ബൈബിൾ പുസ്തക നമ്പർ 38—സെഖര്യാവ്
എഴുത്തുകാരൻ: സെഖര്യാവ്
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 518
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 520-518
1. സെഖര്യാവു പ്രവചിക്കാൻ തുടങ്ങിയപ്പോൾ യെരുശലേമിലെ ആലയം സംബന്ധിച്ച സാഹചര്യം എന്തായിരുന്നു?
നിശ്ചലം! സെഖര്യാവു പ്രവചിക്കാൻ തുടങ്ങിയപ്പോൾ യെരുശലേമിലെ യഹോവയുടെ ആലയനിർമാണത്തിന്റെ അവസ്ഥ അതായിരുന്നു. ശലോമോൻ ആദ്യ ആലയം 7 1⁄2 വർഷംകൊണ്ടു പണികഴിപ്പിച്ചിരുന്നു. (1 രാജാ. 6:37, 38) പുനരധിവസിപ്പിക്കപ്പെട്ട യഹൂദൻമാർ യെരുശലേമിൽ വന്നിട്ടു 17 വർഷമായിട്ടും പണി അശേഷം പൂർത്തിയായിരുന്നില്ല. അർഥഹ്ശഷ്ടാവിനാലുളള (ഒന്നുകിൽ ബാർഡിയാ അല്ലെങ്കിൽ ഗൗമാററാ) നിരോധനത്തെ തുടർന്നു വേല ഒടുവിൽ പൂർണമായും നിലച്ചിരുന്നു. എന്നാൽ ഇപ്പോൾ ഔദ്യോഗികനിരോധനം ഉണ്ടായിരുന്നിട്ടും വേല ഒരിക്കൽകൂടെ പുരോഗമിക്കുകയായിരുന്നു. നിർമാണം പുനരാരംഭിക്കാനും പൂർത്തിയാകുന്നതുവരെ അതിനോടു പററിനിൽക്കാനും ജനത്തെ ഉത്തേജിപ്പിക്കുന്നതിനു യഹോവ ഹഗ്ഗായിയെയും സെഖര്യാവിനെയും ഉപയോഗിക്കുകയായിരുന്നു.—എസ്രാ 4:23, 24; 5:1, 2.
2. വേല പർവതസമാനമെന്നു കാണപ്പെട്ടത് എന്തുകൊണ്ട്, എന്നാൽ സെഖര്യാവ് അവരുടെ ശ്രദ്ധ എന്തിലേക്കു ക്ഷണിച്ചു?
2 അവരുടെ മുമ്പിലുളള വേല പർവതസമാനമായി തോന്നി. (സെഖ. 4:6, 7) അവർ ചുരുക്കമായിരുന്നു, എതിരാളികൾ അനേകവും. അവർക്കു ദാവീദികവംശത്തിൽപ്പെട്ട ഒരു പ്രഭു, സെരുബ്ബാബേൽ, ഉണ്ടായിരുന്നെങ്കിലും രാജാവില്ലായിരുന്നു, അവർ വിദേശാധിപത്യത്തിൻ കീഴിലായിരുന്നു. കാലം യഥാർഥത്തിൽ ശക്തമായ വിശ്വാസവും ഊർജിതമായ പ്രവർത്തനവും ആവശ്യമാക്കിത്തീർക്കുമ്പോൾ ദുർബലവും സ്വാർഥതത്പരവുമായ ഒരു മനോഭാവത്തിലേക്ക് ആണ്ടുപോകുക എത്ര എളുപ്പമാണ്! ദൈവത്തിന്റെ ഇപ്പോഴത്തെ ഉദ്ദേശ്യങ്ങളിലേക്കു മാത്രമല്ല, ഭാവിയിലെ മഹത്തരമായ ഉദ്ദേശ്യങ്ങളിലേക്കുപോലും അവരുടെ ശ്രദ്ധ ആകർഷിക്കാനും അങ്ങനെ ചെയ്യേണ്ട വേലക്കുവേണ്ടി അവരെ ബലപ്പെടുത്താനും സെഖര്യാവ് ഉപയോഗിക്കപ്പെട്ടു. (8:9, 13) അത് അവരുടെ വിലമതിപ്പില്ലാഞ്ഞ പൂർവപിതാക്കൻമാരെപ്പോലെ ആയിരിക്കാനുളള സമയമല്ലായിരുന്നു.—1:5, 6.
3. (എ) സെഖര്യാവ് എങ്ങനെ തിരിച്ചറിയിക്കപ്പെടുന്നു, അവന്റെ പേർ ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) സെഖര്യാവിന്റെ പ്രവചനം ഉച്ചരിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തതെപ്പോൾ?
3 സെഖര്യാവ് ആരായിരുന്നു? സെഖര്യാവ് എന്നു പേരുളള 30 വ്യത്യസ്ത ആളുകളെക്കുറിച്ചു ബൈബിൾ പറയുന്നുണ്ട്. എന്നിരുന്നാലും, ഈ പേർ വഹിക്കുന്ന പുസ്തകത്തിന്റെ എഴുത്തുകാരൻ “ഇദ്ദോപ്രവാചകന്റെ മകനായ ബെരഖ്യാവിന്റെ മകനായ സെഖര്യാവ്” ആണ്. (സെഖ. 1:1; എസ്രാ 5:1; നെഹെ. 12:12, 16) അവന്റെ പേരിന്റെ (എബ്രായ, സെഖര്യാഹ്) അർഥം “യഹോവ ഓർത്തിരിക്കുന്നു” എന്നാണ്. “സൈന്യങ്ങളുടെ യഹോവ” തന്റെ സ്വന്ത നാമത്തിനുവേണ്ടി തന്റെ ജനത്തോടു ശരിയായി ഇടപെടാൻ അവരെ ഓർക്കുന്നുവെന്നു സെഖര്യാവിന്റെ പുസ്തകം സുവ്യക്തമാക്കുന്നു. (സെഖ. 1:3) പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന തീയതികൾ കുറഞ്ഞപക്ഷം രണ്ടു വർഷത്തെ കാര്യങ്ങൾ അതിലുണ്ടെന്നു പ്രകടമാക്കുന്നു. ആലയംപണി വീണ്ടും തുടങ്ങിയതും സെഖര്യാവ് പ്രവചിക്കൽ തുടങ്ങിയതും “ദാര്യാവേശിന്റെ രണ്ടാമാണ്ടു എട്ടാം മാസത്തി”ലായിരുന്നു (പൊ.യു.മു. 520 ഒക്ടോബർ⁄നവംബർ) (1:1). പുസ്തകം “ദാര്യാവേശ് രാജാവിന്റെ നാലാം ആണ്ടിൽ കിസ്ലേവ് എന്ന ഒമ്പതാം മാസം നാലാം തീയതി”യെയും (പൊ.യു.മു. ഏതാണ്ട് 518 ഡിസംബർ 1) പരാമർശിക്കുന്നു. (7:1) അതുകൊണ്ട്, സെഖര്യാവിന്റെ പ്രവചനം പൊ.യു.മു. 520-518 എന്ന വർഷങ്ങളിൽ ഉച്ചരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുമെന്നതിനു സംശയമില്ല.—എസ്രാ 4:24.
4, 5. (എ) സെഖര്യാവ് നെബുഖദ്നേസരാലുളള സോർ നഗരത്തിന്റെ ഉപരോധത്തിനുശേഷം ദീർഘകാലം കഴിഞ്ഞ് അതിന്റെ നാശം മുൻകൂട്ടിപ്പറഞ്ഞത് എന്തുകൊണ്ട്? (ബി) ഏതു പ്രത്യേക പ്രവചനങ്ങളുടെ നിവൃത്തി പുസ്തകത്തിന്റെ നിശ്വസ്തതയെ ബോധ്യംവരുമാറു തെളിയിക്കുന്നു?
4 സെഖര്യാപുസ്തകത്തിന്റെ അധ്യേതാക്കൾ അതിന്റെ വിശ്വാസ്യതക്കു മതിയായ തെളിവു കണ്ടെത്തും. സോരിന്റെ സംഗതി എടുക്കുക. ബാബിലോന്യരാജാവായ നെബുഖദ്നേസർ 13 വർഷം നീണ്ടുനിന്ന ഉപരോധത്തിനുശേഷമാണു സോരിനെ നശിപ്പിച്ചത്. എന്നിരുന്നാലും ഇതു സോരിന്റെ പൂർണമായ നാശത്തെ അർഥമാക്കിയില്ല. അനേകം വർഷങ്ങൾക്കുശേഷം സെഖര്യാവ് സോരിന്റെ പൂർണമായ നാശം മുൻകൂട്ടിപ്പറഞ്ഞു. മഹാനായ അലക്സാണ്ടർ തന്റെ പ്രസിദ്ധമായ വരമ്പുനിർമാണവിദ്യയുടെ സമയത്തു ദ്വീപനഗരമായ സോരിനെയാണു മറിച്ചിട്ടത്; അവൻ അതിനെ നിർദയം ചുട്ടെരിച്ചു, അങ്ങനെ ഏതാണ്ടു രണ്ടു നൂററാണ്ടുമുമ്പത്തെ സെഖര്യാവിന്റെ പ്രവചനം നിവൃത്തിയേറി.a—സെഖ. 9:2-4.
5 എന്നിരുന്നാലും, പുസ്തകത്തിന്റെ ദിവ്യനിശ്വസ്തതയുടെ ഏററവും ബോധ്യംവരുത്തുന്ന തെളിവു മിശിഹായായ ക്രിസ്തുയേശുവിനെ സംബന്ധിച്ച അതിന്റെ പ്രവചന നിവൃത്തികളിലാണു കാണാവുന്നത്, സെഖര്യാവു 9:9-നെ മത്തായി 21:4, 5-നോടും യോഹന്നാൻ 12:14-16-നോടും സെഖര്യാവു 12:10-നെ യോഹന്നാൻ 19:34-37-നോടും സെഖര്യാവു 13:7-നെ മത്തായി 26:31-നോടും മർക്കൊസ് 14:27-നോടും താരതമ്യപ്പെടുത്തുന്നതിനാൽ ഇതു കാണാൻ കഴിയും. കൂടാതെ, സെഖര്യാവു 8:16-ഉം എഫെസ്യർ 4:25-ഉം തമ്മിലും സെഖര്യാവു 3:2-ഉം യൂദാ 9-ഉം തമ്മിലും സെഖര്യാവു 14:5-ഉം യൂദാ 14-ഉം തമ്മിലും സാമ്യങ്ങൾ കാണാനുണ്ട്. ദൈവവചനത്തിൽ കാണപ്പെടുന്ന യോജിപ്പു സത്യത്തിൽ അത്യത്ഭുതകരമാണ്!
6. (എ) സെഖര്യാവു 9-ാം അധ്യായം മുതലുളള ശൈലീമാററത്തിനു കാരണമെന്താണ്? (ബി) മത്തായി സെഖര്യാവെ “യിരെമ്യാവു” എന്നു പരാമർശിച്ചതിന്റെ കാരണമെന്തായിരിക്കാം?
6 എഴുത്തിന്റെ ശൈലിയിൽ 9-ാം അധ്യായംമുതൽ കാണപ്പെടുന്ന മാററം ആ ഭാഗം സെഖര്യാവ് എഴുതിയിരിക്കാവുന്നതല്ലെന്നു സൂചിപ്പിക്കുന്നുവെന്നു പറയുന്ന ചില ബൈബിൾവിമർശകരുണ്ട്. എന്നിരുന്നാലും, ശൈലിയിലുളള മാററം തീർച്ചയായും വിഷയവിവരത്തിലുളള മാററത്തിനു ന്യായീകരിക്കാവുന്നതിലധികമല്ല. ആദ്യത്തെ എട്ട് അധ്യായങ്ങൾ സെഖര്യാവിന്റെ നാളിലെ ജനത്തിന് അക്കാലത്തു കൂടുതൽ പ്രാധാന്യമുളള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നിരിക്കെ, 9 മുതൽ 14 വരെയുളള അധ്യായങ്ങളിൽ പ്രവാചകൻ കൂടുതൽ വിദൂരത്തിലുളള ഭാവിയിലേക്കു നോക്കുന്നു. മത്തായി സെഖര്യാവിനെ ഉദ്ധരിക്കുന്നതും എന്നാൽ അവന്റെ വാക്കുകൾ യിരെമ്യാവിന്റേതാണെന്നു പറയുന്നതും എന്തുകൊണ്ട് എന്നു ചിലർ ചോദിച്ചിട്ടുണ്ട്. (മത്താ. 27:9; സെഖ. 11:12) ചില സമയങ്ങളിൽ (നമ്മുടെ ഇപ്പോഴത്തെ ബൈബിളുകളിലേതുപോലെ യെശയ്യാവിനുപകരം) പിൽക്കാല പ്രവാചകൻമാരിൽ ആദ്യത്തവനായി യിരെമ്യാവ് എണ്ണപ്പെട്ടിരുന്നതായി കാണുന്നു; തന്നിമിത്തം സെഖര്യാവിനെ “യിരെമ്യാവു” എന്നു പരാമർശിക്കുമ്പോൾ ഒരു മുഴു തിരുവെഴുത്തുവിഭാഗത്തെയും ആ വിഭാഗത്തിലെ ആദ്യത്തെ പുസ്തകത്തിന്റെ പേരിൽ ഉൾപ്പെടുത്തുന്ന യഹൂദാചാരം മത്തായി പിന്തുടർന്നിരിക്കാനിടയുണ്ട്. ലിഖിതങ്ങൾ എന്നറിയപ്പെട്ടിരുന്ന സകല പുസ്തകങ്ങളെയും ഉൾപ്പെടുത്തുന്നതിനു യേശുതന്നെ ‘സങ്കീർത്തനങ്ങൾ’ എന്ന പേർ ഉപയോഗിച്ചു.—ലൂക്കൊ. 24:44.b
7. സെഖര്യാവിന്റെ പുസ്തകം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
7 ആറാം അധ്യായം 8-ാം വാക്യംവരെ പുസ്തകത്തിൽ പൊതുവേ ആലയത്തിന്റെ പുനർനിർമാണത്തോടു ബന്ധപ്പെട്ട, ദാനീയേലിന്റേതിനോടും യെഹെസ്കേലിന്റേതിനോടും സാദൃശ്യമുളള എട്ടു ദർശനങ്ങളുടെ ഒരു പരമ്പര അടങ്ങിയിരിക്കുന്നു. ഇതിനെ തുടർന്ന് ആത്മാർഥമായ ആരാധനയും പുനഃസ്ഥാപനവും യഹോവയുടെ യുദ്ധദിവസവും സംബന്ധിച്ച പ്രഖ്യാപനങ്ങളും പ്രവചനങ്ങളും വരുന്നു.
സെഖര്യാവിന്റെ ഉളളടക്കം
8. നാലു കുതിരക്കാരുടെ ദർശനം യെരുശലേമിനെയും ജനതകളെയും കുറിച്ച് എന്തു പ്രകടമാക്കുന്നു?
8 ഒന്നാം ദർശനം: നാലു കുതിരക്കാർ (1:1-17). “എങ്കലേക്കു തിരിവിൻ . . . ഞാൻ നിങ്ങളുടെ അടുക്കലേക്കും തിരിയും” എന്നു യഹോവ പറയുന്നു, അനന്തരം അവൻ, “ഞാൻ എന്റെ ദാസൻമാരായ പ്രവാചകൻമാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കൻമാരെ തുടർന്നുപിടിച്ചില്ലയോ?” എന്നു ചോദിക്കുന്നു. (1:3, 6) തങ്ങൾക്കു കിട്ടേണ്ടതു കിട്ടിയെന്നു ജനം സമ്മതിക്കുന്നു. ഇപ്പോൾ സെഖര്യാവിന്റെ ഒന്നാമത്തെ ദർശനം പ്രത്യക്ഷപ്പെടുന്നു. രാത്രിയിൽ മുഴുഭൂമിയെയും പരിശോധിച്ചതിനുശേഷം മടങ്ങിവന്നിരിക്കുന്ന നാലു കുതിരക്കാർ യെരുശലേമിനടുത്തുളള വൃക്ഷങ്ങളുടെ ഇടയിൽ നിൽക്കുന്നു, ഭൂമി സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നത് അവർ കണ്ടു. എന്നാൽ അവരുമായി അഭിമുഖം നടത്തുന്ന യഹോവയുടെ ദൂതൻ യെരുശലേമിന്റെ അവസ്ഥയിൽ അസ്വസ്ഥൻ ആണ്. സീയോന്റെ അനർഥത്തിനു കാരണക്കാരായ ജനതകൾക്കെതിരെ യഹോവതന്നെ തന്റെ ഉഗ്രകോപം പ്രഖ്യാപിക്കുന്നു. താൻ തീർച്ചയായും “കരുണയോടെ യെരൂശലേമിങ്കലേക്കു തിരി”ച്ചുവരും എന്ന് അവൻ പറയുന്നു. തന്റെ സ്വന്തം ഭവനം അവളിൽ പണിയപ്പെടും, അവന്റെ നഗരങ്ങൾ “അഭിവൃദ്ധി ഹേതുവായി വിശാലത പ്രാപിക്കും.”—1:16, 17.
9. കൊമ്പുകളെയും ശിൽപ്പികളെയും കുറിച്ചുളള ദർശനം യഹോവ എങ്ങനെ വിശദീകരിക്കുന്നു?
9 രണ്ടാം ദർശനം: കൊമ്പുകളും ശിൽപ്പികളും (1:18-21). യഹൂദയെയും ഇസ്രായേലിനെയും യെരുശലേമിനെയും ചിതറിച്ച നാലു കൊമ്പുകൾ സെഖര്യാവ് കാണുന്നു. അനന്തരം യഹോവ അവനെ നാലു ശിൽപ്പികളെ കാണിച്ചുകൊടുക്കുകയും യഹൂദയെ എതിർക്കുന്ന ജനതകളുടെ കൊമ്പുകൾ തളളിയിടുന്നതിന് ഇവർ വരുമെന്നു വിശദീകരിക്കുകയും ചെയ്യുന്നു.
10. യഹോവ യെരുശലേമിന്റെ അഭിവൃദ്ധിയോടു ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
10 മൂന്നാം ദർശനം: യെരുശലേമിന്റെ അഭിവൃദ്ധി (2:1-13). ഒരു മനുഷ്യൻ യെരുശലേമിനെ അളക്കുന്നതു കാണുന്നു. നഗരം വികസനത്താൽ അനുഗ്രഹിക്കപ്പെടും. യഹോവ അവൾക്കു ചുററുമെല്ലാം ഒരു തീമതിലും അവൾക്കു മധ്യേ ഒരു മഹത്ത്വവുമായിരിക്കും. അവൻ “ഹേ, . . . സീയോനേ, ചാടിപ്പോക” എന്നു വിളിച്ചുപറയുകയും “നിങ്ങളെ തൊടുന്നവൻ അവന്റെ [“എന്റെ,” NW] കൺമണിയെ തൊടുന്നു” എന്ന മുന്നറിയിപ്പു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. (2:7, 8) യഹോവ സീയോനിൽ വസിക്കുന്നതുകൊണ്ട് അവൾ സന്തോഷിക്കും. അനേകം ജനതകൾ യഹോവയോടു ചേരും. സകല ജഡവും യഹോവയുടെ മുമ്പാകെ മൗനമായിരിക്കാൻ കൽപ്പിക്കപ്പെടുന്നു, കാരണം “അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.”—2:13.
11. പുരോഹിതനായ യോശുവ നീതിമത്കരിക്കപ്പെടുന്നത് എങ്ങനെ, അവൻ ഏതു ഗതിക്കു പ്രോത്സാഹിപ്പിക്കപ്പെടുന്നു?
11 നാലാം ദർശനം: യോശുവയുടെ വിടുതൽ (3:1-10). മഹാപുരോഹിതനായ യോശുവ വിചാരണചെയ്യപ്പെടുകയാണ്, സാത്താൻ അവനെ എതിർക്കുകയും യഹോവയുടെ ദൂതൻ സാത്താനെ ശകാരിക്കുകയുമാണ്. യോശുവ “തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊളളിയല്ലയോ?” (3:2) യോശുവ ശുദ്ധീകരിക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടുന്നു, അവന്റെ മുഷിഞ്ഞ വസ്ത്രം മാററി “ഉത്സവവസ്ത്രം” ധരിപ്പിക്കുന്നു. ‘തന്റെ ദാസനായ മുളയെ വരുത്തുന്ന’വനും ഏഴു കണ്ണുളള ഒരു കല്ലു യോശുവയുടെ മുമ്പിൽ വെക്കുന്നവനുമായ യഹോവയുടെ വഴികളിൽ നടക്കാൻ അവൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു.—3:4, 8.
12. ആലയംപണി സംബന്ധിച്ച് ഏതു പ്രോത്സാഹനവും ഉറപ്പും കൊടുക്കപ്പെടുന്നു?
12 അഞ്ചാം ദർശനം: വിളക്കുതണ്ടും ഒലിവുമരങ്ങളും (4:1-14). ഇരു വശങ്ങളിലും രണ്ട് ഒലിവുമരങ്ങൾ നിൽക്കുന്ന, ഏഴു വിളക്കുകളുളള ഒരു പൊൻ വിളക്കുതണ്ടു കാണാൻ ദൂതൻ സെഖര്യാവിനെ ഉണർത്തുന്നു. അവൻ സെരുബ്ബാബേലിനോടുളള യഹോവയുടെ ഈ വാക്കു കേൾക്കുന്നു: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, ദൈവത്തിന്റെ ആത്മാവിനാലത്രേ.’ സെരുബ്ബാബേലിന്റെ മുമ്പിൽ ഒരു ‘മഹാപർവതം’ നിരപ്പാക്കപ്പെടും, ആലയത്തിന്റെ ആണിക്കല്ല് “കൃപ, കൃപ” എന്ന ആർപ്പോടെ വരുത്തപ്പെടും. സെരുബ്ബാബേൽ ആലയത്തിന്റെ അടിസ്ഥാനങ്ങൾ ഇട്ടിരിക്കുന്നു, സെരുബ്ബാബേൽ പണിതീർക്കുകയും ചെയ്യും. ഏഴു വിളക്കുകൾ “സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന” യഹോവയുടെ കണ്ണുകളാണ്. (4:6, 7, 10) രണ്ട് ഒലിവുമരങ്ങൾ യഹോവയുടെ രണ്ട് അഭിഷിക്തൻമാരാണ്.
13-15. പാറിപ്പോകുന്ന ചുരുളിന്റെയും ഏഫാ അളവുപാത്രത്തിന്റെയും നാലു രഥങ്ങളുടെയും ദർശനങ്ങളിൽ എന്തു കാണപ്പെടുന്നു?
13 ആറാം ദർശനം: പാറിപ്പോകുന്ന ചുരുൾ (5:1-4). ഏതാണ്ട് 9 മീററർ നീളവും 4.5 മീററർ വീതിയുമുളള പാറിപ്പോകുന്ന ഒരു ചുരുൾ സെഖര്യാവു കാണുന്നു. മോഷ്ടിക്കുന്നവരും യഹോവയുടെ നാമത്തിൽ കളളസ്സത്യം ചെയ്യുന്നവരുമായ സകലരും നിമിത്തം പുറപ്പെടുന്ന ശാപമാണിത് എന്നു ദൂതൻ വിശദീകരിക്കുന്നു.
14 ഏഴാം ദർശനം: ഏഫാ അളവുപാത്രം (5:5-11). “ദുഷ്ടത” എന്നു പേരുളള ഒരു സ്ത്രീയെ വെളിപ്പെടുത്തിക്കൊണ്ട് ഏതാണ്ട് 22 ലിററർ വരുന്ന ഒരു ഏഫാ അളവുപാത്രത്തിൽനിന്ന് അടപ്പ് ഉയർത്തപ്പെടുന്നു. അവൾ ഏഫയിലേക്കു തിരികെ തളളിക്കയററപ്പെടുന്നു, അനന്തരം അതു ശീനാറിലേക്കു (ബാബിലോൻ) കൊണ്ടുപോകാനും ‘സ്വസ്ഥാനത്തു പാർപ്പിക്കാനും’ ചിറകുളള രണ്ടു സ്ത്രീകളാൽ ആകാശത്തിലേക്ക് ഉയർത്തപ്പെടുന്നു.—5:8, 11.
15 എട്ടാം ദർശനം: നാലു രഥങ്ങൾ (6:1-8). നോക്കൂ! രണ്ടു ചെമ്പുപർവതങ്ങളുടെ ഇടയിൽനിന്നു വ്യത്യസ്തനിറങ്ങളുളള കുതിരകളെ കെട്ടിയിരിക്കുന്ന നാലു രഥങ്ങൾ പ്രത്യക്ഷപ്പെടുന്നു. അവ ആകാശങ്ങളിലെ നാല് ആത്മാക്കളാണ്. ദൂതന്റെ കൽപ്പനപ്രകാരം അവ ഭൂമിയിൽ നടക്കുന്നു.
16. “മുള”യെ സംബന്ധിച്ച് എന്തു പ്രവചിക്കപ്പെടുന്നു?
16 മുള; ആത്മാർഥതയില്ലാത്ത ഉപവാസം (6:9–7:14). മഹാപുരോഹിതനായ യോശുവയുടെ തലയിൽ ഒരു ശ്രേഷ്ഠ കിരീടം വെക്കാൻ യഹോവ ഇപ്പോൾ സെഖര്യാവിനോടു നിർദേശിക്കുന്നു. യഹോവയുടെ ആലയം പണിയുകയും അവന്റെ സിംഹാസനത്തിൽ ഒരു പുരോഹിതനായി ഭരിക്കുകയും ചെയ്യുന്ന “മുള”യെ സംബന്ധിച്ച് അവൻ പ്രാവചനികമായി സംസാരിക്കുന്നു.—6:12.
17. ആരാധന സംബന്ധിച്ച്, യഹോവ എന്ത് ആഗ്രഹിക്കുന്നു, അവന്റെ വാക്കുകളെ എതിർത്തവർക്ക് എന്തു ഫലമുണ്ടായി?
17 സെഖര്യാവ് പ്രവചിക്കാൻ തുടങ്ങി രണ്ടുവർഷം കഴിഞ്ഞ്, കരച്ചിലിന്റെയും ഉപവാസത്തിന്റെയും ചില ഘട്ടങ്ങൾ തുടർന്ന് ആചരിക്കണമോയെന്ന് ആലയപുരോഹിതൻമാരോടു ചോദിക്കാൻ ബെഥേലിൽനിന്ന് ഒരു പ്രതിനിധിസംഘം വന്നെത്തുന്നു. ജനവും പുരോഹിതൻമാരും തങ്ങളുടെ ഉപവാസത്തിൽ യഥാർഥത്തിൽ ആത്മാർഥതയുളളവരാണോയെന്നു യഹോവ സെഖര്യാവുമുഖാന്തരം അവരോടു ചോദിക്കുന്നു. യഹോവ ആഗ്രഹിക്കുന്നത് ‘അനുസരണവും സത്യനീതിയും സ്നേഹദയയും കരുണകളുമാണ്.’ (7:7, 9) യഹൂദർ അവന്റെ പ്രാവചനിക വാക്കുകളെ ശാഠ്യമുളള തോളുകൾകൊണ്ടും എമരിക്കല്ലുകൾകൊണ്ടുളള ഹൃദയങ്ങളാലും ചെറുത്തതുകൊണ്ട് അവൻ അവരെ സർവജനതകളിലും കൊടുങ്കാററിലൂടെ അങ്ങോളമിങ്ങോളം വലിച്ചെറിഞ്ഞിരുന്നു.
18. മഹത്തായ ഏതു പുനഃസ്ഥാപനവാഗ്ദത്തങ്ങൾ യഹോവ നൽകുന്നു?
18 പുനഃസ്ഥാപനം; “പത്തുപേർ” (8:1-23). താൻ സീയോനിലേക്കു മടങ്ങിവരുമെന്നും “സത്യനഗര”മെന്നു വിളിക്കപ്പെടുന്ന യെരുശലേമിൽ വസിക്കുമെന്നും യഹോവ പ്രഖ്യാപിക്കുന്നു. വൃദ്ധജനങ്ങൾ അവളുടെ പൊതു ചത്വരങ്ങളിൽ ഇരിക്കും, കുട്ടികൾ അവിടെ കളിക്കും. സത്യവാനും നീതിമാനുമായ യഹോവക്ക് ഇതു വളരെയധികം പ്രയാസമായിരിക്കയില്ല! “നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിപ്പിൻ” എന്നു പറഞ്ഞുകൊണ്ടു യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിനു സമാധാനസന്തതിയെ വാഗ്ദാനംചെയ്യുന്നു. (8:3, 13) അവർ ഈ കാര്യങ്ങൾ ചെയ്യണം: അന്യോന്യം സത്യസന്ധമായി സംസാരിക്കുകയും സത്യത്തോടെ വിധിക്കുകയും അനർഥകരമായ പദ്ധതികളിൽനിന്നും കളളസ്സത്യങ്ങളിൽനിന്നും ഹൃദയങ്ങളെ വിമുക്തമാക്കുകയും വേണം. എന്തിന്, അനേകം നഗരങ്ങളിലെ ആളുകൾ യഹോവയെ അന്വേഷിക്കാൻ ആത്മാർഥമായി കയറിപ്പോകുന്നതിന് അന്യോന്യം ക്ഷണിക്കുന്ന കാലം വരും, സകല ഭാഷകളിലുംനിന്നുളള “പത്തുപേർ” “ഒരു യഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു” ദൈവജനത്തോടുകൂടെ പോകും.—8:23.
19. ഏതു കഠിനമായ പ്രഖ്യാപനങ്ങൾ പിന്തുടരുന്നു, എന്നാൽ യെരുശലേമിന്റെ രാജാവിനെ സംബന്ധിച്ച് എന്തു പറയുന്നു?
19 ജനതകൾക്കും കളള ഇടയൻമാർക്കും എതിരായ പ്രഖ്യാപനങ്ങൾ (9:1–11:17). 9 മുതൽ 14 വരെയുളള അധ്യായങ്ങളടങ്ങിയ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തു സെഖര്യാവ് ദൃഷ്ടാന്തകഥാപരമായ ദർശനങ്ങളിൽനിന്നു കൂടുതൽ സാധാരണമായ പ്രവാചക ശൈലിയിലേക്കു തിരിയുന്നു. അവൻ പാറകൾനിറഞ്ഞ ദ്വീപനഗരമായ സോർ ഉൾപ്പെടെയുളള വിവിധ നഗരങ്ങൾക്കെതിരെ കഠിനമായ ഒരു പ്രഖ്യാപനത്തോടെ തുടങ്ങുന്നു. സന്തോഷപ്രദമായ വിജയാഹ്ലാദത്തോടെ ആർപ്പിടാൻ യെരുശലേമിനോടു പറയുന്നു, എന്തുകൊണ്ടെന്നാൽ “ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുളളവനും ആയി കഴുതപ്പുറത്തു . . . കയറിവരുന്നു.” (9:9) യുദ്ധരഥങ്ങളും വില്ലും ഛേദിച്ചുകൊണ്ട് ഈ ഒരുവൻ ജനതകളോടു സമാധാനം കൽപ്പിക്കുകയും ഭൂമിയുടെ അററങ്ങളോളം ഭരിക്കുകയും ചെയ്യും. യഹോവ തന്റെ ജനത്തിനുവേണ്ടി ഗ്രീസിനെതിരെ യുദ്ധം ചെയ്യും, അവൻ അവരെ രക്ഷിക്കും. “എന്തെന്നാൽ ഹാ അവന്റെ നൻമ എത്ര മഹത്താകുന്നു, അവന്റെ സൗന്ദര്യവും എത്ര മഹത്താകുന്നു!” (9:17, NW) മഴ നൽകുന്നവനായ യഹോവ ആഭിചാരകൻമാരെയും വ്യാജ ഇടയൻമാരെയും കുററംവിധിക്കുന്നു. അവൻ യഹൂദാഗൃഹത്തെ മികച്ചതും എഫ്രയീമിൽപ്പെട്ടവരെ ഒരു ബലവാനെപ്പോലെയുമാക്കും. വീണ്ടെടുക്കപ്പെട്ടവരെ സംബന്ധിച്ചാണെങ്കിൽ, “അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും . . . അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും.”—10:7, 12.
20. “ഇമ്പം” “ഒരുമ” എന്നീ കോലുകൾകൊണ്ട് ഏതു പ്രതീകങ്ങൾ അഭിനയിക്കപ്പെടുന്നു?
20 “ഞാൻ ധനവാനായ്തീർന്നതുകൊണ്ടു യഹോവെക്കു സ്തോത്രം” എന്നു പറയുന്ന സഹതാപമില്ലാത്ത ഇടയൻമാർ കശാപ്പിനു വിററുകളഞ്ഞ ആട്ടിൻകൂട്ടത്തെ മേയിക്കാൻ സെഖര്യാവ് ഇപ്പോൾ നിയോഗിക്കപ്പെടുന്നു. (11:5) പ്രവാചകൻ രണ്ടു കോലുകൾ എടുത്ത് അവയ്ക്ക് “ഇമ്പ”മെന്നും “ഒരുമ” എന്നും പേർവിളിക്കുന്നു. (11:7) “ഇമ്പ”ത്തെ ഒടിച്ചുകൊണ്ട് അവൻ ലംഘിക്കപ്പെട്ട ഒരു ഉടമ്പടിയെ പ്രതീകപ്പെടുത്തുന്നു. പിന്നീട് അവൻ തന്റെ കൂലി ആവശ്യപ്പെടുന്നു, അവർ അവന് 30 വെളളിക്കാശ് തൂക്കിക്കൊടുക്കുന്നു. അതു ഭണ്ഡാരത്തിലെറിയാൻ യഹോവ സെഖര്യാവിനോട് ആജ്ഞാപിക്കുകയും മികച്ച പരിഹാസത്തോടെ “അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില” എന്നു പറയുകയും ചെയ്യുന്നു. (11:13) ഇപ്പോൾ “ഒരുമ” എന്ന കോൽ ഒടിക്കുന്നു, യഹൂദയുടെയും ഇസ്രായേലിന്റെയും സാഹോദര്യത്തെ തകർത്തുകൊണ്ടുതന്നെ. യഹോവയുടെ ആടുകളെ അവഗണിച്ചിരിക്കുന്ന വ്യാജ ഇടയൻമാരുടെമേൽ ഒരു വാൾ വരും.
21. (എ) യെരുശലേമിനെതിരെ യുദ്ധംചെയ്യുന്നവർക്കെതിരായ യഹോവയുടെ ന്യായവിധി എന്താണ്? (ബി) ഏതു ചിതറിക്കലും ശുദ്ധീകരണവും മുൻകൂട്ടിപ്പറയുന്നു?
21 യഹോവ യുദ്ധംചെയ്യുന്നു, രാജാവായിത്തീരുന്നു (12:1–14:21). മറെറാരു പ്രഖ്യാപനം തുടങ്ങുന്നു. യഹോവ യെരുശലേമിനെ ആളുകൾ ആടിനടക്കാൻ ഇടയാക്കുന്ന ഒരു പാത്രവും ഉയർത്തുന്ന എല്ലാവരെയും പോറലേൽപ്പിക്കുന്ന ഭാരമുളള ഒരു കല്ലുമാക്കിത്തീർക്കും. യെരുശലേമിനു നേരെ വരുന്ന സകല ജനതകളെയും അവൻ ഉൻമൂലനം ചെയ്യും. ദാവീദിന്റെ ഗൃഹത്തിൻമേൽ യഹോവ അനുഗ്രഹത്തിന്റെയും അഭ്യർഥനകളുടെയും ആത്മാവിനെ പകരും. ആളുകൾ തങ്ങളെ കുത്തിത്തുളച്ചവനിലേക്കു നോക്കുകയും “ഏകപുത്രനെക്കുറിച്ചു വിലപിക്കുന്നതുപോലെ” അവനെക്കുറിച്ചു വ്യസനിക്കുകയും ചെയ്യും. (12:10, NW) സൈന്യങ്ങളുടെ യഹോവ സകല വിഗ്രഹങ്ങളുടെയും കളളപ്രവാചകൻമാരുടെയും ഛേദനം പ്രഖ്യാപിക്കുന്നു; അങ്ങനെയുളള ഒരുവൻ ലജ്ജയിൽ തന്റെ പ്രവാചക അങ്കി നീക്കംചെയ്യത്തക്കവണ്ണം അവന്റെ മാതാപിതാക്കൾതന്നെ അവനെ മുറിവേൽപ്പിക്കണം. യഹോവയുടെ സഹ ഇടയനെ വെട്ടുകയും ആടുകൾ ചിതറിപ്പോകുകയും ചെയ്യേണ്ടതാണ്. എന്നാൽ തന്റെ നാമത്തെ വിളിച്ചപേക്ഷിക്കേണ്ടതിന്നു യഹോവ “മൂന്നിൽ ഒരംശ”ത്തെ ശുദ്ധീകരിക്കും. “അവർ എന്റെ ജനം” എന്നു യഹോവ പറയും, “യഹോവ എന്റെ ദൈവം” എന്ന് അത ഉത്തരം പറയും.—13:9.
22. ‘യഹോവയുടേതായ ദിവസ’ത്തിൽ ജനതകൾക്കും യെരുശലേമിനും എന്തു സംഭവിക്കാനിരിക്കുന്നു?
22 “യഹോവയുടെ ഒരു ദിവസം വരുന്നു.” സകല ജനതകളും യെരുശലേമിനെ ആക്രമിക്കും. ഒരു ശേഷിപ്പിനെ പിമ്പിൽ വിട്ടുകൊണ്ടു നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകും. അപ്പോൾ, യഹോവ പുറപ്പെട്ടു, “താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ,” ആ ജനതകൾക്കെതിരെ യുദ്ധംചെയ്യും. (14:1, 3) യെരുശലേമിനു കിഴക്കുളള ഒലിവുമല അഭയംതേടാനുളള ഒരു താഴ്വര ഉളവാക്കിക്കൊണ്ടു കിഴക്കു പടിഞ്ഞാറായി പിളരും. അന്നാളിൽ വേനലിലും വർഷത്തിലും ജീവനുളള വെളളം യെരുശലേമിൽനിന്നു കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകും, “യഹോവ സർവ്വഭൂമിക്കും രാജാവാകും.” (14:9) യെരുശലേം സുരക്ഷിതത്വം ആസ്വദിക്കെ, യഹോവ അവൾക്കെതിരെ യുദ്ധംചെയ്യുന്നവരെ ശിക്ഷിക്കും. അവർ നിൽക്കുമ്പോൾ, അവരുടെ മാംസവും കണ്ണുകളും നാവുകളും അഴുകിപ്പോകും. അവരെ കലക്കം ബാധിക്കും. ഓരോരുത്തരുടെയും കൈ അയാളുടെ അയൽക്കാരന്റേതിനെതിരെ തിരിയും. സകല ജനതകളിലും ജീവനോടെ ശേഷിക്കുന്നവർ “സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും . . . ആണ്ടുതോറും വരും.”—14:16.
എന്തുകൊണ്ടു പ്രയോജനപ്രദം
23. സെഖര്യാവിന്റെ രേഖ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരിക്കുന്നത് എങ്ങനെ?
23 സെഖര്യാവിന്റെ പ്രവചനം പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന സകലരും വിശ്വാസത്തെ ബലപ്പെടുത്തുന്ന പരിജ്ഞാനം സമ്പാദിക്കുന്നതിൽനിന്നു പ്രയോജനമനുഭവിക്കും. തന്റെ ജനത്തിൽ ആവശ്യാനുസരണം ശക്തി നിറച്ചുകൊണ്ട് അവർക്കുവേണ്ടി പോരാടുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഏകനെന്ന നിലയിൽ “സൈന്യങ്ങളുടെ യഹോവ”യിലേക്കു സെഖര്യാവ് 50-ൽപ്പരം പ്രാവശ്യം ശ്രദ്ധ ക്ഷണിക്കുന്നു. ആലയംപണിയുടെ പൂർത്തീകരണത്തെ പർവതസമാനമായ എതിർപ്പു ഭീഷണിപ്പെടുത്തിയപ്പോൾ, സെഖര്യാവ് ഇങ്ങനെ പ്രഖ്യാപിച്ചു: “സെരുബ്ബാബേലിനോടുളള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുളള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായിത്തീരും.” യഹോവയുടെ ആത്മാവിന്റെ സഹായത്താൽ ആലയം പൂർത്തിയാക്കപ്പെട്ടു. അതുപോലെ ഇന്നു യഹോവയിലുളള വിശ്വാസത്തോടെ കൈകാര്യംചെയ്താൽ പ്രതിബന്ധങ്ങൾ ഉരുകിപ്പോകും. അതു യേശു തന്റെ ശിഷ്യരോടു പറഞ്ഞതുപോലെയാണ്: “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു ഇവിടെനിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും. നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല.”—സെഖ. 4:6, 7; മത്താ. 17:21.
24. സെഖര്യാവു 13-ാം അധ്യായത്തിൽ വിശ്വസ്തതയുടെ ഏതു ദൃഷ്ടാന്തം നൽകപ്പെടുന്നു?
24 പതിമൂന്നാം അധ്യായം 2 മുതൽ 6 വരെയുളള വാക്യങ്ങളിൽ സെഖര്യാവ് ഇന്നോളം യഹോവയുടെ സ്ഥാപനത്തിന്റെ അടയാളമായിരിക്കുന്ന വിശ്വസ്തതയെ ചിത്രീകരിക്കുന്നു. ഇത് അടുത്ത ജഡരക്തബന്ധുക്കളുടേതുപോലുള്ള ഏതു മാനുഷബന്ധത്തെയും കവിയേണ്ടതാണ്. ഒരു അടുത്ത ബന്ധു യഹോവയുടെ നാമത്തിൽ വ്യാജം പ്രവചിക്കുകയാണെങ്കിൽ, അതായതു രാജ്യദൂതിനു വിപരീതമായി സംസാരിക്കുകയും ദൈവജനത്തിന്റെ ഇടയിലെ മററുളളവരെ തെററായി സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്താൽ ആ ഒരുവന്റെ കുടുംബാംഗങ്ങൾ സഭ സ്വീകരിച്ചേക്കാവുന്ന ഏതു നീതിന്യായ നടപടിയെയും വിശ്വസ്തമായി പിന്താങ്ങണം. വ്യാജമായി പ്രവചിക്കുന്ന ഏത് ഉററ സഹവാസിയുടെ കാര്യത്തിലും ഇതേ നിലപാടു സ്വീകരിക്കേണ്ടതാണ്, തന്നിമിത്തം അയാൾ തന്റെ തെററായ പ്രവൃത്തി നിമിത്തം ലജ്ജിതനും ഹൃദയത്തിൽ വ്രണിതനുമായിത്തീർന്നേക്കാം.
25. സെഖര്യാവിലെ പ്രവചനങ്ങൾ “മുള”യായ മിശിഹായെയും യഹോവയുടെ കീഴിലെ മഹാപുരോഹിതനും രാജാവുമെന്ന നിലയിലുളള അവന്റെ ഉദ്യോഗത്തെയും തിരിച്ചറിയിക്കുന്നതിൽ മററു തിരുവെഴുത്തുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
25 നമ്മുടെ ആമുഖ ഖണ്ഡികകൾ പ്രകടമാക്കിയതുപോലെ, ‘താഴ്മയുളളവനായി ഒരു കഴുതയുടെ പുറത്തു കയറി’ രാജാവെന്ന നിലയിൽ യെരുശലേമിലേക്കുളള യേശുവിന്റെ പ്രവേശനവും “മുപ്പതു വെളളിക്കാശു” വാങ്ങി അവനെ ഒററിക്കൊടുത്തതും ആ സമയത്തെ അവന്റെ ശിഷ്യരുടെ ചിതറിപ്പോക്കും ദണ്ഡനസ്തംഭത്തിൽ പടയാളിയുടെ കുന്തത്താൽ കുത്തിത്തുളയ്ക്കപ്പെട്ടതുമെല്ലാം കൃത്യമായ വിശദാംശങ്ങളോടെ സെഖര്യാവ് മുൻകൂട്ടിപ്പറഞ്ഞു. (സെഖ. 9:9; 11:12; 13:7; 12:10) പ്രവചനം, “മുള” യഹോവയുടെ ആലയനിർമാതാവ് ആണെന്നും പറയുന്നു. യെശയ്യാവു 11:1-10; യിരെമ്യാവു 23:5; ലൂക്കൊസ് 1:32, 33 എന്നിവയുടെ ഒരു താരതമ്യം “യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കു”ന്ന യേശുക്രിസ്തുവാണ് ഈ ഒരുവനെന്നു പ്രകടമാക്കുന്നു. “മുള” ‘സിംഹാസനത്തിൽ പുരോഹിതനായിരിക്കു’മെന്നു സെഖര്യാവു വർണിക്കുന്നു, അതു “യേശു മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി,” കൂടാതെ അവൻ “സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇരുന്നവനായി” എന്ന അപ്പോസ്തലനായ പൗലൊസിന്റെ വാക്കുകളോടു ബന്ധപ്പെടുന്നു. (സെഖ. 6:12, 13; എബ്രാ. 6:20; 8:1) അങ്ങനെ പ്രവചനം സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്തെ മഹാപുരോഹിതനും രാജാവുമെന്ന നിലയിൽ “മുള”യിലേക്കു വിരൽചൂണ്ടുന്നു, അതേ സമയം അതു യഹോവയെ സകലരുടെയുംമേലുളള പരമാധികാര ഭരണകർത്താവായി പ്രഖ്യാപിക്കുന്നു: “യഹോവ സർവ്വ ഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവുമായിരിക്കും.”—സെഖ. 14:9.
26. ഏതു മഹത്തായ “ദിവസ”ത്തെ സെഖര്യാവ് ആവർത്തിച്ചു പരാമർശിക്കുന്നു?
26 പ്രവാചകൻ ആ കാലത്തെ പരാമർശിച്ചുകൊണ്ട് “അന്നാളിൽ” [NW] എന്ന പദപ്രയോഗം 20 പ്രാവശ്യം ആവർത്തിക്കുന്നു. അത് അവന്റെ പ്രവചനത്തെ ഉപസംഹരിക്കുകപോലും ചെയ്യുന്നു. അതു കാണപ്പെടുന്ന വിവിധ സന്ദർഭങ്ങളുടെ പരിശോധന യഹോവ വിഗ്രഹങ്ങളുടെ പേരുകൾ ഛേദിച്ചുകളകയും കളളപ്രവാചകൻമാരെ നീക്കുകയും ചെയ്യുന്ന നാളാണതെന്നു പ്രകടമാക്കുന്നു. (13:2, 4) അതു യഹോവ ആക്രമണകാരികളായ ജനതകളോടു യുദ്ധംചെയ്യുകയും അവരെ നിർമൂലമായി നശിപ്പിക്കുകയും ചെയ്യവേ അവരുടെ അണികളിൽ അങ്കലാപ്പു പരത്തുമ്പോൾ തന്റെ സ്വന്തം ജനത്തിന് ഒരു അഭയമായി ‘തന്റെ മലകളുടെ താഴ്വര’ നൽകുന്ന ദിവസമാണ്. (14:1-5, 13; 12:8, 9) അതെ, “അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻകൂട്ടത്തെപ്പോലെ രക്ഷിക്കും.” അവർ മുന്തിരിവളളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽനിന്ന് അന്യോന്യം വിളിക്കും. (സെഖ. 9:16; 3:10; മീഖാ 4:4) അതു സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ “മദ്ധ്യേ വസിക്കുന്ന”തും “ജീവനുളള വെളളം യെരൂശലേമിൽനിന്നു” പുറപ്പെടുന്നതുമായ മഹത്തായ ദിവസമായിരിക്കും. സെഖര്യാവിന്റെ ഈ വാക്കുകൾ “അന്നാളിലെ” സംഭവങ്ങളെ രാജ്യവാഗ്ദത്തപ്രകാരമുളള ‘പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും’ മുന്നോടികളായി തിരിച്ചറിയിക്കുന്നു.—സെഖ. 2:11; 14:8; വെളി. 21:1-3; 22:1.
27. സെഖര്യാവിന്റെ പ്രവചനം യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിൻമേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെ?
27 “ചെറിയ കാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിച്ചിരിക്കുന്നു?,” യഹോവ ചോദിക്കുന്നു. നോക്കൂ! ഈ അഭിവൃദ്ധി മുഴു ഭൂമിയെയും ഉൾക്കൊളളിക്കേണ്ടതാണ്: ‘അനേകം ജനങ്ങളും ശക്തമായ ജനതകളും യെരുശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കാൻ യഥാർഥമായി വരും, ജനതകളുടെ സകല ഭാഷകളിലും നിന്നു പത്തു പുരുഷൻമാർ ഒരു യഹൂദനായ മമനുഷ്യന്റെ വസ്ത്രം പിടിച്ചുകൊണ്ട്: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.”’ “അന്നാളിൽ” കുതിരകളുടെ മണികൾപോലും “വിശുദ്ധി യഹോവയ്ക്കുളളതാകുന്നു” എന്ന വാക്കുകൾ വഹിക്കും. ഈ ഹൃദയോദ്ദീപകമായ പ്രവചനങ്ങൾ പരിചിന്തിക്കുന്നത് ഏററവും പ്രയോജനപ്രദമാണ്, എന്തുകൊണ്ടെന്നാൽ അവ യഹോവയുടെ നാമം അവന്റെ രാജ്യസന്തതിമുഖേന തീർച്ചയായും വിശുദ്ധീകരിക്കപ്പെടുമെന്നു പ്രകടമാക്കുന്നു!—സെഖ. 4:10; 8:22, 23; 14:20, NW.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 531, 1136.
b എൻസൈക്ലോപീഡിയ ജൂഡായിക്കാ, 1973 വാല്യം 4, കോളം 828; തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 1080-1.