പഠനലേഖനം 22
നിങ്ങളുടെ പഠനരീതി മെച്ചപ്പെടുത്തുക
‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലി. 1:10.
ഗീതം 35 “കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ ഉറപ്പാക്കുക”
പൂർവാവലോകനംa
1. പലർക്കും പഠിക്കാൻ തോന്നാത്തത് എന്തുകൊണ്ട്?
ഇക്കാലത്ത് ജീവിക്കാനുള്ള വക കണ്ടെത്താൻ ശരിക്കും ബുദ്ധിമുട്ടാണ്. കുടുംബത്തിന്റെ അത്യാവശ്യകാര്യങ്ങൾ നടത്തുന്നതിനുള്ള പണത്തിനുവേണ്ടി നമ്മുടെ പല സഹോദരങ്ങളും മണിക്കൂറുകളോളം ജോലി ചെയ്യുന്നുണ്ട്. അനേകം സഹോദരങ്ങൾ ജോലിക്കു പോകുന്നതിനും തിരിച്ച് വരുന്നതിനും എത്ര സമയമാണു ചെലവാക്കുന്നത്! ഇനി മറ്റു ചിലർ, കുടുംബം നടത്തിക്കൊണ്ടുപോകുന്നതിനു വളരെ കഠിനമായ ജോലികളാണു ചെയ്യുന്നത്. വൈകുന്നേരമാകുമ്പോഴേക്കും ഈ സഹോദരന്മാരും സഹോദരിമാരും ക്ഷീണിച്ച് തളർന്നിട്ടുണ്ടാകും. പലർക്കും പഠിക്കാൻ തോന്നാത്തതിൽ അത്ഭുതപ്പെടാനുണ്ടോ!
2. നിങ്ങൾ എപ്പോഴാണു പഠിക്കുന്നത്?
2 എന്നാൽ ഓർക്കുക: ദൈവവചനവും ക്രിസ്തീയപ്രസിദ്ധീകരണങ്ങളും നന്നായി പഠിക്കാൻ നമ്മൾ സമയം കണ്ടെത്തിയേ തീരൂ. യഹോവയുമായുള്ള ബന്ധവും നമ്മുടെ നിത്യജീവനും അതിനെ ആശ്രയിച്ചാണിരിക്കുന്നത്! (1 തിമൊ. 4:15, 16) ചിലർ എല്ലാ ദിവസവും പഠിക്കാനായി നേരത്തേ എഴുന്നേൽക്കും. അപ്പോൾ വീട്ടിൽ വലിയ ഒച്ചയും ബഹളവും കാണില്ല, രാത്രി മുഴുവൻ ഉറങ്ങിയതുകൊണ്ട് മനസ്സിനു നല്ല ഉന്മേഷവുമായിരിക്കും. മറ്റു ചിലർ കിടക്കാൻപോകുന്നതിനു മുമ്പുള്ള സ്വസ്ഥമായ കുറച്ച് സമയമാണു പഠിക്കാനും ധ്യാനിക്കാനും ആയി മാറ്റിവെച്ചിരിക്കുന്നത്.
3-4. നമുക്കു ലഭിക്കുന്ന വിവരങ്ങളുടെ അളവിന്റെ കാര്യത്തിൽ എന്തു മാറ്റമാണു വരുത്തിയത്, എന്തുകൊണ്ട്?
3 പഠിക്കാൻ സമയം കണ്ടെത്തുന്നതു പ്രധാനമാണെന്ന് എല്ലാവരും സമ്മതിക്കും. പക്ഷേ എന്താണു പഠിക്കേണ്ടത്? ‘വായിക്കാൻ ധാരാളമുണ്ട്, പക്ഷേ എനിക്ക് എല്ലാത്തിനുമുള്ള സമയമില്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. നമുക്കു ലഭിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കാനും വീഡിയോകൾ കാണാനും ചില സഹോദരങ്ങൾക്കു കഴിയുന്നുണ്ട്, എന്നാൽ മറ്റു ചിലർക്ക് അതിനു സമയം കിട്ടുന്നില്ല. ഭരണസംഘത്തിന് ഇക്കാര്യം അറിയാം. അതുകൊണ്ടാണ് അച്ചടിച്ച പ്രസിദ്ധീകരണങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും നമുക്കു നൽകുന്ന വിവരങ്ങളിൽ കുറവ് വരുത്താൻ അടുത്ത കാലത്ത് ഭരണസംഘം തീരുമാനമെടുത്തത്.
4 ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല. കാരണം, പ്രോത്സാഹനം പകരുന്ന ധാരാളം അനുഭവങ്ങൾ jw.org വെബ്സൈറ്റിലും JW പ്രക്ഷേപണത്തിലെ പ്രതിമാസപരിപാടികളിലും വരുന്നുണ്ട്. വീക്ഷാഗോപുരത്തിന്റെ പൊതുപതിപ്പും ഉണരുക!-യും വർഷത്തിൽ മൂന്ന് എണ്ണം വീതമേ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നുള്ളൂ. ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾക്ക്’ അടുത്ത ശ്രദ്ധ കൊടുക്കാൻവേണ്ടിയാണ് ഈ മാറ്റങ്ങൾ വരുത്തിയത്, അല്ലാതെ നമ്മുടെ മറ്റു കാര്യാദികൾക്കു കൂടുതൽ സമയം കിട്ടാൻവേണ്ടിയല്ല. (ഫിലി. 1:10) അതുകൊണ്ട് നമുക്ക് എങ്ങനെ ശരിയായ മുൻഗണനകൾ വെക്കാമെന്നും നമ്മുടെ വ്യക്തിപരമായ ബൈബിൾപഠനത്തിൽനിന്ന് എങ്ങനെ പൂർണമായ പ്രയോജനം നേടാമെന്നും ഇപ്പോൾ നോക്കാം.
ശരിയായ മുൻഗണനകൾ വെക്കുക
5-6. നമ്മൾ ഏതെല്ലാം പ്രസിദ്ധീകരണങ്ങൾ ശ്രദ്ധയോടെ പഠിക്കണം?
5 എന്തു പഠിക്കാനാണു നമ്മൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്? ദൈവവചനം പഠിക്കാൻ നമ്മൾ ഓരോ ദിവസവും സമയം ചെലവഴിക്കണം. മീറ്റിങ്ങിനു പട്ടികപ്പെടുത്തിയിരിക്കുന്ന ആഴ്ചതോറുമുള്ള ബൈബിൾവായനാഭാഗത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. വായിക്കുന്ന കാര്യങ്ങൾ ധ്യാനിക്കാനും ഗവേഷണം ചെയ്യാനും കൂടുതൽ സമയം കിട്ടാൻവേണ്ടിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. വായനാഭാഗം എങ്ങനെയും വായിച്ചുതീർക്കുക എന്നതായിരിക്കരുത് നമ്മുടെ ലക്ഷ്യം. മറിച്ച് ബൈബിളിന്റെ സന്ദേശം നമ്മുടെ ഹൃദയങ്ങളിൽ എത്തണം, അങ്ങനെ യഹോവയോടു കൂടുതൽ അടുക്കണം. അതായിരിക്കണം നമ്മുടെ ലക്ഷ്യം.—സങ്കീ. 19:14.
6 നമ്മൾ ശ്രദ്ധയോടെ പഠിക്കേണ്ട മറ്റു കാര്യങ്ങൾ എന്തൊക്കെയാണ്? വീക്ഷാഗോപുരപഠനത്തിനും സഭാ ബൈബിൾപഠനത്തിനും അതുപോലെ ഇടദിവസത്തെ മീറ്റിങ്ങിലെ മറ്റു പരിപാടികൾക്കും തയ്യാറാകാൻ നമ്മൾ സമയം കണ്ടെത്തണം. കൂടാതെ, വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും ഓരോ ലക്കവും നമ്മൾ വായിക്കണം.
7. നമ്മുടെ വെബ്സൈറ്റിലും JW പ്രക്ഷേപണത്തിലും വരുന്ന വിവരങ്ങൾ എല്ലാം കാണാനും വായിക്കാനും പറ്റുന്നില്ല എന്നുവെച്ച് നിരുത്സാഹിതരാകണോ?
7 ‘പക്ഷേ, എന്തുമാത്രം വിവരങ്ങളാണു നമ്മുടെ വെബ്സൈറ്റിലും JW പ്രക്ഷേപണത്തിലും വരുന്നത്, ഇതൊക്കെ കാണാനും പഠിക്കാനും സമയം എവിടെ കിട്ടും’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഒരു ഉദാഹരണം നോക്കാം: ചില ഹോട്ടലുകളിലെ മേശപ്പുറത്ത് രുചികരമായ ധാരാളം വിഭവങ്ങൾ നിരത്തിവെച്ചിട്ടുണ്ടായിരിക്കും. എത്ര വേണമെങ്കിലും എടുത്ത് കഴിക്കാം. എന്തായാലും അതെല്ലാം കഴിക്കാൻ ആർക്കും പറ്റില്ലല്ലോ. അതുകൊണ്ട് അവിടെ വരുന്നവർ ഏതാനും വിഭവങ്ങൾ എടുത്ത് കഴിക്കും. സമാനമായി, ഇലക്ട്രോണിക് രൂപത്തിൽ കിട്ടുന്ന എല്ലാ വിവരങ്ങളും വായിക്കാനോ കാണാനോ പറ്റുന്നില്ലെങ്കിൽ അത് ഓർത്ത് വിഷമിക്കേണ്ടാ. നിങ്ങൾക്കു പറ്റുന്നത്രയും വായിക്കുകയും കാണുകയും ചെയ്യുക. അടുത്തതായി, പഠനത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നും അതിൽനിന്ന് എങ്ങനെ പരമാവധി പ്രയോജനം നേടാമെന്നും നമുക്കു നോക്കാം.
പഠനം എപ്പോഴും എളുപ്പമല്ല
8. വീക്ഷാഗോപുരം പഠിക്കുമ്പോൾ ഏതെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, അതു നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?
8 വെറുതേ ഓടിച്ചുവായിക്കുന്നതും ഉത്തരങ്ങളുടെ അടിയിൽ വരയ്ക്കുന്നതും അല്ല പഠനം. പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻവേണ്ടി ശ്രദ്ധിച്ച് വായിക്കുന്നതാണു പഠനം. ഉദാഹരണത്തിന്, നിങ്ങൾ വീക്ഷാഗോപുരം പഠിക്കുമ്പോൾ ആദ്യം ലേഖനത്തിന്റെ തുടക്കത്തിലുള്ള പൂർവാവലോകനം വായിക്കുക. പിന്നെ ലേഖനത്തിന്റെ വിഷയവും ഉപതലക്കെട്ടുകളും പുനരവലോകനചോദ്യങ്ങളും വായിക്കുകയും നന്നായി ചിന്തിക്കുകയും ചെയ്യുക. അടുത്തതായി, ലേഖനം ആദ്യം മുതൽ അവസാനം വരെ സാവകാശം ശ്രദ്ധിച്ച് വായിക്കുക. ഓരോ ഖണ്ഡികയിലും ‘തലവാചകം’ എന്നു പറയാവുന്ന ഒരു വാചകമുണ്ട്. മിക്കപ്പോഴും അത് ആദ്യത്തെ വാചകമായിരിക്കും. ഏത് ആശയമാണു ഖണ്ഡിക വിശദീകരിക്കുന്നതെന്ന് ആ വാചകത്തിൽനിന്ന് മനസ്സിലാക്കാം. ലേഖനം വായിച്ചുപോകുമ്പോൾ, ഓരോ ഖണ്ഡികയ്ക്കും ഉപതലക്കെട്ടുമായും ലേഖനത്തിന്റെ മൊത്തം വിഷയവുമായും ഉള്ള ബന്ധം എന്താണെന്നു ചിന്തിക്കുക. പരിചയമില്ലാത്ത വാക്കുകളോ ആശയങ്ങളോ എഴുതിവെക്കുക. അതെക്കുറിച്ച് പിന്നീടു ഗവേഷണം ചെയ്യാം.
9. (എ) വീക്ഷാഗോപുരം പഠിക്കുമ്പോൾ തിരുവെഴുത്തുകൾക്കു പ്രത്യേകശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്, എങ്ങനെ? (ബി) യോശുവ 1:8-ന്റെ അടിസ്ഥാനത്തിൽ, തിരുവെഴുത്തുകൾ വായിക്കുന്നതുകൂടാതെ നമ്മൾ എന്തു ചെയ്യണം?
9 വീക്ഷാഗോപുരപഠനം ശരിക്കും ബൈബിളിന്റെ ഒരു പഠനമാണ്. അതുകൊണ്ട് തിരുവെഴുത്തുകൾക്ക്, പ്രത്യേകിച്ചും വായിക്കുക എന്നു പറഞ്ഞ് കൊടുത്തിരിക്കുന്ന വാക്യങ്ങൾക്ക്, പ്രത്യേകശ്രദ്ധ കൊടുക്കുക. തിരുവെഴുത്തുകളിലെ പ്രധാനപദങ്ങളും പ്രയോഗങ്ങളും ഖണ്ഡികയിലെ മുഖ്യ ആശയത്തെ എങ്ങനെയാണു പിന്താങ്ങുന്നതെന്നു ശ്രദ്ധിക്കുക. തയ്യാറാകുമ്പോൾ ആ തിരുവെഴുത്തുകളെക്കുറിച്ച് സമയമെടുത്ത് ധ്യാനിക്കുക. ജീവിതത്തിൽ അവ എങ്ങനെ ബാധകമാക്കാമെന്നു ചിന്തിക്കുക.—യോശുവ 1:8 വായിക്കുക.
10. എബ്രായർ 5:14-ന്റെ അടിസ്ഥാനത്തിൽ കുടുംബാരാധനയുടെ സമയത്ത് എങ്ങനെ പഠിക്കാമെന്നും ഗവേഷണം ചെയ്യാമെന്നും മക്കളെ പരിശീലിപ്പിക്കേണ്ടത് എന്തുകൊണ്ട്?
10 കുട്ടികൾ കുടുംബാരാധന ആസ്വദിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. കുടുംബാരാധനയിൽ എന്താണു പഠിക്കേണ്ടതെന്നു മാതാപിതാക്കൾക്കു ധാരണയുണ്ടായിരിക്കണം. കുടുംബാരാധനയുടെ സമയത്ത് JW പ്രക്ഷേപണത്തിലെ പ്രതിമാസപരിപാടി കാണുകയോ നോഹയുടെ പെട്ടകത്തിന്റെ മാതൃക ഉണ്ടാക്കുന്നതുപോലെ രസകരമായ എന്തെങ്കിലും പ്രോജക്ട് ചെയ്യുകയോ ഒക്കെ ആകാം. എന്നാലും എല്ലാ ആഴ്ചയും പ്രോജക്ടുകൾ ചെയ്യണമെന്നു നിർബന്ധമില്ല. എങ്ങനെ പഠിക്കണമെന്നു മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുന്നതും വളരെ പ്രധാനമാണ്. മീറ്റിങ്ങുകൾക്ക് എങ്ങനെ തയ്യാറാകണമെന്നും സ്കൂളിലുണ്ടായ ഒരു പ്രശ്നം കൈകാര്യം ചെയ്യാൻ ഗവേഷണം ചെയ്യേണ്ടത് എങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കണം. (എബ്രായർ 5:14 വായിക്കുക.) കുട്ടികൾക്കു വീട്ടിലിരുന്ന് ബൈബിൾവിഷയങ്ങൾ പഠിക്കുന്ന രീതിയുണ്ടെങ്കിൽ, മീറ്റിങ്ങുകളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും നടക്കുന്ന പരിപാടികൾ ശ്രദ്ധയോടെ കേട്ടിരിക്കാൻ അവർക്കു കൂടുതൽ എളുപ്പമായിരിക്കും. ആ പരിപാടികളിൽ എപ്പോഴും വീഡിയോ കാണണമെന്നില്ലല്ലോ. കുട്ടികളുടെ പ്രായവും സ്വഭാവവും കണക്കിലെടുത്തുവേണം പഠനസമയത്തിന്റെ ദൈർഘ്യം നിശ്ചയിക്കാൻ.
11. എങ്ങനെ പഠിക്കണമെന്നു ബൈബിൾവിദ്യാർഥികളെ പഠിപ്പിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 എങ്ങനെ പഠിക്കണമെന്നു നമ്മുടെ ബൈബിൾവിദ്യാർഥികളും അറിഞ്ഞിരിക്കണം. തുടക്കത്തിൽ, ബൈബിൾപഠനത്തിനോ സഭായോഗത്തിനോ വേണ്ടി അവർ ഉത്തരങ്ങൾ അടിവരയിടുന്നതു കാണുന്നതു നമുക്കു സന്തോഷമാണ്. പക്ഷേ, ഒരു വിഷയത്തെക്കുറിച്ച് എങ്ങനെ ഗവേഷണം ചെയ്യാമെന്നും വ്യക്തിപരമായി എങ്ങനെ ആഴത്തിൽ പഠിക്കാമെന്നും നമ്മൾ അവരെ പഠിപ്പിക്കണം. അങ്ങനെയാകുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടനെ സഹായത്തിനായി സഭയിലെ ആരെയെങ്കിലും സമീപിക്കുന്നതിനു പകരം നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം നടത്തി, വേണ്ട മാർഗനിർദേശങ്ങൾ സ്വന്തമായി കണ്ടെത്താൻ അവർ ശ്രമിക്കും.
പഠിക്കുമ്പോൾ ഒരു ലക്ഷ്യമുണ്ടായിരിക്കുക
12. പഠിക്കുമ്പോൾ നമുക്ക് ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാവുന്നതാണ്?
12 പഠിക്കാൻ വലിയ താത്പര്യമില്ലാത്തയാളാണോ നിങ്ങൾ? പഠനം ആസ്വദിക്കാൻ പറ്റുന്ന ഒരു കാര്യമല്ല എന്നായിരിക്കാം നിങ്ങൾ ചിന്തിക്കുന്നത്. പക്ഷേ നിങ്ങൾക്ക് അതിനു കഴിയും. ആദ്യമൊക്കെ അധികം സമയം പഠിക്കാൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ കഴിയുന്നത്രയും പഠിക്കുക. പതുക്കെപ്പതുക്കെ പഠിക്കാനെടുക്കുന്ന സമയം വർധിപ്പിക്കുക. പഠിക്കുമ്പോൾ നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടായിരിക്കണം. യഹോവയുമായി കൂടുതൽ അടുക്കുക എന്നതാണു നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നതു ശരിയാണ്. എങ്കിലും നിങ്ങൾക്കു ചെറിയചെറിയ ലക്ഷ്യങ്ങളും വെക്കാവുന്നതാണ്. ഉദാഹരണത്തിന്, ആരെങ്കിലും ചോദിച്ച ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയോ നമ്മൾ നേരിടുന്ന ഒരു പ്രശ്നത്തെക്കുറിച്ച് ഗവേഷണം നടത്തുകയോ ചെയ്യാം.
13. (എ) സ്കൂളിൽ തന്റെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാൻ ഒരു കുട്ടിക്ക് എന്തെല്ലാം ചെയ്യാമെന്നു വിശദീകരിക്കുക. (ബി) കൊലോസ്യർ 4:6-ൽ കാണുന്ന ഉപദേശം നിങ്ങൾക്ക് എങ്ങനെ ബാധകമാക്കാം?
13 ഉദാഹരണത്തിന്, നിങ്ങൾ സ്കൂളിൽ പഠിക്കുന്ന ഒരു കുട്ടിയാണോ? നിങ്ങളുടെ സഹപാഠികൾ പരിണാമസിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരായിരിക്കാം. ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കണമെന്നു നിങ്ങൾക്കുണ്ട്. പക്ഷേ നിങ്ങൾക്ക് അതിനുള്ള കഴിവില്ലെന്നു നിങ്ങൾ ചിന്തിച്ചേക്കാം. ഈ വിഷയം നിങ്ങൾക്ക് ഒരു പഠനപ്രോജക്ടാക്കിക്കൂടേ? നിങ്ങൾക്കു രണ്ടു ലക്ഷ്യങ്ങൾ വെക്കാം. (1) ദൈവമാണ് എല്ലാം സൃഷ്ടിച്ചതെന്ന നിങ്ങളുടെതന്നെ ബോധ്യം ശക്തിപ്പെടുത്തുക. (2) ഈ സത്യം എങ്ങനെ നന്നായി വിശദീകരിച്ചുകൊടുക്കാമെന്നു പഠിക്കുക. (റോമ. 1:20; 1 പത്രോ. 3:15) ആദ്യം സ്വയം ഇങ്ങനെ ചോദിക്കുക, ‘പരിണാമം ശരിയാണെന്നു സ്ഥാപിക്കാൻ എന്റെ സഹപാഠികൾ ഏതെല്ലാം വാദങ്ങളാണു നിരത്തിയത്?’ അതിനു ശേഷം നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ശ്രദ്ധയോടെ ഗവേഷണം ചെയ്യുക. നിങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കുന്നതു നിങ്ങൾ വിചാരിക്കുന്നതുപോലെ അത്ര ബുദ്ധിമുട്ടായിരിക്കില്ല. മിക്കവരും പരിണാമത്തിൽ വിശ്വസിക്കുന്നത്, അവർ ബഹുമാനിക്കുന്ന ആരെങ്കിലും അവരോട് അതാണു സത്യം എന്നു പറഞ്ഞതുകൊണ്ടായിരിക്കും. ഒന്നോ രണ്ടോ ആശയങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങളോട് ആത്മാർഥമായി ചോദ്യങ്ങൾ ചോദിക്കുന്നവർക്കു തൃപ്തികരമായ ഉത്തരം കൊടുക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും.—കൊലോസ്യർ 4:6 വായിക്കുക.
പഠിക്കാനുള്ള നിങ്ങളുടെആഗ്രഹം വർധിപ്പിക്കുക
14-16. (എ) നിങ്ങൾക്ക് അധികം പരിചയമില്ലാത്ത ഒരു ബൈബിൾ പുസ്തകം പഠിക്കുന്നതിനു നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം? (ബി) ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആമോസിന്റെ പുസ്തകം കുറച്ചുകൂടെ നന്നായി മനസ്സിലാക്കാൻ എങ്ങനെ സഹായിക്കുമെന്നു വിശദീകരിക്കുക. (“ബൈബിളിനു ജീവൻ കൊടുക്കുക!” എന്ന ചതുരം കാണുക.)
14 അടുത്ത ഒരു സഭായോഗത്തിൽ ‘ചെറിയ പ്രവാചകന്മാർ’ എന്നു വിളിക്കുന്ന പ്രവാചകന്മാരിൽ ഒരാളുടെ പുസ്തകം വായിച്ച് ചർച്ച ചെയ്യാൻപോകുകയാണെന്നു വിചാരിക്കുക. നമുക്ക് ആ പ്രവാചകനെക്കുറിച്ച് കാര്യമായി അറിയില്ലായിരിക്കും. അദ്ദേഹം എഴുതിയ കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള ആഗ്രഹം വളർത്തുന്നതാണ് ആദ്യപടി. നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാം?
15 ആദ്യം ഇതു ചിന്തിക്കുക: ‘ഈ പുസ്തകത്തിന്റെ എഴുത്തുകാരനെക്കുറിച്ച് എനിക്ക് എന്തൊക്കെ അറിയാം? അദ്ദേഹം ആരായിരുന്നു, എവിടെയാണു താമസിച്ചിരുന്നത്, എന്തായിരുന്നു ജോലി?’ എഴുത്തുകാരന്റെ പശ്ചാത്തലം മനസ്സിലാക്കുന്നത്, അദ്ദേഹം ചില വാക്കുകൾ ഉപയോഗിച്ചതിന്റെ കാരണവും അദ്ദേഹം ഉപയോഗിച്ച ദൃഷ്ടാന്തങ്ങളും നന്നായി മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ബൈബിൾ വായിക്കുമ്പോൾ എഴുത്തുകാരന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന പദപ്രയോഗങ്ങൾക്കായി തിരയുക.
16 അടുത്തതായി, ഈ പുസ്തകം എഴുതിയ കാലം അറിയുന്നതു സഹായകമായിരിക്കും. വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന “ബൈബിൾപുസ്തകങ്ങളുടെ വിവരപ്പട്ടിക” നോക്കിയാൽ നമുക്ക് അത് എളുപ്പം കണ്ടുപിടിക്കാം. അനുബന്ധം എ6-ലെ പ്രവാചകന്മാരുടെയും രാജാക്കന്മാരുടെയും ചാർട്ട് പരിശോധിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം. നമ്മൾ പഠിക്കുന്നത് ഒരു പ്രവചനപുസ്തകമായതുകൊണ്ട്, അത് എഴുതിയ കാലത്ത് നിലവിലിരുന്ന സാഹചര്യങ്ങൾ നമ്മൾ മനസ്സിലാക്കണം. ആളുകളുടെ ഏതു മോശമായ മനോഭാവങ്ങളും പ്രവൃത്തികളും തിരുത്താനാണ് ആ പ്രവാചകനെ അയച്ചത്? അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്നവർ ആരൊക്കെയാണ്? ഒരു പൂർണചിത്രം കിട്ടുന്നതിന് ഒരുപക്ഷേ നമുക്കു മറ്റു ബൈബിൾപുസ്തകങ്ങളും നോക്കേണ്ടിവന്നേക്കാം. ഉദാഹരണത്തിന്, ആമോസ് പ്രവാചകൻ ജീവിച്ചിരുന്ന കാലത്തെ സാഹചര്യങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കുന്നതിന്, ആമോസ് 1:1-ന്റെ ഒത്തുവാക്യങ്ങളായി കൊടുത്തിട്ടുള്ള, രണ്ടു രാജാക്കന്മാർ, രണ്ടു ദിനവൃത്താന്തങ്ങൾ എന്നീ പുസ്തകങ്ങളിലെ ചില വാക്യങ്ങൾ പരിശോധിക്കുന്നതു നമ്മളെ സഹായിക്കും. ആമോസിന്റെ കാലത്തുതന്നെ ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന ഹോശേയ പ്രവാചകന്റെ പുസ്തകം പരിശോധിക്കുന്നതും നമ്മളെ സഹായിക്കും. ഇവയൊക്കെ പരിശോധിക്കുമ്പോൾ നമുക്ക് ആമോസ് ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ ഒരു നല്ല ചിത്രം ലഭിക്കും.—2 രാജാ. 14:25-28; 2 ദിന. 26:1-15; ഹോശേ. 1:1-11; ആമോ. 1:1.
ചെറിയ വിശദാംശങ്ങൾക്കു ശ്രദ്ധ കൊടുക്കുക
17-18. ചെറുതെന്നു തോന്നുന്ന വിശദാംശങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നതു ബൈബിൾപഠനം രസകരമാക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക. (ഈ ഖണ്ഡികകളിൽ കൊടുത്തിരിക്കുന്നതോ, സ്വന്തമായി കണ്ടെത്തിയതോ ആയ ഒരു ദൃഷ്ടാന്തം ഉപയോഗിക്കാം.)
17 പുതിയ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയോടെ ബൈബിൾ വായിക്കുന്നതു നല്ലതാണ്. ഉദാഹരണത്തിന്, നിങ്ങൾ സെഖര്യ പ്രവചനം 12-ാം അധ്യായം വായിക്കുകയാണെന്നു കരുതുക. മിശിഹയുടെ മരണത്തെക്കുറിച്ച് ആ അധ്യായത്തിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (സെഖ. 12:10) 12-ാം വാക്യത്തിൽ ‘നാഥാന്റെ കുലം’ മിശിഹയുടെ മരണത്തിൽ ദുഃഖിച്ച് കരയും എന്നു പറയുന്നു. ഈ വിശദാംശം പെട്ടെന്നു വായിച്ചുപോകുന്നതിനു പകരം ഒന്നു നിറുത്തിയിട്ട് നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘നാഥാന്റെ കുടുംബവും മിശിഹയും തമ്മിലുള്ള ബന്ധം എന്താണ്? കൂടുതൽ വിവരം കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോ?’ നിങ്ങൾ അല്പം ഗവേഷണം നടത്തുന്നു. കൊടുത്തിരിക്കുന്ന ആദ്യത്തെ ഒത്തുവാക്യം 2 ശമുവേൽ 5:13, 14 ആണ്. നാഥാൻ ദാവീദ് രാജാവിന്റെ ആൺമക്കളിൽ ഒരാളാണ് എന്ന് അവിടെ പറയുന്നു. അടുത്ത ഒത്തുവാക്യങ്ങൾ ലൂക്കോസ് 3:23-ഉം 31-ഉം ആണ്. യേശു മറിയയിലൂടെ നാഥാന്റെ ഒരു പിൻഗാമിയാണെന്ന് അവിടെ കാണുന്നു. (ലൂക്കോസ് 3:23-ന്റെ “യോസേഫ്, ഹേലിയുടെ മകൻ” എന്ന പഠനക്കുറിപ്പ് കാണുക.) നിങ്ങളുടെ ആകാംക്ഷ കൂടി. യേശു ദാവീദിന്റെ ഒരു പിൻഗാമിയാണെന്നു മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടെന്നു നിങ്ങൾക്ക് അറിയാം. (മത്താ. 22:42) പക്ഷേ ദാവീദിന് 20-ലേറെ ആൺമക്കളുണ്ടായിരുന്നു. അതിൽ നാഥാന്റെ കുലം യേശുവിന്റെ മരണത്തിൽ വിലപിക്കുമെന്നു സെഖര്യ പ്രവാചകൻ പറയുന്നു. ഇപ്പോൾ അതിന്റെ കാരണം മനസ്സിലായി.
18 മറ്റൊരു ഉദാഹരണം നോക്കാം. ലൂക്കോസിന്റെ ആദ്യത്തെ അധ്യായത്തിൽ, ഗബ്രിയേൽ ദൂതൻ മറിയയെ സന്ദർശിച്ചതിനെപ്പറ്റി നമ്മൾ വായിക്കുന്നുണ്ട്. മറിയയ്ക്കു ജനിക്കാൻപോകുന്ന മകനെക്കുറിച്ച് ഗബ്രിയേൽ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അവൻ മഹാനാകും. അത്യുന്നതന്റെ മകൻ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും. അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നും രാജാവായി ഭരിക്കും.” (ലൂക്കോ. 1:32, 33) ഗബ്രിയേൽ പറഞ്ഞ ആദ്യത്തെ കാര്യം, അതായത് യേശു “അത്യുന്നതന്റെ മകൻ എന്നു വിളിക്കപ്പെടും” എന്ന ഭാഗം നമ്മൾ ശ്രദ്ധിച്ചേക്കാം. എന്നാൽ യേശു “രാജാവായി ഭരിക്കും” എന്നും ഗബ്രിയേൽ പ്രവചിക്കുന്നുണ്ട്. ഗബ്രിയേലിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ മറിയയ്ക്ക് എന്തു തോന്നിക്കാണുമെന്നു ചിന്തിക്കുക. യേശു ഹെരോദ് രാജാവിനോ അദ്ദേഹത്തിന്റെ ഒരു പിൻഗാമിക്കോ പകരം ഇസ്രായേലിൽ രാജാവാകുമെന്നു മറിയ ചിന്തിച്ചുകാണുമോ? യേശു രാജാവായാൽ മറിയ അമ്മമഹാറാണിയാകും. മറിയയുടെ കുടുംബത്തിനു രാജകൊട്ടാരത്തിൽ താമസിക്കാനും കഴിയും. എന്നാൽ മറിയ ഇങ്ങനെയെല്ലാം ചിന്തിച്ചെന്നോ അങ്ങനെ ഒരു കാര്യത്തെക്കുറിച്ച് ഗബ്രിയേലിനോടു ചോദിച്ചെന്നോ ബൈബിൾ പറയുന്നില്ല. കൂടാതെ, യേശുവിന്റെ രണ്ടു ശിഷ്യന്മാർ ചെയ്തതുപോലെ രാജ്യത്തിൽ ഒരു ഉന്നതസ്ഥാനം തരണമെന്നു മറിയ ആവശ്യപ്പെട്ടെന്നും ബൈബിളിൽ എവിടെയും കാണുന്നില്ല. (മത്താ. 20:20-23) ഈ വിവരണം മറിയയുടെ താഴ്മ എന്ന ഗുണം കുറച്ചുകൂടെ എടുത്തുകാണിക്കുന്നില്ലേ?
19-20. യാക്കോബ് 1:22-25-ലും 4:8-ലും വിവരിക്കുന്നതുപോലെ, പഠിക്കാനിരിക്കുമ്പോൾ നമ്മുടെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരിക്കണം?
19 ദൈവവചനവും ക്രിസ്തീയപ്രസിദ്ധീകരണങ്ങളും പഠിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം യഹോവയോടു കൂടുതൽ അടുത്ത് ചെല്ലുക എന്നതാണെന്നു നമുക്ക് എപ്പോഴും ഓർത്തിരിക്കാം. നമ്മൾ എങ്ങനെയുള്ള വ്യക്തികളാണെന്നു വ്യക്തമായി കാണാനും ദൈവത്തെ സന്തോഷിപ്പിക്കാൻ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്ന് അറിയാനും നമ്മൾ ആഗ്രഹിക്കുന്നു. (യാക്കോബ് 1:22-25; 4:8 വായിക്കുക.) അതുകൊണ്ട് ഓരോ തവണ പഠിക്കാനിരിക്കുമ്പോഴും പരിശുദ്ധാത്മാവിനായി യഹോവയോട് അപേക്ഷിക്കുക. പഠനഭാഗത്തുനിന്ന് പൂർണമായി പ്രയോജനം നേടാനും നമ്മൾ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്നു മനസ്സിലാക്കാനും ഉള്ള സഹായത്തിനായി യഹോവയോടു യാചിക്കുക.
20 ദൈവത്തിന്റെ ഒരു വിശ്വസ്തദാസനെ സങ്കീർത്തനക്കാരൻ ഇങ്ങനെ വർണിക്കുന്നു: “യഹോവയുടെ നിയമമാണ് അവന് ആനന്ദം പകരുന്നത്. അവൻ അതു രാവും പകലും മന്ദസ്വരത്തിൽ വായിക്കുന്നു. . . . അവൻ ചെയ്യുന്നതെല്ലാം സഫലമാകും.” (സങ്കീ. 1:2, 3) ഇങ്ങനെ ഒരാളാകാൻ നമുക്കും സാധിക്കട്ടെ!
ഗീതം 88 അങ്ങയുടെ വഴികൾ അറിയിച്ചുതരേണമേ
a നമുക്കു കാണാനും വായിക്കാനും പഠിക്കാനും ധാരാളം കാര്യങ്ങൾ യഹോവ തരുന്നു. എന്തു പഠിക്കണമെന്നു തീരുമാനിക്കാൻ ഈ ലേഖനം നിങ്ങളെ സഹായിക്കും. പഠനസമയം പൂർണമായി പ്രയോജനപ്പെടുത്താനുള്ള പ്രായോഗികമായ നിർദേശങ്ങളും നിങ്ങൾക്കു ലഭിക്കും.
b ചിത്രക്കുറിപ്പ്: വീക്ഷാഗോപുരപഠനത്തിന് എങ്ങനെ തയ്യാറാകണമെന്നു മാതാപിതാക്കൾ മക്കൾക്കു കാണിച്ചുകൊടുക്കുന്നു.
c ചിത്രക്കുറിപ്പ്: ഒരു സഹോദരൻ ബൈബിളെഴുത്തുകാരനായ ആമോസിനെക്കുറിച്ച് ഗവേഷണം നടത്തുന്നു. ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോൾ സഹോദരൻ ഭാവനയിൽ കാണുന്ന ചിത്രങ്ങളാണു പുറകിൽ കൊടുത്തിരിക്കുന്നത്.