യഹോവയുടെ അനുഗ്രഹം സമ്പത്തുണ്ടാക്കുന്നു
“യഹോയുടെ അനുഗ്രഹം—സമ്പത്തുണ്ടാക്കുന്നത് അതാണ്, അവിടുന്ന് അതിനോടു വേദന കൂട്ടുന്നില്ല.”—സദൃശവാക്യങ്ങൾ 10:22, NW.
1-3. ഭൗതിക കാര്യങ്ങൾ സംബന്ധിച്ച് അനേകരും താത്പരരായിരിക്കെ ഭൗതികസ്വത്തു സംബന്ധിച്ച ഏതു വസ്തുത എല്ലാവരും തിരിച്ചറിയണം?
ചിലയാളുകൾ പണത്തേക്കുറിച്ചോ അല്ലെങ്കിൽ അതിന്റെ അഭാവത്തെക്കുറിച്ചോ ഉള്ള സംസാരം ഒരിക്കലും നിർത്താറില്ല. ഈ സമീപവർഷങ്ങളിൽ അവർക്ക് അസംതൃപ്തികരമായി ധാരാളം സംസാരിക്കാനുണ്ടായിരുന്നു. സമ്പന്നമായ പാശ്ചാത്യലോകം പോലും 1992-ൽ ഒരു മാന്ദ്യം അനുഭവിച്ചു. കാര്യനിർവാഹകരും അതുപോലെതന്നെ സാധാരണ ജോലിക്കാരും തങ്ങൾക്കു തൊഴിലില്ലെന്നു കണ്ടെത്തി. സ്ഥായിയായ ഐശ്വര്യത്തിന്റെ ഒരു കാലം തങ്ങൾ വീണ്ടും എന്നെങ്കിലും കാണുമോയെന്ന് അനേകർ ആശ്ചര്യപ്പെട്ടു.
2 നമ്മുടെ ഭൗതികക്ഷേമത്തേക്കുറിച്ചു തല്പരരായിരിക്കുന്നതു തെററാണോ? അല്ല, ഒരു പരിധിവരെ അതു സ്വാഭാവികം മാത്രമാണ്. അതേസമയം സമ്പത്തു സംബന്ധിച്ചു നാം തിരിച്ചറിയേണ്ട ഒരു അടിസ്ഥാന സത്യമുണ്ട്. അന്തിമമായി എല്ലാ ഭൗതികവസ്തുക്കളും യഹോവയിൽനിന്നു വരുന്നു. “ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം” അവനാണ്.—യെശയ്യാവു 42:5.
3 ആർ ധനികരായിരിക്കണമെന്നും ആർ ദരിദ്രരായിരിക്കണമെന്നും യഹോവ മുൻനിശ്ചയിക്കുന്നില്ലെങ്കിൽപോലും “ഭൂമിയുടെയും അതിന്റെ ഉല്പന്നത്തിന്റെയും” [NW] നമുക്കുള്ള ഓഹരി ഉപയോഗിക്കുന്നവിധം സംബന്ധിച്ചു നാം ഉത്തരം പറയേണ്ടവരാണ്. നമ്മുടെ സമ്പത്ത് മററുള്ളവരെ ഭരിക്കാൻ നാം ഉപയോഗിക്കുന്നുവെങ്കിൽ യഹോവ നമ്മെ കണക്കു ബോധിപ്പിക്കേണ്ടവരായി കണക്കാക്കും. യഹോവയ്ക്കല്ലാതെ ധനത്തിനു അടിമവേല ചെയ്യുന്ന ഏതൊരുവനും “തന്റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും” എന്നു കണ്ടെത്തും. (സദൃശവാക്യങ്ങൾ 11:28; മത്തായി 6:24; 1 തിമൊഥെയൊസ് 6:9) യഹോവയ്ക്കു കീഴ്പ്പെടാത്ത ഹൃദയത്തോടെയുള്ള ഭൗതികസമൃദ്ധി അന്തിമമായി മൂല്യമില്ലാത്തതാണ്.—സഭാപ്രസംഗി 2:3-11, 18, 19; ലൂക്കൊസ് 16:9.
ഏററവും പ്രധാനപ്പെട്ട സമൃദ്ധി
4. ആത്മീയ സമൃദ്ധി ഭൗതിക സമൃദ്ധിയേക്കാൾ മെച്ചമായിരിക്കുന്നതെന്തുകൊണ്ട്?
4 ഭൗതിക സമൃദ്ധിയേക്കുറിച്ചല്ലാതെ ആത്മീയസമൃദ്ധിയേക്കുറിച്ചും ബൈബിൾ സംസാരിക്കുന്നു. ഇതാണ് കൂടുതൽ മെച്ചമായതരം. (മത്തായി 6:19-21) ആത്മീയ സമൃദ്ധി നിത്യതയിലേക്കു നീണ്ടുനിൽക്കാൻ കഴിയുന്ന, യഹോവയുമായുള്ള സംതൃപ്തികരമായ ഒരു ബന്ധം കൈവരുത്തുന്നു. (സഭാപ്രസംഗി 7:12) കൂടുതലായി, ആത്മീയമായി ധനികരായ ദൈവദാസൻമാർക്കു ന്യായമായ ഭൗതിക അനുഗ്രഹങ്ങൾ നഷ്ടപ്പെടുന്നില്ല. പുതിയ ലോകത്തിൽ ആത്മീയ സമ്പത്ത് ഭൗതിക സമൃദ്ധിയോടു ബന്ധപ്പെട്ടിരിക്കും. ഇന്നു മിക്കപ്പോഴും വസ്തുതയായിരിക്കുന്ന കടുത്ത മത്സരംകൊണ്ടും ആരോഗ്യവും സന്തുഷ്ടിയും ബലികൊടുത്തുകൊണ്ടും നേടാൻ കഴിയാത്ത ഭൗതിക സുരക്ഷിതത്ത്വം വിശ്വസ്തരായവർ ആസ്വദിക്കും. (സങ്കീർത്തനങ്ങൾ 72:16; സദൃശവാക്യങ്ങൾ 10:28; യെശയ്യാവു 25:6-8) എല്ലാ വിധത്തിലും “യഹോവയുടെ അനുഗ്രഹം . . . സമ്പത്തുണ്ടാക്കുന്നു, അവൻ അതിനോടു വേദന കൂട്ടുന്നില്ല” എന്നവർ കണ്ടെത്തും.—സദൃശവാക്യങ്ങൾ 10:22, NW.
5. ഭൗതിക വസ്തുക്കൾ സംബന്ധിച്ചു യേശു എന്തു വാഗ്ദത്തം നൽകി?
5 ആത്മീയ കാര്യങ്ങൾക്കു മൂല്യം നൽകുന്ന ആളുകൾക്ക് ഇന്നുപോലും ഭൗതിക വസ്തുക്കളെ സംബന്ധിച്ചിടത്തോളം പ്രത്യേകമായ ഒരു പ്രശാന്തത അനുഭവപ്പെടുന്നു. അവർ തങ്ങളുടെ ചെലവു നടത്താനും കുടുംബത്തെ പോററാനും ജോലി ചെയ്യുന്നു എന്നതു സത്യമാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ സമയങ്ങളിൽ ചിലർക്കു ജോലി നഷ്ടപ്പെടുകപോലും ചെയ്തേക്കാം. എന്നാൽ അത്തരം കാര്യങ്ങൾ സംബന്ധിച്ച് അവർ ആകുലചിത്തരല്ല. പകരം യേശുവിന്റെ വാഗ്ദത്തം അവർ വിശ്വസിക്കുന്നു: “എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. . . . സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.”—മത്തായി 6:31-33.
ഇന്ന് ആത്മീയ സമ്പത്ത്
6, 7. (ഏ) ദൈവജനത്തിന്റെ ആത്മീയ സമൃദ്ധിയുടെ ചില വശങ്ങൾ വിവരിക്കുക. (ബി) ഇന്ന് ഏതു പ്രവചനം നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു, ഇത് ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?
6 അക്കാരണത്താൽ ദൈവജനം തങ്ങളുടെ ജീവിതത്തിൽ ആ രാജ്യത്തെ ഒന്നാമതു വെക്കാൻ തീരുമാനിച്ചിരിക്കുന്നു, അവർ എത്ര അനുഗൃഹീതരാണ്! ശിഷ്യരാക്കൽ വേലയിൽ അവർ സമൃദ്ധമായ വിജയം ആസ്വദിക്കുന്നു. (യെശയ്യാവു 60:22) “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ പ്രദാനം ചെയ്യുന്ന നിന്നുപോകാത്ത ആത്മീയമായ നല്ല കാര്യങ്ങളുടെ ഒരു ഒഴുക്ക് ആസ്വദിച്ചുകൊണ്ട് അവർ യഹോവയാൽ പഠിപ്പിക്കപ്പെടുന്നവരാണ്. (മത്തായി 24:45-47; യെശയ്യാവ് 54:13, NW) കൂടുതലായി, യഹോവയുടെ ആത്മാവ് അവരുടെമേൽ ഉണ്ട്, അവരെ ആഹ്ലാദംനിറഞ്ഞ ഒരു അന്തർദ്ദേശീയ സഹോദരവർഗ്ഗമായി വാർത്തെടുത്തുകൊണ്ടുതന്നെ.—സങ്കീർത്തനം 133:1; മർക്കൊസ് 10:29, 30.
7 സത്യത്തിൽ ഇതാണ് ആത്മീയ സമൃദ്ധി, പണത്തിനു വിലകൊടുത്തു വാങ്ങാൻ കഴിയാത്ത ഒന്നുതന്നെ. ഇത് യഹോവയുടെ വാഗ്ദത്തത്തിന്റെ ശ്രദ്ധേയമായ ഒരു നിവൃത്തിയാണ്: “എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാഖി 3:10) ഈ വാഗ്ദത്തം നിവർത്തിക്കുന്നത് നാം ഇന്നു കണ്ടിരിക്കുന്നു. എന്നാൽ സകല സമ്പത്തിന്റെയും ഉറവിടമായ യഹോവ തന്റെ ദാസൻമാർ പത്തിലൊന്ന് അഥവാ ദശാംശം കൊണ്ടുവരാൻ ആവശ്യപ്പെടുന്നതെന്തുകൊണ്ട്? ഈ ദശാംശത്തിൽനിന്ന് ആർക്കാണ് പ്രയോജനം കിട്ടുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതിനു പൊ.യു.മു. അഞ്ചാം നൂററാണ്ടിൽ യഹോവ ഈ വാക്കുകൾ മലാഖി മുഖാന്തരം സംസാരിച്ചത് എന്തുകൊണ്ടെന്നു പരിചിന്തിക്കാം.
ദശാംശങ്ങളും വഴിപാടുകളും
8. ന്യായപ്രമാണ ഉടമ്പടിയനുസരിച്ചു ഇസ്രയേലിന്റെ ഭൗതിക സമൃദ്ധി എന്തിൽ ആശ്രയിച്ചിരിക്കുമായിരുന്നു?
8 മലാഖിയുടെ കാലത്തു ദൈവജനം അഭിവൃദ്ധി പ്രാപിച്ചിരുന്നില്ല. എന്തുകൊണ്ടില്ല? ഭാഗികമായി അതു ദശാംശങ്ങളോടും വഴിപാടുകളോടും ബന്ധപ്പെട്ടിരുന്നു. അന്ന് ഇസ്രയേൽ മോശൈക ന്യായപ്രമാണ ഉടമ്പടിയിൻകീഴിലായിരുന്നു. യഹോവ ആ ഉടമ്പടി സ്ഥാപിച്ചപ്പോൾ ഇസ്രയേൽ അതിലെ അവരുടെ പങ്ക് നിറവേററിയാൽ അവിടുന്ന് ആത്മീയമായും ഭൗതികമായും അവരെ അനുഗ്രഹിക്കുമെന്നു വാഗ്ദത്തം ചെയ്തു. ഫലത്തിൽ, ഇസ്രയേലിന്റെ സമൃദ്ധി അവരുടെ വിശ്വസ്തതയെ ആശ്രയിച്ചിരുന്നു.—ആവർത്തനം 28:1-19.
9. പുരാതന ഇസ്രയേലിന്റെ നാളുകളിൽ ദശാംശം കൊടുക്കാനും വഴിപാടുകൾ കൊണ്ടുവരാനും യഹോവ ആവശ്യപ്പെട്ടത് എന്തുകൊണ്ട്?
9 ആലയത്തിലേക്കു വഴിപാടുകൾ കൊണ്ടുവരികയും ദശാംശം കൊടുക്കുകയും ചെയ്യുകയെന്നത് ന്യായപ്രമാണത്തിൻകീഴിലെ ഇസ്രയേലിന്റെ കടപ്പാടിന്റെ ഭാഗമായിരുന്നു. ചില യാഗവസ്തുക്കൾ യഹോവയുടെ യാഗപീഠത്തിൽ പൂർണ്ണമായി ദഹിപ്പിച്ചു, ചില പ്രത്യേക ഭാഗങ്ങൾ യഹോവയ്ക്ക് അർപ്പിച്ചശേഷം മററുള്ളവ പുരോഹിതൻമാരും യാഗം അർപ്പിക്കുന്നവരും വീതിച്ചെടുത്തു. (ലേവ്യപുസ്തകം 1:3-9; 7:1-15) ദശാംശങ്ങളെക്കുറിച്ചു മോശ ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം.” (ലേവ്യപുസ്തകം 27:30) ദശാംശം സാക്ഷ്യകൂടാരത്തിലെയും പിന്നീട് ആലയത്തിലെയും ലേവ്യരായ ജോലിക്കാർക്കു നൽകിയിരുന്നു. ക്രമത്തിൽ പുരോഹിതേതര ലേവ്യർ തങ്ങൾക്കു ലഭിച്ചതിന്റെ പത്തിലൊന്ന് അഹരോന്യ പുരോഹിതൻമാർക്കു കൊടുക്കുമായിരുന്നു. (സംഖ്യാപുസ്തകം 18:21-29) ദശാംശം കൊടുക്കാൻ യഹോവ ഇസ്രയേല്യരോട് ആവശ്യപ്പെട്ടത് എന്തുകൊണ്ടായിരുന്നു? ഒന്നാമത്തെ കാരണം, പ്രത്യക്ഷമായ ഒരു വിധത്തിൽ യഹോവയുടെ നൻമയോടുള്ള തങ്ങളുടെ വിലമതിപ്പ് പ്രകടിപ്പിക്കാൻ അവർക്കു കഴിയുമായിരുന്നു എന്നതായിരുന്നു. രണ്ടാമതായി, ന്യായപ്രമാണം പഠിപ്പിക്കുന്നതുൾപ്പെടെ തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ലേവ്യരെ പിന്തുണയ്ക്കുന്നതിന് അവർക്കു സംഭാവന ചെയ്യാൻ സാധിക്കുകയും ചെയ്യുമായിരുന്നു. (2 ദിനവൃത്താന്തം 17:7-9) ഈ വിധത്തിൽ സത്യാരാധന പിന്താങ്ങപ്പെട്ടു, എല്ലാവർക്കും പ്രയോജനം ലഭിക്കുകയും ചെയ്തു.
10. ദശാംശവും വഴിപാടുകളും കൊണ്ടുവരാൻ ഇസ്രയേൽ പരാജയപ്പെട്ടപ്പോൾ എന്തു സംഭവിച്ചു?
10 ദശാംശങ്ങളും വഴിപാടുകളും ലേവ്യർ പിന്നീട് ഉപയോഗിച്ചെങ്കിലും അവ വാസ്തവത്തിൽ യഹോവയ്ക്കുള്ള ദാനങ്ങളായിരുന്നു, അതുകൊണ്ട് അവ നല്ല ഗുണവും അവിടുത്തേയ്ക്ക് യോഗ്യവും ആയിരിക്കേണ്ടിയിരുന്നു. (ലേവ്യപുസ്തകം 22:21-25) ഇസ്രയേല്യർ ദശാംശം കൊണ്ടുവരാൻ പരാജയപ്പെട്ടപ്പോൾ അല്ലെങ്കിൽ അവർ ഗുണം കുറഞ്ഞ യാഗവസ്തുക്കൾ കൊണ്ടുവന്നപ്പോൾ എന്തു സംഭവിച്ചു? ന്യായപ്രമാണത്തിൽ യാതൊരു ശിക്ഷയും നിർദ്ദേശിച്ചിരുന്നില്ല, എന്നാൽ പരിണതഫലങ്ങൾ ഉണ്ടായിരുന്നു. യഹോവ തന്റെ അനുഗ്രഹം പിൻവലിച്ചു. ഭൗതിക പിന്തുണ നിഷേധിക്കപ്പെട്ട ലേവ്യർ തങ്ങളേത്തന്നെ നിലനിർത്തുന്നതിന് ആലയത്തിലെ ഉത്തരവാദിത്വങ്ങൾ ഉപേക്ഷിച്ചുപോയി. അതുനിമിത്തം എല്ലാ ഇസ്രയേല്യരും കഷ്ടം അനുഭവിച്ചു.
“നിങ്ങളുടെ ഹൃദയം നിങ്ങളുടെ വഴികളിൽ പതിപ്പിക്കുക”
11, 12. (ഏ) ന്യായപ്രമാണം അനുസരിക്കുന്നത് ഇസ്രയേൽ അവഗണിച്ചപ്പോൾ എന്തു പരിണതഫലം ഉണ്ടായി? (ബി) ബാബിലോനിൽനിന്നു യഹോവ അവരെ തിരികെ കൊണ്ടുവന്നപ്പോൾ അവിടുന്ന് അവർക്ക് ഏതു നിയോഗം കൊടുത്തു?
11 ഇസ്രയേൽ ചരിത്രത്തിന്റെ ഗതിയിൽ ദശാംശം കൊടുക്കുന്നതുൾപ്പെടെ ന്യായപ്രമാണം അനുഷ്ഠിക്കാൻ ശ്രമിക്കുന്നതിൽ മാതൃകവെച്ച ചിലരുണ്ടായിരുന്നു. (2 ദിനവൃത്താന്തം 31:2-16) പൊതുവെ ആ ജനത അശ്രദ്ധമനോഭാവം ഉള്ളതായിരുന്നു. ഒടുവിൽ അവർ ജയിച്ചടക്കപ്പെടാൻ, ബാബിലോനിലേക്കു നാടുകടത്തപ്പെടാൻ അവിടുന്ന് അനുവദിക്കുന്നതുവരെ വീണ്ടും വീണ്ടും അവർ യഹോവയോടുള്ള ഉടമ്പടി ലംഘിച്ചു.—2 ദിനവൃത്താന്തം 36:15-21.
12 അതു കഠിന ശിക്ഷണമായിരുന്നു, എന്നാൽ 70 വർഷത്തിനുശേഷം യഹോവ തന്റെ ജനത്തെ അവരുടെ സ്വന്തദേശത്തു പുനഃസ്ഥിതീകരിച്ചു. യെശയ്യാവിലെ അനേകം പറുദീസാപ്രവചനങ്ങൾക്ക് ആ മടങ്ങിവരവിനുശേഷം ആദ്യ നിവൃത്തിയുണ്ടാകേണ്ടിയിരുന്നു. (യെശയ്യാവു 35:1, 2; 52:1-9; 65:17-19) എന്നിരുന്നാലും യഹോവ തന്റെ ജനത്തെ തിരികെ കൊണ്ടുവന്നതിന്റെ മുഖ്യ കാരണം ഒരു ഭൗമിക പറുദീസ പണിയാനായിരുന്നില്ല, മറിച്ച് ആലയം പുനർനിർമ്മിക്കുന്നതിനും സത്യാരാധന പുനഃസ്ഥാപിക്കുന്നതിനുമായിരുന്നു. (എസ്രാ 1:2, 3) ഇസ്രയേൽ യഹോവയെ അനുസരിച്ചാൽ ഭൗതിക പ്രയോജനങ്ങൾ അവരെ പിന്തുടരുമായിരുന്നു, യഹോവയുടെ അനുഗ്രഹം അവരെ ആത്മീയമായും ഭൗതികമായും സമ്പന്നരാക്കുമായിരുന്നു. അതുകൊണ്ട് യഹൂദർ പൊ.യു.മു. 507-ൽ സ്വന്തദേശത്ത് എത്തിയ ഉടനെ യെരൂശലേമിൽ ഒരു യാഗപീഠം പണിയുകയും ആലയത്തിന്റെ വേല ആരംഭിക്കുകയം ചെയ്തു. എന്നിരുന്നാലും അവർ കടുത്ത എതിർപ്പു നേരിടേണ്ടിവരികയും വേല നിർത്തുകയും ചെയ്തു. (എസ്രാ 4:1-4, 23) പരിണതഫലമായി ഇസ്രയേൽ യഹോവയുടെ അനുഗ്രഹം ആസ്വദിച്ചില്ല.
13, 14. (ഏ) ആലയം പുനർനിർമ്മിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടപ്പോൾ എന്ത് അനന്തരഫലം ഉണ്ടായി? (ബി) ഒടുവിൽ ആലയം എങ്ങനെ പുതുക്കിപ്പണിതു, ഇസ്രയേലിന്റെ ഭാഗത്തെ ഏതു വീഴ്ചകൾ റിപ്പോർട്ടുചെയ്തിരിക്കുന്നു?
13 പൊ.യു.മു. 520 എന്ന വർഷത്തിൽ ആലയത്തിന്റെ പണിയിലേക്കു മടങ്ങിപ്പോകാൻ ഇസ്രയേലിനെ പ്രേരിപ്പിക്കേണ്ടതിനു പ്രവാചകൻമാരായ ഹഗ്ഗായിയെയും സെഖര്യാവിനെയും യഹോവ എഴുന്നേൽപിച്ചു. ആ ജനത ഭൗതികദുരിതം അനുഭവിക്കുകയായിരുന്നുവെന്നു ഹഗ്ഗായി പ്രകടമാക്കുകയും അതിനെ യഹോവയുടെ ആലയത്തോടുള്ള അവരുടെ തീക്ഷ്ണതയുടെ കുറവിനോടു ബന്ധപ്പെടുത്തുകയും ചെയ്തു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും പൂർത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല; കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ. നിങ്ങൾ മലയിൽ ചെന്നു മരം കൊണ്ടുവന്നു ആലയം പണിവിൻ; ഞാൻ അതിൽ പ്രസാദിച്ചു മഹത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.”—ഹഗ്ഗായി 1:5-8.
14 ഹഗ്ഗായിയിൽനിന്നും സെഖര്യാവിൽനിന്നും പ്രോത്സാഹനം നേടിയ ഇസ്രയേല്യർ തങ്ങളുടെ വഴികളിൽ തങ്ങളുടെ ഹൃദയം പതിപ്പിക്കുകയും ആലയം പണിയുകയും ചെയ്തു. എന്നിരുന്നാലും ഏതാണ്ട് 60 വർഷത്തിനുശേഷം നെഹമ്യാവ് യെരൂശലേം സന്ദർശിക്കുകയും ഇസ്രയേല്യർ യഹോവയുടെ ന്യായപ്രമാണത്തോടു വീണ്ടും അവഗണന കാണിച്ചതായി കണ്ടെത്തുകയും ചെയ്തു. അദ്ദേഹം അതു തിരുത്തി. എന്നാൽ രണ്ടാമത്തെ സന്ദർശനത്തിൽ കാര്യങ്ങൾ കൂടുതൽ വഷളായിരിക്കുന്നതായി അദ്ദേഹം കണ്ടെത്തി. അദ്ദേഹം ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ലേവ്യർക്കു ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഒരോരുത്തൻ താന്താന്റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാൻ അറിഞ്ഞു.” (നെഹെമ്യാവു 13:10) ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. “എല്ലായെഹൂദൻമാരും ധാന്യം, വീഞ്ഞു, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.”—നെഹെമ്യാവു 13:12.
യഹോവയെ കവർച്ചചെയ്യൽ
15, 16. ഏതു വീഴ്ചകൾനിമിത്തം യഹോവ ഇസ്രയേലിനെ മലാഖി മുഖാന്തം ശാസിക്കുന്നു?
15 സാധ്യതയനുസരിച്ചു മലാഖിയുടെ പ്രവചിക്കൽ അതേ പൊതു കാലഘട്ടത്തിലായിരുന്നു. ഇസ്രയേലിന്റെ അവിശ്വസ്തതയേക്കുറിച്ചു പ്രവാചകൻ നമ്മോടു കൂടുതലായി പറയുന്നു. ഇസ്രയേലിനോടുള്ള യഹോവയുടെ വാക്കുകൾ അവൻ രേഖപ്പെടുത്തുന്നു: “ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതൻമാരേ, നിങ്ങളോടു ചോദിക്കുന്നു.” എന്തായിരുന്നു കുഴപ്പം? യഹോവ വിശദീകരിക്കുന്നു: “നിങ്ങൾ കണ്ണുപൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല.”—മലാഖി 1:6-8.
16 ഇസ്രയേല്യർ വഴിപാടുകൾ കൊണ്ടുവന്നപ്പോൾ അവയുടെ കുറഞ്ഞഗുണം കടുത്ത അനാദരവിനെ വെളിപ്പെടുത്തിയെന്ന് ഈ ചിത്രീകരണരൂപത്തിൽ മലാഖി പ്രകടമാക്കുന്നു. മലാഖി ഇങ്ങനെയും എഴുതി: “നിങ്ങളുടെ പിതാക്കൻമാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെററിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” തങ്ങൾ പ്രത്യേകമായി എന്തു ചെയ്യേണ്ടിയിരുന്നുവെന്നു ഇസ്രയേല്യർ ആശ്ചര്യപ്പെട്ടു, അതുകൊണ്ട് അവർ ഇങ്ങനെ ചോദിച്ചു: “ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടു?” യഹോവ ഉത്തരം നൽകി: “ഭൗമിക മനുഷ്യൻ ദൈവത്തെ കവർച്ചചെയ്യുമോ? എന്നാൽ നിങ്ങൾ എന്നെ കവർച്ചചെയ്യുന്നു.” സകല സമ്പത്തിന്റെയും ഉറവിടമായ യഹോവയെ ഇസ്രയേലിന് എങ്ങനെ കവർച്ചചെയ്യാൻ കഴിയുമായിരുന്നു? യഹോവ ഉത്തരം നൽകി: “ദശാംശത്തിലും വഴിപാടിലും തന്നേ.” (മലാഖി 3:7, 8, NW) അതെ, തങ്ങളുടെ ദശാംശവും വഴിപാടുകളും കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടതിനാൽ ഇസ്രയേൽ യഹോവയെ കവർച്ച ചെയ്യുകയായിരുന്നു!
17. ദശാംശവും വഴിപാടുകളും ഇസ്രയേലിൽ എന്തുദ്ദേശ്യത്തിന് ഉതകി, ദശാംശം സംബന്ധിച്ച് എന്തു വാഗ്ദത്തം യഹോവ ചെയ്യുന്നു?
17 ഈ ചരിത്രപശ്ചാത്തലം ഇസ്രയേലിലെ ദശാംശങ്ങളുടെയും വഴിപാടുകളുടെയും പ്രാധാന്യത്തെ പ്രകടമാക്കുന്നു. അവ ദാതാവിന്റെ ഭാഗത്തെ വിലമതിപ്പിന്റെ ഒരു പ്രകടനമായിരുന്നു. ഭൗതികമായ ഒരു വിധത്തിൽ അവ സത്യാരാധനയെ പിന്താങ്ങാൻ സഹായിച്ചു. ഇപ്രകാരം യഹോവ ഇസ്രയേലിനെ തുടർന്നു പ്രോത്സാഹിപ്പിച്ചു: “ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ.” അവർ അപ്രകാരം ചെയ്താൽ എന്തു പിന്തുടരുമായിരുന്നെന്നു പ്രകടമാക്കിക്കൊണ്ട് യഹോവ ഇങ്ങനെ വാഗ്ദത്തം ചെയ്തു: “ഞാൻ . . . സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ?” (മലാഖി 3:10) യഹോവയുടെ അനുഗ്രഹം അവരെ സമ്പന്നരാക്കുമായിരുന്നു.
“യഥാർത്ഥ കർത്താവ്” ന്യായം വിധിക്കുന്നു
18. (ഏ) ആരുടെ വരവു സംബന്ധിച്ചു യഹോവ മുന്നറിയിപ്പു നൽകി? (ബി) ആലയത്തിലേക്കുള്ള വരവ് എപ്പോൾ ഉണ്ടായി, ആർ ഉൾപ്പെട്ടിരുന്നു, ഇസ്രയേലിന് എന്ത് അനന്തരഫലം ഉണ്ടായി?
18 യഹോവ തന്റെ ജനത്തെ ന്യായം വിധിക്കാൻ വരുമെന്ന് അവിടുന്ന് മലാഖി മുഖാന്തരം മുന്നറിയിപ്പു നൽകി. “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു.” (മലാഖി 3:1) ആലയത്തിലേക്കു വരുമെന്നുള്ള ആ വാഗ്ദത്തം എന്നാണു സംഭവിച്ചത്? യേശു മത്തായി 11:10-ൽ വഴിയൊരുക്കുന്ന ഒരു ദൂതനേക്കുറിച്ചുള്ള മലാഖിയുടെ പ്രവചനം ഉദ്ധരിക്കുകയും അതു സ്നാപകയോഹന്നാനു ബാധകമാക്കുകയും ചെയ്തു. (മലാഖി 4:5; മത്തായി 11:14) അതുകൊണ്ട് പൊ.യു. 29-ൽ ന്യായവിധിക്കുള്ള സമയം വന്നെത്തി! “യഥാർത്ഥ കർത്താവായ” യഹോവയെ ആലയത്തിലേക്കനുഗമിക്കുന്ന ഉടമ്പടിദൂതനായ രണ്ടാമത്തെ ദൂതൻ ആരായിരുന്നു? യേശുതന്നെ, അദ്ദേഹം രണ്ടു സന്ദർഭങ്ങളിൽ യെരുശലേമിലെ ആലയത്തിലേക്കു വരികയും വഞ്ചകരായ പണമിടപാടുകാരെ പുറത്താക്കിക്കൊണ്ടു നാടകീയമായി അതിനെ ശുദ്ധീകരിക്കുകയും ചെയ്തു. (മർക്കൊസ് 11:15-17; യോഹന്നാൻ 2:14-17) ഒന്നാം നൂററാണ്ടിലെ ന്യായവിധിയുടെ ഈ സമയത്തെ പരാമർശിച്ചുകൊണ്ട് യഹോവ പ്രാവചനികമായി ഇങ്ങനെ ചോദിക്കുന്നു: “അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും?” (മലാഖി 3:2) വാസ്തവത്തിൽ ഇസ്രയേൽ നിന്നില്ല. അവരെ പരിശോധിച്ചു, കുറവുള്ളവരായി കണ്ടെത്തി. പൊ.യു. 33-ൽ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനതയെന്നനിലയിൽ അവരെ തള്ളിക്കളഞ്ഞു.—മത്തായി 23:37-39.
19. ഒന്നാം നൂററാണ്ടിൽ ഏതുവിധത്തിൽ ഒരു ശേഷിപ്പു യഹോവയിങ്കലേക്കു മടങ്ങിവന്നു, അവർക്കെന്തനുഗ്രഹം ലഭിച്ചു?
19 എന്നിരുന്നാലും മലാഖി ഇങ്ങനെയും എഴുതി: “അവൻ [യഹോവ] ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രൻമാരെ ശുദ്ധീരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.” (മലാഖി 3:3) ഇതിനോടു ചേർച്ചയിൽ ഒന്നാം നൂററാണ്ടിൽ യഹോവയെ സേവിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന അനേകരെ തള്ളിക്കളഞ്ഞു, ചിലർ ശുദ്ധീകരിക്കപ്പെടുകയും സ്വീകാര്യമായ വഴിപാടുകൾ അർപ്പിച്ചുകൊണ്ട് യഹോവയിങ്കലേക്കു മടങ്ങിവരികയും ചെയ്തു. ആരാണവർ? നിയമദൂതനായ യേശുവിനോടു പ്രതികരിച്ചവർതന്നെ. പൊ.യു. 33-ൽ ഈ പ്രതികരണമുള്ളവരിൽ 120 പേർ യെരുശലേമിലുള്ള ഒരു മുകളിലത്തെ മുറിയിൽ ഒന്നിച്ചുകൂടി. പരിശുദ്ധാത്മാവിനാൽ ശക്തീകരിക്കപ്പെട്ട അവർ നീതിയിൽ വഴിപാട് അർപ്പിക്കാൻ തുടങ്ങി. അവരുടെ സംഖ്യ പെട്ടെന്നുതന്നെ വർദ്ധിച്ചു. അവർ ഉടൻതന്നെ റോമാസാമ്രാജ്യത്തിലുടനീളം പെരുകി. (പ്രവൃത്തികൾ 2:41; 4:4; 5:14) അപ്രകാരം ഒരു ശേഷിപ്പ് യഹോവയിങ്കലേക്കു മടങ്ങിവന്നു.—മലാഖി 3:7.
20. യെരൂശലേമും ആലയവും നശിപ്പിക്കപ്പെട്ടപ്പോൾ ദൈവത്തിന്റെ പുതിയ ഇസ്രയേലിന് എന്തു സംഭവിച്ചു?
20 ഇസ്രയേലിന്റെ മൂലകാണ്ഡത്തോട് ഒട്ടിച്ചു ചേർക്കപ്പെട്ട വിജാതിയർ ഉൾപ്പെട്ട ഇസ്രയേലിന്റെ ഈ ശേഷിപ്പ്, ആത്മാഭിക്ഷിക്ത ക്രിസ്ത്യാനികൾ ചേർന്ന ഒരു ജനത, “ദൈവത്തിന്റെ ഒരു പുതിയ ഇസ്രയേൽ” ആയിരുന്നു. (ഗലാത്യർ 6:16; റോമർ 11:17) പൊ.യു. 70-ൽ റോമൻ സൈന്യം യെരൂശലേമും അവളുടെ ആലയവും നശിപ്പിച്ചപ്പോൾ “ചൂളപോലെ കത്തുന്ന ഒരു ദിവസം” ജഡിക ഇസ്രയേലിന്റെമേൽ വന്നു. (മലാഖി 4:1; ലൂക്കൊസ് 19:41-44) ദൈവത്തിന്റെ ആത്മീയ ഇസ്രയേലിന് എന്തു സംഭവിച്ചു? യഹോവ “അവരോട് അനുകമ്പ” കാണിച്ചു, “തന്നെ സേവിക്കുന്ന തന്റെ മകനോടു ഒരു മനുഷ്യൻ അനുകമ്പ കാണിക്കുന്നതുപോലെതന്നെ.” (മലാഖി 3:17, NW) അഭിക്ഷിക്ത ക്രിസ്തീയ സഭ യേശുവിന്റെ പ്രാവചനിക മുന്നറിയിപ്പിനു ശ്രദ്ധ കൊടുത്തു. (മത്തായി 24:15, 16) അവർ അതിജീവിച്ചു, യഹോവയുടെ അനുഗ്രഹം അവരെ ആത്മീയമായി സമ്പന്നരാക്കുന്നതിൽ തുടർന്നു.
21. മലാഖി 3:1-ഉം 10-ഉം സംബന്ധിച്ച് ഏതു ചോദ്യങ്ങൾ നിലനിൽക്കുന്നു?
21 യഹോവയുടെ എന്തൊരു സംസ്ഥാപനം! എന്നിരുന്നാലും ഇന്നു മലാഖി 3:1 എങ്ങനെയാണു നിവർത്തിയേറിക്കൊണ്ടിരിക്കുന്നത്? മുഴുദശാംശവും ഭണ്ഡാരത്തിലേക്കു കൊണ്ടുവരാനുള്ള മലാഖി 3:10-ലെ പ്രോത്സാഹനത്തോട് ഒരു ക്രിസ്ത്യാനി എങ്ങനെ പ്രതികരിക്കണം? ഇത് അടുത്ത ലേഖനത്തിൽ ചർച്ചചെയ്യപ്പെടും.
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ അന്തിമമായി ആരാണ് സകലസമ്പത്തിന്റെയും ഉറവിടം?
◻ ഭൗതിക ധനത്തേക്കാൾ ആത്മീയസമൃദ്ധി മെച്ചമായിരിക്കുന്നതെന്തുകൊണ്ട്?
◻ ഇസ്രയേലിൽ ദശാംശവും വഴിപാടുകളും എന്തുദ്ദേശ്യത്തിന് ഉതകി?
◻ “യഥാർത്ഥ കർത്താവായ യഹോവ എപ്പോഴാണ് ഇസ്രയേലിനെ ന്യായം വിധിക്കാനായി ആലയത്തിലേക്കു വന്നത്, അനന്തരഫലം എന്തായിരുന്നു?
◻ പൊ.യു. ഒന്നാം നൂററാണ്ടിൽ യഹോവ ആലയത്തിലേക്കു വന്നതിനുശേഷം അവിടുത്തെ അടുക്കലേക്കു ആർ മടങ്ങിവന്നു?
[10-ാം പേജിലെ ചിത്രം]
യഹോവയെ പ്രതിനിധാനം ചെയ്തുകൊണ്ട് ഉടമ്പടിദൂതനായ യേശു പൊ.യു. ഒന്നാം നൂററാണ്ടിൽ ന്യായവിധിക്കായി ആലയത്തിലേക്കു വന്നു