പാഠം 42
വിവാഹത്തെക്കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
വിവാഹം കഴിച്ചാലേ സന്തോഷം കിട്ടുകയുള്ളൂ എന്നാണു ചിലർ കരുതുന്നത്. വിവാഹം കഴിച്ചവരെല്ലാം സന്തോഷമുള്ളവരാണോ? അല്ല. വിവാഹം കഴിക്കാത്തവർക്കൊന്നും സന്തോഷം ഇല്ലെന്നാണോ? അതുമല്ല. ഏകാകിയായി തുടരുന്നതിനും വിവാഹം കഴിക്കുന്നതിനും, രണ്ടിനും അതിന്റേതായ പ്രയോജനമുണ്ടെന്നാണു ബൈബിൾ പറയുന്നത്.
1. ഏകാകിയായിരിക്കുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്?
ബൈബിൾ പറയുന്നു: “വിവാഹം കഴിക്കുന്നെങ്കിൽ അതും നല്ലതാണ്. എന്നാൽ വിവാഹം കഴിക്കാതിരിക്കുന്നെങ്കിൽ അതാണു കുറച്ചുകൂടെ നല്ലത്.” (1 കൊരിന്ത്യർ 7:32, 33, 38 വായിക്കുക.) ഏകാകിയായിരിക്കുന്നതാണ് ‘കുറച്ചുകൂടെ നല്ലതെന്ന്’ ബൈബിൾ പറയുന്നത് എന്തുകൊണ്ട്? വിവാഹം കഴിച്ചവർക്ക് ഇണയുടെ കാര്യങ്ങൾ നോക്കണം. എന്നാൽ ഏകാകികൾക്ക് അതിന്റെ ആവശ്യമില്ല, അതുകൊണ്ടുതന്നെ അവർക്കു കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടാകും. അത് യഹോവയുടെ സേവനത്തിൽ കൂടുതലായി പല കാര്യങ്ങളും ചെയ്യാൻ അവർക്ക് അവസരം കൊടുക്കുന്നു. ഉദാഹരണത്തിന്, സന്തോഷവാർത്ത പ്രസംഗിക്കാൻ ദൂരെ ഒരു സ്ഥലത്തേക്കു പോകുന്നതുപോലുള്ള കാര്യങ്ങളിൽ. എന്നാൽ ഏറ്റവും വലിയ പ്രയോജനം, യഹോവയോട് അടുക്കുന്നതിന് അവർക്കു കൂടുതൽ സമയം കിട്ടും എന്നതാണ്.
2. നിയമപരമായി വിവാഹം ചെയ്യുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങൾ എന്താണ്?
വിവാഹം കഴിക്കുന്നതുകൊണ്ടും അതിന്റേതായ ചില പ്രയോജനങ്ങളുണ്ട്. ബൈബിൾ പറയുന്നത്, “ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്” എന്നാണ്. (സഭാപ്രസംഗകൻ 4:9) പ്രത്യേകിച്ച്, ബൈബിൾതത്ത്വങ്ങൾ അനുസരിച്ച് തങ്ങളുടെ വിവാഹജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഇതു വളരെ ശരിയാണ്. നിയമപരമായി വിവാഹിതരാകുന്ന ദമ്പതികൾ പരസ്പരം സ്നേഹിക്കാമെന്നും ആദരിക്കാമെന്നും പരിപാലിക്കാമെന്നും കൂടിയാണു വാക്കു കൊടുക്കുന്നത്. അതുകൊണ്ട്, വെറുതെ ഒരുമിച്ച് ജീവിക്കുന്ന സ്ത്രീപുരുഷന്മാരെക്കാൾ കൂടുതൽ സുരക്ഷിതത്വവും കെട്ടുറപ്പും നിയമപരമായി വിവാഹംചെയ്ത് ജീവിക്കുന്നവർക്കുണ്ട്. മക്കളുടെ ഭാവിക്കും അതു വളരെ പ്രധാനമാണ്.
3. വിവാഹത്തെക്കുറിച്ച് യഹോവ എന്താണു പറയുന്നത്?
യഹോവ ആദ്യത്തെ വിവാഹം നടത്തിയപ്പോൾ ഇങ്ങനെയാണു പറഞ്ഞത്: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും.” (ഉൽപത്തി 2:24) ജീവിച്ചിരിക്കുന്നിടത്തോളം കാലം ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിക്കുകയും ഒന്നിച്ചുകഴിയുകയും വേണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. യഹോവ വിവാഹമോചനത്തിന് അനുവദിക്കുന്ന ഒരേ ഒരു കാരണം ഇണകളിൽ ഒരാൾ വ്യഭിചാരം ചെയ്യുന്നതാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ വിവാഹമോചനം വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം യഹോവ നിരപരാധിയായ ഇണയ്ക്കു കൊടുത്തിട്ടുണ്ട്.a (മത്തായി 19:9) ക്രിസ്ത്യാനികൾക്ക് ഒന്നിൽ കൂടുതൽ ഇണകളെ യഹോവ അനുവദിക്കുന്നില്ല.—1 തിമൊഥെയൊസ് 3:2.
ആഴത്തിൽ പഠിക്കാൻ
വിവാഹിതനാണെങ്കിലും അല്ലെങ്കിലും യഹോവയെ സന്തോഷിപ്പിക്കാനും സന്തോഷത്തോടെയിരിക്കാനും എങ്ങനെ കഴിയുമെന്നു നോക്കാം.
4. ഏകാകിത്വം എന്ന വരം നന്നായി ഉപയോഗിക്കുക
ഏകാകിയായിരിക്കുന്നത് ഒരു വരമായിട്ടാണ് അല്ലെങ്കിൽ സമ്മാനമായിട്ടാണ് യേശു കണ്ടത്. (മത്തായി 19:11, 12) മത്തായി 4:23 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
തന്റെ പിതാവിനെ സേവിക്കാനും മറ്റുള്ളവരെ സഹായിക്കാനും വേണ്ടി യേശു ഏകാകിത്വം എന്ന വരം ഉപയോഗിച്ചത് എങ്ങനെ?
ഏകാകികളായ ക്രിസ്ത്യാനികൾക്ക് യേശുവിനെപ്പോലെ സന്തോഷമുള്ളവരായിരിക്കാം. വീഡിയോ കാണുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
ഏകാകികളായ ക്രിസ്ത്യാനികൾക്ക് അവരുടെ സാഹചര്യം നന്നായി ഉപയോഗിക്കാൻ എങ്ങനെ കഴിയും?
നിങ്ങൾക്ക് അറിയാമോ?
വിവാഹം കഴിക്കാനുള്ള പ്രായം എത്രയാണ് എന്നൊന്നും ബൈബിൾ പറയുന്നില്ല. എന്നാൽ ‘നവയൗവനം പിന്നിട്ടതിനു ശേഷം’ ഒരു വ്യക്തി വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതാണു നല്ലതെന്നു ബൈബിൾ പറയുന്നു. കാരണം ലൈംഗികാഗ്രഹങ്ങൾ വളരെ ശക്തമായിരിക്കുന്ന സമയമാണ് നവയൗവനം. ആ സമയത്ത് നല്ലൊരു തീരുമാനമെടുക്കുന്നതു വളരെ ബുദ്ധിമുട്ടായിരിക്കും.—1 കൊരിന്ത്യർ 7:36.
5. വിവാഹയിണയെ തിരഞ്ഞെടുക്കുക, ജ്ഞാനത്തോടെ
ജീവിതത്തിൽ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഒന്നാണ് ആരെ വിവാഹം കഴിക്കണം എന്നത്. മത്തായി 19:4-6, 9 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
വേണ്ട വിധത്തിൽ ചിന്തിക്കാതെ ധൃതിപിടിച്ച് ഒരു ക്രിസ്ത്യാനി വിവാഹം ചെയ്യരുതാത്തത് എന്തുകൊണ്ട്?
നല്ല വിവാഹയിണയ്ക്കു വേണ്ട ഗുണങ്ങൾ എന്തൊക്കെയായിരിക്കണം എന്നു മനസ്സിലാക്കാൻ ബൈബിൾ സഹായിക്കും. യഹോവയെ സ്നേഹിക്കുന്ന ഒരു വിവാഹയിണയെ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.b 1 കൊരിന്ത്യർ 7:39; 2 കൊരിന്ത്യർ 6:14 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
സഹക്രിസ്ത്യാനിയെ മാത്രമേ വിവാഹം കഴിക്കാവൂ എന്നു പറയുന്നത് എന്തുകൊണ്ടാണ്?
യഹോവയെ സ്നേഹിക്കാത്ത ഒരാളെ നമ്മൾ വിവാഹം ചെയ്താൽ യഹോവയ്ക്ക് എന്തായിരിക്കും തോന്നുക?
6. വിവാഹബന്ധത്തെക്കുറിച്ച് യഹോവ പറയുന്നതു ശ്രദ്ധിക്കുക
പണ്ട് ഇസ്രായേലിൽ ഉണ്ടായിരുന്ന ചില പുരുഷന്മാർ സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി അവരുടെ ഭാര്യമാരെ വിവാഹമോചനം ചെയ്തു. മലാഖി 2:13, 14, 16 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
വ്യഭിചാരം എന്ന കാരണത്താലല്ലാതെ വിവാഹമോചനം ചെയ്യുന്നതിനെ യഹോവ വെറുക്കുന്നത് എന്തുകൊണ്ട്?
വീഡിയോ കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യം ചർച്ച ചെയ്യുക.
യഹോവയെ സേവിക്കാത്ത ഒരാളാണ് നിങ്ങളുടെ ഇണയെങ്കിലും നിങ്ങൾക്ക് എങ്ങനെ വിവാഹജീവിതം സന്തോഷകരമാക്കാം?
7. വിവാഹജീവിതത്തിൽ യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ പാലിക്കുക
വിവാഹജീവിതത്തിൽ യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾ പാലിക്കുന്നതിന് ഒരു വ്യക്തിക്കു നല്ല ശ്രമം ചെയ്യേണ്ടിവന്നേക്കാം.c എന്നാൽ അങ്ങനെ ചെയ്യുന്നവരെ യഹോവ അനുഗ്രഹിക്കും. വീഡിയോ കാണുക.
എബ്രായർ 13:4 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
വിവാഹത്തെക്കുറിച്ച് യഹോവ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ന്യായമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ, എന്തുകൊണ്ട്?
ക്രിസ്ത്യാനികളുടെ വിവാഹത്തിനും വിവാഹമോചനത്തിനും നിയമാംഗീകാരമുണ്ടായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. കാരണം, മിക്ക രാജ്യങ്ങളിലും ഗവൺമെന്റ് അത് ആവശ്യപ്പെടുന്നുണ്ട്. തീത്തോസ് 3:1 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നിങ്ങൾ വിവാഹിതനാണെങ്കിൽ നിങ്ങളുടെ വിവാഹത്തിന് നിയമാംഗീകാരമുണ്ടോ?
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “ഒരുമിച്ച് താമസിക്കുന്നതിലെന്താ കുഴപ്പം? കല്യാണം കഴിക്കണമെന്ന് എന്താണ് ഇത്ര നിർബന്ധം?”
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
ചുരുക്കത്തിൽ
ഏകാകിയായി ജീവിക്കുന്നതും വിവാഹം കഴിച്ച് ജീവിക്കുന്നതും യഹോവയിൽനിന്നുള്ള സമ്മാനങ്ങളാണ്. രണ്ടിനും അതിന്റേതായ സന്തോഷവും സംതൃപ്തിയും തരാൻ കഴിയും. പക്ഷേ നമ്മുടെ ജീവിതം യഹോവ പറയുന്നതുപോലെ ആയിരിക്കണമെന്നു മാത്രം.
ഓർക്കുന്നുണ്ടോ?
ഏകാകിയായിരിക്കുന്ന കാലം ഒരാൾക്ക് എങ്ങനെയാണു നന്നായി ഉപയോഗിക്കാൻ കഴിയുന്നത്?
സഹക്രിസ്ത്യാനിയെ മാത്രമേ വിവാഹം കഴിക്കാവൂ എന്നു ബൈബിൾ പറയുന്നത് എന്തുകൊണ്ട്?
വിവാഹമോചനത്തിനുള്ള ഒരേ ഒരു തിരുവെഴുത്തടിസ്ഥാനം എന്താണ്?
കൂടുതൽ മനസ്സിലാക്കാൻ
‘കർത്താവിൽ മാത്രമേ വിവാഹം കഴിക്കാവൂ’ എന്നു പറഞ്ഞാൽ എന്താണ് അർഥം?
“വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” (വീക്ഷാഗോപുരം 2004 ജൂലൈ 1)
ഡേറ്റിങ്ങിന്റെ കാര്യത്തിലും വിവാഹത്തിന്റെ കാര്യത്തിലും നല്ല തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന രണ്ടു വീഡിയോ അവതരണങ്ങൾ കാണുക.
വിട്ടുകളഞ്ഞതിനെക്കാൾ ഏറെ വിലയുള്ള കാര്യങ്ങൾ യഹോവ തനിക്കു തന്നെന്ന് ഒരു സഹോദരൻ പറയുന്നു. അനുഭവം കാണാം.
വിവാഹമോചനം ചെയ്യാനോ വേർപിരിഞ്ഞുനിൽക്കാനോ തീരുമാനിക്കുന്നതിനു മുമ്പ് ഒരു വ്യക്തി എന്തൊക്കെ കാര്യങ്ങൾ ചിന്തിക്കണം?
“‘ദൈവം കൂട്ടിച്ചേർത്തതിനെ’ ആദരിക്കുക” (വീക്ഷാഗോപുരം 2018 ഡിസംബർ)
a വ്യഭിചാരം ഉൾപ്പെടാത്ത സാഹചര്യങ്ങളിൽ വേർപിരിഞ്ഞ് താമസിക്കുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്? പിൻകുറിപ്പ് 4 കാണുക.
b ചില സ്ഥലങ്ങളിൽ മാതാപിതാക്കളാണ് മക്കൾക്കുവേണ്ടി വിവാഹയിണയെ കണ്ടെത്തുന്നത്. സ്നേഹമുള്ള മാതാപിതാക്കൾ പണത്തിനോ സമൂഹത്തിലെ നിലയ്ക്കോ ഒന്നുമല്ല ഒന്നാം സ്ഥാനം കൊടുക്കുന്നത്, മറിച്ച് യഹോവയെ സ്നേഹിക്കുന്ന വ്യക്തിയാണോ എന്നതിനാണ്.
c നിങ്ങൾ വിവാഹം കഴിക്കാതെയാണ് ഒരാളോടൊപ്പം ജീവിക്കുന്നതെങ്കിൽ ആ വ്യക്തിയെ വിവാഹം കഴിക്കണോ അതോ ഉപേക്ഷിക്കണോ എന്നു തീരുമാനിക്കേണ്ടതു നിങ്ങളാണ്.