സത്യാരാധനയുടെ വിജയം സമീപിച്ചിരിക്കുന്നു
“യഹോവ സർവ ഭൂമിക്കുംമേൽ രാജാവാകണം.”—സെഖര്യാവ് 14:9, NW.
1. ഒന്നാം ലോകമഹായുദ്ധകാലത്ത് അഭിഷിക്ത ക്രിസ്ത്യാനികളുടെ അനുഭവം എന്തായിരുന്നു, ഇതെങ്ങനെ മുൻകൂട്ടി പറയപ്പെട്ടു?
ഒന്നാം ലോകമഹായുദ്ധകാലത്ത്, യുദ്ധംചെയ്ത രാഷ്ട്രങ്ങളുടെ കരങ്ങളാൽ അഭിഷിക്ത ക്രിസ്ത്യാനികൾ അനേകം ദുരിതങ്ങളും തടവുകളും അനുഭവിച്ചു. യഹോവയ്ക്കുള്ള അവരുടെ സ്തുതിയാഗങ്ങൾ കർശനമായി നിയന്ത്രിക്കപ്പെട്ടു. അവർ ആത്മീയമായി ബന്ധനാവസ്ഥയിലായി. യെരുശലേമിന്റെമേലുള്ള ഒരു സാർവദേശീയ ആക്രമണം വിവരിക്കുന്ന സെഖര്യാവു 14:2-ൽ ഇവയെല്ലാം മുൻകൂട്ടിപ്പറഞ്ഞിരുന്നു. ഈ പ്രവചനത്തിലെ നഗരം ദൈവത്തിന്റെ സ്വർഗീയ രാജ്യവും “ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസന” സ്ഥാനവുമായ ‘സ്വർഗ്ഗീയ യെരുശലേം’ ആണ്. (എബ്രായർ 12:22, 28; 13:14; വെളിപ്പാടു 22:3) ഭൂമിയിലെ, ദൈവത്തിന്റെ അഭിഷിക്തർ ആ നഗരത്തെ പ്രതിനിധാനം ചെയ്തു. “നഗരത്തിൽനിന്നു” പുറത്താക്കപ്പെടുന്നതിനു തങ്ങളെത്തന്നെ അനുവദിക്കാൻ വിസമ്മതിച്ചുകൊണ്ട്, അവരിൽ വിശ്വസ്തരായവർ ആക്രമണത്തെ അതിജീവിച്ചു.a
2, 3. (എ) 1919-മുതൽ യഹോവയുടെ ആരാധന എപ്രകാരം വിജയിച്ചിരിക്കുന്നു? (ബി) 1935 മുതൽ എന്തു സംഭവവികാസം ഉണ്ടായിരിക്കുന്നു?
2 വിശ്വസ്തരായ അഭിഷിക്തർ 1919-ൽ തങ്ങളുടെ ബന്ധനാവസ്ഥയിൽനിന്നു സ്വതന്ത്രരാക്കപ്പെട്ടു. യുദ്ധത്തെ തുടർന്നുവന്ന സമാധാന കാലഘട്ടത്തെ അവർ സത്വരം പ്രയോജനപ്പെടുത്തി. സ്വർഗീയ യെരുശലേമിന്റെ സ്ഥാനപതികളെന്നനിലയിൽ, ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിനും 1,44,000-ത്തിന്റെ അവസാന അംഗങ്ങളുടെ കൂട്ടിച്ചേർക്കലിൽ സഹായിക്കുന്നതിനുമായി ആ മഹത്തായ അവസരത്തെ അവർ അത്യുത്സാഹപൂർവം ഉപയോഗപ്പെടുത്തി. (മത്തായി 24:14; 2 കൊരിന്ത്യർ 5:20) 1931-ൽ അവർ യഹോവയുടെ സാക്ഷികൾ എന്ന അനുയോജ്യമായ തിരുവെഴുത്തുപരമായ പേരു സ്വീകരിച്ചു.—യെശയ്യാവു 43:10, 12.
3 അന്നുമുതൽ ദൈവത്തിന്റെ അഭിഷിക്ത സാക്ഷികൾ ഒരിക്കലും പിന്നോക്കം പോയിട്ടില്ല. തന്റെ നാസി യുദ്ധസംഘടനയോടൊപ്പം ഹിറ്റ്ലറിനുപോലും അവരെ നിശബ്ദരാക്കാൻ കഴിഞ്ഞില്ല. ലോകവ്യാപകമായ പീഡനത്തിൻ മധ്യേയും അവരുടെ പ്രവർത്തനം മുഴു ഭൂമിയിലും ഫലം ഉത്പാദിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ചും 1935 എന്ന വർഷം മുതൽ വെളിപാട് പുസ്തകത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സാർവദേശീയ “മഹാപുരുഷാരം” അവരോടു ചേർന്നിരിക്കുന്നു. ഇവരും സമർപ്പിച്ചു സ്നാപനമേററ ക്രിസ്ത്യാനികളാണ്. കൂടാതെ ഇവർ യേശുക്രിസ്തുവായ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” (വെളിപ്പാടു 7:9, 14) എന്നാൽ അവർ സ്വർഗീയ ജീവന്റെ പ്രത്യാശയോടുകൂടിയ, അഭിഷിക്തർ അല്ല. ആദാമും ഹവ്വായും നഷ്ടപ്പെടുത്തിയത്, അതായത് ഒരു പറുദീസാ ഭൂമിയിലെ പൂർണ മാനുഷ ജീവൻ, അവകാശപ്പെടുത്തുകയെന്നതാണ് അവരുടെ പ്രത്യാശ. (സങ്കീർത്തനം 37:29; മത്തായി 25:34) ഇന്നു മഹാപുരുഷാരത്തിൽ 50 ലക്ഷത്തിലധികം പേരുണ്ട്. യഹോവയുടെ സത്യാരാധന വിജയംവരിക്കുന്നു. എന്നാൽ അതിന്റെ അന്തിമ വിജയം വരാനിരിക്കുന്നതേയുള്ളൂ.
ദൈവത്തിന്റെ ആത്മീയ ആലയത്തിലെ പരദേശികൾ
4, 5. (എ) മഹാപുരുഷാരം എവിടെയാണു യഹോവയെ ആരാധിക്കുന്നത്? (ബി) അവർ എന്ത് അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു, ഏതു പ്രവചനത്തിന്റെ നിവൃത്തിയിൽ?
4 മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, മഹാപുരുഷാരം “ദൈവത്തിന്റെ . . . ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു.” (വെളിപ്പാടു 7:15) അവർ ആത്മീയ, പുരോഹിത ഇസ്രായേല്യർ അല്ലാത്തതിനാൽ സാധ്യതയനുസരിച്ച് അവർ ആലയത്തിലെ പുറത്തെ വിജാതീയ പ്രാകാരത്തിൽ നിൽക്കുന്നതു യോഹന്നാൻ കണ്ടു. (1 പത്രൊസ് 2:5) ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിനോടൊപ്പം യഹോവയെ സ്തുതിക്കുന്ന ഈ വലിയ ജനസമൂഹത്താൽ നിറഞ്ഞ ആലയപരിസരം അവന്റെ ആത്മീയ ആലയത്തെ എത്ര മഹനീയമാക്കിത്തീർത്തിരിക്കുന്നു!
5 അകത്തെ പുരോഹിത പ്രാകാരത്താൽ ചിത്രീകരിക്കപ്പെടുന്ന അവസ്ഥയിൽ മഹാപുരുഷാരം യഹോവയെ സേവിക്കുന്നില്ല. ദൈവത്തിന്റെ ദത്തെടുക്കപ്പെട്ട ആത്മീയ പുത്രൻമാരായിരിക്കാനുള്ള ഉദ്ദേശ്യത്തിൽ അവർ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടില്ല. (റോമർ 8:1, 15) എന്നിരുന്നാലും, യേശുവിന്റെ മറുവിലയിൽ വിശ്വാസം അർപ്പിക്കുന്നതിനാൽ അവർക്കു ദൈവമുമ്പാകെ ഒരു ശുദ്ധമായ നിലയുണ്ട്. അവന്റെ സ്നേഹിതരായിരിക്കാനുള്ള ഉദ്ദേശ്യത്തോടെ അവർ നീതിമാൻമാരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. (യാക്കോബ് 2:21, 23, താരതമ്യം ചെയ്യുക.) ദൈവത്തിന്റെ ആത്മീയ യാഗപീഠത്തിൽ സ്വീകാര്യയോഗ്യമായ യാഗങ്ങൾ അർപ്പിക്കാനുള്ള പദവി അവർക്കുമുണ്ട്. അങ്ങനെ ഈ വലിയ പുരുഷാരത്തിൽ യെശയ്യാവു 56:6, 7-ലെ പ്രവചനം സമുജ്ജ്വലമായി നിവൃത്തിയേറുന്നു: “യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർന്നുവരുന്ന അന്യജാതിക്കാരെ, . . . ഞാൻ എന്റെ വിശുദ്ധ പർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.”
6. (എ) പരദേശികൾ ഏതു തരം യാഗങ്ങൾ അർപ്പിക്കുന്നു? (ബി) പുരോഹിത പ്രാകാരത്തിലെ തൊട്ടിയിലുള്ള വെള്ളം അവരെ എന്ത് ഓർമിപ്പിക്കുന്നു?
6 ഈ പരദേശികൾ അർപ്പിക്കുന്ന യാഗങ്ങളിൽ ദൈവത്തിന്റെ “നാമത്തിനു പരസ്യ പ്രഖ്യാപനം നടത്തുന്ന [നന്നായി തയ്യാറാക്കിയ ധാന്യവഴിപാടുകൾ പോലുള്ള] അധരഫല”വും “നന്മ ചെയ്യലും മറ്റുള്ളവരുമായുള്ള വസ്തുക്കളുടെ പങ്കുവയ്ക്കലും” ഉണ്ട്. (എബ്രായർ 13:15, 16, NW) തങ്ങളെത്തന്നെ കഴുകുന്നതിനു പുരോഹിതൻമാർ ഉപയോഗിക്കേണ്ടിയിരുന്ന വലിയ തൊട്ടിയിലെ വെള്ളവും ഈ പരദേശികൾക്ക് ഒരു പ്രധാനപ്പെട്ട ഓർമിപ്പിക്കലാണ്. ദൈവവചനം തങ്ങൾക്കു ക്രമാനുഗതമായി കൂടുതൽ വ്യക്തമാക്കപ്പെടുന്നതനുസരിച്ച് അവരും ആത്മീയവും ധാർമികവുമായ ശുദ്ധിയാക്കലിനു കീഴ്പെടണം.
വിശുദ്ധസ്ഥലവും അതിലെ സജ്ജീകരണങ്ങളും
7. (എ) വിശുദ്ധ പുരോഹിതവർഗത്തിന്റെ പദവികളെ മഹാപുരുഷാരം എങ്ങനെ വീക്ഷിക്കുന്നു? (ബി) ചില പരദേശികൾക്ക് ഏതു കൂടുതലായ പദവികൾ ലഭിച്ചിരിക്കുന്നു?
7 പരദേശികളുടെ ഈ മഹാപുരുഷാരത്തിനു വിശുദ്ധസ്ഥലവും അതിലെ സജ്ജീകരണങ്ങളും എന്തെങ്കിലും അർഥമാക്കുന്നുണ്ടോ? കൊള്ളാം, വിശുദ്ധസ്ഥലത്താൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന അവസ്ഥയിൽ അവർ ഒരിക്കലും ഉണ്ടായിരിക്കുകയില്ല. സ്വർഗീയ പൗരത്വത്തോടെ ദൈവത്തിന്റെ ആത്മീയ പുത്രൻമാരായി അവർ വീണ്ടും ജനിച്ചിട്ടില്ല. ഇത് അവരെ അസൂയാലുക്കളോ അത്യാഗ്രഹികളോ ആക്കുന്നുവോ? ഇല്ല. മറിച്ച്, 1,44,000-ത്തിന്റെ ശേഷിപ്പിനെ പിന്താങ്ങാനുള്ള തങ്ങളുടെ പദവിയിൽ അവർ സന്തോഷിക്കുന്നു. മനുഷ്യവർഗത്തെ പൂർണതയിലേക്ക് ഉയർത്തുന്നതിൽ യേശുവിനോടൊപ്പം പങ്കുപറ്റുന്ന ഈ ആത്മീയ പുത്രൻമാരെ ദത്തെടുക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തോട് അവർ ആഴമായ വിലമതിപ്പു പ്രകടിപ്പിക്കുന്നു. കൂടാതെ, പറുദീസയിലെ നിത്യജീവന്റെ ഭൗമിക പ്രത്യാശ തങ്ങൾക്ക് അനുവദിച്ചതിലെ ദൈവത്തിന്റെ അനർഹദയയെ പരദേശികളുടെ മഹാപുരുഷാരം വിലമതിപ്പോടെ കാത്തുകൊള്ളുന്നു. ഈ പരദേശികളിൽ ചിലർക്ക്, പുരാതന കാലത്തെ നെഥിനിമുകളെപ്പോലെ, വിശുദ്ധ പുരോഹിതവർഗത്തെ സഹായിക്കുന്നതിൽ മേൽനോട്ടം വഹിക്കുന്നതിന്റെ പദവികൾ ലഭിച്ചിരിക്കുന്നു.b (യെശയ്യാവു 61:5) ഇവരിൽനിന്നും യേശു ‘മുഴുഭൂമിയിലും പ്രഭുക്കൻമാരെ’ നിയമിക്കുന്നു.—സങ്കീർത്തനം 45:16, NW.
8, 9. വിശുദ്ധസ്ഥലത്തെ സജ്ജീകരണങ്ങൾ പരിചിന്തിക്കുന്നതിൽനിന്നും മഹാപുരുഷാരത്തിന് എന്തു പ്രയോജനങ്ങൾ ലഭിക്കുന്നു?
8 പ്രതിമാതൃകയിലെ വിശുദ്ധസ്ഥലത്ത് ഒരിക്കലും പ്രവേശിക്കുകയില്ലെങ്കിലും, അതിലെ സജ്ജീകരണങ്ങളിൽനിന്നു പരദേശികളുടെ മഹാപുരുഷാരം വിലയേറിയ പാഠങ്ങൾ പഠിക്കുന്നു. നിലവിളക്കിന് എണ്ണ തുടർച്ചയായി ആവശ്യമായിരുന്നതുപോലെ “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ വരുന്ന, ദൈവവചനത്തിൽനിന്നുള്ള പുരോഗമിച്ചുകൊണ്ടിരിക്കുന്ന സത്യങ്ങൾ ഗ്രഹിക്കാൻ തങ്ങളെ സഹായിക്കുന്നതിനു പരദേശികൾക്കു പരിശുദ്ധാത്മാവ് ആവശ്യമാണ്. (മത്തായി 24:45-47, NW) കൂടുതലായി, ദൈവത്തിന്റെ ആത്മാവ് ഈ ക്ഷണത്തോടു പ്രതികരിക്കാൻ അവരെ സഹായിക്കുന്നു: “വരിക എന്നു ആത്മാവും മണവാട്ടിയും [അഭിഷിക്ത ശേഷിപ്പ്] പറയുന്നു; കേൾക്കുന്നവനും വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.” (വെളിപ്പാടു 22:17) അങ്ങനെ, ക്രിസ്ത്യാനികളായി ശോഭിക്കുന്നതിനും മനോഭാവത്തിലോ ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്ന എന്തും ഒഴിവാക്കുന്നതിനുമുള്ള തങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ചു മഹാപുരുഷാരത്തിനുള്ള ഒരു ഓർമിപ്പിക്കലാണ് നിലവിളക്ക്.—എഫെസ്യർ 4:30.
9 ആത്മീയമായി ആരോഗ്യമുള്ളവരായി നിലനിൽക്കുന്നതിനു മഹാപുരുഷാരം ബൈബിളിൽനിന്നും “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ പ്രസിദ്ധീകരണങ്ങളിൽനിന്നും പതിവായി ആത്മീയ ആഹാരം ഭക്ഷിക്കണമെന്നു കാഴ്ചയപ്പ മേശ അവരെ ഓർമിപ്പിക്കുന്നു. (മത്തായി 4:4) നിർമലത പാലിക്കുന്നതിനുവേണ്ട സഹായത്തിനായി യഹോവയോട് ഉത്ക്കടമായി പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം ധൂപയാഗപീഠം അവരെ ഓർമിപ്പിക്കുന്നു. (ലൂക്കൊസ് 21:36) സ്തുതിയുടെയും നന്ദിയേകലിന്റെയും ഹൃദയംഗമമായ പ്രകടനം അവരുടെ പ്രാർഥനയിൽ ഉൾപ്പെടണം. (സങ്കീർത്തനം 106:1) ക്രിസ്തീയ യോഗങ്ങളിൽ മുഴു ഹൃദയത്തോടെ രാജ്യഗീതങ്ങൾ ആലപിക്കുക, “അതിജീവനത്തിനുവേണ്ടിയുള്ള പരസ്യപ്രഖ്യാപനം” ഫലപ്രദമായി നടത്തുന്നതിനു നന്നായി തയ്യാറാകുക തുടങ്ങിയ മറ്റുവിധങ്ങളിലൂടെ ദൈവത്തെ സ്തുതിക്കേണ്ടതിന്റെ ആവശ്യവും ധൂപയാഗപീഠം അവരെ ഓർമിപ്പിക്കുന്നു.—റോമർ 10:10, NW.
സത്യാരാധനയുടെ പൂർണ വിജയം
10. (എ) എന്തു മഹത്തായ പ്രത്യാശക്കായി നമുക്കു നോക്കിപ്പാർത്തിരിക്കാൻ കഴിയും? (ബി) ആദ്യം എന്തു സംഭവവികാസം ഉണ്ടാകണം?
10 സകല രാഷ്ട്രങ്ങളിൽനിന്നുമുള്ള “അനേകം ആളുകൾ” ഇന്നു യഹോവയുടെ ആരാധനാ ഗൃഹത്തിലേക്ക് ഒഴുകിവന്നുകൊണ്ടിരിക്കുന്നു. (യെശയ്യാവു 2:2, 3) ഇതിനെ സ്ഥിരീകരിച്ചുകൊണ്ട് വെളിപ്പാടു 15:4 പറയുന്നു: “ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകലജാതികളും വന്നു തിരുസന്നിധിയിൽ നമസ്ക്കരിക്കും.” എന്തു പിന്തുടരുന്നുവെന്നു സെഖര്യാവു 14-ാം അധ്യായം വിവരിക്കുന്നു. സമീപ ഭാവിയിൽ യെരുശലേമിന്, സ്വർഗീയ യെരുശലേമിന്റെ ഭൂമിയിലെ പ്രതിനിധികൾക്ക്, എതിരെ അവസാനമായി യുദ്ധം ചെയ്യാൻ ഭൂമിയിലെ ഭൂരിഭാഗം ആളുകളും കൂടിവരവേ അവരുടെ ദുഷിച്ച മനോഭാവം പാരമ്യത്തിലെത്തും. അപ്പോൾ യഹോവ പ്രവർത്തിക്കും. യോദ്ധാവാം ദൈവം എന്ന നിലയിൽ അവൻ “പുറപ്പെട്ടു” ഈ ആക്രമണം നടത്താൻ മുതിരുന്ന “ആ ജാതികളോടു പൊരുതും.”—സെഖര്യാവു 14:2, 3.
11, 12. (എ) തന്റെ ആലയത്തിലെ ആരാധകരുടെമേലുള്ള ആഗതമാകുന്ന ആഗോള ആക്രമണത്തോടു യഹോവ എങ്ങനെ പ്രതികരിക്കും? (ബി) ദൈവത്തിന്റെ യുദ്ധത്തിന്റെ ഫലം എന്തായിരിക്കും?
11 “യെരൂശലേമിനോടു യുദ്ധംചെയ്ത സകലജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിതു: അവർ നിവിർന്നു നിൽക്കുമ്പോൾ തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണു തടത്തിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവു വായിൽ തന്നേ ചീഞ്ഞഴുകിപ്പോകും; അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവർ ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ കൈ പിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരെ പൊങ്ങും.”—സെഖര്യാവു 14:12, 13.
12 ഈ ദണ്ഡനം അക്ഷരീയമാണോ ആലങ്കാരികമാണോ എന്നു നാം കാത്തിരുന്നു കാണേണ്ടതുണ്ട്. എന്നാൽ ഒരു സംഗതി തീർച്ചയാണ്. യഹോവയുടെ ദാസൻമാരുടെമേൽ ആഗോള ആക്രമണം നടത്താൻ ദൈവത്തിന്റെ ശത്രുക്കൾ നീക്കംനടത്തിക്കൊണ്ടിരിക്കുമ്പോൾ, ദൈവത്തിന്റെ സർവശക്തമായ ബലത്തിന്റെ ഭയാവഹമായ പ്രകടനങ്ങളാൽ അവർ തടയപ്പെടും. അവരുടെ വായ്കൾ നിശബ്ദമാക്കപ്പെടും. അത് അവരുടെ ധിക്കാരത്തിന്റെ നാവുകൾ ചീഞ്ഞഴുകിപ്പോയതുപോലെയായിരിക്കും. അവരുടെ കണ്ണുകൾ ചീഞ്ഞഴുകിപ്പോയാലെന്നപോലെ അവരുടെ ഏകീകൃതലക്ഷ്യം അവരുടെ കാഴ്ചയ്ക്ക് അവ്യക്തമായിത്തീരും. ആ ആക്രമണം നടത്തുന്നതിനു അവരെ ധൈര്യപ്പെടുത്തിയ അവരുടെ ശാരീരിക ശക്തികൾ പാഴായിപ്പോകും. ആശയക്കുഴപ്പത്തിൽ അവർ പരസ്പരം തിരിഞ്ഞു വലിയ കൂട്ടക്കൊല ചെയ്യും. അങ്ങനെ ദൈവാരാധനയുടെ സകല ഭൗമിക ശത്രുക്കളും തുടച്ചുനീക്കപ്പെടും. അവസാനം എല്ലാ രാഷ്ട്രങ്ങളും യഹോവയുടെ സാർവത്രിക പരമാധികാരം തിരിച്ചറിയാൻ നിർബന്ധിതരാകും. “യഹോവ സർവ്വഭൂമിക്കും രാജാവാകും” എന്ന പ്രവചനം നിവൃത്തിയേറും. (സെഖര്യാവു 14:9) അതെത്തുടർന്ന്, മനുഷ്യവർഗത്തിനു മഹത്തായ അനുഗ്രഹങ്ങൾ കരുതിവച്ചിരിക്കുന്ന യേശുവിന്റെ ആയിരം വർഷ ഭരണം ആരംഭിക്കവേ സാത്താനും അവന്റെ ഭൂതങ്ങളും ബന്ധിക്കപ്പെടും.—വെളിപ്പാടു 20:1, 2; 21:3, 4.
ഭൗമിക പുനരുത്ഥാനം
13. “സകലജാതികളിലും ശേഷിച്ചിരിക്കുന്ന”വർ ആരാണ്?
13 14-ാം അധ്യായം 16-ാം വാക്യത്തിൽ സെഖര്യാവിന്റെ പ്രവചനം ഇങ്ങനെ തുടരുന്നു: “എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്ക്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.” ബൈബിൾ പറയുന്നതനുസരിച്ച്, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനംവരെ ജീവിക്കുകയും സത്യാരാധനയുടെ ശത്രുക്കളായി ന്യായംവിധിക്കപ്പെടുകയും ചെയ്യുന്ന ഇന്നു ജീവിച്ചിരിക്കുന്ന എല്ലാവരും “നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.” (2 തെസ്സലൊനീക്യർ 1:7-10; മത്തായി 25:31-33, 46-ഉം കൂടി കാണുക.) അവർക്കു പുനരുത്ഥാനം ഉണ്ടായിരിക്കുകയില്ല. അപ്പോൾ സാധ്യതയനുസരിച്ച്, ദൈവത്തിന്റെ അന്തിമ യുദ്ധത്തിനു മുൻപു മരിച്ച, പുനരുത്ഥാനത്തിനു ബൈബിളധിഷ്ഠിത പ്രത്യാശയുള്ള ജനതകളിലെ അംഗങ്ങൾ, “ശേഷിച്ചിരിക്കുന്ന”വരിൽ ഉൾപ്പെടുന്നു. യേശു ഇങ്ങനെ വാഗ്ദാനം ചെയ്തു: “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.”—യോഹന്നാൻ 5:28, 29.
14. (എ) നിത്യജീവൻ നേടുന്നതിനു പുനരുത്ഥാനം പ്രാപിച്ചവർ എന്തു ചെയ്യണം? (ബി) തങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുന്നതിനും സത്യാരാധന ആചരിക്കുന്നതിനും വിസമ്മതിക്കുന്ന ഏതൊരുവനും എന്തു സംഭവിക്കും?
14 തങ്ങളുടെ പുനരുത്ഥാനം പ്രതികൂല ന്യായവിധിയുടേതല്ല പ്രത്യുത ജീവന്റെതാണെന്നു തെളിയിക്കുന്നതിനു പുനരുത്ഥാനം പ്രാപിച്ച ഇവരെല്ലാവരും ചിലതു ചെയ്യേണ്ടതുണ്ട്. അവർ യഹോവയുടെ ആലയത്തിന്റെ ഭൗമിക പ്രാകാരങ്ങളിലേക്കു വന്ന് യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സമർപ്പണം നടത്തിക്കൊണ്ടു വണങ്ങണം. അതു ചെയ്യാൻ വിസമ്മതിക്കുന്ന, പുനരുത്ഥാനം പ്രാപിച്ച ഏതൊരുവനും ഏതൽക്കാല ജനതകൾക്കു ഭവിക്കുന്ന അതേ യാതന അനുഭവിക്കും. (സെഖര്യാവു 14:18) പ്രതിമാതൃകയിലെ കൂടാരപ്പെരുന്നാൾ ആഘോഷിക്കാൻ മഹാപുരുഷാരത്തോടൊപ്പം പുനരുത്ഥാനം പ്രാപിച്ചവരിൽ എത്രപേർ സന്തോഷത്തോടെ ചേരുമെന്ന് ആരറിയുന്നു? നിസ്സംശയമായും അനേകരുണ്ടായിരിക്കും. തത്ഫലമായി യഹോവയുടെ മഹത്തായ ആത്മീയ ആലയം കൂടുതൽ മഹനീയമായിത്തീരും!
പ്രതിമാതൃകയിലെ കൂടാരപ്പെരുന്നാൾ
15. (എ) പുരാതന ഇസ്രായേല്യ കൂടാരപ്പെരുന്നാളിന്റെ ചില ശ്രദ്ധേയമായ സവിശേഷതകൾ ഏവ? (ബി) പെരുന്നാളിൽ 70 കാളകളെ യാഗമർപ്പിച്ചിരുന്നത് എന്തുകൊണ്ട്?
15 പുരാതന ഇസ്രായേൽ ഓരോ വർഷവും കൂടാരപ്പെരുന്നാൾ ആഘോഷിക്കേണ്ടിയിരുന്നു. അവരുടെ വിളവെടുപ്പു കൂട്ടിച്ചേർക്കുന്നതിന്റെ സമാപനത്തിങ്കലായിരുന്നു ഒരാഴ്ച ദീർഘിച്ച ഈ ആഘോഷം. അതു നന്ദിയേകലിന്റെ ഒരു സന്തോഷകരമായ സന്ദർഭമായിരുന്നു. ആ ആഴ്ചമുഴുവൻ, മരങ്ങളുടെ ഇലകൾക്കൊണ്ട്, പ്രത്യേകിച്ചും ഈന്തപ്പനയുടെ കുരുത്തോലകൾക്കൊണ്ടു മേഞ്ഞ താത്കാലിക കൂടാരങ്ങളിൽ അവർ താമസിക്കണമായിരുന്നു. ദൈവം എപ്രകാരം തങ്ങളുടെ പൂർവപിതാക്കൻമാരെ ഈജിപ്തിൽനിന്നു രക്ഷിച്ചെന്നും വാഗ്ദത്ത ദേശത്ത് എത്തിച്ചേരുന്നതുവരെ കൂടാരങ്ങളിൽ വസിച്ചുകൊണ്ട് 40 വർഷം മരുഭൂമിയിൽക്കൂടി സഞ്ചരിച്ചപ്പോൾ അവരെ എങ്ങനെ പരിപാലിച്ചെന്നും ഈ പെരുന്നാൾ ഇസ്രായേലിനെ ഓർമിപ്പിച്ചു. (ലേവ്യപുസ്തകം 23:39-43) പെരുന്നാൾ സമയത്ത് ആലയ യാഗപീഠത്തിൽ 70 കാളകളെ യാഗമർപ്പിച്ചിരുന്നു. തെളിവനുസരിച്ച്, പെരുന്നാളിന്റെ ഈ സവിശേഷത യേശുക്രിസ്തു നിർവഹിച്ച തികഞ്ഞതും പൂർണവുമായ ജീവരക്ഷാ വേലയുടെ മുൻനിഴലായിരുന്നു. അവന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ സ്പഷ്ടമായും നോഹയിൽനിന്നും ഉത്ഭവിച്ച മനുഷ്യവർഗത്തിന്റെ 70 കുടുംബങ്ങളുടെ അസംഖ്യം പിൻഗാമികളിലേക്ക് ഒഴുകും.—ഉല്പത്തി 10:1-29; സംഖ്യാപുസ്തകം 29:12-34; മത്തായി 20:28.
16, 17. (എ) എന്നാണു പ്രതിമാതൃകയിലെ കൂടാരപ്പെരുന്നാൾ ആരംഭിച്ചത്, അത് എങ്ങനെ മുന്നേറി? (ബി) ആ ആഘോഷത്തിൽ മഹാപുരുഷാരം എങ്ങനെയാണ് പങ്കുചേരുന്നത്?
16 അങ്ങനെ പുരാതന കൂടാരപ്പെരുന്നാൾ യഹോവയുടെ മഹത്തായ ആത്മീയ ആലയത്തിലേക്കുള്ള വിടുവിക്കപ്പെട്ട പാപികളുടെ സന്തുഷ്ട കൂടിവരവിലേക്കു വിരൽ ചൂണ്ടി. പൊ.യു. (പൊതുയുഗം) 33-ലെ പെന്തക്കോസ്തിൽ ക്രിസ്തീയ സഭയിലേക്കുള്ള ആത്മീയ ഇസ്രായേലിന്റെ സന്തുഷ്ട കൂടിവരവ് ആരംഭിച്ചതോടെ ഈ പെരുന്നാൾ നിവൃത്തിയേറാൻ തുടങ്ങി. (പ്രവൃത്തികൾ 2:41, 46, 47) തങ്ങളുടെ ‘യഥാർഥ പൗരത്വം സ്വർഗത്തിൽ’ സ്ഥിതിചെയ്യുന്നതുകൊണ്ട് തങ്ങൾ സാത്താന്റെ ലോകത്തിലെ “താത്കാലിക നിവാസികൾ” ആണെന്ന് ഈ അഭിഷിക്തർ തിരിച്ചറിഞ്ഞു. (ഫിലിപ്പിയർ 3:20; 1 പത്രോസ് 2:11, NW) ക്രൈസ്തവമണ്ഡലത്തിന്റെ രൂപീകരണത്തിന് ഇടയാക്കിയ വിശ്വാസത്യാഗം ഈ സന്തുഷ്ട പെരുന്നാളിൽ താത്കാലികമായി നിഴൽ വീഴ്ത്തി. (2 തെസ്സലൊനീക്യർ 2:1-3) എന്നിരുന്നാലും, 1,44,000 ആത്മീയ ഇസ്രായേല്യരുടെ അവസാന അംഗങ്ങളുടെ സന്തുഷ്ട കൂടിവരവോടെ 1919-ൽ പെരുന്നാൾ പുനരാരംഭിച്ചു. വെളിപ്പാടു 7:9-ലെ സാർവദേശീയ മഹാപുരുഷാരത്തിന്റെ കൂടിവരവ് അതിനെ അനുനയിച്ചു.
17 കയ്യിൽ കുരുത്തോലകളുള്ളതായി മഹാപുരുഷാരം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അവരും പ്രതിമാതൃകയിലെ കൂടാരപ്പെരുന്നാളിന്റെ സന്തുഷ്ട ആഘോഷകരാണെന്ന് അതു കാണിക്കുന്നു. യഹോവയുടെ ആലയത്തിലേക്കു കൂടുതൽ ആരാധകരെ കൂട്ടിച്ചേർക്കുന്ന വേലയിൽ സമർപ്പിത ക്രിസ്ത്യാനികളെന്ന നിലയിൽ അവർ സന്തോഷപൂർവം പങ്കെടുക്കുന്നു. കൂടുതലായി, പാപികളെന്ന നിലയിൽ തങ്ങൾക്കു ഭൂമിയിൽ സ്ഥിരമായ താമസാവകാശം ഇല്ലെന്ന് അവർ തിരിച്ചറിയുന്നു. ആയിരം വർഷ വാഴ്ചയുടെ അവസാനം മാനുഷ പൂർണതയിൽ എത്തിച്ചേരുന്നതുവരെ ഭാവിയിൽ പുനരുത്ഥാനം പ്രാപിക്കുന്നവരോടൊപ്പം അവർ ക്രിസ്തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ടിരിക്കണം.—വെളിപ്പാടു 20:5
18. (എ) യേശുക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയുടെ സാമാപനത്തിൽ എന്തു സംഭവിക്കും? (ബി) യഹോവയുടെ സത്യാരാധന അന്തിമമായി എങ്ങനെ വിജയിക്കും?
18 അപ്പോൾ, ഭൂമിയിലെ ദൈവാരാധകർ ഒരു സ്വർഗീയ പൗരോഹിത്യത്തിന്റെ ആവശ്യമില്ലാതെ മാനുഷ പൂർണതയിൽ അവന്റെ മുമ്പാകെ നിൽക്കും. യേശുക്രിസ്തു “രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കു”ന്ന സമയം വന്നെത്തും. (1 കൊരിന്ത്യർ 15:24) പൂർണരാക്കപ്പെട്ട മനുഷ്യവർഗത്തെ പരീക്ഷിക്കുന്നതിനു സാത്താനെ “അല്പകാലത്തേക്കു” അഴിച്ചുവിടും. സാത്താനോടും അവന്റെ ഭൂതങ്ങളോടുമൊപ്പം അവിശ്വസ്തനായ ഏതൊരുവനും എന്നേക്കുമായി നശിപ്പിക്കപ്പെടും. വിശ്വസ്തരായി തുടരുന്നവർക്കു നിത്യജീവൻ നൽകപ്പെടും. ഭൗമിക പറുദീസയിൽ അവർ സ്ഥിരനിവാസികളായിത്തീരും. അങ്ങനെ പ്രതിമാതൃകയിലെ കൂടാരപ്പെരുന്നാൾ മഹത്തായ, വിജയകരമായ ഒരു സമാപനത്തിലേക്കു വരുന്നതായിരിക്കും. യഹോവയുടെ ശാശ്വത മഹത്ത്വത്തിലേക്കും മനുഷ്യവർഗത്തിന്റെ നിത്യസന്തുഷ്ടിയിലേക്കും സത്യാരാധന വിജയിച്ചിരിക്കും.—വെളിപ്പാടു 20:3, 7-10, 14, 15.
[അടിക്കുറിപ്പുകൾ]
a സെഖര്യാവ് 14-ാം അധ്യായത്തിന്റെ വാക്യാനുവാക്യ ഭാഷ്യത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈററി 1972-ൽ പ്രസിദ്ധീകരിച്ച ദിവ്യാധിപത്യത്താൽ മനുഷ്യവർഗത്തിനു പറുദീസ പുനഃസ്ഥാപിക്കപ്പെടുന്നു! (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 21 ഉം 22 ഉം അധ്യായങ്ങൾ കാണുക.
b ആധുനികകാല നെഥിനിമുകളെക്കുറിച്ചുള്ള കൂടുതൽ വിവരത്തിന്, 1992 ഏപ്രിൽ 15 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 16-ാം പേജ് കാണുക.
പുനരവലോകന ചോദ്യങ്ങൾ
◻ ഒന്നാം ലോകമഹായുദ്ധകാലത്തു “യെരുശലേം” ആക്രമണത്തിൻ കീഴിലായിരുന്നതെങ്ങനെ?—സെഖര്യാവു 14:2.
◻ 1919 മുതൽ ദൈവദാസർക്ക് എന്തു സംഭവിച്ചിരിക്കുന്നു?
◻ പ്രതിമാതൃകയിലെ കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിൽ ഇന്നു പങ്കുചേരുന്നതാർ?
◻ സത്യാരാധന എങ്ങനെ പൂർണമായി വിജയിക്കും?
[23-ാം പേജിലെ ചിത്രം]
കൂടാരപ്പെരുന്നാൾ ആഘോഷത്തിൽ കുരുത്തോലകൾ ഉപയോഗിച്ചിരുന്നു