വ്യാജമതം വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു
1.വേശ്യാവൃത്തി അനേകരാൽ വീക്ഷിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
ചിലർ ഇതിനെ—വേശ്യയുടെ, വ്യഭിചാരിണിയുടെ അല്ലെങ്കിൽ കുലടയുടെ തൊഴിലിനെ—ഏററം പ്രാകൃതമായ തൊഴിൽ എന്ന് വിളിക്കുന്നു. സാധാരണ ഉപയോഗിക്കുന്നതനുസരിച്ച്, ഈ വാക്കുകൾക്കെല്ലാം ഒരേ അർത്ഥമാണുള്ളത്. ഇത് തന്റെ ശരീരത്തിന്റെ ഉപയോഗത്തെ പുരുഷൻമാർക്ക് വിൽക്കുന്ന ഒരു അധാർമ്മിക സ്ത്രീയെ പരാമർശിക്കുന്നു. എന്നിരുന്നാലും, ഇത് മാന്യമായ ഒരു തൊഴിലായി കരുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു!
2, 3.പുരാതന ബാബിലോനിൽ പുരോഹിതകൾ നിർവ്വഹിച്ച ധർമ്മം പുരുഷൻമാരുടെയും സ്ത്രീകളുടെയും വേശ്യാവൃത്തി സംബന്ധിച്ച് യിസ്രായേലിനു നൽകിയ യഹോവയുടെ ന്യായപ്രമാണത്തോട് എതിരായിരുന്നതെങ്ങനെ?
2 പുരാതന ബാബിലോന്റെ പൗരോഹിത്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ബൈബിൾപുരാവസ്തുശാസ്ത്ര പ്രാമാണികനായിരുന്ന പ്രൊഫസർ എസ്. എച്ച്. ഹൂക്ക് പ്രസ്താവിച്ചു: “പൗരോഹിത്യം പുരുഷൻമാർക്ക് മാത്രമുള്ളതായിരുന്നില്ല. പിന്നെയോ സ്ത്രീകൾ വലിയ ക്ഷേത്രങ്ങളിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഭാഗമായിരുന്നു. പുരോഹിതകളുടെ ഗണത്തിലായിരിക്കുന്നത് ഒരു ബഹുമതിയായി കണക്കാക്കിയിരുന്നു. തങ്ങളുടെ പുത്രിമാരെ പൗരോഹിത്യജോലിക്കായി സമർപ്പിച്ച പല രാജാക്കൻമാരെ കുറിച്ച് നാം കേൾക്കുന്നു. . . . അവരുടെ ഏററം പ്രധാന പ്രവർത്തനം വിശുദ്ധവേശ്യകളെന്ന നിലയിൽ കാലാകാലങ്ങളിലുള്ള വലിയ പെരുന്നാളുകളിൽ സേവിക്കുക എന്നതായിരുന്നു. . . .ഇഷ്ടാറിന്റെ [യുദ്ധത്തിന്റെയും സമൃദ്ധിയുടെയും ദേവി] ക്ഷേത്രത്തിൽ സാധാരണയായി അത്തരം സ്ത്രീകളുടെ വലിയോരു ഗണംതന്നെയുണ്ടായിരുന്നു.”
3 ഇത് യിസ്രായേൽ ജനത യഹോവയാം ദൈവത്തിന് അർപ്പിക്കേണ്ട ആരാധനയിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു. ന്യായപ്രമാണം വ്യക്തമായി പ്രസ്താവിച്ചു: “യിസ്രായേൽ പുത്രിമാരിൽ ആരും ഒരു ആലയ വ്യഭിചാരിണി ആകരുത്. യിസ്രായേൽ പുത്രൻമാരിലും ആരും ഒരു ആലയ വ്യഭിചാരി [സ്വവർഗ്ഗസംഭോഗം ചെയ്യുന്നവൻ] ആകരുത്. നീ ഒരു വേശ്യയുടെ കൂലിയോ ഒരു നായയുടെ വിലയോ നിന്റെ ദൈവമായ യഹോവയുടെ ഭവനത്തിലേക്ക് യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുത്. എന്തുകൊണ്ടെന്നാൽ അത് നിങ്ങളുടെ ദൈവമായ യഹോവക്ക് അറപ്പാകുന്നു.” (ആവർത്തനം 23:17, 18) അതുകൊണ്ട്, ദൈവത്തിന്റെ വിശുദ്ധസ്ഥലത്ത് ഒരു വേശ്യയുടെ കൂലി ഒരു സംഭാവനയെന്ന നിലയിൽ സ്വീകാര്യമായിരുന്നില്ല. മതപരമായ യാതൊരു ബന്ധവും ഇല്ലാതുള്ള വേശ്യാവൃത്തിപോലും നിന്ദ്യമായിരുന്നു. യിസ്രായേല്യരോട് ഇപ്രകാരം കൽപ്പിക്കപ്പെട്ടു: “ദേശം വാസ്തവമായി ദുഷ്ക്കർമ്മംകൊണ്ട് നിറയാതിരിക്കേണ്ടതിനും ദേശം വേശ്യാവൃത്തി ചെയ്യാതിരിക്കേണ്ടതിനും നിന്റെ മകളെ ഒരു വേശ്യയാക്കിക്കൊണ്ട് അവളെ അശുദ്ധയാക്കരുത്.” ഒരു “വെറുപ്പായ കാര്യ”മായി വർണ്ണിക്കപ്പെട്ടിരിക്കുന്ന വേശ്യാവൃത്തിക്കും സ്വവർഗ്ഗസംഭോഗത്തിനുമെതിരെയുള്ള നിയമങ്ങൾ ആ ജാതിക്ക് ആത്മീയമായും ശാരീരികമായും ഒരു സംരക്ഷണമായിരുന്നു.—ലേവ്യപുസ്തകം 19:29; 20:13.
ആത്മീയ വേശ്യാവൃത്തി അതിലും മോശം
4.ഏററം മോശമായ തരത്തിലുള്ള വേശ്യാവൃത്തി ഏതാണ്?
4 എന്നാൽ ദൈവത്തിന്റെ വീക്ഷണത്തിൽ വളരെ മോശമായ തരത്തിലുള്ള ഒരു വേശ്യാവൃത്തിയുണ്ട്—ആത്മീയ വേശ്യാവൃത്തി. അല്ലെങ്കിൽ സത്യദൈവത്തെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുമ്പോൾതന്നെ വാസ്തവത്തിൽ മററ് ദൈവങ്ങൾക്ക് ആരാധനയും സ്നേഹവും നൽകൽ. പുരാതന യരുശലേം തന്റെ വേശ്യാവൃത്തിയെ ഒരു പടികൂടെ മുമ്പോട്ടു കൊണ്ടുപോയി. അവൾ സത്യാരാധനയെ മലിനമാക്കിക്കൊണ്ട് ആത്മീയ ദുർവൃത്തിയിലേർപ്പെട്ട ജനതകൾക്ക് സമ്മാനങ്ങൾ നൽകി.—യെഹെസ്ക്കേൽ 16:34.
5, 6.ഈ ഇരുപതാം നൂററാണ്ടിൽ ആര് ആത്മീയ വേശ്യാവൃത്തി ചെയ്യുന്നു, അത് ഏത് ചോദ്യങ്ങളിലേക്ക് നയിക്കുന്നു?
5 ഈ ഇരുപതാം നൂററാണ്ടിൽപോലും ലോക മതവ്യവസ്ഥിതിയിൽ ആത്മീയ വേശ്യാവൃത്തി സാധാരണമാണ്. ക്രൈസ്തവലോകമാണ് ആ വ്യവസ്ഥിതിയുടെ—“വേശ്യമാരുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവായ മഹാബാബിലോൻ” എന്ന് ബൈബിൾ വിളിക്കുന്ന വ്യവസ്ഥിതിയുടെ—ഏററം പ്രമുഖഭാഗം.—വെളിപ്പാട് 17:5.
6 എന്നാൽ മഹാബാബിലോന്റെ അന്തിമ ന്യായവിധി എന്താണ്? ആ അന്തിമ ഫലം നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും എങ്ങനെ ബാധിക്കും? ദൈവം പുരാതന യിസ്രായേലിൽ വേശ്യകളെ പ്രതികൂലമായി ന്യായം വിധിച്ചെങ്കിൽ അവൻ ആധുനിക ആത്മീയ വേശ്യാവൃത്തി സംബന്ധിച്ച് എന്തു ചെയ്യും? പിൻവരുന്ന ലേഖനങ്ങൾ ആ ചോദ്യങ്ങളും അവയോട് ബന്ധപ്പെട്ടവയും പരിശോധിക്കും. (w89 4/15)