“ആകാംക്ഷയോടെ കാത്തിരിക്കുന്നു”
“സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.”—റോമർ 8:19.
1. ഇന്നത്തെ ക്രിസ്ത്യാനികളുടെയും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെയും അവസ്ഥകൾക്കു തമ്മിൽ എന്ത് സമാനതയുണ്ട്?
ഇന്നത്തെ സത്യ ക്രിസ്ത്യാനികളുടെ അവസ്ഥ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടേതിനോടു സമാനമാണ്. മിശിഹാ പ്രത്യക്ഷപ്പെടേണ്ട നിയമിത സമയം തിരിച്ചറിയാൻ ഒരു പ്രവചനം അക്കാലത്തെ യഹോവയുടെ ദാസന്മാരെ സഹായിച്ചു. (ദാനീയേൽ 9:24-26) അതേ പ്രവചനം യെരൂശലേമിന്റെ നാശം മുൻകൂട്ടി പറഞ്ഞെങ്കിലും ആ നഗരം എന്നു നശിക്കുമെന്നു മുൻകൂട്ടി അറിയാൻ ക്രിസ്ത്യാനികളെ സഹായിക്കുന്ന യാതൊരു ഘടകവും അതിൽ ഇല്ലായിരുന്നു. (ദാനീയേൽ 9:26ബി, 27) സമാനമായി, 19-ാം നൂറ്റാണ്ടിലെ ആത്മാർഥ ഹൃദയരായ ബൈബിൾ വിദ്യാർഥികളെ പ്രതീക്ഷാനിർഭരർ ആയിരിക്കാൻ ഒരു പ്രവചനം ദിവ്യ മാർഗദർശനത്താൽ ഇടയാക്കി. ദാനീയേൽ 4:25-ലെ “ഏഴു കാല”ങ്ങളെ “ജാതികളുടെ കാല”ങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് അവർ 1914-ൽ ക്രിസ്തുവിന് രാജ്യ അധികാരം ലഭിക്കുമെന്നു പ്രതീക്ഷിച്ചു. (ലൂക്കൊസ് 21:24; യെഹെസ്കേൽ 21:25-27) ദാനീയേലിന്റെ പുസ്തകത്തിൽ ധാരാളം പ്രവചനങ്ങൾ ഉണ്ടെങ്കിലും അവയൊന്നും സാത്താന്റെ മുഴു വ്യവസ്ഥിതിയും എന്നായിരിക്കും നശിപ്പിക്കപ്പെടുന്നതെന്നു കൃത്യമായി കണക്കുകൂട്ടാൻ ഇന്നത്തെ ബൈബിൾ വിദ്യാർഥികളെ സഹായിക്കുന്നില്ല. (ദാനീയേൽ 2:31-44; 8:23-25; 11:36, 44, 45) എന്നിരുന്നാലും, അത് ഉടൻ സംഭവിക്കും, കാരണം “അന്ത്യകാല”ത്താണ് നാം ജീവിക്കുന്നത്.—ദാനീയേൽ 12:4.a
ക്രിസ്തുവിന്റെ സാന്നിധ്യ കാലത്ത് ജാഗ്രത
2, 3. (എ) യേശുവിന്റെ രാജ്യാധികാരത്തോടെയുള്ള സാന്നിധ്യ കാലത്താണ് നാം ജീവിക്കുന്നത് എന്നതിനുള്ള പ്രമുഖ തെളിവു നൽകുന്നത് എന്ത്? (ബി) ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ സമയത്ത് ക്രിസ്ത്യാനികൾ സദാ ജാഗ്രത പാലിക്കണമായിരുന്നു എന്ന് എന്തു പ്രകടമാക്കുന്നു?
2 1914-ൽ ക്രിസ്തുവിന് രാജ്യാധികാരം ലഭിക്കുന്നതിനു മുമ്പ് ഒരു പ്രവചനം ക്രിസ്ത്യാനികളെ പ്രതീക്ഷാനിർഭരർ ആക്കിത്തീർത്തു എന്നതു സത്യം തന്നെ. എന്നാൽ തന്റെ സാന്നിധ്യത്തെയും വ്യവസ്ഥിതിയുടെ സമാപനത്തെയും കുറിച്ച് യേശു നൽകിയ “അടയാളം” സംഭവങ്ങളെ ആണ് വിശേഷവത്കരിച്ചത്. അവയിൽ മിക്കവയും അവന്റെ സാന്നിധ്യം തുടങ്ങിയ ശേഷമേ കാണപ്പെടുമായിരുന്നുള്ളൂ. യേശുവിന്റെ രാജ്യാധികാരത്തോടെയുള്ള സാന്നിധ്യ കാലത്താണു നാം ജീവിക്കുന്നത് എന്നതിന് ആ സംഭവങ്ങൾ പ്രമുഖ തെളിവായി വർത്തിക്കുന്നു. യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, പകർച്ചവ്യാധികൾ, വർധിച്ച നിയമരാഹിത്യം, ക്രിസ്ത്യാനികൾക്ക് എതിരെയുള്ള പീഡനം, രാജ്യ സുവാർത്തയുടെ ലോകവ്യാപകമായ പ്രസംഗം എന്നിവ ആ സംഭവങ്ങളിൽ ഉൾപ്പെടുന്നു.—മത്തായി 24:3-14; ലൂക്കൊസ് 21:10, 11.
3 എന്നാൽ, “സദാ നോക്കിപ്പാർത്തിരിപ്പിൻ, ഉണർന്നിരിപ്പിൻ . . . ജാഗ്രതയോടിരിപ്പിൻ” എന്നതാണ് യേശു ശിഷ്യന്മാർക്കു നൽകിയ വിടവാങ്ങൽ ബുദ്ധ്യുപദേശത്തിന്റെ മുഴു സാരവും. (മർക്കൊസ് 13:33, 37 NW; ലൂക്കൊസ് 21:36) ജാഗ്രത പാലിക്കാനുള്ള ആ ഉദ്ബോധനങ്ങളുടെ സന്ദർഭം ശ്രദ്ധാപൂർവം പരിശോധിച്ചാൽ, തന്റെ സാന്നിധ്യത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്ന അടയാളത്തിന് സൂക്ഷ്മ ശ്രദ്ധ നൽകുന്നതിനെ കുറിച്ചായിരുന്നില്ല യേശു അടിസ്ഥാനപരമായി സംസാരിച്ചതെന്നു മനസ്സിലാകും. മറിച്ച്, തന്റെ സാന്നിധ്യത്തിന്റെ കാലത്ത് ജാഗ്രതയുള്ളവർ ആയിരിക്കാൻ അവൻ തന്റെ യഥാർഥ ശിഷ്യന്മാരോടു കൽപ്പിക്കുക ആയിരുന്നു. എന്തിനു വേണ്ടി ആയിരുന്നു സത്യ ക്രിസ്ത്യാനികൾ സദാ ജാഗ്രത പാലിക്കേണ്ടിയിരുന്നത്?
4. യേശു നൽകിയ അടയാളം ഏത് ഉദ്ദേശ്യത്തിന് ഉപകരിക്കുമായിരുന്നു?
4 “ഇവ [യഹൂദ വ്യവസ്ഥിതിയുടെ നാശത്തിലേക്കു നയിക്കുന്ന സംഭവങ്ങൾ] എപ്പോഴായിരിക്കുമെന്നും നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കുമെന്നും” ഉള്ള ചോദ്യത്തിന് ഉത്തരമായിട്ടാണ് യേശു ആ മഹത്തായ പ്രവചനം നൽകിയത്. (മത്തായി 24:3, NW) ക്രിസ്തുവിന്റെ സാന്നിധ്യം മാത്രമല്ല മറിച്ച് ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയുടെ അവസാനത്തിലേക്കു നയിക്കുന്ന സംഭവങ്ങളും തിരിച്ചറിയാൻ മുൻകൂട്ടി പറഞ്ഞ ആ അടയാളം ഉപകരിക്കുമായിരുന്നു.
5. താൻ ആത്മീയമായി സാന്നിധ്യവാൻ ആയിരിക്കെ തന്നെ, താൻ ഇനിയും ‘വരാനിരിക്കു’ന്നതേ ഉള്ളൂ എന്ന് യേശു പ്രകടമാക്കിയത് എങ്ങനെ?
5 തന്റെ “സാന്നിധ്യ” (ഗ്രീക്ക്, പറൂസിയ) കാലത്തു താൻ അധികാരത്തോടെയും മഹത്ത്വത്തോടെയും വരുമെന്ന് യേശു പ്രകടമാക്കി. ആ ‘വരവിനെ’ (എർക്കോമയി എന്ന ഗ്രീക്കു പദത്തിന്റെ വ്യത്യസ്ത രൂപങ്ങളാൽ സൂചിപ്പിക്കപ്പെടുന്നു) സംബന്ധിച്ച് അവൻ ഇപ്രകാരം പ്രഖ്യാപിച്ചു: “അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിൻമേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും. അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ [ക്രിസ്തു] അടുക്കെ വാതില്ക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്തായി 24:30, 32, 33, 42, 44.
യേശു ക്രിസ്തു വരുന്നത് എന്തുകൊണ്ട്?
6. “മഹതിയാം ബാബിലോ”ന്റെ നാശം എങ്ങനെ സംഭവിക്കും?
6 1914 മുതൽ യേശുക്രിസ്തു രാജാവ് എന്ന നിലയിൽ സാന്നിധ്യവാൻ ആണെങ്കിലും, ദുഷ്ടന്മാരെന്നു കണ്ടെത്തപ്പെടുന്നവരുടെ മേൽ ന്യായവിധി നടപ്പാക്കുന്നതിനു മുമ്പായി അവൻ ഇനിയും വിവിധ വ്യവസ്ഥിതികളെയും വ്യക്തികളെയും ന്യായം വിധിക്കേണ്ടതുണ്ട്. (2 കൊരിന്ത്യർ 5:10 താരതമ്യം ചെയ്യുക.) വ്യാജമത ലോകസാമ്രാജ്യമായ “മഹതിയാം ബാബിലോ”നെ നശിപ്പിക്കാൻ രാഷ്ട്രീയ ഭരണാധികാരികളുടെ മനസ്സുകളെ യഹോവ ഉടൻതന്നെ പ്രേരിപ്പിക്കും. (വെളിപ്പാടു 17:4, 5, 16, 17) “മഹതിയാം ബാബിലോ”ന്റെ ഒരു പ്രമുഖ ഭാഗമായ ക്രൈസ്തവലോകത്തിലെ വിശ്വാസത്യാഗം ഭവിച്ച പുരോഹിതവർഗമാകുന്ന “അധർമ്മമൂർത്തി”യെ യേശു നശിപ്പിക്കുമെന്ന് പൗലൊസ് അപ്പൊസ്തലൻ എടുത്തുപറഞ്ഞു. അവൻ എഴുതി: “അധർമ്മമൂർത്തി വെളിപ്പെട്ടുവരും; അവനെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.”—2 തെസ്സലൊനീക്യർ 2:3, 8.
7. മനുഷ്യപുത്രൻ തന്റെ മഹത്ത്വത്തിൽ എഴുന്നള്ളുമ്പോൾ അവൻ ഏത് ന്യായവിധി നടപ്പാക്കും?
7 ഭൂമിയിൽ ഇപ്പോഴും ശേഷിച്ചിട്ടുള്ള തന്റെ സഹോദരന്മാരോട് എങ്ങനെ പെരുമാറി എന്നതിന്റെ അടിസ്ഥാനത്തിൽ ക്രിസ്തു സമീപ ഭാവിയിൽ ജനതകളിലെ ആളുകളെ ന്യായം വിധിക്കും. നാം വായിക്കുന്നു: “മനുഷ്യപുത്രൻ എല്ലാ ദൂതന്മാരോടും കൂടെ മഹത്വത്തിൽ എഴുന്നള്ളുമ്പോൾ അവൻ തന്റെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകും. അവന്റെ മുമ്പിൽ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്നു വേർതിരിക്കുന്നതുപോലെ അവൻ അവരെ തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തു വശത്തും കോലാടുകളെ ഇടത്തു വശത്തും നിർത്തും. . .. രാജാവു [ചെമ്മരിയാടുകളോട്] മറുപടി പറയും: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തുതന്നത്. . . . ഇവർ [കോലാടുകൾ] നിത്യശിക്ഷയിലേക്കും [“നിത്യനാശത്തിലേക്കും,” NW] നീതിമാന്മാർ നിത്യജീവനിലേക്കും പ്രവേശിക്കും.”—മത്തായി 25:31-46, പി.ഒ.സി. ബൈ.
8. ഭക്തികെട്ടവരുടെ മേൽ ന്യായവിധി നടപ്പാക്കാൻ ക്രിസ്തു വരുന്നതിനെ പൗലൊസ് വിവരിക്കുന്നത് എങ്ങനെ?
8 ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽ പ്രകടമാക്കിയിരിക്കുന്നതു പോലെ, സകല ഭക്തികെട്ടവരുടെയും മേൽ യേശു അന്തിമ ന്യായവിധി നടപ്പാക്കുന്നു. കഷ്ടപ്പാട് അനുഭവിക്കുന്ന സഹവിശ്വാസികൾക്ക് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ ഉറപ്പേകി: ‘കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ, നിങ്ങൾക്കു ഞങ്ങളോടുകൂടെ ആശ്വാസം പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ. ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കർത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.’ (2 തെസ്സലൊനീക്യർ 1:6-10) പുളകപ്രദമായ ഈ സകല സംഭവങ്ങളും നമ്മുടെ മുമ്പാകെയുള്ള സ്ഥിതിക്ക്, നാം വിശ്വാസം പ്രകടമാക്കുകയും ക്രിസ്തുവിന്റെ വരവിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയും ചെയ്യേണ്ടതല്ലേ?
ക്രിസ്തുവിന്റെ വെളിപ്പെടലിനായി ആകാംക്ഷാപൂർവം കാത്തിരിക്കൽ
9, 10. ഇപ്പോഴും ഭൂമിയിലുള്ള അഭിഷിക്തർ യേശുക്രിസ്തുവിന്റെ വെളിപ്പെടലിനായി ആകാംക്ഷാപൂർവം കാത്തിരിക്കുന്നത് എന്തുകൊണ്ട്?
9 ‘കർത്താവായ യേശുവിന്റെ, സ്വർഗ്ഗത്തിൽനിന്നുള്ള പ്രത്യക്ഷത [“വെളിപ്പെടൽ,” NW]’ ദുഷ്ടന്മാർക്കു നാശം വരുത്താൻ വേണ്ടി മാത്രമല്ല മറിച്ച് നീതിമാന്മാർക്ക് പ്രതിഫലം നൽകാനും കൂടിയാണ്. ഇപ്പോഴും ഭൂമിയിൽ ശേഷിച്ചിട്ടുള്ള ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരന്മാർ അവന്റെ വെളിപ്പെടലിനു മുമ്പ് കഷ്ടത അനുഭവിച്ചേക്കാമെങ്കിലും തങ്ങളുടെ മഹത്തായ സ്വർഗീയ പ്രത്യാശയിൽ ആനന്ദിക്കുന്നു. അഭിഷിക്ത ക്രിസ്ത്യാനികൾക്കു പത്രൊസ് അപ്പൊസ്തലൻ എഴുതി: “ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ [“വെളിപ്പെടലിൽ,” NW] ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.”—1 പത്രൊസ് 4:13.
10 തങ്ങളുടെ വിശ്വാസത്തിന്റെ “പരിശോധിത ഗുണം . . . യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ച്ചയ്ക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമായി കണ്ടെത്തപ്പെടേണ്ടതിന്” ക്രിസ്തു ‘തങ്ങളെ അവനിൽ ഒരുമിച്ചു കൂട്ടുന്നതു’ വരെ വിശ്വസ്തരായി തുടരാൻ അഭിഷിക്തർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. (1 പത്രൊസ് 1:7, NW; 2 തെസ്സലൊനീക്യർ 2:1, NW) വിശ്വസ്തരായ ആ ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികളെക്കുറിച്ച് ഇപ്രകാരം പറയാവുന്നതാണ്: “ക്രിസ്തുവിന്റെ സാക്ഷ്യം നിങ്ങളിൽ ഉറപ്പായിരുന്നു. . . . ഇങ്ങനെ നിങ്ങൾ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത [“വെളിപ്പെടൽ,” NW]കാത്തിരിക്കുന്നു.”—1 കൊരിന്ത്യർ 1:5, 7.
11. യേശുക്രിസ്തുവിന്റെ വെളിപ്പെടലിനായി കാത്തിരിക്കവേ അഭിഷിക്ത ക്രിസ്ത്യാനികൾ എന്തുചെയ്യുന്നു?
11 അഭിഷിക്ത ശേഷിപ്പ്, പിൻവരുന്ന പ്രകാരം എഴുതിയ പൗലൊസിന്റെ വികാരങ്ങളിൽ പങ്കുചേരുന്നു: “നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.” (റോമർ 8:18) വിശ്വാസത്തിന് ഒരു താങ്ങായി അവർക്കു കാലഗണനകളുടെ ആവശ്യമില്ല. തങ്ങളുടെ സഹകാരികളായ “വേറെ ആടുകൾ”ക്ക് ഒരു ഉത്തമ ദൃഷ്ടാന്തം പ്രദാനം ചെയ്തുകൊണ്ട് അവർ യഹോവയുടെ സേവനത്തിൽ തിരക്കുള്ളവരായി തുടരുന്നു. (യോഹന്നാൻ 10:16) ഈ ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യം സമീപിച്ചിരിക്കുന്നുവെന്ന് ഈ അഭിഷിക്തർക്ക് അറിയാം. അവർ പത്രൊസിന്റെ പിൻവരുന്ന ഉദ്ബോധനത്തിനു ശ്രദ്ധ നൽകുന്നു: “നിങ്ങളുടെ മനസ്സുകളെ പ്രവർത്തനത്തിനായി ദൃഢീകരിപ്പിൻ, നിങ്ങളുടെ ഇന്ദ്രിയ ശക്തികൾ പൂർണമായി നിലനിർത്തുവിൻ; യേശുക്രിസ്തുവിന്റെ വെളിപ്പെടലിങ്കൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന അനർഹദയയിൽ പ്രതീക്ഷ അർപ്പിച്ചുകൊൾവിൻ.”—1 പത്രൊസ് 1:13, NW.
‘സൃഷ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു’
12, 13. മാനവസൃഷ്ടി “ഫലശൂന്യതയ്ക്കു കീഴ്പെ”ടുത്തപ്പെട്ടത് എങ്ങനെ, വേറെ ആടുകൾ എന്തിനായി വാഞ്ഛിക്കുന്നു?
12 ആകാംക്ഷയോടെ കാത്തിരിക്കാൻ വേറെ ആടുകൾക്ക് എന്തെങ്കിലും കാരണമുണ്ടോ? നിശ്ചയമായും ഉണ്ട്. ആത്മജനനം പ്രാപിച്ച “പുത്രന്മാ”രും (NW) സ്വർഗീയ രാജ്യത്തിൽ “ക്രിസ്തുവിന്നു കൂട്ടവകാശികളും” എന്ന നിലയിൽ യഹോവയാൽ ദത്തെടുക്കപ്പെട്ടവരുടെ മഹത്തായ പ്രത്യാശയെക്കുറിച്ചു സംസാരിച്ച ശേഷം പൗലൊസ് പറഞ്ഞു: “സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു [“ഫലശൂന്യതയ്ക്കു,” NW] കീഴ്പെട്ടിരിക്കുന്നു; മനഃപൂർവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പന നിമിത്തമത്രേ.”—റോമർ 8:14-21; 2 തിമൊഥെയൊസ് 2:10-12.
13 ആദാമിന്റെ പാപത്തിന്റെ ഫലമായി അവന്റെ സന്തതികൾ എല്ലാവരും പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽ ജനിച്ച് ‘ഫലശൂന്യതയ്ക്കു കീഴ്പെട്ടു.’ ആ അടിമത്തത്തിൽനിന്നു തങ്ങളെത്തന്നെ വിടുവിക്കാൻ അവർ പ്രാപ്തരല്ല. (സങ്കീർത്തനം 49:7, 8; റോമർ 5:12, 21) ഹാ, ‘ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതൽ’ പ്രാപിക്കാൻ വേറെ ആടുകൾ എത്ര വാഞ്ഛിക്കുന്നു! എന്നാൽ അതു സംഭവിക്കുന്നതിനു മുമ്പ്, യഹോവയുടെ സമയങ്ങളും കാലങ്ങളും അനുസരിച്ച് ചില കാര്യങ്ങൾ നടക്കേണ്ടതുണ്ട്.
14. “ദൈവപുത്രന്മാരുടെ വെളിപ്പാടി”ൽ എന്തായിരിക്കും ഉൾപ്പെടുക, ഇത് മനുഷ്യവർഗം ‘ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതൽ’ പ്രാപിക്കുന്നതിൽ കലാശിക്കുന്നത് എങ്ങനെ?
14 ആദ്യംതന്നെ അഭിഷിക്ത “ദൈവപുത്രന്മാരുടെ” ശേഷിപ്പ് ‘വെളിപ്പെടണം.’ അതിൽ എന്തായിരിക്കും ഉൾപ്പെടുക? അഭിഷിക്തരുടെ ‘മുദ്രയിടപ്പെട’ൽ പൂർത്തിയാകുകയും അവർ ക്രിസ്തുവിനോടൊപ്പം ഭരിക്കാനായി മഹത്ത്വീകരിക്കപ്പെടുകയും ചെയ്തെന്ന് ദൈവത്തിന്റെ തക്ക സമയത്ത് വേറെ ആടുകൾക്കു വ്യക്തമായിത്തീരും. (വെളിപ്പാടു 7:2-4) പുനരുത്ഥാനം പ്രാപിച്ച ‘ദൈവപുത്രന്മാർ’ സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിൽ ക്രിസ്തുവിനോടൊപ്പം പങ്കെടുക്കുമ്പോൾ അവരും ‘വെളിപ്പെടും.’ (വെളിപ്പാടു 2:26, 27; 19:14, 15) തുടർന്ന്, ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചക്കാലത്ത്, യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ മാനുഷ “സൃഷ്ടി”ക്കു പ്രദാനം ചെയ്യാനുള്ള പുരോഹിത സരണികൾ എന്ന നിലയിലും അവർ കൂടുതലായി ‘വെളിപ്പെടും.’ മനുഷ്യവർഗം ‘ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതൽ’ പ്രാപിച്ച് ഒടുവിൽ ‘ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം’ പ്രാപിക്കുന്നതിൽ അതു കലാശിക്കും. (വെളിപ്പാടു 20:5; 22:1, 2; റോമർ 8:20) അത്തരം മഹത്തായ പ്രതീക്ഷകൾ ഉള്ള സ്ഥിതിക്ക് വേറെ ആടുകൾ “ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്ന”തിൽ അതിശയിക്കാനുണ്ടോ?—റോമർ 8:19.
യഹോവയുടെ ക്ഷമ രക്ഷയെ അർഥമാക്കുന്നു
15. യഹോവ സംഭവങ്ങളുടെ സമയം നിർണയിക്കുന്നതിനോടുള്ള ബന്ധത്തിൽ നാം എന്ത് ഒരിക്കലും വിസ്മരിച്ചുകൂടാ?
15 യഹോവ വലിയ സമയപാലകനാണ്. സംഭവങ്ങൾ സംബന്ധിച്ച അവന്റെ സമയ നിർണയം തീർത്തും കുറ്റമറ്റതാണ് എന്നു തെളിയും. കാര്യങ്ങൾ എല്ലായ്പോഴും നമ്മുടെ വ്യക്തിപരമായ പ്രതീക്ഷയ്ക്കൊത്തു നീങ്ങണമെന്നില്ല. എന്നാൽ, ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളും നിവൃത്തിയേറുമെന്ന് നമുക്കു പരിപൂർണ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. (യോശുവ 23:14) കാര്യങ്ങൾ അനേകരും പ്രതീക്ഷിച്ചതിലും കൂടുതൽ കാലം മുന്നോട്ടു പോകാൻ അവൻ അനുവദിക്കുകയായിരിക്കാം. എന്നാൽ അവന്റെ വഴികൾ ഗ്രഹിക്കാനും അവന്റെ ജ്ഞാനത്തിൽ പ്രശംസിക്കാനും നമുക്കു ശ്രമിക്കാം. പൗലൊസ് എഴുതി: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ?”—റോമർ 11:33-35.
16. യഹോവയുടെ ക്ഷമയിൽനിന്നു പ്രയോജനം അനുഭവിക്കാവുന്ന സ്ഥാനത്ത് ആയിരിക്കുന്നത് ആർ?
16 പത്രൊസ് എഴുതി: “പ്രിയമുള്ളവരേ, നിങ്ങൾ ഇവയ്ക്കായി [പഴയ “ആകാശ”ത്തിന്റെയും “ഭൂമി”യുടെയും നാശത്തിനും തത്സ്ഥാനത്ത് “പുതിയ ആകാശ”ത്തിന്റെയും “പുതിയ ഭൂമി”യുടെയും സ്ഥാപനത്തിനുമായി] കാത്തിരിക്കുന്നതിനാൽ അവൻ ഒടുവിൽ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തിൽ കാണേണ്ടതിന് നിങ്ങളുടെ പരമാവധി ശ്രമിക്കുക. അതിനുപുറമേ, നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” “ഒരു കള്ളനെപ്പോലെ” അവിചാരിതമായി എത്തിച്ചേരുന്ന “കർത്താവിന്റെ ദിവസ”ത്തിൽ രക്ഷിക്കപ്പെടാൻ യഹോവയുടെ ക്ഷമ നിമിത്തം ജനകോടികൾക്ക് അവസരം ലഭിക്കുന്നു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (2 പത്രൊസ് 3:9-15) ‘ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷെക്കായി പ്രവർത്തി’ക്കാനും അവന്റെ ക്ഷമ നമ്മെ ഓരോരുത്തരെയും അനുവദിക്കുന്നു. (ഫിലിപ്പിയർ 2:12) മനുഷ്യപുത്രൻ ന്യായവിധിക്കായി വരുമ്പോൾ അംഗീകരിക്കപ്പെടാനും “മനുഷ്യപുത്രന്റെ മുമ്പാകെ നിൽക്കു”ന്നതിൽ വിജയിക്കാനും ആഗ്രഹിക്കുന്നെങ്കിൽ നാം ‘നമുക്കുതന്നെ ശ്രദ്ധ നൽകുക’യും “സദാ ഉണർന്നിരി”ക്കുകയും ചെയ്യണമെന്ന് യേശു പറഞ്ഞു.—ലൂക്കൊസ് 21:34-36, NW; മത്തായി 25:31-33, NW.
സഹിഷ്ണുതയോടെ സദാ കാത്തിരിക്കൽ
17. പൗലൊസ് അപ്പൊസ്തലന്റെ ഏതു വാക്കുകൾക്കു നാം ശ്രദ്ധ നൽകണം?
17 ‘ദൃശ്യമായവയിലല്ല അദൃശ്യമായവയിൽ’ സദാ നമ്മുടെ ദൃഷ്ടികൾ പതിപ്പിക്കാൻ പൗലൊസ് തന്റെ ആത്മീയ സഹോദരന്മാരെ ഉദ്ബോധിപ്പിച്ചു. (2 കൊരിന്ത്യർ 4:16-18, ഓശാന ബൈ.) അവരുടെ മുമ്പാകെ വെച്ചിരുന്ന സ്വർഗീയ പ്രതിഫലത്തെ യാതൊന്നും അവരുടെ കാഴ്ചയിൽനിന്നു മറയ്ക്കാൻ അവൻ ആഗ്രഹിച്ചില്ല. നാം അഭിഷിക്ത ക്രിസ്ത്യാനികളോ വേറെ ആടുകളോ ആയിരുന്നാലും നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന അതിശയകരമായ പ്രത്യാശ മനസ്സിൽ അടുപ്പിച്ചു നിർത്തിക്കൊണ്ട് നമുക്കു പിന്മാറാതിരിക്കാം. “നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തി”ലാണെന്നു പ്രകടമാക്കിക്കൊണ്ട് നമുക്കു സദാ “ക്ഷമയോടെ കാത്തിരി”ക്കാം.—എബ്രായർ 10:39; റോമർ 8:25.
18. ‘സമയങ്ങളും കാലങ്ങളും’ നമുക്ക് ആത്മവിശ്വാസത്തോടെ യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
18 സമയങ്ങളും കാലങ്ങളും നമുക്ക് ആത്മവിശ്വാസത്തോടെ യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കാൻ കഴിയും. അവന്റെ വാഗ്ദാനങ്ങളുടെ നിവൃത്തി അവന്റെ സമയ പട്ടിക അനുസരിച്ചുതന്നെ സംഭവിക്കും, ‘താമസിക്കുകയില്ല.’ (ഹബക്കൂക് 2:3) അതിനിടെ, തിമൊഥെയൊസിനുള്ള പൗലൊസിന്റെ ഉദ്ബോധനം നമ്മുടെ കാര്യത്തിൽ കൂടുതലായി അന്വർഥമാകുന്നു. അവൻ പറഞ്ഞു: “ഞാൻ ദൈവത്തെയും, ജീവികൾക്കും മരിച്ചവർക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യംചെയ്തു കല്പിക്കുന്നതു: വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക [“അത് അടിയന്തിരതയോടെ ചെയ്യുക,” NW]; . . . സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.”—2 തിമൊഥെയൊസ് 4:1-5.
19. യഹോവയുടെ ജനത്തിനു തുടർന്ന് എന്തു ചെയ്യാനുള്ള സമയമാണിത്, എന്തുകൊണ്ട്?
19 ജീവൻ അപകടത്തിലാണ്—നമ്മുടെയും അയൽക്കാരുടെയും. പൗലൊസ് എഴുതി: “നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊൾക; ഇതിൽ ഉറെച്ചുനില്ക്ക; അങ്ങനെ ചെയ്താൽ നീ നിന്നെയും നിന്റെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും.” (1 തിമൊഥെയൊസ് 4:16) ഈ ദുഷ്ട വ്യവസ്ഥിതിക്ക് ഇനി വളരെ ചുരുങ്ങിയ കാലമേ ഉള്ളൂ. മുന്നിലുള്ള പുളകപ്രദമായ സംഭവങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കവേ, തന്റെ ജനം രാജ്യ സുവാർത്ത പ്രസംഗിക്കണം എന്ന് യഹോവ നിശ്ചയിച്ചിരിക്കുന്ന സമയവും കാലവുമാണ് ഇതെന്ന ബോധ്യം നമുക്ക് എല്ലായ്പോഴും നിലനിർത്താം. അവനു തൃപ്തിയാകുന്നതു വരെ ആ വേല നിർവഹിക്കപ്പെടണം. “അപ്പോൾ” യേശു പറഞ്ഞതുപോലെ “അവസാനം വരും.”—മത്തായി 24:14.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 10-ഉം 11-ഉം അധ്യായങ്ങൾ കാണുക.
പുനരവലോകനം
□ കാലഗണനകളുടെ കാര്യത്തിൽ, നമ്മുടെ സാഹചര്യം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടേതിനു സമാനമായിരിക്കുന്നത് എങ്ങനെ?
□ ക്രിസ്തുവിന്റെ സാന്നിധ്യ കാലത്തുപോലും ക്രിസ്ത്യാനികൾ സദാ “ഉണർന്നിരി”ക്കേണ്ടത് എന്തുകൊണ്ട്?
□ “ദൈവപുത്രന്മാരുടെ വെളിപ്പാടി”നായി മാനവസൃഷ്ടി ആകാംക്ഷാപൂർവം കാത്തിരിക്കുന്നത് എന്തുകൊണ്ട്?
□ ‘സമയങ്ങളും കാലങ്ങളും’ നമുക്ക് ആത്മവിശ്വാസത്തോടെ യഹോവയുടെ കരങ്ങളിൽ ഏൽപ്പിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
[17-ാം പേജിലെ ചിത്രം]
ക്രിസ്തുവിന്റെ വരവു പ്രതീക്ഷിച്ച് ക്രിസ്ത്യാനികൾ സദാ ഉണർന്നിരിക്കണം
[18-ാം പേജിലെ ചിത്രം]
വിശ്വാസത്തെ കാലഗണനകളിൽ അധിഷ്ഠിതമാക്കാതെ, അഭിഷിക്ത ശേഷിപ്പ് യഹോവയുടെ സേവനത്തിൽ സദാ തിരക്കുള്ളവർ ആയിരിക്കുന്നു