ഒരു ഭർത്താവെന്ന നിലയിൽ സ്നേഹവും ആദരവും പ്രകടമാക്കുക
“നിങ്ങളിൽ ഓരോരുത്തനും വ്യക്തിപരമായി തന്നേത്തന്നെ സ്നേഹിക്കുന്നതുപോലെ തന്റെ ഭാര്യയെ സ്നേഹിക്കട്ടെ.”—എഫേസ്യർ 5:33.
1, 2. (എ) ഇന്നു ലോകത്തിൽ വിവാഹമോചനം ഏതളവിൽ ഒരു പ്രശ്നമാണ്? (ബി) ഇതിനു വിപരീതമായി, വേറെ ഏതു സാഹചര്യം സ്ഥിതിചെയ്യുന്നു?
ആയിരത്തിത്തൊള്ളായിരത്തി എൺപതുകളുടെ മദ്ധ്യത്തിൽ സൈക്കോളജി ററുഡേ ഇങ്ങനെ റിപ്പോർട്ടുചെയ്തു: “ഇപ്പോൾ [യു.എസ്.എ.യിൽ] വർഷത്തിൽ പത്തുലക്ഷത്തിലധികം ദമ്പതിമാർ തങ്ങളുടെ ഉല്ലാസപ്രതീക്ഷകൾ വിവാഹമോചനത്തിൽ അവസാനിപ്പിക്കുന്നു; ഐക്യനാടുകളിലെ വിവാഹത്തിന്റെ ശരാശരി പഴക്കം 9.4 വർഷമാണ്. . . . തീർച്ചയായും, അവിടെ ആരും സന്തുഷ്ടിയോടെ വിവാഹിതരായിരിക്കുന്നില്ലെന്ന് ചിലപ്പോൾ തോന്നുന്നു.” (ജൂൺ 1985) ഒരൊററ രാജ്യത്തിൽമാത്രം ഒരു വർഷത്തിൽ തകർന്ന വിവാഹത്താൽ ബാധിക്കപ്പെടുന്നത് മുതിർന്നവരെയും കുട്ടികളെയും പരിഗണിക്കുമ്പോൾ കുറഞ്ഞപക്ഷം 30,00,000 പേരാണ്. എന്നാൽ വിവാഹമോചനം ഒരു ലോകവ്യാപക പ്രശ്നമാണ്. ദശലക്ഷക്കണക്കിനു വിവാഹങ്ങളിൽ സ്നേഹവും ആദരവും ഇല്ലെന്ന് അതു സൂചിപ്പിക്കുന്നു.
2 മറിച്ച്, “വിഗണിക്കപ്പെടാൻ പ്രവണതയുള്ള മറെറാരു കൂട്ടമുണ്ട്: എങ്ങനെയെങ്കിലും ഒത്തുകഴിയാൻ സാധിക്കുന്നവർ, തങ്ങളെ വേർപെടുത്താൻ മരണത്തെയല്ലാതെ മറെറാന്നിനെയും അനുവദിക്കാത്ത ഇണകൾ.” (സൈക്കോളജി ററുഡേ) അങ്ങനെ, തങ്ങളുടെ വിവാഹത്തെ യോജിപ്പിച്ചുനിർത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന ദശലക്ഷക്കണക്കിനു ദമ്പതിമാരുമുണ്ട്.
3. നമുക്ക് നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
3 നിങ്ങളുടെ വിവാഹം എങ്ങനെയുണ്ട്? ഭർത്താവും ഭാര്യയും തമ്മിൽ ഊഷ്മളമായ സ്നേഹത്തിന്റെയും ആദരവിന്റെയും വികാരമുണ്ടോ? നിങ്ങളുടെ കുടുംബത്തിൽ മാതാപിതാക്കളും കുട്ടികളും തമ്മിൽ അത്തരം സ്നേഹം നിലവിലുണ്ടോ? അതോ നിങ്ങൾ ചിലപ്പോൾ നീരസത്തിന്റെയും വിശ്വാസമില്ലായ്മയുടെയും ഞാണിൻമേൽക്കളിയിലേർപ്പെട്ടിരിക്കുന്നതായി കണ്ടെത്തുന്നുവോ? നമ്മിലാരും പൂർണ്ണരല്ലാത്തതിനാൽ ഏതു കുടുംബത്തിലും, എല്ലാവരും ക്രിസ്ത്യാനികളായിരിക്കാൻ ശ്രമിക്കുന്നിടത്തുപോലും, പ്രയാസസാഹചര്യങ്ങൾ പൊന്തിവന്നേക്കാം, എന്തുകൊണ്ടെന്നാൽ “എല്ലാവരും പാപംചെയ്തു ദൈവമഹത്വത്തിൽ കുറവുള്ളവരായിത്തീരുന്നു.”—റോമർ 3:23.
4. ഒരു സന്തുഷ്ടകുടുംബത്തിൽ മുഖ്യറോൾ ആർക്കാണുള്ളതെന്ന് പൗലോസും പത്രോസും സൂചിപ്പിക്കുന്നതെങ്ങനെ?
4 ഏതു കുടുംബത്തിലും പ്രയാസങ്ങൾ പൊന്തിവന്നേക്കാമെന്നുള്ള വസ്തുതയുടെ വീക്ഷണത്തിൽ, കുടുംബത്തെ സമാധാനപരവും യോജിപ്പുള്ളതുമായ മാർഗ്ഗത്തിൽ നിർത്തുന്നതിനുള്ള മുഖ്യധർമ്മം ആർക്കാണുള്ളത്? അപ്പോസ്തലൻമാരായ പൗലോസും പത്രോസും, അവരുടെ ലേഖനങ്ങളിൽ കാണപ്പെടുന്ന നേരിട്ടുള്ള ബുദ്ധിയുപദേശത്തിൽ ഉത്തരം നൽകുന്നു. പൗലോസ് എഴുതി: “ഏതു പുരുഷന്റെയും തല ക്രിസ്തു ആണെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; ക്രമത്തിൽ ഒരു സ്ത്രീയുടെ തല പുരുഷനാകുന്നു; ക്രമത്തിൽ, ക്രിസ്തുവിന്റെ തല ദൈവമാണ്.” അവൻ ഇങ്ങനെയും പ്രസ്താവിച്ചു: “ക്രിസ്തുവിനോടുള്ള ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിക്കുക. ഭാര്യമാർ കർത്താവിനെന്നപോലെ തങ്ങളുടെ ഭർത്താക്കൻമാർക്ക് കീഴ്പെട്ടിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ ക്രിസ്തു സഭയുടെ ശിരസ്സുമായിരിക്കുന്നതുപോലെ ഒരു ഭർത്താവ് അയാളുടെ ഭാര്യയുടെ ശിരസ്സാകുന്നു.” (1 കൊരിന്ത്യർ 11:3; എഫേസ്യർ 5:21-23) ഇതേ ഭാവത്തിൽ, പത്രോസ് എഴുതി: “ഇതേ രീതിയിൽ [ക്രിസ്തുവിന്റെ മാതൃക അനുസരിച്ചുകൊണ്ട്] ഭാര്യമാരേ, നിങ്ങൾ നിങ്ങളുടെ സ്വന്തം ഭർത്താക്കൻമാർക്ക് കീഴ്പ്പെട്ടിരിക്കുക.”—1 പത്രോസ് 2:21-3:1.
ക്രിസ്തു—ഉൻമേഷദായകമായ മാതൃക
5, 6. ശിരഃസ്ഥാനത്തിന്റെ പ്രയോഗത്തിൽ യേശുക്രിസ്തു ഒരു മാതൃകയായിരിക്കുന്നതെങ്ങനെ?
5 മേൽപ്പറഞ്ഞ ബുദ്ധിയുപദേശത്തിനു ചേർച്ചയായി, ഭർത്താവ് കുടുംബത്തിന്റെ തിരുവെഴുത്തുപരമായ തലയാണ്. എന്നാൽ ഏതർത്ഥത്തിലാണ് അയാൾ തലയായിരിക്കുന്നത്? ശിരഃസ്ഥാനം എങ്ങനെ പ്രയോഗിക്കണം? തങ്ങളാണ് ‘ഗൃഹനാഥൻമാർ, ബൈബിൾ അങ്ങനെ പറയുന്നു’ എന്നു ശഠിച്ചുകൊണ്ട് ബഹുമാനം ആവശ്യപ്പെടുന്നത് എളുപ്പമാണെന്ന് ചില ഭർത്താക്കൻമാർ കണ്ടെത്തിയേക്കാം. എന്നാൽ അത് ക്രിസ്തുവിൻറ മാതൃകയോട് എങ്ങനെ ഒക്കുന്നു? ക്രിസ്തു തന്റെ അനുഗാമികളിൽനിന്ന് അഹങ്കാരപൂർവം ബഹുമാനം ആവശ്യപ്പെട്ടോ? “ഇവിടെ ദൈവപുത്രനായിട്ടുള്ളതാരാണ്? നിങ്ങൾ എന്നെ ബഹുമാനിക്കേണ്ടതാണ്!” എന്ന് അവൻ ധിക്കാരപൂർവം പറഞ്ഞ ഒരു സന്ദർഭം നമുക്ക് കണ്ടെത്താൻ കഴിയുമോ? മറിച്ച് യേശു ബഹുമാനം ആർജ്ജിക്കുകയായിരുന്നു. എങ്ങനെ? നടത്തയിലും സംസാരത്തിലും മററുള്ളവരോടുള്ള അനുകമ്പാപൂർണ്ണമായ പെരുമാററത്തിലും അവൻ വെച്ച നല്ല മാതൃകയാൽ.—മർക്കോസ് 6:30-34.
6 അതുകൊണ്ട് ഒരു ഭർത്താവും പിതാവുമെന്ന നിലയിൽ ഉചിതമായി ശിരഃസ്ഥാനം പ്രയോഗിക്കുന്നതിന്റെ താക്കോൽ യേശുക്രിസ്തുവിന്റെ മാതൃക പിന്തുടരുകയാണ്. യേശു ഒരിക്കലും വിവാഹിതനായിരുന്നില്ലെങ്കിലും, അവൻ തന്റെ ശിഷ്യൻമാരോടു പെരുമാറിയ വിധം ഭർത്താക്കൻമാർക്കുള്ള മാതൃകയാണ്. അത് തീർച്ചയായും ഏത് ഭർത്താവിനും ഒരു വെല്ലുവിളിയായിത്തീരുന്നു, എന്തെന്നാൽ യേശു ഒരു പൂർണ്ണമാതൃകയാണ്. (എബ്രായർ 4:15; 12:1-3) എന്നിരുന്നാലും, ഒരു ഭർത്താവ് ക്രിസ്തുവിന്റെ ദൃഷ്ടാന്തത്തോട് എത്ര അടുത്തു വരുന്നുവോ അത്ര അഗാധമായി അയാളോടു സ്നേഹവും ആദരവും കാണിക്കപ്പെടുന്നു. അതുകൊണ്ട്, യേശു ഏതുതരം ആളായിരുന്നുവെന്ന് നമുക്ക് കുറേകൂടെ അടുത്തു നോക്കാം.—എഫേസ്യർ 5:25-29; 1 പത്രോസ് 2:21, 22.
7. യേശു തന്റെ അനുഗാമികൾക്ക് എന്ത് വാഗ്ദാനംചെയ്തു, ഏത് ഉറവിൽനിന്ന്?
7 ഒരു സന്ദർഭത്തിൽ, യേശു ജനക്കൂട്ടത്തോട് ഇങ്ങനെ പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായുള്ളോരേ, എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങൾക്കു നവോൻമേഷം നൽകും. എന്റെ നുകം ഏററുകൊണ്ട് എന്നോടു പഠിക്കുക, എന്തെന്നാൽ ഞാൻ സൗമ്യപ്രകൃതനും ഹൃദയത്തിൽ എളിമയുള്ളവനുമാകുന്നു, നിങ്ങൾ നിങ്ങളുടെ ദേഹികൾക്ക് നവോൻമേഷം കണ്ടെത്തും. എന്തെന്നാൽ എന്റെ നുകം മൃദുലവും എന്റെ ചുമട് ലഘുവുമാകുന്നു.” ഇപ്പോൾ, യേശു തന്റെ ശ്രോതാക്കൾക്ക് എന്താണ് വാഗ്ദാനംചെയ്തത്? ആത്മീയ നവോൻമേഷം! എന്നാൽ ഏത് ഉറവിൽനിന്നാണ് നവോൻമേഷം വരുന്നത്? അവൻ ഇങ്ങനെ പറഞ്ഞുകഴിഞ്ഞതേയുണ്ടായിരുന്നുള്ളു: “പുത്രനും പുത്രനു വെളിപ്പെടുത്താൻ മനസ്സുള്ളവനുമല്ലാതെ ആരും പിതാവിനെ പൂർണ്ണമായി അറിയുന്നില്ല.” തന്റെ യഥാർത്ഥ അനുഗാമികൾക്ക് തന്റെ പിതാവിനെ വെളിപ്പെടുത്തിക്കൊണ്ട് യേശു ആത്മീയ നവോൻമേഷം പകരുമെന്ന് ഇതു സൂചിപ്പിച്ചു. എന്നാൽ തന്നോടുള്ള സഹവാസത്തിൽനിന്നാണ് നവോൻമേഷം കൈവരുന്നതെന്നും യേശുവിന്റെ പ്രസ്താവന സൂചിപ്പിച്ചു, എന്തുകൊണ്ടെന്നാൽ അവൻ “സൗമ്യപ്രകൃതനും ഹൃദയത്തിൽ എളിമയുള്ളവനു”മായിരുന്നു.—മത്തായി 11:25-30.
നവോൻമേഷം പകരുന്ന ഭർത്താക്കൻമാരും പിതാക്കൻമാരുമായിരിക്കുന്ന വിധം
8. ഒരു ഭർത്താവും പിതാവുമായ ആൾ ഏതു വിധങ്ങളിൽ നവോൻമേഷപ്രദനായിരിക്കണം?
8 ഒരു ക്രിസ്തീയ ഭർത്താവ് ആത്മീയവും വ്യക്തിപരവുമായ വിധങ്ങളിൽ തന്റെ കുടുംബത്തിന് നവോൻമേഷം പകരേണ്ടതാണെന്ന് കാണാൻ യേശുവിന്റെ വാക്കുകൾ നമ്മെ സഹായിക്കുന്നു. അയാൾ തന്റെ സൗമ്യമായ ദൃഷ്ടാന്തത്താലും പഠിപ്പിക്കലിനാലും സ്വർഗ്ഗീയപിതാവിനെ മെച്ചമായി അറിയാൻ തന്റെ കുടുംബത്തെ സഹായിക്കേണ്ടതാണ്. അയാളുടെ നടത്ത ദൈവപുത്രന്റെ മനസ്സിനെയും പ്രവർത്തനങ്ങളെയും പ്രതിഫലിപ്പിക്കേണ്ടതാണ്. (യോഹന്നാൻ 15:8-10; 1 കൊരിന്ത്യർ 2:16) അങ്ങനെയുള്ള ഒരു മനുഷ്യനുമായി സഹവസിക്കുന്നത് കുടുംബത്തിലെ എല്ലാവർക്കും നവോൻമേഷദായകമാണ്, എന്തുകൊണ്ടെന്നാൽ അയാൾ സ്നേഹവാനായ ഒരു ഭർത്താവും പിതാവും ഒരു സുഹൃത്തുമാണ്. അയാൾ സമീപിക്കാവുന്നവനായിരിക്കണം, ആലോചനക്ക് സമയമില്ലാത്ത വിധം തിരക്കിലായിരിക്കരുത്. തീർച്ചയായും അയാൾ കേൾക്കാൻ മാത്രമല്ല, ശ്രദ്ധിക്കാനും അറിഞ്ഞിരിക്കണം.—യാക്കോബ് 1:19.
9. ചിലപ്പോൾ സഭയിലെ മൂപ്പൻമാരെ ഏതു പ്രശ്നം ബാധിക്കുന്നു?
9 ഇത് ചിലപ്പോൾ സഭാമൂപ്പൻമാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന ഒരു പ്രശ്നത്തെ അനുസ്മരിപ്പിക്കുന്നു. സാധാരണയായി ഒരു മൂപ്പൻ സഭയുടെ ആത്മീയാവശ്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് തിരിക്കിലായിരിക്കുന്നു. അയാൾക്ക് ക്രിസ്തീയയോഗങ്ങളും ശുശ്രൂഷയും ഇടയവേലയും സംബന്ധിച്ച് നല്ല മാതൃക വെക്കേണ്ടതുണ്ട്. (എബ്രായർ13:7, 17) എന്നിരുന്നാലും, ചില മൂപ്പൻമാർ ഫലത്തിൽ സഭക്കുവേണ്ടി എരിഞ്ഞുതീരുകയാണ്. ആ പ്രക്രിയയിൽ അവർ തങ്ങളുടെ കുടുംബങ്ങളെ അവഗണിച്ചിരിക്കുന്നു, ചിലപ്പോൾ വേദനാകരമായ ഫലങ്ങളോടെതന്നെ. ഒരു ദൃഷ്ടാന്തത്തിൽ ഒരു മൂപ്പൻ തന്റെ സ്വന്തം പുത്രനുമായി അദ്ധ്യയനം നടത്താൻ കഴിയാത്ത വിധം അത്ര തിരക്കിലായിരുന്നു. അയാൾ മറെറാരാൾ അതു ചെയ്യാൻ ക്രമീകരണംചെയ്തു!
10. സഭയിലും വീട്ടിലും ശിരഃസ്ഥാനം പ്രയോഗിക്കുന്നതിൽ മൂപ്പൻമാർക്ക് എങ്ങനെ സമനിലയുള്ളവരായിരിക്കാൻകഴിയും?
10 ഈ ദൃഷ്ടാന്തം എന്താണ് ദൃഢീകരിക്കുന്നത്? ഒരു മനുഷ്യൻ സഭാപരമായ ഉത്തരവാദിത്തങ്ങളും തന്റെ ഭാര്യയോടും കുടുംബത്തോടുമുള്ള ഉത്തരവാദിത്തങ്ങളും തമ്മിൽ സമനില പാലിക്കേണ്ടതിന്റെ ആവശ്യത്തെ തന്നെ. ദൃഷ്ടാന്തമായി, യോഗങ്ങൾക്കുശേഷം മൂപ്പൻമാർ മിക്കപ്പോഴും പ്രശ്നങ്ങളും ചർച്ചകളും നിമിത്തം തിരിക്കിലാണ്. സാദ്ധ്യവും പ്രായോഗികവുമാണെങ്കിൽ, അങ്ങനെയുള്ള ഒരു മുപ്പൻ തന്റെ ഭാര്യയും കുട്ടികളും രാജ്യഹാളിൽ മണിക്കൂറുകളോളം കാത്തിരിക്കാനിടയാക്കാതെ മറെറാരാൾ അവരെ വീട്ടിൽ കൊണ്ടുവിടാൻ ക്രമീകരണംചെയ്യുന്നത് നവോൻമേഷപ്രദമായിരിക്കുകയില്ലേ? ബൈബിൾ വ്യവസ്ഥകളനുസരിച്ച് ‘ഇടയവേല ഭവനത്തിൽ തുടങ്ങുന്നു’വെന്ന് പറയാൻ കഴിയും. ഒരു മൂപ്പൻ തന്റെ കുടുംബത്തെ അവഗണിക്കുന്നുവെങ്കിൽ, അയാൾക്ക് തന്റെ നിയമനത്തെ അപകടപ്പെടുത്താൻ കഴിയും. അതുകൊണ്ട്, മൂപ്പൻമാരേ, പരിഗണനയുള്ളവരായിരിക്കുക, നിങ്ങളുടെ കുടുംബത്തിന്റെ വൈകാരികവും ആത്മീയവും മററുമായ ആവശ്യങ്ങൾ കണക്കിലെടുക്കുക.—1 തിമൊഥെയോസ് 3:4, 5; തീത്തോസ് 1:5, 6.
11, 12. ഒരു ക്രിസ്തീയഭർത്താവിന് അയാളുടെ കുടുംബത്തിന്റെ പിന്തുണ എങ്ങനെ നേടാം, ഓരോ ഭർത്താവും തന്നോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കേണ്ടതാണ്?
11 നവോൻമേഷപ്രദനായ ഒരു ക്രിസ്തീയ ഭർത്താവ് തന്റെ കുടുംബത്തോട് ആലോചിക്കാതെ തീരുമാനങ്ങൾ ചെയ്തുകൊണ്ട് സ്വേച്ഛാധികാരിയോ നിഷ്ഠുരനോ ആയിരിക്കുകയില്ല. ഒരുപക്ഷേ, ഒരു ഉദ്യോഗമാററമോ വീടുമാററമോ അല്ലെങ്കിൽ കുടുംബവിനോദം പോലെയുള്ള ഒരു ലളിതകാര്യമോ സംബന്ധിച്ച് തീരുമാനംചെയ്യേണ്ടതുണ്ടായിരിക്കാം. കുടുംബത്തിലെ എല്ലാ അംഗങ്ങളും ബാധിക്കപ്പെടുമെന്നുള്ളതുകൊണ്ട് അവരൊടെല്ലാം ആലോചനകഴിക്കുന്നത് ജ്ഞാനവും ദയയുമായിരിക്കുകയില്ലേ? അവരുടെ അഭിപ്രായങ്ങൾ കൂടുതൽ ജ്ഞാനപൂർവകവും പരിഗണനയോടുകൂടിയതുമായ തീരുമാനംചെയ്യാൻ അയാളെ സഹായിച്ചേക്കാം. അപ്പോൾ അയാളെ പിന്തുണക്കുന്നത് കുടുംബത്തിലെ എല്ലാവർക്കും കൂടുതൽ എളുപ്പമായിരിക്കും.—സദൃശവാക്യങ്ങൾ 15:22 താരതമ്യംചെയ്യുക.
12 ഒരു ക്രിസ്തീയ ഭർത്താവും പിതാവും ഭവനത്തിൽ ശിക്ഷണം നടത്തുന്ന ഒരു ആൾ മാത്രമല്ല എന്ന് മേൽപ്രസ്താവിച്ചതിൽനിന്ന് സ്പഷ്ടമാണ്. അയാൾ നവോൻമേഷപ്രദനുമായിരിക്കണം. ഭർത്താക്കൻമാരും പിതാക്കൻമാരുമായുള്ളോരേ, നിങ്ങൾ ക്രിസ്തുതുല്യരാണോ? നിങ്ങൾ നിങ്ങളുടെ കുടുംബത്തിന് നവോൻമേഷദായകരാണോ?—എഫേസ്യർ 6:4; കൊലോസ്യർ 3:21.
പരിജ്ഞാനപ്രകാരം വസിക്കൽ
13. പത്രോസ് ഭർത്താക്കൻമാർക്ക് ഏതു നല്ല ബുദ്ധിയുപദേശം കൊടുക്കുന്നു?
13 നാം ശ്രദ്ധിച്ചതുപോലെ, പത്രോസും പൗലോസും വിവാഹിത ഇണകൾക്ക് നല്ല ബുദ്ധിയുപദേശം കൊടുക്കുന്നു. പത്രോസ് ഒരു വിവാഹിതനായിരുന്നതുകൊണ്ട് അവന് തന്റെ ബുദ്ധിയുപദേശത്തിൽ ഇരട്ട ആനുകൂല്യമുണ്ടായിരുന്നു—അനുഭവപരിചയവും പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശവും. (മത്തായി 8:14) അവൻ സകല ഭർത്താക്കൻമാർക്കും നിശിതമായ ബുദ്ധിയുപദേശം കൊടുത്തുകൊണ്ട് പറയുന്നു: “ഭർത്താക്കൻമാരേ, സ്ത്രീയായ ഒരു ബലഹീനപാത്രത്തിനെന്നപോലെ, അവർക്ക് ബഹുമാനം കൊടുത്തുകൊണ്ട് അതേ രീതിയിൽ പരിജ്ഞാനപ്രകാരം അവരോടുകൂടെ വസിക്കുന്നതിൽ തുടരുക.” ജെ. ഡബ്ലിയു. സി വാൻഡിന്റെ പരാവർത്തനം ചെയ്ത വിവർത്തനപ്രകാരം അതിങ്ങനെ വായിക്കപ്പെടുന്നു: “അതേ വിധത്തിൽ ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാരുമായുള്ള അവരുടെ ബന്ധത്തിൽ ബുദ്ധിയോടെ ക്രിസ്തീയതത്വങ്ങൾ ബാധകമാക്കേണ്ടതാണ്.”—1 പത്രോസ് 3:7.
14. ഇപ്പോൾ ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
14 ഇപ്പോൾ, ഒരു ഭാര്യയോടുകൂടെ “പരിജ്ഞാനപ്രകാരം വസിക്കുക” അല്ലെങ്കിൽ “ബുദ്ധിയോടെ ക്രിസ്തീയതത്വം ബാധകമാക്കുക” എന്നാൽ അർഥമെന്താണ്? ഒരു ഭർത്താവിന് തന്റെ ഭാര്യക്ക് എങ്ങനെ ബഹുമാനം കൊടുക്കാൻ കഴിയും? തീർച്ചയായും ഒരു ക്രിസ്തീയഭർത്താവ് പത്രോസിന്റെ ബുദ്ധിയുപദേശം എങ്ങനെ മനസ്സിലാക്കണം?
15. (എ) ചില വിവാഹങ്ങൾ പരാജയപ്പെടുന്നതെന്തുകൊണ്ട്? (ബി) ഒരു വിവാഹബന്ധത്തിലെ യഥാർത്ഥ വെല്ലുവിളി എന്താണ്?
15 അനേകം വിവാഹങ്ങൾ കേവലം ഭൗതികവസ്തുതകളിലും ലൈംഗികാകർഷണത്തിലുമാണ് അധിഷ്ഠിതമായിരിക്കുന്നത്. എന്നിരുന്നാലും, നല്ല സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിൽമാത്രം നിലനില്ക്കുന്ന വിവാഹത്തിന് ഉറപ്പുകിട്ടുകയില്ല, എന്തുകൊണ്ടെന്നാൽ അത് നിലനിൽക്കുന്നതല്ല. വിവാഹംകഴിഞ്ഞ് അനേകം വർഷങ്ങളാകുമ്പോൾ ഒടുവിൽ ജരാനരകൾ പിടിപെടുന്നു. എന്നാൽ വിവാഹം രണ്ടു മനസ്സുകളുടെയും രണ്ടു വ്യക്തിത്വങ്ങളുടെയും രണ്ടു പശ്ചാത്തലങ്ങളുടെയും ആത്മീയമൂല്യങ്ങളുടെ രണ്ടു സംഹിതകളുടെയും രണ്ടു നാവുകളുടെയും സംയോജനമാകുന്നുവെന്ന് ഓർക്കുക. അത് ഒരു വെല്ലുവിളിതന്നെ അവതരിപ്പിക്കുന്നു! എന്നിരുന്നാലും, ഇതിന്റെ ഗ്രാഹ്യം ഒരു സന്തുഷ്ടവിവാഹത്തിന് അത്യന്താപേക്ഷിതമാണ്.—സദൃശവാക്യങ്ങൾ 17:1; 21:9.
16. ‘പരിജ്ഞാനപ്രകാരം അവളോടുകൂടെ വസിക്കുന്നതിൽ’ എന്ത് ഉൾപ്പെടുന്നു?
16 ഒരു ക്രിസ്തീയഭർത്താവ് തന്റെ ഭാര്യയോടുകൂടെ “പരിജ്ഞാനപ്രകാരം” വസിക്കുകയെന്നതിന്, മററുള്ളവയുടെ കൂട്ടത്തിൽ, അയാൾ യഥാർത്ഥത്തിൽ അവളുടെ ആവശ്യങ്ങളെ മനസ്സിലാക്കണമെന്ന് അർത്ഥമുണ്ട്. അത് അവളുടെ ശാരീരികാവശ്യങ്ങൾ മാത്രമല്ല, കൂടുതൽ പ്രധാനമായി, അവളുടെ വൈകാരികവും മനഃശാസ്ത്രപരവും ആത്മീയവുമായ ആവശ്യങ്ങൾകൂടെയാണ്. അയാൾ ‘പരിജ്ഞാനപ്രകാരം അവളോടുകൂടെ വസിക്കുന്നു’വെങ്കിൽ, അയാൾ ദൈവദത്തമായ അയാളുടെ റോൾ മനസ്സിലാക്കും. അയാൾ അവളുടെ സ്ത്രൈണമാന്യതയെ ആദരിക്കുന്നുവെന്നും അതർത്ഥമാക്കും. അത് പത്രോസിന്റെ നാളിലെ ചില നിഗൂഢജ്ഞാനികൾ പുലർത്തിയിരുന്ന വീക്ഷണത്തിന് വിരുദ്ധമാണ്, അവരുടെ ഇടയിൽ സ്ത്രീകൾ “താണ, ജഡിക, അശുദ്ധജീവികൾ” ആയിരുന്നു. (ദി ആങ്കർ ബൈബിൾ) ഒരു ആധുനിക സ്പാനീഷ് വിവർത്തനം പത്രോസിന്റെ വാക്കുകൾ ഇങ്ങനെ വിവർത്തനംചെയ്യുന്നു: “ഭർത്താക്കൻമാരെ സംബന്ധിച്ചിടത്തോളം: സ്ത്രീ കൂടുതൽ ദുർബലമായ ശരീരഘടനയോടുകൂടിയവൾ ആയതുകൊണ്ട് അവളോടു പരിഗണന കാണിച്ചുകൊണ്ട് നിങ്ങളുടെ പങ്കുജീവിതത്തിൽ നയമുണ്ടായിരിക്കുക.” (ന്യൂവാ ബിബ്ലിയാ എസപനോളാ) ഇത് ഭർത്താക്കൻമാർ ചിലപ്പോൾ മറക്കുന്ന നല്ല ഒരു ആശയം നൽകുന്നു.
17. (എ) മററു വസ്തുതകളുടെ കൂട്ടത്തിൽ, ‘ദൗർബല്യമേറിയ സ്ത്രൈണപാത്ര’ത്തിന്റെ “ദുർബല ശരീരഘടനയിൽ” എന്താണുൾപ്പെട്ടിരിക്കുന്നത്? (ബി) ഒരു ഭർത്താവിന് തന്റെ ഭാര്യയുടെ മാന്യതയോട് ആദരവ് പ്രകടമാക്കാൻ കഴിയുന്ന ഒരു മാർഗ്ഗമെന്ത്?
17 ഭാര്യ “കൂടുതൽ ദുർബലമായ ശരീരഘടനയോടുകൂടിയവൾ” ആയിരിക്കുന്നതെന്തുകൊണ്ട്? മററുള്ളവയുടെ കൂട്ടത്തിൽ, അവളുടെ പുനരുല്പാദനവരം നിമിത്തം. അവളുടെ പുനരുല്പാദന ജീവിതം മാസമുറകൾക്കു വിധേയമാണ്. അവയിൽ പല ദിവസങ്ങളുടെ കാലഘട്ടങ്ങൾ ഉൾപ്പെടുന്നു, അപ്പോൾ അവൾ ഏറെക്കുറെ പരിമിതിയുള്ളതായി അല്ലെങ്കിൽ സമ്മർദ്ദമുള്ളതായി വിചാരിച്ചേക്കാം. ഭർത്താവ് ഇത് കണക്കിലെടുക്കാതിരിക്കുകയും മാസത്തിന്റെ എല്ലാ ദിവസങ്ങളിലും അവളോട് ഒരേ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെങ്കിൽ അയാൾ അവളുടെ മാന്യതയെ ആദരിക്കുന്നതിൽ പരാജയപ്പെടും. അങ്ങനെയെങ്കിൽ അയാൾ പരിജ്ഞാനപ്രകാരമല്ല പിന്നെയോ സ്വർത്ഥപരമായ അജ്ഞതയോടെയാണ് അവളോടുകൂടെ വസിക്കുന്നതെന്ന് പ്രകടമാക്കുന്നതായിരിക്കും.—ലേവ്യപുസ്തകം 18:19; 1 കൊരിന്ത്യർ 7:5.
സ്ത്രൈണപാത്രത്തിന് ബഹുമാനം കൊടുക്കൽ
18. (എ) ചില ഭർത്താക്കൻമാർ ഏതു നിഷേധാകാത്മകശീലം വളർത്തുന്നു? (ബി) ഒരു ക്രിസ്തീയഭർത്താവ് എങ്ങനെ പ്രവർത്തിക്കണം?
18 ഒരു ഭർത്താവിന് തന്റെ ഭാര്യയോട് സ്നേഹവും ആദരവും പ്രകടമാക്കാൻ കഴിയുന്ന മറെറാരു വിധം അവളോടും അവളുടെ ഗുണങ്ങളോടും വിലമതിപ്പുകാണിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ്. ഒരു ഭർത്താവ് തന്റെ ഭാര്യയെസംബന്ധിച്ച് ദ്രോഹവാക്കുകൾ പറയുകയോ തന്റെ ഫലിതങ്ങൾക്ക് അവളെ ഇരയാക്കുകയോ ചെയ്യുന്ന ശീലം രൂപപ്പെടുത്തിയേക്കാം. ഇത് തന്നെ കൂടുതൽ അനുകൂലമായ അവസ്ഥയിലാക്കാൻ സഹായിക്കുന്നുവെന്ന് അത്തരമൊരു ഭർത്താവ് വിചാരിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ, ഫലം മറിച്ചാണ്, എന്തുകൊണ്ടെന്നാൽ അയാൾ തന്റെ ഭാര്യയെ നിരന്തരം മൂഢയാക്കുന്നുവെങ്കിൽ, സ്പഷ്ടമായ ചോദ്യമിതാണ്: അത്തരം മൂഢയായ ഒരു സ്ത്രീയെ അയാൾ എന്തിന് വിവാഹം കഴിച്ചു? യഥാർത്ഥത്തിൽ, അരക്ഷിതനായ ഒരു ഭർത്താവുമാത്രമേ അത്തരം നയങ്ങളെ ആശ്രയിക്കുകയുള്ളുവെന്നു തോന്നും. സ്നേഹമുള്ള ഒരു ഭർത്താവ് തന്റെ ഭാര്യയെ ബഹുമാനിക്കുന്നു.—സദൃശവാക്യങ്ങൾ 12:18; 1 കൊരിന്ത്യർ13:4-8.
19. ഒരു ഭർത്താവ് തന്റെ ഭാര്യയെ പുച്ഛിക്കുന്നത് ഉചിതമായിരിക്കുകയില്ലാത്തതെന്തുകൊണ്ട്?
19 ചില രാജ്യങ്ങളിൽ വിനയത്തിന്റെ ഒരു രൂപമായി തങ്ങളുടെ ഭാര്യമാരെ പുച്ഛിക്കുന്ന ഒരു ആചാരം പോലും പുരുഷൻമാർക്കുണ്ട്. ദൃഷ്ടാന്തത്തിന്, ഒരു ജാപ്പനീസ് ഭർത്താവ് തന്റെ ഭാര്യയെ “ഗൂസായി” എന്ന പദം കൊണ്ടു പരിചയപ്പെടുത്തും, അതിന്റെ അർത്ഥം ‘മണ്ടിയായ അഥവാ മൂഢയായ ഭാര്യ’ എന്നാണ്. ഇതിന്റെ ഉദ്ദേശ്യം ഭാര്യയെസംബന്ധിച്ച് ഒരു പ്രശംസാ വാക്കോടെ മറെറയാൾ സാഹചര്യത്തെ സന്തുലിതമാക്കണമെന്നുള്ളതാണ്. ഒരു ക്രിസ്തീയഭർത്താവ് ഇത്തരം അവതരണം നടത്തുകയാണെങ്കിൽ അയാൾ യഥാർത്ഥത്തിൽ പത്രോസ് ബുദ്ധിയുപദേശിച്ചതുപോലെ തന്റെ ഭാര്യക്ക് ‘ബഹുമാനംകൊടുക്കുക’യാണോ? മറെറാരു കോണത്തിൽ കാര്യങ്ങളെ വീക്ഷിക്കുമ്പോൾ, അയാൾ യഥാർത്ഥത്തിൽ തന്റെ അയൽക്കാരനോട് സത്യം സംസാരിക്കുകയാണോ? തന്റെ ഭാര്യ യഥാർത്ഥത്തിൽ മൂഢയാണെന്ന് അയാൾ വിശ്വസിക്കുന്നുണ്ടോ?—എഫേസ്യർ 4:15, 25; 5:28, 29.
20. (എ) ഒരു ഭർത്താവിനും ഭാര്യക്കുമിടയിൽ എന്തു വൈപരീത്യം ഉടലെടുത്തേക്കാം? (ബി) അത് എങ്ങനെ ഒഴിവാക്കാൻകഴിയും?
20 ചിലപ്പോൾ ഒരു ഭർത്താവ് രാജ്യഹാളിൽമാത്രമല്ല, വീട്ടിലും എല്ലാസന്ദർഭങ്ങളിലും തന്റെ ക്രിസ്തീയസഹോദരിയാണെന്നുള്ളതു കേവലം വിസ്മരിച്ചുകൊണ്ട് സ്നേഹത്തിന്റെയും ആദരവിന്റെയും അഭാവം പ്രകടമാക്കും. രാജ്യഹാളിൽ ദയയും മര്യാദയുമുള്ളവനായിരിക്കുന്നതും വീട്ടിൽ പരുഷനും ദുർവിനീതനുമായിരിക്കുന്നതും എത്ര എളുപ്പമാണ്! അതുകൊണ്ട് പൗലോസിന്റെ ബുദ്ധിയുപദേശം എത്ര ഉചിതമാണ്! അവൻ എഴുതി: “സമാധാനത്തിനിടയാക്കുന്ന കാര്യങ്ങളും അന്യോന്യം പരിപുഷ്ടിപ്പെടുത്തുന്ന കാര്യങ്ങളും നമുക്കു പിന്തുടരാം” “നമ്മിലോരോരുത്തർക്കും തന്റെ അയൽക്കാരന്റെ പരിപോഷണത്തിന് നല്ലതായ കാര്യങ്ങളിൽ അവനെ പ്രസാദിപ്പിക്കാം.” (റോമർ 14:19; 15:2) ഒരു ഭർത്താവിനെ അഥവാ ഭാര്യയെക്കാൾ അടുത്ത അയൽക്കാരനില്ല.
21. തങ്ങളുടെ ഭാര്യമാരെ പ്രോൽസാഹിപ്പിക്കാൻ ഭർത്താക്കൻമാർക്ക് എന്തു ചെയ്യാൻകഴിയും?
21 അതുകൊണ്ട്, സ്നേഹമുള്ള ഒരു ക്രിസ്തീയ ഭർത്താവ് വാക്കിനാലും പ്രവൃത്തികളാലും തന്റെ ഭാര്യയോടുള്ള വിലമതിപ്പു പ്രകടമാക്കും. ഒരു അജ്ഞാതനാമാവായ കവി പാടിയപ്രകാരം:
“വിവാഹകുഴപ്പ പ്രാരാബ്ധങ്ങൾക്കിടയിൽ
അദ്ധ്വാനവും ബിസിനസ് ജീവിതവുമുണ്ടെങ്കിലും
നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ട ഭാര്യക്ക് വിലകൽപ്പിക്കുന്നുവെങ്കിൽ—
അവളോട് അതു പറയുക! . . .
നിങ്ങൾ അവളുടേതാണ്, അവളുടേതു മാത്രമാണ്;
അവൾ നിങ്ങളുടേതു മാത്രമാണെന്ന് നിങ്ങൾക്കു നന്നായി അറിയാം;
അത് ഒരു കല്ലിൽ കൊത്തിവെക്കാൻ കാത്തിരിക്കരുത്—
അവളോട് അത് പറയുക!”
ഈ വികാരങ്ങൾ പുരാതന രാജാവായിരുന്ന ലെമൂവേലിന്റെ അമ്മയാൽ നന്നായി പിന്താങ്ങപ്പെട്ടിരിക്കുന്നു. ഭാഗികമായി, അവൾ ഒരു ആദർശവതിയായ ഭാര്യയെ ഈ വാക്കുകളിൽ വർണ്ണിച്ചു: “അവളുടെ പുത്രൻമാർ ഏകമനസ്സോടെ അവളെ സന്തുഷ്ടയെന്നു വിളിക്കുന്നു; അവളുടെ ഭർത്താവും, അവൻ അവളുടെ സ്തുതികൾ പാടുന്നു: ‘അനേകം ഭാര്യമാർ അവർ എത്ര പ്രാപ്തരാണെന്ന് പ്രകടമാക്കുന്നു; എന്നാൽ നീ അവരെക്കാളെല്ലാം മികച്ചുനിൽക്കുന്നു.” (സദൃശവാക്യങ്ങൾ 31:1, 28, 29, ദി ന്യൂ ഇംഗ്ലീഷ ബൈബിൾ) ഭർത്താക്കൻമാരേ നിങ്ങൾ ക്രമമായി നിങ്ങളുടെ ഭാര്യമാരെ പുകഴ്ത്തുന്നുണ്ടോ? അതോ അത് പ്രേമാഭ്യർത്ഥനക്കുവേണ്ടിമാത്രമായിരുന്നോ?
22, 23. വിജയപ്രദമായ വിവാഹം എന്തിൽ അധിഷ്ഠിതമായിരിക്കുന്നു?
22 ഈ ഹ്രസ്വമായ പരിചിന്തനത്തിൽനിന്ന്, ഒരു ഭർത്താവ് തന്റെ വിവാഹത്തിൽ സ്നേഹവും ആദരവും കാണിക്കാൻ അയാൾ ശമ്പളം വീട്ടിൽ കൊണ്ടുവന്നാൽമാത്രം പോരെന്നു സ്പഷ്ടമാണ്. വിജയപ്രദമായ ഒരു വിവാഹം സ്നേഹപൂർവകവും വിശ്വസ്തവും പരിഗണനയോടുകൂടിയതുമായ ബന്ധത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. (1 പത്രോസ് 3:8, 9) വർഷങ്ങൾ കടന്നുപോകുമ്പോൾ ഭർത്താവും ഭാര്യയും പരസ്പരമുള്ള ഗുണങ്ങളെയും ബലങ്ങളെയും വിലമതിക്കുകയും പരസ്പരമുള്ള ദൗർബല്യങ്ങളെ അവഗണിക്കാനും ക്ഷമിക്കാനും പഠിക്കുകയുംചെയ്യുമ്പോൾ ഈ ബന്ധം ആഴുമുള്ളതായിത്തീരേണ്ടതാണ്.—എഫേസ്യർ 4:32; കൊലോസ്യർ 3:12-14.
23 സ്നേഹവും ആദരവും പ്രകടമാക്കുന്നതിൽ ഭർത്താവ് നേതൃത്വം വഹിക്കുന്നുവെങ്കിൽ മുഴു കുടുംബവും അനുഗ്രഹിക്കപ്പെടും. എന്നാൽ ഒരു ക്രിസ്തീയഭാര്യ ഒരു സന്തുഷ്ടകുടംബത്തിൽ ഏതു ധർമ്മമാണ് നിറവേറേറണ്ടത്? ഞങ്ങളുടെ ഏപ്രിൽ ലക്കം അതും ബന്ധപ്പെട്ട ചോദ്യങ്ങളും പരിചിന്തിക്കുന്നതായിരിക്കും. (w89 5/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ഒരു സന്തുഷ്ട വിവാഹബന്ധത്തിൽ മുഖ്യറോൾ ആർക്കാണുള്ളത്, എന്തുകൊണ്ട്?
◻ഭർത്താക്കൻമാർക്ക് ക്രിസ്തുവിന്റെ നവോൻമേഷദായകമായ മാതൃക എങ്ങനെ അനുകരിക്കാൻകഴിയും?
◻സഭാപരവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങൾക്കിടയിൽ ഏതു സമനില ആവശ്യമാണ്?
◻ഒരു ഭർത്താവിന് ‘പരിജ്ഞാനപ്രകാരം തന്റെ ഭാര്യയോടുകൂടെ എങ്ങനെ വസിക്കാൻ’കഴിയും?
◻‘ബലഹീനപാത്രമെന്ന നിലയിൽ ഒരുവന്റെ ഭാര്യക്ക് ബഹുമാനം കൊടുക്കുക’യെന്നാൽ അർത്ഥമെന്താണ്?
[30-ാം പേജിലെ ചിത്രം]