“താഴ്മ ധരിച്ചുകൊൾവിൻ”
“ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.”—1 പത്രൊസ് 5:5.
1, 2. ഏതു രണ്ടു വിപരീത മനോഭാവങ്ങൾക്ക് മനുഷ്യ സ്വഭാവത്തിന്മേൽ ശക്തമായ സ്വാധീനമുണ്ട്?
ദൈവവചനം പരസ്പര വിരുദ്ധങ്ങളായ രണ്ടു മനോഭാവങ്ങളെ നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നു. അവ രണ്ടിനും മനുഷ്യ സ്വഭാവത്തിന്മേൽ ശക്തമായ സ്വാധീനമുണ്ട്. ഒന്ന് “താഴ്മ” ആണ്. (1 പത്രൊസ് 5:5) ഒരു നിഘണ്ടു “താഴ്മ”യെ, “പെരുമാറ്റത്തിലോ മനോഭാവത്തിലോ ഉള്ള എളിമ: ധിക്കാരപൂർവമായ അഹങ്കാരം ഇല്ലായ്മ” എന്നു നിർവചിക്കുന്നു. താഴ്മ എളിമയുടെ ഒരു പര്യായമാണ്. ദൈവത്തിന്റെ വീക്ഷണത്തിൽ അതു വളരെ അഭിലഷണീയമായ ഒരു ഗുണമാണ്.
2 അതിന്റെ വിപരീതമാണ് അഹങ്കാരം. അതിനെ “അതിരുകടന്ന ആത്മാഭിമാനം, ധിക്കാരം” എന്നൊക്കെ നിർവചിച്ചിരിക്കുന്നു. അതു സ്വാർഥമാണ്, മറ്റുള്ളവരിൽ ഉളവാക്കുന്ന ഭവിഷ്യത്തുകൾ ഗണ്യമാക്കാതെ അതു ഭൗതികവും തൻകാര്യ തത്പരവും മറ്റു തരത്തിലുള്ളതുമായ നേട്ടങ്ങൾ തേടുന്നു. അതിന്റെ ഒരു ഫലം ബൈബിൾ സൂചിപ്പിക്കുന്നു: “മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തിയിരിക്കുന്നു.” “ഒരുവന് മറ്റൊരുവനുമായുള്ള മത്സര”ത്തെ കുറിച്ച് “കാറ്റിനു പിന്നാലെയുള്ള ഓട്ടം” എന്ന് അതു പറയുന്നു. കാരണം, മരണത്തിങ്കൽ “ഒരുവന് യാതൊന്നും കൊണ്ടുപോകാൻ കഴിയില്ല.” അത്തരം അഹങ്കാരം ദൈവത്തിന്റെ വീക്ഷണത്തിൽ വളരെ അനഭിലഷണീയമാണ്.—സഭാപ്രസംഗി 4:4; 5:15; 8:9, NW.
ലോകത്തിലെ പ്രബലമായ മനോഭാവം
3. ലോകത്തിലെ പ്രബലമായ മനോഭാവം എന്താണ്?
3 ഈ രണ്ടു മനോഭാവങ്ങളിൽ ഏതാണ് ഇന്നത്തെ ലോകത്തിന്റെ മുഖമുദ്ര? ലോകത്തിൽ പ്രബലമായ മനോഭാവം ഏതാണ്? ലോക സൈനിക-സാമൂഹിക ചെലവുകൾ 1996 (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “കിരാതമായ . . . അക്രമത്തിന്റെ കാര്യത്തിൽ കഴിഞ്ഞുപോയ മറ്റൊരു നൂറ്റാണ്ടും 20-ാം നൂറ്റാണ്ടിനോടു കിടപിടിക്കില്ല.” രാഷ്ട്രീയ-സാമ്പത്തിക അധികാരത്തിനു വേണ്ടിയുള്ള മത്സരവും അതുപോലെതന്നെ ദേശീയ-മത-ഗോത്ര-വംശ പോരാട്ടങ്ങളും ഈ നൂറ്റാണ്ടിൽ പത്തു കോടി ആളുകളുടെ ജീവനൊടുക്കിയിരിക്കുന്നു. വ്യക്തി തലത്തിലുള്ള സ്വാർഥതയും വർധിച്ചിരിക്കുന്നു. ചിക്കാഗോ ട്രിബ്യൂൺ ഇങ്ങനെ പ്രസ്താവിച്ചു: “മനസ്സാക്ഷിയില്ലാത്ത അക്രമം, ശിശുദ്രോഹം, വിവാഹമോചനം, അതിമദ്യപാനം, എയ്ഡ്സ്, കൗമാര ആത്മഹത്യ, മയക്കുമരുന്നുകൾ, തെരുവു റൗഡിസംഘങ്ങൾ, ബലാത്സംഗം, അവിഹിത ഗർഭധാരണം, ഗർഭച്ഛിദ്രം, അശ്ലീല സാഹിത്യം, . . . നുണ പറയൽ, വഞ്ചന, രാഷ്ട്രീയ അഴിമതി . . . എന്നിവയെല്ലാം സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളിൽ പെടുന്നു. . . . ശരിയും തെറ്റും സംബന്ധിച്ച ധാർമിക അവബോധം അസ്തമിച്ചിരിക്കുന്നു.” അതുകൊണ്ട് യുഎൻ ക്രോണിക്കിൾ ഈ മുന്നറിയിപ്പു നൽകി: “മനുഷ്യസമൂഹം ശിഥിലമാകുകയാണ്.”
4, 5. നമ്മുടെ നാളിനെ കുറിച്ചുള്ള ബൈബിൾ പ്രവചനം ലോകത്തിലെ മനോഭാവം കൃത്യമായി വർണിച്ചിരിക്കുന്നത് എങ്ങനെ?
4 ഈ അവസ്ഥ ലോകത്തിൽ എവിടെയും കാണാം. നമ്മുടെ കാലത്തെ കുറിച്ചു ബൈബിൾ മുൻകൂട്ടി പറഞ്ഞതു പോലെയാണ് അത്: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമാ”യിരിക്കും.—2 തിമൊഥെയൊസ് 3:1-4.
5 ഈ ലോകത്തിലെ പ്രബലമായ മനോഭാവത്തിന്റെ ഒരു കൃത്യമായ വിവരണമാണ് അത്. സ്വാർഥമായ, ‘ഞാൻ-മുമ്പൻ’ മനോഭാവമാണ് അത്. രാഷ്ട്രങ്ങൾക്ക് ഇടയിലെ മത്സരം വ്യക്തികൾക്ക് ഇടയിൽ പ്രതിഫലിച്ചു കാണാം. ദൃഷ്ടാന്തത്തിന്, തങ്ങളുടെ പ്രവൃത്തി മറ്റുള്ളവരെ വൈകാരികമായും ശാരീരികമായി പോലും എങ്ങനെ വ്രണപ്പെടുത്തുന്നു എന്നതു ഗണ്യമാക്കാതെ, മത്സര കളികളിൽ ഒന്നാമൻ ആകാൻ നിരവധി കായിക താരങ്ങൾ വാഞ്ഛിക്കുന്നു. കുട്ടികളിൽ ഈ സ്വാർഥ മനോഭാവം പ്രോത്സാഹിപ്പിക്കപ്പെടുന്നു. മുതിർന്ന ആളുകളുടെ ജീവിതത്തിന്റെ അനേകം വശങ്ങളിലും അതു നിഴലിക്കുന്നു. “പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം” എന്നിവയ്ക്ക് അതു കാരണമാകുന്നു.—ഗലാത്യർ 5:19-21.
6. ആരാണ് സ്വാർഥത ഉന്നമിപ്പിക്കുന്നത്, ഈ മനോഭാവത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?
6 ഈ ലോകത്തിന്റെ സ്വാർഥ മനോഭാവം, “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനു”മായവന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. നിർണായകമായ ഈ അന്ത്യകാലത്തു ജീവിക്കുന്ന ആളുകളുടെ മേലുള്ള സാത്താന്റെ സ്വാധീനത്തെ കുറിച്ചു ബൈബിൾ ഇങ്ങനെ മുൻകൂട്ടി പറയുന്നു: “ഭൂമിക്കു. . . അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:9-12) അതുകൊണ്ട്, അവനും അവന്റെ കൂട്ടാളികളായ ഭൂതങ്ങളും ചേർന്ന് മാനുഷ കുടുംബത്തിൽ സ്വാർഥ മനോഭാവം ഉന്നമിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നു. അത്തരം മനോഭാവത്തെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്? അവന്റെ വചനം പറയുന്നു: ‘ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു ആകുന്നു.’—സദൃശവാക്യങ്ങൾ 16:5.
യഹോവ താഴ്മയുള്ളവരോടു കൂടെ
7. യഹോവ താഴ്മയുള്ളവരെ എങ്ങനെ വീക്ഷിക്കുന്നു, അവൻ അവരെ എന്തു പഠിപ്പിക്കുന്നു?
7 നേരെമറിച്ച്, താഴ്മയുള്ളവരെ യഹോവ അനുഗ്രഹിക്കുന്നു. യഹോവയ്ക്കുള്ള ഒരു ഗീതത്തിൽ ദാവീദ് രാജാവ് എഴുതി: “എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിന്നു നീ ദൃഷ്ടിവെക്കുന്നു.” (2 ശമൂവേൽ 22:1, 28) അതുകൊണ്ട് ദൈവവചനം ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, [യഹോവയെ] അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” (സെഫന്യാവു 2:3) യഹോവയെ താഴ്മയോടെ അന്വേഷിക്കുന്നവരെ, ലോകത്തിന്റേതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു മനോഭാവം നട്ടുവളർത്താൻ അവൻ പഠിപ്പിക്കുന്നു. അവൻ “സൌമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു.” (സങ്കീർത്തനം 25:9; യെശയ്യാവു 54:13) ആ വഴി സ്നേഹത്തിന്റെ മാർഗമാണ്. ദൈവത്തിന്റെ നിലവാരങ്ങൾ അനുസരിച്ചുള്ള ശരിയായ കാര്യങ്ങൾ ചെയ്യുന്നതിൽ അധിഷ്ഠിതമാണ് അത്. ബൈബിൾ പറയുന്ന പ്രകാരം ഈ തത്ത്വാധിഷ്ഠിത സ്നേഹം “നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല.” (1 കൊരിന്ത്യർ 13:1-8) ആ സ്നേഹം താഴ്മയിൽ പ്രകടമാകുന്നു.
8, 9. (എ) തത്ത്വാധിഷ്ഠിത സ്നേഹത്തിന്റെ ഉത്ഭവസ്ഥാനം ഏതാണ്? (ബി) യേശു പ്രകടിപ്പിച്ച സ്നേഹവും താഴ്മയും പ്രകടമാക്കുന്നത് എത്ര പ്രധാനമാണ്?
8 പൗലൊസും ഒന്നാം നൂറ്റാണ്ടിലെ മറ്റു ക്രിസ്ത്യാനികളും യേശുവിന്റെ ഉപദേശങ്ങളിൽ നിന്ന് ഇത്തരം സ്നേഹം പഠിച്ചു. എന്നാൽ യേശു അതു പഠിച്ചത് തന്റെ പിതാവായ യഹോവയിൽ നിന്നാണ്. “ദൈവം സ്നേഹം തന്നേ” എന്ന് ബൈബിൾ അവനെ കുറിച്ചു പറയുന്നു. (1 യോഹന്നാൻ 4:8) സ്നേഹത്തിന്റെ നിയമത്തിന് അനുസൃതമായി ജീവിക്കുന്നത് തന്നെ കുറിച്ചുള്ള ദൈവേഷ്ടമാണെന്ന് യേശുവിന് അറിയാമായിരുന്നു, അവൻ അപ്രകാരം ജീവിക്കുകയും ചെയ്തു. (യോഹന്നാൻ 6:38) അതുകൊണ്ടാണ് അവനു മർദിതരോടും ദരിദ്രരോടും പാപികളോടും മനസ്സലിവു തോന്നിയത്. (മത്തായി 9:36) അവൻ അവരോടു പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ.” (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.)—മത്തായി 11:28, 29.
9 തന്റെ സ്നേഹവും താഴ്മയും അനുകരിക്കേണ്ടതിന്റെ പ്രാധാന്യം ശിഷ്യന്മാർക്കു കാണിച്ചു കൊടുത്തുകൊണ്ട് യേശു പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) അവർ ഈ സ്വാർഥ ലോകത്തിൽനിന്നു വ്യത്യസ്തരായി നിലകൊള്ളുമായിരുന്നു. അതുകൊണ്ടാണ് യേശുവിനു തന്റെ അനുഗാമികളെ കുറിച്ച് “അവർ ലോകത്തിന്റെ ഭാഗമല്ല” എന്നു പറയാൻ കഴിഞ്ഞത്. (യോഹന്നാൻ 17:14, NW) ഇല്ല, സാത്താന്യ ലോകത്തിന്റെ അഹങ്കാരപൂർണവും സ്വാർഥവുമായ മനോഭാവം അവർ അനുകരിക്കുന്നില്ല. പകരം, യേശു പ്രകടമാക്കിയ സ്നേഹത്തിന്റേതും താഴ്മയുടേതുമായ മനോഭാവം അവർ അനുകരിക്കുന്നു.
10. നമ്മുടെ കാലത്ത് താഴ്മയുള്ളവരുടെ കാര്യത്തിൽ യഹോവ എന്തു ചെയ്തുകൊണ്ടിരിക്കുന്നു?
10 ഈ അന്ത്യനാളുകളിൽ താഴ്മയുള്ളവർ സ്നേഹത്തിലും താഴ്മയിലും അധിഷ്ഠിതമായ ഒരു ആഗോള സമൂഹമായി കൂട്ടിച്ചേർക്കപ്പെടുമെന്ന് ദൈവവചനം മുൻകൂട്ടി പറഞ്ഞു. ഒന്നിനൊന്നു ഗർവിഷ്ഠമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ അതിനു വിപരീതമായ ഒരു മനോഭാവം—താഴ്മ—യഹോവയുടെ ജനം പ്രകടമാക്കുന്നു. അവർ പറയുന്നു: “വരുവിൻ, നമുക്കു യഹോവയുടെ [അവന്റെ ഉന്നതമായ സത്യാരാധനയുടെ] പർവ്വതത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും.” (യെശയ്യാവു 2:2, 3) ദൈവത്തിന്റെ വഴികളിൽ നടക്കുന്ന ഈ ആഗോള സമൂഹം യഹോവയുടെ സാക്ഷികളാണ്. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” അവരിൽപ്പെടുന്നു. (വെളിപ്പാടു 7:9) ഈ മഹാപുരുഷാരം ലക്ഷക്കണക്കിന് ആളുകൾ ഉൾപ്പെട്ടതാണ്. താഴ്മയുള്ളവർ ആയിരിക്കാൻ യഹോവ അവരെ പരിശീലിപ്പിക്കുന്നത് എങ്ങനെയാണ്?
താഴ്മ ഉള്ളവരായിരിക്കാൻ പഠിക്കൽ
11, 12. ദൈവദാസന്മാർ താഴ്മ പ്രകടമാക്കുന്നത് എങ്ങനെ?
11 ലോകത്തിന്റെ മോശമായ മനോഭാവത്തെ കീഴടക്കി ദൈവാത്മാവിന്റെ ഫലം പ്രകടമാക്കാൻ ദൈവത്തിന്റെ മനസ്സൊരുക്കമുള്ള ജനത്തിന്മേൽ പ്രവർത്തിക്കുന്ന ദൈവാത്മാവ് അവരെ പ്രാപ്തരാക്കുന്നു. അത് “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” എന്നീ ഗുണങ്ങളിൽ സ്വതവെ പ്രകടമാകുന്നു. (ഗലാത്യർ 5:22, 23) “പരസ്പരം മത്സരം ഇളക്കിവിടുകയും അസൂയപ്പെടുകയും ചെയ്യുകവഴി വൃഥാഭിമാനികൾ” ആകാതിരിക്കാൻ ദൈവ ദാസന്മാർ ബുദ്ധിയുപദേശിക്കപ്പെടുന്നു. അത് ആത്മാവിന്റെ ഫലം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്നു. (ഗലാത്യർ 5:26, NW) സമാനമായി, അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു: “ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ . . . സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.”—റോമർ 12:3.
12 ദൈവവചനം സത്യക്രിസ്ത്യാനികളോട് ഇങ്ങനെ പറയുന്നു: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ [മറ്റു ദൈവദാസന്മാരെ] തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം.” (ഫിലിപ്പിയർ 2:3, 4) “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.” (1 കൊരിന്ത്യർ 10:24) അതേ, നിസ്വാർഥമായ വാക്കുകളാലും പ്രവൃത്തികളാലും “സ്നേഹം” മറ്റുള്ളവരെ “കെട്ടുപണി ചെയ്യുന്നു.” (1 കൊരിന്ത്യർ 8:1, NW) അത് സഹകരണത്തെയാണു പ്രോത്സാഹിപ്പിക്കുന്നത്, മത്സരത്തെയല്ല. യഹോവയുടെ ദാസന്മാർക്ക് ഇടയിൽ ‘ഞാൻ-മുമ്പൻ’ മനോഭാവത്തിന് യാതൊരു സ്ഥാനവുമില്ല.
13. താഴ്മ പഠിക്കേണ്ടതുള്ളത് എന്തുകൊണ്ട്, ഒരുവൻ അതു പഠിക്കുന്നത് എങ്ങനെ?
13 എന്നിരുന്നാലും, പാരമ്പര്യമായി അവകാശപ്പെടുത്തിയ അപൂർണത ഉള്ളതിനാൽ നാം ജന്മനാ താഴ്മയുള്ളവരല്ല. (സങ്കീർത്തനം 51:5) ഈ ഗുണം പഠിച്ചെടുക്കണം. യഹോവയുടെ വഴികൾ ബാല്യകാലം മുതൽ പഠിച്ചിട്ടില്ലാത്ത, എന്നാൽ പിൽക്കാലത്ത് അവ സ്വീകരിച്ച ആളുകൾക്ക് അതു ബുദ്ധിമുട്ടായിരിക്കാം. ഈ പഴയ ലോകത്തിന്റെ മനോഭാവങ്ങളിൽ അധിഷ്ഠിതമായ വ്യക്തിത്വം അവർ ഇപ്പോൾത്തന്നെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അതുകൊണ്ട്, “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ [“പഴയ വ്യക്തിത്വം,” NW] ഉപേക്ഷിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ [“പുതിയ വ്യക്തിത്വം,” NW] ധരി”ക്കാൻ അവർ പഠിക്കേണ്ടതുണ്ട്. (എഫെസ്യർ 4:22, 24) ദൈവത്തിന്റെ സഹായത്താൽ, ആത്മാർഥതയുള്ളവർക്ക് അവൻ തങ്ങളോട് ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാനാകും. “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരി”ക്കാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നു. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—കൊലൊസ്സ്യർ 3:12.
14. തന്നെത്താൻ ഉയർത്താൻ വാഞ്ഛിക്കുന്നതിന് എതിരെ യേശു സംസാരിച്ചത് എങ്ങനെ?
14 യേശുവിന്റെ ശിഷ്യന്മാർ അതു പഠിക്കേണ്ടിയിരുന്നു. പ്രായപൂർത്തിയായ ശേഷമാണ് അവർ അവന്റെ ശിഷ്യന്മാരായത്. ഒരളവിലുള്ള ലൗകിക മത്സര മനോഭാവം അവരിൽ ഉണ്ടായിരുന്നു. അവരിൽ രണ്ടു പേരുടെ അമ്മ തന്റെ പുത്രന്മാർക്കു പ്രാമുഖ്യത തേടാൻ ശ്രമിച്ചപ്പോൾ യേശു പറഞ്ഞു: “ജാതികളുടെ അധിപന്മാർ [ആളുകളുടെ മേൽ] കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. മനുഷ്യപുത്രൻ [യേശു] ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ.” (മത്തായി 20:20-28) തങ്ങളെത്തന്നെ ഉയർത്താൻ ശ്രമിച്ചുകൊണ്ട് പദവിനാമങ്ങൾ ഉപയോഗിക്കരുതെന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. എന്നിട്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്.’—മത്തായി 23:8.
15. മേൽവിചാരക സ്ഥാനം കാംക്ഷിക്കുന്നവർക്ക് എന്തു മനോഭാവം ഉണ്ടായിരിക്കണം?
15 യേശുവിന്റെ ഒരു യഥാർഥ അനുഗാമി ഒരു ദാസനാണ്, അതേ, സഹക്രിസ്ത്യാനികളുടെ ഒരു അടിമയാണ്. (ഗലാത്യർ 5:13) സഭയിൽ മേൽവിചാരണ വഹിക്കാനുള്ള യോഗ്യത കൈവരിക്കാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമായിരിക്കണം. അവർ ഒരിക്കലും പ്രാമുഖ്യതയ്ക്കോ അധികാരത്തിനോ വേണ്ടി മത്സരിക്കരുത്. അവർ “കർത്തൃത്വം നടത്തുന്നവരായി”രിക്കരുത്. മറിച്ച് “ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീ”രണം. (1 പത്രൊസ് 5:3) തീർച്ചയായും, മേൽവിചാരണയ്ക്ക് ഒരുവൻ അയോഗ്യൻ ആണെന്നുള്ളതിന്റെ ഒരു സൂചനയാണ് സ്വാർഥ മനോഭാവം. അത്തരമൊരു വ്യക്തി സഭയ്ക്കു ദോഷം ചെയ്യും. “അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്ന”ത് ഉചിതമാണെന്നുള്ളത് ശരിതന്നെ. എന്നാൽ അത് ഉത്ഭവിക്കുന്നതു മറ്റു ക്രിസ്ത്യാനികളെ സേവിക്കാനുള്ള ആഗ്രഹത്തിൽനിന്ന് ആയിരിക്കണം. ഈ സ്ഥാനം പ്രാമുഖ്യതയുടെയോ അധികാരത്തിന്റെയോ ഒരു സ്ഥാനമല്ല. കാരണം, മേൽവിചാരണ നടത്തുന്നവർ സഭയിൽ ഏറ്റവും അധികം താഴ്മയുള്ളവരിൽ പെടുന്നവരായിരിക്കണം.—1 തിമൊഥെയൊസ് 3:1, 6.
16. ദൈവവചനത്തിൽ ദിയൊത്രെഫേസിനെ അപലപിച്ചിരിക്കുന്നത് എന്തുകൊണ്ട്?
16 തെറ്റായ വീക്ഷണം ഉണ്ടായിരുന്ന ഒരു വ്യക്തിയിലേക്കു നമ്മുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അപ്പൊസ്തലനായ യോഹന്നാൻ പറയുന്നു: “സഭെക്കു ഞാൻ ഒന്നെഴുതിയിരുന്നു: എങ്കിലും അവരിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.” ആ മനുഷ്യൻ മറ്റുള്ളവരോട് അനാദരവോടെ പെരുമാറിക്കൊണ്ട് സ്വന്തം സ്ഥാനം ഉയർത്തികാട്ടാൻ ശ്രമിച്ചു. എന്നാൽ ദിയൊത്രെഫേസിന്റെ ‘ഞാൻ-മുമ്പൻ’ മനോഭാവം നിമിത്തം അയാളെ അപലപിക്കുന്ന വാക്കുകൾ ബൈബിളിൽ ഉൾപ്പെടുത്താൻ ദൈവാത്മാവ് യോഹന്നാനെ പ്രേരിപ്പിച്ചു.—3 യോഹന്നാൻ 9, 10.
ശരിയായ മനോഭാവം
17. പത്രൊസും പൗലൊസും ബർന്നബാസും താഴ്മ പ്രകടമാക്കിയത് എങ്ങനെ?
17 ശരിയായ മനോഭാവത്തിന്റെ, താഴ്മയുടെ, അനേകം ബൈബിൾ ദൃഷ്ടാന്തങ്ങൾ ഉണ്ട്. പത്രൊസ് കൊർന്നേല്യൊസിന്റെ വീട്ടിൽ കയറിയപ്പോൾ അവൻ പത്രൊസിന്റെ “കാല്ക്കൽ വീണു നമസ്കരിച്ചു.” എന്നാൽ ആ ദാസ-തുല്യ വണക്കം സ്വീകരിക്കുന്നതിനു പകരം പത്രൊസ്, “എഴുന്നേല്ക്ക, ഞാനും ഒരു മനുഷ്യനത്രേ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു.” (പ്രവൃത്തികൾ 10:25, 26) പൗലൊസും ബർന്നബാസും ലുസ്ത്രയിൽ ആയിരുന്നപ്പോൾ, ജന്മനാ മുടന്തനായ ഒരുവനെ പൗലൊസ് സൗഖ്യമാക്കി. തത്ഫലമായി, അവർ ദേവന്മാരാണെന്നു ജനക്കൂട്ടം പറഞ്ഞു. എന്നാൽ പൗലൊസും ബർന്നബാസും “വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു: പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രേ.” (പ്രവൃത്തികൾ 14:8-15) താഴ്മയുള്ള ആ ക്രിസ്ത്യാനികൾ മനുഷ്യരിൽനിന്നു മഹത്ത്വം സ്വീകരിച്ചില്ല.
18. ശക്തനായ ഒരു ദൂതൻ തന്റെ താഴ്മ നിമിത്തം യോഹന്നാനോട് എന്തു പറഞ്ഞു?
18 “യേശുക്രിസ്തുവിന്റെ വെളിപ്പാടു” അപ്പൊസ്തലനായ യോഹന്നാനു ലഭിച്ചത് ഒരു ദൂതനിലൂടെ ആയിരുന്നു. (വെളിപ്പാടു 1:1) ഒരു ദൂതന്റെ ശക്തി പരിഗണിക്കുമ്പോൾ, യോഹന്നാൻ ഭയാദരവു കാട്ടിയതിന്റെ കാരണം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്തെന്നാൽ ഒരു ദൂതൻ ഒറ്റ രാത്രികൊണ്ട് 1,85,000 അസീറിയക്കാരെ നശിപ്പിച്ചതാണല്ലോ. (2 രാജാക്കന്മാർ 19:35) യോഹന്നാൻ വിവരിക്കുന്നു: ‘കേൾക്കയും കാൺകയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്റെ കാല്ക്കൽ ഞാൻ വീണു നമസ്കരിച്ചു. എന്നാൽ അവൻ എന്നോടു: അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.’ (വെളിപ്പാടു 22:8, 9) ആ ശക്തനായ ദൂതൻ എന്തൊരു താഴ്മയാണു പ്രകടമാക്കിയത്!
19, 20. ജയശാലികളായ റോമൻ സേനാധിപന്മാരുടെ ഗർവിനെ യേശുവിന്റെ താഴ്മയുമായി വിപരീത താരതമ്യം ചെയ്യുക.
19 താഴ്മയുടെ ഏറ്റവും നല്ല ദൃഷ്ടാന്തം ആയിരുന്നു യേശു. അവൻ ദൈവത്തിന്റെ ഏകജാത പുത്രനും ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ ഭാവി രാജാവും ആയിരുന്നു. ആ വിധത്തിൽ അവൻ ആളുകൾക്ക് തന്നെത്തന്നെ പരിചയപ്പെടുത്തിയപ്പോൾ, റോമൻ കാലഘട്ടത്തിലെ ജയശാലികളായ സേനാധിപന്മാരെ പോലെയല്ല പെരുമാറിയത്. ആ സേനാധിപന്മാരുടെ ബഹുമാനാർഥം വലിയ പരേഡുകൾ അഥവാ ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നു. സ്വർണവും ആനക്കൊമ്പും ഉപയോഗിച്ച് അലങ്കരിച്ചതും വെളുത്ത കുതിരകൾ, എന്തിന് ഗജവീരന്മാരോ സിംഹങ്ങളോ കടുവകളോ പോലും, വലിച്ചിരുന്നതുമായ രഥങ്ങളിലാണ് അവർ സഞ്ചരിച്ചിരുന്നത്. ഘോഷയാത്രയിൽ വിജയഗീതം ആലപിക്കുന്ന സംഗീതജ്ഞരും കൊള്ള വസ്തുക്കൾ നിറച്ച വണ്ടികളും യുദ്ധ രംഗങ്ങൾ ചിത്രീകരിക്കുന്ന വലിയ ഫ്ളോട്ടുകളും ഉണ്ടായിരുന്നു. കൂടാതെ ബന്ധികളായി പിടിച്ച രാജാക്കന്മാരും രാജകുമാരന്മാരും സേനാധിപന്മാരും അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു. അവരെ അവമതിക്കാനായി മിക്കപ്പോഴും അവരെ തുണിയുരിയിച്ചു നിറുത്തിയിരുന്നു. ഇവയെല്ലാം അഹങ്കാരത്തിന്റെയും ഗർവിന്റെയും പ്രകടനങ്ങളായിരുന്നു.
20 അതിനെ യേശു ആളുകളുടെ മുമ്പാകെ എത്തിയ വിധവുമായി വിപരീത താരതമ്യം ചെയ്യുക. “ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തു . . . കയറിവരുന്നു” എന്ന തന്നെ കുറിച്ചുള്ള പ്രവചനത്തിന്റെ നിവൃത്തിക്കായി താഴ്മയോടെ സ്വയം അർപ്പിക്കാൻ അവൻ മനസ്സൊരുക്കം ഉള്ളവനായിരുന്നു. പ്രൗഢിയേറിയ ഘോഷയാത്രാ മൃഗങ്ങൾ വലിക്കുന്ന രഥത്തിൽ അല്ല, മറിച്ച് ചുമടു ചുമക്കുന്ന മൃഗത്തിന്റെ പുറത്താണ് അവൻ താഴ്മയോടെ യാത്ര ചെയ്തത്. (സെഖര്യാവു 9:9; മത്തായി 21:4, 5) തീർച്ചയായും താഴ്മയും എളിമയും സ്നേഹവും അനുകമ്പയും ദയയും ഉള്ളവനായ യേശു പുതിയ ലോകത്തിൽ മുഴു ഭൂമിയുടെയും മേലുള്ള യഹോവയുടെ നിയമിത രാജാവ് ആയിരിക്കുന്നതിൽ താഴ്മയുള്ളവർ എത്ര സന്തുഷ്ടരാണ്!—യെശയ്യാവു 9:6, 7; ഫിലിപ്പിയർ 2:5-8.
21. താഴ്മ എന്തിനെ സൂചിപ്പിക്കുന്നില്ല?
21 യേശു, പത്രൊസ്, പൗലൊസ്, ബൈബിൾ കാലങ്ങളിലെ മറ്റു വിശ്വസ്ത സ്ത്രീപുരുഷന്മാർ തുടങ്ങിയവരൊക്കെ താഴ്മയുള്ളവർ ആയിരുന്നുവെന്ന വസ്തുത താഴ്മ ഒരു ദൗർബല്യം ആണെന്ന ആശയത്തെ നിരർഥകമാക്കുന്നു. പകരം, താഴ്മ വ്യക്തിയുടെ സ്വഭാവദാർഢ്യത്തെയാണു പ്രകടമാക്കുന്നത്. എന്തെന്നാൽ ആ സ്ത്രീപുരുഷന്മാർ ധൈര്യശാലികളും തീക്ഷ്ണതയുള്ളവരും ആയിരുന്നു. മാനസികവും ധാർമികവുമായി നല്ല കരുത്തുണ്ടായിരുന്ന അവർ കടുത്ത പീഡാനുഭവങ്ങൾ സഹിച്ചുനിന്നു. (എബ്രായർ 11-ാം അധ്യായം) ഇന്ന് യഹോവയുടെ ദാസന്മാർ താഴ്മയുള്ളവർ ആയിരിക്കുമ്പോൾ അവർക്കു സമാനമായ കരുത്തുണ്ട്. കാരണം, യഹോവ താഴ്മയുള്ളവരെ തന്റെ ശക്തിയേറിയ പരിശുദ്ധാത്മാവിനാൽ പിന്താങ്ങുന്നു. അതുകൊണ്ട് നാം ഇങ്ങനെ ഉദ്ബോധിപ്പിക്കപ്പെടുന്നു: “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.”—1 പത്രൊസ് 5:5, 6; 2 കൊരിന്ത്യർ 4:7.
22. അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യുന്നതായിരിക്കും?
22 താഴ്മയ്ക്ക്, ദൈവദാസന്മാർ ബാധകമാക്കേണ്ട മറ്റൊരു ക്രിയാത്മക വശവുമുണ്ട്. സഭകളിൽ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിൽ വളരെ സഹായകമായ ഒന്നാണ് അത്. തീർച്ചയായും അതു താഴ്മയുടെ ഒരു അത്യന്താപേക്ഷിത ഘടകമാണ്. അടുത്ത ലേഖനത്തിൽ അതു ചർച്ച ചെയ്യുന്നതായിരിക്കും.
പുനരവലോകനം
□ ഇന്നത്തെ ലോകത്തിൽ പ്രബലമായിരിക്കുന്ന മനോഭാവം എന്തെന്നു വിവരിക്കുക.
□ താഴ്മയുള്ളവരോട് യഹോവ പ്രീതി കാട്ടുന്നത് എങ്ങനെ?
□ താഴ്മ പഠിച്ചെടുക്കേണ്ട ഒരു ഗുണമായിരിക്കുന്നത് എന്തുകൊണ്ട്?
□ താഴ്മ പ്രകടമാക്കിയ വ്യക്തികളുടെ ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ ഏവ?
[15-ാം പേജിലെ ചിത്രം]
ദൂതൻ യോഹന്നാനോടു പറഞ്ഞു: ‘അതരുത്, ഞാൻ നിന്റെ സഹഭൃത്യനത്രേ’