യഹോവയുടെ വചനം ജീവനുള്ളത്
ഹഗ്ഗായി, സെഖര്യാവു എന്നീ പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ
വർഷം പൊതുയുഗത്തിനുമുമ്പ് (പൊ.യു.മു.) 520. ബാബിലോണിൽനിന്നു മടങ്ങിയെത്തിയ യഹൂദ പ്രവാസികൾ യെരൂശലേമിലുള്ള യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടിട്ട് പതിനാറു വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ആലയനിർമാണം പൂർത്തിയായിട്ടില്ല, വേല നിരോധിച്ചിരിക്കുകയാണ്. തന്റെ സന്ദേശം അറിയിക്കാൻ യഹോവ ഹഗ്ഗായി പ്രവാചകനെയും രണ്ടു മാസങ്ങൾക്കുശേഷം സെഖര്യാ പ്രവാചകനെയും നിയോഗിക്കുന്നു.
ആലയനിർമാണം പുനരാരംഭിക്കാൻ ആളുകളെ ഉണർത്തുക എന്ന ഏക ലക്ഷ്യമാണ് ഹഗ്ഗായിക്കും സെഖര്യാവിനുമുള്ളത്. അഞ്ചു വർഷത്തിനുശേഷം നിർമാണം പൂർത്തിയാകുമ്പോൾ അവരുടെ ഉദ്യമം ഫലമണിയുന്നു. ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും സന്ദേശം അവരുടെ പേരിലുള്ള ബൈബിൾ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഹഗ്ഗായിയുടെ പുസ്തകം പൊ.യു.മു. 520-ലും സെഖര്യാവിന്റേത് പൊ.യു.മു. 518-ലും പൂർത്തിയായി. ആ പ്രവാചകന്മാരുടെ കാര്യത്തിലെന്നപോലെ നമുക്കും ഒരു ദൈവദത്ത വേല ചെയ്യാനുണ്ട്. ഈ വ്യവസ്ഥിതിയുടെ അന്ത്യത്തിനുമുമ്പ് പൂർത്തീകരിക്കപ്പെടേണ്ട ഒന്നുതന്നെ. അതിൽ രാജ്യഘോഷണവും ശിഷ്യരാക്കലും ഉൾപ്പെടുന്നു. ഹഗ്ഗായി, സെഖര്യാവു എന്നീ പുസ്തകങ്ങൾ നമുക്കു പ്രോത്സാഹനം പകരുന്നതെങ്ങനെയെന്നു നോക്കാം.
“നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ”
112 ദിവസങ്ങൾക്കുള്ളിൽ, ഹഗ്ഗായി പ്രചോദനാത്മകമായ നാലു സന്ദേശങ്ങൾ അറിയിക്കുന്നു. ഒന്നാമത്തേത് ഇതാണ്: “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.” (ഹഗ്ഗായി 1:7, 8) ആളുകൾ അതിനു ചെവികൊടുക്കുന്നു. രണ്ടാമത്തെ സന്ദേശത്തിൽ, “ഞാൻ [യഹോവ] ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും” എന്ന വാഗ്ദാനം അടങ്ങിയിരിക്കുന്നു.—ഹഗ്ഗായി 2:7.
മൂന്നാമത്തെ സന്ദേശത്തിന്റെ ഉള്ളടക്കം, ആലയനിർമാണത്തിലെ അവഗണന നിമിത്തം ‘ജനവും അവരുടെ കൈകളുടെ പ്രവൃത്തിയും’ യഹോവയ്ക്ക് അശുദ്ധമായിത്തീർന്നിരിക്കുന്നു എന്നതാണ്. എന്നാൽ, പുനർനിർമാണം ആരംഭിക്കുന്ന നാൾമുതൽ യഹോവ അവരെ “അനുഗ്രഹിക്കും.” യഹോവ “ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയു”മെന്നും ഗവർണർ സെരുബ്ബാബേലിനെ ഒരു “മുദ്രമോതിരമാക്കു”മെന്നുമാണ് നാലാമത്തെ സന്ദേശം.—ഹഗ്ഗായി 2:14, 19, 22, 23.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:6—“പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല [“മത്തുപിടിക്കുന്നില്ല,” NW]” എന്നു പറഞ്ഞിരിക്കുന്നതിന്റെ സാരമെന്ത്? വീഞ്ഞിന്റെ ദൗർലഭ്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. യഹോവയുടെ അനുഗ്രഹമില്ലാത്തതിനാൽ വീഞ്ഞ് വേണ്ടത്ര ലഭ്യമായിരിക്കില്ല. മത്തുപിടിപ്പിക്കാൻ അതു തീർത്തും അപര്യാപ്തമായിരിക്കും.
2:6, 7, 21, 22—ആര് അല്ലെങ്കിൽ എന്ത് ആണ് ഇളക്കത്തിന് ഇടയാക്കുന്നത്, അതിന്റെ ഫലമെന്താണ്? ആഗോള രാജ്യപ്രസംഗത്തിലൂടെ യഹോവ ‘സകല ജാതികളെയും ഇളക്കുന്നു.’ പ്രസംഗവേലയുടെ ഫലമായി “സകല ജാതികളുടെയും മനോഹരവസ്തു” യഹോവയുടെ ആലയത്തിലേക്കു വരികയും അതിനെ മഹത്ത്വപൂർണമാക്കുകയും ചെയ്യുന്നു. സമീപഭാവിയിൽ, “സൈന്യങ്ങളുടെ യഹോവ” “ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.” അതോടെ ഈ ദുഷ്ടവ്യവസ്ഥിതി തകർന്നടിയും.—എബ്രായർ 12:26, 27.
2:9—“ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായി”രുന്നത് എങ്ങനെ? പിൻവരുന്ന മൂന്നു വിധത്തിലെങ്കിലും ഇതു സത്യമായിരുന്നു: ആലയം നിലനിന്ന കാലം, അവിടത്തെ ഉപദേഷ്ടാക്കൾ, യഹോവയെ ആരാധിക്കാൻ അവിടെ കൂടിവന്നവർ. ശലോമോന്റെ മഹത്ത്വപൂർണമായ ആലയം പൊ.യു.മു. 1027 മുതൽ പൊ.യു.മു. 607 വരെയുള്ള 420 വർഷം നിലനിന്നെങ്കിൽ “പിന്നത്തെ” ആലയം, അതു പൂർത്തീകരിക്കപ്പെട്ട പൊ.യു.മു. 515 മുതൽ പൊ.യു. 70-ലെ അതിന്റെ നാശംവരെയുള്ള 580-ലധികം വർഷം നിലനിന്നു. തന്നെയുമല്ല മിശിഹാ—യേശുക്രിസ്തു—“പിന്നത്തെ” ആലയത്തിൽ പഠിപ്പിക്കുകയും ‘മുമ്പിലത്തെ’ ആലയത്തിൽ വന്നതിലുമധികം ആളുകൾ അവിടെ വന്ന് ദൈവത്തെ ആരാധിക്കുകയും ചെയ്തു.—പ്രവൃത്തികൾ 2:1-11.
നമുക്കുള്ള പാഠങ്ങൾ:
1:2-4. പ്രസംഗവേലയ്ക്ക് എതിർപ്പു നേരിടുമ്പോൾ, ‘മുമ്പെ രാജ്യം അന്വേഷിക്കുന്നതു’ വിട്ടിട്ട് നാം സ്വാർഥതാത്പര്യങ്ങൾ അന്വേഷിക്കരുത്. —മത്തായി 6:33.
1:5, 7. നാം സ്വന്തം ‘വഴികളെ വിചാരിച്ചുനോക്കുകയും’ നമ്മുടെ ജീവിതഗതി ദൈവവുമായുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നു ചിന്തിക്കുകയും വേണം.
1:6, 9-11; 2:14-17. സ്വന്തനേട്ടത്തിനായി കഠിനപ്രയത്നം ചെയ്തെങ്കിലും ഹഗ്ഗായിയുടെ നാളിലെ യഹൂദർക്ക് തങ്ങളുടെ അധ്വാനഫലം അനുഭവിക്കാനായില്ല. ആലയത്തിന്റെ കാര്യത്തിൽ ഉപേക്ഷ വിചാരിച്ച അവർക്ക് ദൈവാനുഗ്രഹമുണ്ടായിരുന്നില്ല. ആത്മീയകാര്യങ്ങൾക്കു മുൻഗണന കൊടുത്തുകൊണ്ട് നാം ദൈവത്തെ സർവാത്മനാ സേവിക്കണം. നമ്മുടെ സാമ്പത്തികസ്ഥിതി എന്തുതന്നെയായാലും ‘യഹോവയുടെ അനുഗ്രഹത്താലാണ് സമ്പത്തുണ്ടാകുന്നത്’ എന്നു നാം ഓർക്കണം.—സദൃശവാക്യങ്ങൾ 10:22.
2:18. “നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവെക്കുവിൻ” എന്ന് യഹൂദരെ യഹോവ ഉദ്ബോധിപ്പിച്ചു. പൂർവകാല അനാസ്ഥയെക്കുറിച്ചു ചിന്തിക്കാതെ അവർ പുനർനിർമാണവേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. സമാനമായി, ദൈവാരാധനയോടുള്ള ബന്ധത്തിൽ നാമും മുമ്പോട്ടു നോക്കണം.
‘ശക്തിയാലല്ല, എന്റെ ആത്മാവിനാലത്രേ’
‘യഹോവയിങ്കലേക്കു തിരിവിൻ’ എന്ന് യഹൂദന്മാരോട് ആഹ്വാനംചെയ്തുകൊണ്ടാണ് സെഖര്യാവു തന്റെ പ്രവാചക ദൗത്യത്തിനു തുടക്കംകുറിക്കുന്നത്. (സെഖര്യാവു 1:3) തുടർന്നുവരുന്ന എട്ടു ദർശനങ്ങൾ ആലയനിർമാണത്തിനു യഹോവയുടെ പിന്തുണയുണ്ടെന്ന് ഉറപ്പുനൽകുന്നു. (“സെഖര്യാവിന്റെ എട്ടു ദർശനങ്ങൾ” എന്ന ചതുരം കാണുക.) ‘സൈന്യത്താലല്ല. ശക്തിയാലുമല്ല, യഹോവയുടെ ആത്മാവിനാൽ’ നിർമാണവേല പൂർത്തിയാകും. (സെഖര്യാവു 4:6) മുള എന്നു പേരുള്ള പുരുഷൻ തീർച്ചയായും “യഹോവയുടെ മന്ദിരം പണിയും.” അവൻ യഹോവയുടെ “സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും.”—സെഖര്യാവു 6:12, 13.
യെരൂശലേമിന്റെ തകർച്ചയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട് ഉപവാസം അനുഷ്ഠിക്കുന്നതിനെക്കുറിച്ചു പുരോഹിതന്മാരോടു ചോദിച്ചറിയാൻ ബേഥേൽ ഒരു പ്രതിനിധിസംഘത്തെ അയയ്ക്കുന്നു. ആ ഉപവാസകാലത്തെ വിലാപം “ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും” ആയിത്തീരുമെന്നു യഹോവ സെഖര്യാവിനോടു പറയുന്നു. (സെഖര്യാവു 7:2, 3; 8:19) ജനതകൾക്കും കള്ളപ്രവാചകർക്കുമെതിരെയുള്ള ന്യായവിധികളും മിശിഹൈക പ്രവചനങ്ങളും ദൈവജനത്തിന്റെ പുനഃസ്ഥിതീകരണ സന്ദേശവും ഉൾക്കൊള്ളുന്നതാണ് തുടർന്നുവരുന്ന രണ്ടു പ്രഖ്യാപനങ്ങൾ.—സെഖര്യാവു 9:1; 12:1.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
2:1—ഒരു പുരുഷൻ യെരൂശലേമിനെ അളക്കുന്നതിന്റെ കാരണമെന്ത്? നഗരത്തിന്റെ സംരക്ഷണാർഥം അതിനുചുറ്റും മതിൽ പണിയുന്നതിനെയായിരിക്കണം ഇതു സൂചിപ്പിക്കുന്നത്. യെരൂശലേം അഭിവൃദ്ധിപ്പെടുമെന്നും യഹോവ അതിനെ സംരക്ഷിക്കുമെന്നും ദൂതൻ ആ പുരുഷനെ അറിയിക്കുന്നു.—സെഖര്യാവു 2:3-5.
6:11-13—മഹാപുരോഹിതനായ യോശുവയെ കിരീടമണിയിച്ചപ്പോൾ അവൻ രാജകീയപുരോഹിതനായോ? ഇല്ല, യോശുവ ദാവീദിന്റെ രാജകീയവംശത്തിൽപ്പെട്ടവനായിരുന്നില്ല. എന്നിരുന്നാലും ആ കിരീടധാരണം അവനെ മിശിഹായുടെ മുൻനിഴലാക്കി. (എബ്രായർ 6:20) “മുള”യെക്കുറിച്ചുള്ള പ്രവചനം നിവൃത്തിയേറുന്നത് സ്വർഗത്തിലെ രാജകീയപുരോഹിതനായ യേശുക്രിസ്തുവിലാണ്. (യിരെമ്യാവു 23:5) പുനർനിർമിക്കപ്പെട്ട ആലയത്തിലെ മഹാപുരോഹിതനനെന്ന നിലയിൽ യോശുവ, മടങ്ങിയെത്തിയ യഹൂദന്മാരെ സേവിച്ചതുപോലെ സത്യാരാധനയ്ക്കായുള്ള യഹോവയുടെ ആത്മീയ ആലയത്തിൽ യേശു മഹാപുരോഹിതനായി സേവിക്കുന്നു.
8:1-23—ഈ വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്ന പത്ത് അരുളപ്പാടുകൾക്ക് എപ്പോൾ നിവൃത്തിയുണ്ടാകും? ഓരോ അരുളപ്പാടും ദൈവജനത്തിനു സമാധാനമുണ്ടാകും എന്നുള്ള ദിവ്യവാഗ്ദാനമാണ്. “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന വാക്കുകളോടെയാണ് അവയോരോന്നും ആരംഭിക്കുന്നത്. അവയിൽ ചിലത് പൊ.യു.മു. ആറാം നൂറ്റാണ്ടിൽ നിവൃത്തിയേറിയെങ്കിലും അവയെല്ലാം പൊ.യു. 1919 മുതൽ ഒന്നുകിൽ നിവൃത്തിയേറിയിരിക്കുന്നു അല്ലെങ്കിൽ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു.a
8:3—യെരൂശലേം “സത്യ നഗരം” എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്? പൊ.യു.മു. 607-ൽ നശിപ്പിക്കപ്പെടുന്നതിനുമുമ്പ്, കള്ളപ്രവാചകരും വ്യാജപുരോഹിതരും അവിശ്വസ്തജനങ്ങളും പാർത്തിരുന്ന ‘പീഡിപ്പിക്കുന്ന നഗര’മായിരുന്നു യെരൂശലേം. (സെഫന്യാവു 3:1; യിരെമ്യാവു 6:13; 7:29-34) എന്നാൽ ആലയം പുനർനിർമിക്കപ്പെടുകയും ആളുകൾ യഹോവയുടെ ആരാധനയിലേക്കു തിരിയുകയും ചെയ്യുമ്പോൾ, യെരൂശലേം ശുദ്ധാരാധനയുടെ സത്യവചനങ്ങളാൽ മുഖരിതമാകുകയും “സത്യ നഗര”മെന്നു വിളിക്കപ്പെടുകയും ചെയ്യുമായിരുന്നു.
11:7-14—“ഇമ്പം” എന്നും “ഒരുമ” എന്നും പേരുള്ള രണ്ടു കോൽ സെഖര്യാവു ഒടിച്ചത് എന്തർഥമാക്കുന്നു? “അറുപ്പാനുള്ള ആടുകളെ”—നേതാക്കന്മാരാൽ ചൂഷണം ചെയ്യപ്പെട്ടിരുന്ന ചെമ്മരിയാടുതുല്യരായ ആളുകളെ—മേയിക്കാൻ അയയ്ക്കപ്പെട്ടവനായിട്ടാണ് സെഖര്യാവിനെ ചിത്രീകരിച്ചിരിക്കുന്നത്. ആ നിലയ്ക്ക് അവൻ, ദൈവത്തിന്റെ ഉടമ്പടിജനത്തിനിടയിലേക്ക് അയയ്ക്കപ്പെടുകയും അവരാൽ പരിത്യജിക്കപ്പെടുകയും ചെയ്ത യേശുക്രിസ്തുവിനെ മുൻനിഴലാക്കി. “ഇമ്പം” എന്ന കോൽ ഒടിച്ചത് യഹൂദരുമായുള്ള ന്യായപ്രമാണ ഉടമ്പടി ദൈവം അവസാനിപ്പിക്കുമെന്നും അവരോടു മേലാൽ പ്രിയത്തോടെ ഇടപെടുകയില്ലെന്നും അടയാളപ്പെടുത്തി. “ഒരുമ” എന്ന കോൽ ഒടിച്ചത് യെഹൂദായ്ക്കും ഇസ്രായേലിനുമിടയ്ക്കുള്ള ദിവ്യാധിപത്യ സാഹോദര്യബന്ധത്തെ പൊട്ടിച്ചെറിയുന്നത് അർഥമാക്കി.
12:11—“മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപം” എന്താണ്? ഈജിപ്തിലെ ഫറവോൻ നെഖോയുമായി മെഗിദ്ദോതാഴ്വരയിൽവെച്ചു നടന്ന യുദ്ധത്തിൽ യെഹൂദായിലെ യോശീയാ രാജാവ് കൊല്ലപ്പെട്ടു. അവന്റെ മരണത്തെപ്രതി വർഷങ്ങളോളം വിലാപം കഴിച്ചിരുന്നു. (2 ദിനവൃത്താന്തം 35:22-25) അതുകൊണ്ട്, ഇതിനെയായിരിക്കാം “ഹദദ്-രിമ്മോനിലെ വിലാപം” കുറിക്കുന്നത്.
നമുക്കുള്ള പാഠങ്ങൾ:
1:2-6; 7:11-14. അനുതാപപൂർവം ശാസന കൈക്കൊള്ളുകയും യഹോവയെ പൂർണഹൃദയത്തോടെ ആരാധിച്ചുകൊണ്ട് അവനിലേക്കു തിരിയുകയും ചെയ്യുന്നവരെ അവൻ പ്രീതിയോടെ വീക്ഷിക്കുകയും അവരുടെ അടുക്കലേക്കു തിരിയുകയും ചെയ്യും. എന്നാൽ തന്റെ സന്ദേശത്തിനു ‘ചെവികൊടുക്കാൻ മനസ്സില്ലാതെ ദുശ്ശാഠ്യം കാണിക്കുകയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളയുകയും’ ചെയ്യുന്നവരുടെ സഹായാഭ്യർഥനകൾ അവൻ ശ്രദ്ധിക്കുകയില്ല.
4:6, 7. ആലയപുനർനിർമാണം വിജയകരമായി പൂർത്തിയാക്കുന്നതിനോടുള്ള ബന്ധത്തിൽ യഹോവയുടെ ആത്മാവിനു തരണംചെയ്യാൻ കഴിയാത്ത ഒരു പ്രതിബന്ധവും ഉണ്ടായിരുന്നില്ല. ദൈവസേവനത്തിലുണ്ടായേക്കാവുന്ന ഏതൊരു പ്രശ്നവും യഹോവയിൽ വിശ്വാസമർപ്പിക്കുന്നതിലൂടെ നമുക്കു മറികടക്കാനാകും.—മത്തായി 17:21.
4:10. യഹോവയുടെ സൂക്ഷ്മനിരീക്ഷണത്തിൽ, സെരുബ്ബാബേലും ജനവും ദൈവത്തിന്റെ ഉയർന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ ആലയനിർമാണം പൂർത്തീകരിച്ചു. യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയെന്നത് അപൂർണ മനുഷ്യർക്ക് അത്ര ബുദ്ധിമുട്ടല്ല.
7:8-10; 8:16, 17. യഹോവയുടെ പ്രീതി നേടാൻ നാം ന്യായം പാലിക്കുകയും ദയയും കരുണയും കാണിക്കുകയും സത്യം പറയുകയും വേണം.
8:9-13. നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന വേല ‘ധൈര്യപൂർവം’ ചെയ്യുമ്പോൾ യഹോവ നമ്മെ അനുഗ്രഹിക്കും. സമാധാനം, സുരക്ഷിതത്വം, ആത്മീയാഭിവൃദ്ധി എന്നിവ അതിൽപ്പെടുന്നു.
12:6. യഹോവയുടെ ജനത്തിനിടയിലെ മേൽവിചാരകന്മാർ “തീപ്പന്തംപോലെ”യായിരിക്കണം, അഥവാ ശ്രദ്ധേയമാംവിധം തീക്ഷ്ണതയുള്ളവരായിരിക്കണം.
13:3. സത്യദൈവത്തോടും അവന്റെ സംഘടനയോടുമുള്ള നമ്മുടെ വിശ്വസ്തത ഏതൊരു മനുഷ്യനോടുമുള്ള വിശ്വസ്തതയിലും കവിഞ്ഞതായിരിക്കണം, അവർ എത്ര അടുപ്പമുള്ളവരായിരുന്നാലും.
13:8, 9. യഹോവ തള്ളിക്കളഞ്ഞ വിശ്വാസത്യാഗികൾ നിരവധിയായിരുന്നു. സർവദേശത്തിലും മൂന്നിൽ രണ്ടംശം വരുമായിരുന്നു അവർ. മൂന്നിലൊരംശം മാത്രമേ തീയാലെന്നപോലുള്ള ശുദ്ധീകരണത്തിനു വിധേയരായുള്ളൂ. നമ്മുടെ നാളിൽ, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരിൽ ഭൂരിപക്ഷവുമടങ്ങുന്ന ക്രൈസ്തവലോകത്തെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു. അഭിഷിക്ത ക്രിസ്ത്യാനികളാകുന്ന ഒരു ചെറിയ കൂട്ടം മാത്രമാണ് ‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുകയും’ ശുദ്ധീകരണത്തിനു മനസ്സോടെ വിധേയരാകുകയും ചെയ്തിരിക്കുന്നത്. അവരും സഹവിശ്വാസികളും പേരിൽ മാത്രമല്ല യഹോവയുടെ സാക്ഷികളായിരിക്കുന്നത്.
തീക്ഷ്ണമായ പ്രവർത്തനത്തിനു പ്രചോദിതർ
ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും സന്ദേശങ്ങൾ ഇന്ന് നമ്മെ സ്വാധീനിക്കുന്നതെങ്ങനെ? ആലയപുനർനിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആ സന്ദേശങ്ങൾ യഹൂദന്മാരെ പ്രചോദിപ്പിച്ചതെങ്ങനെ എന്നു ചിന്തിക്കുമ്പോൾ രാജ്യഘോഷണത്തിലും ശിഷ്യരാക്കൽവേലയിലും തീക്ഷ്ണതയുള്ളവരായിരിക്കാൻ നാമും പ്രചോദിതരാകുന്നില്ലേ?
മിശിഹാ ‘കഴുതപ്പുറത്ത് കയറിവരുമെന്നും’ ‘മുപ്പതു വെള്ളിക്കാശിന്’ ഒറ്റിക്കൊടുക്കപ്പെടുമെന്നും കൊല്ലപ്പെടുമെന്നും ‘ആടുകൾ ചിതറിപ്പോകുമെന്നും’ സെഖര്യാവു മുൻകൂട്ടിപ്പറഞ്ഞു. (സെഖര്യാവു 9:9; 11:12; 13:7) സെഖര്യാവിന്റെ മിശിഹൈക പ്രവചനങ്ങളുടെ നിവൃത്തിയെക്കുറിച്ചു ധ്യാനിക്കുന്നത് നമ്മുടെ വിശ്വാസം എത്രമാത്രം ശക്തിപ്പെടുത്തുന്നു! (മത്തായി 21:1-9; 26:31, 56; 27:3-10) യഹോവയുടെ വചനത്തിലും നമ്മുടെ രക്ഷയ്ക്കായി അവൻ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളിലുമുള്ള നമ്മുടെ വിശ്വാസവും ബലപ്പെടുന്നു.—എബ്രായർ 4:12.
[അടിക്കുറിപ്പ്]
[11-ാം പേജിലെ ചതുരം]
സെഖര്യാവിന്റെ എട്ടു ദർശനങ്ങൾ
1:8-17: ആലയം പൂർത്തീകരിക്കപ്പെടുമെന്ന് ഉറപ്പേകുകയും യെരൂശലേമും യെഹൂദായിലുള്ള മറ്റു നഗരങ്ങളും അനുഗ്രഹിക്കപ്പെടുമെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.
1:18-21: ‘യെഹൂദായെ ചിതറിച്ചുകളഞ്ഞ നാലു കൊമ്പുകളുടെ’ അഥവാ യഹോവയുടെ ആരാധനയെ എതിർത്ത സകല ഗവൺമെന്റുകളുടെയും അന്ത്യം മുൻകൂട്ടിപ്പറയുന്നു.
2:1-13: യെരൂശലേം അഭിവൃദ്ധിപ്പെടുമെന്നും യഹോവ “അതിന്നു ചുറ്റും തീമതിലായിരിക്കു”മെന്നും—അവളെ സംരക്ഷിക്കുമെന്നും—സൂചിപ്പിക്കുന്നു.
3:1-10: ആലയനിർമാണത്തെ എതിർക്കുന്നതിൽ സാത്താൻ ഉൾപ്പെട്ടിരുന്നെന്നും മഹാപുരോഹിതനായ യോശുവ കുറ്റവിമുക്തനാക്കപ്പെട്ടെന്നും പ്രകടമാക്കുന്നു.
4:1-14: പർവതസമാനമായ പ്രതിബന്ധങ്ങൾ നീക്കംചെയ്യപ്പെടുമെന്നും ഗവർണർ സെരുബ്ബാബേൽ ആലയനിർമാണം പൂർത്തീകരിക്കുമെന്നും ഉറപ്പുനൽകുന്നു.
5:1-4: ദുഷ്പ്രവൃത്തിക്കാർക്കെതിരെ ശാപം അറിയിക്കുന്നു.
5:5-11: ദുഷ്ടതയുടെ അന്ത്യം മുന്നറിയിക്കുന്നു.
6:1-8: ദൂതസംരക്ഷണവും മേൽനോട്ടവും വാഗ്ദാനംചെയ്യുന്നു.
[8-ാം പേജിലെ ചിത്രം]
ഹഗ്ഗായിയുടെയും സെഖര്യാവിന്റെയും സന്ദേശങ്ങളുടെ ഉദ്ദേശ്യമെന്തായിരുന്നു?
[10-ാം പേജിലെ ചിത്രം]
മേൽവിചാരകന്മാർ “തീപ്പന്തംപോലെ” ആയിരിക്കുന്നത് എങ്ങനെ?