പഠനലേഖനം 38
“എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം”
“കഷ്ടപ്പെടുന്നവരേ, ഭാരങ്ങൾ ചുമന്ന് വലയുന്നവരേ, നിങ്ങളെല്ലാവരും എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം.”—മത്താ. 11:28.
ഗീതം 17 “എനിക്കു മനസ്സാണ്”
പൂർവാവലോകനംa
1. മത്തായി 11:28-30 പറയുന്നതുപോലെ യേശു എന്തു വാഗ്ദാനമാണു നൽകിയത്?
ഒരിക്കൽ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു ജനക്കൂട്ടത്തോടു യേശു ഇങ്ങനെ പറഞ്ഞു: “എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം.” എത്ര ആശ്വാസം പകരുന്ന ഒരു വാഗ്ദാനം! (മത്തായി 11:28-30 വായിക്കുക.) ഇതു യേശു വെറുതേ പറയുകയായിരുന്നില്ല. ഉദാഹരണത്തിന്, കഠിനമായ രോഗത്താൽ വലഞ്ഞിരുന്ന ഒരു സ്ത്രീയെ യേശു എങ്ങനെയാണു സഹായിച്ചതെന്നു നോക്കാം.
2. രോഗിയായ ഒരു സ്ത്രീക്കു യേശു എന്തു സഹായമാണു ചെയ്തത്?
2 ആ സ്ത്രീയുടെ അവസ്ഥ വളരെ മോശമായിരുന്നു. സഹായത്തിനായി അവർ പലയിടത്തും അലഞ്ഞു. രോഗം സുഖപ്പെടാനായി അവർ ധാരാളം വൈദ്യന്മാരെ കണ്ടിരുന്നു. കഷ്ടപ്പാടു നിറഞ്ഞ 12 വർഷം കടന്നുപോയെങ്കിലും ആ സ്ത്രീയുടെ രോഗം സുഖപ്പെട്ടില്ല. യഹോവ മോശയിലൂടെ നൽകിയ നിയമം അനുസരിച്ച് ആ സ്ത്രീ അശുദ്ധയായിരുന്നു. (ലേവ്യ 15:25) അങ്ങനെയിരിക്കുമ്പോഴാണു രോഗത്താൽ വലയുന്നവരെ സുഖപ്പെടുത്താൻ യേശുവിനു കഴിയുമെന്ന വാർത്ത ആ സ്ത്രീ കേട്ടത്. അവർ ഉടനെ യേശുവിനെ കാണാൻ പോയി. യേശുവിനെ കണ്ടെത്തിയ ആ സ്ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്ത് തൊട്ടു. പെട്ടെന്ന് അവൾ സുഖം പ്രാപിച്ചു. എന്നാൽ ആ സ്ത്രീയെ സുഖപ്പെടുത്തുക മാത്രമല്ല ചെയ്തത്. യേശു സ്നേഹത്തോടെ, മാന്യമായി ആ സ്ത്രീയോട് ഇടപെടുകയും ചെയ്തു. ഉദാഹരണത്തിന്, ആ സ്ത്രീയോടു സംസാരിച്ചപ്പോൾ ആദരവും സ്നേഹവും തുളുമ്പുന്ന “മകളേ” എന്ന വാക്കാണു യേശു ഉപയോഗിച്ചത്. അപ്പോൾ ആ സ്ത്രീക്ക് എത്ര ഉന്മേഷവും ഊർജവും ലഭിച്ചുകാണും!—ലൂക്കോ. 8:43-48.
3. നമ്മൾ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
3 ആ സ്ത്രീ യേശുവിന്റെ അടുത്തേക്കു ചെന്നു എന്നതു ശ്രദ്ധിക്കുക. മുൻകൈയെടുത്തത് അവരാണ്. ഇക്കാലത്തും ഇതു ശരിയാണ്. യേശുവിന്റെ അടുത്തേക്കു ചെല്ലുന്നതിനു നമ്മൾ ശ്രമം ചെയ്യണം. ഇന്ന് യേശു തന്റെ ‘അടുത്ത് വരുന്നവർക്ക്’ അത്ഭുതകരമായ രോഗശാന്തി നൽകുന്നില്ല. പക്ഷേ യേശു ഇപ്പോഴും ആളുകൾക്ക് ഈ ക്ഷണം വെച്ചുനീട്ടുന്നുണ്ട്: “എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം.” ഈ ലേഖനത്തിൽ നമ്മൾ അഞ്ചു ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തും: യേശുവിന്റെ അടുത്ത് ചെല്ലുന്നതിനു നമ്മൾ എന്താണു ചെയ്യേണ്ടത്? “എന്റെ നുകം വഹിക്കുക” എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? യേശുവിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? യേശു നമുക്കു തന്നിരിക്കുന്ന ജോലി ഉന്മേഷം പകരുന്നത് എന്തുകൊണ്ട്? യേശുവിന്റെ നുകത്തിന്റെ കീഴിൽ നമുക്ക് എപ്പോഴും ഉന്മേഷം കണ്ടെത്താൻ കഴിയുന്നത് എങ്ങനെ?
“എന്റെ അടുത്ത് വരൂ”
4-5. നമുക്കു യേശുവിന്റെ അടുത്ത് ചെല്ലാനുള്ള ചില വഴികൾ ഏവ?
4 യേശുവിന്റെ അടുത്ത് ചെല്ലാനുള്ള ഒരു മാർഗം യേശു പറഞ്ഞ കാര്യങ്ങളെയും ചെയ്ത കാര്യങ്ങളെയും കുറിച്ച് നന്നായി പഠിക്കുന്നതാണ്. (ലൂക്കോ. 1:1-4) നമുക്കുവേണ്ടി ഇതു ചെയ്യാൻ മറ്റാർക്കും കഴിയില്ല. യേശുവിനെക്കുറിച്ച് ബൈബിൾ പറയുന്ന കാര്യങ്ങൾ പഠിക്കുന്നതു നമ്മുടെ ഉത്തരവാദിത്വമാണ്. സ്നാനപ്പെട്ട് ക്രിസ്തുവിന്റെ ഒരു ശിഷ്യനാകാൻ തീരുമാനമെടുക്കുമ്പോഴും നമ്മൾ യേശുവിന്റെ “അടുത്ത്” ചെല്ലുകയാണ്.
5 സഹായം ആവശ്യമുള്ളപ്പോൾ സഭയിലെ മൂപ്പന്മാരെ സമീപിക്കുന്നതാണു യേശുവിന്റെ അടുത്ത് ചെല്ലാനുള്ള മറ്റൊരു വഴി. തന്റെ ആടുകളെ പരിപാലിക്കാൻ യേശു ‘സമ്മാനങ്ങളായി’ തന്നിരിക്കുന്നതാണ് ഇവരെ. (എഫെ. 4:7, 8, 11; യോഹ. 21:16; 1 പത്രോ. 5:1-3) അവരോടു സഹായം ചോദിക്കാൻ നമ്മൾ മുൻകൈയെടുക്കണം. മൂപ്പന്മാർ നമ്മുടെ മനസ്സു വായിച്ച് ആവശ്യങ്ങൾ മനസ്സിലാക്കും എന്നു പ്രതീക്ഷിക്കരുത്. ജൂലിയൻ എന്ന ഒരു സഹോദരൻ പറയുന്നു: “ആരോഗ്യപ്രശ്നങ്ങൾ കാരണം എനിക്കു ബഥേലിൽനിന്ന് പോരേണ്ടിവന്നു. മൂപ്പന്മാരോട് ഇടയസന്ദർശനം ആവശ്യപ്പെടാൻ ഒരു കൂട്ടുകാരൻ എന്നോടു പറഞ്ഞു. ഇടയസന്ദർശനം വേണമെന്ന് ആദ്യം എനിക്കു തോന്നിയില്ല. എന്നാൽ പിന്നീടു ഞാൻ സഹായം ചോദിച്ചു.” അങ്ങനെ രണ്ടു മൂപ്പന്മാർ ജൂലിയൻ സഹോദരനെ സഹായിക്കാൻ ചെന്നു. അതെക്കുറിച്ച് സഹോദരൻ എന്താണു പറയുന്നതെന്നോ? “എനിക്കു കിട്ടിയിട്ടുള്ളതിൽവെച്ച് ഏറ്റവും നല്ല ഒരു സമ്മാനമായിരുന്നു ആ ഇടയസന്ദർശനം.” ആ രണ്ടു സഹോദരങ്ങളെപ്പോലെയുള്ള വിശ്വസ്തരായ മൂപ്പന്മാർക്കു ‘ക്രിസ്തുവിന്റെ മനസ്സ്’ അറിയുന്നതിനു നമ്മളെ സഹായിക്കാൻ കഴിയും. അതായത്, ക്രിസ്തുവിന്റെ ചിന്തയും മനോഭാവവും മനസ്സിലാക്കാനും അനുകരിക്കാനും സഹായിക്കാൻ അവർക്കു കഴിയും. (1 കൊരി. 2:16; 1 പത്രോ. 2:21) അവർക്കു തരാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്നാണ് ഇങ്ങനെയുള്ള സന്ദർശനങ്ങൾ.
‘എന്റെ നുകം വഹിക്കുക’
6. ‘എന്റെ നുകം വഹിക്കുക’ എന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്?
6 ‘എന്റെ നുകം വഹിക്കുക’ എന്നു യേശു പറഞ്ഞപ്പോൾ ‘എന്റെ അധികാരത്തിനു കീഴ്പെടുക’ എന്നായിരിക്കാം യേശു അർഥമാക്കിയത്.b അല്ലെങ്കിൽ, ‘എന്നോടൊപ്പം നുകത്തിന്റെ കീഴിൽ വരുക, നമുക്ക് ഒരുമിച്ച് യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കാം’ എന്നായിരിക്കാം. എന്താണെങ്കിലും നമ്മുടെ ഭാഗത്ത് പ്രവർത്തനം ആവശ്യമാണെന്നാണ് അതിന് അർഥം.
7. മത്തായി 28:18-20 അനുസരിച്ച് ഏതു പ്രവർത്തനമാണു നമ്മളെ ഏൽപ്പിച്ചിരിക്കുന്നത്, നമുക്ക് എന്ത് ഉറപ്പാണുള്ളത്?
7 ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്യുമ്പോൾ നമ്മൾ യേശുവിന്റെ ആ ക്ഷണം സ്വീകരിക്കുകയാണ്. ആ ക്ഷണം എല്ലാവർക്കുമുള്ളതാണ്. ദൈവത്തെ സേവിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന ആരെയും യേശു ഒരിക്കലും ഒഴിവാക്കില്ല. (യോഹ. 6:37, 38) യഹോവ യേശുവിനോടു ചെയ്യാൻ പറഞ്ഞ പ്രവർത്തനത്തിൽ പങ്കുപറ്റാനുള്ള അവസരം ക്രിസ്തുവിന്റെ എല്ലാ അനുഗാമികൾക്കുമുണ്ട്. ആ ജോലി ചെയ്യുന്നതിനു യേശു എല്ലായ്പോഴും നമ്മുടെ സഹായത്തിന് ഉണ്ടായിരിക്കുമെന്നു നമുക്ക് ഉറപ്പായും വിശ്വസിക്കാം.—മത്തായി 28:18-20 വായിക്കുക.
“എന്നിൽനിന്ന് പഠിക്കൂ”
8-9. താഴ്മയുള്ള ആളുകൾക്ക് യേശുവിന്റെ അടുത്തു വരാൻ തോന്നിയത് എന്തുകൊണ്ട്, നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ സ്വയം ചോദിക്കണം?
8 താഴ്മയുള്ള ആളുകൾക്കു യേശുവിന്റെ അടുത്ത് വരാൻ തോന്നി. (മത്താ. 19:13, 14; ലൂക്കോ. 7:37, 38) എന്തുകൊണ്ട്? യേശുവും പരീശന്മാരും തമ്മിലുള്ള വ്യത്യാസം നോക്കുക. ആ മതനേതാക്കന്മാർ സ്നേഹമില്ലാത്തവരും അഹങ്കാരികളും ആയിരുന്നു. (മത്താ. 12:9-14) യേശുവാകട്ടെ സ്നേഹവും താഴ്മയും ഉള്ള വ്യക്തിയും. പരീശന്മാർ പേരെടുക്കാൻ ആഗ്രഹിച്ചു. സമൂഹത്തിലുള്ള ഉന്നതസ്ഥാനത്തെപ്രതി അവർ അഹങ്കരിച്ചിരുന്നു. അത്തരം മനോഭാവം തെറ്റാണെന്നു യേശു പറഞ്ഞു. താഴ്മയോടെ മറ്റുള്ളവരെ സേവിക്കാനാണു യേശു ശിഷ്യന്മാരെ പഠിപ്പിച്ചത്. (മത്താ. 23:2, 6-11) പരീശന്മാർ മറ്റുള്ളവരെ ഭയപ്പെടുത്തി അടക്കിഭരിച്ചു. (യോഹ. 9:13, 22) എന്നാൽ സ്നേഹത്തോടെയും ദയയോടെയും ഇടപെട്ടുകൊണ്ട് യേശു ആളുകൾക്ക് ഉന്മേഷം പകർന്നു.
9 യേശുവിൽനിന്ന് പഠിക്കാൻ കഴിയുന്ന ചില പാഠങ്ങൾ കാണാൻ കഴിയുന്നില്ലേ? നിങ്ങളോടുതന്നെ ചോദിക്കുക: ‘സൗമ്യതയും താഴ്മയും ഉള്ള ഒരാളായിട്ടാണോ മറ്റുള്ളവർ എന്നെ കാണുന്നത്? മറ്റുള്ളവരെ സേവിക്കാൻ എളിയ ജോലികൾ ചെയ്യുന്നതിനു ഞാൻ തയ്യാറാണോ? മറ്റുള്ളവരോടു ദയയോടെയാണോ ഞാൻ ഇടപെടുന്നത്?
10. യേശുവിന്റെകൂടെ പ്രവർത്തിച്ചപ്പോൾ ശിഷ്യന്മാർക്ക് എങ്ങനെയാണ് അനുഭവപ്പെട്ടത്?
10 യേശുവിന്റെകൂടെ പ്രവർത്തിക്കുന്നതു ശിഷ്യന്മാർക്കു രസകരമായ ഒരു അനുഭവമായിരുന്നു. എന്തും തുറന്നുപറയാനും ചോദിക്കാനും അവർക്ക് ഒരു പേടിയും തോന്നിയില്ല. കാരണം യേശു അത്തരം ഒരു അന്തരീക്ഷമാണ് ഒരുക്കിയത്. അവരെ പരിശീലിപ്പിക്കുന്നതു യേശുവിന് ഇഷ്ടമായിരുന്നു. (ലൂക്കോ. 10:1, 19-21) ചോദ്യങ്ങൾ ചോദിക്കാൻ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു, അവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ ആഗ്രഹിച്ചു. (മത്താ. 16:13-16) ഇത്തരം ഒരു അന്തരീക്ഷം ഒരുക്കിയതിന്റെ ഫലം എന്തായിരുന്നു? മോശമായ കാലാവസ്ഥയിൽ സംരക്ഷണം കിട്ടുന്ന ഒരു ചെടി തഴച്ചുവളരുന്നതുപോലെ, യേശുവിന്റെ ശിഷ്യന്മാർ ‘തഴച്ചുവളർന്നു.’ അവർ യേശു പഠിപ്പിച്ച പാഠങ്ങൾ സ്വന്തമാക്കി. ഒരു ചെടി നല്ല ഫലം തരുന്നതുപോലെ അവരും നല്ല ഫലം പുറപ്പെടുവിച്ചു.
11. നമ്മൾ ഏതു ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കണം?
11 മറ്റുള്ളവരുടെ മേൽ ഏതെങ്കിലും തരത്തിൽ അധികാരമുള്ള ഒരു വ്യക്തിയാണോ നിങ്ങൾ? അങ്ങനെയെങ്കിൽ പിൻവരുന്ന ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുക: ‘എങ്ങനെയുള്ള ഒരു അന്തരീക്ഷമാണു വീട്ടിലും ജോലിസ്ഥലത്തും ഞാൻ ഒരുക്കുന്നത്? എന്റെകൂടെ ജീവിക്കുന്നതും പ്രവർത്തിക്കുന്നതും മറ്റുള്ളവർക്കു സന്തോഷം നൽകുന്ന ഒരു അനുഭവമാണോ? ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ അവരെ പ്രോത്സാഹിപ്പിക്കാറുണ്ടോ? അവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ തയ്യാറാണോ?’ നമ്മളാരും ഒരിക്കലും പരീശന്മാരെപ്പോലെയാകാൻ ആഗ്രഹിക്കുന്നില്ല. അവരോടു ചോദ്യങ്ങൾ ചോദിച്ചവരോട് അവർ ദേഷ്യപ്പെട്ടു. അവരുടേതിൽനിന്ന് വ്യത്യസ്തമായ അഭിപ്രായം പറഞ്ഞവരെ അവർ ഉപദ്രവിക്കാനും മടിച്ചില്ല.—മർക്കോ. 3:1-6; യോഹ. 9:29-34.
“നിങ്ങൾക്ക് ഉന്മേഷം കിട്ടും”
12-14. യേശു നമുക്കു നൽകിയ ജോലി ഉന്മേഷം തരുന്നതാണെന്നു പറയുന്നത് എന്തുകൊണ്ട്?
12 യേശു നൽകിയ നിയമനം ചെയ്യുന്നതു നമുക്ക് ഉന്മേഷം പകരുന്നത് എന്തുകൊണ്ട്? അതിനു ധാരാളം കാരണങ്ങളുണ്ട്, നമുക്ക് ഏതാനും ചിലതു നോക്കാം.
13 ഏറ്റവും നല്ല മേൽവിചാരകന്മാരാണ് നമുക്കുള്ളത്. യഹോവയാണു നമ്മുടെ ഏറ്റവും വലിയ മേൽവിചാരകൻ. തന്റെ ദാസർ ചെയ്യുന്ന കാര്യങ്ങളോടു വിലമതിപ്പില്ലാത്ത, ക്രൂരനായ ഒരു യജമാനനല്ല യഹോവ. നമ്മൾ ചെയ്യുന്ന കാര്യങ്ങളെ യഹോവ വിലമതിക്കുന്നു. (എബ്രാ. 6:10) നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം ചെയ്യാനുള്ള ശക്തി യഹോവ തരുന്നു. (2 കൊരി. 4:7; ഗലാ. 6:5, അടിക്കുറിപ്പ്) നമ്മുടെ രാജാവായ യേശു മറ്റുള്ളവരോട് ഇടപെടുന്നതിന്റെ തികവുറ്റ മാതൃക വെച്ചിട്ടുണ്ട്. (യോഹ. 13:15) നമ്മളെ മേയ്ക്കുന്ന ഇടയന്മാരും ‘വലിയ ഇടയനായ’ യേശുവിനെ അനുകരിക്കാൻ ശ്രമിക്കുന്നു. (എബ്രാ. 13:20; 1 പത്രോ. 5:2) നമുക്കു മാർഗനിർദേശങ്ങൾ തരുമ്പോൾ ദയയോടെ, പ്രോത്സാഹനം പകരുന്ന വിധത്തിൽ അതു നൽകാൻ അവർ കഠിനശ്രമം ചെയ്യുന്നു. നമ്മളെ സംരക്ഷിക്കാൻ അവർ ധൈര്യം കാണിക്കുന്നു.
14 ഏറ്റവും നല്ല സഹപ്രവർത്തകരാണു നമുക്കുള്ളത്. നമുക്കുള്ളതുപോലെ ഒരു സ്നേഹബന്ധമോ സംതൃപ്തി പകരുന്ന നിയമനമോ മറ്റൊരു കൂട്ടത്തിനുമില്ല. ഒന്നു ചിന്തിക്കുക: ദൈവസേവനത്തിലെ നമ്മുടെ സഹപ്രവർത്തകർ ഏറ്റവും ഉയർന്ന ധാർമികനിലവാരമുള്ള ആളുകളാണ്, എന്നാൽ മറ്റുള്ളവരെക്കാൾ നീതിമാന്മാരാണെന്ന് അവർ ഭാവിക്കുന്നില്ല. അവർക്കു കഴിവുകളുണ്ട്, എന്നാൽ അതിനെക്കുറിച്ച് അവർ വീമ്പിളക്കാറില്ല. കൂടാതെ, നമ്മളെ അവരെക്കാൾ ശ്രേഷ്ഠരായി അവർ കാണുന്നു. അവർ നമ്മളെ സഹപ്രവർത്തകരായി മാത്രമല്ല, സുഹൃത്തുക്കളായും കാണുന്നു. ആ സ്നേഹബന്ധം നമുക്കുവേണ്ടി ജീവൻ നൽകാൻപോലും അവരെ പ്രേരിപ്പിക്കുന്നു.
15. നമ്മൾ ചെയ്യുന്ന ജോലിയെക്കുറിച്ച് നമ്മൾ എന്താണു കരുതേണ്ടത്?
15 ഏറ്റവും നല്ല നിയമനമാണു നമുക്കുള്ളത്. നമ്മൾ യഹോവയെക്കുറിച്ചുള്ള സത്യമാണ് ആളുകളെ പഠിപ്പിക്കുന്നത്. ഒപ്പം സാത്താന്റെ നുണകൾ തുറന്നുകാണിക്കുകയും ചെയ്യുന്നു. (യോഹ. 8:44) ആളുകൾക്കു ചുമക്കാൻ കഴിയാത്ത ചുമടുകൾ അവരുടെ മേൽ വെച്ചുകെട്ടിക്കൊണ്ട് സാത്താൻ അവരെ കഷ്ടപ്പെടുത്തുകയാണ്. ഉദാഹരണത്തിന്, യഹോവ നമ്മുടെ പാപങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്നും നമ്മൾ സ്നേഹിക്കാൻ കൊള്ളാത്തവരാണെന്നും വിശ്വസിക്കാൻ അവൻ ആഗ്രഹിക്കുന്നു. എത്ര ഞെരുക്കുന്ന ഒരു ഭാരം! എത്ര ഭയങ്കരമായ നുണ! സത്യമെന്താണെന്നോ? നമ്മൾ ക്രിസ്തുവിന്റെ ‘അടുത്തേക്ക്’ ചെല്ലുമ്പോൾ നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടും. മാത്രമല്ല, യഹോവ നമ്മളെ എല്ലാവരെയും ആഴമായി സ്നേഹിക്കുന്നു. (റോമ. 8:32, 38, 39) യഹോവയിൽ ആശ്രയിക്കാൻ ആളുകളെ പഠിപ്പിക്കുന്നതും അവരുടെ ജീവിതം മെച്ചപ്പെടുന്നതു കാണുന്നതും എത്ര സന്തോഷം തരുന്ന കാര്യമാണ്!
യേശുവിന്റെ നുകത്തിന്റെ കീഴിൽ തുടർന്നും ഉന്മേഷം കണ്ടെത്തുക
16. യേശു നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ചുമടു നമ്മൾ ചുമക്കുന്ന മറ്റു ചുമടുകളിൽനിന്ന് എങ്ങനെയാണു വ്യത്യസ്തമായിരിക്കുന്നത്?
16 യേശു നമ്മളെ ഏൽപ്പിച്ചിരിക്കുന്ന ചുമട്, നമ്മൾ ചുമക്കുന്ന മറ്റു ചുമടുകളിൽനിന്ന് വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഒരു ദിവസത്തെ ജോലി കഴിയുമ്പോൾ പലരുടെയും അവസ്ഥ എന്തായിരിക്കും? ചിലപ്പോൾ ആകെ ക്ഷീണിച്ച് തളർന്നുപോകും. മാത്രമല്ല, ഒരു സന്തോഷവും കാണില്ല. എന്നാൽ യഹോവയ്ക്കും ക്രിസ്തുവിനും വേണ്ടി പ്രവർത്തിക്കാൻ സമയം ചെലവഴിച്ചുകഴിയുമ്പോഴോ? നമുക്ക് അങ്ങേയറ്റം സംതൃപ്തി തോന്നും. ജോലി കഴിഞ്ഞ് ക്ഷീണിച്ച് മടുത്തായിരിക്കും ചിലപ്പോൾ വൈകുന്നേരത്തെ മീറ്റിങ്ങിനു പോകുന്നത്. പക്ഷേ ആ മീറ്റിങ്ങ് കഴിയുമ്പോൾ എന്തു തോന്നും? ഉണർവും ഉന്മേഷവും വീണ്ടെടുത്തായിരിക്കും നമ്മൾ വീട്ടിൽ തിരിച്ചെത്തുന്നത്. പ്രസംഗിക്കാനും വ്യക്തിപരമായി ബൈബിൾ പഠിക്കാനും നമ്മൾ ചെയ്യുന്ന ശ്രമങ്ങളുടെ കാര്യത്തിലും അതു സത്യമാണ്. നമ്മൾ അതിനുവേണ്ടി ചെയ്യുന്ന അധ്വാനത്തെക്കാളും വളരെവളരെ വലുതാണ് അതിൽനിന്ന് കിട്ടുന്ന പ്രതിഫലം!
17. നമ്മൾ ഏതു കാര്യം എപ്പോഴും ഓർക്കണം, ഏതു കാര്യം ശ്രദ്ധിക്കണം?
17 ഒരു പരിധിയിൽ കൂടുതൽ നമുക്ക് അധ്വാനിക്കാൻ കഴിയില്ല എന്ന യാഥാർഥ്യം എപ്പോഴും ഓർക്കണം. കുറെ കഴിയുമ്പോൾ നമ്മൾ മടുക്കും. അതുകൊണ്ട് എന്തിനുവേണ്ടിയാണ് അധ്വാനിക്കുന്നതെന്നു നമ്മൾ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, വസ്തുവകകളുടെ പിന്നാലെ പോയാൽ, നമ്മുടെ അധ്വാനമെല്ലാം വെറുതേയാകും. ഒരിക്കൽ ഒരു യുവാവ് യേശുവിനോട് “നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്താണു ചെയ്യേണ്ടത്” എന്നു ചോദിച്ചു. ആ യുവാവ് അപ്പോൾത്തന്നെ മോശയുടെ നിയമം അനുസരിക്കുന്ന വ്യക്തിയായിരുന്നു. അയാൾ ഒരു നല്ല മനുഷ്യനും ആയിരുന്നിരിക്കണം. കാരണം, യേശുവിന് അയാളോടു സ്നേഹം തോന്നി എന്നു മർക്കോസിന്റെ സുവിശേഷം എടുത്ത് പറയുന്നു. അയാളുടെ ചോദ്യത്തിനു യേശു എന്തു മറുപടിയാണു കൊടുത്തത്? യേശു ആ മനുഷ്യന് ഇങ്ങനെയൊരു ക്ഷണം കൊടുത്തു: ‘പോയി നിനക്കുള്ളതെല്ലാം വിൽക്കുക. എന്നിട്ട് വന്ന് എന്റെ അനുഗാമിയാകുക.’ ആ യുവാവിനു യേശുവിന്റെ അനുഗാമിയാകണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ തനിക്കുണ്ടായിരുന്ന ‘ധാരാളം വസ്തുവകകൾ’ വിട്ടുകളയാൻ അയാൾക്കു മനസ്സില്ലായിരുന്നു. (മർക്കോ. 10:17-22) അതുകൊണ്ട് യേശു വെച്ചുനീട്ടിയ ‘നുകം’ അയാൾ നിരസിച്ചു. എന്നിട്ടു പോയി തുടർന്നും ‘ധനത്തെ’ സേവിച്ചു, ധനമുണ്ടാക്കാൻ അധ്വാനിച്ചു. (മത്താ. 6:24) നിങ്ങളായിരുന്നെങ്കിൽ എന്തു തിരഞ്ഞെടുത്തേനേ?
18. നമ്മൾ ഇടയ്ക്കിടെ എന്താണു ചെയ്യേണ്ടത്, എന്തുകൊണ്ട്?
18 നമ്മുടെ മുൻഗണനകൾ ഇടയ്ക്കിടെ പരിശോധിച്ചുനോക്കുന്നതു നല്ലതാണ്. അങ്ങനെയാകുമ്പോൾ ശരിയായ കാര്യങ്ങൾക്കുവേണ്ടിയാണ് അധ്വാനിക്കുന്നതെന്ന് ഉറപ്പു വരുത്താൻ നമുക്കു കഴിയും. മാർക്ക് എന്ന ചെറുപ്പക്കാരൻ പറയുന്നതു കേൾക്കുക: “ഒരു ലളിതജീവിതമാണു നയിക്കുന്നത് എന്നാണ് വർഷങ്ങളോളം ഞാൻ വിചാരിച്ചിരുന്നത്. കാരണം ഞാൻ മുൻനിരസേവനം ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ സമയവും ഊർജവും കൂടുതലായി ഉപയോഗിച്ചത് പണമുണ്ടാക്കാനാണ്. സുഖസൗകര്യങ്ങളെല്ലാമുള്ള ഒരു ജീവിതമായിരുന്നു എന്റെ മനസ്സിൽ. എന്റെ ജീവിതം അങ്ങേയറ്റം ഭാരമുള്ളതായിത്തീർന്നു. അത് എന്തുകൊണ്ടാണെന്നു ഞാൻ ചിന്തിച്ചു. മിക്കപ്പോഴും എന്റെ താത്പര്യങ്ങൾക്കാണു ഞാൻ മുൻതൂക്കം കൊടുത്തിരുന്നതെന്ന് എനിക്കു മനസ്സിലായി. എന്നിട്ട് മിച്ചംവരുന്ന സമയവും ഊർജവും ആണ് യഹോവയ്ക്കു കൊടുത്തിരുന്നത്.” മാർക്ക് ചിന്തയിലും ജീവിതരീതിയിലും മാറ്റങ്ങൾ വരുത്തി. അതിന്റെ ഫലമായി യഹോവയുടെ സേവനത്തിൽ കൂടുതൽ പ്രവർത്തിക്കാൻ മാർക്കിനു കഴിഞ്ഞു. മാർക്ക് പറയുന്നു: “ചിലപ്പോഴൊക്കെ എനിക്ക് ഉത്കണ്ഠ തോന്നാറുണ്ട്. എന്നാൽ യഹോവയുടെ സഹായവും യേശുവിന്റെ പിന്തുണയും ഉള്ളതുകൊണ്ട് യഹോവയെ സേവിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്കു കഴിയുന്നു.”
19. ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
19 യേശുവിന്റെ നുകത്തിന്റെ കീഴിൽ എപ്പോഴും ഉന്മേഷം ലഭിക്കാൻ മൂന്നു കാര്യങ്ങൾ നമ്മൾ ചെയ്യണം. ഒന്ന്, ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കുക. നമ്മൾ ചെയ്യുന്നത് യഹോവ തന്ന നിയമനമാണ്. അതുകൊണ്ട് ആ നിയമനം യഹോവ പറയുന്നതുപോലെ ചെയ്യണം. ഓർക്കുക, നമ്മൾ പണിക്കാരും യഹോവ യജമാനനും ആണ്. (ലൂക്കോ. 17:10) യഹോവ ഏൽപ്പിച്ച പണി നമ്മുടെ ഇഷ്ടമനുസരിച്ച് ചെയ്യാൻ ശ്രമിച്ചാൽ എന്തു സംഭവിക്കും? ഒരു നുകത്തിന്റെ കീഴിലുള്ള കാളയെക്കുറിച്ച് ചിന്തിക്കുക. തോന്നിയ വഴിക്കു പോകാനും യജമാനൻ വെക്കുന്ന നുകത്തിന് എതിരെ നീങ്ങാനും അതു ശ്രമിക്കുമോ? എത്ര ശക്തിയുള്ള കാളയാണെങ്കിലും അങ്ങനെ ചെയ്തുകൊണ്ടിരുന്നാൽ അതിനു മുറിവേൽക്കാനും അവസാനം തളർന്നുപോകാനും ഇടയുണ്ട്. ഇതുപോലെ യഹോവ ഏൽപ്പിച്ച നിയമനം നമ്മുടെ ഇഷ്ടമനുസരിച്ച് ചെയ്യാൻ ശ്രമിച്ചാൽ അതു നമുക്കുതന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കും. നേരേ മറിച്ച്, നമ്മൾ യഹോവയുടെ മാർഗനിർദേശം സ്വീകരിക്കുകയാണെങ്കിൽ ഏതു പ്രതിസന്ധികളെയും മറികടക്കാനും സാധാരണഗതിയിൽ നമ്മളെക്കൊണ്ട് പറ്റാത്ത കാര്യങ്ങൾപോലും ചെയ്യാനും നമുക്കു കഴിയും. യഹോവയുടെ ഇഷ്ടം നിറവേറുന്നതു തടയാൻ ആർക്കും കഴിയില്ലെന്ന് ഓർക്കുക!—റോമ. 8:31; 1 യോഹ. 4:4.
20. യേശുവിന്റെ നുകത്തിന്റെ കീഴിൽ വരുന്നതിനു നമ്മളെ പ്രചോദിപ്പിക്കുന്നത് എന്തായിരിക്കണം?
20 രണ്ട്, ശരിയായ ലക്ഷ്യത്തോടെ പ്രവർത്തിക്കുക. സ്നേഹമുള്ള പിതാവായ യഹോവയെ മഹത്ത്വപ്പെടുത്തുകയാണു നമ്മുടെ ലക്ഷ്യം. ഒന്നാം നൂറ്റാണ്ടിലെ ചിലരുടെ കാര്യം നോക്കുക. അവർ അത്യാഗ്രഹികളായിരുന്നു, സ്വന്തം താത്പര്യങ്ങളായിരുന്നു അവരുടെ ലക്ഷ്യം. അവരുടെ സന്തോഷം പെട്ടെന്നുതന്നെ നഷ്ടപ്പെട്ടു. അവർ യേശുവിന്റെ നുകം ഉപേക്ഷിക്കുകയും ചെയ്തു. (യോഹ. 6:25-27, 51, 60, 66; ഫിലി. 3:18, 19) നേരേ മറിച്ച്, ദൈവത്തോടുള്ള നിസ്വാർഥമായ സ്നേഹവും അയൽക്കാരനോടുള്ള സ്നേഹവും നിമിത്തം പ്രവർത്തിച്ചവർ സന്തോഷത്തോടെ ജീവിതകാലം മുഴുവൻ യേശുവിന്റെ നുകം ചുമന്നു. അവർക്കു സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം സേവിക്കാനുള്ള പ്രത്യാശയും ഉണ്ടായിരുന്നു. അവരെപ്പോലെ, ശരിയായ ലക്ഷ്യത്തോടെ യേശുവിന്റെ നുകം വഹിച്ചാൽ നമുക്കും സന്തോഷമുള്ളവരായി നിലനിൽക്കാൻ കഴിയും.
21. മത്തായി 6:31-33 പറയുന്നതുപോലെ, യഹോവ നമുക്കുവേണ്ടി എന്തു ചെയ്യുമെന്നു നമുക്കു വിശ്വസിക്കാം?
21 മൂന്ന്, ഉറച്ച വിശ്വാസമുള്ളവരായിരിക്കുക. ആത്മത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു ജീവിതമാണു നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്. നമുക്ക് ഉപദ്രവങ്ങൾ നേരിടേണ്ടിവരുമെന്നും യേശു മുന്നറിയിപ്പു നൽകി. എങ്കിലും എന്തു പ്രശ്നമുണ്ടായാലും സഹിച്ചുനിൽക്കാനുള്ള ശക്തി യഹോവ തരുമെന്നു നമുക്കു വിശ്വസിക്കാം. എത്രത്തോളം സഹിച്ചുനിൽക്കുന്നോ, അത്രത്തോളം നമ്മൾ ശക്തരാകും. (യാക്കോ. 1:2-4) യഹോവ നമുക്കുവേണ്ടി കരുതുമെന്നും യേശു നമ്മളെ പരിപാലിക്കുമെന്നും സഹോദരങ്ങൾ നമ്മളെ പ്രോത്സാഹിപ്പിക്കുമെന്നും നമുക്കു വിശ്വസിക്കാം. (മത്തായി 6:31-33 വായിക്കുക; യോഹ. 10:14; 1 തെസ്സ. 5:11) അതിൽക്കൂടുതൽ നമുക്ക് എന്താണു വേണ്ടത്?
22. ഏതു കാര്യത്തിൽ നമ്മൾ സന്തോഷിക്കുന്നു?
22 യേശു സുഖപ്പെടുത്തിയ ആ സ്ത്രീക്ക് അന്ന് ഉന്മേഷം കിട്ടി. എന്നാൽ ആ ഉന്മേഷം എന്നുമുണ്ടായിരിക്കണമെങ്കിൽ ആ സ്ത്രീ യേശുവിന്റെ വിശ്വസ്തയായ ശിഷ്യയാകണമായിരുന്നു. അവർ എന്തു തീരുമാനം എടുത്തെന്നാണു നിങ്ങൾക്കു തോന്നുന്നത്? യേശു വെച്ചുനീട്ടിയ നുകത്തിന്റെ കീഴിൽ വരാനാണു തീരുമാനിച്ചതെന്നു സങ്കൽപ്പിക്കുക. എങ്കിൽ അതിന്റെ പ്രതിഫലം എന്തായിരുന്നു? സ്വർഗത്തിൽ യേശുവിനൊപ്പമായിരിക്കാനുള്ള അവസരം! അതുമായുള്ള താരതമ്യത്തിൽ, ക്രിസ്തുവിനെ അനുഗമിക്കാൻ ആ സ്ത്രീ ചെയ്ത ഏതൊരു ത്യാഗവും ഒന്നുമല്ലായിരുന്നു. നമ്മുടെ പ്രത്യാശ സ്വർഗത്തിലോ ഭൂമിയിലോ ഉള്ള നിത്യജീവൻ ആയിക്കൊള്ളട്ടെ, “എന്റെ അടുത്ത് വരൂ” എന്ന യേശുവിന്റെ ക്ഷണം സ്വീകരിച്ചതിൽ നമ്മൾ എത്ര സന്തോഷിക്കുന്നു!
ഗീതം 13 നമ്മുടെ മാതൃകാപുരുഷൻ, ക്രിസ്തു
a തന്റെ അടുത്തേക്കു വരാൻ യേശു നമ്മളെ ക്ഷണിക്കുന്നു. ആ ക്ഷണം സ്വീകരിക്കുന്നതിൽ എന്താണ് ഉൾപ്പെടുന്നത്? ഈ ലേഖനം അതിനുള്ള ഉത്തരം തരും. കൂടാതെ, ക്രിസ്തുവിനോടൊപ്പം പ്രവർത്തിച്ചുകൊണ്ട് എങ്ങനെ ഉന്മേഷം നേടാമെന്നും നമ്മൾ പഠിക്കും.
b പദപ്രയോഗത്തിന്റെ വിശദീകരണം: നുകം: ഒരാളുടെ തോളിൽ വെക്കുന്ന, രണ്ട് അറ്റത്തും ഭാരം തൂക്കുന്ന ഒരു ദണ്ഡ്. അല്ലെങ്കിൽ നിലം ഉഴാനോ വണ്ടി വലിക്കാനോ വേണ്ടി രണ്ടു മൃഗങ്ങളുടെ (സാധാരണയായി കന്നുകാലികളുടെ) കഴുത്തിൽ വെക്കുന്ന തടിക്കഷണം അഥവാ ചട്ടക്കൂട്.
c ചിത്രക്കുറിപ്പ്: പല വിധങ്ങളിൽ യേശു മറ്റുള്ളവർക്ക് ഉന്മേഷം പകർന്നു.
d ചിത്രക്കുറിപ്പ്: സമാനമായി, ഒരു സഹോദരൻ പല വിധങ്ങളിൽ മറ്റുള്ളവർക്ക് ഉന്മേഷം പകരുന്നു.