കുപ്രസിദ്ധ “വേശ്യ” അവളുടെ വീഴ്ച
“അവൾ വീണിരിക്കുന്നു! തന്റെ ദുർവൃത്തിയുടെ ക്രോധവീഞ്ഞ് സകല ജനതകളെയും കുടിപ്പിച്ചവളായ മഹാബാബിലോൻ വീണിരിക്കുന്നു!”—വെളിപ്പാട് 14:8.
1.ആ കുപ്രസിദ്ധ “വേശ്യ” ആരാണ്, നാം അവളെക്കുറിച്ച് അറിയേണ്ടതെന്തുകൊണ്ട്?
ആ കുപ്രസിദ്ധ “വേശ്യ”—അവൾ ആരാണ്? നാം അവളെക്കുറിച്ച് സംസാരിക്കേണ്ടതെന്തുകൊണ്ട്? രോമാഞ്ചജനകങ്ങളായ നോവലുകളും ചലച്ചിത്രങ്ങളും ററി.വി.യും വീഡിയോകളും ദുർമ്മാർഗ്ഗത്തിന്റെ വെറുപ്പിക്കുന്ന ഡോസുകൾ വേണ്ടത്ര വിളമ്പുന്നില്ലേ? സത്യംതന്നെ! എന്നാൽ ഇത് സാധാരണ നിശാവനിതയല്ല. അവൾ യഥാർത്ഥത്തിൽ സകല ചരിത്രത്തിലും വച്ച് ഏററം സ്വാധീനമുള്ള, ഏററം കുപ്രസിദ്ധയായ, ഏററം നിഷ്ഠുരയായ, വേശ്യയാണ്. അവൾ 4,000-ത്തിലധികം വർഷമായി തന്റെ പ്രേമാനുകൂല്യങ്ങൾ വിററുകൊണ്ടാണിരിക്കുന്നത്! നാം നമ്മുടെ സംരക്ഷണത്തിനുവേണ്ടി അവളേക്കുറിച്ച് അറിയേണ്ടതുണ്ട്. വെളിപ്പാട് 14:8-ൽ ഒരു സ്വർഗ്ഗീയ ദൂതൻ ദുഷ്ക്കീർത്തിയുള്ള ഈ സ്ത്രീയെ “മഹാബാബിലോൻ” എന്നു വിളിക്കുകയും ജനതകളെ വഴിപിഴപ്പിച്ചവൾ എന്നു വർണ്ണിക്കുകയും ചെയ്യുന്നു. അവൾ അത്ര അപകടകാരിയായിരിക്കുന്നതുകൊണ്ട് അവളുടെമേൽ ന്യായവിധി നടത്താനുള്ള യഹോവയുടെ “നിയമിത സമയം അടുത്തിരിക്കുന്ന”തായി അറിയുന്നതിൽ നാം സന്തുഷ്ടരായിരിക്കേണ്ടതാണ്.—വെളിപ്പാട് 1:3.
2.ഈ വേശ്യക്ക് അവളുടെ പേര് കിട്ടുന്നതെവിടെനിന്നാണ്, ഒരു വ്യാജമതലോകസാമ്രാജ്യത്തിന് തുടക്കമിട്ടതെങ്ങനെ?
2 ഈ വേശ്യക്ക് അവളുടെ പേർ കിട്ടിയിരിക്കുന്നത് പുരാതന ബാബിലോനിൽനിന്നാണ്. അത് “യഹോവക്കെതിരെ ബലവാനായ നായാട്ടുകാര”നായിരുന്ന നിമ്രോദ് 4,000-ത്തിൽപരം വർഷം മുമ്പ് മെസൊപ്പൊത്താമ്യയിൽ സ്ഥാപിച്ച ഗർവിഷ്ഠമായ നഗരമാണ്. ബാബിലോന്യർ ഒരു വിഗ്രഹാരാധനാപരമായ മതഗോപുരം പണിതുതുടങ്ങിയപ്പോൾ യഹോവ അവരുടെ ഭാഷ കലക്കുകയും അവരെ ഭൂമിയുടെ അറുതികളിലേക്കു ചിതറിക്കുകയും ചെയ്തു. അവർ തങ്ങളോടുകൂടെ അവരുടെ മതവും കൊണ്ടുപോയി. അങ്ങനെയാണ് ബാബിലോന്യമതത്തിന്റെ ഒരു ലോകസാമ്രാജ്യത്തിന് തുടക്കമിട്ടത്. സത്യമായി അത് മഹാ ബാബിലോൻ ആണ്. (ഉൽപ്പത്തി 10:8-10; 11:1-9) നമ്മുടെ കാലം വരെയും പുരാതന ബാബിലോനിലെ മർമ്മങ്ങൾ ലോകമതങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. (വെളിപ്പാട് 17:7) നഗരത്തിന്റെ എബ്രായപേരായ ബാബേലിന്റെ അർത്ഥം “കുഴപ്പം” എന്നാണ്, വ്യാജമതത്തിന്റെ ഇന്നത്തെ സമ്മിശ്രതയുടെ ഒരു സമുചിത ലേബൽതന്നെ.
3.(എ) ബാബിലോൻ എത്രനാൾ ദൈവജനത്തെ ബന്ദികളാക്കി നിർത്തി, അവരെ അത് എന്തിനോടുള്ള സാമീപ്യത്തിൽ നിർത്തി? (ബി) ബാബിലോന് എപ്പോൾ വിപൽക്കരമായ ഒരു വീഴ്ച അനുഭവപ്പെട്ടു, ആ സമയത്ത് അവളുടെ അവസാനം വരാഞ്ഞതെന്തുകൊണ്ട്?
3 പുരാതന ബാബിലോൻ ആ ആദ്യ തിരിച്ചടിയിൽനിന്ന് കരകയറുകയും ക്രി.മു. 632-ൽ അശ്ശൂർ മറിച്ചിടപ്പെട്ടതോടെ ബൈബിൾചരിത്രത്തിലെ മൂന്നാമത്തെ ലോകശക്തിയായിത്തീരുകയും ചെയ്തു. ആ നിലയിലുള്ള അവളുടെ മഹത്വം അൽപ്പായുസ്സായിരുന്നു—നൂറു വർഷത്തിൽ താഴെ മാത്രം. എന്നാൽ അവയിൽ ഏതാണ്ട് 70-ഓളം വർഷം അവൾ ദൈവജനമായ യിസ്രായേലിനെ അടിമത്വത്തിൽ നിർത്തി. ഇത് അവരെ ബാബിലോനിലെ ആയിരം ക്ഷേത്രങ്ങളോടും ചാപ്പലുകളോടും ദൈവത്രയങ്ങളോടും പിശാചത്രയങ്ങളോടും മാതാ-പുത്ര ആരാധനയോടും അമർത്യദൈവങ്ങളെന്നു സങ്കൽപ്പിക്കപ്പെട്ടവരെ വിഗ്രഹങ്ങളാക്കിയ അവളുടെ ജ്യോതിഷത്തോടും സാമീപ്യത്തിൽ നിർത്തി. അങ്ങനെ ബാബിലോൻനഗരത്തിന് ക്രി.മു. 539-ൽ ഒരു വിപൽക്കരമായ വീഴ്ച അനുഭവപ്പെട്ടപ്പോൾ അടിമകളായ യിസ്രായേല്യർ വ്യാജമതത്തിന്റെ ലോകകേന്ദ്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ അപ്പോഴും അവളുടെ അന്ത്യം വന്നിരുന്നില്ല! അവളുടെ ജേതാക്കൾ അവളെ ഒരു പ്രശസ്തമതകേന്ദ്രമായി തുടർന്ന് ഉപയോഗിച്ചുപോന്നു.
ഒരു ആഗോള മതസാമ്രാജ്യം
4.(എ) യഹോവയുടെ പ്രവാചകൻമാർ ബാബിലോനെക്കുറിച്ച് എന്തു പ്രഖ്യാപിച്ചു, ബാബിലോന് എന്തു സംഭവിച്ചു? (ബി) ഭൂമിയിലെ ജനങ്ങൾക്ക് വിനാശകരമായി വേറെ ഏതു ബാബിലോൻ തുടർന്നു ജീവിക്കുന്നു?
4 “ദൈവം സോദോമിനെയും ഗോമോറയേയും മറിച്ചിട്ടതുപോലെ” “നിർമ്മൂലനാശത്തിന്റെ ചൂലുകൊണ്ട്” ബാബിലോനെ തൂത്തുവാരണമെന്നുള്ള യഹോവയുടെ ന്യായവിധി അവന്റെ പ്രവാചകൻമാർ പ്രഖ്യാപിച്ചിരുന്നു. ആ പ്രവചനങ്ങൾ പിന്നീട് നിവർത്തിച്ചോ? ഉവ്വ്, അവസാനത്തെ വിശദാംശം വരെയും! മുൻകൂട്ടി പറഞ്ഞിരുന്നതുപോലെതന്നെ, കാലക്രമത്തിൽ പുരാതന ബാബിലോൻ ഇഴജന്തുക്കളും കാട്ടുമൃഗങ്ങളും ഒഴിച്ച് മനുഷ്യവാസമില്ലാത്ത ഒരു കൽക്കൂനയായിത്തീർന്നു! (യെശയ്യാവ് 13:9, 19-22; 14:23; യിരെമ്യാവ് 50:35, 38-40) എന്നിരുന്നാലും, മറേറ ബാബിലോൻ, ആധുനിക മഹാബാബിലോൻ, തുടർന്നു ജീവിക്കുകയാണ്. വ്യാജമതലോകസാമ്രാജ്യമെന്ന നിലയിൽ അവൾ മൂല ബാബിലോന്യ ഉപദേശങ്ങളും ധിക്കാരമനോഭാവവും നിലനിർത്തുകയാണ്. അവൾ യഹോവയുടെ രാജ്യോദ്ദേശ്യങ്ങൾ സംബന്ധിച്ച് ഭൂമിയിലെ ജനങ്ങളെ കുരുടാക്കാനുള്ള സാത്താന്റെ മുഖ്യ ഉപകരണമാണ്.—2 കൊരിന്ത്യർ 4:3, 4.
5.(എ) ബാബിലോൻ അവളുടെ മഹത്വത്തിന്റെ ഉച്ചാവസ്ഥയിലായിരുന്നപ്പോൾ ഏതു മതങ്ങൾ വികാസം പ്രാപിച്ചു, മുഴു ലോകത്തെയും വ്യാജമതത്തെക്കൊണ്ട് കുഴപ്പിക്കുന്നതിൽ സാത്താൻ വിജയിക്കാഞ്ഞതെന്തുകൊണ്ട്? (ബി) ക്രിസ്ത്യാനിത്വത്തിന്റെ അവതരണത്തിനുശേഷം സാത്താൻ വ്യാജമതത്തെ ഉപയോഗിച്ചതെങ്ങനെ?
5 ലോകശക്തിയായിരുന്ന ബാബിലോൻ അതിന്റെ മഹത്വത്തിന്റെ പാരമ്യത്തിലായിരുന്ന, ക്രിസ്തുവിനുമുമ്പ് ആറാം നൂററാണ്ടോടടുത്ത് ഹിന്ദുമതവും ബുദ്ധമതവും കൺഫ്യൂഷ്യസ്മതവും ഷിന്റോമതവും മുൻപന്തിയിലേക്കു വന്നു. എന്നാൽ വ്യാജമതത്തിലൂടെ മുഴുലോകത്തെയും കുഴപ്പത്തിലാക്കുന്നതിൽ സാത്താൻ വിജയിച്ചോ? ഇല്ല, എന്തെന്നാൽ യഹോവയുടെ പുരാതന സാക്ഷികളുടെ ഒരു ശേഷിപ്പ് യഹോവയുടെ ആരാധന പുനഃസ്ഥാപിക്കുന്നതിന് ബാബിലോനിൽനിന്ന് യരുശലേമിലേക്കു മടങ്ങിവന്നു. അങ്ങനെ, ആറു നൂററാണ്ടു കഴിഞ്ഞ് മശിഹായെ സ്വാഗതംചെയ്യുന്നതിനും ക്രിസ്തീയസഭയുടെ ആദ്യ അംഗങ്ങളായിത്തീരുന്നതിനും വിശ്വസ്ത യഹൂദൻമാർ അവിടെ ഉണ്ടായിരുന്നു. വ്യാജമതം ദൈവത്തിന്റെ സ്വന്തം പുത്രന്റെ രക്തസാക്ഷിമരണം കൈവരുത്തുകയും, യേശുവും അവന്റെ അപ്പോസ്തലൻമാരും മുന്നറിയിപ്പു നൽകിയിരുന്നതുപോലെ സത്യക്രിസ്ത്യാനിത്വത്തെ എതിർക്കുന്നതിൽ സാത്താന്റെ ഉപകരണമായിത്തീരുകയുംചെയ്തു.—മത്തായി 7:15; പ്രവൃത്തികൾ 20:29, 30; 2 പത്രോസ് 2:1.
6.(എ) സാത്താൻ ക്രിസ്തീയ ഉപദേശങ്ങളെ ദുഷിപ്പിച്ചതെങ്ങനെ, ദൈവത്തെ അപമാനിക്കുന്ന ഏതുപദേശങ്ങൾ വികാസം പ്രാപിച്ചു? (ബി) ബാബിലോന്യസിദ്ധാന്തത്തെക്കാളുപരി ബൈബിൾസത്യത്തെ ഇഷ്ടപ്പെട്ട ആയിരങ്ങൾക്ക് എന്തു സംഭവിച്ചു?
6 പ്രത്യേകിച്ച് ക്രി.വ. 70-ലെ യരുശലേമിന്റെ രണ്ടാമത്തെ നാശത്തിനുശേഷം, ക്രിസ്തീയ ഉപദേശങ്ങളെ ബാബിലോന്യ രഹസ്യവാദത്തോടും ലൗകിക ഗ്രീക്ക് തത്വശാസ്ത്രത്തോടും കലർത്തിക്കൊണ്ട് അവയെ ദുഷിപ്പിക്കാൻ സാത്താൻ കള്ളയപ്പോസ്തലൻമാരെ ഉപയോഗിച്ചു. അങ്ങനെ ബൈബിളിലെ “ഏക യഹോവ”ക്കു പകരം ഒരു ‘ദിവ്യ ത്രിയേകം,’ ത്രിത്വം, സ്ഥാപിക്കപ്പെട്ടു. (ആവർത്തനം 6:4; മർക്കോസ് 12:29; 1 കൊരിന്ത്യർ 8:5, 6) ക്രിസ്തുവിന്റെ മറുവിലയുടെയും പുനരുത്ഥാനത്തിന്റെയും വിലയേറിയ ബൈബിളുപദേശങ്ങളെ നിഷേധിക്കാൻ പ്ലേറേറാ എന്ന അവിശ്വാസിയായ തത്വശാസ്ത്രജ്ഞൻ പഠിപ്പിച്ച മനുഷ്യദേഹിയുടെ അമർത്യതയുടെ ഉപദേശം ആനയിക്കപ്പെട്ടു. ഇത് ഒരു അഗ്നിനരകത്തിലും അത്ര തന്നെ അഗ്നിമയമല്ലാത്ത ശുദ്ധീകരണസ്ഥലത്തിലുമുള്ള വിശ്വാസത്തിന് വഴിതുറന്നു. (സങ്കീർത്തനം 89:48; യെഹെസ്ക്കേൽ 18:4, 20) ദൈവത്തെ അപമാനിക്കുന്നതും ആളുകളുടെ ഭയങ്ങളെ മുതലെടുക്കുന്നതുമായ അത്തരം ഉപദേശങ്ങൾ സഭയുടെ കീശ വീർപ്പിക്കാനാണ് സഹായിച്ചിട്ടുള്ളത്. കൂടാതെ, മതകോടതിയുടെയും നവീകരണത്തിന്റെയും നാളുകളിൽ അഗ്നിനരക ജ്വാലകൾ ദണ്ഡനം നടത്തുന്നതിന് വൈദികർക്കു കാത്തിരിക്കാൻ കഴിഞ്ഞില്ല. ബാബിലോന്യ സിദ്ധാന്തത്തിനു പകരം ബൈബിൾസത്യത്തെ ഇഷ്ടപ്പെട്ട ആയിരങ്ങൾ കത്തോലിക്കരാലും പ്രോട്ടസ്ററൻറുകാരാലും ജീവനോടെ സ്തംഭത്തിൽ ദഹിപ്പിക്കപ്പെട്ടു. എന്നാൽ നാം കാണാൻപോകുന്നതുപോലെ, മഹാബാബിലോന്റെ വേശ്യാവൃത്തി വ്യാജത്തെ പ്രോൽസാഹിപ്പിക്കുന്നതിലും ബഹുദൂരം വ്യാപിക്കുന്നു.
യഹോവയുടെ ന്യായവിധിദിവസം
7.(എ) യഹോവ എപ്പോൾ, എങ്ങനെ, അടിസ്ഥാനബൈബിൾസത്യങ്ങളെ പുനഃസ്ഥിതീകരിക്കുകയും വ്യാജബാബിലോന്യ ഉപദേശങ്ങളെ തുറന്നുകാട്ടുകയുംചെയ്തു? (ബി) ബൈബിൾ വിദ്യാർത്ഥികൾ ഏതു അടിസ്ഥാന ബൈബിൾസത്യങ്ങളെ പുനഃസ്ഥാപിച്ചു?
7 ഈ വേശ്യയുടെമേലുള്ള യഹോവയുടെ ന്യായവിധിദിവസം വരേണ്ടിയിരുന്നു! (എബ്രായർ 10:30) 1870-കളിൽ തുടങ്ങി ഒരുക്കത്തിന്റെ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് യഹോവ അടിസ്ഥാന ബൈബിൾസത്യങ്ങൾ പുനഃസ്ഥിതീകരിക്കുന്നതിനും ബാബിലോന്യ വ്യാജോപദേശങ്ങളെ തുറന്നുകാട്ടുന്നതിനും തന്റെ ദൂതനെ—ആത്മാർത്ഥതയുള്ള ബൈബിൾവിദ്യാർത്ഥികളുടെ ഒരു സംഘത്തെ—അയച്ചു. (മലാഖി 3:1എ) ഈ “ദൂതൻ”സംഘം വെളിപ്പാട് 4:11-ലെ പ്രാവചനികവചനത്തെ അംഗീകരിച്ചു: “ഞങ്ങളുടെ ദൈവംതന്നെയായ യഹോവേ, നീ സകലവും സൃഷ്ടിച്ചതുകൊണ്ടും നിന്റെ ഇഷ്ടം ഹേതുവായി അവ സ്ഥിതിചെയ്യുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തതുകൊണ്ടും നീ മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യനാകുന്നു.” ഈ “ദൂതൻ” മനുഷ്യവർഗ്ഗത്തെ വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ കരുതലായ, യേശുവിന്റെ മറുവിലയാഗത്തിന്റെ ഒരു തുറന്ന വക്താവുമായിത്തീർന്നു. വീണ്ടെടുക്കപ്പെട്ട മനുഷ്യവർഗ്ഗത്തിൽ, ആദ്യം യേശുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയരാജ്യത്തിൽ ഭരിക്കാനുള്ള “ചെറിയ ആട്ടിൻകൂട്ടവും,” പിന്നീട് പരദീസാഭൂമിയിൽ എന്നേക്കും ജീവിക്കുന്ന സഹസ്രലക്ഷങ്ങളും ഉൾപ്പെടും—അവരിൽ അധികവും മരിച്ചവരിൽനിന്ന് ഉയർപ്പിക്കപ്പെടുന്നവരാണ്. (ലൂക്കോസ് 12:32; 1 യോഹന്നാൻ 2:2; പ്രവൃത്തികൾ 24:15) അതെ, ബൈബിൾവിദ്യാർത്ഥികൾ ഈ അടിസ്ഥാനസത്യങ്ങളെ പുനഃസ്ഥാപിച്ചു; ഒരു ആലങ്കാരിക വിധത്തിൽ അവർ ‘നരകത്തിൽ വെള്ളമൊഴിക്കുകയും ബാബിലോന്യ നിത്യദണ്ഡന സിദ്ധാന്തത്തിലെ തീ കെടുത്തുകയുംചെയ്തു’!a
8.(എ) ക്രൈസ്തവലോകത്തിലെ വൈദികർ ബൈബിൾവിദ്യാർത്ഥികളെ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് ഒന്നാം ലോകമഹായുദ്ധത്തെ ഉപയോഗിച്ചതെങ്ങനെ? (ബി) വാച്ച്ടവർ സൊസൈററിയുടെ എട്ട് ഉദ്യോഗസ്ഥൻമാർക്ക് ജാമ്യംനിഷേധിച്ചുകൊണ്ട് തടവിൽ പാർപ്പിച്ച ജഡ്ജിക്ക് എന്തു സംഭവിച്ചു?
8 ആയിരത്തിത്തൊള്ളായിരത്തിപ്പതിനാല് എന്ന വർഷം ജാതികളുടെ കാലങ്ങളുടെ അവസാനത്തെ കുറിക്കുമെന്ന് ഏതാണ്ട് 40 വർഷം ബൈബിൾവിദ്യാർത്ഥികൾ ധീരമായി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതുപോലെ ആ വർഷം ലോകത്തെ പിടിച്ചുകുലുക്കുന്ന സംഭവങ്ങൾ വരുത്തിക്കൂട്ടി, ഒന്നാം ലോകമഹായുദ്ധം അവയിൽ ഏററം കുറഞ്ഞതായിരുന്നില്ല. ഹാ, മഹാബാബിലോന്റെ ഏററം പ്രമുഖമായ ഭാഗമായ ക്രൈസ്തവലോകത്തിലെ വൈദികർ വെട്ടിത്തുറന്നു പറയുന്ന ആ ബൈബിൾ വിദ്യാർത്ഥികളെ നശിപ്പിക്കാൻ ലോകപ്രതിസന്ധിയെ ഉപയോഗിക്കാൻ ശ്രമിച്ചു! ഒടുവിൽ, 1918-ൽ അവർ രാജ്യദ്രോഹക്കുററങ്ങൾ കെട്ടിച്ചമച്ച് വാച്ച് ടവർ സൊസൈററിയുടെ എട്ട് ഉദ്യോഗസ്ഥൻമാരെ തീവണ്ടിയിൽ കയററി കാരാഗൃഹത്തിലേക്ക് അയപ്പിച്ചു. എന്നാൽ ഒൻപതു മാസം കഴിഞ്ഞ് ആ ഉദ്യോഗസ്ഥൻമാർ വിമോചിതരാകുകയും പിന്നീട് കുററവിമുക്തരെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഈ ബൈബിൾവിദ്യാർത്ഥികൾക്കു ജാമ്യം അനുവദിക്കാതെ തടവിൽ സൂക്ഷിച്ചിരുന്ന ഐക്യനാടുകളിലെ ഫെഡറൽ ജഡ്ജി മാർട്ടിൻ ററി. മാൻറനെ പയസ് 11-ാമൻ പാപ്പാ “മഹാനായ സെൻറ് ഗ്രിഗറിയുടെ ക്രമപ്രകാരമുള്ള പ്രഭു” ആക്കി ബഹുമാനിച്ചു. എന്നാൽ അയാളുടെ മഹത്വം അൽപ്പായുസ്സായിരുന്നു, എന്തുകൊണ്ടെന്നാൽ 1939-ൽ അയാൾക്ക് രണ്ടു വർഷത്തെ തടവും ഭാരിച്ച പിഴയും വിധിക്കുകയുണ്ടായി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അയാൾ മൊത്തം 26 ലക്ഷം രൂപാ കൈക്കൂലി വാങ്ങി ആറ് കോടതിവിധികളിൽ വഞ്ചനകാട്ടിയതായി കണ്ടെത്തപ്പെട്ടു!
9.യഹോവയുടെ ജനത്തിന് സംഭവിച്ചുകൊണ്ടിരുന്നതിനെ മലാഖിയുടെ പ്രവചനം വിശദീകരിച്ചതെങ്ങനെ, അതുകൊണ്ട് ന്യായവിധി ആരിൽ തുടങ്ങി?
9 നാം ഇപ്പോൾത്തന്നെ കണ്ടുകഴിഞ്ഞതുപോലെ, യഹോവയുടെ ജനം 1918-ൽ കഠിന പരിശോധനയുടെ ഒരു കാലഘട്ടത്തിൽ പ്രവേശിച്ചു. എന്താണു സംഭവിച്ചുകൊണ്ടിരുന്നതെന്ന് മലാഖി 3:1-3-ലെ പ്രവാചകന്റെ കൂടുതലായ വചനങ്ങൾ വിശദീകരിക്കുന്നു: “ജനങ്ങളായ നിങ്ങൾ അന്വേഷിക്കുന്നവനായ യഥാർത്ഥ കർത്താവും [യഹോവ] ഉടമ്പടിയുടെ [അബ്രാഹാമ്യ] ദൂതനും”—യേശു—“തന്റെ ആലയത്തിലേക്കു പെട്ടെന്നു വരും.” അതെ, യഹോവ തന്റെ ക്രിസ്തുവുമായി ന്യായവിധിക്കുവേണ്ടി വന്നു. യഹോവ അപ്പോൾ ചോദിക്കുന്നു: “അവന്റെ വരവിന്റെ ദിവസത്തെ ആർ പൊറുക്കും, അവൻ പ്രത്യക്ഷപ്പെടുമ്പോൾ ആർ നിൽക്കും? എന്തുകൊണ്ടെന്നാൽ അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുകാരന്റെ കാരവെള്ളം പോലെയും ആയിരിക്കും.” 1 പത്രോസ് 4:17 അനുസരിച്ച് “ദൈവഗൃഹ”മെന്ന് അവകാശപ്പെടുന്നവരിലായിരിക്കും ന്യായവിധി തുടങ്ങുക. അങ്ങനെ യഥാർത്ഥ ക്രിസ്ത്യാനികൾ യഹോവയുടെ സേവനത്തിനുവേണ്ടി ശുദ്ധീകരിക്കപ്പെടുകയും നിർമ്മലീകരിക്കപ്പെടുകയും ചെയ്തു.
“എന്റെ ജനമേ, . . . അവളെ വിട്ടുപോരുക”!
10.ആയിരത്തിത്തൊള്ളായിരത്തി പത്തൊൻപത് ആയതോടെ, ക്രൈസ്തവലോകത്തിൻമേലും സകല വ്യാജമതത്തിൻമേലും എന്തു ദിവ്യന്യായവിധി വന്നു, മഹാബാബിലോന് അത് എന്തിൽ കലാശിച്ചു?
10 മഹാബാബിലോന്റെ അനുതാപമില്ലാത്ത ഒരു ഭാഗമെന്ന നിലയിൽ ക്രൈസ്തവലോകത്തിലെ വൈദികർക്ക് യഹോവയുടെ ന്യായവിധിയിൽ നിൽക്കാൻ കഴിഞ്ഞില്ല. ലോകയുദ്ധത്തിലെ കൂട്ടക്കൊലയിൽ പങ്കെടുത്തവരും സത്യക്രിസ്ത്യാനികളുടെ പീഡകരുമെന്ന നിലയിൽ അവർ തങ്ങളുടെ അങ്കികളെ ഭയങ്കരമായി കളങ്കപ്പെടുത്തി. (യിരെമ്യാവ് 2:34) ക്രിസ്തുവിന്റെ അടുത്തുവരുന്ന സ്വർഗ്ഗീയരാജ്യത്തെ സ്വാഗതംചെയ്യുന്നതിനു പകരം അവർ ഒരു മനുഷ്യനിർമ്മിത സർവ്വരാജ്യസഖ്യത്തെ പ്രോൽസാഹിപ്പിക്കുകയായിരുന്നു, അവർ അതിനെ “ഭൂമിയിലെ ദൈവരാജ്യത്തിന്റെ രാഷ്ട്രീയഭാവം” എന്നു വർണ്ണിക്കാനിടയായി. യഹോവ ക്രൈസ്തവലോകത്തിൻമേലും—തീർച്ചയായും സകല വ്യാജമതത്തിൻമേലും—ന്യായവിധി ഉച്ചരിച്ചുകഴിഞ്ഞിരുന്നുവെന്ന് 1919 ആയതോടെ തെളിവായിരുന്നു! മഹാബാബിലോൻ വീണിരുന്നു, മരണത്തിന് വിധിക്കപ്പെട്ടിരുന്നു! സത്യത്തെയും നീതിയെയും സ്നേഹിക്കുന്ന സകലരും “എന്റെ ജനമേ, അവളുടെ നടുവിൽനിന്ന് പുറത്തുപോരുകയും ഓരോരുത്തനും തന്റെ ദേഹിക്ക് യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് വിടുതൽ കൊടുക്കുകയും ചെയ്യുക” എന്ന യിരെമ്യാവ് 51:45-ലെ പ്രാവചനികകൽപ്പനയനുസരിച്ച് പ്രവർത്തിക്കാൻ സമയം അതിക്രമിച്ചിരുന്നു.
11, 12.(എ) മഹാബാബിലോന്റെ മേലുള്ള ന്യായവിധിയെക്കുറിച്ച് വെളിപ്പാട് 17:1, 2-ൽ ഒരു ദൂതൻ എന്തു പറയുന്നു? (ബി) മഹാവേശ്യ ഇരിക്കുന്ന “പെരുവെള്ളങ്ങൾ” എന്താണ്, അവൾ ഭൂമിയിലെ നിവാസികളെ “അവളുടെ ദുർവൃത്തിയുടെ വീഞ്ഞിനാൽ മത്തരാ”ക്കിയതെങ്ങനെ?
11 മഹാബാബിലോൻ വീണിരിക്കുന്നു! എന്നാൽ അവൾ ഇതുവരെ നശിപ്പിക്കപ്പെട്ടിട്ടില്ല. വ്യാജമതത്തിന്റെ ഒരു ലോകസാമ്രാജ്യമെന്ന നിലയിൽ അവൾ സാത്താന്റെ ഒരു വിദഗ്ദ്ധവഞ്ചനയായി ഒരു അൽപ്പകാലവുംകൂടെ സ്ഥിതിചെയ്യും. അവളെ സംബന്ധിച്ച ദൈവത്തിന്റെ അന്തിമവിധി എന്താണ്? നമുക്കു സംശയമില്ല! നമുക്കു നമ്മുടെ ബൈബിളിൽ വെളിപ്പാട് 17:1, 2-ലേക്ക് തിരിയാം. ഇവിടെ ഒരു ദൂതൻ അപ്പോസ്തലനായ യോഹന്നാനെയും അവനിലൂടെ ഇന്നത്തെ പ്രവചനപഠിതാക്കളെയും സംബോധനചെയ്യുന്നു: “വരുവിൻ, പെരുവെള്ളങ്ങളുടെമേൽ ഇരിക്കുന്നവളായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിന്നെ കാണിച്ചുതരാം, ഭൂമിയിലെ രാജാക്കൻമാർ അവളുമായി ദുർവൃത്തിയിലേർപ്പെടുകയും ഭൂവാസികൾ അവളുടെ ദുർവൃത്തിയുടെ വീഞ്ഞ് കുടിച്ച് മത്തരാകുകയുംചെയ്തു.” ഈ “പെരുവെള്ളങ്ങൾ” എന്ന പദപ്രയോഗം ഇത്രയും നാൾ മഹാവേശ്യയാൽ ഞെരുക്കപ്പെട്ട പ്രക്ഷുബ്ധ മനുഷ്യവർഗ്ഗസമൂഹങ്ങളെ പരാമർശിക്കുന്നു. “ഭൂവാസികൾ” അവളുടെ വീഞ്ഞു കുടിച്ചു മത്തരായെന്ന് പ്രവചനം പ്രസ്താവിക്കുന്നു. അവർ മഹാബാബിലോന്റെ വ്യാജോപദേശങ്ങളും ലൗകിക അധാർമ്മിക നടപടികളും മോന്തിക്കുടിക്കുകയും, വിലകുറഞ്ഞ, വ്യാജനിർമ്മിതവീഞ്ഞിനാൽ ലഹരിപിടിച്ചതുപോലെ ചാഞ്ചാടിനടക്കുകയും ചെയ്യുന്നു.
12 യാക്കോബ് 4:4-ൽ നാം ഇങ്ങനെ വായിക്കുന്നു: “വ്യഭിചാരിണികളേ, ലോകത്തോടുള്ള സഖിത്വം ദൈവത്തോടുള്ള ശത്രുത്വമാണെന്ന് നിങ്ങൾ അറിയുന്നില്ലേ?” 20-ാം നൂററാണ്ടിലെ മതം ലോകത്തിന്റെ പ്രീതി നേടാൻ തീർത്തും സന്നദ്ധമാണ്, അത് ക്രൈസ്തവലോകത്തിൽ വിശേഷാൽ സത്യമാണ്. അവളുടെ വൈദികർ അടുത്തുവരുന്ന യഹോവയുടെ രാജ്യത്തിന്റെ സുവാർത്ത പ്രഖ്യാപിക്കാതിരിക്കുന്നുവെന്നു മാത്രമല്ല, ബൈബിളിലെ സൻമാർഗ്ഗോപദേശങ്ങളെ നിർവീര്യമാക്കുകയും പള്ളിയംഗങ്ങളുടെ ഇടയിലെ ലൗകിക അനുവദനീയതക്കു നേരെ കണ്ണടക്കുകയുംചെയ്യുന്നു. ജഡിക ദുർവൃത്തി സംബന്ധിച്ച് വൈദികർപോലും അത്ര നിർദ്ദോഷികളല്ല. അപ്പോസ്തലനായ പൗലോസ് അതിനെ തികച്ചും കുററംവിധിച്ചുകൊണ്ട് പറയുന്നു: “വഴിതെററിക്കപ്പെടരുത്. ദുർവൃത്തരോ വിഗ്രഹാരാധികളോ വ്യഭിചാരികളോ പ്രകൃതിവിരുദ്ധ ഉദ്ദേശ്യങ്ങൾക്കായി സൂക്ഷിക്കപ്പെടുന്ന പുരുഷൻമാരോ പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാരോ . . . ദൈവരാജ്യം അവകാശമാക്കുകയില്ല. എന്നാലും, നിങ്ങളിൽ ചിലർ അതായിരുന്നു. എന്നാൽ നിങ്ങൾ കഴുകി ശുദ്ധിയാക്കപ്പെട്ടിരിക്കുന്നു.”—1 കൊരിന്ത്യർ 6:9-11.
“ചെളിയിൽ ഉരുളുന്നു”
13, 14.(എ) ആധുനികനാളിലെ വൈദികർ “കഴുകി ശുദ്ധിയാക്ക”പ്പെട്ടിട്ടില്ലെന്ന് ഏതു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു? (ബി) ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു സിനഡ് സ്വവർഗ്ഗസംഭോഗ ജനനിക പ്രവർത്തനങ്ങളെ സംബന്ധിച്ച് ഏതു മനോഭാവം കൈക്കൊണ്ടു, സഭയെ എങ്ങനെ പുനർനാമകരണം ചെയ്യണമെന്ന് ഒരു വാർത്താലേഖകൻ നിർദ്ദേശിച്ചു? (സി) അപ്പോസ്തലനായ പത്രോസിന്റെ ഏതു വാക്കുകളോട് വിശ്വാസത്യാഗികളായ വൈദികർ നന്നായി യോജിക്കുന്നു?
13 ആധുനികനാളിലെ വൈദികർ “കഴുകി ശുദ്ധിയാക്ക”പ്പെട്ടിട്ടുണ്ടോ? കൊള്ളാം, ദൃഷ്ടാന്തത്തിന്, ഒരിക്കൽ പ്രോട്ടസ്ററൻറ് മതത്തിന്റെ ഒരു ശക്തിദുർഗ്ഗമായിരുന്ന ബ്രിട്ടനിലെ സാഹചര്യം നോക്കുക. 1987 നവംബറിൽ ബ്രിട്ടനിലെ പ്രധാനമന്ത്രി ധാർമ്മികനേതൃത്വം കൊടുക്കാൻ വൈദികരെ ആഹ്വാനംചെയ്തപ്പോൾ ഒരു ആംഗ്ലിക്കൻ സഭയുടെ റെക്ടർ പറയുകയാണ്: “സ്വവർഗ്ഗ സംഭോഗികൾക്ക് മറെറല്ലാവരെയുംപോലെതന്നെ ലൈംഗികപ്രകാശനത്തിനുള്ള അവകാശമുണ്ട്; നാം അതിലെ നൻമക്കായി നോക്കുകയും [സ്വവർഗ്ഗസംഭോഗികളുടെ ഇടയിൽ] വിശ്വസ്തതക്കു പ്രോൽസാഹിപ്പിക്കുകയും വേണം.” ഒരു ലണ്ടൻ ന്യൂസ്പേപ്പർ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഒരു ആംഗ്ലിക്കൻ ദൈവശാസ്ത്ര കോളജിൽ സ്വവർഗ്ഗസംഭോഗനടപടികൾ വളരെ പടർന്നുപിടിച്ചതുകൊണ്ട് സ്ററാഫ് മറെറാരു കോളജിൽനിന്നുള്ള വിദ്യാർത്ഥികൾ അവിടെ സന്ദർശിക്കുന്നതിനെ വിലക്കേണ്ടിവന്നു.” “ഒരു ലണ്ടൻ ഡിസ്ട്രിക്ടിൽ സ്വവർഗ്ഗസംഭോഗചായ്വുള്ള വൈദികരുടെ എണ്ണം ആകെയുള്ളവരിൽ പകുതിയിലേറെ ആയിരിക്കാ”മെന്ന് ഒരു പഠനം കണക്കാക്കി. ഒരു ചർച്ച് സിനഡിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് വൈദികരുടെ 95 ശതമാനം ദുർവൃത്തിയെയും വ്യഭിചാരത്തെയും പാപങ്ങളായി മുദ്രയടിച്ച ഒരു പ്രമേയത്തെ പിന്താങ്ങി; എന്നാൽ സ്വവർഗ്ഗ ജനനിക പ്രവർത്തനങ്ങളെ പാപമായി മുദ്രയടിച്ചില്ല; അങ്ങനെയുള്ള പ്രവർത്തനങ്ങൾ ആദർശയോഗ്യമല്ലെന്നുമാത്രം പറയപ്പെട്ടു. ഇതിനെക്കുറിച്ചെല്ലാം അഭിപ്രായം പറഞ്ഞുകൊണ്ട്, ഒരു വാർത്താലേഖകൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ ശരിക്കും സോദോമെന്നും ഗോമോറയെന്നും പുനർനാമകരണംചെയ്യാമെന്ന് സൂചിപ്പിച്ചു. “ഒരു അനുവാദാത്മക തലമുറയുടെ ഫലങ്ങളെക്കുറിച്ച് വിചിന്തനംചെയ്യുമ്പോൾ ബ്രിട്ടീഷുകാർ ഭയചകിതരാകുകയാണ്” എന്ന് മറെറാരു ലണ്ടൻ വർത്തമാനപ്പത്രം പ്രഖ്യാപിച്ചു.
14 വിശ്വാസത്യാഗികളായ വൈദികർ വർഷങ്ങളായി അപ്പോസ്തലനായ പത്രോസിന്റെ വാക്കുകളോട് എത്ര നന്നായി യോജിക്കുന്നു: “സത്യ സദൃശവാക്യത്തിലെ മൊഴി അവർക്ക് സംഭവിച്ചിരിക്കുന്നു: ‘നായ് അതിന്റെ സ്വന്തം ഛർദ്ദിയിലേക്കു മടങ്ങിയിരിക്കുന്നു, കുളിപ്പിച്ച പന്നി ചെളിയിൽ ഉരുളാനും’”!—2 പത്രോസ് 2:22.
15.(എ) ക്രൈസ്തവലോകത്തിലുടനീളം ധാർമ്മികമൂല്യങ്ങളിൽ ഏതു തകർച്ച ഉണ്ടായിട്ടുണ്ട്? (ബി) ഈ കഷ്ടകരമായ വിളവിന്റെ ഉത്തരവാദിത്വം വഹിക്കേണ്ടതാർ?
15 ക്രൈസ്തവലോകത്തിലുടനീളം ധാർമ്മികമൂല്യങ്ങളിൽ ഒരു ഭീകരമായ തകർച്ചയുണ്ട്—തീർച്ചയായും മുഴുലോകത്തിലുമുണ്ട്. ചില ജനസമുദായങ്ങളിൽ ഇപ്പോൾ വിവാഹം അനാവശ്യമാണെന്ന് പരിഗണിക്കപ്പെടുന്നു. വിവാഹിതർ ദാമ്പത്യ വിശ്വസ്തത ഫാഷനല്ലെന്ന് വിചാരിക്കുന്നു. തങ്ങളുടെ ബന്ധങ്ങളെ നിയമാനുസൃതമാക്കുന്നവർ ചുരുങ്ങിവരുകയാണ്, നിയമാനുസൃതമാക്കുന്നവരുടെ ഇടയിൽ വിവാഹമോചനനിരക്ക് കുതിച്ചുയരുകയാണ്. ഐക്യനാടുകളിൽ കഴിഞ്ഞ 25 വർഷക്കാലത്ത് വിവാഹമോചനങ്ങൾ മൂന്നിരട്ടിയിലധികമായി, ഓരോ വർഷവും പത്തുലക്ഷത്തിൽ കവിഞ്ഞു. ബ്രിട്ടനിൽ 1965 മുതലുള്ള 20 വർഷ ഘട്ടത്തിൽ വിവാഹമോചനങ്ങൾ 41,000-ത്തിൽനിന്ന് 1,75,000 ആയി—നാലിരട്ടി. അവിവാഹിതർ ഇരു ലിംഗവർഗ്ഗങ്ങളിലുംപെട്ട അവിവാഹിതരുമായി ഒത്തുപാർക്കാൻ കൂടുതലിഷ്ടപ്പെടുന്നു. അനേകർ ഒരു പങ്കാളിയിൽനിന്ന് മറെറാരു പങ്കാളിയിലേക്ക് മാറുകയാണ്. ലൈംഗികമായി പകരുന്ന ഭയങ്കര രോഗങ്ങളെക്കുറിച്ച്, മുഖ്യമായും എയിഡ്സിനെക്കുറിച്ച്, അവർ വിലപിക്കുന്നു. അവരുടെ അസാൻമാർഗ്ഗിക ജീവിതശൈലിയുടെ ഫലമായിട്ടാണ് അവ വ്യാപിക്കുന്നതെങ്കിലും തങ്ങളുടെ സ്വവർഗ്ഗസംഭോഗനടപടികളിൽ തുടരാൻ അവർ ശാഠ്യംപിടിക്കുകയാണ്. തെററു ചെയ്യുന്ന പള്ളിയംഗങ്ങൾക്ക് ക്രൈസ്തവലോകത്തിലെ വൈദികർ ശിക്ഷണംകൊടുത്തിട്ടില്ല. ദുർമ്മാർഗ്ഗത്തിനുനേരേ കണ്ണടച്ചിരിക്കുന്ന അളവോളം അവർ ഈ കഷ്ടതരമായ വിളവിന് ഉത്തരവാദിത്വം വഹിച്ചേതീരൂ.—യിരെമ്യാവ് 5:29-31.
16.(എ) മഹാബാബിലോൻ വീണിരിക്കുന്നുവെന്ന വസ്തുതക്ക് അടിവരയിടുന്നതെന്ത്, വെളിപ്പാട് 18:2-ലെ ഏത് ദൂത ഉദ്ഘോഷം ഉചിതമാണ്? (ബി) ലോകാവസാനത്തെ അതിജീവിക്കാനാഗ്രഹിക്കുന്ന എല്ലാവരും എന്തു ചെയ്യണം?
16 വ്യാജമതലോകസാമ്രാജ്യത്തിന്റെ ഈ സങ്കടകരമായ അവസ്ഥ മഹാബാബിലോൻ വീണിരിക്കുന്നുവെന്ന വസ്തുതക്ക് അടിവരയിടുകയും ചെയ്യുന്നു. ദൈവം അവളെ ന്യായംവിധിച്ച് നാശത്തിനുവേണ്ടി വേർതിരിച്ചിരിക്കുകയാണ്. അപ്പോൾ വെളിപ്പാട് 18:2-ലെ ദൂതന്റെ ഉറച്ച ശബ്ദത്തിലുള്ള ഉദ്ഘോഷം എത്ര സമുചിതമാണ്: “അവൾ വീണിരിക്കുന്നു! മഹാബാബിലോൻ വീണിരിക്കുന്നു, അവൾ ഭൂതങ്ങളുടെ ഒരു വാസസ്ഥലവും സകല അശുദ്ധ ഉച്ഛ്വസനത്തിന്റെയും ഒളിസ്ഥലവും അശുദ്ധവും നിന്ദിതവുമായ ഏതു പക്ഷിയുടെയും ഒളിസ്ഥലവും ആയിത്തീർന്നിരിക്കുന്നു!” ലോകാവസാനത്തെ അതിജീവിക്കാനാഗ്രഹിക്കുന്ന എല്ലാവരും 4-ാം വാക്യത്തിലെ ആഹ്വാനത്തിന് ഉത്തരം കൊടുക്കാൻ ഇപ്പോൾ പ്രവർത്തിക്കുന്നത് എത്ര പ്രധാനമാണ്: “എന്റെ ജനമേ, നിങ്ങൾ അവളുടെ പാപങ്ങളിൽ പങ്കുപററാനാഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ അവളുടെ ബാധകളുടെ ഓഹരി ലഭിക്കാനാഗ്രഹിക്കുന്നില്ലെങ്കിൽ, അവളെ വിട്ടുപോരുക”! വ്യാജമതത്തിൽനിന്ന് പുറത്തുപോരുന്നത് തൊട്ടുമുമ്പിലുള്ള “മഹോപദ്രവ”ത്തെ അതിജീവിക്കുന്നതിനാവശ്യമായ മർമ്മപ്രധാനമായ നടപടിയാണ്. (വെളിപ്പാട് 7:14) എന്നാൽ നാം കാണാൻപോകുന്നതുപോലെ കൂടുതൽ ആവശ്യമാണ്! (w89 4/15)
[അടിക്കുറിപ്പുകൾ]
a യു.എസ്.എ പെൻസിൽവേനിയായിലെ പിററ്സ്ബർഗ്ഗിലുള്ള കാർനഗി ഹാളിൽ 1903 നവമ്പർ 1-ന് ചാൾസ് ററി. റസ്സലും ഡോ. ഈ. എൽ ഈററനും തമ്മിൽ നടന്ന ഒരു വാദപ്രതിവാദപരമ്പരയിൽ അവസാനത്തേതിനെ തുടർന്ന് ഹാജരായിരുന്ന വൈദികരിൽ ഒരാൾ റസ്സൽസഹോദരന്റെ വിജയത്തെ സമ്മതിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “താങ്കൾ നരകത്തിലേക്ക് ഹോസുതിരിച്ച് തീകെടുത്തുന്നതായി കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്.”
[8-ാം പേജിലെ ചതുരം]
വൈദിക ധാർമ്മികത
“കഴിഞ്ഞ അഞ്ചു വർഷക്കാലത്ത് ഐക്യനാടുകളിൽ കത്തോലിക്കാ പുരോഹിതൻമാർ ശല്യപ്പെടുത്തിയ ശതക്കണക്കിനു കുട്ടികൾ ഗുരുതരമായ വൈകാരികാഘാതം അനുഭവിച്ചിരിക്കുന്നുവെന്ന് കേസുകളിൽ ഉൾപ്പെട്ടിരുന്ന മാതാപിതാക്കളും മനഃശാസ്ത്രജ്ഞൻമാരും പോലീസ് ഉദ്യോഗസ്ഥൻമാരും അറേറാർണിമാരും പറയുന്നു.”—ആക്രോൺ ബിക്കൺ ജേണൽ, ജനുവരി 3, 1988.
“പുരോഹിതൻമാർ തങ്ങളുടെ കുട്ടികളെ ലൈംഗികമായി ദ്രോഹിച്ചുവെന്ന് വാദിക്കുന്ന കുടുംബങ്ങൾക്ക് കോടിക്കണക്കിനു രൂപാ നഷ്ടപരിഹാരം കൊടുക്കാൻ ഐക്യനാടുകളിലെ റോമൻ കത്തോലിക്കാസഭ നിർബന്ധിതമാക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും, സഭ അങ്ങനെയുള്ള കേസുകളെ അവഗണിക്കുകയും മൂടിവെക്കുകയുമാണെന്ന് അനേകം നിയമജ്ഞൻമാരും ഇരയായവരും പറയത്തക്കവണ്ണം പ്രശ്നം വളരെ ഗുരുതരമായിത്തീർന്നിരിക്കുന്നു.”—ദി മിയാമി ഹെറൾഡ്, ജനുവരി 3, 1988.
[6-ാം പേജിലെ ചിത്രങ്ങൾ]
ത്രിയേക ദൈവങ്ങളുടെ പ്രതിമകൾ—പുരാതന ഈജിപ്ററിലെയും ക്രൈസ്തവലോകത്തിലെയും
[കടപ്പാട്]
Saint-Remi Museum collection, Reims, photo by J. Terrisse
Louvre Museum, Paris
[9-ാം പേജിലെ ചിത്രം]
ബൈബിൾ ദുർമ്മാർഗ്ഗികളായ മതനേതാക്കൻമാരെ ചെളിയിൽ ഉരുളാൻ തിരിയുന്ന കുളിച്ച പന്നിയോടു ഉപമിക്കുന്നു
ഈ ലേഖനവും അടുത്തതും യഹോവയുടെ സാക്ഷികളുടെ 1988-ലെ ദിവ്യനീതി ഡിസ്ട്രിക്ററ് കൺവെൻഷനുകളിൽ അവതരിപ്പിക്കപ്പെട്ട “നിയമിതസമയം അടുത്തിരിക്കുന്നു” എന്ന സിംപോസിയത്തിലെ സമാപനപ്രസംഗമായിരുന്നു