാസികളായ യഹൂദന്മാരെ യഹോവ യെഹൂദാദേശത്തേക്ക് തിരികെക്കൊണ്ടുവരുമെന്ന് പ്രവചിച്ച യെശയ്യാവ് പറഞ്ഞു: “അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാർ.” (യെശ. 30:18) യഹോവയുടെ വാഗ്ദാനങ്ങൾ സത്യമായി ഭവിക്കുമെന്ന പ്രതീക്ഷ മീഖാപ്രവാചകനുമുണ്ടായിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാനോ യഹോവയിങ്കലേക്കു നോക്കും.” (മീഖാ 7:7) അതുപോലെ, വാഗ്ദത്തമിശിഹാ അഥവാ ക്രിസ്തു വരുമെന്ന ഉറപ്പ് നൂറ്റാണ്ടുകളോളം ദൈവദാസർക്കുണ്ടായിരുന്നു.—ലൂക്കോ. 3:15; 1 പത്രോ. 1:10-12.a
2 യഹോവയുടെ രാജ്യത്തെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമായി ഭവിക്കുന്നത് കാണാൻ നമ്മളും ഇന്ന് കാത്തിരിക്കുന്നു. ആ രാജ്യത്തിന്റെ രാജാവ് എന്ന നിലയിൽ യേശു പെട്ടെന്നുതന്നെ ഈ അപകടംപിടിച്ച ലോകത്തിൽനിന്ന് ദൈവദാസരെ രക്ഷിക്കും. അവൻ ദുഷ്ടന്മാരെ നശിപ്പിക്കും. എല്ലാ ദുരിതങ്ങൾക്കും അറുതിവരുത്തും. (1 യോഹ. 5:19) അതുകൊണ്ട് യഹോവയുടെ ദിവസം ഏതു നിമിഷം വേണമെങ്കിലും വരാമെന്ന് നമ്മൾ പ്രതീക്ഷിക്കണം. അതിനായി ഒരുങ്ങിയിരിക്കാൻ നമ്മളാൽ ആകുന്നതെല്ലാം ചെയ്യണം.
3. അന്ത്യം വരാൻ കാലങ്ങളായി കാത്തിരിക്കുകയാണെങ്കിൽ നമ്മൾ എന്ത് ചിന്തിച്ചേക്കാം?
3 ദൈവേഷ്ടം ഭൂമിയിൽ നടപ്പിലാകുന്ന ദിവസത്തിനായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. (മത്താ. 6:10) എന്നാൽ കാലങ്ങളായിട്ട് ഇതിനായി കാത്തിരിക്കുകയാണെങ്കിൽ നമ്മൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘പ്രതീക്ഷയോടെ ഇപ്പോഴും കാത്തിരിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?’
അന്ത്യം വേഗം വരാൻ നമ്മൾ കാത്തിരിക്കേണ്ടത് എന്തുകൊണ്ട്?
4. നമ്മളെ സംബന്ധിച്ചിടത്തോളം ‘സദാ ജാഗരൂകരായിരിക്കേണ്ടത്’ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 ‘സദാ ജാഗരൂകരായിരിക്കാനും’ ‘ഉണർന്നിരിക്കാനും’ യേശു തന്റെ അനുഗാമികളോട് പറഞ്ഞു. അന്ത്യം വേഗം വരാനായി നമ്മൾ കാത്തിരിക്കേണ്ടത് പ്രധാനമായിരിക്കുന്നത് അതുകൊണ്ടാണ്. (മത്താ. 24:42; ലൂക്കോ. 21:34-36) “യഹോവയുടെ ദിവസത്തിന്റെ വരവിനായി കാത്തിരുന്നും അതിനെ സദാ മനസ്സിൽക്കണ്ടുംകൊണ്ട്” പുതിയ ലോകത്തെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യഹോവയുടെ സംഘടനയും നമ്മളെ നിരന്തരം ഓർമിപ്പിക്കുന്നു.—2 പത്രോസ് 3:11-13 വായിക്കുക.
5. യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുന്നതിന് മറ്റെന്ത് കാരണമാണ് നമുക്കുള്ളത്?
5 ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ അനുഗാമികൾ യഹോവയുടെ ദിവസത്തിനായി കാത്തിരിക്കേണ്ടിയിരുന്നെങ്കിൽ, നമ്മളെ സംബന്ധിച്ച് ഇക്കാലത്ത് അത് അതിലും പ്രധാനമാണ്. എന്തുകൊണ്ട്? കാരണം, 1914 മുതൽ യേശു ദൈവരാജ്യത്തിന്റെ രാജാവാണെന്നും നമ്മൾ ജീവിക്കുന്നത് അന്ത്യനാളുകളിൽ അഥവാ “യുഗസമാപ്തി”യിൽ ആണെന്നും യേശു പറഞ്ഞ അടയാളം സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ ലോകാവസ്ഥകൾ അടിക്കടി വഷളായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സുവിശേഷം ഭൂമിയിലെങ്ങും പ്രസംഗിച്ചുകൊണ്ടുമിരിക്കുന്നു. (മത്താ. 24:3, 7-14) അന്ത്യനാളുകൾ എത്ര കാലം നീണ്ടുനിൽക്കുമെന്ന് യേശു പറഞ്ഞില്ല. അന്ത്യം ഏതു സമയത്തും വരാം, അതുകൊണ്ട് നമ്മൾ എപ്പോഴും ഒരുങ്ങിയിരിക്കണം.
6. അന്ത്യത്തോട് അടുക്കുന്തോറും ലോകാവസ്ഥകൾ കൂടുതൽ വഷളാകുമെന്ന് നമുക്ക് എങ്ങനെ അറിയാം?
6 “അന്ത്യകാലത്ത്” ആളുകൾ ദോഷത്തിൽനിന്നു ദോഷത്തിലേക്ക് അധഃപതിക്കും എന്നാണ് ബൈബിൾ പറയുന്നത്. (2 തിമൊ. 3:1, 13; മത്താ. 24:21; വെളി. 12:12) അതുകൊണ്ട് അവസ്ഥകൾ ഇപ്പോൾത്തന്നെ വഷളാണെങ്കിലും, ഇനിയും അത് കൂടിക്കൂടിവരും എന്ന് നമുക്ക് അറിയാം. ഭാവിയിൽ, ലോകാവസ്ഥകൾ ഇതിലും കൂടുതൽ വഷളാകുന്ന ഏതെങ്കിലും ഒരു സമയത്തെ ആയിരിക്കുമോ “യുഗസമാപ്തി” സൂചിപ്പിക്കുന്നത്?
7. അന്ത്യനാളുകളിലെ ലോകാവസ്ഥകളെക്കുറിച്ച് മത്തായി 24:37-39 നമ്മളെ എന്ത് പഠിപ്പിക്കുന്നു?
7 ‘മഹാകഷ്ടത്തിന്’ മുമ്പ് എല്ലാ രാജ്യങ്ങളിലും യുദ്ധങ്ങളുണ്ടാകുമെന്നും മിക്ക ആളുകളും രോഗവും പട്ടിണിയും കൊണ്ട് വലയുമെന്നും ചിലരൊക്കെ ചിന്തിച്ചേക്കാം. (വെളി. 7:14) അങ്ങനെ സംഭവിച്ചാൽ, ബൈബിൾപ്രവചനങ്ങൾ നിവൃത്തിയേറുകയാണെന്ന് എല്ലാവർക്കും മനസ്സിലാകും. ബൈബിൾ പറയുന്ന കാര്യങ്ങളിൽ യാതൊരു താത്പര്യവും ഇല്ലാത്തവർക്കുപോലും അത് ‘പകൽപോലെ’ വ്യക്തമായിരിക്കും! പക്ഷെ, അന്ത്യകാലത്ത് മിക്കവരും ഇതൊന്നും ‘ഗൗനിക്കുകയേയില്ല’ എന്നാണ് യേശു പറഞ്ഞത്. അവർ അവരുടെ അനുദിന ജീവിതകാര്യങ്ങളിൽ മുഴുകിയിരിക്കുകയും യഹോവയുടെ ദിവസം വരുമ്പോൾ ഞെട്ടിപ്പോകുകയും ചെയ്യും. (മത്തായി 24:37-39 വായിക്കുക.) അതുകൊണ്ട് ‘മഹാകഷ്ടത്തിന്’ മുമ്പ് ലോകാവസ്ഥകൾ അങ്ങേയറ്റം വഷളായിത്തീരും എന്ന് നമ്മൾ പ്രതീക്ഷിക്കരുത് എന്നത് വ്യക്തം.—ലൂക്കോ. 17:20; 2 പത്രോ. 3:3, 4.
8. യേശു പറഞ്ഞ അടയാളത്തെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കുന്നതുകൊണ്ട് നമുക്ക് എന്ത് ഉറപ്പുണ്ട്?
8 യേശു പറഞ്ഞ അടയാളം തങ്ങൾ ജീവിക്കുന്ന കാലത്തെക്കുറിച്ച് അവന്റെ അനുഗാമികൾക്ക് വ്യക്തമായ മുന്നറിയിപ്പു നൽകി. അതുകൊണ്ടുതന്നെ, യേശുവിന്റെ അനുഗാമികൾ ജാഗ്രതയുള്ളവരായിരുന്നു. (മത്താ. 24:27, 42) യേശു നൽകിയ ആ അടയാളത്തിന്റെ പല ഭാഗങ്ങളും 1914 മുതൽ സത്യമായിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ജീവിക്കുന്നത് ‘യുഗസമാപ്തിയിൽ’ ആണെന്ന് നമുക്ക് ഉറപ്പുണ്ട്. സാത്താന്റെ ദുഷ്ടലോകത്തെ എപ്പോൾ നശിപ്പിക്കണമെന്ന് യഹോവ മുന്നമേ തീരുമാനിച്ചിട്ടുള്ളതാണ്.
9. അന്ത്യം വേഗം വരാൻ നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കേണ്ടത് എന്തുകൊണ്ട്?
9 നമ്മൾ അന്ത്യം വേഗം വരണമെന്ന പ്രതീക്ഷയോടെയിരിക്കേണ്ടത് എന്തുകൊണ്ട്? കാരണം, നമ്മൾ യേശുക്രിസ്തുവിനെ അനുസരിക്കുന്നു. കൂടാതെ, അന്ത്യകാലത്തെക്കുറിച്ച് യേശു പറഞ്ഞ അടയാളം സത്യമായിത്തീരുന്നത് നമ്മൾ വ്യക്തമായി കാണുന്നു. അന്ധമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി നമ്മുടെ കണ്മുന്നിൽ കാണുന്നതുകൊണ്ടാണ് അന്ത്യം അടുത്തെത്തിയിരിക്കുന്നെന്ന് നമുക്ക് ഉറപ്പുള്ളത്. അതെ, നമ്മൾ ജാഗരൂകരായിരിക്കണം; വരാനിരിക്കുന്ന അന്ത്യത്തിനായി ഒരുക്കമുള്ളവരുമായിരിക്കണം.
ഇനി എത്ര നാൾ?
10, 11. (എ) “സദാ ജാഗരൂകരായിരി”ക്കാൻ യേശു തന്റെ അനുഗാമികളോട് പറഞ്ഞത് എന്തുകൊണ്ടാണ്? (ബി) വിചാരിക്കുന്നത്ര വേഗത്തിൽ അന്ത്യം വരുന്നില്ലെന്നു തോന്നുന്നെങ്കിൽ എന്ത് ചെയ്യാനാണ് യേശു അവരോട് പറഞ്ഞത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
10 വർഷങ്ങളായി നമ്മളിൽ പലരും യഹോവയെ വിശ്വസ്തമായി സേവിച്ചുകൊണ്ട് അവന്റെ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. നമ്മൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായാലും ശരി, ആ ദിവസം പെട്ടെന്നുതന്നെ വരുമെന്ന് നമ്മൾ പ്രതീക്ഷിക്കണം. സാത്താന്റെ ലോകത്തെ നശിപ്പിക്കാൻ യേശു വരുമ്പോൾ നമ്മളെ ഒരുങ്ങിയിരിക്കുന്നവരായി കാണണം. തന്റെ അനുഗാമികളോട് യേശു ചെയ്യാൻ പറഞ്ഞത് എന്താണെന്ന് ഒന്ന് ഓർത്തുനോക്കൂ: “ആകയാൽ സൂക്ഷിച്ചുകൊള്ളുവിൻ; ഉണർന്നിരിക്കുവിൻ; നിശ്ചയിക്കപ്പെട്ട സമയം എപ്പോഴാണെന്നു നിങ്ങൾക്ക് അറിയില്ലല്ലോ. ഒരു മനുഷ്യൻ തന്റെ ഭവനത്തിന്റെ ചുമതല ദാസന്മാരെ ഏൽപ്പിച്ചിട്ട് അന്യദേശത്തേക്കു പോകുന്നതുപോലെയാണ് അത്; അവൻ തന്റെ ദാസന്മാർക്ക് ഓരോരുത്തർക്കും ഓരോ വേല നൽകുകയും ജാഗ്രതയോടെയിരിക്കാൻ വാതിൽക്കാവൽക്കാരനോടു കൽപ്പിക്കുകയും ചെയ്യുന്നു. വീടിന്റെ യജമാനൻ സന്ധ്യയ്ക്കോ അർധരാത്രിക്കോ കോഴികൂകുന്ന നേരത്തോ അതിരാവിലെയോ, എപ്പോഴാണു വരുന്നതെന്ന് അറിയായ്കയാൽ നിങ്ങളും സദാ ജാഗരൂകരായിരിക്കുവിൻ; അവൻ പെട്ടെന്നു വന്നെത്തുമ്പോൾ നിങ്ങളെ ഉറങ്ങുന്നവരായി കാണാതിരിക്കേണ്ടതിനുതന്നെ. എന്നാൽ നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: സദാ ജാഗരൂകരായിരിക്കുവിൻ.”—മർക്കോ. 13:33-37.
11 യേശു 1914-ൽ ഭരണം തുടങ്ങിയെന്ന് അവന്റെ അനുഗാമികൾ മനസ്സിലാക്കിയപ്പോൾ അന്ത്യം എപ്പോൾ വേണമെങ്കിലും വരാമെന്ന് അവർ തിരിച്ചറിഞ്ഞു. പ്രസംഗവേലയിൽ കൂടുതൽ പ്രവർത്തിച്ചുകൊണ്ട് അവർ അതിനായി ഒരുങ്ങി. യേശു പറഞ്ഞത്, “കോഴികൂകുന്ന നേരത്തോ അതിരാവിലെയോ” ആയിരിക്കാം താൻ വരുന്നതെന്നാണ്. അങ്ങനെ സംഭവിച്ചാൽ അവന്റെ അനുഗാമികൾ എന്തു ചെയ്യണമായിരുന്നു? യേശു പറഞ്ഞു: “സദാ ജാഗരൂകരായിരിക്കുവിൻ.” നമ്മൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായെന്നു തോന്നിയാലും, അന്ത്യം അങ്ങ് അകലെയാണെന്നോ നമ്മുടെ ജീവിതകാലത്തൊന്നും അത് വരില്ലെന്നോ ഇതിന് അർഥമില്ല.
12. ഹബക്കൂക് യഹോവയോട് എന്താണ് അപേക്ഷിച്ചത്, ദൈവം അവന് എന്ത് മറുപടിയാണ് കൊടുത്തത്?
12 യെരുശലേമിന്റെ നാശത്തെക്കുറിച്ച് ഘോഷിച്ചുകൊണ്ടിരിക്കെ ഹബക്കൂക് പ്രവാചകൻ അതിനായി ക്ഷമയോടെ കാത്തിരുന്നു. അവനു മുമ്പുണ്ടായിരുന്ന മറ്റ് പ്രവാചകന്മാരും ഇതേ കാര്യംതന്നെ വർഷങ്ങളോളം ഘോഷിച്ചിരുന്നതാണ്. എന്നാൽ ദുഷ്ടതയും അനീതിയും മുമ്പെന്നത്തെക്കാളും കൂടുതലായി നടമാടുന്നത് ഹബക്കൂക്കിന് കാണാൻ കഴിഞ്ഞു. സഹായത്തിനായി യഹോവയോട് അപേക്ഷിച്ചുകൊണ്ട് അവൻ ഇങ്ങനെ ചോദിച്ചു: “യഹോവേ, ഞാൻ എത്രയോ കാലമായി സഹായത്തിനു വേണ്ടി വിളിക്കുന്നു!” (ന്യൂ ഇൻഡ്യ ഭാഷാന്തരം) അന്ത്യം എപ്പോൾ വരുമെന്ന് പറഞ്ഞില്ലെങ്കിലും ‘അത് താമസിക്കില്ല’ എന്ന് യഹോവ ഹബക്കൂക്കിന് ഉറപ്പുകൊടുത്തു. “അതിന്നായി കാത്തിരിക്ക” എന്നും യഹോവ പറഞ്ഞു.—ഹബക്കൂക് 1:1-4; 2:3 വായിക്കുക.
13. ഹബക്കൂക്കിന് എങ്ങനെ ചിന്തിക്കാമായിരുന്നു, അത് എന്ത് അപകടം വരുത്തിവെക്കുമായിരുന്നു?
13 അന്ത്യത്തിനായി കാത്തിരുന്ന് മടുത്ത ഹബക്കൂക് ഇങ്ങനെ പറയുന്നതായി സങ്കല്പിക്കുക: ‘വർഷങ്ങളായിട്ട് ഞാൻ യെരുശലേമിന്റെ നാശം കാത്തിരിക്കുകയാണ്. അന്ത്യം വരാൻ ഇനിയും വളരെ കാലമെടുക്കും. ഞാൻ ഇനി പ്രസംഗിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇനി അത് മറ്റുള്ളവർ ചെയ്യട്ടെ.’ പ്രവാചകൻ ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എന്ത് സംഭവിച്ചേനേ? അവന് യഹോവയുടെ അംഗീകാരം നഷ്ടപ്പെടുമായിരുന്നു. ഇനി, അന്ത്യം വന്നപ്പോൾ അതിനായി ഒരുക്കമുള്ളവനല്ലായിരുന്നെങ്കിൽ അവന് ജീവനും നഷ്ടമായേനേ!
14. പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മൾ നിരാശപ്പെടേണ്ടിവരില്ലെന്ന് ഉറപ്പുള്ളത് എന്തുകൊണ്ട്?
14 നിങ്ങൾ പുതിയ ലോകത്തിലായിരിക്കുന്നതായി ഒന്നു ഭാവനയിൽ കണ്ടുനോക്കൂ. അന്ത്യനാളുകളെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും യഹോവ പറഞ്ഞതുപോലെതന്നെ നിറവേറിക്കഴിഞ്ഞു. നിങ്ങൾ മുമ്പെന്നത്തെക്കാളും അധികം യഹോവയിൽ വിശ്വസിക്കുന്നു. അവൻ വാഗ്ദാനം ചെയ്തതെല്ലാം ഇതുവരെ നിറവേറ്റിയതുപോലെ ഇനിയുള്ളതും നിറവേറ്റുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ട്. (യോശുവ 23:14 വായിക്കുക.) അന്ത്യം വരാൻ ഏറ്റവും ഉചിതമായ സമയം നിശ്ചയിച്ചതിനും അതിനായി കാത്തിരിക്കാൻ തന്റെ ജനത്തിന് മുന്നറിയിപ്പു നൽകിയതിനും നിങ്ങൾ യഹോവയോട് അങ്ങേയറ്റം നന്ദിയും വിലമതിപ്പും ഉള്ളവരായിരിക്കില്ലേ?—പ്രവൃ. 1:7; 1 പത്രോ. 4:7.
കാത്തിരിക്കുമ്പോഴും പ്രസംഗിക്കുന്നു
15, 16. വ്യവസ്ഥിതിയുടെ ഈ സമാപനകാലത്ത് പ്രസംഗവേലയിൽ നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ടത് എന്തുകൊണ്ട്?
15 നമ്മുടെ ജീവിതം യഹോവയുടെ സേവനത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കാൻ യഹോവയുടെ സംഘടന നമ്മളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. ഈ മുന്നറിയിപ്പുകൾ ദൈവസേവനത്തിൽ തിരക്കുള്ളവരായിരിക്കാൻ മാത്രമല്ല, നമ്മുടെ സന്ദേശം എത്രത്തോളം അടിയന്തിരവും പ്രധാനവും ആണെന്ന് മനസ്സിലാക്കാനും നമ്മളെ സഹായിക്കുന്നു. യേശു പറഞ്ഞ അടയാളം ഇപ്പോൾത്തന്നെ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണെന്നും അന്ത്യം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും നമുക്ക് ഉറപ്പുണ്ട്. അതുകൊണ്ട്, നമ്മൾ ദൈവരാജ്യതാത്പര്യങ്ങൾ മുൻനിറുത്തി ജീവിതം നയിക്കുന്നു; രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരിക്കുന്നു.—മത്താ. 6:33; മർക്കോ. 13:10.
16 നമ്മൾ മറ്റുള്ളവരോട് സുവാർത്ത പ്രസംഗിക്കുമ്പോൾ നാശത്തിലേക്കു പാഞ്ഞടുക്കുന്ന സാത്താന്റെ ലോകത്തിൽനിന്ന് അവരെ രക്ഷപ്പെടാൻ സഹായിക്കുകയാണ്. കപ്പലപകടങ്ങളിൽവെച്ച് ഏറ്റവും ദാരുണമായ ഒന്നായിരുന്നു 1945-ൽ വിൽഹെം ഗുസ്റ്റ്ലൊഫ് എന്ന കപ്പൽ മുങ്ങിയപ്പോൾ സംഭവിച്ചത്. ആയിരങ്ങൾ മരണമടഞ്ഞു. എന്നാൽ നമ്മുടെ ഒരു സഹോദരിയും ഭർത്താവും ആ കപ്പലപകടത്തിൽനിന്ന് രക്ഷപ്പെട്ടു. കപ്പൽ മുങ്ങിത്താഴുമ്പോൾ ഒരു സ്ത്രീ നിലവിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞത് സഹോദരി ഓർക്കുന്നു: “അയ്യോ! എന്റെ പെട്ടികൾ. എന്റെ ആഭരണങ്ങൾ. . . എല്ലാം ആ മുറിയിലായിപ്പോയല്ലോ! അയ്യോ എന്റെ എല്ലാം പോയി!” എന്നാൽ എന്താണ് കൂടുതൽ പ്രധാനമെന്ന് മറ്റ് യാത്രക്കാർ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ അവർ അനേകരുടെ ജീവൻ രക്ഷിക്കാൻ സകല ശ്രമവും ചെയ്തു. ഇന്നും ആളുകളുടെ ജീവൻ അപകടത്തിലാണ്. പ്രസംഗവേലയുടെ അടിയന്തിരസ്വഭാവം മനസ്സിൽ അടുപ്പിച്ചുനിറുത്തിക്കൊണ്ട് നിസ്വാർഥരായ ആ യാത്രക്കാരെപ്പോലെ ആയിരിക്കാൻ നമ്മളും ആഗ്രഹിക്കുന്നു. ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കാൻ ആളുകളെ സഹായിക്കുന്നതിന് നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യേണ്ടത് അതിപ്രധാനമാണ്.
17. അന്ത്യം ഏതു സമയത്ത് വേണമെങ്കിലും വന്നേക്കാമെന്ന് നമ്മൾ വിശ്വസിക്കേണ്ടത് എന്തുകൊണ്ട്?
17 ബൈബിൾപ്രവചനങ്ങൾ നിവൃത്തിയേറുന്നതും ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം തൊട്ടടുത്ത് എത്തിയിരിക്കുന്നതും നമുക്ക് വ്യക്തമായി കാണാം. “പത്തുകൊമ്പും കാട്ടുമൃഗവും” വ്യാജമതമായ മഹതിയാം ബാബിലോണിന് എതിരെ തിരിയുന്നതും കാത്തിരിക്കുകയാണ് നമ്മൾ. (വെളി. 17:16) ഇത് സംഭവിക്കാൻ വളരെ സമയമെടുക്കുമെന്ന് നമ്മൾ നിഗമനം ചെയ്യേണ്ടതില്ല. വ്യാജമതത്തെ ആക്രമിക്കാൻ ദൈവം ‘അവരുടെ മനസ്സിൽ ഒരു പദ്ധതി ഉദിപ്പിക്കുമെന്നും’ അത് പെട്ടെന്ന്, ഏതു സമയത്ത് വേണമെങ്കിലും സംഭവിച്ചേക്കാമെന്നും നമ്മൾ മറക്കരുത്. (വെളി. 17:17) സാത്താന്റെ ദുഷിച്ച ലോകത്തിന്റെ അന്ത്യം അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് യേശുവിന്റെ ഈ മുന്നറിയിപ്പ് നമ്മൾ അനുസരിക്കണം: “നിങ്ങളുടെ ഹൃദയം അമിതഭക്ഷണത്താലും മദ്യപാനത്താലും ജീവിതത്തിന്റെ ആകുലതകളാലും ഭാരപ്പെട്ടിട്ട് നിനച്ചിരിക്കാത്ത നേരത്ത് ആ ദിവസം പെട്ടെന്നൊരു കെണിപോലെ നിങ്ങളുടെമേൽ വരാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.” (ലൂക്കോ. 21:34, 35; വെളി. 16:15) നമുക്ക് ജാഗ്രതയോടെയിരിക്കാം; യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായിരിക്കാം. “തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി” ദൈവം പ്രവർത്തിക്കുമെന്ന ബോധ്യത്തോടെ അവനിൽ ആശ്രയിക്കാം.—യെശ. 64:4.
18. അടുത്ത ലേഖനത്തിൽ ഏത് ചോദ്യത്തിന് ഉത്തരം ലഭിക്കും?
18 ഈ ദുഷിച്ച ലോകത്തിന്റെ അന്ത്യത്തിനായി കാത്തിരിക്കുന്നതോടൊപ്പം, ശിഷ്യനായ യൂദായുടെ ഈ വാക്കുകൾക്ക് നമ്മൾ ശ്രദ്ധകൊടുക്കണം: “പ്രിയരേ, നിത്യജീവൻ പ്രാപിക്കാൻ തക്കവണ്ണം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരിക്കവെ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കുതന്നെ ആത്മീയവർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചുംകൊണ്ട് ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ കാത്തുകൊള്ളുവിൻ.” (യൂദാ 20, 21) ദൈവത്തിന്റെ പുതിയ ലോകം പെട്ടെന്ന് വരാൻ നമ്മൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്ന് നമുക്ക് എങ്ങനെ തെളിയിക്കാം? അടുത്ത ലേഖനത്തിൽ നമ്മൾ അത് ചർച്ച ചെയ്യും.
a മിശിഹായെക്കുറിച്ചുള്ള ചില പ്രവചനങ്ങളും അവ നിവൃത്തിയേറിയ വിധവും വ്യക്തമാക്കുന്ന ഒരു പട്ടിക ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 200-ാം പേജിൽ കാണാം.